Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 3

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ :രാമചന്ദ്രൻ 
അദ്ധ്യായം 3 , ബോധം 


 ബോധം എന്ന വാക്ക്, തത്വശാസ്ത്രത്തില്‍ വളരെ പ്രധാനമാകയാല്‍, അത് എന്തെന്ന് വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. വ്യവഹാരഭാഷയില്‍, അത് ഒരു മാനവികഭാവത്തെ കുറിക്കുന്നു. ഒരു പ്രത്യേക സംഗതിയെയോ ആശയത്തെയോ പറ്റിയുള്ള അറിവിനെ കുറിക്കാന്‍ ഈ വാക്കുപയോഗിക്കാറുണ്ട്- 'എന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തി നികുതി നിശ്ചയിക്കുന്ന കാര്യത്തില്‍ ഓഫീസര്‍ക്ക് നല്ല ബോധമുണ്ടായിരുന്നു' എന്ന വാചകം ഉദാഹരണം. പൊതുവായും ഈ വാക്ക് പ്രയോഗിക്കാറുണ്ട്. 'ശസ്ത്രക്രിയയ്ക്കുശേഷവും രോഗിക്കു ബോധം വീണ്ടുകിട്ടിയിട്ടില്ല' എന്നു നഴ്‌സ് പറയുംപോലെ. ഇവിടെ, ഒരു പ്രത്യേക സംഗതിയെപ്പറ്റിയുള്ള അവബോധം മാത്രമല്ല, മനസ്സിന് അറിയാനും ഓര്‍മിക്കാനും തിരിച്ചറിയാനും കഴിയുന്നതൊക്കെ വിവക്ഷിക്കുന്നുണ്ട്.

 എങ്കിലും, വിശേഷമായും പൊതുവായും ഇവിടെയുള്ള പ്രയോഗം, ഒരു മാനസിക ഭാവത്തെയാണ് കുറിക്കുന്നത്. എന്നാല്‍, ഭാരതീയ പുരാണങ്ങള്‍, 'ബോധം' എന്ന വാക്കുപയോഗിക്കുന്നത്, മറ്റൊരര്‍ത്ഥത്തിലാണ്- മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും, ജീവന് ആധാരമായ ഘടകം എന്ന അര്‍ത്ഥത്തിലാണ്. ഈ പ്രത്യേക അര്‍ത്ഥത്തില്‍, സംസ്‌കൃതത്തില്‍, അതിനു സമാനമായ വാക്ക് 'പ്രജ്ഞാനം' ആകുന്നു.ശുകരഹസ്യ ഉപനിഷത് (വാക്യാര്‍ത്ഥ ശ്ലോകം) അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ബോധം (പ്രജ്ഞാനം). അതാണ് ജീവജാലങ്ങളിലെ ചൈതന്യ തത്വം. ഐതരേയ ഉപനിഷത് (3:1) അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ആത്മാവ് (ആത്മന്‍). ഒരാള്‍ക്ക് കാണാനും കേള്‍ക്കാനും മണക്കാനും സംസാരിക്കാനുമൊക്കെ എന്താണോ ശേഷി നല്‍കുന്നത്, അതാണ് ബോധം അഥവാ ചൈതന്യം. ശുകരഹസ്യ ഉപനിഷത്എന്തിനെയാണോ ബോധം എന്നു വിളിക്കുന്നത്, അതിനെ ഐതരേയ ഉപനിഷത് ആത്മാവ് എന്നു വിളിക്കുന്നു. രണ്ടും ഒന്നാണ് എന്നര്‍ത്ഥം. ആത്മാവ് ബോധമാകുന്നു; ബോധകണിക. ബോധത്തിന്റെ അനവധി അനുഭവങ്ങള്‍ ഐതരേയ ഉപനിഷത് (3:2) നിരത്തുന്നു: തിരിച്ചറിവ്, ദിശ, വിവേകം, ജ്ഞാനം, ഓര്‍മ, ഉള്‍ക്കാഴ്ച, ദാര്‍ഢ്യം, ചിന്ത, വിവേചനം, വിഷാദം, ധ്യാനം, ഇച്ഛ, ചൈതന്യം, അഭിലാഷം, മമത- ഇതെല്ലാം ബോധത്തിന്റെ നാമങ്ങളാണ്. ഈ ശ്ലോകത്തിലെ 'നാമം' എന്ന വാക്ക്, ഒരേകകത്തെ സൂചിപ്പിക്കാനുള്ള കവിവാക്കാണ്. ഒരു ജീവജാലത്തിലെ ജീവവിശേഷങ്ങളെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ് എന്നാണ് മൊത്തം ശ്ലോകത്തില്‍നിന്നു സിദ്ധിക്കുന്നത്. ഒരു ടെലിവിഷനിലെ പ്രകാശവും നിറങ്ങളും ശബ്ദങ്ങളുമെല്ലാം അതിലേക്കു വരുന്ന വൈദ്യുതിയുടെ അനുഭവ പ്രതിഫലനങ്ങളാണ്. എന്നാല്‍, വൈദ്യുതിയാകട്ടെ, പ്രകാശം, നിറം, ശബ്ദം എന്നിവയുടെ ആകെത്തുകയല്ല; പലതായി നമുക്കനുഭവപ്പെടുന്ന അടിസ്ഥാന ഊര്‍ജമാണ് അത്. അതുപോലെ, തിരിച്ചറിവ്, ദിശ, വിവേകം തുടങ്ങിയവയെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ്; എന്നാല്‍ ബോധം ഇവയുടെ ആകെത്തുകയല്ല, മറിച്ച് ഇത്തരം വിശേഷങ്ങളും തോന്നലുകളും വികാരങ്ങളുമൊക്കെ ഒരു ജീവജാലത്തില്‍ കൊണ്ടുവരുന്ന ഏകതത്വമാണ്. ജീവജാലത്തില്‍ അത്തരം വിശേഷങ്ങള്‍ സൃഷ്ടിക്കുന്ന പരമചൈതന്യമാണ് അത്. ഉപനിഷത്തുക്കള്‍, അതിനെ പ്രജ്ഞാനമെന്നും ചൈതന്യമെന്നും വിശേഷിപ്പിക്കുന്നു. ജീവജാലങ്ങളിലെ ജീവശക്തിയാണ്, പ്രാണനാണ് അത്. അതിന്റെ ശേഷി വളരെ വലുതാണ്. ആല്‍മരവും പനയും നൂറടി മുകളിലേക്ക് വളരുന്നു. വേരില്‍നിന്നുള്ള പാല്‍, മരത്തിന്റെ മുകളിലേക്ക് ഒഴുകുന്നു. ഇത്ര ശേഷിയോടെ, മുകളിലേക്കുള്ള ആ ഒഴുക്കിന് കാരണം എന്താണ്? അത്, അവയിലെ പ്രാണന്‍ ആണ്. സൂര്യപ്രകാശം ഉപയോഗിച്ച്, മരങ്ങളുടെയും ചെടികളുടെയും പുല്ലുകളുടെയും പച്ചിലകള്‍, എളുപ്പത്തിലും വേഗത്തിലും, കാര്‍ബണ്‍ ഡൈഓക്‌സൈഡിനെയും വെള്ളത്തെയും വിഘടിപ്പിച്ച്, അവയിലെ ഓക്‌സിജനെ പുറന്തള്ളുന്നു. അതില്‍ ഏറെയും ജീവജാലങ്ങളിലെ ജീവന്‍ നിലനിര്‍ത്തുന്നു; ബാക്കി കാര്‍ബണും ഹൈഡ്രജനുമായി ചേര്‍ന്ന്, ഭക്ഷണത്തിനുള്ള അന്നജം ആയി മാറുന്നു. ശാസ്ത്രത്തെ ത്രസിപ്പിച്ച ഒന്നാണ് ഈ പ്രക്രിയ. അതിനു കാരണം, മരങ്ങളിലെയും ചെടികളിലെയും പുല്ലുകളിലെയും ജീവശക്തിയല്ലാതെ മറ്റെന്താണ്? മനുഷ്യനില്‍ അതിനെ നാം ആത്മാവ് എന്നു വിളിക്കുന്നു. 

ആദ്യ അധ്യായത്തില്‍ പറഞ്ഞ, ജെയിംസ് ചാഫിന്റെ കഥ, അതിന്, സാധാരണ വ്യക്തിയെപ്പോലെ പെരുമാറാനും കഴിയുമെന്നു തെളിയിക്കുന്നു. ആത്മാവ് ഒരു ഭൗതിക ശരീരത്തിലായിരിക്കേ അത് ആ ശരീരത്തെ ഒരു സാധാരണ മനുഷ്യനുവേണ്ട വിധം പ്രവര്‍ത്തിപ്പിക്കുന്നു. അത് ബുദ്ധിയെക്കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കുന്നു; മനസ്സിനെക്കൊണ്ട് ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുന്നു. കൃത്യസമയത്ത് ഇന്ദ്രിയങ്ങളെക്കൊണ്ട് അനുഭൂതികള്‍ സൃഷ്ടിക്കുന്നു. ഭൗതികശരീരം വിട്ട് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷവും, ജയിംസ് ചാഫിന്റെ ആത്മാവ്, ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക്, ഒരു രഹസ്യവിവരം പകര്‍ന്നുകൊടുത്തു. ജീവനു കാരണമായ ബോധം മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും മത്‌സ്യങ്ങളിലുമൊക്കെ ഒന്നാണെന്ന് പുരാതന മഹര്‍ഷിമാര്‍ ദര്‍ശിച്ചു. സൂര്യന്‍ ഗ്രഹമാണെന്നും എല്ലാ ഗ്രഹങ്ങളും സൂര്യനെപ്പോലുള്ള വസ്തുക്കളാണെന്നും അവര്‍ കണ്ടു. പല ഗ്രഹങ്ങള്‍ക്കും ഭൂമിയെപ്പോലുള്ള ഉപഗ്രഹങ്ങള്‍ ഉണ്ടാകാമെന്നും അവയിലെ ജീവന്‍ ഭൂമിയിലെ ജീവജാലങ്ങളിലെപ്പോലെതന്നെയാകാമെന്നും അവര്‍ നിഗമനത്തിലെത്തി. അതിനാല്‍, ജീവനു കാരണമായ ബോധം, സര്‍വവ്യാപിയും പ്രപഞ്ചത്തിലും, പ്രപഞ്ചത്തിനപ്പുറമുള്ള അതിരുകളില്ലാത്ത ആകാശത്തും നിറഞ്ഞിരിക്കുന്നുവെന്ന് അവര്‍ നിരൂപിച്ചു. അതില്‍നിന്നു പ്രസരിക്കുന്ന സൂക്ഷ്മകണികകളാണ് ആത്മാക്കള്‍. യുക്തിവാദികള്‍ പറയുംപോലെ, ബോധം അഥവാ ജീവന്‍, ശരീരത്തില്‍നിന്നുളവാകുന്ന ഊര്‍ജമോ ശക്തിയോ അല്ല. ഊര്‍ജത്തിലോ ബലത്തിലോ ഉള്ള ശക്തി ചോര്‍ന്നുപോകും. എന്നാല്‍, ജീവബോധത്തിലെ ഊര്‍ജം ചോരുന്നില്ല. ഒരു ജീവജാലത്തില്‍ അന്തര്‍ലീനമായ ബോധത്തിന്റെ ഓരോ കണികയും ശരീരത്തിലുടനീളം ബോധവും ചൈതന്യവും പ്രസരിപ്പിക്കുകയും ചോരാതെ നില്‍ക്കുകയും ചെയ്യുന്നു.
 ഒന്നാം അധ്യായത്തിലെ ജയിംസ് ചാഫിന്റെയും പ്രമോദിന്റെയും കഥകള്‍, ശരീരം വിട്ടശേഷവും, ജീവിതത്തില്‍നിന്നു ജീവിതങ്ങളില്‍, ജീവബോധം പരമവീര്യത്തോടെ നിലനില്‍ക്കുന്നതായി തെളിയിക്കുന്നു. ആത്മാവ് അഥവാ ബോധം, ഒരിക്കലും ചോരുന്നില്ല, ദുര്‍ബലപ്പെടുന്നില്ല, നശിക്കുന്നില്ല. അതിനാല്‍, ബോധം, കാലത്തില്‍ അനന്തമായി നില്‍ക്കുന്നുവെന്ന് മഹര്‍ഷിമാര്‍ കണ്ടു. സ്ഥലകാലങ്ങളില്‍ അനന്തമായി ബോധം നില്‍ക്കുന്നു. തടസ്സമില്ലാതെ, ഏതു വസ്തുവിലൂടെയും കടന്നുപോകാനുള്ള ശേഷി, ആത്മാവിനുണ്ട്. അടഞ്ഞ വാതില്‍, ഉറച്ച മതില്‍, വാര്‍ത്ത മേല്‍ക്കൂര, ലോഹപ്പലകകള്‍ തുടങ്ങിയവയിലൂടെ ആത്മാവിനു സഞ്ചരിക്കാമെന്ന് ഡോ. റെയ്മണ്ട് മൂഡി, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍, ഡോ. എലിസബത്ത് കുബ്‌ളര്‍-റോസ് തുടങ്ങിയവരെപ്പോലുള്ള ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പദാര്‍ത്ഥത്തിന്റെ ചെറിയ കണികയെങ്കിലുമുള്ള ഒന്നിനും (പ്രകാശം ഉദാഹരണം) ഇവയിലൂടെ കടക്കാനാവില്ല. അതിനാല്‍, ആത്മാവ് പദാര്‍ത്ഥരഹിതമാണ്. അതൊരു പദാര്‍ത്ഥരഹിത അസ്തിത്വമാണ്  

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...