മൂർക്കോത്ത് കുമാരൻറെ 'ജോനകപ്പട'
മാപ്പിള ലഹള, ആഗോളമായി തന്നെ, അച്ചടി മാധ്യമങ്ങൾ അമ്പരപ്പോടെ കാണുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത സംഭവ വികാസം ആയിരുന്നു. ഒന്നാം ലോകയുദ്ധ കാലത്ത്, തുർക്കിയിൽ മുസ്ലിം ഭരണകൂടം, രണ്ടര ലക്ഷത്തോളം അർമേനിയൻ ക്രൈസ്തവരെ ഘട്ടം ഘട്ടമായി ഉന്മൂലനം ചെയ്തിരുന്നു. ആ മാതൃകയിൽ, ഹിന്ദു വംശഹത്യ ആയിരുന്നു, മലബാറിൽ മാപ്പിളമാരുടെ ലക്ഷ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു വിഷയമേ ആയിരുന്നില്ല.
സി ഗോപാലൻ നായരുടെ 'മാപ്പിള ലഹള 1921' അക്കാലത്തെ പത്ര റിപ്പോർട്ടുകളെ ആശ്രയിച്ചു തയ്യാറാക്കിയ പുസ്തകമാണ്. അതിൽ ഉദ്ധരിക്കുന്ന കേരളത്തിലെ പത്രങ്ങൾ ഇപ്പോൾ നിലവിലില്ല.ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും നില നിൽക്കുന്നു.ഗോപാലൻ നായർ പരാമർശിക്കാത്ത പത്രമാണ്, മലയാള മനോരമ. അതിന് കേരളത്തിലോ മലബാറിലോ വലിയ പ്രചാരം ഉണ്ടായിരുന്നില്ല.തലശ്ശേരിക്കാരനായ എഴുത്തുകാരൻ മൂർക്കോത്ത് കുമാരൻ ആയിരുന്നു, അതിൻറെ മലബാർ ലേഖകൻ. കുമാരന് മാപ്പിള ലഹളക്കാലത്ത് 47 വയസ്സാണ്.
മലയാള മനോരമയിൽ മാപ്പിള ലഹളയെപ്പറ്റി വന്ന റിപ്പോർട്ടുകൾ വിപുലമായി ഉപയോഗിച്ച ചരിത്രകാരൻ കെ എൻ പണിക്കരാണ്. ചില പിൽക്കാല പി എച്ച് ഡി ഗവേഷകരും അവ ഉദ്ധരിച്ചു കണ്ടിട്ടുണ്ട്. ദേശാഭിമാന പ്രചോദിതമായിരുന്നു, ലഹളയെക്കുറിച്ചുള്ള മനോരമ റിപ്പോർട്ടുകൾ. ലഹളയ്ക്ക് കാരണം, മാപ്പിളയുടെ മതഭ്രാന്ത് ആണെന്ന കാര്യത്തിൽ അന്ന് മനോരമയ്ക്ക് തീരെ സംശയം ഉണ്ടായിരുന്നില്ല.ലഹള ഹിന്ദു വിരുദ്ധമായിരുന്നു എന്നും മനോരമ റിപ്പോർട്ട് ചെയ്തു.
മാപ്പിള ലഹള മത ഭ്രാന്തായിരുന്നുവെന്ന് 1921 ഓഗസ്റ്റ് 30 ന് 'മലയാള മനോരമ' എഴുതിയതായി പണിക്കർ ഉദ്ധരിക്കുന്നു:"മതവെറിയന്മാരായ മാപ്പിളമാരെ നിസ്സഹരണ വിഷയങ്ങൾ പഠിപ്പിച്ചത് വെടിമരുന്നിന് തീ കൊടുത്തത് പോലെയായി എന്നാണ് 'മലയാള മനോരമ' എഴുതിയത്. നിരക്ഷരായിരിക്കെ ആധുനിക രാഷ്ട്രീയത്തിൻറെ പാഠങ്ങൾ ഉൾക്കൊള്ളാനുള്ള പാകത മാപ്പിളമാർ ആർജിച്ചിട്ടില്ല എന്നതായിരുന്നു ഇവിടെ വിവക്ഷ. ഇവരുടെ സ്വതവേയുള്ള കലഹ പ്രകൃതവും അധികാര കേന്ദ്രങ്ങളെ ധിക്കരിക്കുന്ന പാരമ്പര്യവുമാണ് ഇതിന് വിമർശകർ ഉയർത്തിക്കാട്ടുന്നത്. ഇതുകൊണ്ടാണ് 'ഇവരെ ഖിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ ഇടപെടുത്തിയത് ഒരു രാഷ്ട്രീയ അബദ്ധമായിപ്പോയി എന്ന് 'മനോരമ' അഭിപ്രായപ്പെട്ടത്".
മാപ്പിള ലഹള മത ഭ്രാന്തായിരുന്നുവെന്നും ഖിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ മാപ്പിളമാരെ ഇടപെടുത്തിയത് അബദ്ധമായി എന്നും 'മനോരമ' പറഞ്ഞതിന് അർത്ഥം,ഗാന്ധിക്ക് അബദ്ധം പറ്റി എന്ന് തന്നെ. ലഹളയുടെ ശതാബ്‌ദി വേളയിൽ, മനോരമയുടെ ഊന്നൽ ബ്രിട്ടീഷ് വിരുദ്ധമായിരുന്നു; മാപ്പിളമാരെ കുറ്റപ്പെടുത്തിയില്ല.സ്വാതന്ത്ര്യത്തിനു മുൻപ് മനോരമയ്ക്ക്, ക്രൈസ്തവ പ്രസ്ഥാനം എന്ന നിലയിൽ, ബ്രിട്ടീഷ് പക്ഷപാതിത്വം ഉണ്ടായിരുന്നു എന്ന് വിമർശകർ പറയാറുണ്ട്.
മാപ്പിളമാരുടെ അക്രമം, 1921 ഓഗസ്റ്റ് 25 ന് തന്നെ, മലയാള മനോരമ റിപ്പോർട്ട് ചെയ്തു. കെട്ടിടങ്ങൾക്കും രേഖകൾക്കും മാപ്പിളമാർ തീയിട്ടു. ആയുധങ്ങളും പണവും ഉപകരണങ്ങളും കൊള്ള ചെയ്തു. ലഹളയുമായി ബന്ധമില്ലാത്ത രണ്ടു ബ്രിട്ടീഷുകാർ കൊല ചെയ്യപ്പെട്ടെന്ന് 30 ന് റിപ്പോർട്ട് ചെയ്തു - ഇൻസ്‌പെക്ടർ റീഡ് മാനും കാളികാവ് റബർ എസ്റ്റേറ്റ് മാനേജർ എസ് പി ഈറ്റനും. ഈറ്റനെ വെടിവച്ച മാപ്പിളമാർ, കുട്ടത്ത് രാമൻ നായരെ കൊന്നില്ല. തങ്ങളുടെ ലക്ഷ്യം ബ്രിട്ടീഷുകാർ ആണെന്ന് മാപ്പിളമാർ വ്യക്തമാക്കി.രാമൻ നായരുടെ വിവരണം, സെപ്റ്റംബർ 14 ന് 'ഹിന്ദു' പ്രസിദ്ധീകരിച്ചു.
കലഹ പ്രിയരായ മാപ്പിളമാരെ ഖിലാഫത്തിലും നിസ്സഹകരണത്തിലും സഹകരിപ്പിച്ചത് വിഡ്ഢിത്തമായെന്ന് മനോരമ, സെപ്റ്റംബർ ഏഴിനും 17 നും എഴുതി. ഓഗസ്റ്റ് 27 ന് 'സത്യനാദ' വും ഇതേ അഭിപ്രായം എഴുതിയിരുന്നു.
'ജോനകപ്പട' എന്ന ശീർഷകത്തിൽ, സെപ്റ്റംബർ 17 ന് മൂർക്കോത്ത് കുമാരൻ മനോരമയിൽ എഴുതിയ നീണ്ട പ്രബന്ധത്തിൽ, ഭാവിയിൽ ഇത്തരം ലഹളകൾ ഉണ്ടാകാതിരിക്കാൻ പരിഹാരം നിർദേശിച്ചു: മാപ്പിളമാരുടെ മത ഭ്രാന്ത് അടിച്ചമർത്തുക അല്ലെങ്കിൽ, ഹിന്ദുക്കളെ മത ഭ്രാന്തന്മാരാക്കുക.
പൊതു സ്‌കൂളിൽ നൽകുന്ന പ്രാഥമിക വിദ്യാഭ്യാസം വഴി മാപ്പിളമാരുടെ മത ഭ്രാന്ത് ശമിപ്പിക്കാൻ കഴിയുമെന്ന് കുമാരൻ നിർദേശിച്ചു. രണ്ടാമത്തെ വഴി, ഹിന്ദുക്കളുടെ ഐക്യം വഴി സാധിക്കും. ഹിന്ദുക്കൾ ഐക്യവും മത ഭ്രാന്തും നേടി ജാഗ്രതയോടെ മാപ്പിളപ്പേടി വർജിക്കണം. ഹിന്ദുക്കൾ ഐക്യത്തോടെ ജീവിച്ചാൽ, മാപ്പിളമാർ ലഹളയ്ക്കും മതം മാറ്റത്തിനും മുതിരില്ല. ജാതി ഭേദം മാത്രമാണ്, അനൈക്യത്തിന് കാരണം.
കേരളത്തിൽ മറ്റിടങ്ങളിലും മുസ്ലിംകളിൽ മതഭ്രാന്തും വെറിയും കാണാമെങ്കിലും, തെക്കൻ മലബാറിലെ മാപ്പിളമാരുടെ പിന്തുണ കിട്ടുമ്പോഴേ അത് കലാപത്തിൽ എത്തൂ എന്ന് മനോരമ സെപ്റ്റംബർ 17 ന് എഴുതി. സെപ്റ്റംബർ 20 ന് മനോരമ, അറബ് പാരമ്പര്യമുള്ള മാപ്പിളമാർ, മത ഭ്രാന്തിനും രക്തദാഹത്തിനും കുപ്രസിദ്ധരാണെന്നും എഴുതി.
തുവ്വൂർ കിണറ്റിൽ 34 ഹിന്ദുക്കളെ മാപ്പിളമാർ കൊന്നു തള്ളിയ സംഭവം, മനോരമ ഒക്ടോബർ ആറിനാണ് റിപ്പോർട്ട് ചെയ്തത്. 'ദീപിക' ഒരു ദിവസം കൂടി വൈകി. ഇൻസ്‌പെക്ടർ ഖാൻ ബഹാദൂർ ചേക്കുട്ടിയെ വാരിയൻ കുന്നൻ കൊന്ന പോലെ, ഇതും പക തീർത്തതാണെന്ന് മനോരമ അഭിപ്രായപ്പെട്ടു. തുവ്വൂരിലെ ഹിന്ദുക്കളും മുസ്ലിംകളും ബ്രിട്ടീഷുകാർക്ക് വിവരങ്ങൾ കൈമാറിയിരുന്നു. ഇത്, മാപ്പിളമാരെ ക്ഷുഭിതരാക്കി. ലഹളയ്ക്ക് ഇത് മറ്റൊരു മാനം നൽകി. നാട്ടുകാർ പറഞ്ഞാൽ അല്ലാതെ, പട്ടാളത്തിന്, മാപ്പിളമാരുടെ നീക്കം അറിയാൻ കഴിയില്ലായിരുന്നു.പട്ടാളം പോയ ഉടൻ, മാപ്പിളമാർ തുവൂരിലെത്തി. അവർ 34 ഹിന്ദുക്കളെയും രണ്ട് മാപ്പിളമാരെയും കൊന്ന് കിണറ്റിലിട്ടു.
സംഭവം നടന്ന് 11 ദിവസം കഴിഞ്ഞാണ്, വിവരം മനോരമയിൽ വന്നത്.
ഉത്തരേന്ത്യയിലെ മുസ്ലിംകൾ ഹിന്ദുക്കൾക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് മനോരമ,ഒക്ടോബർ ഏഴിന് മറുപടി പറഞ്ഞു: ബോംബെയിലെയും പഞ്ചാബിലെയും മുസ്ലിം പത്രങ്ങൾ, മലബാറിലെ ഹിന്ദു അക്രമത്തെപ്പറ്റി എഴുതുന്നു, തെക്കൻ മലബാറിൽ, മാപ്പിള പുരുഷന്മാരുടെ അഭാവത്തിൽ, ഹിന്ദുക്കൾ മാപ്പിള അനാഥരെ ദ്രോഹിക്കുകയും അവരുടെ അമ്മമാരെ പീഡിപ്പിക്കുകയും ചെയ്യുന്നതായി അവർ റിപ്പോർട്ട് ചെയ്യുന്നു.
തെക്കൻ മലബാറിലെ മലയാള മനോരമ ലേഖകൻ 'മലബാറി' എന്ന തൂലികാ നാമത്തിൽ, മാപ്പിളമാർക്കെതിരെ രൂക്ഷമായ ഭാഷയാണ് ഉപയോഗിച്ചത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പരിഹാസ രൂപേണ ഈ ലേഖകൻ 1921 നവംബർ 19 ലെ റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്, ''നമ്മുടെ വാസുദേവ വർമ്മ രാജ" എന്നായിരുന്നു. കലക്ടറും കേണലും ഗവർണറുമായ അയാൾ വാസ്തവത്തിൽ ഒരു പോത്തു വണ്ടിക്കാരനാണെന്ന് അറിയുന്നത് വായനക്കാർക്ക് കൗതുകകരമായിരിക്കും എന്ന് ലേഖകൻ പരിഹസിച്ചു . ലഹളയുടെ മറ്റൊരു നേതാവായ സീതിക്കോയ തങ്ങളുടെ ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതായി കേൾവിയുണ്ടെന്നു ലേഖകൻ പറയുന്നു. ദുഖിതനായ തങ്ങൾ കാട്ടിൽ കഴിയുകയാണ്.
മനോരമ ലേഖകന് തെറ്റിയതാകാം -വാരിയൻ കുന്നന്റെ മൂന്നാമത്തെ ഭാര്യ മാളു എന്ന ഫാത്തിമ, അയാളുടെ അനുജൻ മൊയ്തീൻ കുട്ടിക്കൊപ്പം, ലഹളക്കാലത്ത് ഒളിച്ചോടിയിരുന്നു.അമ്മാവൻറെ മകൾ ആയിരുന്നു ഫാത്തിമ. അവർ മുൻപ് രണ്ടു തവണ വിവാഹിത ആയിരുന്നു.
ലഹള മലബാർ ജില്ലയ്ക്ക് ദുഷ്പേരും കുപ്രസിദ്ധിയും ഉണ്ടാക്കിയെന്ന് ഈ ലേഖകൻ ഡിസംബർ എട്ടിന് പരിതപിച്ചു. പാർലമെൻറിൽ പോലും നമ്മുടെ ജില്ല ചർച്ച ചെയ്യപ്പെടുന്നത്, അഭിമാനകാരമല്ലേ എന്നായി തുടർന്ന് ലേഖകൻ. മാപ്പിളമാർ ബ്രിട്ടീഷ് തോട്ടമുടമ ഈറ്റനെ കൊന്നത്, ബ്രിട്ടീഷ് പാർലമെൻറ് പ്രത്യേകം ചർച്ച ചെയ്തിരുന്നു.
മാപ്പിള ലഹള നേതാക്കളെ, മലയാള മനോരമ ഉപമിച്ചത് രാക്ഷസന്മാരോടാണ് (ഡിസംബർ 29 ). ചെമ്പ്രശ്ശേരി തങ്ങൾ സുമാലി.സീതിക്കോയ തങ്ങൾ, മാല്യവാൻ. വാരിയൻ കുന്നൻ, മാലി. സുമാലി,മാല്യവാൻ എന്നിവരെ മാത്രമാണ്, പോലീസ് പിടിച്ചത്. ഒരുപാട് കുറുമാലികൾ ചെയ്ത മാലിയെ മാത്രമാണ് ഇനി പിടിക്കാനുള്ളത് ( വാരിയൻ കുന്നനെ ജനുവരി ആദ്യം അറസ്റ്റ് ചെയ്തു). ഈ തങ്ങൾമാർ വെറും തൊങ്ങന്മാരാണ് ( ഷണ്ഡന്മാർ ) എന്ന് മനോരമ ആക്ഷേപിച്ചു; ഇവർക്ക് മാപ്പിളമാർ 'തുങ്ങത്ത' ( പ്രസിദ്ധി ) ചാർത്തിക്കൊടുക്കുന്നത്, മതഭ്രാന്ത് കാരണമാണ്. ഈ വൃത്തികെട്ട രാക്ഷസന്മാരിൽ, ഹിന്ദുക്കളെ ജീവനോടെ തൊലിയുരിച്ചവരിൽ ഒന്നാം സ്ഥാനത്തുള്ളത് ചെമ്പ്രശ്ശേരി തങ്ങളാണെന്ന് മനോരമ അഭിപ്രായപ്പെട്ടു.
മാന്നാനത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'നസ്രാണി ദീപിക' സെപ്റ്റംബർ രണ്ടിന് റിപ്പോർട്ട് ചെയ്തത്, മാപ്പിളമാർ തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ കയറി, ഒരു ഖുർ ആൻ കോപ്പി ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു എന്നാണ്.
'മാതൃഭൂമി' മാപ്പിള ലഹളക്കാലത്ത് ഉണ്ടായിരുന്നില്ല.അത് 1923 ലാണ് പ്രസിദ്ധീകരണം തുടങ്ങിയത്. മലബാർ ഇസ്ലാം,സ്വരാജ്, മുസ്ലിം എന്നീ പത്രങ്ങൾ മാപ്പിളമാർക്കൊപ്പം നിന്നു. മനോരമ, ദീപിക എന്നീ പത്രങ്ങൾക്ക് പുറമെ, കോഴിക്കോട്ടെ കേരള പത്രിക, ലഹളയെയും മാപ്പിളമാരെയും ശക്തമായി എതിർത്തു.
മലബാർ കലക്ടർ എല്ലിസ്, 1922 ജൂണിൽ കോഴിക്കോട്ടെ പത്രാധിപന്മാരുടെ യോഗം വിളിച്ചു. മത മൈത്രി എങ്ങനെ പുനഃസ്ഥാപിക്കാം എന്നതായിരുന്നു ചർച്ചാ വിഷയമെന്ന് മനോരമ ജൂൺ എട്ടിന് റിപ്പോർട്ട് ചെയ്തു. കേരള പത്രിക, മിതവാദി, റിഫോമർ, കേരള സഞ്ചാരി, മലബാർ ജേർണൽ, മാർഗദർശി എന്നിവയുടെ പത്രാധിപന്മാർ പങ്കെടുത്തു. മനോരമ, സ്‌പെക്ടേറ്റർ എന്നിവയുടെ എഡിറ്റർമാർ വിട്ടു നിന്നു.
© Ramachandran