Showing posts with label നക്സലിസം. Show all posts
Showing posts with label നക്സലിസം. Show all posts

Friday, 9 February 2024

അരാജകത്വം വിതച്ച് നക്സലിസം

 ഭീഷണിപ്പണം 1400 കോടി രൂപ


നക്സലൈറ്റ് പ്രസ്ഥാനം ഇന്ത്യയിൽ ഉദയം കൊണ്ടത്, 1967 ൽ പശ്ചിമബംഗാളിലെ വടക്കുകിഴക്കൻ അറ്റത്തെ നക്സൽബാരി എന്ന ഗ്രാമത്തിലെ ഒരു കർഷകസമരത്തിൽ നിന്നാണ്. കഴിഞ്ഞ 56 വർഷത്തിനിടയിൽ, സകല അരാജകത്വ ശക്തികളെയും കൂട്ടി യോജിപ്പിച്ചു കൊണ്ട്, അത്, ദേശീയതയ്ക്ക് ഭീഷണിയാകുന്ന വിധം പടർന്നു, സൈദ്ധാന്തിക തലം, വിഘടനവാദത്തിന്റേതാണ്. പാവപ്പെട്ട കർഷകന് വേണ്ടി നിലകൊള്ളുന്നു എന്ന വാചകമടി പുറംപൂച്ച് മാത്രം.


സ്വാതന്ത്ര്യശേഷം ഇന്ത്യ കണ്ട പന്തലിച്ച ഏകപ്രസ്ഥാനമാണ് ഇതെങ്കിലും, ഒറ്റതിരിഞ്ഞാണ് പലയിടത്തും നിൽപ്. അവയെ കൂട്ടിയിണക്കുന്നത്, അരാജക പ്രത്യയശാസ്ത്രം, ആയുധങ്ങൾ, രാജ്യാന്തര പണമിടപാട്, വനാന്തര നീക്കങ്ങൾ തുടങ്ങി നൂറുകൂട്ടം സംഗതികളാണ്. “രാജ്യം ദർശിച്ച ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയാണ്” അതെന്ന് പ്രധാനമന്ത്രി ആയിരുന്നപ്പോൾ, മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ട്. 


ഇന്ത്യയിൽ 1971 ലെ സെൻസസ് പ്രകാരം, ജനസംഖ്യയിൽ 60 ശതമാനവും ഭൂമിയില്ലാത്തവരാണ്. നാല് ശതമാനം ധനികരുടെ കൈയിലാണ്, വലിയ അംശം ഭൂമിയും. ചൂഷണം നടക്കുന്നു എന്നത് സത്യമാണ്. ഇത് വച്ച്, 1925 ൽ രൂപം കൊണ്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ അരാജക പ്രത്യയശാസ്ത്ര അടിത്തറയാണ്, നക്സലൈറ്റുകൾക്കുമുള്ളത്. അതായത്, മാർക്സിസം -ലെനിനിസം. എൻ്റെ കൗമാരത്തിൽ പല നക്സലൈറ്റ് പ്രസിദ്ധീകരണങ്ങളും വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. തൃശൂർ വാഞ്ചി ലോഡ്ജ് വിലാസത്തിൽ ആയിരുന്നു, പ്രേരണ പോലെ ചിലത്. പാവങ്ങളുടെ പ്രസ്ഥാനമാണെന്ന് പറയുകയും ആർക്കും മനസ്സിലാകാത്ത മറുഭാഷ എഴുതുകയും ചെയ്യുന്നത്, ഒരു പ്രസ്ഥാനത്തെ എങ്ങനെ സമൂഹത്തിൽ വേരോടിക്കും എന്ന് എനിക്ക് മനസ്സിലായില്ല. ലിൻ പിയാവോ, ദിമിത്രോവ് തുടങ്ങി ഏതൊക്കെയോ വിവരദോഷികളെപ്പറ്റി നക്സലുകൾ തർക്കിക്കുകയും പിരിയുകയും ചെയ്തു.


റഷ്യയിൽ 1917 ൽ നടന്ന വ്യാജ ഒക്ടോബർ വിപ്ലവം ആയിരുന്നു, പ്രചോദനം. ഫെബ്രുവരിയിൽ യഥാർത്ഥ വിപ്ലവം നടക്കുമ്പോൾ ലെനിൻ ഉണ്ടായിരുന്നില്ല. ആ വിപ്ലവം നടന്ന്, കെറൻസ്കി ജനാധിപത്യ ഭരണകൂടം ഉണ്ടാക്കിയിരുന്നു. അതിനെ ഒറ്റനാൾ കൊണ്ട് മറിച്ചിട്ട അട്ടിമറി ആയതിനാലാണ്, ഒക്ടോബർ വിപ്ലവത്തെ ഞാൻ വ്യാജം എന്ന് പറയുന്നത്. അതിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ടാണ്, കമ്യൂണിസ്റ്റ് പാർട്ടി 1946 ൽ തെലങ്കാനയിലും പുന്നപ്രവയലാറിലും കലാപങ്ങൾ നടത്തിയത്. രണ്ടും അനാവശ്യമായിരുന്നു; കാരണം, നെഹ്രുവിൻ്റെ ഇടക്കാല മന്ത്രിസഭ നിലവിൽ വന്നിരുന്നു. കലാപം ബ്രിട്ടന് എതിരായിരുന്നില്ല. ഇന്ത്യൻ ദേശീയതയ്ക്ക് എതിരായിരുന്നു. 1951 ൽ മോസ്കോയിൽ സ്റ്റാലിനെ കാണാൻ പോയ കമ്യൂണിസ്റ്റ് നേതാക്കളോട് തെലങ്കാന കലാപം നിർത്താൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.


സായുധ വിപ്ലവത്തിന് 1948 ൽ കൊൽക്കത്ത തീസിസ് വഴി പാർട്ടി തീരുമാനിക്കുകയും കേരളത്തിൽ ഇടപ്പള്ളി സ്റ്റേഷൻ ആക്രമണം, ശൂരനാട് കലാപം, പൂജപ്പുര സെൻട്രൽ ജയിൽ കലാപം എന്നിവ നടക്കുകയും ചെയ്തിരുന്നു. ഈ സായുധ കലാപ സിദ്ധാന്തം പൊടി തട്ടി എടുത്തതാണ്, നക്സലിസം.1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് രണ്ടു പാർട്ടികൾ ഉണ്ടാവുകയും വിപ്ലവം വേണ്ടെന്ന് വയ്ക്കുകയും ബൂർഷ്വ ആവുകയാണ് കമ്യൂണിസ്റ്റ് ലക്ഷ്യം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.


1967 ൽ, പശ്ചിമബംഗാളിൽ സി പി എം, ബംഗ്‌ളാ കോൺഗ്രസുമായി മുന്നണിയുണ്ടാക്കി വിപ്ലവം വേണ്ടെന്നു വച്ചു. കേരളത്തിൽ സി പി എം, സപ്തകക്ഷി മുന്നണിയുണ്ടാക്കി, മുസ്ലിം ലീഗിനെ കൂടി കൂട്ടി, അവസരവാദത്തിലേക്ക് കാൽ വച്ചു. ബംഗാളിൽ അത് യുവാക്കളെ നിരാശരാക്കി. നക്സലിസ പിതാവായ ചാരു മജുoദാർ, പാർട്ടി അംഗത്വം വിട്ട്, ചൈനീസ് മാതൃകയിൽ വടക്ക് ഗോത്രവർഗ്ഗത്തെ സംഘടിപ്പിച്ചു. തെലങ്കാനയും നക്സൽബാരിയും കർഷക കലാപങ്ങളാണെന്ന് അവകാശപ്പെടുന്നത്, മാപ്പിളലഹള വർഗ്ഗസമരമാണെന്ന് പറയും പോലെയേ ഉള്ളൂ. പ്രചോദനം മാവോ ആയിരുന്നു. അത്, ജനാധിപത്യ സർക്കാരുകൾക്കെതിരായ കലാപമായി. നക്സൽബാരിയിൽ, ബിഗു കിഷൻ എന്ന കർഷകനെ ജന്മിയുടെ ഗുണ്ടകൾ തല്ലിയപ്പോൾ, നക്സലൈറ്റ് പ്രസ്ഥാനം ഉണ്ടായി. ഒരു പോലീസ് ഇൻസ്‌പെക്ടറെ കൊന്നു, 11 കലാപകാരികൾ കൊല്ലപ്പെട്ടു. ചൈന കലാപത്തെ, “വസന്തത്തിൻ്റെ ഇടിമുഴക്കം” എന്ന് വിളിച്ചു. അന്ന് മുതൽ മണിപ്പൂർ വരെ, വിഘടനവാദങ്ങളിൽ, ചൈനയുടെ പങ്ക് ചെറുതല്ല. അന്ന് ചാരു മജുoദാർ ചൈനയിൽ പല തവണ പോയി. നക്സലുകൾക്ക് ചൈനയിൽ നിന്ന് ആയുധവും പരിശീലനവും പണവും കിട്ടി. 


ഡാർജിലിംഗിൽ 1967 ജൂലൈ 20 ന് ജംഗൽ സന്താൾ ഉൾപ്പെടെ നക്സൽ നേതാക്കളൊക്കെ അറസ്റ്റിലായി. 1971 ൽ സർക്കാർ Operation Steeplechase പട്ടാളം, സി ആർ പി എഫ് എന്നിവയുടെ സഹായത്തോടെ നടപ്പാക്കി, നക്സലുകളെ കൈകാര്യം ചെയ്തു. ചാരു മജുoദാർ മരിച്ചതും ക്ഷീണമായി. 


അവിടെ പ്രസ്ഥാനത്തെ അമർച്ച ചെയ്‌തെങ്കിലും, കേരളം ഉൾപ്പെടെ മറ്റിടങ്ങളിൽ, അനുഭാവികൾ മുളച്ചു പൊന്തി. ഞാൻ സ്‌കൂൾ വിദ്യാർത്ഥി ആയിരിക്കെ, ഇവിടെ നക്സലുകൾ ചില ജന്മികളുടെ തല കൊയ്തു. കണ്ണൂരിൽ പാർട്ടിക്കാർ പലരും നക്സൽ അനുഭാവികളായി. പിണറായി വിജയനും എം വി ഗോവിന്ദനും അതിൽ പെടും. കേരളത്തിൽ പാർട്ടി പ്ലീനം ചേർന്ന് സി എച്ച് കണാരനെ മാറ്റി എ കെ ജി യെ സംസ്ഥാന സെക്രട്ടറിയാക്കി. എ കെ ജി ഓടിനടന്ന് അനുഭാവികൾക്ക് ഘർ വാപസി വാഗ്‌ദാനം ചെയ്തു.


1980 ആയപ്പോൾ ഇന്ത്യയിൽ 30 നക്സൽ ഗ്രൂപ്പുകളായി. അവയിൽ 30000 പ്രവർത്തകർ ഉണ്ടായി എന്നാണ് കണക്ക്. ആദ്യഘട്ടം നക്സലുകളെ 1975 ൽ നിർമാർജ്ജനം ചെയ്തിരുന്നു. 1977 ൽ നിലവിൽ വന്ന ജനതാ സർക്കാർ, നക്സൽ നേതാക്കളെ വിട്ടയച്ചപ്പോൾ, രണ്ടാം ഘട്ടം തുടങ്ങി. അപ്പോഴാണ്, ആദ്യ പ്രാകൃത പ്രത്യയശാസ്ത്രം, ഭീകരതയായി മാറിയത്. 1990 കളിൽ, ഉദാരവൽക്കരണം നടപ്പായപ്പോൾ, സുഘടിതമായി, നക്സലിസം പൊന്തി വന്നു.


1990 കളുടെ ഒടുവിൽ, പീപ്പിൾസ് വാർ പ്രസ്ഥാനം ശക്തിപ്പെട്ടത്, ഭീകരവാദം കൊണ്ടാണ്. സമാന്തര പട്ടാളം പോലെ നീങ്ങിയ നക്സലുകൾ, ഓരോ ഇടത്തെയും സംഘടിത ക്രിമിനൽ സംഘങ്ങളുമായും രാജ്യാന്തര ഭീകര സംഘങ്ങളുമായും ബന്ധപ്പെട്ടു. പണം പിടുങ്ങൽ, ബന്ദിപ്പണം പിരിക്കൽ, കടകളുടെ കൊള്ള, സ്‌കൂളുകൾ തകർക്കൽ, പൊലീസിന് വിവരം കൊടുക്കുന്നവർ എന്ന് സംശയിക്കുന്നവരെ ഉന്മൂലനം ചെയ്യൽ തുടങ്ങിയവ, റെഡ് കോറിഡോറിൽ ഭീകരത വിതച്ചു. 


റെഡ് കോറിഡോർ, ആഗോള ശൃംഖല  


മാവോയിസ്റ്റ് ഭീകരത നടമാടുന്ന ഇന്ത്യയുടെ കിഴക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളാണ്, റെഡ് കോറിഡോർ. ഇവിടങ്ങളിൽ ഭീകരത കുറഞ്ഞു വരുന്നു. 2021 ൽ 25 എണ്ണം ഏറ്റവും ഭീകരത കൂടിയ ജില്ലകൾ ആയിരുന്നു. 70 പൂർണബാധിത ജില്ലകൾ. പത്ത് സംസ്ഥാനങ്ങൾ. ദണ്ഡകാരണ്യ -ഛത്തിസ്ഗഢ്-ഒഡിഷ മേഖലയിലെ ജാർഖണ്ഡ് -ബിഹാർ -പശ്ചിമബംഗാൾ മുക്കൂട്ട് കവലയിൽ വിദൂര ഖനി, വന, ഗിരി ഭൂവിഭാഗമാണിത്. ആന്ധ്ര, ബിഹാർ, ഛത്തിസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ്, മാവോയിസ്റ്റ് ഭീകരത. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സായുധ ഗുവേറിസ്റ്റ് കേഡറുകൾ അക്രമം വിതയ്ക്കുന്നു. 


ഒഡിഷയിലാണ്, ഇന്ത്യയിലെ 60 ശതമാനം ബോക്സൈറ്റ് നിക്ഷേപവും. അവിടെത്തന്നെയാണ്, 25% കൽക്കരി, 28% ഇരുമ്പയിര്, 92% നിക്കൽ, 28% മാംഗനീസ്. എൻ്റെ യാത്രകളിൽ, പ്രത്യക്ഷത്തിൽ ഇത്രയും ദരിദ്രമായ വേറെ സ്ഥലം കണ്ടിട്ടില്ല. ആദിവാസികൾ ധാരാളമുള്ള മേഖലയിലാണ്, നക്സൽ താവളങ്ങൾ. ഈ മേഖലകൾ, ഡാർജിലിംഗിൽ ചെന്ന് മുട്ടി നേപ്പാളുമായി അതിർത്തി പങ്കിടുന്നു. തമിഴ് നാടിൻ്റെ വടക്കേ അറ്റവുമായി ഇണങ്ങി ചേരുന്നു. ഒഡിഷയിലെ തീരപ്രദേശമല്ലാത്ത റെഡ് കോറിഡോർ ഭാഗത്ത്, സാക്ഷരത വളരെ താഴെയാണ് -ദേശീയ ശരാശരിയെക്കാൾ താഴെ. 


വലിയ രാജ്യാന്തര കുത്തകകൾ ഈ മേഖലയിലുണ്ട്. കോർപറേറ്റുകൾ, ജന്മിമാർ എന്നിവരിൽ നിന്ന് പ്രതിവർഷം നക്സലുകൾ 1400 കോടി രൂപ ഭീഷണിപ്പണമായി വാങ്ങുന്നുവെന്നാണ് കണക്ക്. 


1990 കളുടെ ഒടുവിൽ, നക്സലുകൾ രണ്ടു ചേരികളായി-ഒന്ന് ജനാധിപത്യ തിരഞ്ഞെടുപ്പുകൾ, തൊഴിലാളി യൂണിയനുകൾ തുടങ്ങിയവയ്‌ക്കായി വാദിച്ചു. അതാണ്, സി പി ഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) പീപ്പിൾസ് വാർ. മറ്റേത്, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ (എം സി സി ഐ), സായുധ ഗറില്ലാ സമരത്തിനായി നിലകൊണ്ടു. 1990 -2000 ൽ, പീപ്പിൾസ് വാർ ആയിരുന്നു, ഇന്ത്യൻ സർക്കാരിന് ഭീഷണി. ആന്ധ്രയിൽ കൊണ്ടപ്പള്ളി സീതാരാമയ്യ നയിച്ച ഈ ഗ്രൂപ്, ഒഡിഷയിലും മഹാരാഷ്ട്രയിലും കൂടി സാന്നിധ്യം അറിയിച്ചു. ഇവർ ജന്മികളെയും വ്യവസായികളെയും തട്ടിക്കൊണ്ട് പോയി, കുമ്പസാരിപ്പിച്ചു. അവരെ അവരുടെ ഭൂമിയിൽ നിന്ന് ഒഴിപ്പിച്ചു. സാമൂഹിക നീതി നടപ്പാക്കാനെന്ന പേരിൽ, സമാന്തര നീതി സംവിധാനമുണ്ടാക്കി. 2000 ൽ 3000 നക്‌സലൈറ്റുകൾ കിഴക്കൻ മേഖലയിൽ സജീവമായിരുന്നു. 


2001 ജൂലൈയിൽ, തെക്കനേഷ്യയിലെ നക്‌സലൈറ്റുകൾ കോ -ഓർഡിനേഷൻ കമ്മിറ്റിയുണ്ടാക്കി. പീപ്പിൾസ് വാർ ഗ്രൂപ്പും എം സി സിഐ യും അതിൽ അംഗങ്ങൾ ആയതോടെ, രാജ്യാന്തര ബന്ധമായി. എൽ ടി ടി ഇ, നേപ്പാൾ മാവോയിസ്റ്റുകൾ, പാക്കിസ്ഥാൻ ഐ എസ് ഐ എന്നിവയിൽ നിന്ന് ഇവർക്ക് ആയുധങ്ങളും പരിശീലനവും കിട്ടി. 


നാലാം ഘട്ടം, 2004 ൽ തുടങ്ങി ഇന്നുവരെയുള്ളതാണ്. സി പി ഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്), പി ഡബ്ള്യു ജി, എം സി സി ഐ എന്നിവയും 40 ഗ്രൂപ്പുകളും 2004 ൽ ലയിച്ചത്, സായുധകലാപങ്ങൾ വ്യാപിക്കാൻ ഇടയാക്കി. സി പി ഐ (മാവോയിസ്റ്റ്) സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി (പി ജി എൽ എ) 20,000 പേരുടെ സേനയെ തീറ്റിപ്പോറ്റി. ഇതിൽ 10,000 പേരും സ്ഥിരമായിരുന്നു. ഓട്ടോമാറ്റിക് തോക്കുകൾ, ചുമലിൽ വയ്ക്കാവുന്ന റോക്കറ്റ് ലോഞ്ചർ, മോർട്ടാറുകൾ, ലൈറ്റ് മെഷീൻ ഗണ്ണുകൾ, എ കെ 47, ഗ്രനേഡുകൾ എന്നിവ പ്രയോഗിച്ചു എന്ന് മാത്രമല്ല, ഐ ഇ ഡി സ്ഫോടകങ്ങൾ ഉണ്ടാക്കാൻ പരിശീലനവും കിട്ടി. 


രാഷ്ട്രീയ നേതാക്കളെ അവർ കൊന്നു, പൊലീസ് വാഹനങ്ങൾ മറിച്ചിട്ടു, കുട്ടി ഭടന്മാരെ സൃഷ്ടിച്ചു മറയാക്കി, പുറത്തു നിന്നുള്ള നിക്ഷേപകരെ പേടിപ്പിച്ചു, ജയിലുകൾ ആക്രമിച്ച് അണികളെ മോചിപ്പിച്ചു. പൊലീസിലും പട്ടാളത്തിലും ചേരുന്നതിൽ നിന്ന് നാട്ടുകാരെ വിലക്കി. 1980-2015 ൽ 20012 പേർ നക്സൽ കലാപങ്ങളിൽ കൊല്ലപ്പെട്ടു; ഇതിൽ, 4761 പേർ നക്സലുകൾ ആയിരുന്നു. 3105 സുരക്ഷാ ഭടന്മാർ. 12146 സാധാരണ മനുഷ്യർ. 2019 ൽ കേന്ദ്ര ആഭ്യന്തരവകുപ്പ് ഇറക്കിയ രേഖപ്രകാരം, 2010 -2019 ൽ, പ്രതിവർഷം 1200 നക്സൽ ഭീകര ആക്രമണങ്ങളിൽ ശരാശരി 417 നാട്ടുകാർ കൊല്ലപ്പെടുന്നു. ആധിപത്യം കുറയുമ്പോൾ, ഗ്രാമവാസികളെ പിഴിയുന്നതിനാൽ, അവർ പൊലീസിനെ വിവരം അറിയിക്കുന്നില്ല. 2018 ൽ 61 പേരെയും 2019 ൽ 21 പേരെയും പൊലീസിന് വിവരം നൽകി എന്നാരോപിച്ച് വെടിവച്ചു കൊന്നു. നക്സലുകളെ വിപ്ലവത്തിൽ സഹായിക്കുന്ന ഗ്രാമവാസികൾ തന്നെ ഇരകൾ. 


2015 -2020 ൽ, 10,000ന് മേൽ നാട്ടുകാർക്കും പൊലീസുകാർക്കും നക്സലുകളിൽ നിന്ന് ജീവഹാനി നേരിട്ടു. പേടിച്ചാണ്, നക്സൽ മേഖലകളിൽ ജനം കഴിയുന്നത്. ഇപ്പോൾ, പ്രത്യയശാസ്ത്രം വിട്ട് ഭീകരതയിലാണ്, നക്സലുകൾ ജീവിക്കുന്നത്. “ആദ്യം അത് സി പി ഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആയിരുന്നു; പിന്നെ മാവോ ചേർത്തു. ആശയവ്യക്തതയില്ലാതെ തട്ടിത്തടഞ്ഞു നിൽക്കുന്നു. സർക്കാർ അവരെ കെണിയിലാക്കി, അതിനെതിരെ യുദ്ധം ചെയ്യുന്നു ,” പഴയ എം എൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യ, നക്സലുകൾ വീണ പടുകുഴിയെപ്പറ്റി നിരീക്ഷിക്കുന്നു. 


നക്സലുകൾ മറ്റ് ക്രിമിനൽ ശൃംഖലകളുമായി ബന്ധപ്പെടുന്നതായി, ഇൻറലിജൻസ് രേഖകളിൽ കാണുന്നു. 2018 ൽ 70 കോടി വിലയുള്ള അസംസ്കൃത ഹെറോയിൻ, നക്സൽ മേഖലകളിൽ നിന്ന് പൊലീസ് പിടിച്ചിരുന്നു. 2007 മുതൽ നക്സലുകൾ ജാർഖണ്ഡിൽ കറപ്പ് വളർത്തുന്നു. ഇതിന് സമ്മതിച്ചാൽ, സംരക്ഷണം ഗ്രാമവാസികൾക്ക് വാഗ്ദാനം ചെയ്യുന്നു. ഫലം, ഗ്രാമവാസികൾ ദേശവിരുദ്ധരാകുന്നു എന്നതാണ്. മയക്കുമരുന്ന് ശൃംഖലയിൽ പെട്ട അവർക്ക് അതിൽ നിന്ന് പ്രതിഫലം കിട്ടുന്നു. ഒഡിഷയിൽ നക്സലുകൾക്ക് കഞ്ചാവ് കച്ചവടമുണ്ട്. കള്ളക്കടത്തുകാരൻ ചോട്ടാ ഷക്കീലിൻ്റെ ആളുകളും നക്സൽ നേതാക്കളും കൂടിക്കാഴ്ച നടത്തിയ വിവരം 2010 ൽ ബംഗളൂരു പൊലീസിന് കിട്ടിയിരുന്നു. അതായത്, ഐ എസ് ഐ, നക്സൽ -ദാവൂദ് ഇബ്രാഹിം പങ്കാളിത്തത്തെ ഇന്ത്യക്കെതിരെ നിഴൽ യുദ്ധത്തിന് (proxy war) ഉപയോഗിക്കുന്നു എന്നർത്ഥം. അന്ന് ആ സംഘത്തെ പിടിച്ചെങ്കിലും, നക്സൽ -ഐ എസ് ഐ ബന്ധം എന്നും ഇന്ത്യയ്ക്ക് തലവേദനയായിരുന്നു. 



എൽ ടി ടി ഇ യിൽ നിന്ന് മാവോയിസ്റ്റുകൾക്ക് വാഹനങ്ങളും പരിശീലനവും കിട്ടിയിരുന്നുവെന്ന് വിവരമുണ്ട്. ജർമനി, ഫ്രാൻസ്, തുർക്കി, ഇറ്റലി എന്നിവിടങ്ങളിലെ ചെറുസംഘങ്ങളും സഹായിച്ചു. 2005 ലും 2011 ലും മുതിർന്ന മാവോയിസ്റ്റ് കേഡറുകൾക്ക് ഫിലിപ്പീൻസിൽ പരിശീലനം കിട്ടി. 2008 ൽ സിമി, 500 നക്സലുകളെ പരിശീലിപ്പിച്ചു. 2010 ൽ ലഷ്കറെ തൈബ നേതാക്കൾ നക്സൽ നേതാക്കളെ കണ്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) ഇവിടത്തെ മാവോയിസ്റ്റുകളുമായി ചേർന്ന് സംയുക്ത ഓപ്പറേഷനുകളും പരിശീലനവും നടത്തുന്നു. നേപ്പാൾ വഴി, ഇവിടത്തെ നക്സലുകൾക്ക് ചൈനയിൽ നിന്ന് ആയുധങ്ങൾ കിട്ടുന്നു. അസം, കശ്മീർ തീവ്രവാദികൾക്കൊപ്പം ചേർന്ന്, കേന്ദ്രത്തെ അട്ടിമറിക്കാൻ ശ്രമങ്ങളും നടത്തി. താലിബാൻ, ഐ എസ്, അൽ ശബാബ്, ബോക്കോ ഹറാം, ഫിലിപ്പീൻസ് കമ്യൂണിസ്റ്റ് പാർട്ടി എന്നിവ കഴിഞ്ഞാൽ, ആഗോളതലത്തിൽ ഏറ്റവും ഭീകരമായ സംഘടന, സി പി ഐ (മാവോയിസ്റ്റ്)ആണെന്ന് 2018 ൽ US Country Report on Terrorism വ്യക്തമാക്കിയിരുന്നു.


ഇനി കേരളമോ? 


മോദി അധികാരത്തിൽ വന്ന ശേഷം 2015 ൽ National Policy and Action Plan to address Left wing Extremism-2015 എന്ന നയമുണ്ടാക്കി. അതിന് ശേഷം, നക്സൽ ആക്രമണങ്ങൾ കുറഞ്ഞു വന്നു. എട്ട് ജില്ലകളിൽ അതിൻ്റെ വേരറുത്തു. ആറ് ജില്ലകളിൽ അമർച്ച ചെയ്തു. 2017 ൽ കേന്ദ്രം, മാവോയിസ്റ്റുകൾക്കെതിരെ, SAMADHAN പ്രഖ്യാപിച്ചു. കോവിഡ് വ്യാപനവും നക്സലുകളെ ബാധിച്ചു. 2009 ലെ 2258 നക്സൽ ആക്രമണ കേസുകൾ 2020 ൽ 349 ആയി ചുരുങ്ങി. മരണം 908 ൽ നിന്ന് 110 ആയി. 


അമർത്യ ദേബ് എഴുതിയ Naxals in Kerala:Their Networks, Resources, Legitimacy and Solutions for Curbing Future Growth എന്ന പ്രബന്ധത്തിൽ കാണുന്നത്, റെഡ് കോറിഡോറിൽ നക്സൽ സ്വാധീനം കുറഞ്ഞെങ്കിലും, കേരളത്തിൽ നക്സലിസം വളരുന്നുവെന്നാണ്. കർണാടകം, കേരളം, തമിഴ്‌നാട് എന്നിവയുടെ സംഗമസ്ഥാനമാണ്, ഇവിടെ വളക്കൂറുള്ള മണ്ണ്. 2014 ഏപ്രിലിൽ, നാല് നക്സലുകൾ ഇവിടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. വയനാടും പാലക്കാടും അവർക്ക് വലിയ പ്രതിരോധം നേരിട്ടില്ല. തെക്ക്, കേരളം നക്സലുകളുടെ കോട്ടയാകുമെന്ന് സൂചനയുണ്ടായി. ഭാവി കേന്ദ്രം കേരളമായിരിക്കുമെന്ന്, ഡൽഹിയിലെ Centre for Land Warfare Studies പുറത്തിറക്കിയ ഈ ദീർഘ പ്രബന്ധം വ്യക്തമാക്കുന്നു. 


മൂന്ന് സംസ്ഥാനങ്ങളുടെ മുക്കൂട്ട് കവല (tri-junction) ഇവിടെയും റെഡ് കോറിഡോർ പോലെ സൗകര്യമായി ഉണ്ട്. വനങ്ങളിൽ അദൃശ്യരായി കഴിയാം. സുരക്ഷാ ഭടന്മാർക്ക് സഞ്ചരിക്കാൻ എളുപ്പമുള്ള ഭൂപ്രകൃതി അല്ല. അതിർത്തികളെ സംബന്ധിച്ച് സംസ്ഥാനങ്ങൾ തമ്മിൽ തർക്കങ്ങൾ നിൽക്കുന്നതിനാൽ, നടപടി എളുപ്പമല്ല. കാടിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് ആയുധങ്ങൾ കിട്ടാനുണ്ട്. 


സമീപകാലങ്ങളിൽ ഇവിടെ നക്സൽ പ്രചാരണവും ഏറ്റുമുട്ടലുകളും വർധിച്ചിരിക്കുന്നു. കേരള വിസ്തൃതി കുറവായതിനാൽ, ആ മുക്കൂട്ട് കവലയിൽ നിന്ന് മുഖ്യനഗരം വരെ ആക്രമണം ആസൂത്രണം ചെയ്യാം. 2014 നവംബറിൽ കൊച്ചിയിൽ നീറ്റാ ജെലാറ്റിൻ ആക്രമണം നടന്നത്, അങ്ങനെയായിരുന്നു. 


ഈ പ്രബന്ധത്തിൽ പറയാത്ത രാഷ്ട്രീയ സാഹചര്യങ്ങൾ കേരളത്തിലുണ്ട്. അരാജക പ്രത്യയശാസ്ത്രം, മാർക്സിസ്റ്റ് ഭരണവർഗത്തിൻ്റെ പക്കലുണ്ട്. ദേശീയവിരുദ്ധതയെ ഊട്ടിയുറപ്പിക്കുന്ന കട്ടിങ് സൗത്ത് പോലുള്ള വിഘടനവാദങ്ങൾ ധാരാളമുണ്ട്. കപട മതേതരയുടെ വിളനിലമാണ്. ഇസ്ലാമിക -മാർക്സിസ്റ്റ് ചങ്ങാത്തമുണ്ട്. മതമൗലികവാദത്തിന് സി പി എം നൽകുന്ന രാഷ്ട്രീയ പിന്തുണയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുന്ന ദേശീയവിരുദ്ധർക്ക് സ്വാഗതം ഓതുന്ന മാർക്സിസ്റ്റ് പ്രചാരണ യന്ത്രമുണ്ട്. നക്സലിസത്തിന് വേരാഴ്ത്താനുള്ള ക്രിമിനൽ ശൃംഖലയുമുണ്ട്. മോദി, ബി ജെ പി, ആർ എസ് എസ്, ഹിന്ദു വിരുദ്ധമായതെന്തും ഇവിടെ വിൽക്കും. 


ഈ രാഷ്ട്രീയ കാലാവസ്ഥയെ സംബന്ധിച്ചാണ്, നമുക്ക് ജാഗ്രത വേണ്ടത്. 


© Ramachandran


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...