Monday 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 16

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/16, അനുഭൂതികള്‍ 
കാഴ്ച, കേള്‍വി, ശബ്ദം, സ്പര്‍ശം, രുചി എന്നിങ്ങനെയുള്ള സ്പന്ദനങ്ങളുടെ പ്രതിഫലനങ്ങള്‍ വഹിക്കുന്ന സൂക്ഷ്മതരംഗങ്ങള്‍ ആത്മാവ് സ്വീകരിക്കുന്നതെങ്ങനെയെന്ന് സ്വാമി വിവേകാനന്ദന്‍ (സമ്പൂര്‍ണ കൃതികള്‍, വാല്യം 1, പേജ് 394): 
കമ്പനങ്ങളുടെ വിനിമയം വഴിയാണ് അനുഭൂതികളുണ്ടാകുന്നത്. അത് ആദ്യം ബാഹ്യ ജ്ഞാനേന്ദ്രിയങ്ങളിലും അവിടുന്ന് ആന്തരേന്ദ്രിയങ്ങളിലും അവിടന്ന് മനസ്സിലും മനസ്സില്‍നിന്ന് ബുദ്ധിയിലും അവിടന്ന് ആത്മനിലേക്കും എത്തുന്നു. 
ഇവിടെ 'ആന്തരേന്ദ്രിയങ്ങള്‍' എന്നാല്‍, സൂക്ഷ്‌മേന്ദ്രിയങ്ങള്‍. 'ആത്മന്‍', ആത്മാവ്. ഒരു തളികയിലെ ചുവന്ന പവിഴപ്പുറ്റുകളുടെ കാഴ്ചപോലെ ഒന്നെടുത്ത്, കാച്ചിക്കുറുക്കിയ ഈ നിരീക്ഷണം വിസ്തരിക്കാം. പ്രകാശം നമ്മിലെത്തുന്നത്, പ്രകാശതരംഗങ്ങളായാണെന്ന് (തരംഗദൈര്‍ഘ്യം മില്ലിമീറ്ററിന്റെ 1/1300 ല്‍ കുറവ്) ശാസ്ത്രം പറയുന്നു. പ്രകാശതരംഗങ്ങള്‍ വസ്തുക്കളില്‍ പതിച്ച് അതില്‍നിന്ന് പ്രതിഫലിക്കുമ്പോള്‍, അവ രൂപങ്ങളുടെ നിറങ്ങളുടെയും തിളക്കങ്ങളുടെയും പ്രതിഫലനങ്ങള്‍ വഹിക്കുന്നു. തളികയിലെ പവിഴപ്പുറ്റില്‍ വീണ് പ്രതിഫലിക്കുന്ന പ്രകാശതരംഗങ്ങള്‍, അവയ്‌ക്കൊപ്പം തളിക, പവിഴപ്പുറ്റ് എന്നിവയിലെ രൂപങ്ങളുടെയും നിറങ്ങളുടെയും തിളക്കങ്ങളുടെയും പ്രതിഫലനങ്ങള്‍ വഹിക്കുന്നു. ഈ പ്രകാശതരംഗങ്ങളില്‍ ചിലവ റെറ്റിനയില്‍ പതിക്കുമ്പോള്‍, അവ ആ പ്രതിഫലനങ്ങള്‍ റെറ്റിനയിലെ കോലുകള്‍ക്കും കോണുകള്‍ക്കും കൈമാറുന്നു. ഇതുകാരണം, ആ കോലുകളും കോണുകളും ആവേശംകൊണ്ട് ഊര്‍ജസ്വലമായി കമ്പനം ചെയ്യുന്നു. കോലുകളിലെയും കോണുകളിലെയും പ്രതിഫലനങ്ങള്‍, ഈ കമ്പനങ്ങളില്‍ പ്രതിഫലിക്കുന്നു. കമ്പനങ്ങള്‍ റെറ്റിനയിലെ ബന്ധപ്പെട്ട ഞരമ്പുനാരുകളില്‍ സൂക്ഷ്മതരംഗങ്ങള്‍ സൃഷ്ടിക്കുകയും, അവ, ആ നാരുകളുടെ തുടര്‍ച്ചയായ നേത്ര ഞരമ്പിലേക്ക് പ്രസരിച്ച്, അതിലെ പ്രതിഫലനങ്ങള്‍ ആ തരംഗങ്ങള്‍ക്ക് പകരുകയും ചെയ്യുന്നു. തരംഗങ്ങള്‍ ആ പ്രതിഫലനങ്ങളെ, നേത്ര ഞരമ്പുവഴി, മസ്തിഷ്‌കത്തിലെ കാഴ്ചാ കോര്‍ട്ടെക്‌സിലേക്ക് വഹിക്കുന്നു. ഇവ കോര്‍ട്ടെക്‌സിലെത്തുമ്പോള്‍, അവിടത്തെ ഞരമ്പുനാരുകള്‍ ആവേശംകൊണ്ട് സൂക്ഷ്മമായും എന്നാല്‍ ഊര്‍ജസ്വലമായും കമ്പനം ചെയ്യുന്നു. കോര്‍ട്ടെക്‌സിലെ കമ്പനങ്ങളില്‍നിന്നുണ്ടാകുന്ന സൂക്ഷ്മ സ്പന്ദനതരംഗങ്ങള്‍ റെറ്റിനയില്‍ നിന്ന് മസ്തിഷ്‌കത്തിലെത്തിയ തരംഗങ്ങളെക്കാള്‍ സൂക്ഷ്മവും കേവലവുമാണ്. അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്ന വ്യത്യസ്തയിനം തരംഗങ്ങളാണ്, അവ. റെറ്റിനയില്‍ നിന്നുള്ള തരംഗങ്ങള്‍ ഞരമ്പുനാരുകളുടെ ഖരമാധ്യമത്തിലൂടെ  യാണ് സഞ്ചരിക്കുന്നത് എങ്കില്‍, ഈ തരംഗങ്ങള്‍ അന്തരീക്ഷത്തിലെ തന്മാത്രാ മാധ്യമത്തിലൂടെയാണ് സഞ്ചാരം. 
കൃത്യമായ പേരിടാത്തതിനാല്‍, ഈ പുത്തന്‍ അധിക സൂക്ഷ്മ തരംഗങ്ങളെ കേവലതരംഗങ്ങള്‍ എന്നുവിളിക്കാം. റേഡിയോ തരംഗങ്ങളെപ്പോലെ, ഇവയ്ക്ക് സൂക്ഷ്മ ഉള്ളടക്കം വഹിക്കാനും കഴിവുണ്ട്. മുംബൈയിലെ വിനിമയ സ്റ്റേഷനിലെത്തുന്ന സംഭാഷണങ്ങള്‍ ടെലിഫോണ്‍ നാരുകളിലെ വൈദ്യുതരംഗങ്ങള്‍ വഴി അന്തരീക്ഷത്തിലെ റേഡിയോ തരംഗങ്ങള്‍ കടന്ന് ലണ്ടനും ന്യൂയോര്‍ക്കുംപോലെ, വിദൂര സ്റ്റേഷനുകളിലെത്തുന്നുവെന്ന് നമുക്കറിയാം. അതുപോലെ, അവയവങ്ങളിലെ ഞരമ്പുകളിലുള്ള സൂക്ഷ്മതരംഗങ്ങള്‍ വഴി മസ്തിഷ്‌കത്തിലെത്തുന്ന സ്പന്ദനങ്ങളുടെ പ്രതിഫലനങ്ങള്‍ തുടര്‍ന്ന്, അന്തരീക്ഷത്തിലെ കേവല തരംഗങ്ങളിലൂടെ സൂക്ഷ്മശരീരത്തിലെ ബുദ്ധിയിലെത്തുന്നു. ഭൗതികശരീരത്തിന് തടസ്സപ്പെടുത്താനാവാത്തവിധം അതിസൂക്ഷ്മാണ്, കേവലതരംഗങ്ങള്‍. ഇവയ്ക്ക് മാത്രമേ, സൂക്ഷ്മശരീരത്തിലെ പദാര്‍ത്ഥരഹിത ഇന്ദ്രിയങ്ങള്‍ക്ക്, പ്രതിഫലനങ്ങള്‍ കൈമാറാനാകൂ. അതുപോലെ, സൂക്ഷ്മശരീര ഇന്ദ്രിയങ്ങളില്‍നിന്ന് പ്രസരിക്കുന്ന തരംഗങ്ങളെല്ലാം, കേവല തരംഗങ്ങളാണ്. കാഴ്ചാ കോര്‍ട്ടെക്‌സില്‍നിന്ന് ഉണരുന്ന കേവലതരംഗങ്ങള്‍, തളികയിലെ രൂപങ്ങള്‍, നിറങ്ങള്‍, തിളക്കങ്ങള്‍ എന്നിവയുടെ പ്രതിഫലനങ്ങളെ ബുദ്ധിയിലേക്ക് വഹിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍, കേവലതരംഗങ്ങള്‍ 'തന്മാത്ര'കളുടെ പുറന്തോടിലൂടെയും അന്തരാളത്തിലൂടെയും കടന്ന്, പ്രാണമയകോശത്തില്‍ ഇടിക്കുന്നു. പ്രാണമയകോശത്തിലെ സൂക്ഷ്മനേത്രം, കേവലതരംഗങ്ങള്‍കൊണ്ടുവരുന്ന പ്രതിഫലനങ്ങള്‍ സ്വീകരിക്കുകയും ആവേശഭരിതമായി ഊര്‍ജസ്വലമായി കമ്പനംകൊള്ളുകയും ചെയ്യുന്നു. സൂക്ഷ്മനേത്രത്തിലെ ഈ കമ്പനങ്ങള്‍, ഭൗതിക ശരീരത്തിലെ കണ്ണിലുള്ള കോലുകളിലും കോണുകളിലുമുള്ള മൂല കമ്പനങ്ങള്‍ക്ക് സമാനമാണ്; അവയുടെ ഉള്ളിലെ അതേ പ്രതിഫലനങ്ങളാണ് ഇവയിലുള്ളത്. അതിനാല്‍ അവ, സൂക്ഷ്മനേത്രത്തിലെ സമാന്തരകര്‍മങ്ങളാണ്; സൂക്ഷ്മനേത്രകര്‍മങ്ങള്‍, ഭൗതികനേത്ര കര്‍മങ്ങള്‍ക്ക് സമാന്തരമാണ്. സൂക്ഷ്മനേത്രത്തിലെ കമ്പനങ്ങള്‍ ആ പ്രതിഫലനങ്ങള്‍ മനോമയകോശത്തിലേക്ക് അഥവാ മനസ്സിലേക്ക് പകരുകയും മനസ്സ് അത് ബുദ്ധിക്കു കൈമാറുകയും ചെയ്യുന്നു. ബുദ്ധി പ്രതിഫലനങ്ങള്‍ തിരിച്ചറിഞ്ഞ്, അതില്‍ പ്രതിഫലിച്ച വസ്തുക്കളെ തളികയിലെ ചുവന്ന പവിഴപ്പുറ്റുകളായി അറിയുന്നു. കാഴ്ചയുടെ അനുഭൂതിപോലെ, ഭൗതികേന്ദ്രിയങ്ങളുടെ കര്‍മങ്ങളും അനുഭവങ്ങളും മറ്റനുഭൂതികളും ഇതേപോലെ ആ ഇന്ദ്രിയങ്ങളില്‍നിന്ന് സൂക്ഷ്മതരംഗങ്ങള്‍ ബുദ്ധിയിലേക്കും ആത്മാവിലേക്കും വിനിമയം ചെയ്യുന്നു. വസ്തുരൂപങ്ങള്‍, ശബ്ദങ്ങള്‍, മറ്റു സ്പന്ദനങ്ങള്‍, കര്‍മങ്ങള്‍, അനുഭവങ്ങള്‍ എന്നിവയുടെ മൂല പ്രതിഫലനങ്ങള്‍ക്ക് സമാനമായവ തന്നെയാണ് സൂക്ഷ്മതരംഗങ്ങളും കേവലതരംഗങ്ങളും വഹിക്കുന്നത്. അങ്ങനെ, കര്‍മത്തിന്റെ കാര്യത്തില്‍, അതിന്റെ സകലഭാവങ്ങളും തരംഗങ്ങള്‍ വഹിക്കുന്ന പ്രതിഫലനങ്ങളിലുമുണ്ടാകാം. കര്‍മനിര്‍വഹണം, വികാരങ്ങള്‍, ലക്ഷ്യങ്ങള്‍, ആനന്ദം, വേദന എല്ലാമുണ്ടാകും. അങ്ങനെ, പ്രതിഫലനം, ഒരു പകര്‍പ്പ് തന്നെയായിരിക്കും. അത്, കര്‍മത്തെ, ആത്മാവ് തിരിച്ചറിയാന്‍ കാരണമാകുന്നു.
 പ്രചോദനങ്ങള്‍
 കര്‍മങ്ങള്‍ക്ക് വഴിവയ്ക്കുന്ന പ്രചോദനങ്ങളുടെ വിനിമയത്തിന്റെ പാത വിപരീതമാണ്. അവ ബുദ്ധിയില്‍ ഉറവെടുത്ത്, ഫലസിദ്ധിക്കായി തരംഗങ്ങള്‍ വഴി ബന്ധപ്പെട്ട ഭൗതികേന്ദ്രിയങ്ങളിലേക്ക് വിനിമയം ചെയ്യുകയാണ്. ഈ പ്രക്രിയ ചുരുക്കി പറയാം: സുന്ദരമായ ചുവന്ന പവിഴമുത്തുകള്‍ കാണുമ്പോള്‍ മനസ്സ് ആനന്ദംകൊണ്ട് കമ്പനം ചെയ്യുകയും അത് പവിഴം സ്വന്തമാക്കാനുള്ള ആവേശമായി ഉയരുകയും ചെയ്താല്‍, ആ ആവേശം ബുദ്ധിക്ക് കൈമാറും. ബുദ്ധിയും ആത്മാവും ആ അഭിലാഷം ഉയര്‍ത്തിയാല്‍, ബുദ്ധി അതിനുള്ള കര്‍മം തീരുമാനിക്കും. ആ തീരുമാനം അതില്‍ കമ്പനങ്ങളാകും. തീരുമാനമുണ്ടായാല്‍ അതുവഹിക്കുന്ന കമ്പനങ്ങള്‍ മനസ്സിലേക്ക് പകരും. മനസ്സ് ആവേശംകൊണ്ട് കമ്പനംചെയ്യുകയും ആ തീരുമാനം നടപ്പാക്കാനുള്ള കര്‍മങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. ആ പവിഴമുത്തുകളുടെ വില അറിയാനാണ് ബുദ്ധിയുടെ തീരുമാനമെങ്കില്‍, മനസ്സിന്റെ കമ്പനങ്ങള്‍, വില്‍പനക്കാരനെ സംബോധന ചെയ്യാന്‍ നാവിന് കൈമാറാനായി ഒരു ചോദ്യം പരുവപ്പെടുത്തും. മനസ്സ്, തുടര്‍ന്ന് ആ ചോദ്യം പ്രാണമയകോശത്തിന് അതടങ്ങുന്ന പ്രചോദനമായി വിനിമയം ചെയ്യും. പ്രാണമയകോശത്തിലെ സൂക്ഷ്മ സംസാരേന്ദ്രിയം ആ വിനിമയം ലഭിക്കുമ്പോള്‍, പ്രചോദനംകൊണ്ട് ആവേശത്തിലാവുകയും ആ ചോദ്യം ഉന്നയിക്കാന്‍ കിതയ്ക്കുകയും ചെയ്യും. അതുണ്ടാക്കുന്ന കേവലതരംഗങ്ങള്‍, പ്രചോദനത്തെ സൂക്ഷ്‌മേന്ദ്രിയത്തില്‍നിന്ന് മസ്തിഷ്‌കത്തിന് കൈമാറും. മസ്തിഷ്‌കം അത് ചലനഞരമ്പുകളിലെ സൂക്ഷ്മതരംഗങ്ങള്‍ വഴി കണ്ഠത്തിലെ സ്വനപേടകത്തിലെത്തിക്കും. എന്നുവച്ചാല്‍, പ്രചോദനം വഹിക്കുന്ന കേവലതരംഗങ്ങളോട് മസ്തിഷ്‌കത്തിലെ ഒരു ചലന കോര്‍ട്ടെക്‌സ് പ്രതികരിക്കുകയും ആ കോര്‍ട്ടെക്‌സിലെ സൂക്ഷ്മ ഞരമ്പുനാരുകള്‍ ചോദ്യമടങ്ങുന്ന പ്രചോദനത്താല്‍ ആവേശഭരിതമായി കമ്പനം ചെയ്യാന്‍ തുടങ്ങുകയും ചെയ്യും. ഞരമ്പുനാരുകള്‍ കമ്പനം ചെയ്യാന്‍ തുടങ്ങുമ്പോള്‍, ബന്ധപ്പെട്ട ഞരമ്പുകളിലെ കോശശരീരങ്ങളിലുള്ള നൂറുകണക്കിന് സൂത്രകണികകള്‍ (mitochondrin) വൈദ്യുതി ഉല്‍പാദിപ്പിക്കും (ഓരോന്നും 1/100000 വാട്ട്). നിരവധി കോശങ്ങള്‍ വൈദ്യുതി പുറത്തുവിടുമ്പോള്‍, ഞരമ്പുകളിലെ കമ്പനങ്ങള്‍ ഉയരുകയും പ്രചോദനങ്ങള്‍ അടങ്ങിയ ഊര്‍ജതരംഗങ്ങള്‍ കോര്‍ട്ടെക്‌സില്‍ പ്രവഹിച്ച്, ബന്ധപ്പെട്ട ചലന ഞരമ്പുകള്‍വഴി സ്വനപേടകത്തിലെ പേശീനാരുകളിലെത്തും. പേശീനാരുകള്‍ വികസിക്കുകയും സങ്കോചിക്കുകയും ഞെരിയുകയും ശാന്തമാവുകയും ചെയ്ത്, അതിവേഗം സ്വനതന്തുക്കളിലേക്ക് വായു തള്ളി അവയെ കമ്പനം ചെയ്യും. വില്‍പ്പനക്കാരനിലെത്തിക്കാനുള്ള ചോദ്യത്തിന്റെ ശബ്ദതരംഗങ്ങള്‍ക്ക് അവ കാരണമാകും.
 അങ്ങനെ, ഭൗതിക അവയവമായ സ്വനതന്തുക്കളിലെ പ്രവൃത്തികള്‍ ബുദ്ധിയിലെയും മനസ്സിലെയും കമ്പനങ്ങളായി തുടങ്ങുകയും അവ കേവലതരംഗങ്ങളും സൂക്ഷ്മതരംഗങ്ങളും വഴി ബന്ധപ്പെട്ട ഭൗതികാവയവത്തിലെത്തുകയുമായിരുന്നു. അനുഭൂതികളുടെ കാര്യത്തിലെന്നപോലെ, മേല്‍പറഞ്ഞ പ്രക്രിയ മുഴുവന്‍ ഒരു സൂക്ഷ്മ സെക്കന്‍ഡില്‍ സംഭവിക്കുകയാണ്. മനസ്സില്‍നിന്ന് സ്വനപേടകത്തിലേക്കുള്ള പ്രചോദനങ്ങളുടെ വിനിമയം, അതിന്, തന്മാത്രകള്‍ എന്ന സൂക്ഷ്‌മേന്ദ്രിയം, മസ്തിഷ്‌കം, ഞരമ്പുകള്‍ എന്നിവ വഴി സഞ്ചരിക്കേണ്ടതുണ്ട് എങ്കിലും, തത്സമയമാണ്. സംസാരത്തിന്റെ സൂക്ഷ്‌മേന്ദ്രിയം മനസ്സ് നെയ്ത ആ ചോദ്യത്തിന്റെ സൂക്ഷ്മ വിനിമയം സൃഷ്ടിക്കുകയും സൂക്ഷ്‌മേന്ദ്രിയത്തിന്റെ ആ വിനിമയം തത്സമയം ഒരു സമാന്തര കര്‍മമുണ്ടാക്കുകയും വില്‍പനക്കാരന്‍ അത് കേള്‍ക്കുകയും ചെയ്തുവെന്ന് സാംഖ്യതത്വചിന്തകര്‍ പറഞ്ഞേക്കാം.


 സ്വപ്നങ്ങള്‍
മുന്‍ ഖണ്ഡികകളില്‍ വിവരിച്ച പ്രക്രിയകള്‍ ജാഗ്രദവസ്ഥയില്‍, ഭൗതികശരീരവും സൂക്ഷ്മശരീരവും കര്‍മനിരതമാവുമ്പോള്‍ സംഭവിക്കുന്നതായിട്ടാണ് സങ്കല്‍പിച്ചിട്ടുള്ളത്. സ്വപ്നത്തില്‍, ഭൗതികശരീരം, ക്ഷീണിതവും സൂക്ഷ്മശരീരം കര്‍മനിരതവുമാണ്. ഭൗതിക ശരീരത്തിലെ ക്ഷീണം നിമിത്തം, സൂക്ഷ്മശരീരത്തില്‍നിന്ന് മസ്തിഷ്‌കത്തിലെത്തുന്ന കേവലതരംഗങ്ങള്‍ അവിടെ സാധാരണ ഊര്‍ജസ്വല പ്രതികരണങ്ങള്‍ ഉദ്ദീപിപ്പിക്കുന്നില്ല. അതിന്റെ കോര്‍ട്ടെക്‌സിന്റെ ഭാഗങ്ങളില്‍ ഊര്‍ജസ്വല പ്രചോദനങ്ങളുണ്ടാക്കുന്നില്ല. മറ്റു വാക്കുകളില്‍, സ്വപ്നത്തില്‍ സൂക്ഷ്‌മേന്ദ്രിയങ്ങളുടെ സാധാരണ കര്‍മങ്ങള്‍ ഫലപ്രദമായ സമാന്തര പ്രവൃത്തികള്‍ ബന്ധപ്പെട്ട ഭൗതികേന്ദ്രിയങ്ങളില്‍ ഉളവാക്കുന്നില്ല. സ്വപ്നം കാണുന്നവന്‍ പിച്ചും പേയും പറഞ്ഞെന്നുവരാം, പുരികങ്ങള്‍ക്ക് താഴെ കൃഷ്ണമണികള്‍ ഉരുണ്ടെന്നിരിക്കാം. പക്ഷേ, ആ സംസാരമോ കാഴ്ചയോ ഗുണമുള്ള കര്‍മമാകുന്നില്ല. പരിഭ്രാന്തമായ ഒരു നിലവിളിപോലെ, കൃത്യമായ മൂര്‍ച്ചയുള്ള ഒരു പ്രവൃത്തി സ്വപ്നനേരത്ത് സൂക്ഷ്‌മേന്ദ്രിയത്തിലുണ്ടായാല്‍, ഈ പതിവ് തകിടം മറിഞ്ഞേക്കാം. അപ്പോള്‍, സൂക്ഷ്മശരീരത്തില്‍നിന്നുണ്ടാകുന്ന കേവലതരംഗങ്ങള്‍ ക്ഷീണത്തെ അതിജീവിക്കാന്‍ മസ്തിഷ്‌കത്തെ പ്രേരിപ്പിക്കുംവിധം ശക്തമായിരിക്കും. തത്സമയം സമാന്തരമായ പരിഭ്രാന്ത നിലവിളി ഭൗതികശരീരത്തിലെ സംസാരേന്ദ്രിയത്തില്‍ നിന്ന് അതുളവാക്കും. സ്വപ്നാടകരില്‍, സാധാരണ സ്വപ്നം കാണുന്നവരെക്കാള്‍, സൂക്ഷ്മശരീരത്തില്‍ കര്‍മങ്ങള്‍ ശക്തമായിരിക്കും. തൊട്ടിലില്‍ കിടക്കുന്ന ഒരു കുഞ്ഞിനെ നാം കാണുമ്പോള്‍, അത് ചിരിക്കുന്നുണ്ടാകും, കരയുന്നുണ്ടാകും, പുരികങ്ങള്‍ക്കു താഴെ കൃഷ്ണമണികള്‍ അങ്ങോട്ടുമിങ്ങോട്ടും വെട്ടുന്നുണ്ടാകം, ചിലപ്പോള്‍ കണ്ണുകള്‍ തുറന്ന് ചുറ്റും അതിസൂക്ഷ്മമായി നോക്കുന്നുണ്ടാകും. സ്വപ്നത്തില്‍ കുഞ്ഞ്, കൗതുകകരമായ എന്തോ കാണുന്നപോലെയും ആരെയോ അന്വേഷിക്കുന്നപോലെയും നമുക്ക് തോന്നുന്നു. തന്നെയാണ് കുഞ്ഞ് അന്വേഷിക്കുന്നത് എന്നുകരുതി അമ്മ തൊട്ടിലിലേക്ക് എത്തിനോക്കി, തലയാട്ടി കുഞ്ഞിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ആയുമ്പോള്‍, കുഞ്ഞ് പക്ഷെ കണ്ണടച്ച്, ഉറക്കം തുടര്‍ന്നേക്കാം. കുഞ്ഞിന്റെ കണ്ണ് തുറന്നിരുന്നുവെങ്കിലും, ചുറ്റും നോക്കുകയായിരുന്നുവെങ്കിലും, അവയ്ക്ക് മുന്നിലെ അമ്മയെ കണ്ടില്ല എന്നു വ്യക്തം. കുഞ്ഞിന്റെ കാഴ്ച സാധാരണ കാഴ്ച ആയിരുന്നില്ല. അത് ഒരു കാഴ്ചയുടെ പ്രതികരണം മാത്രമായിരുന്നു; അതിന്റെ സൂക്ഷ്മ ശരീരത്തിന്റെ കണ്ണില്‍ സംഭവിച്ച കാഴ്ചയുടെ ബാഹ്യപ്രതികരണം മാത്രമായിരുന്നു. ഉള്‍ക്കണ്ണിന്റെ സൂക്ഷ്മനോട്ടം സമാന്തരമായി ബാഹ്യകണ്ണില്‍ അനക്കമാവുകയായിരുന്നു. സ്വപ്നത്തില്‍ കുഞ്ഞിന്റെ ചിരിയും കരച്ചിലും സൂക്ഷ്മശരീരത്തിലെ അത്തരം കര്‍മങ്ങളുടെ പ്രതികരണങ്ങളായിരുന്നു. സൂക്ഷ്മശരീരത്തിലെ തരംഗങ്ങള്‍ ബന്ധപ്പെട്ട ഭൗതികേന്ദ്രിയങ്ങളില്‍ തത്സമയ സമാന്തര കര്‍മങ്ങള്‍ സൃഷ്ടിച്ചതിന്റെ പ്രത്യക്ഷ തെളിവുകള്‍. 
മിക്കവാറും മുജ്ജന്മ കര്‍മങ്ങളുടെയും അനുഭവങ്ങളുടെയും കാഴ്ചകളാണ് സ്വപ്നക്കാഴ്ചകള്‍ എന്നു പറയപ്പെടുന്നു. സ്വപ്നത്തില്‍ ആത്മാവ് പണ്ട് കണ്ടത് കാണുന്നുവെന്നും പണ്ടു കേട്ടതു കേള്‍ക്കുന്നുവെന്നും പണ്ട് സ്ഥലങ്ങളില്‍ അനുഭവിച്ചതൊക്കെ അനുഭവിക്കുന്നുവെന്നും പ്രശ്‌നോപനിഷത് (4:5) പറയുന്നു. ആത്മാവ് അറിയുന്നത് പഴയ സംഭവങ്ങളുടെ പ്രതിഫലനങ്ങളാണെങ്കിലും, അതറിയുന്നത് യഥാര്‍ത്ഥ സംഭവങ്ങളെന്ന നിലയ്ക്കാണ്. ഇതിനര്‍ത്ഥം, മുജ്ജന്മത്തില്‍ അന്നത്തെ സംഭവങ്ങളും അനുഭവങ്ങളും സൂക്ഷ്മ ശരീരത്തില്‍ എത്തിച്ച കേവലതരംഗങ്ങള്‍ മരിച്ചില്ലെന്നും നിലനിന്നുവെന്നും അവ പഴയ സംഭവങ്ങളുടെയും അനുഭവങ്ങളുടെയും പുനരനുഭവം സ്വപ്നക്കാഴ്ചകളായി കൊണ്ടുവരുന്നു എന്നുമാണ്. സ്വപ്നത്തില്‍ അതുവരെ കാണാത്ത വ്യക്തികളും സ്ഥലങ്ങളും സംഭവങ്ങളും കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യാറുണ്ട്. ഉണര്‍ന്നിരിക്കുമ്പോള്‍ സംഭവിക്കുന്നതുപോലെതന്നെയാണ് ഈ അനുഭവം. ഇവ മനസ്സിന്റെ ഭാവനകള്‍ ആവില്ല. കാരണം, അതിന്, ഒരു കാഴ്ചയുടെ, സംസാരത്തിന്റെ, മാനസിക സൃഷ്ടിവേണം; അതിന് മാനസികയത്‌നം വേണം. സ്വപ്നം കാണുന്നവര്‍ സംസാരിക്കുകയോ കരയുകയോ ചെയ്യുമ്പോള്‍, അത് കാണുന്നവര്‍ക്ക് തോന്നുന്നത്, അവന്‍ അതൊക്കെ ചെയ്തത് ഈ ശരീരത്തിലെ വായകൊണ്ടാണ് എന്നാണ്. ഭൗതികശരീരത്തിന്റെ സ്വാഭാവികമായ കര്‍മങ്ങളല്ല ഇവയെന്ന് നമുക്കറിയാം. അവ മറ്റെവിടെയോ നടക്കുന്ന സംഭവങ്ങളുടെ പ്രതിഫലനമായി ഭൗതികശരീരത്തില്‍ ഉണ്ടാകുന്ന സമാന്തര സംഭവങ്ങളാണ്. മുന്‍പ് കാണുകയോ കേള്‍ക്കുകയോ അനുശാസിക്കുകയോ ചെയ്യാത്ത ഒന്നിനെയും മനസ്സിന് പ്രതിഫലിപ്പിക്കാനാവില്ലെന്ന് ഭാഗവതം (4:30:65) പറയുന്നു. 
അതിനാല്‍ മുന്‍പ് അനുഭവിച്ചിട്ടില്ലാത്തവയുടെ സ്വപ്നക്കാഴ്ചകള്‍, മുജ്ജന്മ അനുഭവക്കാഴ്ചകളാണ്. സ്വപ്നക്കാഴ്ചകള്‍ തെളിയിക്കുന്നത്, നമുക്കുള്ളില്‍ മുജ്ജന്മ അനുഭവ പ്രതിഫലനങ്ങള്‍ മരിക്കാതെ നിലനില്‍ക്കുന്നു എന്നാണ്. ഈ ജീവിതത്തില്‍ മുന്‍പു നടന്നതിന്റെ ഓര്‍മകളും തെളിയിക്കുന്നത്, പഴയ കര്‍മങ്ങള്‍ നമ്മില്‍ നിലനില്‍ക്കുന്നു എന്നാണ്. പഴയ കര്‍മങ്ങളുടെയും അനുഭവങ്ങളുടെയും പ്രതിഫലനങ്ങളുള്ള തരംഗങ്ങള്‍ മനസ്സിന് എത്തിപ്പിടിക്കാവുന്ന അകലത്തില്‍ നിലനിന്നാലേ ഇതൊക്കെ സംഭവിക്കൂ. അവയെ ഉറക്കത്തില്‍ മനസ്സ് അവലോകനം ചെയ്യുമ്പോള്‍, ആ അവലോകനങ്ങള്‍ സ്വപ്നങ്ങളായി ഭവിക്കുന്നു. ഉണര്‍ന്ന അവസ്ഥയില്‍ അത് സംഭവിക്കുമ്പോള്‍, അത് ഓര്‍മയാണ്, ഉറക്കത്തിലെ ഓര്‍മയാണ് സ്വപ്നം. പഴയ കര്‍മങ്ങളുടെയും അനുഭവങ്ങളുടെയും പ്രതിഫലനങ്ങളടങ്ങിയ തരംഗങ്ങള്‍ എങ്ങനെ, അവിടെ നില്‍ക്കുന്നുവെന്നും അവയുടെ ഫലങ്ങള്‍ എന്താണെന്നും ഇനി നമുക്ക് കാണാം. വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയോ മുന്നറിവോ ആണ് സ്വപ്നക്കാഴ്ചകള്‍ ചില നേരമെന്ന് പറയാറുണ്ട്. അവ, അത്തരം സംഭവങ്ങളുടെ രൂപത്തില്‍ വന്ന, വിടര്‍ന്നു കായാകാന്‍ പോകുന്ന കര്‍മഭാവങ്ങളുടെ കാഴ്ചകള്‍ ആകാം.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...