Showing posts with label മരണാനുഭവം. Show all posts
Showing posts with label മരണാനുഭവം. Show all posts

Monday, 30 December 2024

രമണമഹർഷിയുടെ മരണാനുഭവം

ഒരു ജീവിത വഴിത്തിരിവ് 

ഇക്കുറി കുടുംബ സമേതമാണ് രാമേശ്വരത്തു പോയത്. അച്ഛനും അമ്മയും ഉൾപ്പെടെ ഓരോ കുടുംബത്തിലെയും പ്രപിതാമഹനും പ്രപിതാമഹിയും വരെയുള്ളവർക്ക് അവിടത്തെ ശൃംഗേരി മഠം കാർമ്മിക സഹായത്തോടെ തർപ്പണം ചെയ്തു. 

അഗ്നിതീർത്ഥം ഉൾപ്പെടെ 23 തീർത്ഥങ്ങളിൽ സ്നാനം ചെയ്തു. പിന്നെ ധനുഷ്കോടിയിൽ പോയി. രാമേശ്വരത്തു നിന്ന് ധനുഷ്കോടിയിലേക്ക് തീവണ്ടിപ്പാത ഉണ്ടായിരുന്നുവെന്നും 1964 ഡിസംബർ 23 ന് ചക്രവാതത്തിൽ ധനുഷ്‌കോടി പട്ടണം ഇല്ലാതായെന്നും മനസ്സിലായി. റെയിൽവേ സ്റ്റേഷൻ്റെ അവശിഷ്ടങ്ങൾക്ക് മുന്നിൽ നിന്ന്, പ്രകൃതിയുടെ സൃഷ്ടി, സംഹാര ശക്തിയെപ്പറ്റി  ഓർത്തു. അന്നത്തെ ചക്രവാത ചരിത്രം തിരഞ്ഞപ്പോൾ, തകർന്ന പാമ്പൻ പാലം നന്നാക്കാൻ ആറു മാസം വേണ്ടിവരും എന്ന് കണക്കാക്കിയിരുന്നുവെന്നും അത് ഒരു യുവ എൻജിനിയർ ഒന്നരമാസം കൊണ്ട് ശരിയാക്കിയെന്നും വായിച്ചു.ആ എൻജിനിയറുടെ പേര് ഇ ശ്രീധരൻ; അന്ന് അദ്ദേഹത്തിന് 32 വയസ്.


രമണ മഹർഷിയുടെ വീട് 

 
രാമേശ്വരത്തു നിന്ന് മടങ്ങി മധുര മീനാക്ഷിയെ തൊഴുത് അടുത്ത നാൾ രാവിലെ ഒറ്റയ്ക്ക് രമണ മഹർഷിയുടെ നാടായ തിരുച്ചുഴിയിൽ പോയി. മധുരയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ മാട്ടു താവണി ബസ് സ്റ്റാൻഡിൽ നിന്ന് തിരുച്ചുഴി ബസ് ഇടക്കിടെ ഉണ്ട്. അറുപ്പു കോട്ടയിൽ ചെന്ന് അവിടന്ന് വേറെ ബസിൽ തിരുച്ചുഴി കവലയ്ക്ക് മുൻപ് ഭൂമിനാഥ ക്ഷേത്രത്തിനടുത്ത് ഇറങ്ങി. അതിനോട് ചേർന്ന് ഇടത്തേക്കുള്ള വഴിയിൽ വലതുവശം ആദ്യ വീടാണ് രമണ മഹർഷി ജനിച്ച ‘സുന്ദര മന്ദിരം’.


അതിൻ്റെ ചെറിയ വാതിൽ തുറന്നു കിടന്നു. അകത്ത് ഞാൻ അല്ലാതെ ആരുമില്ല. 2010 മെയ് 16 ന് ഈ വീട് ആശ്രമം പരിഷ്കരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. മഹർഷി ജനിച്ച മുറി കഴിച്ചുള്ള ഭാഗങ്ങൾ ഒറ്റ വിശാല മുറിയാക്കിയിരിക്കുന്നു.


ജനിച്ച മുറിയിൽ മഹർഷിയുടെ വലിയ ചിത്രത്തിന് മുന്നിൽ കെടാവിളക്ക്. ഒരു ചെറിയ വിളക്ക് താഴെയുണ്ട്. വലത്തേ ജനാലപ്പടിയിൽ കണ്ട തീപ്പെട്ടിയെടുത്ത് ചെറിയ വിളക്കിലെ തിരി ഞാൻ തെളിച്ചു. പെട്ടെന്ന് ശങ്കരാചാര്യരുടെ 'കനകധാരാ സ്തോത്രം' മനസ്സിൽ മിന്നി. അത് ഉരുവിട്ടു. 'ദാരിദ്ര്യഭീത ഹൃദയം ശരണാഗതം മാം' എന്ന അവസാന ശ്ലോകഭാഗം ആവർത്തിച്ചു ചൊല്ലി.


നാം ഓരോരുത്തരും "ഞാൻ ആരാണ്?" (who am I?) എന്ന് ചോദിക്കാനാണ് രമണ മഹർഷി ആവർത്തിച്ചു പറഞ്ഞ നത് എന്നതിനാൽ, ആ ചോദ്യം അവിടെയിരുന്ന് ഞാൻ സ്വയം ചോദിച്ചു.


ഉള്ളിൽ നിന്ന് ഉത്തരം വന്നു: "അയമാത്മാ ബ്രഹ്മ". (ഈ ആത്മാവ് ബ്രഹ്മമാണ്, മാണ്ഡുക്യോപനിഷത്, 1:2).


മരണാനുഭവം


രമണന് മരണാനുഭവം ഉണ്ടായ അമ്മാവൻ്റെ  വീട് മധുര മീനാക്ഷി ക്ഷേത്ര തെക്കേ ഗോപുരത്തിൽ നിന്ന് 300 മീറ്റർ മാത്രം അകലെ, ചൊക്കപ്പ നായ്ക്കർ തെരുവിലാണ് -’രമണ മന്ദിരം’. പിതാവിൻ്റെ മരണശേഷം, 12 വയസുള്ള രമണൻ 1892 ഫെബ്രുവരിയിൽ ഈ വീട്ടിൽ എത്തി. 


ജ്ഞാനോദയം ഉണ്ടായ ശേഷം ആറാഴ്ച രമണൻ ഇവിടെ ഉണ്ടായിരുന്നു. ഈ കാലയളവിൽ ദിവസവും മീനാക്ഷി ക്ഷേത്രത്തിൽ ധ്യാനിച്ചു. 1896 ഓഗസ്റ്റ് 29 ന് ഈ വീട്ടിൽ നിന്ന് രമണൻ തിരുവണ്ണാമലയിലേക്ക് ഇറങ്ങി. പരീക്ഷാ ഫീസായ അഞ്ചു രൂപയിൽ നിന്ന് മൂന്ന് രൂപ എടുത്തായിരുന്നു, പോക്ക്. രണ്ടു രൂപ ഒരു കുറിപ്പിനകത്ത് വച്ചു. കുറിപ്പിൽ പറഞ്ഞു: “ഓരോരുത്തർക്കും ഓരോ നിയോഗമുണ്ട്. ഇനി ഇതിനെ അന്വേഷിക്കേണ്ടതില്ല.”


അമ്മാവൻ്റെ  വീട് ഇന്ന് ധ്യാനമന്ദിരമാണ്. 


അമ്മാവൻ്റെ വീട് 

അരുണാചല ക്ഷേത്രത്തിൽ ചെന്ന് രമണൻ തൊഴുതു. ഭഗവാനോട് പറഞ്ഞു: “അപ്പാ, നാൻ വന്തേൻ; ഇനി ഇതുക്ക് നീ താൻ.” (അച്ഛാ, ഞാൻ എത്തിയിരിക്കുന്നു. ഇതിന് ഇനി നീ തന്നെ.”


“ഞാൻ” എന്ന വാക്ക് ആ ജീവിതത്തിൽ മരിച്ചിരുന്നു.


രമണ മഹർഷിയുടെ ജീവിതം വഴി തിരിച്ചു വിട്ട ആ മരണാനുഭവം അദ്ദേഹത്തിനുണ്ടായത് 1896 ജൂലൈ മധ്യത്തിൽ ആയിരുന്നു. 


മധുരയിലെ വീടു വിട്ട് ആത്മീയ ജീവിതത്തിലേക്ക് കടക്കുന്നതിന് ആറാഴ്ച മുൻപായിരുന്നു അത്. "പൊടുന്നനെയാണ് അതുണ്ടായത്," മഹർഷി ഓർമ്മിച്ചു. "അമ്മാവൻ്റെ  വീട്ടിലെ മുകൾ നിലയിൽ ഒരു മുറിയിൽ ഇരിക്കുകയായിരുന്നു. എനിക്ക് കാര്യമായി രോഗങ്ങൾ ഒന്നും വന്നിരുന്നില്ല. ആ ദിവസം എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ പൊടുന്നനെ മാരകമായ ഒരു മരണഭയം എന്നെ കീഴടക്കി. അതിന് കാരണമായി എൻ്റെ ശരീരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. ആ ഭയത്തിൻ്റെ  കാരണം തേടാൻ തുനിഞ്ഞുമില്ല. 'മരിക്കാൻ പോവുകയാണ്' എന്ന് തോന്നി. എന്താണ് ചെയ്യുക എന്ന് ആലോചിച്ചു. ഡോക്ടറോടോ മുതിർന്ന കുടുംബങ്ങളോടോ കൂട്ടുകാരോടോ ആലോചിക്കണമെന്ന് തോന്നിയില്ല. അപ്പോൾ അവിടെ ഞാൻ തന്നെ പ്രശ്‍നം പരിഹരിക്കണം എന്ന് തോന്നി."


മരണഭയം രമണനെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു. അദ്ദേഹം മനസ്സിൽ പറഞ്ഞു: "മരണം എത്തിയിരിക്കുന്നു. എന്താണ് അതിനർത്ഥം? എന്താണ് മരിക്കുന്നത്? ഈ ശരീരമാണ് മരിക്കുന്നത്."


ഉടൻ രമണൻ ജഡാവസ്ഥ അഭിനയിച്ചു. കാലു നീട്ടിക്കിടന്നു. അന്വേഷണ തൃഷ്ണയ്ക്ക് യാഥാർഥ്യമാക്കാൻ വേണ്ടിയായിരുന്നു, ഇത്. ശ്വാസം പിടിച്ചു, ചുണ്ടുകൾ ഇറുക്കിയടച്ചു. ഒരു വാക്കും ഉരിയാടരുത്. 'ഞാൻ' എന്ന വാക്ക് ഒരിക്കലും പുറത്തു വരരുത്.


രമണൻ സ്വയം പറഞ്ഞു: "ശരീരം മരിച്ചു. അത് ശ്മശാനത്തിലേക്ക് കൊണ്ടു പോകും. അവിടെ കത്തി ചാരമാകും. ശരീരം മരിച്ചാൽ, ഞാൻ മരിക്കുമോ? ശരീരമാണോ ഞാൻ? ശരീരം ജഡമായിട്ടും, ഞാൻ എൻ്റെ വ്യക്തിത്വത്തിൻ്റെ  സർവ ഊർജ്ജവും ഉള്ളിൽ അനുഭവിക്കുന്നു. ഉള്ളിൽ നിന്ന് വേറിട്ട്, ഉള്ളിൽ തന്നെ, 'ഞാൻ' എൻ്റെ ശബ്ദം കേൾക്കുന്നു. അപ്പോൾ 'ഞാൻ' ശരീരത്തെ അതിവർത്തിക്കുന്ന ആത്മാവാണ്. ശരീരം മരിക്കുമ്പോൾ, അതിനെ അതിവർത്തിക്കുന്ന ആത്മാവിനെ മരണത്തിന് തൊടാൻ കഴിയുന്നില്ല. ഇതിനർത്ഥം, ഞാൻ മരണമില്ലാത്ത ആത്മാവ് ആണെന്നാണ്."


അത് അർത്ഥമില്ലാത്ത ചിന്ത ആയിരുന്നില്ല. അത്, രമണൻ്റെയുള്ളിൽ നിത്യസത്യമായി മിന്നി. വിചാരപ്രക്രിയ ഇല്ലാതെ തന്നെ അത് രമണൻ നേരിട്ട് അനുഭവിച്ചു. ഇപ്പോഴത്തെ നിലയിൽ 'ഞാൻ' മാത്രമാണ് സത്യം. എൻ്റെ ശരീരവുമായി ബന്ധപ്പെട്ട സകല ബോധ പ്രക്രിയകളും ആ 'ഞാനി'നെ ആശ്രയിച്ചാണ് നടക്കുന്നത്.


മഹർഷിയുടെ മുറി 

ആ നിമിഷം മുതൽ 'ഞാൻ' അഥവാ ആത്മാവ് അതിൽ തന്നെ ശക്തമായ ആകർശനത്തോടെ കേന്ദ്രീകരിച്ചുവെന്ന് മഹർഷി പിൽക്കാലത്ത് ഓർത്തു. മരണഭയം എന്നന്നേക്കുമായി അപ്രത്യക്ഷമായി. 'ഞാൻ' എന്ന കേന്ദ്രത്തിൽ മനസ്സ് ഉറച്ചു. സംഗീത സ്വരങ്ങൾ പോലെ വിചാരങ്ങൾ വന്നു കൊണ്ടിരുന്നു. പക്ഷെ, 'ഞാൻ' ആധാര ശ്രുതിയായി. അത് സകല സ്വരങ്ങളെയും ഏകോപിപ്പിച്ചു. ശരീരം സംസാരിച്ചു, വായിച്ചു, പലതും ചെയ്തു - 'ഞാൻ' ആത്മാവിൽ ഉറച്ചു നിന്നു.


ഈ നിർണായക നിമിഷത്തിനു മുൻപ് രമണന് ആത്മാവിനെപ്പറ്റി ധാരണ ഉണ്ടായിരുന്നില്ല. അന്നു മുതൽ രമണൻ പരാതികൾ നിർത്തി. മര്യാദകേടുകൾക്കെതിരെ പ്രതികരിച്ചില്ല. വിനയത്തിൽ ലയിച്ചു.


ജ്ഞാനികളുടെ ബോധോദയ നിമിഷമാണ് മഹർഷി വിവരിച്ചത്. ഇതിനു ശേഷം മധുര മീനാക്ഷി ക്ഷേത്രത്തോടുള്ള സമീപനം മാറിയെന്ന് അദ്ദേഹം ഓർമിച്ചു. അതുവരെ വല്ലപ്പോഴും മീനാക്ഷി ക്ഷേത്രത്തിൽ പോയി കൂട്ടുകാർക്കൊപ്പം കണ്ടത് ബിംബങ്ങളാണ്. നെറ്റിയിൽ ഭസ്മവും കുങ്കുമവും തേച്ചു. പ്രത്യേകിച്ചൊന്നും തോന്നാതെ വീട്ടിലേക്ക് മടങ്ങി. 


ബോധോദയത്തിന് ശേഷം രമണൻ എല്ലാ സായാഹ്നത്തിലും ഒറ്റയ്ക്ക് മീനാക്ഷി ക്ഷേത്രത്തിൽ പോയി. ശിവൻ്റെ യോ മീനാക്ഷിയുടെയോ നടരാജൻ്റെയോ 63 സിദ്ധന്മാരുടെയോ ബിംബങ്ങൾക്ക് മുന്നിൽ ദീർഘനേരം അനക്കമില്ലാതെ നിന്നു. അങ്ങനെ നിന്നപ്പോൾ വികാരത്തിരകളിൽ രമണൻ മുങ്ങി.


മഹർഷിയുടെ വീട്ടിൽ കനകധാരാ സ്തോത്രം ചൊല്ലുമ്പോൾ, ആ മരണാനുഭവം ഉള്ളിൽ ചിറകടിച്ചു നിന്നു. 






FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...