Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 23,24

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 

അധ്യായം/23, ഈ ജീവിതത്തിലെ കര്‍മങ്ങള്‍
  ജീവിതത്തിലുണ്ടാകുന്ന കര്‍മഭാവങ്ങള്‍, സഞ്ചിതകര്‍മത്തിലോപ്രാരബ്ധകര്‍മത്തിലോ ഉടന്‍ചേരുന്നില്ല. മുജ്ജന്മ കര്‍മങ്ങളുടെ കര്‍മഭാവങ്ങള്‍ സൂക്ഷ്മശരീരത്തില്‍ നിറഞ്ഞ്, സഞ്ചിതകര്‍മം, പ്രാരബ്ധകര്‍മം എന്നിങ്ങനെ രണ്ടുസംഘങ്ങളായി നില്‍ക്കുന്നുവെന്ന് നാം കണ്ടു. അപൂര്‍വ സന്ദര്‍ഭങ്ങളിലൊഴികെ (അധ്യായം 1) മനുഷ്യര്‍ മുജ്ജന്മ സംഭവങ്ങള്‍ ഓര്‍ക്കാറില്ല. ഓര്‍മകള്‍ക്കായി, കര്‍മഭാവങ്ങളെ പ്രചോദിപ്പിക്കാനുള്ള മനസ്സിന്റെയും ബുദ്ധിയുടെയും ശക്തി, സഞ്ചിതകര്‍മത്തിലെയും പ്രാരബ്ധകര്‍മത്തിലെയും കര്‍മഭാവങ്ങളിലേക്കു നീളുന്നില്ല എന്ന്, ഇതുകാണിക്കുന്നു. 
എന്നാല്‍, ഈ ജീവിതത്തിലെ പഴയ സംഭവങ്ങളുടെ ഓര്‍മകള്‍ നമുക്കുണ്ട്. മറ്റു കര്‍മഭാവങ്ങളില്‍നിന്ന്, ഈ ജീവിതത്തില്‍ നടന്ന കര്‍മങ്ങളുടെ കര്‍മഭാവങ്ങള്‍ സ്വതന്ത്രമായി നില്‍ക്കുന്നുവെന്ന് ഇതു കാട്ടുന്നു. അതിനാല്‍, പഴയ അനുഭവങ്ങള്‍വച്ച് ഇന്നത്തെ കര്‍മങ്ങള്‍ രൂപീകരിക്കാനായി ഓര്‍മകള്‍ വേണ്ടപ്പോള്‍, അവ എളുപ്പത്തില്‍ ബുദ്ധിക്കും മനസ്സിനും കിട്ടുന്നു. ഈ കര്‍മഭാവങ്ങള്‍ ഉറങ്ങിക്കിടന്നിരിക്കാമെങ്കിലും, മനസ്സില്‍നിന്നോ ബുദ്ധിയില്‍നിന്നോ ഒരു വിളിയോ പ്രചോദനമോ വന്നപ്പോള്‍, അവ ഉണര്‍ന്ന് കുമിഞ്ഞ്, ആവശ്യമുള്ള ഓര്‍മയ്ക്ക് കാരണമാവുകയാണ്. മനസ്സും ബുദ്ധിയുമായുള്ള ബന്ധം വിടരുമ്പോള്‍, അവ ഉറക്കത്തിലേക്ക് മടങ്ങുന്നു. ഇങ്ങനെ, പ്രാരബ് ധ കര്‍മത്തില്‍നിന്നും സഞ്ചിതകര്‍മത്തില്‍നിന്നും ഈ ജീവിതത്തിന്റെ കര്‍മഭാവങ്ങള്‍ വേറിട്ടുനിന്ന്, ഈ ജീവിതത്തില്‍ ചെയ്ത കര്‍മങ്ങളെ ഓര്‍ക്കാന്‍ വഴിവയ്ക്കുന്നു. പ്രാരബ് ധ കര്‍മത്തിനേ ഫലങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നതിനാലും, ഈ ജീവിതത്തിലെ കര്‍മഭാവങ്ങള്‍ പ്രാരബ്ധകര്‍മത്തില്‍നിന്ന് വേറിട്ടതിനാലും, ഈ ജീവിതത്തിലുയരുന്ന കര്‍മഭാവങ്ങള്‍, ഈ ജീവിതത്തില്‍തന്നെ സാധാരണ ഫലങ്ങള്‍ നല്‍കാറില്ല. ഒരു മഹാ ഉദാരമതി ദുരിതങ്ങളിലാഴുന്നതും ഒരു കുപ്രസിദ്ധ ദുഷ്ടന്‍ ആഹ്ലാദത്തിലാറാടുന്നതും തെളിയിക്കുന്നത്, ഈ അനുഭവങ്ങള്‍ ഈ ജീവിതത്തിലെ കര്‍മങ്ങളുടെ ഫലങ്ങളല്ല എന്നാണ്; അവ മുജ്ജന്മങ്ങളില്‍ നടന്ന അജ്ഞാതമായ കര്‍മങ്ങളുടെ ഫലങ്ങളാണ്. ഈ ജീവിതത്തിലെ പ്രാരബ്ധകര്‍മത്തില്‍ അടങ്ങിയിരിക്കുന്നത്, മുജ്ജന്മങ്ങളിലെ കര്‍മഭാവങ്ങളാണ്. ഈ ജീവിതത്തില്‍ ഇനിയും കര്‍മഫലം പൊഴിക്കാത്ത അത്തരം കര്‍മഭാവങ്ങളുടെ കൃത്യമായ കൂട്ടമാണ് പ്രാരബ് ധ  കര്‍മം. ഈ ജീവിതം തുടങ്ങും മുന്‍പ്, മുജ്ജന്മം അണയും മുന്‍പ്, അവ ഉണ്ടാകുന്നു. അതുകഴിഞ്ഞ്, അവയില്‍ സാധാണഗതിയില്‍ കുറവോ കൂടുതലോ ഉണ്ടാകുന്നില്ല. അങ്ങനെ, ഈ ജീവിതത്തിലെ കര്‍മഭാവങ്ങള്‍ ഈ ജീവിതത്തിലെ പ്രാരബ്ധകര്‍മത്തില്‍ ഇല്ല. ഈ ജീവിതത്തില്‍ അവ ഫലങ്ങള്‍ നല്‍കുന്നുമില്ല. എന്നാല്‍, അപവാദങ്ങള്‍ ഉണ്ടാകാം. അതിതീക്ഷ്ണമായ ഗുണദോഷങ്ങളുള്ള ഒരു കര്‍മഭാവം ഊര്‍ജസ്വലമായി ഭ്രമണം ചെയ്യും. അത് സൂക്ഷ്മ ശരീരത്തില്‍ അമര്‍ന്നാലും, അതിന്റെ തരംഗങ്ങള്‍ ശാന്തമാകാതെ, ഊര്‍ജസ്വലമായി കറങ്ങിക്കൊണ്ടിരിക്കും. അതുകൊണ്ടാണ്, ക്രൂരമായ കുറ്റം ചെയ്ത ഒരാളുടെ മുഖഭാവത്തില്‍, വികാരത്തള്ളിച്ചയുടെ പ്രതിഫലനം കാണുന്നത്. ഭ്രമണത്തിലെ ഊര്‍ജം നിലനിന്നാല്‍, അത് ഉറങ്ങിക്കിടക്കുന്ന കര്‍മഭാവങ്ങളില്‍നിന്ന് മാറിനില്‍ക്കും. അപ്പോള്‍, ഈശ്വരന് ഇച്ഛയുണ്ടെങ്കില്‍, അത്തരം സവിശേഷ കര്‍മഭാവങ്ങളെ പ്രാരബ്ധകര്‍മമായി സജീവമായി നില്‍ക്കുന്ന കര്‍മഭാവങ്ങളുടെ കൂട്ടത്തില്‍ ചേരാന്‍ അനുവദിക്കാം. അവിടെയും, ഊര്‍ജസ്വലമായ ഭ്രമണം കാരണം അതു മുന്നിലെത്തുകയും താമസിയാതെ പുഷ്പിച്ച്, ഫലങ്ങള്‍ നല്‍കുകയും ചെയ്‌തേക്കാം. എന്നാല്‍, ഇന്നത്തെ പ്രാരബ്ധകര്‍മത്തിലേക്ക് ഇന്നത്തെ കര്‍മഭാവത്തിന്റെ അപൂര്‍വമായ ഈ കൂട്ടിച്ചേര്‍ക്കല്‍, ആ കര്‍മഭാവത്തിന്റെ വിവേചനത്തോടെ ആകണം എന്നില്ല. അതിനുകാരണം, പ്രാരബ്ധകര്‍മത്തിന്റെ രൂപീകരണത്തെ നിയന്ത്രിക്കുന്ന ശക്തിയും, അതിന്റെ കര്‍മഭാവങ്ങള്‍ പുഷ്പിക്കുന്നതിന്റെ ക്രമവുമായിരിക്കും. ഈ സവിശേഷ പ്രതിഭാസത്തെ സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ വിവരിക്കുന്നു: 
ഈ സംസ്‌കാരങ്ങള്‍ ശക്തമായ അപൂര്‍വം സന്ദര്‍ഭങ്ങളില്‍, അവ വേഗം ഫലം പൊഴിക്കും; നന്മതിന്മകളുടെ അപൂര്‍വ കര്‍മങ്ങള്‍ ഈ ജീവിതത്തില്‍ തന്നെ ഫലം പൊഴിക്കും.(സമ്പൂര്‍ണ കൃതികള്‍, വാല്യം 1, പേജ് 243).
 ശുചീന്ദ്രത്ത് 1922 ല്‍ ഒരു ചൂതാട്ടക്കാരന്‍, ആഭരണങ്ങള്‍ കവരാനായി 14  വയസുള്ള അയല്‍ക്കാരിയെ വായില്‍ കളിമണ്ണുരുള തിരുകി കൊന്നു. അവള്‍ കരഞ്ഞു വിളിച്ചിട്ടും അയാള്‍ അടങ്ങിയില്ല. ഒരു വര്‍ഷം കഴിഞ്ഞ് അയാള്‍ ജയില്‍ വളപ്പിലെ കിണറ്റില്‍ അത് വൃത്തിയാക്കാന്‍ ഇറങ്ങുകയും അതിനുള്ളില്‍ മണ്ണിടിഞ്ഞു മരിക്കുകയും ചെയ്തു. അയാള്‍ ചെയ്ത ക്രൂരമായ കൊലപാതകത്തിന്റെ ഫലമാണ് അതെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ഈ ജീവിതത്തിലെ കര്‍മഭാവങ്ങള്‍ ഈ ജീവിതാന്ത്യത്തില്‍ അല്ലെങ്കില്‍ അതിനുശേഷം, സൂക്ഷ്മശരീരത്തിലെ മറ്റു കര്‍മഭാവങ്ങളുമായുള്ള വിഛേദം അവസാനിപ്പിച്ച്, അവയോടു ചേരും. മരണത്തിന് അല്‍പം മുന്‍പ്, സഞ്ചിതകര്‍മത്തിലെ നിരവധി കര്‍മഭാവങ്ങള്‍ ഉറക്കത്തില്‍നിന്നെഴുന്നേറ്റ്, ഒരുകൂട്ടമായി അടുത്ത ജന്മ (പുനര്‍ജന്മ)ത്തിനുള്ള പ്രാരബ്ധകര്‍മമാകുമെന്ന് നാം കണ്ടു. തുടര്‍ന്ന് അടുത്ത ജന്മത്തില്‍ ഫലം നല്‍കേണ്ട ഈ ജീവിതത്തിലെ ചില കര്‍മഭാവങ്ങള്‍കൂടി പുത്തന്‍ പ്രാരബ്ധകര്‍മ രൂപീകരണത്തില്‍ പങ്കെടുക്കും. ഈ ജീവിതത്തിലെ മറ്റു കര്‍മഭാവങ്ങള്‍, മറ്റൊരിടവേള കഴിഞ്ഞ്, സഞ്ചിതകര്‍മത്തില്‍ ചേരും, ഇത് വിവിധ മനുഷ്യരില്‍ വ്യത്യസ്തമായിരിക്കും. അവ സഞ്ചിതകര്‍മത്തില്‍ ചേരുംമുന്‍പ് പുനര്‍ജന്മമുണ്ടായാല്‍, പുനര്‍ജനിച്ച കുഞ്ഞിന് മുജ്ജന്മ സംഭവങ്ങളുടെ ഓര്‍മയുണ്ടാകാം. ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണം ചെയ്ത മുജ്ജന്മ ഓര്‍മകള്‍ (അധ്യായം 1) ഇങ്ങനെയുണ്ടായതാകാം.
 ആയുര്‍ദൈര്‍ഘ്യം
 സൂക്ഷ്മശരീരത്തില്‍ ഇപ്പോഴുള്ള പ്രാരബ്ധകര്‍മവുമായി ബന്ധപ്പെട്ടതാണ് ആയുസ്സെന്ന് മഹര്‍ഷിമാര്‍ നിരീക്ഷിച്ചു. നിലവിലുള്ള പ്രാരബ്ധകര്‍മ ഫലം അനുഭവിക്കുകയാണ് ഒരു ജീവിതത്തിന്റെ ലക്ഷ്യം. അതിനാല്‍, ആ പ്രാരബ്ധകര്‍മം തീരുംവരെ സാധാരണ ജീവിതം നീണ്ടുനില്‍ക്കും. തിരിച്ച്, ഇന്നത്തെ പ്രാരബ്ധകര്‍മം തീര്‍ന്നാല്‍, ഇന്നത്തെ ജീവിതവും തീരും (അവധൂത ഉപനിഷത് 19, വരാഹോപനിഷത് 2:71). ഇന്നത്തെ പ്രാരബ്ധകര്‍മ ഫലങ്ങള്‍ ഭക്ഷിക്കാനുള്ള സ്വാഭാവിക ജീവിതദൗത്യം തീര്‍ന്നാല്‍, ഈ ജീവിതത്തില്‍ നിന്ന് വേറിട്ട്, ആത്മാവ് ആ ദൗത്യത്തിന് തെരഞ്ഞെടുത്ത ശരീരത്തില്‍നിന്നുപോകുന്നു. സ്വര്‍ഗത്തിലെ ഒരു ജീവിതത്തിന്റെ കാര്യവും ഇതുതന്നെ എന്ന് ഭഗവദ്ഗീത (9:21)പറയുന്നു. മഹദ് ഗുണങ്ങളുള്ള കര്‍മങ്ങള്‍ ചെയ്തതിന്റെ മധുരഫലം ഭക്ഷിക്കാനാണ് ഈ ജീവിതം. അതു തീരുമ്പോള്‍, സ്വര്‍ഗജീവിതം രൂപീകരിച്ച പ്രാരബ്ധകര്‍മം തീരുമ്പോള്‍, സ്വര്‍ഗജീവിതം അവസാനിക്കുകയും ആത്മാവ് ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. സഞ്ചിതകര്‍മത്തില്‍ അവശേഷിക്കുന്ന കര്‍മഭാവങ്ങളുടെ ഫലം അനുഭവിക്കാനുള്ള പുനര്‍ജന്മത്തിനാണ് ആ വരവ്.

അധ്യായം/24, നവ പ്രാരബ് ധ  കര്‍മം
 പൂവിട്ട ഒരു കര്‍മഭാവം ഫലം പൊഴിച്ചുകഴിഞ്ഞാല്‍, അതിന്റെ വീര്യം കുറയുകയും പ്രാരബ്ധകര്‍മത്തിലെ മറ്റൊരു കര്‍മഭാവം ഉണര്‍ന്നുവിടര്‍ന്ന്, അടുത്ത കര്‍മഫലംകൊണ്ടുവരുന്ന ഒരു പ്രവൃത്തിക്ക്, ബുദ്ധിയെ പ്രചോദിപ്പിക്കും. അങ്ങനെ, ഇടവേളകളില്ലാതെ, കര്‍മഭാവ വിടരല്‍ തുടരും.
 ചിലപ്പോള്‍, ഒന്നിലധികം കര്‍മഭാവങ്ങള്‍ വിടരുകയും ഓരോന്നും പ്രത്യേക കര്‍മത്തിന് ബുദ്ധിയെ പ്രചോദിപ്പിക്കുകയും ചെയ്യും; എന്നാല്‍, സൂക്ഷ്മശരീരത്തില്‍ കര്‍മഭാവ വിടരല്‍ ഇല്ലാത്ത ഒരു നിമിഷംപോലും ഇല്ല. അതിനാല്‍, കര്‍മ പ്രചോദനങ്ങള്‍ക്ക് ഇടവേളകളില്ല. ജീവിതത്തിലുടനീളം, കര്‍മ പ്രചോദന പരമ്പര നിരന്തരമാണ്. സൂക്ഷ്മ ശരീരത്തില്‍ കര്‍മഭാവങ്ങള്‍ വിടരുന്ന അത്തരമൊരു പരമ്പരയില്‍, ഒരു പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവം കഴിഞ്ഞാലുടന്‍, അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം ഉണരണം. സൂക്ഷ്മശരീരത്തില്‍, വിടരുന്ന കര്‍മഭാവ പരമ്പരയ്ക്ക് ഇടവേള പാടില്ലാത്തതിനാല്‍, ഒരു പ്രാരബ്ധകര്‍മത്തിലെ കര്‍മഭാവങ്ങള്‍ മാത്രമേ വിടരാവൂ എന്നതിനാല്‍, ഇപ്പോഴത്തെ പ്രാരബ്ധകര്‍മത്തിലെ അവസാന കര്‍മഭാവത്തിന്റെ വീര്യം കുറയും മുന്‍പ്, അടുത്ത പ്രാരബ്ധകര്‍മത്തിലെ ആദ്യ കര്‍മഭാവം വിടരാന്‍ തയ്യാറായി ഉണര്‍ന്ന്, മുന്‍പത്തേതിന്റെ സ്ഥാനം പിടിക്കണം. ഒരു സ്‌ഫോടനം വഴിയല്ല കര്‍മഭാവങ്ങള്‍ വിരിയുന്നത്. അവ കുമിഞ്ഞു വികസിച്ച് വേണം വിടരാന്‍. അതിനിത്തിരി സമയമെടുക്കും. അത് കണക്കിലെടുത്ത്, വിടരുന്ന കര്‍മഭാവ പരമ്പരയുടെ തുടര്‍ച്ച നിലനിര്‍ത്താന്‍, അടുത്ത പ്രാരബ്ധകര്‍മം, ഇപ്പോഴത്തെ പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവം അടരുന്നതിന് മുന്‍പേ ഉണരണം. ഇപ്പോഴത്തെ പ്രാരബ്ധകര്‍മംതീര്‍ന്നാല്‍, ഈ ജീവിതം തീരുകയും ആത്മാവ് ശരീരം വിടുകയും ചെയ്യും. അതിനാല്‍ മേല്‍പറഞ്ഞ ആശയം ഇങ്ങനെ മറിച്ചിടാം: തീര്‍ച്ചയായും മരണത്തിന് മുന്‍പ്, അടുത്ത ജീവിതത്തിനുള്ള ഒരു പ്രാരബ്ധകര്‍മം സൂക്ഷ്മ ശരീരത്തില്‍ ഉയരുകയും, മരണത്തിന് തൊട്ടുമുന്‍പ്, അതിലെ കര്‍മഭാവം പൂവണിയുകയും ചെയ്യും. ഇതാണ് ആസന്നകര്‍മം. ഇപ്പോഴത്തെ ജീവിതത്തിന്റെ അവസാനം ഉണ്ടാകുന്ന പുതിയ പ്രാരബ്ധകര്‍മം, സ്വാഭാവികമായും അടുത്ത ജീവിതത്തെ (പുനര്‍ജന്മത്തില്‍) പരുവപ്പെടുത്താനുള്ളതാണ്. അതിനാല്‍, അതിന്റെ ആദ്യ കര്‍മഭാവം, അടുത്ത ജീവിതത്തിന്റെ ആദ്യകര്‍മമായ പുനര്‍ജന്മം പരുവപ്പെടുത്തലായിരിക്കും. പറ്റിയ സ്ഥലത്ത്, പറ്റിയ ശരീരത്തില്‍ പുനര്‍ജന്മം നേടാനായിരിക്കും അതിന്റെ പ്രചോദനം. 
സാധാരണ ഒരു കര്‍മഭാവത്തിന്റെ വിടരല്‍ അതു പ്രചോദിപ്പിച്ച കര്‍മം തീരുംവരെയായിരിക്കും; അതിനാല്‍, മരണത്തിനുമുന്‍പ് തുടങ്ങുന്ന പുനര്‍ജന്മ പ്രചോദനം, പുനര്‍ജന്മം സംഭവിക്കുംവരെ നിലനില്‍ക്കും. മറ്റുവാക്കുകളില്‍, പുതിയ പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം ഈ ജീവിതാന്ത്യത്തിന് തൊട്ടുമുന്‍പ് ഉദ്ഭവിക്കുകയും, പുനര്‍ജന്മം യഥാര്‍ത്ഥത്തില്‍ സംഭവിക്കുംവരെ സൂക്ഷ്മശരീരത്തില്‍ വിടര്‍ന്നുനില്‍ക്കുകയും ചെയ്യും (ഭഗവദ്ഗീത 8:6, സദാ തദ്ഭാവഭാവിതാ). സാധാരണ, മരണത്തിനും പുനര്‍ജന്മത്തിനുമിടയില്‍, പ്രചോദനത്തില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ല. പുനര്‍ജന്മശേഷം, പുതിയ കര്‍മഭാവങ്ങളിലെ വിടരുന്ന പരമ്പര, ക്രമമായി തുടരും. ഇങ്ങനെ, അടുത്ത പ്രാരബ്ധകര്‍മം (അടുത്ത ജന്മത്തിനുള്ളത്) ഉണരുകയും, അതിന്റെ കര്‍മഭാവങ്ങളില്‍ ഒന്ന് ഈ ജീവിതാന്ത്യത്തിന് മുന്‍പ് വിടരുകയും ചെയ്യും. അത് സംഭവിക്കുന്നതിന്റെ ബാഹ്യമാത്രയായി, മരിക്കുന്നവരില്‍ ഭൂരിപക്ഷവും, ഒരാവേശം, ഒരു വീര്യം, ഒരു വികാരത്തള്ളിച്ച, ശരീരവേദനകളില്‍നിന്നുള്ള ആഹ്ലാദകരമായ വിച്ഛേദം, കാണിക്കും. ഒരു നവ പ്രാരബ്ധകര്‍മം, കര്‍മഭാവങ്ങളുടെ ഒരു കൂട്ടമായിരിക്കുമെങ്കിലും, അവ ഒറ്റതിരിഞ്ഞല്ല, ഒരു കൂട്ടമായിത്തന്നെയാണ് ഉണ്ടാകുന്നതെന്ന് മഹര്‍ഷിമാര്‍ പറയുന്നു. ഇപ്പോഴത്തെ പ്രാരബ്ധകര്‍മം പൂര്‍ണമായി നാശത്തിന്റെ വക്കിലെത്തുമ്പോള്‍, ഈശ്വര കല്‍പനയനുസരിച്ച്, വരാനിരിക്കുന്ന ജീവിതത്തെ ക്രമപ്പെടുത്താനുള്ള സഞ്ചിതകര്‍മത്തിലെ കര്‍മഭാവങ്ങള്‍, ഉറക്കത്തില്‍നിന്നുണര്‍ന്ന് സൂക്ഷ്മമായി സജീവമാകും. അല്‍പംകൂടി വീര്യത്തോടെ അവ കറങ്ങാന്‍ തുടങ്ങും. താമസിയാതെ, അവ, സുഷുപ്തിയിലുള്ള സഞ്ചിതകര്‍മത്തിന്റെ മറ്റു കര്‍മഭാവങ്ങളില്‍നിന്ന് വേറിടുന്നു. നിലവിലുള്ള ജീവിതത്തിന്റെ, അടുത്ത ജന്മത്തില്‍ ഫലം പൊഴിക്കാനുള്ള ചില കര്‍മഭാവങ്ങളും പുതിയ സംഘത്തില്‍ ചേരാന്‍, ഉണരുന്നു. ഈ സംഘം സാധിതമായാല്‍, അതിന് സാധാരണ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവില്ല. അതിനാല്‍ പില്‍ക്കാല കര്‍മഭാവങ്ങള്‍ സാധാരണ അതില്‍നിന്ന് മാറിനില്‍ക്കും. പുതുതായി ഉണര്‍ന്ന കര്‍മഭാവങ്ങളെല്ലാം വേഗത്തില്‍ ഒന്നുചേര്‍ന്ന് ഒരു കൂട്ടമാവുന്നു. ഇതിനെ നവ പ്രാരബ്ധകര്‍മം എന്നുവിളിക്കുന്നു. ഇത്തരം അസംഖ്യം കര്‍മഭാവങ്ങളുടെ ഉറക്കത്തില്‍നിന്നുള്ള ഉണര്‍ച്ചയും പുതുജീവിതത്തെ വരവേല്‍ക്കാനുള്ള അവയുടെ സജീവമായ സംഘംചേരലും സൂക്ഷ്മശരീരത്തില്‍ ഇളക്കവും ആവേശവും ഉയര്‍ത്തുന്നു. നവാനുഭവങ്ങള്‍ക്കായി പുതിയ ജീവിതത്തില്‍ പ്രവേശിക്കുന്നതിന്റെ സാധ്യത, ആ ആവേശത്തെ ഉച്ചസ്ഥായിയില്‍ എത്തിക്കുന്നു. വയസ്സും ബുദ്ധിയും ആത്മാവും, ഈ ആനന്ദാതിരേകത്തില്‍ ഒന്നിക്കുന്നു. അവ, വിടാനിരിക്കുന്ന ശരീരത്തെ മറക്കുകയും ആ മറവി, ശരീരത്തിലെ അസുഖങ്ങളെ അകറ്റുകയും ചെയ്യുന്നു. മാത്രമല്ല, നവഭാഗ്യങ്ങളുടെ നവജീവിതത്തില്‍ പ്രവേശിക്കുന്നതിന്റെ സാധ്യത, ആനന്ദമയമായ ഒരിളക്കമുണ്ടാക്കുന്നു; ഇതാണ് മരണത്തോടടുത്ത രോഗികളില്‍ വികാരാവേശമാകുന്നത്. യഥാര്‍ത്ഥ മരണത്തിന് മുന്‍പ്, നവ പ്രാരബ്ധകര്‍മത്തെ സൂക്ഷ്മശരീരത്തിലേക്ക് വരവേല്‍ക്കുന്നതിന്റെ ആവേശ പ്രതിഫലനത്തിന് തെളിവാണ് മേല്‍പറഞ്ഞ രണ്ടുവിശേഷങ്ങള്‍.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...