Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 18

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ :രാമചന്ദ്രൻ 


അധ്യായം/18, കര്‍മഭാവങ്ങള്‍

 ര്‍മങ്ങള്‍ കാര്‍മികനൊപ്പം നിലനില്‍ക്കുന്നു എന്നു നാം കണ്ടു. പണ്ടത്തെ സംഭവങ്ങള്‍, ഓര്‍മകളായി വരുന്നത്, ആ സംഭവങ്ങളുടെ പ്രതിഫലനങ്ങള്‍ ഏതൊക്കെയോ രൂപത്തില്‍, നമുക്കുള്ളില്‍, അവലോകനത്തിനായി നിലനില്‍ക്കുന്നതുകൊണ്ടാണ്. സൂക്ഷ്മശരീരത്തിലേക്ക്, കര്‍മത്തിന്റെ കൃത്യമായ പ്രതിഫലനങ്ങള്‍ വഹിക്കുന്ന കേവലതരംഗങ്ങളാണ്, ആത്മാവിന് കര്‍മജ്ഞാനം നല്‍കുന്നതെന്ന് നാം കണ്ടു (അധ്യായം 16). 
ആത്മാവിന്റെ തിരിച്ചറിവിനായി അവ വഹിച്ച പ്രതിഫലനങ്ങളില്‍, ഇന്ദ്രിയ ചലനങ്ങള്‍, ലക്ഷ്യങ്ങള്‍, വികാരങ്ങള്‍, സുഖദുഃഖങ്ങള്‍ തുടങ്ങി എല്ലാ ഭൗതിക, മാനസിക വ്യാപാരങ്ങളോടും കൂടി, കര്‍മത്തിന്റെ സകല വിശദാംശങ്ങളുമുണ്ടായിരിക്കും. അങ്ങനെ, ഈ പ്രതിഫലനങ്ങള്‍, ആ കേവലതരംഗങ്ങളില്‍, കര്‍മത്തിന്റെ കൃത്യമായ പകര്‍പ്പിനായി നിലനില്‍ക്കുന്നു. കര്‍മ പ്രതിഫലനങ്ങള്‍ അടങ്ങിയ കേവലതരംഗങ്ങള്‍ സൂക്ഷ്മ ശരീരത്തിലെത്തുമ്പോള്‍, നശിക്കുന്നില്ല; അവ ചുഴലി തരംഗങ്ങളായി മാറി, അവിടെ നിലനില്‍ക്കുന്നു. സൂക്ഷ്മശരീരത്തിലെ ബുദ്ധിക്ക് അങ്ങനെ കര്‍മത്തെ അവലോകനം ചെയ്യാന്‍ കഴിയുകയും കാര്‍മികന്റെ ഓര്‍മയില്‍ കര്‍മം പുനരവതരിക്കുകയും ചെയ്യുന്നു. പ്രവൃത്തികള്‍, ലക്ഷ്യങ്ങള്‍, വികാരങ്ങള്‍ തുടങ്ങി കര്‍മത്തിലുള്ളതെല്ലാം അതിന്റെ നന്മ, തിന്മകളെ നിര്‍ണയിച്ച്, അവയുടെ ഗുണങ്ങളാകുന്നു. കര്‍മത്തിലടങ്ങിയ പ്രവൃത്തികളുടെയും ലക്ഷ്യങ്ങളുടെയും പൂര്‍ണപ്രതിഫലനങ്ങള്‍ കേവലതരംഗങ്ങള്‍ വഹിക്കുന്നതിനാല്‍, അവയില്‍ കര്‍മ ഗുണങ്ങള്‍ ഉള്ളതായി പറയുന്നു. മറ്റു വാക്കുകളില്‍, ആത്മാവിന്റെ തിരിച്ചറിവിനായി സൂക്ഷ്മശരീരത്തിലേക്ക് കേവലതരംഗങ്ങള്‍ വഹിക്കുന്ന പ്രതിഫലനങ്ങളില്‍, ഒരു കര്‍മത്തിന്റെ പ്രതിഫലനങ്ങള്‍ ഉണ്ട്, അഥവാ പ്രതിഫലിക്കുന്നു. കേവലതരംഗങ്ങള്‍ സൂക്ഷ്മശരീരത്തിനുള്ളില്‍ തറച്ചു കടന്ന് ബുദ്ധിക്കും ആത്മാവിനും കര്‍മജ്ഞാനം നല്‍കുമ്പോള്‍, ആ കേവല തരംഗങ്ങള്‍, സൂക്ഷ്മശരീരത്തിലെ ബുദ്ധിയുടെയും മറ്റും അതിവേഗം ചുഴറ്റുന്ന തരംഗങ്ങളായി ബന്ധപ്പെടുകയും, ആ തരംഗങ്ങളുടെ ചുഴലിവേഗം, കേവലതരംഗങ്ങളെയും, അവയെപ്പോലെ, കറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അനന്തരം, കറങ്ങുന്ന ആ കേവലതരംഗങ്ങള്‍, സൂക്ഷ്മശരീരത്തിന്റെ അന്തരാളത്തില്‍ അമരുകയും അതിസൂക്ഷ്മങ്ങളായി അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു.
 അങ്ങനെ അമരുമ്പോള്‍, ഒരു കര്‍മവുമായി ബന്ധപ്പെട്ട കേവലതരംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഒരു ഘടകമാകുന്നു. പഴയകര്‍മത്തിന്റെ സത്യസന്ധവും പൂര്‍ണവുമായ പ്രതിഫലനങ്ങളോടെ സൂക്ഷ്മശരീരത്തില്‍ കറങ്ങിനില്‍ക്കുന്ന അത്തരം കേവലതരംഗങ്ങളുടെ കൂട്ടത്തെയാണ് ആ കര്‍മത്തിന്റെ കര്‍മഭാവങ്ങള്‍ എന്നുവിളിക്കുന്നത്. സംസ്‌കൃതത്തില്‍ ഭാവം, എന്നാല്‍, അസ്തിത്വം. അപ്പോള്‍, വാക്കിന്റെ വേരുതേടിയാല്‍, കര്‍മഭാവം എന്നാല്‍, കര്‍മത്തിന്റെ നിലനില്‍പ്. അത്, കാര്‍മികന്റെ സൂക്ഷ്മശരീരത്തില്‍, പഴയ കര്‍മത്തിന്റെ യാഥാര്‍ത്ഥ്യ പ്രതീതിയോടെയുള്ള തുടര്‍ച്ചയാണ്. കര്‍മഭാവത്തിന്, ചിന്തകര്‍ വ്യത്യസ്ത പേരുകള്‍ നല്‍കി. ചിലര്‍ കര്‍മം എന്നുതന്നെ ചുരുക്കത്തില്‍ വിളിച്ചു. മറ്റുചിലര്‍ അതിനെ സംസ്‌കാരം (പൈംഗളോപനിഷത് 2:6; യോഗസൂത്രങ്ങള്‍ 3:18) എന്നുവിളിച്ചു. സംസ്‌കൃതത്തില്‍, സംസ്‌കാരം എന്നാല്‍, ശുദ്ധീകരണം. വേദങ്ങള്‍, ചിലപ്പോള്‍, ഉറവിടത്തെതന്നെ ഉല്‍പന്നമായി വിശേഷിപ്പിക്കും. ഉദാഹരണത്തിന്, 'സോമത്തെ പശുവുമായി കലര്‍ത്തുക' എന്ന് ഋഗ്വേദം (9:46:4) പറയുന്നു. സോമം എന്നത് ആ പേരുള്ള ചെടിയുടെ രസവും 'പശു' എന്നത്, അതിന്റെ പാലുമാണ്-ഉല്‍പന്നത്തെ കുറിക്കാന്‍ ഉറവിടത്തെ പറയുന്നു. ഒരാളുടെ അനുകൂലമോ പ്രതികൂലമോ ആയ ശുദ്ധീകരണം, അയാളിലെ സജീവകര്‍മഭാവങ്ങളുടെ സമഗ്രതയുടെ ബാഹ്യപ്രതിഫലനമാണ്; അതിനാല്‍, കര്‍മഭാവങ്ങള്‍, ഒരാളിലെ ശുദ്ധീകരണത്തിന്റെ ഉറവിടമാകുന്നു. അങ്ങനെ, അവയെ, ആലങ്കാരികമായി, സംസ്‌കാരങ്ങള്‍ എന്നുവിളിക്കുന്നു. മറ്റു ചില ഉപനിഷത്തുക്കള്‍, കര്‍മഭാവത്തെ വാസന എന്നു വിളിക്കുന്നു (അന്നപൂര്‍ണ ഉപനിഷത്, 4:52,80,88). 
സംസ്‌കൃതത്തില്‍, വാസന എന്നാല്‍, സ്വാഭാവിക താല്‍പര്യം. ജീവിതത്തിലുണ്ടാകുന്ന സ്വാഭാവിക താല്‍പര്യങ്ങളുടെ കാരണമാണ്, കര്‍മഭാവങ്ങള്‍. അതിനാല്‍, കര്‍മഭാവങ്ങളെ ആലങ്കാരികമായി വാസനകള്‍ എന്നുവിളിക്കുന്നു. പൂര്‍ത്തീകരിച്ച മനഃപൂര്‍വമായ ഏതു പ്രവൃത്തിയും തീര്‍ന്നുപോയ ഏത് തീക്ഷ്ണ വിചാരവും മനസ്സുരുകിയുള്ള ഏതു പ്രാര്‍ത്ഥനയും വികാരം നിറഞ്ഞ ഏതു ഭാഷണവും സൂക്ഷ്മശരീരത്തില്‍ കര്‍മഭാവങ്ങളായി യാഥാര്‍ത്ഥ്യ പ്രതീതിയോടെ നിലനില്‍ക്കുന്നു. കര്‍മങ്ങള്‍ക്കുശേഷവും കര്‍മങ്ങള്‍ ഉണ്ടാകുന്നതിനാല്‍, കര്‍മഭാവങ്ങള്‍ അന്തരാളത്തില്‍ നിറഞ്ഞുകവിയുന്നു; എന്നാല്‍ അവ സംയോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ല. ഓരോ കര്‍മഭാവവും, സ്വതന്ത്രമായ ചുഴലിഘടകമായാണ് നില്‍ക്കുന്നത്. പദാര്‍ത്ഥരഹിതമായതിനാല്‍, അവയ്ക്ക് നില്‍ക്കാന്‍ സ്ഥലംവേണ്ട. ഒരു കര്‍മഭാവത്തിന്റെ കേവലതരംഗങ്ങള്‍ നിറഞ്ഞുകവിഞ്ഞ് പ്രാണമയകോശത്തില്‍ ചെന്നിടിക്കുമ്പോള്‍, അവ അവയിലെ പ്രതിഫലനങ്ങള്‍ ഒരു സൂക്ഷ്‌മേന്ദ്രിയത്തിന് കൈമാറുന്നു; എന്നാല്‍, കേവലതരംഗങ്ങള്‍ക്ക് അവയുടെ ഉള്ളടക്കം നഷ്ടപ്പെടുന്നില്ല. ഗുരു ശിഷ്യന് ജ്ഞാനം പകരുംപോലെയാണ്, ഇത്. വിഷയത്തില്‍ ഗുരുവിനുള്ള ജ്ഞാനം മുഴുവന്‍ ശിഷ്യന് കിട്ടുമ്പോഴും, ഗുരുവിന് ജ്ഞാനം നഷ്ടപ്പെടുന്നില്ല. ഒരാത്മാവിന്റെ ബോധത്തിന്റെ ചുഴലിതരംഗങ്ങള്‍, ഇന്ദ്രിയങ്ങള്‍ക്ക് നിരന്തരം ബോധം (ചൈതന്യം) പ്രസരിപ്പിക്കുന്നുണ്ടെങ്കിലും, (ആ ബോധത്തിന്റെ ഉറവിടമായ) ആത്മാവ് അതുകൊണ്ട് ചുരുങ്ങുകയോ അതിന് എന്തെങ്കിലും നഷ്ടമാവുകയോ ചെയ്യുന്നില്ല. കര്‍മഭാവങ്ങളുടെ കേവലതരംഗങ്ങളുടെ കാര്യവും ഇതുതന്നെ. അവയിലെ പ്രതിഫലനങ്ങള്‍ അവ മനസ്സിന് പകരുന്നുണ്ടെങ്കിലും, അവയ്ക്ക് ആ പ്രതിഫലനങ്ങള്‍ നഷ്ടമാവുന്നില്ല. അതിനാല്‍, പിന്നീട് അവ പഴയ പ്രവൃത്തിയുടെ ഓര്‍മയായി ഉണരുമ്പോള്‍, പഴയ പ്രവൃത്തിയെ കൃത്യമായും സമ്പൂര്‍ണമായും, എല്ലാ വിശദാംശങ്ങളും സഹിതം, മനസ്സില്‍ അവതരിപ്പിക്കാന്‍ അവയ്ക്ക് കഴിയുന്നു. ആ പ്രക്രിയയില്‍, സൂക്ഷ്മ കേവലതരംഗങ്ങള്‍ നിദ്രവിട്ടുണരുകയും, സമ്പൂര്‍ണ കേവലതരംഗങ്ങളായി നിറയുകയും പ്രാണമയകോശത്തില്‍ ചെന്നിടിച്ച് പഴയ പ്രവൃത്തിയുടെ പ്രതിഫലനം ബന്ധപ്പെട്ട സൂക്ഷ്‌മേന്ദ്രിയത്തിന് നല്‍കുകയും അവിടന്ന് അത് മനസ്സിലേക്ക് വിനിമയം ചെയ്യുകയുമാണ് നടക്കുന്നത്. മനസ്സ് അത് ബുദ്ധിക്ക് വിനിമയം ചെയ്യുന്നു. മനസ്സ് ആ പ്രതിഫലനങ്ങള്‍ തിരിച്ചറിയുമ്പോള്‍, അതും ആത്മാവും മൂലപ്രവൃത്തിയെ സകല വിശദാംശങ്ങളും സഹിതം, പുനരനുഭവിക്കുന്നു. ആ അനുഭവം ജാഗ്രദവസ്ഥയില്‍ ഓര്‍മയെന്നും നിദ്രയില്‍ സ്വപ്‌നമെന്നും അറിയപ്പെടുന്നു . വായന, കാഴ്ച, കേള്‍വി, പരീക്ഷണം തുടങ്ങി പ്രവൃത്തികളുടെ കര്‍മഭാവങ്ങളുടെ പ്രതിഫലന ശേഖരമായാണ് ജ്ഞാനം നിലനില്‍ക്കുന്നത്. അതിന്റെ ഉള്ളടക്കത്തിന്റെ ഓര്‍മയായാണ് അത് പ്രത്യക്ഷപ്പെടുന്നത്. ബന്ധപ്പെട്ട കര്‍മഭാവങ്ങളുടെ അവലോകനമാണ് (എവിടെയുണ്ടായാലും) മുജ്ജന്മ സ്മൃതിയെന്ന് യോഗസൂത്രങ്ങള്‍ (3:18) പറയുന്നു (സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണകൃതികള്‍, വാല്യം 1, പേജ് 276). 
മരണവും പൂര്‍വജന്മവും ബാധിക്കാതെ, പല വര്‍ഷങ്ങള്‍ക്കുശേഷവും, ചിലരില്‍ മുജ്ജന്മ സ്മൃതികള്‍ നിലനിന്നുവെന്ന് ഡോ. ഇയാന്‍ സ്റ്റീവന്‍സന്റെ ഗവേഷണത്തില്‍ (അധ്യായം1) വെളിവാക്കി. ഒരോര്‍മയുടെ തുടര്‍ച്ച കാണിക്കുന്നത്, ഉള്ളടക്കം മാറാതെ കര്‍മഭാവങ്ങള്‍ തുടരുന്നു എന്നാണ്. അവ അനിശ്ചിതമായി തുടരുന്നു; അവ നശിക്കുന്നില്ല. ഭൂമിയില്‍നിന്ന് 6000 ദശലക്ഷം പ്രകാശവര്‍ഷങ്ങള്‍ അകലെ നക്ഷത്രസമൂഹങ്ങള്‍ കണ്ടതായി ശാസ്ത്രജ്ഞര്‍ പറയുന്നു. അതിനര്‍ത്ഥം, ഭൂമിയിലെത്താന്‍ 6000 ദശലക്ഷം വര്‍ഷങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിയ പ്രകാശതരംഗങ്ങളെ അവര്‍ കണ്ടെത്തി എന്നാണ്. നക്ഷത്രങ്ങള്‍ക്കും ഭൂമിക്കുമിടയിലെ അന്തരീക്ഷത്തില്‍ അത്രകാലം സൂക്ഷ്മപ്രകാശ തരംഗങ്ങള്‍ക്ക് നില്‍ക്കാനായെങ്കില്‍, അവയെക്കാള്‍ സൂക്ഷ്മമായ കേവലതരംഗങ്ങള്‍ക്കും സൂക്ഷ്മശരീരത്തിന്റെ അന്തരാളത്തില്‍ അനിശ്ചിതമായി നില്‍ക്കാനാവുമെന്ന് തെളിയുന്നു.ഗുണമോ ദോഷമോ ഉള്ള ഒരു കര്‍മഭാവം, അവയുടെ ഫലം നല്‍കാന്‍, ഒരുനാള്‍ പൂവണിയും. ഒരു പുത്തന്‍ വര്‍ത്തമാനകാല പ്രവൃത്തിയെ പ്രചോദിപ്പിച്ചാണ് അവ ഫലം നല്‍കുക. ഇതിന്റെ തത്സമയ ഫലമായിരിക്കും ബന്ധപ്പെട്ട പഴയ കര്‍മത്തിന്റെ ഫലം. കര്‍മഭാവങ്ങള്‍ സജീവമോ നിര്‍ജീവമോ ആയി നില്‍ക്കുന്നുവെന്ന് പറയപ്പെടുന്നു. കര്‍മഭാവം സജീവമായതിന്റെ ലക്ഷണം, മനസ്സിലുണ്ടാകുന്ന അനുരണനമാണ്. അത്തരം ചലനമില്ലാതെയാണ് ഒരു കര്‍മഭാവം നില്‍ക്കുന്നത് എങ്കില്‍, അത് നിര്‍ജീവമാണ്; മനസ്സില്‍ പ്രചോദനം സൃഷ്ടിക്കുന്നെങ്കിലേ, അത് സജീവമാകുന്നുള്ളൂ. കര്‍മഭാവങ്ങള്‍ പൊതുവേ, നിര്‍ജീവമത്രെ. അത് അമരുമ്പോള്‍, ഭ്രമണവേഗം കുറഞ്ഞാല്‍, അത് നിര്‍ജീവമാകും. പിന്നീട് അതിന് യഥാര്‍ത്ഥ വേഗം കിട്ടുകയും അത് ഓര്‍മയുണര്‍ത്താനോ അതിലെ കര്‍മത്തിന്റെ ഫലം നല്‍കാനോ സജീവമാകുകയും ചെയ്‌തേക്കാം. ഒരു ജീവിതം തുടങ്ങും മുന്‍പ്, ആ ജീവിതത്തെ നയിക്കാന്‍ ഒരു വലിയ കൂട്ടം കര്‍മഭാവങ്ങള്‍ ഒറ്റ സംഘമായി ഉയരുകയും അതിനുശേഷം ഓരോ കര്‍മഭാവവും, ഫലം നല്‍കും വരെ, ചെറിയ തോതില്‍ സജീവമായിരിക്കുകയും ചെയ്യുമെന്ന് ഭാരതീയ തത്വചിന്ത സങ്കല്‍പിക്കുന്നു. ഒരു കര്‍മഭാവം സജീവമായിരിക്കേ, അതില്‍ പ്രതിഫലിക്കുന്ന പഴയ പ്രവൃത്തിയുടെ സ്വഭാവമനുസരിച്ച്, അത് മനസ്സില്‍ തുടര്‍ച്ചയായി ചെറിയ പ്രചോദനമുണ്ടാക്കിക്കൊണ്ടിരിക്കും. സൂക്ഷ്മശരീരത്തില്‍ സജീവമായ ഇത്തരം എല്ലാ കര്‍മഭാവങ്ങളുടെയും പ്രചോദനങ്ങളുടെ ആകെത്തുകയാണ് ഒരാളുടെ സ്വഭാവം, സമീപനം, ശേഷി, കാഴ്ചപ്പാട്, താല്‍പര്യം, പൊതുസ്വഭാവം എന്നിവയായി പ്രത്യക്ഷമാകുന്നത്. നന്മ നിറഞ്ഞ പ്രവൃത്തികള്‍, ആനന്ദം നിറഞ്ഞ അനുഭവങ്ങള്‍ എന്നിവയുടെ പ്രതിഫലനങ്ങള്‍ ഉള്ള സങ്കീര്‍ണ കര്‍മഭാവങ്ങള്‍ ആഹ്ലാദഭാവം പ്രകടിപ്പിക്കും; തിന്മ നിറഞ്ഞ പ്രവൃത്തികള്‍, ദുരിതാനുഭവങ്ങള്‍ എന്നിവയുടെ പ്രതിഫലനങ്ങള്‍ ഉള്ള സജീവ കര്‍മഭാവങ്ങള്‍, ദുഃഖഭാവം കാട്ടും. അങ്ങനെ, ശുദ്ധീകരണം, അതിന്റെ വിപരീതമായ പാരുഷ്യം എന്നിവ ഒരാളുടെ സ്വഭാവത്തില്‍ കാണുന്നത്, അയാളുടെ സൂക്ഷ്മശരീരത്തിലെ സജീവ കര്‍മഭാവങ്ങളുടെ പൊതുഫലമാണ്. അങ്ങനെ, കര്‍മഭാവങ്ങള്‍ മനുഷ്യസ്വഭാവം നിര്‍ണയിക്കുന്നു. അതുകൊണ്ട്, കര്‍മഭാവങ്ങളെ, ആലങ്കാരികമായി, സംസ്‌കാരങ്ങള്‍ എന്നു വിളിക്കുന്നു.  


സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണകൃതികള്‍, സംസ്‌കാരങ്ങള്‍ എന്ന ശീര്‍ഷകത്തിനുകീഴില്‍ പല സുപ്രധാന നിരീക്ഷണങ്ങളും നിരത്തുന്നു. ജ്ഞാനപ്രകാശമുള്ളതിനാല്‍, അവയില്‍ ചിലത്, ഉദ്ധരിക്കാം.

 ഈ ഖണ്ഡികകളിലും, മറ്റുചില സന്ദര്‍ഭങ്ങളിലും, വിവേകാനന്ദന്‍ 'മനസ്സ്' എന്ന വാക്ക്, സൂക്ഷ്മശരീരത്തെ കുറിക്കാനാണ് പ്രയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, അദ്ദേഹം ഇങ്ങനെ പറഞ്ഞു: 
ഓരോ മനുഷ്യനും മൂന്നു ഭാഗങ്ങളുണ്ട്- ശരീരം, ആന്തരേന്ദ്രിയം അഥവാ മനസ്സ്, അതിനു പിന്നില്‍, ആത്മന്‍ അഥവാ ആത്മാവ്. ആത്മന്റെ ബാഹ്യാവരമാണ് മനസ്സ്.... (വാല്യം 2, പേജ് 254)
 ആത്മാവിന്റെ 'ആന്തരാവരണം' സൂക്ഷ്മശരീരമാണ്; അതിനെയാണ് അദ്ദേഹം 'മനസ്സ്' എന്നുപറയുന്നത്. കര്‍മഭാവങ്ങളെപ്പറ്റി അദ്ദേഹം നിരീക്ഷിച്ചു: നാം ഏതു പ്രവൃത്തി ചെയ്യുമ്പോഴും, മനസ്സ് (സൂക്ഷ്മശരീരം) ഒരു തരംഗത്തിലേക്ക് എറിയപ്പെടുന്നു; പ്രവൃത്തി തീരുമ്പോള്‍, തരംഗം പോയതായി നാം കരുതുന്നു. ഇല്ല. അത് സൂക്ഷ്മമായി എന്നേയുള്ളൂ; അത് അവിടെത്തന്നെയുണ്ട്. ആ പ്രവൃത്തിയെ നാം ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍, അത് വീണ്ടും തരംഗമായി വരുന്നു. അതിനാല്‍, അത് അവിടെ ഉണ്ടായിരുന്നു; അല്ലെങ്കില്‍, ഓര്‍മ ഉണ്ടാകുമായിരുന്നില്ല. ഇങ്ങനെ, എല്ലാ പ്രവൃത്തിയും ചിന്തയും, നല്ലതാകട്ടെ, ചീത്തയാകട്ടെ, മറഞ്ഞ് സൂക്ഷ്മമാവുകയും, അവിടെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. (വാല്യം 1, പേജ് 243)
 മനസ്സിന് ഒരു നാടകത്തിന്റെ ഉപമ സ്വീകരിച്ചാല്‍, ഓരോ കുമിളയും, മനസ്സിലുണ്ടാകുന്ന ഓരോ തരംഗവും, അത് അമരുമ്പോള്‍, മുഴുവനായി മരിക്കുന്നില്ല; അതൊരു മുദ്ര ചാര്‍ത്തുകയും ഇനിയും വരാനുള്ള സാധ്യത അവശേഷിപ്പിക്കുകയും ചെയ്യുന്നു. തരംഗങ്ങള്‍ പുനരവതരിപ്പിക്കാനുള്ള സാധ്യത അടങ്ങിയ ഈ മുദ്രയാണ് സംസ്‌കാരം. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ശരീരത്തിലെ ഓരോ ചലനവും നാം ചിന്തിക്കുന്ന ഓരോ ചിന്തയും മനസ്സത്തയില്‍ ഇത്തരം മുദ്രകളുണ്ടാക്കും. പ്രതലത്തില്‍ ആ മുദ്രകള്‍ പ്രത്യക്ഷമല്ലെങ്കിലും, അതിനുതാഴെ, ഉപബോധത്തില്‍, പ്രവര്‍ത്തിക്കാന്‍ അവ ശക്തമാണ്. മനസ്സില്‍ ഇവയുടെ സമഗ്രതകൊണ്ടാണ്, നമ്മുടെ ഓരോ നിമിഷവും നിര്‍ണയിക്കപ്പെടുന്നത്. ഞാന്‍ ഈ നിമിഷം എന്താണ് എന്നത്, എന്റെ മുജ്ജന്മത്തിന്റെ അനുഭവമുദ്രകളുടെ സമഗ്രതയുടെ ഫലമാണ്. യഥാര്‍ത്ഥത്തില്‍ സ്വഭാവം എന്നുപറയുന്നത്, ഇതാണ്; ഓരോരുത്തരുടെയും സ്വഭാവം നിര്‍ണയിക്കുന്നത്, ഇത്തരം മുദ്രകളുടെ ആകെത്തുകയാണ്. (വാല്യം1, പേജ് 54) നമ്മുടെ ഓരോ അനുഭവവും ചിത്തത്തില്‍ തരംഗരൂപത്തിലാണുണ്ടാകുന്നത്. ഇത് അമര്‍ന്ന് സൂക്ഷ്മവും അതിസൂക്ഷ്മവുമാകും. പക്ഷേ, ഒരിക്കലും നശിക്കുന്നില്ല. അത് അവിടെ സൂക്ഷ്മരൂപത്തിലിരിക്കുകയും, അതിനെ നമുക്ക് വീണ്ടും ഉയര്‍ത്താനാകുമെങ്കില്‍, അത് ഓര്‍മയാവുകയും ചെയ്യുന്നു. (ചിത്തം എന്നത് മനസ്സിന്റെ അപരനാമം; ഇവിടെ അത് സൂക്ഷ്മശരീരം). (വാല്യം 1, പേജ് 276). മനസ്സ് മഹത്തായ പത്തായമാണ്; സംസ്‌കാര രൂപത്തിലേക്ക് ഭൂതകാല അഭിലാഷങ്ങള്‍ കുറുക്കിയ സഹായകേന്ദ്രം. (വാല്യം 1, പേജ് 297) ഈ നാല് ഉദ്ധരണികള്‍, പ്രവൃത്തി, ചിന്ത, അനുഭവം, അഭിലാഷം എന്നിവയുടെ കര്‍മഭാവങ്ങളെ പരാമര്‍ശിക്കുകയും ചിത്ത (സൂക്ഷ്മശരീരം)ത്തെ ഒരാളിലെ കര്‍മഭാവങ്ങളുടെ പത്തായമായി തിരിച്ചറിയുകയും ചെയ്യുന്നു. 

കര്‍മഭാവങ്ങളുടെ ആവിര്‍ഭാവം

 വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്ന്, കര്‍മഭാവങ്ങള്‍ ഉണ്ടാകാം. ശരീര വൃത്തികളില്‍നിന്നുള്ള അതിന്റെ ആവിര്‍ഭാവം മുകളില്‍ വിശദീകരിച്ചു. മനസ്സുകൊണ്ടും സംസാരംകൊണ്ടും ചെയ്യുന്ന കര്‍മങ്ങളും കര്‍മഭാവങ്ങളെ സൃഷ്ടിച്ചേക്കാം. മനസ്സിന്റെ ഒരു പ്രവൃത്തിയാണ് ആശ. മനസ്സ് ആശിക്കുമ്പോള്‍, അതിന് ആനുപാതികമായ തീക്ഷ്ണതയില്‍ അത് കമ്പനം ചെയ്യുന്നു. ഈ കമ്പനത്തില്‍നിന്നുയരുന്ന കേവലതരംഗങ്ങള്‍ അഭിലാഷത്തിന്റെയും അതിന് അനുബന്ധമായ വികാരങ്ങളുടെയും പ്രതിഫലനങ്ങള്‍ വഹിക്കുന്നു. അവ ബുദ്ധിയിലേക്ക് പ്രസരിച്ച്, ആ അഭിലാഷം സാധിതമാക്കാനുള്ള പ്രവൃത്തിയെ പ്രചോദിപ്പിക്കുന്നു. അതില്‍ വിജയിച്ചില്ലെങ്കിലും, ആ കേവലതരംഗങ്ങള്‍ സൂക്ഷ്മ ചുഴലിതരംഗങ്ങളായി സൂക്ഷ്മശരീരത്തിന്റെ അന്തരാളത്തില്‍ വേണ്ട ഊര്‍ജത്തോടെ കര്‍മഭാവമായി നിലനില്‍ക്കും. അമര്‍ന്ന നിലയിലും, തീക്ഷ്ണാഭിലാഷങ്ങള്‍ തുടങ്ങിയ കേവലതരംഗങ്ങള്‍ ശാന്തവും നിര്‍ജീവവുമാകാതെ ഊര്‍ജസ്വലമായി ആഞ്ഞാല്‍, ആ അഭിലാഷമോ പ്രാര്‍ത്ഥനയോ സഫലീകരിക്കാന്‍ അവയ്ക്ക് അധികം കാക്കേണ്ടിവരില്ല (അധ്യായം 22). അഭിലാഷത്തിലോ പ്രാര്‍ത്ഥനയിലോ തീക്ഷ്ണത ഉച്ചസ്ഥായിയിലാണെങ്കില്‍, ഫലം തത്സമയമായിരിക്കും. ആദ്യം, ഒരു ജീവജാലത്തെ സൃഷ്ടിക്കാന്‍ ഒരു ബ്രഹ്മകണം ഒരു ഭൗതികശരീരത്തില്‍ കടന്നപ്പോള്‍, അന്ന് അത് എല്ലാ കര്‍മഭാവത്തില്‍നിന്നും മുക്തമായിരുന്നിരിക്കും. എന്നാല്‍, ഭൗതികേന്ദ്രിയങ്ങള്‍വഴി ജീവജാലം ആകസ്മികമായി മറ്റ് വസ്തുക്കളെ അറിഞ്ഞപ്പോള്‍, അതില്‍ അഭിലാഷം അങ്കുരിക്കുകയും അവ അതില്‍ കര്‍മഭാവങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പില്‍ക്കാല ജീവിതങ്ങളിലും, ആകസ്മികമായ ഇന്ദ്രിയ സ്പന്ദങ്ങള്‍ അഭിലാഷങ്ങളും കര്‍മങ്ങളും സൃഷ്ടിച്ചേക്കാം. നമ്മുടെ ഇപ്പോഴത്തെ മിക്ക അനുഭൂതികളും കര്‍മഭാവങ്ങളുടെ സൂത്രപ്പണികളാകാം.

 എന്നാല്‍ വല്ലപ്പോഴും, ആകസ്മിക സ്പന്ദങ്ങളുണ്ടായി അഭിലാഷങ്ങള്‍ക്കു കാരണമാകാം. അതെന്തുമാകട്ടെ, ഗുണമോ ദോഷമോ അടങ്ങിയ ഒരഭിലാഷം ഒരനശ്വര കര്‍മഭാവത്തെ സൃഷ്ടിക്കും. ഒരു കര്‍മഭാവം പ്രചോദിപ്പിച്ച ഒരു കര്‍മം, ഒരു പുത്തന്‍ കര്‍മഭാവത്തെ സൃഷ്ടിച്ചേക്കാം. ഒരു കര്‍മഭാവത്തിന്റെ പ്രചോദനം ഒരു പ്രത്യേകഫലത്തിനു മാത്രമുള്ളതാകാം; എന്നാല്‍ അത് സാധിക്കുന്നതിന്റെ രീതികള്‍, പ്രസക്തമായ കര്‍മത്തിന്റെ യഥാര്‍ത്ഥ പ്രക്രിയ, പ്രകൃതിക്കുള്ളതാണ്. ഒരു വ്യക്തിയുടെ ആ നേരത്തെ സ്വഭാവം നിയന്ത്രിക്കുന്ന പ്രകൃതിഘടകങ്ങള്‍ ഇവിടെ നിര്‍ണായമാകും. അങ്ങനെ, ഒരാളില്‍ ഒരു കര്‍മഭാവത്തിന്റെ പ്രചോദനം, ഒരു പ്രത്യേക സ്ത്രീയുമായുള്ള സംയോഗം ആണെങ്കില്‍, സത്വഗുണം ആഹ്ലാദകരമായ ദാമ്പത്യത്തിന് അവളുടെ സമ്മതം ചോദിക്കും; രജോഗുണം അവളെ കിട്ടാന്‍ അവളുടെ മാതാപിതാക്കള്‍ക്ക് പണം നല്‍കാന്‍ അയാളെ പ്രേരിപ്പിക്കും. തമോഗുണം ആകട്ടെ, അവളെ തട്ടിക്കൊണ്ടു പോകുന്നതിന് അയാളെ പ്രേരിപ്പിച്ചേക്കാം. അപ്പോള്‍ അധീശത്വം വഹിക്കുന്ന ഗുണത്തെ ആശ്രയിച്ചിരിക്കും, യഥാര്‍ത്ഥ പ്രവൃത്തി. ഓരോ പ്രവൃത്തിക്കും അതിന്റേതായ ഗുണ, ദോഷങ്ങളുണ്ട്. പ്രവൃത്തിക്കു പ്രചോദനമായത് കര്‍മഭാവങ്ങള്‍ അല്ലെങ്കില്‍, അതൊരു പുതിയ പ്രവൃത്തിയാണ്; അത് പുത്തന്‍ കര്‍മഭാവത്തെ അതിന്റെതായ ഗുണങ്ങളോടെ സൃഷ്ടിക്കും. വിത്തും ചെടിയുംപോലെ, കര്‍മങ്ങള്‍ കര്‍മഭാവങ്ങളെയും കര്‍മഭാവങ്ങള്‍ കര്‍മങ്ങളെയും സൃഷ്ടിക്കുന്നു- നിലയ്ക്കാത്തതാണ് ഈ പരമ്പര.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...