Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 21,22

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/21, പുനര്‍ജന്മം
 പുതിയ ശരീരത്തില്‍, അടുത്ത ജനനമാണ്, പുനര്‍ജന്മം. ആത്മാവ് ശരീരം വിട്ടകലുന്നതാണ് മരണമെന്നും, സാധാരണ, വിട്ടുപോയ ഓരോ ആത്മാവും ഇന്നോ നാളെയോ പുതിയ ശരീരത്തില്‍ പുനര്‍ജന്മം നേടുന്നുവെന്നും ഭാരതീയ തത്വചിന്ത പറയുന്നു (ഭഗവദ്ഗീത 2:27). 
മരണത്തിനും പുനര്‍ജന്മത്തിനുമുള്ള ഇടവേള, വ്യക്തിഭിന്നമാണ്. ഏലിയ പ്രവാചകന്‍ മരിച്ച്, സ്‌നാപക യോഹന്നാനായി പുനരവതരിച്ചതിനുള്ള ഇടവേള എട്ടുനൂറ്റാണ്ടായിരുന്നു; എന്നാല്‍, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ ഗവേഷണം ചെയ്ത, അലാസ്‌കയിലെ വില്യം ജോര്‍ജിന്റെ പുനര്‍ജന്മത്തിന്, (Twenty Cases of Suggestive Reincarnation) (232-235) ഗര്‍ഭധാരണകാലമേ വേണ്ടിവന്നുള്ളൂ. (അധ്യായം 1). തന്റെ കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ ഒരാള്‍ ബാധ്യതപ്പെട്ടതിനാലും അവയില്‍ പലതും ജീവിതാന്ത്യത്തിലും അനുഭവിക്കാതെ ശേഷിക്കുന്നതിനാലും, അവ അനുഭവിക്കാന്‍ അയാള്‍ പുതിയ ജീവിതം കണ്ടെത്തണം. എല്ലാകര്‍മങ്ങളുടെയും ഫലങ്ങള്‍ അനുഭവിക്കാനുള്ള ബാധ്യതയുടെ യുക്തിപരമായ ക്രമമാണ് അത്. കര്‍മം ചെയ്യാനും ഫലം അനുഭവിക്കാനും, ശരീരമെന്ന ഉപകരണം വേണം. അതിനാല്‍, കര്‍മഫല കുടിശ്ശിക അനുഭവിക്കാന്‍, ആത്മാവ് പുതിയ ശരീരം പറ്റിയ രൂപത്തില്‍, പറ്റിയ സ്ഥലത്ത് കണ്ടെത്തുന്നു. അതാണ് അതിന്റെ പുനര്‍ജന്മം. പുതിയ ജന്മത്തില്‍, പഴയ കര്‍മഭാവങ്ങള്‍ ഒന്നൊന്നായി പുഷ്പിക്കുകയും അവ മുന്‍കര്‍മങ്ങളുടെ ഫലങ്ങള്‍ കൊണ്ടുവരുന്ന പ്രവൃത്തികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കര്‍മഫലം നല്‍കിക്കഴിയുമ്പോള്‍, പ്രചോദനം കൊണ്ടുണ്ടായ കര്‍മത്തിന്റെ ഉടന്‍ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകഴിയുമ്പോള്‍, അത് പ്രചോദിപ്പിച്ച കര്‍മഭാവത്തിന്റെ തീക്ഷ്ണത കുറയുന്നു. അതിനിടയില്‍, ആ പുതിയ പ്രവൃത്തിയുടെ പുത്തന്‍ കര്‍മഭാവങ്ങള്‍, സൂക്ഷ്മശരീരത്തില്‍ ഉണ്ടായെന്നു വരാം. ആകസ്മിക അനുഭൂതി സ്പന്ദങ്ങളും വിചാരങ്ങളും സൃഷ്ടിക്കുന്ന അഭിലാഷങ്ങളും കര്‍മങ്ങളും പുതിയ കര്‍മഭാവങ്ങള്‍ സൃഷ്ടിച്ചേക്കാം. കര്‍മം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ സമയം കര്‍മഫലം അനുഭവിക്കാന്‍ എടുക്കുമെന്നതിനാല്‍, സഞ്ചിതകര്‍മം കൂടിക്കൊണ്ടിരിക്കുമെന്നു മഹര്‍ഷിമാര്‍ പറയുന്നു. ഓരോ ജീവിതത്തിലും ഇതു കൂടിക്കൊണ്ടിരിക്കുന്നതിനാല്‍, കര്‍മഫലത്തിന്റെ കുടിശിക ഭക്ഷിക്കാന്‍ ആത്മാവ് പല ജന്മങ്ങള്‍ എടുക്കേണ്ടിവരും. അത്, മനസ്സിന്റെയും കര്‍മങ്ങളുടെയും സമ്പൂര്‍ണ ശുദ്ധി ആര്‍ജിച്ച്, പുതിയ കര്‍മഭാവങ്ങളുടെ ആവിര്‍ഭാവം നിലയ്ക്കുംവരെ, തുടരും. ശരീരം വിടുന്ന ആത്മാവ്, ഹെയ്ഡ്‌സില്‍ (സംസ്‌കൃതത്തില്‍, പിതൃലോകം) വസിച്ച് ഭൂമിയിലേക്ക് വീണ്ടും വീണ്ടും കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ മനുഷ്യനായോ മൃഗമായോ മറ്റ് ശരീരരൂപങ്ങളായോ വരുന്നുവെന്ന് ഗ്രീക്ക് ചിന്തകന്‍ പൈതഗോറസും (582-500 ബിസി) വിശദീകരിച്ചിരുന്നു (In Search of Soul, വാല്യം 1, പേജ് 27). 



മരണവും പുനര്‍ജന്മവും സഞ്ചിതകര്‍മത്തില്‍ നിന്ന് പുത്തന്‍ പ്രാരബ് ധ  കർ മം ഉണ്ടാകുമ്പോഴാണ് (അടുത്ത അധ്യായം). അപൂര്‍വ അപവാദങ്ങളിലല്ലാതെ, പുത്തന്‍ പ്രാരബ് ധ  കര്‍മത്തിനും പുനര്‍ജന്മത്തിനും ഇടവേളയുണ്ടായിരിക്കും. പുത്തന്‍ പ്രാരബ് ധ  കര്‍മത്തിന് പറ്റിയ സ്ഥലം തെരഞ്ഞെടുക്കാന്‍ ആത്മാവ് അതിന്റേതായ സമയമെടുക്കും. ശരീരം വിട്ട ആത്മാവ്, പുനര്‍ജന്മത്തിനോടടുക്കുമ്പോള്‍, പുത്തന്‍ പ്രാരബ് ധ  കര്‍മം അനുഭവിക്കാന്‍ വേണ്ടി, തനിക്കുചേര്‍ന്ന ഭാര്യാ-ഭര്‍തൃജോഡിക്കായി അലയും. പദാര്‍ത്ഥമില്ലാത്തതിനാല്‍, ആത്മാവിന് ഏത് ശരീരത്തിലും കടക്കാന്‍ കഴിയും. അത് തെരഞ്ഞെടുത്ത പുരുഷന്റെ ശരീരത്തില്‍ പ്രവേശിച്ച്, അയാളില്‍ പുതുതായി ഉണ്ടായ ഒരു ബീജത്തില്‍ നില്‍ക്കുന്നു (ഐതരേയ ഉപനിഷത് 2:1, മഹാനാരായണ ഉപനിഷത് 1:1). തുടര്‍ന്ന്, അത് ആ ബീജം തെരഞ്ഞെടുത്ത സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ പുരുഷനെ പ്രചോദിപ്പിക്കുന്നു. അങ്ങനെ ആ സ്ത്രീ വഴി ആശിച്ച പുനര്‍ജന്മം നേടുന്നു. മരണസമയത്ത് ഒരു വ്യക്തിക്ക് എന്തെങ്കിലും ചെയ്യാന്‍ തീക്ഷ്ണമായ ആഗ്രഹം അവശേഷിച്ചിരുന്നു എങ്കില്‍, പുനര്‍ജന്മം ഉടനാകാം. ബ്രസീലിലെ മരിയ ജനുവരിയ, അലാസ്‌കയിലെ വില്യം ജോര്‍ജ് എന്നിവര്‍ ഉദാഹരണം ( Twenty Cases of Suggestive Reincarnation, Dr.Ian stevenson, 183, 232). നാരദ പരിവ്രാജക ഉപനിഷത്, യോഗശിഖ ഉപനിഷത്തുടങ്ങിയവ പറയുന്നത്, മരണനേരത്ത് ഒരാള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍, അയാള്‍ പുനര്‍ജന്മം നേടും എന്നാണ്.ഭഗവദ്ഗീതയും (8:6) പറയുന്നു: 

എന്തെന്തു വസ്തുവോര്‍ത്തന്തത്തിങ്കല്‍ 
ദേഹം ത്യജിക്കുമോ അതാതിലെത്തും
 കൗന്തേയ, മുറ്റും തല്‍ ഭാവനാവശാല്‍. 

ആത്മാവ് ദേഹം വിടുകയും പുനര്‍ജനിക്കുകയും ചെയ്യുന്നതിന്റെ ഇടവേളയില്‍ സദാ ഈ ഭാവനയുണ്ട്. ആ ഭാവനയില്‍, മരണനേരത്ത് ആകസ്മികമായി തോന്നിയ മനുഷ്യരൂപം, ആ രൂപം കിട്ടുംവരെ സദാ ഉണ്ടാകും. തീക്ഷ്ണമായി ചിന്തിച്ചാല്‍, പുനര്‍ജന്മത്തില്‍ അത് നേടും.

 അധ്യായം 22 .പ്രാരബ്ധ കർമ്മം 

പ്പോഴത്തെ ജീവിതത്തെ നയിക്കുന്ന കര്‍മഭാവങ്ങളുടെ കൂട്ടമാണ് പ്രാരബ്ധകര്‍മം. അത് സഞ്ചിതകര്‍മത്തില്‍നിന്ന് വരികയും നിലവിലെ ജീവിതത്തിലുടനീളം സജീവമായിരിക്കുകയും ചെയ്യുന്നു. രണ്ടു വ്യത്യസ്ത സംഘങ്ങളായാണ് മുജ്ജന്മങ്ങളിലെ കര്‍മഭാവങ്ങള്‍ സൂക്ഷ്മശരീരത്തില്‍ നില്‍ക്കുന്നത്-സജീവവും നിര്‍ജീവവും. നിര്‍ജീവ സംഘത്തെ ഒന്നിച്ച് സഞ്ചിതകര്‍മം എന്നും, സജീവ സംഘത്തെ പ്രാരബ്ധകര്‍മം എന്നും വിളിക്കുന്നു. ഈ ജീവിതത്തില്‍ ഉണ്ടാകുന്ന കര്‍മഭാവങ്ങള്‍, മൂന്നാമതൊരു വ്യത്യസ്ത സംഘമാകുന്നു. ഭാരതീയ തത്വചിന്തകള്‍ പറയുന്നതനുസരിച്ച്, കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല (യോഗശിഖാ ഉപനിഷത് 1:37). നമ്മുടെ എല്ലാ കര്‍മത്തിനും ഒരു മുന്‍കാരണമുണ്ട്. ഒരു കര്‍മത്തിന്റെയോ പ്രവൃത്തിയുടെയോ കാരണം പുഷ്പിച്ചുകൊണ്ടിരിക്കുന്ന കര്‍മഭാവവമോ, ആകസ്മികമായ ഇന്ദ്രിയാനുഭൂതിയോ ആകാം. കര്‍മഫലം ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയുടെ ഭാഗമായി, പുഷ്പിച്ചുകൊണ്ടിരിക്കുന്ന കര്‍മഭാവങ്ങള്‍ കൊണ്ടുവരുന്നതാകാം, നമ്മുടെ മിക്ക ഇന്ദ്രിയാനുഭൂതികളും. അപൂര്‍വമായി ഇതിന് അപവാദമുണ്ടാകാം; അവയുടെ സാധ്യത തള്ളിക്കളയാനാവില്ല (അധ്യായം 18). എന്നാല്‍, പൊതുവേ, സ്വാഭാവികമായി ഉണ്ടാകുന്ന പ്രവൃത്തികളെല്ലാം കര്‍മഭാവങ്ങള്‍ കാരണം ഉണ്ടാകുന്നവയാണ്.
 സ്വാമി വിവേകാനന്ദന്‍ പറഞ്ഞു (സമ്പൂര്‍ണകൃതികള്‍, വാല്യം1, പേജ് 245):
 നമ്മുടെ കര്‍മങ്ങളെല്ലാം ഭൂതകാല സംസ്‌കാര ഫലങ്ങളാണ്. വീണ്ടും ഇവ സംസ്‌കാരങ്ങളായി, ഭാവികര്‍മങ്ങള്‍ക്ക് കാരണമാകുന്നു. അങ്ങനെ നാം മുന്നോട്ടുപോകുന്നു.
 അപൂര്‍വം സന്ദര്‍ഭങ്ങളിലല്ലാതെ, ഓരോ കര്‍മവും ഒരു ഭൂതകാല പ്രവൃത്തിയുടെ സംസ്‌കാരം (കര്‍മഭാവം) കാരണമാണ് ഉണ്ടാകുന്നത്. സൂക്ഷ്മശരീരത്തില്‍ കര്‍മഭാവങ്ങളായി നിലനില്‍ക്കുന്ന ഭൂതകാല കര്‍മങ്ങള്‍ കാരണമാണ് ജീവിതത്തിലെ എല്ലാ കര്‍മങ്ങളും തദ്ഫലമായ അനുഭവങ്ങളും ഉണ്ടാകുന്നത്. അക്ഷ്യുപനിഷത് (22) പറയുന്നു: 
എല്ലാം (ജീവിതത്തില്‍ സംഭവിക്കുന്ന) പഴയ കര്‍മങ്ങള്‍ കാരണമാണ് (പ്രാക്-കര്‍മ നിര്‍മിതം സര്‍വം). 
ശ്വാസോച്ഛ്വാസം, കണ്ണടയ്ക്കല്‍, ഉറക്കം, മൂത്രമൊഴിക്കല്‍, മുലകുടി തുടങ്ങി സാധാരണ ശരീരപ്രവൃത്തികള്‍ കര്‍മഭാവങ്ങ ള്‍ കാരണമാകണം എന്നില്ല, ശരീരത്തിലെ ജീനുകളില്‍ കര്‍മകല്‍പനകളായി വര്‍ത്തിക്കുന്ന സ്വഭാവവിശേഷങ്ങള്‍ കാരണമാകാം ഇവ നടക്കുന്നത് (അധ്യായം 27). കര്‍മപ്രചോദങ്ങള്‍ക്കു പകരം, ജനിതക പ്രേരണകളാണ് അവയ്ക്ക് നിദാനം. കര്‍മങ്ങളുടെ നിരന്തര പരമ്പരയാണ് ജീവിതം. നമ്മുടെ ശരീരം, മനസ്സ്, സംസാരം എന്നിവകൊണ്ട് ഒരു കര്‍മം അല്ലെങ്കില്‍ മറ്റൊന്ന് ചെയ്യാതെ നാം ഒരു നിമിഷംപോലും ഇരിക്കുന്നില്ല. മുന്‍ നിശ്ചയിച്ച കര്‍മഭാവങ്ങളുടെ പ്രചോദനത്താലാണ് എല്ലാ കര്‍മങ്ങളും ഉണ്ടാകുന്നത് എങ്കില്‍, ഒരു ജീവിതത്തിനുള്ള അനവധി കര്‍മഭാവങ്ങള്‍, പ്രാരബ്ധകര്‍മത്തിലുണ്ടായിരിക്കണം; ഇടവേളയില്ലാതെ, ഒന്നിനുമേല്‍ ഒന്ന് എന്ന നിലയ്ക്കല്ലാതെ, ഒന്നൊന്നായി കര്‍മത്തിനുശേഷം കര്‍മം എന്നതിന് പ്രചോദനം നല്‍കത്തക്കവണ്ണം അവ കൃത്യമായ ക്രമത്തില്‍ അടുക്കിയിട്ടുണ്ടാകണം. ജീവിതം തുടങ്ങും മുന്‍പുതന്നെ, പ്രാരബ്ധകര്‍മം ഈ ആവശ്യം നിറവേറ്റുന്നു- മുജ്ജന്മം യഥാര്‍ത്ഥത്തില്‍ ഒടുങ്ങുന്നതിന് മുന്‍പേ. ജീവിതം ആകസ്മികമായി ജീവിക്കുന്നതല്ല എന്ന് മഹര്‍ഷിമാര്‍ പറയുന്നു. ഒരു ജീവിതാരംഭത്തിനു മുന്‍പുതന്നെ, കര്‍മഭാവങ്ങളായി, ആ ജീവിതത്തിന് കൃത്യമായ പദ്ധതി ഉണ്ടാകുന്നു; അത് അടിസ്ഥാന രൂപകല്‍പനയായി, കര്‍മങ്ങള്‍ അനാവരണം ചെയ്യുകയും, ജീവിതത്തിനു രൂപംനല്‍കുകയുമാണ് ചെയ്യുന്നത്. ഇത് സാധ്യമാക്കാന്‍, ഒരു ജീവിതാന്ത്യത്തിന് മുന്‍പേ, വേണ്ടത്ര കര്‍മഭാവങ്ങള്‍ സഞ്ചിതകര്‍മത്തിലെ നിദ്രാവസ്ഥയില്‍ നിന്നുണര്‍ന്ന്, നന്നായി ഭ്രമണം ചെയ്യാന്‍ തുടങ്ങുന്നു. അവ സജീവമാകുമ്പോള്‍, ഉറങ്ങിയിരിക്കുന്ന ബാക്കി സഞ്ചിതകര്‍മത്തില്‍നിന്ന് വിഘടിക്കുന്നു. വിഘടിച്ച കര്‍മഭാവങ്ങള്‍ ഒന്നിച്ചൊരു സംഘമായി തുടങ്ങാനിരിക്കുന്ന ജീവിതത്തെ നിര്‍ണയിക്കുകയും നയിക്കുകയും ചെയ്യുന്നു. ആ പുത്തന്‍ ജീവിതത്തില്‍, ഈ സജീവ കര്‍മഭാവങ്ങള്‍ ഒന്നൊന്നായി പുഷ്പിച്ച്, കര്‍മങ്ങളെ (മുന്‍ കര്‍മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കാന്‍) പ്രചോദിപ്പിക്കുന്നു. അവയെല്ലാം ഫലങ്ങളുണ്ടാക്കാന്‍ പുഷ്പിക്കും. 

അങ്ങനെ, ഈ കര്‍മഭാവങ്ങള്‍, വിടരല്‍ ലക്ഷ്യമാക്കി പ്രവൃത്തി തുടങ്ങി എന്നു പറയാം. ഒന്നൊന്നായി യഥാര്‍ത്ഥത്തില്‍ വിടരുന്നത്, പുത്തന്‍ ജീവിതത്തിന്റെ മൊത്തം ആയുസ്സിനിടയിലായിരിക്കും; എന്നാല്‍, എല്ലാ കര്‍മഭാവങ്ങളും, ഒന്നൊന്നായി വിടരുംവരെ, വേണ്ട ഭ്രമണത്തില്‍ ശരാശരി സജീവത നിലനിര്‍ത്തും. ഈ ഭ്രമണങ്ങള്‍ സൃഷ്ടിക്കുന്ന പ്രസരണതരംഗങ്ങള്‍ മനസ്സിലും ബുദ്ധിയിലുമെത്തി, ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച്, അവയെ ചെറുതായി ബാധിക്കുന്നു. ഇത്തരം ചെറുബാധകളുടെ ആകെത്തുകയാണ്, ആ വ്യക്തിയുടെ സ്വഭാവം, സമീപനം, കഴിവുകള്‍, കാഴ്ചപ്പാട് തുടങ്ങിയവ. അത്തരം സജീവ കര്‍മഭാവങ്ങളുടെ ഫലമാണ്, സഹജവികാരങ്ങളായ മമത, സ്‌നേഹം, വിദ്വേഷം, ഭയം എന്നിവയായി പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍, ആ കര്‍മഭാവങ്ങളെല്ലാം പ്രവര്‍ത്തനം തുടങ്ങിയെന്നു കണക്കാക്കുന്നു. ഇവയുടെ സംയുക്തമാണ് പ്രാരബ്ധകര്‍മം. സംസ്‌കൃതത്തില്‍, പ്രാരബ്ധം എന്നാല്‍, തുടങ്ങിയ കര്‍മഭാവങ്ങള്‍. എന്നുവച്ചാല്‍, പ്രവൃത്തി തുടങ്ങിയ ഒരുകൂട്ടം കര്‍മഭാവങ്ങള്‍. ഈ ജന്മത്തില്‍ അനുഭവിക്കേണ്ട കര്‍മഫലങ്ങള്‍ക്കായി, പ്രാരബ്ധകര്‍മത്തിലെ കര്‍മഭാവങ്ങള്‍ മാത്രമേ, ഒന്നൊന്നായി പുഷ്പിച്ച് പ്രവൃത്തികളും അനുഭവങ്ങളുമായി മാറുകയുള്ളൂ എന്നത് ശ്രദ്ധിക്കണം. മൊത്തം ജീവിതത്തില്‍ ആവശ്യമുള്ള കര്‍മങ്ങള്‍ പ്രചോദിപ്പിക്കാന്‍ വേണ്ടത്ര, ശരാശരി സജീവമായ കര്‍മഭാവങ്ങള്‍ അടങ്ങിയതാണ്, പ്രാരബ്ധകര്‍മം. ഒരു യുവതിയുടെ അണ്ഡാശയത്തില്‍ 300,000 അണ്ഡകണങ്ങള്‍ ഉണ്ടെങ്കിലും, ഒരാര്‍ത്തവത്തില്‍ അവയില്‍ ഒന്നേ അണ്ഡമായി വികസിക്കൂ. അതുപോലെ, ഒരു സമയത്ത്, പ്രാരബ്ധകര്‍മത്തിലെ നിരവധി കര്‍മഭാവങ്ങളില്‍ ഒന്നുമാത്രമേ പുഷ്പിച്ച്, ബുദ്ധിയെ ഒരു കര്‍മത്തിനായി പ്രചോദിപ്പിക്കുകയുള്ളൂ. അത്, ഒരു കര്‍മഫലം കൊണ്ടുവരും. ആ പ്രചോദനമുണ്ടായാല്‍, ബുദ്ധി, ബന്ധപ്പെട്ട കര്‍മത്തിന് മനസ്സിനോടും ഇന്ദ്രിയങ്ങളോടും നിര്‍ദേശിക്കും. ആ കര്‍മംകര്‍മഭാവത്തിന്റെ പ്രതിഫലിച്ച മുജ്ജന്മ കര്‍മത്തിന്റെ ഗുണഗണങ്ങള്‍ അനുസരിച്ച്, സന്തോഷത്തിന്റെയോ ദുഃഖത്തിന്റെയോ അനുഭവത്തില്‍ അവസാനിക്കും. കര്‍മഫലം അനുഭവിച്ചുതീരുംവരെ, കര്‍മഭാവങ്ങള്‍ വിടര്‍ന്നുനില്‍ക്കും. വിടര്‍ന്ന കര്‍മഭാവങ്ങളില്‍, ആശയക്കുഴപ്പമോ തിക്കുമുട്ടലോ ഉണ്ടാവില്ല. പ്രചോദിപ്പിക്കപ്പെട്ട കര്‍മം തീര്‍ന്നാല്‍, കര്‍മഭാവത്തിന്റെ തീക്ഷ്ണത കുറയുന്നു. കര്‍മഫലം അനുഭവിച്ചു തീര്‍ന്നാല്‍, അത് അമരുന്നു; അതിനുശേഷവും പ്രചോദനമുണ്ടായാല്‍, അതിന് പൂര്‍വകര്‍മ സ്മൃതി ഉണര്‍ത്താന്‍ കഴിയും.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...