Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 30

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/30, സ്രഷ്ടാവ്‌ 
വേദങ്ങളും ബൈബിളും ഖുര്‍ആനുമൊക്കെ ദൈവത്തെ സ്രഷ്ടാവും നിയന്താവും എല്ലാ ജീവജാലങ്ങളുടെയും ആത്യന്തിക ആവാഹകനുമായി ചിത്രീകരിക്കുന്നു. ഭഗവദ്ഗീത (13:17) പറയുന്നു: 
അവിഭക്തം ജീവികളില്‍ വിഭക്തംപോലെ നില്‍പതാംശ
 ഭൂതഭര്‍ത്താവതോ ജ്ഞേയം ഗ്രസിഷ്ണു പ്രഭവിഷ്ണുവാം.
ഗ്രസിഷ്ണു എന്നാല്‍ ഗ്രസിക്കുന്നവന്‍; പ്രഭാവിഷ്ണു എന്നാല്‍ യജമാനന്‍. 
ജീവജാലങ്ങളില്‍ അവിഭക്തമായി നില്‍ക്കുകയും വിഭക്തമായി തോന്നുകയും ചെയ്യുന്നത്, ബ്രഹ്മന്‍. അതാണ് സ്രഷ്ടാവും നിയന്താവും ആവാഹകനും എന്നര്‍ത്ഥം. 
1. സ്രഷ്ടാവ് 
ആദ്യം ബ്രഹ്മന്‍ മാത്രമായിരുന്നു മൂലജീവകണം, പ്രാപഞ്ചിക ജീവശക്തി അഥവാ ബോധം. വിവേകം, ഭാവന, വിചാരം, അഭിലാഷം, സര്‍ഗശേഷി, കര്‍മശേഷി എന്നിങ്ങനെ നിരവധി ശേഷികള്‍ അടങ്ങുന്നതായിരുന്നു, ബോധം. അത് ഏകാകിയായിരുന്നതിനാല്‍, ഒന്നിച്ചുള്ള കര്‍മത്തിന് മറ്റൊരു ഏകകത്തിന്റെ കൂട്ട് അതാഗ്രഹിച്ചു. അപ്പോള്‍ അതിന്റെ സര്‍ഗശേഷി കുമിഞ്ഞ് പ്രകൃതിയായി. ബ്രഹ്മനും പ്രകൃതിയും ഒന്നിച്ചു പ്രവര്‍ത്തിച്ചു. പ്രകൃതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബ്രഹ്മനെ ദൈവം എന്നുവിളിച്ചു. ദൈവവും പ്രകൃതിയും ചേര്‍ന്ന്, ബുദ്ധി, അഹംബോധം, മനസ്സ്, തന്മാത്രകള്‍, സൂക്ഷ്മശരീരങ്ങള്‍ തുടങ്ങിയ പദാര്‍ത്ഥരഹിത ഏകകങ്ങളെയുണ്ടാക്കി. ദൈവാഭീഷ്ടപ്രകാരം, തന്മാത്രകള്‍ അവക്കിടയില്‍ ഇടകലര്‍ന്ന്, പ്രാപഞ്ചികമായി, പദാര്‍ത്ഥം സൃഷ്ടിച്ചു. പദാര്‍ത്ഥത്തെ ഭിന്നരൂപങ്ങളിലേക്ക് മാറ്റാം. ദൈവാഭീഷ്ട പ്രകാരം, പ്രകൃതി നിരവധി ശരീരരൂപങ്ങളും മറ്റു വസ്തുക്കളും സൃഷ്ടിച്ചു. കടലില്‍നിന്ന് ജല കണികകള്‍ ചിതറുംപോലെ, ചെറുകണങ്ങള്‍ പ്രാപഞ്ചിക ബ്രഹ്മനില്‍നിന്നും സൂക്ഷ്മ കണികകളില്‍നിന്നും ചിതറി. ഈ ബ്രഹ്മകണങ്ങള്‍ ശരീരരൂപങ്ങളില്‍ കയറിയപ്പോള്‍, തത്സമയം അവ ജീവജാലങ്ങളായി. ബ്രഹ്മനാണ് ബോധം അഥവാ ജീവശക്തി എന്നു തെളിഞ്ഞു. ജീവജാലങ്ങളും പദാര്‍ത്ഥത്തിന്റെ അചേതന പിണ്ഡങ്ങളും പ്രപഞ്ചമായി. ദൈവാഭീഷ്ടപ്രകാരം, പ്രകാശവും താപവും ഫോട്ടോണുകളുടെ രൂപത്തില്‍, തന്മാത്രകളുടെ സംയുക്തങ്ങളില്‍നിന്ന് ഉരുവംകൊണ്ടു. ശബ്ദം കമ്പനങ്ങളില്‍ നിന്നും വൈദ്യുതി, കണികകളുടെ ചലനംവഴിയും രൂപപ്പെട്ടു. അങ്ങനനെ അങ്ങനെ. ഇങ്ങനെ, ദൈവം എല്ലാ സൃഷ്ടിക്കും മുകളില്‍ നിന്നു; അവന്റെ അഭീഷ്ടം പ്രകൃതി നിറവേറ്റി. അതിനാല്‍ ദൈവത്തെ സ്രഷ്ടാവ് എന്നുവിളിക്കുന്നു.
 ഭഗവദ്ഗീത (9:8) പറയുന്നു: 
സ്വന്തം പ്രകൃതി കൈക്കൊണ്ടു സൃഷ്ടിപ്പേനിങ്ങു
 വീണ്ടുമേ അവകാശപ്പെട്ടെഴും 
ഭൂതജാലം പ്രകൃതിശക്തിയാല്‍ 
ഇടകലരല്‍ വഴിയുണ്ടായ സൃഷ്ടികളെല്ലാം കുറച്ചുകഴിഞ്ഞ് വിഘടിച്ച് അപ്രത്യക്ഷമാകുന്നു; അതിനാല്‍ ദൈവം, പ്രപഞ്ചത്തെ നിലനിര്‍ത്താന്‍, സൃഷ്ടികളുമായി മുന്നോട്ടുപോകുന്നു. ബൈബിള്‍ (ഉല്‍പത്തി 1:1-27) ദൈവം, സ്വര്‍ഗം, ഭൂമി, ജീവജാലങ്ങള്‍ എന്നിവയുടെ സൃഷ്ടി ആറുനാള്‍കൊണ്ട് നിര്‍വഹിച്ചത് വിവരിക്കുന്നു. 
ഖുര്‍ ആന്‍ (10:4) പറയുന്നു: 
അല്ലാഹു സ്വര്‍ഗങ്ങളും ഭൂമിയും ആറുനാള്‍ കൊണ്ട് സൃഷ്ടിച്ചു. തുടര്‍ന്ന് അവന്‍ സ്വയം സിംഹാസനത്തില്‍ വിരാജിച്ച്, എല്ലാറ്റിനെയും നിയന്ത്രിച്ചു. 
ഖുര്‍ ആന്‍ ദൈവത്തിന്റെ ഒരുദിവസത്തെ മനുഷ്യദിവസവുമായി താരതമ്യം ചെയ്യുന്നു: അല്ലാഹുവിന്റെ ഒരു ദിവസം, നമ്മുടെ ഒരായിരം വര്‍ഷങ്ങളാകുന്നു. (ഖുര്‍ ആന്‍ 22:47). ഇങ്ങനെ, വേദങ്ങള്‍ ദൈവത്തെ പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും സ്രഷ്ടാവായി പ്രഖ്യാപിക്കുന്നു. സൃഷ്ടികള്‍ ഒരിക്കലും അവസാനിക്കുന്നില്ല; അവ അവന്റെ അഭീഷ്ടപ്രകാരം അനന്തമായി സംഭവിക്കുന്നു.
2. നിയന്താവ് 
ശ്വേതാശ്വതാര ഉപനിഷത് (6:17)വിളംബരം ചെയ്യുന്നു: 
അവന്‍, ലോകത്തിന്റെ യജമാനന്‍, അനന്തനും സര്‍വവ്യാപിയും സര്‍വം നിറഞ്ഞവനും സര്‍വതിനും കാരണക്കാരനുമായ പ്രപഞ്ച നിയന്താവും സംരക്ഷകനുമാണ്. വേറെ ഒരാളും പ്രപഞ്ച നിയന്താവായി ഇല്ല. 
ദൈവം മാത്രമാണ്, സര്‍വവ്യാപിയും സര്‍വം നിറഞ്ഞവനും സര്‍വതിനും ഹേതുവും; വേറൊരാള്‍ക്കും ഈ മേന്മകള്‍ ഇല്ല. അതിനാല്‍, ദൈവത്തിന് മാത്രമേ വൈവിധ്യം നിറഞ്ഞ വിശാല പ്രപഞ്ചത്തെ ഭരിക്കാന്‍ പ്രാപ്തിയുള്ളൂ. അവന്‍ അത് കൃത്യമായി ചെയ്യുന്നു.
ഖുര്‍ ആന്‍ (10:4) പറയുന്നു.അവന്‍ പ്രപഞ്ചം സൃഷ്ടിച്ച് അതിനെ ഭരിക്കാന്‍ ആരംഭിച്ചു. 
ഫിലോകാലിയ (വാല്യം 2, പേജ് 279) പറയുന്നു.ദൈവേച്ഛയാണ് എല്ലാറ്റിനെയും നീക്കുന്നതും എല്ലാറ്റിനെയും സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും.'

ദൈവേച്ഛയാണ് സൃഷ്ടിക്കുന്നത്' എന്നുവച്ചാല്‍, പ്രകൃതി എല്ലാറ്റിനെയും സൃഷ്ടിക്കണം എന്നത് അവന്റെ അഭിലാഷമാണ് എന്നര്‍ത്ഥം. 'ദൈവേച്ഛയാണ് എല്ലാറ്റിനെയും നീക്കുന്നത്' എന്നാല്‍, അവന്റെ അഭീഷ്ടപ്രകാരമാണ് എല്ലാ കര്‍മങ്ങളും സംഭവങ്ങളും നടക്കുന്നത് എന്നര്‍ത്ഥം; അവന്റെ കൗശല പൂര്‍ണമായ പ്രചോദനങ്ങള്‍ കൊണ്ടാണ് ജീവജാലങ്ങളിലെ എല്ലാ കര്‍മവും നടക്കുന്നത്. എന്നാല്‍, മനുഷ്യര്‍ക്ക് എപ്പോഴും അവന്റെ രീതികള്‍ മനസ്സിലാകുന്നില്ല. 'അവന്‍ അവയെ നിലനിര്‍ത്തുന്നു' എന്നാല്‍, അവന്‍ ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്നതു നല്‍കുന്നു.
 ഖുര്‍ ആന്‍ (39:62) പ്രഖ്യാപിക്കുന്നു:അല്ലാഹുവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്, അവനാണ് പ്രപഞ്ചത്തിന്റെ മുഴുവന്‍ സംരക്ഷകന്‍. അവന്‍ എല്ലാവരെയും സംരക്ഷിക്കുന്നു, എല്ലാവരെയും നോക്കി നടത്തുന്നു; അവന്‍ എല്ലാറ്റിനും മേല്‍ ഭരിക്കുന്നു. അതിനാല്‍, ദൈവം സര്‍വചരാചരങ്ങളുടെയും നിയന്താവാണ്. 
3. ആവാഹകന്‍ 
അവസാനമായി, ദൈവം, 'ഓരോരുത്തരെയും അവനിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുന്നു.' (ഫിലോകാലി, വാല്യം 2, പേജ് 282). 
ശ്വേതാശ്വതാര ഉപനിഷത് (3:2) പറയുന്നു: സകല ലോകത്തെയും സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്ത ശേഷം, ദൈവം ഓരോന്നിലും നിലനില്‍ക്കുകയും, അവസാനമായി, അവന്‍ അവയെ അവനിലേക്ക് പിന്‍വലിക്കുകയും ചെയ്യുന്നു. 
ഈ വിശേഷത്തെ ഭഗവദ്ഗീത (11:2629) വ്യക്തമായും പ്രതീകാത്മകമായും വിശദീകരിക്കുന്നു.
 ബൈബിള്‍ (സങ്കീര്‍ത്തനം 90:3) പ്രഘോഷിക്കുന്നു:
 നീ മര്‍ത്യനെ പൊടിയിലേക്ക് മടക്കി അയയ്ക്കുന്നു; നീ പറയുന്നു: 'മനുഷ്യമക്കളേ, തിരിച്ചുപോകൂ!' 
ഖുര്‍ ആനും (3:109) പറയുന്നു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകലതും അല്ലാഹുവിന്റെതാണ്; അള്ളാഹുവിലേക്ക് തന്നെ സകലതും മടങ്ങുന്നു. 
ദൈവത്തിലേക്ക് മടങ്ങുന്നതും ദൈവം വലിച്ചെടുക്കുന്നതും ജീവജാലത്തിന്റെ ജീര്‍ണ ശരീരമാവില്ല; അവനിലെ വ്യക്തിത്വവും സത്തയുമായ ആത്മാവാണ് അത്. കടലില്‍ നിന്നുയരുന്ന ജലം കടലിലേക്ക് മടങ്ങും പോലെ, ബ്രഹ്മനില്‍നിന്ന് അഥവാ ദൈവത്തില്‍നിന്ന് ഉയരുന്ന ആത്മാക്കളെല്ലാം, അവസാനമായി അവനില്‍ ചെന്നുചേരുന്നു. അതിനാല്‍, ദൈവം അവനില്‍നിന്നു പ്രസരിച്ച എല്ലാറ്റിനെയും തിരിച്ച് ആവാഹിക്കുന്നതായി പറയുന്നു. അവന്‍, അതിനാല്‍, എല്ലാ ജീവജാലത്തിന്റേയും ആവാഹകനാകുന്നു. ബൈബിള്‍ ഈ മൂന്നു വിശേഷങ്ങളും സംഗ്രഹിക്കുന്നു: സമസ്തവും അവനില്‍നിന്ന്, അവനിലൂടെ, അവനിലേക്ക്. (റോമാക്കാര്‍ 11:36)  

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...