Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 10

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ  
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/10 കണികകളുടെ ആവിര്‍ഭാവം
 പ്രപഞ്ചത്തില്‍ പ്രകൃതിയുടെആവിര്‍ഭാവത്തിനുശേഷം, ബ്രഹ്മന്‍, പ്രകൃതിയിലെ പരിണാമങ്ങള്‍ വഴി കണികകള്‍ സൃഷ്ടിക്കാന്‍ അഭിലഷിച്ചു. ഇങ്ങനെ പ്രകൃതിയില്‍നിന്നുണ്ടായ കണികകളും പദാര്‍ത്ഥരഹിതമായിരുന്നു. അവ ചുഴലി തരംഗങ്ങളായി നിലനിന്നു. ഒരേകകത്തിലെ അഭിലാഷങ്ങള്‍ അതിലെ ചുഴലിതരംഗങ്ങളിലും അവയില്‍ നിന്നുണ്ടാകുന്ന പ്രസരണതരംഗങ്ങളിലും പ്രതിഫലിക്കുന്നു (14-ാം അധ്യായം). ബ്രഹ്മന്റെ അഭിലാഷം പ്രതിഫലിച്ച പ്രസരണതരംഗങ്ങള്‍ പ്രകൃതിയില്‍ ചെന്നിടിക്കുകയും അതിലെ ഒരുഭാഗം ചുഴലിതരംഗങ്ങളുമായി ഇടകലരുകയും ചെയ്തപ്പോള്‍, ഈ ചുഴലിതരംഗങ്ങള്‍ക്ക് കട്ടികൂടുകയും അവയുടെ ഭ്രമണവേഗം കുറയുകയും അവ പുതിയ കണികകളാവുകയും ചെയ്തു. ഇങ്ങനെയുണ്ടായ കണികയാണ് 'ബുദ്ധി' (സംസ്‌കൃതത്തില്‍, മഹത്). ബുദ്ധിയുടെ ആവിര്‍ഭാവം പ്രകൃതിയില്‍ എല്ലായിടത്തുമുണ്ടായി.
 അങ്ങനെ അതൊരു പ്രപഞ്ചകണികയായി. പ്രത്യേക വസ്തുക്കള്‍, വസ്തുതകള്‍, ആശയങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള ബോധം അഥവാ അവബോധമായിരുന്നു ഇതിന്റെ സവിശേഷത. തിരിച്ചറിവ്, നിശ്ചയം, തീരുമാനം, വിവേചനം, ഓര്‍മ, വിവേകം തുടങ്ങിയവയ്ക്കുള്ള ശേഷി അതില്‍നിന്ന് പ്രസരിച്ചു. ഒരു പ്രപഞ്ച ഏകകമായി ബുദ്ധി ഉണ്ടായപ്പോള്‍, ബ്രഹ്മന്‍ അതില്‍നിന്ന് മറ്റൊന്നുണ്ടാക്കാന്‍ അഭിലഷിച്ചു. ആ അഭിലാഷത്തില്‍നിന്നുള്ള പ്രസരണ തരംഗങ്ങള്‍ ബുദ്ധിയുടെ ചുഴലിതരംഗങ്ങളുടെ ഒരുഭാഗവുമായി ഇടകലര്‍ന്നപ്പോള്‍, ആ ഭാഗം, 'അഹം ബോധം' (സംസ്‌കൃതത്തില്‍ അഹങ്കാരം അഥവാ അഹംബുദ്ധി; ഇംഗ്ലീഷില്‍ ഈഗോ) എന്ന കണികയായി. സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ ബോധമായി അത്. അഹംബോധ പ്രത്യേകതകളാണ്, 'ഞാന്‍', 'എന്റെ' എന്ന വിചാരങ്ങള്‍. ഇതുകഴിഞ്ഞ്, കൂടുതല്‍ കണികകള്‍ക്കായി അഹംബോധത്തില്‍ പരിണാമങ്ങളുണ്ടാക്കാന്‍ ബ്രഹ്മന്‍ അഭിലഷിച്ചു. ആ അഭിലാഷം, മുന്‍ സാഹചര്യങ്ങളിലെന്നപോലെ, അഹംബോധത്തിന്റെ ഭാഗങ്ങളില്‍ പരിണാമങ്ങളുണ്ടാക്കി. അഹംബോധത്തില്‍നിന്ന് 16 കണികകളുണ്ടായി. സുഖാനുഭൂതിക്കുള്ള ബ്രഹ്മന്റെ അഭിലാഷം പ്രതിഫലിപ്പിക്കുന്ന പ്രസാരണത്തിരകള്‍, അഹംബോധത്തിന്റെ ചുഴലിതരംഗങ്ങളുടെ ഒരുഭാഗമായി ഇടകലര്‍ന്നപ്പോള്‍, ആ ഭാഗം 'മനസ്സ്' എന്ന കണികയായി പരിണമിച്ചു. മനസ്സ്, എപ്പോഴും സുഖത്തെപ്പറ്റി ചിന്തിക്കുകയും അതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ബ്രഹ്മന്‍, സുഖത്തിനുള്ള വഴികള്‍ കണ്ടെത്താന്‍ അഭിലഷിച്ചു. ആ അഭിലാഷത്തിരകള്‍ അഹംബോധത്തില്‍ ചെന്നിടിച്ച് അതിലെ ചുഴലിതരംഗങ്ങളുടെ മറ്റൊരു ഭാഗവുമായി ഇടകലര്‍ന്നപ്പോള്‍, ആ ഭാഗം സൂക്ഷ്മ ഇന്ദ്രിയങ്ങളായി. അഞ്ച് അനുഭൂതി ഇന്ദ്രിയങ്ങളും അഞ്ച് കര്‍മേന്ദ്രിയങ്ങളും ഇങ്ങനെയുണ്ടായി (13-ാം അധ്യായം). അവ കണികകളായിരുന്നു; എന്നാല്‍, അവ, ഭൗതിക ശരീരത്തിലെ അവയവങ്ങള്‍ പോലെ, അനുഭൂതികള്‍ പിടിച്ചടക്കാനും സ്പന്ദനങ്ങള്‍ സ്വീകരിക്കാനും തുടങ്ങിയപ്പോള്‍, ഇന്ദ്രിയങ്ങള്‍ എന്നറിയപ്പെട്ടു. വിദൂരതകളിലേക്ക് അനുഭൂതികളുടെ സൂക്ഷ്മതരംഗങ്ങള്‍ വിനിമയം ചെയ്യാനുള്ള കണികകള്‍ക്ക് ബ്രഹ്മന്‍ അഭിലഷിച്ചപ്പോള്‍, അത് പ്രതിഫലിച്ച പ്രസരണത്തിരകള്‍ ബുദ്ധിയുടെ ഒരുഭാഗം ചുഴലിതരംഗങ്ങളില്‍ ചെന്നിടിക്കുകയും, ആ ഭാഗം തന്മാത്രകള്‍ എന്നറിയപ്പെട്ട അഞ്ച് സൂക്ഷ്മകണികകളാവുകയും ചെയ്തു. നക്ഷത്ര രശ്മികള്‍, അന്തരീക്ഷത്തിനപ്പുറംപോയുമുള്ള ലക്ഷ്യങ്ങളിലേക്കുള്ള റേഡിയോതരംഗങ്ങള്‍ എല്ലാം തന്മാത്രകളാണ് വിനിമയം ചെയ്യുന്നത്. ഇങ്ങനെ ബ്രഹ്മന്റെ അഭിലാഷപ്രകാരം, പ്രകൃതിയില്‍ 18 കണികകള്‍ തുടര്‍ച്ചയായി ഉണ്ടായി. അവ പ്രകൃതിയെ അനുസരിച്ചുനിന്നു. അവ പ്രപഞ്ച കണികകളാണ്. അവയെ ഒന്നിച്ച് സൂക്ഷ്മ കണികകള്‍ എന്നുവിളിക്കുന്നു. അവ പദാര്‍ത്ഥരഹിതമാണ്. അവയുടെ ആവിര്‍ഭാവ നേരത്ത്, ഒരു രൂപത്തിലും പദാര്‍ത്ഥമുണ്ടായിരുന്നില്ല. പിന്നീട് മാത്രമുണ്ടായ ഫോട്ടോണുകളെക്കാള്‍, ഇവയ്ക്ക് ഭ്രമണവേഗം കൂടിയിരുന്നു (13-ാം അധ്യായം). ഫോട്ടോണുകളെക്കാള്‍ ഭ്രമണവേഗം കൂടിയതിനാല്‍, സൂക്ഷ്മകണികകളിലും കണങ്ങളുടെ ചിതറലുണ്ടായി. ഈ കണങ്ങളെയാണ്, ആത്മാക്കള്‍ ആകര്‍ഷിച്ച് സൂക്ഷ്മശരീരമെന്ന ആവരണമാക്കിയത്. ബ്രഹ്മനില്‍നിന്നുള്ള പ്രസരണത്തിരകള്‍ പ്രകൃതിയിലെ ചുഴലിതരംഗങ്ങളില്‍ ചെന്നിടിച്ചു എന്നു പറയുമ്പോള്‍, ബ്രഹ്മനും പ്രകൃതിയും തമ്മില്‍ അകലമുണ്ടെന്ന് നിനയ്ക്കരുത്; മഹാസിദ്ധികള്‍, ഉയര്‍ത്തിവിട്ട, രണ്ടിനുമിടയിലെ പരസ്പര വിനിമയം വിവരിക്കാന്‍ ഇങ്ങനെ പറയേണ്ടിവരുന്നു എന്നേയുള്ളൂ. ബ്രഹ്മനും പ്രകൃതിയും പ്രാപഞ്ചികമായി നില്‍ക്കുന്നു; അവ സര്‍വവ്യാപികളായിരിക്കെത്തന്നെ, വ്യത്യസ്തങ്ങളുമാണ് (13-ാം അധ്യായം). പ്രകൃതി, ബ്രഹ്മനില്‍ നിന്നുണ്ടായതിനാല്‍, രണ്ടും തമ്മില്‍ മമതയുണ്ടായിരുന്നു. പ്രകൃതിയും അതില്‍നിന്നുളവായ സൂക്ഷ്മകണികകളും തമ്മിലും ആ മമത നിലനിന്നു. അന്തരീക്ഷത്തില്‍ ഇളകിനടന്ന ബ്രഹ്മകണികകള്‍, അന്തരീക്ഷത്തില്‍ അലഞ്ഞുനടന്ന സൂക്ഷ്മകണികകളുടെ കണങ്ങളെ ആകര്‍ഷിച്ചു. സൂക്ഷ്മകണികാ കണങ്ങള്‍ ബ്രഹ്മകണികകള്‍ക്ക് ചുറ്റും വന്നുനിറഞ്ഞപ്പോള്‍, ഒരേ കണികയുടെ കണങ്ങള്‍, ഒരേ ധ്രുവത്തിലെ കാന്തങ്ങള്‍ കണക്കെ പരസ്പരം വികര്‍ഷിച്ചു. ഈ വികര്‍ഷണത്താല്‍, ഓരോ സൂക്ഷ്മ കണികയുടെയും ഒരു കഷണം മാത്രം ബ്രഹ്മ കണികയ്‌ക്കൊപ്പം അവശേഷിച്ചു. അങ്ങനെ, വ്യത്യസ്ത സൂക്ഷ്മകണികകളുടെ കണങ്ങള്‍ ബ്രഹ്മകണികയ്ക്ക് ചുറ്റും വലയം തീര്‍ത്തു. അപ്പോള്‍, അതിവേഗം കറങ്ങുന്നവ, ചെറുതായി കറങ്ങുന്ന കണികകളുടെ ചുഴലിതരംഗങ്ങളിലേക്ക് കടക്കുകയും അങ്ങനെ, അതിവേഗത്തിലുള്ളവയെ ചെറുവേഗക്കാര്‍ വലയം ചെയ്യുകയുമുണ്ടായി. എന്നിട്ടും, അവ വ്യത്യസ്തങ്ങളായിരിക്കുകയും ഭ്രമണം തുടരുകയും ചെയ്തു. ഇങ്ങനെ, ബ്രഹ്മന്റെ ഒരു കണം ബുദ്ധിയുടെ കണത്തിന്റെ ചുഴലിതരംഗങ്ങളിലേക്ക് കടന്ന് അതിന്റെ വലയത്തിലാവുകയും അത് ആവരണമാവുകയും ചെയ്തു. അത്, ആത്മാവിന് 'ബുദ്ധിയുടെ ആവരണം' ആയി വിശേഷിപ്പിക്കപ്പെട്ടു (14-ാം അധ്യായം). ബുദ്ധിയുടെ ആവരണത്തിലെ ബ്രഹ്മകണം മനസ്സിന്റെ കണത്തെ ആകര്‍ഷിക്കുകയും അത് അടുക്കുകയും ചെയ്തപ്പോള്‍, ബുദ്ധിയുടെ ഭ്രമണവേഗം മനസ്സിന്റേതിനെക്കാള്‍ കൂടിയതിനാല്‍, ബുദ്ധികണം (ബ്രഹ്മകണം അതിന്റെ കേന്ദ്രമായിക്കൊണ്ട്) മനസ്സിന്റെ കണത്തിലേക്ക് കടന്ന്, അതിനാല്‍ ആവരണം ചെയ്യപ്പെട്ടു. മനസ്സിന്റെ ആ കണം, ബ്രഹ്മകണത്തിന് രണ്ടാം ആവരണമായി; അത് ആത്മാവിനുള്ള 'മനസ്സിന്റെ ആവരണം' ആയി അറിയപ്പെട്ടു. 
ഇങ്ങനെ, രണ്ടാവരണങ്ങളുള്ള ബ്രഹ്മകണം, സൂക്ഷ്‌മേന്ദ്രിയ കണങ്ങളെ ആകര്‍ഷിച്ചു. ഓരോതരം സൂക്ഷ്‌മേന്ദ്രിയത്തില്‍നിന്നും ഓരോ കണം മനസ്സിനെ വലയം ചെയ്തു. സൂക്ഷ്‌മേന്ദ്രിയങ്ങളുടെ ഭ്രമണവേഗം തുല്യമായതിനാല്‍, അവ ഓരോന്നിനെയും തുളച്ചുകയറിയില്ല. അവ, അടുത്തടുത്ത് ചേര്‍ന്നിരുന്ന് മനസ്സിന് ചുറ്റും ഒരടരായി. മനസ്സിലേക്ക് ഓരോന്നിനും തുല്യ പ്രവേശം കിട്ടി. ഇവ, ഇങ്ങനെ ബ്രഹ്മകണത്തിന് മൂന്നാം ആവരണമായി. ഇതിനെ ആത്മാവിനുള്ള 'ഇന്ദ്രിയങ്ങളുടെ ആവരണം' എന്നുവിളിച്ചു. വൃത്താകൃതിയിലുള്ള ഈ മൂന്നാവരണങ്ങള്‍ ഒന്നിച്ച് ബ്രഹ്മകണത്തിന്, സൂക്ഷ്മശരീരമായി. തുടര്‍ന്ന്, ബ്രഹ്മകണത്തിന്റെ ആകര്‍ഷണത്താല്‍, തന്മാത്രകളുടെ നിരവധി കണങ്ങള്‍ സൂക്ഷ്മശരീരത്തിന് ചുറ്റും ഒരു സൂക്ഷ്മ ത്വക്കിന്റെ അടരായി. ബ്രഹ്മകണത്തിന് തന്മാത്രകള്‍ നാലാം ആവരണമായെങ്കിലും, അതിനെ ഒരാവരണമായി എണ്ണുന്നില്ല; അത് സൂക്ഷ്മശരീരത്തിന് ഒരു വലയമാണ് എന്നേയുള്ളൂ. അഹംബോധം, ആത്മാവിനെ വലയം ചെയ്യാതെ, പ്രകൃതിയുടെ സൂക്ഷ്മകണികകളുടെ സംഘത്തില്‍, വിമതനായി. ബുദ്ധിക്കും മനസ്സിനുമിടയില്‍, രണ്ടിനെയും പ്രലോഭിപ്പിച്ച്, സ്വതന്ത്രനായി അത് ഭ്രമണം ചെയ്തു. അത്, ഭൗതികാനുഭൂതികള്‍ക്ക് പിന്നാലെ പായുകയും കനത്ത ആത്മീയാന്വേഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. സൂക്ഷ്മശരീരത്തിന്റെ ആവരണം നിമിത്തം സ്വതന്ത്ര ഏകകമായ ബ്രഹ്മകണമാണ്, ആത്മാവ്. ബ്രഹ്മകണത്തെ വലയം ചെയ്യുന്ന സൂക്ഷ്മശരീരം വിഘടിച്ചുപോകുമ്പോള്‍, ബ്രഹ്മകണം 'മോക്ഷ'മടയുകയും ബ്രഹ്മന്റെ പ്രപഞ്ചാത്മാവില്‍ ലയിക്കുകയും ചെയ്യും. പ്രകൃതിയില്‍ പദാര്‍ത്ഥത്തിന്റെ രൂപീകരണം  സൂക്ഷ്മശരീരത്തില്‍ ആത്മാവിനൊപ്പം കൂടിച്ചേര്‍ന്നിരുന്ന മനസ്സ്, ആത്മാവില്‍ പ്രതിഫലിച്ചിരുന്ന സുഖാനുഭൂതികളിലാണ് തുടര്‍ച്ചയായി ഭ്രമിച്ചത്. ഈ ഭ്രമം വ്യക്തിഗത ആത്മാക്കളുടെ പൊതുസ്വഭാവമായപ്പോള്‍, സുഖാനുഭൂതികള്‍ നല്‍കാന്‍, അതാഗ്രഹിക്കുന്ന ആത്മാക്കള്‍ക്കായി, സുഖവസ്തുക്കള്‍ സൃഷ്ടിക്കുന്നതിനെപ്പറ്റി ബ്രഹ്മന്‍ ചിന്തിച്ചു. ഈ വിചാരം പ്രതിഫലിച്ച പ്രസരണത്തിരകള്‍, തന്മാത്രകളെ അവക്കിടയില്‍ തന്നെ ഇടകലരാന്‍ പ്രേരിപ്പിക്കുകയും, പ്രപഞ്ചം മുഴുവന്‍ പദാര്‍ത്ഥ കണികകള്‍ ഉണ്ടാവുകയും ചെയ്തു. പദാര്‍ത്ഥ കണികകള്‍ പലതരത്തില്‍ ഇടകലര്‍ത്തി പ്രകൃതി അതിന്റെ സര്‍ഗബുദ്ധി പൂര്‍ണതോതില്‍ പുറത്തെടുത്തു. ആത്മാവിന് ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിവ വഴി മാത്രം ആസ്വദിക്കാവുന്ന ഭൗതിക, സുഖവസ്തുക്കളും ശരീരങ്ങളും പ്രകൃതി സൃഷ്ടിച്ചപ്പോള്‍, ആത്മാവിന്, സൂക്ഷ്മശരീരത്തോടുള്ള പ്രതിപത്തി ദൃഢമായി. സൂക്ഷ്മശരീരം വ്യക്തിഗത ആത്മാവിന് സ്ഥിര സില്‍ബന്തിയും ആവരണമാവുകയും, അതിനൊപ്പം ആത്മാവ്, ഫലത്തില്‍ ബ്രഹ്മനില്‍ നിന്ന് വേറിട്ട ഏകകമാവുകയും ചെയ്തു.
ആത്മാവും ബ്രഹ്മനും ശരീരത്തിലാണ്  
ബ്രഹ്മനും വ്യക്തിഗത ആത്മാക്കളും ജീവചൈതന്യത്തിന്റെ പ്രത്യക്ഷങ്ങളാണ്. ബ്രഹ്മന്‍ അതിന്റെ പ്രപഞ്ച പ്രത്യക്ഷം; വ്യക്തിഗത ആത്മാവ് സൂക്ഷ്മശരീരത്തില്‍ അതിന്റെ ചിതറിയ പ്രത്യക്ഷവും. സ്വകര്‍മങ്ങളില്‍, അവ വ്യത്യസ്ത ജീവനുകളെപ്പോലെ പെരുമാറുന്നു. പൊതുവില്‍, വ്യക്തിഗത ആത്മാവ് ഒരു ഭൗതികശരീരത്തില്‍ നില്‍ക്കുന്നത്, ഒരു ജീവിതം ജീവിക്കാനും മുജ്ജന്മ കര്‍മങ്ങളുടെ ഫലം അനുഭവിക്കാനുമാണ് (21-ാം അധ്യായം). മൊത്തം പ്രപഞ്ചവും അതിലെ ജീവജാലങ്ങളുമായി, ബ്രഹ്മന്‍ എല്ലായിടത്തുമുണ്ട്. എല്ലായിടത്തുമെന്നപോലെ അത് ശരീരത്തിനുള്ളിലുണ്ട്. പ്രപഞ്ചകര്‍മങ്ങളുടെ ഭാഗമായി, അത് ശരീരത്തില്‍ ചില കര്‍മങ്ങള്‍ ചെയ്യുന്നു. ക്രോമസോമുകളുടെ വിഘടിച്ച പാതികള്‍ക്ക് പുതിയ ജീനുകള്‍ നല്‍കല്‍, കൃത്യമായ ബീജവുമായി അബദ്ധത്തിന്റെ സങ്കലനം, എല്ലിന്റെ കോശങ്ങള്‍, മസ്തിഷ്‌ക കോശങ്ങള്‍, പേശീകോശങ്ങള്‍ എന്നിങ്ങനെ കോശവലയ (Blastula))ങ്ങളുടെ രൂപമാറ്റം, ഹോര്‍മോണുകളുടെ നിയന്ത്രണം തുടങ്ങിയവയും സമാനമായ നിരവധി സര്‍ഗപ്രക്രിയകളും, സര്‍വജീവജാലങ്ങളിലും ഒരുപോലെ പ്രത്യക്ഷമാകുന്ന, ബ്രഹ്മന്റെ പ്രപഞ്ചകര്‍മങ്ങളുടെ ഭാഗമാണ് (27-ാം അധ്യായം). മനുഷ്യന്റെ വ്യക്തിഗത കര്‍മങ്ങള്‍ (ഒരു തൊഴില്‍ ചെയ്യല്‍, കാര്‍വാങ്ങല്‍ എന്നിങ്ങനെ)ശരീരത്തില്‍ ആത്മാവ് നടത്തുന്ന വിക്രിയകളാണ്. ഒരു ശരീരത്തിനകത്തോ ശരീരം കാരണമോ ഉണ്ടാകുന്ന രണ്ടുതരം ക്രിയകളും രണ്ടിന്റെയും അതിലെ സാന്നിദ്ധ്യവും പ്രവൃത്തിയും തെളിയിക്കുന്നു. ഈ പാരസ്പര്യവും സഹവാസവും ഉപനിഷത്തുകള്‍ ബിംബാത്മകമായി വിവരിച്ചിട്ടുണ്ട്. അന്നപൂര്‍ണ ഉപനിഷത് (4:32), രുദ്രഹൃദയ ഉപനിഷത് (41) എന്നിവ ഇങ്ങനെ പറയുന്നു: 
ജീവ എന്നും ഈശ (ഈശ്വരന്റെ ചുരുക്കം) എന്നുംപേരുള്ള രണ്ടു പക്ഷികള്‍ ശരീരത്തില്‍ സഹവസിക്കുന്നു; ഇതില്‍ ജീവകര്‍മങ്ങളുടെ ഫലങ്ങള്‍ ഭക്ഷിക്കുന്നു, ഈശ അത് ഭക്ഷിക്കുന്നില്ല. മുണ്ഡകഉപനിഷത് (3:1:1), ശ്വേതാശ്വേതാര ഉപനിഷത് (4:6) എന്നിവയില്‍ ഇങ്ങനെ: രണ്ടുപക്ഷികള്‍, കൂട്ടുകാരായി ഒന്നിച്ച് ഒരേ വൃക്ഷത്തില്‍ വസിക്കുന്നു; അതിലൊന്ന് നല്ല രുചിയുള്ള ആല്‍ ഫലങ്ങള്‍ ഭക്ഷിക്കുന്നു; അപരന്‍, ഒന്നും തിന്നാതെ, എല്ലാം കാണുന്നു. 
ജീവ, വ്യക്തിഗത ആത്മാവാണ്. ഈശ, ഈശ്വരനും. ബ്രഹ്മന്‍ പ്രകൃതിവഴി അവയാവുകയാണ്. ഈശ്വര എന്ന പ്രതീക പക്ഷി, ജീവിത വൃക്ഷത്തിന്റെ ഏറ്റവും മുകളിലാണ്. അത് ഒന്നും തിന്നാതെ, താഴെ വസിക്കുന്ന ജീവ പക്ഷി, കര്‍മങ്ങളുടെ കയ്പും മധുരവുമുള്ള ഫലങ്ങള്‍ തിന്നാന്‍, ശാഖകളില്‍നിന്ന് ശാഖകളിലേക്ക്, ചാടുന്നത് നോക്കിക്കൊണ്ടിരിക്കുന്നു (മുജ്ജന്മകര്‍മ ഫലങ്ങള്‍ ആസ്വദിക്കാനോ അനുഭവിക്കാനോ വേണ്ടി). ജീവ കഷ്ടപ്പാടുകളില്‍ മടുത്ത്, മുകളിലേക്ക് നോക്കി, ഈശ്വരന് ഒപ്പമെത്താന്‍ അഭിലഷിക്കുന്നു; എന്നാല്‍ അത് താഴേക്ക് നോക്കുമ്പോള്‍ ഫലങ്ങള്‍ കാണുകയും ഈശ്വരനെ മറക്കുകയും ഫലങ്ങള്‍ തിന്നാന്‍ വീണ്ടും ശാഖകളില്‍നിന്ന് ശാഖകളിലേക്ക് ചാടുകയും ചെയ്യുന്നു. കയ്പുനിറഞ്ഞ അനുഭവങ്ങളില്‍ മടുത്ത് വീണ്ടും അത് മുകളിലെ പക്ഷിക്കടുത്തെത്താന്‍ വെമ്പുന്നു. പിന്നെയും താഴെനോക്കി ഫലങ്ങള്‍ ഭക്ഷിക്കുന്നത് തുടരുന്നു. ഇങ്ങനെ കഥ തുടരുന്നു. പക്ഷേ, ഓരോ തവണയും ഉറച്ചമനസ്സോടെ ഈശ്വരനിലെത്താന്‍ അതാഗ്രഹിക്കുമ്പോള്‍, അത് മുകളിലെ പക്ഷിയിലേക്ക് ഒരു ചുവടുമുന്നിലെത്തുന്നു. വേണ്ടത്ര മുകളിലെത്തിക്കഴിയുമ്പോള്‍, ഫലങ്ങളോടുള്ള പ്രതിപത്തി (സുഖാനുഭൂതികളോടുള്ള മമത) ക്ഷയിക്കുകയും അത്, ലോകത്തിലെ സകലാത്മാക്കളുമായുള്ള കേളികള്‍ ഉള്‍പ്പെടെയുള്ള ബ്രഹ്മന്റെ മഹത്വങ്ങളില്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു. ബ്രഹ്മസൂത്രങ്ങളില്‍ (4:4:17-22) പറഞ്ഞപോലെ, അപ്പോള്‍ അത്, മുക്തിനേടിയ ആത്മാവാകുന്നു (സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണകൃതികള്‍, വാല്യം 2, പേജ് 394-395). അതിനുശേഷം, താമസിയാതെ, ജീവ ജീവന്റെ പരമപദത്തിലെത്തിച്ചേരുകയായി. പ്രകൃതിയുടെ ആവിര്‍ഭാവവും തുടര്‍ന്നുള്ള അതിന്റെ പരിണാമങ്ങളും ഭാരതീയ ചിന്തകളില്‍ വിവരിക്കുന്ന പ്രകാരം, ലളിതമായ ഭാഷയില്‍ നാം കണ്ടുകഴിഞ്ഞു. പദാര്‍ത്ഥരഹിതമായ ഏകകങ്ങള്‍ക്ക് യോജിച്ചവണ്ണമാണ് ഇത് മനസ്സിലാക്കേണ്ടത്. ഉദാഹരണത്തിന്, പദാര്‍ത്ഥരഹിതമായ ഒരേകകത്തിന്റെ ഒരുഭാഗം പുതിയ ഏകകമായി പരിണമിച്ചു എന്നു പറയുമ്പോള്‍, സമഷ്ടിയില്‍നിന്ന് ആ ഭാഗം വിഘടിച്ചു എന്ന് കരുതരുത്. അതിന്റെ പഴയ പ്രത്യക്ഷം വലിപ്പത്തിലോ കനത്തിലോ കുറഞ്ഞു എന്നും വിചാരിക്കരുത്. ചുഴലിതരംഗങ്ങളായി നില്‍ക്കുന്ന പദാര്‍ത്ഥരഹിത ഏകകങ്ങള്‍ക്ക്, വലിപ്പമോ, പിണ്ഡമോ ഇല്ല. അതിനാല്‍, വലിപ്പമോ കനമോ കുറയുന്ന പ്രശ്‌നമില്ല. പദാര്‍ത്ഥരഹിതമായ ഒരേകത്തിന്റെ ഒരുഭാഗത്തിന്റെ പരിണാമം, ഗുരു, ശിഷ്യരിലേക്ക് ജ്ഞാനം പകരുംപോലെയാണ്. ഗുരുവിന്റെ ജ്ഞാനം ശിഷ്യര്‍ക്ക് കിട്ടുമ്പോള്‍ തന്നെ, ഗുരുവിന്റെ ജ്ഞാനം ക്ഷയിക്കുന്നില്ല. ബ്രഹ്മനില്‍നിന്നാണ് ആത്മാക്കള്‍ ഉണ്ടായതെങ്കിലും, പ്രപഞ്ചത്തിലും അതിലപ്പുറവും വ്യാപിച്ച ബ്രഹ്മന്റെ അനന്തതയെ അത് ബാധിക്കുന്നില്ല. ബൃഹദാരണ്യക ഉപനിഷത്തിലെഒരു ശ്ലോകം (5:1:1). ഇങ്ങനെ: 
അത് അനന്തമാണ്; ഇത് അനന്തമാണ്. അനന്തത്തില്‍നിന്ന് അനന്തമുണ്ടാകുന്നു. അനന്തം അനന്തത്തില്‍നിന്നുണ്ടായിക്കഴിഞ്ഞ് അവശേഷിക്കുന്നതും അനന്തമാണ് (പൂര്‍ണമദ പൂര്‍ണമിദം; പൂര്‍ണാദ് പൂര്‍ണമുദച്യതേ; പൂര്‍ണസ്യ പൂര്‍ണമാദായ പൂര്‍ണമേവാവശിഷ്യതേ) 
അതായത്, ബ്രഹ്മം അനന്തം (അനന്തമായ പ്രപഞ്ചത്തില്‍ നിറഞ്ഞതിനാല്‍). പ്രകൃതിയും അനന്തം. അനന്തമായ ബ്രഹ്മത്തില്‍നിന്ന് അനന്തമായ പ്രകൃതിയുണ്ടായി. അനന്തമായ ബ്രഹ്മത്തില്‍നിന്ന് അനന്തമായ പ്രകൃതിയുണ്ടായപ്പോള്‍, അവശേഷിച്ചത്, അനന്തമായ, പൂര്‍ണമായ ബ്രഹ്മമാണ്. ബ്രഹ്മനില്‍നിന്ന് അനന്തമായ ജീവബിന്ദുക്കള്‍ (ആത്മാവ്) ഉയരുന്നതും ഇതുപോലെ. ആദിമ പദാര്‍ത്ഥരഹിത കണങ്ങളില്‍നിന്ന് പ്രപഞ്ചകണങ്ങള്‍ പിറവികൊള്ളുന്നതും ഇങ്ങനെ. ബ്രഹ്മന്റെ പ്രചോദനത്താല്‍, ഉറവിടത്തില്‍നിന്ന് സമൃദ്ധമായി പുതിയ കണങ്ങള്‍ ഉണ്ടാക്കുമ്പോഴും ഉറവിടം അങ്ങനെ തന്നെ ഇരിക്കുന്നു. ഈശ്വരന്‍ എന്ന നിലയില്‍ ബ്രഹ്മനെപ്പറ്റി, ഈ പുസ്തകത്തിന്റെ നാലാം ഭാഗത്തില്‍ പറയാം.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...