Showing posts with label നെരൂദ. Show all posts
Showing posts with label നെരൂദ. Show all posts

Monday, 29 July 2019

ട്രോട് സ്‌കിയെ കൊല്ലാൻ നെരൂദയും

നെരൂദ സ്റ്റാലിന് സ്‌തുതി എഴുതി 


കേരളത്തിൽ ഏറ്റവും അറിയപ്പെടുന്ന കവിയാണ്, പാബ്ലോ നെരൂദ. ഗബ്രിയേൽ ഗാർസിയ മാർകേസിനെപ്പോലെ തന്നെ ആരാധകർ അയാൾക്കുമുണ്ട്. നെരൂദയുടെ ആത്മകഥ നേരത്തെ വായിച്ചിരുന്നു. കവിയുടെ  വ്യഭിചാര വാഞ്ഛ അതിൽ കണ്ടിരുന്നു. ശ്രീലങ്കയിൽ ഹൈക്കമ്മീഷണർ ആയിരിക്കെ വീട്ടു സഹായി ആയ ശ്രീലങ്കക്കാരിയെ പ്രാപിക്കുന്നതും മറ്റൊരവസരത്തിൽ നാടകകൃത്ത് ലോർക്കയെ താഴെ കാവൽ നിർത്തി ഒരു കവയിത്രിയുമായി രതിയിൽ ഏർപ്പെടുന്നതും അതിൽ വിവരിച്ചിരുന്നു.

2004 ൽ ആഡം ഫിൻസ്റ്റെയ്ൻ എഴുതിയ നെരൂദയുടെ ജീവചരിത്രം, Pablo Neruda: A Passion for Life ൽ, നെരൂദയ്ക്ക് റഷ്യൻ വിപ്ലവകാരി ലിയോൺ ട്രോട് സ്‌കിയുടെ വധത്തിൽ പങ്കുണ്ട് എന്ന സംശയം വിവരിച്ചത് വായിച്ചു നടുങ്ങിപ്പോയി. ഇപ്പോൾ,1953 ൽ സ്റ്റാലിന്റെ മരണ ശേഷം നെരൂദ എഴുതിയ വിലാപഗീതം (threnody) വായിച്ചപ്പോൾ സംശയം ബലപ്പെട്ടു.

To be men! That is the Stalinist law!

To be men! That is the Stalinist law! . . .
We must learn from Stalin
his sincere intensity
his concrete clarity. . . .
Stalin is the noon,
the maturity of man and the peoples.
Stalinists, Let us bear this title with pride. . . .
Stalinist workers, clerks, women take care of this day!
The light has not vanished.
The fire has not disappeared,
There is only the growth of
Light, bread, fire and hope
In Stalin’s invincible time! . . .
In recent years the dove,
Peace, the wandering persecuted rose,
Found herself on his shoulders
And Stalin, the giant,
Carried her at the heights of his forehead. . . .
A wave beats against the stones of the shore.
But Malenkov will continue his work.

സ്റ്റാലിനെ സ്‌തുതിക്കുന്ന ഈ കവിത പരിഭാഷപ്പെടുത്തി നമ്മുടെ ഭാഷയെ മലിനമാക്കുന്നില്ല. കമ്യൂണിസത്തിൽ മാനവികത എന്നൊന്നില്ല.നെരൂദയുടെ കവിതകളുടെ ഇംഗ്ലീഷ് സമാഹാരത്തിൽ ഈ കവിത മനഃപൂർവം ഒഴിവാക്കിയെങ്കിലും,സ്പാനിഷ് സമ്പൂർണ സമാഹാരത്തിൽ ഇത് ഇന്നുമുണ്ടെന്ന് സ്റ്റീഫൻ ഷ്വാർസ്‌* എഴുതുന്നു. കവിയുടെ മിടുക്ക് അവസാനം മലങ്കോവിനെയും സ്‌തുതിച്ചു എന്നതാണ്. സ്റ്റാലിന് ശേഷം വന്നത് മലെങ്കോവാണ്.

നെരൂദ, സീക്വയ്‌റോസ്‌, പാരീസ്, 1971 

ട്രോട് സ്‌കി വധത്തിൽ നെരൂദയ്ക്ക് എതിരെ ഉയർന്ന ആരോപണം നോക്കാം. റഷ്യയിലെ പാർട്ടിയിൽ നിന്ന് 1928 ൽ സ്റ്റാലിൻ പുറത്താക്കിയ ട്രോട് സ്‌കിക്ക് 1937 ലാണ് മെക്സിക്കോയിൽ രാഷ്ട്രീയാഭയം നൽകിയത്. മെക്‌സിക്കോ പ്രസിഡൻറ് ലസാറോ കർദേനാസിന് അന്ന് സ്റ്റാലിന്റെ പാവ എന്ന പ്രതിച്ഛായ ഉണ്ടായിരുന്നു. ഇത് മാറ്റാനാണ് അഭയം കൊടുത്തത്. എണ്ണ വ്യവസായം മെക്‌സിക്കോ ദേശസാൽക്കരിച്ചതിൽ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും നീരസത്തിൽ ആയിരുന്നു.

അവിടെ ട്രോട് സ്‌കിയെ കൊല്ലാൻ ആദ്യ ശ്രമം നടത്തിയത്, ഡേവിഡ് അൽഫാരോ സിക്വയ്‌റോസ് എന്ന ചുവർ ചിത്രകാരൻ ആയിരുന്നു. അയാളുടെ നേതൃത്വത്തിൽ 1940 മെയ് 24 രാത്രി പൊലീസ് യൂണിഫോമിൽ ഒരു സംഘം കൊയോക്കാനിൽ ട്രോട് സ്‌കിയുടെ വീട് ആക്രമിച്ചു. പട്ടാള മേജറുടെ വേഷത്തിൽ ആയിരുന്നു, സിക്വയ്‌റോസ്. അക്രമികൾ എല്ലാവരും മെക്‌സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ പോഷക സംഘടനകളിലോ അംഗമായിരുന്നു. ട്രോട് സ്‌കിയുടെ കിടപ്പു മുറിയിലേക്ക് അവർ 300 വെടിയുണ്ടകൾ വർഷിച്ചു. കട്ടിലിന് താഴെ ഒളിച്ച് ട്രോട് സ്‌കിയും ഭാര്യ നടാഷയും മാർക്സിസത്തിൽ ഇല്ലാത്ത അദ്‌ഭുതം കൊണ്ട് രക്ഷപ്പെട്ടു. അവരുടെ ഇളയ പേരക്കുട്ടി ലെവിന്  പരുക്കേറ്റു. ആ കുട്ടിയുടെ പിതാവും ട്രോട് സ്‌കിയുടെയും രണ്ടാം ഭാര്യ നറ്റാലിയയുടെയും മൂത്ത മകനുമായ ലിയോൺ (ലെവ്) സെഡോവിനെ  സോവിയറ്റ് രഹസ്യ പൊലീസ് പാരിസിൽ കൊന്നിരുന്നു. ആക്രമണത്തിൽ അമേരിക്കൻ ഗാർഡിനെ തട്ടിക്കൊണ്ടു പോയി സിക്വയ്‌റോസ് സംഘം കൊന്നു. അമേരിക്കയിലെ ഹേഴ്സ്റ്റ് പത്ര ശൃംഖലയിൽ നിന്ന് ട്രോട് സ്‌കിക്ക് കിട്ടുന്ന പണത്തിന്റെ രേഖകൾ തപ്പിയാണ് സിക്വയ്‌റോസ് സംഘം എത്തിയതെന്ന് അയാളുടെ ജീവചരിത്രത്തിൽ (Siqueiros: His Life and Works, 1994) ഫിലിപ് സ്റ്റീൻ എഴുതുന്നു. ട്രോട് സ്‌കി, എഫ് ബി ഐ യ്ക്ക് വിവരങ്ങൾ നൽകുന്നതായി ശത്രുക്കൾ ആരോപിച്ചിരുന്നു. അതി ദീർഘമാണ് കോടതിയിൽ സിക്വയ്‌റോസ് നടത്തിയ രാഷ്ട്രീയ പ്രസ്‌താവന.

സിക്വയ്‌റോസിനെയും എട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയും അറസ്റ്റ് ചെയ്‌തു.സോവിയറ്റ് യൂണിയൻറെയും മെക്‌സിക്കോയിലെ സോവിയറ്റ് ചാരവലയത്തിന്റെയും സമ്മർദത്തിൽ,ഇവർക്ക് ലഘു ശിക്ഷയാണ് നൽകിയത്.

ഇതിനിടെ മെക്‌സിക്കോയിൽ ചിലിയുടെ കോൺസൽ ജനറൽ ആയി നിയമിതനായ നെരൂദ അവിടെ 1940 ഓഗസ്റ്റ് 16 ന്  എത്തി. ചിലി വിദേശ മന്ത്രാലയത്തോട് ചോദിക്കാതെ നെരൂദ, സിക്വയ്‌റോസിനെ ജയിലിൽ പോയി കണ്ടു. അയാൾക്ക് ചിലിയിലേക്കുള്ള വിസ കൊടുത്തു -ജയിൽപുള്ളിക്ക് അത് കൊടുത്തത് നിയമവിരുദ്ധമാണ്. ഉപകാര സ്‌മരണയായി, സിക്വയ്‌റോസ് തെക്കൻ ചിലിയിലെ ചില്ലനിൽ വലിയ ചുവർ ചിത്രം വരച്ചു. നെരൂദയെ രണ്ടു മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു.
സിക്വയ്‌റോസ് 

നെരൂദ മെക്‌സിക്കോയിൽ എത്തി നാലു ദിവസം കഴിഞ്ഞ്, 1940 ഓഗസ്റ്റ് 21 ന്  ട്രോട് സ്‌കി കൊല്ലപ്പെട്ടു. റാമോൺ മെർക്കാദർ എന്ന സോവിയറ്റ് ചാരൻ ട്രോട് സ്‌കിയെ മഴു കൊണ്ട് തലയ്ക്കടിച്ചു കൊന്നു. സ്റ്റാലിൻ ഇയാളെ വ്യക്തിപരമായി തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിലെ (കോമിന്റേൺ) ഉന്നതരുടെ അറിവോടെ, മെക്‌സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ ആയിരുന്നു, കൊല. സോവിയറ്റ് യൂണിയൻറെയും കോമിന്റേണിന്റെയും നേതൃത്വത്തിനുള്ള അവസാന ഭീഷണി സ്റ്റാലിൻ അങ്ങനെ തുടച്ചു നീക്കി. സ്‌പാനിഷ്‌ കമ്മ്യൂണിസ്റ്റും അവിടെ സ്റ്റാലിന്റെ ഏജന്റും ആയിരുന്നു, കൊലയാളി. സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധകാലത്ത് സോവിയറ്റ് ചാര ഓഫിസർ നാഹം എയ്‌റ്റിങ്‌ടൺ ആണ് ഇയാളെ റിക്രൂട്ട് ചെയ്‌തത്‌. ട്രോട് സ്‌കി വധം സ്റ്റാലിൻ പറഞ്ഞിട്ട് ചാര സംഘടനയുടെ വിദേശ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ പാവേൽ സുഡോപ്ലേറ്റോവ് ആണ് ആസൂത്രണം ചെയ്‌തത്‌. 1939 മാർച്ചിൽ തന്നെ ചാരമേധാവി ബേറിയ സ്റ്റാലിന്റെ അടുത്തു കൊണ്ടു പോയെന്ന് പാവേൽ ഓര്മക്കുറിപ്പുകളിൽ എഴുതി. ഒരു സംഘം നടത്തിയ ആക്രമണം പാളിയപ്പോൾ ഒരാളെ ഏൽപിക്കുകയായിരുന്നു.
മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ വാൾട്ടർ ബെഞ്ചമിനെ സ്പെയിനിൽ കൊന്നതും സ്റ്റാലിന്റെ ചാരവൃന്ദമായിരുന്നു എന്ന് ആരോപണമുണ്ട്.

സിക്വയ്‌റോസ് നടത്തിയ വധശ്രമത്തിലും പിന്നീടുള്ള ആസൂത്രണത്തിലും നെരൂദ പങ്കാളിയാണ് എന്ന ആരോപണം, പല തവണ ശത്രുക്കൾ ഉയർത്തി. സിക്വയ്‌റോസിന്റെ ശ്രമം നെരൂദ എത്തുന്നതിന് മൂന്ന് മാസം മുൻപായിരുന്നു. 1971 വരെ നെരൂദ ഒരു വിശദീകരണവും നൽകിയില്ല. ആ വർഷം ഉറുഗ്വേ മാസിക മാർച്ച യ്ക്ക് നൽകിയ അഭിമുഖത്തിൽ നെരൂദ വിശദീകരിച്ചത് ഇങ്ങനെ:

  • ഞാൻ ട്രോട് സ്‌കിയെ കണ്ടിട്ടില്ല.കോൺസൽ ജനറൽ സ്ഥാനമേൽക്കാൻ ഞാൻ മെക്‌സിക്കോയിൽ എത്തിയതേയുള്ളൂ. ചിലിയിലെ മെക്‌സിക്കൻ സ്ഥാനപതി ഒക്‌ടേവിയോ റീസ് എസ്പിന്ദോള എന്നെ കാണാൻ വന്നു. മെക്‌സിക്കോയുടെ പുതിയ പ്രസിഡൻറ് ജനറൽ മാനുവൽ ആവില കമച്ചോ ഒരു രഹസ്യ ദൗത്യം ഏൽപിച്ചിരിക്കുന്നു. ചിത്രകാരൻ ഡേവിഡ് അൽഫാരോ സിക്വയ്‌റോസിന് വ്യക്തിപരമായ നിലയിൽ ചിലിക്ക് വേഗം വിസ നൽകണം.nഅപേക്ഷ എന്നെ വിസ്മയിപ്പിച്ചു. സിക്വയ്‌റോസ് തടവിലായിരുന്നു. ട്രോട് സ്‌കിയുടെ വീട് അയാൾ യന്ത്രത്തോക്ക് ഉപയോഗിച്ച് ആക്രമിച്ചതായിരുന്നു കുറ്റം. ജയിലിൽ ആയിരിക്കെ എങ്ങനെ വിസ കൊടുക്കുമെന്ന് ഞാൻ ചോദിച്ചു. അയാളെ മോചിപ്പിക്കാം എന്ന് സ്ഥാനപതി പറഞ്ഞു. സിക്വയ്‌റോസിനെ കാണാമെന്ന് ഞാൻ പറഞ്ഞു; അടുത്ത ദിവസം കണ്ടു. ജയിൽ ഡയറക്‌ടർ ക്യാപ്റ്റൻ പെരെസ് റൂൾഫോ, സിക്വയ്‌റോസിനെ വിളിച്ചു. ഞങ്ങൾ മൂവരും പുറത്തു പോയി മദ്യപിച്ചു. വിസ നൽകുന്നതിന് പകരം അയാൾ മെക്‌സിക്കോ സർക്കാരിൻറെ പേരിൽ ചിലിക്ക് ഒരു ചിത്രം സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഒരു വർഷം ചെലവിട്ട് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ചുവർ ചിത്രം വരച്ചത്.

സ്വയം സംസാരിക്കുന്ന വിശദീകരണം. കുറ്റവാളിയുമായി, മലയാളികളുടെ പ്രിയ കവി മദ്യപിക്കുന്നു പോലുമുണ്ട്. ആരോപണത്തിന് നെരൂദ വിശദീകരണം കൊണ്ട് ബലം കൂട്ടി. സിക്വയ്‌റോസിനെ രക്ഷപ്പെടുത്തിയത് വഴി, ട്രോട് സ്‌കി വധ അന്വേഷണം തടയപ്പെട്ടു. ചിത്രകാരനെ രക്ഷിച്ചതിൽ ജീവിതകാലം മുഴുവൻ നെരൂദ അഭിമാനം കൊണ്ടു.

നെരൂദ, റിവേറ, സിക്വയ്‌റോസ് ഒപ്പിടുന്നു, 1950 

റഷ്യയ്ക്ക് നെരൂദയിൽ താൽപര്യം ഉണ്ടായിരുന്നു എന്ന് കാട്ടാൻ രേഖകളുണ്ട്. മെക്‌സിക്കോ കാലത്ത് നെരൂദയെ റിക്രൂട്ട് ചെയ്യാൻ 1944 മേയിൽ നൽകുന്ന ശുപാർശ കെ ജി ബി ക്ക് മുൻപുള്ള എൻ കെ വി ഡി ഫയലുകളിൽ കണ്ടെന്ന് ആഡം ഫിൻസ്റ്റീൻ എഴുതുന്നു. വ്യക്തിപരമായി നെരൂദയ്ക്ക് സിക്വയ്‌റോസ് 1950 ൽ തിരിച്ചു കൊടുത്തു. നെരൂദയുടെ കാവ്യമായ കാന്റോ ജനറൽ ഡീലക്‌സ് പതിപ്പ് ആ വർഷം പുറത്തിറങ്ങിയത് അതിലെ 231 കവിതകൾക്കും സിക്വയ്‌റോസ് വരച്ച ചിത്രങ്ങളുമായാണ്. വെറും 500 കോപ്പി മാത്രം ഇറക്കിയ ആ പതിപ്പ് ഇന്ന് അമൂല്യമാണ്. നെരൂദയും ചിത്രകാരൻ ഡീഗോ റിവേറയും സിക്വയ്‌റോസും അത്രയും പുസ്തങ്ങളിൽ ഒപ്പിട്ടു. ട്രോട് സ്‌കി മെക്‌സിക്കോയിൽ ആദ്യം താമസിച്ചത്, റിവേറയുടെയും ചിത്രകാരിയായ ഭാര്യ ഫ്രീഡ കാലോയുടെയും വീട്ടിലായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച പ്രസിഡൻറ് ഗോൺസാലസ് വിഡേലയെ വഞ്ചകൻ എന്ന് വിളിച്ച് 1948 ൽ ചിലി വിട്ട നെരൂദയ്ക്ക് മെക്സിക്കോയിൽ രാഷ്ട്രീയാഭയം കിട്ടിയത് സിക്വയ്‌റോസ് ശ്രമിച്ചിട്ടായിരുന്നു.അങ്ങനെയാണ് നെരൂദ നായകനായത്.


ചിലിയിൽ സിക്വയ്‌റോസ് വരച്ച ചിത്രം 

നെരൂദയുടെ ശരിപ്പേര് നെഫ്ത്താലി റീസ് എന്നാണ്. സ്‌പാനിഷ്‌ ലോകത്തിനു പുറത്ത് കവിയായല്ല, നയതന്ത്രജ്ഞൻ ആയാണ് ആദ്യം അറിയപ്പെട്ടത്. സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധകാലത്ത് ഏകാധിപതി ജനറൽ ഫ്രാങ്കോയ്ക്ക് എതിരെ പോരാടിയ റിപ്പബ്ലിക്കൻ വിപ്ലവകാരികൾക്കൊപ്പം ചിലിയുടെ നയതന്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹം നിന്നു. അദ്ദേഹം പോരാട്ടത്തിൽ പങ്കെടുത്തു എന്ന വിശ്വാസം തെറ്റാണ്. 1939 ൽ സ്പെയിൻ വീണപ്പോൾ ഫ്രാങ്കോ ഭരണത്തിൽ നിന്ന് പിറനീസ് മലനിര വഴി ഫ്രാൻസിലേക്ക് വൻ അഭയാർത്ഥി പ്രവാഹമുണ്ടായി. ഇവരെ അമേരിക്കയിലേക്ക് അയയ്ക്കാൻ പ്രവാസ റിപ്പബ്ലിക്കൻ സർക്കാർ പണം സ്വരുക്കൂട്ടിയിരുന്നു. ഇതിന് ആർക്കൊക്കെ നറുക്ക് വീഴുമെന്ന് തീരുമാനിച്ചത്, കോമിന്റേൺ ഏജന്റുമാരാണ്. സ്പെയിനിൽ നിന്നുള്ള 90% കമ്മ്യൂണിസ്റ്റ് ഇതര അപേക്ഷകളും തള്ളി.അഭയാർത്ഥികളെ രക്ഷിക്കാൻ ചിലി സർക്കാർ അയച്ച വിന്നിപെഗ് എന്ന കപ്പലിൽ സ്റ്റാലിനോട് കൂറുള്ളവർക്ക് മാത്രമാണ് നെരൂദ പാസ്പോർട്ട് നൽകിയത്. നിരാകരിക്കപ്പെട്ട അഭയാർത്ഥികൾ ഫ്രാൻസിൽ തടവിലാവുകയോ മരിക്കുകയോ ചെയ്‌തു. ഹിറ്റ്ലറുടെ പട്ടാളം ഫ്രാൻസ് കീഴടക്കുകയായിരുന്നു.
നെരൂദയുടെ ചാരവൃത്തിയുടെ കഥകൾ ഇനിയും വരും. സ്റ്റാലിനെ സ്തുതിച്ച കവിയുടെ തിന്മ ചാരക്കൂമ്പാരത്തിൽ നിന്ന് ഉയരും.
----------------------------
*Stephen Schwartz / Il Postino: A Homage to Stalin, 1996 
© Ramachandran




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...