സഹോദരിമാർ സഹജീവികളായിരുന്നു
കാൾ മാർക്സിന്റെ ആത്മ സുഹൃത്ത് ഫ്രഡറിക് എംഗൽസിന്റെ പ്രധാന സഹജീവികൾ സഹോദരിമാർ ആയിരുന്നു-മേരിയും ലിസിയും. ഐറിഷ് തൊഴിലാളി കുടുംബത്തിൽ പെട്ട ഇവരിൽ, മേരി സഹജീവി ആയിരുന്നപ്പോൾ, ലിസി വീട്ടു വേലക്കാരി ആയിരുന്നു. മേരിയുടെ മരണ ശേഷം ലിസി സഹ ജീവി ആയി.അത് അങ്ങനെ തന്നെ ആയിരിക്കണം എന്നില്ല.മാർക്സിസത്തിൽ ധാർമികത (ethics) ഇല്ല.അതിനാൽ ഒരേ സമയം സഹ ജീവികൾ ആയിരുന്നിരിക്കാം.ലിസി സഹജീവി ആയിരിക്കെ അവരുടെ അനന്തരവൾ മേരി എല്ലൻ എംഗൽസിന്റെ വേലക്കാരി ആയിരുന്നു; അവരും സഹജീവി ആയിരുന്നിരിക്കാം.
മാർക്സിന് വീട്ടുവേലക്കാരി ഹെലൻ ദിമുതിൽ അവിഹിത സന്തതി ഉണ്ടായപ്പോൾ എംഗൽസ് പിതൃത്വം ഏറ്റ് ലോക കമ്മ്യൂണിസത്തെ രക്ഷിച്ചതിൽ അദ്‌ഭുതമില്ല.മേരിയും ലിസിയും നിരക്ഷരർ ആയിരുന്നു.വിവാഹം ബൂർഷ്വാ സങ്കൽപമാണെന്ന് ആ പാവങ്ങളെ ജന്മനാൽ ബൂർഷ്വ ആയ എംഗൽസ് തെറ്റിദ്ധരിപ്പിച്ചു. കുട്ടികൾ വേണ്ടെന്നു വച്ചു. കുട്ടികൾ വേണ്ടെന്ന സങ്കൽപം പി സുന്ദരയ്യയും പ്രകാശ് കാരാട്ടും പിന്തുടർന്നു.
മേരിയും ലിസിയും ബിർനെയിൽ പരുത്തി മില്ലിൽ ചായം കലക്ക് തൊഴിലാളി ആയിരുന്ന മൈക്കിൾ ബേൺസ് -ൻറെയും മേരി കോൺറോയിയുടെയും മക്കൾ ആയിരുന്നു. മാഞ്ചസ്റ്ററിലെ ഡീൻസ് ഗേറ്റിൽ താമസം. ലിസിയെ ലിഡിയ എന്നും മേരി എല്ലനെ (ജനനം 1859) പംപ്‌സ് എന്നും വിളിച്ചു പോന്നു.
|
ലിസി ബേൺസ്
|
എംഗൽസ് മാഞ്ചസ്റ്ററിൽ താമസിക്കെ 1843 ൽ മേരി (1821 -1863) യുമായി പരിചയമുണ്ടായി എന്ന് കരുതുന്നു. 1863 ജനുവരി ഏഴിന് മേരി മരിച്ച ശേഷം എംഗൽസ് ലിസിയുമായി ബന്ധം തുടർന്നു. മേരി ഏംഗൽസിന്റെ ജീവിത കഥയിൽ അധികം പരാമർശിക്കപ്പെട്ടില്ല. മേരിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്ന മാർക്സിന്റെ കത്ത് നിലവിലുണ്ട്. മേരി '' നല്ല പെരുമാറ്റം ആയിരുന്നുവെന്നും തമാശക്കാരി ആയിരുന്നുവെന്നും" മാർക്സ് പറയുന്നു. മാർക്സിന്റെ മകൾ ഏലിയനോർ കത്തിൽ പറയുന്നു: "അവർ സുന്ദരിയും താമസക്കാരിയും പ്രസരിപ്പുള്ളവരും ആയിരുന്നു; അവസാനം മദ്യപാനം അമിതമായി".
മേരിയുടെ ഒരു ചിത്രവും നിലവിലില്ല.
മേരിയുടെയും ലിസിയുടെയും അമ്മ 1835 ൽ മരിച്ചു. ഒരു വർഷം കഴിഞ്ഞ് പിതാവ് വീണ്ടും വിവാഹം ചെയ്തു. 1850 കളിൽ എംഗൽസും മേരിയും ആർഡ്വിക്കിൽ താമസിക്കുമ്പോൾ ലിസി (1827 -1878) അവിടെ വേലക്കാരിയായി എത്തി. 1870 കളിൽ എംഗൽസും ലിസിയും സഹജീവികളായി പരസ്യ ജീവിതം നയിച്ചു. ഈ സഹോദരിമാരാണ് ഏംഗൽസിനെ തൊഴിലാളി ജീവിതം കാട്ടിക്കൊടുത്തത്. ഏലിയനോർ എഴുതി: "ലിസിക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നില്ല. എങ്കിലും, സത്യ സന്ധയും നല്ലവളും ആയിരുന്നു."
മേരി മരിക്കുമ്പോൾ ഏലിയനോറിന് എട്ട് വയസ് മാത്രമായിരുന്നു.
സഹോദരിമാർ ഐറിഷ് റിപ്പബ്ലിക്കൻ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. എംഗൽസും ലിസിയും ജീവിച്ച 86 മോണിങ്‌ടൺ സ്ട്രീറ്റ് വീട്, പ്രസ്ഥാനത്തിലെ ഫെറിയൻ ബ്രദർഹുഡ് പ്രവർത്തകരുടെ സംഗമ സ്ഥലവും ആയിരുന്നു. ഏലിയനോറിനു മേൽ സ്വാധീനമുണ്ടായിരുന്ന ലിസി, അവളെ ഐറിഷ് ദേശീയ പ്രസ്ഥാനത്തിൻറെ അനുഭാവിയാക്കിയെന്ന് റേച്ചൽ ഹോംസ്, "Eleanor Marx - a life" (2014) എന്ന പുസ്തകത്തിൽ എഴുതി.മാർക്സിന് ഇവരുടെ ഭീകരതയോട് താൽപര്യം ഉണ്ടായിരുന്നില്ല. ലിസിക്കുള്ള കത്തുകളിൽ ഏലിയനോർ, "Eleanor, F.S." (Fenian Sister) എന്നാണ് ഒപ്പിട്ടിരുന്നത്.
ലിസി 1878 സെപ്റ്റംബറിൽ ട്യൂമർ ബാധിച്ചു കിടപ്പിലായപ്പോൾ, മതം അവരെ പിടികൂടി. വിവാഹം കഴിക്കണം എന്ന അവരുടെ ആഗ്രഹം എംഗൽസ് സാധിച്ചു കൊടുത്തു -ബൂർഷ്വാ സങ്കൽപം സാർത്ഥകമായി. മണിക്കൂറുകൾക്ക് ശേഷം നടന്ന അവരുടെ മരണം, എംഗൽസിൽ മായാതെ കിടന്നു. അദ്ദേഹം എഴുതി:
"എൻറെ ഭാര്യ ഐറിഷ് തൊഴിലാളി വർഗ്ഗത്തിൻറെ യഥാർത്ഥ സന്താനമായിരുന്നു.ആ വർഗത്തോട് അവർക്കുള്ള സ്നേഹം നിറഞ്ഞ ആദരം എന്നിൽ മതിപ്പുണ്ടാക്കി. അത് പ്രതിസന്ധികളിൽ താങ്ങായി. അത്, വിദ്യാ സമ്പന്നമായ സംസ്കാരമുള്ള, മധ്യവർഗ വേഷപ്പകിട്ടിനെക്കാൾ വളരെ വലുതായിരുന്നു".*
കേൻസൽ ഗ്രീൻ സെൻറ് മേരീസ് കത്തോലിക്കാ സെമിത്തേരിയിൽ ജഡം സംസ്കരിച്ചു. കല്ലറയിൽ എഴുതി: ″LYDIA , Wife of Frederick Engels" .
ലിസിയെപ്പറ്റി ഗവിൻ മക് ക്രിയ 'മിസിസ് എംഗൽസ്' എന്ന നോവൽ എഴുതിയിട്ടുണ്ട്. 400 പേജുള്ള എംഗൽസ് ജീവചരിത്രത്തിലെ വെറും നാല് വാക്കുകൾ ആയിരുന്നു, പ്രചോദനം.
എംഗൽസിന്റെ ജീവിതം വൈരുധ്യങ്ങൾ നിറഞ്ഞതായിരുന്നു. പ്രഷ്യയിൽ നിന്ന് 1842 ൽ മാഞ്ചസ്റ്ററിൽ ജോലിക്ക് എത്തിയ പരുത്തി മിൽ ഉടമ. നഗരത്തിൽ ആഡംബര വീടും തൊഴിലാളി മേഖലകളിൽ വാടക മുറികളും സൂക്ഷിച്ച ഇരട്ട ജീവിതം. അയാൾ ബൂർഷ്വാ കുടുംബത്തിൽ പെട്ടയാൾ ആയിരുന്നു; മാർക്സിന്റെ ഭാര്യ ജെന്നി പ്രഭു കുടുംബത്തിൽ നിന്നായിരുന്നു. അത് കൊണ്ട് തന്നെ, എംഗൽസിന്റെ പണത്തിൽ ജീവിച്ച മാർക്സ് കുടുംബം സാമൂഹിക തലത്തിൽ എംഗൽസിനെ തുല്യനായി കണ്ടിരുന്നില്ലെന്ന് ജീവ ചരിത്രങ്ങളിൽ സൂചനയുണ്ട്. 1840 കളിലെ എംഗൽസ് സുന്ദരനും മദ്യവും മദിരാക്ഷിയും ഇഷ്ടപ്പെട്ടവനും ആയിരുന്നു. "5000 ഫ്രാങ്ക് കൈയിൽ ഉണ്ടായിരുന്നെങ്കിൽ ജോലി ചെയ്യാതെ പെണ്ണുങ്ങളുടെ കൂടെ ജീവിച്ചു തകർത്തേനെ" എന്ന് മാർക്സിനോട് പറഞ്ഞവൻ.
1846 ൽ മാർക്സിന് എംഗൽസ് എഴുതിയ ആ വാചകങ്ങൾ മുഴുവൻ ഉദ്ധരിക്കട്ടെ:
"It is absolutely essential that you get out of boring Brussels for once and come to Paris, and I for my part have a great desire to go carousing with you. If I had an income of 5000 francs I would do nothing but work and amuse myself with women until I went to pieces. If there were no Frenchwomen, life wouldn't be worth living. But so long as there are grisettes [prostitutes], well and good!"
"ബോറൻ ബ്രസൽസിൽ നിന്ന് പാരിസിൽ വാ. നമുക്ക് കുടിച്ചു മദിക്കാം. 5000 ഫ്രാങ്ക് ഉണ്ടായിരുന്നെങ്കിൽ ജോലി ചെയ്യാതെ പെണ്ണുങ്ങൾക്കൊപ്പം തകർത്തേനെ. ഫ്രഞ്ച് സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ, ജീവിതം പാഴായെനെ. വേശ്യകൾ ഉള്ളതിനാൽ നന്ന് !"
മാർക്‌സും എംഗൽസും തമ്മിലുള്ള സൗഹൃദത്തിൽ രാഷ്ട്രീയത്തിനപ്പുറം, ചീഞ്ഞ ചിലതുണ്ട്. വേശ്യാവൃത്തിയെ എതിർത്ത എംഗൽസ് അത് സ്വയം ആസ്വദിച്ചു; സമത്വത്തിനായി വാദിച്ച ശേഷം, സ്ത്രീ വോട്ടവകാശത്തെ എതിർത്തു -പുരുഷാധിപത്യ വക്താവിനെയാണ്, ട്രിസ്ത്രം ഹണ്ട് എഴുതിയ എംഗൽസ് ജീവചരിത്രത്തിൽ തെളിയുന്നത്.
പിതാവ് 1842 ഡിസംബറിൽ അയാളെ അയച്ചത് അദ്ദേഹത്തിന് ഭാഗികമായി ഉടമസ്ഥത ഉണ്ടായിരുന്ന മില്ലിൽ ജോലിക്കാണ്. വിപ്ലവ പ്രവർത്തനം കാരണം പോലീസിൽ നിന്ന് മകനെ രക്ഷിക്കേണ്ടിയിരുന്നു. എർമാൻ ആൻഡ് എംഗൽസ് ആയിരുന്നു നൂൽ കമ്പനി. മറ്റേ പാർട്ണർ പീറ്റർ എർമാൻ, എംഗൽസിനെ പിതാവിൻറെ ചാരനായാണ് കണ്ടത്. അതിൽ എംഗൽസിന് ഏഴര ശതമാനം ഓഹരി കിട്ടി. 1855 ൽ ലാഭ വിഹിതം £263. 1859 ൽ £1,080. അത് ഇന്ന് $168,000 വരും. മാഞ്ചസ്റ്ററിലേക്ക് ആദ്യ യാത്രയിലാണ് മാർക്സിനെ കണ്ടത്.
|
എംഗൽസ് 21 വയസ്സിൽ
|
മേരി ഒൻപതാം വയസ്സിൽ പണിക്ക് പോയി തുടങ്ങിയെന്നും ആദ്യം തോട്ടിപ്പണി ആയിരുന്നു എന്നുമാണ് സൂചന. മാർക്സിസ്റ്റ് വിമർശകൻ എഡ്‌മണ്ട് വിത്സൻ, മേരിക്ക് എംഗൽസിന്റെ മില്ലിലായിരുന്നു ജോലി എന്ന് പറയുന്നുണ്ട്. 1841 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം സഹോദരിമാർ വീട്ടു വേലക്കാരാണ്. ജോർജ് ചാഡ്‌ഫീൽഡ് എന്ന ചിത്രകാരൻറെ വീട്ടിൽ മേരി വേലക്കാരി ആയിരുന്നു. രണ്ടാനമ്മ വന്നത്, സഹോദരിമാർ വീട് വിടാൻ കാരണമായിരിക്കാം. 1843 ൽ എംഗൽസിന് വേല തുടങ്ങി എന്നാണ് വിവരം. ബെലിൻഡ വെബ് വാദിക്കുന്നത്, മേരി കുറെക്കാലം ലൈംഗിക തൊഴിലാളി ആയിരുന്നിരിക്കാം എന്നാണ്. മാഞ്ചസ്റ്റർ ഹാൾ ഓഫ് സയൻസിൽ മേരി ഓറഞ്ച് വിറ്റിരുന്നു എന്ന് പരാമർശമുണ്ട്. വേശ്യാവൃത്തിക്കാണ് ഓറഞ്ച് വിൽപന എന്ന് പറഞ്ഞിരുന്നത്. ചാൾസ് രണ്ടാമൻറെ തൊഴിലാളി വേശ്യ നീൽ ഗ്വിൻ തിയറ്ററിൽ പഴം വിറ്റിരുന്നു. എംഗൽസിൻറെ സുഹൃത്തായിരുന്ന കമ്മ്യൂണിസ്റ്റ് കവി ജോർജ് വീർത്, കറുത്ത കണ്ണുള്ള ഐറിഷ് വേശ്യ മേരിയെ വച്ച് ദ്വയാർത്ഥ കവിതകൾ എഴുതിയിട്ടുണ്ട്. എംഗൽസിന്റെ സഹജീവി മേരിക്ക് കവിയെ അറിയാമായിരുന്നു. ലിവർപൂളിൽ "നല്ല നീരുള്ള പഴം," താടിക്കാർക്ക് അവൾ വിറ്റിരുന്നു എന്നാണ് കവി വചനം!
ശരീര ശാസ്ത്രത്തിൽ എംഗൽസിന് താൽപര്യം വന്നപ്പോൾ, " മേരിയുടെ അവയവങ്ങൾ പരിശോധിക്കുകയാണോ" എന്ന് മാർക്സ് കത്തിൽ എംഗൽസിനോട് ചോദിക്കുന്നുണ്ട് -ആ ബന്ധത്തിൽ രതി ഘടകമായിരുന്നു എന്നർത്ഥം. എംഗൽസിന്റെ കത്തുകളിൽ നിരവധി സ്ത്രീ ബന്ധങ്ങൾ കാണാം. എംഗൽസിനെ പോലെ ഒരാൾക്ക് അന്ന് ചേരികളിൽ സഞ്ചരിക്കാൻ കഴിഞ്ഞത്, മേരിയുടെ സഹായം കൊണ്ടാകണം. 1856 ൽ എംഗൽസിനൊപ്പം മേരി അയർലണ്ടിൽ പോയിരുന്നു. ലിസി കുറേക്കൂടി തീവ്രവാദി ആയിരുന്നുവെന്ന് മാർക്സിന്റെ മരുമകൻ പോൾ ലഫാർഗ് രേഖപ്പെടുത്തി. 1867 ൽ പോലീസ് കസ്റ്റഡിയിൽ നിന്ന് തീവ്രവാദികൾ മോചിപ്പിച്ച രണ്ട് ഐറിഷ് ബ്രദർഹുഡ് പ്രവർത്തകരെ ലിസി താമസിപ്പിച്ചു.
ബെൽജിയത്തിൽ 1845 -1948 ൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുമ്പോൾ, മേരി എംഗൽസിനൊപ്പം താമസിക്കാൻ ചെന്നത് ജെന്നിക്ക് പിടിച്ചില്ല. ഭാവി സ്ത്രീക്ക് മേരി മാതൃക എന്ന എംഗൽസിന്റെ നിരീക്ഷണം അവരെ അദ്‌ഭുതപ്പെടുത്തി. മൂശേട്ട ആയാണ് മേരിയെ, ജെന്നി കണ്ടത്. "ഈ അമൂർത്ത ഭാവി സ്ത്രീയുടെ കാഴ്ച ബീഭത്സമാണ്", ജെന്നി നിരീക്ഷിച്ചു. ഒരു തൊഴിലാളി യോഗത്തിൽ ഇരുവരും പങ്കെടുത്തപ്പോൾ, ജെന്നി മേരിയെ കാണാൻ ഇഷ്ടപ്പെടുന്നില്ലെന്ന് മാർക്സ് ആംഗ്യം കാട്ടിയതായി സൈമൺ ബട്ടർലിക് ഓർമിച്ചു. ജർമൻ അച്ചു നിരത്തുകാരനും കമ്മ്യൂണിസ്റ്റും ആയിരുന്നു, സൈമൺ.
|
പീറ്റർ എർമാൻ |
മാർക്‌സും എംഗൽസും തമ്മിലുള്ള, രേഖയിൽ വന്ന ഒരേ ഒരു തർക്കം, മേരിയുടെ മരണവുമായി ബന്ധപ്പെട്ടതാണ്. മേരി മരിച്ച വിവരത്തിന് എംഗൽസ് മാർക്സിന് ഇങ്ങനെ എഴുതി:
"കഴിഞ്ഞ രാത്രി അവൾ നേരത്തേ ഉറങ്ങാൻ കിടന്നു. പാതിരയ്ക്ക് ലിസി മുകളിൽ ചെന്നപ്പോൾ അവൾ മരിച്ചിരുന്നു. പെട്ടെന്ന്. ഹൃദയാഘാതം. ഇന്ന് രാവിലെയാണ് ഞാൻ അറിഞ്ഞത്. തിങ്കളാഴ്ച അവൾക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല. എൻറെ അവസ്ഥ പറയാൻ ആവില്ല. ആ പാവം അത് പോലെ എന്നെ സ്നേഹിച്ചിരുന്നു."
ഇതിനുള്ള മറുപടിക്കത്തിൽ കാര്യമായി സഹതപിക്കാതെ, കാശു ചോദിച്ചതാണ്, എംഗൽസിനെ ക്ഷുഭിതനാക്കിയത്. "എല്ലാ മനുഷ്യ വിസർജ്യത്തിൽ നിന്നും പിൻവാങ്ങി മേരിക്കൊപ്പം ഇഷ്ടം പോലെ കഴിഞ്ഞിരുന്ന നിങ്ങൾക്ക് പ്രയാസമുണ്ടാവും" എന്നാണ് മാർക്സ് കത്ത് തുടങ്ങിയത്. 'വിസർജ്യം' മേരിയുടെ ഭൂതകാലം സംബന്ധിച്ച കുത്തിയിരുന്നു. "ശത്രുക്കൾ പോലും ഈ ദുഃഖാവസ്ഥയിൽ എന്നോട് അനുതാപവും സ്നേഹവും കാട്ടി. നിങ്ങൾ ഈ നേരം നിങ്ങളുടെ ശീതീകരിച്ച ബുദ്ധി പ്രകടിപ്പിക്കാനാണ് ഉപയോഗിച്ചത്", എംഗൽസ് തുറന്നടിച്ചു.
ഈ കത്ത് ഭാര്യയ്ക്ക് പണത്തിനുള്ള ആവശ്യം കാരണം പറ്റിപ്പോയതാണെന്ന ന്യായത്തിൽ മാർക്സ് മാപ്പ് ചോദിച്ചു.
മേരിയുമായുള്ള ബന്ധത്തെ മാർക്സ് എതിർത്തത്, അവർ തൊഴിലാളി വർഗം ആയത് കൊണ്ടല്ല, ആ ബന്ധം ബൂർഷ്വാ സ്വഭാവത്തിൽ ഉള്ളതാകയാൽ, കമ്യൂണിസത്തിന് എതിരായിരുന്നു എന്നതിനാലാണ് എന്ന് മൈക്ക് ഗെയ്ൻ ന്യായീകരിക്കാൻ ശ്രമിച്ചു.**
മേരിക്കൊപ്പം 20 വർഷം; അത് കഴിഞ്ഞ് ലിസിക്കൊപ്പം 15 വർഷം. ധൈഷണികമായ കഴിവുകൾ ഇല്ലാത്ത രണ്ടു സ്ത്രീകൾ വീട്ടു വേല ചെയ്ത് ലൈംഗിക വേലയും ചെയ്യുന്നത്, ഒരു ബൂർഷ്വാ സൗകര്യം തന്നെ -മറ്റ് ബന്ധങ്ങൾ കൂടി അവർ സമ്മതിക്കുവോളം, വലിയ സൗകര്യമാണ്. ഇതാണ് കമ്മ്യൂണിസ്റ്റ് കുടുംബ ബന്ധത്തിന് മാതൃക എങ്കിൽ, ഏതു തരം ബന്ധവും വാഴ്ത്തിപ്പാടാം. ഒന്നും ധാർമികതയുടെ ഉരകല്ലിൽ ഉരച്ചു നോക്കേണ്ട.
'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യിൽ മാർക്‌സും എംഗൽസും നിരീക്ഷിച്ചു:
"On what foundation is the present family, the bourgeois family, based? On capital, on private gain. In its completely developed form, this family exists only among the bourgeoisie. But this state of things finds its complement in the practical absence of the family among the proletarians, and in public prostitution."
"എന്തിലാണ് ഇന്നത്തെ ബൂർഷ്വാ കുടുംബം നിലനിൽക്കുന്നത്?മൂലധനത്തിൽ, സ്വകാര്യ ലാഭത്തിൽ. ഇത് പൂർണമായി വികസിച്ച രൂപത്തിൽ ബൂർഷ്വാ സമൂഹത്തിലാണുള്ളത്. ഇത് തൊഴിലാളി വർഗത്തിലോ വ്യഭിചാരത്തിലോ ഇല്ല."
കുടുംബം എന്ന സംവിധാനത്തെ നിരാകരിക്കുകയും അത് തൊഴിലാളിക്ക് നിഷേധിക്കുകയും ചെയ്ത ഒരു പാഠം, ഇന്നും ഒരു സംഘം വാഴ്ത്തുന്നു എന്നത്, വിചിത്രമാണ്. 1920 കളിൽ സോവിയറ്റ് വിദ്യാഭ്യാസ കമ്മിസാർ അനറ്റോലി ലുണാചാർസ്‌കി, എംഗൽസിന്റെ വഷളത്തം കുറേക്കൂടി വഷളാക്കി:
"Our problem now is to do away with the household and to free women from the care of children."
"കുടുംബം വേണ്ടെന്നു വച്ച് കുഞ്ഞുങ്ങളെ വളർത്തുന്നതിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കുകയാണ്, ഇന്നിൻറെ ആവശ്യം".
അങ്ങനെ വിപ്ലവകാരിക്ക് ലൈംഗിക അരാജകത്വത്തിന് സ്ത്രീയെ ആവശ്യം പോലെ കിട്ടും.
സഹോദരിമാരുമായി ബന്ധപ്പെട്ട കാലത്തെ വ്യക്തിപരമായ തൻറെ കത്തുകൾ മരണ ശേഷം നശിപ്പിക്കാൻ എംഗൽസ് നിർദേശം നൽകിയിരുന്നു.
© Ramachandran
-------------------------------------------
*Henderson, William Otto (1976). The Life of Friedrich Engels
** Mike Gane / Harmless Lovers: Gender, Theory and Personal Relationships,1993
Reference:
1. Tristram Hunt. The Frock-Coated Communist: The Revolutionary Life of Friedrich Engels,2009
2. Marx/Engels Collected Works, 38.
3. Marx/Engels Collected Works, 41.
See https://hamletram.blogspot.com/2019/12/blog-post_21.html