Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 15

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 


അധ്യായം/15, കമ്പനങ്ങളും  തരംഗങ്ങളും

 സൂക്ഷ്‌മ , ഭൗതിക ശരീരത്തിലും മറ്റും കമ്പനങ്ങളും തരംഗങ്ങളും പ്രധാന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. മേലോട്ടും താഴോട്ടും അല്ലെങ്കില്‍, ഇടത്തോട്ടും വലത്തോട്ടുമുള്ള, താളാത്മകമായ ആന്ദോളനങ്ങളാണ് കമ്പനങ്ങള്‍. കമ്പനങ്ങളുടെ മുന്നോട്ടുള്ള ചലനങ്ങളാണ് തരംഗങ്ങള്‍, സാധാരണ തരംഗങ്ങള്‍ ശിഖരവും അടിയുമായി നീങ്ങുന്നു; ചുഴലി തരംഗങ്ങള്‍ ഭ്രമണം ചെയ്യുന്നു. ഒരു തരംഗത്തിലെ ഒരു മല, ഒരു താഴ്‌വര, ഒരു മല നീക്കമാണ്, ഒരു കമ്പനം. മുന്നോട്ടുള്ള തരംഗങ്ങളും ചുഴലിതരംഗങ്ങളുമുണ്ട്. മുന്നോട്ടുള്ളവയെ വസ്തുക്കള്‍ ഉള്ളിലേക്കെടുക്കുമ്പോള്‍ അപ്രത്യക്ഷമാകും. ചുഴലിതരംഗങ്ങള്‍ ദീര്‍ഘകാലം, അനന്തമായി തന്നെ നില്‍ക്കും.

ശരീരത്തില്‍, ഭിന്ന കമ്പനങ്ങള്‍ ഭിന്ന ജോലികള്‍ ചെയ്യുന്നു. ഹൃദയവും ശ്വാസകോശവും നില്‍ക്കാതെ സ്പന്ദിക്കുന്നു. ശുദ്ധീകരിച്ച രക്തം ശരീരമാകെ പ്രസരിപ്പിക്കാന്‍ ഹൃദയം കമ്പനം ചെയ്യുന്നത്, ഒരു മിനുട്ടില്‍ 72 പ്രാവശ്യമാണ്. ഹൃദയത്തിന്റെ ഒരറയില്‍നിന്നുള്ള അശുദ്ധരക്തം ഉള്ളില്‍ നിറയ്ക്കാനും മറ്റൊരറയിലേക്ക് ശുദ്ധരക്തം പ്രവഹിപ്പിക്കാനും, ശ്വാസകോശങ്ങള്‍ കമ്പനം ചെയ്യുന്നു. ശബ്ദങ്ങള്‍ കേള്‍പ്പിക്കാന്‍, ഉള്‍ക്കാതിലെ രോമകോശങ്ങള്‍ കമ്പനം ചെയ്യുന്നു. രൂപങ്ങള്‍, നിറങ്ങള്‍, തിളക്കങ്ങള്‍ എന്നിവയുടെ കാഴ്ച സാധ്യമാക്കാന്‍ റെറ്റിനയിലെ സൂക്ഷ്മങ്ങളായ കോലും കോണും (rods and cones) കമ്പനം ചെയ്യുന്നു. മനസ്സിന് അനുഭൂതി സന്ദേശങ്ങള്‍ അയയ്ക്കാനും അതുവഴി ഇന്ദ്രിയങ്ങളെ കര്‍മസജ്ജമാക്കാനും മസ്തിഷ്‌ക കോശങ്ങള്‍ കമ്പനം ചെയ്യുന്നു. വിചാരങ്ങള്‍, ആഗ്രഹങ്ങള്‍, തീരുമാനങ്ങള്‍, വികാരങ്ങള്‍ എന്നിവയുണ്ടാക്കാന്‍ മനസ്സും ബുദ്ധിയും കമ്പനം ചെയ്യുന്നു. ഭിന്ന കമ്പനങ്ങളാണ് ഭിന്നവിചാരങ്ങളും അഭിലാഷങ്ങളുമാകുന്നത്. ഭൗതികേന്ദ്രിയങ്ങളില്‍ സമാന്തരകര്‍മങ്ങള്‍ക്ക്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ കമ്പനം ചെയ്യുന്നു. ഭൗതികേന്ദ്രിയങ്ങളിലെയും സൂക്ഷ്‌മേന്ദ്രിയങ്ങളിലെയും സ്പന്ദനങ്ങള്‍ക്ക് സാമ്യമില്ല. ആദ്യത്തേതില്‍ സെക്കന്‍ഡില്‍ ആയിരം തവണയാണെങ്കില്‍, രണ്ടാമത്തേതില്‍ ശതകോടി തവണയാണ് കമ്പനങ്ങള്‍. എന്നാല്‍, അവയുടെ പരസ്പര പ്രതികരണം പൂര്‍ണലയത്തിലാണ്. ശരീര സംവിധാനത്തില്‍, തരംഗങ്ങളും തുല്യ പ്രാധാന്യ കര്‍മങ്ങള്‍ ചെയ്യുന്നു. ഞരമ്പുകളിലെ സൂക്ഷ്മ തരംഗങ്ങള്‍ ഇന്ദ്രിയങ്ങളില്‍നിന്ന് മസ്തിഷ്‌കത്തിലേക്ക് അനുഭൂതികള്‍ വിനിമയം ചെയ്യുകയും അവിടെനിന്നുള്ള സ്പന്ദനങ്ങള്‍ ബുദ്ധിയിലേക്ക് പോവുകയും ചെയ്യുന്നു. മസ്തിഷ്‌കത്തില്‍ നിന്ന് സ്പന്ദനങ്ങള്‍ കര്‍മത്തിനായി അവയവങ്ങളിലേക്കും പോകുന്നു. ആത്മാവില്‍നിന്നുള്ള സൂക്ഷ്മതരംഗങ്ങള്‍, ശരീരമാകെ, ബോധം നിറയ്ക്കുന്നു. മനസ്സിനും മസ്തിഷ്‌കത്തിനുമിടയില്‍, വിനിമയങ്ങളെല്ലാം സൂക്ഷ്മതരംഗങ്ങള്‍ വഴിയാണ്. സൂക്ഷ്മതരംഗങ്ങള്‍ (അടുത്ത ഖണ്ഡിക) എല്ലാ കര്‍മങ്ങളുടെയും ആത്മാവിലേക്കും അവയുടെ തിരിച്ചറിവിന് അയയ്ക്കുകയും, ആ തരംഗങ്ങള്‍ അന്തരാളത്തില്‍ ശമിച്ച് സ്മൃതികള്‍ക്കും കര്‍മപ്രചോദനങ്ങള്‍ക്കും കാരണമായ കര്‍മഭാവങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്നു.




തരംഗങ്ങള്‍ ഉണ്ടാകുന്നത്, ഭിന്നരീതികളിലാണ്. പദാര്‍ത്ഥരഹിത ഏകകത്തിലെ കമ്പനങ്ങള്‍ വേഗത്തില്‍ കറങ്ങുമ്പോള്‍, ചുഴലിതരംഗങ്ങള്‍ ഉണ്ടാകുന്നു (ബ്രഹ്മനിലെപ്പോലെ, അധ്യായം 8). കമ്പനങ്ങളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം എല്ലായിടത്തേക്കും പോകുന്ന പ്രസരണതരംഗങ്ങളെ സൃഷ്ടിക്കുന്നു. അതിവേഗ ഭ്രമണങ്ങള്‍ അവയ്ക്ക് ചുറ്റിലും പ്രസരണതരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഓരോ ഇലക്‌ട്രോണിലും ചുഴലിതരംഗങ്ങള്‍ ഉണ്ടാകയാലും ഇലക്‌ട്രോണുകള്‍ എല്ലാ ആറ്റത്തിലുമുള്ളതിനാലും, അത്തരം തരംഗങ്ങളും അവയുടെ അനുബന്ധ പ്രസരണതരംഗങ്ങളും പ്രപഞ്ചത്തില്‍ എല്ലാറ്റിലുമുണ്ട്. സൂക്ഷ്മതരംഗങ്ങളും അതിസൂക്ഷ്മതരംഗങ്ങളും അവയുടെ ഉറവിടങ്ങളില്‍നിന്നുള്ള പ്രതിഫലനങ്ങളെയും പ്രസരിപ്പിച്ചേക്കാം. അന്തരീക്ഷത്തില്‍ പ്രസരിക്കുന്ന സൂക്ഷ്മതരംഗങ്ങള്‍, മനുഷ്യര്‍, മൃഗങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയുടെ പ്രതിഫലനങ്ങള്‍ റെറ്റിനയിലേക്ക് കൊണ്ടുവരും. ടെലിഫോണ്‍ നാരുകളിലെ സൂക്ഷ്മതരംഗങ്ങള്‍ നമ്മുടെ സംഭാഷണങ്ങള്‍ അതിവിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. അവയില്ലാതെ ആ നാരുകള്‍ക്ക് നമ്മുടെ സംഭാഷണങ്ങള്‍ വിനിമയം ചെയ്യാന്‍ സാധ്യമല്ല. നാരുകളല്ല, തരംഗങ്ങളാണ് നമ്മുടെ സഭാഷണങ്ങളുടെ പ്രതിഫലനങ്ങള്‍ വഹിക്കുന്നത്. നാരുകളില്ലാതെ, റേഡിയോ തരംഗങ്ങള്‍ ഭൂമിയില്‍നിന്ന് സന്ദേശങ്ങള്‍ ചന്ദ്രനിലെ മനുഷ്യനില്‍ എത്തിച്ചു. സൂക്ഷ്മതരംഗങ്ങള്‍ക്ക് അവയുടെ ഉള്ളടക്കം, വേറെ തരംതരംഗങ്ങളിലേക്കും പ്രസരിപ്പിക്കാന്‍ കഴിയും. ഞാന്‍ ഭാരതത്തില്‍നിന്ന് ഷിക്കാഗോയിലെ സഹോദരനോട് ഫോണില്‍ സംസാരിക്കുമ്പോള്‍, എന്റെ സംഭാഷണത്തിന്റെ പ്രതിഫലനങ്ങള്‍, എന്റെ ഫോണിലെ ട്രാന്‍സ്മിറ്ററിലെത്തുന്ന ശബ്ദതരംഗങ്ങളിലേക്ക് പ്രസരിക്കുന്നു. അവ തുടര്‍ന്ന് ടെലിഫോണ്‍ നാരുകളിലെ സൂക്ഷ്മ വൈദ്യുത തരംഗങ്ങളിലേക്കു പ്രസരിക്കുകയും അതില്‍നിന്ന് മുംബൈയിലെ രാജ്യാന്തര ട്രാന്‍സ്മിറ്ററില്‍നിന്നുളവാകുന്ന റേഡിയോ തരംഗങ്ങളിലേക്ക് പ്രസരിക്കുകയും ചെയ്യുന്നു. അവിടന്ന് ന്യൂയോര്‍ക്കിലെത്തി, ഷിക്കാഗോയിലേക്കുപോകുന്ന ടെലിഫോണ്‍ നാരുകളിലേക്ക് പകര്‍ന്ന്, സഹോദരന്റെ ടെലിഫോണ്‍ ട്രാന്‍സ്മിറ്റര്‍ സൃഷ്ടിക്കുന്ന ശബ്ദതരംഗങ്ങളിലേക്ക് പകര്‍ന്ന്, അദ്ദേഹത്തിന്റെ ശബ്ദഞരമ്പിലെ സൂക്ഷ്മതരംഗങ്ങളിലേക്ക് പകര്‍ന്ന്, മസ്തിഷ്‌കത്തിലെത്തി, അവിടന്ന് ബുദ്ധിയിലെത്തുന്ന സൂക്ഷ്മ തരംഗങ്ങളിലേക്ക് പകരുകയാണ്. എന്റെ സംഭാഷണത്തിന്റെ പ്രതിഫലനങ്ങള്‍ വിവിധതരം തരംഗങ്ങളില്‍നിന്ന് തരംഗങ്ങളിലേക്ക് പ്രസരിക്കുന്നുവെങ്കിലും, അവ ഷിക്കാഗോയിലെ സഹോദരനില്‍ വാക്കിലോ ഒച്ചയിലോ ഒരു കുറവും വരാതെ കൃത്യമായി എത്തുകയും ചെയ്യുന്നു. 
എന്റെ സഹോദരന്റെ അടുത്തിരുന്നു ഞാന്‍ സംസാരിക്കുന്നു എന്നു തോന്നുംവിധം അപാരശേഷിയിലാണ് ആ തരംഗങ്ങള്‍ എന്റെ സംഭാഷണ പ്രതിഫലനം വഹിച്ചതും പ്രസരിപ്പിച്ചതും. ഇതുപോലെ, ഇന്ദ്രിയങ്ങളിലെത്തുന്ന എല്ലാ അനുഭൂതികളും ഞരമ്പുകളിലെ സൂക്ഷ്മതരംഗങ്ങള്‍ മസ്തിഷ്‌കത്തെ അറിയിക്കുകയും, മസ്തിഷ്‌കത്തില്‍നിന്ന് സൂക്ഷ്മതരംഗങ്ങള്‍ ബുദ്ധിയെയും ആത്മാവിനെയും അറിയിക്കുകയുമാണ് ചെയ്യുന്നത്.      

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...