Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 29

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

 അധ്യായം/29, ദൈവം ഒന്നേയുള്ളൂ 
ദൈവത്തെപ്പറ്റി എല്ലാ മതങ്ങളും സംസാരിക്കുമ്പോള്‍, പ്രപഞ്ചത്തിന്റെ നിയന്താവായ ദൈവം ഒന്നേയുള്ളൂ എന്നും മറ്റൊന്നില്ലെന്നും പറയുന്നു (ശ്വേതാശ്വതാര ഉപനിഷത് 3:2, ബൈബിള്‍, എഫോസോ സു കാര്‍ 4:6, ഖുര്‍ ആന്‍ 16:51). സര്‍വത്തിലൂടെയും സര്‍വത്തിലും വര്‍ത്തിക്കുന്ന പരമോന്നതനും എല്ലാവരുടെയും പിതാവും ദൈവവുമായവന്‍ ഒന്ന്. എഫോസോസു  കാര്‍ 4:6 അപ്പോള്‍, മാനവരാശിക്ക് ആരാധിക്കാന്‍ ദൈവം ഒന്നേയുള്ളൂ. ദൈവം ഒന്നുമാത്രമാകയാല്‍, എല്ലാ മതങ്ങളുടെ സത്തയും അതേ ദൈവത്തെ സംബന്ധിച്ചതാണ്. 
ഋഗ്വേദം(1:164:46)പറയുന്നു:
 ഉള്ളത് ഒന്നാണ്, പണ്ഡിതര്‍ അതിനെ പലതരത്തില്‍ വിശേഷിപ്പിക്കുന്നു (ഏകംസത്, വിപ്രാ ബഹുധാ വദന്തി).
 ഭാഷ പ്രതിജന ഭിന്നമായപോലെ, ദൈവനാമവും പ്രതിജന ഭിന്നമാണ്. രൂപങ്ങളുമായി ബന്ധപ്പെട്ടതാണ് നാമങ്ങള്‍. നാമവും രൂപവും വേറിടാതെ ഒന്നിച്ചുനില്‍ക്കുന്നു. നാം ഒരു പേരു വിചാരിക്കുമ്പോള്‍, ബന്ധപ്പെട്ട രൂപവും മനസ്സില്‍ വരുന്നു. വിചാരവും നാമരൂപങ്ങളും പരസ്പര ബന്ധിതമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. 'എവിടെയാണോ ഒന്ന്, മറ്റുള്ളവയും അവിടെയാണ്' (സമ്പൂര്‍ണകൃതികള്‍, വാല്യം 2, പേജ് 49). അതിനാല്‍, ദൈവത്തെ ഭിന്നനാമങ്ങളില്‍ വിചാരിക്കുമ്പോള്‍, ഭിന്നരൂപങ്ങളില്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു. ദൈവത്തെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ വിചാരിക്കുമ്പോള്‍, സാധാരണക്കാരന് അത് വ്യത്യസ്ത ദൈവങ്ങളാണെന്ന് തോന്നാം. വിഷ്ണു, ശിവന്‍, ദുര്‍ഗ എന്നിങ്ങനെ വ്യത്യസ്ത നാമരൂപങ്ങളില്‍ ദൈവത്തെ വിചാരിക്കുമ്പോള്‍, സാധാരണക്കാരന് അവ വ്യത്യസ്ത രൂപങ്ങളെ പ്രതിനിധീകരിക്കുന്നു എന്നുതോന്നാം. എന്നാല്‍, പ്രപഞ്ചത്തിലും അതിനപ്പുറവും ദൈവം ഒന്നേയുള്ളൂ. അതിനാല്‍, ദൈവത്തിന്റെ ഏകത്വം വിശദീകരിക്കാന്‍, സ്‌കന്ദോപനിഷത് (8) ഈ രൂപത്തെ തൊഴാന്‍ പറയുന്നു:
വിഷ്ണുരൂപമുള്ള ശിവനെ, ശിവരൂപമുള്ള വിഷ്ണുവിനെ (ശിവായ, വിഷ്ണുരൂപായ, ശിവരൂപായ വിഷ്ണവേ)
രുദ്രഹൃദയ ഉപനിഷത് പറയുന്നു: വിഷ്ണുവിനെ തൊഴുന്നവന്‍ ശിവനെയാണ് തൊഴുന്നത്; ആത്മാര്‍ത്ഥമായി വിഷ്ണുവിനെ ആരാധിക്കുന്നവന്‍ ശിവനെയാണ് ആരാധിക്കുന്നത്. 
ഉപനിഷത്തുക്കള്‍ ലളിതമായി വിഷ്ണുവിന്റെയും ശിവന്റെയും ഏകത്വവും ആ രൂപങ്ങളിലുള്ള ദൈവത്തിന്റെ ഏകത്വവും ഉദ്‌ഘോഷിക്കുന്നു. വിഷ്ണുവും ശിവനും രണ്ടല്ല, രണ്ടുരൂപത്തില്‍, വേഷത്തില്‍ സങ്കല്‍പിക്കുന്ന ഏകത്വം മാത്രമാണ്. എല്ലാ വ്യക്തിദൈവങ്ങള്‍ക്കും ഒരുപോലെ ഇത് ബാധകമാണ്. വിഷ്ണുവിന്റെയും ശിവന്റെയും ഭക്തര്‍ തമ്മിലുള്ള വടംവലി, അകാരണമായ ഭ്രാന്താണ്; ഒരു രൂപത്തിലുള്ള ദൈവത്തിലെ വിശ്വാസം, മറ്റു രൂപങ്ങളിലെ ദൈവത്തോടുള്ള അകല്‍ച്ചയാണ് എന്ന വിചാരശൂന്യമായ തോന്നലാണ് അതിന് അടിസ്ഥാനം. അതുകൊണ്ടാണ്, ഹിന്ദു, മുസ്ലിം സംഘര്‍ഷം. എല്ലാവര്‍ക്കും ദൈവം ഒന്നാണ്, മറ്റൊന്നില്ല. ഏകദൈവത്തിന്റെ വ്യക്തിപ്രതിനിധാനങ്ങളാണ് വ്യക്തിദൈവങ്ങള്‍. അവ ദൈവികതയുടെ ഭിന്നവ്യക്തികള്‍ അല്ല. ദൈവത്തെ പ്രതിനിധീകരിക്കാനാണ് നാമരൂപങ്ങള്‍. അവ ഒരാളെ വിശേഷിപ്പിക്കാന്‍ ബന്ധുക്കള്‍ ഉപയോഗിക്കുന്ന ഇരട്ടപ്പേരുകള്‍ പോലെയാണ്. വിഷ്ണുവിനെ സംബന്ധിച്ച ശ്ലോകങ്ങളിലും ഉപനിഷത്തുക്കളിലും, സര്‍വവ്യാപിയായ ഏകദൈവമാണ് അദ്ദേഹം; ശിവനെ സംബന്ധിച്ച ശ്ലോകങ്ങളും ഉപനിഷത്തുകളും അദ്ദേഹത്തെ സര്‍വവ്യാപിയായ ഏകദൈവമായി പ്രകീര്‍ത്തിക്കുന്നു. ഏകദൈവം ഒന്നില്‍ കൂടാന്‍ പറ്റില്ല. വിഷ്ണു ദൈവമാണ്, ശിവന്‍ ദൈവമാണ്; ഓരോന്നും ഏക ദൈവമാണ്; സഞ്ചിതവും പൂര്‍ണവുമായ ദൈവം. ദൈവത്തെ ഭാഗികമായി ശിവനിലും വിഷ്ണുവിലും സങ്കല്‍പിക്കാനാവില്ല. ദൈവം സഞ്ചിതമായും പൂര്‍ണമായും വിഷ്ണുവാണ്, ശിവനുമാണ്. വിഷ്ണുവും ശിവനും, ഓരോന്നും സഞ്ചിതവും പൂര്‍ണവുമായ ഏകദൈവമാണ്. ഏകദൈവം ഒന്നില്‍ കൂടാന്‍ ആവില്ല. ദൈവത്തെ വിഷ്ണുവിന്റെ നാമരൂപത്തില്‍ ചിലരും ശിവന്റെ നാമരൂപത്തില്‍ മറ്റു ചിലരും മറ്റു നാമരൂപങ്ങളില്‍ വേറെ ചിലരും ആരാധിക്കുന്നു എന്നു വ്യക്തം. ഈശ്വരന്‍, അല്ലാഹു, യഹോവ, പിതാവ് എല്ലാം പ്രപഞ്ചത്തിലെ ഏകദൈവത്തിന്റെ നാമങ്ങളാണ്. ഓരോന്നിനെയും സംബന്ധിച്ച വേദങ്ങള്‍ ഓരോന്നിനെയും ഏകദൈവമായി കീര്‍ത്തിക്കുന്നു. അത് ശരിയുമാണ്; അതേസമയം മറ്റുരാജ്യങ്ങളില്‍, അവന് വേറെ പേരുകള്‍ ഉണ്ടാകാം.
 ഇതുതന്നെയാണ് കത്തോലിക്കാ ദൈവശാസ്ത്രത്തിലെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വത്തെ സംബന്ധിച്ചുള്ളത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്റെ മൂന്ന് വ്യക്തിത്വങ്ങളാണെന്ന് പറഞ്ഞാല്‍, ഓരോന്നും മറ്റു രണ്ടില്‍നിന്ന് ഭിന്നമാണ് എന്നല്ല അര്‍ത്ഥം. മൂന്നും ഭിന്നവ്യക്തികളല്ല, ഒന്നാണ്. ത്രിത്വത്തിലെ ഓരോന്നും ദൈവമാണ്; സഞ്ചിതവും പൂര്‍ണവുമായ ദൈവം. ത്രിത്വത്തിലെ ഒന്നും മറ്റേതിനെ ആശ്രയിക്കുന്നില്ല (ഫിലോകാലിയ, വാല്യം 2, പേജ് 137, 165, 296). യഥാര്‍ത്ഥ സങ്കല്‍പം വിശുദ്ധ മാക്‌സിമോസ് ഇങ്ങനെ വിശദീകരിക്കുന്നു: 
ദൈവികത ഭാഗികമായി പിതാവില്‍ അല്ല, പിതാവ് ദൈവത്തിന്റെ ഭാഗവുമല്ല. ദൈവികത ഭാഗികമായി പുത്രനില്‍ അല്ല, പുത്രന്‍ ദൈവത്തിന്റെ ഭാഗവും അല്ല. ദൈവികത പരിശുദ്ധാത്മാവില്‍ ഭാഗികം അല്ല, പരിശുദ്ധാത്മാവ് ദൈവത്തിന്റെ ഭാഗവും അല്ല. മറിച്ച്, സഞ്ചിതവും പൂര്‍ണവുമായ ദൈവികത പൂര്‍ണമായി പൂര്‍ണ പിതാവിലുണ്ട്; സഞ്ചിതവും പൂര്‍ണവുമായ ദൈവികത പൂര്‍ണ പുത്രനിലുണ്ട്; സഞ്ചിതവും പൂര്‍ണവുമായ ദൈവികത പൂര്‍ണമായും പൂര്‍ണ പരിശുദ്ധാത്മാവിലുമുണ്ട്. (ഫിലോകാലിയ, വാല്യം 2, പേജ് 13).
 യേശു ഇങ്ങനെ സ്ഥിരീകരിച്ചതായി ബൈബിളില്‍ (യോഹന്നാന്‍ 10:30)കാണാം. ഞാനും പിതാവും ഒന്നാണ്. 
ഇതിനര്‍ത്ഥം, ത്രിത്വത്തിലെ പിതാവും പുത്രനും ഒന്നാണ്, രണ്ടല്ല എന്നാണ്. പ്രപഞ്ചത്തിലെ ഏകദൈവം, ഹിന്ദുക്കള്‍ക്ക് ഒന്ന്, ജൂതന്മാര്‍ക്ക് വേറൊന്ന്, ക്രിസ്ത്യാനികള്‍ക്ക് മറ്റൊന്ന്, മുസ്ലിംകള്‍ക്ക് പിന്നെയും ഒന്ന് എന്നിങ്ങനെ ആകാന്‍ ആവില്ല. ഓരോ രാഷ്ട്രവും സമൂഹവും എന്തുപേരു വിളിച്ചാലും, എന്തു രൂപത്തില്‍ വരച്ചാലും, എല്ലാ മനുഷ്യര്‍ക്കും പൂര്‍ണദൈവമായി ഒറ്റ ഏകകമേ ഉണ്ടാവൂ. ഒരു സമൂഹവും ദൈവനുഗ്രഹത്തിന് പുറത്തല്ല. എല്ലാവര്‍ക്കും പൊതുവായുള്ളതാണ് അത്. ഏക ദൈവത്തിലും അവന്റെ പ്രാഞ്ചികതയിലുമുള്ള വിശ്വാസം ഒരാളുടെ മനസ്സില്‍ ഉറച്ചാല്‍, ദൈവത്തെ സംബന്ധിച്ച അയാളുടെ സങ്കല്‍പം, വ്യക്തിദൈവത്തില്‍നിന്ന് സര്‍വവ്യാപിയായ, അമൂര്‍ത്തമായ ദൈവത്തിലേക്ക് ഉയരുന്നു.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...