വിശുദ്ധനും സ്വവർഗാനുരാഗിയും
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ വിശുദ്ധ പദവി സംബന്ധിച്ച് വിവാദ ലേഖനമെഴുതിയതിന് ഫാദര്‍ പോള്‍ തേലക്കാട്ടിനെതിരെ അച്ചടക്ക നടപടിക്ക് സീറോ മലബാര്‍ സഭ ശുപാർശ ചെയ്തതായി റിപ്പോർട്ടുകൾ കാണുന്നു.
വാർത്തയിൽ ഇങ്ങനെ കാണുന്നു:"ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയിയെന്നായിരുന്നു സീറോ മലബാർ സഭ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട് 'സത്യദീപ'ത്തിൽ എഴുതിയ ലേഖനം. മരിച്ച് അഞ്ചു വർഷങ്ങൾ കഴിയാതെ നാമകരണ നടപടികൾ തുടങ്ങരുത് എന്ന നിയമം പോലും മറികടന്നാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്നും പോൾ തേലക്കാട്ട് വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം സിനഡ് ചർച്ച ചെയ്തത്.
"സഭാ നേതൃത്വത്തിനും പ്രബോധനങ്ങൾക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്ക ലംഘനങ്ങൾക്കെതിരെ സഭാനിയമം അനുശാസിക്കുന്ന അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട രൂപതാധ്യക്ഷന്മാർക്ക് നിർദേശം നൽകി. ഇതു പ്രകാരം, 'സത്യദീപ'ത്തിന്റെയും ഫാ. പോൾ തേലക്കാട്ടിന്റെയും അച്ചടക്കലംഘനങ്ങൾക്കും സഭാ വിരുദ്ധ പ്രബോധനങ്ങൾക്കുമെതിരെ നടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തം എറണാകുളം- അങ്കമാലി അതിരൂപതാ ആർച്ച് ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയുമായ മാർ ആന്റണി കരിയിലിനാണ്.'
സത്യത്തിൽ,എന്താണ് പോൾ തേലക്കാട്ട് ചെയ്തത് ?
ഇക്കഴിഞ്ഞ നവംബറിൽ വത്തിക്കാൻ പരസ്യപ്പെടുത്തിയ മക് കാരിക് ( Mc Carrick ) റിപ്പോർട്ട്,ജോൺ പോൾ രണ്ടാമൻറെ വിശുദ്ധ പദവിയിൽ കരിനിഴൽ വീഴ്ത്തുന്നു എന്നാണ് തേലക്കാട്ട് എഴുതിയത്.അത് സത്യമാണ്.
മുൻ അമേരിക്കൻ കർദിനാൾ തിയഡോർ മക് കാരിക് സ്വവർഗാനുരാഗി ആയിരുന്നെന്ന ആരോപണത്തെപ്പറ്റി വത്തിക്കാൻ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കിട്ടിയത് 2018 ലാണ്.449 പേജുള്ള റിപ്പോർട്ട് ആണത്.കുറെ മെത്രാന്മാരും കർദിനാൾമാരും മാർപാപ്പമാരും മക് കാർമിക് സെമിനാരി അന്തേവാസികളുമായി കിടക്ക പങ്കിട്ടു എന്ന ആരോപണം കണ്ടില്ലെന്ന് നടിക്കുകയോ തള്ളിക്കളയുകയോ ചെയ്തു എന്നാണ് മക് കാരിക് അന്വേഷണ റിപ്പോർട്ടിലുള്ളത്.അതിൻറെ വെളിച്ചത്തിൽ,ഫ്രാൻസിസ് മാർപാപ്പ,നവതി ഘോഷിച്ച മക് കാരിക്കിനെ പുറത്താക്കി.തിരു വസ്ത്രം ഊരി.ഒരു അൾത്താര ബാലൻറെ ഏറ്റു പറച്ചിൽ വരെ ഫ്രാൻസിസ് മാർപാപ്പയും നടപടിക്ക് തുനിഞ്ഞില്ല.
പുരോഹിതരുടെ ലൈംഗിക അരാജകത്വം കാരണം പ്രതിസന്ധി നേരിടുന്ന സഭയ്ക്ക് വിശ്വാസ്യത നൽകാനും സുതാര്യത കൊണ്ട് വരാനും വേണ്ടിയായിരുന്നു,ഈ അന്വേഷണം.
ജോൺ പോളും മക് കാരിക്കും |
കത്തോലിക്കാ സഭയിൽ മക് കാരിക്കിന്റെ ആരോഹണത്തെ സംബന്ധിച്ച് സ്ഫോടനാത്മകമായ വിവരങ്ങളാണ്,റിപ്പോർട്ടിലുള്ളത്.2014 ൽ വാഴ്ത്തപ്പെട്ടവനായ ജോൺ പോൾ രണ്ടാമൻ മക് കാരിക്കിന്റെ അഭ്യുദയകാംക്ഷി ആയിരുന്നു എന്ന് മാത്രമല്ല,2000 ൽ അയാളെ വാഷിങ്ടൺ ആർച്ച് ബിഷപ്പാക്കിയതും തൊട്ടടുത്ത വർഷം കർദിനാൾ ആക്കിയതും ജോൺ പോൾ രണ്ടാമൻ ആയിരുന്നു.മക് കാരിക് സെമിനാരി കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു എന്ന് സ്ഥിരീകരണം കിട്ടിയ ശേഷമായിരുന്നു,ഇത്.വത്തിക്കാൻ അന്വേഷണത്തെക്കാൾ,ജോൺ പോൾ രണ്ടാമൻ മക് കാരിക്കിന്റെ നിഷേധങ്ങളെ വിശ്വസിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു."ജോൺ പോൾ രണ്ടാമൻ വ്യക്തിപരമായി മക് കാരിക്കിന്റെ നിയമനത്തിൽ താൽപര്യം എടുത്തു.അറ്റ്ലാന്റിക്കിന് ഇരു വശവുമുള്ള വിശ്വസ്ത ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകിയിട്ടും,അദ്ദേഹം ആ തീരുമാനമെടുത്തു",മക് കാരിക് അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ദ്യൂഷ് വെൽ ( DW ) എന്ന ജർമൻ ആഗോള ഇംഗ്ലീഷ് മാധ്യമത്തിന്റെ മത വിദഗ്ദ്ധൻ ക്രിസ്റ്റോഫ് സ്റ്റാർക് ഇങ്ങനെ നിരീക്ഷിച്ചു:"ആഴമേറിയ ഈ ലൈംഗിക കുംഭകോണത്തിൽ സഭയുടെ യാഥാസ്ഥിതികരായ ഉന്നതരും പെട്ടു;അതിവേഗം വിശുദ്ധനാക്കപ്പെട്ട ജോൺ പോൾ രണ്ടാമന് മേൽ അത് കരിനിഴൽ വീഴ്ത്തി."
ഇത്,തേലക്കാട്ട് ഉദ്ധരിച്ചതായിരിക്കാം.
മക് കാരിക് അമേരിക്കയിലും പുറത്തും വലിയ സ്വാധീനമുള്ള പുരോഹിതൻ ആയിരുന്നു;സഭയുടെ ഏറ്റവും വലിയ പണ സമാഹർത്താവും ആയിരുന്നു.ബെനഡിക്ട് പതിനാറാമൻ 2016 ൽ മക് കാരിക്കിന് വിരമിക്കൽ വിധിച്ചു."തുടർന്നും ആരോപണങ്ങൾ കിട്ടിയിട്ടും അന്വേഷണത്തിന് ഉത്തരവിട്ടില്ല.കാര്യങ്ങൾ മക് കാരിക്കിന്റെ മനഃസാക്ഷിക്ക് വിടുകയാണ് ചെയ്തത്.സഭയുടെ നന്മയ്ക്ക് വേണ്ടി ഒതുങ്ങിയിരിക്കാനും യാത്രകൾ ഒഴിവാക്കാനും നിർദേശിച്ചു",മക് കാരിക് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളെ മാത്രമല്ല,മുതിർന്നവരെയും ലൈംഗികമായി ഉപയോഗിച്ചു എന്ന അന്വേഷണ റിപ്പോർട്ട് വന്ന ശേഷമാണ്,ഫ്രാൻസിസ് മാർപാപ്പ,മക് കാരിക്കിന്റെ സഭാവസ്ത്രം ഊരിയത്.90 വർഷത്തിനിടയിൽ ഒരു കർദിനാളിനെ ഇങ്ങനെ ശിക്ഷിക്കുന്നത്,ആദ്യമായിരുന്നു.പൂർവഗാമികൾ ചെയ്തത് ശരിയായിരിക്കും എന്ന് ഫ്രാൻസിസ് മാർപാപ്പയും ധരിച്ചിരുന്നു.അപ്പോഴാണ് എഴുപതുകളിൽ 18 വയസിൽ താഴെയുള്ള അൾത്താര ബാലൻറെ കഥ അറിഞ്ഞത്.
അമേരിക്കയിൽ പുരോഹിതരുടെ ദുരുപയോഗം അതിജീവിച്ചവരുടെ സംഘടനയുണ്ട് -Survivors Network of those Abused by Priests (SNAP).സഭാ ചരിത്രത്തിൽ ആദ്യമായി,ഒരു മൂന്നാം കക്ഷിയെ,വൈദികൻ അല്ലാത്ത അഭിഭാഷകനെ വച്ചാണ് മക് കാരിക് അന്വേഷണം നടത്തിയതെന്നും ഇത് മാതൃകാപരമാണെന്നും ഈ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.ദശാബ്ദങ്ങൾ കുട്ടികളെ അപകടത്തിലാക്കിയ ഒരു സംവിധാനത്തെയാണ് അന്വേഷണം പുറത്തു കൊണ്ട് വന്നത്.
ഇത്,തേലക്കാട്ട് എഴുതിയതിൽ ഒരു തെറ്റും ഇല്ല.ചില മാർപാപ്പമാരെക്കാൾ എന്തുകൊണ്ടും ഭേദമായിരിക്കും,ഒരു അടയ്ക്കാ രാജു.
© Ramachandran