Showing posts with label നിത്യചൈതന്യയതി. Show all posts
Showing posts with label നിത്യചൈതന്യയതി. Show all posts

Monday, 10 June 2019

ആനന്ദ, നിത്യാനന്ദ യാത്രകൾ


മലയാളികൾ ശ്രദ്ധിക്കാത്ത മഹർഷി 


കാസർകോട് കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമവുമായി വർഷങ്ങളായി എന്നെ ബന്ധിപ്പിച്ചു നിർത്തുന്നത്, സന്ത് ജ്ഞാനേശ്വർ ഭഗവദ് ഗീതയ്ക്ക് രചിച്ച, ‘ജ്ഞാനേശ്വരി’ എന്ന വ്യാഖ്യാനമാണ്. ആശ്രമമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചെങ്ങന്നൂർ നഗരസഭാ അദ്ധ്യക്ഷനായിരുന്ന എം. പി.സദാശിവൻ പിള്ള ആശ്രമത്തിലെ അന്തേവാസിയായ ശേഷം നിർവഹിച്ചതാണ് പരിഭാഷ. വലിയ അത്ഭുതങ്ങൾ പ്രതീക്ഷിക്കാതെ ആ വ്യാഖ്യാനം വായിക്കുന്നതിനിടയിൽ അതിൽ, “വേഷപ്രച്ഛന്നമായി എത്തിയ മരണമാണ്, ജീവിതം” എന്ന വാചകം വായിച്ച് ഞാൻ സ്‌തബ്ധനായി; പഠിച്ച ഷേക്‌സ്‌പിയറെല്ലാം വെന്ത് വെണ്ണീറായി. LIFE IS NOTHING BUT DEATH IN DISGUISE എന്ന് ആ വരി പരിഭാഷപ്പെടുത്താം. LIFE IS NOTHING BUT A TALE TOLD BY AN IDIOT, FULL OF SOUND AND FURY എന്ന ഷേക്‌സ്‌പിയർ വരി, അതിനു മുന്നിൽ നിഷ്‌പ്രഭമാണ്.
 
നിത്യാനന്ദ 

ആനന്ദാശ്രമത്തിൽ പോകാനായത് ഇപ്പോൾ മാത്രമാണ്. ഇക്കുറി എന്നെ അങ്ങോട്ട് ഉന്തിവിട്ടത്, ഭഗവാൻ നിത്യാനന്ദയെപ്പറ്റിയുള്ള പഠനമാണ്. കാഞ്ഞങ്ങാട്ട് ആനന്ദാശ്രമം മാത്രമല്ല, നിത്യാനന്ദാശ്രമവുമുണ്ട്. 1959ലാണ് രമണമഹർഷി സമാധിയായത്; നിത്യാനന്ദയാകട്ടെ 1961ലും. രമണ മഹർഷിയോളം സിദ്ധികൾ കൈവരിച്ച ഏക മലയാളി സന്യാസി നിത്യാനന്ദയായിരിക്കും. അഷ്ടസിദ്ധികൾക്ക് ഉടയോൻ ആയിരുന്നു, നിത്യാനന്ദ. എന്നാൽ, അദ്ദേഹത്തെ മലയാളികൾ വേണ്ടവിധം അറിഞ്ഞിട്ടില്ല. അദ്ദേഹം ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചില്ല.

കൊയിലാണ്ടി തുണേരിയിൽ കൃഷിപ്പണിക്കാരായ ചാത്തുവിനും ഉണ്ണിയമ്മക്കും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ കുഞ്ഞിന് അവർ രാമൻനായർ എന്ന് പേരിട്ടു. വി.ആർ. കൃഷ്ണയ്യരുടെ ബന്ധുവും അഭിഭാഷകനുമായ ഈശ്വരയ്യരുടെ പണിക്കാരായ ഇരുവരും കുഞ്ഞിന് ആറു വയസ്സാകുമ്പോഴേക്കും മരിച്ചു. അതിനു മുമ്പ്, കുഞ്ഞിനെ അവർ ഈശ്വരയ്യരെ ഏൽപിച്ചു. പത്താം വയസ്സിൽ എനിക്ക് പോകണം എന്ന് പറഞ്ഞ രാമനോട്, “എൻ്റെ മരണസമത്ത് വരണം” എന്ന് ഈശ്വരയ്യർ അപേക്ഷിച്ചു. കുഞ്ഞ് ഈശ്വരചൈതന്യമുള്ളവനാണ് എന്ന് അദ്ദേഹം അറിഞ്ഞിരുന്നു.

കാഞ്ഞങ്ങാട്ടെ കാട്ടിലേക്കാണ് രാമൻ പോയത്. കാട്ടിൽ ചെങ്കല്ലു തുരന്ന് ഗുഹയുണ്ടാക്കി, അതിലവൻ തപസ്സുചെയ്തു. അവിടെ സിദ്ധികൾ നേടിയ അവൻ പാപനാശിനി തീർത്ഥമുണ്ടാക്കി. അഷ്ടസിദ്ധി ശിലകൾ കൊത്തി. ജീവിതത്തിൽ മിക്കവാറും മൗനത്തിൽ കഴിഞ്ഞ നിത്യാനന്ദ, മംഗലാപുരത്തെ ധ്യാന നിമിഷങ്ങളിൽ പറഞ്ഞ വാക്കുകൾ സാധ്വി തുളസി അമ്മ എഴുതിയെടുത്തതാണ്, ‘ചിദാകാശ ഗീത’. അത് 1927ൽ കന്നടയിൽ വന്നു.

ഈശ്വരയ്യരുടെ മരണ സമയത്ത് വീട്ടിലെത്തി, നിത്യാനന്ദ. നിത്യാനന്ദയുടെ ശിഷ്ടകാലം മഹാരാഷ്ട്രയിലെ വിരാറിനടുത്ത വജ്രേശ്വരി (ഗണേശ് പുരി) യിലായിരുന്നു. നിത്യാനന്ദയെപ്പറ്റി ആദ്യം വായിച്ചത്, നിത്യചൈതന്യയതിയുടെ ആത്മകഥയായ ‘യതിചരിത’ത്തിലാണ്.

യതിയുടെ ജീവിതത്തിലുണ്ടായ രണ്ടേ രണ്ടു ദർശനങ്ങൾ നിത്യാനന്ദയുടേത് ആയിരുന്നു (പേജ് 357-359).

അതീന്ദ്രിയാനുഭവങ്ങളുണ്ടോ എന്ന് യതി പഠിക്കുന്നതിനിടയിലായിരുന്നു, ആദ്യ ദർശനം. ഉച്ചയൂണു കഴിഞ്ഞു യതി, ദാദറിലെ ഒരു പഴയ കെട്ടിടത്തിൽ മൂന്നാം നിലയിലെ മുറിയിൽ, ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കെ, നല്ല കറുപ്പ് നിറവും തടിച്ച ശരീരവുമുള്ള ഒരു രൂപം ജനലിനു പുറത്തു വന്നു. അര വരെ മാത്രം കാണാം. കാണുന്നത് വിഭ്രാന്തിയാകാമെന്ന് കരുതി, യതി, കൈയും കാലും മുഖവും കഴുകി, മുഖം തോർത്താതെ ജനലിനടുത്തെത്തി. രൂപം വീണ്ടും അഭിമുഖമായി, പുറത്തുനിന്നു. യതി മുഖം അമർത്തി തുടച്ചു, സ്വന്തം ശരീരത്തിൽ നുള്ളിനോക്കി. രൂപം അപ്പോൾ സംസാരിച്ചു; ”കാണണോ, ഒരാളെ അയയ്ക്കാം .”

നാലുമണിവരെ ഉറങ്ങിയ യതി, വാതിലിൽ മുട്ടുകേട്ട് എഴുന്നേറ്റു. വാതിൽ തുറന്നപ്പോൾ, പുറത്തു നിന്ന പാഴ്‌സി, വജ്രേശ്വരിയിൽ നിത്യാനന്ദ സ്വാമിയെ കാണാൻ പോകുന്നുണ്ടോ എന്ന് ചോദിച്ചു. അടുത്തനാൾ രാവിലെ ഒരാൾ യതിയെ കൊണ്ടുപോകാൻ കാറുമായി എത്തി. ആശ്രമത്തിൽ, ടാർപോളിൻ കെട്ടിയുണ്ടാക്കിയ ഷെഡിനുതാഴെ, വീതിയുള്ള പലക ബെഞ്ചിൽ തലേന്ന് ഉച്ചക്ക് ജനലിനു പുറത്തു കണ്ട രൂപം- നിത്യാനന്ദ. ആ കണ്ണുകൾക്ക് മുന്നിൽ ആത്മാവ് നഗ്നമായതുപോലെ യതിക്ക് തോന്നി. അന്തേ വാസി കൊണ്ടുവന്ന കസേരയിൽ യതിയിരുന്നു. ഒരു പാത്രം നിറയെ പൊളിച്ച ഓറഞ്ചും തൊലികളഞ്ഞ വാഴപ്പഴവും മുന്ദിരിങ്ങയുമെത്തി. വലിയ ഗ്ലാസിൽ, ചൂടുപാൽ. യതി അവ ഭക്ഷിച്ചപ്പോൾ, സ്വാമിജി തൃപ്തിയോടെ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു. ഒന്നും പറഞ്ഞില്ല. സ്വാമിജി സമാധിയാകുന്നതിനു മൂന്നു മാസം മുമ്പ്, ഒരപരിചിതൻ എത്തി വീണ്ടും യതിയെ ആശ്രമത്തിൽ കൊണ്ടുപോയി. അന്നും ഒന്നും പറഞ്ഞില്ല.

ഗുരുക്കന്മാർ ഒരു പരമ്പരയിലെ കണ്ണികളാണെന്നു നാം അറിയുന്നു; അവർ ഒന്നും പറയേണ്ടതില്ല.

കായംകുളം ചേരാവള്ളി ഒന്നാം മൈലിൽ ഏതാനും മാസം മുമ്പ് വരെ ജീവിച്ച തങ്ക ദാസ് എന്ന അസാമാന്യ സിദ്ധികൾ ഉണ്ടായിരുന്ന ജോത്സ്യൻ, നിത്യാനന്ദയുടെ ശിഷ്യനായിരുന്നു എന്ന് എന്നോട് പറഞ്ഞത്, പ്രമുഖ പത്ര പ്രവർത്തകൻ ബി.സി. ജോജോ ആണ്; തങ്ക ദാസിൻറെ കഥകൾ പറഞ്ഞതാകട്ടെ, കാർഷിക ശാസ്ത്രജ്ഞൻ ഡോ.ആർ.ഗോപി മണിയും. തങ്ക ദാസിൻറെ തത്വചിന്ത, ‘ധ്യാനഭൂമിക’ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കിയിട്ടുണ്ട്- മലയാളികൾ അത് ശ്രദ്ധിച്ചിട്ടില്ല.

തങ്ക ദാസ് 

ബാല്യ, യൗവനങ്ങൾക്കിടയിൽ, വജ്രേശ്വരി ആശ്രമത്തിനു പുറത്തു ആറു മാസം കാത്തു കിടന്ന ശേഷമാണ് കായംകുളത്തുകാരൻ തങ്കപ്പനെ, നിത്യാനന്ദ അകത്തു പ്രവേശിപ്പിച്ചത്. പതിനാറു വർഷം സ്വാമിയുടെ കൂടെ തങ്കപ്പൻ ചെലവിട്ടു.

വാരണാസിയിലെ സംസ്കൃത പണ്ഡിതന്മാരിൽ നിന്നു വേദങ്ങളും തക്ഷശിലയിൽ നിന്നു തന്ത്രവും അഭ്യസിച്ചു. പതിനാറു വർഷമായപ്പോൾ സ്വാമിജി, തങ്കപ്പനോട് പറഞ്ഞു: ”തങ്കപ്പാ, നീ സന്യാസിയായാൽ നാട്ടുകാർ തല്ലിക്കൊല്ലും. നിൻറെ അച്ഛൻ ജയിലിൽ നിന്നു വന്നിട്ടുണ്ട്. കൊടുങ്ങലൂർ മേമനയില്ലത്തിന് പുറത്തു ചെന്ന് നിന്നാൽ തൊഴിൽ ചെയ്തു കുടുംബം പോറ്റാനുള്ള വഴികിട്ടും.”

അങ്ങനെ തങ്കപ്പൻ, ഗൃഹസ്ഥനായി. ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമയുടെ അസ്വാസ്ഥ്യങ്ങൾ മാറിയപ്പോൾ കായംകുളത്തു വീടും സ്ഥലവും കിട്ടി. സ്വന്തം ഭാര്യ സോജയുടെയും സഹോദരി ദേവിയുടെയും ദുരിതങ്ങൾ തങ്കദാസ് ആയ തങ്കപ്പൻ മാറ്റിയതുകൊണ്ട്, യുക്തിവാദിയും കമ്മ്യൂണിസ്റ്റുമായ ഗോപി മണി, ആത്മീയതയിലെത്തി. ആ വഴിയിൽ, ഒരുപാടുപേർ, ജില്ലാ ജഡ്‌ജി സോമരാജനും, അദ്ദേഹത്തിൻറെ മകൻ ഹൈക്കോടതി ജഡ്ജിയായ സിരിജഗനും വരെ, തങ്കദാസിൻറെ അദ്ഭുതങ്ങൾ കണ്ടു. ഹോരാശാസ്ത്രം, നിങ്ങളുടെ പ്രോബബിലിറ്റി തിയറി തന്നെയെന്ന് തങ്ക ദാസ്, ഗോപിമണിയോട് പറഞ്ഞു. സംസ്‌കൃത ജഡിലമായ സംഭാഷണങ്ങൾ ഗോപിമണി ടേപ്പ് ചെയ്‌ത്‌ വച്ചു. അത് പുസ്തകമാക്കാമെന്നു പറഞ്ഞപ്പോൾ, തങ്ക ദാസ് ശകാരിച്ചു: ”പത്തുപൈസയ്ക്കു കിട്ടുന്ന ‘ഹരിനാമകീർത്ത’നത്തിൽ ഞാൻ പറഞ്ഞതൊക്കെ ഉണ്ട്. ഞാൻ ചമൽക്കാരത്തിൽ പറയുന്നു എന്നേ ഉള്ളു.”

ഗോപിമണിയുടെ ഭാര്യ സോജയുടെ, സെക്രട്ടേറിയറ്റിലെ ജോലിക്ക് പ്രശ്നം വരുന്നത് തങ്കദാസ് പ്രവചിച്ചു. ഭീമാപള്ളിയിൽപ്പോയി വ്യാസി ഓതിക്കാൻ ചട്ടം കെട്ടി. ഗോപിമണിയുടെയും ബന്ധുക്കളുടെയും അനുഭവങ്ങൾ നീണ്ട ചരിത്രമാണ്.

നിത്യാനന്ദയുടെ സമാധിക്ക് ശേഷം, അമേരിക്കൻ പുരാവസ്തു വ്യാപാരിയായ റൂഡിക്ക് ദർശനമുണ്ടായി. സമാധിയാകുന്നതിനു രണ്ടുവർഷം മുമ്പ് സ്വാമിയെ കണ്ടിരുന്നു. സ്വാമി രുദ്രാനന്ദ എന്നറിയപ്പെട്ട റൂഡി, Rudi In His Own Words, Spiritual Cannibalism എന്നീ പുസ്‌തകങ്ങളെഴുതി. റൂഡിയെപ്പറ്റി ജോൺ മാൻ Before the Sun Meeting Rudi എന്ന പുസ്തകം എഴുതി. റൂഡി വിമാനാപകടത്തിൽ മരിച്ചു. നിത്യാനന്ദയുടെ ശിഷ്യൻ സ്വാമി മുക്താനന്ദ വിദേശങ്ങളിൽ പ്രസിദ്ധനാവുകയും വിവാദങ്ങളിൽ പെടുകയും റൂഡിയുമായി തർക്കിക്കുകയും ചെയ്തു. മുക്താനന്ദ, Bhagvan Nithyananda of Ganeshpuri, Play of Consciousness എന്നിവ എഴുതി.

ആനന്ദാശ്രമത്തിൽ താമസിച്ചാണ് ഞാൻ നിത്യാനന്ദാശ്രമത്തിലേക്കും നിത്യാനന്ദ തപസ്സു ചെയ്ത ഗുരുവനത്തിലേക്കും പോയത്. രണ്ടും, രണ്ടു വഴിക്കാണ്. ചെങ്കൽ തുരന്നാണ്, സ്വാമി, ഗുരുവനത്തിലെ ഗുഹകൾ സൃഷ്ടിച്ചത്. ഗുരുവനത്തിലെത്താൻ നല്ല വീതിയുള്ള ചെങ്കൽപാതയുണ്ട്. ആ പാത രണ്ടാക്കിയത്, അന്നത്തെ കലക്ടർ സായിപ്പിന് വേണ്ടിയായിരുന്നു എന്ന് തങ്കദാസ് ഒർമിച്ചിരുന്നു. സർക്കാർ വക സ്ഥലത്തു ഒരാൾ പാറ കുഴിക്കുന്നു എന്ന പരാതി ഉണ്ടായിട്ടാണത്രേ കലക്‌ടർ എത്തിയത്. ജനം കൂടിയപ്പോൾ, താൻ ഒറ്റയ്ക്ക് ഗുഹയിൽപോയി തുറക്കുന്നവനെ കണ്ടോളാമെന്നു കലക്‌ടർ പറഞ്ഞു. കലക്‌ടറും തുരക്കുന്നവനും തമ്മിൽ നടന്ന സംവാദം നമുക്ക് അറിഞ്ഞുകൂടാ. തിരിച്ചെത്തി കലക്‌ടർ ആൾക്കൂട്ടത്തോട് പറഞ്ഞു: ”ആരും അയാളെ ശല്യപ്പെടുത്തരുത്.”

ഗുഹയിലെ തപസ്സുകൊണ്ട് നേടിയ ആത്മീയാനുഭവത്തിൽ നിന്നാണ് ‘ചിദാകാശ ഗീത’ ഉണ്ടായത്. എൻ്റെ കയ്യിൽ ഉള്ളത്, അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയാണ്. അതിൽ പറയുന്നു: ”ശരീരത്തിലെ പ്രധാന നാഡികൾ സൂര്യൻ അഥവാ സുഷുമ്ന; ചന്ദ്രൻ അഥവാ ഇഡ; നക്ഷത്രം അഥവാ പിംഗള. സുഷുമ്ന ചുവപ്പ്, ഇഡ നീല, പിംഗള പച്ച. ഇഡ, നട്ടെലിൻറെ ഇടത്ത്, പിംഗള വലത്ത്. നട്ടെല്ലിൻറെ മധ്യത്തിലെ പൊള്ളയായ അരുവിയാണ് സുഷുമ്ന. ഈ മൂന്നു നാഡികളും സംഗമിക്കുന്ന സ്ഥലം, ഹൃദയാകാശം.. ഒരാൾ യോഗവിദ്യ അനുഷ്ഠിക്കുമ്പോൾ, ശിരസ്സിൽ നിന്ന് ബിന്ദുവിന്റെ ശബ്ദം കേൾക്കുന്നു. ഈ ശബ്ദം ഹാർമോണിയത്തി ന്റേതുപോലെയോ ചെണ്ടയുടേതുപോലെയോ വയലിൻറെതുപോലെയോ ആകാം. ഈ പ്രക്രിയയിൽ മനസ്സിനെ വിസ്മരിക്കുകയും ബിന്ദുവിൻറെ ശബ്ദത്തിൽ ലയിക്കുകയും ചെയ്യുന്നു. കർപ്പൂരത്തിൽ തീ കത്തിച്ചാൽ കർപ്പൂരം അപ്രത്യക്ഷമാകുന്നു. മനസ്സ് ആത്മാവിൽ നിന്ന് വേറിട്ടതാണെന്ന് നാം കരുതുന്നുവെങ്കിലും, യോഗവിദ്യയാൽ, മനസ്സ് ആത്മാവിൽ ലയിക്കുന്നു.”

ആനന്ദാശ്രമത്തിലും നിത്യാനന്ദാശ്രമത്തിലും താമസവും ഭക്ഷണവും സൗജന്യമാണ്. എന്നിട്ടും അവിടെ എത്താൻ ഇത്രയും കാലമെടുത്തത് ഓർത്തപ്പോൾ, ആനന്ദാശ്രമം അധിപതി സ്വാമി മുക്താനന്ദ പറഞ്ഞു: ”ഓരോന്നിനും സമയമുണ്ടല്ലോ.” നിത്യാനന്ദശിഷ്യൻറെ പേരുതന്നെയാണ് ഈ സ്വാമിജിക്കും. രാമകൃഷ്ണ മിഷനിലെ സ്വാമി രംഗനാഥാനന്ദയ്ക്കു ശേഷം ഞാൻ കാണുന്ന ധിഷണാശാലിയാണ്, ആനന്ദാശ്രമത്തിലെ മുക്താനന്ദ.

ആശ്രമത്തിനകത്ത്, ലളിത ജീവിതമാണ് സ്വാമി നയിക്കുന്നത്. കുടിലിനു സമാനമായ പഴയൊരു മന്ദിരത്തിലെ ആ വാസം കണ്ടു തന്നെ അറിയണം. ആനന്ദാശ്രമവും സ്വാമിയും പൊതുജന മധ്യത്തിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. പണ്ട്, രംഗനാഥാനന്ദ, നല്ല സന്യാസിമാർ വിവാദവിഷയങ്ങളിൽ അഭിപ്രായം പറയില്ല എന്ന് എന്നോട് പറഞ്ഞത് ഓർമിച്ച്, മുക്താനന്ദയോട് ശബരിമലയെപ്പറ്റി ചോദിച്ചില്ല. രംഗനാഥാനന്ദ അത് പറയുമ്പോൾ, അദ്വാനിയുടെ രഥയാത്ര കാലമായിരുന്നു . രംഗനാഥനാന്ദ പറഞ്ഞു: ”സോമനാഥിലേക്കുള്ള വഴിയിലും അശോകൻറെ ശിലാലിഖിതങ്ങളുണ്ട്.” (വ്യക്തിക്കുള്ള അവാർഡ് വേണ്ട എന്നു പറഞ്ഞു പത്മ വിഭൂഷൺ നിരസിച്ചയാളാണ്, രംഗനാഥാനന്ദ).

ആനന്ദാശ്രമം 

നിത്യാനന്ദയ് ക്കു കുണ്ഡലിനി ഉണരുന്ന കാലത്ത്, ഗൃഹസ്ഥനായിരുന്നു, ആനന്ദാശ്രമം സ്ഥാപിച്ച സ്വാമി രാംദാസ്. ഇരുപതാം വയസ്സിൽ മംഗലാപുരത്ത് ഗാന്ധിയെ കണ്ടതും, പിന്നീട് തിരുവണ്ണാമലയിൽ രമണ മഹർഷിയെ കണ്ടതും രാംദാസിന്റെ ജീവിതത്തിൽ വഴിത്തിരിവുകളായി. വിട്ടൽ റാവു എന്ന് പൂർവ്വാശ്രമത്തിൽ പേരുള്ള രാംദാസിൻറെ ആത്മീയയാത്ര ദ്വൈതത്തിൽ നിന്ന് അദ്വൈതത്തിലേക്കായിരുന്നോ എന്ന് ഞാൻ മുക്താനന്ദയോട് ചോദിച്ചില്ല. കാരണം, ആ ചോദ്യത്തിന്റെ ഉത്തരമാണ്, ആനന്ദാശ്രമം.

രാം ദാസ് 

ഞാൻ ഇടയ്ക്കിടെ രമണാശ്രമത്തിൽ പോകാറുണ്ട്. അവിടെ വെളുത്തവാവ് ദിവസങ്ങളിൽ സംഗീതജ്ഞൻ ഇളയരാജ എത്തുന്നു. മാസത്തിൽ ഒരിക്കൽ ആനന്ദാശ്രമത്തിൽനിന്നു പ്രസാദവുമായി, അന്തേവാസികൾ രമണാശ്രമത്തിൽ പോകാറുണ്ട്. രമണമഹർഷിയെപറ്റി പറയുമ്പോൾ, തൻറെ തലയ് ക്കുമുകളിലെ കലണ്ടറിലേക്കു മുക്താനന്ദ ശ്രദ്ധ ക്ഷണിച്ചു- രമണമഹർഷിയാണ് മുക്താനന്ദയുടെ മുറിയിലെ കലണ്ടറിൽ.

മുപ്പത്തിയേഴാം വയസ്സിലാണ് ഗൃഹസ്ഥാശ്രമം വിട്ടു രാംദാസ് ആത്മീയ ജീവിതത്തിലെത്തിയത്. താമസിയാതെ വിധവ കൃഷ്ണാഭായ് ആശ്രമത്തിൽ ശിഷ്യയായി എത്തി. അനന്തശിവൻ എന്ന സച്ചിദാനന്ദ സ്വാമി പിൻഗാമിയായി. അതുകഴിഞ്ഞു, മുക്താനന്ദ.

“അമ്മയുടെ വയറ്റിൽ നിന്ന് വരുമ്പോൾ നാം ഓരോരുത്തരും ഒന്നും കൊണ്ടുവരുന്നില്ല,” മുക്താനന്ദ രാംദാസിൻറെ സന്ദേശത്തിലേക്കു കടന്നു. വായുവും വെള്ളവും ഭൂമിയും ചൂടും സഞ്ചരിക്കാനുള്ള ഇടവും എല്ലാം പ്രകൃതിയുടെ രൂപത്തിൽ ദൈവം ഒരുക്കിയിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഭാഷ, വിദ്യാഭ്യാസം എന്നിവ സമൂഹം ഒരുക്കുന്നു. ഓരോ വ്യക്തിയും ജീവിക്കുന്നത് താനല്ലാത്ത ഘടകങ്ങൾ കൊണ്ടാണ്. കിട്ടിയതു തിരിച്ചുകൊടുക്കണം. അങ്ങനെ വ്യക്തി, എന്നിൽനിന്ന് നമ്മളിലേക്ക് വളരുന്നു. ഇതെല്ലാം കരുണയോടെ നിരത്തിവച്ച ദാതാവിനെ ഓർത്തു നാമം, ധ്യാനം, സേവ എന്നിവ വഴി ഓരോരുത്തരും ഈശ്വരനിലേക്കു വികസിക്കുന്നു. അതുകൊണ്ട് നാമം വാക്കിലും ചിന്തയിലും. പ്രവൃത്തിയിൽ സ്നേഹസ്പർശം. ഉണർന്ന് എഴുനേൽക്കുമ്പോൾ കിടക്കയോട് നന്ദി പറഞ്ഞു ചുളിവുകൾ നിവർത്തുക-ഇത്രയും നേരം കിടത്തിയല്ലോ.

“ആത്മീയതയും ലൗകികതയും രണ്ടല്ല.” എന്ന് മുക്താനന്ദ പറഞ്ഞത് അമ്പരപ്പിച്ചു. നമ്മുടെ വീട്ടിലെ പൂജാമുറി മറ്റു മുറികളിൽ നിന്ന് വ്യത്യസ്തമാണ്. ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നും അതിനു വിധേയമാകണമെന്നുള്ള നിർബന്ധമാണ്, പൂജാമുറി വ്യത്യസ്തമാകാൻ കാരണം. മുറികളിലെ ഈ വ്യത്യാസമാണ്, ആത്മീയതയും ലൗകികതയും തമ്മിലുള്ളത്. എല്ലാം ഈശ്വര സമർപ്പണത്തിനായി, ഈശ്വരൻ ഒരുക്കിത്തരുന്നു എന്ന ഉന്നത ചിന്തയിലെത്തിയാൽ പിന്നെ പ്രത്യേക പൂജാ മുറിയുടെ ആവശ്യമില്ല. എന്ത് ചെയ്താലും അത് ഈശ്വര പൂജയാകുന്നു. ലൗകിക കാര്യങ്ങളും ഈശ്വരസ്മരണയോടെ ചെയ്യുമ്പോൾ അവയും ആത്മീയതയിൽ ലയിക്കുന്നു.

കടിച്ചാൽ പൊട്ടാത്ത ഒന്നും സ്വാമി രാംദാസിൻറെ കണ്ടെത്തലിൽ ഇല്ല. രമണാശ്രമവും ആനന്ദാആശ്രമവും പോലെ, മനസ്സ് സ്വതന്ത്രമാകുന്ന വേറെ സ്ഥലങ്ങൾ എനിക്ക് പരിചയമില്ല. ആനന്ദാശ്രമത്തിൽ ദിവസം മൂന്നു തവണ മണി അടിക്കും. അപ്പോൾ, എവിടെയായിരുന്നാലും ഭോജനശാലയിൽ എത്തണം എന്ന നിയമം മാത്രമേയുളളു. ഞങ്ങൾ, ഞാനും ഭാര്യയും ചെന്ന ദിവസം (ഒക്ടോബർ 12, 2018) ആശ്രമത്തിൽ സച്ചിദാനന്ദ സ്വാമിയുടെ ജന്മശതാബ്‌ദി ആഘോഷമായിരുന്നു. അതറിഞ്ഞിട്ടല്ല പോയത്. പോകുമ്പോൾ, എടനീർമഠത്തിലെ കേശവാനന്ദ ഭാരതിയെ പറ്റി പലവട്ടം ഓർമിച്ചു; ഒരു ദിവസം അവിടെ ചെല്ലണമെന്നു കരുതി. എന്നാൽ, അദ്ഭുതം , ആഘോഷത്തിൽ പങ്കെടുക്കാൻ കേശവാനന്ദ ഭാരതി ഞങ്ങൾ ചെന്ന് മൂന്ന്‌ മണിക്കൂറിനുള്ളിൽ, ആനന്ദാശ്രമത്തിലെത്തി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശ കേസിലെ നായകനായ സ്വാമി കേശവാനന്ദ ഭാരതി, പ്രഭാഷണത്തിനല്ല, പാടാനാണ് വന്നത്. ആധുനിക സംഗീതോപകരണങ്ങളുടെ അകമ്പടിയിൽ, രണ്ടു മണിക്കൂർ അദ്ദേഹം പ്രായാധിക്യത്തെ കീഴടക്കി , ഭജനപാടി. സ്വന്തമായി മലയാളത്തിൽ എഴുതിയ ശ്രീകൃഷ്ണ, രാമകീർത്തനങ്ങൾ ആലപിച്ചു. അപാരമായ രാഗജ്ഞാനമുള്ള അദ്ദേഹത്തിന്റെ ശുഭപന്തുവരാളി, ഇപ്പോഴും കാതിൽ മുഴങ്ങുന്നു. അന്ന് കാർത്തിക സോമവാരമാണെന്നു അദ്ദേഹം പറഞ്ഞു. ഭജനയ്ക്കു ശേഷം, പ്രസാദവിതരണത്തിനിടയിൽ സ്വാമിജിയോട് സംസാരിച്ചു. സ്വാമിജിയെ യാത്രയിലുടനീളം ഓർമിച്ചകാര്യം പറഞ്ഞു.

വിശേഷപ്പെട്ട ഒരു സംഗതി ആനന്ദാശ്രമത്തിലുണ്ട്. ആശ്രമം ഗ്രന്ഥശാലയിൽ നിന്ന് പുറന്തള്ളുന്ന പഴയപുസ്തകങ്ങൾ ഒരിടത്തു ദിവസവും വയ്ക്കുന്നത്, നമുക്ക് സൗജന്യമായി എടുക്കാം. അങ്ങനെ മൂന്ന് പുസ്തകങ്ങൾ എനിക്ക് കിട്ടി: J M Coetzee എഴുതിയ The Child Hood Of Jesus,സ്വാമി രാമതീർത്ഥന്റെ In Woods Of God Realization, തുളി ബാബയുടെ Journey Of a Madcap. ഈറോഡിൽ ആശ്രമം സ്ഥാപിച്ച തമിഴനാണ്, തുളി ബാബ.
\
ഗുരുക്കൻമാരുടെ ചിത്രങ്ങൾ ആനന്ദാആശ്രമത്തിൽ കാണാം. അക്കൂട്ടത്തിൽ രാമതീർത്ഥനുമുണ്ട്. രാമതീർത്ഥൻറെ ഈ വാചകങ്ങൾ ആശ്രമത്തിനു വിശ്വാസ പ്രമാണമാണ് : “സത്യത്തെ അറിയുന്നതിൽ നിന്ന് ഒരാളെ തടയും വിധം ചുറ്റും മതിൽ പണിയുന്നത് തെറ്റാണ്. വിശാലമായ ആകാശത്തെ കാണാൻ ഏതു ജാലകത്തിലൂടെയും നിങ്ങൾക്കാവണം. സ്വന്തം വീട്ടിൽ നിന്നിറങ്ങി ഈ സ്വർഗ്ഗം മുഴുവൻ ആസ്വദിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. “

ഭൂമിയിലെ ഏറ്റവും വലിയ ഊർജ്ജകേന്ദ്രമാണ് അരുണാചല ശിവൻ ഇരിക്കുന്ന തിരുവണ്ണാമല എന്നൊരു വിശ്വാസം അവിടെയുണ്ട്. അതുപോലെ എന്തോ ഒന്ന് കാഞ്ഞങ്ങാട്ടുമുണ്ട്. പോകുന്ന വഴിയില്ലെല്ലാം ക്ഷേത്രങ്ങളാണ്. ബേക്കലിലേക്കു പോകുന്ന വഴിയിൽ, പി. കുഞ്ഞിരാമൻ നായരുടെ തറവാടിരിക്കുന്ന വെള്ളിക്കോത്തിനടുത്ത്, മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ പ്രാചീന ദാരുശില്പങ്ങൾ കണ്ടു. ക്ഷേത്രപാലകൻ എന്ന പേരിൽ ശിവനും, കാളരാത്രിയമ്മ എന്ന പേരിൽ കാളിയുമാണ്, പ്രതിഷ്ഠ. പടിപ്പുരയിൽ മേലാപ്പിൽ പാലാഴിമഥനവും ക്ഷേത്രമേലാപ്പിൽ ശിവപാർവതി പുരാവൃത്തവും ദാരുശില്പങ്ങളായിരിക്കുന്നത്, നമ്മുടെ ഈടുവയ്പ്പാണ്. ചിത്രങ്ങൾക്ക് പണ്ട് നൽകിയിരിക്കുന്ന പച്ചില നിറങ്ങൾ മങ്ങിയത്, വീണ്ടും ചാർത്തി മിനുക്കിയാൽ, ഗംഭീരമായിരിക്കും.

ബേക്കൽ കോട്ടയിലെക്കാൾ സമയം ചെലവിട്ടത്, കോട്ടയോട് ചേർന്ന ശ്രീ മുഖ്യ പ്രാണ ക്ഷേത്രത്തിനാണ്. ഹനുമാന്റെ പാർശ്വമുഖമാണ്, വിഗ്രഹം. ഹനുമാന്റെ വാലിൽ, ഒരു വെള്ളിമണി കാണാം. വ്യാസരായർ നടത്തിയ ആഞ്ജനേയ പ്രതിഷ്ഠകളിലെല്ലാം, വാലിൽ മണിയുണ്ടെന്ന്, ക്ഷേത്രപൂജാരി മഞ്ജുനാഥ അഡിഗ പറഞ്ഞു. കൊച്ചി രാജ കുടുംബം, ശക്തൻ തമ്പുരാന് ശേഷം എഴുപതു വർഷത്തോളം, ഹിന്ദു മതം വിട്ട് മാധ്വ മതം സ്വീകരിക്കുകയും നമ്പൂതിരി ശാന്തിക്കാരെ എന്റെ നാടായ തൃപ്പുണിത്തറയിലെ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ നിന്ന് ഓടിക്കുകയും ചെയ്ത ചരിത്രം ഞാൻ അഡിഗയോട് പറഞ്ഞു. പൂർണത്രയീശ ക്ഷേത്രത്തിൽ ശാന്തിക്കാരൻ ഇപ്പോഴും, അഡിഗയെപ്പോലെ, എമ്പ്രാന്തിരിയാണ്.

എൺപതു ശതമാനം ഹനുമാൻ ക്ഷേത്രങ്ങളിലും നടക്കുന്നത്, വിഷ്ണു പൂജയാണെന്ന് അഡിഗ വെളിപ്പെടുത്തി. മിക്കവാറും ഗുരുക്കന്മാർ, പിഴയ് ക്കുമോ എന്ന് ഭയന്ന് , ഹനുമാൻ മന്ത്രോപദേശം ശിഷ്യന്മാർക്ക് നൽകാറില്ല. ആകസ്മികമായി ഹനുമൽ മൂലമന്ത്രം തന്നെ അഡിഗയ്ക്ക് കിട്ടി. ഇത്രയും പറഞ്ഞു, വിഷ്ണു സഹസ്രനാമത്തിലെ ഫലശ്രുതി അഡിഗ ഉരുവിട്ടു:

ആകാശാത് പതിതം തോയം
യഥാ ഗച്ഛതി സാഗരം
സർവ ദേവ നമസ്കാരം
കേശവം പ്രതിഗച്ഛതി.

ആകാശത്തു നിന്നു വീഴുന്ന ജലത്തുള്ളികൾ സാഗരത്തിൽ ചെന്നു ചേരും പോലെ, സർവ്വ ദൈവങ്ങൾക്കുമുള്ള നമസ്ക്കാരം, കേശവനിൽ ചെന്ന് ചേരുന്നു.



© Ramachandran 

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...