Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 32

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/32 പ്രാര്‍ത്ഥന 
തെങ്കിലുമൊരു ദൈവത്തിന് അല്ലെങ്കില്‍ സാക്ഷാല്‍ ദൈവത്തിനുള്ള ആശയവിനിമയമാണ് പ്രാര്‍ത്ഥന. അതില്‍ കാര്യസാധ്യത്തിനുള്ള അപേക്ഷയില്ലെങ്കിലും, അതിനെ അങ്ങനെ വിളിക്കുന്നു. ആദി മനുഷ്യര്‍, ദൈവങ്ങള്‍ക്ക് മനുഷ്യക്ഷേമത്തെ നശിപ്പിക്കാനോ ഉയര്‍ത്താനോ ശേഷിയുണ്ടെന്ന് വിശ്വസിച്ചിരുന്നുവെന്നും, കാര്യസാധ്യത്തിന് അഭിലാഷങ്ങള്‍ അര്‍പിക്കും മുന്‍പ്, നിവേദ്യങ്ങള്‍കൊണ്ട് ആരാധിച്ചിരുന്നുവെന്നും നാം കണ്ടു. അത്തരം അഭിലാഷങ്ങളാണ് പ്രാര്‍ത്ഥനകള്‍. സങ്കല്‍പം ദൈവങ്ങളില്‍നിന്ന് സര്‍വശക്തനായ ദൈവത്തിലേക്കുയര്‍ന്നപ്പോള്‍, നിരവധി മനുഷ്യര്‍ ദൈവത്തെ ആരാധിക്കാനും അവന്, പ്രാര്‍ത്ഥനകള്‍ അര്‍പിക്കാനും തുടങ്ങി. എന്നാല്‍, ദൈവങ്ങളെ ആരാധിക്കുകയും പ്രത്യേക വിഷയങ്ങളില്‍ സഹായം ചോദിക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ പഴയ ശീലം പൊതുവേ മാറിയില്ല. നിവേദ്യങ്ങള്‍കൊണ്ട് തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ കരുതിയിരിക്കാം.
 ഭഗവദ്ഗീത (4:12) അതിന്റെ ജനകീയത വ്യക്തമാക്കുന്നു: 
കര്‍മസിദ്ധിക്കു കാംക്ഷിപ്പോര്‍ ദേവന്മാരെ യജിപ്പവര്‍
 ഉടന്‍ മനുഷ്യലോകത്തില്‍ കര്‍മത്താല്‍ സിദ്ധി കിട്ടിടും  
ഇത്, ആത്മീയ ജ്ഞാനത്തിന്റെ ആദ്യഘട്ടമായി കരുതിയ ഋഷിമാര്‍, ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തിയില്ല. പില്‍ക്കാല മതങ്ങള്‍ സ്ഥാപിച്ചവരും സാക്ഷാല്‍ ദൈവത്തെ മാത്രം ആരാധിക്കാന്‍ നിര്‍ബന്ധിക്കുമ്പോഴും, പല ദൈവങ്ങളെ ആരാധിക്കുന്നവരെ നിരുത്സാഹപ്പെടുത്തരുതെന്ന് വിശ്വാസികളോടു നിര്‍ദ്ദേശിച്ചു. ബൈബിള്‍ (പുറപ്പാട് 22:28) അത് ദൈവാജ്ഞയായി വിശേഷിപ്പിച്ചു;
 നീ ദൈവത്തെ നിന്ദിക്കരുത്; അല്ലാഹുവിനോടുള്‍പ്പെടെ പ്രാര്‍ത്ഥിക്കുന്ന അവരെയും (വിഗ്രഹാരാധനക്കാര്‍) നിന്ദിക്കരുത്.

ഭഗവദ്ഗീത കുറച്ചുകൂടി മുന്നോട്ടു പോയി: 
മറ്റു ദൈവാശ്രയം ചെയ്യും കാമത്താല്‍ ജ്ഞാനമറ്റവന്‍
 അതാതു നിയമം പൂണ്ടു തന്‍ തന്‍ പ്രകൃതിപോലവേ
 ഏതേത് ഭക്തനേതേതുമെയ്യര്‍ച്ചയ്‌ക്കോര്‍പ്പു സാദരം
 അതാ നാള്‍ക്കാ ദൃഢശ്രദ്ധ ശരിയാക്കുന്നതുണ്ടു ഞാന്‍ (7:20,21) 
ഇതിലെ രണ്ടാം ശ്ലോകം, ഏതു ഭക്തന്‍ ഏതു ദൈവത്തെ ആരാധിക്കാന്‍ ആഗ്രഹിക്കുന്നുവോ, ആ ദൃഢവിശ്വാസത്തെ പിന്തുണയ്ക്കലാണ് ദൈവനയം എന്നു വ്യക്തമാക്കുന്നു. ഗീത ആവര്‍ത്തിക്കുന്നു: 
അവനാ ശ്രദ്ധയൊത്തായവന്റെ പൂജ നിനയ്ക്കുമേ
 ഹിതകാമങ്ങള്‍ ഞാന്‍ നല്‍കുമവ കിട്ടുമതേ വഴി 
കാരണം, മഹത്വമുള്ള ദൈവം കാണുന്നത് എന്തെന്നാല്‍, 
അന്യദേവകളെ ബ്ഭക്തിശ്രദ്ധയോടും ഭജിപ്പവര്‍
 എന്നെത്തന്നെ ഭജിക്കുന്നു കൗന്തേയ, വിധി വിട്ടുമേ (ഭഗവദ്ഗീത 9:23).
 അങ്ങനെ, അടിയുറച്ച ഒരു പ്രാര്‍ത്ഥന, തീക്ഷ്ണമായി ദൈവത്തിന് അര്‍പിച്ചാല്‍, അത് സംബോധന ചെയ്ത, പരിമിതമായ ശക്തിയുള്ള ദൈവമല്ല, സാക്ഷാല്‍ ദൈവം തന്നെ അത് നടത്തിക്കൊടുക്കുമെന്ന് ഭഗവദ്ഗീത ഉറപ്പിക്കുന്നു. മനുഷ്യന്റെ ഭാഗ്യങ്ങള്‍ തെളിയുന്നത്, കര്‍മഭാവങ്ങള്‍ പൂവണിയുമ്പോഴാണ്. കര്‍മഭാവങ്ങളെ പുഷ്പിക്കാനും അതുവഴി ഭാഗ്യങ്ങള്‍ തെളിയിക്കാനുമുള്ള ക്രമം നിര്‍ദ്ദേശിക്കാനുള്ള ശക്തി ദൈവത്തിനേയുള്ളൂ. ഇതറിയാത്ത ഒരാള്‍, (ഒരു ശങ്കയുമില്ലാതെ) താന്‍ അഭിസംബോധന ചെയ്യുന്ന ഒരു ദൈവത്തില്‍ ഉറച്ചുവിശ്വസിച്ച് പ്രാര്‍ത്ഥന നടപ്പാകും എന്നുകരുതിയാല്‍, അയാള്‍, അത് നടപ്പാക്കാന്‍ കഴിയുന്ന സാക്ഷാല്‍ ദൈവത്തിനുതന്നെ ആ പ്രാര്‍ത്ഥന അര്‍പ്പിക്കുകയാണ്. അയാളുടെ ആത്മാര്‍ത്ഥ വിശ്വാസവും ചങ്കില്‍ നിന്നുള്ള പ്രാര്‍ത്ഥനയും അറിയുന്ന സര്‍വവ്യാപിയായ ദൈവം, അയാളുടെ അജ്ഞത അവഗണിച്ച്, 'വികലമായ വഴി'ക്ക് ആയിരുന്നെങ്കിലും തന്നോടുതന്നെ ആയിരുന്നു വെന്നു മനസിലാക്കി, ആ പ്രാര്‍ത്ഥന സാക്ഷാല്‍കരിക്കുന്നു. ഇവിടെ പ്രസക്തം, പ്രാര്‍ത്ഥനയിലെ ദൃഢതയോ പൂര്‍ണതയോ ആകുന്നു. ബൈബിള്‍ പറയുന്നു:
 നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ചോദിക്കുന്നതെല്ലാം നിങ്ങള്‍ക്ക് ലഭിക്കും. (മത്തായി 21:22)
 ഈ വചനത്തിലെ 'വിശ്വാസമുണ്ടെങ്കില്‍' എന്ന പ്രയോഗം പ്രധാനമാണ്. പ്രാര്‍ത്ഥന സമ്പൂര്‍ണ വിശ്വാസത്തില്‍ വേണം; ദൈവ നന്മയിലെ വിശ്വാസത്തില്‍ കുറവുണ്ടാകരുത്. ദൈവത്തിലെ ആശ്രയം, ആത്മാര്‍ത്ഥവും ഹൃദയം നിറഞ്ഞതുമാകണം. സ്വന്തം ശേഷിയിലുള്ള ആത്മവിശ്വാസം പോലും, ഒരു ശങ്കയായി തോന്നാം; അത് ദൈവത്തിലെ സമ്പൂര്‍ണാശ്രിതത്വത്തിന് നിരക്കുന്നതല്ല. ദൈവം പ്രാര്‍ത്ഥന സാക്ഷാത്കരിക്കുന്നതിന്, ദൈവേച്ഛയ്ക്ക് പൂര്‍ണമായ കീഴടങ്ങള്‍ ഉപാധിയാണെന്ന് നാരദഭക്തി സൂത്രങ്ങള്‍ (27) പറയുന്നു. ഒരു പുരാണകഥ ഉദാഹരണം: വസ്ത്രാക്ഷേപ സമയത്ത്, കടുത്ത നിസ്സഹായതയില്‍, അതീവ ദുഃഖത്തോടെ പാഞ്ചാലി ദൈവത്തിന്റെ ഇടപെടലിന് പ്രാര്‍ത്ഥിച്ചപ്പോള്‍, അവളുടെ ആത്മാവ് (ഭാഗികമായെങ്കിലും) വസ്ത്രത്തിലെ അവളുടെ പിടിത്തത്തിലായിരുന്നു; അത് പൂര്‍ണമായും ഈശ്വര പ്രാര്‍ത്ഥനയില്‍ ആയിരുന്നില്ല. അതിനാല്‍, ആ പ്രാര്‍ത്ഥന, ദൈവത്തിന്റെ സംരക്ഷണം കൊണ്ടുവന്നില്ല. എന്നാല്‍ ഒടുവില്‍, രണ്ടുകൈയും മുകളിലേക്കുയര്‍ത്തി അവള്‍, ''ഈശ്വരാ, എനിക്കാരുമില്ല; ഈ എളിയ ഭക്തയില്‍ നിന്റെ ഇച്ഛ പതിഞ്ഞാലും'' എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍, ആത്മാവ് പൂര്‍ണമായി ദൈവത്തിങ്കലെത്തുകയും, ദൈവം രക്ഷക്കെത്തുകയും അക്രമി ആശയക്കുഴപ്പത്തില്‍ ബോധരഹിതനാവുകയും ചെയ്തു. ഫലമുണ്ടാകാന്‍, പ്രാര്‍ത്ഥന സമ്പൂര്‍ണ 'വിശ്വാസ'ത്തിലാകണം. അതിനാല്‍, മേല്‍ശ്ലോകത്തിലെ 'വിശ്വാസമുണ്ടെങ്കില്‍' എന്ന ഉപാധി. അത്, പൂര്‍ണവിശ്വാസത്തെ കുറിക്കുന്നു. ഇവയില്‍നിന്ന് വ്യക്തമാകുന്നത്, ദൈവത്തിനോട്, പൂര്‍ണവിശ്വാസത്തില്‍ ഒരഭിലാഷ സാഫല്യത്തിനായി തീക്ഷ്ണമായി നടത്തുന്ന പ്രാര്‍ത്ഥന, ദൈവം കേള്‍ക്കും എന്നാണ്. കഷ്ടപ്പാടിലുള്ളവരും ദൈവത്തിനോടു പ്രാര്‍ത്ഥിക്കുന്നു എന്ന് ഭഗവദ്ഗീത നിരീക്ഷിക്കുന്നു (7:16).
 ആ പ്രാര്‍ത്ഥനകള്‍ അഭിലാഷങ്ങള്‍ കൊണ്ട് പ്രചോദിതമാണെങ്കിലും, ഗീത അവയെ 'യോഗ്യത'യുള്ളതായി കാണുന്നു (7:18). കാരണം, കാലക്രമേണ അവരുടെ ദൃഢവിശ്വാസം, ഭക്തിയായി മാറാം. ആത്മാവിനെ സ്പര്‍ശിക്കുമ്പോഴാണ്, പ്രാര്‍ത്ഥന ദൃഢമാകുന്നത്. സത്യസന്ധമായ അഭിലാഷത്തിനേ, ദൃഢപ്രാര്‍ത്ഥനയാകാന്‍ കഴിയൂ. ആത്മാവില്‍നിന്ന് പ്രാര്‍ത്ഥന ഉണരുമ്പോള്‍, ആത്മാവിലെ ചുരുള്‍ തരംഗങ്ങള്‍ വികാരാവേശംകൊണ്ട്, കനത്ത വേഗത്തിലും വീര്യത്തിലും ഭ്രമണം ചെയ്യും; അവയില്‍നിന്നുള്ള പ്രസാരണ തരംഗങ്ങളും വികാരംകൊണ്ട് വീര്യമുള്ളതാകും. കവിളിലൂടെ കണ്ണീരൊഴുകുന്നതാണ്, ഇതിന്റെ ബാഹ്യലക്ഷണങ്ങളിലൊന്ന്. അവ ദുഃഖത്തിന്റെ കണ്ണീരല്ല; തീക്ഷ്ണ വികാരത്തിന്റെ നീരൊഴുക്കാണ്. 

ഫിലോകാലിയ നിരീക്ഷിക്കുന്നു: 
പ്രാര്‍ത്ഥനാ വാക്കുകള്‍ ആത്മാവിന്റെ അഗാധതയെ കുത്തിത്തുളച്ചില്ലെങ്കില്‍, നിങ്ങളുടെ കവിളിനെ കണ്ണീര്‍ നനക്കില്ല.(വാല്യം 3, പേജ് 45). അതില്‍ ഇത്ര കൂടി: നിങ്ങള്‍ കണ്ണീര് കൊണ്ടു പ്രാര്‍ത്ഥിച്ചാല്‍, ചോദിച്ചതൊക്കെ കേള്‍ക്കും.(വാല്യം 1, പേജ് 58). ഖുര്‍ ആന്‍ (2:186) പറയുന്നു: പ്രാര്‍ത്ഥിക്കുന്നവന്‍ കുറയുമ്പോള്‍ അല്ലാഹു അവന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കും. കണ്ണീര്‍ പ്രവാഹവുമായി ആ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥന നടത്തിയാല്‍, ആ പ്രാര്‍ത്ഥനയില്‍നിന്നുള്ള കര്‍മഭാവങ്ങള്‍ വീര്യമുള്ളതായിരിക്കും; അപ്പോള്‍ ദൈവം ഇച്ഛിച്ചാല്‍, ഈ അസാധാണ കര്‍മഭാവത്തെ ഇപ്പോഴത്തെ പ്രാരബ്ധകര്‍മത്തില്‍ അതിനെ ചേര്‍ത്ത്, അതിന്റെ ഫലം നേരത്തെയാകാം (അധ്യായം 22). ദൈവം അങ്ങനെ ചെയ്താല്‍, പ്രാര്‍ത്ഥനയിലെ അഭിലാഷം നേരത്തെ സഫലീകരിക്കും; ദൈവം പ്രാര്‍ത്ഥന കേട്ടു എന്ന് അപ്പോള്‍ നാം പറയും. പ്രാര്‍ത്ഥന എന്ന വാക്കിന്റെ അര്‍ത്ഥം, മുകളിലുള്ളയാളോട് ഒരു കാര്യസാധ്യത്തിനുള്ള ആദരം നിറഞ്ഞ അപേക്ഷയാണ്. മതത്തില്‍ ഇതിന് പൊതുവേയുള്ള അര്‍ത്ഥം, ഒരു ദൈവത്തിന്, അല്ലെങ്കില്‍ സാക്ഷാല്‍ ദൈവത്തിന് ആരാധനാപൂര്‍വമുള്ള സന്ദേശം എന്നാണ്. ഒരാള്‍ പ്രാര്‍ത്ഥിക്കുകയാണ് എന്നാല്‍ അതിനര്‍ത്ഥം, അയാള്‍ ഒരു ദൈവത്തെ അഥവാ സാക്ഷാല്‍ ദൈവത്തെ ആരാധിക്കുന്നു എന്നാണ്. ദൈവം അതീത ശക്തിയും പ്രപഞ്ചത്തിന്റെയും സകല ദൈവങ്ങളുടെയും ജീവജാലങ്ങളുടെയും യജമാനനുമായപ്പോള്‍, പ്രാര്‍ത്ഥന അവനിലേക്കും നീണ്ടു. ആശയങ്ങളും ആദര്‍ശങ്ങളും വളര്‍ന്നപ്പോള്‍, ദൈവം എല്ലാ മനുഷ്യരിലെയും ആത്മാവിന്റെ ഉറിവിടമായി അറിയപ്പെട്ടു; ദൈവങ്ങളോട് ആദിമകാലത്തു തോന്നിയ പേടിയുടെയും അമ്പരപ്പിന്റെയും സ്ഥാനത്ത്, ദൈവത്തോടുള്ള അകമഴിഞ്ഞ പ്രേമം പ്രതിഷ്ഠിതമായി. ദൈവം സര്‍വവ്യാപിയും സര്‍വം നിറഞ്ഞവനും സര്‍വം തികഞ്ഞവനുമായപ്പോള്‍, ലോകത്തിലെ സകലജീവിയെപ്പറ്റിയും സകലതും അറിഞ്ഞവനുമായി. ഓരോരുത്തനും എന്തു നല്‍കണമെന്ന് അവന് അറിയാമെന്ന് അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു; ദൈവം എന്തുചെയ്യണമെന്ന് മനുഷ്യനല്ല പറയേണ്ടത്; അതിനാല്‍, ദൈവത്തിനുള്ള സന്ദേശങ്ങള്‍ പ്രത്യേക അപേക്ഷകളില്‍നിന്ന് മുക്തമായിരിക്കണം. 
ഫിലോകാലിയ (വാല്യം 1, പേജ് 60) പ്രത്യേകമായി പറയുന്നു: നിങ്ങളുടെ ആഗ്രഹങ്ങളുടെ സാഫല്യത്തിനായി പ്രാര്‍ത്ഥിക്കരുത്; അവ ദൈവേച്ഛയ്ക്ക് ഇണങ്ങി എന്നുവരില്ല. 'നിന്റെ ഇച്ഛ എന്നില്‍ നിറവേറട്ടെ'എന്ന് പ്രാര്‍ത്ഥിക്കുക. 
ഇങ്ങനെ, ദൈവത്തിനുള്ള ശരിയായ പ്രാര്‍ത്ഥന, അവന്റെ മഹത്വം ആഹ്ലാദത്തോടെ ഉദ്‌ഘോഷിക്കുന്നതാകണം, അഥവാ, അവന്റെ നാമങ്ങള്‍ ഇടതടവില്ലാതെ ഉരുവിടുന്നതാകണം എന്നു മനസ്സിലായി. ദൈവം ഇതു ചെയ്യണം, അതു ചെയ്യണം എന്ന അപേക്ഷ അതില്‍ ഉണ്ടാകരുത്. ദൈവത്തിനുള്ള സന്ദേശങ്ങളില്‍ കാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥനയോ അപേക്ഷയോ ഇല്ലെങ്കിലും, ദൈവത്തിനുള്ള സന്ദേശങ്ങള്‍ എന്ന നിലയ്ക്ക്, പ്രാര്‍ത്ഥനകളായിത്തന്നെ അറിയപ്പെടുന്നു. ഇത്തരം പാഠങ്ങള്‍ക്കുശേഷവും, സാധാരണ മനുഷ്യര്‍, കാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥനകള്‍ ഇല്ലാത്ത പ്രാര്‍ത്ഥനകള്‍കൊണ്ട് തൃപ്തരാകാതെ, കാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥനകള്‍ അടങ്ങിയ പഴയ പ്രാര്‍ത്ഥനകളില്‍ ഉറച്ചുനിന്നു. അതിനാല്‍, രണ്ടുതരം ദൈവ പ്രാര്‍ത്ഥനകള്‍ നിലവിലുണ്ട്: കാര്യസാധ്യ പ്രാര്‍ത്ഥനകള്‍ ഉള്ളതും ഇല്ലാത്തതും. ഈ അധ്യായത്തില്‍, നാം ചര്‍ച്ച ചെയ്ത് ആദ്യത്തേതാണ്; ഇനി നാം രണ്ടാമത്തേതിലേക്ക് പോകുന്നു; പ്രാര്‍ത്ഥനയില്ലാത്ത പ്രാര്‍ത്ഥന, ഭക്തി മാത്രം.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...