Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 2

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ /രാമചന്ദ്രൻ 
അദ്ധ്യായം 2,ആത്മാവ് 
ജീവിക്കുന്ന എന്തിലും, തുടിക്കുന്ന ജീവനാണ് ആത്മാവ്. അതിലെജീവഘടകം അഥവാ, ജീവശക്തി. ജീവജാലങ്ങളില്‍ അത് സാധാരണമാണ്; പക്ഷേ, മായികവും. ആ ജീവനെയാണ് തത്വചിന്തകര്‍ ആത്മാവ് എന്നുവിളിക്കുന്നത്. മനുഷ്യന്‍ മാത്രമാണ്, ജീവിതത്തിന്റെയും മരണത്തിന്റെയും അദ്ഭുതങ്ങളെപ്പറ്റി അറിയാനുള്ള കൗതുകം കാണിക്കുന്നത്; അതൊരു മേന്മയാണ്. മനുഷ്യാനുഭവങ്ങളെപ്പറ്റി അറിയാനുള്ള കൗതുകവും ആദ്യകാല ചിന്തകരിലുണ്ടായിരുന്നു. അത്തരം വിസ്മയങ്ങളെപ്പറ്റി കൗതുകമുണ്ടായിരുന്ന പ്രാചീന ചിന്തകര്‍, ജീവജാലങ്ങളില്‍ പ്രകൃത്യായുള്ള അനുഭവങ്ങള്‍ നിരീക്ഷിക്കുകയും, അവയുടെ സ്വഭാവം, ഉറവിടം, കാരണം എന്നിവയെപ്പറ്റി അഗാധമായി ചിന്തിക്കുകയും ആത്മാവിന്റെ കഴിവുകളെപ്പറ്റി പരീക്ഷണങ്ങള്‍ നടത്തുകയും അതുവഴി, ആത്മാവിനെ സംബന്ധിച്ച പല രഹസ്യങ്ങളും കണ്ടെത്തുകയും ചെയ്തു.

 ആഹ്ളാദകരമെന്നു  പറയട്ടെ, ആധുനിക ശാസ്ത്രഗവേഷണങ്ങള്‍ അവയില്‍ പലതും സ്ഥിരീകരിക്കുകയുണ്ടായി. ആ ചിന്തകരില്‍ കൗതുകം ഉണര്‍ത്തിയ സ്വാഭാവിക വിശേഷങ്ങളിലൊന്ന്, സ്വപ്നാനുഭവങ്ങള്‍ ആയിരുന്നു. ഒരാള്‍ സ്വപ്നത്തില്‍, അപരിചിതമായ ലോകങ്ങളില്‍ സഞ്ചരിക്കുന്നതും അതുവരെ കാണാത്തവരെ കണ്ട് സംസാരിക്കുന്നതും അതുവരെ കേട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍, ഭീതിജനകമായ സംഭവങ്ങള്‍ക്ക് സാക്ഷികളാകുന്നതും അവരില്‍ അമ്പരപ്പുണ്ടാക്കി. ഒരാള്‍ സ്വന്തം വീട്ടിലെ കിടക്കയില്‍, സുഖകരമായി ഉറങ്ങുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. ഒരു കുഞ്ഞ്, ഉറക്കത്തില്‍ അത്യാഹ്ലാദത്തോടെ ചിരിക്കുമ്പോള്‍, അത്, സന്തുഷ്ടമായ അല്ലെങ്കില്‍, കൗതുകകരമായ എന്തെങ്കിലും കാണുകയായിരിക്കും. മുതിര്‍ന്ന ഒരാള്‍ സ്വപ്നത്തില്‍ അലറിയാല്‍, അയാള്‍, ഭീതിദമായ എന്തെങ്കിലും അനുഭവിക്കുകയായിരിക്കും. എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നത്? 

സ്വപ്നത്തില്‍, ബുദ്ധിപരമായി സംസാരിക്കുന്നുണ്ട്, സന്തോഷത്തോടെ ചിരിക്കുന്നുണ്ട്, പേടിയോടെ അലറുന്നുണ്ട്; അടുത്തുള്ളവര്‍ ചിലപ്പോള്‍ അത് കേള്‍ക്കുന്നുമുണ്ട്. ഈ അനുഭവങ്ങള്‍ കല്‍പിത ഭാവനകള്‍ അല്ല എന്നാണ് അതിനര്‍ത്ഥം. മനുഷ്യന്റെ ശാരീരിക ഇന്ദ്രിയങ്ങള്‍ അനുഭവിച്ചതല്ല ഇതെല്ലാം. എങ്കില്‍, ഈ അനുഭവങ്ങള്‍ എവിടന്നുണ്ടായി? കൂടുതല്‍ ചിന്തിക്കുന്തോറും, ചിന്തകള്‍ക്ക്, ഒരു ആന്തരിക അനുഭവസ്ഥന്റെ സാന്നിദ്ധ്യം ബോധ്യപ്പെട്ടു. അയാള്‍, ഇന്ദ്രിയങ്ങളില്‍നിന്നും ശരീരത്തില്‍നിന്നും വിഭിന്നനാണ്. അയാള്‍, ശരീരം ഉറങ്ങിക്കിടക്കുമ്പോഴും, ശരീരത്തില്‍ ഉണര്‍ന്നിരിക്കുകയാണ്. അങ്ങനെ ഒരാശയം ചിന്തകരില്‍ ഉണ്ടായപ്പോള്‍, ജീവിതത്തിലെ സ്വാഭാവിക അനുഭവങ്ങളിലും ആ ആന്തരിക അനുഭവസ്ഥന്റെ സാന്നിദ്ധ്യം അവര്‍ക്ക് തിരിച്ചറിയാനായി. കണ്ണുകള്‍ വസ്തുക്കളെ കാണുന്നു, ചെവികള്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നു, മൂക്ക് ഗന്ധങ്ങള്‍ അറിയുന്നു. ഭിന്ന അവയവങ്ങള്‍ ഭിന്ന അനുഭവങ്ങളെയാണ് പിടിച്ചെടുക്കുന്നത്. എന്നാല്‍ ആ അനുഭവങ്ങളെ അറിയുന്നത് ആ അവയവങ്ങള്‍ അല്ല, ശരീരത്തിനകത്തെ ഒരു ഏകകമാണ് എന്നതാണ് അനുഭവം. ശരീരത്തില്‍ എവിടെ എന്ത് സ്പന്ദനമുണ്ടായാലും, ഈ ഏകകം അതറിയുന്നു. ഈ ഏകകത്തെ അറിയാന്‍ ശ്രമിച്ച ചിന്തകര്‍ മനസ്സിലാക്കിയത്, സ്വപ്നങ്ങളെ അനുഭവിച്ച ആ ആളാണ് ഈ ഏകകം എന്നാണ്. നാഡിമിടിപ്പ്, ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ദഹനം, വൃക്കകളിലെ രക്തശുദ്ധീകരണം എന്നിവയെല്ലാം അഗാധ നിദ്രയിലും സംഭവിക്കുന്നുണ്ട്. ഈ ഏകകമാണ്, ആഹ്ലാദവും വേദനയും, സന്തോഷവും സന്താപവും രാഗദ്വേഷങ്ങളും സ്‌നേഹവും പകയും വികാരവിചാരങ്ങളും, ഉറക്കവും ഉണര്‍ച്ചയും എല്ലാം അനുഭവിക്കുന്നത്. ഈ ഏകകമാരെന്നറിയാന്‍, കൂടുതല്‍ ചുഴിഞ്ഞാലോചിക്കേണ്ടി വന്നില്ല. മനുഷ്യനിലെ വ്യക്തിയാണ് ഇതെന്ന് ചിന്തകര്‍ തിരിച്ചറിഞ്ഞു; ഭൗതികലോകവുമായുള്ള ബന്ധത്തിന് ആ വ്യക്തിക്കുള്ള ഉപകരണം മാത്രമാണ് ശരീരം. ആ ആന്തരിക അനുഭവസ്ഥനെ അവര്‍ 'ആത്മാവ്' അഥവാ 'ജീവന്‍' എന്നുവിളിച്ചു. ആത്മാവും ജീവനും ഒന്നാണ്. സംസ്‌കൃതത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും, അതിനെ ആത്മന്‍, ജീവ, പ്രാണ, ചൈതന്യംഎന്നൊക്കെ വിളിക്കുന്നു. വാചികമായി, ആത്മന്‍ എന്നാല്‍ അവനവന്‍. ഒരു മനുഷ്യനിലെ 'ഞാന്‍.' സാംഖ്യ ചിന്തകരും മറ്റു ചിലരും ഇതിനെ പുരുഷന്‍ എന്നു വിളിച്ചു. 
ആത്മാവ് ഒരു സ്പര്‍ശിനിയാണ്. വിവിധ ഇന്ദ്രിയങ്ങള്‍ വിവിധ അനുഭവങ്ങള്‍ പിടിച്ചെടുക്കുന്നുവെങ്കിലും, അവയെ ഒന്നിപ്പിച്ച് ഒറ്റ അനുഭവമായി അറിയുന്നത്, നമ്മുടെ ഉള്ളിലെ ഏകകമായ ആത്മാവ് ആണ്. ഒരു വസ്തുവിനെ കാണുമ്പോഴുള്ള അനുഭവം, 'ഞാന്‍ ഒരു വസ്തുവിനെ കാണുന്നു' എന്നതാണ്; 'എന്റെ കണ്ണുകളോ, മസ്തിഷ്‌കമോ, ശരീരമോ കാണുന്നു' എന്നതല്ല. 'എന്റെ കാതുകളല്ല, ഞാനാണ്' ശബ്ദം കേള്‍ക്കുന്നത്. എന്റെ വായല്ല, ഞാനാണു സംസാരിക്കുന്നത്. ഞാനാണ്, എന്റെ കാലുകളോ, ശരീരമോ അല്ല നടക്കുന്നത്. ഞാനാണ്, എന്റെ മനസ്സോ മസ്തിഷ്‌കമോ അല്ല ചിന്തിക്കുന്നത്. അപ്പോള്‍, ഇന്ദ്രിയാനുഭവങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഏകകമാണ് ആത്മാവ്; മസ്തിഷ്‌കമോ മനസ്സോ അല്ല. അതിനാല്‍, ആ വിശേഷത്തെയാണ്, ഉപനിഷത്തുക്കള്‍, ഒരാളിലെ ആത്മാവിന്റെ വിശേഷമായി കാണുന്നത്. ഐതരേയ ഉപനിഷത്തിലെ 3:1 വചനം ഇതു വെളിവാക്കുന്നു: ഏതാണ് ആത്മാവ്? ഇതാണോ? ഏതൊരാള്‍ കാരണമാണ് കാണുന്നത്, കേള്‍ക്കുന്നത്, രസങ്ങള്‍ അറിയുന്നത്, അവനാണോ?ഛാന്ദോഗ്യ ഉപനിഷത്ത് (8:12:4) ഇക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു: .... ഞാന്‍ ഇത് മണക്കുന്നു എന്നറിയുന്നത്, ആത്മാവ് മൂക്ക് മണക്കാന്‍ (വെറും ഉപകരണം) മാത്രം. ഞാന്‍ ഇത് സംസാരിക്കുന്നു എന്നറിയുന്നത്, ആത്മാവ് നാവ് സംസാരിക്കാന്‍ മാത്രം. ഞാന്‍ ഇത് കേള്‍ക്കുന്നു എന്നറിയുന്നത്, ആത്മാവ് കാത് കേള്‍ക്കാന്‍ മാത്രം.



ആത്മാവ് ശരീരഭിന്നം ശരീരം ക്ഷീണിതവും ദുര്‍ബലവും രോഗഗ്രസ്തവുമായിരിക്കുമ്പോള്‍, ആത്മാവിന് അങ്ങനെ തോന്നുന്നില്ല. അപ്പോള്‍, ആത്മാവ്, ശരീരത്തിന്റെ ഭാഗമല്ല. അത് തനതായ ഏകകമാണ്. ശരീരത്തില്‍ നിന്ന് ഭിന്നമാണ്. ശരീരത്തിനകത്ത്, ആത്മാവ്, വളരെ വര്‍ഷങ്ങള്‍ നിലനില്‍ക്കാം. അതുപോകുമ്പോള്‍, ശരീരം ജീര്‍ണിക്കാന്‍ തുടങ്ങുന്നു. ആത്മാവ്, ശരീരത്തില്‍ വീണ്ടും പ്രവേശിച്ചാല്‍, അതിന് ജീവന്‍ വയ്ക്കുന്നു. ബൈബിള്‍ പഴയനിയമത്തില്‍ പറയുന്നു:അനന്തരം ഏലിയാ മൂന്നു പ്രാവശ്യം കുട്ടിയുടെ മേല്‍ കമിഴ്ന്നുവീണ് ഇപ്രകാരം കര്‍ത്താവിനോട് നിലവിളിച്ചു: ''എന്റെ ദൈവമായ കര്‍ത്താവേ, ഈ കുട്ടിയുടെ പ്രാണന്‍ ഇവനിലേക്ക് മടങ്ങിവരട്ടെ.'' കര്‍ത്താവ് ഏലിയായുടെ സ്വരം ചെവിക്കൊണ്ടു. കുട്ടിയുടെ ആത്മാവ് അവനിലേക്ക് മടങ്ങിവന്നു. (1 രാജാക്കന്മാര്‍ 17:21,22). 
ചിത്രകേതു രാജാവിന്റെ മകന്‍ മരിച്ചപ്പോള്‍, രാജാവിനെ ആശ്വസിപ്പിക്കാന്‍ നാരദന്‍ എത്തിയ സന്ദര്‍ഭം ഭാഗവതം പറയുന്നു. അപേക്ഷ ചെവിക്കൊണ്ട്, ആത്മാവ് മകന്റെ ശരീരത്തില്‍ മടങ്ങിച്ചെന്നു. പുനര്‍ജീവിച്ച മകന്‍, രാജാവിനു മുന്നില്‍ ദീര്‍ഘ പ്രഭാഷണം നടത്തിയശേഷം, ആത്മാവ് വീണ്ടും ശരീരം വിട്ടകന്നു. ലൈഫ് ആഫ്റ്റര്‍ ലൈഫ് (79-83) പറയുന്നത്, അമേരിക്കയിലെ ആധുനിക ആശുപത്രികളില്‍, ജീവിതത്തിലേക്ക് മടങ്ങിയ രോഗികള്‍ വെളിപ്പെടുത്തിയത്, അവര്‍ പുനരുജ്ജീവിച്ചത്, ആത്മാവ് (മരിച്ച) ശരീരത്തില്‍ പുനഃപ്രവേശിച്ചപ്പോഴാണ് എന്നാണ്. ട്വന്റി കേസസ് സജസ്റ്റീവ് ഓഫ് റീഇന്‍കാര്‍നേഷന്‍ (Twety cases suggtseiv--e of Reincarnation- പുനര്‍ജന്മം സൂചിപ്പിക്കുന്ന 20 കേസുകള്‍) എന്ന പുസ്തകത്തില്‍ (34-52) മൂന്നരവയസ്സുള്ള ഒരാണ്‍കുട്ടി മരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുശേഷം, കുറച്ചുദിവസം മുന്‍പ് മരിച്ച വിവാഹിതന്റെ ആത്മാവുമായി പുനരുജ്ജീവിച്ച സംഭവം വിവരിക്കുന്നു. പുതിയ ആത്മാവിന്റെ അഭിരുചികളും കഴിവുകളും ഓര്‍മകളും ആ കൂട്ടി പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതൊക്കെ കാണിക്കുന്നത്, ആത്മാവിന് ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും അവിടെ വസിക്കാന്‍ കഴിയുമെന്നും അവിടം വിട്ടുപോകാന്‍ കഴിയുമെന്നുമാണ്. ശരീരത്തില്‍നിന്ന് ഭിന്നമാണ് അത്; സ്വതന്ത്ര വ്യക്തിയെപ്പോലെയാണ് അതിന്റെ പെരുമാറ്റം.
 ആത്മാവ് അനശ്വരമാണ് ഡോ. റെയ്മണ്ട് മൂഡി, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ എന്നിവര്‍ ശേഖരിച്ച തെളിവുകള്‍ കാണിക്കുന്നത്, ഒരാള്‍ മരിച്ചാല്‍, ആത്മാവ് സ്വതന്ത്രമായും അദൃശ്യമായും തുടരുന്നുവെന്നും അത് പില്‍ക്കാലം പുതിയ മനുഷ്യനായി ജനിക്കുന്നുവെന്നുമാണ്. ഇടവിട്ടിടവിട്ട് ഇത് സംഭവിച്ചുകൊണ്ടിരിക്കും. ആത്മാവ് അനശ്വരമാണെന്നും, അത് ചെറുതോ വലുതോ ആയ ഇടവേളകളില്‍ ജന്മംകൊള്ളുന്നുവെന്നും ഇതില്‍നിന്ന് വെളിവാകുന്നു. 
ആത്മാവ് ശരീരമായി മാറുന്നു ഇത് (ആത്മാവ്) സ്ത്രീയോ പുരുഷനോ ശിഖണ്ഡിയോ അല്ല. അത് സ്വയം സ്വീകരിക്കുന്ന ശരീരവുമായി താദാത്മ്യപ്പെടുന്നു. (ശ്വേതാശ്വതാര ഉപനിഷത് 5:10) ഒരാത്മാവ് ഒരു ശരീരത്തിലായിരിക്കേ, ആ ശരീരത്തിന്റെ രീതികളും വിശേഷങ്ങളുമാണ് സാധാരണ സ്വീകരിക്കാറ്. അത് പുരുഷനായിരിക്കേ, പുരുഷനെപ്പോലെ പെരുമാറുകയും യോനിയില്‍ ബീജാവാപം നടത്തുകയും ചെയ്യുന്നു. അത് സ്ത്രീയായിരിക്കേ, ഗര്‍ഭപാത്രത്തില്‍ ബീജം സ്വീകരിച്ച് ഗര്‍ഭവതിയാകുന്നു. അത് നപുംസകത്തിനുള്ളിലായിരിക്കേ, ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും കാമരഹിതമായി വര്‍ത്തിക്കുന്നു. ആത്മാവ് ഒരു ലളിതഘടകമാണ്; അത് എല്ലായിടത്തും, സര്‍വ ജീവജാലങ്ങളിലും ഒരുപോലെയാണ്. ഭിന്നരൂപങ്ങളില്‍, ഭിന്നശേഷികള്‍ കാട്ടുന്ന ഭിന്ന ഘടകങ്ങളുടെ സഞ്ചിതശേഖരമാണ് ശരീരം. ചിന്താശേഷി കൂടുന്തോറും, ശരീരം കൂടുതല്‍ വികസിച്ചതാകുന്നു. അഗാധവിചാരത്തിനുശേഷിയുള്ളതാണ് മനുഷ്യ സംവിധാനം; അത് ഒരുപാട് സംഗതികള്‍ കണ്ടുപിടിക്കാനും അതുവഴി പ്രകൃതിയെ കീഴ്‌പ്പെടുത്താനും മനുഷ്യന് ശേഷി നല്‍കി. ശരീരത്തിന്റെ വികസിത ശേഷി എന്തുമാകട്ടെ, അതില്‍ വസിക്കുന്ന ആത്മാവ്, സാധാരണയായി, ആ ശരീരത്തിന്റെ എല്ലാ കര്‍മത്തിലും ഭാഗഭാക്കാകുന്നു. ആത്മാവ്, ശരീരവുമായുള്ള താദാത്മ്യം കുറച്ചുകൊണ്ടുവരുമ്പോള്‍, അത് ആത്മീയമായി ഉയരുന്നു. അത് സംഭവിക്കുമ്പോള്‍, ആത്മാവിന് ശരീരവുമായുള്ള ബന്ധം ദുര്‍ബലപ്പെടുകയും, അത് ആത്മീയാന്വേഷണങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നു. 
ആത്മാവും മൂന്നവസ്ഥകളും ഇടക്കിടെ, ദിനംപ്രതിപോലും, ആത്മാവ് മൂന്നവസ്ഥകളില്‍ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നുവെന്ന് മാണ്ഡൂക്യോപനിഷത് വിശദീകരിക്കുന്നു. ജാഗ്രദാവസ്ഥയില്‍, ആത്മാവ് കര്‍മനിരതമാണ്. അത് ഇന്ദ്രിയങ്ങള്‍ വഴി ഭൗതികവസ്തുക്കളുമായി ബന്ധപ്പെടുകയും മനോവിചാരങ്ങള്‍ വഴി സന്തോഷ സന്താപങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. നിദ്രാവസ്ഥയില്‍, ഭൗതിക വസ്തുക്കളുമായി ബന്ധമില്ല. ആഗ്രഹങ്ങള്‍ ഇല്ല. വേദനയോ ദുഃഖമോ ഇല്ല. അതിനാല്‍, ഇത്, ഒരു സമാധികാലമാണ്. ആത്മാവ്, പക്ഷേ, കര്‍നിരതമായിരിക്കുകയും, ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ദഹനം, വൃക്കകളിലെ ശുദ്ധീകരണം, ശരീരവികാസത്തിനുള്ള കോശ ചലനങ്ങള്‍ തുടങ്ങിയവയ്ക്ക് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. നിദ്രയില്‍, ആത്മാവ്, ചില ഘട്ടങ്ങളില്‍, സ്വപ്നാവസ്ഥയില്‍ (ഒരു തവണ 20 മിനുട്ടോളം) ആകാറുണ്ട്. മുജ്ജന്മങ്ങളിലെ ചില അനുഭവങ്ങള്‍ (സൂക്ഷ്മശരീര സ്പര്‍ശിനികള്‍ വഴി) അന്നത്തെ സന്തോഷം, സങ്കടം, തയ്യാറെടുപ്പ്, ഭയം എന്നിവയോടെ പുനരനുഭവിക്കാന്‍ വേണ്ടിയാണ് ഇത്. (ഉറക്കത്തിലെഴുന്നേറ്റു നടക്കുന്ന സ്വപ്നാടന വേളയില്‍, ആത്മാവ്, നടത്തം, വാതില്‍ തുറക്കല്‍, പടികള്‍ ഇറങ്ങല്‍, മണ്‍വെട്ടിയെടുത്ത് ചെടിക്കു ചുറ്റും മണ്ണുമാന്തല്‍ തുടങ്ങി പല പ്രവൃത്തികള്‍ക്കും വഴിവച്ചെന്നു വരാം). സ്വപ്നാവസ്ഥയില്‍ നിന്ന്, ആത്മാവ്, സുഷുപ്തിയിലേക്കോ ഉണര്‍ച്ചയിലേക്കോ പോകാം. ഈ അവസ്ഥകളില്‍ അങ്ങോട്ടുമിങ്ങോട്ടും ആത്മാവ് എങ്ങനെ മാറുന്നു എന്നത് ശാസ്ത്രത്തിന് പിടികിട്ടിയിട്ടില്ല; എന്നാല്‍, എല്ലാവരുടെയും ജീവിതത്തില്‍ ഇതു സംഭവിക്കുന്നുണ്ട് താനും. 
ആത്മാവിന് വലിപ്പമില്ല പിണ്ഡമില്ലാത്തതിനാല്‍, ആത്മാവ് ദൃശ്യമല്ല. കഠോപനിഷത് (2:20), ശരഭോപനിഷത്(18), ശ്വേതാശ്വതാര ഉപനിഷത് (3:20) തുടങ്ങിയവ, ആത്മാവിനെ, 'കണികയുടെ കണിക' (അണോരണീയന്‍/ആറ്റത്തിന്റെ ആറ്റം) എന്നു വിശേഷിപ്പിക്കുന്നു. ഒരു ഗ്രന്ഥശാലയില്‍ ചെന്ന്, പഴയൊരു പുസ്തകം തുറന്നു നാം വായിക്കെ, ഒരു തലനാരിഴയുടെ അണുപോലൊരു കീടം ആ താളില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ടാകാം. അതിന്റെ ശരീരത്തിനകത്ത് ഒരു ജീവനും ആത്മാവുമുണ്ട്. ഗര്‍ഭപാത്രത്തില്‍ നീന്തുന്ന ബീജത്തിനു ജീവനുണ്ടെന്നു ശാസ്ത്രം പറയുന്നു. അതിസൂക്ഷ്മമായതിനാല്‍, ആത്മാവിനെ പലപ്പോഴും, കണിക, ജീവ അല്ലെങ്കില്‍ ബിന്ദു എന്ന് സംസ്‌കൃതത്തില്‍ പറയും. തനിക്ക് ജീവന്‍ പോയപ്പോള്‍, തനിക്ക് 'സ്ഥലം' ഉണ്ടായിരുന്നില്ലെന്നും, ഒരു ബോധ ബിന്ദു മാത്രമായിരുന്നു താനെന്നും, പുനര്‍ജീവിച്ച ഒരു രോഗി ഓര്‍മിച്ചതായി ലൈഫ് ആഫ്റ്റര്‍ ലൈഫ് (42) രേഖപ്പെടുത്തുന്നു. ഒരു ബിന്ദു ഒരു സൂക്ഷ്മ അസ്തിത്വമാണ്; അതിന് അളവുകളില്ല. സത്യത്തില്‍, ആത്മാവ്, ഒരു കണികപോലും അല്ല: കാരണം അത് പദാര്‍ത്ഥരഹിതമാണ്.
 ആത്മാവ് എന്നാല്‍ ജീവചൈതന്യം മരിച്ച ആള്‍, കാണുന്നില്ലെന്നും കേള്‍ക്കുന്നില്ലെന്നും സ്പര്‍ശനമറിയുന്നില്ലെന്നും പ്രാചീന ചിന്തകര്‍ ശ്രദ്ധിച്ചു. മരണത്തിന്റെ ആ നിമിഷം വരെയും ഇന്ദ്രിയങ്ങള്‍ ജാഗ്രതയുള്ളതായിരിക്കുന്നതും അവര്‍ ശ്രദ്ധിച്ചു. പൊടുന്നനെ, അവയവങ്ങളെല്ലാം, ശേഷികളെല്ലാം, നിലയ്ക്കുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന അവയവങ്ങള്‍ ഒന്നിച്ച് ഒരു നിമിഷത്തില്‍ കേടായിപ്പോകുന്നത് അവരെ അമ്പരപ്പിച്ചു. ശരീരത്തിലെ അനുഭൂതികളെല്ലാം അറിഞ്ഞിരുന്ന ഒരേകകത്തിന്റെ വിടപറച്ചിലാണ് ആ അനുഭൂതികളെല്ലാം പൊടുന്നനെ ഒന്നിച്ച് നിലയ്ക്കാന്‍ കാരണമെന്ന് അവര്‍ ഊഹിച്ചു. അങ്ങനെ, ആത്മാവ് ശരീരത്തില്‍നിന്ന് വിടപറയുന്നതാണ് മരണമെന്ന് അവര്‍ കണ്ടു. ആത്മാവില്ലാത്ത ശരീരം, ജഡപദാര്‍ത്ഥങ്ങളുടെ സങ്കരം മാത്രമാണ്. ആത്മാവാണ് ശരീരത്തിന് ജീവന്‍ നല്‍കി അതിനെ ചലിപ്പിക്കുന്നത്. എല്ലാ ജീവജാലങ്ങളിലും ഇത്, ഇങ്ങനെയാണ്. അതിനാല്‍, ആത്മാവ്, ഒരു ജീവജാലത്തിലെ ജീവനത്വം അഥവാ ചൈതന്യമാണ്. (ഒരു കോഴിയുടെ തല വെട്ടിയാല്‍, അതിന്റെ ഉടല്‍ പലവട്ടം ആടുന്നത് അതില്‍ ജീവനുള്ളതുകൊണ്ടല്ല; അതിനുള്ളില്‍ ഊറിക്കൂടിയിരുന്ന ഊര്‍ജം കെട്ടുപോവുകയാണ്; ഒരു യന്ത്രത്തിലെ ചക്രം സ്വിച്ച് ഓഫ് ചെയ്ത ശേഷവും കുറച്ചുനേരം കറങ്ങുന്നതുപോലെ). ആത്മാവ്, ശരീരത്തെ ചലനാത്മകമാക്കുന്നു. അതിനെ പ്രവര്‍ത്തിപ്പിക്കുന്നു. ആത്മാവില്‍നിന്ന് ഉയരുന്ന തരംഗങ്ങള്‍, ശരീരാവയവങ്ങളിലേക്കു പ്രസരിച്ച്, അവയെ ജീവസുറ്റതാക്കുന്നു. ഇക്കാരണത്താലാണ്, ഇന്ദ്രിയങ്ങള്‍ ബോധകണികകള്‍ പോലെ പ്രവര്‍ത്തിച്ച്, സ്പന്ദനങ്ങള്‍ അറിഞ്ഞ്, കര്‍മനിരതമാകുന്നത്. ഇരുണ്ട ഒരു മുറിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിച്ച്, അവിടത്തെ വസ്തുക്കളെ പ്രകാശവത്താക്കുന്ന ഒരു കണ്ണാടിയോട് ഇതിനെ താരതമ്യം ചെയ്യാം. അനുഭൂതികളെല്ലാം അറിയുന്നത് ആത്മാവാണെന്നും, അതറിയാനുള്ള ആത്മാവിന്റെ ഉപകരണങ്ങള്‍ മാത്രമാണ് ഇന്ദ്രിയങ്ങളെന്നും ഛാന്ദോഗ്യോപനിഷത് പറയുന്നു. ആത്മാവിന്റെ പ്രചോദനത്താലാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബുദ്ധിയെ പ്രചോദിപ്പിക്കുന്ന വിചാരങ്ങള്‍ ഉണര്‍ത്തിവിടുന്നത് ആത്മാവാണ്. ആത്മാവില്‍ ഒരു വിചാരം ഉണ്ടാകുമ്പോള്‍ തന്നെ, അത്, ബുദ്ധി, മനസ്സ്, മസ്തിഷ്‌കം എന്നിവിടങ്ങളിലേക്കും ബന്ധപ്പെട്ട ഇന്ദ്രിയങ്ങളിലേക്കും പ്രസരിപ്പിച്ച്, അതൊരു പ്രവൃത്തിയായി തീരുന്നു. അങ്ങനെ, ഒരു ഉറവിട, പ്രചോദന കേന്ദ്രത്തെയാണ് സാമാന്യേന, ഒരു 'തത്വം' എന്നുപറയുന്നത്. അദൃശ്യമായ ഒരു തത്വം ആണ് ആത്മാവ്. ശരീരമോ ഇന്ദ്രിയമോ ഹൃദയമോ മസ്തിഷ്‌കമോ ഒന്നും ഒരു 'തത്വം' അല്ല. ശരീരത്തെ ചലനാത്മകമാക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന തത്വമാണ് ആത്മാവ്. അത്, ജീവതത്വമാണ്. സത്യത്തില്‍, എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ആത്മാവ്, ബോധം പ്രസരിപ്പിക്കുന്നു. അത്, അങ്ങനെ, ബോധതത്വമാകുന്നു.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...