Showing posts with label Onam. Show all posts
Showing posts with label Onam. Show all posts

Saturday 29 August 2020

വാമനനെ കൊണ്ടാടുക 

ശ്രാവണം ലോപിച്ച് ഓണം 


വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനായ മഹാബലിയെന്ന രാജാവ് പ്രജകളെ  കാണാന്‍ എത്തുന്നുവെന്നാണ് സകലർക്കും അറിയാവുന്ന ഓണ ഐതിഹ്യം . 

പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനില്‍ നിന്ന്‌ കേരള ക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസമാണ്  ഓണം.

ശ്രീബുദ്ധന്‍  ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന്‌ ബുദ്ധ മതാനുയായികള്‍ വിശ്വസിക്കുന്നു.

ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണം. ശ്രാവണം ലോപിച്ച് ഓണം ആയി. 

മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന്‍ ഓണാഘോഷത്തെ ചേരമാന്‍പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച് മക്കത്തു പോയത്‌ ചിങ്ങത്തിലെ തിരുവോണ നാളിലായിരുന്നുവെന്നും ഈ തീര്‍ത്ഥാടനത്തെ ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗന്‍  എഴുതിയിട്ടുണ്ട്‌. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതി ഭ്രഷ്ടനാക്കി നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകിയെന്നും രാജ്യം  അദ്ദേഹത്തിന്റെ ആശ്രിതർക്കായി നൽകി കേരളം  വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മയ്ക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.  

ക്രിസ്തു വർഷം  നാലാം ശതകത്തില്‍ കേരള രാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ്‌ എന്ന് അലഹബാദ്‌ ലിഖിതങ്ങളില്‍ ഉണ്ട്.അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന മന്ധാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്ര ഗുപ്തന്‍ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തില്‍ തൃക്കാക്കരയിലും എത്തി. മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിൽ  ആകൃഷ്ടനായ സമുദ്ര ഗുപ്തന്‍ സന്ധിക്കപേക്ഷിച്ചു. 

കേരളത്തിനഭിമാനാര്‍ഹമായ യുദ്ധപരിസമാപ്തിയില്‍ ആ  വിജയത്തിന്റെ സ്മരണയ്ക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാന്‍ രാജാവ് വിളംബരം പുറപ്പെടുവിച്ചു  എന്നു ലിഖിതങ്ങളില്‍ പറയുന്നു. 

അലഹാബാദിലെ അശോകസ്തംഭത്തിലാണ് പിൽക്കാലത്തെ സമുദ്രഗുപ്ത ലിഖിതങ്ങളുമുള്ളത്. 

അതിൽ, Lines 19–20: Whose magnanimity blended with valour was caused by (his) first capturing, and thereafter showing the favour of releasing, all the kings of Dakshiṇāpatha such as Mahēndra of Kōsala, Vyāghrarāja of Mahākāntāra, Maṇṭarāja of Kurāḷa, Mahēndragiri of Pishṭapura, Svāmidatta of Kōṭṭūra, Damana of Ēraṇḍapalla, Vishṇugōpa of Kāñchī, Nīlarāja of Avamukta, Hastivarman of Vēṅgī, Ugrasēna of Pālakka, Kubēra of Dēvarāshṭra, and Dhanañjaya of Kusthalapura.

കുരാളത്തിലെ മന്ഥരാജാ എന്നാണ് കാണുന്നത്.

എന്നാൽ, സമുദ്രമാർഗ്ഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ ഈ രാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരുന്ന കുട്ടനാട്/മാവേലി രാജാവ്  ആയിരുന്നിരിക്കാമെന്ന് ചിലർ വാദിക്കുന്നു. മാവേലിക്കര (ഓടനാട്) യിലെ സുപ്രധാനമായ കോട്ട് (വേലി) ഉള്ളതു കൊണ്ടാണ് മാവേലി എന്ന പേരു വന്നതും മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നുമാണ് ഈ നിഗമനത്തിനു പിന്നിൽ.


മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ  വിഷ്ണുവിന് അവതരിക്കേണ്ടി വന്നിട്ടുണ്ട്.

നരസിംഹാവതാരം 

പരമ വിഷ്ണു ഭക്തനും അസുര ചക്രവർത്തിയുമായിരുന്ന പ്രഹ്ളാദന്റെ  മകനായ വിരോചനന്റെ മകനാണ് ദാനധർമ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി. 

ഇന്നത്തെ ഡെക്കാൺ  പ്രദേശം (ആന്ധ്ര) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. കുർണൂൽ ജില്ലയിൽ  അഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒൻപതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് അഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് , ആ  ദേശം.

 വാമനാവതാരം

പ്രഹ്ളാദന്  ശേഷം രാജ്യഭരണം ഏറ്റെടുത്തമകൻ വിരോചനനും വിഷ്ണു ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവർത്തി. അതി ശക്തിമാനും നീതിമാനുമായിരുന്ന ബലി ചക്രവർത്തി സമൃദ്ധമായ ഭരണം കാഴ്ചവച്ചു.

അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ ഭരണം കുറ്റമറ്റതും ശക്തവുമാക്കി.

വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര- മധ്യപ്രദേശ്‌ അതിര്‍ത്തി പ്രദേശം) വരെ സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകൾ സമ്പത്തിൽ മതിമറന്ന്  ആഹ്ളാദിക്കാൻ   തുടങ്ങി.
സമൂഹത്തോടുള്ള കടമയായ പഞ്ച യജ്ഞങ്ങളും കർമ്മങ്ങളും സ്വധര്മ്മങ്ങളും മറക്കാൻ തുടങ്ങി. അതി സമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന്‌ സ്ഥാനമില്ലാതായി.

രാജ്യത്തിന് വന്നു കൊണ്ടിരുന്ന മൂല്യച്യുതിയിൽ ദു;ഖിതരായ ഇന്ദ്രാദി  ദേവതകൾ മഹാവിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചു. ബലി ചക്രവർത്തിയുടെ കീഴിൽ അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു  ധർമ്മ പുന:സ്ഥാപനത്തിന്  വാമനനായി ഭൂമിയിൽ അവതരിച്ചു.

സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്തുന്നതിനു ബലി ചക്രവര്‍ത്തി ഭൃഗുഗഛത്തിൽ അശ്വമേധ യാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ  തിരുവോണം ദിനത്തിൽ വാമനൻ ഒരു ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തിൽ ബലി ചക്രവർത്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി ബലിയോടാവശ്യപ്പെട്ടു.

സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാൻ അല്പം സ്ഥലം പോലുമില്ലെന്നോ? രാജ്യത്തിൽ എവിടെനിന്ന്‌ വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ ബലി അനുവാദം നല്കി. അപ്പോൾ ഭഗവാൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്ന വിശ്വരൂപം പ്രാപിച്ചു.

ഒന്നാമത്തെ അടിയിൽ ഭൂമിയും രണ്ടാമത്തെ അടിയിൽ ആകാശവും അളന്ന വാമനൻ മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ അഹന്ത ശമിച്ച മഹാബലി തന്റെ മുന്പിൽ പുണ്യ ദര്‍ശനം നല്കിയ മഹാവിഷ്ണുവിന്  മുന്നിൽ  ഭക്ത്യാദര പൂർവ്വം ശിരസ്സ്  നമിച്ചു.

 ബലി ചക്രവർത്തിയുടെ ശിരസ്സിൽ തൃപ്പാദം സ്പര്‍ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയ ശേഷം ബലിയുടെ നീതി നിർവഹണത്തിൽ  സന്തുഷ്ടനായ മഹാവിഷ്ണു ഇന്നു മുതൽ  ബലി ചക്രവര്‍ത്തിയെ  'മഹാബലി' എന്ന പേരിൽ  പ്രജകൾ എന്നും സ്മരിക്കുമെന്നും,  അടുത്ത മന്വന്തരത്തിൽ 'ഇന്ദ്രൻ ' ആവുമെന്നും വരം നൽകി.

അന്നു മുതൽ  പ്രജകൾ തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിചക്രവർത്തിയെ വരവേല്ക്കാനായ് ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓരോ വീട്ടിലും  ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും.

വാമനൻ 

ആന്ധ്രയിലെ  ഈ ആഘോഷം പിന്നെ എങ്ങനെ കേരളത്തിൽ എത്തി? 

മഹാബലിയുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന ബാണർ എന്ന ആന്ധ്രയിലെ പ്രാചീനഗോത്രവംശജരായിരുന്ന നായകന്മാരായിരുന്നു ഒൻപതാം നൂറ്റാണ്ടിൽ ചോളഭരണ കാലത്ത് തമിഴ്‌നാട്ടിലെ പല നാടുകളും ഭരിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് വരികയുണ്ടായി. ഇവരുടെ ഇടയിൽനിന്ന് പ്രബലനായ, തൃപ്പൂണിത്തുറയും, തൃക്കാക്കരയും ഭരിച്ചിരുന്ന 'മാവേലി' എന്ന രാജാവ്, ഒറീസയിലും, കർണാടകയിലും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ആഘോഷത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷം രൂപപ്പെടുത്തി. എന്നാണ്  നിഗമനം.

നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തിൽ നിന്നു വന്ന ബ്രാഹ്മണർ അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളെയും  കൈവിട്ടില്ല.

തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകള്‍ക്ക് കൈമാറി.

പില്‍ക്കാലത്ത് ആന്ധ്രയിൽ  ബലിയുടെ സാമ്രാജ്യം അസ്തമിച്ചു. തുടർന്നു വന്ന രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിരോധിച്ചു .

 പശ്ചിമഘട്ടത്താൽ  സുരക്ഷിതമായ കേരളത്തിൽ മഹാബലിയെ വരവേല്‍ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കുന്നു 

ആന്ധ്രയിൽ നിന്ന് വന്ന ബ്രാഹ്മണരാണ് ശബരിമല തന്ത്രിമാർ -അവരുടെ പേര് 'രു ' എന്ന അക്ഷരത്തിൽ അവസാനിക്കുന്നത് ആന്ധ്രാ രീതിയാണ്.നരസിംഹ റാവുവിനെ റാവു ഗാരു എന്ന് ആന്ധ്രക്കാർ വിളിച്ചു.ശബരിമല തന്ത്രി കണ്ഠര് മഹേശ്വര്,  രാജീവര്‌ എന്നൊക്കെ അറിയപ്പെടുന്നു. 

ഗോത്രങ്ങൾക്കിടയിലും അവരുടെ മാവേലിയെ വധിച്ചതിനെക്കുറിച്ച് കഥകളുണ്ട്.

കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാല കൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്‌. തിരുമാൾ (മഹാവിഷ്ണു) ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. 

വാമനൻ 

കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ആറു മാസം മഴ ദീർഘമായി പെയ്തിരുന്നു. മഴക്കാലത്തെ ദുരിതാവസ്ഥയും മഹാബലിയുടെ ദാരുണ അന്ത്യവും കൂട്ടി വായിക്കേണ്ടതാണ്. 

വിശ്വകർമ -ഈഴവ - പുലയരാദിയായ ബൗദ്ധർ ഈ കാലത്ത് ധ്യാനത്തിൽ മുഴുകി ബലിയെ അനുസ്മരിച്ചു വന്നു. കാറും പടലും തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. പാലിക്ക് കിട്ടിയ പ്രാധാന്യവും ചേർത്തുവായിച്ചാൽ ബൗദ്ധ രാജാവിന്റെ പരാജയമാണ് ബലിയിൽ കാണുന്നത്.വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ്‌ പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.  

ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നയാളുമായ  ഒരു കേരളചക്രവർത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും, കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മ, കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞു വന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. 

ഓണത്തിന്‌ മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞ വസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞ മുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധ‌‌ർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും, ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും, വേല കളിയും, പടേനിയും മറ്റും. ബുദ്ധ മതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘ കളിയുടെ ചടങ്ങുകളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ച പ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു.

വാമനാവതാരം 2

മഹാബലിയെ വാഴ്ത്തുകയും വാമനനെ കുള്ളനായി പുച്ഛിക്കുകയും ചെയ്യുന്ന രീതി ശരിയല്ല. വാമനൻ ഒട്ടും കുറഞ്ഞയാളല്ല അദിതിയുടേയും കശ്യപന്റെയും പുത്രനാണ് ‌ വാമനൻ.  

ഹൈന്ദവപുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യ രൂപം വാമനനാണ്. മഹാബലിയെ പാതാളത്തിലെ സുതലത്തിലേക്ക് അയയ്ക്കാൻ ജനിച്ച  “അവതാരം” ആയിരുന്നു വാമനൻ. മഹാവിഷ്ണുവിന്റെ ഒമ്പത് അവതാരങ്ങളിൽ മദ്ധ്യത്തിലെ നിലയിൽ ആണ് വാമനാവതാരം. സ്വർഗം കീഴടക്കാൻ മഹായാഗം നടത്തിയ മഹാബലി ചക്രവർത്തിയുടെ അഹം ബോധം നശിപ്പിക്കാനും, ദേവ മാതാവായ അദിതി, ഇന്ദ്രൻ എന്നിവരുടെ ആവശ്യപ്രകാരവും മഹാവിഷ്ണു വാമനാവതാരമെടുത്ത്    മഹാബലിയെ സ്വർഗവാസികൾ കൊതിക്കുന്ന "സുതലം" എന്ന പാതാളത്തിലെ സുന്ദര ലോകത്തിന്റെ ചക്രവർത്തി ആക്കി; അവിടെ മഹാബലിയുടെ കാവൽക്കാരനായി വാമനൻ നില കൊണ്ടു. മഹാബലിയെ അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി സ്വർഗത്തിൽ വാഴിച്ചു എന്നാണ്   ഭാഗവതത്തിൽ. 

മഹാബലി പാതാളത്തിലേക്ക് പോയ അടിച്ചമർത്തപ്പെട്ടവൻ എന്ന മാർക്സിസ്റ്റ് കൽപന തീരെ ശരിയല്ല. വാമനനെയാണ് നാം ആരാധിക്കേണ്ടത്.

© Ramachandran 

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...