Tuesday, 17 August 2021

MY BOOK ON MAPPILA REBELLION RELEASED

The book, VARIYANKUNNANTE KASAPPUSALA, (Mappila's Slaughterhouse), authored by me, has been released by Ram Madhav, former National General Secretary of the BJP, at Kozhikode. The copy was received by C V Ananda Bose. It is published by Kurukshethra Books, Kaloor, Kochi. Price Rs 400, pages 450.


The book is a compilation of the court judgements, on the Mappila Rebellion of 1921, and more.


The function was the national level inauguration of the Mappila Riots Victims Remembrance Year.

Ram Madhav is a member of the national rexecutive council of the Rashtriya Swayamsevak Sangh and has authored few books. His latest is Uneasy Neighbours: India and China after Fifty Years of the War.

This is the seventh book on Mappila rebellion, I am associated with. I have written Malabar Jihad, and translated  The Mappila Revolt Gandhi didn't See, by Sir C Sankaran Nair and Moplah Rebellion 1921 by C Gopalan Nair. A Major work by me in English, The Complete History of 1921, is due for publication. Garuda Prakashan has agreed to publish, Wrath and Revenge in Malabar. I have also completed another book in Malayalam, Mappila Rebellion in Literature.

My first book in English, Militant Islam: Mecca to Delhi, will be published soon, by Garuda Prakashan.





Thursday, 5 August 2021

മാപ്പിള ലഹള: നേതാക്കളുടെ ഒറ്റ് 

നായർ മുതൽ നമ്പൂതിരി വരെ 

മാപ്പിള ലഹളയുമായി നേരിട്ട് ബന്ധപ്പെട്ട കോൺഗ്രസ് നേതാക്കൾ അധികമില്ല.കോൺഗ്രസ് അന്ന് മലബാറിൽ ശക്തമല്ല.ഗാന്ധി, ഷൗക്കത്ത് അലിക്കൊപ്പം 1920 ഓഗസ്റ്റിൽ കോഴിക്കോട് വന്ന് പ്രസംഗിച്ചു പോയ ശേഷമാണ്, കോൺഗ്രസിന് ഒരു കേരള പ്രവിശ്യാ കമ്മിറ്റി ഉണ്ടാകുന്നത്.അത് വരെയുണ്ടായിരുന്ന മലബാർ ജില്ലാ കമ്മിറ്റിയിലും പിന്നെയുണ്ടായ പ്രവിശ്യാ കമ്മിറ്റിയിലും സെക്രട്ടറി ആയിരുന്നു, കെ മാധവൻ നായർ.അദ്ദേഹത്തെപ്പോലെ തലയെടുപ്പുള്ള വേറെ കോൺഗ്രസ് നേതാവ് അന്നില്ല.ഖിലാഫത്ത് പ്രക്ഷോഭം തുടങ്ങിയപ്പോൾ ഉണ്ടായ മാപ്പിള പ്രവാഹം കോൺഗ്രസ് അംഗ സംഖ്യ കുത്തനെ ഉയർത്തി.

മാധവൻ നായർ 1921 ഫെബ്രുവരി പകുതിയിൽ അറസ്റ്റിലായ ശേഷമാണ് കെ പി കേശവ മേനോൻ സെക്രട്ടറി ആയത്. അന്ന് 23 വയസ് മാത്രമുള്ള മുഹമ്മദ് അബ്ദു റഹ്‌മാൻ കോൺഗ്രസ് ഖിലാഫത് കമ്മിറ്റി സെക്രട്ടറി ആയിരുന്നു. ഉലമ സെക്രട്ടറിയാണ് അന്ന്, ഇ മൊയ്‌തു മൗലവി -കോൺഗ്രസുകാരൻ എന്ന് മൗലവിയെ പറയാൻ കഴിയില്ല. പൊന്നാനി ഭാഗത്ത് ഒരു പരിധി വരെ സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചയാളാണ്, കെ കേളപ്പൻ. പള്ളികളിൽ പോയും കേളപ്പൻ ഖിലാഫത്തിന് വേണ്ടി പ്രസംഗിച്ചിരുന്നു.

ലഹളയിൽ വളരെ സംശയാസ്പദമായി പ്രവർത്തിച്ചയാളാണ്, എം പി നാരായണ മേനോൻ. കോൺഗ്രസിൻറെ ഏറനാട്ടിലെ സംഘടനാ സെക്രട്ടറിയെന്ന നിലയിൽ, ലഹളയ്ക്ക് സർവ പിന്തുണയും നൽകിയ മേനോൻ, ' മാപ്പിള മേനോൻ' എന്നാണ് അറിയപ്പെട്ടത്. ഒരു തങ്ങളെപ്പോലെ വേഷം ധരിച്ചു നടന്നത് കൊണ്ടാണ്, ഈ പേര് വീണത്. കെ മാധവൻ നായരുടെ ആൾട്ടർ ഈഗോ ആയിരുന്നു, മാസശമ്പളം പറ്റി സംഘടനാ സെക്രട്ടറി ആയിരുന്ന മേനോൻ. ലഹളയ്ക്ക് താങ്ങായി നിന്ന മേനോനെ നാട് കടത്തി. നാട് കടത്തിക്കൊണ്ടുള്ള അതി ദീർഘമായ വിധിയിൽ, മാധവൻ നായരെപ്പറ്റി പറയുന്നത്, വിശ്വസിക്കാൻ കൊള്ളാത്തവൻ എന്നാണ്. മേനോന് വേണ്ടി പ്രധാന സാക്ഷിയായിരുന്നു, മാധവൻ നായർ. അദ്ദേഹം അന്ന് തടവിൽ ആയിരുന്നില്ല എങ്കിൽ, ലഹളയ്ക്ക് പ്രചോദനം നൽകിയ ആളെന്ന നിലയിൽ ശിക്ഷ വാങ്ങിയേനെ. നായരുടെ ജന്മ സ്ഥലമായ മഞ്ചേരി ആയിരുന്നു, വള്ളുവനാട്ടുകാരനായ  മേനോൻറെ പ്രവർത്തന കേന്ദ്രം.

മാധവൻ നായർ 

നായരും മേനോനും, ലഹളക്കാലത്ത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഞ്ചേരി 'കീഴടക്കിയപ്പോൾ' അയാളെ പോയിക്കണ്ട് വരുതിയിൽ നിന്നോളാം എന്ന് പറഞ്ഞതായാണ് കോടതി രേഖകളിൽ നിന്ന് മനസ്സിലാകുന്നത്. ഹാജിയെ കണ്ട കഥ നായർ, 'മലബാർ കലാപ'ത്തിൽ പറയുന്നത്, വിശ്വസനീയമല്ല. ഹാജി 1921 ഓഗസ്റ്റ് 24 ന് മഞ്ചേരി നമ്പൂതിരി ബാങ്ക് കൊള്ളയടിക്കുമ്പോൾ, മേനോൻ ഒപ്പം നിൽക്കുക മാത്രമല്ല, അതിനെ അനുകൂലിച്ചു പ്രസംഗിക്കുകയും ചെയ്‌തു. അതിനു മുൻപ്, 20 പുലർച്ചെ നിലമ്പൂർ കോവിലകം ആക്രമിച്ചു മാപ്പിളമാർ 16 പേരെ കൂട്ടക്കൊല ചെയ്തപ്പോൾ, മേനോൻ അക്രമികളെ മടക്കയാത്രയിൽ കാത്തു നിന്ന് അഭിനന്ദിച്ചു. ആറാം തിരുമുൽപ്പാടിനെ കൊല്ലാൻ കഴിയാത്തതിൽ ദുഖിച്ചു.ഈ തിരുമുല്പാട് ആണ് പൂക്കോട്ടൂർ കോവിലകത്ത് താമസിച്ചിരുന്നത്. അദ്ദേഹവുമായി മുൻ ജീവനക്കാരൻ വലിയ വീട്ടിൽ മുഹമ്മദിനുണ്ടായ തർക്കമാണ്, ലഹളയ്ക്ക് വഴി വച്ചത്. ഇന്ന് നക്‌സലൈറ്റുകൾ ചിലയിടങ്ങളിൽ ചെയ്യും പോലെ, മാപ്പിളമാർ പൂക്കോട്ടൂർ സ്വയംഭരണ പ്രദേശമാക്കി. വലിയ വീട്ടിൽ മുഹമ്മദ്, പ്രാദേശിക ഖിലാഫത്ത് സെക്രട്ടറി ആയി മാറിയിരുന്നു.

കെ പി കേശവ മേനോൻ സംഘർഷം ലഘൂകരിക്കാൻ വലിയ ശ്രമമൊന്നും നടത്തിയില്ല. ആലി മുസലിയാരെ കാണാൻ പോയ കേശവ മേനോനെ, മുസലിയാർ അപമാനിച്ചു മടക്കുകയാണ് ചെയ്തത്. മുസലിയാരുടെ ഗുണ്ടകളെപ്പോലും മേനോന് വണങ്ങേണ്ടി വന്നു.

മാപ്പിളലഹളയുടെ നടത്തിപ്പുകാരനായ വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റി കെ മാധവൻ നായരുടെ 'മലബാർ കലാപം' എന്ന പുസ്തകത്തിൽ കുറെ വിവരങ്ങളുണ്ട്.അവയിൽ പിശകുകളുമുണ്ട്. മതഭ്രാന്തനായ ഒരു കൊലയാളിയുടെ ചിത്രം നമുക്ക് തന്ന ശേഷം മാധവൻ നായർ അയാളെ ഇന്ത്യയുടെ വീരപുത്രനായി വിശേഷിപ്പിക്കുന്നത് വിചിത്രമാണ്.അസ്ഥാനത്തുള്ള ഈ വിശേഷണം രണ്ടു കാരണങ്ങൾ കൊണ്ട് സംഭവിച്ചതാകാം .ഒന്ന്: മഞ്ചേരിക്കാരനായ മാധവൻ നായർക്ക് അവിടെ ജീവിച്ചു പോകണം.അങ്ങനെ ഭയത്തിൽ നിന്ന് പിറന്നത്.രണ്ട്:കോൺഗ്രസിന് ലഹളയിൽ പങ്കുണ്ട്.അതിനാൽ ലഹളയെ വെള്ള പൂശണം. മതഭ്രാന്തനും കൊലയാളിയും ഹിന്ദു വംശഹത്യ ചെയ്തവനുമായ വാരിയൻ കുന്നനെ വെള്ള പൂശുന്ന മാധവൻ നായർ എന്ത് തരം ഗാന്ധി ശിഷ്യനാണെന്ന് ചരിത്രം ചോദിച്ചു കൊണ്ടിരിക്കും.

1921 ഫെബ്രുവരി ആദ്യം 144 പ്രകാരം മലബാർ കലക്‌ടർ ഇ എഫ് തോമസ് ഇറക്കിയ നോട്ടിസിൽ കെ മാധവൻ നായരുടെയും യു ഗോപാല മേനോന്റെയും യാക്കൂബ് ഹസ്സൻറെയും കൂടെ ഹാജിയുടെയും പേരുണ്ടായിരുന്നു.അങ്ങനെ ഒരാൾ ഉണ്ടെന്ന് താൻ അറിഞ്ഞത്, ആ നോട്ടീസിൽ നിന്നാണ് എന്ന് നായർ പുസ്തകത്തിൽ പറയുന്നത് കളവാണ്. ഖിലാഫത്തിൻറെ തുടക്കത്തിൽ ഒരു പണപ്പിരിവ് നായർ നടത്തിയത് തന്നെ ഹാജിയിൽ നിന്ന് പണം വാങ്ങിയാണ് എന്ന് ആർ എച്ച് ഹിച്ച്കോക്ക് എഴുതിയ ചരിത്രത്തിലുണ്ട്. അയാൾ മാപ്പിളലഹളക്കിറങ്ങിയത് തന്നെ, ഒന്നാം ഘട്ടം കഴിഞ്ഞാണ് എന്ന് നായർ പറയുന്നതിലും കഴമ്പില്ല.

ഹാജിയുടെ ജന്മനാട് മഞ്ചേരിയിൽ നിന്ന് നാല് നാഴിക ദൂരെ പാണ്ടിക്കാട് നിന്ന് നാല് നാഴിക പടിഞ്ഞാറ് നെല്ലിക്കുത്ത് എന്ന ദേശത്താണ്. ഏറനാട്ടിൽ പണ്ട് മുതൽ തന്നെ ലഹള പ്രദേശം. ഹാജിയുടെ വീടും ആലി മുസലിയാരുടെ വീടും തമ്മിൽ 20 വാരയിൽ അധികം അകലമില്ല. കാക്കത്തോട് പാലത്തിന് അടുത്ത് പടിഞ്ഞാറു നിരത്തിന് തൊട്ടു തെക്കാണ് ഈ വീടുകൾ. ഇരുവരും അകന്ന ബന്ധുക്കളും ആയിരുന്നു. നായർ പറയുന്ന പ്രകാരം, ഹാജി ചെറുപ്പത്തിൽ ബാപ്പയ്‌ക്കൊപ്പം മക്കത്തേക്ക് നാട് കടത്തപ്പെട്ടു. മുൻപ് ഉണ്ടായ ചില ലഹളകളിൽ പങ്കെടുത്തതാണ് കാരണം.

നായർ പറയുന്നത് ശരിയല്ല; ബാപ്പയ്‌ക്കൊപ്പം നാട് കടത്തിയില്ല. 2020 ജൂൺ 26 ലെ 'ഹിന്ദു'  റിപ്പോർട്ട് അനുസരിച്ച് ബാപ്പ ഈരാറ്റുപേട്ടയിലേക്ക് കടന്ന് ഇസ്ലാം പ്രഭാഷകൻ എന്ന മട്ടിൽ എട്ടു കൊല്ലം ജീവിച്ചു; മുട്ടത്തു പറമ്പിലെ ഉമ്മുഹാനി ഉമ്മയെ വിവാഹം ചെയ്തു. അതിൽ മുഹിയുദീൻ കുട്ടി എന്ന മകനുണ്ടായി. ഈ കുടുംബത്തിന് ബാപ്പയുടെ പൂർവചരിത്രം അറിയുമായിരുന്നില്ല. ഈ കുടുംബത്തിലെ കെ എം ജാഫർ ഇപ്പോൾ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഈരാറ്റുപേട്ടയിൽ നിന്നാണ് ബാപ്പയെ ബ്രിട്ടീഷ് പോലീസ് പിടിച്ചത്.

ലഹളയ്ക്ക് ആറേഴു കൊല്ലം മുൻപ് ഹാജി മലബാറിലേക്ക് മടങ്ങി.അപ്പോൾ നെല്ലിക്കുത്തിലേക്ക് പോകാൻ സർക്കാർ അനുവദിച്ചില്ല.ചില കൊള്ളകളിൽ അയാൾക്ക് പങ്കുണ്ടായിരുന്നത്, ഇൻസ്‌പെക്ടർ ചേക്കുട്ടിക്ക് അറിയാമായിരുന്നു. അയാൾ കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പിൽ താമസിച്ചു.പോത്തു വണ്ടിക്കാരനായി പണിയെടുത്തു.പിന്നെ സർക്കാർ അനുവദിച്ചതനുസരിച്ച് നെല്ലിക്കുത്തിൽ പോയി.അവിടെയും പോത്തുവണ്ടിക്കാരനായിരുന്നു. ഖിലാഫത്ത് പ്രവർത്തകൻ ആയിരുന്നു അയാൾ എന്ന് ഇംഗ്ലീഷ് പത്രങ്ങളിലും സി ഗോപാലൻ നായർ എഴുതിയ 'മാപ്പിളലഹള 1921' എന്ന പുസ്തകത്തിലും പറയുന്നുണ്ട്. ഹാജി ചില കോൺഗ്രസ് -ഖിലാഫത്ത് ലഘുലേഖകൾ മാധവൻ നായരുടെ അനുജൻ കേശവൻ നായരിൽ നിന്ന് വാങ്ങിക്കൊണ്ട് പോയിരുന്നുവെന്ന് നായർ തന്നെ എഴുതിയിട്ടുണ്ട്.നായർ എഴുതുന്നു: "പ്രസ്ഥാനത്തിൽ പങ്കു കൊണ്ടിട്ടില്ലെങ്കിലും പാരമ്പര്യമായി മതഭ്രാന്തന്മാരാണെന്ന് പ്രസിദ്ധി നേടിയിട്ടുള്ള ഒരു കുടുംബത്തിലെ അംഗമായ കുഞ്ഞഹമ്മദാജി ഖിലാഫത്തിന് വേണ്ടി മരിക്കാൻ തയ്യാറായതിൽ യാതൊരദ്‌ഭുതവുമില്ല."

ഗവണ്മെന്റുമായുള്ള യുദ്ധത്തിൽ ഹിന്ദുക്കൾ തൻറെ ശത്രുക്കളാണെന്ന് അനുഭവപ്പെട്ടതിനാലോ മറ്റോ അയാൾ ഹിന്ദുക്കളെ ദ്രോഹിക്കാനും  കൊല്ലാനും  മതം മാറ്റാനും  തുടങ്ങിയെന്നും നായർ എഴുതുന്നു.
1921 ഓഗസ്റ്റ് 20 ന് തിരൂരങ്ങാടിയിൽ മാപ്പിളലഹള തുടങ്ങിയ ശേഷം, അത് മഞ്ചേരിക്ക് പടർന്നു. നായർ തൻറെ വീടും പട്ടാളം ആക്രമിക്കുമെന്ന് ഭയന്നു. കാവുങ്ങൽ നമ്പൂതിരിയുടെ ഇല്ലത്തേക്ക് താമസം മാറ്റി. പട്ടാളം വന്നില്ല. പകരം, 24 ആയപ്പോൾ മാപ്പിളമാർ കൊള്ള തുടങ്ങി. നായർ താമസിക്കുന്ന വീടിൻറെ തെക്ക് ഒരു നായർ വീട്ടിൽ മാപ്പിളമാർ കൊള്ളക്കെത്തി. വയലിൻറെ നടുവരമ്പിൽ കൂടി ഒരു കൊടി മുന്നിൽ പിടിച്ച് ആയുധങ്ങളുമായി 25 മാപ്പിളമാർ ഉച്ചയ്ക്ക് തെക്കോട്ട് പോകുന്നത് നായർ കണ്ടു. ആ സംഘത്തിൻറെ തലവൻ ഹാജി ആയിരുന്നു. അത് വരെ ഹാജിയെ നായർ കണ്ടിരുന്നില്ല.അയാൾ പോയി അൽപം കഴിഞ്ഞപ്പോൾ അയാളുടെ അനുചരൻ നായരുടെ അടുത്ത് ചെന്ന് ഹാജി കാണാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു.അനുജൻ കേശവൻ നായർക്കൊപ്പം നായർ ചെന്നു.കേശവൻ നായർക്ക് അടിതട അറിയാമായിരുന്നു. ഹാജി ആൽത്തറ മേലിരുന്നു. നായരെ കണ്ടയുടൻ എഴുന്നേറ്റ് അടുത്തേക്ക് ചെന്നു.നിവർന്ന് നിൽക്കാൻ വയ്യാതെ വീണ്ടും അയാൾ ആൽത്തറയിൽ ഇരുന്നു.

കറുത്തിരുണ്ട ഹാജിക്ക് അറുപതിൽ കുറയാതെ പ്രായം.( നായർ പറയുന്നത് ശരിയല്ല;1877 ൽ ജനിച്ച ഹാജിക്ക് അന്ന് 44 വയസ്സാണ് ). വായിൽ പല്ലുണ്ടോ എന്ന് സംശയം. ഒത്ത മനുഷ്യൻറെ ഉയരമില്ല.മെലിഞ്ഞിട്ടല്ല.കറുത്ത കുപ്പായം. അരയിൽ വാൾ, കൈയിൽ തോക്ക്.മുഖത്തു ശൂരത കണ്ടില്ല. ചിലതിന് ഉറച്ചിരിക്കുന്നു എന്ന ഭാവം.കൂട്ടത്തിൽ ചിലരുടെ കൈയിൽ തോക്കും കുന്തവും.പാണ്ടിക്കാട് പോലീസ് സ്റ്റേഷൻ ആക്രമിച്ച് കൈവശപ്പെടുത്തിയതാണ്. അവർ ഹാജിക്ക് ചുറ്റും നിലകൊണ്ടു. ആദ്യമായി കാണുകയാണെന്ന് കുശലം പറഞ്ഞു. ഇനി എന്ത് വേണമെന്ന് ഹാജി നായരുടെ ഉപദേശം തേടി. അപേക്ഷാ ഭാവത്തിലായിരുന്നു. ഹാജി മിത്രത്തെപ്പോലെ എതിരേൽക്കില്ല എന്ന് വിചാരിച്ച നായർ അന്തം വിട്ടു.നാട് മുഴുവൻ കുട്ടിച്ചോറായെന്നും ആയുധം ഉപേക്ഷിച്ച് വീട്ടിലേക്ക് പോകണമെന്നും നായർ ഉപദേശിച്ചു. ശാന്തനായി ഹാജി അത് നിരസിച്ചു. ഇറങ്ങിപ്പുറപ്പെട്ട നിലയ്ക്ക് പിന്തിരിയില്ല. ആലി മുസലിയാർ അപകടത്തിൽ ചാടി. അദ്ദേഹത്തെ സഹായിച്ചേ പറ്റൂ എന്നും ഹാജി വ്യക്തമാക്കി. ഒരു ഹിന്ദുവിൻറെ വീട് പോലും മാപ്പിളമാർ കൊള്ള ചെയ്യാൻ ബാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി നായർ ചോദിച്ചു: ''ഇങ്ങനെയാണോ നിങ്ങളുടെ മതം ഉപദേശിക്കുന്നത്.?"

കൊള്ള നിർത്താൻ പറഞ്ഞിട്ടാണ് വന്നതെന്ന് ഹാജി അറിയിച്ചു. ഇനി എപ്പോൾ കാണാം എന്ന് ഹാജി ചോദിച്ചു. ഇനി കാണില്ലെന്നും ഇരുവരുടെയും വഴി രണ്ടാണെന്നും നായർ പറഞ്ഞു. അൽപം കഴിഞ്ഞ് ഹാജി കോൺഗ്രസ് നേതാവ് എം പി നാരായണ മേനോനെയും വിളിച്ചു വരുത്തി കണ്ടു. മേനോൻ നിരുത്സാഹപ്പെടുത്തിയതും ഹാജി കണക്കിലെടുത്തില്ല. നായരെയും മേനോനെയും ഹാജി കണ്ടത്, ലഹളയിൽ ചേരണം എന്നാവശ്യപ്പെടാനാണെന്ന് നാരായണ മേനോനെ ശിക്ഷിച്ച കോടതി വിധിയിൽ കാണാം. സ്വയം വക്കീലായ മാധവൻ നായർ ഹാജിയുമായി മുൻ പരിചയമുണ്ടെങ്കിൽ തന്നെ പറയില്ല; 1933 ൽ മരിച്ച നായർ ജീവിച്ചത്, ബ്രിട്ടീഷ് ഇന്ത്യയിലാണ്.നായർ 'മാതൃഭൂമി യിൽ,  'മലബാർ കലാപം' പരമ്പരയായി എഴുതുമ്പോൾ ഇടയ്ക്ക് നിർത്തിയത്, അനാവശ്യമായ മുസ്ലിം പ്രീണനം അതിൽ ഉള്ളത് കൊണ്ടാകണം; അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പുസ്തകം പ്രസിദ്ധീകരിക്കാതിരുന്നത്, ഇരു പക്ഷത്തു നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങാൻ ത്രാണിയില്ലാത്തത് കൊണ്ടുമാകാം. പുസ്തകം വന്നത് 1971 ൽ മാത്രമാണ്.

സത്യം ഇതാണ്: അന്ന്,1921 ഓഗസ്റ്റ് 24 ന് ഹാജി മഞ്ചേരിയിൽ തങ്ങി. പുല്ലൂർ വാസുദേവൻ നമ്പൂതിരിക്ക് അവിടെ ഒരു ബാങ്ക് ഉണ്ടായിരുന്നു.ആ ബാങ്ക് കൊള്ള ചെയ്യാൻ മാപ്പിളമാർ ഒരുങ്ങികൊണ്ടിരുന്നപ്പോഴാണ് ഹാജി ചെന്നത്. ബാങ്കിന് ഹാജി സ്വന്തം ഭടന്മാരെ കാവൽ നിർത്തി. സ്വർണം പണയം വച്ചവർ ചെന്നാൽ അവ മടക്കിക്കൊടുക്കുമെന്ന് ഹാജി വിളംബരം ചെയ്തു. പലരും അവ വാങ്ങിക്കൊണ്ടു പോയി.ബാങ്ക് ക്ളർക്കിന്റെ സഹായത്തോടെ ഹാജിയുടെ മേൽനോട്ടത്തിൽ ഇത് നടത്തി.ലഹള തുടങ്ങിയപ്പോൾ തന്നെ നമ്പൂതിരി ഓടിയിരുന്നു. തിരുനാവായ ഹിന്ദു സമ്മേളന പന്തൽ വീണ് മരിച്ച കരുമത്തിൽ കൃഷ്ണപ്പണിക്കരുടെ പിതൃ സഹോദരനായിരുന്നു നമ്പൂതിരി. 25 ഉച്ച വരെ പണ്ടം മടക്കിക്കൊടുത്തു. ഈ വേളയിൽ നാരായണ മേനോൻ ഹാജരായിരുന്നു, ഖിലാഫത്ത് ഭരണം വന്നതായി പ്രസംഗിച്ചു. 26 വരെ മഞ്ചേരി ഭരിച്ച ഹാജി, 26 ന് പൂക്കോട്ടൂർ യുദ്ധത്തിൽ മാപ്പിളമാർ തോറ്റപ്പോൾ, നഗരം വിട്ടു.

രാജ്യം മുഴുവൻ തങ്ങൾക്കധീനമായി എന്ന് ധരിച്ച മതഭ്രാന്തരായ പൂക്കോട്ടൂർ മാപ്പിളമാർ മേലാൽ ഹിന്ദുവെന്നും മുസ്ലിം എന്നും രണ്ടു ജാതി വേണ്ടെന്ന് തീരുമാനിച്ചെന്ന് നായർ എഴുതുന്നു. ലഹള തുടങ്ങി ആദ്യ വെള്ളിയാഴ്ച, ഓഗസ്റ്റ് 26 ന് പൂക്കോട്ടൂരിനടുത്തുള്ള മഞ്ചേരി, മലപ്പുറം മുതലായ സകല ദേശങ്ങളിലെയും ഹിന്ദുക്കളെ ഇസ്ലാമിൽ ചേർക്കാൻ അവർ ഉറച്ചു. ഈ പട്ടികയിൽ മാധവൻ നായരും ഉണ്ടായിരുന്നു. ഹാജിയുടെ ആളാണെന്ന് പറഞ്ഞ് ഒരു മാപ്പിള, മാധവൻ  നായരുടെ അടുത്തെത്തി, യു ഗോപാല മേനോൻ മുതലായവർ ഇസ്ലാമിൽ ചേർന്നെന്നും അവർ കൊണ്ടോട്ടിക്കോ തിരൂരങ്ങാടിക്കോ പോയിരിക്കുന്നുവെന്നും അറിയിച്ചു; നായരുടെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ചു. മതം ഉപേക്ഷിക്കില്ലെന്ന് നായർ വ്യക്തമാക്കി. വെള്ളിക്ക് മുൻപായി തന്നെ മാർഗം കൂട്ടൽ ആരംഭിച്ചു. പൂക്കോട്ടൂരിൽ 75 പേരെ മതം മാറ്റി. അതിൽ 30 പേർ പ്രധാന നായർ തറവാടായ പൊന്നുണിക്കാട്ട് കുടുംബത്തിൽ പെട്ടവരായിരുന്നു-സോൾട് അസി കമ്മീഷണർ ആയിരുന്ന പുലത്തോട്ടത്തിൽ കോമൻ മേനോനും കുടുംബവും. അതുവരെ തങ്ങൾ എന്ന് കോമൻ മേനോനെ വിളിച്ചിരുന്ന മാപ്പിളമാർ, ലഹളയോടെ മട്ടുമാറി. ആലത്തൂർ പള്ളി മുസലിയാരോട് മേനോൻ സഹായം ചോദിച്ചപ്പോൾ ഇസ്ലാമിൽ ചേരാതെ ഒരു സഹായവും ചെയ്യില്ലെന്ന് മറുപടി കിട്ടി. രാവിലെ പട്ടാളം എത്തിയതിനാൽ ഹിന്ദുക്കൾ രക്ഷപ്പെട്ടു.400 മാപ്പിളമാരെ ക്യാപ്റ്റൻ മക്കെൻറോയിയുടെ നേതൃത്വത്തിൽ ഏറ്റുമുട്ടി കൊന്ന പൂക്കോട്ടൂർ യുദ്ധം മാപ്പിളലഹളയിൽ വഴിത്തിരിവായി. മാധവൻ നായർക്ക് കൽപിത കഥകൾ എഴുതാം എന്ന് വന്നു.

നിലമ്പൂർ  കോവിലകത്തെ നെല്ലും ആയുധങ്ങളും ഹാജി കൈവശപ്പെടുത്തി. നിലമ്പുർ തലസ്ഥാനമായി ഹാജി രാജാവ് ഭരണം തുടങ്ങി.ഗൂർഖാ പട്ടാളത്തെയും ചിൻ കാച്ചിൻ ബറ്റാലിയനെയും ബ്രിട്ടൻ രംഗത്തിറക്കി. സെപ്റ്റംബർ 22 രാത്രി ഇരുന്നൂറോളം മാപ്പിളമാർ ബ്രാഹ്മണ ആചാര്യൻ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലം ആക്രമിച്ചു. ഹിന്ദുക്കളും മാപ്പിളമാരും അടങ്ങിയ നൂറ്റൻപതോളം കാവൽക്കാർ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. ഇവർ തമ്മിൽ പോരാട്ടം കഴിഞ്ഞ് ലഹളക്കാർ പടിപ്പുര തകർത്ത് കോലായിൽ കടന്നു.നേരം പുലർന്നതിനാൽ ഇല്ലത്തിനുള്ളിലേക്ക് കടക്കാതെ മടങ്ങി.മതം മാറാൻ സമ്മതിക്കാത്ത ചുഴലിപ്പുറത്ത് വാസുദേവൻ നമ്പൂതിരിയെ കൊന്നു.സെപ്റ്റംബർ 25 ന് തുവൂർ കിണറ്റിൽ 34 ഹിന്ദുക്കളെ കൊന്നു തള്ളിയ സംഭവത്തോടെ ലഹള ഭീകരമായി.കോഴിക്കോടിന് കിഴക്ക് പുത്തൂരിൽ പുതുമന ഇല്ലപ്പറമ്പിലെ രണ്ടു കിണറുകളിൽ 22 പേരെ കൊന്നു തള്ളിയ സംഭവം പിന്നീട് ഉണ്ടായി.കുറെ മാസങ്ങൾക്ക് ശേഷം മാധവൻ നായർ കോൺഗ്രസ് നേതാവ് വി എസ് ശ്രീനിവാസ ശാസ്ത്രിക്കൊപ്പം തുവൂർ കിണർ പോയി കണ്ടപ്പോൾ 20 തലകൾ എണ്ണി. മൂന്ന് എമ്പ്രാന്തിരിമാർ ഇങ്ങനെ കൊല്ലപ്പെട്ടു. കിണർ കണ്ട ശേഷം ശാസ്ത്രി നിസ്സഹകരണ പ്രസ്ഥാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട കാര്യം നായർ പറയുന്നില്ല.

മാധവൻ നായർ വേണ്ടത്ര പറയാതെ വിട്ട ചില കാര്യങ്ങൾ ഹാജിയെപ്പറ്റിയുണ്ട്.ഹാജിയുടെ ബാപ്പ ചക്കിപ്പറമ്പൻ മൊയ്‌തീൻ കുട്ടി 1894 ൽ മഞ്ചേരിയിൽ ഹിന്ദു കൂട്ടക്കൊല നടത്തിയവരിൽ ഒരാളായിരുന്നു;അയാളെ മക്കയിലേക്കല്ല,ആന്ഡമാനിലേക്കാണ് നാട് കടത്തിയത്.വംശഹത്യ പൈതൃകമായി കിട്ടിയതാണ്.1894 ലെ ലഹളയെപ്പറ്റി മാധവൻ നായർ എഴുതുന്നു:

"1894 ൽ ഉണ്ടായ ലഹളയിൽ 32 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.അവർ പല അക്രമങ്ങളും ചെയ്തു.വളരെ വീടുകൾ ചുട്ടു ഭസ്മമാക്കി.വഴിയിൽ കണ്ട ഹിന്ദുക്കളെ പലരെയും കൊന്നു.അവസാനം ക്ഷേത്രത്തിൽ സങ്കേതം പ്രാപിക്കയും അവിടെ വച്ച് പട്ടാളക്കാരുമായി ഏറ്റുമുട്ടി വെടി കൊണ്ട് മരണപ്പെടുകയും ചെയ്തു."

ഈ ലഹളയിലെ പിടികിട്ടാപ്പുള്ളി ആയിരുന്നു വാരിയൻ കുന്നന്റെ ബാപ്പ.അയാൾ മുങ്ങി ഈരാറ്റുപേട്ടയിൽ ഒളിച്ചു. മൊയ്തീൻ കുട്ടിയുടെയും കുഞ്ഞയിഷയുടെയും രണ്ടാമത്തെ മകനായിരുന്നു വാരിയൻ കുന്നത്ത്  കുഞ്ഞഹമ്മദ് ഹാജി.നാട് കടത്തലിന് പിന്നാലെ സ്വത്തുക്കൾ കണ്ടു കെട്ടി.1896 ൽ ഹാജി മഞ്ചേരി ലഹളയിൽ പങ്കെടുത്തു. പോരാട്ടത്തിൽ 94 മാപ്പിളമാർ കൊല്ലപ്പെട്ടു.

ഏറനാട് താലൂക്കിലെ നെല്ലിക്കുത്തിൽ 1861 ൽ ജനിച്ച ഏരികുന്നൻ പാലാട്ട് മുളയിൽ അലി എന്ന ആലി മുസലിയാർ വാരിയൻ കുന്നന്റെ അയൽക്കാരനും ബന്ധുവും അയാളെപ്പോലെ ലഹളയുടെ പൈതൃകം പേറുന്നവനും ആയിരുന്നു. ഉപ്പാപ്പ മൂസ ഒരു മുൻ ലഹളയിൽ കൊല്ലപ്പെട്ടു. സഹോദരനും അടുത്ത ബന്ധുക്കളും 1896 മഞ്ചേരി മാപ്പിളലഹളയിൽ കൊല്ലപ്പെട്ടിരുന്നു.1921 ലഹളയ്ക്ക് മുൻപത്തെ ഭീകര ലഹളയായിരുന്നു 1896 ൽ നടന്നത്. മഞ്ചേരി കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ  കയറി സ്ഥാനമുറപ്പിച്ച നൂറോളം മാപ്പിള ഭീകരരെ തുരത്തുകയാണ് അന്ന് ചെയ്തത്.

മാധവൻ നായർ എഴുതുന്നു: "ആലി മുസലിയാരുടെ സ്ഥിതിയാണ് ഏറ്റവും ദയനീയമായിരുന്നത്. ഒരുകാലത്ത് അക്രമത്തിൽ വിശ്വസിച്ചിരുന്ന മുസലിയാർ, ലഹളയ്ക്ക് മുൻപായി അക്രമരാഹിത്യം തന്നെ അംഗീകരിച്ചിരുന്നുവെന്നു വിശ്വസിക്കാൻ വഴിയുണ്ട്.എങ്കിലും, കുഞ്ഞലവി മുതലായവരുടെ ചില ദുർഘടങ്ങളായ ചോദ്യങ്ങൾക്ക് പൂർണമായ അക്രമരാഹിത്യത്തെ മുൻ നിർത്തി മറുപടി പറയാൻ തൻറെ മത വിശ്വാസങ്ങൾ പ്രതിബന്ധമായി തീർന്നു. സ്വയരക്ഷയ്ക്ക് പോലും അക്രമം അഥവാ ഹിംസ പാടില്ലെന്ന മഹാത്മജിയുടെ വ്രതം അനുഷ്ഠിപ്പാനോ നടപ്പിലാക്കുവാനോ മുസലിയാർക്ക് അസാധ്യമായി തോന്നി. അതുകൊണ്ടാണ് സ്വയരക്ഷയ്ക്ക് ഹിംസയാകാമെന്ന് മുസലിയാർ അലവിക്കുട്ടിയോടും മറ്റും ഉപദേശിച്ചത്.പക്ഷെ, അങ്ങനെയല്ലാത്ത ഹിംസയ്ക്ക് (agressive violence) അദ്ദേഹം വിരോധി തന്നെ ആയിരുന്നു."

നായരുടെ വെള്ളപൂശൽ ഇസ്ലാമിനെപ്പറ്റി കാര്യവിവരം ഇല്ലാഞ്ഞിട്ടാണ്. ഇസ്ലാമിൻറെ ആരംഭം മുതൽ അതിൽ ഹിംസയുണ്ട്. മുസലിയാർക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിഞ്ഞില്ല. മുഹമ്മദ് അബ്‌ദുറഹിമാനെ പോലുള്ളവർ ഉപദേശിച്ചിട്ടും കഴിഞ്ഞില്ല.കോഴിക്കോട്ട് നിന്ന് 25 ന് കെ പി കേശവ മേനോനും സംഘവും തിരൂരങ്ങാടിയിലെത്തി ആലി മുസലിയാരോട് കീഴടങ്ങാൻ ഉപദേശിച്ചു. അദ്ദേഹം അപേക്ഷ നിരസിച്ചു. താൻ പറഞ്ഞാൽ മാപ്പിളമാർ അനുസരിക്കില്ല എന്നായി മുസലിയാർ. അപ്പോൾ, മുസലിയാർ രാജാവും കുഞ്ഞലവി സൈന്യാധിപനും ആയിരുന്നു. ലവക്കുട്ടിയാണ് മുഖ്യമന്ത്രി. ആ കൂടിക്കാഴ്ച കേശവമേനോൻ, 'കഴിഞ്ഞ കാല' ത്തിൽ വിവരിച്ചിട്ടുണ്ട്. സായുധ സേന രാജാവിന് ചുറ്റും നിലയുറപ്പിച്ചിരുന്നു.ഒരു വാൾ ചുമലിൽ തൂക്കി, മറ്റൊന്ന് കൈയിൽ പിടിച്ച് കുഞ്ഞലവി മേനോൻറെ അടുത്ത് ചെന്ന് നിന്നു.മേനോൻ മുസലിയാരെ അഭിവാദ്യം ചെയ്തു. മുസലിയാർ മേനോനെ ആലിംഗനം ചെയ്തു.മേനോൻ ഉപദേശിച്ചു: " ഞാൻ പറയുന്നത് തെറ്റിദ്ധരിക്കരുത്.കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല.അവിചാരിതമായി പല ദുരിതങ്ങളും നമുക്കുണ്ടായി.ഇനിയും ലഹളയ്ക്ക് ഒരുങ്ങി നിൽക്കുന്നതായാൽ അത് നമുക്ക് വലിയ ആപത്തിനിടയാക്കും.ഞങ്ങൾ ഇങ്ങോട്ട് വരുമ്പോൾ കുറെ പട്ടാളക്കാർ കാറിൽ വരുന്നത് കണ്ടു.ഇനിയും വളരെ പട്ടാളം അടുത്ത് വരുമെന്നത് തീർച്ചയാണ്.അവർ വന്ന് വെടി വച്ച് തുടങ്ങിയാൽ പിന്നത്തെ കഥ എന്തെന്നറിയാമല്ലോ ? അതുകൂടാതെ കഴിക്കണമെങ്കിൽ ആവശ്യപ്പെട്ട ആളുകൾ കീഴടങ്ങാൻ ഒരുങ്ങണം.എന്നാൽ തിരൂരങ്ങാടിയെയും ഇവിടത്തെ ജനത്തെയും രക്ഷിക്കാൻ കഴിയും.കീഴടങ്ങുന്നവരെ ശിക്ഷിക്കുമെന്നത് തീർച്ചയാണ്.പക്ഷെ അവരുടെ ത്യാഗം പൊതുരക്ഷയ്ക്ക് കാരണമായേക്കാം.അതിന് മുസലിയാർ മറ്റുള്ളവരെ ഉപദേശിക്കണം.ഇതാണ് എനിക്ക് പറയാനുള്ളത് .''

മുസലിയാർ ദീർഘശ്വാസം വിട്ടു. മറ്റുള്ളവരെ നോക്കി അയാൾ മിണ്ടാതിരുന്നു.അവിടെ നിന്നവർ മേനോൻറെ ഉദ്ദേശ്യ ശുദ്ധിയെ സംശയിച്ചു.മേനോനും സംഘത്തിനും അവിടെ നിൽക്കുന്നത് ആപത്താണെന്ന് തോന്നി.എങ്കിലും മുസലിയാർ, മേനോൻ പറഞ്ഞത് ശരി വച്ചു; തീരുമാനം കൂടെയുള്ളവർക്ക് വിട്ടു.മേനോനോട് പോകുമ്പോൾ ലവക്കുട്ടിയെയും കുഞ്ഞലവിയെയും കണ്ടിട്ട് പോകാൻ മുസലിയാർ ഉപദേശിച്ചു.ആ തീവ്രവാദികളുടെ ബന്ദിയായിരുന്നു, മുസലിയാർ.മേനോൻ കുഞ്ഞലവിയോട് സംസാരിച്ചു. അയാൾ പറഞ്ഞു; " കീഴടങ്ങേണ്ട കഥ മാത്രം അവിടുന്ന് എന്നോട് പറയരുത്.അവർക്ക് എന്നെ കിട്ടിയാൽ കൊല്ലുക അല്ല ചെയ്യുക,അരയ്ക്കുകയാണ്.ഞാൻ അവരോട് യുദ്ധം ചെയ്ത് ചത്തുകൊള്ളാം ."

മുസലിയാർ കോൺഗ്രസുകാരൻ ആയിരുന്നില്ല. ഇസ്ലാമിൽ ആധാരമായ മതരാഷ്ട്രം സ്ഥാപിക്കാൻ കോൺഗ്രസ് ചങ്ങാത്തം സഹായിക്കുമെന്ന് ധരിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിൽ നിന്ന, ഗാന്ധിയുടെ നിസ്സഹകരണത്തിൽ പങ്കില്ലാത്ത ഏറനാടൻ മാപ്പിള. സംഗതി വഷളായപ്പോൾ ആദ്യ ധർമ്മസങ്കടത്തിൽ നിന്ന് അയാൾ രക്ഷപ്പെട്ടത്, അനുയായികൾ നബിയുടെ യുദ്ധങ്ങൾ വച്ച് ചോദ്യം ചെയ്തപ്പോഴാണ്. ഹിംസയ്ക്ക് മതപരമായ അനുമതിയുണ്ടെന്ന് വ്യാഖ്യാനിച്ച് അയാൾ ഇടക്കാല മിതവാദം വിട്ട് തീവ്രവാദികൾക്ക് വഴങ്ങി.രാജാവായി കിരീടധാരണം നടന്നത് പള്ളിയിൽ തന്നെ ആയിരുന്നു. രാജാവായത് തന്നെ, ആദ്യ സംഘർഷത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളം തോറ്റു, ഏറനാട് സ്വതന്ത്ര ഇസ്ലാമിക റിപ്പബ്ലിക്കായി എന്ന മിഥ്യാ ധാരണയിൽ ആയിരുന്നു. ഇസ്ലാമിക രാഷ്ട്ര സ്ഥാപനം ഇന്ത്യയിൽ സ്വാതന്ത്ര്യ സമരമായത് എന്നാണെന്ന് വിശദീകരിക്കേണ്ടത്, മാപ്പിള ലഹളയെ വെള്ള പൂശുന്ന മാർക്സിസ്റ്റ് / ജമാ അത്തെ ഇസ്ലാമി ചരിത്രകാരന്മാരാണ്.

മാധവൻ നായരെപ്പറ്റി 1922 സെപ്റ്റംബർ 25 ന്, പ്രത്യേക ജഡ്ജി ഇ പാക്കെൻഹാം വാൽ‌ഷ്, എം പി നാരായണ മേനോനെ നാട് കടത്തുന്ന വിധിയിൽ ഇങ്ങനെ എഴുതി:

"ജയിലിൽ നിന്ന് പുറത്തു വന്നയുടൻ, പൂക്കോട്ടൂരിൽ ഗുരുതര പ്രശ്നമുണ്ടെന്ന് നായർക്ക് അറിയാമായിരുന്നു.തോക്കിന് വേണ്ടി പരിശോധനയ്ക്ക് പോയ പോലീസിനെ പ്രതിരോധിച്ചതാണ്, കാരണം.ഓഗസ്റ്റ് ഒന്ന് മുതൽ അവിടേക്ക് പോകാൻ ഒരു പോലീസ് ഓഫിസറും ധൈര്യപ്പെട്ടില്ല എന്നും നായർ അറിഞ്ഞു കാണും.സ്ഥിതി ഗുരുതരമാണെന്നും ഉടൻ അവിടെ പോകേണ്ടത് കടമയാണെന്നും ചിന്തിച്ചതായി നായർ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും,സർക്കാരിനോടുള്ള വിദ്വേഷം കൊണ്ടോ, സ്വയം കുപ്രസിദ്ധൻ ആകാനുള്ള ആഗ്രഹം കൊണ്ടോ, ഓഗസ്റ്റ് 17 ന് നായർ കോഴിക്കോട്ട് ഒരു പ്രസംഗം നടത്തി.ഏറനാട്ടിലെ മാപ്പിളയെ കുറേക്കൂടി ആവേശം കൊള്ളിക്കുകയായിരുന്നു, ഉന്നം. "മലബാറിൽ 30 ലക്ഷം പേരുണ്ട്. സ്വാതന്ത്ര്യം നേടാൻ ആയിരത്തിൽ നൂറു പേരെങ്കിലും ജയിലിൽ പോകണം.അത് ചെയ്തില്ലെങ്കിൽ,മോചനമില്ല " എന്ന് പറഞ്ഞതായി നായർ സമ്മതിച്ചു. പൂക്കോട്ടൂർ മാപ്പിളമാർ ഓഗസ്റ്റ് ഒന്ന് മുതൽ നേടിയ 'സ്വാതന്ത്ര്യം' സർക്കാർ നിയന്ത്രണത്തിൽ നിന്നുള്ള പൂർണ സ്വാതന്ത്ര്യം ആയിരുന്നു. രാജാവിൻറെ ഉത്തരവിന് വിലയില്ലാതായി.ആ സാഹചര്യത്തിൽ, നായരുടെ ആഹ്വാനം മാപ്പിളമാരിൽ ഉണ്ടാക്കിയ ധാരണ, അതിനപ്പുറമുള്ള സ്വാതന്ത്ര്യത്തിന് കൂടി ശ്രമിക്കണം എന്നായിരിക്കും.താനും ഏറനാട്ടുകാരനാണെന്നും മാപ്പിളമാർ എന്തെങ്കിലും കുഴപ്പം കാട്ടിയാൽ താനും കുടുംബവുമായിരിക്കും, മജിസ്‌ട്രേറ്റല്ല ആദ്യം അനുഭവിക്കേണ്ടി വരിക എന്ന് പ്രസംഗത്തിൽ പറഞ്ഞത്,സാമാന്യ ബോധത്തിൻറെ കണിക ബാക്കി നിന്നത് കൊണ്ടാകണം. മാപ്പിളമാരെ നന്നായി അറിഞ്ഞിരുന്ന നായരിൽ കാണുന്നത്, വിചിത്രമായ മനോനിലയാണ്. മാപ്പിളമാരിൽ ഉന്മാദം കുത്തിവച്ച് അവർ നിയന്ത്രണം വിട്ട് 'സ്വാതന്ത്ര്യം' ഇനിയും നേടണമെന്ന പ്രേരണ. ഇത്, തന്നെപ്പോലുള്ള ഹിന്ദുക്കൾക്ക് അപകടമാകുമെന്ന നേരിയ തിരിച്ചറിവുമുണ്ട്.ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴത്തെ അവസ്ഥയും തന്നെ ആദരിച്ചുള്ള പ്രകടനവും സർക്കാരിനോടുള്ള വെറുപ്പും ആകാം ഈ പ്രസംഗത്തിന് നായരെ പ്രേരിപ്പിച്ചത്. പൂക്കോട്ടൂർ സംഭവത്തിലെങ്കിലും നില തെറ്റിയെന്ന് മാപ്പിളമാരോട് പറയേണ്ടിയിരുന്നു.അധികാരികളെ ഇങ്ങനെ തടസ്സപ്പെടുത്തുന്നത് നിർത്തണം എന്ന് വിലക്കേണ്ടിയിരുന്നു.

"ഇരുൾ മൂടിയ മനസ്സിനാൽ, സ്വന്തം രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന മാതൃഭൂമിയുടെ മക്കളായ പോലീസിനെ വെറുക്കരുത്'' എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത് എന്നത് സത്യമാണ്. എന്നാൽ, ആ സാഹചര്യത്തിൽ, പൂക്കോട്ടൂരിൽ കളവ് കേസ് അന്വേഷിക്കാൻ,നിയമപരമായ കടമ നിർവഹിക്കാൻ പോയ പോലീസുകാർ രാജ്യത്തിനെതിരെ പ്രവർത്തിച്ചെന്നും അവരെ  എതിർക്കേണ്ടതാണ് എന്നുമല്ലേ ഇതിനർത്ഥം? ഈ പ്രസംഗം വായിക്കുന്ന പൂക്കോട്ടൂർ മാപ്പിള, ഷേക്‌സ്‌പിയർ വായിക്കാനുള്ള വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ,അതിൻറെ മലയാള പരിഭാഷ വായിച്ചിരുന്നെങ്കിൽ,പോലീസിനെ മാർക്ക് ആൻറണിയുടെ ''മാന്യന്മാരുടെ'' കൂട്ടത്തിലല്ലേ പെടുത്തുക ?"

കെ കേളപ്പൻ 

കെ കേളപ്പൻ അന്ന് പൊന്നാനി കേന്ദ്രമായാണ് പ്രവർത്തിച്ചിരുന്നത്.ലഹള പൊട്ടിപ്പുറപ്പെട്ട ശേഷം, ഓഗസ്റ്റ് 21 ന് ഒരു പ്രധാന മുസ്ലിം തറവാട്ടിൽ വിവാഹം നടന്നത് , അദ്ദേഹവും സംഘവും ഒരുക്കിയ സംരക്ഷണത്തിൽ ആയിരുന്നു.അദനയില്‍ പടിഞ്ഞാറകത്ത് സയ്യിദ് അബ്ദുല്ല ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെ മകള്‍ നഫീസ കുഞ്ഞാറ്റ ബീവി ശരീഫയുടെ നികാഹ് ആയിരുന്നു, അത്. ജുമാമസ്ജിദ് റോഡിലെ വധുഗൃഹമായ വെട്ടംപോക്കിരിയകം തറവാട് ഇന്നും പ്രൗഢിയോടെ നില്‍ക്കുന്നു. നാട്ടിലും മറുനാട്ടിലും നികാഹിന് ക്ഷണിച്ചിരുന്നു. കടലോരം വറുതിയിലായതിനാല്‍ ഒരു നേരത്തെ അന്നം ഏഴകള്‍ക്ക് ആശ്വാസമായിരുന്നു.വരന്‍ കോഴിക്കോട് ആക്കോട്ടെ സയ്യിദ് കുടുംബത്തില്‍ നിന്നായിരുന്നു .

വീടിന് പിന്‍വശത്ത് ഒഴുകുന്ന കനോലി കനാലിലൂടെ കൊച്ചി തൈക്ക്യാവ്, ആലുവ, തോട്ടുമുഖം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, വെളിയംകോട്, തിരൂര്‍, ചാലിയം പ്രദേശങ്ങളില്‍ നിന്ന് കെട്ടുവള്ളങ്ങളിലും വഞ്ചികളിലും, കരയിലൂടെ മഞ്ചലുകളിലും കാളവണ്ടിയിലും കുതിരവണ്ടിയിലും ബന്ധുമിത്രാദികള്‍ പുലര്‍ച്ചെ മുതല്‍ എത്തി. രാത്രിയിലാണ് നികാഹ് . സന്ധ്യ മയങ്ങിയതോടെ പെട്രോമാക്‌സ് ലൈറ്റുകളും കാന്തവിളക്കുകളും തെളിഞ്ഞു. കോലായയിലും കൊട്ടിലിലും അകത്തളങ്ങളിലും ചായ്പിലും അതിഥികളുടെ കോലാഹലവും കൂട്ടച്ചിരികളും. മുറ്റത്തെ പന്തലില്‍ പണ്ഡിതന്മാരുടെയും പൗരപ്രമുഖരുടെയും നിറഞ്ഞ സദസ്സ്. നശീദ, മദ്ഹ് ബൈത്തുകളുടെ ഈരടികള്‍ ഈണത്തില്‍ ചൊല്ലിക്കൊണ്ടുള്ള അറവനമുട്ടും കോല്‍ക്കളിയും. കലാപത്തിന്റെ അലയടികള്‍ ഏശാത്തതുപോലെ എല്ലാവരും ആഹ്ളാദത്തിൽ ആയിരുന്നു. അപ്പോഴാണ് തിരൂരിൽ നിന്ന് ലഹളക്കാർ എത്തിയത്. ചിലര്‍ ഓടിവന്ന് ഇമ്പിച്ചിക്കോയതങ്ങളോട് പറഞ്ഞു: "വലിയ തങ്ങളേ, പറ്റിച്ചു. ചമ്രവട്ടം പള്ളിപ്പുറത്തുകാരന്‍ അവുതലുവിന്റെ നേതൃത്വത്തില്‍ മുന്നൂറോളം ലഹളക്കാര്‍ വാരിക്കുന്തങ്ങളും കുറുവടികളും വടിവാളുകളുമായി അങ്ങാടി പ്പാലത്തിനടുത്ത് എത്തിയിരിക്കുന്നു. താലൂക്കാഫീസും ഖജനാവും പോലീസ് സ്റ്റേഷനും അങ്ങാടിയിലെ ധനാഢ്യതറവാടുകളായ രായിച്ചന്റകവും കൊങ്ങണംവീടും തകര്‍ക്കുമെന്നാണ് കേള്‍ക്കുന്നത്.കേളപ്പന്റെ നേതൃത്വത്തില്‍ തല്‍കാലം നമ്മുടെ ആളുകള്‍ സുരക്ഷാവലയം തീര്‍ത്തിരിക്കുന്നു. അങ്ങാടി പ്പാലം കടന്നാല്‍ സ്ഥിതി വഷളാകും."

പന്തലില്‍ മ്ലാനത പരന്നു.കേളപ്പനും രാമന്‍മേനോന്‍ വക്കീലും പഞ്ചിലകത്ത് മുഹമ്മദാജിയും മക്കി ഇമ്പിച്ചാക്കയും ബാലകൃഷ്ണമേനോനും പറഞ്ഞിട്ടൊന്നും മാപ്പിളക്കൂട്ടം അടങ്ങിയില്ല. രാമന്‍ മേനോന്റെ ചുമലില്‍ കയറിയിരുന്ന് കേളപ്പന്‍ പറഞ്ഞു:"ഞങ്ങള്‍ നിങ്ങളുടെ ഗുണകാംക്ഷികളാണ്. നിങ്ങള്‍ സ്വീകരിച്ച രീതികളില്‍ ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. നമ്മുടെ മാര്‍ഗം സമാധാനത്തിന്റേതാണ്. അതിലൂടെ ലക്ഷ്യം നേടാനാണ് നമ്മുടെ ദേശീയ നേതാക്കളുടെ ആഹ്വാനം. ഈ സാഹസകൃത്യങ്ങളുടെ പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ മനസിലാക്കണം. അതുകൊണ്ട് ശാന്തരാകൂ. നമുക്ക് കാര്യങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യാം".

ആ വാക്കുകള്‍ ആദ്യം ലഹളക്കാര്‍ ചെവിക്കൊണ്ടില്ല.രംഗം അല്‍പം ശാന്തമായപ്പോള്‍ സമരക്കാര്‍ പാലം കടന്ന് അങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റി ഓഫീസിലും പരിസരത്തും സംഗമിച്ചു. കേളപ്പന്റെയും സംഘത്തിന്റെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥനകള്‍ കേൾക്കാൻ അപ്പോഴും അവര്‍ മടിച്ചു. കാര്യ ഗൗരവം മനസ്സിലാക്കിയ ഇമ്പിച്ചിക്കോയ തങ്ങള്‍ ഏതാനും സഹപ്രവര്‍ത്തകരുമൊത്ത് ലഹളക്കാരെ കാണാന്‍ ധൃതിയില്‍ ചെന്നു. നീളൻ കുപ്പായവും നിസ്‌കാരത്തഴമ്പും തൊപ്പിക്കു മുകളില്‍ തലപ്പാവുമായി,  ശാന്തനായി, ഇമ്പിച്ചിക്കോയതങ്ങള്‍ പറഞ്ഞു: "മക്കളേ, ഇത് ചെറിയ മക്കയാണ്. മലബാറിന്റെ പകുതിയോളം വിസ്തീര്‍ണ്ണമുള്ള താലൂക്കിന്റെ ആസ്ഥാനവും സാമൂതിരി രാജാവ് കൃഷ്ണമണിപോലെ സംരക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ രണ്ടാം തലസ്ഥാനവുമാണ്. ഇവിടെ അങ്ങാടി പ്രദേശത്ത് മുസ്‌ലിംകള്‍ അല്ലാതെ മറ്റാരും വസിക്കുന്നില്ല. ഹൈന്ദവ സുഹൃത്തുക്കളും മുസ്‌ലിംകളും നൂറ്റാണ്ടുകളായി മതമൈത്രിയോടെയാണ് ഇവിടെ ജീവിക്കുന്നത്.‘ഇന്ന് എന്റെ പൊന്നുമകള്‍ കുഞ്ഞാറ്റയുടെ നികാഹാണ്.നിങ്ങള്‍ ശാന്തരായി എന്റെ കൂടെ വന്ന് നികാഹ് ഭംഗിയാക്കി തരണം ". തങ്ങള്‍ ലഹള നേതാവ് അവുതലുവിനെ ചേര്‍ത്തുപിടിച്ചു. അവര്‍ ശാന്തരായി.

ഇമ്പിച്ചിക്കോയതങ്ങളൊടൊപ്പം തക്ബീര്‍ വിളികളോടെ ലഹളക്കാര്‍ പന്തലിലേക്ക് കടന്നപ്പോള്‍ സദസ്സ് പെട്ടെന്ന് ഇളകി. പലരും പല ഭാഗത്തേക്ക് ഓടി . "ആരും ഭയപ്പെടരുത്, ഓടരുത്. ഇത് നമ്മുടെ സുഹൃത്തുക്കളും മാന്യ അതിഥികളുമാണിത് ", തങ്ങള്‍ പറഞ്ഞു. വിശപ്പും ദാഹവും ലഹളക്കാരെ അലട്ടി. ചെമ്പുകളില്‍ കലക്കി വെച്ചിരുന്ന പഞ്ചസാരവെള്ളം കുടിച്ചു. ഒരു ചാക്ക് പഞ്ചസാര തങ്ങൾ കലക്കി. ഈ സമയത്ത് നല്ല മഴ പെയ്തു. ലഹളക്കാര്‍ ഒന്നും ചെയ്യാന്‍ വയ്യാതെ കുറേ നേരം അവിടെയിരുന്നു. കേളപ്പന്‍ അവരെ വീണ്ടും സമീപിച്ചു. ലഹളയ്‌ക്കൊരുങ്ങാതെ മടങ്ങിപ്പോകണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. ഖിലാഫത്ത് ഫണ്ടിലേക്ക് സദസ്സില്‍ നിന്ന് സ്വരൂപിച്ചെടുത്ത 2500 രൂപയുടെ കിഴിയുമായി പിറ്റേന്ന് പുലര്‍ച്ചെ ചമ്രവട്ടം കടവിലൂടെ തിരൂരിലേക്ക് ലഹളക്കാർ മടങ്ങി.

പൊന്നാനിക്കാരനായ ഇ മൊയ്‌തു മൗലവിയെ ദേശീയ മുസ്ലിം ആയി പലരും ചിത്രീകരിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല; മാപ്പിള ലഹളയുമായി ബന്ധപ്പെട്ട മുസ്ലിം നേതാക്കളിൽ, മത മൗലികതയ്ക്കപ്പുറം നിൽക്കാൻ ശ്രമിച്ച ഒരേ ഒരാൾ, മുഹമ്മദ് അബ്‌ദു റഹിമാനാണ്.

ഒറ്റപ്പാലം കോൺഗ്രസ് സമ്മേളന പന്തലിൽ തന്നെ, 1921 ഏപ്രിൽ 25 ന് കേരള ഉലമാ സമ്മേളനവും നടന്നു. സമ്മേളനം മൂന്ന് പ്രമേയങ്ങൾ പാസാക്കി.
ഒന്ന്: യൂറോപ്യൻ ശക്തികൾ ഖിലാഫത്തിനെ നശിപ്പിക്കാൻ നോക്കുന്നതിനാൽ, കേരള മുസ്ലിംകൾ സക്കാത്തിൽ ഒരു ഭാഗം, ഖിലാഫത്ത്, സ്മിർണ ഫണ്ടുകൾക്ക് നീക്കി വയ്ക്കണം.
രണ്ട്: കേരള മുസ്ലിംകൾ സർക്കാരുമായി അഹിംസാത്മകമായ നിസ്സഹകരണത്തിൽ കഴിയണം.
മൂന്ന്:21 വയസായ എല്ലാ മുസ്ലിംകളും കോൺഗ്രസിൽ ചേരണം.അത് വഴി ഖിലാഫത്ത് ശരിയാക്കിയെടുക്കണം, സ്വരാജ് നേടണം.

സയ്യിദ് മുർതാസ ഹസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, 41 മൗലവിമാർ പങ്കെടുത്തു. ഒരു കമ്മിറ്റി ഉണ്ടാക്കി .സയ്യിദ് അലവി തങ്ങൾ ആയുഷ്‌കാല പ്രസിഡൻറ്. വക്കം അബ്ദുൽ ഖാദർ മൗലവി ഷെയ്ഖ് മാഹിൻ ഹംദാനി തങ്ങൾ എന്നിവർ വൈസ് പ്രസിഡന്റുമാർ. മൊയ്‌തു മൗലവി ജനറൽ സെക്രട്ടറി. കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ, കെ എം മൗലവി, മൗലവി അറബി ഷംനാട് എന്നിവർ ജോയിൻറ് സെക്രട്ടറിമാർ. കട്ടിലശ്ശേരി മുസ്ലിയാരും എം പി നാരായണ മേനോനും അടയും ചക്കരയും പോലെ ആയിരുന്നു. വക്കം മൗലവിയാണ് 'സ്വദേശാഭിമാനി' ഉടമ ആയിരുന്നയാൾ. ഇസ്ലാമിനെ തൊടരുത് എന്ന നിർദേശം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള പാലിച്ചിരുന്നു. ഈ സമ്മേളനം നടക്കുമ്പോൾ, പത്രം പൂട്ടി ഒരു പതിറ്റാണ്ട് കഴിഞ്ഞിരുന്നു. സെക്രട്ടറിയുടെ പ്രസംഗം ലഘുലേഖയായി പ്രസിദ്ധീകരിച്ചത് സർക്കാർ നിരോധിച്ചു. മൊയ്‌തു മൗലവി, മജ്‌ലിസ് ഉൽ ഉലമ സെക്രട്ടറി എന്ന നിലയിൽ എഴുതിയ ലഘു ലേഖയിൽ മുസ്ലിംകളുടെ കടമകൾ വിശദമാക്കി.ഇസ്ലാമിനെ തുടച്ചു നീക്കാൻ ക്രിസ്ത്യാനികൾ ശ്രമിക്കുകയാണെന്ന് മൗലവി പറഞ്ഞു.ജീവനെക്കാൾ വലുതാണ് മുസ്ലിമിന് ഇസ്ലാം മതം. അതിനാലാണ്, ഖിലാഫത്തിനെ ജീവൻ വെടിഞ്ഞും രക്ഷിക്കാനുള്ള ഫത്വ.ഏറനാട്ടിലെ പല പ്രസംഗങ്ങളിലും ആയുധം സംഭരിക്കാൻ മൗലവി ആഹ്വാനം ചെയ്‌തു.

ഈ ലഘു ലേഖയിൽ നിന്ന് തെളിയുന്നത്, വിശുദ്ധ യുദ്ധത്തിന് മൗലവിയും കൂട്ടരും ഫത്വ ഇറക്കിയെന്നാണ്; ഫത്വ കോൺഗ്രസ് സംസ്‌കാരമല്ല. എങ്കിലും, പൊന്നാനി മാറഞ്ചേരിയിൽ ജനിച്ച മൊയ്‌തു മൗലവിയാണ്, മുഹമ്മദ് അബ്‌ദു റഹിമാനെ ഖിലാഫത്തിൽ കൊണ്ട് വന്നത്; അലിഗഢിൽ പഠിക്കുകയായിരുന്നു, റഹ്‌മാൻ. ഇരുവരും ഒന്നിച്ചാണ്, ലഹള പൊട്ടുമെന്ന ഘട്ടത്തിൽ പൂക്കോട്ടൂരിൽ പോയത്. അവർക്കൊപ്പം പോകാൻ, പേടിച്ചരണ്ട കേശവ മേനോൻ വിസമ്മതിച്ചതായി മൗലവിയുടെ ആത്മ കഥയിലുണ്ട്. പൂക്കോട്ടൂരിൽ സമാധാനം സ്ഥാപിക്കാൻ, ലഹളയുടെ ദിവസം റഹ്‌മാൻ മാധവൻ നായരെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് വരികയും ചെയ്‌തു.കോഴിക്കോട്ടേക്ക്, 'ദീനം കലശലല്ല' എന്ന് കമ്പിയടിക്കുകയാണ്, റഹ്‌മാൻ ചെയ്തത് - ലഹള ഒടുങ്ങുമെന്ന് അദ്ദേഹം കരുതി.അവർ കോഴിക്കോട്ടേക്ക് മടങ്ങിയതിന് പിന്നാലെ, ഏറനാട് കത്തി.

പിൽക്കാലത്ത്, കോൺഗ്രസിൽ, ചാലപ്പുറം ഗാങിനെതിരെ ഇ എം എസ് പക്ഷത്ത് അബ്‌ദു റഹ്‌മാനെ കണ്ടു. മാപ്പിള ലഹളക്കാലത്ത് 12 വയസ് മാത്രം ഉണ്ടായിരുന്ന ഇ എം എസ്, ലഹളയെ മുൻ നിർത്തി പിൽക്കാലത്ത് എടുത്ത നിലപാടുകൾ അവസരവാദിക്ക് മാത്രം ചേർന്നതാണ്.ഏറനാട്ടിൽ അല്ല, വള്ളുവനാട്ടിലാണ് ഇ എം എസിൻറെ ഏലംകുളം മന. മനയ്ക്ക് പുറത്ത് മാപ്പിളമാരായ കാവൽക്കാരെ നിയോഗിച്ചെന്ന് ഇ എം എസ് ആത്മകഥയിൽ പറയുന്നു.മനയിലെ സ്ത്രീകളെയും കുട്ടികളെയും മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. പുഴ കടന്ന് ഇവർ ഷൊർണൂർക്ക് പോയി. അവിടന്ന് ട്രെയിനിൽ ഇരിങ്ങാലക്കുടയ്ക്കും.അഞ്ചു മാസം വെള്ളാങ്ങല്ലൂരിലാണ് ഇ എം എസും മറ്റും താമസിച്ചത്.

മാർക്സിസ്റ്റ് ആയ ശേഷം ഹിന്ദുക്കളെ ഒറ്റുന്ന പണിയിലാണ്, ഇ എം എസ് ഏർപ്പെട്ടത്. 'കേരളം,ഇന്നലെ, ഇന്ന്, നാളെ' എന്ന പുസ്തകത്തിൽ, വാരിയൻകുന്നത്ത് ഹാജി ജനകീയ ഭരണം സ്ഥാപിച്ചെന്നാണ്, ഇ എം എസ് പറയുന്നത്. അത് സമർത്ഥമായ ഗറില്ലാ യുദ്ധം ആയിരുന്നുവെന്ന് അദ്ദേഹം എഴുതുന്നു. ആവേശം മൂത്താൽ, ഏത് ശക്തനായ ശത്രുവിനെയും കീഴടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ മാപ്പിള കർഷകന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നമ്പൂതിരി ആയതിനാൽ, ഇതിനെ 'നൊസ്സ്' എന്നാണ്, വിളിക്കേണ്ടത്. ഹിന്ദു വംശഹത്യയ്ക്ക് മാർക്സിസ്റ്റ് പദാവലികൾ കൊണ്ട് വർഗ സമരത്തിൻറെ ചുവപ്പൻ തോരണങ്ങൾ ചാർത്താനാണ്, ശ്രമം. മതഭ്രാന്താണ് ഖിലാഫത്ത് പ്രക്ഷോഭത്തിന് അടിസ്ഥാനം. മതഭ്രാന്ത് വർഗ്ഗസമരമോ സ്വാതന്ത്ര്യ സമരമോ അല്ല.വംശഹത്യ കമ്മ്യൂണിസ്റ്റ് റഷ്യയിൽ നടന്നതിനാൽ, ഇവിടെ അതിനെ ന്യായീകരിക്കാൻ കഴിയില്ല. മലപ്പുറം മുസ്ലിംകൾക്ക് സമ്മാനിച്ച ഇ എം എസിനപ്പുറം പോയി, 1973 ൽ സി അച്യുത മേനോൻ, മതഭ്രാന്തിനെ സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച്, വേട്ടക്കാർക്ക് പെൻഷൻ കൊടുത്തു. ഹിന്ദുക്കളായ ഇരകൾ, അനാഥരായി. കോൺഗ്രസുകാരും കമ്മ്യുണിസ്റ്റുകളും ഹിന്ദുക്കളെ ഒറ്റിയതാണ്, മാപ്പിള ലഹളയുടെ ബാക്കിപത്രം.


© Ramachandran 















FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...