Showing posts with label എസ്.എ. ഡാങ്കെ. Show all posts
Showing posts with label എസ്.എ. ഡാങ്കെ. Show all posts

Wednesday, 12 June 2019

സമരകാലത്തെ കമ്മ്യൂണിസ്റ്റ് ചാരപ്പണി

പി സി ജോഷി ബ്രിട്ടീഷ് ചാരൻ 


ബ്രിട്ടനുവേണ്ടിയുള്ള ചാരപ്പണിക്കായി, സ്വാതന്ത്ര്യസമരകാലത്ത് പാര്‍ട്ടിക്കാര്‍ ഇറങ്ങിയത്, ബ്രിട്ടനിലെ രണ്ടു കമ്മ്യൂണിസ്റ്റ് ഗുരുക്കന്മാര്‍ പറഞ്ഞിട്ടായിരുന്നു: ബ്രിട്ടീഷ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹാരി പൊളിറ്റും രജനി പാമെ ദത്തും. ഹാരി പൊളിറ്റ്, പാര്‍ട്ടിയുടെ മധുര കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പി.സി. ജോഷി ബ്രിട്ടീഷ് ചാരനായിരുന്നു എന്നതിന്, ന്യൂദല്‍ഹി ദേശീയ ആര്‍ക്കൈവ്‌സില്‍ നിരവധി രേഖകളുണ്ട്. അതിനാല്‍, ഭാരത സ്വാതന്ത്ര്യസമരത്തെ പാര്‍ട്ടി ഒറ്റിയതില്‍ അദ്ഭുതത്തിന് അവകാശമില്ല.


ക്വിറ്റ് ഇന്ത്യാ സമരകാലത്ത്, ജോഷി, 'സ്വാതന്ത്ര്യത്തിലേക്ക് മുന്നോട്ട്' എന്ന ലഘുലേഖ ഇറക്കിയിരുന്നു. ദേശാഭിമാനവും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും കൂട്ടിക്കെട്ടാനുള്ള ശ്രമമായിരുന്നു ലഘുലേഖയിലെങ്കിലും, സംഗതി സ്വാതന്ത്ര്യസമരത്തിനെതിരാണെന്നു ജനം കണ്ടു. ബ്രിട്ടന്‍ ഭാരതം വിടണമെന്ന് ആവശ്യപ്പെട്ടുള്ള ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ ഒറ്റുകൊടുക്കാനുള്ള സഹായം തേടി, ജോഷി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി റെജിനാള്‍ഡ് മാക്‌സ്‌വെലിന് കത്തെഴുതി. 


സ്റ്റാലിനും ഹിറ്റ്‌ലറും തമ്മിലുള്ള അനാക്രമണ സന്ധി ലംഘിച്ച്, 1941 ജൂണ്‍ 22 ന് ജര്‍മനി റഷ്യയെ ആക്രമിച്ചപ്പോള്‍ പാര്‍ട്ടി, ഭാരതത്തെ കൈവിട്ട് റഷ്യയുടെ കൂടെയായി; ബ്രിട്ടന്റെ കൂടെയായി. രണ്ടാംലോക യുദ്ധം പാര്‍ട്ടിക്ക്, ജനകീയ യുദ്ധമായി. പാര്‍ട്ടിക്ക് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം, പ്രധാനമല്ലാതായി. ഭാരതത്തിന്റെ സ്വാതന്ത്ര്യം നീട്ടിവച്ച് റഷ്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നതായി, പാര്‍ട്ടി നയത്തിന്റെ സത്ത. റഷ്യന്‍ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍, ആ രാജ്യത്തിനു ബ്രിട്ടന്റെ സഹായം വേണ്ടിയിരുന്നു. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെക്കാള്‍ വലുതായ ഒരു സ്വാതന്ത്ര്യ ലക്ഷ്യമായിരുന്നു മുന്നില്‍ എന്നു സിദ്ധാന്തിക്കാമെങ്കിലും, അങ്ങനെ ജോഷി, സിദ്ധാന്തിച്ചെങ്കിലും, അതു വിലപ്പോയില്ല.


സുഭാഷ് ചന്ദ്രബോസിനെ, ജപ്പാന്റെ കാവല്‍ നായയായി പാര്‍ട്ടി കാര്‍ട്ടൂണുകളില്‍ വരച്ചു. ജയപ്രകാശ് നാരായണ്‍, അരുണാ ആസഫലി എന്നിവരെ, ജപ്പാന്റെ അഞ്ചാം പത്തികളായി വിവരിച്ചു. ബ്രിട്ടന്റെ കോളനിവല്‍ക്കരണത്തെ എതിര്‍ത്തെങ്കിലും, തീവ്രവാദികളായ ദേശാഭിമാനികളുടെ നടപടികളെ അട്ടിമറികളായി മുദ്രകുത്തി. ഒരു ദേശീയ സര്‍ക്കാരിനുവേണ്ടി പാര്‍ട്ടി വാദിച്ചെങ്കിലും, ആദ്യം ദേശീയൈക്യം വേണമെന്നു വാശിപിടിച്ചു. ജനം ബ്രിട്ടന്റെ യുദ്ധസന്നാഹത്തെ സഹായിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ദേശീയൈക്യം, മുസ്ലിംലീഗുമായുള്ള ഐക്യമായി ചുരുങ്ങുന്ന നിലവന്നു. ബ്രിട്ടനുവേണ്ടിയുള്ള ചാരപ്പണിക്കായി, സ്വാതന്ത്ര്യസമരകാലത്ത് പാര്‍ട്ടിക്കാര്‍ ഇറങ്ങിയത്, ബ്രിട്ടനിലെ രണ്ടു കമ്മ്യൂണിസ്റ്റ് ഗുരുക്കന്മാര്‍ പറഞ്ഞിട്ടായിരുന്നു: ബ്രിട്ടീഷ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹാരി പൊളിറ്റും രജനി പാമെ ദത്തും. 

ഹാരി പൊളിറ്റ്, പാര്‍ട്ടിയുടെ മധുര കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു.


ലങ്കാഷറില്‍ പിറന്ന ഹാരി പൊളിറ്റ് (1890-1960) ഒരു കൊല്ലന്റെ സഹായിയായിരുന്ന സാമുവലിന്റെയും നെയ്ത്തുകാരി മേരി ലൂയിസയുടെയും മകനായിരുന്നു. സോഷ്യലിസത്തിന്റെ പാഠങ്ങള്‍, ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്ന അമ്മയില്‍നിന്നാണ് കിട്ടിയത്. മൂന്നു സഹോദരങ്ങള്‍ കുഞ്ഞുന്നാളില്‍ ദാരിദ്ര്യത്തില്‍ മരിച്ചത് ഹാരിയില്‍ നിറഞ്ഞുനിന്നു. 13-ാം വയസ്സില്‍ പഠനം നിന്നു. 1920 കളുടെ മധ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടനിലുണ്ടായപ്പോള്‍ അതില്‍ അംഗമായി. രജനി പാമെദത്തിന്റെ സ്വാധീനത്തില്‍ അമര്‍ന്നു-ഇരുവരും നീണ്ടകാലം സുഹൃത്തുക്കളായിരുന്നു. 1939 സെപ്തംബറില്‍ ജര്‍മനിക്കെതിരെ ബ്രിട്ടന്‍ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍, കോമിന്റേണ്‍ ലൈനിനെതിരെ, ഹാരി അതിനെ സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കി. രജനി പാമെദത്ത് പകരം വന്നു. ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍, ഹാരി പൊളിറ്റ്, സ്ഥാനത്തു തിരിച്ചെത്തി. റഷ്യ പറയുന്ന പല കാര്യങ്ങളും അദ്ദേഹം ചെയ്തുകൊണ്ടിരുന്നു; സ്റ്റാലിന്റെ കാലത്തെ കൂട്ടക്കൊലകള്‍ മറച്ചുവയ്ക്കുന്നത് ഉള്‍പ്പെടെ. പത്രപ്രവര്‍ത്തകനും സൈദ്ധാന്തികനുമായിരുന്നു, രജനി പാമെദത്ത് (1896-1974). 


ഇന്ത്യന്‍ ഡോക്ടറായ ഉപേന്ദ്ര ദത്തിന്റെയും സ്വീഡിഷ് വംശജയായ അന്നാ പാമെയുടെയും മകനായി, കേംബ്രിജില്‍ ജനിച്ചു; അന്നയുടെ മൂത്ത അമ്മായിയുടെ മകനായിരുന്നു, പില്‍ക്കാലത്ത് സ്വീഡിഷ് പ്രധാനമന്ത്രിയായ ഒലോഫ് പാമെ. രജനി, 1922 ല്‍ ഫിന്നിഷ് എഴുത്തുകാരി ഹെല്ലാവു വോലിജോക്കിയ വിവാഹം ചെയ്തു. ഹാരി പൊളിറ്റ് ബ്രിട്ടന്‍ രണ്ടാംലോക യുദ്ധത്തില്‍ പങ്കാളിയായതിനെ പിന്തുണച്ചപ്പോള്‍, സ്റ്റാലിന്റെ ലൈന്‍ മുന്നോട്ടു നീക്കി, ഹാരിയെ രാജിവയ്പ്പിക്കുകയായിരുന്നു, രജനി. ചെക്കോസ്ലോവാക്യയെ 1968 ല്‍ സോവിയറ്റ് യൂണിയന്‍ ആക്രമിച്ചപ്പോഴും രജനി, പിന്തുണച്ചു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, പ്രതിവര്‍ഷം 15,000 പൗണ്ട് സോവിയറ്റ് പാര്‍ട്ടി നല്‍കിയിരുന്നതായി, ചരിത്രകാരനായ ജെഫ് ആന്‍ഡ്രൂസ്, 'എന്‍ഡ് ഗെയിംസ് ആന്‍ഡ് ന്യൂ ടൈംസ്: ദ ഫൈനല്‍ ഇയേഴ്‌സ് ഓഫ് ബ്രിട്ടീഷ് കമ്യൂണിസം 1964-1991' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാരിയും രജനിയും ചാരന്മാരായിരുന്നു, എന്നര്‍ത്ഥം.


ജര്‍മനി റഷ്യയെ ആക്രമിച്ചപ്പോള്‍, രണ്ടുമാസം ഹാരി പൊളിറ്റും രജനിയും സ്റ്റാലിന്റെ തിട്ടൂരം കാക്കുകയായിരുന്നു. ജൂണില്‍ ആക്രമണമുണ്ടായശേഷം, സെപ്തംബറില്‍, ബ്രിട്ടനെ പിന്തുണയ്ക്കാന്‍ രജനിയുടെ നിര്‍ദ്ദേശം കിട്ടിയതിനെത്തുടര്‍ന്ന്, ഡിസംബറിലായിരുന്നു, ഹാരിയുടെ ജനകീയ യുദ്ധ സിദ്ധാന്തം, പാര്‍ട്ടിയുടെ 54-ാം കത്തായി പാര്‍ട്ടിക്കുള്ളില്‍ വിതരണം ചെയ്തത്. സോവിയറ്റ് യൂണിയനാണ്, സ്വാതന്ത്ര്യത്തിന്റെ കോട്ട; അതു കാക്കുകയാണ്, ലോകമാകെ പുരോഗതിയും അതിജീവനവും കാക്കുന്ന ജനങ്ങളുടെ കടമ. നമ്മുടെ ശത്രുവിന്റെ ശത്രുവുമായി കൈകോര്‍ക്കുക എന്ന സുഭാഷ് ചന്ദ്രബോസിന്റെ തന്ത്രത്തെ പാര്‍ട്ടി പിച്ചിച്ചീന്തി. ബോസിന്റെ ദേശാഭിമാനത്തെ പാര്‍ട്ടി ചോദ്യം ചെയ്തു. ജപ്പാന്റെ ഏജന്റായി മുദ്രകുത്തി. പെരിന്തല്‍മണ്ണയിലിരുന്ന്, ചെറുകാട് ഗോവിന്ദ പിഷാരടി എന്ന കമ്യൂണിസ്റ്റ്, ജാപ്പ് വിരുദ്ധ പാഠകത്തില്‍ എഴുതി: നമ്മുടെ നേതാവല്ലാച്ചെറ്റ ജപ്പാന്‍കാരുടെ കാല്‍നക്കി. 


സുഭാഷ് ചന്ദ്രബോസിനെ മാത്രമല്ല, കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളായ ജയപ്രകാശ് നാരായണ്‍, അരുണാ ആസഫലി, മധുലിമായെ, അശോക് മേത്ത, അച്യുത് പട്‌വര്‍ധന്‍, റാം മനോഹര്‍ ലോഹ്യ എന്നിവരെയും പാര്‍ട്ടി ജപ്പാന്റെ ചെരുപ്പുനക്കികളാക്കി. നെഹ്‌റുവുമായി ദീര്‍ഘചര്‍ച്ചയ്ക്കുശേഷം, ഗാന്ധി, കോണ്‍ഗ്രസിന്റെ നിലപാടെടുത്തു: ഫാഷിസ്റ്റ് വിരുദ്ധ യുദ്ധത്തിന് സംഭാവന ചെയ്യാന്‍ കഴിയുന്നത്, സ്വതന്ത്ര ഭാരതത്തിനായിരിക്കും. ജപ്പാന്‍ സേന മലയ, തായ്‌ലന്‍ഡ്, ബര്‍മ എന്നിവ കടന്ന് ഭാരതത്തിലേക്കു വരുമെന്നായപ്പോള്‍, കമ്യൂണിസ്റ്റ് നിലപാടിനടുത്ത സമീപനമാണ്, നെഹ്‌റുവിനുണ്ടായത്. ജപ്പാനൊപ്പം ബോസ് അതിര്‍ത്തി കടന്നാല്‍, താന്‍ വാളെടുത്തു പയറ്റുമെന്ന്, നെഹ്‌റു പറഞ്ഞു. ജപ്പാന്‍ മുന്നേറുമ്പോള്‍, ബ്രിട്ടന്‍ യുദ്ധത്തിനുശേഷം സ്വാതന്ത്ര്യം നല്‍കുമെന്നോ അതിനുമുന്‍പ് സ്വയംഭരണം നല്‍കുമെന്നോ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടാണ്, ക്വിറ്റിന്ത്യാ പ്രസ്ഥാനം ഉണ്ടായത്. 


സ്വതന്ത്ര ഭാരതം അഥവാ ദേശീയ സര്‍ക്കാരുണ്ടായാല്‍ സഖ്യശക്തികള്‍ക്കൊപ്പം നില്‍ക്കാമെന്ന നിലപാട് സമ്മതിച്ചുകൊണ്ടുതന്നെ, നെഹ്‌റുവിനെ ഗാന്ധി വശത്താക്കി. സോവിയറ്റ് യൂണിയനും ചൈനയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ക്വിറ്റിന്ത്യാ പ്രമേയത്തില്‍ ഇതെല്ലാം വന്നു. രണ്ടു കാരണങ്ങളാല്‍, കമ്മ്യൂണിസ്റ്റുകള്‍ ഈ പ്രമേയത്തെ എതിര്‍ത്തു. ഒന്ന്: ക്വിറ്റിന്ത്യാ സമരം, അച്ചുതണ്ടു ശക്തികളെ സഹായിക്കുന്നു എന്ന തോന്നലുളവാക്കും. രാജ്യാന്തര പ്രതിഷേധമുളവാക്കാതെ, ബ്രിട്ടന് കോളനികളെ അടിച്ചമര്‍ത്താന്‍ ഇതുവഴിവയ്ക്കും. രണ്ട്: കോണ്‍ഗ്രസ് മുസ്ലിംലീഗുമായി വഴക്കൊഴിവാക്കി, ദേശീയ സര്‍ക്കാരിന്, ഐക്യത്തോടെ ആവശ്യം ഉന്നയിക്കണം. അതാണ്, ദേശീയ പ്രതിരോധത്തിന് ഉടനെ വേണ്ടത്. യുദ്ധം കഴിഞ്ഞ് സ്വതന്ത്രഭാരതം, ഭിന്നദേശീയതകളുടെ സ്വയം നിര്‍ണയാവകാശം അംഗീകരിക്കണം. 


ഇതുവച്ച്, എഐസിസിയിലെ കമ്യൂണിസ്റ്റ് അംഗങ്ങള്‍ ക്വിറ്റിന്ത്യാ പ്രമേയത്തിനെതിരായി വോട്ടു ചെയ്തു. എതിര്‍ത്തുകൊണ്ടു കമ്മ്യൂണിസ്റ്റുകള്‍ കൈപൊക്കിയപ്പോള്‍, ഗാന്ധി പറഞ്ഞു: ''നിങ്ങള്‍ എഴുന്നേറ്റു നില്‍ക്കുക; എന്നെപ്പോലെ വിശ്വാസദാര്‍ഢ്യമുള്ളവരാണ് നിങ്ങളുമെന്ന് എല്ലാവരും കാണട്ടെ.'' 


''നിര്‍ണായക ഘട്ടത്തില്‍ നിങ്ങള്‍ തെറ്റു ചെയ്തു'' എന്ന് ഗാന്ധി, അവരോടു പറഞ്ഞു. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെ എതിര്‍ത്തതിനൊപ്പം, കമ്യൂണിസ്റ്റ് പാര്‍ട്ടി, ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തെയും എതിര്‍ത്തു. പണിമുടക്കുകള്‍ നിര്‍ത്തിവച്ച്, ഉല്‍പ്പാദനം കൂട്ടുകയാണ് കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടതെന്ന് ബി.ടി. രണദിവെ ആജ്ഞയിറക്കി. 


ബംഗാളില്‍ പാര്‍ട്ടി 1943 ല്‍ ബംഗാള്‍ ക്ഷാമത്തിന്റെ ഇരകള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ശ്രമിച്ചു. റോഡുപണി, ചെറിയ അണക്കെട്ടു പണി, കൈത്തൊഴിലുകാരുടെ സഹകരണ സംഘങ്ങള്‍ കെട്ടിപ്പൊക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടു. പുരോഗമന കലാ സാഹിത്യ സംഘടന, ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) എന്നിങ്ങനെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍, വെട്ടുകിളി ശല്യത്തെപ്പറ്റി മുഖപ്രസംഗം എഴുതുന്ന അതേ, ലാഘവം. കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ 1944 ല്‍ കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ സോമനാഥ് ലാഹിരിയെക്കൊണ്ട്, ജനകീയ യുദ്ധസിദ്ധാന്തം പ്രസംഗിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ വിവരണം, മൊഹിത് സെന്‍-ന്റെ 'എ ട്രാവലര്‍ ആന്‍ഡ് ദ റോഡ്' എന്ന ആത്മകഥയില്‍ കാണാം. കൊല്‍ക്കത്തയില്‍ നിറഞ്ഞുകവിഞ്ഞ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിട്യൂട്ട് ഹാളില്‍, തടിച്ചുകൂടിയ ജനം, ലാഹിരിയുടെ പ്രസംഗം തടസപ്പെടുത്താന്‍, തുടര്‍ച്ചയായി കൈയടിച്ചു. സംഘാടകര്‍ നിരാശരായി.


പക്ഷേ, ലാഹിരി, മൈക്കിനടുത്തെത്തി, പി.ബി. ഷെല്ലി എന്ന ഇംഗ്ലീഷ് കവിയെപ്പറ്റി കേട്ടിട്ടുണ്ടോ എന്ന് സദസ്സിനോടു ചോദിച്ചു. അദ്ദേഹത്തിന്റെ ചില കവിതകള്‍ സിലബസിലുണ്ടെന്നു ചില കുട്ടികള്‍ പറഞ്ഞു. എങ്കില്‍, ആ കവിയെപ്പറ്റി സംസാരിക്കാം എന്നായി, ലാഹിരി. സദസ്സ് ശാന്തമായി. 40 മിനുട്ട് ഷെല്ലിയെപ്പറ്റി പ്രസംഗിച്ച ലാഹിരി, അവസാനത്തെ പത്തുമിനുട്ട്, ജനകീയ യുദ്ധത്തിലേക്ക് കടന്നു. ഭഗത്‌സിങ്ങിനൊപ്പവും ചിറ്റഗോങ് കലാപത്തിനൊപ്പവും നിന്ന നായികാ നായകന്മാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടും, പാര്‍ട്ടി ജനത്തില്‍നിന്ന് ഒറ്റപ്പെട്ടു. നെഹ്‌റു പിന്നീട് പറഞ്ഞപോലെ, ക്വിറ്റിന്ത്യാ സമരകാലത്ത്, കമ്യൂണിസ്റ്റുകള്‍, വേലിക്കപ്പുറത്തായിരുന്നു. അച്യുതാനന്ദന്‍ വേലിക്കകത്തായതു പിന്നീടാണ്! 


പിന്നെയും കാലം കഴിഞ്ഞാണ്, എസ്.എ. ഡാങ്കെ, എസ്.വി. ചിതാലെ തുടങ്ങിയ നേതാക്കള്‍ ക്വിറ്റിന്ത്യാ സമരത്തിലെ പാര്‍ട്ടി നിലപാടിന് എതിരായിരുന്നു, എന്നു വ്യക്തമായത്. കോണ്‍ഗ്രസുമായുള്ള ഭിന്നത മാറ്റിവച്ച്, തൊഴിലാളികളെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ അണിനിരത്തണം എന്നാവശ്യപ്പെട്ട്, സര്‍ദാര്‍ പട്ടേല്‍ തന്നെ, ശങ്കര്‍റാവു ദേവിനെ, കമ്യൂണിസ്റ്റ് നേതാവായ എസ്.ജി.സര്‍ദേശായിയുടെ അടുത്തേക്ക് അയച്ചു; ആ ദൗത്യത്തെ പാര്‍ട്ടി നിരാകരിച്ചു. അന്‍പതുകളുടെ മധ്യത്തില്‍, ജനകീയ യുദ്ധസിദ്ധാന്തവും സുഭാഷ് ചന്ദ്രബോസിനെതിരായ വാക്ക് ഛര്‍ദിയും ജയപ്രകാശിനും മറ്റുമെതിരായ വിഷം വമിക്കലും തെറ്റായിരുന്നുവെന്നു പാര്‍ട്ടി വിലയിരുത്തി. പാര്‍ട്ടി, സോവിയറ്റ് യൂണിയനുവേണ്ടി വാദിച്ചതോ? 1950 ല്‍ തന്നെ കണ്ട പാര്‍ട്ടി പ്രതിനിധി സംഘത്തോട് സ്റ്റാലിന്‍ പറഞ്ഞത്, ഭാരതത്തിലെ പാര്‍ട്ടി, സ്വന്തം കാര്യം നോക്കണമായിരുന്നു, എന്നാണ്. ആദ്യം വര്‍ഗം, പിന്നെ മതി രാജ്യം എന്ന ഇന്ത്യന്‍ പാര്‍ട്ടി കൂറ് ചൈന, യുഗോസ്ലാവിയ പാര്‍ട്ടികള്‍ ഒഴിച്ചുള്ളവയെല്ലാം, പങ്കിട്ടിരുന്നു. ഈ കൂറാണ്, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നിലപാടറിയിച്ച ഹാരി പൊളിറ്റിന്റെ കത്തിനെക്കാള്‍, പാര്‍ട്ടിയെ വഴിതെറ്റിച്ചത്.



© Ramachandran

     


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...