ചിലപ്പതികാര കൊടുങ്ങല്ലൂർ
തമിഴ് ചരിത്രകാരൻ ടി പൊന്നമ്പലം പിള്ളൈ എഴുതിയ “കൊടുങ്ങല്ലൂർ ക്ഷേത്ര ഉദ്ഭവം” (The Origin of the Cranganur Temple) എന്ന ലേഖനം ഈയിടെ വായിച്ചു. നമ്മെക്കാൾ താൽപര്യം തമിഴർക്ക് കൊടുങ്ങല്ലൂരിനോടുണ്ട്. അത് ചേര തലസ്ഥാനവും കണ്ണകി കഥയുടെ എഴുത്ത് നടന്ന സ്ഥലവുമാണ്. അതിലുപരി കണ്ണകിക്ക് ക്ഷേത്രം ഉണ്ടായ സ്ഥലം. അത് മറന്നൊരു കളി തമിഴനില്ല.
കൊടുങ്ങല്ലൂർ ആണ് തലസ്ഥാനം എന്നത് കൃത്യമല്ല. തൊട്ടടുത്ത തിരുവഞ്ചിക്കുളം ആയിരുന്നു ചേര തലസ്ഥാനം.
കോയമ്പത്തൂരിലെ കരൂർ മുൻപൊരു കാലത്ത് തലസ്ഥാനം ആയിരുന്നിരിക്കാം എന്ന് പിള്ള എഴുതുന്നു. കരൂർ വെള്ളപ്പൊക്കവും വരൾച്ചയും ബാധിക്കുന്ന ഇടമാണ്. 1877 ലെ ക്ഷാമം പോലും തിരുവിതാംകൂറിനെയും കൊച്ചിയെയും ബാധിച്ചില്ല. അതിനാൽ കണ്ണകിക്കഥയുടെ കാലത്ത് തിരുവഞ്ചിക്കുളം തന്നെ തലസ്ഥാനം എന്നാണ് അദ്ദേഹം കാണുന്നത്.
‘ചിലപ്പതികാരം’, ‘മണിമേഖലൈ’ എന്നീ രചനകളിലും പിൽക്കാല ‘കോവലൻ കതൈ’യിലും ഈ വസ്തുതയ്ക്ക് തെളിവുണ്ട്. ‘ചിലപ്പതികാരം’ എന്നൊരു ചെറുകഥ മുൻപ് ഞാൻ എഴുതുമ്പോൾ ആ വാക്കിൻ്റെ അർത്ഥം കവി വി മധുസൂദനൻ നായരോട് ചോദിച്ചിരുന്നു. ചിലമ്പിൻ്റെ അധികാരം എന്നാണ് അദ്ദേഹം പറഞ്ഞത്. ചിലമ്പിൻ്റെ അധ്യായങ്ങൾ എന്നാണ് പിള്ള വിശദീകരിക്കുന്നത്. തമിഴിൽ ധ എന്ന അക്ഷരം ഇല്ല. അത് മലയാളത്തിൽ ഉള്ളതിനാൽ അധികാരം എന്ന് പറയാമെങ്കിലും ആ ധാരണ തെറ്റ്.
![]() |
കൊടുങ്ങല്ലൂർ കുരുംബ ക്ഷേത്രം |
കൊടും ക്രൂരത
കൊടുങ്ങല്ലൂർ എന്നത് കൊടും കോലൂർ എന്ന തമിഴ് വാക്കിൻ്റെ ലോപമായി പിള്ള കാണുന്നു. കൊടും എന്നാൽ ക്രൂരം. കോൽ എന്നാൽ തെറ്റ്, നിർഭാഗ്യം. ഊർ, നഗരം. ക്രൂരതയുടെ നഗരം എന്ന പേര് വന്നത് പൊതുവെ അങ്ങനെ എന്ന അർത്ഥത്തിൽ അല്ല. കണ്ണകിയോടും ഭർത്താവ് കോവലനോടും ചെയ്ത ക്രൂരത എഴുതപ്പെട്ട നഗരം എന്ന അർത്ഥത്തിൽ വന്നത്. തമിഴിനോടുള്ള ആശ്രയത്തിന് പകരം സംസ്കൃതത്തിന് പിന്നാലെ പായുന്ന മലയാളി അത് കോടിലിംഗപുരം എന്നതിൻ്റെ ലോപമായി കാണുന്നത് അസംബന്ധം.
സംഭവം നടന്നത് പാണ്ഡ്യ തലസ്ഥാനമായ മധുരയിൽ ആയിരുന്നു. സാധാരണ ഹിന്ദു ഗ്രന്ഥങ്ങൾ പോലെ ഏതെങ്കിലും ദൈവത്തെ പ്രാർത്ഥിച്ചു കൊണ്ടല്ല രണ്ടു രചനകളും തുടങ്ങുന്നത്. ചന്ദ്രൻ, സൂര്യൻ, മഴ എന്നിവയെ ആവാഹിച്ചാണ് തുടക്കം. ഇന്ദ്രനുള്ള വാർഷികോത്സവം പിന്നെ പരാമർശിക്കുന്നു. അതിനാൽ ഇവ വേദകാലത്തെന്നോ ബുദ്ധകാലത്തെന്നോ സംശയിക്കാം. ഇരു സ്രഷ്ടാക്കളും ബുദ്ധമതക്കാരായതിനാൽ ദൈവത്തെ വിളിച്ചില്ല എന്ന് കരുതാം. എന്നാൽ, ‘ജീവകചിന്താമണി’ പോലുള്ള ബുദ്ധ ഗ്രന്ഥങ്ങളും ദൈവത്തെ ഭജിച്ചു തുടങ്ങുന്നുണ്ട്.
‘ചിലപ്പതികാര’വും ‘മണിമേഖലൈ’യും ബുദ്ധ, പുരാണ കാലങ്ങൾക്കിടയിൽ ഉണ്ടായതാകാം. ‘ചിലപ്പതികാര’ത്തിൽ ബുദ്ധമതത്തെയും ഭിക്ഷുക്കളെയും പരാമർശിക്കുന്നു. ‘മണിമേഖലൈ’യിൽ അതിൻ്റെ തത്വങ്ങളുണ്ട്. രണ്ടിലും ബ്രഹ്മാവ് ഇല്ല. രചനകൾ സംസ്കൃത ശീലിൽ അല്ല.
രണ്ടിലും സമകാലിക ചരിത്രമുണ്ട്. ഇളങ്കോ അടികൾ ചെങ്കുട്ടുവൻ്റെ അനുജൻ ആയിരുന്നു. അമ്മ ചോള രാജാവ് കരികാലൻ്റെ മകൾ. സംഭവത്തിൽ വില്ലനായ അന്നത്തെ പാണ്ഡ്യ രാജാവ് ചേലിയൻ സെമ്പിയൻ വിവാഹം വഴി ചോള ബന്ധമുള്ളയാൾ. അന്നത്തെ ലങ്ക രാജാവ് കയാവാഹു. ആ ദ്വീപിൻ്റെ ചരിത്രം നോക്കിയാൽ സി ഇ (എ ഡി ) ഒന്നാം നൂറ്റാണ്ട്.
ചോള, ചേര, പാണ്ഡ്യ തലസ്ഥാനങ്ങൾ നോക്കിയാലും കഥയുടെ കാലം കിട്ടും. ചോള തലസ്ഥാനം കാവേരിപൂംപട്ടിനം. കാവേരിക്കര. കിഴക്കിലെ വലിയ തുറമുഖം. ജാവയും ചൈനയുമായി ഈ തലസ്ഥാനത്തിന് കച്ചവടം. കണ്ണകി കഥ കഴിയുമ്പോൾ ഈ നഗരം കടലെടുത്തു പോവുകയോ അഗ്നിപർവത സ്‌ഫോടനത്തിൽ ഇല്ലാതാവുകയോ ചെയ്തു. തലസ്ഥാനം കാഞ്ചിപുരമായി.
തിരുവഞ്ചിക്കുളം തലസ്ഥാനം
കണ്ണകി കഥയുടെ കാലത്ത് ചേര തലസ്ഥാനം കോയമ്പത്തൂരിലെ കരൂരോ കൊടുങ്ങല്ലൂരിൽ നിന്ന് ഒരു മൈൽ അകലെയുള്ള തിരുവഞ്ചിക്കുളമോ? ‘ചിലപ്പതികാരം’ അധ്യായം 25 ൽ രാജാവ് രാജ്ഞിക്കും കിരീടാവകാശിക്കും അനുജനും ഒപ്പം പ്രകൃതി സൗന്ദര്യം കാണാൻ പെരിയാർ നദിക്കരയിലാണ്. അത് “വിഷ്ണുവിൻ്റെ കഴുത്തിലെ മാല” പോലെ തോന്നിച്ചു. പരുത്തി, കൊന്ന, വേങ്ങ മരങ്ങൾ നദിക്കരയിൽ. ശിവഗിരി മലയിൽ നിന്നൊഴുകി കുത്തുകാലിൽ ഇടിയറയുമായി ചേർന്ന് തിരുവഞ്ചിക്കുളത്തിന് പത്തു മൈൽ അകലെ കൊച്ചിക്കായലിൽ അലിയുന്നു.
കരൂർ ആകട്ടെ, കാവേരി -അമരാവതി സംഗമത്തിലാണ്. ഇവിടെയാണ് രാജാവും സംഘവും എത്തിയത് എങ്കിൽ കാവേരിയെ പരാമർശിക്കുമായിരുന്നു. എന്നാൽ രാജാവ് എത്തിയത് പെരിയാർ കരയിൽ. തിരുവിതാംകൂർ -കൊച്ചി മലവാസികൾ പതിവ് പോലെ രാജാവിന് കാഴ്ചവസ്തുക്കൾ നൽകി. അതിൽ തേനും ആനക്കൊമ്പും തേങ്ങയും ഏലക്കയും മാങ്ങയും വെളുത്തുള്ളിയും വാഴപ്പഴവും അടയ്ക്കയും ചന്ദനവും ഒക്കെയുണ്ട്. ഇതൊക്കെ ഒന്നിച്ചു കിട്ടുന്നത് മലബാർ തീരത്താണ്. അതിനാൽ രാജാവ് എത്തിയത് തിരുവഞ്ചിക്കുളത്ത് തന്നെ.
‘മണിമേഖലൈ’ അധ്യായം 28 ൽ പറയുന്നത്, ചോള തലസ്ഥാനം കാഞ്ചിപുരത്തേക്ക് മാറ്റിയ ശേഷം വരൾച്ച വന്നപ്പോൾ ജനം തിരുവഞ്ചിക്കുളത്തേക്ക് പലായനം ചെയ്തു എന്നാണ്. ‘ചിലപ്പതികാരം’ അധ്യായം 23 ൽ കാണുന്നത്, കണ്ണകി ചേര രാജ്യത്തിലേക്ക് വൈഗൈ നദിയുടെ കര വഴി പടിഞ്ഞാറ് മലനാടിലേക്ക് പോയി എന്നാണ്. കണ്ണകിയെ കാണാതെ പിന്തുടർന്ന കൂട്ടുകാരികൾ ചോള തലസ്ഥാനത്തു നിന്ന് മധുരയ്ക്കും പിന്നെ വഞ്ചിക്കും പോയി.
പാണ്ഡ്യദേശത്തു നിന്ന് പണ്ടേ ചേര രാജ്യത്തേക്ക് പശ്ചിമഘട്ടം വഴി പോയിരുന്നു. പൂഞ്ഞാർ, പന്തളം കൊട്ടാരങ്ങൾ പാണ്ഡ്യ ബന്ധമുള്ളവർ ആയിരുന്നെന്നും പിള്ള വ്യക്തമാക്കുന്നു. പശ്ചിമഘട്ടം വഴിയാണ് അവർ പാണ്ഡ്യരാജ്യം വിട്ട് തിരുവിതാംകൂറിൽ എത്തിയത്. ആലുവയിലെ ശിവലിംഗവും ഈ വഴിയാണ് എത്തിയത്. മധുരയ്ക്കും ‘ആലുവായ്’ എന്ന് പറയാറുണ്ട്.
കഥ നടക്കുമ്പോൾ ചെങ്കുട്ടുവൻ കുടകും ഭരിച്ചിരുന്നു. കരൂരിൽ നിന്നല്ല, തിരുവഞ്ചിക്കുളത്ത് നിന്ന് കുടക് ഭരിക്കാനാണ് എളുപ്പം.
കണ്ണകിക്ക് ക്ഷേത്രം
കണ്ണകിക്കഥ പിള്ള വിശദമായി വിവരിക്കുന്നുണ്ട്. ചോള തലസ്ഥാനത്ത് രണ്ടു സമ്പന്ന കച്ചവടക്കാർ, മസത്തുവാനും മനൈകനും ജീവിച്ചു. ആദ്യത്തെയാളുടെ മകൻ കോവലനും രണ്ടാമൻ്റെ മകൾ കണ്ണകിയും വിവാഹിതരായി. ദമ്പതിമാർക്ക് പ്രത്യേക കൊട്ടാരം നൽകി. മാധവി എന്ന നർത്തകിയിൽ അനുരക്തനായി കോവലൻ എല്ലാം ധൂർത്തടിച്ചു. മാധവി വേറൊരാളിൽ മുഴുകി എന്ന് തോന്നിയ കോവലൻ കണ്ണകിയിലേക്ക് മടങ്ങി. വിൽക്കാൻ ചിലങ്കകൾ ബാക്കിയുണ്ടായിരുന്നു. അതിൽ ഒന്നെടുത്ത് രാജാവിൻ്റെ സ്വർണപ്പണിക്കാരൻ്റെ അടുത്ത് പോയി. റാണിയുടെ ചിലങ്ക പണിയാൻ കൊടുത്തത് അയാളിൽ നിന്ന് നഷ്‌ടമായ നേരം. സ്വർണപ്പണിക്കാരൻ കോവലനെ കള്ളനാക്കി ചിലങ്ക ഹാജരാക്കി. കോവലനെ രാജാവ് വധിച്ചു,
തുടർന്ന് പ്രജകളെ തടുത്തുകൂട്ടി കണ്ണകി പ്രതികാര യാത്ര തുടങ്ങുന്നു. തൻ്റെ ചിലങ്കയ്‌ക്കുള്ളിൽ വൈരം ഉണ്ടായിരുന്നെന്ന് കണ്ണകി തെളിവ് നിരത്തി, രാജാവിന് ഹൃദയാഘാതമുണ്ടായി. പുറത്തിറങ്ങിയ കണ്ണകി സ്വർണപ്പണിക്കാരൻ്റെ വീടിന് മേലേക്ക് ഇടതു മുല ഛേദിച്ച് വലിച്ചെറിഞ്ഞു. ജനം അയാളെ കൊന്നു, വീട് കത്തിച്ചു.
വ്യാജ നങ്ങേലിക്കഥയിൽ അല്ല ആദ്യമായി മുല ഛേദിച്ചത്!
![]() |
കുരുംബ |
കഥ കേട്ട് മനസ്സലിഞ്ഞ രാജാവ് കണ്ണകിക്ക് ആദരമായി കൊടുങ്ങലൂരിൽ ക്ഷേത്രം പണിതു. ഇത് ‘ചിലപ്പതികാരം’ അധ്യായം 27 ൽ വിവരിക്കുന്നു. ഭദ്രകാളിയുടെ അവതാരമായിരുന്നു, കണ്ണകി.
വിഗ്രഹത്തിനുള്ള ശില രാജാവ് തന്നെ ഹിമാലയത്തിൽ പോയി കൊണ്ടു വന്നു. ഇളങ്കോ അടികൾ എഴുതിയ ‘ചിലപ്പതികാര’ത്തിൽ മോക്ഷം കൈകാര്യം ചെയ്തില്ല. അതാണ് ‘മണിമേഖലൈ’യിൽ ചാതൻ ചെയ്തത്.
ഇങ്ങനെ കണ്ണകി സംഭവത്തിൽ നിന്നാണ് പൊന്നമ്പലം പിള്ളൈ കൊടുങ്ങല്ലൂർ സ്ഥലനാമ വേര് കണ്ടെടുക്കുന്നത്. ‘കൊടും കൽ ഊർ’ എന്നാൽ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്ന കല്ലിൻ്റെ പേരിലാണെന്ന് പറയുന്നവരുണ്ട്. നല്ല ഭരണമുള്ള സ്ഥലം എന്ന് മറ്റൊരു പാഠം -’കൊടും കോൽ ഊർ’. കോൽ എന്നാൽ ചെങ്കോൽ എന്നെടുത്താൽ. ‘കൊടും കാളി ഊർ’ എന്ന് വേറൊന്ന്.
മുന്നൂറു വർഷം ഈ സ്ഥലം ചേരന്മാരുടെ ആസ്ഥാനമായിരുന്നു. സ്ഥലപ്പേരുകൾ പൊതുവെ പുരാണങ്ങളുമായി ബന്ധപ്പെട്ടതിനാൽ കണ്ണകി ചരിത്രത്തിൽ വേരുണ്ട് എന്ന് കരുതുന്നത് തെറ്റാവില്ല.
തമിഴിലെ ചരിത്ര പാഠങ്ങളിൽ നിന്ന് കേരളത്തിന് ധാരാളം കോരിക്കുടിക്കാനുണ്ട്. നിർഭാഗ്യവശാൽ മാർക്സിസ്റ്റ് ചരിത്രകാരന്മാരുടെ പടിഞ്ഞാറൻ മലിനജലമാണ് മലയാളികൾ കുടിച്ചു കൊണ്ടിരിക്കുന്നത്. അതാണ് ഇന്നത്തെ വേട സന്നിക്ക് കാരണം.