Wednesday, 6 November 2019

മാപ്പിള ലഹള:പണിക്കരും മതഭ്രാന്തും

34 ഹിന്ദുക്കളുടെ കൂട്ടക്കൊല വർഗസമരം !

മാപ്പിള ലഹളയുടെ ആദ്യത്തെ മാർക്സിസ്റ്റ് വ്യാഖ്യാനമാണ് അബനി മുക്കർജിയുടെ 'മാപ്പിള ലഹള' എന്ന ലേഖനം.1921 ഓഗസ്റ്റിൽ ലഹള നടന്ന് രണ്ടു മാസത്തിനകം തന്നെ പ്രസിദ്ധീകരിച്ച മുക്കർജിയുടെ ലേഖനത്തിലാണ്,ലഹള വർഗ സമരമാണെന്ന ദുർവ്യാഖ്യാനം ആദ്യം വന്നത്.മാർക്സിസ്റ്റ് ചരിത്രകാരൻ കെ എൻ പണിക്കർ എഴുതിയ Against Lord and State: Religion and Peasant Uprisings in Malabar, 1836-1921 ( 1989 ) എന്ന പുസ്തകമാണ്,മാർക്സിസ്റ്റുകൾ മാപ്പിള ലഹളയെപ്പറ്റിയുള്ള മാർക്സിസ്റ്റ് വ്യാഖ്യാനമായി കൊണ്ടു നടക്കുന്നത്.ഇതിന് മലയാള പരിഭാഷയുമുണ്ട്.എന്നാൽ,ആ പുസ്തകത്തിൽ മുക്കർജിയെ പരാമർശിക്കുന്നേയില്ല.

മുക്കർജിയുടെ ലേഖനം ലെനിനും സൈദ്ധാന്തികൻ ബുഖാറിനും അംഗീകരിക്കുക മാത്രമല്ല,അത് കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ 'The International എന്ന മുഖ പത്രത്തിൽ ജർമൻ,ഫ്രഞ്ച് ഭാഷകളിൽ വരികയും,1922 മാർച്ചിൽ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ The കമ്മ്യൂണിസ്റ്റ് റിവ്യൂ' അത് പരിഭാഷപ്പെടുത്തുകയും ചെയ്തു.അങ്ങനെ അതിന് ഔദ്യോഗിക അംഗീകാരമുണ്ട്.അതുകൊണ്ട്,ലഹളയുടെ മാർക്സിസ്റ്റ് വ്യാഖ്യാനം നടത്തുന്ന ഒരാൾ,ആദ്യം തേടിപ്പിടിക്കേണ്ട രേഖയാണ്,മുക്കർജിയുടെ ലേഖനം.ഇതിൻറെ അഭാവത്തിൽ,പണിക്കരുടെ ഗവേഷണം പ്രഹസനവും പുസ്തകം അപൂർണവുമാണ്.മുൻകൂട്ടി ഒരു നിഗമനം സംഘടിപ്പിച്ച ശേഷം ഗവേഷണം നടത്തിയ പണിക്കർ, അതിന് വിരുദ്ധമായ വസ്തുതകൾ കിട്ടിയപ്പോൾ അവയെ  വക്രീകരിക്കുകയോ ഞെരിച്ചു കൊല്ലുകയോ ആണ് ചെയ്തത്.
കെ എൻ പണിക്കർ 
മുക്കർജിയുടെ ലേഖനം കണ്ടിട്ടും പണിക്കർ ഉപേക്ഷിച്ചതാണെങ്കിൽ അതിൻറെ ന്യായം പണിക്കർ തന്നെ പറയണം.ചില ഗവേഷകർ,ഗവേഷണത്തിന് അടിസ്ഥാനമാക്കിയ പുസ്തകമോ പ്രബന്ധമോ പറയാതെ വിടാറുണ്ട്.പകർത്തിയ നിഗമനം സ്വന്തമായി അവതരിപ്പിക്കാനാണ്,ഇത്.അങ്ങനെ പണിക്കർ ഉപേക്ഷിച്ചതാണോ മുക്കർജിയുടെ ലേഖനം?

മുക്കർജിയുടെ ലേഖനത്തിൽ ലഹളയെ മതഭ്രാന്തന്മാർ വഴിതെറ്റിച്ചതായി പറയുന്നുണ്ട്.എന്നിട്ടാണ് അത് വർഗസമരമെന്ന നിഗമനത്തിൽ എത്തുന്നത്.മതഭ്രാന്ത് വർഗ്ഗസമരമാകുന്ന ചെപ്പടി വിദ്യ അദ്‌ഭുതകരമാണ്.നിയമ പ്രകാരം സർക്കാരിനെതിരെ കർഷകർ ആയുധം എടുത്തിരിക്കുന്നു എന്നാണ് മുക്കർജിയുടെ തുടക്കം.സായുധ സമരം നിയമപ്രകാരമുള്ള ഒന്നാണെന്നു മുക്കർജിക്ക് തോന്നിയത്,അദ്ദേഹം സായുധ സമരത്തിൽ വിശ്വസിച്ചത് കൊണ്ടാകണം.റഷ്യൻ വിപ്ലവത്തിന് പിന്നാലെ 1918 ൽ സോവിയറ്റ് പാർട്ടിയിൽ ചേർന്ന മുക്കർജി,1920 ൽ എം എൻ റോയിക്കൊപ്പം,താഷ്കെന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചയാളാണ്.ആ പാർട്ടി സ്ഥാപനം പ്രഹസനമായിരുന്നു.ബ്രിട്ടൻ പുറത്താക്കിയ തുർക്കി ഖലീഫയെ തിരിച്ചു ഭരണത്തിലെത്തിക്കാൻ,ഇന്ത്യയിൽ സർവ്വതും ഉപേക്ഷിച്ച്,വിശുദ്ധ യുദ്ധത്തിന് പുറപ്പെട്ട മുഹജിറുകളെ തടുത്തു കൂട്ടിയാണ് അന്ന് പാർട്ടിയുണ്ടാക്കിയത്.അഫ്ഗാനിസ്ഥാനിൽ നിന്ന് സായുധ കലാപം വഴി ഇന്ത്യയിൽ വിപ്ലവമുണ്ടാക്കുക ആയിരുന്നു,ലക്ഷ്യം.

മലബാറിലും ഖിലാഫത്തിൻറെ പേരിൽ വിശുദ്ധ യുദ്ധത്തിന് പുറപ്പെട്ട ഒരു മത ഭ്രാന്ത സംഘത്തെ ന്യായീകരിക്കുകയാണ്,മുക്കർജി ചെയ്തത്.ആ വഴി പിന്തുടർന്ന പണിക്കരുടെ കണ്ടെത്തൽ മൗലികമല്ല.
മുക്കർജി ലഹള മതഭ്രാന്ത് തന്നെ എന്ന് കണ്ടെത്തുന്നു:

"മത ഭ്രാന്തന്മാരായ ഈ മുസ്ലിംകളുടെ പ്രാഥമിക ലക്ഷ്യം തുർക്കിയുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കലാണ് എന്ന് വ്യക്തമായിട്ടുണ്ട്.ആദ്യ കലാപത്തിന് ശേഷം,ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ  ലക്ഷ്യം മറന്നു എന്നാണ് ഞങ്ങൾ അറിയുന്നത്.മത ഭ്രാന്ത നേതാക്കളായ മുല്ലമാർ മുസ്ലിം അണികളുടെ ആക്രമണം സമാധാന കാംക്ഷികളായ ഹിന്ദു അയൽക്കാർക്ക് നേരെ തിരിച്ചു വിട്ടു.ഇവർക്ക് വച്ച് നീട്ടുന്നത് , 'മരണം അല്ലെങ്കിൽ ഇസ്ലാം'ആണ്.80 കുടുംബങ്ങളുടെ നിർബണ്ഡിത  മതം മാറ്റവും മതം മാറ്റം  എന്ന അപമാനത്തിന് പകരം മരണം തിരഞ്ഞെടുത്ത ഒരു ഡസൻ പേരുടെ കൊലയുമാണ് ഇതിൻറെ ഫലം."

ഹിന്ദുക്കൾക്ക്  മുന്നിൽ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളു എന്ന് മുക്കർജി അംഗീകരിക്കുന്നു.നിർബന്ധിത മതം മാറ്റം ഏതായാലും വർഗ്ഗസമരമല്ല.ഖിലാഫത്ത് നേതാക്കൾ മാസങ്ങൾ ആസൂത്രണം ചെയ്താണ് ഇത് നടപ്പാക്കിയത്.കെ വി ചേക്കുട്ടി എന്ന ധനിക മുസ്ലിമിനെ ആദ്യം കലാപകാരികൾ കൊന്നതിനാൽ ലഹള, മത ഭ്രാന്തല്ല എന്ന് മുക്കർജി പറയുന്നത്,ബാലിശമാണ്.ചേക്കുട്ടിയെ കൊന്നത്,കലാപകാരികളെപ്പറ്റി പട്ടാളത്തിന് വിവരം ചോർത്തിയതിനാണ്.മത ഭ്രാന്തിന് മുന്നിൽ,അധികാര ഭ്രാന്തിന് മുന്നിൽ,സ്വതന്ത്ര വ്യക്തിയില്ല.തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമായവനെ അവർ കശാപ്പ് ചെയ്യും.ഹിന്ദു മത ഭ്രാന്തന്മാർ ഇന്നും ഹിന്ദു യുക്തിവാദികളെ കൊല്ലുന്നു.

ഔധ് കലാപവും മലബാർ കലാപവും തമ്മിൽ മുക്കർജി ബന്ധിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ എന്ന് വ്യക്തമല്ല.The Annexation of Oude എന്നൊരു ലേഖനം 'ന്യൂയോർക് ഡെയ്‌ലി ട്രിബ്യുണി'ൽ മാർക്സ് 1858 മെയ് 28 ന് എഴുതിയത് മുക്കർജി കണ്ടു കാണില്ല.ഔധ് പ്രവിശ്യയിലെ ഭൂമിയുടെ അവകാശം ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തതായി ഗവർണർ ജനറൽ കാനിംഗ്‌ പ്രഖ്യാപിച്ചെന്ന് മാർക്സ് അതിൽ ചൂണ്ടിക്കാട്ടി.ആ അവകാശം ശരിയെന്നു തോന്നും വിധം വിനിയോഗിക്കുമെന്നും വിളംബരത്തിൽ വ്യക്തമാക്കി.മലബാറിൽ ബ്രിട്ടൻ ഭൂമി കൈവശപ്പെടുത്തിയെങ്കിൽ മുക്കർജിയുടെ താരതമ്യത്തിൽ കഴമ്പുണ്ടാകുമായിരുന്നു.

മലബാർ തീരത്ത് വാസമുറപ്പിച്ച മാപ്പിളമാർ അറബി പോരാളികളുടെ മക്കളാണെന്നും അവർ പത്തു ലക്ഷം വരുമെന്നും മുക്കർജി പറയുന്നതിനും അടിസ്ഥാനമില്ല.തീരത്തെ മുക്കുവരെ നിർബന്ധിതമായി ഇസ്ലാമിലേക്ക് മതം മാറ്റിയിട്ടുണ്ട്;അന്ന് അറേബ്യയിൽ തന്നെ പത്തു ലക്ഷം മുസ്ലിംകൾ ഉണ്ടായിരുന്നെന്ന് തോന്നുന്നില്ല.ബുദ്ധിജീവികളെ ബൂർഷ്വകൾ ആക്കിയതിലും പിശകുണ്ട്.മുക്കർജി പറഞ്ഞ ഈ വിഭാഗമാണ്,മധ്യവർഗമായി ഇന്ന് നിൽക്കുന്നത്.അവർക്ക് ഭൂമിയിലേ നിക്ഷേപിക്കാൻ കഴിയൂ എന്ന് മുക്കർജി തന്നെ പറഞ്ഞ നിലയ്ക്ക് അവരെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ല.മാർക്സിസ്റ്റുകൾ ബൂർഷ്വകളാകുന്നത് കേരളം പിൽക്കാലത്തു കണ്ടതാണ്.കുടിയാന്മാർ മുസ്ലിംകൾ മാത്രമായിരുന്നു എന്ന മട്ടിലാണ്,മുക്കർജിയുടെ വാദം.ഹിന്ദുക്കളും പൊതുവെ ദരിദ്രരായിരുന്നു.

കത്തിയും വാളും പണിയുകയും അതുമായി സേനയെ നേരിടുകയും ചെയ്യുന്നത്,സമാധാനപരമായ സമരമല്ല."അലി മുസ്‌ലിയാർ,കുംകി തങ്ങൾ തുടങ്ങിയ മത ഭ്രാന്തരായ മുല്ലമാർ ചില തെമ്മാടികളുടെ സഹായത്തോടെ ഈ അവസരം സർക്കാരിനെ മറിച്ചിടാനുള്ള ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ശക്തി  കൂട്ടാൻ  ഉപയോഗിച്ചു" എന്ന് മുക്കർജി എഴുതുന്നു.അപ്പോഴും ഊന്നൽ മത ഭ്രാന്തിലാണ്.ഇവർ പൊലീസുകാർ ഉപേക്ഷിച്ച സ്റ്റേഷനുകൾ, "ഇവർ സൈനികർ വിട്ട ഔട്ട് പോസ്റ്റുകൾ എന്നിവിടങ്ങളിൽ  നിന്നു  വെടിക്കോപ്പും ആയുധങ്ങളും  സംഭരിച്ചു. .മലപ്പുറം ഖജനാവിൽ നിന്ന് കലാപകാരികൾ 40000 പൗണ്ടിന് സമാനമായ തുക ( ഇന്ന് 37 ലക്ഷം രൂപ ) കൊള്ളയടിച്ചു",മുക്കർജി എഴുതുന്നു.റഷ്യൻ വിപ്ലവകാലത്തും കൊള്ള തകൃതിയായി നടന്നു.

മുക്കർജി നിരത്തിയതിനെക്കാൾ മതഭ്രാന്തിന് തെളിവുകൾ പണിക്കരുടെ പുസ്തകത്തിലുണ്ട്.മതഭ്രാന്ത് വിവരിച്ച ശേഷം,അത് മനഃപൂർവമായിരുന്നില്ല,ഹിന്ദുക്കൾക്ക് എതിരായിരുന്നില്ല എന്ന് പറയുന്ന ശൈലിയാണ്,പണിക്കർ പുസ്തകത്തിൽ ഉടനീളം സ്വീകരിച്ചിരിക്കുന്നത്.നിർബന്ധിത മത പരിവർത്തനത്തെ 'മത പരിത്യാഗം'എന്ന് പറഞ്ഞാണ് പണിക്കർ രക്ഷിച്ചെടുത്തിരിക്കുന്നത്.ഹിന്ദുക്കൾക്ക് ഇസ്ലാമിൽ ചേരാൻ മുട്ടി നിൽക്കുകയായിരുന്നു എന്ന മട്ടിലാണ്,കഥാകഥനം.എന്നിട്ടും വാസ്തവം മൂടി വയ്ക്കാനാകാതെ,പണിക്കർ എഴുതുന്നു:
"കലാപകാരികളെ ഉത്തേജിപ്പിച്ചത് മത ഭ്രാന്തല്ലായിരുന്നു എന്ന് ഇവരുടെ പ്രവർത്തനങ്ങളുടെ ഘടന നിരീക്ഷിച്ചാൽ ബോധ്യമാകും.എങ്കിലും അവർ അഗാധമായ മതവിശ്വസമുള്ളവരായിരുന്നു.ഇത് കലാപങ്ങൾക്ക് പ്രേരണ കൊടുക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തുകയുണ്ടായി.ഈ മത വിശ്വാസം കലാപത്തിന് വഴിയൊരുക്കി എന്നല്ല,മധ്യസ്ഥമരുളി എന്നാണ് പറയേണ്ടത്.മതവികാരങ്ങൾ വ്രണപ്പെട്ടതും മത പരിത്യാഗം മൂലമുണ്ടായതുമായ മൂന്ന് നാലു പ്രക്ഷോഭങ്ങൾ ഇതിന് ഒരപവാദമാണ്.കലാപങ്ങൾക്ക് മുൻപ് നടന്ന കോപ്പുകൂട്ടലുകൾ മതമെങ്ങനെ സംഭവങ്ങൾക്ക് ഉൾപ്രേരകമായി പ്രവർത്തിച്ചു എന്നത് കാണിക്കുന്നുണ്ട്....ഓരോ കലാപത്തിന് മുൻപും അംഗങ്ങൾ തെറ്റാതെ ജാറങ്ങളിലേക്ക് തീർത്ഥയാത്രകൾ നടത്തുകയോ തങ്ങൾമാരുടെയും മുസലിയർമാരുടെയും ആശീർവാദങ്ങൾ വാങ്ങുകയോ ,മൊയ്‌ലീദ്,റാത്തീബ് തുടങ്ങിയ മതാഘോഷങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നു...പോരാടി മരിക്കുക വഴി ശഹീദുകളാകുമെന്നും ഇത് ആനന്ദകരമായ സ്വർഗീയ ജീവിതത്തെ പ്രദാനം ചെയ്യുമെന്നുമായിരുന്നു ഇവരുടെ വിശ്വാസം".
ആലി മുസ്‌ലിയാർ 

കലാപത്തിന് കാരണക്കാരനായ മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ സർക്കാർ നാടുകടത്തി.തങ്ങളെപ്പറ്റി പണിക്കർ എഴുതുന്നു:

"മമ്പുറത്തു നിന്ന് കലാപകാരികൾ തേടിയത് പരോക്ഷമായ അനുമതിയായിരുന്നു.മതവിശ്വാസികളെ സംബന്ധിച്ച് തീർത്ഥാടനം തന്നെ ഒരനുമതി തേടലാണ്.വലിയ തങ്ങളുടെ കബറിന് മുന്നിൽ പ്രാർത്ഥന നടത്തുന്നത് തന്നെ ഇളയ തങ്ങളിൽ നിന്ന് അനുമതി ലഭിക്കുന്നതിന് തുല്യമാണെന്ന് ചിലർ വ്യാഖ്യാനിക്കുകയുണ്ടായി".

തങ്ങളെ നാട് കടത്തിയ കലക്‌ടർ കൊണോലിയെ കലാപകാരികൾ കൊന്നു -അതും വർഗ്ഗസമരത്തിൽ പെടുമോ ?

തങ്ങളെ നാട് കടത്തി 25 കൊല്ലം കലാപങ്ങൾ ഉണ്ടായില്ല എന്ന് പണിക്കർ സമ്മതിക്കുന്നു.ഇങ്ങനെ ഒരു സത്യം ഒരു ചരിത്രകാരന് കിട്ടിയാൽ,കലാപത്തിന് കാരണം മതം എന്ന നിഗമനമാണ് സ്വാഭാവികമായി വരേണ്ടത്.

പണിക്കർ തുടർന്ന് എഴുതുന്നു:
"മാപ്പിളമാരെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച മതനേതാക്കളെ സംബന്ധിച്ചിടത്തോളം,ഖിലാഫത് പ്രസ്ഥാനം അടിസ്ഥാനപരമായി ഒരു മതപ്രശ്‍നം തന്നെയായിരുന്നു.ഇതിൻറെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവം ഒരു യാദൃച്ചികത മാത്രമായി ഇവർ കരുതി.പ്രസ്ഥാനത്തിൻറെ താനൂരിലെ നേതാവ് കുഞ്ഞി ഖാദർ,ഖിലാഫത്തിനെ ഒരു മതപ്രസ്ഥാനമായി മാത്രമായാണ് പരിഗണിച്ചത്.അതിനെ അർത്ഥശൂന്യമായ ഹൈന്ദവ പ്രചാരണ പദ്ധതികളുമായി കൂട്ടിക്കലർത്തുന്നതിനെ എതിർക്കുകയുo ചെയ്തു"

പിന്നീട്ഉ കോൺഗ്രസ് നേതാവായ ഉലമ കോൺഫറൻസ് സെക്രട്ടറി ഇ മൊയ്തു മൗലവി നടത്തിയ ഒരു പ്രസംഗവും ഉദ്ധരിക്കുന്നു:
"മെക്ക,മദീന ആദിയായ നമ്മുടെ വിശുദ്ധ സ്ഥാനങ്ങൾ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഖലീഫ തുർക്കിയിലെ സുൽത്താനെ നേരും നെറിയുമില്ലാതെയാണ്,നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്ന വെള്ളക്കാരും സഖ്യവും തകർക്കാൻ ശ്രമിക്കുന്നു എന്നത്,നമുക്കേവർക്കും അറിയാം.നമ്മുടെ പുണ്യ സ്ഥലങ്ങൾ പിടിച്ചെടുത്ത് ഇവരും ഇവരുടെ ചേരിക്കാരും പകുത്തെടുക്കുകയാണ്.ക്രിസ്തുമതത്തിന് എതിര് നിൽക്കുന്ന ഇസ്ലാം വിശ്വാസത്തെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കുക എന്ന ദുഷ്ട ലാക്കാണ് ഇതിന് പിന്നിലുള്ളത്"

ആഗോളമായി നിൽക്കുന്ന ഇസ്ലാം -ക്രൈസ്തവ സ്പർദ്ധയും ലഹളയ്ക്ക് കാരണം എന്നർത്ഥം.'ഇവരുടെ ചേരിക്കാർ '',ഹിന്ദുക്കൾ.
ലഹളയ്ക്ക് മുന്നിട്ടു നിന്ന ആലി മുസ്ലിയാരെപ്പറ്റി പണിക്കർ ഏഴുതുന്നു :
"തുടക്കത്തിൽ ഗാന്ധിയൻ തത്വങ്ങളിൽ ആകൃഷ്ടനായിരുന്ന മുസ്ലിയാർ,ഖാദി ധരിക്കുന്നതിലും അഹിംസ ഉപദേശിക്കുന്നതിലും താൽപര്യം കാട്ടി.പക്ഷെ,അധികം കഴിയും മുൻപ് ഈ ആവേശം കെട്ടടങ്ങി.അഹിംസ ഉപേക്ഷിച്ചു എന്ന് മാത്രമല്ല,ശത്രുവിനെതിരെ ഹിംസ ഉപയോഗിക്കണമെന്ന് മത തത്വങ്ങൾ നിരത്തി വാദിച്ചു.1921 ആകുമ്പോഴേക്കും തിരൂരങ്ങാടിയെ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പടനിലമായി മുസ്ലിയാർ വികസിപ്പിച്ചെടുത്തു.സന്നദ്ധ ഭടനാർക്ക് ആയുധ പരിശീലനം നൽകുകയും പലപ്പോഴും തെരുവുകളിലൂടെ പട്ടാളച്ചിട്ടയിൽ പരേഡുകൾ സംഘടിപ്പിക്കുകയും ചെയ്തു.മുസ്ലിയാരുടെ രണ്ട് വിശ്വസ്താനുയായികൾ ആയിരുന്ന ലവക്കുട്ടിയും കുഞ്ഞലവിയും ഈ സമയത്ത് കത്തികളും വാളുകളും കുന്തങ്ങളും ശേഖരിക്കുന്നതിൽ വ്യാപൃതരായിരുന്നതായി പറഞ്ഞു കേട്ടിരുന്നു"

ആലി മുസ്ലിയാരെ ഗാന്ധിക്കും രക്ഷിക്കാൻ കഴിഞ്ഞില്ല എന്നർത്ഥം.
മറ്റൊരു ആസൂത്രകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,മുസ്ലിയാരുടെ ബന്ധുവായിരുന്നു.പോത്തു വണ്ടിക്കാരനായിരുന്നു,ഹാജി.പണിക്കർ എഴുതുന്നു:

"കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഏറനാടിൻറെ കിഴക്കു ദിക്കിൽ നേതൃത്വം ഏറ്റെടുത്ത് താൻ ഹിന്ദുക്കളുടെ രാജാവും മുസ്ലിംകളുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമാണെന്ന് ഹാജി സ്വയം പ്രഖ്യാപിച്ചു".
ഹാജി തൊഴിലാളി വർഗ്ഗത്തിൽ പെട്ടയാളാണെന്ന് പണിക്കർക്ക് വാദിക്കാം.ഹിന്ദുക്കളുടെ രാജാവാണെന്ന് വാദിക്കുന്ന ഒരാൾ മനുഷ്യ വർഗ്ഗത്തിൽ പെടുകയില്ല;ഒരു പോത്തായിരിക്കും.

നിർബന്ധ മത പരിവർത്തനത്തെ ഹാജിയും മുസ്ലിയാരും ചെമ്പ്രശ്ശേരി തങ്ങളും സീതിക്കോയ തങ്ങളും എതിർത്തു എന്ന് പണിക്കർ പറയുന്നതിന് അർത്ഥം,ഹിന്ദുക്കളെ ഇസ്ലാമിലേക്ക് നിർബന്ധിതമായി മാറ്റിയിരുന്നു എന്ന് തന്നെ.ഇവർ എതിർത്തതിനു തെളിവില്ല.'' തുടക്കത്തിൽ ഹിന്ദുക്കളെ ഉപദ്രവിക്കുന്നതിനെ വിലക്കിയിരുന്നവരും അങ്ങനെ ചെയ്യുന്നവരെ കഠിനമായി ശിക്ഷിച്ചിരുന്നവരുമായ ചെമ്പ്രശ്ശേരി തങ്ങൾ,കുഞ്ഞഹമ്മദ് ഹാജി എന്നിവർ കൂടി ഹിന്ദു ഭവനങ്ങൾ കൊള്ള ചെയ്യാൻ അനുമതി നൽകിയെന്ന് റിപോർട്ടുണ്ട്" എന്ന് പണിക്കർ ഏതാനും പേജ് കഴിഞ്ഞ് എഴുതുന്നതോടെ വെള്ള പൂശൽ ശ്രമം തോൽക്കുന്നു.താനൂർ നന്നമ്പ്ര പൂഴിക്കൽ നാരായണൻ നായരുടെ വീട്ടിൽ കടന്ന് എട്ടു പേരെയാണ് കൊന്നത്.നായരുടെ യുവതിയായ മകളെയും മകനെയും തട്ടിക്കൊണ്ടു പോയി.40 പേരെ നായർ കാവൽ നിർത്തിയത് ഭേദിച്ചായിരുന്നു,നവംബർ 14 ന് അക്രമം.
തടവിലായ മാപ്പിളമാർ 
അബനി മുക്കർജി ഉയർത്തിക്കാട്ടിയ ചേക്കുട്ടി കൊല പ്രതികാര നടപടി ആയിരുന്നു എന്ന് പണിക്കരുടെ വിവരണത്തിൽ നിന്ന് തെളിയുന്നു:
"1921 സെപ്റ്റംബർ 25 ന് തുവ്വൂരിൽ നടന്ന സംഭവം നാട്ടിൽ ഉടനീളം നടുക്കമുണ്ടാക്കി.ഇത് കലാപകാരികളുടെ നികൃഷ്ടതയ്ക്കും ക്രൂരതയ്ക്കും മത ഭ്രാന്തിനും മികച്ച ഉദാഹരണമായി ഉയർത്തിക്കാട്ടപ്പെട്ടു.ഖാൻ ബഹാദൂർ ചേക്കുട്ടിയുടെ കൊല പോലെ ഇതും ഒരു പ്രതികാര നടപടിയായിരുന്നു.ഹിന്ദുക്കളും മാപ്പിളമാരും ഉൾപ്പെടെയുള്ള തുവൂർ ഗ്രാമക്കാർ പട്ടാളത്തിന് വിവരം ചോർത്തിക്കൊടുത്തതാണ്,കലാപകാരികളുടെ കോപം ക്ഷണിച്ചു വരുത്താൻ കാരണം.പട്ടാളം നീങ്ങിയ ഉടൻ തന്നെ കലാപകാരികൾ തുവൂരെത്തി.34 ഹിന്ദുക്കളെയും രണ്ടു മാപ്പിളമാരെയും നിരത്തി നിർത്തി കൊന്ന ശേഷം ജഡങ്ങൾ കിണറ്റിൽ എറിഞ്ഞു".

34 ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വേറൊരു സംഭവം കേരള ചരിത്രത്തിൽ ഇല്ല.ഡച്ചുകാരും പോർച്ചുഗീസുകാരും ചെയ്തില്ല.ക്രൂരരായ രാജാക്കന്മാരും ചെയ്തിട്ടില്ല.അത് പണിക്കരുടെ പുസ്തകത്തിൽ ഒരു വരി മാത്രമാണ്.ആ ഒരു വരി കൊണ്ട്,പുസ്തകം അവസാനമെത്തുമ്പോൾ,വർഗ സമരത്തിൽ കെട്ടിപ്പൊക്കിയ തൂവൽ കൊട്ടാരം ചോര വാർന്നു തകരുകയും മത ഭ്രാന്ത് ദംഷ്ട്രകളോടെ കേരള ചരിത്രത്തെ കൊഞ്ഞനം കുത്തുകയും ചെയ്യുന്നു .
മലബാറിൽ മാത്രമല്ല,കേരളത്തിലാകെ കുടിയാൻ പ്രശ്‍നം ഉണ്ടായിരുന്നു എന്നത് നേരാണ്.മലബാറിൽ ഇത് പഠിക്കാൻ തന്നെയാണ്,വില്യം ലോഗൻ വന്നത്.ലഹളയ്ക്ക് കാർഷികമാനമുണ്ടെന്ന്,സി പി ഐ വിട്ട് 1934 ൽ റവലൂഷനറി കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയ  സൗമ്യേന്ദ്ര നാഥ് ടാഗോർ 1937 ൽ എഴുതി.എന്നാൽ,ഭൂവുടമകളെയും കാണക്കാരെയും കലാപകാരികളിൽ നിന്ന് സംരക്ഷിക്കെണ്ട നിയമപരമായ ബാധ്യത ക്രിസ്തുമതത്തിൽ ഊന്നിയ ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടായിരുന്നു.അത്,തുർക്കി ഖലീഫയെ ബ്രിട്ടൻ പുറത്താക്കിയപ്പോൾ,കേരളത്തിൽ ആഗോള ക്രിസ്ത്യൻ -മുസ്ലിം സ്പർദ്ധയുടെ ഭാഗമാവുകയും,ക്രിസ്ത്യൻ സംരക്ഷണം കിട്ടിയ ഹിന്ദുക്കൾക്ക് നേരെ മത ഭ്രാന്തായി പരിണമിക്കുകയും ചെയ്തു.മത ഭ്രാന്ത് വിളിച്ചോതുന്നതാണ്,ലഹളക്കാലത്തെ നിർബന്ധിത പരിവർത്തനം.മത ഭ്രാന്തായിരുന്നു ലഹള എന്നതിനാൽ,മത പരിവർത്തനം,പണിക്കർ പുസ്തകത്തിൻറെ അവസാനത്തേക്ക് വച്ചു.അത് നന്നായി -വായനക്കാരൻറെ മനസ്സിൽ അത് പച്ചയായി നിൽക്കും.

പണിക്കർ എഴുതുന്നു:
"ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയിൽ ഒരു ഇസ്ലാമിക രാഷ്ട്രത്തിൻറെ രൂപീകരണത്തിലേക്ക് നയിക്കുമെന്ന് ചില മതമേധാവികളും അവരുടെ അനുയായികളും വിശ്വസിച്ചു.സ്വരാജ് -ഖിലാഫത്ത് ബന്ധമാവണം ഇവരിൽ ഈ ആശയം അങ്കുരിപ്പിച്ചത്.രാഷ്ട്രീയമെന്നതിനേക്കാൾ മത വിശ്വാസങ്ങളാൽ നയിക്കപ്പെട്ട തങ്ങൾമാരും മുസ്ലിയാർമാരും 'സ്വരാജി'നെ ഇസ്ലാമിക സംഹിതകളിൽ അധിഷ്ഠിതമായ ഖിലാഫത്ത് രാഷ്ട്രമായി വ്യാഖ്യാനിച്ചു.തങ്ങളുടെ വിശ്വാസ പ്രമാണങ്ങൾക്ക് മേൽക്കോയ്മ സിദ്ധിക്കുന്ന ഇസ്ലാമിക രാഷ്ട്രം പിറക്കുന്ന സുദിനവും പ്രതീക്ഷിച്ച് അവർ ഇരുന്നു.ഇതിന് മുന്നോടിയെന്നവണ്ണം മാപ്പിളമാർ ചില സ്ഥലങ്ങളിൽ നായർ സ്ത്രീകൾക്ക് മുസ്ലിം നാമങ്ങൾ കൊടുത്തു രസിച്ചു...ഹിന്ദുക്കളെ ബലമായി മത പരിവർത്തനം ചെയ്യിച്ചതിലും ഇത്തരം ആളുകളുടെ സ്വാധീനം ആണുണ്ടായിരുന്നത് ...മാപ്പിളമാരുടെ നിലപാട് പൊതുവെ മതപരിവർത്തനങ്ങൾക്ക് എതിരല്ലായിരുന്നു.കലാപങ്ങളിൽ പങ്കെടുക്കാതിരുന്നവർ പോലും മത പരിവർത്തനത്തെ എതിർക്കുന്നത് പാപ പ്രവൃത്തിയായിക്കരുതി.കലാപ പ്രവർത്തനങ്ങൾക്ക് ആളെക്കൂട്ടാൻ മത പരിവർത്തനം സഹായിക്കുമെന്നും ചിലർ കരുതി".

അതായത്,കലാപത്തിൻറെ പ്രധാന ഉള്ളടക്കമായിരുന്നു,മതം മാറ്റൽ.ഖിലാഫത്ത് വഴി ഇന്ത്യ മുസ്ലിം രാഷ്ട്രമാകുമ്പോൾ തങ്ങൾമാരും മുസ്ലിയാർമാരും മലബാർ സുൽത്താന്മാരും ഖലീഫമാരുമാകും.ആ രാജ്യത്ത് ഹിന്ദുക്കൾ വേണ്ട.

മത പരിവർത്തനങ്ങളിൽ അധികവും അനുവദിച്ചത്,കൊന്നാര തങ്ങളും അബ്‌ദു ഹാജിയും അബുബക്കർ മുസ്ലിയാരും ആയിരുന്നുവെന്ന് പണിക്കർ പറയുന്നു.സഹായികൾ വേറെ.കൊന്നാര തങ്ങളും മൊയ്തീൻ കുട്ടി ഹാജിയുമാണ് ഇതിൽ 75 ശതമാനത്തിനും നേതൃത്വം നൽകിയതെന്ന് കെ മാധവൻ നായർ 'മലബാർ കലാപ'ത്തിൽ എഴുതിയിട്ടുണ്ട്.ആലി മുസ്ലിയാരുടെ ശിഷ്യനായിരുന്നു,പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റി ഉപാധ്യക്ഷനായ മൊയ്തീൻ കുട്ടി ഹാജി.അരീക്കോട് മാത്രം 500 ഹിന്ദുക്കളെ മുസ്ലിംകളാക്കി എന്ന് ഹാജി അവകാശപ്പെട്ടു.മാപ്പിളമാർ കൊന്നാര തങ്ങൾമാരെ ആദരിച്ചിരുന്നു.കലാപം തീർന്നപ്പോൾ ഹിന്ദുക്കൾ കൊന്നാര വലിയ തങ്ങളുടെ നെറ്റിയിൽ ഭസ്മക്കുറി വരച്ചു.ഇതിന് പ്രതികാരമായി ഇളയ തങ്ങൾ മുഹമ്മദ് കോയ അനേകം ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്ലാമാക്കി;സമ്മതിക്കാത്തവരെ കൊന്നു.
കൊല്ലപ്പെട്ട പട്ടാളക്കാരുടെ സ്മാരകം /
ബംഗളുരു സെൻറ് മേരീസ് കത്തീഡ്രൽ 
മാധവൻ നായർ,ഗോപാല മേനോൻ തുടങ്ങിയ പേരുകൾ ഉച്ചരിക്കുന്നതിന് തന്നെ അബ്ദു ഹാജി എതിരായിരുന്നെന്നും പേര് ഉച്ചരിക്കുന്നതിന് പകരം ഇവരെ കൊല്ലണമെന്ന് ഇയാൾ അഭിപ്രായപ്പെട്ടതായും ഹിച്ച്കോക്ക്‌ എഴുതി.അബ്ദുഹാജിയെ മതഭ്രാന്തനായാണ് മൊയ്തീൻകുട്ടി ഹാജി കണ്ടിരുന്നത് !

പണിക്കർ എഴുതുന്നു :
"പലപ്പോഴും അടുത്തുള്ള പുരോഹിതൻറെ സമീപത്തേക്ക് ഹിന്ദുക്കളെ കൂട്ടിക്കൊണ്ടു പോയി ബലാൽക്കാരേണ ഇത് നടത്തി.ചില കലാപ സംഘങ്ങളോടൊപ്പം പുരോഹിതനും സഞ്ചരിച്ചിരുന്നതിനാൽ തത്സമയം തന്നെ പരിവർത്തനം നടത്താൻ സാധിച്ചു."
ഇതിന് ധനികരെന്നോ നിർധനരെന്നോ മേൽജാതിയെന്നോ കീഴ്‌ജാതിയെന്നോ വേർതിരിവ് ഉണ്ടായിരുന്നില്ലെന്നും പണിക്കർ കണ്ടെത്തി -മത പരിവർത്തനം വന്നപ്പോൾ,വർഗ സമരം വാല് പൊക്കി ഓടി.

നിർബന്ധിത മത പരിവത്തനത്തിൽ ഏർപ്പെട്ട 678 മാപ്പിളമാരുടെ പട്ടിക സർക്കാർ തയ്യാറാക്കിയിരുന്നു.

പണിക്കർ കേരളത്തിൽ വെട്ടിത്തെളിച്ചത് ഗ്രാംഷിയൻ മാതൃകയാണെന്ന് മാർക്സിസ്റ്റ് ചരിത്രകാരൻ വെളുത്താട്ട് കേശവൻ പുസ്തകത്തിൻറെ മലയാള പരിഭാഷ നിരൂപണം ചെയ്ത് എഴുതി.*മമ്പുറം തങ്ങൾ,സനാ ഉള്ള മക്തി തങ്ങൾ,വെളിയങ്കോട്ട് ഖാസി എന്നിവരെ സാമ്പ്രദായിക ബുദ്ധിജീവികൾ എന്ന്വിളിച്ചത്,ഗ്രാംഷിയൻ സങ്കൽപനമാണെന്ന് വിലയിരുത്തിയ കേശവനും നിരൂപണത്തിനൊടുവിൽ സത്യം സമ്മതിക്കേണ്ടി വന്നു:

"കലാപകാരികളുടെ ക്രൂരതയുടെ കഥകൾ -വാസ്തവവും ഭാവനാസൃഷ്ടിയും -മാപ്പിളമാരെ സംശയ ദൃഷ്ടിയോടെ നോക്കാൻ ഹിന്ദുക്കളെ പ്രേരിപ്പിച്ചു.ഫലമോ ? വർഗീയ വിദ്വേഷത്തിൻറെ മുളകൾ ഇവിടെ പൊട്ടി.ഈ അവസ്ഥാന്തരത്തിൽ മലപ്പുറം ഏതെങ്കിലും തരത്തിലുള്ള സംഘടനകൾ ഉണ്ടായത്,മതത്തിൻറെ കൊടിക്കീഴിലായിരുന്നു.കേരളത്തിൻറെ മറ്റു പ്രദേശങ്ങളിൽ -മൊറാഴയിലായാലും കയ്യൂരിലായാലും -ജാതി മത ഭേദമെന്യേ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളായി ആവിഷ്കാരം നേടിയപ്പോൾ,മലപ്പുറം ജില്ലയിൽ അവയ്ക്ക് വർഗീയമായ ഒരു സ്വരൂപമാണ് കൈവന്നത്.അത് കൊണ്ടണല്ലോ ഈയൊരു പിൻബലം വച്ചു കൊണ്ട് ഏതു വഷളത്തവും കാട്ടാനും അതിനെതിരെ ശബ്ദിക്കുന്നവരെ ''രാഷ്ട്രീയമായി നേരിടും'' എന്ന് പറയാനും അവിടത്തെ വർഗീയ ശക്തികൾക്ക് സാധിക്കുന്നത്"
മലപ്പുറത്ത് ഇന്നുമുള്ള വർഗീയതയാണ് മാപ്പിള ലഹളയുടെ നീക്കി ബാക്കി എന്നർത്ഥം.മലപ്പുറം ജില്ല തന്നെ കൊടുത്തത് ഇ എം എസ് ആണ് എന്നും മറക്കരുത്.ഇവർക്കുള്ള മറുപടി മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻറെ 'ഖിലാഫത്ത് സ്മരണകൾ' ആണ്.മോഴിക്കുന്നം മരിച്ച അന്ന് വൈകിട്ട് ഇ എം എസിൽ നിന്ന് ഒരു ഓർമ്മക്കുറിപ്പ് ഞാൻ എഴുതിയെടുക്കുകയുണ്ടായി.

മാപ്പിള ലഹള മത ഭ്രാന്തായിരുന്നുവെന്ന് 1921 ഓഗസ്റ്റ് 30 ന് 'മലയാള മനോരമ' എഴുതിയതായി പണിക്കർ ഉദ്ധരിക്കുന്നു:
"മതവെറിയന്മാരായ മാപ്പിളമാരെ നിസ്സഹരണ വിഷയങ്ങൾ പഠിപ്പിച്ചത് വെടിമരുന്നിന് തീ കൊടുത്തത് പോലെയായി എന്നാണ് 'മലയാള മനോരമ' എഴുതിയത്.നിരക്ഷരായിരിക്കെ ആധുനിക രാഷ്ട്രീയത്തിൻറെ പാഠങ്ങൾ ഉൾക്കൊള്ളാനുള്ള പാകത മാപ്പിളമാർ ആർജിച്ചിട്ടില്ല എന്നതായിരുന്നു ഇവിടെ വിവക്ഷ.ഇവരുടെ സ്വതവേയുള്ള കലഹ പ്രകൃതവും  അധികാര കേന്ദ്രങ്ങളെ ധിക്കരിക്കുന്ന പാരമ്പര്യവുമാണ് ഇതിന് വിമർശകർ ഉയർത്തിക്കാട്ടുന്നത്.ഇതുകൊണ്ടാണ് 'ഇവരെ ഖിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ ഇടപെടുത്തിയത് ഒരു രാഷ്ട്രീയ അബദ്ധമായിപ്പോയി എന്ന് 'മനോരമ' അഭിപ്രായപ്പെട്ടത്".

കുറെ വർഷങ്ങൾ 'മനോരമ'യിൽ ജോലി നോക്കിയ എനിക്ക്, 'മനോരമ'യിലാണ് വിശ്വാസം -മാപ്പിള ലഹള മത ഭ്രാന്തായിരുന്നു.ഹിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ ഇടപെടുത്തിയത് അബദ്ധമായി എന്ന് 'മനോരമ' പറഞ്ഞതിന് അർത്ഥം,ഗാന്ധിക്ക് അബദ്ധം പറ്റി എന്ന് തന്നെ.

മാപ്പിളമാർ നിരക്ഷരരാണ് എന്ന് പണിക്കർ പറഞ്ഞ നിലയ്ക്ക് അവർ മാർക്സിസം എവിടെ നിന്ന് പഠിച്ചു എന്ന് വ്യക്തമാക്കേണ്ടത്,പണിക്കരാണ്.അവരുടെ കലഹ പ്രകൃതം മാർക്സിസ്റ്റുകൾക്ക് ചേരും.
-----------------------------------------
*മലബാർ കലാപം :മുളച്ചതും വിളഞ്ഞതും / വെളുത്താട്ട് കേശവൻ,മാതൃഭൂമി ആഴ്ചപ്പതിപ്പ്,ജനുവരി 15 -22,2005 


See https://hamletram.blogspot.com/2019/11/blog-post.html












Tuesday, 5 November 2019

ടിപ്പുവിന് കണ്ണൂർ മരുമകൻ

 തെക്കൻ മാപ്പിളമാർ വരുതിയിൽ 

വിക്രം സമ്പത് എഴുതിയ Splendours of Royal Mysore: The Untold Story of the Wodeyars  എന്ന പുസ്തകത്തിൽ,ടിപ്പുവിൻറെ അധികം അറിയപ്പെടാത്ത ഒരു ഭാഗം സ്‌പർശിക്കുന്നു:
"നായന്മാരുടെ ഉറച്ച പ്രതിരോധവും അവർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ രഹസ്യ പിൻതുണയും ടിപ്പുവിന്
പേക്കിനാവായി.നൈസാം,മറാത്തക്കാർ എന്നിവരുടെ ആക്രമണവും മൈസൂർ വോഡയർമാരെ കീഴടക്കലും കഴിഞ്ഞാൽ,ടിപ്പുവിന് ഇത് നിർണായകമായി.മലബാറിൽ അധീശത്വം ഉറപ്പിക്കാൻ അദ്ദേഹം അറയ്ക്കൽ കുടുംബവുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടു.അദ്ദേഹത്തിൻറെ മകൻ അബ്‌ദുൾ ഖാലിക് അറയ്ക്കൽ ബീവിയുടെ മകളെ നിക്കാഹ് ചെയ്തു.മലബാറിലെ തൻറെ ശത്രുക്കളെ സഹായിക്കരുതെന്ന് അദ്ദേഹം തലശ്ശേരി കോട്ടയിലെ ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടു"

എ ശ്രീധര മേനോൻ കേരള ചരിത്രത്തിൽ പറയുന്നു:
"ടിപ്പു കണ്ണൂരിലെത്തി മകൻ അബ്‌ദുൾ ഖാലിക്കും അറയ്ക്കൽ ബീവിയുടെ മകളുമായുള്ള വിവാഹം ആഘോഷിച്ചു.കോലത്തിരിയിൽ നിന്ന് പിടിച്ച ചില പ്രദേശങ്ങൾ ബീവിക്ക് കൊടുത്ത് തീരം വഴി ചാവക്കാട്ടേക്ക് പോയി;അവിടന്ന് കോയമ്പത്തൂരേക്കും".
ടിപ്പുവിൻറെ മക്കൾ കോൺവാലിസിന് / റോബർട്ട് ഹോം 
നിക്കാഹ് 1789 ലായിരുന്നു.താമരശ്ശേരി ചുരം വഴി ടിപ്പു ആദ്യമായി മലബാറിൽ എത്തിയ ഘട്ടം.1782 ൽ ജനിച്ച ഖാലിക്കിന് ഏഴു വയസ് മാത്രമായിരുന്നു.മൂന്നു വർഷം കഴിഞ്ഞ് ശ്രീരംഗ പട്ടണം ഉടമ്പടിയുടെ ഭാഗമായി ഖാലിക്കും സഹോദരൻ മുയിസുദീനും ബ്രിട്ടീഷ് ബന്ദികളായി.1806 സെപ്റ്റംബർ 12 ന് 24 വയസിൽ ഖാലിക് മരിച്ചു.

വില്യം ലോഗൻ മലബാർ മാനുവലിലും നിക്കാഹ് പരാമർശിക്കുന്നു:
"ടിപ്പു കണ്ണൂരിലെത്തി ബീവിയുടെ മകളും ഖാലിക്കുമായുള്ള വിവാഹത്തിൻറെ പ്രാഥമിക ചടങ്ങുകൾ നടത്തി".
ശ്രീധര മേനോൻ സ്വന്തമായി എന്തെങ്കിലും കണ്ടെത്തിയതായി ആരോപണം ഇല്ല !

രാഷ്ട്രീയമായി ഈ ബന്ധം ശരിയായിരുന്നു.കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കലുമായുള്ള ബന്ധം,മലബാറിലെ ടിപ്പുവിൻറെ താൽപര്യങ്ങൾ സംരക്ഷിക്കുമായിരുന്നു.ടിപ്പുവിനെ ബാപ്പ ഹൈദരാലി നൈസാമിൻറെ മകൾക്ക് നിക്കാഹ് ചെയ്തു കൊടുക്കാൻ ആഗ്രഹിച്ചപ്പോൾ,നൈസാം അത് തള്ളി.ഹൈദർ ഒരു പാവം പഞ്ചാബി എന്നതായിരുന്നു,കാരണം.ഇസ്ലാമിക രക്തത്തെയും നൈസാം സംശയിച്ചു.നവായത്ത് മുസ്ലിമായ ആർക്കോട്ടിലെ ഇമാം സാഹബ് ബക്ഷിയുടെ മകൾ റോഷൻ ബീഗവുമായി ടിപ്പുവിൻറെ  നിക്കാഹ് തീരുമാനിച്ചു.മേൽകോട്ടെ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈന്യാധിപൻ ലാലാ മിലൻറെ മകളും ബാല്യകാല സഖിയുമായ റുക്കയ്യ ബാനുവിനെ ടിപ്പു തന്നെ തിരഞ്ഞെടുത്തു.സൈന്യാധിപൻ ബുർഹാനുദ്ധീൻറെ സഹോദരി ആയിരുന്നു.1774 ലെ ഒരു വൈകുന്നേരം ഇരുവരെയും ടിപ്പു നിക്കാഹ് ചെയ്തു.24 വയസ്.

ജുനുമാബി II ആയിരുന്നു അറയ്ക്കൽ ബീവി.മുൻഗാമി അറയ്ക്കൽ രാജാവ് കുഞ്ഞി ഹംസ II 1777 ൽ മരിച്ചു.1777 -1819 ൽ ജുനുമാബി ഭരിച്ചു.ഇവരെ ടിപ്പു കണ്ടതിന് രേഖകളുണ്ട്.
ഖാലിക്, മുകളിലെ ചിത്രത്തിൽ 
ഹൈദരാലി 1759 ൽ കൃഷ്ണ രാജ വൊഡയാർ രണ്ടാമനെ അട്ടിമറിച്ചപ്പോൾ,കുഞ്ഞി ഹംസ രണ്ടാമൻ അദ്ദേഹത്തോട് കൂറ് പ്രഖ്യാപിച്ചു.അദ്ദേഹം മൂസയെ നാവിക മേധാവിയാക്കി.മൂസ 1750 ൽ മാലിയിലെ സുൽത്താൻ മുഹമ്മദ് ഇമാദുദീനെ പിടികൂടി
മൂസയ്ക്ക് കീഴിലുള്ള ലക്ഷദ്വീപിലെ കവരത്തിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹം തടവിൽ 1757 ൽ മരിച്ചു.ഹൈദറിൻറെ നാവിക മേധാവിയായ ശേഷം,മൂസ അന്നത്തെ സുൽത്താൻ ഹസ്സൻ ഇസുദുദീനെ പിടികൂടി കണ്ണുകൾ ചൂഴ്ന്നെടുത്തു.ഹൈദർ ഇതിന് സുൽത്താനോട് മാപ്പു ചോദിച്ചു;രാജ്യം തിരിച്ചു കൊടുത്തു.മൂസയെ സ്ഥാനത്തു നിന്ന് നീക്കി.1766 ൽ നായർ കലാപം അമർച്ച ചെയ്യാൻ ഹൈദർ,ബേദനൂർ പിടിച്ചതോടെ,മൂസയ്ക്ക് സ്ഥാനം തിരിച്ചു കിട്ടി.അറയ്ക്കൽ രാജാവ് മുഹമ്മദലി മൂന്നാമൻ 1688  -1690 ലെ ചൈൽഡ് യുദ്ധത്തിൽ മുഗൾ ചക്രവർത്തി ഔറംഗസേബിനെ സഹായിക്കാൻ മാപ്പിള സൈന്യത്തെ അയച്ചിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനി ഗവർണറും ധന ശാസ്ത്രജ്ഞനും കച്ചവടക്കാരനുമായിരുന്നു,സർ ജോസയ്യ ചൈൽഡ്.യുദ്ധത്തിൽ ചൈൽഡ് തോറ്റു.കമ്പനിക്കെതിരെ ഔറംഗസേബ് ശിക്ഷാ നടപടികൾ എടുത്തില്ല.വലിയ നഷ്ട പരിഹാരം വാങ്ങി കച്ചവടാവകാശം പുനഃസ്ഥാപിച്ചു.ബേദനൂർ പിടിച്ച ശേഷമാണ് ഹൈദർ മലബാറിൽ എത്തിയത്.

ടിപ്പുവിനെക്കാൾ രാജ പൈതൃകം അറയ്ക്കൽ കുടുംബത്തിനായിരുന്നു.കോലത്തിരിയുടെ സൈന്യാധിപൻ അരയൻ കുളങ്ങര നായർ ഇസ്ലാം മതം സ്വീകരിച്ചാണ് അറയ്ക്കൽ കുടുംബം ഉണ്ടായത്.അദ്ദേഹത്തിൻറെ ഭാര്യ കോലത്തിരി രാജകുമാരി ആയിരുന്നു.രാജകുമാരിയെ പ്രണയിച്ചപ്പോൾ നായർ ഭ്രഷ്ടനായി.
ടിപ്പുവിൻറെ മകന് ബീവിയുടെ മകളുമായി ജീവിക്കാൻ കഴിഞ്ഞില്ല.1806 ൽ 24 വയസ്സിൽ മരിക്കുമ്പോൾ,രാജ്യം ഇല്ലാതായിരുന്നു.

ടിപ്പു സുൽത്താന് ( 1750 -1799 ) വിവിധ സ്ത്രീകളിൽ 16 ആൺ മക്കളായിരുന്നു.ഒടുവിലെ പുത്രൻ 1797 ൽ
പ്രസവത്തിൽ മരിച്ചു.ടിപ്പുവിൻറെ മരണത്തിന് രണ്ടു വർഷം മുൻപ്.പതിനൊന്നാമത്തെ മകൻ മുഹമ്മദ് നിസാമുദീൻ ജനിച്ച വർഷമായ 1791 ൽ തന്നെ മരിച്ചു.മറ്റ് 14 മക്കൾ ചരിത്രത്തിലുണ്ട്:ഫത്തേ ഹൈദരലി ( 1771 -1815 ),അബ്‌ദുൾ ഖാലിക് ( 1782  -1806 ),മുഹിയുദീൻ ( 1783 -1811 ),മുയിസുദീൻ ( 1783 -1816 ),മിറാജുദീൻ ( 1784 -),മുയിനുദീൻ ( 1784 -),മുഹമ്മദ് യാസിം ( 1784 -1849 ),മുഹമ്മദ് സുബാൻ ( 1785 -1845 ),മുഹമ്മദ് ശുക്രുള്ള ( 1785 -1837 ),സർവറുദീൻ ( 1790 -1833 ),മുഹമ്മദ് ജമാലുദീൻ ( 1795 -1872 ),മുനീറുദിൻ ( 1795 -1837 ),സർ ഗുലാം മുഹമ്മദ് ( 1795 -1872 ),ഗുലാം അഹമ്മദ് ( 1796 -1824 ).
അബ്ദുൾ ഖാലിക് / ജെയിംസ് ഹിക്കി 
രണ്ടാമത്തെ മകനാണ് കണ്ണൂരിൽ പുതിയാപ്ലയായ ഖാലിക്.1782 ൽ രണ്ട്,1784 ൽ മൂന്ന്,1785 ൽ രണ്ട്,1795 ൽ മൂന്ന് എന്നിങ്ങനെ ആൺമക്കൾ.പെൺമക്കളുടെ പട്ടികയില്ല.1795 ൽ മൂന്ന് മക്കളുണ്ടായതിൽ കൗതുകമുണ്ട്.1792 ൽ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടിക്ക് ശേഷം ടിപ്പു അന്തപ്പുരത്തിലാണ് അധികവും സമയം ചെലവിട്ടത്.അന്തപ്പുര ചുവതലയുണ്ടായിരുന്ന ക്യാപ്റ്റൻ തോമസ് മാരിയറ്റ് രേഖപ്പെടുത്തിയത് ടിപ്പുവിൻറെ അന്തപ്പുരത്തിൽ 333 സ്ത്രീകളും ഹൈദറിന്റേതിൽ 268 സ്ത്രീകളും,വേലക്കാരികൾ ഉൾപ്പെടെ ഉണ്ടായിരുന്നു എന്നാണ്.ചില നപുംസകങ്ങളും ഉണ്ടായിരുന്നു.ഇവരായിരുന്നു,ദ്വാരപാലകർ.തുർക്കി,ജോർജിയ,പേർഷ്യ,ആർക്കോട്ട്,തഞ്ചാവൂർ,ഹൈദരാബാദ്,ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു.കൂർഗ് രാജാവിൻറെ രണ്ടു സഹോദരിമാർ,ടിപ്പുവിൻറെ ദിവാൻ പൂർണയ്യയുടെ അനന്തരവൾ,വൊഡയാർ രാജാവിൻറെ മൂന്ന് ബന്ധുക്കൾ എന്നിവർ ഇതിൽപെട്ടു.ടിപ്പുവിൻറെ മരണശേഷം അന്തപ്പുരം കണ്ട ജോർജ് വാലെൻഷ്യ Voyage and Travels ൽ എഴുതിയത്,ഓരോ സ്ത്രീയും വാസ ഗേഹം തൻറെ നാടിൻറെ രീതിയനുസരിച്ച് അലങ്കരിച്ചിരുന്നു എന്നാണ്.ടിപ്പുവിൻറെ ആത്മ സുഹൃത്ത് രാജാ ഖാന് അന്തപ്പുരത്തിൽ പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.തുർക്കിയിൽ തൂവാലയിട്ടാണ് സുൽത്താൻ അന്നത്തെ സ്ത്രീയെ തിരഞ്ഞെടുത്തിരുന്നത്.ടിപ്പു മുഖ്യമന്ത്രി വഴിയാണ് അന്നത്തെ ഇoഗിതം അറിയിച്ചിരുന്നത്.ടിപ്പു മരിച്ച ശേഷം,അവിടത്തെ വരേണ്യ കുടുംബങ്ങളിലെ പെൺകുട്ടികളുടെ പേരും വയസ്സും സ്വന്തം കൈപ്പടയിൽ എഴുതിയ ഡയറി കിട്ടി.

കിർമാണി എഴുതിയ 'താരിഖി ടിപ്പു' അനുസരിച്ച് സ്ത്രീക്ക് സുരക്ഷിത സ്ഥാനം അന്തപ്പുരം ആയിരുന്നു.ടിപ്പുവിൻറെ സഹോദരൻ അബ്ദുൾ കരീമിൻറെ ഭാര്യയെ ബാപ്പയുടെ അന്തപ്പുരത്തിൽ കണ്ടു.സവന്നൂർ നവാബിൻറെ മകളായിരുന്നു.അവരോട് കരീം മോശമായി പെരുമാറിയിരുന്നു.അവരെ ടിപ്പുവാണ് അന്തപ്പുരത്തിൽ ആക്കിയത്.കരീമിൻറെ മകനാണ് ടിപ്പുവിൻറെ മൂത്ത മകനായി പട്ടികയിലുള്ള ഫത്തേ ഹൈദരാലി എന്ന് വാദമുണ്ട്.കൂർഗിൽ നിന്നും ചിത്രദുർഗയിലെ പാലിഗർ രാജ കുടുംബത്തിൽ നിന്നും ടിപ്പു രാജകുമാരിമാരെ കൊണ്ട് പോയി.കൂർഗ് രാജാവ് ചിക്കവീര രാജേന്ദ്ര,പിതാവിൻറെ കൂടെക്കിടന്ന അന്തപ്പുര സ്ത്രീകളെ സ്വന്തം അന്തപ്പുരത്തിലേക്ക് എടുത്തതായി ഞാൻ വായിച്ചിട്ടുണ്ട്.

ടിപ്പു 24 വയസ്സിൽ 1774 ലാണ് ആദ്യം നിക്കാഹ് ചെയ്തത്.അവസാനത്തേത് 1796 ൽ 46 വയസ്സിൽ.ആദ്യ രണ്ടിൽ ഹൈദർ കണ്ടെത്തിയത്,നാമമാത്ര ഭാര്യ ആയിരുന്നു.അവർ റോഷാൻ ,പാദ്ഷാ ബീഗം എന്നറിയപ്പെട്ടു.അവരെ ഭാര്യയായി സ്വീകരിക്കുന്നതിനെതിരെ കൊട്ടാരത്തിലെ സ്ത്രീകൾ രംഗത്തു വന്നു.ആ കുടുംബത്തെപ്പറ്റി അസുഖകരമായ കിംവദന്തികൾ ഉണ്ടായിരുന്നതാണ്,കാരണം.ബ്രിട്ടീഷുകാർ ശ്രീരംഗ പട്ടണം പിടിക്കുമ്പോൾ,അതിൻറെ ഭീതിയിൽ,പ്രിയ ഭാര്യ റുക്കയ്യ മരിച്ചു.അവസാന ഭാര്യ ഖദിജ സമൻ ബീഗo,ടിപ്പുവിൻറെ സേവകൻ സയ്യിദിൻറെ മകളായിരുന്നു.നിക്കാഹിന് അടുത്ത കൊല്ലം അവർ പ്രസവത്തിൽ മരിച്ചു.Authentic Memoirs of Tipu Sultan എന്ന പേരിൽ ഒരു ബ്രിട്ടീഷ് പട്ടാള ഓഫിസർ എഴുതിയ പുസ്തകത്തിൽ,ഇവർ 20 നടുത്ത സുന്ദരിയായിരുന്നു എന്നുണ്ട്.
മുയിസുദിൻ 
ടിപ്പുവിൻറെ മക്കൾ അബ്‌ദുൾ ഖാലിക്,മുയിസുദീൻ എന്നിവരെ 1792 ൽ മൂന്നാം മൈസൂർ യുദ്ധത്തിനൊടുവിൽ,ബ്രിട്ടീഷുകാർ ബന്ദികളാക്കി.ഖാലിക്കിന് 10 ,മുയിസിന് ഒൻപത്.ഗവർണർ ജനറൽ ചാൾസ് കോൺവാലിസിനും മദ്രാസ് ഗവർണർ ചാൾസ് ഓൿലിയുടെ ഭാര്യ ആൻജെല റീഡിനും  ,ഖാലിക്കിനെ ഇഷ്ടമായിരുന്നു.ഇരുവരും റുക്കയ്യയുടെ മക്കൾ ആയിരുന്നിരിക്കാം -റുക്കയ്യ മരിച്ച കൊട്ടാരത്തിൽ  ഈ കുട്ടികൾ ഉണ്ടായിരുന്നു.വന്ധ്യകൾക്ക് അന്തപ്പുരത്തിൽ വിലയുണ്ടായിരുന്നില്ല.റുക്കയ്യയുടെ മകൻ എങ്കിൽ ,ഖാലിക്കുമായുള്ള അറയ്ക്കൽ ബന്ധം വിലയേറിയതാണ്;ഖാലിക്ക് ഹിന്ദു സ്ത്രീയിലെ പുത്രൻ എന്നും വാദമുണ്ട്.1799 ലെ ദൃക്‌സാക്ഷി വിവരണത്തിൽ,ബാലന്മാരുടെ അമ്മ ആക്രമണ ശേഷം ഭയന്ന് മരിച്ചു എന്നുണ്ട് -അത് റുക്കയ്യ തന്നെ.

1792 ലെ ശ്രീരംഗം ഉടമ്പടിയിലെ രണ്ടാം വകുപ്പിൽ ഇങ്ങനെയുണ്ട്:
"നാലു മാസത്തിനുള്ളിൽ മൂന്ന് തവണകളായി നിശ്ചിത സംഖ്യ അടയ്ക്കും വരെ,ടിപ്പുവിൻറെ രണ്ടാൺമക്കൾ ബന്ദികളായിരിക്കും.സംഖ്യ നൽകുകയും രാജ്യത്തിൻറെ പകുതി കൈമാറുകയും തടവുകാരെ വിടുകയും ചെയ്താൽ ആ നിമിഷം കുട്ടികളെ മോചിപ്പിക്കും".18 മാസത്തിനുള്ളിൽ ഇത് നടന്നു.എന്നാൽ 1799 ൽ ടിപ്പുവിനെ വധിച്ച നാലാം മൈസൂർ യുദ്ധ ശേഷം,ഈ കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 300 പേരെ പിടികൂടി തടവിലാക്കി.17 വയസ്സിൽ ഖാലിക്ക് രണ്ടാം വട്ടം തടവിലായി.ഏഴു കൊല്ലം കൂടി അവൻ ജീവിച്ചു.

1792 ലെ ആക്രമണത്തെപ്പറ്റി മേജർ അലക്‌സാണ്ടർ ദിറോം എഴുതിയ ദൃക്‌സാക്ഷി വിവരണമായ A Narrative  of the Campaign in India Which Terminated the War with Tipoo Sultan,in 1792 ൽ ബന്ദിയാക്കലുണ്ട്:
"കറുത്ത്,തടിച്ച ചുണ്ടും പതിഞ്ഞ മൂക്കും നീണ്ട ചിന്താമഗ്നമായ മുഖവുമുള്ള മൂത്തവൻ അത്ര പ്രിയപ്പെട്ടവനായിരുന്നില്ല.വെളുത്ത് സാധാരണ പ്രകൃതവും വട്ടമുഖവും വലിയ കണ്ണുകളും ഊർജസ്വലനുമായ ഇളയവൻ ശ്രദ്ധേയനായി".ഇതാണ് ഖാലിക്ക്.ബന്ദികളാക്കുന്ന രംഗം,സ്ഥലത്തുണ്ടായിരുന്ന ഔദ്യോഗിക ചിത്രകാരൻ റോബർട്ട് ഹോം ഭാവിക്കു വേണ്ടി അനശ്വരമാക്കി.
അറയ്ക്കൽ കൊട്ടാരം 
ഗവർണർ ജനറൽ കോൺവാലിസിന് കുട്ടികളെ 1792 ഫെബ്രുവരി 26 ന് ടിപ്പുവിൻറെ വക്കീൽ ( സൈന്യാധിപൻ ) ഗുലാം അലി ഖാൻ കൈമാറി."ഇന്ന് രാവിലെ വരെ ഇവർ എൻറെ യജമാനൻ ടിപ്പു സുൽത്താന്റെ കുട്ടികൾ ആയിരുന്നു;ഇപ്പോൾ അവരുടെ നില മാറി,അങ്ങാണ് ഇനി പിതാവ്",അദ്ദേഹം പറഞ്ഞു.മൈസൂർ സൈന്യാധിപനായ ഗുലാം അലി  1786 -90 ൽ ഇസ്താംബുളിൽ പോയി തുർക്കി സുൽത്താൻ അബ്ദുൾ ഹമീദ് ഒന്നാമനെ കണ്ടിരുന്നു.വടക്കൻ കർണാടകത്തിലെ താദ്രി തുറമുഖത്ത് നിന്നായിരുന്നു,യാത്ര.അലക്‌സാൻഡ്രിയ,ജിദ്ദ വഴി കോഴിക്കോട്ട് മടങ്ങിയെത്തി.

കുട്ടികളെ അദ്ദേഹം മദ്രാസിലേക്ക് അനുഗമിച്ചു.സെൻറ് ജോർജ് കോട്ടയിൽ കുട്ടികളെ പാർപ്പിക്കാൻ മദ്രാസ് കൗൺസിൽ 1663 പഗോഡ ( 100 പഗോഡ 350 രൂപ ) അനുവദിച്ചു.1786 ഫെബ്രുവരിയിൽ കോൺവാലിസ്‌ കൊൽക്കത്ത ഗവർണറായി.

ചിത്രകാരൻ ഹോം ചിത്രത്തിൻറെ മുൻനിരയിൽ ഇടത്ത്,പോർട്ട് ഫോളിയോ പിടിച്ച് തന്നെയും വരച്ചിട്ടുണ്ട്.ഉച്ചയ്ക്ക് കുട്ടികൾ പോകുമ്പോൾ ടിപ്പു കോട്ടവാതിലിന് മേൽ കൊത്തളത്തിൽ ആയിരുന്നു.കൂടാരത്തിനടുത്ത് അവരെ 21 ആചാര വെടിയോടെ സ്വീകരിച്ചു.സർ ജോൺ കെന്നവെ,മറാത്താ,നൈസാം  സൈന്യാധിപർ എന്നിവർ അവരെ കണ്ടു. അവരെ ആസ്ഥാനത്തേക്ക് കൊണ്ട് പോയി,നെറ്റിപ്പട്ടം കെട്ടിയ ആനകൾക്ക് മേൽ കയറ്റി വെള്ളിപ്പലക മേൽ ഇരുത്തി.ഘോഷയാത്രയ്ക്ക് മുന്നിൽ ഒട്ടകങ്ങൾ നിരന്നു.ഏഴു പേർ പച്ചപ്പതാകയേന്തി.100 കുന്തക്കാർ,200 കാലാൾപ്പടയാളികൾ,കുതിരപടയാളികൾ.ക്യാപ്റ്റൻ തോമസ് വെൽഷ് നയിച്ചു.മദ്രാസ് യാത്രക്കിടെ കോലാറിൽ അവർ ഹൈദരാലിയുടെ കബറിടം കണ്ടു വണങ്ങി.ജൂൺ 29 ന് മദ്രാസിലെത്തി.കോട്ടയിൽ വീട് ശരിയാകും വരെ അവർ കൂടാരത്തിൽ കഴിഞ്ഞു.കേണൽ ജോൺ ഡോയ്‌ട്ടൻ ആയിരുന്നു,രക്ഷിതാവ്.
ഗുലാം അലി മക്കളെ കൈമാറുന്നു 
അടുത്ത നാൾ മുതൽ കുട്ടികൾക്ക് സമ്മാന പ്രവാഹമായി.കോൺവാലിസ്‌ ഇരുവർക്കും സ്വർണ വാച്ച് നൽകി;അവർ അദ്ദേഹത്തിന് പേർഷ്യൻ വാളും രത്നങ്ങളും അംഗവസ്ത്രവും സമ്മാനിച്ചു.കോൺവാലിസ്‌ ഒരു പീരങ്കിയും രണ്ട് പിസ്റ്റലുകളും കൊടുത്തു.1799 ൽ കൊട്ടാരത്തിൽ പെട്ടി തുറക്കാതെ രണ്ടു പല്ലക്കുകൾ കണ്ടു.

ഉടമ്പടി നടപ്പാക്കി 1784 ഫെബ്രുവരിയിൽ ഖാലിക്കും മുയീസും ശ്രീരംഗ പട്ടണത്തേക്കു മടങ്ങുമ്പോൾ കോൺവാലിസും ലേഡി ഓക്‌ലിയും 'ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പല്ലക്ക്' ഖാലിക്കിന് സമ്മാനിച്ചു.സ്വർണവും വെള്ളിയും ചേർന്ന അലങ്കാരപ്പണികൾ;രണ്ടു വശവും അലങ്കാര സർപ്പങ്ങൾ.ഖുർ ആൻ,പേർഷ്യൻ വചനങ്ങൾ മുയിസ്,കോൺവാലിസിന് ചൊല്ലിക്കൊടുത്തിരുന്നു.ഇരുവരെയും നൃത്തവും പാട്ടും വിരുന്നുമായി മദ്രാസ് സാമൂഹിക വൃത്തങ്ങളിൽ പരിചയപ്പെടുത്തി.

ഇനി കണ്ണൂർ നിക്കാഹിലേക്ക് വരാം.

അറയ്ക്കൽ ജാനുമാബി 1789 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സംരക്ഷണം ആവശ്യപ്പെട്ടു.താമസിയാതെ ടിപ്പു മുഴുവൻ സേനയുമായി മലബാർ തീരത്തേക്ക് വരുമെന്ന് അവർ ടിപ്പുവിനെ അനുകൂലിക്കും വിധം അറിയിച്ചു.അവർ ഒരു കളി കളിക്കുകയായിരുന്നു.ടിപ്പുവിൻറെ വരവ് പ്രധാനമായും പരസ്‌പരം പൊരുതുന്ന കണ്ണൂർ മാടമ്പികളെ വശപ്പെടുത്താനായിരുന്നു.തീരത്തെ മാപ്പിളമാർ ബീവിക്ക് ഒപ്പമായിരുന്നു.തെക്കൻ മാപ്പിളമാർ ടിപ്പുവിൻറെ അധീശത്വത്തിന് എതിരായിരുന്നു.അവർ ബീവിക്കും ഭീഷണിയായി.1782 ൽ ഹൈദർ മരിച്ചപ്പോൾ ,ബീവി കമ്പനിയുമായി ഒരുടമ്പടിയിൽ ഒപ്പിട്ടു.ടിപ്പുവുമായുള്ള മംഗലാപുരം ഉടമ്പടിക്ക് ഒരു വർഷം മുൻപായിരുന്നു,ഇത്.1789 ആയപ്പോൾ ബീവിക്ക് അവരുടെ പ്രദേശങ്ങൾ തിരിച്ചു കിട്ടി.1789 ൽ ടിപ്പുവിൻറെ മലബാറിലേക്കുള്ള വരവ് രണ്ടാമത്തേതായിരുന്നു.ഉത്തര മലബാറിലെ സകല രാജാക്കന്മാരും മാടമ്പികളും ടിപ്പുവിനെതിരെ കലാപം നടത്തി മൈസൂരിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു.അറയ്ക്കൽ നിക്കാഹിന് തൊട്ടു മുൻപ് ടിപ്പു,കടത്തനാട് നാശമാക്കി.ഒരു കോലത്തിരി രാജകുമാരനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ടിപ്പുവിൻറെ ഭടന്മാർ കൊന്ന് ജഡം ആനകളെക്കൊണ്ട് ടിപ്പുവിൻറെ ക്യാമ്പിലൂടെ വലിപ്പിച്ചു.17 അനുയായികളെകൂടി കൊന്ന് എല്ലാ ജഡവും മരങ്ങളിൽ കെട്ടി തൂക്കി.നിക്കാഹ് കഴിഞ്ഞ് ചിറയ്ക്കലിന്റെ ഒരു ഭാഗം ടിപ്പു ബീവിക്ക് കൈമാറി.നിക്കാഹും വിവാഹ ഒരുക്കങ്ങളും നിമിത്തം തെക്കൻ മാപ്പിളമാരുടെ അരിശം ഇല്ലാതെയായി.
അവർ ടിപ്പുവിൻറെ സൈന്യത്തിനൊപ്പം നിന്നു.ടിപ്പു ഇക്കുറി മലബാർ വിട്ട ശേഷം മടങ്ങിയില്ല.
ഫത്തേ ഹൈദരാലി 
ഒരു വർഷം മുൻപ് 1788 ൽ ടിപ്പു,മുഹമ്മദ് ദെർവിഷ് ഖാൻ,അക്ബർ അലി ഖാൻ,മുഹമ്മദ് ഉസ്മാൻ ഖാൻ എന്നിവരെ ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിനടുത്തേക്ക് ദൂതന്മാരായി അയച്ചിരുന്നു.ടിപ്പു ഒരു മകനെ പാരിസിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ രാജാവിനെ അറിയിച്ചു.അത് സമ്മതിച്ചു.ഫ്രാൻസിലേക്ക് മകൻ പുറപ്പെടും മുൻപോ യാത്രക്കിടയിലോ മകൻ ഫ്രഞ്ച് എഴുതാനും വായിക്കാനും പഠിച്ചിരിക്കണം എന്നായിരുന്നു,ഉപാധി.കുറച്ച് കാൽക്കുലസും കണക്കും അറിഞ്ഞിരിക്കണം.സേവരെ പിഞ്ഞാണപ്പാത്രങ്ങൾ രാജാവ് സമ്മാനമായി നൽകി.തന്നോടൊപ്പം, മാഡം വിഗി ലെ ബ്രണിന് മുന്നിൽ ചിത്രത്തിന് നിൽക്കാൻ ദൂതരെ രാജാവ് നിർബന്ധിച്ചു.ടിപ്പു പാരിസിലേക്ക് അയയ്ക്കാനിരുന്നത് ഖാലിക്കിനെ ആയിരുന്നു എന്ന് കരുതുന്നു.

പാരിസിലെ ഡച്ച് ഏജന്റുമാരോട് ടിപ്പു 1799 ൽ ആയുധവും വെടിക്കോപ്പും വാങ്ങാൻ നിർദേശിച്ചത് അറിഞ്ഞപ്പോഴാണ്,ബ്രിട്ടീഷുകാർ നാലാം മൈസൂർ യുദ്ധം തുടങ്ങി ടിപ്പുവിനെ കൊന്നത്.ഇക്കുറി മേജർ ജനറൽ ഡേവിഡ് ബയേർഡിനു മുന്നിലാണ് ടിപ്പുവിൻറെ മക്കൾ കീഴടങ്ങിയത്.ടിപ്പു മരിച്ചപ്പോൾ,ബയേർഡ് ,സമാധാന പതാകയുമായി കോട്ടയ്ക്കുള്ളിൽ കടക്കാൻ മേജർ അലക്‌സാണ്ടർ അലനോട് നിർദേശിച്ചു.ബന്ദികളിൽ ഒരു കുട്ടിയെ അയാൾ തിരിച്ചറിഞ്ഞു.അവരുടെ അവസ്ഥ ദുഃഖിപ്പിച്ചു.അക്രമമുണ്ടാവില്ലെന്ന് അവരെ സമാധാനിപ്പിച്ചു.ലഫ് കേണൽ പാട്രിക് അഗ്‌ന്യൂ,ക്യാപ്റ്റൻ മാരിയറ്റ് എന്നിവർക്ക് കുട്ടികളെ കൈമാറി.33 റെജിമെന്റിൻറെ എട്ടാം കമ്പനിയുടെ അകമ്പടിയോടെ അവരെ കേന്ദ്ര ക്യാമ്പിൽ എത്തിച്ചു.സേന അവരെ ആദരിച്ചു.ജൂൺ 19 ന് അവരെ വെല്ലൂർ കോട്ടയിൽ എത്തിച്ചു;1806 ഓഗസ്റ്റ് 20 ന് കൊൽക്കത്തയിലേക്ക് മാറ്റി.ജൂലൈ 10 ന്, ടിപ്പുവിൻറെ മകളുടെ നിക്കാഹിന്റെ അന്ന് പുലർച്ചെ ടിപ്പുവിൻറെ തടവിലായ ഭടന്മാർ വെല്ലൂർ കോട്ടയിൽ കലാപം നടത്തിയതായിരുന്നു,കാരണം.ടിപ്പുവിൻറെ മകൻ ഷെഹ്‌സാദ ഫത്തേ ഹൈദരാലിയെ കലാപകാരികൾ രാജാവായി പ്രഖ്യാപിച്ചു.അദ്ദേഹം 1801 ൽ തടവ് ചാടി മറാത്ത സേനയ്‌ക്കൊപ്പം ചേർന്നിരുന്നു.
ടിപ്പു / ജോൺ സോട്ടം,1780 
തെക്കേ ഇന്ത്യയിൽ ടിപ്പുവിൻറെ അനന്തരാവകാശികളുടെ സാന്നിധ്യം ബ്രിട്ടൻ ഭയന്നു.ടിപ്പുവിൻറെ ഒരു അവകാശി,നൂർ ഇനായത് ഖാൻ,രണ്ടാം ലോകയുദ്ധ കാലത്ത് സഖ്യശക്തികളുടെ ചാര വനിതയായി.അവരുടെ ബാപ്പ ഹസ്രത് ഇനായത് ഖാൻ,ടിപ്പുവിൻറെ അമ്മാവൻറെ കുടുംബത്തിൽ നിന്നായിരുന്നു.ഒടുവിൽ ശേഷിച്ച പതിനാലാം പുത്രൻ സർ ഗുലാം മുഹമ്മദ് ഖാനെ കുടുംബ കാരണവരായി അഗീകരിച്ച ബ്രിട്ടൻ 1870 ൽ സർ സ്ഥാനം നൽകി.ഡെങ്കിപ്പനി വന്ന് 1872 ൽ മരിച്ചു.ആദ്ദേഹത്തിൻറെ ശാഖയും സ്വത്തും ശേഷിക്കുന്നു.

അറയ്ക്കൽ രാജഭരണം 1790 ൽ അവസാനിച്ചു.ജനറൽ റോബർട്ട് ആബർക്രോംബി തലശ്ശേരിയിലെ സെൻറ് ആഞ്ചലോ കോട്ട പിടിച്ചതോടെ ആയിരുന്നു,പതനം.കോട്ട ഡച്ചുകാർ അറയ്ക്കൽ കുടുംബത്തിന് 1772 ൽ കൊട്ടാരത്തിനൊപ്പം ഒരു ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു.

-------------------------------------------
Reference:
1.History of Tipu Sultan/Mohibul Hassan
2. History of Kerala/A Sreedhara Menon
3.Splendors of Royal Mysore/Vikram Sampath
4.A Narrative of the Campaign in India/Major Alexander Dirom
5.Tarikh-i-Tipu/Hussein Ali Khan Kirmani
6.Voyage and Travels/George Valentia
7.Ali Raja of Cannanore/K K N Kurup
8.Tipu Sultan's Search for Legitimacy/Kate Brittlebank
9.Indian Renaissance:British Romantic Art and the Prospect of India/Hermione De Almeida
10.Kingdom of Hyder Ali and Tipu Sultan/Mahmood Khan Mahmood.Trans:Anwar Haroon
11.The Chirakkal Dynasty:Readings through History/M Sini


Note:The charcoal sketches of the sons are by James Hickey









Saturday, 2 November 2019

1921 വർഗ സമരമല്ല

 അത് ഹിന്ദു വിരുദ്ധം തന്നെ 

ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഉള്ളിലേക്ക് കയറാതെ,1921 ലെ മാപ്പിള കലാപം എന്താണെന്ന് മനസ്സിലാവുകയില്ല.അത് സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായിരുന്നു എന്ന്,ഉള്ളിലേക്ക് കയറാതെ പറയാൻ എളുപ്പമാണ്.ആ വഴിക്കാണ്,മാർക്സിസ്റ്റ്, ഇസ്ലാമിക ചരിത്രകാരന്മാരുടെ സഞ്ചാരം.പാക്കിസ്ഥാൻറെ ഉദ്ഭവം മുതൽ ഗാന്ധി വധം വരെയുള്ള സംഭവ പരമ്പരകൾക്ക് വഴി വച്ച ഒന്നാണ്,ഖിലാഫത്ത് പ്രസ്ഥാനം.ആ സംഭവ പരമ്പരകളിൽ ഒന്ന് മാത്രമാണ്,മാപ്പിള കലാപം.

1921 ലെ കലാപത്തിന് മുൻപുള്ള എൺപതോളം ചെറിയ സംഘർഷങ്ങളെയും ഇതിൻറെ ഭാഗമായി കാണേണ്ടതുണ്ട്.ഹിന്ദു ജന്മികളെയും അവരുടെ ഹിന്ദു ആശ്രിതരെയും വക വരുത്താൻ നടന്ന ശ്രമങ്ങൾ എങ്ങനെ സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമാകും എന്നറിയില്ല.

മലബാറിലെ ഹിന്ദു മനസ്സിൽ ഈ ലഹളകൾ ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്.ഇന്നും മുസ്‌ലിം മൗലിക വാദികൾ ഹിന്ദുക്കളിലെ വരേണ്യ വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന ലൗ  ജിഹാദിൻറെ വിത്തുകൾ പോലും ഈ ലഹളകളിൽ കാണാം.
അബ്‌ദുൾ മജീദ് II,അവസാന ഖലീഫ 
മൂന്നു വർഷം മാത്രം,1919 -1922 ൽ നില നിന്ന ഒന്നാണ് ഖിലാഫത്ത് പ്രസ്ഥാനം.ബ്രിട്ടനെ സ്വാധീനിക്കാൻ ഇന്ത്യയിൽ നടന്ന ഒന്ന്.അത് ആധാരമാക്കി 1920 ഫെബ്രുവരിയിൽ,ലണ്ടനിൽ ഒരു സമ്മേളനമുണ്ടായി.അറബ് ലോകത്ത്,തുർക്കിയുടെ മേൽക്കോയ്മയ്ക്കുള്ള ശ്രമമായാണ്,ഇതിനെ അറബികൾ കണ്ടത്.അതായത്,ഖിലാഫത്ത് പ്രസ്ഥാനത്തിന്,ലോക മുസ്ലിംകളുടെ ആശീർവാദം ഉണ്ടായിരുന്നില്ല.

1918 ഒക്ടോബർ 30 ന് മുദ്രോസ്‌ സന്ധി അനുസരിച്ച്,ഇസ്താംബുൾ ബ്രിട്ടീഷ് സേന കയ്യടക്കിയപ്പോൾ,തുർക്കി ഖലീഫയുടെ നില അപകടത്തിലായി.1919 ൽ വെഴ്സെയിൽസ് ഉടമ്പടിയുണ്ടായപ്പോൾ,ഓട്ടോമൻ സാമ്രാജ്യത്തിൻറെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ടു.ഒന്നാം ലോകയുദ്ധം ജയിച്ച സഖ്യ ശക്തികൾ,ഓട്ടോമൻ സാമ്രാജ്യവുമായി ഒപ്പു വച്ചതാണ്,മുദ്രോസ്‌ സന്ധി.ഓട്ടോമൻ നാവിക മന്ത്രി റൗഫ് ബേ,ബ്രിട്ടീഷ് അഡ്മിറൽ സോമർസെറ്റ് ആർതർ ഗൗഫ് -കാൾത്രോപ്പെ എന്നിവർ എച്ച് എം എസ് അഗമെംനൺ എന്ന യുദ്ധകപ്പലിലാണ് അത് ഒപ്പിട്ടത്.ലെംനോസ് എന്ന ഗ്രീക്ക് ദ്വീപിലെ തുറമുഖമാണ്,മുദ്രോസ്‌.

ജർമനിയും സഖ്യശക്തികളും തമ്മിൽ 1919 ജൂൺ 28 ന് ഒപ്പിട്ടതാണ് വേഴ്‌സെയിൽസ് സമാധാന ഉടമ്പടി.1920 ഫ്രാൻസിലെ സെവ്റെസ് കരാർ പ്രകാരം,ഓട്ടോമൻ സാമ്രാജ്യം വിഭജിച്ചു.അനറ്റോലിയയിൽ ഗ്രീസിന് സ്വാധീനം വന്നത്,തുർക്കിക്ക് ഇഷ്ടപ്പെട്ടില്ല.

ഇസ്ലാമിക നിയമമനുസരിച്ച് ഉണ്ടാക്കിയ ഭരണ സമ്പ്രദായം ആയിരുന്നു,ഖലീഫായത്ത്‌.1876 -1909 ൽ ഖലീഫ ആയിരുന്ന ഓട്ടോമൻ ചക്രവർത്തി അബ്‌ദുൾ ഹമീദ് രണ്ടാമൻ,പടിഞ്ഞാറൻ ആക്രമണങ്ങളിൽ നിന്ന് സാമ്രാജ്യത്തെ സംരക്ഷിക്കാൻ ആഗോള ഇസ്ലാമിക ( Pan Islamic ) പദ്ധതി മുന്നോട്ടു വച്ചു.ജലാലുദീൻ അഫ്ഗാനി എന്ന ദൂതനെ പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം ഇന്ത്യയിലേക്ക് അയച്ചു.ഇന്ത്യൻ മുസ്ലിംകൾക്കിടയിൽ ഇതിനോട് വികാര വായ്പുണ്ടായി.മധ്യ പൂർവ ദേശത്തെ ഇസ്ലാമിക സൈദ്ധാന്തികനായിരുന്നു,സയ്യിദ് ജമാൽ അൽ =ദിൻ അൽ -അഫ്ഗാനി ( 1839 -1897 ).ആധുനിക ഇസ്ലാമിൻറെ സ്ഥാപകരിൽ ഒരാളായി അറിയപ്പെടുന്ന അദ്ദേഹം,അഫ്ഗാൻകാരനാണെന്ന് സ്വയം പ്രചരിപ്പിച്ചിരുന്നെങ്കിലും,സയ്യിദ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെന്ന് ഇപ്പോൾ വെളിവായിട്ടുണ്ട്.ബാല്യം ഇറാനിൽ.ഷിയാ മുസ്ലിം ആയി വളർന്നു.സുന്നിയായി ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ അഫ്ഗാനിയാണെന്ന് ഭാവിച്ചു.

ഇറാൻ ഭരണാധികാരി നസറുദീൻ ഷായുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുക ലക്ഷ്യമായിരുന്നു.1855 -56 ൽ ഇന്ത്യയിലെത്തി കുറച്ചുകാലം മത പഠനം നടത്തി.1859 ൽ അഫ്ഗാനി റഷ്യൻ ചാരൻ ആയിരിക്കാമെന്ന് ഒരു ബ്രിട്ടീഷ് ചാരൻ റിപ്പോർട്ട് ചെയ്തു.1866 ൽ ഇറാനിൽ നിന്ന് അദ്ദേഹം അഫ്ഗാനിസ്ഥാനിൽ എത്തി .ദ്രോസ്‌തി മുഹമ്മദ് ഖാൻ രാജാവിൻറെ ഉപദേഷ്ടാവായി.ബ്രിട്ടനെതിരെ നിൽക്കാനും റഷ്യയെ അനുകൂലിക്കാനും അഫ്ഗാനി,രാജാവിനെ ഉപദേശിച്ചു.മുസ്ലിമിനേക്കാൾ യൂറോപ്യൻ ജീവിത ശൈലി ആയിരുന്നു അഫ്ഗാനിക്കെന്ന് ബ്രിട്ടീഷ് രേഖകളിൽ കാണാം.റമദാൻ പെരുന്നാൾ ആഘോഷിക്കുകയോ നോമ്പ് നോൽക്കുകയോ ചെയ്തിരുന്നില്ല.1868 ൽ ഷേർ അലി ഖാൻ രാജാവായപ്പോൾ അഫ്ഗാനിയെ പുറത്താക്കി.പല യൂറോപ്യൻ രാജ്യങ്ങളിലും നാടോടിയായി.ഇറാനിലെ നാസർ അക്പദിൻ രാജാവ്,അഫ്ഗാനിയെ ക്ഷണിച്ചു.അവരും പിണങ്ങി.പുറത്താക്കപ്പെട്ട ശേഷം,ഷാക്കെതിരെ അഫ്ഗാനി നടത്തിയ സമരങ്ങളാണ്,1891 ൽ ബ്രിട്ടന് ഇറാൻ പുകയില കുത്തക നൽകുന്നതിന് എതിരായ പ്രക്ഷോഭത്തെ വിജയത്തിൽ എത്തിച്ചത്.1906 ൽ ഭരണ ഘടനാ വിപ്ലവവും ഉണ്ടായി.1892 ൽ അബ്‌ദുൾ ഹമീദ് രണ്ടാമൻ ക്ഷണിച്ചത്,ബ്രിട്ടീഷ് വിരോധം നിലനിർത്തിക്കൊണ്ടാണ്.1944 ൽ അഫ്ഗാൻ സർക്കാരിൻറെ അപേക്ഷ അനുസരിച്ച് ഭൗതികാവശിഷ്ടങ്ങൾ അഗാനിസ്ഥാനിൽ എത്തിച്ച് കാബൂൾ സർവകലാശാലാ വളപ്പിൽ സ്‌മാരകമുണ്ടാക്കി.സയ്യദ് ജമാലുദീൻ സർവകലാശാല ഉണ്ടാക്കി.
അഫ്ഗാനി 
അഫ്ഗാനിയുടെ ഇന്ത്യൻ ദൗത്യം ഇവിടത്തെ മുസ്ലിംകളിൽ വികാരമുണ്ടാക്കാൻ കാരണം,ഖലീഫ എന്ന നിലയിൽ,ഓട്ടോമൻ ചക്രവർത്തി മുസ്ലിംകളുടെ രാഷ്ട്രീയ നെതാവ് മാത്രമല്ല,മതാചാര്യൻ കൂടിയാണ് എന്നതിനാലാണ്.ഖിലാഫത്തിൻറെ പേരിൽ നിരവധി മുസ്ലിം നേതാക്കൾ ഇന്ത്യയിൽ പ്രചാരണം നടത്താൻ തുടങ്ങി.ഓട്ടോമൻ സാമ്രാജ്യത്തിൻറെ പിന്തുണയോടെ,മുസ്ലിം മതാചാര്യൻ മൗലാനാ മെഹ്‌മൂദ് ഹസൻ ബ്രിട്ടനെതിരെ ദേശീയ സ്വാതന്ത്ര്യ സമരം സംഘടിപ്പിക്കാൻ ശ്രമിച്ചു.ദിയോബന്ദി സുന്നി മുസ്ലിം പണ്ഡിതൻ ആയിരുന്നു,യു പി യിലെ ബറേലിയിൽ പിറന്ന മഹ്‌മൂദ് അൽ -ഹസൻ ( 1851 -1920 ).കേന്ദ്ര ഖിലാഫത് കമ്മിറ്റി അദ്ദേഹത്തിന് ഷെയ്ഖ് അൽ ഹിന്ദ് പദവി നൽകിയിരുന്നു.

ബ്രിട്ടനെതിരെ ഓട്ടോമൻ സാമ്രാജ്യം ഒന്നാം ലോകയുദ്ധത്തിൽ കടന്നപ്പോൾ,ആഗോള മുസ്ലിംകൾ ഓട്ടോമൻ സുൽത്താന്റെ ഭാവിയെപ്പറ്റി ആകുലരായി.ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടു.മുഹമ്മദലി -,ഷൗക്കത്തലി സഹോദരർ ഇന്ത്യയൊട്ടാകെ പ്രതിഷേധം സംഘടിപ്പിച്ചു.പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ മഹ്‌മൂദ് അൽ ഹസൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു.ഇന്ത്യയ്ക്ക് പുറത്തു നിന്നും അകത്തു നിന്നും ബ്രിട്ടനെതിരെ സായുധ കലാപത്തിന് യത്നിച്ചു.മൗലാനാ ഉബൈദുള്ള സിന്ധി,മുഹമ്മദ് മിയാൻ മൻസൂർ അൻസാരി എന്നിവർ പ്രസ്ഥാനത്തിൽ ചേർന്നവരിൽ പ്രമുഖർ ആയിരുന്നു.സിന്ധിയെ കാബുളിലേക്കും അൻസാരിയെ വടക്കു പടിഞ്ഞാറൻ അതിർത്തി മേഖലയിലേക്കും അയച്ചു.അവർ സന്നദ്ധ ഭടന്മാരെ റിക്രൂട്ട് ചെയ്തു.മഹ്‌മൂദ് അൽ ഹസൻ തന്നെ,തുർക്കിയുടെ പിന്തുണയ്ക്ക്,ഹിജാസിൽ ചെന്നു.ബ്രിട്ടനെതിരായ യുദ്ധ പ്രഖ്യാപനത്തിൽ തുർക്കി ഗവർണർ ഗലിബ് പാഷയുടെ ഒപ്പു വാങ്ങിയ അദ്ദേഹം,ബാഗ്ദാദ്,ബലൂചിസ്ഥാൻ വഴി ഇന്ത്യയിലെത്തി കലാപത്തിന് ആഗ്രഹിച്ചു.പട്ടു ലിഖിത ഗൂഢാലോചന ( Silk Letter Conspiracy ) എന്നറിയപ്പെട്ട ഈ പദ്ധതി,പഞ്ചാബ് സി ഐ ഡി കണ്ടെത്തി അൽ ഹസനെ മെക്കയിൽ അറസ്റ്റ് ചെയ്തു.മാൾട്ടയിൽ തടവിലായ അദ്ദേഹത്തെ 1920 ൽ വിട്ടയച്ചു.
ഉബൈദുള്ള സിന്ധി 
ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ ,റൗലറ്റ് നിയമത്തിന് എതിരായ കലാപത്തിൽ ആയിരുന്നു,രാജ്യം.ഗാന്ധിയെയും കോൺഗ്രസിനെയും തുണയ്ക്കാൻ ഹസൻ ഫത്വ ഇറക്കി.ഹസനാണ് ജാമിയ മിലിയ സർവകലാശാലയ്ക്ക് കല്ലിട്ടത്.ദേശീയ വാദികളായ ഹക്കിം അജ്മൽ ഖാൻ,മുക്താർ അഹമ്മദ് അൻസാരി എന്നിവർ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ സ്ഥാപനമായാണ്,അത് സ്ഥാപിച്ചത്.1920 നവംബർ 30 ന് ഹസൻ മരിച്ചു.

മലബാറിൽ,ടിപ്പു സുൽത്താനുമായി സഖ്യമുണ്ടാക്കി സ്വത്തും സ്വാധീനവും കൂട്ടിയ എളമ്പുലാശേരി ഉണ്ണി മുത്ത മൂപ്പൻ,ചെമ്പൻ പോക്കർ,അത്തൻ മോയൻ ഗുരുക്കൾ തുടങ്ങിയ മാപ്പിള പ്രമാണിമാരെ ബ്രിട്ടീഷുകാർ സംശയത്തോടെ കണ്ടു.ഹൈദരാലിയും ടിപ്പുവുമായി അറയ്ക്കൽ രാജ കുടുംബം അടുത്തിരുന്നു എന്ന് മാത്രമല്ല,അറയ്ക്കൽ ബീവിയുടെ ബാലികയായ മകളെ ടിപ്പുവിൻറെ കൗമാര പ്രായത്തിലുള്ള മകൻ അബ്‌ദുൾ ഖാലിക് നിക്കാഹ് ചെയ്യുകയുമുണ്ടായി.മൂപ്പനും പോക്കറും ഗുരുക്കളും 1800 ൽ പ്രക്ഷോഭം സംഘടിപ്പിച്ചു.മൂപ്പന് നൂറോളം ആയുധധാരികളുടെ സംഘം ഉണ്ടായിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ 1781 ൽ ടിപ്പു നടത്തിയ പോരാട്ടത്തിൽ,മൂപ്പൻ അദ്ദേഹത്തോടൊപ്പം നിന്നു.ദക്ഷിണ മലബാറിൽ കരം പിരിച്ചിരുന്നത് മൂപ്പനാണ്.ഏറനാട്,ചേറനാട് താലൂക്കുകളിൽ ദരോഗ അഥവാ പൊലീസ് അധികാരികൾ ആയിരുന്നു,പോക്കറും ഗുരുക്കളും.മൂപ്പൻറെ സഹോദരനെ ചട്ട ലംഘനത്തിന് 1799 ൽ ബ്രിട്ടീഷുകാർ കൊന്നു.പോക്കറെ അയാളുടെ ക്രൂരതയെപ്പറ്റി പരാതി കിട്ടിയപ്പോൾ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് പാലക്കാട് തടവിലിട്ടു.ഗുരുക്കളുടെ അളിയനെ ബ്രിട്ടീഷുകാർ കൊന്നപ്പോൾ അയാൾ ക്ഷുഭിതനായി.

ഇങ്ങനെ സ്വന്തം നില എടങ്ങേറിലായ മാപ്പിളമാരാണ്,കലാപത്തിന് ആഹ്വാനം ചെയ്തത്.ബ്രിട്ടീഷ് ഭരണത്തിൽ ഇസ്ലാം സ്വാതന്ത്രമായിരിക്കില്ലെന്ന് അവർ പറഞ്ഞതിൽ,സ്വാതന്ത്ര്യ സമരം കാണാൻ വയ്യ.1799 ൽ ഉടയോനായ ടിപ്പുവിനെ ശ്രീരംഗ പട്ടണത്ത് ബ്രിട്ടീഷുകാർ കൊന്നതിന് പിന്നാലെ,ഈ ടിപ്പു ഭക്തന്മാരെ കൂടി കൈകാര്യം ചെയ്തപ്പോൾ അവർ രോഷം കൊണ്ടു എന്നാണ് കാണേണ്ടത്.1800 ന് ശേഷം അധികാരി,മേനോൻ തസ്തികകളിൽ ഭൂവുടമകളായ ഹിന്ദുക്കൾക്ക് നിയമനം കിട്ടിയത് സ്വാഭാവികം.ഈ തസ്തികകളിൽ മാപ്പിളമാരെയും പരിഗണിക്കാമെന്ന് 1817 ൽ മൺറോ നൽകിയ ശുപാർശ,പ്രാദേശിക ഭരണാധികാരികൾ തള്ളി.പത്തൊൻപതാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ,തഹസിൽദാർമാർ എല്ലാവരും,വില്ലേജ് ജീവനക്കാരിൽ ഭൂരിപക്ഷവും ഹിന്ദുക്കൾ ആയിരുന്നുവെന്ന് 1851 ൽ കലക്‌ടർ എച്ച് വി കൊണോളി നൽകിയ റിപ്പോർട്ടിൽ കാണാം.വിദ്യാഭ്യാസത്തിൽ മുസ്ലിംകൾ പിന്നാക്കം ആയിരുന്നല്ലോ.ഹിന്ദുക്കൾ ദൈവ തുല്യം കണ്ട ആഴ്വാഞ്ചേരി തമ്പ്രാക്കൾ ഉൾപ്പെട്ട കേസിൽ,ഹിന്ദു മുൻസിഫിൽ നിന്ന് നീതി കിട്ടിയില്ലെന്ന് ഒരു മാപ്പിള കുടിയാൻ പരാതിപ്പെട്ടിരുന്നു.
മഹ് മൂദ് അൽ ഹസൻ 
നാല് മത പ്രബോധകർ  മുസ്ലിംകൾക്കിടയിൽ ഉണ്ടായി:വെളിയംകോട് ഉമ്മർ ഖാസി,സയ്യദ് അലവി തങ്ങൾ,മകൻ മമ്പുറം സയ്യദ് ഫസൽ പൂക്കോയ തങ്ങൾ,സയ്യദ് സനാ ഉള്ള മക്തി തങ്ങൾ.ബ്രിട്ടീഷുകാർക്ക് നികുതി അടയ്ക്കുന്നത് നിർത്താൻ ഉമ്മർ ഖാസി ആഹ്വാനം ചെയ്തു.ബ്രിട്ടീഷ് ഭരണത്തിന് എതിരെ ഫത്വ വന്നു. അലവി അദ്‌ഭുത പ്രവൃത്തികൾ കാട്ടുന്നയാൾ എന്ന അന്ധ വിശ്വാസം മുസ്ലിംകൾക്കിടയിൽ ഉണ്ടായിരുന്നു.അദ്ദേഹം ലഘു ലേഖകളും കവിതകളും എഴുതി.

അലവി തങ്ങൾ 1767 ൽ 17 വയസിലാണ് അറേബ്യയിൽ നിന്ന് മലബാറിലെത്തി മമ്പുറത്ത് മത പണ്ഡിതനായ അമ്മാവനൊപ്പം താമസമാക്കിയത്.നബിയുടെ പുത്രി ഫാത്തിമ വഴി പിന്തുടർച്ചയുള്ള താരിമിലെ അലി കുടുംബക്കാരനായിരുന്നു.അങ്ങനെയാണ് മമ്പുറം പ്രധാന മത കേന്ദ്രമായത് .ബ്രിട്ടനെതിരെ  ഇറക്കിയ 'സെയ്ഫുൽ ബത്താർ' എന്ന ലഘു ലേഖയിൽ അലവിയുടെ പങ്ക് ബ്രിട്ടൻ സംശയിച്ചു.ബ്രിട്ടനെതിരെ ജിഹാദിന് അദ്ദേഹം ആഹ്വാനം ചെയ്തു.മത ഭ്രാന്തനായ അറബിയായി ബ്രിട്ടൻ അദ്ദേഹത്തെ മുദ്രകുത്തി.മകൻ ഫസൽ പൂക്കോയ തങ്ങളാണ്,മമ്പുറം ജമാഅത്ത് പള്ളി പണിതത്.ഖുർ ആൻ ആധാരമാക്കി ജീവിതം നയിക്കാൻ അദ്ദേഹം ഉദ്ബോധിപ്പിച്ചു.ഹിന്ദുക്കളുമായുള്ള സമ്പർക്ക\ത്തെപ്പറ്റി അദ്ദേഹം പുറപ്പെടുവിച്ച ഫത്വകളിൽ മൂന്നെണ്ണം വർഗീയത വളർത്തുന്നതായിരുന്നു :

  • നായന്മാരെ തമ്പ്രാൻ എന്ന് അഭിസംബോധന ചെയ്യരുത് 
  • സമ്പന്ന ഹിന്ദുക്കൾ ഉത്സവത്തിന് പാകം ചെയ്യുന്ന ഭക്ഷണാവശിഷ്ടം ദരിദ്ര മുസ്ലിംകൾ തിന്നരുത് 
  • വെള്ളിയാഴ്ചകൾ ശാബത്തായി ആചരിക്കുന്നതിന് പകരം,കൃഷിപ്പണിയിൽ ഏർപ്പെടരുത്
ഈ ഫത്‌വകൾ മത സ്പർദ്ധ വളർത്താൻ ആയിരുന്നുവെന്ന് സ്റ്റീഫൻ ഡെയ്‌ലും രണജിത് ഗുഹയും നിരീക്ഷിച്ചിട്ടുണ്ട്.അലവിയുടെ ജാറത്തെ മുസ്ലിംകൾ ആരാധിച്ചു പോന്നു.
ഫസൽ പൂക്കോയ തങ്ങൾ 

സനാ ഉള്ള മക്തി തങ്ങൾ എക്‌സൈസ് ഇൻസ്പെക്റ്റർ ജോലി 1882 ൽ രാജി വച്ചാണ് ക്രൈസ്തവ മിഷനറി പ്രവർത്തനങ്ങൾക്ക് എതിരെ നീങ്ങിയത്.ഹിന്ദുക്കൾ സ്വാഭാവികമായും ഇതിൽ തുണച്ചു.'കഠോര കുടാരം',;പാർക്കലീന പോർക്കളം' എന്നീ കൃതികൾ വഴി അദ്ദേഹം ക്രിസ്തു മതത്തെ ആക്രമിച്ചു.യാഥാസ്ഥിതികൻ ആയിരുന്നില്ല.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വാദിച്ചു.മലയാളവും ഇംഗ്ളീഷും പഠിക്കാൻ പ്രേരിപ്പിച്ചു.അറബി മലയാളം ലിപി പരിഷ്കരിക്കാൻ 'വാലിo ഉൾ ഇഖ്‌വാൻ' എന്ന പുസ്തകം എഴുതിയ ഔക്കോയ മുസ്‌ലിയാർ,മായം കുട്ടി ഇല്യ എന്നിവരും മുസ്ലിം അഭിപ്രായം രൂപപ്പെടുത്തി.അങ്ങനെ മാപ്പിള കലാപങ്ങൾക്ക് മതപരമായ ന്യായീകരണമുണ്ടായി.
മമ്പുറം അലവി തങ്ങൾ മാളിക 
1852 ൽ നടന്ന ഒന്നൊഴികെ ബാക്കി കലാപങ്ങളെല്ലാം തെക്കുള്ള ഏറനാട്ടിലും വള്ളുവനാട്ടിലുമായിരുന്നു.ദരിദ്ര താലൂക്കുകൾ.മാപ്പിള ജന സംഖ്യയുടെ 37 ശതമാനവും ഇവിടങ്ങളിലായിരുന്നു.ഏറനാട് 1823 ൽ 7 .5 ശതമാനം മാത്രമായിരുന്നു സാക്ഷരത.ഇംഗ്ലീഷ് പഠിച്ചവർ 960.വള്ളുവനാട് 1821 ൽ സാക്ഷരത 11 .4 %.ഇംഗ്ലീഷ് പഠിച്ചവർ 2248.മാപ്പിള കലാപം 1852 ൽ അന്വേഷിച്ച ടി എൽ സ്ട്രേഞ്ച് കലാപ തുടക്കം കണ്ടത്,1836 ൽ പന്തലൂരിലെ ഹിന്ദു ജ്യോത്സ്യനെ മാപ്പിളമാർ കുത്തിക്കൊന്നപ്പോഴാണ്.1841 ഏപ്രിൽ അഞ്ചിന് കണ്ണൂരിൽ കുഞ്ഞോലൻ എന്ന കൂടിയാനെ പുറത്താക്കിയപ്പോൾ അയാൾ പെരുമ്പള്ളി നമ്പൂതിരിയെ കൊന്നതായിരുന്നു,കലാപ കാരണം.കുഞ്ഞോലൻറെ രണ്ടു മക്കളും ആറ് അയൽക്കാരും കൊലയിൽ പങ്കെടുത്തു.അല്ലാഹുവിന് പ്രീതി കിട്ടുന്ന കൃത്യം ചെയ്താൽ സ്വർഗത്തിൽ എത്തുമെന്ന് കുഞ്ഞോലൻ അയൽക്കാരോട് പറഞ്ഞിരുന്നുവെന്ന് മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടിലുണ്ട്.തോട്ടച്ചേരി കേളുപ്പണിക്കരുടെ കോൽക്കാരനെ കൊന്നതാണ്,അടുത്ത കലാപ കാരണം.പണിക്കരിൽ നിന്ന് കാണക്കരാറിനെടുത്ത കുണ്ടച്ചേനയ്‌ക്കൽ പറമ്പിൽ പള്ളി പണിതതിനെ സംബന്ധിച്ചായിരുന്നു ,തർക്കം.തുടർന്ന് 1841 ലും 1843 ലും കലാപങ്ങൾ ഉണ്ടായി.ആദ്യത്തേതിൽ അധികാരിയുടെ മകനും അനന്തരവനും രണ്ടാമത്തേതിൽ അധികാരിയും കോൽക്കാരനും മൂന്നിൽ നമ്പൂതിരി ജന്മിയും ഭൃത്യനും കൊല്ലപ്പെട്ടു.

ഒരു മുസ്ലിമിനെ കുടിയൊഴിപ്പിച്ച പള്ളിപ്പുറത്ത് ജന്മി പെരുമ്പള്ളി നമ്പൂതിരി യെയും കാര്യസ്ഥനെയും കൊന്നു.ഇല്ലം ലഹളക്കാർ കയ്യടക്കി.പള്ളി മതിൽ കെട്ടാൻ തടസം നിന്ന താച്ചു പണിക്കരെയും കൊന്നു.1843 ലും 1851 ലും ഇങ്ങനെ ലഹളയുണ്ടായി.പലപ്പോഴായി,കുമ്പട്ടു കൃഷ്ണ പണിക്കർ,കളത്തിൽ കേശവൻ,കറുകമണ്ണ മൂസ് എന്നിവർ വധിക്കപ്പെട്ടു.

1848 ഓഗസ്റ്റിലെ മഞ്ചേരി കലാപത്തിൽ 65 മാപ്പിളമാർ ഉൾപ്പെട്ടു.അത്തൻ മോയൻ ഗുരുക്കളും മമ്പുറം സയ്യിദ് ഹുസൈൻ തങ്ങളുടെ മകൻ കുഞ്ഞിക്കോയ തങ്ങളും നേതൃത്വം നൽകി.ഗുരുക്കളുടെ പൂർവികർ ബ്രിട്ടീഷുകാർക്ക് എതിരായിരുന്നുവെന്ന് മലബാർ അസിസ്റ്റൻറ് മജിസ്‌ട്രേറ്റ് ഡബ്യു മോറിസൺ കണ്ടെത്തി.ഗുരുക്കൾ 15 മാപ്പിളമാരെ അരീക്കോട്ട് നിന്ന് സംഘടിപ്പിച്ച് ജന്മി മരാട്ട് നമ്പൂതിരിയുടെ ഇല്ലത്തേക്ക് 1848 ഓഗസ്റ്റ് 26 ന് നീങ്ങി.ഈ സംഘത്തിലെ നിലാങ്കര അലിക്ക് നമ്പൂതിരിയോട് പകയുണ്ടായിരുന്നു.അന്ന് നമ്പൂതിരി രക്ഷപ്പെട്ടു.എട്ടു നാൾ സംഘം മഞ്ചേരി ക്ഷേത്രത്തിൽ കഴിഞ്ഞു.രണ്ട് ബ്രിട്ടീഷ് പൊലീസ് സംഘങ്ങളെ തോൽപിച്ചപ്പോൾ അതിൽ ഊറ്റo കൊണ്ടവർ കൂടിച്ചേർന്ന് സംഘം 60 പേരായി.അവർ അങ്ങാടിപ്പുറം ക്ഷേത്രത്തിലേക്ക് പോയി.1849 സെപ്റ്റംബർ നാലിന് സംഘത്തെ ബ്രിട്ടീഷ് സേന തോൽപിച്ചു.
മാപ്പിള വാൾ 
1851 ഓഗസ്റ്റ് 22 ലെ കുളത്തൂർ കലാപത്തിൽ മാപ്പിളമാർ മങ്കര കോട്ടുപറമ്പത്ത് കോമു മേനോൻ,ഭൃത്യൻ,കോമുവിൻറെ സഹോദരൻ ഇട്ടുണ്ണി മേനോൻ,വീട്ടിൽ ഉണ്ടായിരുന്ന കടക്കോട്ടിൽ നമ്പുതിരി എന്നിവരെ വക വരുത്തി.അതിനു ശേഷം കോമുവിൻറെ സുഹൃത്ത് മുണ്ടൻ കര രാരിച്ചൻ നായരെ കൊന്നു.ചെങ്ങറ വാരിയരുടെ വീട് കത്തിച്ചു.ജന്മി കുളത്തൂർ വാരിയരെ കൊന്നു.ടിപ്പുവിൻറെ കാലത്ത് തിരുവിതാoകൂറിലേക്ക് പലായനം ചെയ്ത വാരിയർ തിരികെയെത്തി മാപ്പിളമാർ കൈവശം വച്ചിരുന്ന സ്വത്ത് തിരികെ എടുത്തിരുന്നു.കടക്കോട്ടിൽ നമ്പൂതിരി,കുളത്തൂർ വാരിയർ എന്നിവരുടെ കൊലകൾക്ക് പിന്നിൽ ധനിക മാപ്പിളമാരുടെ ആസൂത്രണം സംശയിക്കപ്പെട്ടു.നമ്പൂതിരിയുമായി,ഏമലുക്കുട്ടിക്ക് കാണ നില തർക്കമുണ്ടായിരുന്നു.വാരിയരുമായി പള്ളി ഭുമിയെപ്പറ്റി ഇരിപ്പിടത്തിൽ മായൻ എന്ന മാപ്പിള ചർച്ച നടത്തിയിരുന്നു.വടക്കേ മലബാറിലെ ഏക കലാപമായിരുന്നു,1852 നബി ജന്മ ദിനമായ ജനുവരി നാലിന് മട്ടന്നൂരിൽ നടന്നത്.കല്ലാറ്റിലെ നമ്പൂതിരി ജന്മിയോട്,കൊട്ടാലേ എന്ന ധനിക മാപ്പിള കുടുംബം,കലാപകാരികൾ വഴി പക വീട്ടുകയായിരുന്നു.മമ്പുറം തങ്ങൾ ഇതിന് ആശീർവാദം നൽകി.ജന്മിയെ മാത്രമല്ല,കുടുംബാംഗങ്ങളെയും വേലക്കാരെയും കൊന്നു.16 പേരുടെ കൂട്ടക്കൊല.കലാപകാരികളെ വളപ്പിങ്ങത്ത് ഹസ്സൻകുട്ടി എന്ന ധനിക മാപ്പിള ഇരിക്കൂറിലെ ജന്മി കൂളിയാട്ട് അനന്തൻറെ വീട്ടിലേക്ക് തിരിച്ചു വിട്ടു.ആ വീട്ടിൽ പ്രതിരോധിക്കാൻ മുന്നൂറോളം ആയുധ ധാരികൾ ഉണ്ടായിരുന്നതിനാൽ കലാപകാരികൾ കൊല്ലപ്പെട്ടു.ഗ്രാമത്തിലെ മാപ്പിള ചന്ത നിന്ന തൻറെ സ്ഥലം വീണ്ടെടുക്കാൻ അനന്തൻ ശ്രമിച്ചിരുന്നു.

കാരമ്പാറ നായരിൽ നിന്ന് കാണമായി എടുത്ത വസ്തുവിൽ ഇടയ്‌ക്കൽ അധികാരി കുഞ്ഞാമൻ പള്ളി പണിതതാണ് 1873 ലെ കലാപ കാരണം.നായർ,വെളിച്ചപ്പാടിനെക്കൊണ്ട്,പള്ളിയുടെ സാമീപ്യത്താൽ ദേവിക്ക് കോപമുണ്ടായതായി പറയിച്ചിരുന്നു.നായരെ കൊന്ന സംഘത്തിൽ 15 വയസുള്ള ബാലൻ ഒഴികെ എല്ലാവരെയും പട്ടാളം കൊന്നു.
ഇസ്ലാമിലേക്ക് തീയ സ്ത്രീ മതം മാറിയതാണ്,1896 ലെ വലിയ കലാപത്തിന് വഴി വച്ചത്.ഒരു തട്ടാൻ മാത്രം കൊല്ലപ്പെട്ടു.
കലക്‌ടർ കോണോളി 
കലാപകാരികൾക്കെല്ലാം അതതു കാലത്ത് നാട്ടുകാർ വിരുന്നു നൽകിയിരുന്നു.1855 ൽ കലക്റ്റർ എച്ച് വി കൊണോലിയെ കൊന്നവർക്കും പള്ളിയിൽ വിരുന്നുണ്ടായി.1898,1915,1919 വർഷങ്ങളിലും കലാപങ്ങൾ നടന്നു.അവയ്ക്ക് മുൻപ് കലാപകാരികൾ ജാറങ്ങളിലേക്ക് തീർത്ഥ യാത്രകൾ നടത്തി.തങ്ങൾമാർ,മുസലിയാർമാർ എന്നിവരിൽ നിന്ന് ആശീർവാദം വാങ്ങി.മൊയ്‌ലീബ്,റാത്തീബ് എന്നീ മതാഘോഷങ്ങളിൽ പങ്കെടുത്തു.അജ്ഞരായ മുല്ലമാർ പ്രചോദിപ്പിച്ച മത ഭ്രാന്താണ് കലാപങ്ങൾക്ക് കാരണമെന്ന് 1852 ൽ കലാപങ്ങൾ അന്വേഷിച്ച ടി എൽ സ്ട്രേഞ്ച് കണ്ടെത്തി.അന്വേഷണം പൂർത്തിയാകും മുൻപ് സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ സർക്കാർ നാട് കടത്തി.തങ്ങൾ മലബാറിന് പുറത്തായിരുന്നപ്പോൾ രംഗം ശാന്തമായിരുന്നു.തങ്ങൾക്ക് സ്വാധീനം ഉണ്ടായിരുന്ന തിരുരങ്ങാടി മേഖലയിൽ ആയിരുന്നു കലാപങ്ങൾ.1852 മാർച്ച് 19 ന് 57 പേർക്കൊപ്പം തങ്ങൾ അറേബ്യയിലേക്ക് കപ്പൽ കയറി.പരപ്പനങ്ങാടി വരെ,8000 മാപ്പിളമാർ അനുഗമിച്ചു.ഈ നാട് കടത്തലാണ്,കൊണോലിയുടെ കൊലയിൽ കലാശിച്ചത്.നാട് കടത്തിയ ശേഷം,കാൽ നൂറ്റാണ്ട് മലബാർ ശാന്തമായിരുന്നു.1880 ന് ശേഷം വീണ്ടും തീ ആളിക്കത്തി.കാർഷിക ബന്ധങ്ങൾ പഠിക്കാൻ വില്യം ലോഗൻ എത്തി.ലോഗൻറെ ശുപാർശകൾ സർക്കാർ തള്ളി.കുടിയൊഴിപ്പിക്കൽ തുടർന്നു.

രാഷ്ട്രീയ രംഗത്ത്,1916 വരെ കോൺഗ്രസ് സജീവം ആയിരുന്നില്ല..കുടിയായ്മ,ഖിലാഫത്ത് പ്രശ്നങ്ങൾ ദേശീയ രാഷ്ട്രീയത്തിൻറെ ഭാഗമായപ്പോൾ,രംഗം കൊഴുത്തു.1920 ലെ മഞ്ചേരി സമ്മേളനം കുടിയായ്മ നിയമ നിർമാണത്തിന് പ്രമേയം പാസാക്കി.ഒറ്റപ്പാലത്തെ ആദ്യ കോൺഗ്രസ് സമ്മേളനത്തിൽ,കുടിയായ്മ സമ്മേളനം കൂടി ചേർത്തു .ഈ നിലപാട് വഴി,മാപ്പിളമാർ പലരും പ്രസ്ഥാനത്തിൽ എത്തി.എം പി നാരായണ മേനോന് പുറമെ,കടിലശ്ശേരി മുഹമ്മദ് മുസലിയാരും വള്ളുവനാട്,ഏറനാട് താലൂക്കുകളിൽ പ്രവർത്തിച്ചു.ഖിലാഫത്ത്,നിസ്സഹകരണ പ്രസ്ഥാനങ്ങൾ കുറെ മാപ്പിളമാരെ തടുത്തു കൂട്ടി.ഖിലാഫത്തിൻറെ രക്ഷയ്ക്ക് പൊരുതാൻ തയ്യാറായി.മഞ്ചേരി സമ്മേളനത്തിൽ ഖിലാഫത്തിൻറെ ഭാവി ചർച്ച ചെയ്തു.പ്രമേയം പാസാക്കി.ഓഗസ്റ്റ് 18 ന് ഗാന്ധിയും മൗലാനാ ഷൗക്കത്ത് അലിയും മലബാറിൽ എത്തി.

രാഷ്ട്രീയവും മതവും കൂടി കലർന്നു.കോൺഗ്രസ് അംഗ സംഖ്യ 1921 ജൂണിൽ 20000 ആയി ഉയർന്നു.ഖിലാഫത്ത് കമ്മിറ്റികൾ ഉണ്ടായി.മാപ്പിളമാരെ സംഘടിപ്പിച്ച മത നേതാക്കൾ ഖിലാഫത്ത് പ്രസ്ഥാനത്തെ മത പ്രസ്ഥാനമായി തന്നെ കണ്ടു.അതിലെ ഏച്ചു കെട്ടായിരുന്നു,സാമ്രാജ്യത്വം.1921 ഏപ്രിൽ 25 ന് ഒറ്റപ്പാലത്ത് ഉലമ സമ്മേളനം ചേർന്നു.അതിൽ കോൺഗ്രസ് നേതാവ് ഇ മൊയ്തു മൗലവി,കേരളത്തിലെ മുസ്ലിംകൾ ഖിലാഫത്ത് സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു.ഇതിൽ പാസാക്കിയ പ്രമേയം മത പക്ഷപാതിത്വം വിളംബരം ചെയ്തു.മൊയ്തു മൗലവി പറഞ്ഞു:

"സ്വജീവനെക്കാൾ നാം മതത്തെ പ്രിയതരമായി കരുതുന്നു.വ്യാജമായ മധുര വാക്കുകളാൽ സന്തോഷിപ്പിച്ച ശേഷം,നമ്മെ കൊള്ളയടിക്കാനും ഹൃദയം കവരാനും ശ്രമിക്കുന്ന ഒരു ഗവൺമെന്റിന്റെ പിന്തുണയ്ക്കാൻ ഏതെങ്കിലുമൊരു മുസ്ലിമിന് കഴിയുമോ?ഇസ്ലാമിൻറെ മഹത്വം ചെറിയ അളവിലെങ്കിലും ഉൾക്കൊണ്ടിട്ടുള്ള ഓരോ മുസ്ലിമും ഇതിനെതിരായി നിൽക്കുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു".
മൊയ്തു മൗലവി 
അതായത്,കോൺഗ്രസ് കൂട്ടിപ്പിടിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിൽ ഹിംസയുടെ അടിയൊഴുക്കും ഉണ്ടായിരുന്നു.വാളെടുക്കുന്നത് ഒഴിവാക്കാനുള്ള ഗാന്ധിയുടെ നിർദേശം,മൗലാനാ മുഹമ്മദ് അലി സ്വീകരിച്ചില്ല.ഇസ്ലാമിനോട് ചെയ്ത തെറ്റിന് പ്രതികാരമായി ഇന്ത്യൻ മുസ്ലിംകൾ ബ്രിട്ടീഷുകാരോട് പൊരുതണമെന്ന് മൊയ്തു മൗലവി കണ്ണൂരിൽ ആവശ്യപ്പെട്ടു.വേണ്ടത്ര ആയുധമില്ലെന്ന് അദ്ദേഹം പരിതപിച്ചു.മുസ്ലിംകൾ അപ്പോൾ പടക്കോപ്പുകൾ കൂട്ടി.പരിശീലനങ്ങൾ നടന്നു.വാളുകളും കത്തികളും പണിതു.ബ്രിട്ടീഷ് കമാൻഡർ റിച്ചാർഡ് ടോട്ടൻഹാം പറഞ്ഞ പോലെ ഗാന്ധിയുടെ അഹിംസ എന്ന ഉറയിൽ,ഇസ്ലാമിൻറെ ഹിംസയുടെ വാൾ ശയിച്ചു.

ടോട്ടൻഹാം എഴുതി:
"നിസ്സഹകരണം ഒരു പ്രഹസനം മാത്രമാണ്...എന്നാൽ ഖിലാഫത്ത് ഗൗരവമുള്ള,സത്യസന്ധമായ,അപകടകരമായ പ്രസ്ഥാനമാണ്.ഗാന്ധിയും അഹിംസയും ( മാപ്പിളമാർക്ക് ) പ്രധാനമല്ല.(അവർ ) ആയുധം സംഭരിക്കാനുള്ള മറയായി കോൺഗ്രസിനെ കാണുന്നു.കോൺഗ്രസ് എപ്പോഴും ഗാന്ധിയെ,സർക്കാരിനെ,നിയമങ്ങളെ അനുസരിക്കും.ഖിലാഫത്തുകാർ എതിർക്കും."

ഇതാണ്,1921 ൻറെ പശ്ചാത്തലം.

ഇതിൽ നാം കാണേണ്ടത് ഇതാണ്:
ഹൈദരാലിയെ മംഗലാപുരത്തു പോയി ഇങ്ങോട്ടു വിളിച്ചു കൊണ്ട് വന്നത്,അറയ്ക്കൽ മുസ്ലിം രാജാവാണ്.അദ്ദേഹത്തിന് ഹിന്ദു രാജാവ് കോലത്തിരിയെ ഒതുക്കണം.ഹൈദരാലി കഴിയുന്നതൊക്കെ കീഴടക്കി.മകൻ ടിപ്പു മലബാറിൽ കഴിയുമ്പോഴായിരുന്നു,ഹൈദരാലിയുടെ മരണം.ഹൈദരാലിയുടെ ഗവർണറായ ആയാസ് ഖാൻ രാജ്യം പിടിച്ചടക്കുമെന്നു പേടിച്ച് ടിപ്പു മലബാർ വിട്ട് ശ്രീരംഗ പട്ടണത്തേക്കു പോയി.കണ്ണൂർക്കാരൻ വെള്ളുവക്കമ്മാരൻ നമ്പ്യാരാണ് മതം മാറി ആയാസ് ഖാൻ ആയത്.

ഹൈദറിൻറെയും ടിപ്പുവിന്റെയും കാലത്ത് ഒരു ഇസ്ലാമിക രാഷ്‌ട്രം താൽക്കാലികം ആയെങ്കിലും മാപ്പിളമാർ കൊണ്ടാടി.ടിപ്പു വന്നപ്പോൾ ഹിന്ദു ജന്മിമാർ പലായനം ചെയ്തു.സാമൂതിരി താവഴികളും പലായനം ചെയ്തു.ഇങ്ങനെയുള്ളവരുടെ സ്വത്തുക്കൾ മാപ്പിളമാർ കയ്യടക്കി.ടിപ്പു പോയപ്പോൾ,മുൻപ് പലായനം  ചെയ്തവർ തിരിച്ചെത്തി സ്വത്ത് വീണ്ടെടുത്തത് സംഘർഷം കൂട്ടി.മുസ്ലിം മത ആചാര്യന്മാരും ധനിക മാപ്പിളമാരും നിർബന്ധിത മതം മാറ്റവും സ്ഥിതി വഷളാക്കി.ആഗോളമായി നില നിൽക്കുന്ന മുസ്ലിം -ക്രിസ്ത്യൻ സംഘർഷ പശ്ചാത്തലത്തിൽ,ഖിലാഫത്ത് ഒരു വിശുദ്ധ യുദ്ധ രൂപം പൂണ്ടു.1921 ഒറ്റപ്പെട്ട തുരുത്തല്ല,അതിനു മുൻപത്തെ കലാപങ്ങളുടെ തുടർച്ചയാണ്.

അതല്ലാതെ,1921 സ്വാതന്ത്ര്യ സമരമോ വർഗ സമരമോ അല്ല.

See https://hamletram.blogspot.com/2019/07/blog-post_3.html


Thursday, 31 October 2019

ഒരു ഭദ്രവട്ടക സ്വപ്നം

മരണം കണ്ണകിയായും കാളിയായും

രു വല്ലാത്ത സ്വപ്നാനുഭവത്തിലാണ് ഞാൻ.

ഇന്ന് പുലർച്ചെ ( 2019 ഒക്ടോബർ 31 ) യാണ് അതുണ്ടായത്.ഇടത്തോട്ട് കൈവച്ച് അതിൽ തലവച്ച് ഉറങ്ങുകയായിരുന്നു ഞാൻ;അങ്ങനെ ഉറങ്ങുക സാധാരണമല്ല.കുട്ടിക്കാലത്ത് കമിഴ്ന്നായിരുന്നു ഉറക്കം;കുറേക്കഴിഞ്ഞപ്പോൾ മലർന്നു.ഇപ്പോൾ പലപ്പോഴും വലത്തേക്ക് കൈവച്ച് അതിൽ തല വച്ചും കിടക്കാറുണ്ട്.

വീട്ടിൽ ഞാൻ ഒറ്റയ്ക്കായിരുന്നു;ഭാര്യ മൂകാംബിക്ക് പോയിരുന്നു.രാവിലെ ആശുപത്രിയിൽ ആയ എന്നെ വിട്ട് പോകാൻ അവർക്ക് മടിയായിരുന്നു."എന്നെ ഞാൻ നോക്കിക്കോളാം" എന്ന് വാക്ക് നൽകി ഞാൻ രാത്രി ട്രെയിനിൽ പോകാൻ അവരെ അനുവദിച്ചു.

മഴ കോരിച്ചൊരിയുന്നുണ്ട്.അതിൽ കലർന്ന് ആയിരക്കണക്കിന് പള്ളിവാളുകളും കാൽച്ചിലമ്പുകളും ചേർന്ന് കൂരിരുളിൽ വലിയ സിംഫണി.അത് പുറത്തു നിന്നുവന്ന് എന്നെ വലയം ചെയ്യുന്നു.അങ്ങനെ ഭീതിദമായ നാദ മുഖരതയിൽ ഒരു അരൂപിയുടെ പള്ളിവാൾ എൻറെ കഴുത്തിന്റെ വലതു വശത്തു വെട്ടുന്നു.വെട്ടിയോ ഇല്ലയോ?എൻറെ കഴുത്ത് വേർപെട്ടില്ല.

ഞാൻ കണ്ണ് തുറന്നു.ചിലമ്പുകളുടെ ഓർക്കെസ്ട്ര നിലച്ചിട്ടില്ല;ഇനി എൻറെ ആത്മാവിൽ മരണം വരെ നിലക്കില്ല..അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുകയുമില്ല.അത് ഒരു സിനിമയിൽ വന്നാൽ അതിനെ വെല്ലാൻ ഒന്നിനും കഴിയുകയും ഇല്ല.

ഇത് എങ്ങനെയുണ്ടായി?

നാലു ദിവസം മുൻപ് ''പള്ളി വാള് ഭദ്രവട്ടകം" എന്ന പാട്ട് പുണ്യ എന്ന കുട്ടി പാടിയത് ഞാൻ കേട്ടു;അത് ശക്തമായിരുന്നു.ഇത് മുൻപ് അമൃത പാടിയതും വന്ദന അയ്യർ,ഗോമടേഷ്‌ ഉപാധ്യായ എന്നിവരുടെ പാഠഭേദങ്ങളും കേട്ടിരുന്നു .ഒരു മാതിരി മലയാള വാക്കുകൾ അറിയാം എന്നാണ് ധാരണ.ഭദ്രവട്ടകം എന്താണ് എന്നറിയുമായിരുന്നില്ല.ഇതാണ് പാട്ട്:

പള്ളിവാള് ഭദ്രവട്ടകം കയ്യിലേറ്റും തമ്പുരാട്ട്യേ
നല്ലച്ഛൻറെ തിരുമുൻപിൽ വന്ന്
കളി,കളി തുടങ്ങി
പള്ളി വാള് പള്ളിവാള് പള്ളിവാള് പള്ളിവാള്
അങ്ങനങ്ങനെ

വേതാള വാഹനമേറി പോകുന്ന തമ്പുരാട്ടി
ദാരികപുര സന്നിധി തന്നിൽ ചെന്നടുക്കുന്നു
അങ്ങനങ്ങനെ

പോരിക പോരിന് വേഗം അസുരേശ ദാരികനെ
പരമേശ പുത്രി രഘു ഭദ്ര ഞാനൊന്നോർത്തിടാം
അങ്ങനങ്ങനെ

ഇനി ഞാനും മറന്നിടാം,നല്ലച്ഛനും മറന്നിടാം
മറന്നീടുക സ്ത്രീധന മുതലേ വേറെയുണ്ട്
അങ്ങനങ്ങനെ

ഞങ്ങളുടെ പടിഞ്ഞാറേ നടയിൽ വാളാണ് കല്ലറയിൽ
ഏഴര വട്ടി വിത്ത് അവിടെ കിടപ്പതുണ്ട്
അങ്ങനങ്ങനെ

അതിൽ നിന്നും അരവട്ടി വിത്ത് അകത്തൊരു സ്ത്രീധനമായി
തരിക വേണം,വടക്കും കുളം വാഴും നല്ല പൊന്നച്ഛനെ
അങ്ങനങ്ങനെ

ഇങ്ങനങ്ങനെ പോകുന്നു,കവിത.മുഴുവൻ എഴുതുന്നില്ല.നല്ലച്ഛൻ എന്നാൽ ദൈവം.ഒരു പ്രാചീന കാലത്തും ഇവിടെ സ്ത്രീധനം ഉണ്ടായിരുന്നു എന്ന് സാമൂഹ്യ ശസ്ത്രജ്ഞർക്ക് അനുമാനിക്കാം!
മുടിയേറ്റ് 
അപാരമാണ്'അങ്ങനങ്ങനെ' എന്ന് പറയുമ്പോഴത്തെ താളം.മുടിയേറ്റിലെ പാട്ടാണ് ഇത്.ഒരു മനുഷ്യനും കൊല്ലില്ല എന്ന് ദാരികന് ബ്രഹ്മാവിൽ നിന്ന് വരം കിട്ടി.അയാൾ അഹങ്കാരിയായി.അയാളെ വധിക്കാൻ ശിവൻ കാളിയെ സൃഷ്ടിച്ചു.നമ്മുടെ നാട്ടിൽ ശിവനും വിഷ്‌ണുവും അധിനിവേശം നടത്തും മുൻപ് കാവുകളും ഭഗവതിമാരും മാത്രമേ ഉണ്ടായിരുന്നുള്ളു;ഗുരുവായൂർ ക്ഷേത്രം ഒറിജിനൽ മഞ്ജുളാൽ ഭഗവതിയാണെന്നും തൃശൂർ വടക്കുന്നാഥൻ,പാറമേക്കാവ് ഭഗവതിയാണെന്നും പുത്തേഴത്ത് രാമൻ മേനോൻ എഴുതിയ "ട്രിച്ചുർ =തൃശൂർ" എന്ന പുസ്തകത്തിൽ വായിച്ചതോർക്കുന്നു.പുരുഷാധിപത്യം കേരളത്തിൽ വന്നത് പിന്നീടാണ്.എല്ലാം മതമാണ്.

കാവുകളെപ്പറ്റി,സർപ്പക്കാവുകൾ ഭുഗർഭജലം സംരക്ഷിച്ചു നിർത്താനുള്ള വിരുതാണ് എന്നതിനെപ്പറ്റി,ആൽമരം ഓസോണിനെ തടഞ്ഞ് അന്തരീക്ഷം സംരക്ഷിക്കുന്നു എന്നതിനെപ്പറ്റി,അന്ധ വിശ്വാസങ്ങൾക്ക് പിന്നിലെ ശാസ്ത്ര ബുദ്ധിയെപ്പറ്റി ഇവിടെ പറയുന്നില്ല.ആചാരങ്ങൾ നിലനിൽക്കുന്നതും നല്ലതാണ് -നല്ല ആചാരങ്ങൾ.കാവ് എന്തെന്നറിയാൻ ഇരിങ്ങോൾ കാവിൽ തന്നെ പോകണം.അവിടെ മാത്രമല്ല,മണ്ണാറശാലയിലും ഞാൻ പലവട്ടം പോയിട്ടുണ്ട്.അവിടെ സ്ത്രീയാണ്,പൂജാരി.നൈഷ്ഠിക ബ്രഹ്മചാരിയെ കാണാൻ സ്ത്രീകൾ പോകരുത് എന്ന ആചാരമുള്ള നാട്ടിൽ ഇങ്ങനെയുമുണ്ട്.

മുൻപ് എം ടി വാസുദേവൻ നായർ കർക്കടകം എന്ന പേരിലോ മറ്റോ എഴുതിയ ലേഖനത്തിൽ 'അന്തരീക്ഷം ചെമ്പുകിടാരം പോലെ പഴുത്തു കിടന്നു"എന്ന് വായിച്ചിരുന്നു.കിടാരം എന്താണ് എന്നറിയില്ല -വലിയ വാർപ്പായിരിക്കും എന്ന് കരുതുന്നു.വമ്പൻ ഉരുളി.അത് നമുക്ക് വേണ്ടല്ലോ.വലിയൊരു ചെമ്പുരുളി ആകാശത്തു വിളങ്ങുമ്പോൾ.

ഭദ്രവട്ടകം എന്താണ് എന്നന്വേഷിച്ചപ്പോൾ,"പള്ളിവാള്" പാട്ടിൻറെ പരിഭാഷ തന്നെ സ്വപ്ന തലേന്ന് കിട്ടി.ഭദ്രവട്ടകം Sacred Anklet ആണ്.ഭഗവതിയുടെ കാൽ തള,കാൽ ചിലമ്പ്.ഇത് മനസ്സിൽ സാന്ദ്രീകരിച്ച് സ്വപ്നം ആയതാകണം. പാട്ട് മുഴുവൻ 'തുമ്പീ വാ' എന്ന പേരിൽ മലയാള ഗാനങ്ങൾ പരിഭാഷ ചെയ്യുന്ന പെൺകുട്ടി,സുന്ദരമായി പരിഭാഷ ചെയ്തിട്ടുണ്ട്:

The temple sword and sacred anklet, lifted in your arms, Goddess
Before Nallachan (the God), you started dancing, like that!

Now let me forget, you should forget too God,
Let us forget that thee is all these dowry, like that!
On the Western part of our house, in the stone vault of vaalaar,
We have seven and a half baskets of rice grain, like that!
From that, a half basket of rice grain, as a gift to me,
Should be given by you, the good God of Northern dynasty, like that!


ഇങ്ങനിങ്ങനെ.

ഈ മാസം 18 വെള്ളിയാഴ്ച എൻറെ ഏറ്റവും അടുത്ത കൂട്ടുകാരൻ 'ഇക്കണോമിക് ടൈംസ്' കൊച്ചി ബ്യുറോ ചീഫ് ആയിരുന്ന സനന്ദൻ നിനച്ചിരിക്കാതെ നമ്മുടെ ജീവിതത്തിൽ നിന്ന് പോവുകയുണ്ടായി.അന്ന് രാത്രി കിടക്കാൻ നേരം "വണ്ടിക്കൂലി എടുത്ത് മേശപ്പുറത്തു വച്ചേക്കു,അതിരാവിലെ സനന്ദനെ കാണാൻ രാമപുരത്ത് പോകണം;എൻറെ പ്രായക്കാരും മരിക്കാൻ തുടങ്ങി " എന്ന് ഞാൻ പറഞ്ഞിരുന്നു.രാവിലെ ഞാൻ തളർന്നു പോയി.രാമപുരത്ത് പോകാനായില്ല.കഴിഞ്ഞ ദിവസം ഞാൻ തന്നെ ആശുപത്രിയിലായി.രാവിലെ അഞ്ചിന് തുടങ്ങിയ വയറു വേദന പത്തായിട്ടും നിലച്ചില്ല.വേദന സംഹാരി ഡ്രിപ്പിലും അത് പോയില്ല.അടുത്ത വട്ടം സംഹാരി എളിയിൽ കുത്തി വയ്‌ക്കേണ്ടി വന്നു.വൈകിട്ട് നാലിന് വേദന പോയി.അതിൻറെ കാരണം ഡോക്ട്ടർമാർക്ക് കണ്ടെത്താൻ ആയില്ല.സ്കാനിംഗിൽ ഒന്നുമില്ല.സർജനെ കാണാം എന്ന് യൂറോളജിസ്റ്റ് പറഞ്ഞപ്പോൾ,ഞാൻ ആശുപത്രി വിട്ടു.വേദനയുടെ കാരണം എനിക്ക് മനസ്സിലായി.
മുടിയേറ്റിലെ കൂളി 
ഈ വേദനാനുഭവം ഞാൻ സുഹൃത്ത് അനന്തനുമായി പങ്കിട്ട ശേഷം."ചുറ്റും മരണം നിറയുന്നു"എന്ന് കൂടി പറഞ്ഞു.കടവന്ത്ര പൊന്നേത്ത്  ക്ഷേത്രത്തിനടുത്ത് ജ്യോൽസ്യൻ രാധാകൃഷ്‌ണ ശർമ്മയുടെ അടുത്ത് മരണഭീതിയുള്ള ഒരു സുഹൃത്തിനെ കൊണ്ട് പോയ കഥ അനന്തൻ പങ്കിട്ടു.ശിവക്ഷേത്രത്തിൽ പുറകിലെ വിളക്ക് 41 ദിവസം കത്തിക്കാൻ ജ്യോൽസ്യൻ ഉപദേശിച്ചു.അതിന് കാരണം പ്രശ്നമുള്ളയാളോട് പറഞ്ഞില്ല.ശിവക്ഷേത്രങ്ങൾക്ക് പിന്നിൽ പാർവതി പ്രതിഷ്ഠ ഉണ്ടാകും.ശിവന് പുറം തിരിഞ്ഞിരിക്കുന്ന പാർവതി.അവർ സദാ പിണക്കമാണ്.പ്രശ്നമുള്ളയാൾ അവിടെ വിളക്ക് വയ്ക്കുമ്പോൾ മുൻപിലിരിക്കുന്ന ശിവനെയും വലം വയ്ക്കുമല്ലോ.അദ്ദേഹമാണ് മരണ ദേവൻ.

ഇത് എനിക്ക് വേണ്ടി പറഞ്ഞതല്ല.എനിക്ക് മരണ ഭയം ഇല്ല.ഞാൻ ക്ഷേത്രങ്ങളിൽ പോകാറുമില്ല.

സ്വപ്നം കണ്ടപ്പോൾ,ഞാൻ മുഴുവൻ ബോധവാനായില്ല.ഇഹലോകം അവസാനിച്ചതായി അനുഭവപ്പെട്ടു.ഞാൻ തീക്ഷ്ണ വാക്കുകൾ പ്രയോഗിച്ചവരോട് മാപ്പ് പറഞ്ഞു.രമണ മഹർഷി വിവരിച്ച മരണാനുഭവം ഓർമയിൽ വന്നു.ബോധം തെളിഞ്ഞപ്പോൾ ഞാൻ കിടക്ക വിട്ട് ലൈറ്റിട്ടു.മുൻ വാതിൽ തുറന്നു.ചിലമ്പിൻറെ ഉടമസ്ഥയെ നോക്കി.മഴ കോരി ചൊരിയുകയായിരുന്നു.അതിന് ചിലമ്പിൻറെ ശബ്ദമാണെന്ന് എനിക്ക് തോന്നി.ചിലമ്പിച്ച ശബ്ദം എന്ന ഒരു പ്രയോഗം തന്നെയുണ്ട്.ഒരു മരണത്തെ അതിജീവിച്ചു കഴിഞ്ഞെന്ന് എനിക്ക് മനസ്സിലായി.എൻറെ ഈ പ്രായത്തിലാണ് എൻറെ അച്ഛൻ മരിച്ചത്,ജന്മാഷ്ടമി നാളിൽ.കൃഷ്ണ ജയന്തിയിൽ ഞങ്ങൾക്ക് ശ്രാദ്ധമാണ്.

രാവിലെ തിരുവനന്തപുരത്തു നിന്ന് സുഹൃത്ത് ഡോ കെ എസ് രാധാകൃഷ്ണൻ വിളിച്ചപ്പോൾ,ഞാൻ സ്വപ്നം വിവരിച്ചു."ഒരു വാക്ക് അന്വേഷിച്ചു പോയ തനിക്ക് ആ വാക്ക് അനുഭവം ആകുകയായിരുന്നു,തൻറെ ഉള്ളിൽ സംഗീതമുണ്ട് .അതിൻറെ താളവും ",അദ്ദേഹം പറഞ്ഞു.അത് എനിക്കിഷ്ടപ്പെട്ടു.സ്വപ്നം വ്യാഖ്യാനിക്കാൻ ഫ്രോയ്ഡ് ഒന്നും വേണ്ട.രാധാകൃഷ്‌ണൻ മതി.
ഗാന്ധി ഇല്ലാതെ രാധാകൃഷ്ണൻ ഇല്ല.അദ്ദേഹം ഇത്ര കൂടി പറഞ്ഞു"മനസ്സ് എത്തിയ ഇടത്ത് ശരീരവും എത്തിയിരിക്കും എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്".

വെളിച്ചപ്പാടായിരുന്നു,രാധാകൃഷ്ണൻറെ അച്ഛൻ.

See https://hamletram.blogspot.com/2019/09/blog-post_24.html



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...