'സാഹിത്യ വിമർശം' ത്രൈമാസികയുടെ ജനുവരി -മാർച്ച് 1922 ലക്കത്തിൽ വന്ന അഭിമുഖം.
രാമചന്ദ്രൻ, താങ്കൾ മലയാള മനോരമ വിടാൻ കാരണം എന്താണ്?
ഞാൻ മലയാള മനോരമയിൽ നിന്നല്ല, അതിൻറെ ഇംഗ്ലീഷ് വാരികയിൽ നിന്നാണ് പോയത്. തിരുവനന്തപുരത്ത് മനോരമയുടെ രാഷ്ട്രീയ ലേഖകൻ ആയിരിക്കെയാണ്, എന്നെ ആ വാരികയിലേക്ക് നിയോഗിച്ചത്. ആ നിർദ്ദേശം എനിക്ക് മുന്നിൽ ഉടമകൾ വയ്ക്കും മുൻപ് മനോരമയുടെ പത്രാധിപ സമിതിയിലെ ഉന്നതരുടെ യോഗം അവർ വിളിച്ചിരുന്നു. എന്നെ തിരുവനന്തപുരത്തു നിന്ന് മാറ്റരുത് എന്നാണ്, ആ യോഗം അഭിപ്രായപ്പെട്ടത്. എന്നാൽ, അടുത്ത ദിവസം തന്നെ എന്നെ വിളിച്ച് ഉടമകൾ എന്നോട് സമ്മതം ചോദിച്ചു. ഞാൻ നിരസിച്ചു. എങ്കിലും തുടർന്നുള്ള സ്‌നേഹപൂർണമായ നിർബന്ധത്തിന് ഞാൻ വഴങ്ങി. ഇഷ്ടമായല്ല ഞാൻ പോയത് എന്നർത്ഥം.
അന്ന് തിരുവനന്തപുരത്ത് ഞാൻ വീട് വച്ച് ആറു മാസമേ ആയിരുന്നുള്ളൂ. രണ്ടു കുഞ്ഞുങ്ങൾ തീരെ ചെറിയ ക്‌ളാസുകളിൽ ആയിരുന്നു.
ആ വാരികയിൽ നേതൃ പ്രതിസന്ധി ഉണ്ടായിരുന്നു. മലയാള പത്ര പ്രവർത്തനത്തിൽ നിന്ന് ഒരാൾ മുതിർന്ന പദവിയിൽ അവിടെ ചെന്നതിൽ ചിലർക്ക് നീരസവും ഉണ്ടായിരുന്നു. എനിക്ക് ജോലി അറിയാം. പാര അറിയില്ല. ആ സാഹചര്യത്തിൽ, എൻറെ ശീലങ്ങൾ മാറിയില്ല. "ഞാൻ നാളെ മുതൽ മനോരമയിൽ പോകുന്നില്ല; എനിക്ക് വിവരമുണ്ട്. നിന്നെയും കുഞ്ഞുങ്ങളെയും ഞാൻ നോക്കിക്കോളാം" എന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. അവർ സമ്മതിച്ചു. ജോലി വിടുന്നത് ഒരു സർഗ്ഗാത്മക പ്രവർത്തനമാണ്.
അക്കാലത്തെ പത്ര പ്രവർത്തന രംഗത്തെയും ഇക്കാലത്തെയും താരതമ്യം ചെയ്യാമോ?
പഴയ കാലമായിരുന്നു നല്ലത് എന്ന പട്ടാളക്കാര സ്‌മൃതിക്കൊപ്പം ഞാനില്ല. അച്ചടി മാധ്യമത്തെക്കാൾ ദൃശ്യത്തിന് പ്രാധാന്യം വന്നു. പത്രത്തിൽ പ്രവർത്തിക്കുന്നവർ രണ്ടാം തരം പൗരന്മാർ ആയി. അവർക്ക് ദേശസാൽകൃത ബാങ്കിലെ പ്യൂണിൻറെ ശമ്പളം പോലും ഇല്ലാതായി. പത്രങ്ങൾക്ക് നല്ല പ്രതിഭകളെ കിട്ടാതായി. നാം വാർത്തകൾക്കായി ഇന്ന് പത്രങ്ങളെ ആശ്രയിക്കുന്നില്ല; സാമൂഹ്യ മാധ്യമങ്ങളാണ് മുന്നിൽ. മനോരമ പത്രം അഞ്ചു മിനിറ്റ് കൊണ്ട് മറിച്ചു നോക്കി വായനക്കാരൻ ഉപേക്ഷിക്കുന്നു. അത് സംഭവിക്കാതിരിക്കാൻ, പത്രം മൂല്യ വർദ്ധിത ഉൽപന്നം ആകണം. അത് സംഭവിക്കുന്നില്ല. ഗാന്ധിയെപ്പറ്റി കൽപറ്റ നാരായണനും ആനന്ദ് നീലകണ്ഠനും ചർച്ച ചെയ്താൽ മൂല്യ വർധന ഉണ്ടാവില്ല; ചേതൻ ഭഗത് എന്ന നാലാംകിട എഴുത്തുകാരൻ ഭാഷാപോഷിണിയിൽ ആഘോഷിക്കപ്പെട്ടാലും, മൂല്യവർദ്ധന ഉണ്ടാവില്ല. ഇതൊക്കെ തറവേലകൾ മാത്രമാണ്.
മലയാളത്തിലെ പ്രഗത്ഭരായ പത്രപ്രവർത്തകർ ആരെല്ലാം ആയിരുന്നു? ഇന്ന് എടുത്തു പറയാവുന്നവർ ആരെങ്കിലുമുണ്ടോ ?
മനോരമയിലെ ബാബു ചെങ്ങന്നൂർ ഓൾറൗണ്ടർ ആയിരുന്നു.അദ്ദേഹത്തെ ചുറ്റിപ്പറ്റി കുറെ ഇതിഹാസ കഥകളുണ്ട്. ഞാൻ വിദ്യാർത്ഥി ആയിരിക്കെ, അദ്ദേഹം ലിയോൺ യൂറിസിൻറെ 'ആൻഗ്രി ഹിൽസ്' മനോരമ വരാന്തപ്പതിപ്പിൽ പരിഭാഷ ചെയ്തത് വായിച്ചിട്ടുണ്ട്. കോംഗോ യുദ്ധം റിപ്പോർട്ട് ചെയ്യാൻ അവിടെ പോയിരുന്നു. കേസരി ബാലകൃഷ്ണ പിള്ള, ടി കെ മാധവൻ, സി ജെ തോമസ്, എൻ വി കൃഷ്ണ വാരിയർ, എം ടി വാസുദേവൻ നായർ, കളത്തിൽ വർഗീസ്, കാമ്പിശ്ശേരി കരുണാകരൻ, കെ ആർ ചുമ്മാർ, ടി വി ആർ ഷേണായ്, പി കെ ബാലകൃഷ്ണൻ, തോമസ് ജേക്കബ്, പി രാജൻ, എൻ എൻ സത്യവ്രതൻ, എസ് ഭാസുര ചന്ദ്രൻ, ജി ശേഖരൻ നായർ, പി രവികുമാർ, രവി മേനോൻ, ഡി വിജയ മോഹൻ തുടങ്ങി അന്നും ഇന്നുമായി പലരുമുണ്ട്. ഷേണായ് എഴുതിയിരുന്നത് ഇംഗ്ലീഷിലാണ്. മലയാളത്തിലെ ഏറ്റവും മോശം പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള തന്നെ. മലയാള പത്ര പ്രവർത്തനത്തിൻറെ പിതാവ് ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ ആണ് -അദ്ദേഹമാണ്, സ്വദേശാഭിമാനിയുടെ വൃത്താന്ത പത്ര പ്രവത്തനത്തിന് അവതാരിക എഴുതിയത്. അദ്ദേഹത്തെപ്പറ്റി വി കരുണാകരൻ നമ്പ്യാർ ഒരു പ്രബന്ധം എഴുതിയിട്ടുണ്ട്.
സ്വദേശാഭിമാനി മോശമാണെന്ന് പറയാൻ കാരണം? കേസരിയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ?
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള എന്തുകൊണ്ട് തരം താണ പത്രപ്രവർത്തകൻ ആണ് എന്ന കാര്യം, ഞാൻ 'സ്വദേശാഭിമാനി:ക്ലാവ് പിടിച്ച കാപട്യം' എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. വക്കം മൗലവി എന്ന പത്ര ഉടമയെ കുത്തു പാള എടുപ്പിച്ചു. നിക്ഷിപ്ത താൽപര്യങ്ങൾ ആണ് പത്രത്തിൽ നിരത്തിയത്. ദിവാൻ പി രാജഗോപാലാചാരി തിരുവിതാംകൂറിൽ എത്തുമ്പോൾ, ഇംഗ്ലീഷിൽ മുഖ പ്രസംഗം എഴുതിയാണ് പിള്ള സ്വാഗതം ചെയ്തത്. പിള്ളയുടെ നെയ്യാറ്റിൻകരയിൽ നിന്ന് നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമ വിരുദ്ധമായി കണ്ട് അസാധുവാക്കിയപ്പോഴാണ്, പിള്ള ദിവാനെതിരെ തിരിഞ്ഞത്. കൊച്ചിയിൽ ദിവാനായി, എറണാകുളത്തു നിന്ന് ഷൊർണൂർക്ക് തീവണ്ടിപ്പാത പണിത് മിടുക്ക് തെളിച്ചയാളായിരുന്നു, രാജഗോപാലാചാരി. അദ്ദേഹം അധഃസ്ഥിതർക്ക് ഒപ്പം നിന്നു. അയ്യങ്കാളിയെ നിയമസഭയിൽ അംഗമാക്കി. അത് പിള്ളയ്ക്ക് പിടിച്ചില്ല. അവർണ്ണർക്ക് സ്‌കൂൾ പ്രവേശനം നൽകിയതും പിള്ളയ്ക്ക് ഇഷ്ടമായില്ല. ഞാൻ പിള്ളയെ തുറന്നു കാട്ടി എഴുതിയ പുസ്തകം ഇറക്കിയത് എസ് പി സി എസ് ആണെങ്കിലും, അത് അവർ തിരുവനന്തപുരം ഷോറൂമിൽ വിറ്റില്ല.
കേസരിയെപ്പറ്റി കെ പി അപ്പൻ ധാരാളം എഴുതിയിട്ടുണ്ട്. സ്വദേശാഭിമാനിക്ക് ആഴമില്ല; കേസരിക്ക് അതുണ്ട്. എന്നാൽ, ചരിത്രം എഴുതുമ്പോൾ, വിഡ്ഢിത്തങ്ങൾ കേസരി എഴുന്നള്ളിച്ചിട്ടുണ്ട്. അലക്‌സാണ്ടറെയാണ് നാം മുരുകൻ ആയി ആരാധിക്കുന്നതെന്നും അലക്‌സാണ്ടർ ലോപിച്ചതാണ് സ്കന്ദൻ എന്നുമൊക്കെ കേസരി എഴുതിയിട്ടുണ്ട്. കേസരിക്ക്, സ്വദേശാഭിമാനിയെ മതിപ്പുണ്ടായിരുന്നില്ല.സ്വദേശാഭിനിയെപ്പറ്റി സി ജെ തോമസ് നന്നായി എഴുതിയിട്ടുണ്ട്. എന്നാൽ, പി കെ ബാലകൃഷ്ണൻ പിള്ളയെ പൊളിച്ചപ്പോൾ, തനിക്ക് തെറ്റ് പറ്റി എന്ന് സി ജെ സമ്മതിച്ചതായി (എം .കെ) സാനു മാഷ് എന്നോട് പറഞ്ഞിട്ടുണ്ട്.
താങ്കൾ കണ്ടിട്ടുള്ള ഏറ്റവും നല്ല മലയാള പത്രം ഏതാണ് ?
ചിലപ്പോൾ മലയാള മനോരമ നന്നാകാറുണ്ട്.
മനോരമയുടെ എഡിറ്റോറിയൽ പേജിൽ വരുന്ന ലേഖനങ്ങൾക്ക് നിലവാരമുണ്ടോ? പല ലേഖനങ്ങളും മണ്ണാങ്കട്ടകളെ പൊക്കുന്നതല്ലേ ? എൻ എസ് മാധവൻറെ പംക്തി എങ്ങനെ? ആ പത്രത്തിൽ വാർത്ത കുറവും പരസ്യം അധികവും അല്ലേ ?
പൊതുവെ മലയാളത്തിൽ പ്രൊഫഷനലിസം കുറവാണ്. ഏറ്റവും ഒടുവിൽ, പ്രൊഫഷനലിസം തീരെയില്ലാത്ത ഒരു പത്രത്തിൽ നാല് മാസം ജോലി ചെയ്തു. ഞാൻ വിദ്യാർത്ഥി ആയിരുന്ന കാലത്ത്, മനോരമയുടെ എഡിറ്റോറിയൽ പേജ് ആണ് ആദ്യം നോക്കിയിരുന്നത്. ഇന്ന് പത്രം പൊതുവെ മറിച്ചു നോക്കുന്നേയുള്ളൂ. പത്രം, പരസ്യ വരുമാനം കൊണ്ട് ഉപഭോക്താവിന് സബ്‌സിഡി നിരക്കിൽ നൽകുന്ന അപൂർവ ഉൽപന്നമാണ്. പരസ്യം കഴിഞ്ഞുള്ള ഭാഗം മൂല്യ വർദ്ധിതമായി ഉപയോഗിക്കാൻ വിവരം വേണം. മനോരമയിലെ വാർത്തകളിൽ എഡിറ്റിങ്ങിൻറെ അഭാവം വളരെ വലുതാണ്. കൊച്ചിയിൽ പ്രധാന മന്ത്രി ആയിരുന്ന ടി കെ നായരെപ്പറ്റി മനോരമ ഞായറാഴ്ച പതിപ്പിൽ വന്ന ഫീച്ചർ ഒട്ടും എഡിറ്റ് ചെയ്തിരുന്നില്ല. മാധവൻറെ പംക്തി ഞാൻ വായിക്കാറില്ല. അത് പേജിൻറെ മുകളിൽ നിന്ന് താഴെ വരുന്ന സ്ഥിതിക്ക്, കൂടുതൽ താഴേക്ക് പൊയ്‌ക്കോളും.
ഞായറാഴ്ച പതിപ്പ് മാതൃഭുമിയുടേതാണ്, നല്ലത്.
മലയാളത്തിലെ വാർത്താ ചാനലുകളെപ്പറ്റി എന്താണ് അഭിപ്രായം? മികച്ച നിലവാരം ഏതിനാണ് ? മികച്ച അവതാരകൻ ആരാണ്?
പത്രങ്ങളെക്കാൾ വലിയ പരിമിതി ചാനലുകൾക്ക് ഉണ്ട്. ഒരു ഗുണവുമുണ്ട് -തെറ്റ് പറ്റിയാൽ നിമിഷecharങ്ങൾക്കകം തിരുത്താം. പത്രത്തിന് തിരുത്താൻ ഒരു ദിവസമെങ്കിലും വേണം. കൂട്ടത്തിൽ ഭേദം ഏഷ്യാനെറ്റ് തന്നെ. വേണു ബാലകൃഷ്ണൻ നല്ല അവതാരകൻ ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറയാം.നല്ല ഭാഷാ സ്വാധീനം ഉണ്ടായിരുന്നു. ചിലപ്പോൾ വിനു വി ജോൺ നന്നാകാറുണ്ട് -സഭകളെ പുച്ഛിക്കുമ്പോൾ പ്രത്യേകിച്ചും. നല്ല ടി വി ലേഖകനാണ്, ബിജു പങ്കജ്.
എഴുത്തുകാരൻ എന്ന നിലയിലും താങ്കൾ ശ്രദ്ധേയനാണ്. തുറന്നു പ്രതികരിക്കുന്നതിൽ താങ്കൾ കാണിക്കുന്ന തന്റേടം മാനിക്കപ്പെടേണ്ടത് തന്നെ .
നന്ദി. തുറന്നു പറഞ്ഞില്ലെങ്കിൽ, സത്യം പറഞ്ഞില്ലെങ്കിൽ, ഉറക്കം വരില്ല. വാക്കും പ്രവൃത്തിയും രണ്ടല്ല. ജോലി പ്രധാനമാണെന്ന് കരുതുന്നില്ല. കർമ്മമാണ്, പ്രധാനം.
ജേക്കബ് രാമവർമ്മൻറെ ജീവിതം ആധാരമാക്കി എഴുതിയ 'പാപസ്‌നാനം' രചനാപരമായി സവിശേഷതയുള്ളതാണ്. എന്നാൽ, അത് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. കാരണം എന്താവും ? സ്വാഭിപ്രായ ധീരത അപകടമായി തോന്നിയിട്ടുണ്ടോ?
അത് എസ് പി സി എസ് നു കൊടുത്തതാണ് ഒന്നാമത്തെ തെറ്റ്. ഒരു വാരിക പരമ്പരയായി പ്രസിദ്ധീകരിക്കാൻ തയ്യാറായപ്പോൾ, ചില കാരണങ്ങളാൽ നടക്കാതെ പോയത് മറ്റൊരു തെറ്റ്. പ്രചാരണത്തിൽ ഒട്ടും ശ്രദ്ധിക്കാത്തത് വീഴ്ചയാണ്. നായകൻ പ്രൊട്ടസ്റ്റന്റാണ്. കത്തോലിക്കനോ ഓർത്തഡോക്‌സോ ആയിരുന്നെങ്കിൽ കച്ചവടം നടന്നേനെ. എങ്കിലും വായനക്കാർ ഇടക്കിടെ വിളിക്കുന്നു.സാഹിത്യ ചരിത്രത്തിൽ ചില രചനകൾ വളരെക്കാലത്തിനു ശേഷം കണ്ടെടുക്കപ്പെടാം.പുസ്തകത്തിന് അതിൻറെ വിധിയുണ്ട്.
അഭിപ്രായ ധീരതയും പുസ്തക വിൽപനയും തമ്മിൽ ബന്ധമില്ല. പുതിയ നോവലുകൾ ലൈബ്രറികൾക്ക് ആവശ്യമുണ്ട്. എന്നാൽ, എൻറെ നോവലിൻറെ തുടർ പതിപ്പുകൾ എസ് പി സി എസ് ഇറക്കിയില്ല.
സി ജെ തോമസിനെ താങ്കൾ നന്നായി പഠിച്ചിട്ടുണ്ട്. മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത് എന്താണ്?
ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരാളാണ്, സി ജെ. ഒരുപാട് സാമ്യം ആ ജീവിതവുമായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിൻറെ ബൗദ്ധിക ജീവചരിത്രം ഞാൻ എം കെ സാനു ഫൗണ്ടേഷൻ പറഞ്ഞിട്ട് എഴുതി. അതിൻറെ കയ്യെഴുത്തു പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ എസ് പി സി എസ് പ്രസിഡൻറ് എഴാച്ചേരി രാമചന്ദ്രന്, ചങ്ങമ്പുഴ പാർക്കിൽ വച്ച് അഞ്ചു വർഷം മുൻപ് കൈമാറി. അത് അവർ പ്രസിദ്ധീകരിച്ചിട്ടില്ല.
മറ്റുള്ളവരിൽ നിന്ന് സി ജെ യെ വേറിട്ടു നിർത്തുന്നത്, ധിഷണാപരമായ കലാപമാണ്. അതിൽ, ഡാനിഷ് ചിന്തകൻ കീർക്കെഗാദുമായി വലിയ സാമ്യമുണ്ട്. ളോഹ വലിച്ചെറിഞ്ഞയാളാണ്, കീർക്കെഗാദ്. കാമുവിൻറെ 'റിബൽ' സി ജെ ഇഷ്ടപ്പെട്ടിരുന്നു. അമേരിക്കൻ നാടകകൃത്ത് ടെന്നസി വില്യംസുമായി കാത്തിടപാട് ഉണ്ടായിരുന്നു, സി ജെ യുടെ ക്രൈം നാടകം പോലെ മറ്റൊന്ന് മലയാളത്തിൽ ഇല്ല. മാർക്സിസം എന്ന പ്രത്യയ ശാസ്ത്രത്തിൻറെ കെടുതി കൽക്കട്ടാ തീസിസ് കാലത്ത് മനസ്സിലാക്കി, അതിൽ നിന്ന് ആദ്യമേ പിന്തിരിഞ്ഞ ധിക്കാരിയുടെ കാതൽ സി ജെ യിലുണ്ട്. ഇത്രയും പ്രതിഭ ഉണ്ടായിരുന്ന സി ജെ, വീട്ടു വാടക കൊടുക്കാൻ പ്രയാസപ്പെടുകയും ചെയ്തു. സി ജെ യ്ക്കും സ്വാതി തിരുനാളിനും ഒരേ രോഗമായിരുന്നു എന്നൊരു പ്രബന്ധം ഡോ. കെ രാജശേഖരൻ നായർ ഇന്ത്യൻ ന്യൂറോളജി കോൺഗ്രസിൽ അവതരിപ്പിച്ചത് ഞാൻ വാർത്ത ആക്കിയിരുന്നു. Temporal lobe epilepsy എന്ന രോഗം, തലച്ചോറിനെ ബാധിച്ചതാണ്.
സമൂഹം ഇന്ന് മൂല്യങ്ങൾക്ക് വില കൽപിക്കുന്നില്ല സമൂഹത്തെ അങ്ങനെയാക്കി തീർത്തതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പങ്കുണ്ടോ?
സനാതന മൂല്യങ്ങൾ മാറുകയില്ല. അവയെ നശിപ്പിക്കാനും കഴിയില്ല.ഇന്ത്യയുടെ ചരിത്രം തെളിവാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ വന്നത്, കച്ചവടത്തിന് ഒപ്പം ക്രിസ്‌തു മത പ്രചാരണത്തിനും ഹിന്ദുക്കളെ മതം മാറ്റാനും കൂടിയാണ്. ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ അവകാശ രേഖയിൽ അതുണ്ട്. എന്നാൽ, നമ്മുടെ ആന്തരിക അദ്വൈതം അതിനെ തടഞ്ഞു. വെല്ലസ്ലി കൊൽക്കത്തയിൽ ആദ്യം പണിത കോളജ്, ഇന്ത്യയിലെ ആദ്യ കോളജ്, പട്ടാള ഓഫീസർമാരെ ഉദ്ദേശിച്ചായിരുന്നു. അവിടെ അവരെ പഠിപ്പിക്കാൻ കാശിയിൽ നിന്ന് സംസ്‌കൃത പണ്ഡിതരെ കൊണ്ട് വന്നു. ഹിന്ദു നിയമങ്ങൾക്കും ശാസ്ത്രങ്ങൾക്കും സാഹിത്യത്തിനും പരിഭാഷകൾ ഉണ്ടായത്, ആ വഴിക്കാണ്. നമ്മുടെ മൂല്യങ്ങൾക്ക് നവോത്ഥാനം ഉണ്ടായി -അത്, നമ്മുടെ മൂല്യങ്ങളെ പുച്ഛിച്ചവരിൽ നിന്നുണ്ടായി. തുടർന്നാണ്, രാജാറാം മോഹൻ റോയിയും വിവേകാനന്ദനും അരവിന്ദ ഘോഷും ദേശീയ പ്രസ്ഥാനവും ബങ്കിം ചന്ദ്രനും വരുന്നത്. അരവിന്ദ ഘോഷ് വിപ്ലവ പത്ര പ്രവർത്തനം നടത്തുന്ന അതേ കാലത്താണ്, സ്വദേശാഭിമാനി, ഒരു ദിവാൻ കോണാൻ ഉടുത്തിട്ടുണ്ടോ എന്ന് ഒളിഞ്ഞു നോക്കിയത്.
മൂല്യങ്ങൾക്ക് സമൂഹം വില കൽപിക്കുന്നില്ല എന്ന് ഞാൻ കരുതുന്നില്ല. അവ നിലനിർത്തുന്നത് ഒരു ന്യൂന പക്ഷമാണ്. അതുകൊണ്ടാണ്, സമൂഹത്തിൽ സമനില ഉണ്ടാകുന്നത്. വേണ്ട സമയത്ത് അടുത്ത ഗാന്ധിയും ഗുരുവും വന്നോളും.
സി ജെ തോമസ് |
പ്രബുദ്ധരാണ് മലയാളികൾ എന്ന് പറയുന്നത് നിരർത്ഥകമാണ് എന്ന് എനിക്ക് തോന്നുന്നു.ശരിയല്ലേ ?
കടലിനോട് അടുത്തു കിടക്കുന്നതിൻറെ പ്രശ്നമാണ്. വരത്തന്മാർക്ക് നമ്മുടെ സ്ത്രീകളിൽ സന്താനോല്പാദനം നടത്താൻ നാം അവസരം കൊടുത്തു. സാമൂതിരി മുക്കുവ കുടുംബങ്ങളിൽ ഒരു പുരുഷൻ എങ്കിലും മുസ്ലിം ആകണം എന്ന് തിട്ടൂരം ഇറക്കി.സാമൂതിരിയെ വെല്ലാൻ കൊച്ചി രാജാവ് പോർച്ചുഗീസുകാർക്ക് കൂട്ടിക്കൊടുത്തു. മാർത്താണ്ഡ വർമ്മ നാട് മുഴുവൻ കൊലയും കൊള്ളയും നടത്തി. കൊച്ചിയിലെ കൊട്ടാരങ്ങൾ തകർത്തു. ഇക്കൂട്ടത്തിൽ, ധർമ്മരാജാവ് ഹൈദരാലിക്കും ടിപ്പുവിനും കീഴടങ്ങാതെ നിന്നതാണ്, രജത രേഖ.
അതേ സമയം, മഹാപ്രതിഭയായ ശങ്കരാചാര്യരെ സൃഷ്‌ടിച്ച നാടാണ്, കേരളം. പ്രപഞ്ച കവിയായ ശ്രീനാരായണ ഗുരുവും ഇവിടെയുണ്ടായി. ടഗോറിന് 2013 ൽ നൊബേൽ സമ്മാനം കിട്ടി. അത് ആ വർഷം ശ്രീനാരായണ ഗുരുവിന് കൊടുത്താലും മോശമാവില്ലായിരുന്നു.
മലയാളി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണോ?
ഓരോ ഗോത്രവും വ്യത്യസ്തമാണ്. രാമായണത്തിൽ, കുരങ്ങന്മാർ താമസിച്ചിരുന്ന സ്ഥലമായാണ്, ഈ പ്രദേശം വരുന്നത്. ഇവിടത്തെ രാജാവ് യുദ്ധത്തിൽ പാണ്ഡവ പക്ഷത്ത് നിന്നതായി 'മഹാഭാരത' ത്തിൽ ഒരു വാചകമുണ്ട്. മഹാബലിയെ ചവിട്ടി താഴ്ത്തിയ കുള്ളനും ഇവിടെ ഉണ്ടായിരുന്നു. കുടിയേറ്റത്തിൽ മലയാളിക്ക് നല്ല മിടുക്കാണ്. ബുദ്ധ മതം നന്നായി പ്രചരിച്ചിരുന്നതിനാൽ, മലയാളി നിഷേധിയാണ്. ഒന്നും സമ്മതിക്കില്ല.അതുകൊണ്ടാണ് മാർക്സിസത്തിൻറെ അവസാന തുരുത്ത് ആയത്. പ്രതിവർഷം ഒരു ലക്ഷം കോടി രൂപ വിദേശ നാണ്യം പ്രവാസി മലയാളി നേടുന്നത് ചെറിയ കാര്യമല്ല. സർ സി പി പറഞ്ഞ പോലെ സ്വതന്ത്ര രാജ്യം ആയിരുന്നെങ്കിൽ, സ്വിറ്റ് സർലൻഡിനെ കടത്തി വെട്ടിയേനെ. അത് നടക്കാത്തതിനാൽ, വാഗമണ്ണിൽ പോയി സ്വപ്നം കാണുന്നത് നല്ലതാണ്. കേരളത്തിലെ സ്വിറ്റ് സർലൻഡ് ആണ്, വാഗമൺ.
സത്യവും അഹിംസയും ഇവിടെ പുലരുന്നില്ല. വൃത്തിയും വെടിപ്പും മലയാളിക്കില്ല. ഇതിനോട് യോജിക്കുന്നുണ്ടോ ?
സത്യം ആപേക്ഷികമാണ്. അപ്പോഴത്തെ നിലനില്പിനായാണ് ലോകമാകെ ഓരോരുത്തരും ഓരോന്നു പറയുന്നത്. ഇതാണ് കുറോസവയുടെ 'റാഷമോൺ'. ഗൾഫും റബറും മൽസ്യവുമാണ് നമ്മെ പച്ച പിടിപ്പിച്ചത്. ചെറിയ കൂരകൾ ആയിരുന്നപ്പോൾ പരസ്പരം അറിയാമായിരുന്നു. ആവശ്യമില്ലാത്ത ബംഗ്ലാവുകളാണ് നാം ഇപ്പോൾ ഉണ്ടാക്കുന്നത്. അതിരമ്പുഴയിൽ ഒരു പ്രവാസി മലയാളി 16000 സ്ക്വയർ ഫീറ്റ് കൊട്ടാരമുണ്ടാക്കി എന്നെ കാണിച്ചു തന്നു. സ്വിമ്മിങ് പൂളും പാലവും ഒക്കെ അകത്തുണ്ടായിരുന്നു. പാലു കാച്ചാൻ നിൽക്കാതെ അയാൾ ഹൃദയാഘാതം വന്നു മരിച്ചു. 'പറവ' എന്നോ മറ്റോ ഒരു സിനിമ അയാൾ പിടിച്ചിരുന്നു.അഭിലാഷങ്ങളുടെ ബന്ദിയാണ് മലയാളി. ഒരു സവിശേഷ സ്റ്റോക് ഹോം സിൻഡ്രോമിന് അടിമ.
അഹിംസയെ മഹാഭാരതത്തിൽ നിർവചിക്കുന്നത്, മനോ വാക് കർമ്മങ്ങളുടെ മിതവ്യയം എന്നാണ്. കൊല്ലരുത് എന്നല്ല. ഓരോ ജീവിക്കും അതിന് താഴെയുള്ളതിനെ കൊന്ന് തിന്നാം. അഹിംസയുടെ പ്രവാചകനായ ഗാന്ധിയാണ്, ഖിലാഫത്ത് പ്രസ്ഥാനത്തെ കൂടെ കൂട്ടി മലബാറിൽ ഹിന്ദു വംശഹത്യയ്ക്ക് വഴി ഒരുക്കിയത്. ഒരു മതത്തിൻറെ പ്രത്യയ ശാസ്ത്രത്തിൽ തന്നെ ഹിംസയുണ്ട്. അതിനാൽ, ഹിംസ നീക്കാൻ കഴിയില്ല.
ധാരാളം മഴയുള്ള, 44 പുഴയുള്ള ദേശമാണ്, കേരളം. അതാണ്, മലയാളി മുണ്ട് മടക്കി കുത്തി നടക്കുന്നത്. അഴിച്ചിട്ടാൽ ചെളിയാകും. അതിനാൽ, മലയാളിക്ക് മര്യാദയില്ല എന്ന് തോന്നാം.
വൃത്തിയും വെടിപ്പും ഉണ്ടായി വരുന്നു. എൻറെ കുട്ടിക്കാലത്ത്, ഉമിക്കരി കൊണ്ടാണ് പല്ലു തേച്ചിരുന്നത്; ചെരിപ്പ് ഇട്ടിരുന്നില്ല. ഇപ്പോൾ പല്ല് ബ്രഷ് ചെയ്യുന്നു; ചെരിപ്പിടുന്നു. പല്ല് രാത്രി കൂടി തേച്ചാൽ, വൃത്തി കൂടും.
വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ല മലയാളിക്ക്. കമ്യൂണിസ്റ്റായാൽ പുരോഗമനക്കാരൻ. സംഘി ആയാൽ അധോഗമനക്കാരൻ. ഇത്തരം ധാരണകളെപ്പറ്റി എന്താണ് പറയാനുള്ളത്?
വിദ്യാഭ്യാസം ഉണ്ടോ എന്ന മറു ചോദ്യമാണ് എനിക്കുള്ളത്. വിദ്യാഭ്യാസ നിലവാരം വല്ലാതെ ഇടിഞ്ഞിരിക്കുന്നു. എല്ലാവരെയും പാസാക്കുന്ന തല തിരിഞ്ഞ സമ്പ്രദായമാണ് ഇവിടെയുള്ളത്. കോഴ്‌സുകൾ പഴഞ്ചനാണ്. തൊഴിലുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമാണ് വേണ്ടത്. പ്ലസ് ടു കഴിഞ്ഞ ശേഷം വിദ്യാർത്ഥികളെ ഒരു വർഷം നിർബന്ധ സൈനിക സേവനത്തിന് അയയ്ക്കുന്നത് ഗുണം ചെയ്യും. കമ്യൂണിസ്റ്റായാൽ പുരോഗാമി എന്ന വിശ്വാസമൊന്നും പുതിയ തലമുറയിൽ ഇല്ല. ഇവിടത്തെ മാർക്സിസ്റ്റിനും ഉത്തര മാർക്സിസത്തെപ്പറ്റി വിവരമില്ല. ഇ എം എസിന് പ്രത്യയ ശാസ്ത്രം അറിയാമായിരുന്നു എന്ന ധാരണ പോലും തെറ്റാണ്. മാർക്സ് ഇന്ത്യയെപ്പറ്റി എഴുതിയ വിഡ്ഢിത്തങ്ങൾ അപ്പാടെ വിഴുങ്ങി അത് മലയാളത്തിൽ ഛർദിച്ച ആളാണ്, ഇ എം എസ്. കോസംബി, ഐജാസ് അഹമ്മദ്, ഇർഫാൻ ഹബീബ് തുടങ്ങിയവർ മാർക്സിനെ വിമർശിച്ചതൊന്നും അദ്ദേഹം അറിഞ്ഞതില്ല.
സംഘി എന്നാൽ അധോഗമനക്കാരൻ എന്ന് ചിലരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അതിൽ സംഘ പരിവാറിൽ പെട്ടവർക്കും ഉത്തരവാദിത്തമുണ്ട്. കാര്യങ്ങൾ വൃത്തിയായി ചെയ്യാൻ കേരളത്തിലെ സംഘടന തയ്യാറാകേണ്ടതുണ്ട്. വിവരമില്ലാത്തവരെ തിരഞ്ഞു പിടിച്ച് താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തുന്ന രീതി ആ സംഘടനയിലുമുണ്ട്.
ഹിന്ദു രാഷ്ട്രം സ്ഥാപിക്കലാണ്, ആർ എസ് എസ് ലക്ഷ്യം എന്ന് ചിലർ പറയുന്നു. ലോകത്ത് മത രാഷ്ട്രങ്ങൾ ഉള്ളപ്പോഴാണ്, ഇത്. എന്ത് തോന്നുന്നു ?
ബ്രിട്ടൻ തന്നെ പ്രൊട്ടസ്റ്റൻറ് മത രാഷ്ട്രമായിരുന്നു. കത്തോലിക്കാ മത രാഷ്ട്രങ്ങളുണ്ട്. 140 മുസ്ലിം മത രാഷ്ട്രങ്ങളുണ്ട്. പരസ്യമായി തെരുവിൽ തല വെട്ടുന്ന ശരീ അത്ത് രാഷ്ട്രങ്ങളുണ്ട്. ആർഷ ഭാരത സംസ്കാരം എന്നൊന്ന് ഉണ്ടായിരുന്നതായി ആർ എസ് എസ് നു മുൻപ് , സ്വാമി വിവേകാനന്ദനും സിസ്റ്റർ നിവേദിതയും ഒക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവേകാനന്ദൻറെ സഹോദരൻ ഭൂപേന്ദ്രനാഥ് ദത്ത പ്രവാസി വിപ്ലവകാരി ആയിരുന്നു. ചെമ്പക രാമൻ പിള്ളയുടെ സുഹൃത്ത് ആയിരുന്നു.
മത രാഷ്ട്രം അല്ല പ്രശ്‍നം. രാജ്യം പ്രചരിപ്പിക്കുന്ന മതത്തിൻറെ ഉള്ളടക്കമാണ്, പ്രശ്‍നം. യേശു തക്ഷശിലയിൽ നിന്ന് വേദാന്തം പഠിച്ച ആളായതിനാൽ, ക്രിസ്തു മതത്തിൽ അദ്വൈതമുണ്ട്. എന്നാൽ, ഇസ്ലാമിൽ ഹിംസയുടെ സാന്നിധ്യം വലുതാണ്.സൂഫി പാരമ്പര്യത്തെ, വഹാബിസം തകർത്തു. എനിക്കിഷ്ടപ്പെട്ട ഗായകനാണ്, നുസ്രത് ഫത്തേ അലി ഖാൻ. സൂഫി പാരമ്പര്യത്തിലാണ്, വൈക്കം മുഹമ്മദ് ബഷീറും റസൂൽ പൂക്കുട്ടിയും. അതുകൊണ്ടാണ്, ഓസ്കർ വേദിയിൽ പൂക്കുട്ടി പ്രണവ മന്ത്രം ഉരുവിട്ടത്. ഇസ്ലാം, അൽ ഹല്ലാജിനെ പോലുള്ള കവികളെ കൊന്നത് വായിക്കുമ്പോൾ, കണ്ണു നിറയും.
കേരളത്തിൽ ശ്രേഷ്ഠർ എന്ന് വിളിക്കാവുന്ന രാഷ്ട്രീയ നേതാക്കൾ ഉണ്ടായിട്ടുണ്ടോ? ഇപ്പോഴത്തെ നേതാക്കളെപ്പറ്റി എന്ത് തോന്നുന്നു ?
അഴിമതി ലവലേശം ഇല്ലാത്ത നേതാക്കൾ ധാരാളം ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി വേര് പിടിക്കാനുള്ള പല കാരണങ്ങളിൽ ഒന്ന് ആദർശ നിഷ്ഠയാണ്. പി ടി ഭാസ്കര പണിക്കർ നേതൃത്വം നൽകിയ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ ജനസമ്മതി 1957 ൽ മലബാറിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ചിരുന്നു. ഇ എം എസ് അന്ന് ജനപ്രിയൻ ഒന്നുമല്ല. അദ്ദേഹം മദ്രാസ് തിരഞ്ഞെടുപ്പിൽ തോറ്റിട്ടുമുണ്ട്. കമ്യൂണിസ്റ്റ് അല്ലാതെ കെ കേളപ്പൻ, മുഹമ്മദ് അബ്‌ദു റഹിമാൻ തുടങ്ങി പല നല്ല നേതാക്കളും ഉണ്ടായി. ഇപ്പോൾ പ്രായോഗിക രാഷ്ട്രീയമാണ് നടക്കുന്നത്. പ്രത്യയ ശാസ്ത്രം കാലഹരണപ്പെട്ടു.
പണ്ട് എഴുത്തുകാർക്ക് രാഷ്ട്രീയക്കാർക്ക് മുകളിൽ ആയിരുന്നു, സ്ഥാനം. ഇന്ന് എഴുത്തുകാർ, രാഷ്ട്രീയക്കാരുടെ ദാസന്മാരാണ്. എന്താണ്, കാരണം ?
ഇത് പുതിയ പ്രതിഭാസം അല്ല. രാജാക്കന്മാരുടെ കാലത്തും കൈമണി സാഹിത്യകാരന്മാർ രാജ സദസ്സിൽ ഉണ്ടായിരുന്നു. അതു കൊണ്ട് ഗുണവുമുണ്ടായി. കാളിദാസൻ അവരിൽ ഒരാൾ ആയിരുന്നു. സ്വാതി തിരുനാളിൻറെ കാലത്ത്, വിദേശ വാദ്യ ഉപകരണമായ വയലിൻ, കച്ചേരിയുടെ പക്ക മേളമായതും ആ വഴിക്കാണ്. ബ്രിട്ടനിലും അമേരിക്കയിലും ഒന്നും ഇപ്പോൾ തലയെടുപ്പുള്ള എഴുത്തുകാർ ഇല്ല. എഴുത്തുകാരെക്കാൾ ഇന്ന് ലോകത്ത് പ്രാധാന്യം, സാങ്കേതിക വിദഗ്ദ്ധർക്കാണ്. ആപ്പുകൾ കണ്ടു പിടിച്ചാൽ കോടീശ്വരൻ ആകാം. എഴുത്തുകാരന് പരിചയം മറ്റേ ആപ്പാണ്. അതാണ്, വി പി ശിവകുമാർ 'പാര' എന്ന കഥ എഴുതിയത്.
സംസ്ഥാന സർക്കാർ അവാർഡുകൾ എഴുത്തുകാരെയും മറ്റും വരുതിക്ക് നിർത്താൻ ഉള്ളതല്ലേ?
ഇതൊന്നും ഗൗരവത്തിൽ എടുക്കേണ്ടതില്ല. നോബേൽ സമ്മാനത്തിലും രാഷ്ട്രീയമുണ്ട്. ഇത്തവണത്തെ നൊബേൽ സാഹിത്യ സമ്മാനവും രാഷ്ട്രീയമാണ്. നല്ല സാഹിത്യം ഉണ്ടാകുക എന്നതാണ് പ്രധാനം.
ഈ ജീവിതത്തിനിടയിൽ, നാട് പുരോഗമിച്ചു എന്ന് തോന്നുന്നുണ്ടോ?
ഞാൻ ഇപ്പോൾ വിദേശ പ്രസിദ്ധീകരണത്തിൽ ഇന്ത്യൻ ബിസിനസിനെപ്പറ്റി എഴുതുന്ന ലേഖകനാണ്. പുതിയ ബിസിനസ് സംരംഭങ്ങൾ ആണ് വിഷയം. വലിയ മുന്നേറ്റമാണ്, മലയാളി യുവാക്കൾ നടത്തുന്നത്. സൂമിന് പകരം വികൺസോൾ വികസിപ്പിച്ച ജോയ് സെബാസ്റ്റ്യൻ, വിദ്യാഭ്യാസ ആപ്പ് വികസിപ്പിച്ച ബൈജു, ഓഹരി രംഗത്തെ മാർക്കറ്റ് ഫീഡ് പഠന ആപ്പ് കണ്ടെത്തിയ ഷരീക്ക്, സൂരജ് തുടങ്ങി അസംഖ്യം പേർ -ഇവരെ സഹായിക്കാൻ വിദേശ സംരംഭക ഫണ്ടുകൾ. രാഷ്ട്രീയക്കാർ നശിപ്പിക്കാൻ ശ്രമിച്ചിട്ടും യുവാക്കൾ സമ്മതിക്കുന്നില്ല. കണ്ണൂരിൽ നിന്നാണ് ബൈജു വന്നതെന്ന് ഓർക്കണം. പണ്ടായിരുന്നെങ്കിൽ അദ്ദേഹം വെറും ഡി വൈ എഫ് ഐ ക്കാരൻ ആയി അവസാനിച്ചേനെ !
കേരളത്തെ രക്ഷപ്പെടുത്താൻ എന്താണ് വഴി?
ഇതിന് ഉത്തരം പറഞ്ഞു കഴിഞ്ഞു. നിങ്ങളും ഞാനും അടങ്ങുന്ന സ്വാതന്ത്ര്യാനന്തര തലമുറ മക്കളുടെ വിദ്യാഭ്യാസത്തിലാണ് നിക്ഷേപിച്ചത്. എൻറെ രണ്ടു മക്കളും മലയാളം ചാനൽ കാണുന്നതോ മനോരമ വായിക്കുന്നതോ മലയാള രാഷ്ട്രീയ നേതാക്കളെ ശ്രദ്ധിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. അവർ സ്വയം വിവേചന ശേഷി കൈവരിച്ചു എന്നർത്ഥം.ഗൗരവമുള്ള കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ. വൃഥാവ്യയത്തിന് അവർക്ക് നേരമില്ല. അവരുടെ സമയത്തിന് വിലയുണ്ട്. അവർ സ്വയം രക്ഷിച്ചോളും.
കേരളത്തെ ഒറ്റയ്ക്ക് കാണുന്ന രീതിയും ശരിയല്ല. അത് ഇന്ത്യ എന്ന വലിയ രാഷ്ട്രത്തിൻറെ ഭാഗമാണ്. ഇന്ത്യയ്ക്ക് മഹിതമായ പാരമ്പര്യമുണ്ട്. മൗര്യ, ഗുപ്ത, ശതവാഹന സാമ്രാജ്യങ്ങൾ ഇവിടെ നില നിന്നു. നമ്മെ ആക്രമിക്കാൻ വന്ന അലക്‌സാണ്ടറെ അദ്വൈതം പറഞ്ഞ് നാം തിരിച്ചയച്ചു. അയാൾ കല്യാണ മുനിയെ കൂടെ കൊണ്ടു പോയി. അതിൻറെ ഫലമായി, മരിച്ചു കഴിഞ്ഞാൽ, തൻ്റെ കൈകൾ ശവപ്പെട്ടിക്ക് പുറത്തിടണമെന്ന് അയാൾ ശട്ടം കെട്ടി-മരിക്കുമ്പോൾ നാം ഒന്നും കൊണ്ടു പോകുന്നില്ല.മാർക്സിസം കണ്ടത്, ലോകത്ത് ഉള്ളവരും ഇല്ലാത്തവരും ഉണ്ട് എന്ന് മാത്രമാണ്; എന്നാൽ, ഇന്ത്യയിൽ വേണ്ടാത്തവരും ഉണ്ട്. അവരാണ്, കാട്ടിൽ തപസ്സ് ചെയ്തത്. രാജാധികാരങ്ങൾ വേണ്ടെന്നു വച്ച് വനവാസത്തിന് പോയത്; ആൽമരച്ചോട്ടിൽ ഭജനം ഇരുന്നത്.
അതാണ്, ഇന്ത്യയുടെ ആന്തരിക ശക്തി. അതിൻറെ ഭാഗമാണ്, കേരളം.