Showing posts with label തോക്ക്. Show all posts
Showing posts with label തോക്ക്. Show all posts

Sunday, 23 June 2019

ഉന്നം തെറ്റിയ വാൻ ഗോഗും വെർലൈനും

തോക്ക് പ്രദർശനത്തിന് വച്ചപ്പോൾ 

വിഖ്യാത ചിത്രകാരൻ വിൻസന്റ് വാൻഗോഗ് ജീവനൊടുക്കാൻ ഉപയോഗിച്ച തോക്ക്, പാരിസിലെ  ദ്രോത്ത്  2019 ജൂൺ 19 ന് 115000 പൗണ്ടിന് (ഒരു കോടി രൂപ ) ലേലം ചെയ്തു. കലാചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ തോക്ക് എന്ന് വിശേഷിപ്പിച്ചായിരുന്നു, ലേലം.

7 മില്ലിമീറ്റർ ലെഫോഷെസ് റിവോൾവറിന് 60000 യൂറോ (46 ലക്ഷം) ആയിരുന്നു അടിസ്ഥാന  വില. ഡച്ച് ചിത്രകാരനായ വാൻ ഗോഗ് സ്വയം വെടിവച്ച ഗോതമ്പു പാടത്തു നിന്ന് 1965 ലാണ് ഒരു കർഷകന് തോക്ക് കിട്ടിയത്. അത് ഒരു സ്ത്രീയുടെ പക്കൽ എത്തി. അവരുടെ മകനാണ് വിറ്റത്. ഇത് ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയത്തിലായിരുന്നു, ഇത് വരെ. നന്നായി തുരുമ്പിച്ചതാണ്. ഹാൻഡിലിന്റെ ഒരു ഭാഗം പോയി.

പാരിസിന് വടക്ക് ഒവേർസ് – സുർ -ഓയിസ്‌ ഗ്രാമത്തിൽ 1890 ജൂലൈ 21  നാണ് വാൻ ഗോഗ് നെഞ്ചിൽ  സ്വയം നിറയൊഴിച്ചത്. അവസാനത്തെ ഏതാനും മാസങ്ങൾ ചെലവിട്ടു.സത്രം ഉടമയിൽ നിന്ന് തോക്ക് കടം  വാങ്ങുകയായിരുന്നു. ഇരുട്ടിൽ മുറിവേറ്റ് സത്രത്തിലേക്ക് വേച്ചു നടന്ന വാൻഗോഗ് ഒന്നര  ദിവസം കഴിഞ്ഞ് മരിച്ചു. അന്ന് വെറും 37 വയസ്സായിരുന്നു. സത്രം ഉടമ ആർതർ റാവോസും മകൾ അദേലിനും ശുശ്രൂഷിച്ചു. അന്ന് 13 വയസായിരുന്ന അദേലിൻ 60 വർഷത്തിന് ശേഷം സംഭവം വിവരിച്ചു.

"ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു," വാൻ ഗോഗ് പറഞ്ഞു. സത്രത്തിൽ ഉണ്ടായിരുന്ന രണ്ടു മാസം കൊണ്ട് 80 ചിത്രങ്ങൾ വരച്ചിരുന്നു.


ഇതിനു രണ്ടു വർഷം മുൻപ് ഫ്രാൻസിന് തെക്ക്, ആർലെസിലെ വേശ്യാലയത്തിലെ സ്ത്രീക്ക് സ്വന്തം ചെവി മുറിച്ചു സമ്മാനിച്ചിരുന്നു. ചിത്രകാരൻ പോൾ ഗോഗിനുമായുള്ള തർക്കത്തെ തുടർന്നാണ് ഇടതു ചെവി ബ്ലേഡ് കൊണ്ട് മുറിച്ചത്.

ഭൂരിപക്ഷം കലാചരിത്രകാരന്മാരും വാൻഗോഗ് ആത്മഹത്യ ചെയ്‌തതായി കരുതുന്നു എങ്കിലും, പാടത്ത് തോക്കുമായി കളിച്ചിരുന്ന രണ്ടു കുട്ടികൾ ആകസ്മികമായി വെടി ഉതിർത്തതാണെന്ന് ചില ഗവേഷകരുടെ നിഗമനമുണ്ട്. അറ്റ് ഏറ്റെനിറ്റിസ് ഗേറ്റ് എന്ന പുതിയ ജീവചരിത്രത്തിൽ ഇതാണ് സ്വീകരിച്ചിരിക്കുന്നത്.

സ്റ്റീഫൻ നൈഫ്‌എ എഴുതിയ വാൻ ഗോഗ്, ദി ലൈഫ് എന്ന പുസ്തകത്തിലും ഇതുണ്ട്.

തോക്ക് വാൻ ഗോഗ് ഉപയോഗിച്ചത് തന്നെയോ എന്ന സംശയം എന്നുമുണ്ട്. 75 വർഷം മണ്ണിനടിയിൽ ആയിരുന്നു. വാൻ ഗോഗ് ബന്ധം സ്ഥിരീകരിക്കാൻ നടത്തിയ ശ്രമങ്ങൾ 2012 ൽ പുസ്തകമായി.

തു പോലൊരു ലെഫോഷെസ് തോക്കാണ് ഫ്രഞ്ച് കവി പോൾ വേർലൈൻ കാമുകനായ കവി ആർതർ റിംബോദിന് എതിരെ 1873 ൽ പ്രയോഗിച്ചത്. അത് 2016 ൽ പാരിസിൽ 385000 പൗണ്ടിന് (3 .41 കോടി ) വിറ്റു.

റിംബോദിനെ വെടിവച്ച തോക്ക് 

ഫ്രഞ്ച് സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന തോക്കാണ്, ഇത്. 1873 ജൂലൈ 10 രാവിലെ ബ്രസൽസിൽ നിന്നാണ് റിംബോദിനെ കൊല്ലാൻ വെർലൈൻ തോക്ക് വാങ്ങിയത്. 7 എം എം സിക്സ് ഷൂട്ടർ. 29 വയസുള്ള വെർലൈൻ പത്ത് വയസ് ഇളപ്പമുള്ള റിംബോദ് -മായി രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് വെർലൈൻ ഇത് ചെയ്തത്. ലണ്ടനിൽ കറപ്പ് തിന്ന് അബ്‌സിന്തേ വാറ്റിയ മദ്യം കുടിച്ച് ഭാര്യയിലേക്ക് മടങ്ങാൻ വെർലൈൻ ആഗ്രഹിച്ചു. ആ സഹവാസം റിംബോദിനെ A Season in Hell എഴുതാൻ പ്രചോദിപ്പിച്ചു. അയാളെ ഉപേക്ഷിച്ച് ബ്രസ്സൽസിലേക്കു പോയ വെർലൈനെ റിംബോദ് പിന്തുടർന്നു. അവിടത്തെ ഹോട്ടലിൽ ഉച്ചയ്ക്ക് ക്രീഡകൾക്കും കരച്ചിലിനും മദ്യപിച്ച് പൂസായത്തിനും ശേഷം, വെർലൈൻ റിംബോദ് -നു നേരെ തോക്ക് ചൂണ്ടി.

കാമുകർ ലണ്ടനിൽ വാടകയ്ക്ക് താമസിച്ച വീട് 

"എന്നെ വിട്ടു പോകാൻ നിന്നെ പഠിപ്പിക്കും," അയാൾ മുരണ്ടു. എന്നിട്ട് രണ്ടു തവണ നിറയൊഴിച്ചു. ഒരു വെടിയുണ്ട റിംബോദിന്റെ കൈത്തണ്ടയിൽ കൊണ്ടു.മറ്റേത് ചുമരിൽ തട്ടി, ചിമ്മിനിയിൽ ചെന്നു കൊണ്ടു.

ആശുപത്രിയിൽ ബാൻഡേജ് ഇട്ടു പുറത്തിറങ്ങിയ റിംബോദ്, തന്നെ ഉപേക്ഷിക്കരുതെന്ന് വെർലൈനോട് കെഞ്ചി. തെരുവിൽ വീണ്ടും വെർലൈൻ കാമുകന് നേരെ തോക്കു ചൂണ്ടി. ജീവിതം മുഴുവൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു, വെർലൈൻ.തെരുവിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് ,അതു വഴി പോയ ഒരു പൊലീസുകാരൻ കണ്ടു. അയാൾ വെർലൈനെ അറസ്റ്റ് ചെയ്തു.രണ്ടു കൊല്ലം കഠിന തടവ് കിട്ടിയ വെർലൈൻ കത്തോലിക്കാ സഭയിൽ ചേർന്നത്, റിംബോദിന് പിടിച്ചില്ല. തടവിൽ 32 കവിതകൾ എഴുതി.

വെർലൈൻ,  റിംബോദ് 

അറുപതുകളിൽ ജിം മോറിസനെപ്പോലുള്ളവരുടെ പ്രതി സംസ്‌കാര പ്രസ്ഥാനത്തിന്, റിംബോദ് പ്രചോദനമായി. റിംബോദ് മൂശേട്ടയായ അമ്മയ്‌ക്കൊപ്പം പോയി, എ സീസൺ ഇൻ ഹെൽ പൂർത്തീകരിച്ചു. പൊലീസ് കണ്ടുകെട്ടിയ തോക്ക് സ്വകാര്യ ശേഖരത്തിൽ എത്തി.

ഈ കാമുക കവികളിൽ ഒരാളിൽ ചങ്ങമ്പുഴ തന്നെ കണ്ടു -അതാരാണെന്ന് കൃത്യമായി ഊഹിക്കുന്നവർക്ക്, പാരിതോഷികം നൽകുന്നതല്ല; അത് അത്ര എളുപ്പമാണ്.

രണ്ടു സംഭവങ്ങളിൽ നിന്നു ഞാൻ പഠിച്ച പാഠം ഇതാണ് -സർഗ്ഗ ശേഷി, ഉന്നത്തിന് തടസ്സമാണ്.

© Ramachandran





FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...