Showing posts with label ഹെലൻ. Show all posts
Showing posts with label ഹെലൻ. Show all posts

Friday, 2 August 2019

മാർക്‌സ്, ദാസിയെ ഗർഭിണിയാക്കി

പിതൃത്വം എംഗൽസ് ഏറ്റെടുത്തു  


സ്‌ട്രേലിയൻ നാടകകൃത്ത് അനൈട്ര നെൽസൺ കുറച്ചു കാലം മുൻപ് അവർ എഴുതിയ Servant of the Revolution എന്ന നാടകം എൻറെ അപേക്ഷ പ്രകാരം, അയച്ചു തരികയുണ്ടായി. കാൾ മാർക്‌സ് അവിഹിത ഗർഭം ഉണ്ടാക്കിയ വീട്ടു വേലക്കാരി ഹെലൻ ഡിമുത്തിൻറെ കഥയാണ്, നാടകം. മൂന്നു പേരെ നാടകത്തിൽ ഉള്ളു -ഫ്രഡറിക് എംഗൽസ്, ഹെലൻ, മാർക്‌സിന്റെ ഇളയ മകൾ ടസ്സി (ഏലിയനോർ). ലെൻചൻ എന്നാണ് മാർക്‌സും ഭാര്യ ജെന്നിയും ഹെലനെ വിളിച്ചിരുന്നത്. ലെൻചന്റെ ഭാഗത്തു നിന്നാണ്, നാടകം -അങ്ങനെയാണ് വേണ്ടതെന്ന് വൃന്ദാ കാരാട്ടും സമ്മതിക്കും.

എംഗൽസും അവരും തമ്മിലുള്ള സംവാദത്തിലൂടെയാണ്, നാടകം
പുരോഗമിക്കുന്നത്. ഇടയിൽ മാർക്സിന്റെ മകൾ കടന്നു വരുന്നു എന്ന് മാത്രം.
മാർക്സ് ഉണ്ടാക്കിയ അവിഹിത ഗർഭം, മാർക്സിന്റെ വീട്ടിൽ കലഹമുണ്ടാക്കിയതിനെ തുടർന്ന് എംഗൽസ് ഏറ്റെടുത്തിരുന്നു. ഗർഭത്തിന് ഉത്തരവാദി മാർക്സ് ആണെന്ന് എംഗൽസ്, തൻറെ മരണക്കിടക്കയിൽ മാർക്‌സിന്റെ  ഇളയ മകളോട് വെളിപ്പെടുത്തി. അത് കൊണ്ടാണ്, ഇവർ കഥാ പാത്രങ്ങൾ ആയത്. നാടകാവസാനം, എല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുന്ന ജെന്നി കടന്നു വരുന്നുണ്ട്. അവിഹിത സന്തതി ഫ്രഡി ജീവിച്ചു.

ഹെലൻ 

നാടകത്തിലേക്ക് കടക്കും മുൻപ് സംഭവം പറയാം.

ആ സംഭവം 

എംഗൽസിന് പതിവായി മാർക്സ് കത്തുകൾ എഴുതിയിരുന്നു. 1851 മാർച്ചിൽ എഴുതിയ കത്തിൽ, "ഒരു ദുരൂഹതയും പദ്ധതിയും അതിൽ എംഗൽസിന്റെ പങ്കാളിത്തവും'' മാർക്സ് വിവരിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ലണ്ടനിലെ സോഹോയിൽ നിന്ന് മാർക്സ് മാഞ്ചസ്റ്ററിൽ എംഗൽസിനെ കണ്ടു. വീട്ടിലെ വല്ലായ്മയിൽ നിന്ന് രക്ഷപ്പെടുകയും അതിന് പദ്ധതിയുണ്ടാക്കുകയും ആയിരുന്നു, ലക്ഷ്യം. ജെന്നി അവരുടെ അപൂർണവും ചെറുതുമായ ആത്മ കഥയിൽ, 'the years of the greatest and at the same time pettiest worries, torments, disappointments and privations of all kinds’ എന്ന് വിളിക്കുന്ന ഘട്ടം. ഏറ്റവും വലുതും അൽപവും ആയ ആകുലതയുടെയും പീഡനത്തിന്റെയും നിരാശയുടെയും പരാധീനതയുടെയും കാലം.

ജെന്നി അഞ്ചാമത്തെ കുഞ്ഞിനെക്കൂടി പ്രസവിച്ചതേയുള്ളു; അത് പെൺകുഞ്ഞായതിൽ മാർക്സ് വിലപിച്ചു. ഇതിന് ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു പെൺകുഞ്ഞ് മരിച്ചു -ഒരു വർഷത്തിനിടയിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞ്. ഇതിനെ അടക്കാനുള്ള ശവപ്പെട്ടിക്ക് ഒരു ഫ്രഞ്ച് അഭയാർത്ഥിയാണ് പണം നൽകിയത്. ആദ്യ കുഞ്ഞ് മരിച്ച് ജെന്നി ദുഖിതയായപ്പോൾ, മാർക്‌സ് ഏംഗൽസിന് എഴുതി: അവൾ ശാരീരികമായല്ല, ബൂർഷ്വാ കാരണങ്ങളാലാണ് രോഗിണി ആയിരിക്കുന്നത് .

ആദ്യ കുഞ്ഞ് മരിച്ചതിൽ ദുഃഖിക്കുന്ന  ഭാര്യയ്ക്കുള്ളത് ബൂർഷ്വാ വിഷമമാണെന്ന്  പറയുന്ന ഭർത്താവിന് മനോവൈകല്യമുണ്ട് .

ജെന്നി 

ജെന്നി അഞ്ചാമതും ഗർഭിണി ആണെന്നറിഞ്ഞപ്പോൾ 1850 ഓഗസ്റ്റിൽ ഹോളണ്ടിൽ ധനിക ബന്ധു ലയൺ ഫിലിപ്‌സിനെ കണ്ട് പണം ചോദിച്ചു. ഇയാളുടെ പരമ്പരയിൽ നിന്നാണ് ഫിലിപ്‌സ് ഇലക്ട്രിക്ക് കമ്പനി ഉണ്ടായത്. ആകെ ദരിദ്രയായി കോലംകെട്ട ജെന്നിയെ അയാൾ തിരിച്ചറിഞ്ഞില്ല.അയാൾ പണം കൊടുത്തില്ല;  മാർക്സ് അമേരിക്കയിൽ പോയി പണിയെടുക്കട്ടെ എന്ന് നിർദേശിച്ചു.

അപ്പോഴാണ് ഏറ്റവും ദരിദ്രർ പാർക്കുന്ന സോഹോയിലെ വീട്ടിൽ, 1851 ഏപ്രിലിൽ ഹെലനെ ജെന്നി ഗർഭിണി ആയി കണ്ടത്. ഈ 'ദുരൂഹത' യാണ് മാർക്സ് എംഗൽസിനോട് ചർച്ച ചെയ്യാൻ എത്തിയത്. ആറു മാസം ഗർഭിണി ആയിരുന്നു, ഹെലൻ. പ്രസവിച്ച ഭാര്യയും ഗർഭിണിയായി വീട്ടിലുള്ള വേലക്കാരിയും. ഗർഭം ഏറ്റെടുക്കാമോ? മാർക്സ് എംഗൽസിനോട് തിരക്കി. ജെന്നി ആത്മകഥയിൽ എഴുതുന്നു: "1851 വേനൽ ആദ്യം നടന്ന ഒരു സംഭവം ഞാൻ വിശദമായി ഇവിടെ പറയുന്നില്ല;ഇത് വ്യക്തിപരമായും അല്ലാതെയും ഉള്ള ഞങ്ങളുടെ വിഷമതകൾ കൂട്ടാൻ നിമിത്തമായി".*

ഹെലൻ വെറും വേലക്കാരി ആയിരുന്നില്ല. ഒൻപതാം വയസിൽ ഹെലൻ ജെന്നിയുടെ അമ്മയ്‌ക്കൊപ്പം ചേർന്നതാണ്; ജെന്നിയുടെ സഹോദരി ലോറ പോയപ്പോൾ, ആ വിരഹം നികത്തിയവളാണ്, ഹെലൻ. മാർക്‌സ് ജനിച്ച ട്രയറിനടുത്ത ഗ്രാമത്തിലെ ബേക്കറിപ്പണിക്കാരൻറെ മകളായിരുന്നു ഹെലൻ എന്ന് മാർക്‌സ് ജീവചരിത്രകാരൻ ഡേവിഡ് മക് ലെല്ലൻ എഴുതുന്നു **. 1845 ൽ ബ്രസൽസിൽ എത്തുമ്പോൾ ഹെലന് 25 വയസ്.മാർക്സിന്റെയും ജെന്നിയുടെയും മാതാപിതാക്കൾ സുഹൃത്തുക്കൾ ആയിരുന്നു; ജെന്നിക്ക് മാർക്സിനെക്കാൾ നാലു വയസ്സ് കൂടുതൽ ആയിരുന്നു; അവർ ബാല്യം മുതലേ ഇഷ്ടത്തിലായിരുന്നു. ഇരു കുടുംബങ്ങളും ഈ ബന്ധത്തിന് എതിര് നിന്നപ്പോൾ അവരുടെ രഹസ്യ മനസ്സമ്മതത്തിൻറെ ഹംസമായിരുന്നു, ഹെലൻ. അക്കാലത്ത് ഒരുപാട് പ്രണയ കവിതകൾ മാർക്സ് ജെന്നിക്ക് എഴുതിയത് രമണൻ  പോലെ കേരളം എന്ന മാർക്സിസ്റ്റ് തുരുത്തിൽ പടർന്നിട്ടുണ്ട്. Human Pride എന്ന പ്രണയ കവിതയിൽ കാണുന്നത്,അരാജക വാദിയെയാണ്:

With disdain I will throw my gauntlet
Full in the face of the world,
And see the collapse of this pygmy giant 
Whose fall will not stifle my ardour.
Then will I wander god-like and victorious 
Through the ruins of the world.
And, giving my words an active force,
I will feel equal to the Creator.

ഏലിയനോർ 

ഇരുവരുടെയും വിവാഹശേഷം രണ്ടു വര്ഷത്തോളമേ ഹെലൻ പിരിഞ്ഞിരുന്നുള്ളു. 1845 ൽ ഒരു മാടമ്പി സമ്മാനം പോലെയാണ് ഹെലനെ ജെന്നിയുടെ 'അമ്മ ബ്രസൽസിൽ പാർക്കുന്ന അവർക്ക് നൽകിയത്. മരക്കടമുഷ്ടിയായ ഭർത്താവും രണ്ടു കുഞ്ഞുങ്ങളുമായി വലയുകയായിരുന്നു,ജെന്നി.പോയിടത്തെല്ലാം ഹെലൻ ഒപ്പം പോയി; ലണ്ടനിൽ സ്ഥിരമായി. ജെന്നിക്ക് ശേഷവും ജീവിച്ച ഹെലൻ ഒരു വർഷം കൂടി മാർക്സിനെ പരിചരിച്ചു. മാർക്സ് മരിച്ചു കഴിഞ്ഞ് എംഗൽസിന്റെ വീട് നോട്ടമായി.

മാർക്സിസ്റ്റ് സൈദ്ധാന്തികനും ജർമൻ സോഷ്യലിസ്റ്റുമായ വിൽഹെം  ലീബക്‌നെറ്റ് ഹെലനെ "വീടിൻറെ ആത്മാവ്", "കുഞ്ഞുങ്ങളുടെ രണ്ടാം അമ്മ" എന്നൊക്കെ വിശേഷിപ്പിച്ചു.***മാർക്സിന്റെ ശത്രുക്കളെ അവരും വെറുത്തു. അവർക്ക് ഇച്ഛാശക്തി ഉണ്ടായിരുന്നു. അവർ വിചാരിച്ചതാണ് വീട്ടിൽ നടന്നത്. വീടിൻറെ മേൽനോട്ടം മാത്രമായിരുന്നു പാവം ജെന്നിക്കെന്നും ഹെലൻ വീടിൻറെ ഏകാധിപതി ആയിരുന്നെന്നും ലീബക്‌നെറ്റ് എഴുതി. ആ ഏകാധിപത്യത്തിലെ കുഞ്ഞാടായിരുന്നു, മാർക്സ്. അവരുടെ വിരൽ തുമ്പത്തായിരുന്നു, അയാൾ.മാർക്സിനെ കുടുംബാംഗങ്ങൾ മൂർ എന്നാണ് വിളിച്ചത്. അവർ ഹെലൻ വഴിയാണ് മൂറിനെക്കൊണ്ട് കാര്യങ്ങൾ നടത്തിച്ചത്. കാണാൻ ഹെലൻ തരക്കേടില്ലായിരുന്നെന്നും ആരാധകർ ഉണ്ടായിരുന്നെന്നും ലീബക്നെറ്റ് എഴുതുന്നു.

ഹെലൻ ചെറുപ്പത്തിൽ 

ഹെലൻ (1820 -1890) ജർമനിയിലെ സർലണ്ടിൽ കർഷക കുടുംബത്തിലാണ് ജനിച്ചത്.വേലക്കാരിയായി ജെന്നിയുടെ കുടുംബം കൗമാരത്തിൽ ദത്തെടുത്തു.1843 ൽ ആയിരുന്നു, മാർക്‌സും ജെന്നിയുമായുള്ള വിവാഹം. 1883 ൽ മാർക്സ് മരിച്ചു. മാർക്സിന്റെ രചനകൾ അടുക്കിപ്പെറുക്കാൻ ഹെലൻ എംഗൽസിനെ സഹായിച്ചു. അങ്ങനെയാണ് 'മൂലധനം' രണ്ടാം ഭാഗത്തിൻറെ കയ്യെഴുത്തു പ്രതി കിട്ടിയത്. 1890 നവംബറിൽ കാൻസർ ബാധിച്ച് മരിച്ചു.ജെന്നിയുടെ ആഗ്രഹമനുസരിച്ച് അവരെ മാർക്സ് കുടുംബ കല്ലറയിൽ സംസ്കരിച്ചു.

അവിഹിത സന്തതി 

ഹെലനിൽ മാർക്സിന് ഉണ്ടായ മകൻ ഫ്രഡിയുടെ (1851 -1929) പേരിൽ മാർക്‌സിന്റെയോ എംഗൽസിന്റെയോ പേര് ചേർന്നില്ല; ഫ്രഡറിക് ഡിമുത്ത്. 1853 ജൂൺ 23 ന് ജനനം. ഇന്നാരും ഫ്രഡ്‌ഡി മാർക്‌സിന്റെ മകനല്ല എന്ന് തർക്കിക്കുന്നില്ല; മാർക്സ് കുടുംബാംഗങ്ങളുടെ കത്തുകൾ അത് സ്ഥിരീകരിക്കുന്നു. എന്നാൽ, മാർക്‌സും എംഗൽസും തമ്മിലുള്ള കത്തിടപാടുകളിൽ ഫ്രഡ്‌ഡിയുടെ ജനനത്തിനു മുൻപും പിൻപും രണ്ടാഴ്ചത്തെ വിടവുണ്ട്. രേഖകൾ ശ്രദ്ധയോടെ പരിശോധിച്ച് ഇത് എടുത്തു കളഞ്ഞതാണ്. സത്യം സ്വർണ പാത്രം കൊണ്ട് അടച്ചാലും പുറത്തു വരും എന്നതിനാൽ, മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജർമൻ -ഓസ്ട്രിയൻ കാൾ കൗട്സ്കിയുടെ ആദ്യ ഭാര്യ ലൂയിസെ  ഫ്രേബെർഗെർ, ജർമൻ സോഷ്യലിസ്റ്റ് ഓഗസ്റ്റ് ബേബലിന് ഈ വിവരം പറഞ്ഞ് എഴുതിയ കത്ത് നില നിന്നു.

ഹെലനുമായി അടുപ്പമുണ്ടായിരുന്ന അവരാണ്, ഹെലൻറെ മരണ ശേഷം എംഗൽസിന്റെ വീട് നോക്കിയത്. "എംഗൽസ് പിതൃത്വം ഏറ്റ് മാർക്സിനെ കുടുംബ കലഹത്തിൽ നിന്ന് രക്ഷിച്ചു" എന്ന് ആ കത്തിൽ ഉണ്ട്. ഹെലൻ ഗര്ഭവതിയായ  ഒൻപത് മാസം ജെന്നി  ലണ്ടനിൽ ഉണ്ടായിരുന്നില്ല. ഫ്രഡ്‌ഡിയെ താൻ നന്നായി നോക്കിയില്ല എന്ന് ആരോപണം വന്നാൽ,സത്യം വെളിപ്പെടുത്താൻ ലൂയിസെയ്ക്ക് എംഗൽസ് അനുമതി നൽകി. ഏലിയനോറിനോട്, എംഗൽസ് മരണക്കിടക്കയിൽ വച്ച് സ്‌ലേറ്റിൽ എഴുതി വിവരം വെളിപ്പെടുത്തി. ശബ്‌ദം അദ്ദേഹത്തിന് നഷ്ടമായിരുന്നു.

ഫ്രഡ്‌ഡി 

ഫ്രഡ്‌ഡിയെ വളർത്താൻ ഒരു തൊഴിലാളി കുടുംബത്തെ ഏൽപിച്ച ശേഷം അവന് മാർക്സ് കുടുംബവുമായി ബന്ധം ഉണ്ടായില്ല. മാർക്സിന്റെ മരണ ശേഷം അവൻ അമ്മയെ\കണ്ടു. 1898 സെപ്റ്റംബർ 2 -4 ന് ലൂയിസെ  കത്തിൽ എഴുതി:****

അവൻ എല്ലാ ആഴ്ചയും കാണാൻ വന്നു.മുൻ വാതിൽ വഴി ഒരിക്കലും വന്നില്ല;അടുക്കള വഴിയായിരുന്നു വരവ്.ഞാൻ അവിടെ ഇല്ലാത്തപ്പോൾ.അവന് ഒരു സന്ദർശകന്റെ എല്ലാ അവകാശവും ഞാൻ കൊടുത്തു...അസൂയ മൂത്ത ഭാര്യയിൽ നിന്നുള്ള മോചനം മാർക്സിനെ തുറിച്ചു നോക്കി.അദ്ദേഹം അവനെ സ്നേഹിച്ചില്ല.അവന് വേണ്ടി ഒന്നും ചെയ്യാൻ ധൈര്യം ഉണ്ടായില്ല. മാനഹാനി ഭീകരമായേനെ.അവനെ പേയിങ് ഗസ്റ്റ് ആയി മിസിസ് ലൂയിസിനടുത്ത് അയച്ചു.വളർത്തമ്മയുടെ പേര് അവൻ സ്വീകരിച്ചു. നിമ്മിൻറെ (ഹെലൻ ) മരണ ശേഷം ഡിമുത്ത് എന്ന പേരും ചേർത്തു.

എംഗൽസിന്റെ പേരാണ് ഫ്രഡിക്ക് കൊടുത്തത്. അവിവാഹിതനായ എംഗൽസ് മാർക്സിന്റെ കുടുംബം തകരാതിക്കാൻ ത്യാഗിയായി. 1962 ലാണ് വിവരം പുറത്തു വന്നത്. ഫ്രഡ്‌ഡിയെ മിസിസ് ലൂയിസ് എന്നൊരു തൊഴിലാളി വളർത്തിയതിനാൽ രേഖകളിൽ, ഫ്രഡറിക് ലൂയിസ് ഡിമുത്ത്. ജനന രേഖകൾ സൂക്ഷിക്കുന്ന സോമർസെറ്റ് ഹൗസിൽ, ഫ്രഡ്‌ഡിയുടെ രേഖയിൽ പിതാവിൻറെ സ്ഥലം ശൂന്യമാണ്. അമ്മ ഹെലൻ ഡിമുത്ത്. സംഭവം മൂടി വയ്ക്കുന്നതു കൊണ്ടും സംഭവം എന്നെങ്കിലും പുറത്തു വരും എന്ന പേടി കൊണ്ടും ജെന്നിയുടെ ജീവിതം ദുസ്സഹമായി. ജനന സ്ഥലം 28 ഡീൻ സ്ട്രീറ്റ്.

ഫ്രഡ്‌ഡി ജനിച്ച് അഞ്ചാഴ്ച കഴിഞ്ഞ്, ജനനം റജിസ്റ്റർ ചെയ്‌ത്‌ അടുത്ത ദിവസം, മാർക്‌സ് സുഹൃത്തായ ന്യൂയോർക്കിലെ പത്ര പ്രവർത്തകൻ ജോസഫ് വെയ്‌ഡ്മേയർക്ക്, എഴുതി:

എന്നെപ്പറ്റി ശത്രുക്കൾ പറയാനാകാത്ത അപകീർത്തി പറഞ്ഞു പരത്തുന്നു ...ഭാര്യ രോഗിണിയാണ്;അവൾക്ക് രാവിലെ മുതൽ രാത്രി  വരെ അസുഖകരമായ ബൂർഷ്വാ ദാരിദ്ര്യം സഹിക്കണം. അവളുടെ നാഡീ വ്യൂഹം തകർന്നിരിക്കുന്നു.അതൊരിക്കലും നന്നാകുന്നില്ല;എല്ലാ ദിവസവും ഏതെങ്കിലും കഥ പറച്ചിലുകാർ ജനാധിപത്യ അഴുക്കു ചാലിൽ നിന്ന് ചോർച്ചകൾ എത്തിക്കുന്നു.ഇവരുടെ ബുദ്ധിയില്ലായ്‌മ ഭീമമാണ്.

ആശാരി ആയ ഫ്രഡ്‌ഡി ലേബർ പാർട്ടി അംഗമായിരുന്നു.ഏലിയനോർ ഇയാളെ കണ്ടെത്തി കുടുംബ സുഹൃത്താക്കി.

മാർക്സിന്റെ അവിഹിത സന്തതി ഫ്രഡിക്ക് 20 വയസാകുമ്പോഴാണ് നാടകം തുടങ്ങുന്നത്. കൗമാരം കഴിഞ്ഞ ഏലിയനോർ മുപ്പതുകളിൽ എത്തിയ മാർക്സിസ്റ്റ് ലിസാഗരിയുമായി വിവാഹ നിശ്ചയം കഴിഞ്ഞ സമയം. മാർക്സ് ലിസാഗരിക്ക് എഴുതിയ കത്ത് നാടകത്തിന് ഉപയോഗിച്ചിട്ടുണ്ട്.നാടകത്തിൽ ഭാവന ഇല്ല.സത്യമേയുള്ളൂ.

മാർക്സിന്റെ അവിഹിതം പല വ്യാഖ്യാനങ്ങൾക്കും ഇടയാക്കി -മാർക്സോ എംഗൽസോ ഉത്തരവാദി അല്ലെന്ന് ബ്രിസ്റ്റോൾ പ്രൊഫസർ റ്റെറൽ കാർവർ നിരീക്ഷിച്ചു; അതിൽ കാര്യമില്ല കാർവറുടേത് ലഘു ജീവചരിത്രം മാത്രമാണ്.വേദനിച്ചിട്ടും ത്രികോണ ബന്ധം ജെന്നി സ്വീകരിച്ചെന്ന് ജെന്നിയുടെ ജീവചരിത്രകാരൻ ഹെയ്ൻസ് ഫ്രഡറിക് പീറ്റേഴ്‌സ് എഴുതി.നാടകകൃത്ത് സ്ത്രീ ആയതിനാൽ മാർക്സിന്റെ അവിഹിത പ്രശ്നത്തിലെ സാംസ്‌കാരിക, താത്വിക,ലിംഗനീതിപരമായ വശങ്ങളാണ് അവർ അന്വേഷിച്ചത് -സോഷ്യലിസം ഇക്കാര്യങ്ങൾ അഭിസംബോധന ചെയ്തിട്ടില്ലെന്ന് അവർക്ക് അഭിപ്രായമുണ്ട്. ഉയർന്ന ആദർശ വാചാടോപവും ക്രൂരമായ പ്രായോഗികതയും തമ്മിലുള്ള ഏറ്റുമുട്ടലാണ്, നാടകം. പ്രണയവും ദാസ്യവും തമ്മിലുള്ള സംഘർഷവും ആണ്, അത്. പ്രായപൂർത്തിയായ മകനെ, എംഗൽസ് ദത്തെടുത്തവനെ കാണാൻ ഹെലൻ ശ്രമിക്കുമ്പോൾ, ക്രൂരനായ ഇടനിലക്കാരനാണ്, എംഗൽസ്.വിപ്ലവത്തിന്റെയും സ്വാതന്ത്ര്യത്തിൻറെയും പ്രവാചകനായ എംഗൽസ്, ഹെലനെ തടയുന്നത്, വിക്ടോറിയൻ മൂല്യങ്ങൾ ഉപദേശിച്ചാണ്. ദാസിക്ക് ഉടമയോടുള്ള ഭക്തി വച്ച് എംഗൽസ് കളിക്കുന്നു. നാടകത്തിൻറെ ഒടുവിൽ, ജെന്നി പ്രവേശിക്കുമ്പോൾ, ഹെലൻ വീണ്ടും ദാസി ആകുന്നു.

-------------------------------------------
* Reminiscences, Page 227
**Karl Marx: A Biography / David McLellan, Pages 125 -126,244 -245
*** Karl Marx: Biographical Memoirs/ W.Liebknecht, Page 123
****കത്ത് A Kunzli എഴുതിയ Karl Marx:A Psychography യിൽ മുഴുവനായി ഉണ്ട്.


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...