ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ
പരിഭാഷ : രാമചന്ദ്രൻ
അധ്യായം 7,ആത്മാവിന്റെ തിരോധാനം
ആത്മാവ്, അതിന്റെ ആലയത്തില്‍ നിന്ന് വിടപറയുന്നതിനെപ്പറ്റിയാണ് ഇനി ആലോചിക്കേണ്ടത്. ശരീരംവിട്ട ആത്മാവിനെ, ജഡാത്മാവ് എന്നുവിളിക്കുന്നു. ആന്ത്രോപ്പോസോഫിയുടെ ഉപജ്ഞാതാവായ ജര്‍മന്‍ ശാസ്ത്രജ്ഞന്‍ റുഡോള്‍ഫ് സ്റ്റെയ്‌നര്‍ (1861-1925) നിരീക്ഷിച്ചത്, അടുത്തടുത്ത ജീവിതങ്ങള്‍ക്കിടയില്‍ (ഇപ്പോഴത്തെ ജീവിതവും പുനര്‍ജന്മത്തിലൂടെയുള്ള അടുത്ത ജീവിതവും) ആത്മാവിന് ജഡാസ്തിത്വം, നമ്മുടെ ശരീരത്തിന് നിദ്രയെന്നപോലെ, പരമപ്രധാനമാണ് എന്നാണ്. ഒരു ശരീരത്തില്‍ ദീര്‍ഘകാലം വസിച്ചശേഷം വിടപറയുന്ന ആത്മാവ്, കുറച്ചുകാലം ജഡാസ്തിത്വത്തിലായിരിക്കും; പൂനര്‍ജന്മം വരെ. ഈ അസ്തിത്വം, ആത്മാവിന് ആഹ്ലാദകരമാണെന്ന് പറയപ്പെടുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 28-29, 36, 81, 84). ആദ്യകാലം മുതല്‍, ആത്മാവിന്റെ ശരീരത്തില്‍ നിന്നുള്ള വിട, സൂക്ഷ്മാന്വേഷണങ്ങള്‍ക്ക് വിഷയമായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍, ഇപ്പോഴും അത് തുടരുന്നു. ആദ്യകാല ഗവേഷകരും ഭാരതത്തിലെ മഹര്‍ഷിമാരും കണ്ടെത്തിയ കാര്യങ്ങള്‍, ഉപനിഷത്തുക്കളിലും മറ്റു വേദഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. അവ വെളിപ്പെടുത്തുന്ന സംഗതികള്‍ ഇവയാണ്:
1. ആത്മാവ് പോകുന്നത്, സുഷുമ്‌ന വഴി സുഷുമ്‌നാ ദ്വാരത്തിന് നടുവിലാണ് ആത്മാവ് വസിക്കുന്നതെന്ന് നാം കണ്ടു. ശരീരംവിടുമ്പോള്‍, ആത്മാവ്, ആ ദ്വാരത്തിലൂടെ, മുകളില്‍ തലവരെയെത്തുന്നു. പദാര്‍ത്ഥരഹിതമായതിനാല്‍, എളുപ്പത്തില്‍, ശരീരത്തില്‍ എവിടെക്കൂടിയും തടസ്സമില്ലാതെ ആത്മാവിന് സഞ്ചരിക്കാം; എന്നാല്‍, അതിനെ അനുഗമിക്കുന്ന ഉഡാന വായുവിന് ആ സ്വാതന്ത്ര്യമില്ല. ഉഡാന വായു, അതിനും സുഷുമ്‌നയ്ക്കും അവകാശപ്പെട്ട സുഷുമ്‌നാ ദ്വാരത്തിലെ ചാലിലൂടെ, ആത്മാവിനെ നയിക്കുന്നു. ആത്മാവിന്റെ ആലയത്തില്‍ നിന്ന്, ആത്മാവിനെ നയിക്കുന്നു. ആത്മാവിന്റെ ആലയത്തില്‍ നിന്ന്, അന്തരീക്ഷത്തിലേക്ക് തുറക്കുന്ന സുഷുമ്‌നയുടെ ഉച്ചിവരെയാണ് ഈ ചാല്‍. വിടപറയാന്‍ നേരത്ത്, ആത്മാവിനെ അനുഗമിക്കാന്‍, അതിന്റെ ഇരിപ്പിടത്തിന് മുകളില്‍, ഉഡാന വായു വന്നു നിറയുന്നു.
2. ആലയത്തിന് മുകളില്‍ താപം ഉയരുന്നു മരണനേരത്ത്, ഹൃദയകേന്ദ്രത്തിന് മുകളില്‍, ശരീരതാപം ഉയരുന്നതായി, ബൃഹദാരണ്യക ഉപനിഷത് (4:4:2) വിവരിക്കുന്നു (ഹൃദയസ്യ അഗ്രം പ്രത്യോദാതോ). ബ്രഹ്മസൂത്രങ്ങളും ഇതുതന്നെ പറയുന്നു (4:2:17): 'അതിന്റെ ആലയാഗ്രം ചൂടാകുന്നു' (തദോയോഗ്രജ്വലനം). മരണമടുക്കുമ്പോള്‍ പലരും വായ നനയ്ക്കാന്‍ ഇത്തിരിവെള്ളം ചോദിക്കും; ആന്തരിക ചൈതന്യം ചൂടാകുമ്പോഴുള്ള പ്രതികരണമാകാം ഇത്. പ്രശ്‌നോപനിഷത് (3:9) പറയുന്നത്, മനുഷ്യന്റെ ശരീരതാപം, ഉഡാന എന്നുപറയുന്ന ജീവവായുവിന്റെ പ്രത്യക്ഷമാകുന്നു (തേജോ ഹാ വാ ഉഡാനാ) എന്നാണ്. അഞ്ച് ജീവവായുക്കള്‍ നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നു- നാം ശ്വാസോച്ഛ്വാസം ചെയ്യുന്ന, പ്രാണയും അപാനയും; സംസാരത്തിനുതകുന്ന വ്യാന; ഭക്ഷണത്തിന്റെ സഞ്ചാരം ഉറപ്പാക്കുന്ന സമാന; ശരീരത്തിലുടനീളം ഒരേ താപം നിലനിര്‍ത്തുന്ന ഉഡാന (യോഗകുണ്ഡലി ഉപനിഷത് 1:19, ഛാന്ദോഗ്യ ഉപനിഷത് 1:3ഛ3, പ്രശ്‌നോപനിഷത് 3:5,9). ഓരോ ശ്വാസത്തിലും അകത്തേക്ക് വലിക്കുന്ന അന്തരീക്ഷവായുവാണ് പ്രാണ വായു. സകല ജീവവായുവും പ്രാണ ആണെന്ന് ബൃഹദാരണ്യക ഉപനിഷത് (1:5:3) വിവരിക്കുന്നു. ശരീരത്തില്‍ ഭിന്നകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാണ വായു, അഞ്ച് ജീവവായുക്കളായി സ്വയം വിഘടിക്കുന്നു എന്നര്‍ത്ഥം. പ്രശ്‌നോപനിഷത്തും (2:3) ഇതുതന്നെ പറയുന്നു. അതിനാല്‍ എല്ലാ ജീവവായുക്കളും, അന്തരീക്ഷത്തിലെ പ്രാണ വായു തന്നെ. ഉഡാന വായുവിന്റെ ജോലി, ശരീരതാപമാണ്. പത്ത് ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് താപം താഴുന്ന സൈബീരിയയിലും 50 ഡിഗ്രി സെല്‍ഷ്യസിനപ്പുറത്തേക്ക് താപമുയരുന്ന ലിബിയയിലും ജീവിക്കുന്ന മനുഷ്യ ശരീരതാപം 37 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുന്നത്, ഉഡാന വായുവാണ്. ഒരു പ്രത്യക ബിന്ദുവില്‍ താപമുയരുന്നു എന്നതിനര്‍ത്ഥം, അവിടെ ഉഡാന വായു കേന്ദ്രീകരിച്ചു കട്ടിയാകുന്നു എന്നാണ്. അതിനാല്‍, ഹൃദയകേന്ദ്രത്തിന് മുകളില്‍ താപമുയരുന്നു എന്നാല്‍, സുഷുമ്‌നയില്‍, ആത്മാവിന് തൊട്ടുമുകളില്‍, ഉഡാന വായു വന്നുനിറയുന്നു എന്നാണ്. ആ ബിന്ദുവില്‍ താപമുയരുമ്പോള്‍, അവിടെ നിറഞ്ഞ ഉഡാന വായുവും, ചൂടാകുന്നു. അപ്പോള്‍, ഏത് ചുടുവായുവുംപോലെ, ഉഡാന വായു സുഷുമ്‌നയുടെ സൂക്ഷ്മദ്വാരത്തില്‍ ഉയരുകയും ശിരസ്സിന്റെ ഉച്ചിയിലെത്തുകയും ചെയ്യുന്നു.
3. ഉഡാനവായു ഉയരുമ്പോള്‍, ശബ്‌ദം ജാബാലദര്‍ശന ഉപനിഷത് (6:36,37) ഇങ്ങനെ പറയുന്നു: ബ്രഹ്മരന്ധ്രത്തിലേക്ക് വായു ഉയരുമ്പോള്‍, ആദ്യം ശബ്ദം ശംഖിന്റേതുപോലെ; പകുതിവഴിയാകുമ്പോള്‍, മേഘങ്ങളുടേതുപോലെ; ഉച്ചിയുടെ നടുവിലെത്തുമ്പോള്‍, മലയിലെ അരുവിപോലെ. അപ്പോള്‍, ആത്മാവ് സന്തുഷ്ടിയടയുകയും മഹാബോധനത്തിലെത്തുകയും ചെയ്യുന്നു. മൂന്നുതരം ശബ്ദങ്ങളുണ്ടാകുന്നു എന്നതിനര്‍ത്ഥം, ഭിന്ന പ്രകൃതികളില്‍പ്പെട്ട മൂന്നുമേഖലകളിലെ വായു സഞ്ചരിക്കുന്നു എന്നാണ്. ആ മൂന്നുമേഖലകള്‍, നാഡീചാല്‍ കഴിഞ്ഞാകണം; കാരണം ആ ചാലില്‍, സുഷുമ്‌ന, നേര്‍രേഖയില്‍, ഒന്നുപോലെയാണ്. അതിനാല്‍, അപ്പോഴത്തെ ഉഡാന വായുവിന്റെ സഞ്ചാരം, മൃദുവും ഏകതാനവുമായിരിക്കും. ഒരു ചെറിയ മൂളല്‍. നാഡീചാല്‍ കഴിഞ്ഞാല്‍, തലച്ചോറിന്റെ വേരിലാണ് ഉഡാന വായുവിന് ശ്വാസംമുട്ടുന്നത്. കാരണം, അവിടെ ഞരമ്പുനൂലുകളുടെ സംഘാതമുണ്ട്. അവിടത്തെ കഴുത്തുഞെരിക്കലില്‍, സുഷുമ്‌നയുടെ ദ്വാരം ചുരുങ്ങിപ്പോകുന്നു. അതിലൂടെയുള്ള ഉഡാന വായുവിന്റെ സഞ്ചാരത്തിന് ഞരക്കം വരുന്നു. അതിനാല്‍, 'ശംഖനാദം പോലെ' എന്ന് ഉപനിഷത്ത് പറയുന്നു. തലച്ചോറിന്റെ വേരുകഴിഞ്ഞാല്‍, സുഷ്മന തലച്ചോറിലൂടെയാണ് സഞ്ചരിക്കുന്നത്. അവിടെ പല മടക്കുകളും വിടവുകളും ചാലുകളുമുണ്ട്. അതിലൂടെ ഉഡാന വായു പോകുമ്പോള്‍, മേഘസ്വരമാണ്. ഇടിവെട്ടല്ല മേഘമര്‍മരം. ബൃഹദാരണ്യക ഉപനിഷത് (4:3:35), അതിനെ താരതമ്യം ചെയ്യുന്നത്, ചരക്കുനിറഞ്ഞ ഒരു കാളവണ്ടിയോടാണ്. ഒടുവില്‍, ഉഡാന വായു, സുഷുമ്‌നയുടെ ഉച്ചിയിലെത്തുമ്പോള്‍, മലയിലെ അരുവിയുടെ കിലുക്കമാണ്. എന്തുതരം ശബ്ദമാണ് എന്നേ ഈ വിവരണങ്ങളിലുള്ളൂ; അതിന്റെ താളമോ ശക്തിയോ ഇല്ല. സുഷുമ്‌നാ ദ്വാരം വളരെ ഇടുങ്ങിയതാകയാല്‍, അതിലെ വായുസഞ്ചാരത്തിന്റെ ശബ്ദം നന്നേ ചെറുതായിരിക്കും. ഉഡാന വായുവിന് പിന്നാലെ പോകുന്ന ആത്മാവിന് മാത്രമേ അത് കേള്‍ക്കാനാവൂ; ശരീരത്തിന് പുറത്ത് അത് കേള്‍ക്കാനാവില്ല. ഉപനിഷദ് വിവരണത്തില്‍നിന്ന് കാണുന്നത്, ഉഡാന വായു, ശബ്ദമുണ്ടാക്കുന്നു എന്നാണ്. അതിവേഗം വായു സഞ്ചരിച്ചാലേ ശബ്ദമുണ്ടാകൂ. അതിനാല്‍, 'മുകളിലേക്ക് പോകുന്ന വായുവിന്റെ ശബ്ദം' എന്നുവച്ചാല്‍, ആ സഞ്ചാരം അതിവേഗത്തിലുള്ള തിക്കലാണ് എന്നാണ്.
4. മുകളിലേക്ക് പോകുന്ന വായു ആത്മാവിനെ വലിക്കുന്നു മുകളിലേക്കുയരുന്ന ഉഡാന വായു, ആത്മാവിനെ പുറത്തേക്കുള്ള വഴിയിലേക്ക് നയിക്കുന്നുവെന്ന് പ്രശ്‌നോപനിഷത്ത് (3:7) വിവരിക്കുന്നു. നീണ്ടു മെലിഞ്ഞ ഒരു കുഴലിലൂടെ വായു അതിവേഗം പോയാല്‍, അത് തൊട്ടുപിന്നില്‍ ഒരു ശൂന്യത സൃഷ്ടിക്കുകയും ആ ശൂന്യത സമീപത്തെ കനംകുറഞ്ഞ വസ്തുക്കളെ പിന്നാലെ വലിക്കുകയും ചെയ്യുമെന്ന് ശാസ്ത്രം പറയുന്നു. ഉഡാന വായു സുഷുമ്‌നയിലെ നീണ്ട കുഴലിലൂടെ അതിവേഗം പായുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത, ആത്മാവിനെ പിന്നാലെ വലിക്കുന്നു. അതിനാലാണ്, മുകളിലേക്ക് പോകുന്ന ഉഡാന വായു, ആത്മാവിനെ പുറംവാതിലിലേക്ക് നയിക്കുന്നുവെന്ന് ഉപനിഷത്തുക്കള്‍ വിവരിക്കുന്നത്. (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 30-32). (ഉഡാന എന്ന വാക്കിന്റെ അര്‍ത്ഥം മുകളിലേക്ക് ഉയരുന്നു എന്നതുതന്നെയാണ്).
5. ശിരസിന്റെ മധ്യം കഴിഞ്ഞാല്‍, ആത്മാവിന് ആഹ്ലാദം ഉഡാന വായു ശിരസ്സിന്റെ ഉച്ചിയിലേക്ക് പായുമ്പോള്‍, മലയിലെ അരുവിയുടെ മര്‍മരശബ്ദം പുറപ്പെടുവിക്കുന്നുവെന്ന് വിവരിക്കുന്നേ ജാബാലാദര്‍ശന ഉപനിഷത് (6:37) ഇത്രകൂടി പറയുന്നു: അപ്പോള്‍, ആരോഹണം ചെയ്യുന്ന ആത്മാവ്, സന്തുഷ്ടമാവുകയും മഹാബോധം ആര്‍ജിക്കുകയും ചെയ്യുന്നു (പശ്ചാത് പ്രീതോ മഹാപ്രജ്ഞാ സാക്ഷാത് ആത്മോന്‍മുഖോ ഭവേത്) ആറാം ചക്രത്തിന് മുകളിലെ മേഖല, സുഷുമ്‌നയിലെ സന്തുഷ്ടപ്രദേശം (സുഖമണ്ഡലം) ആണെന്ന്, യോഗകുണ്ഡലി ഉപനിഷത് (3:12)പറയുന്നു. ആത്മാവ് അവിടെയെത്തുമ്പോള്‍, അതിന് സുഖാനുഭവമായിരിക്കും എന്നര്‍ത്ഥം. ഈ മേഖല കടക്കുന്ന ആത്മാവ് സുഖാനുഭൂതിയിലെത്തുകയും മഹാബോധമാര്‍ജിക്കുകയും ചെയ്യുമെന്ന്, ജാബാലാ ദര്‍ശന ഉപനിഷത്തും രേഖപ്പെടുത്തുന്നു. ആ മഹാബോധത്തെ, പൂര്‍വപ്രജ്ഞ എന്ന്, ബൃഹദാരണ്യക ഉപനിഷത് (4:4:2) വിശേഷിപ്പിക്കുന്നു. ഭൂതകാല ജീവിതത്തെക്കുറിച്ചുള്ള അവബോധം അഥവാ ഓര്‍മ ആണിത്. ആത്മാവിനെ ആവരണം ചെയ്യുന്ന സൂക്ഷ്മശരീരത്തില്‍, ഈ ജീവിതത്തിലെ എല്ലാ കര്‍മങ്ങളും അനുഭവങ്ങളും പ്രത്യേക കൂട്ടം കര്‍മഭാവങ്ങള്‍ ആയി സൂക്ഷിക്കപ്പെടും എന്ന് കുറച്ചുകഴിഞ്ഞ് (22-ാം അധ്യായം) നാം കാണും. ഇത്, ജീവിതാവസാനം, ആത്മാവിനെ ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ പെട്ടെന്ന്, നിമിഷങ്ങള്‍ക്കകം അവലോകനം ചെയ്യാന്‍ പ്രാപ്തമാക്കുന്നു. അങ്ങനെ, അവസാനിച്ച ജീവിതത്തെപ്പറ്റി ബോധമുണ്ടാകുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 65).
6. നിറുകം തലയിലൂടെ ആത്മാവ് പുറത്തുപോകുന്നു യോഗശിഖാ ഉപനിഷത് (6:33) ഇങ്ങനെ വിവരിക്കുന്നു: ആറു ചക്രങ്ങള്‍ കടന്ന് (ആത്മാവ്) ബ്രഹ്മരന്ധ്രം വഴി പുറത്തുപോകുന്നു. (ഷഡ്ചക്രാണി ച നിര്‍ഭിദ്വ ബ്രഹ്മരന്ധ്രാദ് ബഹിര്‍ഗതം). 'ആറു ചക്രങ്ങള്‍ കടന്ന്' എന്ന പ്രയോഗം അത്ര സാധുവായിരിക്കില്ല. കാരണം, ആത്മാവിന്റെ ആലയമായ ഹൃദയകേന്ദ്രം നാലാംചക്രത്തിലോ അതിന് തൊട്ടുതാഴെയോ ആണ്. അതിനാല്‍, സുഷുമ്‌നയുടെ അഗ്രത്തിലെത്താന്‍, ആത്മാവിന്, നാലുമുതല്‍ ആറുവരെ ചക്രങ്ങള്‍ കടന്നാല്‍ മതി. 'ആറുചക്രങ്ങള്‍ കടന്ന്' എന്ന പ്രയോഗത്തിന് ഇത്തരുണത്തില്‍ അര്‍ത്ഥം, ആറു ചക്രത്തിനപ്പുറം കടന്ന് സുഷുമ്‌നയുടെ അഗ്രമായ ഏഴാം ചക്രത്തിലെത്തുക എന്നതാകാം. അതാണ്, ബ്രഹ്മരന്ധ്രത്തില്‍ ഇളംവയലറ്റ് നിറത്തില്‍, ആയിരം ഇതളുകളുള്ള സഹസ്രാരചക്രം. ഐതരേയ ഉപനിഷത് (1:3:12) ഇങ്ങനെ പറയുന്നു: ഉച്ചിതുളച്ചുണ്ടാകുന്ന ദ്വാരം വഴി ആത്മാവ് (ശരീരത്തില്‍) കടക്കുന്നു. പൈംഗള ഉപനിഷത്തും (1:3) ആത്മാക്കള്‍ ഉച്ചിയിലെ ബ്രഹ്മരന്ധ്രം തുളച്ചാണ് ശരീരത്തിലെത്തുന്നതെന്ന് പറയുന്നു. അപ്പോള്‍, ജഡാവസ്ഥയിലുള്ള ശരീരഭാഗങ്ങള്‍ ചലനാത്മകമാവുകയും കര്‍മനിരതമാവുകയും ചെയ്യുന്നു. ആത്മാവ് ശരീരത്തിലേക്ക് കടക്കുന്നത് ഉച്ചിവഴിയാണെങ്കില്‍, ആ ദ്വാരം വഴിതന്നെയായിരിക്കും അത് പുറത്തേക്ക് പോകുന്നതും. (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 47, 83).
7. ആത്മാവ് പോകുമ്പോള്‍ ശരീരം തണുക്കുന്നു ശരീരതാപം ക്രമീകരിക്കുന്ന ഉഡാന വായു പുറത്തേക്ക് പോകുമ്പോള്‍, ശരീരം തണുക്കുന്നു; ശരീരത്തെ ചലിപ്പിക്കുന്ന ആത്മാവ് പുറത്തേക്ക് പോകുമ്പോള്‍, ഒരു മരക്കഷണം പോലെ, ശരീരം ജഡമാകുന്നു (അന്തരീക്ഷത്തിലെത്തുമ്പോള്‍, ഉഡാന വായു, അതില്‍ ലയിക്കുകയും ആത്മാവ്, കുറച്ചുനേരം ഇളകിക്കളിക്കുകയും ചെയ്യുന്നു).
8. ആത്മാവ് പോയാലും സൂക്ഷ്മശരീരമുണ്ട് ബ്രഹ്മസൂത് രങ്ങള്‍ (3:1:1) ഇങ്ങനെ പറയുന്നു: വിടപറയുന്ന നേരത്തും വിടപറഞ്ഞശേഷവും, ആത്മാവിനെ ആവരണം ചെയ്യുന്നത് അതിന്റെ സൂക്ഷ്മശരീരമാണ്. ഭഗവദ്ഗീതയും (15:8) പറയുന്നത്, ശരീരം വിടുമ്പോള്‍ ആത്മാവ്, സൂക്ഷ്മശരീരം കാക്കുന്നു എന്നാണ് (11-ാം അധ്യായം കാണുക). ജഡാത്മാവിനെ ആവരണം ചെയ്ത് സൂക്ഷ്മശരീരമുണ്ടായിരുന്നതായി, അമേരിക്കന്‍ ആശുപത്രികളില്‍ പുനര്‍ജന്മം നേടിയ രോഗികളും സാക്ഷ്യപ്പെടുത്തുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, (35, 42-43, 49, 50, 53). ആത്മാവിന്റെ വിടപറച്ചിലിന് തൊട്ടുമുന്‍പ്, അതിനുമേല്‍ ഉഡാന വായു വന്നു നിറയുന്നതുമുതല്‍, ആത്മാവ് ഉച്ചിവഴി പുറത്തുകടക്കുന്നതുവരെയുള്ള അന്ത്യയാത്ര പ്രക്രിയ കാണിക്കുന്നത്, ആത്മവല്ലാതെ, മറ്റൊരു ശക്തി മൊത്തം പ്രക്രിയയെ നയിക്കുന്നുവെന്നും ആത്മാവ് അതിന് വഴങ്ങുന്നുവെന്നുമാണ്. എന്താണ് ആ ശക്തി? ബ്രഹ്മന്‍ ആണ് പ്രകൃതിയുടെയും ആത്മാക്കളുടെയും നിയന്താവ് എന്ന് ശ്വേതശ്വതാര ഉപനിഷത് (6:16) പറയുന്നു. (പ്രധാന ക്ഷേത്രജ്ഞപതി - പ്രധാന എന്നത്, പ്രകൃതിയുടെ പര്യായം; ക്ഷേത്രജ്ഞന്‍ എന്നാല്‍, ആത്മാവ്, പതി എന്നാല്‍, ഈശ്വരന്‍).