Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 28

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/28, വ്യക്തി ദൈവം
 ദൈവത്തെ സംബന്ധിച്ച വിചാരങ്ങളില്‍നിന്നു കിട്ടുന്നത്, സര്‍വവ്യാപിയായ, പ്രപഞ്ചനിയന്താവായ, ഒരതിബോധ ഏകകത്തിന്റെ അസ്തിത്വമാണ്; മൊത്തം പ്രപഞ്ചത്തിലും അതിനപ്പുറവും നിറഞ്ഞിരിക്കുന്ന അമൂര്‍ത്ത അസ്തിത്വം. എന്നാല്‍, പ്രപഞ്ചത്തെ നിയന്ത്രിക്കുമ്പോള്‍ അത്, പ്രകൃതിയിലെ ഓരോ പ്രതിഭാസത്തിലും ഇടപെടുന്ന അതീതവ്യക്തിയെപ്പോലെയാണ്. ആ അമൂര്‍ത്ത ഏകകത്തെ നാം ബ്രഹ്മന്‍ എന്നുവിളിക്കുന്നു; പക്ഷേ, അതിന്റെ കര്‍മത്തെ നാം ഭാവനയില്‍ ഒരതീതവ്യക്തിയായി കാണുമ്പോള്‍, അതിനെ നാം ദൈവം എന്നുവിളിക്കുന്നു. 
ബ്രഹ്മനോ ദൈവമോ ആകട്ടെ, അത് ജീവജാലങ്ങളില്‍ ജീവനായി പ്രത്യക്ഷമാകുന്ന ബോധത്തിന്റെ പ്രാപഞ്ചിക അസ്തിത്വമാകുന്നു. അത് അരൂപിയായ സര്‍വവ്യാപിയാകുന്നു. ദൈവത്തെ ആരാധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുവെ അതിനെ അറിയുകയും ഭാവനയില്‍ കാണുകയും ചെയ്യുന്നത്, കൃത്യമായ വ്യക്തിരൂപത്തിലാണ്. അങ്ങനെ അവനെ വ്യക്തിദൈവമായി വിശേഷിപ്പിക്കുന്നു. വിഷ്ണു, ദുര്‍ഗ, യഹോവ, ക്രിസ്തു, അല്ലാഹു തുടങ്ങിയവയെല്ലാം വ്യക്തിദൈവങ്ങളായാണ് ആരാധിക്കപ്പെടുന്നത്. വ്യക്തിരൂപത്തില്‍ അറിഞ്ഞാല്‍, ദൈവം വ്യക്തി ദൈവമാകും. മറിച്ച്, ദൈവത്തെ അരൂപ യാഥാര്‍ത്ഥ്യത്തില്‍ അറിഞ്ഞാല്‍ അത് അമൂര്‍ത്ത ദൈവമാകുന്നു; അത് എല്ലാ ജീവജാലത്തിലെയും ജീവന്റെ ആകെത്തുകയായി അറിയുന്നു. ഭക്തര്‍ പൊതുവേ വ്യക്തിദൈവത്തെ ആരാധിക്കുന്നു. ദൈവം യേശുവിന്റെ ജ്ഞാനസ്‌നാന സമയത്തും
 1856 മുതല്‍ കൊല്‍ക്കത്തയില്‍ മഹര്‍ഷിയായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസന്റെ മുന്‍പിലും (അധ്യായം 33) പ്രത്യക്ഷപ്പെട്ടപോലെ, ദൈവം ഇടക്കിടെ വ്യക്തിപരമായ സാന്നിദ്ധ്യം അറിയിക്കുമെന്ന് അവര്‍ കരുതുന്നു. 1874 ല്‍ ശ്രീരാമകൃഷ്ണന്‍ ദൈവത്തെ യേശുവിന്റെ രൂപത്തില്‍ ദര്‍ശിച്ചത്, ദൈവത്തിന്റെ രണ്ടു ഭാവങ്ങള്‍ക്കും ഉദാഹരണമാണ്. ആ ദര്‍ശനം വിവരിക്കപ്പെട്ടത് (Ramakrishna the Great Master) 2:21:3, പേജ് 296) ഇങ്ങനെ: 
താമസിയാതെ അയാള്‍ അദ്ദേഹത്തെ സമീപിച്ചു. അപ്പോള്‍ ഗുരുവിന്റെ ഹൃദയത്തിന്റെ അഗാധതയില്‍ നിന്ന് 'യേശു! ക്രിസ്തുവായ യേശു...' എന്ന വാക്കുകള്‍ പുറത്തുവന്നു. ദൈവവ്യക്തിയായ യേശു ഗുരുവിനെ ആലിംഗനം ചെയ്ത് ആ ശരീരത്തിലേക്ക് അപ്രത്യക്ഷനായി. ഗുരു സാധാരണ ബോധം നഷ്ടപ്പെട്ട് സമാധിയിലായി... കുറച്ചുനേരം....
 'നല്ല ഭംഗിയുള്ള അപാരനായ ദൈവ വ്യക്തി' എന്ന ശ്രീരാമകൃഷ്ണ ദൈവദര്‍ശനത്തില്‍, സുന്ദരമായ മുഖവും നീണ്ട കണ്ണുകളുമുള്ള അവന്‍ അദ്ദേഹത്തിനടുത്തേക്ക് നടന്ന് അദ്ദേഹത്തെ ആശ്ലേഷിച്ചത്, വ്യക്തിയായിത്തന്നെ ദൈവത്തെ ദര്‍ശിച്ച അനുഭവമായിരുന്നു. അവന്‍ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് അപ്രത്യക്ഷനായത്, ദൈവത്തിന്റെ പദാര്‍ത്ഥരഹിതമായ അമൂര്‍ത്ത യാഥാര്‍ത്ഥ്യത്തെ വെളിവാക്കുന്നു. ദൈവത്തിന് രണ്ടുരൂപങ്ങള്‍, മൂര്‍ത്തവും അമൂര്‍ത്തവും, രൂപമുള്ളതും ഇല്ലാത്തതുമായവ, ഉണ്ടെന്ന് തോന്നുമെന്ന് മൈത്രായനി ഉപനിഷത് (5:3) നിരീക്ഷിക്കുന്നു. ആദ്യത്തേത് തോന്നലും രണ്ടാമത്തേത് യാഥാര്‍ത്ഥ്യവുമാണ്. എന്നാല്‍, വേദങ്ങള്‍ പറയുന്നത് ദൈവത്തിന്റെ വ്യക്തിപ്രത്യക്ഷം തോന്നലല്ല എന്നാണ്. മോശയ്ക്കുമുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന്റെ ജനങ്ങളോട് ഈജിപ്തിന് പുറത്തുകടക്കാന്‍ ഉപദേശിച്ചുവെന്ന് ബൈബിള്‍ (പുറപ്പാട്, അധ്യായം 4-6)പറയുന്നു. (ഇപ്പുസ്തകത്തിലെ ആദ്യ അധ്യായത്തിലെ ചാഫിന്റെ കഥ താരതമ്യം ചെയ്യുക). ചാഫിന്റെ ആത്മാവ് ഒരാള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട് ഒളിപ്പിച്ച വില്‍പത്രം കണ്ടെത്താന്‍ ഉപദേശിച്ചുവെങ്കില്‍, എന്തുകൊണ്ട് ബൈബിള്‍ പറഞ്ഞപോലെ, മോശയ്ക്കു മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടാതിരുന്നു കൂടാ? പ്രഹ്ലാദനുമുന്നില്‍ ദൈവം അദൃശ്യത്തില്‍നിന്ന് ദൃശ്യത്തിലേക്ക് വന്നെന്നും, ഭക്തരെ രക്ഷിച്ചശേഷം അദൃശ്യത്തിലേക്ക് അപ്രത്യക്ഷനായെന്നും പുരാണങ്ങള്‍ പറയുന്നു. യേശുവിനെ ജ്ഞാനസ്‌നാനം ചെയ്തപ്പോള്‍, ബൈബിള്‍ (ലൂക്കോസ് 3:22) പറയുന്നു: 
പരിശുദ്ധാത്മാവ് മൂര്‍ത്തരൂപത്തില്‍ ഒരു പ്രാവിനെപ്പോലെ അവന്റെ മേല്‍ ഇറങ്ങിവന്നു. അവന്റെ ശരീരത്തിലേക്ക് അപ്രത്യക്ഷനായ 'പ്രാവ്', അവനെ പരിശുദ്ധാത്മാവ് 'നിറഞ്ഞവനാക്കി' (പരിശുദ്ധാത്മാവ് നിറഞ്ഞവനായി യേശു യോര്‍ദ്ദാനില്‍നിന്നു മടങ്ങി; ലൂക്കോസ് 4:1). 
അതിനുശേഷം അവന്‍ വചനം ഉദ്‌ഘോഷിക്കാനും ദൈവനാമത്തില്‍ അദ്ഭുത പ്രവൃത്തികള്‍ ചെയ്യാനും തുടങ്ങി. ഈ ആഖ്യാനങ്ങള്‍ ദൈവത്തിന്റെ മൂര്‍ത്തവും അമൂര്‍ത്തവുമായ ദ്വന്ദ്വഭാവം വിളംബരം ചെയ്യുന്നു. ആകാശത്തുനിന്ന് ഒരു പ്രാവിന്റെ രൂപത്തില്‍ യേശുവിനുമേല്‍ ഇറങ്ങിവന്നത് മൂര്‍ത്തമായ അദ്ഭുതമാണ്; അവന്റെ ശരീരത്തില്‍ അപ്രത്യക്ഷനായത് അതിമാനുഷ അദ്ഭുതവും. ഭഗവദ്ഗീത (4:11) പറയുന്നു:
ആരെന്നെയെമ്മട്ടണതമ്മ ട്ടവരെയേല്‍പു ഞാന്‍ 
ഒരാള്‍ തീക്ഷ്ണമായും സൂക്ഷ്മമായും ഏകാഗ്രമായും ദൈവത്തെ പ്രത്യേകരൂപത്തില്‍ വിചാരിച്ചാല്‍, ദൈവം അയാള്‍ക്കുമുന്നില്‍ ആ രൂപത്തില്‍ പ്രത്യക്ഷപ്പെടും എന്നര്‍ത്ഥം.ഫിലോകാലിയ (വാല്യം 2, പേജ് 186) പറയുന്നു: 
ഓരോ ആളും അവനെ കരുതുംമട്ടില്‍, ദൈവം അവര്‍ക്കു മുന്‍പില്‍ വെളിപ്പെടുന്നു.

 ദൈവത്തെ ഏകാഗ്രമായി വിചാരിക്കാന്‍, മനുഷ്യര്‍ക്കു പൊതുവേ ഒരുരൂപം ആവശ്യമാണ്. നാമരൂപത്തിലാണ് സാധാരണ നാം ഒരു വസ്തുവിനെ വിചാരിക്കുന്നത്. നാമവും രൂപവും വേറിടാതെ ഒന്നിച്ചുനില്‍ക്കുന്നു; ഒന്ന് മറ്റൊന്നിനൊപ്പമാണ് മനസ്സിലെത്തുന്നത്. ഒരു വസ്തുവിനെ ഓര്‍ക്കാന്‍ നാം ശ്രമിക്കുമ്പോള്‍, അതിന്റെ നാമവും രൂപവും മനസ്സിലേക്ക് വരികയും മറ്റെല്ലാ വിചാരങ്ങളും അവയ്ക്ക് ചുറ്റും സംഭവിക്കുകയും ചെയ്യുന്നു. വിചാരത്തിനൊപ്പം ഒരു രൂപമില്ലെങ്കില്‍, വിചാരം തന്നെ മായുന്നു. അതിനാല്‍, ഒരു വസ്തുവിനെപ്പറ്റി വിചാരിക്കാന്‍, മനുഷ്യന് ഒരു നാമവും രൂപവും വേണം; ഒരു വസ്തുവിനെ സംബന്ധിച്ച വിചാരം നിലനില്‍ക്കാന്‍, ഒരു കൃത്യമായ രൂപത്തില്‍ വിചാരിക്കണം. അപ്പോള്‍ ഒരു വസ്തുവിന് രൂപമില്ലെങ്കില്‍, അതിനെപ്പറ്റി ഒരുറച്ച വിചാരം നിലനിര്‍ത്താന്‍ പ്രയാസമായിരിക്കും. മൂര്‍ത്തമായും അമൂര്‍ത്തമായുമുള്ള എല്ലാ ദൈവവിചാരങ്ങളും ഒരേ ഫലത്തിലേക്ക് നയിക്കുന്നുവെന്ന് ഭഗവദ്ഗീത (12:2-5) പറയുന്നു. പക്ഷേ, ശരീരബോധമുള്ള മനുഷ്യര്‍ക്ക്, അമൂര്‍ത്ത സങ്കല്‍പത്തില്‍ ദൈവവിചാരം സാധ്യമല്ല. അതിനാല്‍, ഭക്തര്‍ സാധാരണ ദൈവത്തെ ശരീരരൂപത്തില്‍ സങ്കല്‍പിച്ച് ധ്യാനിക്കുന്നു. ശരീരരൂപമാണ് ഏറ്റവും മഹത്തായ രൂപം എന്നു കരുതുന്നതിനാല്‍ ആ രൂപത്തില്‍ അവര്‍ ദൈവത്തെ വിചാരിക്കുന്നു (ബൈബിള്‍, ഉല്‍പത്തി 1:26 -27). കൃത്യമായ രൂപത്തിലുള്ള സങ്കല്‍പം, ധ്യാനത്തെ എളുപ്പവും ദൃഢവുമാക്കുകയും, ദൈവവിചാരം ഏകാഗ്രമാക്കുകയും ആരാധന സുഖദമാക്കുകയും ആരാധനാ വൃത്തികളില്‍ തൃപ്തി നല്‍കുകയും ഭക്തിയെ തീക്ഷ്ണമാക്കുകയും ചെയ്യുന്നു.രാമപൂര്‍വതാപിനി ഉപനിഷത് (1:7) നിരീക്ഷിക്കുന്നു: 
ഭക്തര്‍ക്ക് ലക്ഷ്യസാധ്യത്തിനായി, അരൂപിയായ, സര്‍വവ്യാപിയായ ബോധ ഏകകമായ ബ്രഹ്മന്, രൂപം സങ്കല്‍പിക്കുന്നു. 
ദൈവം 'അരൂപിയായ' അല്ലെങ്കില്‍ അമൂര്‍ത്തമായ ഏകകമാണെന്നും അതിന് സങ്കല്‍പിക്കുന്ന രൂപം, മനുഷ്യന്റെ ധ്യാനം, ആരാധന എന്നിവയ്ക്ക് സൗകര്യപ്രദമായ കലാസങ്കല്‍പമാണെന്നും അര്‍ത്ഥം. എന്നാല്‍, വിഷ്ണുവിനെയും ശിവനെയും പോലുള്ള വ്യക്തിദൈവങ്ങളെ എപ്പോഴും, ചിത്‌സ്വരൂപ, ചിന്മയ, ചൈതന്യരൂപി എന്നൊക്കെയാണ് പ്രകീര്‍ത്തിക്കുന്നത്. 'ചിത്, ചൈതന്യം എന്നീ രൂപങ്ങളില്‍' ജീവബോധം; ചിത്, ചൈതന്യത്തിന്റെ ചുരുക്കരൂപം. അതിനാല്‍, വ്യക്തിദൈവം എന്നതിലെ 'വ്യക്തി' ദൈവം വ്യക്തിയായി നില്‍ക്കുന്നതിന്റെ വിവരണം അല്ല. അത്, ദൈവത്തെ കൃത്യരൂപത്തില്‍ സങ്കല്‍പിക്കുന്നതിനെ മാത്രം ധ്വനിപ്പിക്കുന്നു. വ്യക്തിരൂപത്തില്‍ സങ്കല്‍പിക്കപ്പെട്ട ദൈവത്തിന്, വ്യക്തിദൈവത്തിന് ഉള്ളതാണ്, പ്രാര്‍ത്ഥനയും ഭക്തിയും. ഒരു ദൈവദര്‍ശനം മൂര്‍ത്തരൂപത്തില്‍ ആകണം എന്നില്ല. ദൈവം പ്രാപഞ്ചികബോധമാണെന്നും ജീവശക്തിയുടെ പ്രപഞ്ചാസ്തിത്വമാണെന്നും എല്ലാ പദാര്‍ത്ഥരഹിത കണികകളും ഫോട്ടോണുകളെക്കാള്‍ അതിവേഗം കറങ്ങുന്ന ചുരുള്‍ തരംഗങ്ങളാണെന്നും നാം കണ്ടു (അധ്യായം 8). അതിവേഗ ഭ്രമണത്താല്‍, ഫോട്ടോണുകള്‍ ഒരു തിളക്കം അഥവാ വെളിച്ചം കാട്ടും. മിസിസ് ഡോറിസിനുണ്ടായ പരേതനായ പിതാവിന്റെ ആത്മാവിന്റെ ദര്‍ശനം വിസ്മയം നിറഞ്ഞ പ്രകാശധോരണിയുടെ കേന്ദ്രത്തില്‍ അദ്ദേഹം നില്‍ക്കുന്നതായിട്ടായിരുന്നു (അധ്യായം 1). ഇതെല്ലാം ഒരു ദൈവദര്‍ശനത്തിലും സംഭവിക്കുന്നു. കാളിയുടെ രൂപത്തില്‍ ദൈവത്തെ കാണാന്‍ കൊതിച്ചപ്പോള്‍ ശ്രീരാമകൃഷ്ണനുണ്ടായ ദര്‍ശനം, അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ വായിക്കാം (Sri Ramakrishna The Great Master, പേജ് 163-165). അദ്ദേഹത്തിന്റെ ദര്‍ശനം, 'അതിരില്ലാത്ത പ്രകാശസാഗരത്തിന്റെ അനന്തബോധം' ആയിരുന്നു. അതിന്റെ കേന്ദ്രത്തില്‍, പ്രകാശത്തില്‍ കുളിച്ച്, ഭഗവതി. ഏതാനും നാള്‍ കഴിഞ്ഞ്, ആശിച്ചപ്പോഴൊക്കെ ആ ദര്‍ശനം അദ്ദേഹം കാണുകയും സമാധിയില്‍ ലയിക്കുകയും ചെയ്തു. രാത്രിയിലെ എണ്ണവിളക്കിന്റെ വെട്ടത്തില്‍, ആ ദര്‍ശനങ്ങള്‍ കണ്ടപ്പോള്‍, ഒരിക്കലും ചുമരില്‍ ദേവിയുടെ നിഴല്‍ പതിഞ്ഞില്ലെന്ന് അദ്ദേഹം കണ്ടു. അതിനര്‍ത്ഥം അദ്ദേഹം കണ്ട പ്രകാശമാനമായ രൂപങ്ങള്‍ വ്യക്തിരൂപങ്ങള്‍ ആയിരുന്നില്ലെന്നും, അമൂര്‍ത്തമായ, പദാര്‍ത്ഥരഹിതമായ, ജീവബോധത്തിന്റെ രൂപങ്ങളായിരുന്നു എന്നുമാണ്.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...