Showing posts with label മാലിക് ദിനാർ. Show all posts
Showing posts with label മാലിക് ദിനാർ. Show all posts

Friday, 16 October 2020

1311:മാലിക് കാഫർ കേരളത്തിൽ

കേരളത്തിലെ ആദ്യ മുസ്ലിം അധിനിവേശം 

ഡൽഹി സുൽത്താൻ അലാവുദീൻ ഖിൽജിയുടെ സേനാധിപനായ മാലിക് കാഫർ പതിനാലാം നൂറ്റാണ്ടിലെ തെക്കേ ഇന്ത്യൻ പടയോട്ടത്തിൽ കേരളത്തിൽ വന്നോ ? വന്നെങ്കിൽ,കേരളത്തിൽ ആദ്യ മുസ്ലിം അധിനിവേശം അതായിരിക്കും.വന്നതായി ചില പരാമർശങ്ങൾ ചരിത്രത്തിലുണ്ട്.

ഏഴാം നൂറ്റാണ്ടിൽ തന്നെ കച്ചവടത്തിൻറെ ഭാഗമായി ഇസ്ലാം കേരളത്തിൽ എത്തി എന്നാണ് കരുതപ്പെടുന്നത്.എ ഡി 748 ൽ കേരളത്തിൽ മരിച്ച പേർഷ്യൻ പണ്ഡിതനും സഞ്ചാരിയുമായ മാലിക് ദിനാർ ആണ് ചേരമാൻ പെരുമാളിന്റെ മടക്കത്തിന് ശേഷം ആദ്യമെത്തിയ മുസ്ലിം.അദ്ദേഹം കാസർകോട് മരിച്ചെന്നും തളങ്കര പള്ളിയിൽ അടക്കിയെന്നുമെന്നാണ് വിശ്വാസം.കാബൂളിലെ ഒരു അടിമയുടെ മകനായിരുന്നു അദ്ദേഹം.മെദിനയിൽ 642 ൽ ജനിച്ച ഹസൻ അൽ ബസ്രിയുടെ ശിഷ്യനായിരുന്നു.ബസ്രയിൽ 748 -749 ൽ പടർന്ന പ്ളേഗിന് മുൻപാണ് മാലിക് ദിനാർ മരിച്ചത്.മാലിക് ദിനാർ മത പ്രചാരണത്തിനാണ് വന്നത്.മാലിക് കാഫറിൻറെ കഥ അതല്ല.

ആരായിരുന്നു മാലിക് കാഫർ ?

ഖിൽജിയുടെ സാമ്രാജ്യം 

ഗുജറാത്തിൽ 1299 ൽ ഡൽഹി സുൽത്താൻ ഭരണം നടത്തിയ അധിനിവേശത്തിൽ ഖിൽജിയുടെ പടത്തലവൻ നുസ്രത് ഖാൻ പിടികൂടിയ അടിമയാണ് ശിഖണ്ഡിയായ മാലിക് കാഫർ.സുന്ദരനായ അയാളെ ഖാൻ ഖിൽജിക്ക് സമ്മാനിച്ചു.അയാൾ ഖിൽജിയുടെ പ്രേമഭാജനമായി.ചാന്ദ് റാം എന്ന ഹിന്ദുവായിരുന്നു മതം മാറ്റത്തിന് മുൻപ് കാഫർ.ഖംബറ്റിലെ ധനിക ഖ്വാജയുടെ അടിമ ആയിരുന്നു അയാൾ.1000 ദിനാറിനാണ് ഇയാളെ അദ്ദേഹം വാങ്ങിയതെന്ന് പറയുന്നു.മൊറോക്കൻ സഞ്ചാരിയായ ഇബ്ൻ ബത്തൂത്ത കാഫറെ പരാമർശിക്കുന്നുണ്ട്.അന്തഃപുരത്തിൽ നിന്ന് പടത്തലവനായ കഥയാണ് അയാളുടേത്.താജ് അൽ ദിൻ ഇസ് അൽ ദൗള എന്നാണ് ശരിപ്പേർ.മംഗോൾ ആക്രമണത്തെ ചെറുത്ത കാഫർ തുടർന്ന് തെക്കേ ഇന്ത്യയിൽ പടയോട്ടം നടത്തി.യാദവർ ( 1308 ),കാകതീയർ ( 1310 ),ഹൊയ്‌സാലർ ( 1311 ),പാണ്ഡ്യർ ( 1311 ) എന്നിവരെ തോൽപിച്ചു.എല്ലായിടത്തും ഖജാനകൾ കൊള്ളയടിച്ചു.ശ്രീരംഗം ക്ഷേത്ര വിഗ്രഹം കടത്തി.നിരവധി ആനകളും കുതിരകളുമായി ഡൽഹിക്ക് മടങ്ങി.1313 -15 ൽ ദേവഗിരി ഗവർണർ ആയിരിക്കെ ഖിൽജിയുടെ നില വഷളായതറിഞ്ഞ് ഡൽഹിക്ക് പോയി.ഖിൽജിയെ കാഫർ വിഷം കൊടുത്തു കൊന്നതായി കേൾവിയുണ്ട്.ഖിൽജി മരിച്ചപ്പോൾ പ്രായമാകാത്ത മകൻ ശഹാബുദീൻ ഒമറിനെ പാവ രാജാവാക്കി ഭരണം നിയന്ത്രിച്ചു.ഒരു മാസത്തിനുള്ളിൽ ഖിൽജിയുടെ അംഗരക്ഷകർ കാഫറിനെ കൊന്നു.

കാഫർ നടത്തിയ തെക്കേ ഇന്ത്യൻ പടയോട്ടം, കൊല്ലം പുനലൂരിനടുത്ത് അംബാസമുദ്രം വരെ ചരിത്രത്തിൽ എത്തി നിൽക്കുന്നുണ്ട്.ഇന്നത്തെ അതിരുകൾ വച്ചല്ല ചരിത്രത്തെ കാണേണ്ടത്.ഞങ്ങളുടെ കുടുംബ ക്ഷേത്രം അംബാസമുദ്രം തൊട്ടു കിടക്കുന്ന കല്ലടക്കുറിച്ചിയിലാണ്.ചട്ടമ്പി സ്വാമികൾ വേദ ശാസ്ത്രങ്ങൾ അവിടെ സുബ്ബജടാ പാഠികളുടെ വീട്ടിലിരുന്നാണ് പഠിച്ചത്.കൊല്ലം ആയിരുന്നു കാഫർ ആക്രമിക്കുന്ന കാലത്ത് വേണാടിൻറെ തലസ്ഥാനം.പിൽക്കാലത്ത് കല്ലടക്കുറിച്ചി തലസ്ഥാനമാവുകയും കോതൈ ആദിത്യവർമ രാജാവ് ( 1469 -1484 ) ആദി വരാഹക്ഷേത്രം പുതുക്കി പണിയുകയും ചെയ്തു.

കാഫറിൻറെ പടയോട്ടം പതിനാലാം നൂറ്റാണ്ടിൽ എഴുതിയ ലീലാതിലകം,ഉണ്ണുനീലി സന്ദേശം എന്നിവയിൽ ഇടം പിടിച്ചത് യാദൃച്ഛികം അല്ല.

മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തമായത്‌ ഉണ്ണുനീലിസന്ദേശം ആണ്.പതിനാലാം  നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട ലീലാതിലകം ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. "ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം" എന്നതാണു മണിപ്രവാള ലക്ഷണം.മലയാളത്തിന്റെ വ്യാകരണവും ഘടനയും ലീലാതിലകം വിശദീകരിക്കുന്നു.കേരളത്തിലെ ഭാഷ തമിഴ് ആയിരുന്നു എന്ന് അതിലുണ്ട് .ഇതിന്റെ കർത്താവാരെന്ന്‌ അറിയില്ല.ഇതിൽ ‌ "ശിൽപം" എന്നു പേരുള്ള എട്ട്‌ വിഭാഗങ്ങൾ ഉണ്ട്‌. കുലശേഖരരാജാവിന്റെ ആശ്രിതനായിരുന്ന തോലനാണ്  ആദ്യ മണിപ്രവാളകവി. 'ക്രമദീപിക', ആട്ടപ്രകാരം' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ.ചമ്പുക്കളും സന്ദേശകാവ്യങ്ങളും ആണ് ഈ ഭാഷാ പ്രസ്ഥാനത്തിലെ പ്രധാന വിഭാഗങ്ങൾ.മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീ ചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവർണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു', നൈഷധം ചമ്പു', 'ഭാരതം ചമ്പു' എന്നിവയും പ്രശസ്തമാണ്‌.

കാഫറിൻറെ തെക്കേ ഇന്ത്യൻ പടയോട്ടം വിശദമായി നോക്കാം.

ദേവഗിരിയിൽ രാമചന്ദ്ര,അനെഗോണ്ടിയിൽ കപിലരായ രാജാക്കന്മാരെ ചതിയിൽ വീഴ്ത്തി.ഹൊയ്‌സാല രാജാവ് ബള്ളാളനെ തോൽപിച്ച ശേഷമാണ് കാഫർ പാണ്ഡ്യ ദേശത്തേക്ക് കടന്നത്.മുസ്ലിം രേഖകളിൽ Ma'bar എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്.പാണ്ഡ്യസഹോദരരായ വീരനും സുന്ദരനും തമ്മിലുള്ള മൂപ്പിളമ തർക്കം മുതലെടുത്തായിരുന്നു ആക്രമണം.മധുര ഉൾപ്പെടെ പാണ്ഡ്യ ദേശങ്ങൾ കാഫർ 1311 മാർച്ച് -ഏപ്രിൽ കാലത്ത് ആക്രമിച്ചു.1310 ൽ വാറങ്കൽ കീഴടക്കിയപ്പോഴാണ് മധുരയിലെ സമൃദ്ധിയെപ്പറ്റി അറിഞ്ഞത്.പതിനായിരം ഭടന്മാരുമായി ഹൊയ്‌സാല തലസ്ഥാനമായ ദ്വാരസമുദ്രം,ഹാലേബീഡ്, പിടിച്ചു.അവിടം തകർത്തു.12 ദിവസം കാഫർ അവിടെ തങ്ങി.ഹൊയ്‌സാല രാജ്യത്തിന് തെക്കായിരുന്നു പാണ്ഡ്യ രാജ്യം.രാജാവായ മാരവർമൻ കുലശേഖരൻറെ കൊലയ്ക്ക് ശേഷം മക്കൾ വീരനും സുന്ദരനും പിൻഗാമി ആരാകണം എന്ന ശണ്ഠയിലായി.സുന്ദരൻ ക്ഷണിച്ചിട്ടാണ് കാഫർ വന്നത് എന്ന് കഥയുണ്ട്.ഡൽഹി ദർബാറിലെ സൂഫി പണ്ഡിതൻ അമീർ ഖുസ്‌റോ ഇത് നിഷേധിക്കുന്നു.ഇരുവരുടെയും മേഖലകൾ കാഫർ ആക്രമിച്ചെന്ന് ഖുസ്‌റോ നിരീക്ഷിക്കുന്നു.

ദ്വാരസമുദ്രത്തിൽ നിന്ന് 1311 മാർച്ച് പത്തിന് കാഫർ സേനാ നീക്കം തുടങ്ങി.അഞ്ചു ദിവസം കഴിഞ്ഞ് പാണ്ഡ്യ അതിർത്തിയിലെത്തി.ബള്ളാള രാജാവ് വഴികാട്ടി ആയിരുന്നുവെന്ന് അക്കാലത്തെ ചരിത്രകാരൻ അബ്‌ദുൾ മാലിക് ഇസ്ലാമി രേഖപ്പെടുത്തുന്നു.ബഹ്റാം കാര,കാറ്റല നിഹാങ്,മഹ്‌മൂദ്‌ സാർത്ഥ,അബാച്ചി എന്നിവരടങ്ങിയ ചാര സംഘം വിവരങ്ങൾ തേടി.മംഗോൾ സേനയിൽ നിന്ന് കൂറുമാറി എത്തിയ അബാച്ചി,പാണ്ഡ്യപക്ഷത്തു ചേർന്ന് കാഫറിനെ കൊല്ലാൻ മുതിർന്നു.അതിനായി അയാൾ പാണ്ഡ്യരാജാവിനെ കാണാൻ പോകുമ്പോൾ ഒരു പാണ്ഡ്യവിഭാഗവുമായി സംഘർഷത്തിലായി.ദ്വിഭാഷിയോട് ലക്ഷ്യം വ്യക്തമാക്കാൻ അബാച്ചി പറയുമ്പോഴേക്കും ദ്വിഭാഷിക്ക് അമ്പേറ്റു.അബാച്ചി മടങ്ങി കാഫറിൻറെ സങ്കേതത്തിലെത്തി.അയാളെ കാഫർ തടവിലിട്ടു.അലാവുദീൻ അയാളെ ഡൽഹിയിൽ വധിച്ചപ്പോൾ മംഗോളുകൾ ക്ഷുഭിതരായി.ഇത് 1311 മംഗോളുകളുടെ വംശഹത്യയിൽ കലാശിച്ചു.

വലിയ രണ്ടു മലകൾക്കിടയിലാണ് പാണ്ഡ്യരാജ്യം എന്ന് ഖുസ്‌റോ എഴുതുന്നു.ടാർമാലി,ടാബർ എന്നിവയാണ് മലകൾ.സേലത്തെ താരമംഗലമാണ് ആദ്യത്തേത്. ധർമപുരിയിലെ തോപ്പുർ രണ്ടാമത്തേത്.മുസ്ലിം സേന ഇവക്കിടയിലെ ചുരം വഴി കടന്ന് കാവേരി നദീ തീരത്ത് തമ്പടിച്ചു.മർദി എന്ന കോട്ട പിടിച്ചു.അവിടെ മുസ്ലിം സേന കൂട്ടക്കൊല നടത്തി.

വീരപാണ്ഡ്യൻറെ തലസ്ഥാനമായ ബിർദവൽ അടുത്തതായി പിടിച്ചെന്നാണ് ഖുസ്‌റോയുടെ വിവരണം.കുർദിഷ് എഴുത്തുകാരൻ അബുൽ ഫിദയുടെ തക്വിo അൽ ബുൽദാനി ൽ ( 1321 ) ഇതിന് ബിർദാവൽ എന്ന് പറയുന്നു.ഇത് വിരുദാചലം ആണെന്ന് എ ബർണൽ തിരിച്ചറിഞ്ഞിട്ടുണ്ട്.സഹോദരന്മാർ തർക്കത്തിൽ ആയതിനാൽ പ്രതിരോധം ഉണ്ടായില്ല.വീരപാണ്ഡ്യൻ കബം എന്ന നഗരത്തിലേക്ക് പലായനം ചെയ്തു.ഈ നഗരം നമ്മുടെ ഭാഷയിൽ ഏതെന്ന് അറിയില്ല.അവിടന്ന് ഏതാനും ഭടന്മാരും നിധിയുമായി കണ്ടൂരിലേക്ക് രക്ഷപെട്ടു.ഇത് കൊള്ളിടം നദിക്കരയിലെ കണ്ണനൂർ ആണ്.കാവേരിയുടെ തഞ്ചാവൂർ പോഷക നദിയാണ് ഇത്.തിരുച്ചിറപ്പള്ളിയിലാണ് കണ്ണനൂർ.

പാണ്ഡ്യസേനയിൽ തന്നെ 20000 മുസ്ലിം ഭടന്മാരുണ്ടായിരുന്നു.ഇവർ കാഫർ പക്ഷത്ത് ചേർന്നു.ഇവരുടെ സഹായത്തോടെ വീരപാണ്ഡ്യനെ പിന്തുടരാനുള്ള ശ്രമം മഴ കാരണം നടന്നില്ല.റോഡും കിണറും തമ്മിൽ തിരിച്ചറിഞ്ഞില്ല എന്ന് ഖുസ്‌റോ.വീരപാണ്ഡ്യൻ കാട്ടിലേക്ക് പോയി.മുസ്ലിം സേന കണ്ണനുരിൽ ചെന്ന് രത്ന ഭാണ്ഡങ്ങൾ ചുമലിലേറ്റിയ 108 ആനകളെ കൈവശപ്പെടുത്തി.കണ്ണനൂർ നിവാസികളെ കൂട്ടക്കൊല ചെയ്തു.വീരപാണ്ഡ്യൻ പ്രാചീന ജൽ കോട്ടയിലേക്ക് രക്ഷപെട്ടിരിക്കാമെന്ന് മുസ്ലിം സേന കരുതി.ഇത് തീവ്‌കോട്ടൈ.ബർമത് പുരിയിൽ സുവർണക്ഷേത്രമുണ്ടെന്ന് മുസ്ലിം സേന കേട്ടു. ഇത് ബ്രഹ്മപുരി അഥവാ ചിദംബരം,അവിടത്തെ നടരാജ ക്ഷേത്രത്തിൽ സ്വർണ മേലാപ്പുണ്ടായിരുന്നു.

അവിടെ പാതിരയ്ക്ക് മുസ്ലിം സേനയെത്തി 250 ആനകളെ കൈവശമാക്കി.ക്ഷേത്രം കൊള്ളയടിച്ചു.ചുമരുകൾ രത്നഖചിതമായിരുന്നു.ശിവലിംഗങ്ങൾ തകർത്തു.വിഷ്ണുവിഗ്രഹം ഉടച്ചു.കസ്തൂരി മണമുള്ള ഭൂമിക്ക് അപ്പോൾ ചോരയുടെ ഗന്ധമായി എന്ന് ഖുസ്‌റോ.ചിദംബരത്തു നിന്ന് ഏപ്രിൽ മൂന്നിന് സേന വിരുദാചലത്ത് മടങ്ങിയെത്തി.വീരപാണ്ഡ്യന്റെ കുടുംബക്ഷേത്രം തകർത്തു.ഏപ്രിൽ ഏഴിന് കാണും എന്ന സ്ഥലത്ത് എത്തി -കദംബവനം.അഞ്ചു നാൾ കഴിഞ്ഞ് സുന്ദരൻറെ തലസ്ഥാനമായ മധുരയിൽ.രാജ്ഞിമാർക്കൊപ്പം സുന്ദരൻ സ്ഥലം വിട്ടിരുന്നു.ആനകൾ,രത്നങ്ങൾ എന്നിവ മോഹിച്ച് സേന ജഗനാർ ക്ഷേത്രത്തിലെത്തി.ഇത് ചൊക്കനാഥ ( സുന്ദരേശ്വര ) ക്ഷേത്രമെന്ന് ചരിത്രകാരൻ എസ് കൃഷ്ണസ്വാമി അയ്യങ്കാർ.രണ്ടു മൂന്ന് ആനകൾ മാത്രം അവശേഷിച്ചത് കണ്ട് ക്ഷുഭിതനായ കാഫർ ക്ഷേത്രത്തിന് തീയിട്ടു.മീനാക്ഷി ക്ഷേത്രം കൊള്ള ചെയ്തു.

പേർഷ്യൻ ചരിത്രകാരൻ ഫിരിഷ്ട പറയുന്നത്,കാഫർ സിറ്റ് ബാൻഡ് റംസായ് എന്ന സ്ഥലത്ത് മസ്‌ജിദ്‌ ഇ അലായ് പണിതു എന്നാണ് -അലാവുദീൻ പള്ളി.സ്ഥലം സേതുബന്ധ രാമേശ്വരം.രാമേശ്വരം കാഫർ ആക്രമിച്ചു എന്ന പ്രസ്താവം ശരിയാണെന്ന് തോന്നുന്നില്ല.കർണാട്ടികിലാണ് പള്ളി എന്ന് ഫിരിഷ്ട എഴുതുന്നു.ഉമ്മം കടൽത്തീരത്ത് ദുർ സമന്തർ തുറമുഖത്താണ്.ബികൾ ദേവിനെ കീഴടക്കിയ ശേഷമാണ് പള്ളി പണിതത്.ഉമ്മം എന്നാൽ ഒമാൻ കടൽ,അറബിക്കടൽ.അപ്പോൾ ഹൊയ്‌സാല ദ്വാരസമുദ്രം.രാമേശ്വരം അല്ല.

ഖുസ്‌റോ ആശിക യിൽ പറയുന്നത്,ലങ്കൻ തീരം വരെ കാഫർ പാണ്ഡ്യഗുരുവിനെ അന്വേഷിച്ചു ചെന്നു എന്നാണ്.ഫത്താൻ ആയിരുന്നു തലസ്ഥാനം.ഫത്താൻ പെരിയപട്ടണം ആകാം -രാമേശ്വരത്തിന് അടുത്താണ്.

ലീലാതിലക ത്തിൽ പറയുന്നത്,വിക്രമപാണ്ഡ്യൻ എന്ന പടത്തലവൻ മുസ്ലിംകളെ തോൽപിച്ചു എന്നാണ്.വീര,സുന്ദരന്മാരുടെ അമ്മാവൻ വിക്രമപാണ്ഡ്യൻ കാഫറിനെ തോൽപിച്ചിരിക്കാം എന്ന് ചില പണ്ഡിതന്മാർ നിരീക്ഷിക്കുന്നു. വിക്രമപാണ്ഡ്യൻ മാരവർമൻ കുലശേഖരൻറെ സഹോദരനാണെന്ന് പറയുന്നത് ചരിത്ര വസ്തുതകൾക്ക് നിരക്കില്ല.വിക്രമപാണ്ഡ്യൻ എന്ന ലീലാതിലക നായകൻ 1365 -70 ൽ മറ്റൊരു മുസ്ലിം സേനയെ തോൽപിച്ച രാജകുമാരനാകാം.അദ്ദേഹം 1401 ൽ പാണ്ഡ്യ രാജാവായി.

കാഫർ പക്ഷത്തു നിന്നുള്ള മുസ്ലിം പക്ഷ ഖുസ്‌റോ എഴുത്ത് മുഴുവനായി വിഴുങ്ങാനും പ്രയാസമാണ്.തോൽവി നേരിട്ടാകാം കാഫർ പിന്മാറ്റം.വിക്രമ -കാഫർ കഥയാണ് അയ്യപ്പ -വാവർ കഥയുടെ മൂലം എന്നാണ് എൻറെ വിശ്വാസം.

മഴ ഏപ്രിലിൽ കനത്തു വന്നു.ശത്രുപക്ഷം വലിയ സേന സംഘടിപ്പിക്കുന്നതായി മുസ്ലിം സേനയ്ക്ക് വിവരം കിട്ടി.ഇനിയും പാണ്ഡ്യരാജാവിനെ പുന്തുടരേണ്ട എന്ന് തീരുമാനിച്ച് വൻ കൊള്ള മുതലുമായി കാഫർ യാത്രയായി.512 ആന,5000 കുതിര,500 മന്ന് സ്വർണം,രത്നങ്ങൾ ആയിരുന്നു കൊള്ളമുതൽ എന്ന് ഖുസ്‌റോ.

തുഗ്ലക് കാലത്തെ സിയാവുദീൻ ബറാണിയുടെ കണക്കനുസരിച്ചു 612 ആന,20000 കുതിര,96000 മന്ന് സ്വർണം -ഇത്തിരി കൂടിക്കിടക്കട്ടെ എന്ന് കരുതിക്കാണും.

ഭീകരമായിരുന്നു ശ്രീരംഗം ക്ഷേത്രത്തിൽ കാഫർ നടത്തിയ കൊള്ള.പ്രാകാരത്തിന് ചുറ്റും നിധി തേടി അയാൾ ദിവസങ്ങൾ ചുറ്റി.ഭക്തർ ശ്രീകോവിലിനെ വലയം ചെയ്ത് നിന്നു.മൂന്നു ദിവസം അവർ മുസ്ലിം സേനയെ ചെറുത്തു.സന്നിധിക്ക് മുന്നിൽ മതിൽ കെട്ടി അനന്ത ശയന വിഗ്രഹം അവർ കാത്തു.രംഗനായകിയുടെ ഉത്സവ വിഗ്രഹം ശാന്തിക്കാർ വേപ്പ് മരത്തിന് കീഴിൽ കുഴിച്ചിട്ടു.രംഗനാഥ വിഗ്രഹം ഒളിപ്പിക്കും മുൻപ് മതിൽ ഭേദിച്ച് മുസ്ലിം സേന അകത്തു കടന്നു.കണ്ണിൽ കണ്ടവരെയൊക്കെ കൊന്ന് അവർ വിഗ്രഹം കടത്തി.

കാഫർ മടക്കയാത്ര 1311 ഏപ്രിൽ 25 ന് തുടങ്ങി.ഒക്ടോബർ 19 ന് സിരിയിൽ അലാവുദീൻ ഖിൽജി പൊതു ദർബാർ ചേർന്ന് കാഫറിനെ സ്വാഗതം ചെയ്തു.൦.5 -4 മന്ന് വരെ സ്വർണം പ്രഭുക്കൾക്ക് നൽകി.

കാഫർ പോയ ശേഷം വീര,സുന്ദര സഹോദരർ അടി തുടർന്നു.സുന്ദരൻ ഖിൽജിയുടെ സഹായം തേടി.ഖിൽജി സേനയുടെ സഹായത്തോടെ 1314 ൽ തെക്കൻ ആർക്കോട്ടിൽ സിംഹാസനമേറി.ഖിൽജിയുടെ മകൻ ഖുത്ബ്ദീൻ മുബാറക് ഷാ ഡൽഹി ഭരിക്കുമ്പോൾ,പടത്തലവൻ ഖുസ്‌റോ ഖാൻ പാണ്ഡ്യദേശം ആക്രമിച്ചു.വടക്കൻ മേഖല അവരുടെ നിയന്ത്രണത്തിലായി.

ഖുസ്‌റോ എഴുതിയ ചരിത്രത്തിലെ കണ്ണനൂർ ( കണ്ടൂർ ) കേരളത്തിലെ കണ്ണൂർ ആകാമെന്ന് പി കെ മുഹമ്മദ് കുഞ്ഞി 'മുസ്ലിമിങ്ങളും കേരള സംസ്‌കാരവും' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.താരാചന്ദ് എഴുതിയ Influence of Islam on Indian Culture ഉപജീവിച്ചാണ് ഈ പറച്ചിൽ.കണ്ണനൂരിലെ മുസ്ലിംകളെ അവർക്ക് കലിമ അറിയാവുന്നത് കൊണ്ടും വധശിക്ഷയ്ക്ക് അർഹരാണെങ്കിലും മുസ്ലിംകൾ ആയത് കൊണ്ടും മാപ്പു കൊടുത്ത് വിട്ടയച്ചു എന്നേ താരാചന്ദ് പറഞ്ഞിട്ടുള്ളു.അത് കേരളത്തിലെ സ്ഥലം ആണെന്ന് വാദമില്ല.എന്നാൽ,കണ്ണൂരിൽ മുസ്ലിം അറക്കൽ രാജവംശം ഉണ്ടായിരുന്നത് മുഹമ്മദ് കുഞ്ഞി വാദം ഉറപ്പിക്കാൻ നിരത്തുന്നു.

നമ്മുടെ ഭാഗത്തു നിന്ന് ചരിത്രം നോക്കാം.

ചോള സാമ്രാജ്യത്തിൽ നിന്ന് 1225 ൽ വേണാട് സ്വതന്ത്രമായെന്ന് വീരരാഘവ പട്ടയത്തിൽ കാണാം.ഇരവി കേരളവർമ്മ അന്ന് വേണാട് രാജാവായി.1252 ൽ രവി ഉദയമാർത്താണ്ഡ വർമ്മ സ്ഥാനമേറ്റു.അതിന് ഒരു വർഷം മുൻപ് ശക്തനായ ജടാവർമൻ സുന്ദര പാണ്ഡ്യൻ പാണ്ഡ്യ രാജാവായി.രവി ഉദയ മാർത്താണ്ഡവര്മയ്ക്ക് എട്ടു സാമന്തന്മാർ ഉണ്ടായിരുന്നെന്ന് ലീലാതിലകം പറയുന്നു.1315 ൽ ചോള,പാണ്ഡ്യ രാജ്യങ്ങൾ കീഴടക്കി രവി വർമ്മ കേരള ചക്രവർത്തിയായി -സംഗ്രാമ ധീരൻ.അദ്ദേഹത്തിൻറെ ജീവിതം ആധാരമാക്കി എഴുതിയ ഒരു കാവ്യം നഷ്ടമായി.അതിലെ ചില ശ്ലോകങ്ങൾ പതിനാലാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ എഴുതിയ ലീലാതിലക ത്തിലുണ്ട്.ഉണ്ണുനീലി സന്ദേശ ത്തിലും അദ്ദേഹമുണ്ട്.തിരുവൊട്ടിയൂർ അരുളാല പെരുമാൾ,ഗുഡല്ലൂർ വീരസ്ഥാനേശ്വരം,ശ്രീരംഗം മദ്രാസ് പൂനമല്ലി,കാഞ്ചീപുരം,തിരുവനന്തപുരം വലിയശാല ക്ഷേത്ര ലിഖിതങ്ങളിൽ അദ്ദേഹമുണ്ട്.

വേണാട് മുദ്ര,എ ഡി 883 

യദുവംശജൻ ജയസിംഹൻ,ഉമാദേവി എന്നിവരുടെ മകൻ.ആറ്റിങ്ങൽ റാണി ആവണി അമ്മ തമ്പുരാൻ ദത്തെടുത്തു.1299 ൽ കൊല്ലത്ത് വേണാട് രാജാവായി സിംഹാസനമേറി.

ജടാവർമ്മൻ സുന്ദര പാണ്ഡ്യൻറെ മകൻ മാരവർമൻ കുലശേഖരൻ ( 1268 -1310 ) ആയിരുന്നു പാണ്ഡ്യ രാജാവ്.കുലശേഖരൻറെ സാമന്തൻ എന്ന നിലയിൽ രവിവർമ്മ കുലശേഖരൻ എന്ന പേര് സ്വീകരിച്ചു.പത്തു കൊല്ലം സാമന്തൻ ആയിരുന്നു.കുലശേഖര സഹോദരനായ വിക്രമ പാണ്ഡ്യനുമായി രവിവർമ്മ യുദ്ധം ചെയ്തു.തോറ്റ വിക്രമനെ തടവുകാരനാക്കി പാണ്ഡ്യ രാജാവിനെ ഏൽപിച്ചു.തുടർന്ന് പാണ്ഡ്യരാജാവിൻറെ മകളെ വിവാഹം ചെയ്തു.1299 ൽ 33 വയസിൽ കേരള പെരുമാളായി.1310 ൽ മാരവർമ്മൻ കുലശേഖരൻ മരിച്ചപ്പോൾ മക്കൾ വീരനും സുന്ദരനും അവകാശ തർക്കമായി.അതിൽ ഇടപെടാൻ ഹൊയ്‌സാല രാജാവ് ബള്ളാളൻ മൂന്നാമൻ തമിഴകത്തേക്ക് സൈന്യവുമായി പുറപ്പെട്ടു.അപ്പോൾ മാലിക് കാഫർ ദക്ഷിണേന്ത്യൻ ദിഗ്‌വിജയത്തിന് വന്നിരിക്കുകയായിരുന്നു.വീരനും സുന്ദരനും ഒളിവിൽ പോയി.അവരുടെ പിതൃവ്യനായ വിക്രമ പാണ്ഡ്യൻ സാമന്തന്മാരെ സംഘടിപ്പിച്ച് കാഫറിനെ നേരിട്ടു.കൊള്ളയടിച്ച വൻ ദ്രവ്യവുമായി കാഫർ പിൻവാങ്ങി.

കാഫറിനെതിരായ യുദ്ധത്തിൽ വേണാട് സൈന്യം തൃപ്പാപ്പൂർ മൂപ്പൻ ആദിത്യവർമ്മ സർവാംഗനാഥൻറെ നേതൃത്വത്തിൽ പങ്കെടുത്തെന്ന് ഉണ്ണുനീലി സന്ദേശം സൂചിപ്പിക്കുന്നു.സന്ദേശഹരനായ ആദിത്യവർമ്മ വെള്ളക്കുതിര മേൽ കയറി യുദ്ധക്കളത്തിലെത്തുമ്പോൾ പ്രാണാപായം സംഭവിച്ച തുലുക്കൻ പടയാളികളുടെ എണ്ണം ദേവന്മാർക്ക് മാത്രമേ അറിയൂ എന്ന് പറയുന്നു:

വ്യായാമം കൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി -
ന്നായാസം ചെയ്തമലതുരഗം നികരേമും ദശായാം
പ്രാണാപായം കരുതിന തുലിക്കൻ പടക്കോപ്പിനെണ്ണം 
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിചാർത്തുയന്റ്‌ 

കാഫർ മടങ്ങിയപ്പോൾ വീര പാണ്ഡ്യൻ മധുരയിൽ ഭരണമേറ്റു.സുന്ദരൻ മാരവർമൻ കുലശേഖരൻറെ ഭാര്യയിൽ ജനിച്ചവൻ എങ്കിലും കുലശേഖരൻ പിൻഗാമിയായി നിശ്ചയിച്ചത് വീരനെയായിരുന്നു.സുന്ദരൻ വീണ്ടും വീരൻറെ അധികാരത്തെ ചോദ്യം ചെയ്തു പട പുറപ്പെട്ടു.സഹോദരർ തമ്മിലുള്ള പിണക്കം വീണ്ടും മുസ്ലിം ആക്രമണത്തെ വിളിച്ചു വരുത്തുമെന്ന് തോന്നി ഇരുവരെയും സ്ഥാനഭ്രഷ്ടരാക്കി പാണ്ഡ്യ സാമ്രാജ്യം മുഴുവൻ രവിവർമ്മ കുലശേഖരൻ അധീനത്തിലാക്കി.തമിഴ് സാമ്രാജ്യം കൂടി ഭരിച്ച ആദ്യ മലയാളി.അതിന് ശേഷം മാത്രമാണ് എം ജി രാമചന്ദ്രൻ.


കാഫർ തെക്കേ ഇന്ത്യയിൽ 

മാരവർമൻ കുലശേഖരൻറെ ജാമാതാവ് എന്ന നിലയിൽ രവിവർമ്മയെ സ്വീകരിക്കാൻ സാമന്തർക്ക് പ്രയാസമുണ്ടായിരിക്കില്ല.അന്ന് കേരളവും ചോള,പാണ്ഡ്യ രാജ്യങ്ങളും പാണ്ഡ്യ സാമ്രാജ്യത്തിൻറെ ഭാഗങ്ങൾ ആയിരുന്നു.

ബഹിഷ്‌കൃതനായ വീര പാണ്ഡ്യൻ കർണാടകത്തിലെ ഹൊയ്‌സാല രാജാവിനെ അഭയം പ്രാപിച്ചു.രവിവർമ്മ ചേര,ചോള,പാണ്ഡ്യ രാജ്യങ്ങൾ കീഴടക്കി 1312 ൽ 46 വയസിൽ കാഞ്ചീപുരം വേഗവതി നദീ തീരത്ത് ത്രിഭുവന ചക്രവർത്തിയായി സിംഹാസനമേറിയെന്ന് രവിവർമ്മയുടെ ക്ഷേത്ര ലിഖിതങ്ങളിൽ കാണാം.ഇത് നടന്നതും കാഞ്ചീപുരം ശാസനം എഴുതിയതും ഭരണത്തിൻറെ നാലാം വർഷം 1316 ലാണ്.ചക്രവർത്തി ആയ ശേഷമാണ് സുന്ദരനിൽ നിന്ന് ചോള മണ്ഡലം പിടിച്ചതെന്ന് പൂനമല്ലി ശാസനത്തിലുണ്ട്.പടയോട്ടത്തിൽ രവിവർമ്മ,മുൻപ് കാഫർ സ്ഥാപിച്ച സൈനിക താവളങ്ങൾ നശിപ്പിച്ചെന്ന് എ ശ്രീധര മേനോൻ എഴുതുന്നു.

വേണാടും തലസ്ഥാനമായ കൊല്ലവും ഉന്നതിയിൽ എത്തിയത് രവിവർമ്മയുടെ കാലത്താണ്.രവിവർമയുടെയും ആദിത്യവർമ്മയുടെയും ശ്രമഫലമായി കൊല്ലം അമരപുരിക്ക് സമാനമായി എന്നാണ് ഉണ്ണുനീലി സന്ദേശം.കാഞ്ചീപുരം കിരീടധാരണ സ്‌മാരകമായും ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനെത്തുന്ന വിശിഷ്ടാതിഥികളുടെ താമസത്തിനായും അദ്ദേഹം കാഞ്ചീപുരം തിരുമഠം സ്ഥാപിച്ചു.പണ്ഡിത സദസ് ഉണ്ടായിരുന്നു.അദ്ദേഹം സമുദ്രബന്ധനെ കൊണ്ട് തയ്യാറാക്കിച്ചതാണ് 'അലങ്കാര സർവസ്വ വ്യാഖ്യ'.കവിയായ രവിവർമ്മ പത്മനാഭ സ്വാമി ക്ഷേത്ര ഉത്സവ ആറാട്ട് ദിവസം അരങ്ങേറാൻ രചിച്ചതാണ് 'പ്രദ്യുമ്‌നാഭ്യൂദയം ' നാടകം.ജൈമിനീയ സംഹിത അദ്ദേഹത്തിൻറെ കാലത്ത് എഴുതിയതാണെന്ന് ക്രിസ്റ്റോഫ് വിയല്ലെ പറയുന്നു.പത്മനാഭ ദാസ എന്ന വിശേഷണം ആദ്യമായി അദ്ദേഹമാണ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.1316 ലോ 1317 ലോ നാട് നീങ്ങി .

അങ്ങനെ,മാലിക് കാഫറിൻറെ തെക്കേ ഇന്ത്യൻ പിന്മാറ്റത്തിൽ കേരളത്തിനും പങ്കുണ്ട്.പാണ്ഡ്യരാജാവിൻറെ മകളെ വിവാഹം ചെയ്ത് വാണ രവിവർമ, കാഫർ മധുര ആക്രമിച്ചപ്പോൾ നടുങ്ങിയിരിക്കണം;വേണാടും വിറച്ചു കാണും.അലക്‌സാണ്ടർ ഇന്ത്യയിൽ ജയിച്ചു എന്നത് പ്ലൂട്ടാർക്കിൻറെ കഥയാണ്;വരികൾക്കിടയിൽ കാണുന്നത് പിന്മാറ്റമാണ്.അത് പോലൊരു സംശയാസ്പദമായ വിജയ കഥയാണ് മാലിക് കാഫറിന്റേത്.ആ കഥയ്ക്ക് ഒരു തിരുത്താണ് ഈ കുറിപ്പ്.

-------------------------------------------------------------

Reference:
1.Venadinte Parinamam/ K Sivasankaran Nair
2.Peter Jackson (2003), The Delhi Sultanate: A Political and Military History
3.A. Sreedhara Menon, Kerala History and its Makers
4.Robert Sewell (1932), S. Krishnaswami Aiyangar (ed.) / The Historical Inscriptions of Southern India (Collected Till 1923) and Outlines of Political History





© Ramachandran 

























































FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...