Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 27 ( 1)

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/27, 1.വെളിപാടുകള്‍ 

പ്രപഞ്ച  കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഒരദൃശ്യ ദൈവവ്യക്തിത്വത്തിന്റെ അസ്തിത്വത്തിലും നന്മയിലും ആദ്യകാലം മുതലേ നിരവധി മനുഷ്യര്‍ വിശ്വസിച്ചുപോന്നു. അവനെ അവര്‍ ദൈവം എന്നുവിളിച്ചു. അന്നുമുതല്‍ ദൈവവിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സാധാരണ അവന്‍ അദൃശ്യനാണെങ്കിലും, നമ്മുടെ ചലനത്തില്‍ ആത്മാവ് വെളിപ്പെടുംപോലെ, അവന്‍ പ്രകൃതിയില്‍ വെളിപ്പെട്ടുവെന്ന് മഹര്‍ഷിമാരും തത്വചിന്തകരും ശാസ്ത്രജ്ഞരും ഉദ്‌ഘോഷിച്ചു. 
തേജോബിന്ദു ഉപനിഷത് (1:29) പറയുന്നു: ദൃഷ്ടിയെ ജ്ഞാനമാക്കിക്കൊണ്ട്, പ്രപഞ്ചം ബ്രഹ്മനാല്‍ നിറഞ്ഞതായി കണ്ടാലും (ദൃഷ്ടിം ജ്ഞാനമയീം കൃത്വാ പശ്യേത് ബ്രഹ്മമയം ജഗത്). 
നമുക്ക് ചുറ്റുമുള്ള വസ്തുക്കള്‍, അവയുടെ രൂപം, ഉദ്ഭവം, പ്രവര്‍ത്തനം എന്നിവയെ വിവേകപൂര്‍വം നിരീക്ഷിച്ചാല്‍, ദൈവത്തെ എവിടെയും കാണാം എന്നര്‍ത്ഥം. ഉദാഹരണം: ഒരു മുട്ട. അതില്‍ രണ്ട് അര്‍ധ ദ്രാവകങ്ങള്‍. വെള്ളക്കരു, മഞ്ഞക്കരു, മൂന്നാഴ്ച അതൊരു കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞാല്‍, അതിന്റെ ഉള്ളടക്കം കൊക്കുകള്‍, കണ്ണുകള്‍, കൃത്യസന്ധിയുള്ള നീണ്ട കാലുകള്‍, മൃദുവായ പേശികള്‍ എന്നിവയുള്ള ജീവനുള്ള പക്ഷിയായി മാറുന്നു. കോഴി സജീവമാണ്; അതു നടക്കുന്നു, ഓടുന്നു, കൂവുന്നു, ചികയുന്നു, ചെറിയ വിത്തുകള്‍ തിന്നുന്നു. മുട്ടയും കോഴിയും തമ്മില്‍ എന്തൊരന്തരം! ആ മാറ്റത്തിലെ സങ്കീര്‍ണതയും കൃത്യതയും ഒരതിബോധ ഏകകത്തിന്റെ ക്രിയയെ വെളിവാക്കുന്നു. ആര്‍ക്ക് ഇതൊക്കെ ചെയ്യാനാവും? കോഴി വളര്‍ത്തുകേന്ദ്രത്തില്‍ നൂറുകണക്കിന് മുട്ടകള്‍ വിരിയുന്നു. ഓരോ മുട്ടയെയും ഒരു അദൃശ്യ ഏകകം ശുശ്രൂഷിച്ചോ അതോ, അതേ ഏകകം എല്ലാ മുട്ടയെയും ശ്രദ്ധിച്ചോ? ലോകമാകെയുള്ള കോഴി വളര്‍ത്തുകേന്ദ്രങ്ങളിലെല്ലാം ഈ മാറ്റമുണ്ടാകുന്നതിനാല്‍, ലോകമാകെ ആ ഏകക സാന്നിദ്ധ്യമുള്ളതിന്റെ സൂചന കിട്ടുന്നുണ്ടോ? ചിന്തിക്കുന്തോറും, അതിഭൗതിക ശേഷിയുള്ള സര്‍വവ്യാപിയായ ഒരദൃശ്യ ഏകകത്തിന്റെ സാന്നിദ്ധ്യം നമ്മുടെ മനസ്സില്‍ ഉദയം ചെയ്യുകയായി. ഇത് ദൈവത്തിന്റെ വെളിപാട്. പ്രപഞ്ചമാകെയുള്ള ജീവജാലങ്ങളിലെ ജീവന്‍ മുഴുവന്‍ ഒരു സര്‍വവ്യാപിയായ ഏകകമായി എടുത്താല്‍, അതാണ് ദൈവം.
 ഋഗ്വേദം (10:121:3) പറയുന്നു: 
ഹിമം മൂടിയ ഹിമാലയവും സാഗരങ്ങളും നദികളും സകല ദിശകളിലെയും ലോകവും ഏതു മഹിമയെ ഉദ്‌ഘോഷിക്കുന്നുവോ, ആ ദൈവത്തെ പവിത്ര നിവേദ്യങ്ങള്‍കൊണ്ട് ആരാധിച്ചാലും. 
'സകലദിശകളിലെയും ലോകം' എന്നാല്‍, മുകളിലും താഴെയുമുള്ള ലോകം; ഭൂമിയും ആകാശവും. അതിനാല്‍, എവിടെയുമുള്ള പ്രകൃതി ദൈവമഹിമ ഉദ്‌ഘോഷിക്കുന്നുവെന്ന് ശ്ലോകാര്‍ത്ഥം. ഖുര്‍ ആനില്‍ (6:100) പ്രവാചകന്‍ പറയുന്നു: 
അവന്‍ ആണ് ആകാശത്തുനിന്ന് താഴേക്ക് വെള്ളം അയയ്ക്കുന്നത്. അവകൊണ്ട്, നാം എല്ലാത്തരം ചെടികളും മുളപ്പിക്കുന്നു. നാം മുളപ്പിക്കുന്ന ഹരിതാഭമായ പുല്ലില്‍നിന്ന്, നാം കട്ടിയായ തോടുള്ള ധാന്യം കൊയ്യുന്നു; ഈന്തപ്പനയിലെ പൂമ്പൊടിയില്‍നിന്ന് സമൃദ്ധമായ കതിര്‍ക്കുലകള്‍ ഉണ്ടാകുന്നു; മുന്തിരി, ഒലിവ്, മാതളത്തോപ്പുകള്‍ എന്നിവ ഒരുപോലെയും അല്ലാതെയും (നാം വളര്‍ത്തുന്നു). അവയിലെ ഫലങ്ങള്‍, അവ പാകമാകുമ്പോള്‍ കാണുക. ആഹാ! ഇതാ, വിശ്വാസികള്‍ക്കുള്ള പ്രത്യക്ഷങ്ങള്‍.
ഫിലോകാലിയ (വാല്യം 1, പേജ് 337) നിരീക്ഷിക്കുന്നു: ദൈവം ആത്മീയമത്രെ; അവന്‍ അദൃശ്യനാണെങ്കിലും, ശരീരത്തില്‍ ആത്മാവെന്നപോലെ, അവന്‍ എല്ലാ ദൃശ്യവസ്തുക്കളിലും പ്രത്യക്ഷനാകുന്നു. 
ഫ്രഞ്ച് തത്വചിന്തകനായ ഫ്രാങ്‌സ്വാ വോള്‍തെയര്‍ (1694-1778) പറഞ്ഞു: 
ഒരു മികച്ച യന്ത്രം കാണുമ്പോള്‍, മികച്ച ജ്ഞാനമുള്ള ഒരു നല്ല പണിക്കാരനുണ്ടെന്ന് നാം പറയുന്നു. ലോകം ആരാധിക്കേണ്ട ഒരു യന്ത്രമാണ്. അത്, അതിന്റെ മഹിമയാര്‍ന്ന സ്രഷ്ടാവിനെ വെളിപ്പെടുത്തുന്നു. 
തത്വചിന്തകനായ ജെ.ജെ.റൂസ്സോ(1712-1778) പറഞ്ഞു:
ഞാനതു കാണുന്നുണ്ട്, അഥവാ അനുഭവിക്കുന്നു.... ദൈവമുണ്ട്. അവന്‍ ഈ പ്രപഞ്ചത്തെ നയിക്കുന്നു, അവന്‍ എല്ലാറ്റിനും കല്‍പന നല്‍കുന്നു.
 പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955) പ്രഖ്യാപിച്ചു:
ഉള്ളതില്‍ കാണുന്ന ലയത്തില്‍ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.
പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന സകലതിലും കാണുന്ന ചലനങ്ങളില്‍, കൃത്യങ്ങളില്‍, പാരസ്പര്യത്തില്‍, ദൈവം സ്വന്തം അസ്തിത്വവും കരുതലും വെളിപ്പെടുത്തിയതായി ചിന്തകര്‍ കാണുന്നു. ആകാശത്തിലും ലോകത്തിലുമുള്ള വസ്തുക്കളില്‍, ഡമാസ്‌കസിലെ വിശുദ്ധ പത്രോസ്, ഫിലോകാലിയയില്‍ (വാല്യം  3, പേജ് 136-17)ഒരു ആന്തരധ്യാനം കാണുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ ചലനവും സ്ഥിരതയും. ഋതുക്കള്‍, മേഘങ്ങള്‍, മഴ, മഞ്ഞ്, ഇടിമുഴക്കം, മിന്നല്‍, കാറ്റ്, വിവിധയിനം മൃഗങ്ങള്‍, പക്ഷികള്‍, ചെടികള്‍, അവയുടെ രൂപം, നിറം, അഴക്, അനുപാതം, ക്രമം, സന്തുലനം, ലയം, താളം, ഉപയോഗം തുടങ്ങിയവ ദൈവാസ്തിത്വത്തിന്റെ യാഥാര്‍ത്ഥ്യവും ദൈവത്തിന്റെ കരുതലും വെളിപ്പെടുത്തുന്നു. മേല്‍ ഉദ്ധരണികള്‍, പ്രകൃതി ദൈവത്തെ വെളിപ്പെടുത്തുന്നതായി സാക്ഷ്യപ്പെടുത്തുന്നു.
 1. ആകാശ ശരീരങ്ങള്‍ 
നമുക്ക് ചുറ്റുമുള്ള അന്തമില്ലാത്ത സ്ഥലമാണ് ആകാശം. അത് കാക്കത്തൊള്ളായിരം നക്ഷത്രങ്ങളും ഗ്രഹങ്ങളും ചന്ദ്രന്മാരും ഛിന്നഗ്രഹങ്ങളുമൊക്കെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. വലിയൊരു ദൂരദര്‍ശിനികൊണ്ടു നോക്കിയാല്‍, കോടിക്കണക്കിന് നക്ഷത്രങ്ങള്‍ കാണാം. പല വലിപ്പത്തിലുള്ള, കനമുള്ള ഗോളങ്ങളാണ് നക്ഷത്രങ്ങള്‍. നമുക്ക് ഏറ്റവുമടുത്ത ശരാശരി നക്ഷത്രമായ സൂര്യന്‍, 140 ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ളതാണ്. മകയിരത്തി (മൃഗശീര്‍ഷം-Orion)) ന്റെ തോളിലുള്ള ചുവന്ന നക്ഷത്രമായ (ആര്‍ദ്ര/Betelgeuse)), 4000 ലക്ഷം കിലോമീറ്റര്‍ വ്യാസമുള്ളതാകുന്നു. സൂര്യനെക്കാള്‍ ചെറിയ നക്ഷത്രങ്ങളുണ്ട്; എന്നാല്‍ ഏറ്റവും ചെറുത്, ഭൂമിയുടെ വലിപ്പത്തിന്റെ പത്തുലക്ഷം ഇരട്ടി വലിപ്പമുള്ളതായിരിക്കും. അവ ആകാശത്തില്‍ എങ്ങനെ നില്‍ക്കുന്നു? നക്ഷത്രങ്ങള്‍ തമ്മില്‍ ഏറെ അകലമുണ്ട്. അത്തരം അകലങ്ങള്‍ ശാസ്ത്രജ്ഞര്‍ അളക്കുന്നത് പ്രകാശവര്‍ഷത്തിലാണ്. സെക്കന്റില്‍ 300,000 കിലോമീറ്റര്‍ എന്ന കണക്കില്‍ പ്രകാശം ഒരു വര്‍ഷത്തില്‍ സഞ്ചരിക്കുന്ന ദൂരമാണ് അത്. ഒരു പ്രകാശ വര്‍ഷം ഏതാണ്ട് 9.41 ദശലക്ഷം ദശലക്ഷം കിലോമീറ്ററാണ്. സൂര്യന്‍ കഴിഞ്ഞാല്‍, നമുക്കടുത്ത നക്ഷത്രം, മിത്രം (Alpha centauri)) ആണ്. ത്രിശങ്കു crux) വിനടുത്ത തിളങ്ങുന്ന നക്ഷത്രം. അത്, സൂര്യനില്‍നിന്ന് 4 1/3 പ്രകാശവര്‍ഷങ്ങള്‍ (41 ദശലക്ഷം ദശലക്ഷം കിലോമീറ്റര്‍) ദൂരെയാണ്. ഏറ്റവുമടുത്ത രണ്ടു നക്ഷത്രങ്ങള്‍ ഇവ ആയിരിക്കില്ല എങ്കിലും, രണ്ടു നക്ഷത്രങ്ങള്‍ തമ്മിലെ അപാരമായ അകലമറിയാന്‍ ഇത്രയൊക്കെ മതി. ഇത്രദൂരമുണ്ടെങ്കിലും, ഭൂരിപക്ഷം നക്ഷത്രങ്ങളും ദശലക്ഷം നക്ഷത്രങ്ങളുള്ള ഓരോ താരാപഥമായി വര്‍ത്തിക്കുന്നു എന്നു പറയപ്പെടുന്നു. നിരവധി താരാപഥങ്ങളടങ്ങിയ വമ്പന്‍ താരാപഥങ്ങളുമുണ്ട്. ഇതിലൊന്നില്‍, 400 താരാപഥങ്ങളിലധികം ആകാം. താരാപഥങ്ങള്‍ക്കിടയില്‍, അവിടെയും ഇവിടെയും സ്വതന്ത്രനക്ഷത്രങ്ങളുണ്ട്. 14 താരാപഥങ്ങള്‍ അടങ്ങിയ ക്ഷീരപഥം എന്ന വമ്പന്‍ താരാപഥ സമൂഹത്തിന്റെ പുറംകൈയിലെ ഒരു നക്ഷത്രം മാത്രമാണ്, സൂര്യന്‍. 100,000 പ്രകാശ വര്‍ഷങ്ങളാണ് അതിന്റെ വ്യാസം. ക്ഷീരപഥത്തിനപ്പുറമുള്ള അടുത്ത താരാപഥമാണ് ആന്‍ഡ്രോമിഡ. അതിനെ മീനം രാശിക്കും (Pisces))െ കാശ്യപിരാശി (Cassiopeia)))ക്കുമിടയില്‍ ഒരു രാശി (Constellation) ആയി കാണാം. അത് ഏതാണ്ട് 20 ലക്ഷം പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്. സമീപവര്‍ഷങ്ങളില്‍, വലിയ റിഫ്‌ളക്ടറുകളുള്ള വന്‍ ദൂരദര്‍ശിനികള്‍, സ്‌പെക്‌ട്രോ സ്‌കോപ്പുകള്‍ എന്നിവ വഴി ശാസ്ത്രജ്ഞര്‍ 60,000 ലക്ഷം പ്രകാശവര്‍ഷങ്ങള്‍ വ്യാസം വരുന്ന ആകാശസ്ഥലം പരതുകയും ആയിരക്കണക്കിന് നക്ഷത്രപഥങ്ങള്‍ കാണുകയുമുണ്ടായി. താരാപഥങ്ങള്‍ തന്നെ അടുത്തടുത്തല്ല. ആകാശസ്ഥലവും താരാപഥങ്ങളും പിന്നീടും അകലങ്ങളിലേക്ക് തുടരുകയും അതിരില്ലാതെ അത് നീളുകയും ചെയ്യുന്നുവെന്ന് അവര്‍ പറയുന്നു. മിക്ക താരാപഥങ്ങളും കാഴ്ചയുടെ അറ്റത്തുനിന്ന് നോക്കിയാല്‍, മധ്യത്തില്‍ ഇരുപുറവും കുടവയറുമുള്ള (മുഴ) തളികയാണ്; മുഖക്കാഴ്ചയില്‍, സര്‍പ്പിളം അഥവാ, സര്‍പ്പിളമായ കമ്പികളുള്ള, വളയമില്ലാത്ത ചക്രം പോലെയാണ്. മധ്യത്തിലെ മുഴ ഒരു നക്ഷത്രക്കൂട്ടമാണ്. വിശാലമായ ആകാശത്ത് എത്ര നക്ഷത്രങ്ങള്‍! 




ആരാണ് വലിപ്പമേറിയ, തിളക്കമുള്ള ഈ വസ്തുക്കളെ ഇത്ര സമൃദ്ധമായി സൃഷ്ടിച്ച് ആകാശത്തില്‍ ക്രമമായി അടുക്കി, അതില്‍ പ്രകാശം ചൊരിഞ്ഞത്? എല്ലാ നക്ഷത്രങ്ങളും പ്രകാശം ചൊരിയുന്നു; എന്നാല്‍ തിളക്കം വ്യത്യസ്തമാകുന്നു. തിരുവാതിര 19000 ഇരട്ടി സൂര്യനെക്കാള്‍ തിളക്കമുള്ളതാണ്. സൂര്യന്റെ വെളിച്ചംതന്നെ അസഹ്യമാംവിധം തിളക്കമുള്ളതാണ്. വ്യക്തമായ ഒരുച്ചയില്‍ എത്ര തീക്ഷ്ണമാണ് പ്രകാശവും ഉഷ്ണവും! 1490 ലക്ഷം കിലോമീറ്റര്‍ അകലെനിന്ന് അത്രയും വെളിച്ചവും ഉഷ്ണവും സൂര്യനില്‍നിന്ന് വരുന്നുവെങ്കില്‍, സൂര്യന്റെ ഉപരിതലത്തിലെ ഉഷ്ണവും വെളിച്ചവും എത്രയായിരിക്കും? ഇതേക്കാള്‍ എത്രയധികമായിരിക്കും, വന്‍ നക്ഷത്രങ്ങളുടെ ഉപരിതലത്തില്‍? ആണവസംയോജനം വഴി നക്ഷത്രങ്ങള്‍ അപാരമായ വെളിച്ചം പുറത്തുവിടുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഹൈഡ്രജന്‍ (ഡ്യൂട്ടീറിയം) ആറ്റങ്ങള്‍ ഹീലിയം ആറ്റങ്ങളായി മാറുകയാണ്. ആ സംയോജനം വഴി, ഓരോ സെക്കന്‍ഡിലും, 40 ലക്ഷം ടണ്‍ പദാര്‍ത്ഥം സൂര്യന് നഷ്ടപ്പെടുന്നു. അതിനാല്‍ സൂര്യന്‍ 1,60,000 വര്‍ഷമെങ്കിലും വെളിച്ചവും താപവും പൊഴിച്ചുകൊണ്ടിരിക്കും. ഇപ്പറഞ്ഞ പദാര്‍ത്ഥ നഷ്ടം ഹൈഡ്രജന്റേതു മാത്രമാകയാല്‍, സൂര്യനില്‍ ഓരോ സെക്കന്‍ഡിലും സംയോജിക്കുന്ന ഹൈഡ്രജന്റെ ദ്രവ്യവ്യാപ്തി എത്രയായിരിക്കും! മറ്റു നക്ഷത്രങ്ങളുടെയും സംഭവം ഇതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു; ആണവ സംയോജനത്താല്‍ എല്ലാ നക്ഷത്രങ്ങളും വെളിച്ചവും താപവും പുറന്തള്ളുന്നു. സൂര്യന്‍ ഒരുപാടുകാലമായി പ്രകാശിക്കുകയാണ്. ഇത്രയുംകാലം കൊണ്ട്, മേല്‍പറഞ്ഞ കണക്കനുസരിച്ച്, എത്ര ഹൈഡ്രജന്‍ അതില്‍ സംയോജിച്ചിട്ടുണ്ടാകും! 1,60,000 കൊല്ലംകൂടി പ്രകാശിക്കുമെങ്കില്‍, എത്രമാത്രം ഹൈഡ്രജന്‍ സൂര്യനിലുണ്ടാകും! സൂര്യനില്‍നിന്നും മറ്റു നക്ഷത്രങ്ങളില്‍നിന്നുമുള്ള പ്രകാശത്തിന്റെ വര്‍ണരാജിയുടെ വിശകലനം തെളിയിക്കുന്നത്, ഭൂമിയിലുള്ള മിക്കവാറും മൂലകങ്ങള്‍ അവയിലുമുണ്ട് എന്നാണ്. അത് തല്‍ക്കാലം മറന്ന്, നമുക്ക് അവയുടെ ഹൈഡ്രജന്‍ ഉള്ളടക്കം മാത്രമെടുക്കാം. അതിവിശാലമായ പ്രപഞ്ചത്തിന്റെ പ്രത്യേക മേഖലകളില്‍ ബൃഹത്തായ വാതകമേഘങ്ങള്‍ ഉരുണ്ടുകൂടിയാണ് സൂര്യനും ശതകോടി നക്ഷത്രങ്ങളുമുണ്ടായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അചേതനമായ വാതകം തന്നെത്താന്‍ പ്രപഞ്ചമാകെ നിശ്ചിത ഇടവേളകളില്‍ വന്‍മേഘങ്ങളാവുകയും ഘനീഭവിച്ച് ഗോളങ്ങളാകുകയും ചെയ്തതാണോ? പിന്നീട്, ആ ഗോളങ്ങളെല്ലാം ആണവസംയോജനം തുടങ്ങി പ്രപഞ്ചത്തെ പ്രകാശമാനമാക്കാന്‍ വെളിച്ചം ചൊരിയുകയായിരുന്നോ? സര്‍വവ്യാപിയായ, അജ്ഞാതനായ ഒരതീതശക്തിയുടെ സമഗ്ര നിര്‍ദേശമില്ലാതെ പ്രപഞ്ചമാകെ ചൂഴ്ന്നു നില്‍ക്കുന്ന ഇത്ര വിസ്തൃതമായ ഒരു പ്രതിഭാസം സാധ്യമാണോ? ഭൂമി സ്ഥിരമായി ഭ്രമണം ചെയ്യുന്നതിനാല്‍ പകലും രാത്രിയും മാറി മാറി വരുന്നു. അതിന്റെ അച്ചുതണ്ടിന്റെ സ്ഥിരമായ ചരിവ്, ജീവിതത്തെ ആനന്ദമയമാക്കുന്ന ഋതുക്കളുടെ മാറ്റം ഉണ്ടാക്കുന്നു. ഓരോ നക്ഷത്രവും അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നു; ഓരോ താരാപഥവും അതിന്റെ താരാപഥ അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുന്നു. ഇതെല്ലാം അതിവേഗമാണ്. ഭ്രമണങ്ങളുടെ ഈ സര്‍വവ്യാപനം, മൂലബ്രഹ്മനിലും സര്‍വഭ്രമണമുണ്ടാകുമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. 34 ലക്ഷം കിലോമീറ്റര്‍ ചുറ്റളവുള്ള സൂര്യന്‍, സെക്കന്‍ഡില്‍ 250 കിലോമീറ്റര്‍ നീങ്ങുന്നു. ഭ്രമണവും ഭ്രമണപഥത്തിലെ പ്രദക്ഷിണവും കൃത്യവും വേഗത്തിലുമായതിനാല്‍, നക്ഷത്രങ്ങള്‍ ഒരിടത്തുതന്നെ നില്‍ക്കുന്നു. വേണ്ട ഇന്ധനവും യാത്രക്കാരെയും അവരുടെ ചരക്കും വഹിക്കുന്ന കനത്ത വിമാനങ്ങള്‍, ഭൂമിയില്‍നിന്ന് 10 കിലോമീറ്റര്‍ ഉയര്‍ന്നുപൊങ്ങി അതിന്റെ വേഗതയില്‍ സ്വയം നീങ്ങുന്നത് നാം കാണുന്നില്ലേ? അതുപോലെ, നക്ഷത്രങ്ങളും ആകാശത്തു നില്‍ക്കുന്നു. ഒരു താരാപഥത്തിലെ ലക്ഷക്കണക്കിന് നക്ഷത്രങ്ങള്‍ അവയുടെ അച്ചുതണ്ടില്‍ തിരിയുകയും ഭ്രമണപഥത്തില്‍ നീങ്ങുകയും ചെയ്യുന്നു. എന്നിട്ടും അവ, പൂര്‍ണലയത്തില്‍ നീങ്ങുന്നു; ശതകോടി വര്‍ഷങ്ങള്‍, കൂട്ടിയിടിക്കാതെ, വേഗം കുറയാതെ. 
ഈ പ്രപഞ്ച ലയത്തിൽ  വിസ്മയിച്ച  ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, വലിയ വിശ്വാസിയാവുകയും, വിരലുകള്‍ക്കിടയില്‍ ജപമാല കരുതുകയും ചെയ്തു. 
കൃത്യമായ ഭ്രമണപഥങ്ങളില്‍, സ്ഥിരമായ സ്വന്തം അച്ചുതണ്ടില്‍, ശതകോടി നക്ഷത്രങ്ങള്‍ എങ്ങനെയാണ് അതിവേഗം ഭ്രമണം ചെയ്യാനിടയായത്? കാനനങ്ങളിലെ മൃഗങ്ങള്‍ പോലെയും സാഗരങ്ങളിലെ മത്സ്യങ്ങള്‍ പോലെയും ഇവ ആകാശത്ത് അലഞ്ഞുതിരിയാത്തതെന്ത്? വാല്‍നക്ഷത്രങ്ങളുടെ നീക്കത്തില്‍നിന്ന്, നക്ഷത്രങ്ങള്‍ക്കും അവയ്ക്ക് തോന്നിയ വഴിക്ക് നീങ്ങാമായിരുന്നുവെന്ന് നമുക്കു തോന്നാം. പക്ഷേ, കാക്കത്തൊള്ളായിരം നക്ഷത്രങ്ങള്‍ ഭ്രമണവും കൃത്യതയും പ്രദക്ഷിണ വഴികളില്‍ പാലിച്ച് പ്രപഞ്ചലയം സാധ്യമാക്കുന്നു. വിശാലമായ പ്രപഞ്ചത്തിലെ വിസ്മയ ലയമാണ് അത്. ഇത് അചേതനമായ നക്ഷത്രങ്ങള്‍ സ്വയം കണ്ടെത്തിയതാണോ അതോ, നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ചന്ദ്രന്മാരെയും സൃഷ്ടിക്കുകയും അവയ്ക്ക് വേഗവും പ്രദക്ഷിണവും ക്രമപ്പെടുത്തുകയും ചെയ്ത ദൈവത്തിന്റെ കര്‍മമാണോ? ആലോചിക്കുക, നന്നായി ആലോചിക്കുക. ഈ അതീത ശക്തിയെയാണ് നാം ബ്രഹ്മനായി ആദരിക്കുന്നത്. പലതരത്തിലും അത് അതീത വ്യക്തിയായി പെരുമാറുന്നതിനാല്‍, അവനെ നാം ദൈവമായി ആരാധിക്കുന്നു.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...