Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 4

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം/ എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 
 അധ്യായം: 4 , ഭാഷാപരമായ പരിമിതികള്‍
 ദാര്‍ത്ഥമില്ലാത്ത അസ്തിത്വങ്ങളെപ്പറ്റി പറയുമ്പോള്‍, ഭാഷാപരമായ പരിമിതികള്‍ തത്വചിന്തകര്‍ക്കു തടസ്സമാകാറുണ്ട്. പദാര്‍ത്ഥമില്ലാത്ത അസ്തിത്വങ്ങളുടെ ഭിന്നവിശേഷങ്ങളെ കൃത്യമായി വിവരിക്കാന്‍ ഭാഷയില്‍, കൃത്യമായ വാക്കുകള്‍ ഇല്ല. 'ആത്മാവിന്റെ സത്യത്തെപ്പറ്റി പറയാന്‍ മനുഷ്യഭാഷക്ക് പരിമിതികള്‍' ഉണ്ടെന്ന്, ഗ്രീക്ക് തത്വചിന്തകന്‍ പ്ലേറ്റോ (427-347 ബിസി) അദ്ദേഹത്തിന്റെ റിപ്പബ്ലിക് എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ആ പരിമിതി കടന്നുകയറാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. 1975 ല്‍ ഇതേ അഭിപ്രായം, ലൈഫ് ആഫ്റ്റര്‍ ലൈഫ് -ല്‍ ഡോ.റെയ്മണ്ട് മൂഡിയും രേഖപ്പെടുത്തി (25-26, 43, 47, 76,88). കൃത്യമായ വാക്കുകള്‍ ഇല്ലാത്തപ്പോള്‍, അതിനടുത്ത വാക്കുകളിലേ, നമുക്ക് ആശയങ്ങള്‍ പ്രകടിപ്പിക്കാനാകൂ. അതിനാല്‍, ഇപ്പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന, ഊര്‍ജം, കണിക, സംഗതി, കമ്പനം, തരംഗം, ചുഴലി, ഭ്രമണം, വിചാരം, പ്രതിഫലനം, ഓര്‍മ തുടങ്ങിയ വാക്കുകള്‍, അവയുടെ കൃത്യമായ വാച്യാര്‍ത്ഥത്തില്‍ എടുത്തുകൂടാ. ബന്ധപ്പെട്ട കണികയുടെ പദാര്‍ത്ഥരാഹിത്യത്തിന്റെ പശ്ചാത്തലത്തിന് ചേര്‍ന്ന അര്‍ത്ഥമേ അവയ്ക്ക് കല്‍പിക്കേണ്ടതുള്ളൂ. ആത്മാവ്, ജീവചൈതന്യ ഏകകമാണെന്ന് നാം കണ്ടു. അതൊരു പദാര്‍ത്ഥമല്ല. അതൊരു ഭൗതിക സംഗതി അല്ല. 
സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: (സമ്പൂര്‍ണ കൃതികള്‍, വാല്യം 1, പേജ് 96): ജീവ പദാര്‍ത്ഥരഹിതമാണ്; അത് എന്നുമുണ്ടായിരിക്കും. ജീവ, ജീവനാണ്, ആത്മാവാണ്. അത് ഉള്ളടക്കമില്ലാത്തതാണ്, പദാര്‍ത്ഥരഹിതമാണ്. അത്, ഉള്ളടക്കമില്ലാത്ത അസ്തിത്വമാണ്. അത് ബോധമാണ്; പദാര്‍ത്ഥമില്ലാത്ത തത്വം. അതിന് കണികകളില്ല. ഭിന്ന കണികകളാല്‍ ഉണ്ടാക്കപ്പെട്ട വസ്തുക്കളെല്ലാം, ഒരിക്കല്‍ അല്ലെങ്കില്‍, മറ്റൊരിക്കല്‍, അവയുടെ ഘടകകണികകളായി ചിതറിത്തെറിക്കും, നശിക്കും. ആത്മാവ് പോലുള്ള ഒരു ഏകകത്തിന്, ചിതറാന്‍ ഒന്നുമില്ല; അതിനാല്‍ അത് എന്നുമുണ്ടായിരിക്കും. ആത്മാവ്, നശിക്കുന്നില്ല. പദാര്‍ത്ഥമുള്ള വസ്തുക്കളെ നമുക്ക് കാണാം, തൊടാം, നാം വായുവിനെ കാണുന്നില്ലെങ്കിലും, അത് അനങ്ങുമ്പോള്‍, അതിനെ നമുക്ക് അനുഭവിക്കാം. ഇവിടംവിട്ട അസംഖ്യം ആത്മാക്കള്‍, ആകാശത്ത് ചലിക്കുന്നതായി പറയപ്പെടുന്നു; നമുക്കവയെ കാണാനാവില്ല, അനുഭവിക്കാനാവില്ല. കാരണം, അവ പദാര്‍ത്ഥരഹിതമാണ്. നമുക്ക് ഓരോരുത്തര്‍ക്കും പരസ്പരം കാണാനാവുന്നതുപോലെ, ആത്മാക്കള്‍ക്ക് കാണാനും അനുഭവിക്കാനും കഴിയുമെന്ന് മഹര്‍ഷിമാര്‍ പറയുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 102-103). സാംഖ്യകാരികയിലെ 40-ാം ശ്ലോകം, എഎസ്പിആര്‍ ജേര്‍ണലിലെ ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍- ന്റെ നിരീക്ഷണങ്ങള്‍ (പേജ് 41), ലൈഫ് ആഫ്റ്റര്‍ ലൈഫ്-ലെ ഡോ. റെയ്മണ്ട് മൂഡിയുടെ കണ്ടെത്തലുകള്‍ എല്ലാം പറയുന്നത്, ശരീരം വിട്ട ഒരാത്മാവിന്, ഏത് വസ്തുവിലൂടെയും, തടസ്സമില്ലാതെ സഞ്ചരിക്കാം എന്നാണ്-അടഞ്ഞ വാതില്‍, ഉറച്ചഭിത്തി, പാറ. ആത്മാവ് പദാര്‍ത്ഥമില്ലാത്തതാണ് എന്നതിന്റെ തെളിവാണ് ഇത്. വായുവിനോ, പ്രകാശത്തിനോ, പദാര്‍ത്ഥത്തിന്റെ ചെറുകണികപോലുള്ള എന്തെങ്കിലും വസ്തുവിനോ, ഒരു ഭിത്തിക്കപ്പുറമോ, അടഞ്ഞവാതിലിനപ്പുറമോ കടന്നെത്താനാവില്ല. പദാര്‍ത്ഥമില്ലാത്ത വസ്തുക്കളുടെ സവിശേഷതയാണ്, അവയ്ക്ക് സഞ്ചരിക്കാന്‍ സ്ഥലം വേണ്ട എന്നത്; അവയ്ക്ക്, എന്തിലൂടെയും തടസ്സമില്ലാതെ കടക്കാം- കനത്ത ഭിത്തി, മരവാതില്‍, ലോഹപ്പലക, ഇരുമ്പു കൈവരികള്‍, വാര്‍ത്ത മേല്‍ക്കൂര, വലിയ പാറ, വന്‍ മല, പദാര്‍ത്ഥമില്ലാത്ത വസ്തുക്കളുടെ ഏറ്റവും വലിയ വിശേഷമാണ്, ഏതു വസ്തുവിലൂടെയും കടന്നുപോകാം എന്നത്. 
പദാര്‍ത്ഥരഹിത കണികകള്‍ ചുഴലി തരംഗങ്ങള്‍
 വസ്തുക്കളുടെ അടിസ്ഥാന ഘടകം കണ്ടെത്താന്‍ ശ്രമിച്ച ശാസ്ത്രജ്ഞര്‍, എല്ലാ വസ്തുക്കളെയും ആറ്റങ്ങളായി വിഘടിപ്പിച്ചു. ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്ന് ദശലക്ഷം ഭാഗമാണ് ആറ്റം. ഓക്‌സിജന്‍, ഗന്ധകം, സ്വര്‍ണം, രസം തുടങ്ങി പലയിനം ആറ്റങ്ങളുണ്ട്. ഓരോ മൂലകത്തിനും അതിന്റേതായ ആറ്റം. ശാസ്ത്രജ്ഞര്‍ ആറ്റങ്ങളെ അവയുടെ ഘടകവസ്തുക്കളായ ഉപ ആറ്റങ്ങളായും വിഘടിപ്പിച്ചിട്ടുണ്ട്; അപ്പോള്‍ കണ്ടത്, എല്ലാ മൂലകങ്ങളുടെയും ഉപ അറ്റോമിക ഘടകങ്ങള്‍ ഒരുപോലിരിക്കുന്നു എന്നാണ്. അവയുടെ അളവില്‍ വ്യത്യാസമുണ്ടെന്നു മാത്രം. ഈ ഉപ അറ്റോമിക ഘടകങ്ങളെ, ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നുവിളിച്ചു. ഒരു ഓക്‌സിജന്‍ ആറ്റത്തില്‍, എട്ടുവീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളുമുണ്ട്. ഒരു ഗന്ധക ആറ്റത്തില്‍, 15 വീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും 16 ന്യൂട്രോണുകളുമുണ്ട്. സ്വര്‍ണത്തിന്റെ ഒരു ആറ്റത്തില്‍, 79 വീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും 118 ന്യൂട്രോണുകളുമാണുള്ളത്. രസ ആറ്റത്തില്‍ 80 വീതം ഇലക്‌ട്രോണുകളും പ്രോട്ടോണുകളും 120 ന്യൂട്രോണുകളും. ഇങ്ങനെയാണ് ഓരോന്നിലെയും കണികകള്‍. ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളും എല്ലാറ്റിലും ഒരുപോലിരിക്കുന്നു. അവയുടെ സംഖ്യകളിലാണ് വ്യത്യാസം. ഒരര്‍ത്ഥത്തില്‍, ഇതുകാണിക്കുന്നത്, പ്രപഞ്ചത്തിന് അടിസ്ഥാന ഏകത്വമുണ്ടെന്നും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും ഉറവിടം ഒന്നുതന്നെ എന്നുമാണ്. മൂന്ന് ഉപ അറ്റോമിക കണികകളില്‍, ഇലക്‌ട്രോണാണ്, ഏറ്റവും ചെറുതും കനം കുറഞ്ഞതും സൂക്ഷ്മവും. ഇലക്‌ട്രോണിലെ പദാര്‍ത്ഥം ഒരു ഗ്രാമിന്റെ 9.1/1028 മാത്രമാണ്. അത് ഒരു ശുദ്ധ പദാര്‍ത്ഥ കണികയല്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതിനൊരു ദ്വന്ദ്വസ്വഭാവമുണ്ട്; ഭാഗികമായി പദാര്‍ത്ഥവും ഭാഗികമായി തരംഗവും. അത്, ഒരു ചെറുഭാഗം പദാര്‍ത്ഥവും വലിയ ഭാഗം ചുഴലി തരംഗവുമാണ്. ഇലക്‌ട്രോണിലെ തരംഗങ്ങളെ ഇപ്പോള്‍ പലതിനും ഉപയോഗിച്ചുവരുന്നു. ഉദാഹരണമായി, സീഷിയത്തിലെ ഇലക്‌ട്രോണ്‍ തരംഗങ്ങളാണ്, രാജ്യാന്തര സമയം നിശ്ചയിക്കാന്‍ ഉപയോഗിക്കുന്നത്. 6000 വര്‍ഷത്തില്‍ ഒരു സെക്കന്‍ഡ് പോലും മാറാത്തത്ര കൃത്യത അതിനുണ്ട്. ഒരു കണികയിലെ പദാര്‍ത്ഥം കുറയുന്തോറും, അതിന്റെ തരംഗ സ്വഭാവം കൂടുകയും, പദാര്‍ത്ഥം പൂജ്യമാണെങ്കില്‍, തരംഗസ്വഭാവം പരമകാഷ്ഠയിലെത്തുകയും ചെയ്യും. ഇലക്‌ട്രോണുകളിലെക്കാള്‍ പദാര്‍ത്ഥം കുറഞ്ഞ ഏതാണ്ട് നൂറ് തരം സൂക്ഷ്മ കണികകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നാണ്, ഇലക്‌ട്രോണിനെക്കാള്‍ 200,000 ഇരട്ടി പദാര്‍ത്ഥം കുറഞ്ഞ, പ്രകാശ കണികയായ ഫോട്ടോണ്‍. ഫോട്ടോണുകളെ ഫലത്തില്‍ പദാര്‍ത്ഥമില്ലാത്ത കണികകളായാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്. ഫോട്ടോണുകള്‍ ഇലക്‌ട്രോണുകളുമായി കൂട്ടിമുട്ടിയാല്‍ ഇലക്‌ട്രോണുകള്‍ക്ക് ഫോട്ടോണുകളെ സൃഷ്ടിക്കാനും അവയെ ഭക്ഷിക്കാനും കഴിയും. എന്നാല്‍, ഫോട്ടോണുകളില്‍, ഒരു ഗ്രാമിന്റെ 4.4/1033 ഭാഗം പദാര്‍ത്ഥം ഉണ്ട്. അത് വളരെ ചെറുതായതിനാല്‍, കൃത്യതയില്‍ കണ്ണുള്ള ശാസ്ത്രജ്ഞര്‍പോലും, അതിനെ പൂജ്യത്തിന് സമമായി കാണുന്നു; അവ വൈദ്യുത കാന്തിക തരംഗ സ്വഭാവമുള്ളതാണെന്നും കാണുന്നു. അങ്ങനെ, ഫോട്ടോണുകള്‍ ഏതാണ്ട് പദാര്‍ത്ഥരഹിതവും അവയുടെ തരംഗസ്വഭാവം പരമകാഷ്ഠയിലുമാണ്. എന്നുവച്ചാല്‍, അവ സൂക്ഷ്മമായ ചുഴലി തരംഗങ്ങളാകുന്നു. 

സാമാന്യയുക്തി അനുസരിച്ച്, പദാര്‍ത്ഥരഹിത വസ്തുക്കളുടെ സ്വഭാവം, ഇത്തിരിമാത്രം പദാര്‍ത്ഥമുള്ള വസ്തുക്കളുടേതിന് തുല്യമായിരിക്കും. ഫോട്ടോണ്‍ പോലുള്ള കണികകള്‍ ഫലത്തില്‍ പദാര്‍ത്ഥരഹിതമായതിനാല്‍, തരംഗമായി നില്‍ക്കുന്നതിനാല്‍, പദാര്‍ത്ഥരഹിതമായ ആത്മാക്കളും തരംഗങ്ങളായിട്ടായിരിക്കും നില്‍ക്കുക. ലൈഫ് ആഫ്റ്റര്‍ ലൈഫ്- ല്‍, പുനര്‍ജീവിച്ച ഒരു രോഗി, ജഡാവസ്ഥയില്‍ താന്‍ നിന്നത്, തരംഗമായാണ് എന്നുവിവരിക്കുന്നു. വൈദ്യുത കാന്തിക തരംഗങ്ങളായാണ് ഫോട്ടോണുകള്‍ നില്‍ക്കുന്നത്; ആത്മാക്കള്‍ നില്‍ക്കുന്നത്, ജീവബോധ തരംഗങ്ങളായാണ്. ആത്മാക്കള്‍ 'ചുഴലി' തരംഗങ്ങളായാണ് നില്‍ക്കുന്നത്. മേല്‍ വിവരിച്ച, പദാര്‍ത്ഥരഹിത വസ്തുക്കള്‍ക്ക് ഫോട്ടോണുകളുമായുള്ള താരതമ്യം, എല്ലാ പദാര്‍ത്ഥരഹിത കണികകള്‍ക്കും ബുദ്ധിക്കും മനസ്സിനുമൊക്കെ ബാധകമാണ്. ഫോട്ടോണുകളെക്കാള്‍ വേഗത്തില്‍ ചുറ്റുന്ന ചുഴലിതരംഗങ്ങളായാണ്, എല്ലാ പദാര്‍ത്ഥരഹിത കണികകളും നില്‍ക്കുന്നത്. എന്തുകൊണ്ടാണ് അവ ചുഴലി തരംഗങ്ങളായത്? ഒരിടത്ത്, ചലനരഹിതമായി തരംഗങ്ങള്‍ നില്‍ക്കാറില്ല. അവ എപ്പോഴും മുന്നോട്ടുപോയിക്കൊണ്ടിരിക്കും. എന്നാല്‍, ഒരു വസ്തുവിനെ ഉണ്ടാക്കിയ കണികയ്ക്ക് അതില്‍നിന്ന് മാറാനാവില്ല. അതിന്റെ മുന്നോട്ടുള്ള സഞ്ചാരം, ആ വസ്തുവിനകത്തായിരിക്കും. അപ്പോള്‍, വസ്തുവിനകത്തെ അതിന്റെ തരംഗ സഞ്ചാരം, വസ്തുവിനകത്ത് വട്ടത്തില്‍ കറങ്ങല്‍ ആയിരിക്കും. അങ്ങനെ വട്ടത്തില്‍ അതിവേഗത്തില്‍ ആ സഞ്ചാരം നടക്കുമ്പോഴാണ് ആ വസ്തു തന്നെ ഉണ്ടാകുന്നത്. ഇലക്‌ട്രോണ്‍, ഫോട്ടോണ്‍ തുടങ്ങിയ കണികകള്‍ക്ക് കാരണമായ തരംഗങ്ങള്‍, ആ കണികകള്‍ക്കകത്ത്, അതിവേഗത്തില്‍ ചുറ്റിക്കൊണ്ടിരിക്കണം. അങ്ങനെയായിരിക്കും, ആത്മാവിന്റെ കാര്യവും. പ്രാചീന മഹര്‍ഷിമാര്‍, ആത്മാക്കളെ സദാ കറങ്ങിക്കൊണ്ടിരിക്കുന്ന ചുഴലി തരംഗങ്ങളായാണ് ദര്‍ശിച്ചത്. ആത്മാവ് എപ്പോഴും കറങ്ങുന്നുവെന്ന് ഉപനിഷത്തുക്കളില്‍ അവര്‍ വെളിവാക്കി (ലൈഫ് ആഫ്റ്റര്‍ ലൈഫ്, പേജ് 30 കൂടി കാണുക). ശാണ്ഡില്യ ഉപനിഷത് (1:4) വിശദീകരിക്കുന്നു: പന്ത്രണ്ട് ദളങ്ങളുള്ള ഒരു ചക്രം നിലനില്‍ക്കുന്നു. അതിന്റെ മധ്യത്തില്‍ ആത്മാവ്, മുജ്ജന്മ കര്‍മങ്ങളുടെ നന്മതിന്മകളുടെ പ്രചോദനത്താല്‍, കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവിടെ, 'കറങ്ങുന്നു' എന്നതിനര്‍ത്ഥം, 'കറങ്ങിത്തന്നെ നിലനില്‍ക്കുന്നു' എന്നാണ്. നാം പിന്നീട് കാണാന്‍ പോകുന്നതുപോലെ, മുജ്ജന്മ കര്‍മങ്ങളുടെ നന്മതിന്മകളുടെ പ്രചോദനം അഥവാ നിയന്ത്രണം, എല്ലാ ആത്മാക്കളുടെയും സാമാന്യസ്വഭാവമാകുന്നു. ധ്യാനബിന്ദു ഉപനിഷത് (49-50), യോഗചൂഡാമണി ഉപനിഷത് (13-14) എന്നിവയും ഇങ്ങനെ പറയുന്നു: പരമസത്യത്തിങ്കല്‍ എത്താത്തിടത്തോളം, മുജ്ജന്മ കര്‍മങ്ങളാല്‍ നിയന്ത്രിതമായ ആത്മാവ്, പന്ത്രണ്ട് ദളങ്ങളുള്ള മഹാചക്രത്തില്‍ കറങ്ങിക്കൊണ്ടിരിക്കും.'പരമസത്യം' (ജ്ഞാനം) സിദ്ധിക്കുമ്പോള്‍, ആത്മാവ്, മോക്ഷമടയുകയും പ്രപഞ്ചാത്മാവായ ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുമെന്ന് ഉപനിഷത്തുക്കള്‍ പറയുന്നു (പൈംഗളോ പനിഷത്, 4:13-14). അതിനാല്‍, 'പരമസത്യത്തിങ്കല്‍ എത്താത്തിടത്തോളം' എന്ന പ്രയോഗത്തിനര്‍ത്ഥം, 'ബ്രഹ്മത്തില്‍ ലയിക്കാതെ, സ്വതന്ത്ര ഏകകമായി നില്‍ക്കുന്ന ആത്മാവ്' എന്നാണ്. അതിന്റെ അസ്തിത്വം നിലനില്‍ക്കുവോളം അങ്ങനെ എന്നര്‍ത്ഥം. അതിനാല്‍, മുന്‍ ശ്ലോകങ്ങളുടെ ചുരുക്കം, പന്ത്രണ്ട് ദളങ്ങളുള്ള ചക്രത്തിന്റെ മധ്യത്തില്‍ ആത്മാവ് എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നു എന്നാകുന്നു (നട്ടെല്ലില്‍ ആ ചക്രത്തിന്റെ സ്ഥാനം പിന്നീട് വിവരിക്കാം). ഒരു കണികയ്ക്ക് കാരണമായ തരംഗങ്ങള്‍, ആ കണികയില്‍ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്നു എന്നു നാം കണ്ടു. ഫ്രിജോഫ് കാപ്ര എഴുതിയ താവോ ഓഫ് ഫിസിക്‌സ് പറയുന്നത്, ഇലക്‌ട്രോണുകളുടെ കറക്കത്തിന്റെ വേഗം, സെക്കന്‍ഡില്‍ 600 മൈല്‍ എന്നാണ്. ഇലക്‌ട്രോണുകളെക്കാള്‍ ഫോട്ടോണുകളില്‍ പദാര്‍ത്ഥം കുറവാണ്; അതിനാല്‍, ഫോട്ടോണുകളുടെ ചുഴലിവേഗം കൂടുതലായിരിക്കും. സെക്കന്‍ഡില്‍ 300,000 കിലോമീറ്റര്‍ (186000 മൈല്‍) ആണ് പ്രകാശ (ഫോട്ടോണ്‍) വേഗം എന്നു ശാസ്ത്രം പറയുന്നു. സാധാരണ പകലിലെ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം, ഏതാണ്ട് 5000 ആങ്‌സ്‌ട്രോം ആണ്. ഒരു മില്ലി മീറ്ററിന്റെ പത്തിലൊന്നു ദശലക്ഷം ആണ് ഒരു ആങ്‌സ്‌ട്രോം. ആവേഗം (ഫ്രീക്വന്‍സി/ സെക്കന്‍ഡിലെ കറക്കങ്ങളുടെ എണ്ണം) കണക്കാക്കുന്നത്, വേഗത്തെ തരംഗദൈര്‍ഘ്യംകൊണ്ട് ഹരിച്ചാണ്. ഫോട്ടോണുകളുടെ ആവേഗം, സെക്കന്‍ഡില്‍ 600 ബില്യണ്‍ ഭ്രമണങ്ങളാണെന്ന് ശാസ്ത്രം പറയുന്നു. പദാര്‍ത്ഥം, സ്വന്തം നിലയ്ക്ക് ജഡമാണ്. അതിനാല്‍, ഒരു കണികയില്‍ പദാര്‍ത്ഥമുണ്ടെങ്കില്‍, അത് ആ കണികയുടെ ആവേഗത്തെ കുറയ്ക്കും. അതാകട്ടെ, അതിന്റെ വലിപ്പമനുസരിച്ചിരിക്കും. ഫോട്ടോണിന് അടഞ്ഞ വാതില്‍, പലകകള്‍, ലോഹപ്പലകകള്‍ എന്നിവ കടന്നുപോകാനാവില്ല. എന്നാല്‍, ആത്മാവിന് എളുപ്പത്തില്‍ അവ കടന്നുപോകാം. അതിനാല്‍, ആത്മാവ്, ഫോട്ടോണിനെക്കാള്‍ വേഗത്തില്‍ കറങ്ങുന്നുണ്ടാകണം. ആ കറക്കം, പ്രകാശ കണികകളെക്കാള്‍ വേഗത്തിലുള്ള ആ കറക്കം, ആത്മാക്കള്‍ക്ക് ഒരു പ്രകാശ ധോരണി സൃഷ്ടിക്കുന്നു (ലൈഫ് ആഫ്റ്റര്‍ ലൈഫ് പേജ് 76).  
തെരഞ്ഞെടുക്കപ്പെട്ട ആളിനോ ആളുകള്‍ക്കോ, ആത്മാവ് സ്വയം വെളിപ്പെടുത്തും, സന്ദേശം നല്‍കും എന്നതാണ്, അതിനെ സംബന്ധിച്ച മായിക വിശേഷം. ഒരു ഭൗതിക ശരീരത്തിലായിരിക്കെ, ആത്മാവ്, കനപ്പെട്ട പദാര്‍ത്ഥത്താല്‍ മൂടിയിരിക്കും. അതിനാല്‍, അതിന്, അതിന്റെ ശേഷി പ്രസരിപ്പിക്കാന്‍ തടസ്സമുണ്ട്. എന്നാല്‍, അത് ശരീരത്തിന് വെളിയിലായിരിക്കെ, അതിന്റെ ശേഷി പുറത്തെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അങ്ങനെ, തെരഞ്ഞെടുത്തയാള്‍ക്കോ, ആളുകള്‍ക്കോ ദര്‍ശനം നല്‍കാനും സന്ദേശങ്ങള്‍ നല്‍കാനും കഴിയും. അദൃശ്യത്തില്‍നിന്ന് ദൃശ്യത്തിലേക്ക്, ഒരു വ്യക്തിയെപ്പോലെ വന്ന്, വീണ്ടും അത് അദൃശ്യത്തിലേക്ക് മറയുന്നു. ഈ ഘട്ടത്തിലാണ് അതിനെ പ്രേതം എന്നുപറയുന്നത്. പ്രഥമാധ്യായത്തില്‍ പറഞ്ഞ ജയിംസ് ചാഫിന്റെ ദര്‍ശനങ്ങള്‍ സ്വപ്‌നങ്ങളായിരുന്നു; എന്നാല്‍, മിസിസ് ഡോറിസിനുണ്ടായ ദര്‍ശനം ഉണര്‍ന്നിരുന്നു ഡോക്ടറോട് സംസാരിക്കുമ്പോഴായിരുന്നു. 'പ്രേത'ത്തെ മിസിസ് ഡോറിസ് വ്യക്തമായി കണ്ടു; എന്നാല്‍, അടുത്തുണ്ടായിരുന്ന ഡോക്ടര്‍ അതിനെ കണ്ടില്ല. അതിനര്‍ത്ഥം, അത് പദാര്‍ത്ഥരഹിതവും സാധാരണഗതിയില്‍ അശരീരവുമായ ദര്‍ശനമായിരുന്നു എന്നാണ്. പക്ഷേ, ഒരു വ്യക്തിയുടെ കൃത്യമായ ദര്‍ശനമെന്ന് മിസിസ് ഡോറിസിന് തോന്നി. പ്രസിദ്ധനായ ഗവേഷകനും വൈദ്യശാസ്ത്ര പ്രൊഫസറുമായ ഡോ.ഇയാന്‍ സ്റ്റീവന്‍സണ്‍, നിരവധി പ്രേതദര്‍ശനങ്ങള്‍ ഗവേഷണം ചെയ്തശേഷം, തന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ ചുരുക്കി: അവ സാധാരണ മനുഷ്യരോ വസ്തുക്കളോ പോലെ അല്ലാതെ, വരികയും പോവുകയും ചെയ്യും. ഉറച്ചഭിത്തികളും പൂട്ടിയ വാതിലുകളും കടന്ന് അവ പോകും. നടക്കുന്നതിനു പകരം, ഭൂമിക്കുമേല്‍ ഇളകും. എങ്കിലും, പ്രേതങ്ങള്‍ (അവയില്‍ ചിലവയെങ്കിലും) ചില കാര്യങ്ങളില്‍, സാധാരണ മനുഷ്യരെയും വസ്തുക്കളെയും പോലെ പെരുമാറും.... പ്രേതങ്ങള്‍ കണ്ണാടിയില്‍ പ്രതിഫലിച്ചെന്നു വരാം. അവ പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ക്കും അവിടെയുള്ളവരുടെ സാന്നിദ്ധ്യമനുസരിച്ചും അവ പെരുമാറിയേക്കാം എന്നതാണ് ഏറ്റവും പ്രധാനം; അവ അപ്പോഴുള്ള മനുഷ്യരുടെ, സമീപമെത്തുകയും പുറകോട്ടു വലിക്കുകയും ചെയ്‌തേക്കാം. ഭൗതിക വിഘാതങ്ങള്‍ക്ക് ചുറ്റും നടന്നേക്കാം....... അവ കാഴ്ചക്കാരന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ആംഗ്യങ്ങള്‍ കാണിച്ചേക്കാം (എഎസ്പിആര്‍ ജേണല്‍, വാല്യം 76, പേജ് 353). ചുഴലി തരംഗങ്ങള്‍ അതിവേഗം കറങ്ങുമ്പോള്‍, അതിന്റെ ആക്കം അവയ്ക്ക് ചുറ്റും മറ്റു തരംഗങ്ങള്‍ ഉണ്ടാക്കുകയും അവ സര്‍വദിശകളിലേക്കും പ്രസരിക്കുകയും ചെയ്യുന്നു. ആത്മാവിന്റെ ചുഴലി തരംഗങ്ങളും ഇങ്ങനെ അവയ്ക്ക് ചുറ്റും പ്രസരിക്കുന്ന തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെ പ്രസരിക്കുന്ന തരംഗങ്ങളാണ്, ബോധത്തിന്റെ പ്രസരണം. ഈ തരംഗങ്ങള്‍ ശരീരേന്ദ്രിയങ്ങളിലെത്തുമ്പോള്‍, അവയ്ക്ക് പ്രചോദനം കിട്ടുകയും, അവ സ്പന്ദനങ്ങള്‍ പിടിച്ചടക്കി, പ്രവര്‍ത്തിച്ച്, സ്വതന്ത്ര ഏകകങ്ങളെപ്പോലെ പെരുമാറുകയും ചെയ്യുന്നു. നമ്മുടെ മനസ്സിലെ വിചാരങ്ങള്‍, ശബ്ദതരംഗങ്ങളില്‍ പ്രതിഫലിക്കുന്നതുപോലെ, ആത്മാവിന്റെ ഇച്ഛ, ആത്മാവില്‍ നിന്ന് പ്രസരിക്കുന്ന തരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. അത്തരം തരംഗങ്ങളെത്തി, മറ്റൊരാത്മാവിന്റെ ചുഴലിതരംഗങ്ങളുമായി കലരുമ്പോള്‍, രണ്ടാമനില്‍ അതിന്റെ ഫലങ്ങളുണ്ടാവുകയാണ്. ഒരു മൈക്രോവേവ് ട്രാന്‍സ്മിറ്റര്‍ ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് പ്രസരണികള്‍ തിരിച്ചപോലെ, ഒരു സെര്‍ച്ച് ലൈറ്റ് ആകാശത്തിലെ ഹെലികോപ്റ്ററിലേക്ക് വെളിച്ചം വീശുംപോലെ, മറ്റൊരാത്മാവിലെത്താന്‍, ഒരാത്മാവ്, അതിന്റെ തരംഗങ്ങള്‍ അങ്ങോട്ടു കേന്ദ്രീകരിക്കുന്നു. ട്രാന്‍സ്മിറ്ററും സെര്‍ച്ച് ലൈറ്റും യന്ത്രസംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ആത്മാവ്, സ്വയമാണ് അത് ചെയ്യുന്നത്. ശരീരംവിട്ട ആത്മാവ്, ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരു സന്ദേശമെത്തിക്കാന്‍ വെമ്പുമ്പോള്‍, അത് സ്വാഭാവികമായും ആ മനുഷ്യനു മുന്നിലെത്തുന്നു. എന്നിട്ട്, താനാരെന്ന് വെളിപ്പെടുത്തുന്നു. അതിനായി, സ്വീകര്‍ത്താവിന് ന്യായമായും അറിയാവുന്ന ഇന്നയാളാണ് താനെന്ന് അപേക്ഷക ആത്മാവ്, ഓര്‍ക്കുകയും തന്റെ ഭൂതകാല പ്രത്യക്ഷത്തെ ആവാഹിക്കുകയും ചെയ്യുന്നു. 
ഈ അവബോധം, അപേക്ഷക ആത്മാവിന്റെ പ്രസാരണ തരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. ഇവ സ്വീകര്‍ത്താവായ ആത്മാവിന്റെ ചുഴലി തരംഗങ്ങളിലെത്തുമ്പോള്‍, ആ പ്രതിഫലനങ്ങള്‍ വിനിമയം ചെയ്യപ്പെടുകയും, സ്വീകര്‍ത്താവ്, തന്റെ മുന്നിലുള്ള ആത്മാവിന്റെ ഭൂതകാല വ്യക്തിത്വത്തെപ്പറ്റി ബോധവാനാകുകയും ചെയ്യുന്നു. ഈ ബോധം, ഒരു പ്രത്യേക ദര്‍ശനമാവുകയാണ്. സ്വന്തം കണ്ണുകളാല്‍, മുന്നിലുള്ള ആത്മാവിന്റെ സാന്നിദ്ധ്യ സ്പന്ദനങ്ങള്‍ ശീലംകൊണ്ടറിയുന്നു. പ്രസാരണ തരംഗങ്ങള്‍കൊണ്ട്, ഒരാത്മാവിന്റെ ബോധവിനിമയമാണ് നടന്നതെങ്കിലും, സ്വീകര്‍ത്താവ്, കാഴ്ചയുടെ ആ ശീലത്താല്‍, മറ്റൊരാളുടെ സാന്നിദ്ധ്യം മുന്നില്‍ പ്രത്യക്ഷമായി അനുഭവിക്കുകയാണ്. ബോധത്തിന്റെ ഈ പ്രസാരണം വഴി, താനാരെന്ന് ആത്മാവ് വെളിവാക്കുന്നു. തത്സമയ സംപ്രേഷണത്തില്‍, റേഡിയോ തരംഗങ്ങള്‍ വഴി, ഒരാളുടെ ദര്‍ശനം നമ്മുടെ ടെലിവിഷനില്‍ സംഭവിക്കുന്നതുപോലെ, ഒന്ന് (ലൈഫ് ആഫ്റ്റര്‍ ലൈഫ്, പേജ് 51, 52, 60). അതുപോലെ, ശരീരംവിട്ട ആത്മാവ് ഓര്‍മിക്കുമ്പോള്‍, അതായത്, നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശത്തെപ്പറ്റി അതിന് ബോധമുണ്ടാകുമ്പോള്‍, ആ ബോധം പ്രസാരണതരംഗങ്ങളില്‍ പ്രതിഫലിക്കുന്നു. ആ തരംഗങ്ങള്‍ സ്വീകര്‍ത്താവിലെത്തുമ്പോള്‍, അയാള്‍ ആ സന്ദേശത്തെപ്പറ്റി ബോധവാനാകുന്നു. പ്രേതത്തില്‍ നിന്ന്, പ്രസാരണ തരംഗങ്ങള്‍ വഴിയുള്ള ഒരു ബോധവിനിമയം മാത്രമാണ് ഇതെങ്കിലും, സമീപമുള്ളയാള്‍ പറയുന്നത് കേട്ടുള്ള സ്വീകര്‍ത്താവിന്റെ ശീലം കാരണം, ആ സന്ദേശം തത്സമയം ആ ബോധവിനിമയം അറിയുന്നു, കേള്‍ക്കുന്നു. ഇത്, സ്വപ്‌നത്തില്‍ ഒരു ഭാഷണം കേള്‍ക്കുംപോലെയോ ടെലിവിഷന്‍ ഷോയില്‍ ഭാഷണം കേള്‍ക്കുംപോലെയോ ആണ് (ലൈഫ് ആഫ്റ്റര്‍ ലൈഫ് ലെ നിരീക്ഷണങ്ങള്‍, പേജ് 15, 52, 103-104). ഇങ്ങനെ, ശരീരംവിട്ട ആത്മാക്കള്‍, തെരഞ്ഞെടുത്തവര്‍ക്ക് ദര്‍ശനം നല്‍കുകയും സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...