മരണക്കിടക്കയിലായിരുന്നു,വിവാഹം
ജോർജ് ഓർവെൽ, സോണിയ ബ്രൗണലിനെ വിവാഹം ചെയ്തത്,ക്ഷയ രോഗ ബാധിതനായി ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴാണ്.ഇരുവരും ഇന്ത്യയിൽ ജനിച്ചവരായിരുന്നു .മൂന്നു മാസത്തിനു ശേഷം ഓർവെൽ മരിച്ചു.സുന്ദരിയായ അവരും ഓർവെലും തമ്മിൽ 15 വയസായിരുന്നു വ്യത്യാസം.അവർക്ക് അന്ന് 31.ഓർവെലിൻറെ സ്വത്തു കയ്യടക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ശത്രുക്കൾ വിശ്വസിച്ചു.1971 ആയപ്പോഴേക്കും,ഓർവെലിൻറെ അനിമൽ ഫാം,1984 എന്നീ നോവലുകൾ രണ്ടു കോടി കോപ്പികൾ വിറ്റിരുന്നു.1984 ൽ നാം കാണുന്ന ജൂലിയ ആണ്,സോണിയ.നോവലിലെ നായകൻ വിൻസ്റ്റൺ അവളുടെ സൗന്ദര്യം കണ്ട് പകച്ചു നിൽക്കുന്നു.ഓർവെൽ ഇങ്ങനെ വർണിച്ചു:
She was very young, he thought, she still expected something from life. . . . She would not accept it as a law of nature that the individual is always defeated. . . . All you needed was luck and cunning and boldness. She did not understand that there was no such thing as happiness, that the only victory lay in the far future, long after you were dead.
ഓർവെലിൻറെ വിവാഹ അഭിലാഷം ഒരിക്കൽ സോണിയ നിരസിച്ചിരുന്നു.അദ്ദേഹത്തിൻറെ മകൻ റിച്ചാഡിന്റെ ആയ ആയിരുന്നു. അദ്ദേഹത്തോടൊപ്പം കിടക്ക പങ്കിട്ടു .അത് കഴിഞ്ഞാണ്,സ്‌കോട് ലൻഡിലെ ജൂറ ദ്വീപിൽ പോയി അദ്ദേഹം 1984 എഴുതിയത് .അതിൽ വരുന്ന പ്രയോഗമാണ് ,The Girl From the Fiction Department .ഹിലരി സ്‌പെർലിങ്,സോണിയയെപ്പറ്റി The Girl From The Fiction Department എന്ന പുസ്തകം എഴുതിയപ്പോൾ,അവരെ വെള്ള പൂശാനാണ് ശ്രമിച്ചത്.ഓർവെലിൻറെ ജീവചരിത്രം എഴുതിയ മൈക്കിൾ ഷെൽഡൻ ഹിലരിയുടെ വെള്ള പൂശലിനെ The Merry Widow എന്ന വിമർശനത്തിൽ, ചോദ്യം ചെയ്തു.
കൊൽക്കത്തയിൽ 1918 ഓഗസ്റ്റ് 15 ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻറെ മകളായി ജനിച്ച സോണിയയ്ക്ക് നാലു മാസം മാത്രം പ്രായമുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ടു.പിതാവ് ആത്മഹത്യ ചെയ്തു എന്നാണ് കരുതപ്പെടുന്നത്.ഒരു വർഷം കഴിഞ്ഞ് അമ്മ ഒരു മദ്യപാനിയെ വിവാഹം ചെയ്‌തു . ആറാം വയസിൽ സോണിയയും കുടുംബവും ഇംഗ്ലണ്ടിലേക്ക് മടങ്ങി.അമ്മ ബോർഡിങ് ഹൗസുകളുടെ മേൽനോട്ടക്കാരിയായി.താൻ പഠിച്ച റോഹാംപ്ടണിലെ സേക്രഡ് ഹാർട്ട് കോൺവെന്റിനെ സോണിയ വെറുത്തു .17 വയസിൽ സ്വിറ്റ്‌സർലൻഡിൽ പോയി ഫ്രഞ്ചും സെക്രട്ടേറിയൽ കോഴ്‌സും പഠിച്ചു.അക്കാലത്ത് മൂന്ന് സുഹൃത്തുക്കളുമായി തോണി യാത്രയ്ക്ക് പോയി.അത് മുങ്ങി സോണിയ നീന്തി കരയിലെത്തിയപ്പോൾ,രണ്ടു പേർ മുങ്ങി മരിച്ചിരുന്നു.മൂന്നാമനായ പയ്യൻ സോണിയയുടെ കൈയിൽ വെള്ളത്തിൽ നിന്ന് പിടിച്ചു വലിച്ചു.അവൻ തന്നെയും കൊണ്ടേ പോകൂ എന്ന് തോന്നിയപ്പോൾ,സോണിയ അവൻറെ മുടിയിൽ പിടിച്ച് അവൻറെ തല മുക്കി.അവൻ പിന്നെ പൊങ്ങിയില്ല.ഇത് സോണിയയുടെ ജീവിതത്തെ നിർണയിച്ച ദുരന്തമായി.
ബിഹാറിൽ ഓർവെൽ ജനിച്ച വീട് |
മെർലോപോണ്ടി |
ലൂസിയൻ ഫ്രോയ്‌ഡ് |
ഓർവെലിനെ താൻ സ്നേഹിക്കുന്നില്ലെന്ന് സോണിയയും തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് ഓർവെലും പരസ്‌പരം പറഞ്ഞിരുന്നു.ഓർവെലിനെ ശുശ്രൂഷിക്കണം,കുട്ടിയെ നോക്കണം.വിവാഹശേഷം കിടക്കയിൽ കിടന്ന് സോണിയയെ ചുംബിക്കാൻ ഓർവെലിന് കഴിഞ്ഞില്ല.ഓർവെൽ ഗാന്ധിയെപ്പോലിരുന്നുവെന്ന് സുഹൃത്ത് ഡേവിഡ് ആസ്റ്റർ പറഞ്ഞു -എല്ലും തൊലിയും.എറിക് ബ്ലെയർ എന്നായിരുന്നു ഓർവെലിൻറെ ശരിപ്പേര്.മിസിസ് എറിക് ബ്ലെയർ ആയ സോണിയ അവിടന്ന് നേരെ റിറ്റ്സ് ഹോട്ടലിൽ സുഹൃത്തുക്കൾക്ക് വിരുന്നു നൽകാൻ പോയി.അവിടെ സോണിയ വജ്രവും മാണിക്യവും മരതകവും അടങ്ങിയ വിവാഹ മോതിരം പ്രദർശിപ്പിച്ചു.ഓർവെൽ നൽകിയ ബ്ലാങ്ക് ചെക് വച്ച് സോണിയ തന്നെയാണ് വാങ്ങിയത്.സ്വിറ്റ്‌സർലൻഡിലെ ചികിത്സാകേന്ദ്രത്തിലേക്ക് ഓർവെലിനെ മാറ്റാൻ ഡോക്റ്റർമാർ നിർദേശിച്ചപ്പോൾ സ്വകാര്യ വിമാനം സോണിയ ചാർട്ടർ ചെയ്തു.വിമാനത്തിൽ മുൻ കാമുകനും ചിത്രകാരനുമായ ലൂസിയൻ ഫ്രോയിഡിനെയും കയറ്റി.1950 ജനുവരിയിൽ ഓർവെൽ മരിക്കുമ്പോൾ സോണിയ ലൂസിയനും പൊതുസുഹൃത്ത് ആൻ ഡണ്ണിനുമൊപ്പം നൈറ്റ് ക്ലബ്ബിലായിരുന്നു.മോതിര വിവരവും നൈറ്റ് ക്ലബും ഹിലരിയുടെ പുസ്തകത്തിൽ ഇല്ല.
ലൂസിയൻ ഫ്രോയിഡ് മാത്രമല്ല,ബ്രിട്ടീഷ് ചിത്രകാരന്മാരായ വില്യം കോൾഡ്‌സ്ട്രീം,വിക്ടർ പാസ്‌മോർ,ഫ്രാൻസിസ് ബേക്കൺ എന്നിവരും സോണിയയുടെ കാമുകന്മാരായിരുന്നു.സുഹൃത്തായ പിക്കാസോ സോണിയ എന്ന സ്കെച്ച് തന്നെ വരച്ചു.ചിത്രകാരന്മാരുടെ മോഡലും വെപ്പാട്ടിയുമായി,അവർ.സിറിൽ കൊണോലിക്ക് വഴങ്ങാത്തതിനാൽ,സോണിയ ലെസ്ബിയൻ ആണെന്ന് അയാൾ പറഞ്ഞു പരത്തി.സാർത്ര്,കാമു,ആർതർ കോയ്സ്ലർ.,ഡബ്ലിയു .എച്ച് ഓഡൻ,ലകാൻ,റൊളാങ് ബാർത് എന്നിവരെയൊക്കെ അവർക്ക് അറിയാമായിരുന്നു.
പിക്കാസോ വരച്ച സ്കെച്ച് |
ജലദോഷം എന്ന് പറഞ്ഞ് സോണിയ ഓർവെലിനെ അവസാന ദിവസങ്ങളിൽ ആശുപത്രിയിൽ കണ്ടിരുന്നില്ല എന്ന് ജെഫ്‌റി മെയേഴ്സ് എഴുതിയ ഓർവെൽ ജീവചരിത്രത്തിലും കാണാം.
ആദ്യ ഭാര്യ മരിച്ച ശേഷം പല സ്ത്രീകളോടും ഓർവെൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ആരും വിവാഹത്തിന് സമ്മതിച്ചില്ല.ഹൊറൈസൺ മാസിക പൂട്ടി സോണിയയ്ക്ക് ജോലി ഇല്ലാതായപ്പോഴാണ്,അവരോട് ഓർവെൽ ആഗ്രഹം പ്രകടിപ്പിച്ചത്.ഒരു വിരൂപ പ്രഹസനം എന്നാണ് വിവാഹത്തെ സിറിൽ കൊണോലി വിശേഷിപ്പിച്ചത്.ഹിലരിയും കവി സ്റ്റീഫൻ സ്‌പെൻഡറിൻറെ ഭാര്യ നടാഷയും ഓർവെലിൻറെ കൈയിൽ അത്ര പണമൊന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞാണ്,സോണിയയുടെ പക്ഷം ചേർന്നത്.സോണിയ ഓർവെലിനെ സ്നേഹിച്ചതേ ഇല്ലെന്ന് സ്‌പെൻഡറുടെ ഓർമ്മകുറിപ്പുകളിൽ കാണാം.താൻ ഒരു കോക്റ്റൈൽ പാർട്ടിക്ക് പോകുന്നതിനാൽ വൈകിട്ട് ഉണ്ടാവില്ലെന്ന് സോണിയ ഒരിക്കൽ ഓർവെലിനോട് പറഞ്ഞത് സ്‌പെൻഡറുടെ സാന്നിധ്യത്തിലാണ്.ലോലമായ പ്രതിഷേധം ഓർവെൽ പ്രകടിപ്പിച്ചു.മരിക്കാൻ പോകുന്ന ആളെ സ്നേഹമില്ലാതെ വിവാഹം ചെയ്യുന്നത് വിവാഹമേ അല്ല എന്ന് ഇംഗ്ലീഷ് എഴുത്തുകാരി ഫ്രാൻസെ സ് പാർട്രിഡ്‌ജിന്റെ അക്കാലത്തെ ഡയറിക്കുറിപ്പുകളിലുണ്ട്.
വർഷം 1000 പൗണ്ട് കൊണ്ട് ജീവിക്കാം എന്ന് 1946 ൽ ഓർവെൽ എഴുതിയിരുന്നു.അവസാനത്തെ ആറുമാസം 1984 വിറ്റ് 40000 പൗണ്ട് കിട്ടിയിരുന്നു.ഓർവെൽ മരിക്കുമ്പോൾ പുസ്തക വരുമാനം 10000 പൗണ്ട് മാത്രമായിരുന്നു എന്നൊരു വങ്കത്തം ഹിലരി എഴുന്നള്ളിക്കുന്നു.മരണത്തിന് നാലു മാസം മുൻപ് മാത്രമാണ് 1984 അമേരിക്കൻ പതിപ്പ് ഇറങ്ങിയത്.പണം ഇല്ലായിരുന്നെങ്കിൽ,നാലു മാസത്തെ ആശുപത്രിവാസം എങ്ങനെ നടന്നു ?വിമാനം ചാർട്ടർ ചെയ്തതോ?സ്വിറ്റ്‌സർലൻഡ് ചികിത്സയോ ?
രണ്ടാം ലോകയുദ്ധം തീർന്ന് ബ്രിട്ടീഷുകാർക്ക് വിദേശ യാത്ര നിയന്ത്രണമുള്ളപ്പോൾ,.കാമുകനെ അന്വേഷിച്ച് എങ്ങനെ ആറു മാസത്തിനകം സോണിയയ്ക്ക് പോകാൻ കഴിഞ്ഞു?
എന്നും സോണിയ ഓർവെൽ എന്നറിയപ്പെടാനാണ് സോണിയ ആഗ്രഹിച്ചത്.അത് ഹിലരി പറയും പോലെ ഓർവെൽ ദരിദ്രനായത് കൊണ്ടോ എറിക് ബ്ളയർ എന്ന പേര് അദ്ദേഹം ഉപേക്ഷിച്ചിരുന്നതു കൊണ്ടോ അല്ല.അദ്ദേഹത്തെ അവസാനവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും എറിക് എന്ന് തന്നെയാണ് വിളിച്ചിരുന്നത്.കത്തുകളിൽ ആ പേര് തന്നെയാണ് ഉപയോഗിച്ചിരുന്നത്.കുഴിമാടത്തിൽ എഴുതിയിരിക്കുന്നത്,Here lies Eric Arthur Blair എന്നാണ്.1958 ൽ മൈക്കിൾ പിറ്റ് റിവേഴ്‌സിനെ വിവാഹം ചെയ്‌തിട്ടും സോണിയ,ഓർവെൽ എന്ന പേർ ഉപയോഗിച്ചത് ലണ്ടനിലെ സാഹിത്യ ലോകത്ത് അത് ചെലവാകും എന്നത് കൊണ്ട് തന്നെ.റിവേഴ്‌സിൽ നിന്ന് വിവാഹ മോചനം നേടിയപ്പോൾ സൗകര്യമായി.അമ്മായി വളർത്തിയ ഓർവെലിൻറെ മകൻ എന്നും റിച്ചാർഡ് ബ്ളയർ ആയിരുന്നു.പ്രതിവർഷം 150 പൗണ്ട് മാത്രമാണ് അവനെ വളർത്താൻ അമ്മായിക്ക് സോണിയ അയച്ചിരുന്നത്.വിവാഹം കഴിഞ്ഞപ്പോൾ ഫർണിച്ചർ വാങ്ങാൻ പണത്തിന് സോണിയയോട് യാചിക്കേണ്ടി വന്നു.പിന്നെ അവൻ പണിയെടുത്ത് സ്വന്തം കാലിൽ നിന്നു.1980 ൽ സോണിയ മരിച്ചതോടെ ഓർവെൽ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനം അവന് കിട്ടി.
റിവേഴ്‌സും സോണിയയും |
ഓർവെൽ ട്രസ്റ്റിൻറെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്ന ഓർവെലിൻറെ അക്കൗണ്ടൻറ് ജാക് ഹാരിസൺ, ഫൗണ്ടേഷനിൽ നിന്ന് സോണിയയെ പുറത്താക്കി,അവരെ വീടും ചില്ലിക്കാശും ഇല്ലാത്ത പരുവത്തിലാക്കി.ഹാരിസൺ ഓർവെൽ മരണക്കിടക്കയിൽ ആയിരിക്കെ അദ്ദേഹത്തിൻറെ റോയൽറ്റിയും സ്വത്തും കൈകാര്യം ചെയ്യാൻ കമ്പനിയുണ്ടാക്കി അതിൽ 25 % ഓഹരി ഓർവെൽ തനിക്ക് നൽകി എന്ന് പറഞ്ഞ് കൈക്കലാക്കിയിരുന്നു .ഈ ഓഹരി തൻറെ മൂന്നു മക്കൾക്ക് അയാൾ വീതിച്ചു നൽകിയപ്പോൾ സോണിയ കോടതിയെ സമീപിച്ചു .ഈ സാഹചര്യവും അമിത മദ്യപാനവും അവരെ വഴിയാധാരമാക്കി.തലച്ചോറിൽ കാൻസർ വന്നായിരുന്നു മരണം.ഓർവെലിൻറെ രചനകൾ മുഴുവൻ അവർ സമാഹരിച്ച് The Collected Writings പുറത്തിറക്കി.ബെർണാഡ് ക്രിക്കിനെക്കൊണ്ട് ജീവചരിത്രം എഴുതിച്ചു.അത് പൂർത്തിയായപ്പോൾ അവർ ഹാരിസണും ഫൗണ്ടേഷനും എതിരായ കേസ് കോടതിക്ക് പുറത്ത് തീർപ്പാക്കി.ഒരു മാസം കഴിഞ്ഞ് 1980 ഡിസംബർ 11 ന് മരിച്ചു.
ഡേവിഡ് പ്ലാൻറെ Difficult Women ( 1979 ) എന്നൊരു പുസ്‌തകം എഴുതി.അവസാന വർഷങ്ങളിൽ സോണിയ അദ്ദേഹത്തോട് പറഞ്ഞു:" I have fucked up my life.I am angry because I have fucked up my life".
ഇതിന് മറുപടി തുടക്കത്തിൽ ചേർത്ത ഓർവെൽ ഉദ്ധരണിയിൽ ഉണ്ട്:She did not understand that there was no such thing as happiness, that the only victory lay in the far future, long after you were dead.
"സന്തോഷം എന്നൊന്നില്ല എന്ന് അവൾക്കറിയുമായിരുന്നില്ല.വിദൂര ഭാവിയിൽ,മരണാനന്തരം മാത്രമേ,വിജയിക്കാൻ കഴിയൂ."
സർഗശേഷി ഇല്ലാതിരുന്നതിനാൽ,ഇത് സോണിയയ്ക്ക് മനസിലായില്ല;അതുള്ളവന്,പണമല്ല,അവൻ അക്ഷരങ്ങൾ കൊണ്ടു സൃഷ്ടിക്കുന്ന സർഗ സാമ്രാജ്യമാണ്,വലുത്.
see https://hamletram.blogspot.com/2019/06/blog-post_810.html