Saturday, 4 January 2025

മഹർഷിയെ ഗുരു കണ്ടപ്പോൾ

രമണ മഹർഷിയും നാരായണ ഗുരുവും

ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ 1916 ല്‍ സന്ദര്‍ശിച്ച ശേഷം തിരുവണ്ണാമലൈ ആശ്രമത്തിലെ ചാമ്പമരച്ചുവട്ടില്‍, കൂടെയുണ്ടായിരുന്ന സ്വാമി വിദ്യാനന്ദയ്ക്ക് പറഞ്ഞുകൊടുത്തതാണ്, “നിര്‍വൃതി പഞ്ചകം.”

ശ്രീനാരായണ ഗുരു ശിഷ്യനായ സ്വാമി ഗോവിന്ദാനന്ദ കാഞ്ചീപുരത്ത് 1916 ൽ  'ശ്രീനാരായണ സേവാശ്രമം' സ്ഥാപിച്ചു. ഗുരു, ശിഷ്യരായ സ്വാമി അച്യുതാനന്ദ, സുഗുണാനന്ദ, വിദ്യാനന്ദ, തുടങ്ങിയവരോടൊപ്പം ആശ്രമ ഉദ്ഘാടനത്തിന്  എത്തി. ചടങ്ങിൻ്റെ അവസാനം കുന്നക്കുടി മഠാധിപതി അദ്വൈതാനന്ദ, കോവിലൂർ മഠാധിപതി ഗണപതി സ്വാമി, രമണാശ്രമത്തിലെ പളനി സ്വാമി, തുടങ്ങിയവർ ഗുരുവിനെ അവരവരുടെ ആശ്രമങ്ങളിലേക്ക് ക്ഷണിച്ചു.


മലയാളിയായ പളനി സ്വാമി ശിവഗിരി ആശ്രമത്തിൽ പല തവണ എത്തിയിരുന്നു. കേരളത്തിലേക്കുള്ള മടക്കയാത്രയിൽ തിരുവണ്ണാമലൈ യിലെ രമണാശ്രമം സന്ദർശിക്കാൻ അദ്ദേഹം ഗുരുവിനോട് അഭ്യർത്ഥിച്ചു. ഗുരുവിന് ഉടൻ കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നു. കുന്നക്കുടി, കോവിലൂർ സന്ദർശനം മാറ്റിവച്ചു.



 
മടക്കയാത്രയിൽ തിരുവണ്ണാമലൈ സന്ദർശിക്കുമെന്ന് ഗുരു, പളനി സ്വാമിയെ അറിയിച്ചു. ഉദ്ഘാടന ശേഷം ഗുരു, ഗോവിന്ദാനന്ദ ഉൾപ്പെടെയുള്ള ശിഷ്യന്മാരോടൊപ്പം ചെന്നൈയിലേക്ക് യാത്രയായി. മദ്രാസിലെ ഒരാഴ്ചത്തെ പരിപാടിക്ക് ശേഷം അവർ തിരുവണ്ണാമലൈയിൽ എത്തി.


ഗുരുവും ശിഷ്യരും തിരുവണ്ണാമലൈയിലെ അരുണാചല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാവിലെ 10 മണിയോടെ മലയടിവാരത്ത് എത്തി. രമണ മഹർഷി മലമുകളിലെ സ്കന്ദാശ്രമത്തിൽ താമസിച്ചിരുന്നു. 


അടിവാരത്ത് അൽപം വിശ്രമിച്ച ശേഷം ഗുരു ശിഷ്യരോട് പറഞ്ഞു: “മഹർഷി ഇവിടെ എത്തിയ ശേഷം ഈ മല ഇറങ്ങിയിട്ടില്ലെന്ന് തോന്നുന്നു. നമുക്ക് പോയി കാണാം.”


അവർ മല കയറാൻ തുടങ്ങി. ഗുരു, ശിഷ്യരുമായി തമാശകൾ പങ്കിട്ടു. ഒരു ഘട്ടത്തിൽ, പെട്ടെന്ന് നിർത്തി, ശിഷ്യരോട് പറഞ്ഞു: “ഒരു വൃദ്ധൻ കാരണം നിങ്ങൾക്ക് ഈ മലകളെല്ലാം കയറേണ്ടി വന്നു”. 


ഗുരുവും ശിഷ്യരും മലയ്ക്ക് താഴെ എത്തിയെന്ന് പളനി സ്വാമി മഹർഷിയെ അറിയിച്ചു. മഹർഷി അവരെ സ്വീകരിക്കാൻ ഇറങ്ങാൻ ശ്രമിക്കെ, ഗുരുവും  ശിഷ്യരും അവിടെ എത്തി. രണ്ടു ഋഷിമാരും ഒരു നിമിഷം മുഖാമുഖം നിന്നു. പിന്നെ, ഗുരു നടന്ന് ഒരു 'ചാമ്പ' മരത്തിൻ്റെ തണലിൽ വിശ്രമിച്ചു, ശിഷ്യന്മാർ മഹർഷിയുടെ അരികിൽ ചെന്നു. സ്വാമി അച്യുതാനന്ദ, മഹർഷിക്ക് ഗുരുവിൻ്റെ ‘അദ്വൈത ദീപിക’, ‘മുനിചര്യാ പഞ്ചകം’, ‘ബ്രഹ്മവിദ്യാ പഞ്ചകം’ തുടങ്ങിയ ചിലത് പറഞ്ഞു കൊടുത്തു. 


ശിഷ്യർ ഗുരുവിൻ്റെ അടുത്ത്  തിരിച്ചെത്തി. “നിങ്ങൾ അദ്ദേഹത്തെ കണ്ടോ?” ഗുരു ചോദിച്ചു. 


 "അതെ, ഞങ്ങൾ കണ്ടു." 


ഗുരു ചോദിച്ചു:  “എല്ലാവരും കണ്ടു. ഞാൻ മാത്രം കണ്ടില്ല, അല്ലേ?”


മഹർഷിയുടെ ആത്മീയ മഹിമ അളക്കാൻ കഴിയില്ല എന്നർത്ഥം.


ആശ്രമ അന്തേവാസികളുടെ അകമ്പടിയോടെ ശിഷ്യർ സമീപ പ്രദേശങ്ങൾ കണ്ടു. വിദ്യാനന്ദ, ഗുരുവിനെ ശുശ്രൂഷിച്ചും അദ്ദേഹത്തിൻ്റെ വാക്കുകൾ കുറിച്ചും കൂടെ നിന്നു. ‘ദർശനമാല’യിലെ ചില പ്രധാന ശ്ലോകങ്ങൾ അപ്പോൾ ഉണ്ടായി.


ഉച്ചയ്ക്ക് രമണ മഹർഷി വിശ്രമിക്കുന്ന ഗുഹയ്ക്ക് പുറത്ത് വാഴയിലകൾവിരിച്ചു.ഒരു മഹർഷി ശിഷ്യൻ ഗുരുവിനെ ഭക്ഷണത്തിന് ക്ഷണിക്കാൻ എത്തി. പിന്നീട് വരാമെന്ന് ഗുരു പറഞ്ഞു. മഹർഷി തന്നെ ഗുരുവിനെ ക്ഷണിക്കാൻ എത്തി.


"നമുക്ക് ഭക്ഷണം കഴിക്കാം", മഹർഷി മലയാളത്തിൽ പറഞ്ഞു. ഗുരു എഴുത്തു നിർത്തി മഹർഷിയെ അനുഗമിച്ചു. ഭക്ഷണം  കഴിഞ്ഞ് ഗുരു ആദ്യ സ്ഥലത്തേക്ക് മടങ്ങി. മഹർഷിക്ക് ടെലഗ്രാമുമായി പോസ്റ്റ്മാൻ എത്തി. മഹർഷി അത് വായിച്ചു. കേരളത്തിലെ ഒരു ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിന് അനുഗ്രഹം തേടിയുള്ളസന്ദേശം. മഹർഷി മലയാളത്തിൽ സന്ദേശം എഴുതി മരത്തിൻ്റെ ചുവട്ടിലിരുന്ന ഗുരുവിന് അയച്ചുകൊടുത്തു. അത് വായിച്ച ഗുരു പറഞ്ഞു, "അയ്യോ കൊള്ളാം, മഹർഷി മലയാളം മനോഹരമായി എഴുതുന്നു".


രമണാശ്രമത്തിനടുത്ത ഈശാന്യമഠാധിപതി മഹാദേവ സ്വാമിയും ഗുരുവിനെ തങ്ങളുടെ ആശ്രമത്തിലേക്ക് ക്ഷണിക്കാൻ ശിഷ്യരോടൊപ്പം അവിടെയെത്തി. ഗുരു അവരുടെ ആശ്രമവും സന്ദർശിച്ചു. ഗുരു തനിക്കു കിട്ടിയ മധുരപലഹാരങ്ങൾ അവിടെ കൂടിയിരുന്നവർക്കിടയിൽ വിതരണം ചെയ്തു. തോട്ടത്തിൽ പൂ പറിക്കുന്ന ഒരു കൊച്ചുകുട്ടിയെ ഗുരു പ്രത്യേകം ശ്രദ്ധിച്ചു. ആ കുട്ടിയുമായി കുറച്ചുനേരം സംസാരിച്ചു, പിന്നീട് ആശ്രമത്തിലെ ഒരു അന്തേവാസിയോട് പറഞ്ഞു: “അങ്ങ്  ഈ കുട്ടിയെ പഠിപ്പിക്കണം. അവൻ വലിയ മനുഷ്യനാകും. ” ഈ കുട്ടിയാണ്  പിന്നീട് കോവിലൂർ മഠാധിപതി ആയ  നടേശസ്വാമി.


ഗുരു രമണാശ്രമത്തിലേക്ക് മടങ്ങി. വൈകിട്ട് നാലോടെ ഗുരു ചാമ്പ ചമ്പ മരത്തിന് ചുവട്ടിൽ വിശ്രമിക്കുമ്പോൾ സ്വാമി വിദ്യാനന്ദയോട് ഒരു കവിത കുറിക്കാൻ നിർദേശിച്ചു. അതാണ്, രമണ മഹർഷിക്ക് ആദരവായ 'നിർവൃതി പഞ്ചകം' എന്ന കാവ്യം.  മടങ്ങും മുമ്പ് വിദ്യാനന്ദ, മഹർഷിക്ക് ഈ കാവ്യം അർച്ചനയായി അർപ്പിച്ചു. ഇതാണ് നിർവൃതി പഞ്ചകം: 


കോ നാമ ദേശഃ കാ ജാതിഃ

പ്രവൃത്തിഃ കാ കിയദ്വയഃ

ഇത്യാദി വാദോപരതിര്‍ -

യസ്യ തസ്യൈവ നിര്‍വൃതിഃ 1


ആഗച്ഛ ഗച്ഛ മാ ഗച്ഛ

പ്രവിശ ക്വ നു ഗച്ഛസി

ഇത്യാദി വാദോപരതിര്‍ -

യസ്യ തസ്യൈവ നിര്‍വൃതിഃ 2


ക്വ യാസ്യാസി കദായാതഃ

കുത ആയാസി കോസി വൈ

ഇത്യാദി വാദോപരതിര്‍ -

യസ്യ തസ്യൈവ നിര്‍വൃതിഃ 3


അഹം ത്വം സോയമന്തര്‍ഹി

ബഹിരസ്തി ന വാസ്തി വാ

ഇത്യാദി വാദോപരതിര്‍ -

യസ്യ തസ്യൈവ നിര്‍വൃതിഃ 4


ജ്ഞാതജ്ഞാതസമഃ സ്വാന്യ-

ഭേദശൂന്യഃ കുതോ ഭിദാ

ഇത്യാദി വാദോപരതിര്‍ -

യസ്യ തസ്യൈവ നിര്‍വൃതിഃ 5


ഇതിൻ്റെ അര്‍ത്ഥം ഇങ്ങനെ സംഗ്രഹിക്കാം:


എന്താണ് നിങ്ങളുടെ പേര്? എവിടന്നാണ്? എന്താണ് ജാതി? എന്താ ജോലി? എത്രയാണ് വയസ്സ്? ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവനാണ് നിര്‍വൃതി.


വരൂ! പോകരുത്! വരൂ! എങ്ങോട്ടു പോകുന്നു? ഇത്തരം ഭാഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.


എപ്പോഴാണ് പോയത്? എപ്പോഴാണ് വന്നത്? എവിടന്നാണ് വന്നത്? നിങ്ങള്‍ ആരാണ്? ഇത്തരം ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി. 


നീ, ഞാന്‍, അവന്‍, ഇവന്‍, അകത്ത്, പുറത്ത് എന്നീ അന്വേഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.


ജ്ഞാതത്തോടും അജ്ഞാതത്തോടും സമദൂരം. അവനവനോടും അന്യരോടും സമഭാവന. എന്നിട്ടും  എന്തേ ഈ വൈജാത്യം? എന്നീ ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി. 



.

ശ്രീനാരായണഗുരു 1928 ല്‍ ശിവഗിരിയില്‍ അസുഖ ബാധിതനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ രമണമഹര്‍ഷി പളനിസ്വാമിയെയും കുഞ്ചു സ്വാമിയെയും അയച്ചു. പാലക്കാട്ട് നിന്ന് 20 വയസിൽ മഹർഷിക്കൊപ്പം നിൽക്കാൻ വീട് വിട്ടയാളാണ് കുഞ്ചുസ്വാമി.12 കൊല്ലം മഹർഷിക്കൊപ്പം ഉണ്ടായിരുന്നു.


നാരായണഗുരു  പരമ്പരയിലെ സേലം ശാന്തിലിംഗസ്വാമികള്‍, അച്യുതാനന്ദ, നടരാജഗുരു, മംഗളാനന്ദ, നിത്യചൈതന്യയതി, ജ്ഞാനാനന്ദ തുടങ്ങിയവരും രമണമഹര്‍ഷിയെ കണ്ടു. നാരായണഗുരു ശിഷ്യരായ  സ്വാമി ഗോവിന്ദാനന്ദയും ആത്മാനന്ദയും കാഞ്ചീപുരത്തെ ആശ്രമത്തില്‍ നിന്ന് രമണമഹര്‍ഷിക്ക് ഔഷധങ്ങള്‍ അയച്ചുകൊടുത്തു. 


നാരായണഗുരുവിൻ്റെ  1916 ലെ സന്ദര്‍ശനത്തെപ്പറ്റി കൂടുതലറിയാന്‍ മംഗളാനന്ദ പിന്നീട് രമണമഹര്‍ഷിയെ കണ്ടപ്പോള്‍ മഹര്‍ഷി പറഞ്ഞു; "ഗുരു മഹാനാണ്. അദ്ദേഹം എന്നോട് ഒന്നും സംസാരിച്ചില്ല. അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു.".


മഹര്‍ഷിയുടെ ഭക്തനായ സ്വാമി ബാലാനന്ദ ഒരിക്കല്‍ ഗുരു എഴുതിയ ‘ആത്മോപദേശ ശതകം’ മഹര്‍ഷിയെ വായിച്ചു കേള്‍പ്പിച്ചു. വായന മുന്നേറിയപ്പോള്‍ മഹര്‍ഷി തുടകളില്‍ താളം പിടിച്ച്, 'അപ്പടി താന്‍, അപ്പടി താന്‍' (അങ്ങനെ തന്നെ, അങ്ങനെ തന്നെ)  എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആത്മസാക്ഷാത്കാരത്തിൻ്റെ  ഭാഗമെത്തിയപ്പോള്‍ മഹര്‍ഷി നിരീക്ഷിച്ചു: 'എല്ലാം തെരിഞ്ചവര്‍, എല്ലാം തെരിഞ്ചവര്‍ (എല്ലാം അറിഞ്ഞയാൾ)'. മധ്യഭാഗമെത്തിയപ്പോള്‍ മഹര്‍ഷി എഴുന്നേറ്റ് ഉദ്‌ഘോഷിച്ചു, 'പെരിയോര്‍കള്‍, പെരിയോര്‍കള്‍' (മഹാപുരുഷൻ). 


ഗുരുക്കന്മാര്‍ തമ്മില്‍ കണ്ടപ്പോള്‍ ഒന്നും സംസാരിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആത്മാക്കള്‍ പരസ്പരം തിരിച്ചറിയുകയാണ്. നടക്കുന്നത് ആന്തര വിനിമയമാണ്; അത്, അദ്വൈത മുഹൂർത്തമാണ്.


Monday, 30 December 2024

രമണമഹർഷിയുടെ മരണാനുഭവം

ഒരു ജീവിത വഴിത്തിരിവ് 

ഇക്കുറി കുടുംബ സമേതമാണ് രാമേശ്വരത്തു പോയത്. അച്ഛനും അമ്മയും ഉൾപ്പെടെ ഓരോ കുടുംബത്തിലെയും പ്രപിതാമഹനും പ്രപിതാമഹിയും വരെയുള്ളവർക്ക് അവിടത്തെ ശൃംഗേരി മഠം കാർമ്മിക സഹായത്തോടെ തർപ്പണം ചെയ്തു. 

അഗ്നിതീർത്ഥം ഉൾപ്പെടെ 23 തീർത്ഥങ്ങളിൽ സ്നാനം ചെയ്തു. പിന്നെ ധനുഷ്കോടിയിൽ പോയി. രാമേശ്വരത്തു നിന്ന് ധനുഷ്കോടിയിലേക്ക് തീവണ്ടിപ്പാത ഉണ്ടായിരുന്നുവെന്നും 1964 ഡിസംബർ 23 ന് ചക്രവാതത്തിൽ ധനുഷ്‌കോടി പട്ടണം ഇല്ലാതായെന്നും മനസ്സിലായി. റെയിൽവേ സ്റ്റേഷൻ്റെ അവശിഷ്ടങ്ങൾക്ക് മുന്നിൽ നിന്ന്, പ്രകൃതിയുടെ സൃഷ്ടി, സംഹാര ശക്തിയെപ്പറ്റി  ഓർത്തു. അന്നത്തെ ചക്രവാത ചരിത്രം തിരഞ്ഞപ്പോൾ, തകർന്ന പാമ്പൻ പാലം നന്നാക്കാൻ ആറു മാസം വേണ്ടിവരും എന്ന് കണക്കാക്കിയിരുന്നുവെന്നും അത് ഒരു യുവ എൻജിനിയർ ഒന്നരമാസം കൊണ്ട് ശരിയാക്കിയെന്നും വായിച്ചു.ആ എൻജിനിയറുടെ പേര് ഇ ശ്രീധരൻ; അന്ന് അദ്ദേഹത്തിന് 32 വയസ്.


രമണ മഹർഷിയുടെ വീട് 

 
രാമേശ്വരത്തു നിന്ന് മടങ്ങി മധുര മീനാക്ഷിയെ തൊഴുത് അടുത്ത നാൾ രാവിലെ ഒറ്റയ്ക്ക് രമണ മഹർഷിയുടെ നാടായ തിരുച്ചുഴിയിൽ പോയി. മധുരയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ മാട്ടു താവണി ബസ് സ്റ്റാൻഡിൽ നിന്ന് തിരുച്ചുഴി ബസ് ഇടക്കിടെ ഉണ്ട്. അറുപ്പു കോട്ടയിൽ ചെന്ന് അവിടന്ന് വേറെ ബസിൽ തിരുച്ചുഴി കവലയ്ക്ക് മുൻപ് ഭൂമിനാഥ ക്ഷേത്രത്തിനടുത്ത് ഇറങ്ങി. അതിനോട് ചേർന്ന് ഇടത്തേക്കുള്ള വഴിയിൽ വലതുവശം ആദ്യ വീടാണ് രമണ മഹർഷി ജനിച്ച ‘സുന്ദര മന്ദിരം’.


അതിൻ്റെ ചെറിയ വാതിൽ തുറന്നു കിടന്നു. അകത്ത് ഞാൻ അല്ലാതെ ആരുമില്ല. 2010 മെയ് 16 ന് ഈ വീട് ആശ്രമം പരിഷ്കരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. മഹർഷി ജനിച്ച മുറി കഴിച്ചുള്ള ഭാഗങ്ങൾ ഒറ്റ വിശാല മുറിയാക്കിയിരിക്കുന്നു.


ജനിച്ച മുറിയിൽ മഹർഷിയുടെ വലിയ ചിത്രത്തിന് മുന്നിൽ കെടാവിളക്ക്. ഒരു ചെറിയ വിളക്ക് താഴെയുണ്ട്. വലത്തേ ജനാലപ്പടിയിൽ കണ്ട തീപ്പെട്ടിയെടുത്ത് ചെറിയ വിളക്കിലെ തിരി ഞാൻ തെളിച്ചു. പെട്ടെന്ന് ശങ്കരാചാര്യരുടെ 'കനകധാരാ സ്തോത്രം' മനസ്സിൽ മിന്നി. അത് ഉരുവിട്ടു. 'ദാരിദ്ര്യഭീത ഹൃദയം ശരണാഗതം മാം' എന്ന അവസാന ശ്ലോകഭാഗം ആവർത്തിച്ചു ചൊല്ലി.


നാം ഓരോരുത്തരും "ഞാൻ ആരാണ്?" (who am I?) എന്ന് ചോദിക്കാനാണ് രമണ മഹർഷി ആവർത്തിച്ചു പറഞ്ഞ നത് എന്നതിനാൽ, ആ ചോദ്യം അവിടെയിരുന്ന് ഞാൻ സ്വയം ചോദിച്ചു.


ഉള്ളിൽ നിന്ന് ഉത്തരം വന്നു: "അയമാത്മാ ബ്രഹ്മ". (ഈ ആത്മാവ് ബ്രഹ്മമാണ്, മാണ്ഡുക്യോപനിഷത്, 1:2).


മരണാനുഭവം


രമണന് മരണാനുഭവം ഉണ്ടായ അമ്മാവൻ്റെ  വീട് മധുര മീനാക്ഷി ക്ഷേത്ര തെക്കേ ഗോപുരത്തിൽ നിന്ന് 300 മീറ്റർ മാത്രം അകലെ, ചൊക്കപ്പ നായ്ക്കർ തെരുവിലാണ് -’രമണ മന്ദിരം’. പിതാവിൻ്റെ മരണശേഷം, 12 വയസുള്ള രമണൻ 1892 ഫെബ്രുവരിയിൽ ഈ വീട്ടിൽ എത്തി. 


ജ്ഞാനോദയം ഉണ്ടായ ശേഷം ആറാഴ്ച രമണൻ ഇവിടെ ഉണ്ടായിരുന്നു. ഈ കാലയളവിൽ ദിവസവും മീനാക്ഷി ക്ഷേത്രത്തിൽ ധ്യാനിച്ചു. 1896 ഓഗസ്റ്റ് 29 ന് ഈ വീട്ടിൽ നിന്ന് രമണൻ തിരുവണ്ണാമലയിലേക്ക് ഇറങ്ങി. പരീക്ഷാ ഫീസായ അഞ്ചു രൂപയിൽ നിന്ന് മൂന്ന് രൂപ എടുത്തായിരുന്നു, പോക്ക്. രണ്ടു രൂപ ഒരു കുറിപ്പിനകത്ത് വച്ചു. കുറിപ്പിൽ പറഞ്ഞു: “ഓരോരുത്തർക്കും ഓരോ നിയോഗമുണ്ട്. ഇനി ഇതിനെ അന്വേഷിക്കേണ്ടതില്ല.”


അമ്മാവൻ്റെ  വീട് ഇന്ന് ധ്യാനമന്ദിരമാണ്. 


അമ്മാവൻ്റെ വീട് 

അരുണാചല ക്ഷേത്രത്തിൽ ചെന്ന് രമണൻ തൊഴുതു. ഭഗവാനോട് പറഞ്ഞു: “അപ്പാ, നാൻ വന്തേൻ; ഇനി ഇതുക്ക് നീ താൻ.” (അച്ഛാ, ഞാൻ എത്തിയിരിക്കുന്നു. ഇതിന് ഇനി നീ തന്നെ.”


“ഞാൻ” എന്ന വാക്ക് ആ ജീവിതത്തിൽ മരിച്ചിരുന്നു.


രമണ മഹർഷിയുടെ ജീവിതം വഴി തിരിച്ചു വിട്ട ആ മരണാനുഭവം അദ്ദേഹത്തിനുണ്ടായത് 1896 ജൂലൈ മധ്യത്തിൽ ആയിരുന്നു. 


മധുരയിലെ വീടു വിട്ട് ആത്മീയ ജീവിതത്തിലേക്ക് കടക്കുന്നതിന് ആറാഴ്ച മുൻപായിരുന്നു അത്. "പൊടുന്നനെയാണ് അതുണ്ടായത്," മഹർഷി ഓർമ്മിച്ചു. "അമ്മാവൻ്റെ  വീട്ടിലെ മുകൾ നിലയിൽ ഒരു മുറിയിൽ ഇരിക്കുകയായിരുന്നു. എനിക്ക് കാര്യമായി രോഗങ്ങൾ ഒന്നും വന്നിരുന്നില്ല. ആ ദിവസം എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ പൊടുന്നനെ മാരകമായ ഒരു മരണഭയം എന്നെ കീഴടക്കി. അതിന് കാരണമായി എൻ്റെ ശരീരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. ആ ഭയത്തിൻ്റെ  കാരണം തേടാൻ തുനിഞ്ഞുമില്ല. 'മരിക്കാൻ പോവുകയാണ്' എന്ന് തോന്നി. എന്താണ് ചെയ്യുക എന്ന് ആലോചിച്ചു. ഡോക്ടറോടോ മുതിർന്ന കുടുംബങ്ങളോടോ കൂട്ടുകാരോടോ ആലോചിക്കണമെന്ന് തോന്നിയില്ല. അപ്പോൾ അവിടെ ഞാൻ തന്നെ പ്രശ്‍നം പരിഹരിക്കണം എന്ന് തോന്നി."


മരണഭയം രമണനെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു. അദ്ദേഹം മനസ്സിൽ പറഞ്ഞു: "മരണം എത്തിയിരിക്കുന്നു. എന്താണ് അതിനർത്ഥം? എന്താണ് മരിക്കുന്നത്? ഈ ശരീരമാണ് മരിക്കുന്നത്."


ഉടൻ രമണൻ ജഡാവസ്ഥ അഭിനയിച്ചു. കാലു നീട്ടിക്കിടന്നു. അന്വേഷണ തൃഷ്ണയ്ക്ക് യാഥാർഥ്യമാക്കാൻ വേണ്ടിയായിരുന്നു, ഇത്. ശ്വാസം പിടിച്ചു, ചുണ്ടുകൾ ഇറുക്കിയടച്ചു. ഒരു വാക്കും ഉരിയാടരുത്. 'ഞാൻ' എന്ന വാക്ക് ഒരിക്കലും പുറത്തു വരരുത്.


രമണൻ സ്വയം പറഞ്ഞു: "ശരീരം മരിച്ചു. അത് ശ്മശാനത്തിലേക്ക് കൊണ്ടു പോകും. അവിടെ കത്തി ചാരമാകും. ശരീരം മരിച്ചാൽ, ഞാൻ മരിക്കുമോ? ശരീരമാണോ ഞാൻ? ശരീരം ജഡമായിട്ടും, ഞാൻ എൻ്റെ വ്യക്തിത്വത്തിൻ്റെ  സർവ ഊർജ്ജവും ഉള്ളിൽ അനുഭവിക്കുന്നു. ഉള്ളിൽ നിന്ന് വേറിട്ട്, ഉള്ളിൽ തന്നെ, 'ഞാൻ' എൻ്റെ ശബ്ദം കേൾക്കുന്നു. അപ്പോൾ 'ഞാൻ' ശരീരത്തെ അതിവർത്തിക്കുന്ന ആത്മാവാണ്. ശരീരം മരിക്കുമ്പോൾ, അതിനെ അതിവർത്തിക്കുന്ന ആത്മാവിനെ മരണത്തിന് തൊടാൻ കഴിയുന്നില്ല. ഇതിനർത്ഥം, ഞാൻ മരണമില്ലാത്ത ആത്മാവ് ആണെന്നാണ്."


അത് അർത്ഥമില്ലാത്ത ചിന്ത ആയിരുന്നില്ല. അത്, രമണൻ്റെയുള്ളിൽ നിത്യസത്യമായി മിന്നി. വിചാരപ്രക്രിയ ഇല്ലാതെ തന്നെ അത് രമണൻ നേരിട്ട് അനുഭവിച്ചു. ഇപ്പോഴത്തെ നിലയിൽ 'ഞാൻ' മാത്രമാണ് സത്യം. എൻ്റെ ശരീരവുമായി ബന്ധപ്പെട്ട സകല ബോധ പ്രക്രിയകളും ആ 'ഞാനി'നെ ആശ്രയിച്ചാണ് നടക്കുന്നത്.


മഹർഷിയുടെ മുറി 

ആ നിമിഷം മുതൽ 'ഞാൻ' അഥവാ ആത്മാവ് അതിൽ തന്നെ ശക്തമായ ആകർശനത്തോടെ കേന്ദ്രീകരിച്ചുവെന്ന് മഹർഷി പിൽക്കാലത്ത് ഓർത്തു. മരണഭയം എന്നന്നേക്കുമായി അപ്രത്യക്ഷമായി. 'ഞാൻ' എന്ന കേന്ദ്രത്തിൽ മനസ്സ് ഉറച്ചു. സംഗീത സ്വരങ്ങൾ പോലെ വിചാരങ്ങൾ വന്നു കൊണ്ടിരുന്നു. പക്ഷെ, 'ഞാൻ' ആധാര ശ്രുതിയായി. അത് സകല സ്വരങ്ങളെയും ഏകോപിപ്പിച്ചു. ശരീരം സംസാരിച്ചു, വായിച്ചു, പലതും ചെയ്തു - 'ഞാൻ' ആത്മാവിൽ ഉറച്ചു നിന്നു.


ഈ നിർണായക നിമിഷത്തിനു മുൻപ് രമണന് ആത്മാവിനെപ്പറ്റി ധാരണ ഉണ്ടായിരുന്നില്ല. അന്നു മുതൽ രമണൻ പരാതികൾ നിർത്തി. മര്യാദകേടുകൾക്കെതിരെ പ്രതികരിച്ചില്ല. വിനയത്തിൽ ലയിച്ചു.


ജ്ഞാനികളുടെ ബോധോദയ നിമിഷമാണ് മഹർഷി വിവരിച്ചത്. ഇതിനു ശേഷം മധുര മീനാക്ഷി ക്ഷേത്രത്തോടുള്ള സമീപനം മാറിയെന്ന് അദ്ദേഹം ഓർമിച്ചു. അതുവരെ വല്ലപ്പോഴും മീനാക്ഷി ക്ഷേത്രത്തിൽ പോയി കൂട്ടുകാർക്കൊപ്പം കണ്ടത് ബിംബങ്ങളാണ്. നെറ്റിയിൽ ഭസ്മവും കുങ്കുമവും തേച്ചു. പ്രത്യേകിച്ചൊന്നും തോന്നാതെ വീട്ടിലേക്ക് മടങ്ങി. 


ബോധോദയത്തിന് ശേഷം രമണൻ എല്ലാ സായാഹ്നത്തിലും ഒറ്റയ്ക്ക് മീനാക്ഷി ക്ഷേത്രത്തിൽ പോയി. ശിവൻ്റെ യോ മീനാക്ഷിയുടെയോ നടരാജൻ്റെയോ 63 സിദ്ധന്മാരുടെയോ ബിംബങ്ങൾക്ക് മുന്നിൽ ദീർഘനേരം അനക്കമില്ലാതെ നിന്നു. അങ്ങനെ നിന്നപ്പോൾ വികാരത്തിരകളിൽ രമണൻ മുങ്ങി.


മഹർഷിയുടെ വീട്ടിൽ കനകധാരാ സ്തോത്രം ചൊല്ലുമ്പോൾ, ആ മരണാനുഭവം ഉള്ളിൽ ചിറകടിച്ചു നിന്നു. 






Friday, 10 May 2024

CHINA'S DIPLOMATIC TOUR OF EUROPE

This is an article I wrote in China Pictorial


On his first visit to Europe in five years, Chinese President Xi Jinping has been intent on forging new relationships.


The three countries he chose to visit — France, Serbia and Hungary — are eager to strengthen economic ties within China.


In the past six months, President of France Emmanuel Macron has visited both India and Brazil in an attempt to place his country at a fulcrum between the BRICS group of developing countries. At a time of growing distance between the "Global South" and Western powers, France is a bridge for China.


China was the biggest investor of Serbia last year, as well as its second-largest trading partner, and Hungarian Prime Minister Viktor Orbán has backed the inflow of huge Chinese investment.


China- France Trade


Beyond these comrades, Europe has differences with Beijing, whose economy was the same size as the EU's when Xi visited in 2019. China now boasts of an economy that is 15% bigger. At the same time, Xi's visit could help to mitigate Europe's tendency of "de-risking" from China.


Xi's visit to France marked the 60th anniversary of the establishment of diplomatic relations between the two. In January, the Franco-Chinese year of cultural tourism was launched, bolstering cultural co-operation.


France's early recognition of the potential of China’s expanding market as a trading partner made France the first major Western country to establish diplomatic relations with China.  Cementing this camaraderie, China and France signed a number of agreements in areas such as nuclear energy and agriculture. 


France's Airbus is in talks with China over a major aircraft order. China's "Big Three" state airlines have pledged to buy 292 Airbus jets. 


China exported $2.81B and imported $2.24B from France in February 2024, resulting in a positive trade balance of $573M. The exports of China have increased by $143M (5.37%) from $2.67B to $2.81B, between February 2023 and February 2024, while imports decreased by $-1.01B (-31.1%) from $3.25B to $2.24B.


The increase was in semiconductor devices ($36.1M or 58.1%), electrical transformers ($33M or 82.5%), and gas turbines ($17.4M or 51.9%). The decrease in imports was in wheat ($-106M or -61.7%), packaged Medicaments ($-81M or -41%), and beauty products ($-76M or -22.8%).


Xi with Macron


On the diplomatic front, Macron had pulled out a bold surprise in his China trip last year, by calling for "strategic autonomy" on the Taiwan question, triggering a heated discussion within Europe. Prior to Xi’s visit this time, Macron appealed for more integrated European defenses and said the continent must not become a vassal of the U.S., as he outlined his vision for an independent Europe in a speech at Sorbonne.


The Broader Perspective


Xi’s visit to Serbia, first in eight years, is significant within the cooperation framework of China and Central and Eastern European countries and the BRI. The visit to Hungary coincided with the 75th anniversary of China-Hungary diplomatic relations.


Serbian President Vucic and Hungarian Prime Minister Orban attended the third Belt and Road International Forum for Cooperation in Beijing last October. 


BRI helped breathe new life into a century-old Smederevo steel plant in Serbia, which was suffering from an uncertain future. In April 2016, Chinese firm, HeSteel group bought the plant for $ 51.9 million, introduced more than 20 new technologies and management systems and reused waste materials to produce better quality steel. The plant became Serbia's largest exporter in 2018. In 2023, it received the Green Agenda award jointly conferred by the European Union and the UN Development Program.


Hungary is one of China's most important trading partners in Central and Eastern Europe. Bilateral trade reached $15.52 billion in 2022, an increase of 84 percent from 2013.


Since the start of this year, a broader series of high-level engagements between China and the EU have been in the making.


In January, Belgian Prime Minister Alexander De Croo embarked on his first trip to China and signed a number of cooperation documents on the economy, trade, agriculture and food. In late March, Prime Minister of the Netherlands Mark Rutte traveled to China, with a willingness to deepen partnership in economy and trade. In April, German Chancellor Olaf Scholz reached China, accompanied by three federal ministers and a business delegation. Italian Prime Minister Giorgia Meloni is planning to visit China later this year.


Hypocrisy Exposed


Szijjarto, the Hungarian foreign minister, sees the actions taken by some European countries against China as "hypocritical." 


He is right. The de-risking narrative proposed by the European Commission in its policy framework toward China echoes Washington's "decoupling from China" rhetoric. 


Last year, the EU launched an anti-subsidy investigation into electric-vehicle imports from China. Recently, the European Commission launched a probe into Chinese public procurement of medical devices, following an unprecedented probe in February into a Chinese trainmaker for allegedly using subsidies to undercut European suppliers.


The EU accounts for nearly 40 percent of China's electric vehicle exports. Wang Wentao, Minister of Commerce of China, said during his trip to France in early April that the accusations by the U.S. and Europe regarding Chinese EVs are baseless.


There is competition between China and Europe, in EVs. But, Europe should view China as an opportunity rather than a challenge, at a time when the European Investment Bank has cautioned that the Ukraine crisis has disrupted trade and aggravated inflation for basic goods like energy, food and metals in Europe.


Europe is still mired in the Russia-Ukraine conflict, a "trap of its own making." It has made Europe realize its high dependence on the U.S., and it has jeopardized Europe's China policy. If Europe continues to follow the U.S. view and takes a confrontational approach toward China, it would remain a U.S. vassal.


In this backdrop, the European tour of Xi will be closely monitored in Washington. Greek economist and politician Yanis Varoufakis has pointed out that the visit will offer Europe the opportunity to demonstrate that they have retained some capacity to look after their countries' interests rather than following Washington's orders. Hence, this is the right time for Europe to stand up.


Article in China Pictorial: http://china-pictorial.com.cn/chinas-diplomatic-tour-of-europe



Monday, 12 February 2024

1921 ൻ്റെ ആഹ്വാനവും താക്കീതും

മലബാർ കലാപത്തിൻ്റെ  25‐ാം വാർഷികത്തിൽ, 1946 ഓഗസ്റ്റ് 20ന്‌ 'ദേശാഭിമാനിയി'ൽ ഇ എം എസ്‌, മാപ്പിളലഹളയെ വെള്ളപൂശുന്ന  ‘1921ൻ്റെ  ആഹ്വാനവും താക്കീതും’ എന്ന ലേഖനം പ്രസിദ്ധീകരിച്ചു. അത് രാജ്യവിരുദ്ധമായി കണ്ട്, 10,000 രൂപ 'ദേശാഭിമാനി'യോട് സർക്കാർ ജാമ്യത്തുക ആവശ്യപ്പെട്ടു. അത് കെട്ടിവച്ചു. എങ്കിലും, കൽക്കട്ട തീസിസ് കാരണം, 1948 മാർച്ചിൽ സ്റ്റാഫ് അംഗങ്ങൾ അറസ്റ്റിലായി. 'ദേശാഭിമാനി' പൂട്ടി. ഇതാണ്, ആ ലേഖനം.


1921 ആഗസ്ത് 20 നാണ് "മാപ്പിളലഹള'യെന്ന പേരിലറിയപ്പെടുന്നതും അതിനുമുമ്പോ പിമ്പോ കേരളത്തിൻ്റെ  ചരിത്രത്തിലുണ്ടായിട്ടില്ലാത്തത്ര വമ്പിച്ചതുമായ സാമ്രാജ്യവിരോധസമരം തിരൂരങ്ങാടിയിലും  പരിസരപ്രദേശങ്ങളിലും തുടങ്ങിയത്. നിരക്ഷരരും നിരായുധരുമായ സാധുകൃഷിക്കാർക്കുപോലും വമ്പിച്ച സന്നാഹങ്ങളോടുകൂടിയ സാമ്രാജ്യാധിപത്യത്തെ ആയുധമെടുത്തെതിർക്കാൻ കഴിയുമെന്നു കാണിച്ച ആ ധീരസമരത്തിൻ്റെ പാവന സ്മരണയെ ഒന്നുകൂടി പുതുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഈ അവസരം ഉപയോഗിക്കുന്നു.

കോൺഗ്രസ്സിൻ്റെയും ഖിലാഫത്ത് കമ്മിറ്റിയുടെയും സമരസന്ദേശം കേട്ട് ‘ചെകുത്താൻ ഭരണ'ത്തെ എതിർക്കാൻ മുന്നോട്ടുവന്ന പതിനായിരക്കണക്കിലുള്ള ധീരരായ മാപ്പിളമാരുടെ അന്നത്തെ ശൗര്യത്തെയും പാർട്ടി അകംനിറഞ്ഞ അഭിമാനത്തോടുകൂടി അനുസ്മരിക്കുന്നു.

വെള്ളപ്പട്ടാളത്തിൻ്റെയും ഗൂർഖാപട്ടാളത്തിന്റെയും തോക്കിന് മാറു കാണിച്ചവരും ആ പട്ടാളങ്ങളുടെ പൈശാചിക നടപടികൾക്കെതിരായി മൂന്നുനാലു മാസക്കാലത്തോളം പോരാടിയവരും, 'പൂക്കോട്ടൂർ യുദ്ധ’ മെന്ന പേരിലറിയപ്പെടുന്ന ഒരു സമരത്തിൽ ബ്രിട്ടീഷ് പട്ടാളവുമായി ആയുധമേന്തി സംഘടിതസമരംതന്നെ നടത്തിയവരുമായ മാപ്പിള കൃഷിക്കാരെ പാർട്ടി അഭിവാദ്യം ചെയ്യുന്നു.

സാമ്രാജ്യാധിപത്യത്തിനെതിരായി പടവെട്ടാനൊരുങ്ങുന്നവർക്കെല്ലാം മാതൃകയെന്നോണം മാപ്പിളമാരെ തൂക്കിക്കൊല്ലുകയും ആയിരമായിരം പേരെ ആന്തമാനിലും ജയിലുകളിലുമിട്ട് നരകിപ്പിക്കുകയും എണ്ണമറ്റ മാപ്പിളകുടുംബങ്ങളെ അനാഥമാക്കുകയും ഹിറ്റ്‌ലർ ഫാസിസത്തിൻ്റെ  മൃഗീയതയോടുമാത്രം ഉപമിക്കാവുന്ന 'വാഗൺട്രാജഡി’ ഏർപ്പാടു ചെയ്യുകയും ചെയ്തു. പ്രകൃതിസുന്ദരമായ മാപ്പിളനാടിനെ മരുഭൂമിയാക്കി മാറ്റിയ സാമ്രാജ്യാധിപത്യത്തിൻ്റെ മർദകഭരണത്തെ അറ്റമില്ലാത്ത വെറുപ്പോടും ദേഷ്യത്തോടും പകയോടും കൂടി കമ്യൂണിസ്‌റ്റു പാർട്ടി വീക്ഷിക്കുന്നു.

ഇത്ര ധീരമായ സമരം നടത്തിയവരും ഇത്ര പൈശാചികമായ മർദനമനുഭവിച്ചവരുമായ മാപ്പിളമാരെ ‘ഹിംസ'യുടെയും "മതഭ്രാന്തിൻ്റെയും പേരു പറഞ്ഞാക്ഷേപിക്കുകയും സാമ്രാജ്യമർദനത്തെ എതിർക്കുകയെന്ന കടമയിൽ നിന്നൊഴിഞ്ഞുമാറാൻ "അഹിംസ''യെ ഒരൊഴിവുകഴിവായെടുക്കുകയും ചെയ്ത കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ  ഭീരുത്വപൂർവമായ നയത്തെ പാർട്ടി അവജ്ഞയോടു കൂടി അനുസ്മരിക്കുന്നു.

മൃഗീയമായ സാമ്രാജ്യമർദനമനുഭവിക്കുന്ന സ്വസമുദായത്തെ അതിൽ നിന്നു രക്ഷിക്കാൻ ഒരു ചെറുവിരൽപോലും ഇളക്കാതെ, സാധു മാപ്പിളമാരെ പോലീസിനും പട്ടാളത്തിനും പിടിച്ചുകൊടുത്ത് പണവും പദവിയും നേടിയ മാപ്പിളസമുദായ പ്രമാണികളുടെ രാജ്യദ്രോഹപരവും സമുദായദ്രോഹപരവുമായ പ്രവൃത്തിയെ പാർട്ടി അറപ്പോടുകൂടി ഓർക്കുന്നു.

കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ  ഭീരുത്വത്തെയും മുസ്ലിം പ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിർത്തുകൊണ്ടും മാപ്പിളമാരുടെ വീര ചരിത്രത്തിലഭിമാനം പൂണ്ടുകൊണ്ടും 1921ൻ്റെ  സമരപാരമ്പര്യം കാണിച്ചവരെ നിലനിർത്തിക്കൊണ്ടും പ്രവർത്തിച്ച പരേതനായ മുഹമ്മദ് അബ്ദു റഹിമാൻ സാഹേബിൻ്റെ  ആവേശകരമായ ജീവിതത്തെക്കുടി ഓർക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല, മലബാറിൻ്റെ മുഴുവൻ സ്വത്താണ് എന്ന ന്യായത്തിന്മേൽ ‘മാപ്പിളലഹള'യെന്ന പേരിനു പകരം "മലബാർ ലഹള'യെന്ന പേരു വിളിക്കണമെന്നു വാദിച്ച പഴയ കെ പി സി സി പ്രസിഡന്റിൻ്റെ ആ അഭിപ്രായത്തെ പാർട്ടി ഒരിക്കൽക്കൂടി ശരിവയ്ക്കുന്നു. 25 കൊല്ലം മുമ്പ് കേരളത്തിൽ നടന്ന ആ സാമ്രാജ്യവിരോധസമരത്തിൻ്റെ ചരിത്രവും പാഠങ്ങളും പഠിക്കാൻ ഓരോ മലയാളിയോടും പാർട്ടി ഈ അവസരത്തിലഭ്യർഥിക്കുന്നു.

1921 ൽ മാപ്പിളലഹളയ്ക്കു കാരണമായതെന്തെല്ലാമാണോ അതെല്ലാം ഇന്നും നിലവിലുണ്ട്. അന്നത്തെപ്പോലെ ഇന്നും ഒരു ഭയങ്കരമായ മഹായുദ്ധം കഴിഞ്ഞിരിക്കുകയാണ്. സാധനങ്ങളുടെ വിലക്കൂടുതലും, സാധനങ്ങൾ തീരെ കിട്ടാനില്ലെന്ന സ്ഥിതിയും മറ്റു ദുരിതങ്ങളും നാട്ടുകാരെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അന്നത്തെപ്പോലെ ഇന്നും മഹായുദ്ധത്തിനുശേഷമുള്ള രാഷ്ട്രീയബോധം നാട്ടുകാരിൽ മുഴുവൻ അലയടിക്കാൻ തുടങ്ങിയിരിക്കയാണ്. ഇതിൻ്റെയെല്ലാം ഫലമായി പണിമുടക്കും മറ്റു സമരങ്ങളും എല്ലാ ജനവിഭാഗങ്ങളെയും ഇളക്കിത്തീർത്തിരിക്കയാണ്.

1921 ൽ മലബാറിൽ മാപ്പിളമാരുടെയെന്നപോലെ, ഇന്ത്യയിലെല്ലായിടത്തും എല്ലാ ജനവിഭാഗങ്ങളുടെയും സമരങ്ങൾ നടക്കാൻ പോകുകയാണ്. 1921 ലെ "മാപ്പിളലഹള''യെ എന്നപോലെ, 1946-–-47ലെ - സമരങ്ങളെ ഫാസിസ്റ്റ് മാർഗങ്ങളുപയോഗിച്ച് അടിച്ചമർത്താൻ സാമ്രാജ്യാധിപത്യവും അതിൻ്റെ കാവൽക്കാരായ നാട്ടുരാജാക്കന്മാരും ഒരുക്കുകൂട്ടിക്കൊണ്ടിരിക്കുകയാണ്. 1921 ലെപ്പോലെ ഇന്നും സാമ്രാജ്യവിരോധസമരത്തെ അഹിംസയുടെയും മറ്റും പേരിൽ എതിർക്കാൻ ദേശീയനേതൃത്വം തയ്യാറായിരിക്കുന്നു.

1921 ലെ എന്നപോലെ ഇന്നും എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളുടെ ഏകീകൃതസമരം സാമ്രാജ്യാധിപത്യത്തിനെതിരായി നയിക്കുന്നതിനു പകരം ഒരു സമുദായം മറ്റൊരു സമുദായത്തിനെതിരായി പോരാടി ഇരുകൂട്ടരും സാമ്രാജ്യഭക്തന്മാരായിത്തീരുകയെന്ന ആപത്ത് നമ്മെ നേരിട്ടിരിക്കുന്നു.

ഇഎംഎസ്‌

അതുകൊണ്ട് 1921ൻ്റെ  പാഠങ്ങൾ പഠിക്കാൻ പാർട്ടി, കോൺഗ്രസ്സുകാരോടും ലീഗുകാരോടും മറ്റെല്ലാ ദേശാഭിമാനികളോടും അഭ്യർഥിക്കുന്നു. ഇന്ന് ലീഗ് ചെയ്യുന്നതുപോലെ കോൺഗ്രസ്സിനും ഹിന്ദുക്കൾക്കുമെതിരായി ജിഹാദ് നടത്താനൊരുങ്ങിയാലുള്ള ആപത്ത് ലീഗുകാർ മനസ്സിലാക്കണമെന്ന് ഞങ്ങൾ അവരോടപേക്ഷിക്കുന്നു. ലീഗിന്റെ സമരത്തെ കോൺഗ്രസ്സ് ഗവൺമെന്റ്‌ അടിച്ചമർത്തുമെന്നർഥം വരുന്ന പ്രസ്താവനകൾ പണ്ഡിറ്റ് നെഹ്റുവിനെപ്പോലുള്ള നേതാക്കന്മാർ പുറപ്പെടുവിക്കുന്നതിൻ്റെ ആപത്ത് മനസ്സിലാക്കണമെന്ന് ഞങ്ങൾ കോൺഗ്രസ്സുകാരോടപേക്ഷിക്കുന്നു. എല്ലാ വിഭാഗക്കാരുമായ ജനങ്ങൾ ഉയർന്നു മുന്നോട്ടുവന്നിട്ടുള്ള ഈ അവസരത്തിൽ അവരുടെ സമരങ്ങൾ നയിച്ചു സാമ്രാജ്യാധിപത്യത്തെ നശിപ്പിക്കുന്നതിനു പകരം സാമ്രാജ്യാധിപത്യവുമായി സന്ധിചെയ്യുകയും പണിമുടക്ക് മുതലായ ബഹുജനസമരങ്ങളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ്സ്, ലീഗ്‌ നേതാക്കന്മാരോട് ഈ നയമവസാനിപ്പിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.

കോൺഗ്രസ്സിലും ലീഗിലുമുള്ള ലക്ഷോപലക്ഷം സാധാരണ ജനങ്ങളോട് 1921 ൻ്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർഥിക്കുന്നു. ആഗസ്‌ത്‌ വിപ്ലവത്തിൻ്റെ പേരിൽ ബഹുജനങ്ങളെ ഇളക്കിവിട്ട കോൺഗ്രസ്സ്‌  നേതാക്കന്മാർ 1921 ൽ വിപ്ലവം മറന്നതും അന്നു തന്നെ വേവലിൻ്റെ സേവയ്ക്കുപോവുന്നതും ഞങ്ങൾ കോൺഗ്രസ്സുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ബ്രിട്ടീഷുകാർക്കെതിരായി പ്രത്യക്ഷസമരം പ്രഖ്യാപിച്ചുവെന്നു പറയുന്ന ലീഗിൻ്റെ മലബാർ നേതാക്കന്മാർ 1921 ൽ എന്തു ചെയ്‌തുവെന്നും ഇന്ത്യയിലെങ്ങുമുള്ള ലീഗുനേതാക്കന്മാർ ഗവർണറുടെ സേവയ്ക്ക് പോവുന്നതെങ്ങനെയെന്നും കാണാൻ ലീഗ് ബഹുജനങ്ങളോട്‌ ഞങ്ങളഭ്യർഥിക്കുന്നു. തങ്ങളുടെ നേതാക്കന്മാർ ഇന്നനുവർത്തിക്കുന്ന നയത്തിൽ, ബ്രിട്ടീഷുകാരുമായി സന്ധിയും പരസ്പരം കലഹവുമെന്ന നയത്തിൽ മാറ്റം വരുത്താൻ തങ്ങൾക്ക് സാധിച്ചില്ലെങ്കിൽ 1921 ൽ മാപ്പിളനാടനുഭവിച്ച ദുരിതങ്ങൾ ഇന്ത്യയിലാകെ നടക്കുമെന്നോർക്കാൻ കോൺഗ്രസ്സ്, ലീഗ് ബഹുജനങ്ങളോട് പാർട്ടി അഭ്യർഥിക്കുന്നു.

സിഎസ് പി, ഫോർവേർഡ് ബ്ലോക്ക് മുതലായപേരിൽ സംഘടിതമായി കോൺഗ്രസ്സിലും അസംഘടിതമായി ലീഗിലുമുള്ള ഇടതുവിഭാഗക്കാരോട് 1921ൻ്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർഥിക്കുന്നു. മതദ്രോഹികളും വിപ്ലവവിരോധികളും ആയ നേതാക്കന്മാരുടെ നേതൃത്വത്തിൽ ബഹുജനസമരം എങ്ങനെ പൊളിയുമെന്നും ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന സമരങ്ങളെത്തന്നെ സാമുദായികലഹളയായി മാറ്റി നാടിനെ എങ്ങനെ നശിപ്പിക്കുമെന്നും, നേതാക്കന്മാരുടെ വിപ്ലവവിരോധവും സമരത്തിൻ്റെ സാമുദായികസ്വഭാവവും സാമ്രാജ്യത്വത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നും പഠിക്കാൻ ഞങ്ങളവരോട് അപേക്ഷിക്കുന്നു. ഇന്നത്തെ രാഷ്ട്രീയനേതാക്കന്മാരുടെ വിപ്ലവവിരോധപരവും പരസ്പര മമതാപരവുമായ നയത്തെ എതിർത്ത് നാട്ടുകാരുടെ സമരമനോഭാവത്തെ സംഘടിപ്പിക്കാൻ കോൺഗ്രസ്സിലും ലീഗിലും മറ്റുമുള്ള ഇടതുവിഭാഗക്കാരും കമ്യൂണിസ്റ്റുകാരും ചേർന്നാൽ എത്ര വമ്പിച്ചൊരു സമരത്തിനും എത്ര വിജയകരമായ വിപ്ലവത്തിനും സാധ്യതകളുണ്ടെന്നു മനസ്സിലാക്കാൻ ഞങ്ങളവരോടഭ്യർഥിക്കുന്നു.

Friday, 9 February 2024

അരാജകത്വം വിതച്ച് നക്സലിസം

 ഭീഷണിപ്പണം 1400 കോടി രൂപ


നക്സലൈറ്റ് പ്രസ്ഥാനം ഇന്ത്യയിൽ ഉദയം കൊണ്ടത്, 1967 ൽ പശ്ചിമബംഗാളിലെ വടക്കുകിഴക്കൻ അറ്റത്തെ നക്സൽബാരി എന്ന ഗ്രാമത്തിലെ ഒരു കർഷകസമരത്തിൽ നിന്നാണ്. കഴിഞ്ഞ 56 വർഷത്തിനിടയിൽ, സകല അരാജകത്വ ശക്തികളെയും കൂട്ടി യോജിപ്പിച്ചു കൊണ്ട്, അത്, ദേശീയതയ്ക്ക് ഭീഷണിയാകുന്ന വിധം പടർന്നു, സൈദ്ധാന്തിക തലം, വിഘടനവാദത്തിന്റേതാണ്. പാവപ്പെട്ട കർഷകന് വേണ്ടി നിലകൊള്ളുന്നു എന്ന വാചകമടി പുറംപൂച്ച് മാത്രം.


സ്വാതന്ത്ര്യശേഷം ഇന്ത്യ കണ്ട പന്തലിച്ച ഏകപ്രസ്ഥാനമാണ് ഇതെങ്കിലും, ഒറ്റതിരിഞ്ഞാണ് പലയിടത്തും നിൽപ്. അവയെ കൂട്ടിയിണക്കുന്നത്, അരാജക പ്രത്യയശാസ്ത്രം, ആയുധങ്ങൾ, രാജ്യാന്തര പണമിടപാട്, വനാന്തര നീക്കങ്ങൾ തുടങ്ങി നൂറുകൂട്ടം സംഗതികളാണ്. “രാജ്യം ദർശിച്ച ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയാണ്” അതെന്ന് പ്രധാനമന്ത്രി ആയിരുന്നപ്പോൾ, മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ട്. 


ഇന്ത്യയിൽ 1971 ലെ സെൻസസ് പ്രകാരം, ജനസംഖ്യയിൽ 60 ശതമാനവും ഭൂമിയില്ലാത്തവരാണ്. നാല് ശതമാനം ധനികരുടെ കൈയിലാണ്, വലിയ അംശം ഭൂമിയും. ചൂഷണം നടക്കുന്നു എന്നത് സത്യമാണ്. ഇത് വച്ച്, 1925 ൽ രൂപം കൊണ്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ അരാജക പ്രത്യയശാസ്ത്ര അടിത്തറയാണ്, നക്സലൈറ്റുകൾക്കുമുള്ളത്. അതായത്, മാർക്സിസം -ലെനിനിസം. എൻ്റെ കൗമാരത്തിൽ പല നക്സലൈറ്റ് പ്രസിദ്ധീകരണങ്ങളും വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. തൃശൂർ വാഞ്ചി ലോഡ്ജ് വിലാസത്തിൽ ആയിരുന്നു, പ്രേരണ പോലെ ചിലത്. പാവങ്ങളുടെ പ്രസ്ഥാനമാണെന്ന് പറയുകയും ആർക്കും മനസ്സിലാകാത്ത മറുഭാഷ എഴുതുകയും ചെയ്യുന്നത്, ഒരു പ്രസ്ഥാനത്തെ എങ്ങനെ സമൂഹത്തിൽ വേരോടിക്കും എന്ന് എനിക്ക് മനസ്സിലായില്ല. ലിൻ പിയാവോ, ദിമിത്രോവ് തുടങ്ങി ഏതൊക്കെയോ വിവരദോഷികളെപ്പറ്റി നക്സലുകൾ തർക്കിക്കുകയും പിരിയുകയും ചെയ്തു.


റഷ്യയിൽ 1917 ൽ നടന്ന വ്യാജ ഒക്ടോബർ വിപ്ലവം ആയിരുന്നു, പ്രചോദനം. ഫെബ്രുവരിയിൽ യഥാർത്ഥ വിപ്ലവം നടക്കുമ്പോൾ ലെനിൻ ഉണ്ടായിരുന്നില്ല. ആ വിപ്ലവം നടന്ന്, കെറൻസ്കി ജനാധിപത്യ ഭരണകൂടം ഉണ്ടാക്കിയിരുന്നു. അതിനെ ഒറ്റനാൾ കൊണ്ട് മറിച്ചിട്ട അട്ടിമറി ആയതിനാലാണ്, ഒക്ടോബർ വിപ്ലവത്തെ ഞാൻ വ്യാജം എന്ന് പറയുന്നത്. അതിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ടാണ്, കമ്യൂണിസ്റ്റ് പാർട്ടി 1946 ൽ തെലങ്കാനയിലും പുന്നപ്രവയലാറിലും കലാപങ്ങൾ നടത്തിയത്. രണ്ടും അനാവശ്യമായിരുന്നു; കാരണം, നെഹ്രുവിൻ്റെ ഇടക്കാല മന്ത്രിസഭ നിലവിൽ വന്നിരുന്നു. കലാപം ബ്രിട്ടന് എതിരായിരുന്നില്ല. ഇന്ത്യൻ ദേശീയതയ്ക്ക് എതിരായിരുന്നു. 1951 ൽ മോസ്കോയിൽ സ്റ്റാലിനെ കാണാൻ പോയ കമ്യൂണിസ്റ്റ് നേതാക്കളോട് തെലങ്കാന കലാപം നിർത്താൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.


സായുധ വിപ്ലവത്തിന് 1948 ൽ കൊൽക്കത്ത തീസിസ് വഴി പാർട്ടി തീരുമാനിക്കുകയും കേരളത്തിൽ ഇടപ്പള്ളി സ്റ്റേഷൻ ആക്രമണം, ശൂരനാട് കലാപം, പൂജപ്പുര സെൻട്രൽ ജയിൽ കലാപം എന്നിവ നടക്കുകയും ചെയ്തിരുന്നു. ഈ സായുധ കലാപ സിദ്ധാന്തം പൊടി തട്ടി എടുത്തതാണ്, നക്സലിസം.1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് രണ്ടു പാർട്ടികൾ ഉണ്ടാവുകയും വിപ്ലവം വേണ്ടെന്ന് വയ്ക്കുകയും ബൂർഷ്വ ആവുകയാണ് കമ്യൂണിസ്റ്റ് ലക്ഷ്യം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.


1967 ൽ, പശ്ചിമബംഗാളിൽ സി പി എം, ബംഗ്‌ളാ കോൺഗ്രസുമായി മുന്നണിയുണ്ടാക്കി വിപ്ലവം വേണ്ടെന്നു വച്ചു. കേരളത്തിൽ സി പി എം, സപ്തകക്ഷി മുന്നണിയുണ്ടാക്കി, മുസ്ലിം ലീഗിനെ കൂടി കൂട്ടി, അവസരവാദത്തിലേക്ക് കാൽ വച്ചു. ബംഗാളിൽ അത് യുവാക്കളെ നിരാശരാക്കി. നക്സലിസ പിതാവായ ചാരു മജുoദാർ, പാർട്ടി അംഗത്വം വിട്ട്, ചൈനീസ് മാതൃകയിൽ വടക്ക് ഗോത്രവർഗ്ഗത്തെ സംഘടിപ്പിച്ചു. തെലങ്കാനയും നക്സൽബാരിയും കർഷക കലാപങ്ങളാണെന്ന് അവകാശപ്പെടുന്നത്, മാപ്പിളലഹള വർഗ്ഗസമരമാണെന്ന് പറയും പോലെയേ ഉള്ളൂ. പ്രചോദനം മാവോ ആയിരുന്നു. അത്, ജനാധിപത്യ സർക്കാരുകൾക്കെതിരായ കലാപമായി. നക്സൽബാരിയിൽ, ബിഗു കിഷൻ എന്ന കർഷകനെ ജന്മിയുടെ ഗുണ്ടകൾ തല്ലിയപ്പോൾ, നക്സലൈറ്റ് പ്രസ്ഥാനം ഉണ്ടായി. ഒരു പോലീസ് ഇൻസ്‌പെക്ടറെ കൊന്നു, 11 കലാപകാരികൾ കൊല്ലപ്പെട്ടു. ചൈന കലാപത്തെ, “വസന്തത്തിൻ്റെ ഇടിമുഴക്കം” എന്ന് വിളിച്ചു. അന്ന് മുതൽ മണിപ്പൂർ വരെ, വിഘടനവാദങ്ങളിൽ, ചൈനയുടെ പങ്ക് ചെറുതല്ല. അന്ന് ചാരു മജുoദാർ ചൈനയിൽ പല തവണ പോയി. നക്സലുകൾക്ക് ചൈനയിൽ നിന്ന് ആയുധവും പരിശീലനവും പണവും കിട്ടി. 


ഡാർജിലിംഗിൽ 1967 ജൂലൈ 20 ന് ജംഗൽ സന്താൾ ഉൾപ്പെടെ നക്സൽ നേതാക്കളൊക്കെ അറസ്റ്റിലായി. 1971 ൽ സർക്കാർ Operation Steeplechase പട്ടാളം, സി ആർ പി എഫ് എന്നിവയുടെ സഹായത്തോടെ നടപ്പാക്കി, നക്സലുകളെ കൈകാര്യം ചെയ്തു. ചാരു മജുoദാർ മരിച്ചതും ക്ഷീണമായി. 


അവിടെ പ്രസ്ഥാനത്തെ അമർച്ച ചെയ്‌തെങ്കിലും, കേരളം ഉൾപ്പെടെ മറ്റിടങ്ങളിൽ, അനുഭാവികൾ മുളച്ചു പൊന്തി. ഞാൻ സ്‌കൂൾ വിദ്യാർത്ഥി ആയിരിക്കെ, ഇവിടെ നക്സലുകൾ ചില ജന്മികളുടെ തല കൊയ്തു. കണ്ണൂരിൽ പാർട്ടിക്കാർ പലരും നക്സൽ അനുഭാവികളായി. പിണറായി വിജയനും എം വി ഗോവിന്ദനും അതിൽ പെടും. കേരളത്തിൽ പാർട്ടി പ്ലീനം ചേർന്ന് സി എച്ച് കണാരനെ മാറ്റി എ കെ ജി യെ സംസ്ഥാന സെക്രട്ടറിയാക്കി. എ കെ ജി ഓടിനടന്ന് അനുഭാവികൾക്ക് ഘർ വാപസി വാഗ്‌ദാനം ചെയ്തു.


1980 ആയപ്പോൾ ഇന്ത്യയിൽ 30 നക്സൽ ഗ്രൂപ്പുകളായി. അവയിൽ 30000 പ്രവർത്തകർ ഉണ്ടായി എന്നാണ് കണക്ക്. ആദ്യഘട്ടം നക്സലുകളെ 1975 ൽ നിർമാർജ്ജനം ചെയ്തിരുന്നു. 1977 ൽ നിലവിൽ വന്ന ജനതാ സർക്കാർ, നക്സൽ നേതാക്കളെ വിട്ടയച്ചപ്പോൾ, രണ്ടാം ഘട്ടം തുടങ്ങി. അപ്പോഴാണ്, ആദ്യ പ്രാകൃത പ്രത്യയശാസ്ത്രം, ഭീകരതയായി മാറിയത്. 1990 കളിൽ, ഉദാരവൽക്കരണം നടപ്പായപ്പോൾ, സുഘടിതമായി, നക്സലിസം പൊന്തി വന്നു.


1990 കളുടെ ഒടുവിൽ, പീപ്പിൾസ് വാർ പ്രസ്ഥാനം ശക്തിപ്പെട്ടത്, ഭീകരവാദം കൊണ്ടാണ്. സമാന്തര പട്ടാളം പോലെ നീങ്ങിയ നക്സലുകൾ, ഓരോ ഇടത്തെയും സംഘടിത ക്രിമിനൽ സംഘങ്ങളുമായും രാജ്യാന്തര ഭീകര സംഘങ്ങളുമായും ബന്ധപ്പെട്ടു. പണം പിടുങ്ങൽ, ബന്ദിപ്പണം പിരിക്കൽ, കടകളുടെ കൊള്ള, സ്‌കൂളുകൾ തകർക്കൽ, പൊലീസിന് വിവരം കൊടുക്കുന്നവർ എന്ന് സംശയിക്കുന്നവരെ ഉന്മൂലനം ചെയ്യൽ തുടങ്ങിയവ, റെഡ് കോറിഡോറിൽ ഭീകരത വിതച്ചു. 


റെഡ് കോറിഡോർ, ആഗോള ശൃംഖല  


മാവോയിസ്റ്റ് ഭീകരത നടമാടുന്ന ഇന്ത്യയുടെ കിഴക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളാണ്, റെഡ് കോറിഡോർ. ഇവിടങ്ങളിൽ ഭീകരത കുറഞ്ഞു വരുന്നു. 2021 ൽ 25 എണ്ണം ഏറ്റവും ഭീകരത കൂടിയ ജില്ലകൾ ആയിരുന്നു. 70 പൂർണബാധിത ജില്ലകൾ. പത്ത് സംസ്ഥാനങ്ങൾ. ദണ്ഡകാരണ്യ -ഛത്തിസ്ഗഢ്-ഒഡിഷ മേഖലയിലെ ജാർഖണ്ഡ് -ബിഹാർ -പശ്ചിമബംഗാൾ മുക്കൂട്ട് കവലയിൽ വിദൂര ഖനി, വന, ഗിരി ഭൂവിഭാഗമാണിത്. ആന്ധ്ര, ബിഹാർ, ഛത്തിസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ്, മാവോയിസ്റ്റ് ഭീകരത. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സായുധ ഗുവേറിസ്റ്റ് കേഡറുകൾ അക്രമം വിതയ്ക്കുന്നു. 


ഒഡിഷയിലാണ്, ഇന്ത്യയിലെ 60 ശതമാനം ബോക്സൈറ്റ് നിക്ഷേപവും. അവിടെത്തന്നെയാണ്, 25% കൽക്കരി, 28% ഇരുമ്പയിര്, 92% നിക്കൽ, 28% മാംഗനീസ്. എൻ്റെ യാത്രകളിൽ, പ്രത്യക്ഷത്തിൽ ഇത്രയും ദരിദ്രമായ വേറെ സ്ഥലം കണ്ടിട്ടില്ല. ആദിവാസികൾ ധാരാളമുള്ള മേഖലയിലാണ്, നക്സൽ താവളങ്ങൾ. ഈ മേഖലകൾ, ഡാർജിലിംഗിൽ ചെന്ന് മുട്ടി നേപ്പാളുമായി അതിർത്തി പങ്കിടുന്നു. തമിഴ് നാടിൻ്റെ വടക്കേ അറ്റവുമായി ഇണങ്ങി ചേരുന്നു. ഒഡിഷയിലെ തീരപ്രദേശമല്ലാത്ത റെഡ് കോറിഡോർ ഭാഗത്ത്, സാക്ഷരത വളരെ താഴെയാണ് -ദേശീയ ശരാശരിയെക്കാൾ താഴെ. 


വലിയ രാജ്യാന്തര കുത്തകകൾ ഈ മേഖലയിലുണ്ട്. കോർപറേറ്റുകൾ, ജന്മിമാർ എന്നിവരിൽ നിന്ന് പ്രതിവർഷം നക്സലുകൾ 1400 കോടി രൂപ ഭീഷണിപ്പണമായി വാങ്ങുന്നുവെന്നാണ് കണക്ക്. 


1990 കളുടെ ഒടുവിൽ, നക്സലുകൾ രണ്ടു ചേരികളായി-ഒന്ന് ജനാധിപത്യ തിരഞ്ഞെടുപ്പുകൾ, തൊഴിലാളി യൂണിയനുകൾ തുടങ്ങിയവയ്‌ക്കായി വാദിച്ചു. അതാണ്, സി പി ഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) പീപ്പിൾസ് വാർ. മറ്റേത്, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റർ (എം സി സി ഐ), സായുധ ഗറില്ലാ സമരത്തിനായി നിലകൊണ്ടു. 1990 -2000 ൽ, പീപ്പിൾസ് വാർ ആയിരുന്നു, ഇന്ത്യൻ സർക്കാരിന് ഭീഷണി. ആന്ധ്രയിൽ കൊണ്ടപ്പള്ളി സീതാരാമയ്യ നയിച്ച ഈ ഗ്രൂപ്, ഒഡിഷയിലും മഹാരാഷ്ട്രയിലും കൂടി സാന്നിധ്യം അറിയിച്ചു. ഇവർ ജന്മികളെയും വ്യവസായികളെയും തട്ടിക്കൊണ്ട് പോയി, കുമ്പസാരിപ്പിച്ചു. അവരെ അവരുടെ ഭൂമിയിൽ നിന്ന് ഒഴിപ്പിച്ചു. സാമൂഹിക നീതി നടപ്പാക്കാനെന്ന പേരിൽ, സമാന്തര നീതി സംവിധാനമുണ്ടാക്കി. 2000 ൽ 3000 നക്‌സലൈറ്റുകൾ കിഴക്കൻ മേഖലയിൽ സജീവമായിരുന്നു. 


2001 ജൂലൈയിൽ, തെക്കനേഷ്യയിലെ നക്‌സലൈറ്റുകൾ കോ -ഓർഡിനേഷൻ കമ്മിറ്റിയുണ്ടാക്കി. പീപ്പിൾസ് വാർ ഗ്രൂപ്പും എം സി സിഐ യും അതിൽ അംഗങ്ങൾ ആയതോടെ, രാജ്യാന്തര ബന്ധമായി. എൽ ടി ടി ഇ, നേപ്പാൾ മാവോയിസ്റ്റുകൾ, പാക്കിസ്ഥാൻ ഐ എസ് ഐ എന്നിവയിൽ നിന്ന് ഇവർക്ക് ആയുധങ്ങളും പരിശീലനവും കിട്ടി. 


നാലാം ഘട്ടം, 2004 ൽ തുടങ്ങി ഇന്നുവരെയുള്ളതാണ്. സി പി ഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്), പി ഡബ്ള്യു ജി, എം സി സി ഐ എന്നിവയും 40 ഗ്രൂപ്പുകളും 2004 ൽ ലയിച്ചത്, സായുധകലാപങ്ങൾ വ്യാപിക്കാൻ ഇടയാക്കി. സി പി ഐ (മാവോയിസ്റ്റ്) സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി (പി ജി എൽ എ) 20,000 പേരുടെ സേനയെ തീറ്റിപ്പോറ്റി. ഇതിൽ 10,000 പേരും സ്ഥിരമായിരുന്നു. ഓട്ടോമാറ്റിക് തോക്കുകൾ, ചുമലിൽ വയ്ക്കാവുന്ന റോക്കറ്റ് ലോഞ്ചർ, മോർട്ടാറുകൾ, ലൈറ്റ് മെഷീൻ ഗണ്ണുകൾ, എ കെ 47, ഗ്രനേഡുകൾ എന്നിവ പ്രയോഗിച്ചു എന്ന് മാത്രമല്ല, ഐ ഇ ഡി സ്ഫോടകങ്ങൾ ഉണ്ടാക്കാൻ പരിശീലനവും കിട്ടി. 


രാഷ്ട്രീയ നേതാക്കളെ അവർ കൊന്നു, പൊലീസ് വാഹനങ്ങൾ മറിച്ചിട്ടു, കുട്ടി ഭടന്മാരെ സൃഷ്ടിച്ചു മറയാക്കി, പുറത്തു നിന്നുള്ള നിക്ഷേപകരെ പേടിപ്പിച്ചു, ജയിലുകൾ ആക്രമിച്ച് അണികളെ മോചിപ്പിച്ചു. പൊലീസിലും പട്ടാളത്തിലും ചേരുന്നതിൽ നിന്ന് നാട്ടുകാരെ വിലക്കി. 1980-2015 ൽ 20012 പേർ നക്സൽ കലാപങ്ങളിൽ കൊല്ലപ്പെട്ടു; ഇതിൽ, 4761 പേർ നക്സലുകൾ ആയിരുന്നു. 3105 സുരക്ഷാ ഭടന്മാർ. 12146 സാധാരണ മനുഷ്യർ. 2019 ൽ കേന്ദ്ര ആഭ്യന്തരവകുപ്പ് ഇറക്കിയ രേഖപ്രകാരം, 2010 -2019 ൽ, പ്രതിവർഷം 1200 നക്സൽ ഭീകര ആക്രമണങ്ങളിൽ ശരാശരി 417 നാട്ടുകാർ കൊല്ലപ്പെടുന്നു. ആധിപത്യം കുറയുമ്പോൾ, ഗ്രാമവാസികളെ പിഴിയുന്നതിനാൽ, അവർ പൊലീസിനെ വിവരം അറിയിക്കുന്നില്ല. 2018 ൽ 61 പേരെയും 2019 ൽ 21 പേരെയും പൊലീസിന് വിവരം നൽകി എന്നാരോപിച്ച് വെടിവച്ചു കൊന്നു. നക്സലുകളെ വിപ്ലവത്തിൽ സഹായിക്കുന്ന ഗ്രാമവാസികൾ തന്നെ ഇരകൾ. 


2015 -2020 ൽ, 10,000ന് മേൽ നാട്ടുകാർക്കും പൊലീസുകാർക്കും നക്സലുകളിൽ നിന്ന് ജീവഹാനി നേരിട്ടു. പേടിച്ചാണ്, നക്സൽ മേഖലകളിൽ ജനം കഴിയുന്നത്. ഇപ്പോൾ, പ്രത്യയശാസ്ത്രം വിട്ട് ഭീകരതയിലാണ്, നക്സലുകൾ ജീവിക്കുന്നത്. “ആദ്യം അത് സി പി ഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആയിരുന്നു; പിന്നെ മാവോ ചേർത്തു. ആശയവ്യക്തതയില്ലാതെ തട്ടിത്തടഞ്ഞു നിൽക്കുന്നു. സർക്കാർ അവരെ കെണിയിലാക്കി, അതിനെതിരെ യുദ്ധം ചെയ്യുന്നു ,” പഴയ എം എൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യ, നക്സലുകൾ വീണ പടുകുഴിയെപ്പറ്റി നിരീക്ഷിക്കുന്നു. 


നക്സലുകൾ മറ്റ് ക്രിമിനൽ ശൃംഖലകളുമായി ബന്ധപ്പെടുന്നതായി, ഇൻറലിജൻസ് രേഖകളിൽ കാണുന്നു. 2018 ൽ 70 കോടി വിലയുള്ള അസംസ്കൃത ഹെറോയിൻ, നക്സൽ മേഖലകളിൽ നിന്ന് പൊലീസ് പിടിച്ചിരുന്നു. 2007 മുതൽ നക്സലുകൾ ജാർഖണ്ഡിൽ കറപ്പ് വളർത്തുന്നു. ഇതിന് സമ്മതിച്ചാൽ, സംരക്ഷണം ഗ്രാമവാസികൾക്ക് വാഗ്ദാനം ചെയ്യുന്നു. ഫലം, ഗ്രാമവാസികൾ ദേശവിരുദ്ധരാകുന്നു എന്നതാണ്. മയക്കുമരുന്ന് ശൃംഖലയിൽ പെട്ട അവർക്ക് അതിൽ നിന്ന് പ്രതിഫലം കിട്ടുന്നു. ഒഡിഷയിൽ നക്സലുകൾക്ക് കഞ്ചാവ് കച്ചവടമുണ്ട്. കള്ളക്കടത്തുകാരൻ ചോട്ടാ ഷക്കീലിൻ്റെ ആളുകളും നക്സൽ നേതാക്കളും കൂടിക്കാഴ്ച നടത്തിയ വിവരം 2010 ൽ ബംഗളൂരു പൊലീസിന് കിട്ടിയിരുന്നു. അതായത്, ഐ എസ് ഐ, നക്സൽ -ദാവൂദ് ഇബ്രാഹിം പങ്കാളിത്തത്തെ ഇന്ത്യക്കെതിരെ നിഴൽ യുദ്ധത്തിന് (proxy war) ഉപയോഗിക്കുന്നു എന്നർത്ഥം. അന്ന് ആ സംഘത്തെ പിടിച്ചെങ്കിലും, നക്സൽ -ഐ എസ് ഐ ബന്ധം എന്നും ഇന്ത്യയ്ക്ക് തലവേദനയായിരുന്നു. 



എൽ ടി ടി ഇ യിൽ നിന്ന് മാവോയിസ്റ്റുകൾക്ക് വാഹനങ്ങളും പരിശീലനവും കിട്ടിയിരുന്നുവെന്ന് വിവരമുണ്ട്. ജർമനി, ഫ്രാൻസ്, തുർക്കി, ഇറ്റലി എന്നിവിടങ്ങളിലെ ചെറുസംഘങ്ങളും സഹായിച്ചു. 2005 ലും 2011 ലും മുതിർന്ന മാവോയിസ്റ്റ് കേഡറുകൾക്ക് ഫിലിപ്പീൻസിൽ പരിശീലനം കിട്ടി. 2008 ൽ സിമി, 500 നക്സലുകളെ പരിശീലിപ്പിച്ചു. 2010 ൽ ലഷ്കറെ തൈബ നേതാക്കൾ നക്സൽ നേതാക്കളെ കണ്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) ഇവിടത്തെ മാവോയിസ്റ്റുകളുമായി ചേർന്ന് സംയുക്ത ഓപ്പറേഷനുകളും പരിശീലനവും നടത്തുന്നു. നേപ്പാൾ വഴി, ഇവിടത്തെ നക്സലുകൾക്ക് ചൈനയിൽ നിന്ന് ആയുധങ്ങൾ കിട്ടുന്നു. അസം, കശ്മീർ തീവ്രവാദികൾക്കൊപ്പം ചേർന്ന്, കേന്ദ്രത്തെ അട്ടിമറിക്കാൻ ശ്രമങ്ങളും നടത്തി. താലിബാൻ, ഐ എസ്, അൽ ശബാബ്, ബോക്കോ ഹറാം, ഫിലിപ്പീൻസ് കമ്യൂണിസ്റ്റ് പാർട്ടി എന്നിവ കഴിഞ്ഞാൽ, ആഗോളതലത്തിൽ ഏറ്റവും ഭീകരമായ സംഘടന, സി പി ഐ (മാവോയിസ്റ്റ്)ആണെന്ന് 2018 ൽ US Country Report on Terrorism വ്യക്തമാക്കിയിരുന്നു.


ഇനി കേരളമോ? 


മോദി അധികാരത്തിൽ വന്ന ശേഷം 2015 ൽ National Policy and Action Plan to address Left wing Extremism-2015 എന്ന നയമുണ്ടാക്കി. അതിന് ശേഷം, നക്സൽ ആക്രമണങ്ങൾ കുറഞ്ഞു വന്നു. എട്ട് ജില്ലകളിൽ അതിൻ്റെ വേരറുത്തു. ആറ് ജില്ലകളിൽ അമർച്ച ചെയ്തു. 2017 ൽ കേന്ദ്രം, മാവോയിസ്റ്റുകൾക്കെതിരെ, SAMADHAN പ്രഖ്യാപിച്ചു. കോവിഡ് വ്യാപനവും നക്സലുകളെ ബാധിച്ചു. 2009 ലെ 2258 നക്സൽ ആക്രമണ കേസുകൾ 2020 ൽ 349 ആയി ചുരുങ്ങി. മരണം 908 ൽ നിന്ന് 110 ആയി. 


അമർത്യ ദേബ് എഴുതിയ Naxals in Kerala:Their Networks, Resources, Legitimacy and Solutions for Curbing Future Growth എന്ന പ്രബന്ധത്തിൽ കാണുന്നത്, റെഡ് കോറിഡോറിൽ നക്സൽ സ്വാധീനം കുറഞ്ഞെങ്കിലും, കേരളത്തിൽ നക്സലിസം വളരുന്നുവെന്നാണ്. കർണാടകം, കേരളം, തമിഴ്‌നാട് എന്നിവയുടെ സംഗമസ്ഥാനമാണ്, ഇവിടെ വളക്കൂറുള്ള മണ്ണ്. 2014 ഏപ്രിലിൽ, നാല് നക്സലുകൾ ഇവിടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. വയനാടും പാലക്കാടും അവർക്ക് വലിയ പ്രതിരോധം നേരിട്ടില്ല. തെക്ക്, കേരളം നക്സലുകളുടെ കോട്ടയാകുമെന്ന് സൂചനയുണ്ടായി. ഭാവി കേന്ദ്രം കേരളമായിരിക്കുമെന്ന്, ഡൽഹിയിലെ Centre for Land Warfare Studies പുറത്തിറക്കിയ ഈ ദീർഘ പ്രബന്ധം വ്യക്തമാക്കുന്നു. 


മൂന്ന് സംസ്ഥാനങ്ങളുടെ മുക്കൂട്ട് കവല (tri-junction) ഇവിടെയും റെഡ് കോറിഡോർ പോലെ സൗകര്യമായി ഉണ്ട്. വനങ്ങളിൽ അദൃശ്യരായി കഴിയാം. സുരക്ഷാ ഭടന്മാർക്ക് സഞ്ചരിക്കാൻ എളുപ്പമുള്ള ഭൂപ്രകൃതി അല്ല. അതിർത്തികളെ സംബന്ധിച്ച് സംസ്ഥാനങ്ങൾ തമ്മിൽ തർക്കങ്ങൾ നിൽക്കുന്നതിനാൽ, നടപടി എളുപ്പമല്ല. കാടിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് ആയുധങ്ങൾ കിട്ടാനുണ്ട്. 


സമീപകാലങ്ങളിൽ ഇവിടെ നക്സൽ പ്രചാരണവും ഏറ്റുമുട്ടലുകളും വർധിച്ചിരിക്കുന്നു. കേരള വിസ്തൃതി കുറവായതിനാൽ, ആ മുക്കൂട്ട് കവലയിൽ നിന്ന് മുഖ്യനഗരം വരെ ആക്രമണം ആസൂത്രണം ചെയ്യാം. 2014 നവംബറിൽ കൊച്ചിയിൽ നീറ്റാ ജെലാറ്റിൻ ആക്രമണം നടന്നത്, അങ്ങനെയായിരുന്നു. 


ഈ പ്രബന്ധത്തിൽ പറയാത്ത രാഷ്ട്രീയ സാഹചര്യങ്ങൾ കേരളത്തിലുണ്ട്. അരാജക പ്രത്യയശാസ്ത്രം, മാർക്സിസ്റ്റ് ഭരണവർഗത്തിൻ്റെ പക്കലുണ്ട്. ദേശീയവിരുദ്ധതയെ ഊട്ടിയുറപ്പിക്കുന്ന കട്ടിങ് സൗത്ത് പോലുള്ള വിഘടനവാദങ്ങൾ ധാരാളമുണ്ട്. കപട മതേതരയുടെ വിളനിലമാണ്. ഇസ്ലാമിക -മാർക്സിസ്റ്റ് ചങ്ങാത്തമുണ്ട്. മതമൗലികവാദത്തിന് സി പി എം നൽകുന്ന രാഷ്ട്രീയ പിന്തുണയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുന്ന ദേശീയവിരുദ്ധർക്ക് സ്വാഗതം ഓതുന്ന മാർക്സിസ്റ്റ് പ്രചാരണ യന്ത്രമുണ്ട്. നക്സലിസത്തിന് വേരാഴ്ത്താനുള്ള ക്രിമിനൽ ശൃംഖലയുമുണ്ട്. മോദി, ബി ജെ പി, ആർ എസ് എസ്, ഹിന്ദു വിരുദ്ധമായതെന്തും ഇവിടെ വിൽക്കും. 


ഈ രാഷ്ട്രീയ കാലാവസ്ഥയെ സംബന്ധിച്ചാണ്, നമുക്ക് ജാഗ്രത വേണ്ടത്. 


© Ramachandran


FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...