ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ
പരിഭാഷ:രാമചന്ദ്രൻ
അധ്യായം/25, ആസന്ന കര്‍മം
ഈ ജീവിതത്തിലെ മരണത്തിനും നിലവിലെ പ്രാരബ്ധകര്‍മത്തിന്റെ അവസാന കര്‍മഭാവത്തിന്റെ ക്ഷയത്തിനും മുന്‍പ്, അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവം വിടരുമെന്ന് നാം കണ്ടു. ഈ ജീവിതത്തില്‍നിന്ന് ആത്മാവ് പോകുന്ന നേരത്തെ, വിടര്‍ന്ന കര്‍മഭാവം, അടുത്ത ജീവിതം ക്രമപ്പെടുത്താനുള്ള നവ പ്രാരബ്ധകര്‍മത്തിന്റെ ആദ്യ കര്‍മഭാവമാണ്.
ഈ ജീവിതത്തിലെ പ്രാരബ്ധകര്മത്തി ന്റെ അവസാന കര്‍മഭാവത്തിനു വീര്യം കുറയുകയും അതിന്റെ സ്ഥാനത്ത് അടുത്ത പ്രാരബ്ധകര്‍മത്തിന്റെ ആദ്യകര്‍മഭാവം വിടരുകയും ചെയ്തപ്പോള്‍, രണ്ടാമത്തേതാണ്, മരണനേരത്ത് ഒരാളുടെ വിചാരങ്ങളെയും അഭിലാഷങ്ങളെയും പ്രചോദിപ്പിക്കുന്നത്. അതിനാല്‍, നവ പ്രാരബ്ധകര്‍മത്തിന്റെ ആദ്യകര്‍മഭാവത്തെ ആസന്നകര്‍മം എന്നുവിളിക്കുന്നു. സംസ്‌കൃതത്തില്‍, ആസന്നം എന്നാല്‍, മരണത്തിനടുത്ത എന്നര്‍ത്ഥം; 'കര്‍മം' എന്നത് കര്‍മഭാവത്തിന്റെ ചുരുക്കം. അതിനാല്‍ ആസന്നകര്‍മം എന്നാല്‍, മരണം ആസന്നമായിരിക്കുമ്പോള്‍ സജീവമായ കര്‍മഭാവം. ബുദ്ധമതഗ്രന്ഥങ്ങള്‍ അതിനെ, മൃത്യുശയ്യാകര്‍മം എന്നുവിളിക്കുന്നു. ഈ ജീവിതത്തിന്റെ ആസന്നകര്‍മം, പുനര്‍ജന്മം നേടുന്ന അടുത്ത ജീവിതത്തെ പരുവപ്പെടുത്താനുള്ള നവപ്രാരബ്ധകര്‍മത്തിന്റെ ഒരു കര്‍മഭാവം ആയതിനാല്‍, അതിന്റെ പ്രചോദനം, അടുത്ത ജന്മത്തിന്റെ ആദ്യകര്‍മമായ പുതിയ ശരീരപ്രവേശം, ആ ശരീരത്തിന്റെ സ്വഭാവം, പുതുജന്മത്തിന്റെ അന്തരീക്ഷം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ കര്‍മാരംഭം, ഭൗതികശരീരത്തിന്റെ മരണത്തിനടുത്തായതിനാല്‍, ഈ ജീവിതത്തില്‍ അതിന്റെ സാന്നിദ്ധ്യം ഒരു വിചാരമോ അഭിലാഷമോ ആയി മാത്രമാണ് (ഒരു ഭൗതിക കര്‍മമോ അനുഭവമോ അല്ല). ഒരു കര്‍മഭാവത്തിന്റെ വിടരല്‍ അതിന്റെ പ്രചോദനം, പൂര്‍ത്തീകരിക്കുവോളം തുടരും.
പുനര്‍ജന്മത്തെ പരുവപ്പെടുത്തുന്ന ആസന്നകര്‍മം, പുനര്‍ജന്മം സംഭവിക്കുവോളം വിടര്‍ന്നുകൊണ്ടിരിക്കും. എന്നുവച്ചാല്‍, ഈ ജീവിതത്തിലെ മരണത്തിനുമുന്‍പ് വിടരുന്ന ആസന്നകര്‍മം, അടുത്ത ജന്മത്തിനായി ആത്മാവ് ഒരു നവശരീരത്തില്‍ കടക്കുവോളം, വിടര്‍ന്നുതന്നെ നില്‍ക്കും. ഇടവേള എത്ര നീണ്ടതായാലും. പുനര്‍ജന്മം സാധിക്കുംവരെ, അതിന്റെ പ്രചോദനം, ബുദ്ധിയേയും അതുവഴി ആത്മാവിനെയും സ്വാധീനിക്കുന്നതു തുടരും. മറ്റുവാക്കുകളില്‍, മരണനേരത്തെ ഒരാളുടെ അന്ത്യാഭിലാഷമോ വിചാരമോ, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയില്‍ പുനര്‍ജന്മമുണ്ടാകുംവരെ, 'എപ്പോഴും' ഉണ്ടാകും. അവസാനവിചാരത്തില്‍ കണ്ട രൂപം, പുനര്‍ജന്മം വരെ ഓര്‍മയിലുണ്ടാകും. വിചാരം പോലെ, കര്‍മം. ആ രൂപത്തിലായിരിക്കും, പുനര്‍ജന്മം.
അതിനാല്‍ ഭഗവദ്ഗീത (8:6) പറയുന്നു:
മരണനേരത്ത് ഒരാള്‍ അന്തിമമായി വിചാരിക്കുന്ന രൂപം, അയാള്‍ പുനര്‍ജന്മംവരെ 'എപ്പോഴും' ഓര്‍ക്കുകയും, അടുത്ത ജന്മത്തില്‍ അയാള്‍ ആ രൂപത്തില്‍ പിറക്കുകയും ചെയ്യും. സാത്വിക രാജാവായിരുന്ന ഭരതന്‍, തന്റെ പ്രിയപ്പെട്ട മാനിനെ നോക്കി അന്ത്യശ്വാസം വലിച്ചതിനാല്‍, അടുത്ത ജന്മത്തില്‍ മാനായി ജനിച്ചെന്ന്, ഭാഗവതം (5:8) പറയുന്നു. ആത്മീയ ജ്ഞാനം നേടിയിട്ടും, അപാന്തരാതമ മഹര്‍ഷി, ശരീരം വിടുമ്പോള്‍ വേദങ്ങളെ കൃത്യമായി ക്രമീകരിക്കാന്‍ ആഗ്രഹിച്ചതിനാല്‍ വേദവ്യാസനായി പുനര്‍ജന്മം നേടിയെന്നും കഥയുണ്ട്. അന്ത്യനിമിഷത്തില്‍, ഈശ്വരനെ ഓര്‍ക്കുന്നയാള്‍ ശരീരം വിടുമ്പോള്‍, ദൈവത്തിലെത്തും എന്നു സാരം (ഭഗവദ്ഗീത 8:5). അന്ത്യവിചാരം പകയാണെങ്കില്‍, പുനര്‍ജന്മത്തില്‍ ആത്മാവ് അസുരനായിരിക്കും. അങ്ങനെ അങ്ങനെ. ഈ ജീവിതത്തില്‍ നേടിയ ആത്മീയലക്ഷ്യങ്ങളാണ് അന്ത്യവിചാരമെങ്കില്‍, അടുത്ത ജന്മത്തിലും ആ അന്വേഷണങ്ങള്‍ തുടരും (ഭഗവദ്ഗീത, 6:40-44).
അധ്യായം/26, നിയന്താവ്
ഇതുവരെ, കര്‍മത്തിന്റെ അസംഖ്യം പ്രക്രിയകളും ഫലങ്ങളും നാം ശ്രദ്ധിച്ചു. അവശേഷിക്കുന്ന ചോദ്യം, അവയെ ആര് നിര്‍ദേശിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നതാണ്. ഒരു പ്രാരബ്ധകര്‍മംതീരുമ്പോള്‍, അടുത്ത ജന്മത്തെ ക്രമപ്പെടുത്താന്‍ വേണ്ടത്ര കര്‍മഭാവങ്ങള്‍ ഒന്നിച്ച് ഉറക്കത്തില്‍ നിന്നുണരുകയും, ബുദ്ധിയിലേക്കുള്ള കാര്‍മിക പ്രചോദന പ്രവാഹത്തിന്റെ ഒഴുക്കിന് വിഘ്‌നം വരാതിരിക്കാന്‍, കൃത്യനേരത്ത് നവ പ്രാരബ്ധകര്‍മത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു.
സഞ്ചിതകര്മത്തിന് റെ കൂട്ടത്തില്‍ നിന്നും, ഈ ജീവിതത്തിന്റെ കര്‍മഭാവങ്ങളില്‍ നിന്നും, ആ കര്‍മഭാവങ്ങളുടെ ഉയിര്‍പ്പ്, അദ്ഭുതമാണ്. അത്, വെറുതെ അങ്ങ് സംഭവിക്കുകയാണോ? അല്ലെങ്കില്‍, തെരഞ്ഞെടുപ്പിനെ ആര് നിയന്ത്രിക്കുന്നു? ഒരു പ്രാരബ്ധകര്‍മത്തിലെ കര്‍മഭാവങ്ങള്‍ അസംഖ്യമായിട്ടും, അവയുടെ വിടരല്‍, അവ ഉണ്ടാവുന്ന ക്രമത്തിലല്ലാതായിട്ടും അവ ഒന്നൊന്നായി, കൃത്യമായ ക്രമത്തിലാണ് വിഘ്‌നമോ ഇടവേളയോ മത്സരമോ വികല്‍പമോ തിരക്കോ ഇല്ലാതെ, വിടരുന്നത്. അവയുടെ പ്രവൃത്തി ഏത് ക്രമത്തിലും ലയത്തിലുമാണ്? ഇത്ര കൃത്യമായ ക്രമത്തിലും ലയത്തിലും ആരാണ് അവയെ ചിട്ടപ്പെടുത്തിയതും നിയന്ത്രിക്കുന്നതും? സാധാരണ, കര്‍മഭാവങ്ങള്‍ പുനര്‍ജന്മത്തിലേ ഫലങ്ങള്‍ പൊഴിക്കൂ എങ്കിലും, അതിവിശിഷ്ടമായ അല്ലെങ്കില്‍ അതിക്രൂരമായ കര്‍മഭാവങ്ങള്‍, ഈ ജീവിതത്തില്‍തന്നെ അതിവേഗം ഫലം തരും. സാധാരണ ചിട്ടയില്‍നിന്ന് വ്യതിചലിച്ച് വേഗം ഫലം നല്‍കാന്‍ അവയ്ക്ക് ശേഷി നല്‍കുന്നത് എന്താണ്? ആ മുന്‍ഗണനയിലേക്ക് അവയെ നയിക്കുന്നത് ആരാണ്? ചെയ്ത കര്‍മങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലമോ ശിക്ഷയോ കര്‍മഭാവങ്ങള്‍ കൊണ്ടുവരുന്നു. ആരാണ് ഇവ നിശ്ചയിക്കുന്നത്? കര്‍മഭാവങ്ങ ള്‍ക്ക് സ്വയം ഇതു ചെയ്യാനാവുമോ? ഇല്ലെങ്കില്‍, ആരാണ് വിധിക്കുന്നത്? തീരുമാനങ്ങളെടുക്കാന്‍ പറ്റിയ ജീവജാലമല്ലാത്ത കര്‍മഭാവങ്ങള്‍, കല്‍പിക്കുന്നതനുസരിച്ചാണോ ഈ പ്രക്രിയകള്‍ കൃത്യമായി സംഭവിക്കുന്നത്?
പ്രതിഫലമോ പിഴയോ നിശ്ചയിക്കുന്നതില്‍, വിധിക്കുന്നതിന്റെ അംശമുണ്ട്. കര്‍മഭാവങ്ങള്‍ക്ക് സ്വയം അതിന് കഴിയുമോ? നവ പ്രാരബ്ധകര്‍മം ഏതൊക്കെ കര് മഭാവങ്ങളാണ് രൂപീകരിക്കുന്നതെന്ന്, അവയ്ക്ക് അവയ്ക്കിടയില്‍ തന്നെ നിശ്ചയിക്കാനാകുമോ?
മുന്‍പു വിവരിച്ച അതിസങ്കീര്‍ണതകളില്‍, അവയെ നിര്‍ദ്ദേശിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, ഒരജ്ഞാത അതിബോധ ഏകകം ഉണ്ടായിരിക്കുമെന്ന് യുക്തി പറയുന്നു. ചില കര്‍മഭാവങ്ങള്‍ സമ്മാനിക്കുന്ന ദുരിതാനുഭവങ്ങള്‍ക്ക് വിധേയമാകുന്ന ആത്മാവായിരിക്കില്ല, അത്. ആത്മാവിന് തെരഞ്ഞെടുക്കാനും നിയന്ത്രിക്കാനും കഴിയുമെങ്കില്‍, അത് കയ്‌പേറിയ കര്‍മഭാവങ്ങളെ ഒഴിവാക്കിയേനെ; അതങ്ങനെ ചെയ്യുന്നില്ലെന്ന് നമുക്കറിയാം. പ്രാരബ്ധകര്‍മ രൂപീകരണത്തെയും സ്വതന്ത്ര കര്‍മഭാവങ്ങളുടെ വിടരലിനെയും നിയന്ത്രിക്കുന്ന ഏകകം, ആത്മാവല്ല, അതിനെക്കാള്‍ മഹിമയുള്ള ഒരേകകമാണെന്ന്, ഇത് തെളിയിക്കുന്നു. ശ്വേതാശ്വതാര ഉപനിഷത് (6:1), ഗോപാല ഉത്തരതാപിനി ഉപനിഷത് (18), ബ്രഹ്മോപനിഷത് ( 16) തുടങ്ങിയവ ഈശ്വരനെ കര്‍മാധ്യക്ഷന്‍ ആയി വിശേഷിപ്പിക്കുന്നു. കര്മഭാവങ് ങളുടെ അധ്യക്ഷന്‍ എന്നര്‍ത്ഥം. കര്‍മഫലങ്ങള്‍ നല്‍കുന്നയാള്‍ ഈശ്വരനാണെന്ന്, ബ്രഹ്മസൂത്രങ് ങളും (3:2:38) ബൃഹദാരണ്യക ഉപനിഷത്തും (4:4:24) വിവരിക്കുന്നു. ബൈബിളും പറയുന്നത്, ഓരോ മനുഷ്യനും അയാളുടെ മാര്‍ഗങ്ങള്‍ക്കും ചെയ്തികളുടെ ഫലങ്ങള്‍ക്കും അനുസൃതമായതു നല്‍കേണ്ടതിന്, കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുന്നു; ഹൃദയത്തെ പരീക്ഷിക്കുന്നു (യിരെമ്യ 17:10) എന്നാണ്. അപ്പോസ്തലനായ പൗലോസ് ദൈവത്തെപ്പറ്റി പറഞ്ഞത്, അവനവന്റെ പ്രവൃത്തിക്ക് അനുസൃതമായത് ഓരോരുത്തനും അവന്‍ നല്‍കുന്നു (റോമാക്കാര്‍ 2:6) എന്നാണ്. കര്‍മഫലങ്ങള്‍ ദൈവം നല്‍കുന്നു എന്നുപറഞ്ഞാല്‍, ദൈവം കര്‍മഭാവങ്ങളുടെ ഫലസിദ്ധിയെ നിയന്ത്രിക്കുന്നു എന്നാണ്. ജീവിത വൃത്തികള്‍ ഓരോരുത്തനും ചെയ്യാന്‍ ദൈവം നിര്‍ദ്ദേശിക്കുന്നത്, ഇങ്ങനെയായിരിക്കാം (ഭഗവദ്ഗീത 18:61). ചുരുക്കത്തില്‍, കര്‍മഭാവങ്ങളുടെ നിയന്താവായി വേദങ്ങള്‍ ദൈവത്തെ വിളംബരം ചെയ്യുന്നു; സത്യത്തില്‍ വേദങ്ങള്‍, കര്‍മഭാവങ്ങളുടെ നിയന്താവായി മാത്രമല്ല, പ്രപഞ്ചത്തിന്റെയും അതിലെ സകല പ്രതിഭാസങ്ങളുടെയും നിയന്താവായി ദൈവത്തെ പ്രഖ്യാപിക്കുന്നു.
No comments:
Post a Comment