Showing posts with label ശങ്കരൻ. Show all posts
Showing posts with label ശങ്കരൻ. Show all posts

Monday, 8 December 2025

ശങ്കരൻ: പെരിയാർ മുതൽ ഗംഗ വരെ

ശങ്കരനിൽ ഒഴുകിയ പുഴകൾ

ടുത്തയിടെ കാലടി ശൃംഗേരി മഠത്തിൽ പോയി. അവിടെ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും സപ്തമാതാക്കളുടെ വിഗ്രഹങ്ങൾ ഉണ്ട്. എന്തെന്നാൽ ഞാൻ നിരന്തരം ആമേടയിലും തിരുവഞ്ചിക്കുളത്തും സപ്തമാതാക്കളെ കാണുന്നു. 

ഇരുപതാം നൂറ്റാണ്ടിൻ്റെ  തുടക്കം വരെ ഈ സ്ഥലം ആരും ശ്രദ്ധിക്കാതെ കിടന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ  സഹായത്തോടെ മുപ്പത്തിമൂന്നാം ശൃംഗേരി മഠാധിപതി ശ്രീ സച്ചിദാനന്ദ നരസിംഹ ഭാരതി ശ്രീശങ്കരൻ്റെ പിതൃസ്ഥലം കാലടിയിൽ കണ്ടെത്തി. സ്ഥലം രാജാവ് മഠത്തിന് വിട്ടുകൊടുത്തു.


അവിടെ ശ്രീശങ്കരനും ശാരദാംബയ്ക്കും ഓരോ ക്ഷേത്രങ്ങൾ പണിതു. 1910 ലെ മാഘ ശുക്ല ദ്വാദശി ദിനമായ ഫെബ്രുവരി 21 ന് കുംഭാഭിഷേകം നടത്തി. ശ്രീശങ്കര ജയന്തിയും നവരാത്രിയും കൊണ്ടാടാൻ തുടങ്ങി. ചന്ദ്രശേഖര ഭാരതി 1927 ൽ വേദപാഠശാല തുടങ്ങി. 


സാക്ഷാൽ ശൃംഗേരിയിൽ പോയത് ആകസ്മികമായാണ്. കാർക്കല ഗോമടേശ്വര പ്രതിമ കണ്ട് തിരിച്ചിറങ്ങിയപ്പോൾ താഴെ ശൃംഗേരി എന്ന ബോർഡ് വച്ച ബസ് വന്നു. ഒന്നും ആലോചിക്കാതെ അതിൽ കയറി. 


ശ്രീകൃഷ്ണ ക്ഷേത്രം, കാലടി 

'നിർവാണഷഡ്ക'ത്തിൽ "ന മേ ജാതിഭേദാ" എന്ന് ശങ്കരൻപറഞ്ഞിട്ടുണ്ട്. “എനിക്ക് ജാതിഭേദമില്ല.” അത് കാണാതെ ശങ്കരനെ പഴി പറയുന്ന വിഡ്ഢികൾ ധാരാളം. 


ന മേ മൃത്യുശങ്കാ ന മേ ജാതിഭേദാ

പിതാ നൈവ മേ നൈവ മാതാ ന ജന്മ:

ന ബന്ധുർനമിത്രം ഗുരുർനേവ ശിഷ്യ 

ചിദാനന്ദ രൂപ ശിവോഹം ശിവോഹം 


കനകധാര


കാലടിയിൽ ശങ്കരാചാര്യരെ മുതല പിടിച്ച കടവു കണ്ട് മടങ്ങിയ കാലത്ത് 'ഈ കടവിലെ മുതല' എന്ന കഥ എഴുതി -രണ്ടു ദശകം മുൻപ്. അതിൻ്റെ  കയ്യെഴുത്തു പ്രതി വായിച്ചയുടൻ കാബിനിൽ നിന്നിറങ്ങി വന്ന് പത്രാധിപർ എസ് ജയചന്ദ്രൻ നായർ എന്നെ കെട്ടിപ്പിടിച്ചു. 


ആ കഥയിൽ കനകധാരാ സ്തോത്രമുണ്ട്. 


മുതല പിടിച്ചപ്പോൾ സന്യസിക്കാൻ സമ്മതിച്ചാൽ മുതല വിടുമെന്ന് ശങ്കരന് തോന്നി. അമ്മ സമ്മതിച്ചു. 


ശങ്കരൻ തൊഴുതിരുന്നു എന്ന് കരുതുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ശൃംഗേരി ജൻമക്ഷേത്രം എന്നിവയോട് ചേർന്നാണ് മുതലക്കടവ്. 


കന്യാകുമാരിയിൽ 'ബേവാച്ച്‌' എന്നൊരു അമ്യൂസ്മെന്റ് പാർക്ക് ഓണക്കൂറിലെ ശങ്കരൻ നമ്പൂതിരിയും കൂട്ടരും നടത്തിയിരുന്നു. അവിടെ പോയ ശേഷം നമ്പൂതിരിയുടെ സുഹൃത്ത് ചാർട്ടേഡ് അക്കൗണ്ടൻറ് അജയകുമാറുമൊത്ത് കടൽക്കരയിൽ പോയി ഞങ്ങൾ മൂവരും ശങ്കരാചാര്യരെ ഓർക്കാൻ തുടങ്ങി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പ്രഭാവം കുറഞ്ഞിരുന്നു.


ഈ ക്ഷേത്ര ഉടമകളായ കാപ്പിള്ളി ഇല്ലത്തെ ശ്രീവത്സൻ നമ്പൂതിരി അജയകുമാറിൻ്റെ  സഹോദരി സുനന്ദയെ ആണ് വേളി കഴിച്ചത്. എന്തുകൊണ്ട് ഒരു കനകധാരാ യജ്ഞം നടത്തിക്കൂടാ എന്ന് ഞാൻ ചോദിച്ചു. “ഇല്ലത്ത് വരൂ, സംസാരിക്കാം” എന്നായി അജയൻ. ഇല്ലത്ത് ശ്രീവത്സനെയും അനുജൻ ശ്രീകുമാറിനെയും കണ്ടു.


അങ്ങനെ കനകധാരാ യജ്ഞമുണ്ടായി. ശങ്കരൻ ജീവിച്ചത് 32 വർഷം ആയതിനാൽ 32 പണ്ഡിതർ കനകധാരാ സ്തോത്രം ചൊല്ലുന്ന യജ്ഞം ആണ് അത്. ആദ്യ യജ്ഞത്തിന് ഞാൻ പോയി. അത് 32 ദിവസം നടന്നു. ഇപ്പോൾ നാല് ദിവസമാണ്. 


സന്യാസിയായ ശങ്കരൻ അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്തപ്പോൾ ഭ്രഷ്ട് ഉണ്ടായി. അപ്പോൾ ശവദാഹത്തിൽ മൂന്ന് ഇല്ലങ്ങളേ സഹായിച്ചുള്ളൂ -കാപ്പിള്ളിയും തലയാറ്റുംപിള്ളിയും കൈപ്പിള്ളിയും. ഭൗതികദേഹത്തിൻ്റെ കാല്, തല, കൈ എന്നിവ പിടിച്ചവർ.  ച്ചാൽ, വിപ്ലവകാരി ആയിരുന്നു ശങ്കരൻ. തലയാറ്റുംപിള്ളിയിൽ ഞാൻ പണ്ടേ പോയിട്ടുണ്ട്. 99 ലെ (1924) വെള്ളപ്പൊക്കത്തിൽ പെരിയാർ പൊങ്ങിയത് അവിടത്തെ മച്ചിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അത് റിപ്പോർട്ട് ചെയ്യാൻ പോയതാണ്. 


സ്വർണത്തു മന
 
ഉപനയനം നടന്ന് ഭിക്ഷ യാചിക്കുമ്പോൾ ശങ്കരൻ കപോതവൃത്തിയാൽ ജീവിക്കുന്ന ദരിദ്ര ഇല്ലത്തെത്തി. കൊയ്ത്ത് കഴിഞ്ഞ വയലിലെ അവശിഷ്ട നെല്ല് പെറുക്കി ജീവിക്കുന്നതിനാണ് കപോതവൃത്തി എന്ന് പറഞ്ഞിരുന്നത്. പ്രോലിറ്റേറിയറ്റ് ബ്രാഹ്മണർ അന്നേയുണ്ട്. ഒന്നുമില്ലാതെ, എട്ടുകാലി വല നെയ്ത പാത്രത്തിൽ കിടന്ന ഉണക്ക നെല്ലിക്ക അന്തർജ്ജനം ശങ്കരന് നൽകി. അപ്പോൾ ശങ്കരൻ കനകധാരാ സ്തോത്രം ചൊല്ലി സ്വർണനെല്ലിക്കകൾ വീഴ്ത്തി.


അതിൽ അവസാനത്തേതിന് മുൻപത്തെ ശ്ലോകം ഇതാണ്:


ദേവി പ്രസീദ ജഗദീശ്വരി ലോകമാത:

കല്യാണഗാത്രി കമലേക്ഷണ ജീവനാഥേ 

ദാരിദ്ര്യഭീതഹൃദയം ശരണാഗതം മാം 

ആലോകയ പ്രതിദിനം സദയൈരപാംഗൈ 


ലോകത്ത് മനുഷ്യനെ ഏറ്റവും പേടിപ്പിക്കുന്നത് ദാരിദ്ര്യമാണ്. "ദാരിദ്ര്യഭീതഹൃദയം" എന്നൊരു ഞെട്ടിക്കുന്ന പ്രയോഗം ഇതിഹാസങ്ങളിൽ പോലും ഇല്ല. നൊച്ചൂർ വെങ്കട്ടരാമൻ എഴുതിയ 'ആത്മതീർത്ഥം' പോലെ വേറൊരു ജീവിതകഥയും ശങ്കരനെപ്പറ്റി ഇല്ല. 


ശങ്കരൻ വഴി മാറ്റിയ പുഴ 


എന്റെ അമ്മയുടെ ചിതാഭസ്മം ചേലാമറ്റത്ത് ഒഴുക്കാൻ പോയി മുങ്ങി നിവർന്നപ്പോഴാണ് അറിഞ്ഞത്, അവിടെയാണ് പെരിയാർ വിപരീത ദിശയിലേക്ക് ഒഴുകാൻ തുടങ്ങിയത്. 


ശങ്കരാചാര്യരുടെ അച്ഛൻ ശിവഗുരു മരിച്ച ശേഷം വിധവ ആര്യാംബ കുറെ ദൂരം നടന്നാണ് പുഴയിൽ കുളിക്കാൻ പോയിരുന്നത്. ശങ്കരനെ ശിവൻ പ്രസാദിച്ചു നൽകിയതാണ്. ശിവനെ അടുത്തു കാണാൻ കഴിഞ്ഞെങ്കിൽ എന്ന് അവർ ആഗ്രഹിച്ചു. ഒരു നാൾ സ്നാനം കഴിഞ്ഞു മടങ്ങുമ്പോൾ ഒരു വെളുത്ത മാൻ തുള്ളിക്കളിക്കുന്നത് കണ്ടു. 


അടുത്തേക്ക് പോയപ്പോൾ മാനെ കാണാതായി. എന്നാൽ അവിടെ ഒരു ശിവലിംഗം കണ്ടു. അവിടെ ഒരു ക്ഷേത്രമുണ്ടായി -കാലടിയിലെ തിരുവെള്ളമാൻ തുള്ളി ക്ഷേത്രം.


വ്രതനിഷ്ഠയിൽ ജീവിച്ച അവർ ഒരു നാൾ പെരിയാറിൽ പോയി മടങ്ങുമ്പോൾ തലകറക്കമുണ്ടായി. ശങ്കരൻ ചെന്ന് അവരെ കൂട്ടി. ഇനി അത്ര ദൂരം പോകേണ്ട, പൂർണാ നദി ഇവിടെ വരുമെന്നായി ശങ്കരൻ. 


അന്ന് രാത്രി തുലാവർഷം ഇടിവെട്ടി പെയ്തു. ഉരുൾ പൊട്ടി നദിയുടെ ഒഴുക്കിന് വിഘ്നം വന്നു. വഴി അടഞ്ഞപ്പോൾ പുഴ വേറെ വഴി തേടി. രാവിലെ നോക്കിയപ്പോൾ കാണാം, ഇല്ലത്തിനടുത്ത് പെരിയാർ! 


വഴി മാറിയ പെരിയാറിന്റെ തീരത്തെ വിഷ്ണു  ക്ഷേത്രം വെള്ളത്തിൽ മുങ്ങി. മുതലയും മറ്റും മലവെള്ളത്തിൽ ഒഴുകിയെത്തി. ജനം ക്ഷേത്രം കുറെ ഉയരത്തിലേക്ക് മാറ്റി. അപ്പോൾ ശങ്കരൻ എഴുതിയതാണ് ശ്രീവിഷ്ണു ഭുജംഗപ്രയാത സ്തോത്രം:


ചിദംശം വിഭും നിർമ്മലം നിർവികല്പം 

നിരീഹം നിരാകരമോങ്കാരഗമ്യം 

ഗുണാതീതമവ്യക്തമേകം തുരീയം 

പരം ബ്രഹ്മ യം വേദ തസ്മൈ നമസ്തേ


വിശുദ്ധം ശിവം ശാന്തമാദ്യന്തശൂന്യം 

ജഗജ്ജീവനം ജ്യോതിരാനന്ദ രൂപം 

അദിഗ്ദേശകാലവ്യവച്ഛേദനീയം 

ത്രയീ വക്തി യം വേദ തസ്മൈ നമസ്തേ  


ഇക്കാലത്താണ് ശങ്കരനെ മുതല പിടിച്ചത്.  


നർമ്മദ ശങ്കര കമണ്ഡലുവിൽ 


ആത്മകഥയും സിലബസും ഇല്ലാതിരുന്ന കാലത്ത് ജീവിച്ച ശങ്കരാചാര്യർ ഏതൊരു എഴുത്തുകാരനെയും പോലെ കൃതികളിൽ ജീവിതം വിതറിക്കാണും. നർമ്മദാ തീരത്തെ ഓങ്കാരേശ്വറിലാണ് ഗുരു ഭഗവത് പാദരെ കാണുന്നത്. കാവേരിയും തുംഗഭദ്രയും ഋശ്യശൃംഗ ഗിരിയുമൊക്കെ താണ്ടിയാണ് അവിടെ എത്തുന്നത്. 


ഗുരുവിനെക്കാണും മുൻപ് ഓങ്കാരനാഥനെ കണ്ടിരിക്കാം. 'ദ്വാദശ ജ്യോതിർലിംഗസ്തോത്ര'ത്തിൽ ഇങ്ങനെയുണ്ട്:


കാവേരികാ നർമ്മദയോ: പവിത്രേ 

സമാഗമേ സജ്ജനതാരണായ 

സദൈവ മാന്ധാതൃപുരേ വസന്ത -

മോങ്കാരമീശം ശിവമേകമീഡേ ..


ഗുരുവിനെ കണ്ട നിമിഷം 'വിവേകചൂഢാമണി'യിൽ വായിക്കാം:


സർവവേദാന്ത സിദ്ധാന്ത ഗോചരം താമഗോചരം 

ഗോവിന്ദം പരമാനന്ദം സദ്ഗുരും പ്രണതോസ്മ്യഹം 


നർമ്മദയിൽ ആയിരുന്നു സന്യാസദീക്ഷ. ഗുരുസന്നിധിയിൽ ഉണ്ടായ ജ്ഞാനപ്രകാശത്തെ ശങ്കരൻ കുറിച്ചതാണ് 'നിർവാണ ദശകം' അഥവാ 'ദശശ്ലോകി'. അതിലെ രണ്ടാം ശ്ലോകം ഇതാണ്:


ന വർണാ  ന വർണാശ്രമാചാരധർമാ  

ന മേ ധാരണാധ്യാനയോഗാദയോഽപി |

അനാത്മാശ്രയോഽഹം മമാധ്യാസഹാനാത്

തദേകോഽവശിഷ്ടഃ ശിവഃ കേവലോഽഹം


വർണമില്ല, എനിക്ക് വർണ്ണാശ്രമ ധർമ്മവും ഇല്ല. 'നിർവാണാഷ്ടക'ത്തിൽ ശങ്കരൻ 'ന മേ ജാതിഭേദാ" ('എനിക്ക് ജാതിഭേദമില്ല') എന്ന് നിരീക്ഷിച്ചത് നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഇതിനാണ് രാഷ്ട്രീയത്തിൽ നയപ്രഖ്യാപനം എന്ന് പറയുന്നത്. ഇതിലെ പത്തു ശ്ലോകങ്ങളും "ശിവഃ കേവലോഽഹം" എന്ന് വിളിച്ചോതുന്നു. സത്യം, ശിവം, സുന്ദരം. 


ഗുരു യോഗനിദ്രയിലിരിക്കെ നർമ്മദയിൽ വെള്ളപ്പൊക്കമുണ്ടായി. ജനം ആകുലരായപ്പോൾ ശങ്കരൻ കുന്നിറങ്ങി കമണ്ഡലം നർമ്മദാ തീരത്ത് വച്ചു. അദ്ദേഹം 'നർമ്മദാഷ്ടകം' ചൊല്ലി: 


സബിന്ദുസിന്ധുസുസ്ഖലത്തരംഗഭംഗരഞ്ജിതം

ദ്വിഷത്സു പാപജാതജാതകാദിവാരിസംയുതം

കൃതാന്തദൂതകാലഭൂതഭീതിഹാരിവർമദേ

ത്വദീയപാദപങ്കജം നമാമി ദേവി നർമദേ 


ത്വദംബുലീനദീനമീനദിവ്യസമ്പ്രദായകം

കലൗ മലൗഘഭാരഹാരിസർവതീർഥനായകം

സുമച്ഛകച്ഛനക്രചക്രവാകചക്രശർമദേ

ത്വദീയപാദപങ്കജം നമാമി ദേവി നർമദേ


(നിൻ്റെ  നദീ ശരീരം തരംഗങ്ങളുമായി ചേർന്ന് ഒഴുകുന്നു. ഈ ജലത്തിന് വിദ്വേഷത്തിൽ നിന്നുണ്ടായ പാപത്തെ ശുദ്ധീകരിക്കാൻ കഴിയും. മരണദൂതനായ ഭയത്തെ അഭയ കവചത്താൽ സംഹരിക്കാൻ കഴിയും. ഈ കലിയുഗത്തിൽ നീ പാപഭാരം ഏൽക്കുന്നു. ജലജീവികൾക്ക് ആഹ്ളാദമേകുന്നു. നിൻ്റെ  കാലിൽ പ്രണാമം. നർമ്മദാ ദേവീ, എനിക്ക് അഭയം തരൂ.)


മുതലക്കടവ് 

ആ കമണ്ഡലത്തിൽ നർമ്മദ അടങ്ങി. കലി അടങ്ങി ശാന്തയായ നർമ്മദ തറവാട്ടിലേക്ക് മടങ്ങി. എന്ത് വിസ്മയമാണ്, പെരിയാറിനെ കൈയിലെടുത്ത ശങ്കരൻ വേറൊരു സ്ഥലരാശിയിൽ വേറൊരു നദിയെയും അമ്മാനമാടി.


ശങ്കരൻ കോരിക്കുടിച്ച ഗംഗ 


പഠനം കഴിഞ്ഞ് ഗുരു ഗോവിന്ദ ഭഗവത് പാദരുടെ ഉപദേശപ്രകാരം, ഗുരു സമാധിയണഞ്ഞ ശേഷം ശങ്കരൻ കാശിക്ക് യാത്രയായി. പല ശിഷ്യരും അനുഗമിച്ചു. ഹൈഹയം, ചേദി, കൗശംബി വഴിയായിരുന്നു യാത്ര. പ്രയാഗയിൽ എത്തിയപ്പോൾ, പണ്ട് ശ്രീരാമൻ വിശ്വാമിത്രനോട് ചോദിച്ചത് ശങ്കരൻ ഓർമ്മിച്ചു: "കിമയം തുമൂല ധ്വനി?"


എന്താണീ കൂട്ടിമുട്ടുന്ന ശബ്ദം? ഗംഗയും യമുനയും സംഗമിക്കുന്ന ശബ്ദം. ഗംഗയും വിശ്വനാഥനും അന്നപൂർണയും വിശാലാക്ഷിയും ബിന്ദുമാധവനും കാലഭൈരവനും വിരാജിക്കുന്ന കാശിയിലെ മണികർണികാഘട്ടിൽ ശങ്കരൻ വിശ്രമിച്ചു. അവിടെ രചിച്ചതാണ് 'മണികർണികാഷ്ടകം':


ത്വത്തീരേ മണികർണികേ ഹരിഹരൗ സായുജ്യമുക്തിപ്രദൗ 

വാദന്തൗ കുരുതഃ പരസ്പരമുഭൗ ജന്തോഃ പ്രയാണോത്സവേ

മദ്രൂപോ മനുജോഽയമസ്തു ഹരിണാ പ്രോക്തഃ ശിവസ്തത്ക്ഷണാത്

തന്മധ്യാദ്ഭൃഗുലാഞ്ഛനോ ഗരുഡഗഃ പീതാംബരോ നിർഗതഃ


ശിഷ്യരുമായി വേദാന്തസാരം പങ്കിട്ടു കൊണ്ട് തന്നെ കാശിയെ ശങ്കരൻ ഉൾക്കൊണ്ടു. അവനവന്റെ ശരീരം തന്നെ കാശി. അനുഭൂതി ധാരയാണ് ഗംഗ. ശ്രദ്ധയാണ് ഗയ. ഗുരുവിനെ പ്രണമിക്കുന്നത് പ്രയാഗ. ഉള്ളിൽ ജ്വലിക്കുന്ന ശക്തി വിശ്വനാഥൻ. ജീവന്മുക്തന്റെ ദേഹമാണ് തീർത്ഥ ക്ഷേത്രം. ഇതാണ് 'കാശീ പഞ്ചക'ത്തിലെ അവസാന ശ്ലോകം: 


കാശീക്ഷേത്രം ശരീരം ത്രിഭുവനജനനീ വ്യാപിനീ ജ്ഞാനഗംഗാ

ഭക്തി ശ്രദ്ധാ ഗയേയം നിജഗുരുചരണധ്യാനയോഗഃ പ്രയാഗഃ

വിശ്വേശോഽയം തുരീയഃ സകലജനമനഃ സാക്ഷിഭൂതോഽന്തരാത്മാ

ദേഹേ സർവം മദീയേ യദി വസതി പുനസ്തീർത്ഥമന്യത്കിമസ്തി.


അനുഭൂതി ധാരയാണ് ഗംഗ എന്നതിനാൽ 'ഗംഗാഷ്ടക'ത്തിൽ ആ മനസ്സ് ഇങ്ങനെ പ്രവഹിച്ചു:


കുതോ വീചിർവീചിസ്തവ യദി ഗതാ ലോചനപഥം

ത്വമാപീതാ പീതാംബരപുരവാസം വിതരസി ।

ത്വദുത്സംഗേ ഗംഗേ പതതി യദി കായസ്തനുഭൃതാം

തദാ മാതഃ ശാംതക്രതവപദലാഭോഽപ്യതിലഘുഃ


ഗംഗാമാതാവിന്റെ രൂപം ദൂരെ നിന്ന് കോരിക്കുടിച്ചാൽ തന്നെ ആ പ്രസാദം വഴി വൈകുണ്ഠം കിട്ടും. ആ മടിയിൽ വീഴുന്നവനോ ആ മാത്രയിൽ ഇന്ദ്രപദവിയ്ക്ക് അപ്പുറം താണ്ടാം. 


അന്ന് ശങ്കരന് വയസ് പതിനൊന്ന്.


ശങ്കരസവിധത്തിൽ സനന്ദനൻ 


ശങ്കരാചാര്യർ കാശിയിൽ താമസിക്കുമ്പോഴാണ് ആദ്യ ശിഷ്യൻ സനന്ദനൻ എത്തിയത്. 'വിവേകചൂഢാമണി'യിൽ, സനന്ദനൻ ശങ്കരൻ്റെ കാൽക്കൽ വീണ് ശിഷ്യനാക്കണം എന്നഭ്യർത്ഥിക്കുന്നതും ശങ്കരൻ മറുപടി നൽകുന്നതും കാണാം.


സനന്ദനൻ പറഞ്ഞു:


ദുർവാരസംസാരദവാഗ്നിതപ്തം

ദോധൂയമാനം ദുരദൃഷ്ടവാതൈഃ ।

ഭീതം പ്രപന്നം പരിപാഹി മൃത്യോഃ

ശരണ്യമന്യദ്യദഹം ന ജാനേ


"ഈ ലോകവനത്തിലെ കെടാത്ത തീയാൽ പീഡിതനായ എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചാലും. ദുഷ്ട ദേശത്തിൻ്റെ കാറ്റിനാൽ ഞാൻ ആടിയുലയുന്നു, ഭയന്ന് നിന്നിൽ അഭയം തേടുന്നു, മറ്റാരിൽ അഭയം തേടണമെന്ന് എനിക്കറിയില്ല."


ശങ്കരൻ ആശ്വസിപ്പിച്ചു:


മാ ഭൈഷ്ഠ വിദ്വoസ്തവ നാസ്ത്യപായഃ

സംസാരസിന്ധോസ്തരണേസ്ത്യുപായഃ |

യേനൈവ യാതാ യതയോസ്യ പാരം

തമേവ മാർഗം തവ നിർദിശാമി (43)


“പണ്ഡിതാ, ഭയപ്പെടേണ്ട, നിനക്ക് മരണമില്ല; ഈ സംസാര സമുദ്രം കടക്കാൻ ഒരു മാർഗമുണ്ട്; ഋഷിമാർ ഭവസമുദ്രം കടന്ന വഴി തന്നെ.”


അദ്വൈതം പറയുന്ന പ്രധാന തത്വമാണ് ഭയമരുത് എന്നത്. ഏത് കടലും കടക്കാൻ വേണ്ടത് ആത്മവിശ്വാസമാണ്. 


തുടർന്ന് ശങ്കരൻ ശിഷ്യനോട് ഇങ്ങനെ പറയുന്നു: "അഹങ്കാരം, മനസ്സ് എന്നിവയുടെ ഉറവിടമായ പ്രകൃതിയാണ് അവിദ്യ. ഈ അവസ്ഥയെ നീക്കുന്ന പ്രജ്ഞാനം എല്ലാ അവസ്ഥയിലും ഉണ്ട്. ഉറക്കത്തിൽ നിന്നുണർന്ന് "സുഖമായിരുന്നു" എന്നു പറയുന്നത് ശുദ്ധമനസ്സിലെ അനുഭവമാണ്."


സകലദുഃഖങ്ങളെയും നീക്കുന്നത് ബ്രഹ്മവിദ്യ എന്നർത്ഥം. ശങ്കരൻ നന്നേ ചെറുപ്പത്തിലേ ജീവവന്മുക്തനായിരുന്നു. 


ഉറങ്ങുമ്പോൾ ദേഹമോ മനസ്സോ ഒന്നുമില്ലെന്ന് നാം കരുതുന്നു. ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ഉള്ളത് ബ്രഹ്മമാണ്. അതറിഞ്ഞവൻ ഓരോ ദിവസവും സ്വർഗത്തിൽ എത്തുന്നുവെന്ന് ഛാന്ദോഗ്യോപനിഷത്ത്: "അഹരഹർവാ ഏവം വിദ് സ്വർഗം ലോകമേതി."


© Ramachandran




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...