Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 13,14

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/13,14  പ്രകൃതിയുടെ കണികകള്‍
 പ്രാക് പ്രകൃതിയില്‍ നടന്ന നിരന്തരമായ പരിണാമങ്ങളില്‍ നിന്നുണ്ടാവുകയും പ്രകൃതിയില്‍ എല്ലായിടത്തും നിലനില്‍ക്കുകയും ചെയ്യുന്ന കണികകളാണ്, പ്രകൃതിയുടെ കണികകള്‍. നേരത്തെ (അധ്യായം 10) വിവരിച്ച, ബുദ്ധി, അഹംബോധം, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ച് തന്മാത്രകള്‍ എന്നീ പദാര്‍ത്ഥരഹിത കണികകളാണ് ഇവ. ഫോട്ടോണുകളെക്കാള്‍ ഭ്രമണവേഗമുള്ള ചുഴലിതരംഗങ്ങളായാണ് ഇവ നിലനില്‍ക്കുന്നത്. സൂക്ഷ്മകണികകള്‍ക്കൊപ്പം, തന്മാത്രകളുടെ ഇടകലരല്‍ കൊണ്ടുണ്ടാക്കുന്ന സ്ഥൂലകണികകളും ഉണ്ട്. അവ ചെറുപദാര്‍ത്ഥ കണികകളാണ്. ഈ കണികകളെല്ലാം പ്രപഞ്ചമാകെ നിലനില്‍ക്കുന്നു. സ്ഥൂലകണികകള്‍ക്ക്, ഘനീഭവിച്ച ഊര്‍ജം, വാതകം, ദ്രാവകം, ഖരം എന്നിവയാകാന്‍ പറ്റും. അവ പദാര്‍ത്ഥങ്ങളാണ്.
 ഇതിന് വിപരീതമായി, ഇവയ്ക്ക് മുന്‍പുണ്ടായ കണികകളാണ് പ്രകൃതി കണികകള്‍. സാംഖ്യകാരിക (22)യില്‍, കണികകളുടെ ആവിര്‍ഭാവം ഇങ്ങനെ വിവരിക്കുന്നു:
 പ്രാക് പ്രകൃതിയില്‍നിന്ന് ബുദ്ധി ബുദ്ധിയില്‍ നിന്ന് അഹംബോധം അഹംബോധത്തില്‍നിന്ന് 16 ഏകകം അതില്‍ അഞ്ചില്‍നിന്ന് അഞ്ച് സ്ഥൂലം.
 അഹംബോധത്തില്‍നിന്നുണ്ടായ 16 ഏകകങ്ങളെ അടുത്ത ശ്ലോകങ്ങളില്‍ പറയുന്നു; മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ചുതരം തന്മാത്രകള്‍ എന്നിവയാണ് അവ. ബുദ്ധി, അഹംബുദ്ധി എന്നിവയും 16 ഏകകങ്ങളും 'സൂക്ഷ്മ കണികകള്‍' എന്നുവിളിക്കപ്പെടുന്നു. ബുദ്ധി, അഹംബുദ്ധി, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിങ്ങനെ ആദ്യത്തെ 13 എണ്ണം അനുഭൂതിദായകവും കര്‍മനിരതവുമത്രെ. ഭൗതിക സുഖേന്ദ്രിയങ്ങളില്‍നിന്ന് അവ അനുഭൂതികള്‍ സ്വീകരിക്കുകയും അവയോട് പ്രതികരിച്ച്, ഭൗതികേന്ദ്രിയങ്ങളില്‍ കര്‍മങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ 13 എണ്ണം, കരണങ്ങള്‍ (സാംഖ്യകാരിക 32). സംസ്‌കൃതത്തില്‍ കരണംഎന്നാല്‍, 'കര്‍മത്തിന്റെ ഉപായങ്ങള്‍.' മറ്റ് സൂക്ഷ്മ കണികകള്‍, അഞ്ചിനം തന്മാത്രകള്‍, പൊതുവേ അനുഭൂതിരഹിതവും ജഡവുമാണ്. പ്രകാശ, റേഡിയോ തരംഗങ്ങള്‍ പോലെ, അതിസൂക്ഷ്മ തരംഗങ്ങളുടെ പ്രസരണത്തിനുള്ള മാധ്യമങ്ങളായി, അവ. സ്ഥൂലകണികകള്‍, ഭൗതിക ശരീര രൂപങ്ങളും ഗ്രഹങ്ങള്‍, ചന്ദ്രന്മാര്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവയടങ്ങിയ ഭൗതിക പ്രപഞ്ചവും സൃഷ്ടിക്കാനുള്ള സത്തയായി. ബുദ്ധിയാണ് കര്‍മങ്ങളെ നിയന്ത്രിക്കുന്നത്; മനസ്സ് ഇന്ദ്രിയങ്ങളെ കര്‍മത്തിന് പ്രേരിപ്പിക്കുന്നു; സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ഭൗതികകേന്ദ്രങ്ങളുടെ കര്‍മങ്ങള്‍ക്ക് നിദാനമാകുന്നു. ഇങ്ങനെ കരണങ്ങള്‍ എല്ലാം, ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, കര്‍മങ്ങളില്‍ വ്യാപൃതരാവുന്നു. ഈ കരണങ്ങളില്‍, ബുദ്ധി, അഹം ബോധം, മനസ്സ് എന്നിവ സൂക്ഷ്മശരീരത്തിനുള്ളിലും പത്തു സൂക്ഷ്‌മേന്ദ്രിയങ്ങള്‍ അവയ്ക്ക് ചുറ്റിലും, നിലകൊള്ളുന്നു. അങ്ങനെ, ബുദ്ധി, അഹംബോധം, മനസ്സ് എന്നീ മൂന്നിനെ, ആന്തരിക കരണങ്ങള്‍ അഥവാ അന്തഃകരണങ്ങള്‍ എന്ന് സംസ്‌കൃതത്തില്‍ വിളിക്കുന്നു (ആന്തരം എന്നാല്‍ അകം). അന്തഃകരണങ്ങള്‍ മൂന്നു കാലത്തിലും-ഭൂതം, വര്‍ത്തമാനം, ഭാവി- പ്രവര്‍ത്തിക്കുന്നുവെന്ന് സാംഖ്യകാരിക(33) നിരീക്ഷിക്കുന്നു. മറ്റു കരണങ്ങള്‍ ആയ സൂക്ഷ്‌മേന്ദ്രിയങ്ങള്‍, വര്‍ത്തമാനകാലത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണുകള്‍ ഒരു വസ്തുവിന്റെ ഇപ്പോഴത്തെ രൂപമാണ് പ്രതിഫലിപ്പിക്കുന്നത്. അതിന് വസ്തുവിന്റെ ഭൂത, ഭാവി രൂപങ്ങള്‍ പ്രതിഫലിപ്പിക്കാനാവില്ല. കാതിന്, ഇപ്പോഴത്തെ ശബ്ദമേ പിടിച്ചെടുക്കാനാവൂ; ഭൂത, ഭാവി ശബ്ദങ്ങള്‍ വയ്യ. എന്നാല്‍, ബുദ്ധി, അഹംബോധം, മനസ്സ് എന്നിവ, സംഗതികളുടെ ഭൂത, വര്‍ത്തമാന, ഭാവി നിലകള്‍ ഭാവന ചെയ്യുകയും സ്വകര്‍മങ്ങള്‍ അങ്ങനെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഇതിലുപരി, അന്തഃകരണങ്ങള്‍ അവയുടെ കര്‍മങ്ങളില്‍ വിവേചനവും വിവേകവും പാലിക്കുന്നു; മറ്റു കരണങ്ങള്‍ക്ക്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ക്ക് വിവേക, വിവേചനപ്രാപ്തി ഇല്ല. അവ മനസ്സ് പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അതിനാല്‍, ബുദ്ധി, അഹംബോധം, മനസ്സ് എന്നിവ അനുഭൂതി ഇന്ദ്രിയങ്ങളും സൂക്ഷ്‌മേന്ദ്രിയങ്ങളും അര്‍ധാനുഭൂതി ഇന്ദ്രിയങ്ങളുമാണ്. പ്രകൃതിയെപ്പോലെ, സൂക്ഷ്മ, സ്ഥൂലകണികകളും പ്രാപഞ്ചികമായി വര്‍ത്തിക്കുന്നു. ബ്രഹ്മകണങ്ങള്‍ പോലെ, ഈ കണികകളുടെ കണങ്ങളും അന്തരീക്ഷത്തില്‍ എല്ലായിടത്തുമുണ്ട്. ബ്രഹ്മകണങ്ങള്‍ സാര്‍വത്രികമായി ഇളകിയാടിയപ്പോള്‍, അവ സമീപത്തെ സൂക്ഷ്മ കണികാ കണങ്ങളെ ആകര്‍ഷിച്ചു (ഭഗവദ്ഗീത 15:7). രണ്ടാമത്തേത് ബ്രഹ്മകണങ്ങളെ വലയം ചെയ്തപ്പോള്‍, അത് പൂര്‍ണമായ ആവരണമായി. അങ്ങനെ നടന്നപ്പോള്‍, അവയില്‍ ഏറ്റവും സൂക്ഷ്മമായ ബുദ്ധി, ഉള്ളിലേക്ക് കടന്ന്, ബ്രഹ്മകണത്തെ നേരിട്ട് വലയം ചെയ്തു. അടുത്ത സൂക്ഷ്മമായ മനസ്സ്, ബുദ്ധിയെ വലയം ചെയ്തു. അടുത്ത സൂക്ഷ്മമായ മനസ്സിന്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ചേര്‍ന്നിരുന്ന് ഒരു വലയം തീര്‍ത്തു. അഹംബോധം ഒന്നിനെയും വലയം ചെയ്യാതെ, ബുദ്ധിക്കും മനസ്സിനുമിടയില്‍നിന്ന്, രണ്ടിനെയും സ്വാര്‍ത്ഥത താല്‍പര്യങ്ങള്‍ പിന്‍പറ്റാന്‍ പ്രചോദിപ്പിച്ചു. കരണങ്ങള്‍ എല്ലാം ഇങ്ങനെ ഒരു ബ്രഹ്മകണത്തെ വലയം ചെയ്തപ്പോള്‍, അവയ്ക്ക് ചുറ്റും തന്മാത്രകളുടെ ഒരുറച്ച അടര്, തൊലിപോലെ, ഒരു പൊതിച്ചിലായി. ബ്രഹ്മകണത്തിന് ചുറ്റും അതോടെ, ഒരു പൂര്‍ണവലയമായി. ആ കണം, പ്രാപഞ്ചിക ബ്രഹ്മനില്‍ നിന്ന് വേറിട്ട കൃത്യ ഏകകമായി. അതിനെ വ്യക്തിഗത ആത്മാവ് അഥവാ ആത്മാവ് എന്നുമാത്രം വിളിച്ചു.

സൂക്ഷ്മകണികകള്‍
 ബുദ്ധി, അഹംബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍, തന്മാത്രകള്‍ എന്നിവയാണ് സൂക്ഷ്മകണികകള്‍. നാം ഭൂതകാല കര്‍മങ്ങള്‍ ഓര്‍ക്കുകയും അവയുടെ ഫലങ്ങളെ ആധാരമാക്കി ഇന്നത്തെ കര്‍മങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. അതിനാണ് ബുദ്ധി എന്നുപറയുന്നത്. സുഖങ്ങള്‍, ദുഃഖങ്ങള്‍, സ്‌നേഹം, കോപം, പേടി എന്നിവ നാം അനുഭവിക്കുന്നുണ്ട്; അത്തരം അനുഭൂതികള്‍ ആഗ്രഹിക്കുന്ന കണിക നമുക്കുള്ളിലുണ്ട്-മനസ്സ്. സ്വപ്‌നത്തില്‍ നാം വ്യക്തികള്‍, ജന്തുക്കള്‍, വീടുകള്‍ എന്നിവ കാണുന്നു; നാം സംസാരിക്കുകയും സംസാരങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു. നാം നടക്കുകയും ഓടുകയും ചെയ്യുന്നു. ഇത് ഭൗതികാവയവങ്ങള്‍ കൊണ്ടല്ല ചെയ്യുന്നത്; അതിനാല്‍, സ്വപ്‌നങ്ങളില്‍ ഈ അനുഭൂതികളും കര്‍മങ്ങളും അനുഭവിപ്പിക്കുന്ന ഒരു കൂട്ടം ഇന്ദ്രിയങ്ങള്‍ നമ്മിലുണ്ട്. നാം അവയെ കാണുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. അവയുടെ കര്‍മങ്ങളേ  അനുഭവിക്കുന്നുള്ളൂ. അവയാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. പ്രാപഞ്ചികമായി നില്‍ക്കുന്ന കണികകളുടെ സൂക്ഷ്മങ്ങളാണ് ഇവയെന്ന് ഋഷികള്‍ പറയുന്നു. പ്രാപഞ്ചിക കണികകള്‍ പ്രകൃതിയില്‍ നിന്ന് ഉരുവംകൊണ്ടതാണ്; പ്രകൃതിയെപ്പോലെ, ഈ കണികകളും 'ബ്രഹ്മന്റെ അഥവാ ജീവന്റെ സാന്നിധ്യത്തില്‍' മാത്രമാണ് പ്രവര്‍ത്തിക്കുക (അധ്യായം 9). അവയുടെ സ്വഭാവവും കര്‍മവും കൃത്യമായി അറിയേണ്ടതാണ്.
 1. ബുദ്ധി മസ്തിഷ്‌കത്തിന്റെ കഴിവാണ് ബുദ്ധിയെന്നും മനസ്സെന്നും കരുതുന്നവരുണ്ട്. വൈദ്യശാസ്ത്രവും ആദ്യം അങ്ങനെ വിശ്വസിച്ചു. കാരണം, ലഹരിമരുന്നുകള്‍ തലച്ചോറിലെത്തിയാല്‍, മനസ്സിന്റെ പ്രവൃത്തികളെ ബാധിക്കുന്നുണ്ട്. അങ്ങനെ, ബുദ്ധിയും മനസ്സും തലച്ചോറിന്റെ ശേഷികളാണ്. അപ്പോള്‍, മസ്തിഷ്‌കം ജീര്‍ണിച്ചാല്‍, ബുദ്ധിയും മനസ്സും മരിക്കുമെന്ന് പഴയ വൈദ്യശാസ്ത്രം അനുമാനിച്ചു. എന്നാല്‍, ഒരാള്‍ക്ക് മുജ്ജന്മത്തിലെ സംഭവങ്ങള്‍ ഓര്‍ക്കാനാവുമെന്ന് നാം കണ്ടു (അധ്യായം 1). അതിനര്‍ത്ഥം, മസ്തിഷ്‌കം ശരീരമരണത്തില്‍ ക്ഷയിച്ചാലും, ഓര്‍മയുടെ ഉപകരണമായ ബുദ്ധി നിലനില്‍ക്കുന്നു എന്നാണ്. അതിനാല്‍ മസ്തിഷ്‌കത്തില്‍നിന്ന് സ്വതന്ത്രമായ രണ്ട് ഏകകങ്ങളാണ് ബുദ്ധിയും മനസ്സുമെന്ന് ഭാരതീയ തത്വചിന്തകരും മറ്റു പലരും ഗണിക്കുന്നു. 'ശരീരവുമായി ചേര്‍ന്ന് ഇടകലരുമ്പോള്‍ ബുദ്ധിയുടെ ഊര്‍ജത്തിന് മൂര്‍ച്ച കുറയുന്നു' എന്ന് ഫിലോകാലിയ (വാല്യം 2, പേജ് 39) പറയുമ്പോള്‍, ബുദ്ധി ശരീരഭിന്നമായ ഏകകമാണെന്നും എന്നാല്‍, അതുമായി ഇടകലരുന്നു എന്നും വരുന്നു. ഒരുനേരത്ത് ലഹരിമരുന്ന് മസ്തിഷ്‌കത്തെ ബാധിച്ച് ഒരാളുടെ കര്‍മങ്ങളെ വികല്‍പമാക്കുന്നു എന്നത്, കര്‍മങ്ങളെ നയിക്കുന്നത് മസ്തിഷ്‌കമാണ് എന്നതിന്റെയോ ബുദ്ധി മസ്തിഷ്‌കത്തിലാണ് എന്നതിന്റെയോ സൂചനയല്ല. കര്‍മങ്ങള്‍ ബുദ്ധി തീരുമാനിക്കുമ്പോള്‍ അവ, ഭൗതികേന്ദ്രിയങ്ങള്‍ക്ക് നേരിട്ട് വിനിമയം ചെയ്യുകയല്ല; അവ ആദ്യം മനസ്സിനെ അറിയിക്കുന്നു; മനസ്സ് മസ്തിഷ്‌കത്തിന് സന്ദേശമയയ്ക്കുന്നു. ആ സന്ദേശമാണ് പ്രത്യേക കര്‍മത്തിനായി ഭൗതികാവയവത്തിലെത്തുന്നത് (അധ്യായം 16). ഒരാളിലെ മസ്തിഷ്‌കം വികല്‍പത്തിലാണെങ്കില്‍, അതില്‍നിന്നുള്ള സന്ദേശങ്ങളും വക്രമാവുകയും ചെയ്യും. കാമറയിലെ ലെന്‍സ് കേടായാല്‍, പടം വിരൂപമായിരിക്കും; അത്, വസ്തു വിരൂപമായതുകൊണ്ടല്ല. റെയ്മണ്ട് മൂഡി, എലിസബത്ത് കുബ്‌ളര്‍-റോസ് എന്നിവരെപ്പോലെ, പുനര്‍ജന്മം നേടിയ രോഗികളുടെ മരണാനുഭവങ്ങള്‍ ഗവേഷണം ചെയ്തവര്‍, ഈ രോഗികള്‍ ഉയിര്‍പ്പിന് മുന്‍പ് ജഡത്തിന് സംഭവിച്ചതെല്ലാം കൃത്യമായി ഓര്‍ത്തതായി രേഖപ്പെടുത്തുന്നു. തീര്‍ച്ചയായും, മരണത്തിനും ഉയിര്‍പ്പിനും ഇടയില്‍, ജഡാത്മാവില്‍ മസ്തിഷ്‌കമുണ്ടായിരുന്നില്ല. തിരിച്ചറിവും ഓര്‍മയും മസ്തിഷ്‌കത്തിന്റെ കഴിവായിരുന്നെങ്കില്‍, ജഡാത്മാവ് ഈ ഇടവേളയിലെ കാര്യങ്ങള്‍ ഓര്‍ക്കുമായിരുന്നില്ല. ഡോക്ടര്‍മാരും നഴ്‌സുമാരും തങ്ങളുടെ ജഡങ്ങളില്‍ എന്തൊക്കെ ചെയ്തുവെന്ന്, ഉയിര്‍ത്ത ഉടന്‍ രോഗികള്‍ ഓര്‍ത്തതില്‍നിന്ന് മനസ്സിലാകുന്നത്, ആ ചികിത്സകള്‍ അവര്‍ കാണുകയും ഓര്‍ക്കുകയും ചെയ്തുവെന്നാണ്. അതിനര്‍ത്ഥം, കാഴ്ചകളും സംസാരങ്ങളും കര്‍മങ്ങളും അറിയുന്ന ബുദ്ധി, ജഡത്തിലെ മസ്തിഷ്‌കത്തിലായിരുന്നില്ല, പക്ഷേ, അത്, ജഡത്തിനടുത്ത അന്തരീക്ഷത്തില്‍ തങ്ങിനിന്ന, ആത്മാവ്-സൂക്ഷ്മശരീര ജഡസംയുക്തത്തിലായിരുന്നു എന്നാണ്. ഡോ. ഇയാന്‍ സ്റ്റീവന്‍സണിന്റെ ഗവേഷണങ്ങള്‍ കുറെക്കൂടി മുന്നോട്ടുപോയി, ഒരു ജീവിതത്തിന്റെ ഓര്‍മകള്‍ ആത്മാവിന് വളരെ വര്‍ഷങ്ങള്‍ക്കുശേഷമുള്ള അടുത്ത ജീവിതത്തിലേക്കുപോലും കൊണ്ടുപോകാനാവുമെന്ന് തെളിയിച്ചു. മുജ്ജന്മത്തിലെ കാര്യങ്ങള്‍ ഓര്‍ക്കുന്ന, രണ്ടും നാലും വയസ്സുള്ള നിരവധി കുട്ടികളെ അദ്ദേഹം പടിഞ്ഞാറും കിഴക്കും കണ്ടു. ഓര്‍മകള്‍ മുജ്ജന്മത്തില്‍ മരിച്ച മസ്തിഷ്‌കത്തിലായിരുന്നില്ലെന്നും അവ, മരണത്തിനും പുനര്‍ജന്മത്തിനുമിടയ്ക്കുള്ള ഒഴിവുകാലത്തിലെ ആത്മ-സൂക്ഷ്മ ശരീര സംയുക്തത്തിലായിരുന്നുവെന്നും ഇത് വെളിവാക്കി. ഭൗതിക ശരീരത്തില്‍നിന്ന് ആത്മാവ് പോയപ്പോള്‍, സൂക്ഷ്മശരീരം മാത്രമാണ് അതിനൊപ്പം പോയത്; അത് മാത്രമാണ് ആത്മാവിനൊപ്പം ജഡകാലത്തില്‍ നിന്നത്. മുജ്ജന്മ സംഭവങ്ങള്‍ ഓര്‍മിച്ച ബുദ്ധി, മസ്തിഷ്‌കത്തിലല്ല, മസ്തിഷ്‌കത്തോടു കൂടെയല്ല, ആത്മ-സൂക്ഷ്മശരീര സംയുക്തത്തിലാണ് എന്നത്, ഇനി സംശയിക്കേണ്ടതില്ല. ആത്മാവില്‍ സൂക്ഷ്മശരീരമല്ലാതെ മറ്റൊന്നുമില്ല എന്നതിനാല്‍, ബുദ്ധി സൂക്ഷ്മശരീരത്തിലായിരിക്കണം. ബുദ്ധിയുടെ സാധാരണ പ്രവൃത്തികള്‍ കാണിക്കുന്നത്, അത് ശരീരേന്ദ്രിയങ്ങളില്‍നിന്ന് ഭിന്നമായ സ്വതന്ത്ര ഏകകമാണെന്നാണ്. സാധാരണയായി, സമയാസമയങ്ങളില്‍ ബുദ്ധി, കര്‍മങ്ങള്‍ നിശ്ചയിക്കുന്നു. ഓര്‍മകളെ തിരിച്ചുവിളിച്ച്, ബുദ്ധിയാണ്, അറിവ്, വിശ്വാസം, സ്‌നേഹം തുടങ്ങിയവയായി അവയെ നിരത്തുന്നത്. വലിയ വിവേചനങ്ങളും വിവേകങ്ങളും ബുദ്ധി പ്രകടമാക്കുന്നു. ഏത് പാര്‍ട്ടിക്കു വോട്ട് ചെയ്യും, ചെയ്യില്ല, വോട്ടു ചെയ്യുമോ എന്നതെല്ലാം ബുദ്ധിയുടെ വിവേചനമാണ്. വിവേചനവും വിവേകവും, ബുദ്ധി സ്വതന്ത്ര ഏകകമാണന്ന് തെളിയിക്കുന്നു. സ്ഥൂല ഭൗതിക ശരീരത്തിലെ ഒരിന്ദ്രിയത്തിന്റെ യാന്ത്രിക ശേഷിയല്ല അത്; അത്, സൂക്ഷ്മശരീരത്തിലെ സ്വതന്ത്ര അനുഭൂതി കണികയാകുന്നു. 
2. അഹംബോധം സ്വാര്‍ത്ഥത്തിന്റെ ഏകകമാണ് അഹംബോധമെന്ന് സാംഖ്യകാരിക(24) നിര്‍വചിക്കുന്നു. ഭൗതിക ജീവിതത്തില്‍, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ അഹംബോധം, മനസ്സിനെയും ബുദ്ധിയെയും പ്രചോദിപ്പിക്കുന്നു. ആത്മാവിന് ഈശ്വരനോടുള്ള അടുപ്പം, താന്‍ അമര്‍ച്ച ചെയ്യപ്പെടാന്‍ കാരണമാകുമെന്ന് ബോധമുള്ളതുപോലെയാണ് അഹംബോധം പെരുമാറുന്നത്. അതിനാല്‍, ഭൗതിക സുഖങ്ങള്‍ പിന്തുടര്‍ന്ന് ദൈവത്തെ മറക്കാന്‍ അത് ബുദ്ധിയോട് ആവശ്യപ്പെടുന്നു. ബൈബിള്‍ മുന്നറിയിപ്പു നല്‍കുന്നു, 'ജഡത്തിന്റെ അഭിലാഷങ്ങള്‍ ആത്മാവിന് എതിരാണ്' (ഗലാത്തിയക്കാര്‍, 5:17). ഇവിടെ ജഡം (ഇംഗ്ലിഷില്‍ flesh എന്നത് മലയാളം ബൈബിളില്‍ ജഡം ആകുന്നു) എന്നാല്‍, ശരീരം, ശരീരത്തോടുള്ള മമത. ആത്മാവ് എന്നാല്‍, ഈശ്വരന്‍. ആത്മീയാന്വേഷണങ്ങള്‍ക്കെതിരായ പിശാചിന്റെ പ്രവൃത്തികളായി കത്തോലിക്കാ, ഇസ്ലാമിക ദൈവശാസ്ത്രങ്ങള്‍ വിവരിക്കുന്നത്, ഭാരതീയ തത്വചിന്തയില്‍ വ്യക്തിയില്‍ സൂക്ഷ്മശരീരത്തിനെതിരായ അഹംബോധത്തിന്റെ പ്രവൃത്തികളാണ്. ദൈവം ദൂരെയാണെന്നും ഭൗതികസുഖങ്ങള്‍ എളുപ്പം ആസ്വദിക്കാമെന്നും അഹംബോധം എപ്പോഴും ബുദ്ധിയോടു മന്ത്രിക്കുന്നു. ശരീരമാണ് ഭൗതിക സുഖങ്ങള്‍ ആസ്വദിക്കാനുള്ള ഉപകരണമെന്നതിനാല്‍, ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത് അതാണെന്നു കാണാന്‍ അഹംബോധം, ബുദ്ധിയെ പ്രേരിപ്പിക്കുന്നു; മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, അഹംബോധം, ശരീരബോധത്തോട് ആവശ്യപ്പെടുന്നു. ശരീരത്തോടുള്ള സ്‌നേഹവും അടുപ്പവും അഹംബോധത്തിന്റെ പ്രേരകങ്ങളാണ്. ഈശ്വരനോടുള്ള അടുപ്പം കൂടുമ്പോള്‍, ശരീരത്തോടും ഇന്ദ്രിയാനുഭൂതികളോടുമുള്ള അടുപ്പം കുറയുന്നു. അതിനാല്‍, അഹംബോധം, ഈശ്വരനോടുള്ള അടുപ്പത്തെ നിരുത്സാഹപ്പെടുത്തും. അന്ത്യകര്‍മങ്ങളെ വിവരിക്കുന്ന സംസ്‌കൃത പാഠങ്ങള്‍ പറയുന്നത്, യാത്ര പറഞ്ഞ ആത്മാവ്, ജഡത്തിനടുത്ത്, പയ്യെ വലുതായിവരുന്ന വൃത്തങ്ങളില്‍ വലയം ചെയ്യുമെന്നാണ്. ശരീരം ദഹിപ്പിക്കുന്നതു കാണാന്‍ വിലാപയാത്രയില്‍ പങ്കെടുക്കുംവരെ, ഇടക്കിടെ ജഡത്തിനരികില്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യും. പോയ ആത്മാവ്, ദഹനംവരെ ജഡത്തിനരികില്‍ നില്‍ക്കുമെന്ന് തേരാവാദ ബുദ്ധതത്വങ്ങള്‍ (ഭാഗം 2, പേജ് 119) പറയുന്നുണ്ട്. തങ്ങളുടെ ജഡങ്ങളുടെ നെഞ്ചില്‍ ഡോക്ടര്‍മാര്‍ ഇടിക്കുന്നതുകണ്ട് ഉത്കണ്ഠയുണ്ടായെന്ന് പുനര്‍ജീവിച്ച രോഗികള്‍ പറഞ്ഞതായി ലൈഫ് ആഫ്റ്റര്‍ ലൈഫ് ല്‍ കാണാം. ജഡാത്മാവ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോള്‍, അഹംബോധത്തിന്റെ പ്രേരണപ്രകാരം അതില്‍ ശരീരബോധം നടത്തുന്ന പ്രവൃത്തികളെയാണ് ഇത് സൂചിപ്പിക്കുന്നത്. ആത്മാവിന്റെ ജഡാവസ്ഥയില്‍ കൂടെയുള്ളത് സൂക്ഷ്മശരീരം മാത്രമാകയാല്‍, അതിലാണ് അഹംബോധം വസിക്കുന്നത് എന്ന് തെളിയുന്നു. സൂക്ഷ്മശരീരത്തിലെ കണികയാണ് അഹംബോധം.  
 3 .മനസ്സ് :ഹംബോധത്തിലെ പരിണാമങ്ങളില്‍നിന്നുളവായ 16 ഏകകങ്ങളില്‍, മനസ്സാണ് ഏറ്റവും കര്‍മനിരതം. അതീവ കര്‍മനിരതമാകയാല്‍, അത് ഒരു വിചാരത്തില്‍ ഉറച്ചുനില്‍ക്കാതെ, അറിയാനാകാത്തവിധം, വിചാരത്തില്‍നിന്ന് വിചാരത്തിലേക്ക് ചാടിക്കൊണ്ടിരിക്കുന്നു. എങ്കിലും, അത്, ബുദ്ധിയുടെ അടിമയാണ്. ബുദ്ധിയെന്താണോ തീരുമാനിക്കുന്നത്, (ആവശ്യമെങ്കില്‍ ഭൗതികേന്ദ്രിയങ്ങള്‍ വഴി) മനസ്സ് അതു നടപ്പാക്കുന്നു. സകലേന്ദ്രിയങ്ങളുടെയും യജമാനനാണ് മനസ്സ്. ഉപനിഷത്തുക്കളനുസരിച്ച്, മനസ്സ് ബുദ്ധിയെ ആവരണം ചെയ്യുന്നു; അതിനാല്‍, ഭൗതിക ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്ന എല്ലാ സ്പന്ദനവും ആദ്യമെത്തുക മനസ്സിലാണ്. അത്, തിരിച്ചറിവിനായി, ബുദ്ധിക്ക് വിനിമയം ചെയ്യുന്നു. തിരിച്ച്, ബുദ്ധി ഒരു കര്‍മം തീരുമാനിക്കുമ്പോള്‍, ആ തീരുമാനം അത് മനസ്സിന് വിനിമയം ചെയ്യുകയും മനസ്സ്, പ്രത്യേക ഇന്ദ്രിയങ്ങള്‍ നിര്‍വഹിക്കേണ്ട സവിശേഷ കര്‍മങ്ങളാക്കി അവയെ വികസിപ്പിക്കുകയും ചെയ്യുന്നു. ഇതിന് മനസ്സ്, മസ്തിഷ്‌കം വഴി ആ ഇന്ദ്രിയങ്ങള്‍ക്ക് സന്ദേശമയയ്ക്കുന്നു. അതിനാല്‍, മനുസ്മൃതി (2:92)യിലും ഭഗവദ്ഗീതയിലും (13:6)മനസ്സിനെ പതിനൊന്നാം ഇന്ദ്രിയമായി വിവരിക്കുന്നു.
 ആവശ്യമുള്ളപ്പോള്‍, മനസ്സ് സ്വന്തം വിവേചനവും വിവേകവും പ്രയോഗിക്കും. ജ്വലിക്കുന്ന സിഗററ്റു കുറ്റിയില്‍ കാല്‍ അപ്രതീക്ഷിതമായി ചവിട്ടിയാല്‍ ഉണ്ടാകുന്ന പ്രതിസ്പന്ദം മനസ്സിലെത്തിയാല്‍, അത് പ്രതിവിധിക്ക് ബുദ്ധിയുടെ തീരുമാനത്തിന് കാക്കാറില്ല. അപകട സ്പര്‍ശത്തില്‍നിന്ന് ഉടന്‍ കാലെടുക്കാന്‍ മനസ്സുണര്‍ന്ന് നിര്‍ദ്ദേശിക്കുന്നു. ഒരിളക്കത്തോടെ കാല്‍വലിക്കുന്നു. തുടര്‍ന്ന് വിവരം ബുദ്ധിയെ അറിയിക്കുന്നു. മനസ്സിലെത്തുന്ന സ്പന്ദനങ്ങള്‍ അപ്പോള്‍തന്നെ ബുദ്ധിയിലെത്തുകയും ബുദ്ധി അത് സംബന്ധിച്ച തീരുമാനമെടുക്കുകയുമാണ് പതിവ്. എന്നാല്‍, ഇക്കാര്യത്തില്‍ ബുദ്ധി അറിയാതെ, മനസ്സ് തീരുമാനമെടുത്തു. പതിവില്‍നിന്നുള്ള ഈ വ്യതിയാനമാണ്, കാല്‍വലിച്ചപ്പോള്‍ ഇളക്കമായത്. ഈ സംഭവം മനസ്സിന്റെ വിവേചന, വിവേക പ്രവൃത്തിയെ കാണിക്കുന്നു. ശരീരസംവിധാനത്തില്‍ മനസ്സിന് സ്വതന്ത്ര പ്രതിനിധിയായി പ്രവൃത്തിക്കാമെന്ന് ഇത് കാട്ടുന്നു. സ്‌നേഹം, വിദ്വേഷം, പക, പേടി തുടങ്ങിയ വികാരങ്ങളുടെ ഇരിപ്പിടവും ഉറവിടവുമാണ് മനസ്സ്. അകാരണമായി ഒരാള്‍ക്ക് അപരനോട് വെറുപ്പുതോന്നാം; അരയോളം വെള്ളമേയുള്ളൂ എന്ന് സുഹൃത്ത് കാട്ടിക്കൊടുത്താലും, കുളത്തിലോ പുഴയിലോ ഇറങ്ങാന്‍ ഭയപ്പെട്ടു എന്നുവരാം. ഇത്തരം അകാരണ വികാരങ്ങള്‍ മുജ്ജന്മ അനുഭവങ്ങളില്‍നിന്നുള്ള പ്രതികരണങ്ങളായേ പറ്റൂ. മുജ്ജന്മ മരണശേഷവും ഇത്തരം വികാരങ്ങള്‍ നിലനില്‍ക്കുന്നത്, മസ്തിഷ്‌കത്തോടൊപ്പം മരിക്കാതെ മനസ്സ്, ആത്മാവിനോട് പറ്റിച്ചേര്‍ന്നു എന്നാണ്. ഡോ. മൂഡിയോട്, പുനര്‍ജീവിച്ച രോഗികള്‍ പങ്കിട്ട അനുഭവങ്ങളിലും, ശരീരം മരിച്ചശേഷവും മനസ്സ് വികാരങ്ങള്‍ അറിയുന്നതിന്റെ വിവരണങ്ങളുണ്ട്. ശരീര മസ്തിഷ്‌കത്തിലല്ല, ആത്മ-സൂക്ഷ്മ ശരീര സംയുക്തതത്തിലാണ് മനസിന്റെ സ്ഥാനം. ആത്മാവിന്റെ സൂക്ഷ്മ ശരീരത്തിന്റെ ഭാഗമാണ്, അത്.  
4 .സൂക്ഷ്‌മേന്ദ്രിയങ്ങള്‍ 
സൂക്ഷ്മശരീരത്തില്‍ ഉണ്ടായിരുന്ന ഇന്ദ്രിയങ്ങളുടെ അവശിഷ്ടങ്ങളാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. അവ യഥാര്‍ത്ഥത്തില്‍ ഏകകങ്ങളാണെങ്കിലും, അവയെ ഇന്ദ്രിയങ്ങള്‍ എന്നുവിളിക്കുന്നു. കാരണം, അവ ഭൗതികശരീരത്തില്‍ ഭൗതികേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുംപോലെ, സൂക്ഷ്മശരീരത്തില്‍ ഏതാണ്ട് പ്രവര്‍ത്തിക്കുന്നു. 'സൂക്ഷ്മം' എന്നാല്‍, പദാര്‍ത്ഥരഹിതം (മനസ്സുപോലെ). ബ്രഹ്മന്‍ അനുഭൂതികള്‍ക്കും അവവഴി കര്‍മങ്ങള്‍ക്കും ആഗ്രഹിച്ചപ്പോള്‍ ഇവ പ്രകൃതിയില്‍ ഉണ്ടായി എന്നാണ് അനുമാനം (സ്വപ്‌നങ്ങളുമായി സാമ്യം, അധ്യായം 12). പ്രാക് പഞ്ചീകരണഘട്ടത്തില്‍ ബ്രഹ്മന്‍ വസ്തുക്കള്‍ കാണാന്‍ അഭിലഷിച്ചപ്പോള്‍, ആ അഭിലാഷം അഹംബോധത്തില്‍ പ്രതിഫലിച്ച്, അഹംബോധത്തിന്റെ ഒരു ഭാഗം കണ്ണിന്റെ സൂക്ഷ്‌മേന്ദ്രിയമായി; ശബ്ദം കേള്‍ക്കാന്‍ അഭിലഷിച്ചപ്പോള്‍, മറ്റൊരു ഭാഗത്തിലെ പരിണാമത്താല്‍, കാതിന്റെ സൂക്ഷ്‌മേന്ദ്രിയമായി; എടുക്കാനും പിടിക്കാനും ആഗ്രഹിച്ചപ്പോള്‍, വേറൊരുഭാഗം ഹസ്തത്തിന്റെ സൂക്ഷ്‌മേന്ദ്രിയമായി. താല്‍പര്യങ്ങള്‍ ആഗ്രഹിച്ചപ്പോള്‍, പരിണാമത്താല്‍ സംസാരത്തിന്റെ സൂക്ഷ്‌മേന്ദ്രിയമായി. അങ്ങനെ അങ്ങനെ. അനുഭൂതിയുടെ അഞ്ചിന്ദ്രിയങ്ങളും അഞ്ചു കര്‍മേന്ദ്രിയങ്ങളും ഇങ്ങനെയുണ്ടായി. ശരീരത്തിനകത്ത് സൂക്ഷ്‌മേന്ദ്രിയങ്ങളുടെ സാന്നിദ്ധ്യം, സ്വപ്‌നങ്ങളുടെ അനുഭവങ്ങളില്‍നിന്ന് തെളിയുന്നു. സ്വപ്‌നത്തില്‍ നാം വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും കാണുകയും അറിയുകയും ചെയ്യുന്നു; നാം സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. നാം മന്ദിരങ്ങളിലൂടെയും പൂന്തോപ്പുകളിലൂടെയും നടക്കുന്നു. കാഴ്ച, കേള്‍വി, സംസാരം, നടത്തം എന്നിവയ്‌ക്കെല്ലാം അവയവങ്ങളുടെ സഹായം വേണം. സ്വപ്‌നത്തില്‍, ശരീരാവയവങ്ങളില്‍ നിന്നല്ല ഇവ വരുന്നതെങ്കില്‍, നമ്മുടെ ശരീര സംവിധാനത്തില്‍, മറ്റിന്ദ്രിയങ്ങള്‍ ഉണ്ടാകണം. അവ അദൃശ്യമായതിനാല്‍, മനസ്സും ബുദ്ധിയുംപോലെ, പദാര്‍ത്ഥരഹിതമാണ്. അവയാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. ഉണര്‍ന്നിരിക്കേ ഭൗതികേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുന്ന അനുഭൂതികളും കര്‍മങ്ങളും സ്വപ്‌നത്തിലും അനുഭവിക്കുന്നതിനാല്‍, ശരീരേന്ദ്രിയങ്ങള്‍ക്ക് സമാനമായ സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ഉണ്ടായിരിക്കണം. മറ്റുവിധത്തില്‍, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ക്ക് കാരണമായ പദാര്‍ത്ഥരഹിതരൂപം, ഒരു പൂര്‍ണശരീരരൂപം പോലിരിക്കണം. 
പുനര്‍ജീവിച്ച രോഗികള്‍, തങ്ങള്‍ ജഡമായിരിക്കേ, പൂര്‍ണശരീരരൂപമുണ്ടായിരുന്നു എന്നവകാശപ്പെട്ടതായി ഡോ.മൂഡി ലൈഫ് ആഫ്റ്റര്‍ ലൈഫ് ല്‍ രേഖപ്പെടുത്തുന്നു (35, 50). കര്‍മങ്ങള്‍ അഭിലഷിക്കുമ്പോള്‍ മാത്രം ഒരു ഗോള സൂക്ഷ്മ രൂപത്തില്‍നിന്ന് ഇന്ദ്രിയങ്ങള്‍ പുറത്തേക്ക് നീളുകയും അത് കഴിയുമ്പോള്‍ പിന്‍വലിക്കുകയുമാണെന്ന് ആ പുസ്തകം (102) പറയുന്നു. ജഡാത്മാവ്, തന്റെ ജഡം ആശുപത്രിക്കിടക്കയില്‍ കണ്ടുവെന്നും, തകര്‍ന്ന കാറിന്റെ സ്റ്റിയറിങ് വീലിനടിയില്‍ ചതഞ്ഞുകിടന്നത് കണ്ടുവെന്നും, നഴ്‌സിനോട് ഡോക്ടര്‍ ജീവോദ്ദീപക യന്ത്രം( pounding machine) കൊണ്ടുവരാന്‍ പറഞ്ഞതു കേട്ടുവെന്നും പറയുമ്പോള്‍, സൂക്ഷ്മനേത്രവും സൂക്ഷ്മകര്‍ണവും ജഡാത്മാവിന്റെ സൂക്ഷ്മശരീരത്തില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെടുന്നു. പ്രകൃതിയിലുണ്ടാകുന്ന കരണങ്ങളില്‍ അവസാനത്തേതാണ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍. ബുദ്ധി, അഹംബോധം, മനസ്സ് എന്നിങ്ങനെ അതിന് മുന്‍പുണ്ടായവ, ഏറ്റവും കൂര്‍മതയുള്ളവയായിരുന്നു; അവ കര്‍മങ്ങളില്‍ വിവേചനവും വിവേകവും കാട്ടി. സൂക്ഷ്‌മേന്ദ്രിയങ്ങള്‍ അര്‍ധകൂര്‍മങ്ങളാണ്; അവയ്ക്ക് വിവേക, വിവേചനങ്ങളില്ല. അവ സ്വന്തം വിവേചനമനുസരിച്ച് കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നില്ല. മസ്തിഷ്‌കത്തിനും മനസ്സിനുമിടയിലെ മധ്യസ്ഥരാണ്, അവ. മസ്തിഷ്‌കത്തില്‍നിന്ന് അവ ഭൗതികേന്ദ്രിയങ്ങളില്‍നിന്നുള്ള അനുഭൂതി സന്ദേശങ്ങള്‍ സ്വീകരിച്ച്, മനസ്സിന് കൈമാറുന്നു. മനസ്സില്‍നിന്ന് കര്‍മപ്രചോദനങ്ങള്‍ സ്വീകരിച്ച് മസ്തിഷ്‌കത്തിന്റെ ബന്ധപ്പെട്ട കേന്ദ്രത്തിലെത്തിക്കുന്നു. അവിടന്ന് ഭൗതികതലത്തില്‍, ഭൗതികാവയവങ്ങളിലേക്ക് അവയെത്തുന്നു. ഭൗതികസ്പന്ദനങ്ങളും ശരീരകര്‍മങ്ങളും സൂക്ഷ്‌മേന്ദ്രിയങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, ആ പ്രതിഫലനങ്ങള്‍, സൂക്ഷ്‌മേന്ദ്രിയങ്ങളില്‍ സമാന്തര സ്പന്ദനങ്ങളും കര്‍മങ്ങളും ആകുന്നു; ജന്മാന്തര സ്പന്ദനങ്ങളാണ്, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുന്നത് (അധ്യായം 15).  

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...