Sunday, 29 September 2019

ദാമോദരനാണ് ശരി

പ്രളയകാലത്തെ മൺവണ്ടി 9

ഗുരുവായൂരിന് വടക്ക്,വൈലത്തൂരിൽ 1937 ൽ പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തോട് അനുബന്ധിച്ചാണ്,കെ ദാമോദരൻറെ 'പാട്ടബാക്കി' നാടകം ആദ്യമായി അവതരിപ്പിച്ചത്.'മലയാളത്തിലെ ആദ്യത്തെ വിജയകരമായ രാഷ്ട്രീയ നാടകം' എന്ന് സി ജെ തോമസ് 'ഉയരുന്ന യവനിക' യിൽ ഇതിനെ വിശേഷിപ്പിച്ചു.

സമ്മേളനത്തിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വന്ന നേതാക്കൾ കടലായി മനയ്ക്കലിരുന്ന് അത് വിജയിപ്പിക്കാൻ ആലോചിച്ചു.ദാമോദരൻ പറഞ്ഞു:
"ഒരു നാടകമോ മറ്റെന്തെങ്കിലും കലാപരിപാടികളോ ഉണ്ടെങ്കിൽ,കൂടുതൽ കൃഷിക്കാരെ ആകർഷിക്കാൻ കഴിയും".

ഇ എം എസ് പറഞ്ഞു:
"ശരിയാണ്,നാടകം ഉണ്ടെന്നറിഞ്ഞാൽ കൂടുതൽ ആളുകൾ വരും.എന്തെങ്കിലും നാടകം ആയാൽ പോരാ,കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണം.അത്തരമൊന്ന് മലയാളത്തിൽ ആരും എഴുതിയിട്ടില്ല.പ്രായോഗികമായ വല്ല നിർദേശവുമുണ്ടോ?"
ദാമോദരനെക്കാൾ മൂന്ന് വയസ്സിന് മൂത്തതാണ് ഇ എം എസ്.അദ്ദേഹം പെട്ടെന്ന് ദാമോദരന് നേരെ തിരിഞ്ഞു:"തനിക്കൊരു നാടകം എഴുതിക്കൂടെ ?"
നിശ്ശബ്ദത.എല്ലാവരും ദാമോദരനെ നോക്കി.
''ശ്രമിച്ചു നോക്കാം",ദാമോദരൻ പറഞ്ഞു.
"നോക്കാമെന്ന് പറഞ്ഞാൽ പോരാ,ഇനി ഒരാഴ്ചയേയുള്ളു",ഇ എം എസ് പറഞ്ഞു.
നാടകമെഴുത്തും റിഹേഴ്‌സലും ഒരാഴ്ചയ്ക്കകം നടക്കുമോ എന്നാരോ ശങ്കിച്ചപ്പോൾ,ദാമോദരൻ ഏറ്റു കഴിഞ്ഞല്ലോ എന്ന് കൊടമന നാരായണൻ നായർ ഉറപ്പിച്ചു.
കെ ദാമോദരൻ 
ദാമോദരൻ കഥയും കവിതയും എഴുതിയിരുന്നെങ്കിലും നാടകം ആദ്യമായിരുന്നു.ആതിഥേയൻ നാരായണൻ നമ്പൂതിരി ഒരു ബൗണ്ട് പുസ്തകവുമായി എത്തി."എന്നാൽ തുടങ്ങാം;ആ മുറിയിൽ പോയിരിക്കാം.എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി".
രണ്ടു ദിവസം കൊണ്ട് എഴുതി.സംവിധായകനും ദാമോദരൻ.ചില യുവ പ്രവർത്തകരെയും പണിക്കരെയും വിളിച്ചിരുത്തി വേഷം തീരുമാനിച്ചു.നോട്ട് പുസ്തകത്തിൽ എഴുതിയത് കീറിയെടുത്ത് വിതരണം ചെയ്‌തു.ഒരു ഭാഗം ദാമോദരനും എടുത്തു.മൂന്ന് ദിവസം റിഹേഴ്‌സൽ.ദാമോദരൻ സമ്മേളനത്തിൽ പ്രസംഗിച്ച് അണിയറയിൽ ചെന്ന് അമ്മയുടെ വേഷം കെട്ടി.

മലബാറിൽ ഉടനീളവും കൊച്ചിയുടെ പല ഭാഗത്തും നാടകം അവതരിപ്പിച്ചു.കർഷക സമ്മേളനങ്ങളോടും ഇടതു നിയന്ത്രണത്തിൽ നടന്ന കോൺഗ്രസ് സമ്മേളനങ്ങളോടും തൊഴിലാളി യൂണിയൻ വാർഷികങ്ങളോടും ചേർന്ന് ദാമോദരനും കർഷക പ്രസ്ഥാനത്തിൻറെ സംഘാടകരായ കെ പി ആർ ഗോപാലൻ,കെ എ കേരളീയൻ,എ കെ ഗോപാലൻ,സർദാർ ചന്ത്രോത്ത് കുഞ്ഞിരാമൻ നായർ തുടങ്ങിയവർ നാടകത്തിൽ അഭിനയിച്ചു.

നാടകം കൃഷിക്കാർക്ക് ആവേശമായി.ജന്മികൾക്ക് വിറളിയും.പഴയ വള്ളുവനാട് താലൂക്കിലെ വെള്ളിനേഴിയിലെ ശിവരാമ പൊതുവാളുടെ കുടുംബത്തിന് തെക്കേ മലബാറിലെ ജന്മി കുടുംബമായ ഒളപ്പമണ്ണ മനയിൽ കഴകം ഉണ്ടായിരുന്നു.1939 മേയിൽ വെള്ളിനേഴി വില്ലേജ് കർഷക സമ്മേളനത്തിൽ 'പാട്ടബാക്കി' അവതരിപ്പിച്ചപ്പോൾ പൊതുവാൾ അതിൽ ജന്മി വേഷം കെട്ടി.ശിക്ഷയായി പൊതുവാൾ കുടുംബത്തെ കഴകത്തിൽ നിന്നൊഴിവാക്കി.'പ്രഭാതം 'വാരിക ചുമതല ഉണ്ടായിരുന്ന ദാമോദരൻ,അതിൽ ചോദിച്ചു:
"മുൻപ് പാട്ടബാക്കി വച്ചാലേ ഒഴിപ്പിച്ചിരുന്നുള്ളു;ഇപ്പോൾ പാട്ടബാക്കി കളിച്ചാലും ഒഴിപ്പിക്കുകയോ?"

'പാട്ടബാക്കി' ആദ്യം അവതരിപ്പിച്ചപ്പോൾ,സംഭാഷണം പഠിക്കാൻ പുസ്തക താളുകൾ കീറികൊടുത്തിരുന്നു.അവ ശേഖരിച്ച് പകർത്തി 'മാതൃഭൂമി'ക്ക് കൊടുത്തു.ചില വ്യത്യാസങ്ങൾ വരുത്തി.

കോൺഗ്രസ് സോഷ്യലിസ്റ്റുകൾക്ക്,ഇടതുപക്ഷത്തിന് ആയിരുന്നു അന്ന് കെ പി സി സി യിൽ മുൻ‌തൂക്കം.ഇ എം എസും ദാമോദരനും പി നാരായണൻ നായരുമൊക്കെ അതിലായിരുന്നു.നാരായണൻ നായർ 'മാതൃഭൂമി'പത്രാധിപർ ആയതിനാൽ നിരവധി ഇടത് ലേഖനങ്ങൾ അതിൽ വന്നു.'പാട്ടബാക്കി'മൂന്ന് ലക്കങ്ങളിൽ വന്നു.സഞ്ജയനും കുട്ടികൃഷ്ണ മാരാരും മറ്റും വിമർശിച്ചു.

"ഇത് കലയാണെന്നൊന്നും നിങ്ങൾ സമ്മതിക്കണ്ട;ആവശ്യമാണെന്ന് സമ്മതിച്ചാൽ മതി",ദാമോദരൻ പറഞ്ഞു.കെടാമംഗലം പപ്പുക്കുട്ടിയുടെ 'കടത്തുവഞ്ചി'ക്ക് എഴുതിയ അവതാരികയിൽ,മാക്‌സിം ഗോർക്കിയുടെ 'താഴ്ന്ന അടിത്തട്ടുകാർ' എന്ന കൃതിയോട് കിടപിടിക്കുന്നതാണ് 'പാട്ടബാക്കി'യെന്ന് കേസരി ബാലകൃഷ്ണ പിള്ള നിരീക്ഷിച്ചു.പുതുതായി രൂപം കൊണ്ട 'ജീവൽസാഹിത്യ'ത്തെപ്പറ്റി മൂന്ന് ലേഖനങ്ങൾ കേസരി 'മാതൃഭൂമി'യിൽ എഴുതി.

ആദ്യ ജീവൽസാഹിത്യ സമ്മേളനം 1937 മെയ് എട്ടിന് തൃശൂരിൽ എ ഡി ഹരിശർമയുടെ അധ്യക്ഷതയിൽ നടന്നു.ചർച്ചയ്ക്ക് ദാമോദരൻ നേതൃത്വം നൽകി.'കല കലയ്ക്ക് വേണ്ടി' എന്ന വാദമുന്നയിച്ച് ജന്മി,നാടുവാഴി,മുതലാളിത്ത വ്യവസ്ഥയുടെ കുഴലൂത്തുകാരാകാതെ,ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരെ,ദേശീയ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടുന്ന ജനത്തിൻറെ എഴുത്തുകാരും ഗായകരുമാകാൻ ആഹ്വാനം ചെയ്യുന്ന മാനിഫെസ്റ്റോ അംഗീകരിച്ചു.എഴുതിയത് ദാമോദരൻ.

ഇത് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിലാണ് 'പാട്ടബാക്കി'ഉണ്ടായത്.ഇതിന് കുറച്ചുകൂടി വലിയ പശ്ചാത്തലമുണ്ട്.
സോവിയറ്റ് പാർട്ടി 1925 ൽ എഴുത്തിനെയും എഴുത്തുകാരെയും പറ്റി നാല് തീരുമാനങ്ങൾ എടുത്തു:

  • കമ്മ്യൂണിസ്റ്റ് നിരൂപകർ തങ്ങൾക്ക് സാഹിത്യ ലോകത്ത് ശാസനാധികാരം ഉണ്ടെന്ന ഭാവം ഉപേക്ഷിക്കണം.
  • രചനയിൽ ഒരു പ്രത്യേക സമ്പ്രദായത്തെയും പാർട്ടി അംഗീകരിക്കുന്നില്ല 
  • തൊഴിലാളി വർഗ സാഹിത്യം കൃത്രിമമായി നട്ടുവളർത്താനുള്ള വാസനയെ എതിർക്കുന്നു.
  • സാംസ്‌കാരിക പാരമ്പര്യത്തെ ആലോചന കൂടാതെ എതിർക്കുകയും പുഛിക്കുകയും ചെയ്യുന്നത് സ്വീകാര്യമല്ല.
ലെനിൻ മരിച്ച് സ്റ്റാലിൻ വന്ന കാലം.'പാട്ടബാക്കി'എഴുതുമ്പോൾ നയമൊക്കെ മാറി റഷ്യയിൽ വലിയ ഉന്മൂലന കാലമായിരുന്നു.ആദ്യത്തെ മൂന്ന് സംഗതികൾ നിരാകരിച്ച് 'സോഷ്യലിസ്റ്റ് റിയലിസം' 1934 ഓഗസ്റ്റിൽ എഴുത്തുകാരുടെ കോൺഗ്രസ് അംഗീകരിച്ചു.എഴുത്തുകാരുടെ യൂണിയൻ നിലവിൽ വന്നു.സ്റ്റാലിന്റെ സൈദ്ധാന്തികൻ എ എ ഷഡാനോവാണ് നയം പ്രഖ്യാപിച്ചത്.സോവിയറ്റ് സാഹിത്യമാണ്,ലോകത്തിലെ മഹദ് സാഹിത്യം,അത് മാത്രമാണ് സര്ഗാത്മകവും വികസിക്കുന്നതുമായ സാഹിത്യം എന്നും ഷഡാനോവ് പറഞ്ഞു.ബൂർഷ്വാ സംസ്കാരമാകെ ജീർണിച്ചു.അഴിമതിയിൽ മുങ്ങി.ബൂർഷ്വാ നോവലുകളിലാകെ ദുരന്ത ബോധമാണ്.അവ എഴുതിയവർ മുതലാളിത്തത്തിന് സ്വയം വിറ്റു.അവരുടെ നായകർ  ഭൂരിപക്ഷവും കള്ളന്മാരും ചാരന്മാരും തെമ്മാടികളും വേശ്യകളുമാണ്."ഇപ്പോഴാകട്ടെ,സോവിയറ്റ്  എഴുത്തുകാരുടെ മഹാപ്രസ്ഥാനം,സോവിയറ്റ് കരുത്തും പാർട്ടിയുമായി ലയിച്ചിരിക്കുന്നു.അതിന് പാർട്ടിയുടെ മാർഗ നിർദേശവും കേന്ദ്രകമ്മിറ്റിയുടെ നിരന്തര സഹായവും കരുതലും സഖാവ് സ്റ്റാലിന്റെ നിലയ്ക്കാത്ത പിന്തുണയുമുണ്ട് ".സോവിയറ്റ് സാഹിത്യം ശുഭാപ്തി പ്രകടിപ്പിക്കുന്നതും മുൻ നോക്കിയും ആയിരിക്കണം.അത് തൊഴിലാളികളുടെയും കൂട്ടുകൃഷിക്കളങ്ങളിലെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതും ആകണം.

ഈ സമ്മേളനത്തിലാണ്,നിങ്ങൾ]ഏതു ചേരിയിൽ എന്ന് ഷഡാനോവ് എഴുത്തുകാരോട് ചോദിച്ചത്.മനുഷ്യാത്മാക്കളുടെ എഞ്ചിനിയർമാരാണ് എഴുത്തുകാരെന്ന് പറഞ്ഞത്.മാക്സിം ഗോർക്കി യൂണിയൻ പ്രസിഡൻറായി.ജെയിംസ് ജോയ്‌സിന്റെ നോവൽ
'യുലീസസ്',കൃമികൾ നുരയ്ക്കുന്ന ചാണകക്കൂനയാണെന്ന് ഈ സമ്മേളനം വിധിച്ചു.1935 ൽ ഗോർക്കി ലണ്ടനിൽ രാജ്യാന്തര എഴുത്തുകാരുടെ സമ്മേളനം വിളിച്ചു.അതിൽ തോമസ് മൻ,റൊമെയ്ൻ റൊളാങ് എന്നിവരും ഇന്ത്യയിൽ നിന്ന് മുൽക് രാജ് ആനന്ദ്,സജ്ജാദ് സഹീർ,ഡോ ജ്യോതി ഘോഷ്,ഡോ മുഹമ്മദ് ദീൻ തൻസീർ എന്നിവരും പങ്കെടുത്തു.

ഉത്തർ പ്രദേശിൽ ദേശീയ മുസ്ലിം കുടുംബത്തിൽ ജനിച്ച ഉർദു എഴുത്തുകാരനായ സഹീർ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.സഹോദരൻ ഡോ ഹുസ്സൈൻ സഹീർ ഹൈദരാബാദ് റീജനൽ ലബോറട്ടറി ഡയറക്ടറായിരുന്നു.പിൽക്കാലത്ത് സി എസ് ഐ ആർ ഡയറക്ടർ എന്ന നിലയിൽ റീജനൽ ലാബുകൾ സ്ഥാപിക്കാൻ നെഹ്രുവിനൊ പ്പം നിന്നു.മൂത്ത സഹോദരൻ അലി സഹീർ യു പി കോൺഗ്രസ് നേതാവായിരുന്നു.

ഉർദു സാഹിത്യത്തിൽ മുപ്പതുകളിൽ നവീന സാഹിത്യം കെട്ടിപ്പടുത്തവരാണ്,പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ സെഡ് എ അഹമ്മദ്,ഭാര്യ ഹജ്‌റ ബീഗം,സജ്ജാദ് സഹീർ,മുഹമ്മദ് സഫർ,ഡോ റഷീദ ജഹാൻ തുടങ്ങിയവർ.ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് സെഡ് എ അഹമ്മദിനെ ഹജ്‌റ ബീഗം വിവാഹം ചെയ്‌തത്‌ തന്നെ,മുസ്ലിം യാഥാസ്ഥികത്വത്തെ വിറളി പിടിപ്പിച്ചു.കേരളത്തിൽ ബഷീർ, തകഴി, പൊൻകുന്നം വർക്കി, പി കേശവദേവ്,എസ് കെ പൊറ്റെക്കാട് എന്നിവർ 'അഞ്ചു ചീത്തക്കഥകൾ' സമാഹാരം ഇറക്കിയ പോലെ,ഇവരും ഒരു കഥാസമാഹാരം ഇറക്കി.ഈ ഉറുദു എഴുത്തുകാർ,പാർട്ടി പാകിസ്ഥാൻ വാദത്തെ അനുകൂലിച്ചപ്പോൾ അതിനൊപ്പം നിന്നു;പാർട്ടി അത് നിരാകരിച്ചപ്പോൾ നിരാശരായി.

ലണ്ടനിൽ ഗോർക്കി വിളിച്ച സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ 1935 ഡിസംബറിൽ അഹമ്മദാബാദിൽ ചേർന്ന് ഇന്ത്യൻ പുരോഗമന സാഹിത്യ സംഘടനയുണ്ടാക്കി.അന്ന് തയ്യാറാക്കിയ മാനിഫെസ്റ്റോയിൽ പ്രേം ചന്ദ്,സുമിത്രാനന്ദൻ പന്ത്,നിരാല,രഘുപതി സഹായ് ഫിറാക് എന്നിവർ ഉൾപ്പെട്ടു.വിശപ്പ്,ദാരിദ്ര്യം,സാമൂഹിക പിന്നാക്കാവസ്ഥ,രാഷ്ട്രീയ അടിമത്തം എന്നിവയുടെ പ്രശ്നങ്ങളാണ് പുതിയ സാഹിത്യം കൈകാര്യം ചെയ്യേണ്ടത്.പ്രതിലോമ ശക്തികളെയും സാമ്രാജ്യത്വത്തെയും എതിർക്കണം.സ്വാതന്ത്ര്യ സമരത്തിന് പിന്തുണയും ആവേശവും നൽകണം.

സഹീർ സംഘാടകനായി 1936 ൽ  ലക്‌നോയിൽ ആദ്യ അഖിലേന്ത്യ പുരോഗമന സാഹിത്യ സമ്മേളനം ചേർന്നു.ഇതിൽ പങ്കെടുത്ത ഏക മലയാളി,കെ ദാമോദരൻ.24 വയസ്സ്.പ്രേംചന്ദ് അധ്യക്ഷത വഹിച്ചു.
തിരൂർ പെരുമണ്ണ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടെയും പൊറൂർ കിഴക്കേടത്ത് നാരായണിയമ്മയുടെയും അഞ്ചു മക്കളിൽ മൂത്തതായിരുന്നു,ദാമോദരൻ.കേന്ദ്ര,സംസ്ഥാന തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള തിരൂർ വില്ലേജിലെ ഏഴു കുടുംബങ്ങളിൽ ഒന്നായിരുന്നു നമ്പൂതിരിയുടേത്.4500  രൂപ പ്രതിവർഷം ഭൂനികുതി അടച്ചിരുന്നു.

കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർ ജൂനിയർ വാർഷിക പരീക്ഷ എഴുതിയ ശേഷമാണ് ഉപ്പു സത്യഗ്രഹത്തിൽ ദാമോദരന് ആവേശമുണ്ടായത്.പ്രായപൂർത്തി ആകാത്തതിനാൽ നിയമം ലംഘിച്ച് ജയിലിൽ പോകാനായില്ല.തിരൂർ അങ്ങാടിയിലെത്തി തൻറെ വിദേശവസ്ത്രങ്ങൾ ദാമോദരൻ തീയിട്ടു.1930 ജൂണിൽ സീനിയർ ഇന്ററിന് കോഴിക്കോട്ടെത്തി.അന്തർജനങ്ങൾ ഉപയോഗിച്ച തരം ഓലക്കുട ചൂടി കോളജിൽ പോയി -സ്വദേശി വ്രതം.കേരള വിദ്യാർത്ഥി സംഘമുണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി.1931 മാർച്ച് 17 ന് താനൂരിൽ നിരോധനം ലംഘിച്ച് രാജ്യദ്രോഹ പ്രസംഗം നടത്തിയതിന് അറസ്റ്റിലായി.പൊലീസ് സ്റ്റേഷനിൽ പരസ്യമായി കീഴേടത്തെ കാരണവർ ദാമോദരൻറെ മുഖത്ത് ആഞ്ഞടിച്ചു.ഇന്റർമീഡിയറ്റിന് ഒരു പാർട്ടിന് തോറ്റു.ജയിലിൽ ഇരുന്ന് പഠിച്ചു.പരീക്ഷയുടെ തലേന്ന് മോചിതനായി.അന്ന് കോൺഗ്രസ് പ്രസംഗങ്ങളിൽ ദാമോദരന് ഒപ്പം ഉണ്ടായിരുന്നയാളാണ്,ഉറൂബ്.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ആചാര്യ നരേന്ദ്ര ദേവും ബാബു സമ്പൂർണാനന്ദും ശ്രീപ്രകാശും പ്രൊഫസർമാരായ കാശി വിദ്യാപീഠത്തിൽ ദാമോദരന് പ്രവേശനം കിട്ടി.കോഴിക്കോട് താമസിച്ച ബാരിസ്റ്റർ എ കെ പിള്ളയുടെ ലൈബ്രറിയിൽ നിന്ന് മാർക്സിസ്റ്റ് പുസ്തകങ്ങൾ വായിച്ചു.കടം വാങ്ങിയ പണം കൊണ്ട് കാശിയിലെത്തി ബി എ യ്ക്ക് തുല്യമായ ശാസ്ത്രി കോഴ്‌സിന് ചേർന്നു.സഹപാഠികൾ ആയിരുന്നു ലാൽ ബഹദൂർ ശാസ്ത്രിയും യു പി യിൽ പിന്നീട് മന്ത്രി ആയ അളഗു റായ് ശാസ്ത്രിയും.സീനിയറും പാർട്ടി അംഗവുമായ ഓംകാർ നാഥ് ശാസ്ത്രിയാണ് ദാമോദരനെ പാർട്ടിയിൽ ചേർത്തത്.1937 ൽ വി എസ് ഘാട്ടെ,പി കൃഷ്ണ പിള്ള,ഇ എം എസ് എൻ സി ശേഖർ,കെ ദാമോദരൻ എന്നിവർ കോഴിക്കോട് പാളയത്തെ ഒരു പച്ചക്കറിക്കടയ്ക്ക് മുകളിൽ പാർട്ടി രുപീകരിക്കാൻ ചേരുന്നതിന് രണ്ടു വർഷം മുൻപാണ്.

കാശി വിദ്യാപീഠം ലൈബ്രറിയിൽ മാർക്സ്,എംഗൽസ്,ലെനിൻ,സ്റ്റാലിൻ എന്നിവരുടെ പുസ്തകങ്ങൾ വായിച്ചു.ട്രോട് സ്‌കി,ബുഖാറിൻ എന്നിവരെ ഒഴിവാക്കി.കാശിയിൽ താമസിച്ചിരുന്ന പ്രേം ചന്ദിന്റെ 'ഹംസ്' എന്ന മാസികയിൽ ലേഖനങ്ങൾ എഴുതി.ആ ബന്ധമാണ് ലക്‌നോ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രേരണ.കേരളത്തിലേക്ക്  മടങ്ങി സംഘടനയ്ക്ക് കേരളഘടകം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് പ്രേം ചന്ദിനോട് പറഞ്ഞു.

മടങ്ങി എത്തി ദാമോദരൻ തൃപ്പൂണിത്തുറ സംസ്‌കൃത കോളജിൽ മൂന്ന് പ്രഭാഷണങ്ങൾ നടത്തി.സത്യഗ്രഹ കാലത്ത് ദാമോദരനൊപ്പം ജയിലിലുണ്ടായിരുന്ന വി പരമേശ്വരയ്യർ അതിന് സഹായിച്ചു.എൻ വി കൃഷ്ണ വാരിയർ അന്ന് വിദ്യാർത്ഥി.1937 ഏപ്രിൽ 14 രാത്രി ജീവൽ സാഹിത്യ സംഘ രൂപീകരണ യോഗം തൃശൂരിൽ ചേർന്നു.ആകസ്മികമായി എത്തിയ 'ബോംബെ ക്രോണിക്കിൾ' സഹ പത്രാധിപർ വി നാരായണ സ്വാമി അധ്യക്ഷനായി.വടക്കാഞ്ചേരിക്കാരനായ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അംഗമായിരുന്നു.

ദാമോദരൻറെ ഈ സാഹിത്യ ചുവട് വയ്‌പിന്റെ ഭാഗമാണ്,'പാട്ടബാക്കി'.ഇതാണ് കഥ:
കിട്ടുണ്ണി എന്ന ഫാക്റ്ററി തൊഴിലാളി,അമ്മ,സഹോദരി കുഞ്ഞി മാളു,സഹോദരൻ എന്നിവർക്കൊപ്പം ജീവിക്കുന്നു.അവരുടെ വീട്,ജന്മിയുടേതായി.അവർ ജന്മി രാമൻ നായർക്ക് പാട്ടബാക്കിയും കൊടുക്കാനുണ്ട്.കിട്ടുണ്ണിക്ക് കിട്ടുന്ന കൂലി കൊണ്ട് കുടുംബം പോറ്റാനാവില്ല.ഇത് മുതലാക്കി ജന്മിയുടെ കാര്യസ്ഥൻ കിട്ടുണ്ണിയുടെ സഹോദരിക്ക് പിന്നാലെ കൂടുന്നു.കിട്ടുണ്ണി ഗതികേട് കൊണ്ട് മോഷ്ടാവാകുന്നു.കിട്ടുണ്ണി തടവിൽ.കാര്യസ്ഥൻ ഉപദ്രവിക്കുന്നു.കുഞ്ഞിമാളു അയാളെ ചൂല് കൊണ്ടടിക്കുന്നു.രാമൻ നായർ കുടുംബത്തെയിറക്കി വിടുന്നു.കിട്ടുണ്ണിയുടെ അമ്മ,കൊച്ചുമകനെ കുഞ്ഞിമാളുവിനെ ഏൽപിച്ച് മരിക്കുന്നു.കുഞ്ഞിമാളു വേശ്യയാകുന്നു.തടവിൽ നിന്നിറങ്ങിയ കിട്ടുണ്ണിക്ക് ക്ഷോഭമുണ്ട്.അയാൾ വിവരങ്ങൾ അറിഞ്ഞ് കുഞ്ഞിമാളുവിനെ കൂട്ടി അന്തിമ പോരാട്ടത്തിന് ഇറങ്ങുന്നു.

ആ നിമിഷത്തിൽ മലയാള നാടകം മാറിയെന്ന് ഇ എം എസ് എഴുതി ( 1 ).മലയാള നാടക ചരിത്രത്തിൽ ആദ്യമായി ജോലി ചെയ്‌ത്‌ ജീവിക്കുന്ന ഭുരിപക്ഷത്തിൻറെ ജീവിത സമരം കലാകാരൻ കൈകാര്യം ചെയ്‌തു."ഇത് പഴയ തലമുറയിലെ കലാവിമര്ശകർക്ക് പിടിച്ചില്ല.ഒന്നുകിൽ പുച്ഛവും പരിഹാസവും അല്ലെങ്കിൽ ദേഷ്യവും വെറുപ്പും -ഇതാണവർ 'പാട്ടബാക്കി','രക്ത പാനം'  മുതലായ നാടകങ്ങളുടെ നേരെ എടുത്ത മനോഭാവം.നാടക ലക്ഷണങ്ങൾ നിർണയിക്കാൻ സ്വീകരിക്കേണ്ടതെന്ന് തങ്ങൾ പഠിച്ചു വച്ച നിയമങ്ങൾ എടുത്ത് മലർത്തിയടിച്ച് അവർ കൂക്കി വിളിച്ചു.ഇതൊന്നും നാടകമേയല്ല,വെറും കോപ്പിരാട്ടികൾ",ഇ എം എസ് എഴുതി.
ദാമോദരൻ 1939 ൽ തൊഴിലാളികൾക്കായി എഴുതിയ നാടകമാണ്,'രക്ത പാനം'.
തോപ്പിൽ ഭാസി 
ഇ എം എസിൻറെ ലേഖനത്തിൽ നിന്ന്:

"പാട്ടബാക്കിയിലെ അമ്മയും കിട്ടുണ്ണിയും കുഞ്ഞിമാളുവും ബാലനും തമ്മിലുള്ള ബന്ധങ്ങളിൽ ഓരോന്നിന്റെയും പശ്ചാത്തലത്തിൽ അവരുടെ മുക്കാട്ടിൽ മനയ്ക്കലെ ജന്മിയും കാര്യസ്ഥൻ രാമൻ നായരുമായുള്ള കുടിയായ്മ ഇന്നും നമുക്ക് കാണാം.
"കുടിയിറക്കപ്പെട്ട് നിരത്തു വക്കത്തു കിടന്ന് മരിക്കുന്ന അമ്മ,കുഞ്ഞി മാളുവിനോട് 'ഞാൻ മരിച്ചാൽ ...നിയ്യെയ് ...അവനേം കൊണ്ട്  ...തിരുമനസ്സിനോട് ...സങ്കടം പറഞ്ഞാൽ ...അവിടുന്ന് ...എന്തെങ്കിലും ചെയ്യാണ്ടിരിക്കില്ല'എന്ന് പറയുന്നു.
"കുഞ്ഞു മാളുവാകട്ടെ,"ഇല്യ അമ്മേ,ഞാൻ മനയ്ക്കലേക്ക് ഈ ജന്മത്ത് പോവില്യ.നമ്മളെ ഈ നിലയിലാക്കിയ ഈ ജന്മിയുടെ പടി ഞാൻ ഒരിക്കലും കേറില്യ.അമ്മ വ്യസനിക്കണ്ട.ബാലനെ ഞാൻ നല്ല പോലെ നോക്കിക്കൊള്ളാം.എന്ത് തൊഴിൽ എടുത്തെങ്കിലും ഞാൻ ബാലനെ രക്ഷിച്ചു കൊള്ളാം' എണ് അമ്മയോട് പ്രതിജ്ഞ ചെയ്യുന്നത്.
"അങ്ങനെ അവൾ വ്യഭിചാര ശാലയിൽ എത്തുന്നു.താനിങ്ങനെ വ്യഭിചാരിണി ആയി തീർന്നതിൽ സ്വയം വേദനിക്കപ്പെട്ടു കൊണ്ടിരിക്കെ തന്നെ ആ നിലയ്ക്ക് കണ്ട് കോപാകുലനായി തീർന്ന കിട്ടുണ്ണിയോട് പറയുന്നു:
ഏട്ടാ,കഷ്ടപ്പെടുന്ന കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ഏട്ടന്റെ അനിയത്തി മാനം വിറ്റു...ഏട്ടാ നമ്മുടെ പ്രിയപ്പെട്ട അമ്മ യാതൊരു ഗതിയുമില്ലാതെ നിരത്തിൻറെ വക്കത്ത് കിടന്നു.മരുന്ന് കിട്ടാതെ...ഏട്ടാ,അമ്മ മരിച്ചുവെന്നല്ല പറയേണ്ടത്.ആ ജന്മി,ആ ദുഷ്ടൻ,ആ കൊടും ക്രൂരൻ അമ്മയെ കൊന്നുവെന്ന് പറയണം !"

ഇ എം എസ് തുടർന്ന് എഴുതുന്നു:
''പാട്ടബാക്കിയിലെ കിട്ടുണ്ണിയുടെ കുടുംബത്തിന് നേരിടേണ്ടി വരുന്ന ദുരിതങ്ങൾ മറ്റ് ചില സാമൂഹ്യ നാടക കൃത്തുക്കളും ചിത്രീകരിച്ചെന്ന് വരും.കക്കുകയോ കക്കാതിരിക്കുകയോ ചെയ്യണ്ടത് എന്നാലോചിക്കുന്ന കിട്ടുണ്ണിക്കും അനുജനെ പോറ്റാനായി വ്യഭിചാരിയായി മാറുന്ന കുഞ്ഞിമാളുവിനും നേരിടേണ്ടി വരുന്നത് പോലുള്ള മാനസിക കുഴപ്പങ്ങൾ ചില 'മനസികാപഗ്രഥന' നാടകങ്ങളിലും കണ്ടേക്കും.പക്ഷെ,ഇത്തരം ദുരിതങ്ങളുടെയും മാനസിക കുഴപ്പങ്ങളുടെയും നടുവിലൂടെ ഒരു സാധാരണ കൃഷിക്കാരൻ,നാം കാണാറുള്ള 'ചുവപ്പ് കൊടി'ക്കാരനായി,സമ്മേളനങ്ങളിലും യോഗങ്ങളിലുമൊക്കെ വന്ന് മുദ്രാവാക്യം വിളിക്കുന്ന ആളായി മാറുന്നത്,ദാമോദരനാണ് നമുക്കാദ്യം കാണിച്ചു തന്നത്.ഇതാണ് അദ്ദേഹത്തിൻറെ പാത്ര നിർമ്മാണകാര്യത്തിലുള്ള വിജയം".
'പാട്ടബാക്കി' അവതരിപ്പിച്ച് ഒന്നര നൂറ്റാണ്ടിന് ശേഷം വന്ന തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' കമ്മ്യൂണിസ്റ്റിതരരുടെയും പ്രശംസ നേടിയെന്ന് ഇ എം എസ് 19 കൊല്ലത്തിന് ശേഷം ഒരു ലേഖനത്തിൽ ( 2 ) കണ്ടു.അദ്ദേഹം എഴുതി:

"പാട്ടബാക്കിക്ക് ശേഷം ) വന്ന വിപ്ലവ നാടകങ്ങൾക്കെല്ലാം കാര്യമായ കുറവുണ്ടായിരുന്നു.സംഘടിത ബഹുജന പ്രസ്ഥാനത്തിൻറെ പ്രത്യക്ഷമായ പ്രചാര വേലയ്ക്ക് സഹായകമാവുന്ന സാഹചര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്നവയാണ് അവയുടെ ഇതിവൃത്തം.അവയിലെ കഥാപാത്രങ്ങൾ ഓരോന്നും പ്രത്യക്ഷമായ പ്രചാര വേലയെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സഹായിക്കുന്നവരായിരിക്കണമെന്ന് നാടക കർത്താക്കൾക്ക് നിർബന്ധമായിരുന്നു.വിപ്ലവ ശക്തികളെ പ്രതിനിധാനം ചെയ്യുന്നവർ,പ്രതിവിപ്ലവ ശക്തികളുടെ പ്രതിനിധികൾ എന്നീ രണ്ടു വർഗത്തിൽപ്പെട്ട വിവിധ കഥാപാത്രങ്ങളാണ് രംഗത്ത് വന്നിരുന്നത്.ഇവർ തമ്മിലുള്ള സംഘട്ടനങ്ങൾ സുസംഘടിതരായ തൊഴിലാളി -കർഷകാദി ബഹുജനങ്ങളെ ആഹ്ളാദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്‌തുവെങ്കിൽ മറ്റ് സാധാരണക്കാരിൽ ഒരു ചലനവും സൃഷ്ടിക്കാൻ അവ പര്യാപ്തമായില്ല.ഈ കുറവ് പരിഹരിച്ചതാണ്,'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ മേന്മ.'പാട്ടബാക്കി' തൊട്ടുള്ള മുൻ നാടകങ്ങളെപ്പോലെ ഇതും വിപ്ലവാനുകൂല പ്രചാര വേലയെന്ന പ്രത്യക്ഷമായ ലക്ഷ്യങ്ങൾ നിലനിർത്തി തന്നെ തയ്യാറാക്കിയയതാണ്.പക്ഷെ അതിൻറെ പശ്ചാത്തലമായി,സാമൂഹ്യ ജീവിതത്തിൻറെ രാഷ്ട്രീയേതരമെന്ന് തോന്നിക്കുന്ന ഒരു വശം അവതരിപ്പിക്കുന്നുണ്ട്.മധ്യ തിരുവിതാംകൂറിലെ നായർ ഭൂവുടമ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ തകർച്ചയാണ് ആ പശ്ചാത്തലം."

'പാട്ടബാക്കി'യിൽ ഇല്ലാത്ത ഒരു കമ്മ്യൂണിസ്റ്റിതര സാമൂഹ്യ പശ്ചാത്തലം 'കമ്മ്യൂണിസ്റ്റാക്കി'യിൽ ഉണ്ടെന്നും അത് വിജയമാണെന്നും അർഥം.എന്നാൽ,''യാഥാസ്ഥിതിക നായർ കുടുംബങ്ങളുടെ തകർച്ചയെ ചിത്രീകരിക്കുന്നതിൽ അസാമാന്യ വിജയം നേടിയ ഭാസി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കാണികളിൽ മതിപ്പുണ്ടാക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ തികച്ചും പരാജയപ്പെട്ടിരിക്കുകയാണ് " എന്നും "അദ്ദേഹത്തിൻറെ നാടകത്തിലെ ഏറ്റവും നിർജീവമായ കഥാപാത്രങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരുമാണ് " എന്നും കൂടി ഇ എം എസ് നിരീക്ഷിക്കുന്നു.

ഇ എം എസ് എഴുതുന്നു:
"പരമു പിള്ളയെക്കൊണ്ട് അവസാനം 'നിങ്ങളൊക്കെ കൂടി എന്നെ കമ്മ്യൂണിസ്റ്റാക്കി ' എന്ന് പറയിക്കത്തക്ക എന്തെങ്കിലും സ്വഭാവ വിശേഷം ഗോപാലനിൽ കാണികൾക്ക് ദർശിക്കാൻ കഴിയുകയില്ല.നേരെ മറിച്ച്,ലോകത്തിൽ ഒരാളുടെയെങ്കിലും അഭിപ്രായം മാറ്റാൻ കഴിവില്ലാതെ,തികച്ചും 'ബോറനായ' രീതിയിൽ അരങ്ങു മുഷിപ്പിക്കുന്ന ഇത്തരക്കാരാണോ പുന്നപ്ര വയലാറിൻറെയും കയ്യൂരിൻറെയും പാരമ്പര്യം സൃഷ്‌ടിച്ച ഒരു പ്രസ്ഥാനത്തിന് രൂപം നൽകിയതെന്ന സംശയമാണ് അവരിൽ ഗോപാലൻ സൃഷ്ടിക്കുക.'പാട്ടബാക്കി'തൊട്ടുള്ള നിരവധി വിപ്ലവ രാഷ്ട്രീയ നാടകങ്ങളിലെ കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങളെക്കാൾ പോലും നിര്ജീവമാണ്,'കമ്മ്യൂണിസ്റ്റാക്കി'യിലെ ഗോപാലൻ എന്ന് പറഞ്ഞാൽ അതിശയോക്തിയാവുമെന്ന് തോന്നുന്നില്ല"

അദ്‌ഭുതകരമാണ്,ഈ നിരീക്ഷണം.ഇതിൽ പറയുന്ന ഇ എം എസിൻറെ രണ്ടു ലേഖനങ്ങളിൽ ദാമോദരനെക്കുറിച്ചുള്ളത് 1954 ൽ അവിഭക്ത പാർട്ടിയുടെ കാലത്തും ഭാസിയെക്കുറിച്ചുള്ളത്  1973 ൽ പാർട്ടി പിളർപ്പിന് ശേഷവുമാണ് വന്നത്.പിളർപ്പിന് ശേഷം ദാമോദരനും ഭാസിയും ഇ എം എസ് വിരുദ്ധ ചേരിയിൽ ആയിരുന്നു.കമ്മ്യൂണിസ്റ്റ് നാടകം എന്ന നിലയിൽ ഒരു ക്‌ളാസിക് ഭാസിയുടെ നാടകമാണ് താനും.

സി ജെ തോമസ് ഇ എം എസ് സർക്കാരിനെതിരെ 1959 ൽ 'വിഷവൃക്ഷo ' നാടകം എഴുതിയപ്പോൾ,അതിൽ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' യിലെ കഥാപാത്രങ്ങളെ തന്നെയാണ് ഉപയോഗിച്ചത്.ഗോപാലൻ 1957 മന്ത്രിസഭയുടെ കാലത്ത്,അധികാര ദല്ലാൾ ആയി പണമുണ്ടാക്കുന്ന അവസരവാദിയാകുന്നു അതിൽ.സി ജെ തോമസിനോട് ഇ എം എസ്,ഗോപാലൻറെ കാര്യത്തിൽ യോജിക്കുന്ന നില.അനാവശ്യമായ ഒരു പ്രേമകഥ നാടകത്തിൽ തിരുകിയതിന് ഇ എം എസ് ഭാസിയെ കുറ്റപ്പെടുത്തുന്നു:
"ഭാസിയാകട്ടെ,'താനൊരു കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല,പ്രതിഭാശാലിയായ ഒരു കലാകാരൻ കൂടിയാണെന്ന' പ്രശസ്തി നേടുന്നതിനിടയിൽ 'പ്രതിഭാശാലികളായ കലാകാരൻ'മാരുടെ ധാരണകൾക്കൊത്തു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ വികൃതമായ ഒരു ചിത്രം വരച്ചു കാട്ടി;അങ്ങനെ,പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം,ഗുണത്തോടൊപ്പം തന്നെ ദോഷവുമുള്ള നാടകമായി 'കമ്മ്യൂണിസ്റ്റാക്കി'കലാശിച്ചു ".
മലയാളത്തിലെ ഏറ്റവും വിജയകരമായ രാഷ്ട്രീയ നാടകമാണ് 'പാട്ടബാക്കി'എന്ന് വിലയിരുത്തിയ സി ജെ തോമസ്,1950 ൽ 'ഉയരുന്ന യവനിക'യിൽ എഴുതി:

"പത്തും പന്ത്രണ്ടും മൈൽ അകലെ നിന്ന് 'പാട്ടബാക്കി' കാണാൻ വേണ്ടി കൃഷിക്കാർ നടന്നെത്തുക എന്നത്,സാധാരണ സംഭവമായിരുന്നു.അഭിനയത്തിനിടയിൽ സദസ്യർ എഴുന്നേറ്റ് നിന്ന് നീച പാത്രങ്ങളുടെ സംഭാഷണങ്ങൾക്ക് ചുട്ട മറുപടി കൊടുക്കാറുണ്ടായിരുന്നു എന്നതിൽ കവിഞ്ഞ് ഒരു നാടകത്തിന് എന്ത് വിജയമാണ് വേണ്ടത്?...പ്രചാരണമെന്ന നിലയിൽ,ഏറ്റവും വിജയകരമായ രാഷ്ട്രീയ നാടകം ഏതെന്നു ചോദിച്ചാൽ 'പാട്ടബാക്കി' എന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പറയും".

ഈ വിജയം 'പാട്ടബാക്കി'യെ കലാപരമായി പരാജയപ്പെടുത്തിയെന്ന് സി ജെ നിരീക്ഷിച്ചു.ഉത്തമ നാടകങ്ങളുടെ വിജയം,പാത്രങ്ങളുടെ മനസ്സിലെ സംഘട്ടനങ്ങളെ നാടകീയമായി ചിത്രീകരിക്കുന്നതിലാണ്.'പാട്ടബാക്കി'യിൽ അത്തരം ഘട്ടങ്ങൾ മൂന്നാണ്.അവയിലൊന്നും പ്രേക്ഷകരെ ശ്വാസം മുട്ടിക്കാനുള്ള സംഘർഷം നാടകകൃത്തിന് സൃഷ്ടിക്കാൻ ആയില്ല.കിട്ടുണ്ണി അധികം ആലോചിക്കാതെയാണ് മോഷണം നടത്തുന്നത്.കുഞ്ഞിമാളു വേശ്യാവൃത്തിക്ക് പ്രവേശിക്കും മുൻപ് മാനസിക സംഘർഷമില്ല.അവസാന രംഗത്തിൽ കിട്ടുണ്ണിയുടെ കോപം അടങ്ങുന്നത്,അസംഭവ്യമായി തോന്നും.'പാട്ടബാക്കി 'യിലെ കഥാപാത്രങ്ങൾ ചതുരവടിവിൽ ചലിക്കുന്ന പാവകൾ മാത്രമാണ്."എന്നിരുന്നാലും 'പാട്ടബാക്കി'യിലെ പാത്രങ്ങൾക്ക് ആകെക്കൂടി ഒരു പന്തികേടുണ്ട്.അവരോട് നമുക്ക് അനുഭാവമോ വെറുപ്പോ തോന്നിയെന്ന് വരാം.പക്ഷെ ഒരിക്കൽക്കൂടി അവരെ കാണണമെന്ന് ആഗ്രഹമുണ്ടവുകയില്ല-സി ജെ നിരീക്ഷിച്ചു.
പാട്ടബാക്കി/ ചന്ദ്രദാസൻ,2009 
'പാട്ടബാക്കി'നാടകമെന്ന നിലയിൽ നന്നല്ല എന്നർത്ഥം;കലാരൂപം ആയില്ല.അതാണ് സോഷ്യലിസ്റ്റ് റിയലിസത്തിൻറെ പ്രശ്‍നം -മുദ്രാവാക്യം വിളി കലാരൂപമല്ല.

'പാട്ടബാക്കി'യുടെ കുറവുകൾ ദാമോദരന് ബോധ്യപ്പെട്ടിരുന്നു.ആദ്യം അവതരിപ്പിച്ച ശേഷം,വേദിയിൽ നടന്ന പരീക്ഷണങ്ങളുടെയും തിരുത്തലുകളുടെയും വെളിച്ചത്തിൽ,നാടകം മാറ്റി എഴുതാൻ ആഗ്രഹിച്ചു.ആ പണിക്ക് മുൻപേ അറസ്റ്റിലായി.അഞ്ചുകൊല്ലം തടവിന് ശേഷം,മടങ്ങി വന്ന് തിരുത്തലിന് ശ്രമിക്കും മുൻപ് വീണ്ടും അറസ്റ്റിൽ.1950 ൽ ജയിലിൽ ആയിരിക്കെ ഇരിങ്ങാലക്കുട വിജയ പ്രസ് ഉടമ ശ്രീകണ്ഠ വാരിയർ 'പാട്ടബാക്കി'യുടെ ഒരു പതിപ്പിറക്കി.കൊച്ചി സർക്കാർ 'പാട്ടബാക്കി' പുസ്തകവും അവതരണവും നിരോധിച്ചു.പ്രസ് കണ്ടുകെട്ടി.കോപ്പികൾ പിടിച്ചെടുത്തു.

ദാമോദരൻ 1952 തുടക്കം നാടകം തിരുത്താൻ ഇരുന്നു.പുതിയ സാഹചര്യത്തിൽ അത് എളുപ്പവും അഭിലഷണീയവും അല്ല എന്ന് ബോധ്യപ്പെട്ടു.1972 ൽ ഏഴാം പതിപ്പ് സ്വയം പ്രസിദ്ധീകരിച്ചു.1964 ലെ പാർട്ടി പിളർപ്പിൽ എതിർ ചേരി നടത്തിയ പ്രചാരണമാണ് പുതിയ പതിപ്പിന് പ്രേരകമായത്.

അപ്പോൾ സാഹിത്യത്തെ സംബന്ധിച്ച സ്റ്റാലിനിസ്റ്റ് കാഴ്ചപ്പാടിൽ നിന്ന് ദാമോദരൻ മാറിയിരുന്നു.ദാമോദരൻ നിലപാട് ഇങ്ങനെ വ്യക്തമാക്കി ( 3 ):

"സാമൂഹ്യ ജീവിതം പ്രതിഫലിപ്പിക്കുന്ന വെറുമൊരു കണ്ണാടിയോ ക്യാമറയോ അല്ല സാഹിത്യം.ഒരു കണ്ണാടിയുടെയോ ക്യാമറയുടെയോ ധർമ്മമല്ല മനുഷ്യ ഹൃദയത്തിന് നിർവഹിക്കാനുള്ളത്.കാളിദാസനും ഷേക്ക് സ്‌പിയറും പുഷ്‌കിനും മറ്റും ഏത് വർഗ്ഗത്തിൻറെ പ്രതിനിധികളാണ് ?മാർക്സ് പതിവായി എസ്കിലസും ഹോമറും മറ്റും വായിച്ച് ആസ്വദിച്ചിരുന്നത് എന്ത് കൊണ്ട്?തൊഴിലാളി കർഷക ബഹുജന പ്രസ്ഥാനങ്ങളിൽ നിന്നാവേശം ഉൾക്കൊള്ളുകയും ബഹുജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ സമരങ്ങളിൽ ബോധപൂർവം പങ്കെടുക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം ആർക്കും പ്രതിഭാശാലിയായ സാഹിത്യകാരനാകാൻ കഴിയില്ല.സാഹിത്യ നിർമാണത്തിലെ ഏറ്റവും മുഖ്യമായ ഘടകമാണ് സൗന്ദര്യം.ഏതു കാലഘട്ടത്തിൽ രചിക്കപ്പെട്ടതായാലും വായനക്കാരുടെ ഹൃദയങ്ങളിലേക്ക് സൗന്ദര്യം പകർന്നു കൊടുക്കാൻ കഴിവുള്ള കൃതികളെല്ലാം കാലദേശങ്ങളെ അതിജീവിച്ചു നിൽക്കുന്നു."

ഒരു കാലത്ത് സാഹിത്യവും സാഹിത്യ സംഘടനയും 'കല കലയ്ക്ക് വേണ്ടി' എന്ന് വാദിച്ചവരിൽ നിന്ന് പിടിച്ചെടുക്കാൻ അധ്വാനിച്ച ദാമോദരൻ,'കല കലയ്ക്ക് വേണ്ടി'എന്നിടത്ത് എത്തി.സ്റ്റാലിനെയും ഷഡാനോവിനെയും നിരാകരിക്കുന്നതാണ് നാം കണ്ടത്.'വിഷവൃക്ഷ'ത്തിൽ നിന്ന് വിമോചന സമരം മാറ്റി,പകരം മരണത്തെ വച്ച് അത് തിരുത്തി എഴുതാൻ ആഗ്രഹിക്കുന്നുവെന്ന് സി ജെ തോമസ് പറഞ്ഞതായി എം ഗോവിന്ദൻ രേഖപ്പെടുത്തിയിട്ടുണ്ട്.ദാമോദരനായാലും സി ജെ ആയാലും തിരുത്തലുകൾ എളുപ്പമല്ല.ഭൂതകാലം ജീവിതത്തിന് മുന്നിൽ തളം കെട്ടി കിടക്കും.തിരുത്തലിൽ ഇ എം എസിനേക്കാൾ ഭേദം ദാമോദരൻ തന്നെ.
-----------------------------------------------
1.ഇ എം എസ്‌ / പാട്ടബാക്കി മുതൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വരെ.'ജനയുഗം' വിശേഷാൽ പ്രതി,1954.
2.ഇ എം എസ് / മലയാള നാടക വേദി:'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യും അതിനു ശേഷവും.ദേശാഭിമാനി വിഷു വിശേഷാൽ പ്രതി,1973.
3.കെ ദാമോദരൻ / സാഹിത്യത്തിലെ മാർക്സിയൻ വീക്ഷണം.നവയുഗം വിശേഷാൽ പ്രതി,1971 



© Ramachandran 


Friday, 27 September 2019

അറിയാതെ കളിക്കുന്ന കാലാൾ

പ്രളയകാലത്തെ മൺവണ്ടി 7

The worst Socialism is better than the best Capitalism.
-Gyorgy Lukacs.

ഒന്ന്:നാടകത്തിലെ മാർക്‌സിസം 

തോപ്പിൽ ഭാസി എഴുതിയ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകത്തെ വിമർശിക്കുമ്പോൾ,അതിലെ ഗോപാലൻ,മാത്യു എന്നീ കഥാപാത്രങ്ങൾ 'ജീവനുള്ള കമ്മ്യൂണിസ്റ്റുകാരുമായി യാതൊരു പൊരുത്തവുമില്ലാത്ത പാവകൾ' ആണെന്ന് ഇ എം എസ് നിരീക്ഷിക്കുകയുണ്ടായി (1 ).ഇത്തരം നിർജീവത്വം ചെറുകാടിൻറെ 'നമ്മളൊന്നി'ലെ മുഹമ്മദിനും ശങ്കുണ്ണിക്കും പി ജെ ആൻറണിയുടെ 'ഇങ്ക്വിലാബിന്റെ മക്കളി'ലെ ഫ്രാന്സിസിനും ഉള്ളതായി അദ്ദേഹം കണ്ടു.തപാൽ ശിപായിയുടെ ജീവിതം ചിത്രീകരിച്ച കെ ടി മുഹമ്മദിൻറെ 'സ്ഥിതി' എന്ന നാടകത്തിൽ ''പി ആൻഡ് ടി യൂണിയൻറെ നേതൃത്വത്തിൽ തപാൽ ശിപായിമാരും കൂട്ടരും വളർത്തിയെടുത്ത പ്രസ്ഥാനത്തിൻറെ ചെറിയ സൂചന പോലും ഇല്ല".

ഇതാണോ മാർക്‌സിയൻ  സൗന്ദര്യശാസ്ത്ര വിമർശനം ?ഭരണകൂടം കൊഴിഞ്ഞ ശേഷമുള്ള മനുഷ്യനെപ്പറ്റിയാണ് ഇ എം എസ് പറഞ്ഞതെങ്കിൽ,നേരാകാം.അല്ലാത്ത കാലത്തെ സാധാരണ മനുഷ്യന് കുറ്റങ്ങളും കുറവുകളും ഉണ്ടാകും.നാടകത്തെ സംബന്ധിച്ച മാർക്‌സിയൻ കാഴ്ചപ്പാട് ഇതാണോ ?

ഹംഗറിയിലെ മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജോർജ് ലൂക്കാച്ച് ( 1885 -1971 ) എഴുതിയ ദീർഘമായ,'ആധുനിക നാടകത്തിൻറെ സാമൂഹിക ശാസ്ത്രം' എന്ന പ്രബന്ധം ( 2 ) നോക്കാം.നമ്മുടെ കാലത്തെ ഏറ്റവും പ്രധാന സാഹിത്യ വിമർശകൻ എന്ന് തോമസ് മൻ വിശേഷിപ്പിച്ച ലൂക്കാച്ച്,ഈ പ്രബന്ധം എഴുതിയത്,1909 ൽ.അത് തിരുത്തി 1914 ൽ വന്നു.ഇംഗ്ലീഷിൽ 1965 ലും.ഇ എം എസ്‌ ഇതൊന്നും അറിഞ്ഞിട്ടില്ല..
ഇ എം എസ്, ഭാസിക്കെതിരെ ആദ്യ വിമർശനം ഉയർത്തിയത് 1954 ലാണ്.ഭാസിക്കെതിരെ ഇതേ വിമർശനം 1973 ലും ഉയർത്തി ( 3 ).

ദ്വന്ദ്വാത്മക ശക്തി മനുഷ്യനിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ലൂക്കാച്ച് വിശദീകരിക്കുന്നത്, ചതുരംഗ കളത്തിലെ കാലാളിന് സമാനമായ Pawns എന്ന വാക്ക് തന്നെ വച്ചാണ്;പണയ വസ്‌തുവും ആകാം:

Men are but pawns,their will is but their possible moves,and it is what remains forever alien to  them which moves them.Man's significance consists only of this,that the game cannot be played without him, that men are the only possible hieroglyphs with which the mysterious insciption maybe composed.
( മനുഷ്യർ കാലാളുകളാണ്.അവർ നടത്താനിടയുള്ള നീക്കങ്ങളാണ്,അവരുടെ ഇച്ഛ.അതാണ് എക്കാലവും അവർക്ക് അന്യമായി നിൽക്കുകയും അവരെ നീക്കുകയും ചെയ്യുന്നത്.അവനില്ലാതെ കളിക്കാൻ പറ്റില്ല എന്നത് മാത്രമാണ്,അവൻറെ പ്രാധാന്യം.എഴുതാൻ പോകുന്ന ദുരൂഹമായ ലിഖിതത്തിലെ ചിത്രലിപികൾ മനുഷ്യൻ മാത്രമാണ് ).

പാവകൾ അഥവാ കാലാളുകൾ ആയാൽ തന്നെ തെറ്റില്ല എന്ന് !
ക്‌ളാസിക് ദുരന്ത നാടക നായകനും ആധുനിക നാടക നായകനും തമ്മിലുള്ള വൈജാത്യങ്ങളാണ്,ലൂക്കാച്ച് പ്രബന്ധത്തിൽ പരിശോധിക്കുന്നത്.
ലൂക്കാച്ച്,1919 
ലൂക്കാച്ച് പാർട്ടിയിൽ ചേരുന്നത് 33 വയസ്സിൽ 1918 ലാണ്.ഹംഗറിയിൽ രണ്ടു മന്ത്രിസഭകളിൽ ലൂക്കാച്ച് അംഗമായിരുന്നു;1919 ൽ 133 ദിവസം മാത്രം സോവിയറ്റ് ഹംഗറി റിപ്പബ്ലിക് എന്നൊരു പരീക്ഷണം നില നിന്നിരുന്നു.പാർട്ടി ജനറൽ സെക്രട്ടറി ബേല കുൻ നിന്ത്രിച്ച മുന്നണി മന്ത്രി സഭ.അതിൽ വിദ്യാഭ്യാസ ഉപമന്ത്രി ആയിരുന്നു ലൂക്കാച്ച്;വർഷങ്ങൾ കഴിഞ്ഞ് 1956 ൽ ജനം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറന്തള്ളിയപ്പോൾ,വിമതനായ ഇoറെ നാഗി രൂപീകരിച്ച മന്ത്രി സഭയിൽ സാംസ്‌കാരിക മന്ത്രിയും ആയിരുന്നു.രണ്ടു വള്ളത്തിൽ കാലു വച്ച് നിന്ന ഒരാൾ.ഉന്മൂലനത്തെ 1919 ൽ അംഗീകരിച്ചയാൾ -അത് ലെനിൻ നടപ്പാക്കിയ ചുവപ്പ് ഭീകരതയുടെ കാലമായിരുന്നു.പാർട്ടിയിൽ ചേരും മുൻപ് മാർക്സിസത്തിലേക്ക് നീങ്ങിയിരുന്നു.സ്റ്റാലിൻ ശക്തനായിരിക്കെ സ്റ്റാലിനിസ്റ്റ് ആയിരുന്ന ലൂക്കാച്ച്,പലപ്പോഴും അച്ചടക്ക നടപടികൾക്ക് വഴങ്ങി.86 വയസിൽ മരിക്കും വരെയും പാർട്ടിയിൽ നിന്നു.പലപ്പോഴും,എഴുതിയ കാര്യങ്ങൾ സോവിയറ്റ് പാർട്ടിക്ക് വഴങ്ങി തിരുത്തി.തിരുത്ത് വരാത്ത പ്രബന്ധമാണ്,ഇത്.

എക്കാലത്തെയും വലിയ മാർക്‌സിസ്റ്റ് ചിന്തകരിൽ ഒരാൾ എന്ന നിലയിൽ,പാശ്ചാത്യ ബുദ്ധിജീവികൾക്ക് മനസ്സിലാകും വിധം എഴുതി.ജർമൻ തത്വ ചിന്താ പാരമ്പര്യത്തിൻറെ മാമൂലുകൾ അനുസരിച്ച് മാർക്‌സിസത്തെ വ്യാഖ്യാനിച്ചു.ബുഡാപെസ്റ്റിലെ  ജൂത ബാങ്കറുടെ മകനായ ലൂക്കാച്ച്,സ്‌കൂൾ കാലം മുതൽ സോഷ്യൽ ഡെമോക്രാറ്റ് ഇർവിൻ സാബോ ( 1877 -1918 ) യുടെ ഇടത് ചേരിയിലായിരുന്നു.സാബോ വഴി സോറലിന്റെ സ്വാധീനത്തിൽ വന്നു.ക്രിസ്ത്യൻ പാരമ്പര്യത്തിന് എതിരായിരുന്നു,ഈ ചേരി.ഇബ്‌സൻ,സ്ട്രിൻഡ്‌ബെർഗ്,ഗെർഹാർട്ട് ഹോപ്റ്റ് മാൻ തുടങ്ങിയവരുടെ നാടകങ്ങൾ കളിക്കുന്ന നാടക സംഘം ഉണ്ടാക്കുന്നതിൽ പങ്കാളിയായി.1904 -1908 ൽ കടുത്ത പ്രതിഷേധങ്ങളെ അതിജീവിച്ച് ഈ സംഘം നില നിന്നു.1906 ലും 1909 ലും ബെർലിനിൽ പഠനം തുടർന്നു.കാന്റിൻറെ തത്വചിന്തയിൽ ആകൃഷ്ടനായി.1913 ൽ ഹൈഡൽബെർഗ് സർവകലാശാലയിൽ പഠിച്ചു.മാക്‌സ് വെബർ,ഏണസ്റ്റ് ബ്ളോക് തുടങ്ങിയവരുമായി ബന്ധപ്പെട്ടു.1906 മുതൽ ആദ്യകാല രചനകളിൽ ദുരന്ത കാന്റ് സ്വാധീനം കണ്ടു.ദസ്തയേവ്സ്കിയും കീർക്കെഗാദുമായിരുന്നു മറ്റ് നായകർ.ഇരുവരെപ്പറ്റിയും എഴുതിയ പഠനങ്ങൾ പൂർത്തിയാക്കാതെ 1915 ൽ ബുഡാപെസ്റ്റിൽ തിരിച്ചെത്തി.1918ൽ പാർട്ടിയിൽ ചേരുമ്പോൾ അതുണ്ടായി അധികം ആയിരുന്നില്ല.

ബേല കുനിന്റെ 1919 മന്ത്രിസഭ ചെറിയ കാലത്തെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം ആയിരുന്നു.ശത്രുക്കളെയും പ്രതിപക്ഷത്തെയും അടിച്ചമർത്തി.സാംസ്‌കാരിക രംഗം ചുവപ്പിൽ മുങ്ങി.ഭരണകൂടം താഴെ വീണപ്പോൾ നേതാക്കൾ പലായനം ചെയ്‌തു.ലൂക്കാച്ച് ഏതാനും ആഴ്ചകൾ ഒളിവിലിരുന്ന് വിയന്നയ്ക്ക് പോയി.അറസ്റ്റിലായ അദ്ദേഹത്തെ തോമസ് മുൻ.,ഹെൻറിച്ച് മൻ തുടങ്ങിയ എഴുത്തുകാരുടെ പ്രതിഷേധം കാരണം,ഹംഗറിക്ക് മടക്കി അയച്ചില്ല.ബേല കുനിനെ  റഷ്യയിൽ സ്റ്റാലിന്റെ കാലത്ത് കൊന്നു.

പ്രവാസിയായ ലൂക്കാച്ച്,നാടക പ്രവർത്തനത്തിലും പാർട്ടി പ്രചാരണത്തിലും മുഴുകി.ഒരിക്കൽ ലെനിൻ വിമർശിച്ച 'കമ്മ്യൂണിസം' മാസിക പത്രാധിപരുമായി.1919 -22 ൽ എഴുതിയ സൈദ്ധാന്തിക പ്രബന്ധങ്ങൾ പുസ്തകം ആക്കിയതാണ്,മാസ്റ്റർപീസായ History and Class Consciousness.അത് തൻറെ വീക്ഷണത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് ലെനിൻ ശകാരിച്ചപ്പോൾ,ആത്മവിമർശനം നടത്തി.അതിൽ ലൂക്കാച്ച്,എംഗൽസിന്റെ പ്രകൃതിയുടെ ദ്വന്ദ്വാത്മകത ( dialectics of nature ) എന്ന സിദ്ധാന്തം,ദ്വന്ദ്വാത്മകതയ്ക്ക് തന്നെ വിരുദ്ധമാണെന്ന് വാദിച്ചു.ലെനിൻറെ പ്രതിഫലന സിദ്ധാന്തത്തെ നിരാകരിച്ചു.ഇതാണ് പ്രതിഫലന സിദ്ധാന്തം ( ലെനിൻ / സമ്പൂർണ കൃതികൾ,വാല്യം 38 ): മനുഷ്യ ചിന്തയിൽ പ്രകൃതി പ്രതിഫലിക്കുന്നു സാഹിത്യകാരൻറെ പ്രതിഭയിൽ ഒരു യാഥാർഥ്യം കൂടി പ്രതിഫലിക്കുമ്പോൾ അതിൽ സൃഷ്ടിയുടെ അംശവും ചേർന്നിരിക്കും.കല,സൗന്ദര്യാത്മകമായ വസ്‌തു ജ്ഞാനമാണ്.വസ്‌തുവുമായി താദാത്മ്യം പ്രാപിക്കാനുള്ള ചിന്തയുടെ അന്തമില്ലാത്ത നീക്കമാണ്,വസ്‌തു ജ്ഞാനം.

വരട്ടുവാദത്തിന് എതിരാണ് പുസ്‍തകം എന്നതിനാൽ വിവാദങ്ങൾ ഉണ്ടായി.കമ്മ്യൂണിസ്റ്റ് ഇന്റർനാഷനൽ മൂന്നാം കോൺഗ്രസിൽ സോവിയറ്റ് കമ്മ്യൂണിസ്റ്റുകൾ ലൂക്കാച്ചിനെ പിച്ചി ചീന്തി.1924 ജൂലൈയിൽ മോസ്‌കോയിൽ ചേർന്ന അഞ്ചാം കോൺഗ്രസിൽ,ലെനിൻറെ വലംകൈ സിനോവീവ് പുസ്തകം മാർക്സിസത്തിന് എതിരായ അപകടകരമായ ആക്രമണമാണെന്ന് വിധിച്ചു.ബുഖാറിൻ ഇതിനെ തുണച്ചു.1933 ൽ പുസ്തകത്തിൽ തനിക്ക് തെറ്റിയെന്ന് ലൂക്കാച്ച് സ്വയം വിമർശനം നടത്തി.കമ്മ്യൂണിസ്റ്റ് ഗ്രന്ഥ പരാമർശങ്ങളിൽ നിന്ന് അപ്രത്യക്ഷമായ പുസ്തകം,സ്റ്റാലിന്റെ മരണ ശേഷം ഉയിർത്തു.

ലൂക്കാച്ച് 1928 ൽ ഹംഗറി പാർട്ടി കോൺഗ്രസിന് തയ്യാറാക്കിയ ബ്ലും ( തൂലികാനാമം) രേഖ,ബേല കുനിന്റെ നേതൃത്വത്തിലുള്ള ഭൂരിപക്ഷം നിരാകരിച്ചു.കോമിന്റേൺ തന്നെ രേഖ തള്ളി.പാർട്ടി പുറത്താക്കുമെന്ന് ഭയന്ന് ലൂക്കാച്ച് രേഖ പിൻവലിച്ച് എഴുത്തിൽ മുഴുകി.രണ്ടാം ലോകയുദ്ധ കാലത്ത് അധികം എഴുതിയില്ല.1930-31 ൽ മോസ്‌കോ മാർക്സ് -എംഗൽസ് ഇൻസ്റ്റിട്യൂട്ടിൽ ജോലി ചെയ്യുമ്പോൾ,മാർക്‌സിന്റെ ആദ്യകാല അപ്രകാശിത കയ്യെഴുത്തു പ്രതികൾ കണ്ടു.ഹിറ്റ്‌ലർ അധികാരമേറ്റ ശേഷം മോസ്‌കോയ്ക്ക് മടങ്ങി യുദ്ധം തീരും വരെ സയൻസ്,ഫിലോസഫി അക്കാദമിയിൽ ജോലി ചെയ്‌തു.1945 ന് ശേഷം പുറത്തു വന്ന രചനകൾക്ക് ഇന്ധനം കിട്ടി.
സ്റ്റാലിൻ ലൈൻ കർക്കശമായപ്പോൾ 1949 ൽ ഹംഗറി പാർട്ടി സാംസ്‌കാരിക പ്രമാണി ജെ റീവായ് ആക്രമിച്ചു.അദ്ദേഹത്തിൻറെപുസ്തകങ്ങളെ അണികൾ സംശയിച്ചു.1956 ഇരുപതാം കോൺഗ്രസിൽ ക്രൂഷ്ചേവ് സ്റ്റാലിനെ കുഴിച്ചു മൂടിയതോടെ ലൂക്കാച്ച്,സ്റ്റാലിൻ വിരുദ്ധനായി,ഹംഗറി വിപ്ലവത്തിന് മുൻപത്തെ പെറ്റോഫി സംഘത്തിൽ പെട്ടു.സ്റ്റാലിൻ വിരുദ്ധർ ഇoറെ നാഗിയുടെ നേതൃത്വത്തിൽ രുപീകരിച്ച മന്ത്രിസഭയിൽ കുറച്ചു നാൾ സാംസ്‌കാരിക മന്ത്രിയായി.സോവിയറ്റ് യൂണിയൻ ഹംഗറിയിൽ സൈന്യത്തെ അയച്ച് ഭരണകൂടത്തെ അട്ടിമറിച്ചു.ലൂക്കാച്ചിനെയും പിടികൂടി റൊമാനിയയ്ക്ക് അയച്ചു.1957 വസന്തത്തിൽ,കേരളത്തിൽ ഇ എം എസ്‌ ഭരിക്കുമ്പോൾ ലൂക്കാച്ച് ബുഡാപെസ്റ്റിൽ മടങ്ങിയെത്തി.പാർട്ടി അംഗത്വം 1967 വരെ കൊടുത്തില്ല.1971 ൽ മരിച്ച ശേഷം വന്ന മാർക്സിസ്റ്റ് കൈപ്പുസ്തകം ആരാധകരെ നിരാശരാക്കി.1964 ലും 1969 ലും നവ സോഷ്യലിസ്റ്റ് റിയലിസ പ്രയോക്താവായി,സോവിയറ്റ് പാർട്ടിക്ക് വേണ്ടാത്ത  അലക്‌സാണ്ടർ സോൾഷെനിത് സിനെ ലൂക്കാച്ച് വാഴ്ത്തി.

രണ്ട്:ആത്മഗതം മരിക്കുന്നു 

മാർക്‌സിസം മുന്നോട്ട് വയ്ക്കുന്ന 'സമഗ്രത' യുമായി ബന്ധപ്പെട്ട ജീവിതം ചിത്രീകരിക്കുന്ന സാഹിത്യമാണ് യഥാതഥ ( Realistic ) സാഹിത്യം എന്നാണ് ലൂക്കാച്ചിൻറെ മതം.റിയലിസത്തെ അദ്ദേഹം രണ്ടായി തിരിച്ചു:ക്രിട്ടിക്കൽ റിയലിസവും സോഷ്യലിസ്റ്റ് റിയലിസവും.ഭൂത കാലത്തെ എല്ലാ മഹത്തായ എഴുത്തുകാരും ക്രിട്ടിക്കൽ റിയലിസത്തിൽ വരും.19 നൂറ്റാണ്ടിലെ എഴുത്തുകാരുടെ ലോക വീക്ഷണം ഇക്കാര്യത്തിൽ പ്രസക്തമല്ല.അന്ന് മാർക്‌സിസം പടർന്നിട്ടില്ല.ബൽസാക്ക്,വാൾട്ടർ സ്കോട്ട്,ടോൾസ്റ്റോയ് എന്നിവർ രാഷ്ട്രീയ വീക്ഷണത്തിൽ വിമതർ ആണെങ്കിലും,ജീവിച്ച ലോകത്തിൻറെ യഥാർത്ഥ ചിത്രം അവർ വരച്ചു.

അവരുടെ സാഹിത്യ നേട്ടവും രാഷ്ട്രീയ വീക്ഷണവും തമ്മിൽ വൈരുധ്യം ഉണ്ടെന്നാണ് ലൂക്കാച്ച് കണ്ടത്.വൈരുധ്യം അദ്ദേഹം വിശദീകരിച്ചില്ല.ഇതിന് വിപരീതമാണ്,യാഥാർഥ്യം.ബൽസാക്കിന്റെ വരേണ്യ വീക്ഷണവും വിപ്ലവാനന്തര സമൂഹത്തെപ്പറ്റിയുള്ള കാഴ്ചപ്പാടും പൊരുത്തപ്പെട്ടിരുന്നു.ഗ്രാമീണ ജീവിതത്തിൻറെ മൂല്യങ്ങളെ സ്നേഹിക്കുകയും ക്രൈസ്‌തവ സഭയുടെ വരട്ടു വാദത്തെ എതിർക്കുകയും ചെയ്‌ത ടോൾസ്റ്റോയ് സഭയെയും വരേണ്യ വർഗ്ഗത്തെയും ആക്രമിച്ചതും പൊരുത്തപ്പെട്ടു.കമ്മ്യൂണിസ്റ്റ് ലോക വീക്ഷണം ഇല്ലാത്ത എഴുത്തുകാർ,വ്യക്തി ജീവിത ദുരിതങ്ങൾ വഴി ചരിത്രപരമായ ചലനങ്ങൾ വിവരിച്ചതാണ്,ക്രിട്ടിക്കൽ റിയലിസമായി ലൂക്കാച്ച് കണ്ടത്.അവർ ബിംബങ്ങൾക്കും ദൃഷ്ടാന്ത കഥകൾക്കും പിന്നാലെ പോയില്ല.വ്യക്തി മനസ്സിൻറെ ഏകാന്തതയിലേക്ക് ഒതുങ്ങിക്കൂടിയില്ല.വ്യക്തി സംഘർഷത്തെ ആത്മീയ ഉയരങ്ങളിലേക്ക് കൊണ്ട് പോയില്ല.തൻറെ കാലത്തെ ബൽസാക്കും ടോൾസ്റ്റോയിയും ഉൾപ്പെടെയുള്ള റഷ്യൻ എഴുത്തുകാരും ഇക്കൂട്ടത്തിൽ വരുന്നതായി ലൂക്കാച്ച് കണ്ടു.ആധുനിക കാലത്ത്,അനാത്തോലെ ഫ്രാൻസ്,ബർണാഡ് ഷാ,റൊമെയ്ൻ റൊളാങ്,ഫ്യുട്ട് വാങ്ങർ -പ്രത്യേകിച്ചും തോമസ് മൻ.

The Meaning of Contemporary Realism( 1958)എന്ന  പ്രബന്ധത്തിൽ,സോഷ്യലിസത്തെ ഉള്ളിൽ നിന്ന് വിവരിക്കുന്നതാണ് സോഷ്യലിസ്റ്റ് റിയലിസം എന്ന് ലൂക്കാച്ച് നിരീക്ഷിച്ചു.ക്രിട്ടിക്കൽ റിയലിസത്തിലുള്ളവർ,സമകാലിക സംഭവങ്ങൾ ചിത്രീകരിച്ചു.സോഷ്യലിസ്റ്റ് നായകന്മാരെ സൃഷ്ടിച്ചു.ആ സാഹചര്യത്തിനുള്ളിൽ നിന്ന്,അവ ചിത്രീകരിച്ച് പുരോഗമന ശക്തികൾക്കൊപ്പം ഒന്നിച്ചു ചേരുകയാണ്,സോഷ്യലിസ്റ്റ് റിയലിസത്തിൽ ഉള്ളവർ.എഴുത്തിലാകെ,പ്രസ്ഥാനത്തിൻറെ ചരിത്ര സമഗ്രത കാണാം.ഇക്കൂട്ടത്തിൽ പെട്ടതാണ്,ഗോർക്കിയുടെ നോവലുകൾ,ഷോളോഖോവിൻറെ 'ഡോൺ ശാന്തമായി ഒഴുകുന്നു', ടോൾസ്റ്റോയ് കൃതികൾ,മകരസ്‌കോ,അർനോൾഡ് സ്വൈഗ് കൃതികൾ.

തോമസ് മന്നിന് ശേഷമുള്ള മിക്കവാറും എല്ലാ എഴുത്തുകാരെയും ലൂക്കാച്ച് വെറുത്തു.മാർസൽ പ്രൂസ്ത്,കാഫ്‌ക,ജെയിംസ് ജോയ്‌സ്,റോബർട്ട് മ്യൂസിൽ,ഫ്രഞ്ച് നോവലിസ്റ്റ് ഹെൻറി മോന്തർലാന്റ് ( Montherlant ),സാമുവൽ ബക്കറ്റ് എന്നിവർ ഈ നിരയിൽ വരും.വ്യക്തിയുടെ ഏകാന്തത ഇവർ ചിത്രീകരിക്കുന്നതിൽ തെറ്റില്ല.പക്ഷെ അത്,മുതലാളിത്തത്തിൻറെ ഭീകര പ്രത്യാഘാതമായി കാണണം.കാഫ്‌ക നിർഭാഗ്യവശാൽ അതിനെ അസ്തിത്വപരമായ ഏകാന്തത'യായി കാണുന്നു.അത് കേട്ടാൽ,സാർവജനീന മൂല്യമുള്ള സ്ഥിരമായ മനുഷ്യാവസ്ഥയാണെന്ന് തോന്നും.ലോകം അരാജകത്വത്തിലും ആകുലതയിലുമായി ചിത്രീകരിക്കാം-അത് മുതലാളിത്ത ഭീകരതയായി കാണണം -ജോയ്‌സിന്റെ നായകൻറെ ആത്മീയ ജീവിതവും കാലവും ചിതറി തെറിച്ചോട്ടെ -ആ ലോകം കൃത്രിമമാണ്;കൃതി താഴേക്കിടയും-ലൂക്കാച്ച് എഴുതുന്നു.

അരിസ്റ്റോട്ടിലിനെ ഉദാഹരിച്ച് ലൂക്കാച്ച് പറയുന്നു:അക്കിലസും ഈഡിപ്പസും മുതൽ അന്നാ കരേനിന വരെയുള്ള സാഹിത്യത്തിലെ മഹദ് കഥാപാത്രങ്ങൾ സാമൂഹിക ജീവികൾ.ആധുനിക സാഹിത്യ നായക കഥാപാത്രങ്ങൾ സാമൂഹിക,ചരിത്ര ചുറ്റുപാടിൽ നിന്ന് തെറിച്ചു പോയവരാണ്.ആഖ്യാനം,ആത്മ നിഷ്ഠമാണ്.ബക്കറ്റും മോന്തർ ലാന്റും ചെയ്ത പോലെ,മൃഗ മനുഷ്യനെ സാമൂഹിക മനുഷ്യനുമായി മുഖാമുഖം വരുത്തുകയാണ്.ആധുനിക സാഹിത്യം ഇങ്ങനെ,കലയുടെ പോഷണമല്ല,നിരാസമാണ്.

ലൂക്കാച്ചിനെ സംബന്ധിച്ച പ്രശ്‍നം, സോഷ്യലിസ്റ്റ് റിയലിസവുമായി ബന്ധപ്പെട്ട പിൽക്കാല രചനകൾ അദ്ദേഹത്തിന് പിതൃഭൂമിയായ റഷ്യയിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ ആവുന്നില്ല എന്നതാണ്.1930 ന് ശേഷമുള്ള അത്തരം രചനകൾ എവിടെപ്പോയി ?സ്റ്റാലിന് കീഴിൽ സാഹിത്യം തിടം വയ്ക്കുന്നതായി ലൂക്കാച്ച് പറയുന്നു.അത് സംഭവിച്ചത്,കോൺസൻട്രേഷൻ ക്യാമ്പുകളിലാണ്.

സാഹിത്യലോകം അമ്പരന്നത്,സോൾഷെനിത് സിനിൽ ലൂക്കാച്ച് സോഷ്യലിസ്റ്റ് റിയലിസം കണ്ടപ്പോഴാണ്.അദ്ദേഹത്തിൻറെ നോവലുകളിൽ സോഷ്യലിസ്റ്റ് റിയലിസ ഉയിർപ്പുണ്ടെന്ന് ലൂക്കാച്ച് എഴുതി.മുതലാളിത്തത്തിൻറെ പുനഃസ്ഥാപനമല്ല സോൾഷെനിത് സിൻറെ ലക്ഷ്യം.അദ്ദേഹത്തിൻറെ പിഴവ് സ്റ്റാലിനെ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിൽ നിന്നല്ലാതെ,ജനാധിപത്യ ബോധത്തോടെ നോക്കി എന്നതാണ്.ഈ ദൗർബല്യം സോൾഷെനിത് സിൻ അതിജീവിച്ചില്ലെങ്കിൽ,അയാളുടെ കലയെ അത് ബാധിക്കുമെന്ന് ലൂക്കാച്ച് മുന്നറിയിപ്പ് നൽകി.വളരാൻ എഴുത്തുകാരൻ കമ്മ്യൂണിസ്റ്റാകണം എന്നർത്ഥം.സോൾഷെനിത് സിൻറെ 'ഗുലാഗ് അര്കിപെലാഗോ'വായിക്കാൻ ലൂക്കാച്ച് ജീവിച്ചിരുന്നില്ല.
ഇക്കാരണങ്ങളാൽ,''ആധുനിക നാടകം ബൂർഷ്വാ നാടകമാണ്'' എന്ന പ്രസ്താവനയോടെ ലൂക്കാച്ച് നാടക പ്രബന്ധം തുടങ്ങുന്നു.
ബോധ പൂർവമായ വർഗ സംഘർഷങ്ങളിൽ നിന്ന് ആദ്യം പുറത്ത് കടന്നത്,ബൂർഷ്വാ നാടകമാണ്.എലിസബത്തൻ നാടകത്തിൽ പല\വർഗങ്ങളുടെയും പ്രതിനിധികളുണ്ട്.പ്രധാന പാത്രങ്ങൾ ഒറ്റ വർഗ്ഗത്തിൽ നിന്നുള്ളവരാണ്.പിന്നാക്കക്കാർ ഹാസ്യ കഥാപാത്രങ്ങൾ.
ആധുനിക നാടകത്തിൽ,മൂല്യ വിമർശം എന്ന ഘടകം കൂടിയുണ്ട്.ഹാംലെറ്റ്,ക്ളോഡിയസ്,റിച്ചാഡ്,റിച്ച്മണ്ട് എന്നീ ഷേക്ക് സ്പിയർ നായക കഥാപാത്രങ്ങളുടെയെല്ലാം ധാർമിക വീക്ഷണം,ഒന്നാണ്.അതിനെതിരെ യാണ് തൻറെ കർമം എങ്കിൽ നായകന് ആത്മാഭിമാനം നഷ്ടമാകുന്നു.സഹോദരനെ കൊന്നത് പാപമാണെന്ന് ക്ളോഡിയസിന് അറിയാം.പക വീട്ടാതിരിക്കുവോളം,താൻ പാപിയാണെന്ന് ഹാംലെറ്റിന് അറിയാം.ഷേക്ക് സ്പിയർ കഥാപാത്രങ്ങളുടെ പ്രവൃത്തികൾ ധാർമികമായി അംഗീകരിക്കാനാവില്ല എന്ന് ഹെഗൽ പറഞ്ഞതിനോട് ലൂക്കാച്ച് യോജിക്കുന്നു.ധാർമികത ലംഘിച്ചവന് അതിൽ നിൽക്കക്കള്ളിയില്ല.

ഓരോ ദുരന്ത നാടകത്തിൻറെയും അന്ത്യത്തിൽ,ഒരു ലോകം അപ്പാടെ അവസാനിക്കുന്നു.പുതിയ\നാടകം പുതിയ ലോകത്തെ കൊണ്ട് വരുന്നു.പുതിയ ലോകത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ട്.ഷേക്ക് സ്പിയർ ലോകത്തിൽ,അളവിലായിരുന്നു,മാറ്റം.പഴയതിനേക്കാൾ സങ്കീർണമാണ് പുതിയ നാടക കഥാപാത്രങ്ങൾ.ബന്ധങ്ങൾ നൂലാമാലകൾ.ബാഹ്യലോകം ആപേക്ഷികം.പൊതുവെ പുറത്തു നിന്നാണ് നാടകത്തിൽ വിധി പ്രവേശിക്കുന്നത്.ഗ്രീക്ക്,ഷേക്ക് സ്പിയർ നാടകങ്ങളിൽ,മനുഷ്യനും സാഹചര്യങ്ങളും വേറിട്ട് നിൽക്കുന്നു.കഥാപാത്രവും വിധിയും രണ്ടായി തന്നെ നിൽക്കുന്നു.ഈ വിഭജന രേഖകൾ ആധുനിക നാടകത്തിൽ മായുന്നു.മനുഷ്യനും സാഹചര്യവും പോലെ,മാംസവും ആത്മാവും ഇച്ഛയും സാഹചര്യവും -എല്ലാറ്റിനും നിരന്തര സമ്പർക്കങ്ങളുടെ സങ്കീർണതയിൽ അർത്ഥം നഷ്ടപ്പെടുന്നു.നായകന്,പുറത്തു നിന്നാണ്,വിധി.

പഴയതിൽ നിന്ന് ഭിന്നമായി,പുതിയ നാടകത്തിൽ,നായകൻ നിഷ്ക്രിയൻ.വീരനല്ല.സ്വയം കർമിയാവുന്നതിന് പകരം,കർമം അയാൾക്ക് മേൽ പതിക്കുന്നു.ആക്രമണത്തിന് പകരം,അയാൾ പ്രതിരോധത്തിലാണ്.അയാളുടെ വീരത്വം,സംഭ്രമം കൊണ്ടുള്ളതാണ്.നിരാശയുടേതാണ്.

ഇവിടെയാണ്,നാടക സംഘർഷം.വൻ ശക്തികളുടെ സംഗമ ബിന്ദുവാണ് വ്യക്തി.അയാളുടെ പ്രവൃത്തികൾ അയാളുടേതല്ല.അയാളിൽ നിന്ന് വേറിട്ട ഒന്ന്,ഒരു ദുഷ്‍ട സംവിധാനം,വന്നു കൂടിക്കുഴയുന്നു.അത്,നിർദാക്ഷിണ്യം അയാളുടെ ഇച്ഛയെ തകർക്കുന്നു.അയാൾ,തനിക്കന്യമായ ഒരു കളിയിലെ കാലാൾ മാത്രം.

ആധുനിക നാടകം,ബൂർഷ്വാ എന്നത് പോലെ,വ്യക്തിനിഷ്ഠവുമാണ്.ഫ്യൂഡലിസ അവശിഷ്ടങ്ങളായി ബൂർഷ്വ കണ്ട സാമൂഹിക,സാമ്പത്തിക രൂപങ്ങൾ,18 നൂറ്റാണ്ട് മുതൽ,സ്ഥിര രൂപങ്ങളായി.സംസ്കാരം ബൂർഷ്വയായി.അതിൽ നിന്ന് വ്യക്തിവാദം ഉണ്ടായി.ഈ കാൽപനിക വ്യക്തിവാദത്തിൽ നിന്നാണ്,ബൂർഷ്വാ സംസ്കാരത്തിൻറെ മഹദ് ചുവടു വയ്പ് ആയ ഫ്രഞ്ച് വിപ്ലവം ഉണ്ടായത്.മുതലാളിത്ത സമ്പദ് ശാസ്ത്രം,സർവതിനെയും ഏകരൂപമാക്കുന്നു.നവോത്ഥാന നാടകം,മഹദ് വ്യക്തികളുടേതായിരുന്നു.ഇന്നത് വ്യക്തി വാദത്തിന്റേതായി.പണ്ട് ഇച്ഛയുടെ ദിശയാണ് ദുരന്തത്തെ നിർണയിച്ചത്.ഇന്ന് ഇച്ഛിക്കുക എന്ന കർമം മാത്രം മതി,ദുരന്തത്തിന്.നായകൻറെ പതനത്തിന് കാരണം,നന്മയോ തിന്മയോ എന്ന വേർതിരിവ് നഷ്ടപ്പെട്ടു.

പഴയതിൽ നിന്ന് ഭിന്നമായി,ആധുനിക നാടകത്തിൽ,കഥാപാത്രം ഒരേ സമയം പ്രധാനമായി;പ്രധാനമല്ലാതായി.നമ്മുടെ കാഴ്ചപ്പാട് അനുസരിച്ച് അത് എല്ലാമാണ്;ഒന്നുമല്ല.ജർമൻ ചിന്തകൻ മാക്സ് സ്റ്റേർണറുടെയും (Max Stirner 1806 -1856  ) മാർക്‌സിന്റെയും തത്വചിന്ത ജർമൻ\ചിന്തകൻ  ജെ ജി ഫിഷ്‌ടെ ( Fichte 1762 -1814 ) എന്ന ഒറ്റ ഉറവിടത്തിൽ നിന്നാണെങ്കിലും രണ്ടാണ് എന്ന് പറയും പോലെ,ആധുനിക നാടകത്തിൻറെ ആധാരം,അത് ഉറവെടുത്ത ഈ ജീവിത ദ്വന്ദ്വത്തിലാണ്-മുമ്പത്തേക്കാൾ യുക്തിയിലേക്ക് നയിക്കപ്പെടുന്ന കഥാപാത്രം,അതേ സമയം,നിരാശാഭരിതമായ അയുക്തിയെ അഭിമുഖീകരിക്കുന്നു.അതിനാൽ,അയാളുടെ വീരത്വം ഇപ്പോൾ നിഷ്ക്രിയം.ബാഹ്യമോടികൾ അതിന് വേണ്ട,വിജയം വേണ്ട.പഴയ ദുരന്ത നാടകത്തിലെ പ്രേക്ഷകനാണ്,പുതിയ നാടകത്തിലെ നായകൻ.അതിനാൽ പുതിയ ദുരന്തനാടകം പഴയതിനേക്കാൾ മികച്ചതെന്ന് ജർമൻ ചിന്തകൻ ആർതർ ഷോപ്പൻ ഹോവർ കണ്ടു ( The World at Will ).പഴയ നാടകത്തിൽ,ഹാംലെറ്റിൻറെ ഹാംലെറ്റിൻറെ സഹായി ഹൊറേഷ്യോ എപ്പോഴും വിശ്വസ്തനായിരുന്നു.പുതിയ നാടകത്തിൽ നായകന് വിശ്വസ്തരില്ല.ഗൊയ്ഥെയുടെ ആദ്യനാടകത്തിൽ ( Goetz of Berlichingen -1773 ) നിർണായക ഘട്ടത്തിൽ സഹായി,യജമാനനെതിരെ തിരിയുന്നു.അന്യനെ മനസിലാക്കാൻ കഴിയും എന്ന മനുഷ്യൻറെ വിശ്വാസം,കൊള്ളയടിക്കപ്പെടുന്നു.നാടകത്തിലെ നായകൻ കൂടുതൽ ഏകാകി ആകുന്തോറും,സംഭാഷണങ്ങൾ ചിലമ്പിക്കുന്നു;ആത്മഗതം മരിക്കുന്നു.

പഴയ ദുരന്തനാടകത്തിൽ,ദുരന്ത സാഹചര്യം,പ്രേക്ഷകനിൽ നിന്ന് അകലെ ആയിരുന്നു;പുതിയതിൽ അതിനടുത്താണ്-ലൂക്കാച്ച് നിരീക്ഷിക്കുന്നു.
അതായത്,പ്രേക്ഷകൻ വേദി കയ്യടക്കിയ ആധുനിക കാലത്ത്,കഥാപാത്രവും പ്രേക്ഷകനും ഒന്നായ കാലത്ത്,വേദിയിൽ നിന്ന് വീരൻ നിഷ്ക്രമിച്ച കാലത്ത്,വർഗ വിഭജനം നടത്തി,കഥാപാത്രങ്ങളെ സൃഷ്ടിക്കാനാവില്ല.സമൂഹം ബൂർഷ്വാ സമൂഹമാണ്.അതിനാൽ,പാവകളെക്കൊണ്ടും കളിപ്പിക്കാം.നാടകം പാവക്കൂത്തും ആകാം.

സാഹിത്യത്തെ സംബന്ധിച്ച ലൂക്കാച്ചിന്റെ പൊതു നിരീക്ഷണം സ്റ്റാലിനിസ്റ്റ് ആയിരിക്കെ തന്നെ.സ്റ്റാലിനിസ്റ്റ് ആകും മുൻപുള്ള നാടക നിരീക്ഷണത്തിന്,ചില മാർക്സിസ്റ്റ് സംജ്ഞകൾ ഒഴിവാക്കിയാൽ ആഴമുണ്ട്.മാർക്‌സ് അല്ലാതെ,ഷോപ്പൻഹോവറെപ്പോലുള്ള ചിന്തകരെ ആശ്രയിച്ചത് കൊണ്ടുള്ള ഗുണം.
---------------------------------------
1.പാട്ടബാക്കി മുതൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വരെ / ഇ എം എസ്,ജനയുഗം വിശേഷാൽ പ്രതി,1954.
2.The Sociology of Modern Drama / George Lukacs / Trans By Lee Baxandall 
3.തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ / ഇ എം എസ് 

See https://hamletram.blogspot.com/2019/08/blog-post_23.html


© Ramachandran 





Thursday, 26 September 2019

ബുദ്ധനെ ആക്രമിച്ച നാടകങ്ങൾ

പ്രളയ കാലത്തെ മൺവണ്ടി 6

ആനന്ദ,ശിശിരത്തിൽ ഇലകൾ കൊഴിയുന്നു.പൊഴിയുന്ന ഇലകളുടെ എണ്ണം തിട്ടപ്പെടുത്തുക പ്രയാസം.എണ്ണാവുന്നതിനും കൈയിൽ ഒതുക്കാവുന്നതിനും പരിധിയുണ്ട്.പക്ഷെ,പൊഴിയുന്ന ഇലകൾക്ക് കണക്കില്ല.അത് പോലെ,ഒരുപിടി സത്യങ്ങൾ ഞാൻ നിങ്ങൾക്ക് തന്നിരിക്കുന്നു.സത്യങ്ങൾക്ക് പരിധിയില്ല.ആകയാൽ,ഞാൻ പകർന്ന ആശയങ്ങളെ അന്ധമായി വിശ്വസിക്കാതെ,മറ്റ് സത്യങ്ങളെ സ്വയം അന്വേഷിക്കുക,സ്വയം വെളിച്ചമാവുക.
-ശ്രീബുദ്ധൻ ( മരണശയ്യയിൽ ആനന്ദനോട് )

കേരളത്തിൽ ബി സി 300 മുതൽ എ ഡി 900 വരെ,വലിയ ചാലകശക്തി ആയിരുന്നു,ബുദ്ധ മതം.ചേര,ദ്രാവിഡ,ബൗദ്ധ സംസ്‌കൃതിയിലാണ്,മഴുവെറിഞ്ഞ് ചാതുർവർണ്യ കേരളം ഉണ്ടായത്.
ഇവിടെ പല മതക്കാരുടെയും ആരാധനാലയത്തിന് പള്ളി എന്ന് പറയും.പള്ളി,പാലി ഭാഷയിൽ ബുദ്ധ മത ദേവാലയം.പള്ളി എന്ന് അവസാനം വരുന്ന സ്ഥലനാമങ്ങൾ നിരവധി;കരുനാഗപ്പള്ളി മുതൽ കാർത്തികപ്പള്ളി വരെ.ഇവ ബുദ്ധമത വിഹാരങ്ങൾ ആയിരുന്നു.അവ പൊളിച്ച് ക്ഷേത്രങ്ങൾ ഉണ്ടായി.അവിടെ കീഴാളന് പ്രവേശനം നിഷേധിച്ചു.കടൽ,കുമരം,മംഗലം,കിണ്ടി,പത്തനം,വട്ടം മുതലായ സ്ഥല വിശേഷണങ്ങളും ബുദ്ധ ബന്ധം ഉള്ളത്.തെക്കേ ഇന്ത്യയ്ക്ക് പേര് പണ്ട് പണ്ട് ഈഴം എന്നായിരുന്നു.ശ്രീലങ്ക,നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് ബുദ്ധ സന്യാസി സംഘങ്ങൾ ഇവിടെ വന്നു.കണ്ണൂരിലെ ധർമ്മടം പോലുള്ളിടങ്ങളിൽ ബുദ്ധ ധർമ്മ സ്ഥാപനങ്ങൾ ഉണ്ടായി.

കേരളത്തിൽ ആര്യൻ വന്നത് ജർമനിയിൽ നിന്നല്ല.ബുദ്ധൻറെ സംസ്‌കൃത സംജ്ഞയാണ് ആര്യൻ.ഇവിടെ വന്ന ബുദ്ധമതത്തിലെ ഫേര വാദികൾ,ബുദ്ധനെ പാലി പ്രാകൃതത്തിൽ അയ്യൻ എന്നും മഹായാനികൾ കൊണ്ട് വന്ന മഹാരാഷ്ട്രി പ്രാകൃതത്തിൽ അജ്ജൻ എന്നും വജ്രയാനികൾ പൈശാചി പ്രാകൃതത്തിൽ ആര്യൻ എന്നും വിളിച്ചു.ശബരിമലയിൽ ഇരിക്കുന്നയാൾ ഇങ്ങനെ ഒരാൾ ആകാം.അയ്യനും അച്ചനും ആര്യനും ചേർന്ന സ്ഥല നാമങ്ങൾ അനവധി.മലയാളിയുടെ 'അച്ചോ','അച്ചോ' ശരണം വിളിയാണ്.ശരണം തന്നെ,ബുദ്ധം ശരണം ഗച്ചാമിയിൽ നിന്നാണ്.'അമ്മ' അങ്ങനെ തന്നെ പാലിയിൽ ഉണ്ട്.
വോൾഗയിൽ നിന്ന് ഗംഗ വരെ യാത്ര ചെയ്‌തു വന്നവർക്ക് ആര്യന്മാർ എന്ന് പേരിട്ടിട്ട് അധികമായില്ല.അതിനും എത്രയോ മുൻപ് ഇവിടെ ആര്യശാലയും ആര്യനാടും ആര്യാടും ആര്യ വൈദ്യ ശാലയുമുണ്ട്.ബുദ്ധമതക്കാരാണ്,ആയുർവേദം കൊണ്ട് വന്നത്.അവർ കൊണ്ട് വന്നതാണ്,ആര്യവേപ്പ്.ഈഴവരിൽ വൈദ്യന്മാർ ധാരാളം.ബുദ്ധമത ആധാരമായ നാല് സത്യ ദർശനങ്ങൾക്ക് ആര്യ സത്യങ്ങൾ എന്ന് പറയും.മാക്‌സ് മുള്ളറുടെ സിദ്ധാന്തം അവിടെ ഇരിക്കട്ടെ.

അരയാലാണ് നമ്മുടെ ആത്മീയ വൃക്ഷം -ബോധി വൃക്ഷം.തെങ്ങ് വെട്ടാം;ആൽമരം വെട്ടിയാൽ വിവരമറിയും.ആൽത്തറ കെട്ടി,അവിടെ സഭ കൂടുന്ന വെളിമ്പറമ്പായിരുന്നു,പാലിയിൽ,അംബലം.മരണശയ്യയിൽ ബുദ്ധൻ ആനന്ദനോട് പറഞ്ഞു:
"ആനന്ദാ,എൻറെ മരണശേഷം,അസ്ഥിയും ഭസ്‌മവും അടക്കിയ സ്‌തൂപങ്ങൾ നാട്ടുക".

അങ്ങനെ സ്‌തൂപങ്ങൾ വന്നു.സ്തംഭങ്ങൾ ഉണ്ടായി.ഒരു സ്തൂപമാണ്,തുളസിത്തറ.ശ്രാവണം ലോപിച്ചതാണ്,ഓണം.ശ്രാവണോത്സവം.കർക്കടകത്തിൽ ഭജനം ആയിരുന്നു;രാമായണ മാസം അല്ലായിരുന്നു.പൂക്കളത്തിന് നടുവിലെ സ്‌തൂപം,ഓണത്തപ്പൻ,ബുദ്ധനാണ്.അവസാന പെരുമാൾ മക്കയിലേക്ക് അല്ല,ബുദ്ധമതത്തിലേക്കാണ് പോയത്.

നമ്പൂതിരിമാർ ബ്രാഹ്മണർ ആയിരുന്നില്ല,ബുദ്ധമത പുരോഹിതർ ആയിരുന്നു.ബുദ്ധമത രാജ്യമായ ചൈനയിൽ നമ്പൂതിരിമാർക്കുള്ള പോലെ മക്കത്തായമാണ്.മൂത്ത പുത്രനിലേക്ക് സ്വത്ത് പോകുന്നു.

ചരകനും സുശ്രുതനും ഒപ്പം തലയെടുപ്പുള്ള ആയുർവേദ കുലപതി വാഗ്ഭടൻ ബുദ്ധമതത്തിൽ ആയിരുന്നു.പഞ്ചാബിൽ നിന്ന് വന്ന് ചേർത്തല തിരുവിഴ ക്ഷേത്രത്തിൽ താമസിച്ച് എഴുതിയതാണ്,'അഷ്ടാംഗ ഹൃദയം'.ഇപ്പോഴും ആ ക്ഷേത്രത്തിൽ വമന ചികിത്സയുണ്ട്.മരുത്തോർ വട്ടം ക്ഷേത്രത്തിൽ കാട്ടു ചേമ്പ് കൊണ്ട് കറിയുണ്ടാക്കി സേവിപ്പിച്ച്,ഉദര രോഗം ചികിൽസിക്കുന്നു.ധന്വന്തരിയാണ്,പ്രതിഷ്ഠ.
'നമ്പ് ' എന്നാൽ വിശ്വാസം.ബുദ്ധമതക്കാർ നായക സ്ഥാനങ്ങൾക്കൊപ്പം 'നമ്പ്' ചേർത്തു.നമ്പി,നമ്പ്യാർ,നമ്പ്യാതിരി,നമ്പൂതിരി.

ബുദ്ധന് അച്ഛൻ വഴി വംശനാമം ശാക്യൻ.അമ്മ വഴി,കോലിയൻ.പിതൃദായ ക്രമം തുടർന്ന് ശാക്യൻ എന്നറിയപ്പെട്ടു.സാക്കിയൻ എന്ന് പാലിയിൽ.ചാക്കിയൻ എന്ന് മലയാളം.ബഹുമാനത്തോടെ,ചാക്കിയാർ.ബുദ്ധമതം കേരളത്തിൽ വന്നപ്പോൾ,അവർക്കൊപ്പം വന്ന സൂതന്മാരാണ്,ചാക്യാർമാർ.ഗോവയിൽ നിന്ന് കൊങ്കണികൾ വന്നപ്പോൾ കൂടെ കുടുംബികൾ വന്ന പോലെ.അവരും കലാകാരന്മാരാണ്;പപ്പടം കൊണ്ട് വന്നു.
ഭഗവദജ്ജുകം കൂടിയാട്ടം / ചെറുതുരുത്തി,2013 
ബുദ്ധമതത്തിന്,ജൈന,ശൈവ,വൈഷ്ണവ,ഹിന്ദു മതങ്ങളിൽ നിന്ന് ആക്രമണമുണ്ടായി.ബുദ്ധമതത്തിൽ ദൈവം ഇല്ല.അത് മനഃശാസ്ത്രവും തർക്ക ശാസ്ത്രവും ധർമ്മ ശാസ്ത്രവുമാണ്.ജൈനമതം ഉണ്ടാക്കിയ മഹാവീരനും ബുദ്ധമതം സൃഷ്‌ടിച്ച ഗൗതമനും ക്ഷത്രിയർ ആയിരുന്നു.കർമ്മ മേന്മയാൽ ചണ്ഡാളനും ബ്രാഹ്മണനാകാം എന്ന് ബുദ്ധമതം വിശ്വസിച്ചു.ബ്രാഹ്മണ്യം,ജന്മസിദ്ധമല്ല,കർമ്മ സിദ്ധമാണ്.'ദശാവതാര കീർത്തന'ത്തിൽ ശങ്കരാചാര്യരും 'ഗീതാ ഗോവിന്ദ'ത്തിൽ ജയദേവനും ബുദ്ധനെ സ്‌തുതിച്ചു-അപ്പോൾ ശങ്കരൻ ബുദ്ധമതക്കാരെ കൂട്ടക്കൊല ചെയ്‌തു എന്ന പരദൂഷണം ശരിയല്ല.ഭഗവദ് ഗീതയിൽ ബുദ്ധ പരാമർശം ഇല്ല.വാല്‌മീകി രാമായണത്തിൽ,ശ്രീരാമ ജാബാലീ സംവാദത്തിൽ ബുദ്ധസിദ്ധാന്തം തെറ്റാണെന്ന്,രാമൻ പറയുന്നു.''ഈ കാണുന്ന ദൃശ്യ പ്രപഞ്ചമല്ലാതെ പരലോകമുണ്ടെന്നുള്ള ധാരണ ശുദ്ധ ഭോഷ്‌കാണ്" എന്ന് മഹർഷി ജാബാലി ചരിത്രപരമായ ഭൗതിക വാദം പറയുമ്പോഴാണ്,രാമൻ ബുദ്ധനെ വിമർശിക്കുന്നത്.

ബുദ്ധൻ ജീവിച്ചിരുന്നപ്പോൾ ഉപദേശങ്ങൾ പുസ്തകങ്ങൾ ആയില്ല.നിർവാണ ശേഷം,ശിഷ്യർ ബിഹാറിലെ രാജഗൃഹത്തിൽ സമ്മേളിച്ച്,അവ പുസ്തകങ്ങളാക്കി.പിടകങ്ങൾ അഥവാ സംഹിതകൾ.അത് മൂന്ന് -ത്രിപിടകം.ദാർശനിക തത്വങ്ങൾ സുത്ത ( സൂത്ര ) പിടകമായി.ആചാരം,വിനയ പിടകം.മാനസിക പരിശീലനം,അഭിധർമ പിടകം.26 വർഗങ്ങളിലായി 423 ഗാഥകളുള്ള മത ഗ്രന്ഥമാണ്,'ധർമ പദം.'

ബുദ്ധ മതത്തെ ശൈവ മതം ആക്രമിച്ചപ്പോൾ,അതിനെ അവലംബിച്ച് ബുദ്ധ മതത്തിനെതിരെ രണ്ട് നാടകങ്ങൾ ഉണ്ടായി:'ഭഗവദജ്ജുക'വും 'മത്ത വിലാസ'വും.രണ്ടും കാവാലം നാരായണപ്പണിക്കർ പരിഭാഷ ചെയ്‌തു.രണ്ടും പ്രഹസനങ്ങൾ അഥവാ ഹാസ്യ നാടകങ്ങൾ.രണ്ടും കൂടിയാട്ടത്തിലുണ്ട്.
പ്രഹസനം മൂന്ന് വിധം:ശുദ്ധം,വികൃതം,സങ്കീർണം.പല വേഷവും ഭാഷയും ചേർന്ന,ഹാസ്യ ഭാഷണങ്ങൾ കലർന്ന ചണ്ഡാളൻ,ബ്രാഹ്മണൻ,ഭൃത്യൻ,ഭൃത്യ,വിടൻ എന്നിവരടങ്ങിയ പ്രഹസനം,ശുദ്ധം.കാമുകർ തുടങ്ങിയവരുടെ വാക്കും വേഷവുമുള്ള ഷണ്ഡൻ,കഞ്ചുകി,സന്യാസി എന്നിവരുള്ളത് വികൃതം.ധൂർത്തർ നിറഞ്ഞ തെരുവ് നാടകം,സങ്കീർണം.

'ദശരൂപകം' എന്ന സംസ്‌കൃത നാടക ലക്ഷണ ഗ്രന്ഥത്തിൽ ധനഞ്ജയൻ ഇത് വിവരിച്ചിട്ടുണ്ട്.ബോധായനൻ എഴുതിയ 'ഭഗവദജ്ജുക'വും മഹേന്ദ്രവിക്രമ വർമൻ എഴുതിയ 'മത്ത വിലാസ'വും സംസ്‌കൃതത്തിലെ ആദ്യ പ്രഹസനങ്ങളിൽ പെടും.ഒരങ്കത്തിൽ ഒതുങ്ങിയ,വികൃത ഗണത്തിൽ പെടുന്നതാണ്,രണ്ടും.ഇത്രയും മികച്ച കൃതികൾ പിന്നീട് ഉണ്ടായില്ല.വത്സരാജൻ എഴുതിയ 'ഹാസ്യ ചൂഡാമണി' രണ്ടങ്കങ്ങൾ ഉള്ള പ്രഹസനാംശങ്ങൾ അടങ്ങിയതാണ്.വിശ്വനാഥ കവിരാജൻ 'സാഹിത്യ ദർപ്പണ'ത്തിൽ പറഞ്ഞ വികൃത ഗണത്തിൽ ഇത് വരും.
സൂത്രധാരൻ,വിദൂഷകൻ,സന്യാസി,ശാണ്ഡില്യൻ,വസന്ത സേന,പരഭൃതിക,മധുകരിക,യമ ദൂതൻ,വൈദ്യൻ,അമ്മ,രാമിലകൻ എന്നിവരാണ്,'ഭഗവദജ്ജുക'കഥാപാത്രങ്ങൾ.
സൂത്രധാരനും വിദൂഷകനും രംഗത്ത് വന്ന് ലക്ഷണ ഗ്രന്ഥം എഴുതിയ ബ്രാഹ്മണർ പറഞ്ഞ പ്രകാരം നാടകം അഭിനയിക്കുകയാണ് എന്ന് പറയുന്നു.സന്യാസി ( ഭഗവാൻ ) യും വേശ്യയും ( അജ്ജുക ) ചേർന്ന ഭഗവദജ്ജുകം.പ്രഹസനം എന്തെന്നറിയില്ല എന്ന് വിദൂഷകൻ പറയുമ്പോൾ സന്യാസി,ഗുരു,പ്രവേശിക്കുന്നു.ശിഷ്യൻ ശാണ്ഡില്യനെ തിരക്കി നടക്കുകയാണ്.വിഷയ നദിയുടെ തീരത്ത് നിൽക്കുന്ന വൃക്ഷമാണ് ദേഹം -അയാൾ പറയുന്നു.

ബലിക്കാക്കയുടെ ഉച്ചിഷ്ടം മാത്രം ആഹാരമായുള്ള ദരിദ്ര തറവാട്ടിലെ അംഗമാണ് താൻ എന്ന് ശാണ്ഡില്യൻ.മതമാണ് പരാമർശം.ഇല്ലത്ത് ആർക്കും അക്ഷര ജ്ഞാനമില്ല.പൂണുള്ളതിനാൽ ബ്രാഹ്മണൻ.ആഹാരമില്ലാതെ മിക്കവാറും ഉപവാസം.അത് കിട്ടും എന്ന് കരുതി ജൈന മതത്തിൽ ചേർന്നു.എല്ലാം ഒരിക്കൽ ഊണുകാരാണെന്ന് മനസ്സിലായി.ആത്മാവിൻറെ ജ്ഞാനം അടക്കാൻ വേണ്ടതൊന്നും ഇത് വരെ കണ്ട മതങ്ങളിൽ ഇല്ല എന്ന് ധ്വനി.

"ആരും കാണാതെ അങ്ങേക്ക് മറ്റൊരുവൻറെ വീട്ടിൽ കയറാൻ ആകുമോ?" എന്ന് ശാണ്ഡില്യൻ ഗുരുവിനോട് ചോദിക്കുന്നു.അങ്ങനെ ചെയ്താൽ ബുദ്ധ സന്യാസികൾക്ക് ഒരുക്കിയ ഭക്ഷണം തട്ടിയെടുക്കാം.ആഹാരം കഴിക്കാതിരിക്കുന്നത് തെറ്റാണ് എന്നുപദേശിച്ച ബുദ്ധനോടാണ്,തനിക്ക് ബഹുമാനം.ആഹാരത്തിനു വേണ്ടിയാണ് ബുദ്ധ മതത്തിൽ ചേർന്നത്.
ബുദ്ധമതത്തിൽ നിന്ന് എന്ത് കിട്ടി എന്ന് ഗുരു ആരാഞ്ഞു.

ശാണ്ഡില്യൻ:"പ്രകൃതികൾ എട്ട്,വികൃതികൾ പതിനാറ്,ആത്മാവ്.വായുക്കൾ അഞ്ച്.ഗുണങ്ങൾ മൂന്ന്,മനസ്സ്.സഞ്ചാരം,പ്രതി സഞ്ചാരം.ഇങ്ങനെയാണ് ജിന ദേവൻ പറഞ്ഞത്."

ഇവ ബുദ്ധമത തത്വങ്ങൾ അല്ല,സാംഖ്യ തത്വങ്ങളാണെന്ന് ഗുരു.ബുദ്ധമതത്തെപ്പറ്റി ചോദിച്ചപ്പോൾ,അതുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ ശാണ്ഡില്യൻ,ബുദ്ധനെ ജിനദേവൻ എന്ന് പരാമർശിക്കുകയും ചെയ്യുന്നു.മതം മാറ്റത്തിൽ അത്രയേയുള്ളൂ,മത ജ്ഞാനം.സാംഖ്യം അന്നത്തെ ഭൗതിക വാദമാണ്.ചാർവാക മതം."നീ ചാർവാകന്മാരെ മാനിക്കുന്നില്ലേ" എന്ന് ഭരതനോട് ശ്രീരാമൻ രാമായണത്തിൽ ചോദിക്കുന്നുണ്ട്.ജനാധിപത്യ ബോധം.

വിശന്നപ്പോൾ തല മന്ദിച്ചതാണ് എന്ന് ശാണ്ഡില്യ ന്യായം.ബുദ്ധ തത്വം വീണ്ടും അയാൾ പറയുന്നു:
വിരമിക്കുക,
പ്രാണാതിപാദത്തിൽ നിന്ന്,അദത്ത ദാനത്തിൽ നിന്ന്,അബ്രഹ്മചര്യത്തിൽ നിന്ന്,മുധ വാദത്തിൽ നിന്ന്,വികാല ഭോജനത്തിൽ നിന്ന്.ബുദ്ധം ശരണം ഗച്ഛാമി,ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി.
ഇത്രയുമാണ് നാടകത്തിലെ മത വിമർശം;ഇനി സന്യാസിയുടെ ആത്മാവ് വേശ്യയുടേയും വേശ്യയുടേത് സന്യാസിയുടെയും ശരീരത്തിൽ കയറുന്നതിനെ തുടർന്നുള്ള പുകിലുകൾ.മിതമാണ് ഇതിൽ ജൈന,ബുദ്ധ മതങ്ങൾക്ക് എതിരായ ആക്രമണം.കോളജിൽ പഠിക്കുമ്പോൾ ഞങ്ങൾ ഈ നാടകം അവതരിപ്പിച്ചു -മത പരാമർശങ്ങൾ അപ്രസക്തം ആകയാൽ ഒഴിവാക്കി.
ബുദ്ധ(ഇടത് ),ശാക്യമുനി ,ബ്രഹ്മി ലിപിയിൽ /ലുംബിനി 
'മത്തവിലാസ'ത്തിൽ,ബുദ്ധമതത്തിന് എതിരെ രൂക്ഷമാണ്,ആക്രമണം.
സൂത്രധാരൻ,നടി,കപാലി ( സത്യസോമൻ ),ദേവസോമ,ബുദ്ധ ഭിക്ഷു ( നാഗസേനൻ ),പാശുപതൻ ( ബദ്രു കൽപൻ ),ഭ്രാന്തൻ എന്നിവർ കഥാപാത്രങ്ങൾ.മദ്യപനായ കപാലിയുടെ ഭാര്യയാണ്, ദേവസോമ.കപാലി,ഭാര്യയോട് ബുദ്ധ മതത്തെപ്പറ്റി ഇങ്ങനെ പറയുന്നു:
അവർ മിഥ്യാ ദർശനക്കാരാണ്.എന്തെന്നാൽ,

കാര്യത്തിന് നിസ്സംശയമായ്
കരണത്തോട് ബന്ധമുണ്ടെന്ന തത്വത്തിൽ
വേദന കൊണ്ടത്രേ സുഖമുണ്ടാവതെന്ന്
നിരൂപിക്കും
വിശ്വാസ ഘാതകർ അവർ.

ആ പാപികൾ ബ്രഹ്മചര്യത്തിന് പ്രേരിപ്പിക്കുന്നു.തലമുണ്ഡനം ചെയ്യിക്കുന്നു.മലിന വേഷം ധരിപ്പിക്കുന്നു.ആഹാരത്തിന് നേരം നിശ്ചയിക്കുന്നു.ക്ലേശിപ്പിക്കുന്നു.അവരെപ്പറ്റി മലിനമായ നാക്ക് മദ്യത്തിൽ കഴുകാൻ അയാൾ ആഗ്രഹിക്കുന്നു.ഭാര്യയും ഭർത്താവും മദ്യ കടയിൽ പോകുന്നു.നാടകകൃത്ത് മഹേന്ദ്ര വർമൻ ഭരിച്ചിരുന്ന കാഞ്ചീപുരത്താണ്,കട.അവിടെ കപാലം അഥവാ മനുഷ്യ തലയോട്ടി ആയ ഭിക്ഷാപാത്രം നഷ്ടമാകുന്നു.മദ്യവും മാംസവും സ്വീകരിച്ചിരുന്ന ഭിക്ഷാപാത്രം.അയാൾക്ക് മദ്യ കുംഭങ്ങൾ യാഗപ്പാത്രങ്ങൾ.മാംസക്കറി വിശിഷ്ട ഹവിസ്സ്.ലക്കില്ലാത്ത വാക്കുകൾ,ഋഗ്വേദ മന്ത്രങ്ങൾ.ഏതു പാട്ടും സാമം.മദ്യക്കോപ്പ,യാഗത്തവി.മദ്യപ ദാഹം,യാഗാഗ്നി.മദ്യക്കട ഉടമ,യാഗ യ ജമാനൻ.

നഷ്‌ടമായ കപാലം,ഒരു പട്ടിയോ ബുദ്ധ ഭിക്ഷുവോ ആയിരിക്കാം എടുത്തത് എന്ന് കപാലി പരിഹസിക്കുന്നു.കാരണം,അതിൽ മാംസാഹാരം ഉണ്ടായിരുന്നു ( ബുദ്ധമതക്കാർ സസ്യാഹാരികൾ ആയിരുന്നു ).പട്ടിയെയും ബുദ്ധ മതക്കാരനെയും ഒരു പോലെ കാണുകയാണ്.
കപാലം കിട്ടിയ ബുദ്ധ ഭിക്ഷു ശുദ്ധ ബുദ്ധ മതാനുയായി അല്ല.അയാൾ ആത്മഗതം ചെയ്യുന്നു:

"അഹോ !ധന ദാന ശ്രേഷ്ഠനായ ആ ഉപാസകൻറെ ദാന മഹിമ ! എൻറെ ഇ ഷ്ടത്തിനൊത്ത വർണ ഗന്ധ രസങ്ങളുള്ള മൽസ്യ മാംസാഹാരങ്ങൾ നിറഞ്ഞ ഈ ഭിക്ഷാപാത്രം അദ്ദേഹത്തിൽ നിന്നാണ് എനിക്ക് കിട്ടിയത്.ഇനി രാജവിഹാരത്തിലേക്ക് പോകുക തന്നെ.ഹാ,മാളിക മുകളിൽ വസിക്കാനും സുഖ ശയ്യ മേലുറങ്ങാനും ഉച്ചയ്ക്ക് മുൻപുറങ്ങാനും ഉച്ച തിരിഞ്ഞ് മധുര പാനീയങ്ങൾ കഴിക്കാനും പഞ്ചസുഗന്ധം ചേർന്ന വെറ്റില പാക്ക് തിന്നാനും മൃദു വസനം ധരിക്കാനും ഭിക്ഷു സംഘത്തെ ഉപദേശിച്ചനുഗ്രഹിച്ച പരമ കാരുണികനായ ഭഗവാൻ ബുദ്ധൻ,സ്ത്രീ പരിഗ്രഹവും മദ്യപാനവും എന്തുകൊണ്ട് അനുവദിച്ചില്ല ? സർവജ്ഞനായ അദ്ദേഹം അതും അനുവദിച്ചിരിക്കും.വിശുദ്ധ പിടക പുസ്തകത്തിൽ നിന്ന് സ്ത്രീ മദ്യ വിഷയങ്ങളായ ഉപദേശങ്ങളെല്ലാം,ചെറുപ്പക്കാരോടുള്ള മത്സര ബുദ്ധിയാൽ,ദുഷ്ടരും മടിയരുമായ വയസ്സന്മാർ കീറിക്കളഞ്ഞിരിക്കും.നഷ്ടപ്പെട്ട ആ മൂലപാഠം എവിടന്ന് കിട്ടും ?"
മഹേന്ദ്ര വർമ്മൻ 
സമ്പൂർണ ബുദ്ധവചനങ്ങൾ പ്രകാശനം ചെയ്‌ത്‌ ബുദ്ധഭിക്ഷു സംഘത്തിന് താൻ കൈമാറുമെന്ന് അയാൾ പ്രതിജ്ഞ ചെയ്യുന്നു.ബുദ്ധമതത്തിൽ ചേരുന്നവർ കപടന്മാർ എന്ന് ധ്വനി.ഭിക്ഷുവിനെ കപാലി കാണുന്നതും കള്ളനായാണ്.അയാൾ വൽക്കലങ്ങൾ കൊണ്ട് കപാലം മൂടി.അനേകം വൽക്കലങ്ങൾ ധരിക്കണമെന്ന് ബുദ്ധൻ ഉപദേശിച്ചത്,ഇങ്ങനെ ഓരോന്ന് മൂടാനാണ്.മോഷണശാസ്ത്രം ഉണ്ടാക്കിയ ഖര പടനെ നമിക്കണം.ബുദ്ധനായിരിക്കും അതിൽ ഖര പടനേക്കാൾ മിടുക്കൻ.ബുദ്ധൻ വേദാന്തവും മഹാഭാരതവും മോഷ്ടിച്ചാണ്,സ്വന്തം മതമുണ്ടാക്കിയത്.

മൂടിവച്ച കപാലം കണ്ടെത്താൻ ഭിക്ഷുവിൻറെ മുടിയിൽ പിടിക്കാൻ കപാലി ആയുന്നു;താഴെ വീഴുന്നു.ഭിക്ഷു ആശ്വസിക്കുന്നു:
"ബുദ്ധൻറെ ബുദ്ധി ! അദ്ദേഹമല്ലേ,തല മുണ്ഡനം ചെയ്യണമെന്ന് വിധിച്ചത് ?"

മധ്യസ്ഥതയ്ക്ക് എത്തിയ പാശുപതനോട് ഭിക്ഷു കള്ളം പറയുന്നു:
"ഭാഗം തരാത്ത മുതലിൽ,ആശ വയ്ക്കാതിരിക്കുക എന്നതാണ്,ഞങ്ങൾ പഠിച്ച പാഠം.അസത്യം പറയുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക എന്നതാണ്,ഞങ്ങൾ പഠിച്ച പാഠം.അബ്രഹ്മചര്യത്തിൽ നിന്ന് വിരമിക്കലാണ്,ഞങ്ങൾ പഠിച്ച പാഠം.അകാല ഭോജനത്തിൽ നിന്ന് വിരമിക്കലാണ്,ഞങ്ങൾ പഠിച്ച പാഠം".

പ്രഹസനത്തിന് ഒടുവിൽ,ഭ്രാന്തൻ വരുന്നു.സമനിലയുള്ള ഏക കഥാപാത്രം.വരുന്ന വഴി,ഒരു പട്ടി ചണ്ഡാളനിൽ നിന്ന് റാഞ്ചിയ പിച്ചപ്പാത്രം അയ് അയാൾക്ക് കിട്ടിയിരുന്നു.അത് കപാലിക്ക് ദാനം ചെയ്യാം.അത് അയാൾക്ക് സ്വർണപാത്രമാണ്.സ്വര്ണപ്പണിക്കാരൻറെ അളിയൻ സ്വർണകുപ്പായം അണിഞ്ഞുണ്ടാക്കിയ സ്വർണ കപാലമാണ്.
കപാലം അഥവാ ഭിക്ഷാപാത്രം പ്രതീകമാകുന്നു -പിച്ച തെണ്ടുന്ന മതത്തിൻറെ പ്രതീകം.
മത്തവിലാസം കപാലി / ചെമ്മാണിയോട് 
എ ഡി ഒന്നാം നൂറ്റാണ്ടിലാണ് 'ഭഗവദജ്ജുക' രചന എന്നാണ് നിഗമനം.'മത്തവിലാസ' കർത്താവ് മഹേന്ദ്ര വർമൻ പല്ലവ രാജാവ് ആയിരുന്നു.എ ഡി 580 -630.'ഭഗവദജ്ജുക'വും അദ്ദേഹത്തിന്റേതാണെന്ന് വാദമുണ്ട്.അദ്ദേഹത്തിന്റെ തിരുവണ്ണാമലൈ മാമണ്ടൂർ ശാസനത്തിൽ രണ്ട് പ്രഹസനങ്ങളെയും പരാമർശിക്കുന്നു.കൃഷ്ണ -കാവേരി നദികൾക്കിടയിലെ മേഖല ഭരിച്ച പല്ലവ വംശ സ്ഥാപകൻ സിംഹ വിഷ്‌ണു വർമന്റെ മകൻ.തെക്കേ ഇന്ത്യയിൽ പലയിടത്തും കാണുന്ന ശിലാ ഗുഹകളും ക്ഷേത്രങ്ങളും ശാസനങ്ങളും അദ്ദേഹത്തെ കവി, പടയാളി,ഗായകൻ,വാസ്‌തു ശിൽപി,മതോദ്ധാരകൻ എന്നീ നിലകളിൽ വിശേഷിപ്പിക്കുന്നു.തമിഴ് സാഹിത്യം അദ്ദേഹത്തിൻറെ കാലത്ത് സമൃദ്ധമായി.അപ്പരുടെയും സംബന്ധരുടെയും 'തേവാരം' പ്രസിദ്ധമായി.മഹാബലിപുരം ശിൽപങ്ങൾ അക്കാലത്തേതാണ്. അദ്ദേഹം ആദ്യം ജൈന മതാനുയായി ആയിരുന്നു; ശൈവ സിദ്ധൻ അപ്പർ ആണ് ശൈവ മതത്തിൽ ചേർത്തത്.മതങ്ങളോട് സമഭാവന കാട്ടിയെന്ന് ശാസനങ്ങളിലുണ്ട്.അത് നാടകത്തിൽ ഇല്ല.
ഏഴാം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിൽ ശൈവ ആചാരത്തിന് അനുകൂലമായ ഹിന്ദു മത പരിഷ്കരണത്തിന് മുന്നിൽ നിന്ന് ഗുഹാ ക്ഷേത്രങ്ങൾ പണിത മഹേന്ദ്ര വർമ്മൻ,ആ രാഷ്ട്രീയം ആവിഷ്‌കരിച്ച നാടകമാണ്,'മത്ത വിലാസം' ( മദ്യ കേളി ).ശൈവ മത ശാഖകൾ ആയിരുന്നു,കപാലികയും പാശുപതവും.ഇവയ്ക്ക് എതിരായ വിമർശനം നാടകത്തിലുണ്ട്.ഇവയിൽ ആധാരമായ താന്ത്രിക ആചാരങ്ങളിൽ മദ്യവും മൈഥുനവും ഉൾപ്പെട്ടു.

അന്നത്തെ രാഷ്ട്രീയം മത രാഷ്ട്രീയമായിരുന്നു. മതസംഘർഷമാണ്,നാടക പശ്ചാത്തലം.'ഭഗവദജ്ജുക'ത്തിലെ ശാണ്ഡില്യൻ മതങ്ങൾ കയറിയിറങ്ങി."അങ്ങിവിടിരുന്ന് യോഗധ്യാനം നടത്തുക ;ഞാൻ അൽപം ഭോഗധ്യാനം ആകാം" എന്ന് ഗുരുവിനോട് അയാൾ പറയുന്നുണ്ട്.ഗുരുവും ശിഷ്യനും ആത്മീയ ലോകത്തിന് ചേർന്നവരല്ല.ബുദ്ധമത ജീർണതയാണ് ചർച്ച.മതപ്രമാണികൾ ഭ്രാന്തന്മാരെക്കാൾ ഉന്മാദികളാവുകയാണ്,'മത്തവിലാസ'ത്തിൽ.ശൈവമതത്തിലെ കപടനാണ് കപാലി.ഭിക്ഷു ബുദ്ധൻ ഉപദേശിച്ചതിന് വിരുദ്ധമായി മാത്രം ജീവിതത്തെ കാണുന്നു.കപാലി,ബുദ്ധനെ വേദാന്തം മോഷ്ടിച്ചവൻ എന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്.

ഈ രണ്ടു പ്രഹസനങ്ങളും കേരളത്തിൽ കൂടിയാട്ടത്തിൻറെ  ഭാഗമാകയാൽ,ബുദ്ധമത വിരുദ്ധ പ്രചാരണത്തിന് നാടകം ഉപയോഗിച്ചു എന്ന് തെളിയുന്നു.സംസ്കൃതത്തിലെ ആദ്യ രാഷ്ട്രീയ നാടകങ്ങൾ.കൊട്ടിയൂർ ചെറുമന്നം ക്ഷേത്രത്തിൽ ഇന്നും 'മത്ത വിലാസം' നടക്കുന്നു.'മുഴുവനില്ല.കപാലി പുറപ്പാട് മാത്രം ചെയ്യുന്നു ശിവനാണ് കപാലി.സന്താന ലാഭ വഴിപാടാണ് ,ആ കൂത്ത്.മാണി ദാമോദര ചാക്യാർ ഇത് കൂടിയാട്ടമായി അവതരിപ്പിച്ചു;മലപ്പുറം ചെമ്മാണിയോട് പുതിയേടം ശിവക്ഷേത്രത്തിലും അരങ്ങേറി.'ഭഗവദജ്ജുകം'കൂടിയാട്ടം കുറെക്കാലം അരങ്ങേറാതെ കിടന്നു.36 ദിവസമെടുത്ത് ആടുന്ന കൂടിയാട്ടം ,മൂന്ന് മണിക്കൂറായി പൈങ്കുളം രാമചാക്യാർ ചുരുക്കി.
-----------------------------------
See https://hamletram.blogspot.com/2019/09/blog-post_25.html

Wednesday, 25 September 2019

കേരള നാടകം കൊടുമൺ വരെ

പ്രളയകാലത്തെ മൺ വണ്ടി 5

വേദ പണ്ഡിതർക്കും യാഗം ചെയ്യുന്നവർക്കുo ദാനം ചെയ്യുന്നവർക്കുമുള്ള ഔന്നത്യമാണ് കലാകാരനുള്ളത്.
-ഭരത മുനി / നാട്യ ശാസ്ത്രം

ചില സംസ്‌കൃത നാടകങ്ങൾ വായിക്കാനും പഠിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. ഓർമ്മയിൽ പരതിയാൽ കിട്ടുന്നത്:

കാളിദാസൻ: അഭിജ്ഞാന ശാകുന്തളം, വിക്രമോർവശീയം, മേഘസന്ദേശം, ഋതു സംഹാരം, കുമാര സംഭവം, രഘു വംശം,മാളവികാഗ്നി മിത്രം.
ഭാസൻ:മധ്യമവ്യായോഗം, ദൂത വാക്യം, കർണ ഭാരം, ഊരു ഭംഗം, സ്വപ്ന വാസവ ദത്തം.

ശക്തി ഭദ്രൻ: ആശ്ചര്യ ചൂഡാമണി, വിശാഖ ദത്തൻ: മുദ്രാരാക്ഷസം, ഭവഭൂതി: ഉത്തര രാമ ചരിതം, ബോധായനൻ: ഭഗവദജ്ജുകം, മഹേന്ദ്രവിക്രമ പല്ലവൻ: മത്ത വിലാസം.

കോളജിൽ നിന്ന് സർവകലാശാല നാടകോത്സവത്തിൽ പങ്കെടുത്തപ്പോൾ, ഏകോപന ചുമതല എനിക്കായിരുന്നു. അവതരിപ്പിച്ചത് 'ഭഗവദജ്ജുകം'. കാവാലം നാരായണ പണിക്കർ പരിഭാഷ ചെയ്തത്. അതിൽ അന്ന് അഭിനയിച്ച നടിയാണ്, കൊച്ചിയിലെ അഭിഭാഷക എച്ച് സുബ്ബ ലക്ഷ്‌മി. സന്യാസിയുടെ ആത്മാവ് വസന്ത സേന എന്ന ഗണികയിലും ഗണികയുടെ ആത്മാവ് സന്യാസിയിലും പ്രവേശിക്കുന്നതിനെ തുടർന്നുള്ള കുഴപ്പങ്ങളാണ്, ആ നാടകം. വസന്ത സേന ചരിത്രകാരൻ പി എ സെയ്‌ത്‌ മുഹമ്മദിൻറെ മകൾ ജാസ്‌മിൻ. സന്യാസി, സി ഗൗരിദാസൻ നായർ. സൂത്രധാരൻ, രമേശ് വർമ്മ.

അറുനൂറിൽ അധികം സംസ്‌കൃത നാടകങ്ങളുണ്ട്. മലയാളിയായ സുകുമാരൻ എഴുതിയ 'ശ്രീകൃഷ്ണ വിലാസം' ഉൾപ്പെടെ കുറെ മഹാകാവ്യങ്ങൾ വായിച്ചു. സുകുമാരൻ കുത്തുള്ളി ഇല്ലത്തെ നമ്പൂതിരി ആയിരുന്നു എന്ന് ഡോ കെ കുഞ്ചുണ്ണി രാജ എഴുതിയിട്ടുണ്ട്. വായിച്ച കാവ്യങ്ങളിൽ, ബാണൻറെ 'കാദംബരി' യും ദണ്ഡിയുടെ 'ദശകുമാര ചരിത'വും പെടും.

ഷേക്സ്പിയറിൻറെ 'ഹാംലെറ്റ്' പരിഭാഷ ചെയ്ത കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തന്നെ, മലയാളിയായ ശക്തിഭദ്രൻ എഴുതിയ സംസ്‌കൃത നാടകം, 'ആശ്ചര്യ ചൂഡാമണി' മലയാളത്തിലാക്കി. 'ഹാംലെറ്റി'ൽ, Exactly like the dead father എന്ന് പ്രേതത്തെ കണ്ടു പറയുന്നതിന്, തമ്പുരാൻറെ പരിഭാഷ, 'തീപ്പെട്ട തമ്പുരാൻറെ തൽസ്വരൂപം'.


ഭരത മുനിയുടെ 'നാട്യ ശാസ്ത്ര'ത്തിന് മുൻപും ഇന്ത്യയിൽ നാടകങ്ങൾ ഉണ്ട്.നാട്യ വേദം തന്നെയുണ്ട് -ഋഗ്വേദത്തിൽ നിന്ന് സംവാദം, യജുർവേദത്തിൽ നിന്ന് അഭിനയം, സാമ വേദത്തിൽ നിന്ന് ഗീതം, അഥർവ്വത്തിൽ നിന്ന് രസം എന്നിവ സ്വംശീകരിച്ചത്. വിശ്വാമിത്രൻ നദികളുമായും പുരൂരവസ്‌ ഉർവ്വശിയുമായും ഒക്കെ നാടകീയ സംഭാഷണങ്ങൾ നടക്കുന്നു. മത ചടങ്ങുകൾക്കിടയിൽ, യജ്ഞം പോലുള്ള അവസരങ്ങളിൽ, സൂത,ശൈലൂഷകന്മാർ ഇത്തരം രംഗങ്ങൾ അരങ്ങേറി.

യവനിക ഉള്ളതിനാൽ, നാടകം യവനന്മാരിൽ നിന്ന് വന്നു എന്ന വാദത്തിൽ കഴമ്പില്ല. സംസ്‌കൃത നാടകങ്ങളിൽ കാണുന്ന തിരസ്കരണി,കഥകളിയിലെ തിരനോട്ടത്തിൽ എന്ന പോലെ,കഥാപാത്രങ്ങളെ ഒളിപ്പിക്കുന്ന മറ മാത്രം ആയിരുന്നു. ആ തുണി യവന (Greece) നിർമ്മിതം ആയിരുന്നു. രാമായണം, മഹാഭാരതം, അർത്ഥ ശാസ്ത്രം, കാമശാസ്ത്രം എന്നിവയിൽ നാടക പരാമർശങ്ങൾ ഉണ്ട്. നട സൂത്ര ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നതായി 'പാണിനീയം'.ഭരത മുനിക്ക് മുൻപുള്ള നാട്യ ശാസ്ത്രകാരന്മാരായ ശിലാലി, കൃശാശ്വൻ എന്നിവരെ 'പാണിനീയ'ത്തിൽ സ്‌മരിക്കുന്നു. 'കംസ വധം', 'ബലി ബന്ധനം' എന്നീ നാടകങ്ങളെയും പരാമർശിക്കുന്നു. 12000 ശ്ലോകങ്ങളുള്ള നാട്യ വേദത്തെ, 'ഭാവ പ്രകാശം' എന്ന ലക്ഷണ ഗ്രന്ഥത്തിൽ, ശാരദാ തനയൻ എടുത്തു പറയുന്നു. നമുക്ക് സ്വന്തം നാടക ശാല തന്നെ ഉണ്ടായിരുന്നു. ബി സി രണ്ടിലേത് എന്ന് കരുതുന്ന പുരാതന നാടക ശാലയുടെ അവശിഷ്ടങ്ങൾ, ഛോട്ടാ നാഗ് പൂരിലെ രാംഗഡ് മലനിരയിൽ ഖനനം ചെയ്‌ത്‌ കണ്ടെത്തി.

സംസ്‌കൃത നാടകത്തിന് കൃത്യമായ വ്യവസ്ഥകളുണ്ട്. ശൃംഗാരം, വീരം, കരുണം എന്നീ രസങ്ങളിൽ ഒന്ന് അംഗിയാകാം. ധീരോ ധാത്തൻ, ധീരോദ്ധതൻ, ധീര ശാന്തൻ, ധീര ലളിതൻ എന്നീ നാലുതരം നായകന്മാരാകാം. ദുഷ്യന്തൻ (ശാകുന്തളം), ഭീമൻ (ഊരുഭംഗം), ചാരുദത്തൻ (മൃച്ഛ കടികം), ഉദയനൻ (ഉദയന നാടകം) എന്നിവർ ക്രമത്തിൽ മാതൃകകൾ.

പഞ്ച സന്ധികളും ഉപസന്ധികളും ചേർന്നതാണ് സംസ്‌കൃത നാടകം. മുഖം, പ്രതിമുഖം, ഗർഭം, വിമർശം, നിർവഹണം എന്നിവ സന്ധികൾ. ഗ്രീക്ക് നാടകങ്ങളിലെ സംഘർഷാരംഭമായ സംഭവം (Exposition) മുഖവും സംഘർഷ വികാസം (Complication) പ്രതിമുഖവും സംഘർഷ പാരമ്യം (Climax) ഗർഭവും സംഘർഷാവരോഹം (Resolution) വിമർശവും പൂർത്തീകരണം (Conclusion) നിർവഹണവുമായി കാണാം. നാന്ദി, പ്രസ്താവന, കഥാസൂചന, ഭരത വാക്യം എന്നിവ നിർബന്ധം.

അവതരണ ഗാനമാണ്, നാന്ദി. അത് കഴിഞ്ഞ് സൂത്ര ധാരൻ വരുന്നു. നടിയെയോ നടനെയോ കൂട്ടിയാണ് വരവ്. നാടകത്തിൻറെയും നാടകകൃത്തിൻറെയും പേര് വിവരം പറഞ്ഞ് രംഗം സജീവമാക്കി, സൂത്രധാരൻ (Stage Manager) മടങ്ങും.

ഭരതമുനി കഥ എഴുതി സംവിധാനം ചെയ്ത ആദ്യ നാടകം 'ദേവാസുര യുദ്ധം'. ഇന്ദ്രൻറെ ധ്വജോത്സവത്തിന് അത് അവതരിപ്പിക്കാൻ ബ്രഹ്മാവ് ഉപദേശിച്ചു:

മഹാനയം പ്രയോഗസ്യ
സമയ : സമുപസ്ഥിത
അയം,ധ്വജ മന : ശ്രീമാൻ
അത്രേ ദാനീം,അയം വേദോ
നാട്യസംജ്ഞ: പ്രയുജ്യതാം

(നാടകത്തിന് നല്ല സമയം വന്നിരിക്കുന്നു; ദേവേന്ദ്ര ധ്വജോത്സവം. അവിടെ ഈ നാട്യ വേദം അവതരിപ്പിക്കാം ).

നാടകം തുടങ്ങിയപ്പോൾ, സദസ്സിൽ ഉണ്ടായിരുന്ന അസുരന്മാർ കൂവി. ചേരി തിരിഞ്ഞ് തല്ലി. ഉദ്‌ഘാടന നാടകം കലങ്ങി:

അഥാ പശ്യത് സദാ വിഘ് നൈ :
സമന്താത് പരിവാരിതം
സഹേതരൈ: സൂത്രധാരം
നഷ്ടസംജ്ഞം ജഡീകൃതം

(അഭിനേതാക്കളെ വിഘ്നകാരികൾ വളഞ്ഞു;സൂത്രധാരനെയും കൂട്ടരെയും ബോധം കെടുത്തി).

ഇന്ദ്രൻ 'ജർജരം' എന്ന ആയുധവുമായി, അസുരൻമാരെ നേരിട്ടു. അവരെ തല്ലി പപ്പടമാക്കി. നാടകം മുടങ്ങിയത് തന്നെ. അസുരന്മാർ,വിരൂപാക്ഷ നേതൃത്വത്തിൽ, ബ്രഹ്മാവിനോട് പരാതിപ്പെട്ടു. ബ്രഹ്മാവ് പറഞ്ഞു:

നൈകന്തതോ,അത്ര ഭവതാം,
ദേവാനാഞ്ചാനു ഭാവനം
ത്രൈലോക്യസ്യാസ്യ, സർവസ്യ
നാട്യം ഭാവാനുകീർത്തനം

( നാടകം നിങ്ങൾക്കോ ദേവന്മാർക്കോ മാത്രം അനുഭൂതി ഉണ്ടാക്കാൻ ഉള്ളതല്ല. ത്രിലോകങ്ങളിലുമുള്ള സകലരുടെയും സ്വഭാവം വർണിച്ചു രസാസ്വാദനം ആണുണ്ടാകുന്നത് ).

നാനാഭാവോപ സമ്പന്നം
നാനാവസ്ഥാന്തരാത്മകം
ലോകവൃത്താന്താനുകരണം
നാട്യമേതന്മയാകൃതം

( നാനാഭാവങ്ങൾ കൊണ്ട് സമ്പന്നവും സകല അവസ്ഥാ വിശേഷങ്ങളും ഉൾകൊള്ളുന്ന ലോക വൃത്താന്ത അനുകരണമാണ്, നാടകം ).

ഛോട്ടാ നാഗ് പൂർ 

ചേരി തിരിഞ്ഞ് തല്ലിയതിൽ നിന്നുള്ള പാഠം,പ്രേക്ഷകനിൽ നിന്നകന്ന്,നാട്യ മണ്ഡപം ഉണ്ടാക്കണം എന്നതായിരുന്നു. അപ്പോൾ,അന്യവൽക്കരണം ആദ്യം ബ്രെഹ്തിൻറെ എപിക് തിയറ്ററിൽ അല്ല, വന്നത്. നാട്യ ശാസ്ത്രത്തിൻറെ രണ്ടാം അധ്യായം, നാട്യ മണ്ഡപ തച്ചു ശാസ്ത്രമാണ്.

നാട്യ മണ്ഡപത്തിന് 64 കോൽ നീളം, 32 കോൽ വീതി.നേർ പകുതിയാണ് വേദിക്ക് വേണ്ടത് -32 കോൽ സമചതുര സ്ഥലം സദസ്സിന്. ഇതിന് കാരണം:

മണ്ഡപേ വിപ്രകൃഷ്ടെ തു,
പാഠ്യമുച്ചാരിത സ്വരം 
അനഭിവ്യക്ത വർണ്ണത്വ 
ദ്വിസ്വരത്വം, ദൃശം ഭവേത് 

(സദസ്യർ വേദിയിൽ നിന്നകന്നിരുന്നാൽ,ദൂരെയുള്ളവർക്ക് കേൾക്കാൻ അഭിനേതാക്കൾ ഉച്ചത്തിൽ സംസാരിക്കും,അത്  വ്യക്തതയില്ലാത്ത അപസ്വരമാകും).

ഏഴ് സ്വര വ്യവസ്ഥകൾ, സംഗീതത്തിൽ എന്ന പോലെ, സംഭാഷണത്തിനുമുണ്ട്: ഷഡ്‌ജം, ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം. മൂന്ന് സ്വര സ്ഥാനങ്ങൾ: നെഞ്ച്, തല, തൊണ്ട. വിച്ഛേദം, അർപ്പണം, വിസർഗം, അനുബന്ധം, ദീപനം, പ്രശമനം എന്നിവ ഉച്ചാരണ രീതികൾ. വികാര പ്രകടനത്തിന് യോജ്യമായി പറയണം. അതിങ്ങനെ:

ഹാസ്യ, ശൃംഗാരയോ: കാരയൗ 
സ്വരൗ, മധ്യമ, പഞ്ചമൗ 
ഷഡ്ജര്ഷഭൗ, തഥാ ചൈവ 
വീര, രൗദ്രാദ്ഭൂതേഷ്വഥ 
ഗാന്ധാരശ്ച, നിഷാദശ്ച 
കർത്തവ്യയൗ കരുണേ രസേ '
ധൈവതസ്ചൈവ കർതവ്യോ 
ബീഭൽസേ, സ ഭയാനക:

(മധ്യ പഞ്ചമ സ്വരങ്ങൾ ഹാസ്യത്തിനും ശൃംഗാരത്തിനും; വീരം, രൗദ്രം, അദ്‌ഭുതം എന്നിവയ്ക്ക് ഷഡ്ജ ഋഷഭങ്ങൾ. കരുണത്തിന് ഗാന്ധാര നിഷാദങ്ങൾ. ധൈവതം, ബീഭത്സത്തിനും ഭയാനകത്തിനും.)

ഓരോ അക്ഷരത്തിനുമുണ്ട് ഉച്ചാരണ ക്രമം. ഇതൊക്കെ പാലിക്കുന്ന കലാകാരൻ മഹാൻ:

യാഗതി:വേദ വിദുഷാം 
യാഗതി:യാജ്ഞകാരിണാം 
യാഗതി:ദാന ശീലാനാം 
താം ഗതിം പ്രാപ് നുയാദ്ധി, സ :

(വേദ പണ്ഡിതർക്കും യാഗം ചെയ്യുന്നവർക്കും ദാനം ചെയ്യുന്നവർക്കുമുള്ള ഔന്നത്യമാണ്,കലാകാരനുള്ളത് ).
ഗാന്ധർവം ചേന നാട്യം ച 

യ:സമ്യക് പരിപാലയേത് 
ലഭതേ സദ്ഗതിം പുണ്യാo 
സമം ബ്രഹ്മർഷൗഭിർന്നര:

(സംഗീതത്തെയും നാട്യത്തേയും വേണ്ട വിധം പരിപാലിക്കുന്നവന്, ബ്രഹ്മർഷികളെപ്പോലെ പുണ്യ സദ് ഗതി കിട്ടും).

'നാട്യ ശാസ്ത്രം' 36 അധ്യായത്തിൽ 6000 ശ്ലോകം, കുറച്ചു ഗദ്യം. സംഗീതം, ശിൽപം, നൃത്ത നൃത്യങ്ങൾ എന്നിവയുമുണ്ട്.

'വിഭാവനുഭാവ സഞ്ചാരീ ഭാവാത് രസ നിഷ്‌പത്തി:' എന്നതാണ്, ഭരത സൂത്രം. ബി സി മുന്നിലാണ് ഭരതൻ ജീവിച്ചത് എന്ന് കരുതപ്പെടുന്നു. 'നാട്യ ശാസ്ത്ര'ത്തെ പിന്തുടർന്ന ലക്ഷണ ഗ്രന്ഥങ്ങൾ, അതിലെ അധ്യായങ്ങളെ വിപുലീകരിച്ചതാണ്. ഇവയാണ് പ്രധാന നാട്യശാസ്ത്ര ഗ്രന്ഥങ്ങൾ:
നാട്യ ദർപ്പണം / രാമചന്ദ്ര. ഗുണ ചന്ദ്രൻ, നാടക മീമാംസ / രുയ്യകൻ, ഭാവപ്രകാശം / ശാരദാ തനയൻ, ശൃംഗാര പ്രകാശം / ഭോജൻ, നാട്യ പരിഭാഷ / ശിംശ ഭൂപാലൻ, നാടക ചന്ദ്രിക / രൂപ ഗോപ സ്വാമി, പ്രതാപ രുദ്രീയ യശോ ഭൂഷണം / വിദ്യാ നാഥൻ, സാഹിത്യ ദർപ്പണം / വിശ്വനാഥ കവി രാജൻ.


നാടകത്തെ പൊതുവെ രൂപകം എന്നാണ് സംസ്‌കൃതത്തിൽ വിളിക്കുക. പത്തു രൂപകങ്ങളും ഉപരൂപകങ്ങളും ഉണ്ട്.ഇതിൽ ഒരു രൂപകം മാത്രമാണ്, നാടകം. ഇതിന് പുറമെ, പ്രകരണം, ഈഹാമൃഗം, ഡിമം, സമവകാരം, വ്യായോഗം, അങ്കം, ഭാണം, പ്രഹസനം, വീഥി എന്നിവ രൂപകങ്ങൾ. ഒരു പകൽ നീളുന്ന വീര രസ രൂപകങ്ങൾ ആണ്, നാടകവും വ്യയോഗവും. ഹാസ്യ നാടകം,mപ്രഹസനം. ഭാണം ഏക പാത്ര നാടകം. ഹാസ്യവും ഭാണവും സാമൂഹ്യ വിമർശനം ആകാം. താഴേക്കിടയിലെ ജനമാണ് ഇതിൽ. ജനകീയ ബൃഹദ് കഥകൾ, പ്രകരണം.നാടകത്തിന് വീരേതിഹാസങ്ങൾ വേണം. ഭാണം, വീഥി, അങ്കം, വ്യായോഗം, പ്രഹസനം എന്നിവ ഏകാങ്കങ്ങൾ. ഭാണം ധൂർത്തനും മിടുക്കനുമായ വിടൻ മാത്രമുള്ള ആത്മഭാഷണം -ഇതാണ്, കൂത്ത്.

ഉപരൂപകങ്ങൾ 18: താടിക, ത്രോടകം, ഗോഷ്ഠി, സട്ടകം, നാട്യ രാസകം, പ്രസ്ഥാനകം, ഉല്ലാപ്യം, കാസ്യം, പ്രേങ്ഖണം, രാസകം, സല്ലാപകം, ശ്രീഗദിതം, ശിൽപകം, വിലാസിക, ദുർമല്ലിക, പ്രകരണിക, ഹല്ലീശം, ഭാണിക.

സംസ്‌കൃതത്തിൽ, ദുരന്ത നാടകങ്ങൾ, ഭാസൻറെ 'ഊരു ഭംഗം' പോലെ, വിരളം. വധവും യുദ്ധവും വേദിയിൽ പറ്റില്ല; കുളി, വസ്ത്രാക്ഷേപം, രതിക്രീഡ എന്നിവയും വയ്യ.

കഥാപാത്രങ്ങൾ സമൂഹത്തിലെ സ്ഥാനം അനുസരിച്ചു വേണം ഭാഷ പറയാൻ. ഉത്തമ ശ്രേണിക്കാർ സംസ്‌കൃതം. സ്ത്രീകൾക്കും പിന്നാക്കക്കാർക്കും മഹാരാഷ്ട്രി, ശൗരസേനി, മാഗധി തുടങ്ങിയ പ്രാകൃതങ്ങൾ. നീചർക്ക് അപഭ്രംശം. അതാണ് 'ബാഹുബലി'യിൽ കേട്ട ഒന്നും മനസിലാകാത്ത പിച്ചും പേയും.

സ്ഥലകാല ബന്ധം നിർബന്ധമല്ല -ഭവഭൂതിയുടെ 'ഉത്തര രാമ ചരിതം' 12 കൊല്ലം നീണ്ട കഥയാണ്.

സംസ്‌കൃത നാടകത്തെ സമ്പന്നമാക്കിയ മലയാളികളിൽ പ്രധാനികൾ ഭാസനും ശക്തി ഭദ്രനും. ഭാസൻറെ 'സ്വപ്ന വാസവദത്തം' 1909 ൽ മൈസൂർ ആർക്കിയോളജിക്കൽ സർവേയിലെ പണ്ഡിറ്റ് ആനന്ദാൽവാർ കണ്ടെടുത്തു. 1912 ൽ ഭാസൻറെ 13 നാടകങ്ങൾ കണ്ടെത്തിയത്, തിരുവനന്തപുരം പ്രാചീന ഗ്രന്ഥ പ്രകാശന കാര്യാലയം സൂപ്രണ്ട് ടി ഗണപതി ശാസ്ത്രികൾ. 

ജ്വലന മിത്രൻ എന്നും ഭാസന് പേര്. നിയമ വിരുദ്ധമായി, നാന്ദിക്ക് ശേഷമാണ്, ഇവയിൽ സൂത്ര ധാര പ്രവേശം. ഇതിന് 'മത്ത വിലാസ പ്രഹസന'വുമായി സാമ്യമുള്ളതിനാൽ, 'സ്വപ്ന വാസവ ദത്തം' ഒഴിച്ചുള്ളവ ഭാസ കൃതികൾ ആകണം എന്നില്ല എന്ന് വാദമുണ്ട്. 

ശാസ്ത്രി കണ്ടെത്തിയവയുടെ കൂട്ടത്തിൽ 'സ്വപ്നവാസവദത്തം' കൂടി ഉണ്ടായിരുന്നതിനാൽ എല്ലാം ഭാസന്റേത് എന്നായിരുന്നു നിഗമനം. ഭാസ നാടകങ്ങൾ കണ്ടെത്തിയപ്പോൾ, കേരളത്തിലെ ആദ്യ സംസ്‌കൃത നാടക കൃത്ത് എന്ന സ്ഥാനം ശക്തി ഭദ്രന് നഷ്ടമായി. ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിലാണ് ഭാസൻ ജീവിച്ചത് എന്ന ശാസ്ത്രിയുടെ നിഗമനം ഭാവനയായി കൊളംബിയ സർവകലാശാലയിലെ സംസ്‌കൃത പണ്ഡിതൻ ഷെൽഡൺ പൊള്ളോക് തള്ളി. എ ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച കാളിദാസൻറെ ഭാഷയോട് സാമ്യമുള്ളതിനാൽ, ഭാസൻ മൂന്നും നാലും നൂറ്റാണ്ടിനിടയിൽ ജീവിച്ചു എന്ന് കരുതുന്നു .ശക്തിഭദ്രൻ ശങ്കരാചാര്യ കാലത്താകാം. എ ഡി ഏഴും പതിനൊന്നും നൂറ്റാണ്ടുകൾക്കിടയിൽ കാലം കണക്കാക്കുന്നു എങ്കിലും, ശങ്കരാചാര്യരുമായി ഒരു കൂടിക്കാഴ്ചയുടെ കഥയുണ്ട്. എട്ടാം നൂറ്റാണ്ടിലാണ് ശങ്കരൻ ജീവിച്ചത്.

കാളിദാസൻ 'മാളവികാഗ്നി മിത്ര' പ്രസ്താവനയിൽ ഇങ്ങനെ ചോദിക്കുന്നു: "ഭാസൻ, സൗമിളൻ, കവിപുത്രൻ എന്നീ പ്രതിഭാശാലികളുടെ രചനകൾ നമുക്ക് മറക്കാനാവുമോ? ആധുനിക കവി കാളിദാസനോട് പ്രേക്ഷകർക്ക് ആദരവ് തോന്നുമോ?'

ഭാരതീയ സംസ്‌കൃത നാടകങ്ങൾ ബി സി അഞ്ചോ നാലോ നൂറ്റാണ്ടുകളിലേക്ക് വേരാഴ്ത്തി നിൽക്കുന്നു. 'അർത്ഥശാസ്ത്ര'ത്തിൽ 'കുശീലവ' എന്ന് പറയുന്നത് എന്താണെന്ന് വ്യക്തമല്ല. പതഞ്ജലിയുടെ 'മഹാഭാഷ്യ'ത്തിൽ 'കംസ വധം', ബാലി ബന്ധനം ' എന്നീ നാടകങ്ങളെ പരാമർശിക്കുന്നു. 'ഹരിവംശ'ത്തിൽ കൃഷ്ണൻറെ പിന്മുറക്കാർ ഒരു നാടകം അവതരിപ്പിക്കുന്നതായി പറയുന്നു. മഹാഭാരതത്തിൽ മരം കൊണ്ടുള്ള ഒരു സ്ത്രീ[പ്രതിമ പരാമർശിക്കുന്നു. ഇവ മൂകാഭിനയ സംഭവങ്ങളായി (Pantomime) A History of Sanskrit Literature ൽ  A Berriedale Keith തള്ളിക്കളയുന്നു. അശ്വഘോഷനും ഭാസനും മുൻപ് ഭാരതീയ നാടകം ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കുന്നു. യൂറോപ്യൻ പണ്ഡിതർ അംഗീകരിക്കുന്ന ആദ്യത്തെ സമ്പൂർണ സംസ്‌കൃത നാടകം, അശ്വഘോഷൻറെ 'ശാരീപുത്ര പ്രകരണം' ആണ്. ബുദ്ധ സന്യാസിയായ അശ്വഘോഷൻ ജീവിച്ചത്, എ ഡി 80 -150 ൽ ആണെന്നാണ് നിഗമനം. അശ്വഘോഷ നാടകം കിട്ടിയത്, ചൈനയിൽ ഷിൻജിയാങ്ങിലെ ടുർഫാനിൽ നിന്നാണ്.

കാളിദാസൻ മാത്രമല്ല, ബാണനും 'കാവ്യമീമാംസ' എഴുതിയ രാജശേഖരനും ഭാസനെപ്പറ്റി പറയുന്നുണ്ട്.

ആശ്ചര്യ ചൂഡാമണി/ നിനാസം,ഹേഗ്ഗോഡു,കർണാടക 

ഭാസ നടകങ്ങളെ നാലായി തിരിക്കാം:

രാമായണകഥ: പ്രതിമാ നാടകം, അഭിഷേക നാടകം.

ഭാരതകഥ: പഞ്ചരാത്രം, മധ്യമ വ്യായോഗം, ദൂത വാക്യം, ദൂത ഘടോൽക്കചo, കർണ ഭാരം, ഊരുഭംഗം, nബല ചരിതം.

ലോക കഥ: അവിമാരകം, ചാരുദത്തൻ 

ഉദയന കഥ: പ്രതിജ്ഞാ യൗഗന്ധരായണം, സ്വപ്ന വാസവദത്തം.

'മാളവികാഗ്നി മിത്ര' സൂത്രധാര പ്രസ്താവനയിൽ കാളിദാസൻ ഭാസനെ പരാമർശിക്കുന്നു. 'ഊരു ഭംഗ'ത്തിലും 'അഭിഷേക നാടക'ത്തിലും യുദ്ധവും മരണവും ചിത്രീകരിച്ചതിനാൽ, ഭരത മുനിക്ക് മുൻപ് ജീവിച്ചയാൾ ആകണം എന്നൊരു വാദമുണ്ട്. ബി സി രണ്ട് -എ ഡി രണ്ട് നൂറ്റാണ്ടിനിടയിലാണ് 'നാട്യ ശാസ്ത്രം' എങ്കിലും, അത് അറിയപ്പെടുന്നത് ഏഴാം നൂറ്റാണ്ടിൽ എന്ന് മറു വാദം.

ആശ്ചര്യ ചൂഡാമണി' എഴുതിയ ശക്തി ഭദ്രൻ, പത്തനം തിട്ട കുന്നത്തൂർ കൊടുമൺ ചെന്നീർക്കര സ്വരൂപമെന്ന നമ്പൂതിരി കുടുംബത്തിൽപെട്ട ആളായിരുന്നുവെന്നും അത് ചെങ്ങന്നൂർ ഗ്രാമത്തിൽ പെട്ടതായിരുന്നു എന്നുമാണ് വിശ്വാസം. പരശുരാമൻ സ്ഥാപിച്ചതായി പറയുന്ന 64 ഗ്രാമത്തിൽ ഒടുവിലത്തേതാണ് ചെങ്ങന്നൂർ. അതിന് തെക്ക് നമ്പൂതിരി ഗ്രാമങ്ങൾ ഇല്ല.

കൊടുമണ്ണിലെ ചിലന്തി അമ്പലമായിരുന്നു അങ്ങാടിക്കൽ കേന്ദ്രമായി നാടുവാഴി ആയ ശക്തി ഭദ്രൻറെ പരദേവതാ ക്ഷേത്രം.കൊല്ലം 956 -) മാണ്ടിനിടയ്ക്ക് (1781) അദ്ദേഹത്തിൻറെ കുടുംബത്തിൽ പെട്ട ശക്തി ഭദ്രരു സാവിത്രി,ശക്തി ഭദ്രരു ശ്രീദേവി എന്നീ അന്തർജനങ്ങൾ മാത്രം ശേഷിക്കുകയും അവർ 966 ൽ (1791) വാക്കവഞ്ഞിപുഴ മഠത്തിൽ നിന്ന് ദത്തെടുക്കുകയും ചെയ്‌തുവെന്ന്‌ ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതുന്നു.

ഒരിക്കൽ ചെങ്ങന്നൂരെത്തിയ ശങ്കരാചാര്യരെ ശക്തി ഭദ്രൻ, 'ആശ്ചര്യ ചൂഡാമണി' നാടകം വായിച്ചു കേൾപ്പിച്ചു. മൗന വ്രതത്തിൽ ആയിരുന്ന ശങ്കരാചാര്യർ പ്രതികരിച്ചില്ല. നിരാശനായ ശക്തി ഭദ്രൻ, നാടകം തീയിട്ടു. പിന്നൊരിക്കൽ ആ നാടകത്തെപ്പറ്റി ശങ്കരൻ ചോദിച്ചപ്പോൾ,കത്തിച്ചു കളഞ്ഞതായി ശക്തി ഭദ്രൻ ബോധിപ്പിച്ചു. നാടകത്തിൽ ഇങ്ങനെ ഒരു ശ്ലോകമുണ്ട്:

ത്രിഭുവന പുരസ്യാ രാവണ: പുരവജസ്ചേ -
ദസുലഭ ഇതിനൂനം വിശ്രമ: കാർമുകസ്യ 
രജനിചര നിബദ്ധം പ്രായശോ വൈരമേതദ് 
ഭവതു ഭുവന ഭൂത്യയ് ഭൂരിരക്ഷോ വധേന 

ഇതോർമിച്ച് , 'നിൻറെ ഭുവന ഭൂതി എവിടെ?' എന്ന് ശങ്കരൻ ചോദിച്ചു. നാടകം മുഴുവൻ ഓർമയിൽ നിന്ന് ശങ്കരൻ പറഞ്ഞു കൊടുത്തു; ശക്തി ഭദ്രൻ എഴുതി എടുത്തു.

'ആശ്ചര്യ ചൂഡാമണി' എഴുതിയത് മലയാളിയാണെന്ന് പറയുന്നത്  അതിൻറെ പ്രസ്താവനയിലാണ്:

ഭാരദ്വാജ ഗ്രാമവാസീ കുമാരില മതാനുഗ:
വിപ്ര:കശ്ചിത് ശക്തി ഭദ്ര കൃതം വ്യാകൃത നാടകം 

കുമാരില ഭട്ടൻറെ മീമാംസാ പദ്ധതിയിൽ വിശ്വസിച്ചിരുന്ന മലയാളി ബ്രാഹ്മണൻ,ശക്തി ഭദ്രൻ.ശങ്കരാചാര്യരും കുമാരില ഭട്ടനും സംവാദം നടത്തിയ കഥയുണ്ട്.



ആശ്ചര്യ ചൂഡാമണി കൂടിയാട്ടം / ചിത്രം :ദീപു എസ് ജി 

തെക്ക് നിന്ന് ഒരു നാടകം ഉണ്ടാകുന്നത്,മണ്ണിൽ നിന്ന് എണ്ണ വരും പോലെയാണെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. അതിന് മുൻപ് തെക്കേ ഇന്ത്യയിൽ നിന്നുണ്ടായത്, മഹേന്ദ്ര വിക്രമ പല്ലവൻറെ 'മത്ത വിലാസ'വും ബോധായനൻറെ 'ഭഗവദജ്ജുക'വും -രണ്ടും പ്രഹസനം. പിൽക്കാലത്ത്, 'തപതീ സംവരണം', 'സുഭദ്രാ ധനഞ്ജയം' നാടകങ്ങൾ എഴുതിയ കേരള ചക്രവർത്തി കുലശേഖര വർമൻ, 'ആശ്ചര്യ ചൂഡാമണി' പരാമർശിച്ചില്ല. ശക്തി ഭദ്രനോടുള്ള പുച്ഛം, മറവി ഒക്കെയാകാം.15 നൂറ്റാണ്ടിൽ അജ്ഞാത മലയാളി എഴുതിയ 'അഭിജ്ഞാന ശകുന്തള ചർച്ച' എന്ന വിമർശനത്തിൽ, ശക്തി ഭദ്രൻ എന്ന പേരില്ലാതെ,നാടകത്തെ പരാമർശിക്കുന്നു. തിരുവനന്തപുരം സംസ്‌കൃത ഗ്രന്ഥ വരിയിൽ,195 നമ്പറായി 'ശാകുന്തള ചർച്ച'യുണ്ട്.

'നടാങ്കുശം' എഴുതിയ അജ്ഞാത മലയാളിയും  ശക്തി ഭദ്രനെ പരാമർശിക്കുന്നു:

അസ്മാകം പ്രബന്ധകൃദപി മഹാനേവ 
യത് കൃതം നാടകം ചൂഡാമണിശ് ചൂഡാമണി:സതാം 
സകസ്യൈവ ന മാന്യോയം ശക്തിഭദ്രോ മഹാകവി

കൂടിയാട്ട സമ്പ്രദായത്തിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ,പ്രധാനമാണ്,' ആശ്ചര്യ ചൂഡാമണി'. പർണ ശാലാങ്കo,ശൂർപ്പണഖാങ്കം, മായാസീതാങ്കം ,ജടായു വധാങ്കം, അശോക വനികാങ്കം, അംഗുലീയാങ്കം എന്നിവ അങ്കങ്ങൾ. ഏഴാം അങ്കത്തിന് പേരില്ല. ഓരോ അങ്കവും ആറോ ഏഴോ ദിവസം എടുക്കും, അവതരണത്തിൽ. ശക്തി ഭദ്രൻ എന്ന പേര് സൂത്രധാരൻ പറയുന്നതാണ്. ശങ്കരൻ എന്നും രാമഭദ്രൻ എന്നും പാഠ ഭേദമുണ്ട്. 'ഉന്മാദ വാസവദത്തം' ശക്തി ഭദ്രൻ എഴുതിയതായി സൂത്രധാരൻ പറയുന്നു; കിട്ടിയിട്ടില്ല.

'ആശ്ചര്യ ചൂഡാമണി', ഭാസൻറെ 'പ്രതിമാ നാടകം', 'അഭിഷേക നാടകം' എന്നിവയിലെ അങ്കങ്ങൾ ചേർത്ത്, 21 അങ്കങ്ങളിലായി, 'രാമായണ നാടകം' കൂടിയാട്ടത്തിൽ, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും മറ്റും അവതരിപ്പിച്ചിരുന്നു. ഇതിന് ചാക്യാന്മാർ ഒരു വർഷം എടുക്കും. നടന്മാർക്ക് 3500 പഴയ പണവും ചെലവും രാജാവും പ്രഭുക്കളും കൊടുക്കും. നടത്തിപ്പുകാർ ബ്രാഹ്മണർ എങ്കിൽ, 1500 പണവും ചെലവും മതി.

ചെന്നൈ അടയാറിൽ നിന്ന് 'ആശ്ചര്യ ചൂഡാമണി' കണ്ടെടുത്ത കുപ്പു സ്വാമി ശാസ്ത്രി പറഞ്ഞത്, പ്രതിമാ, അഭിഷേക നാടകങ്ങൾ ഭാസന്റേത് അല്ലെന്നും അവ ശക്തി ഭദ്രന്റേത് ആയിരിക്കാം എന്നുമാണ്. കേരള സർവകലാശാല ഹസ്ത ലിഖിത ഗ്രന്ഥ ശേഖരത്തിൽ ഇവ മൂന്നും തുടർച്ചയായി പകർത്തിയ ഇരുപത്തഞ്ചോളം മാതൃകകളുണ്ട്.

ശക്തി ഭദ്രൻറെ കുടുംബം അന്യം നിന്നുവെന്നാണ് ഉള്ളൂർ പറഞ്ഞതിൽ നിന്ന് കിട്ടുന്നത്. അതിൽ പറയുന്ന ദത്ത് വർഷങ്ങൾ 1781,1791 എന്നിവയാണ്. ഭാസൻ മുതൽ ശക്തി ഭദ്രൻ വരെയുള്ള ചരിത്രം ചികഞ്ഞാൽ കിട്ടുന്നത്, എ ഡി 400 മുതൽ, കാളിദാസന് മുൻപ് മുതൽ, കേരളത്തിൽ നില നിന്ന സംസ്‌കൃത നാടക (കൂടിയാട്ട) പാരമ്പര്യമാണ്; ഇങ്ങനെ ഒന്ന് ഇന്ത്യയിൽ മറ്റൊരു ദേശത്തുമില്ല.

------------------------------------------------

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...