4.ലെനിൻ തോറ്റു 28 -22
ലെനിൻറെ രാഷ്ട്രീയവും,യോഗങ്ങളിൽ പൊട്ടിത്തെറിക്കുന്ന സ്വഭാവവും വച്ച്,അയാൾ ഒരു രോഗി ആയിരുന്നു എന്ന നിഗമനത്തിൽ എത്താം.ആ നിഗമനം തെറ്റല്ലെന്ന് സോവിയറ്റ് യൂണിയൻറെ പതന ശേഷം തുറന്നു കിട്ടിയ ആർകൈവ്സ് / ചികിത്സാ രേഖകൾ വെളിപ്പെടുത്തുന്നു.1903 ലെ പിരിമുറുക്കം നിറഞ്ഞു നിന്ന രണ്ടാം പാർട്ടി കോൺഗ്രസിന് ശേഷം തലവേദനയും ഉറക്കമില്ലായ്‌മയും കലശലായപ്പോൾ ജനീവയിൽ വിദഗ്ദ്ധ ഡോക്ടറെ ലെനിൻ കണ്ടു.ഉദര രോഗമാണ് ലെനിൻ സംശയിച്ചത്.ഡോക്ടർ പറഞ്ഞു:" ഉദരമല്ല,തലച്ചോറാണ് ".രണ്ടാം പാർട്ടി കോൺഗ്രസിന് മുൻപ്,ലണ്ടനിൽ ലെനിന് നെഞ്ചിൽ കഫക്കെട്ടുണ്ടായി.ഞരമ്പുകൾ വലിഞ്ഞു മുറുകും പോലെ തോന്നി.പനി വന്നു.ഭാര്യ നസ്ദേഷ ക്രൂപ് സ്കേയ മെഡിക്കൽ പുസ്തകങ്ങൾ നോക്കി,ഇത് സയാറ്റിക്ക( Sciatica ) യാണെന്ന് കണ്ടെത്തി.റഷ്യൻ മാർക്‌സിസ്റ്റും ഡോക്ടറുമായ കെ എം തായ്തൊറോവ് സ്ഥിരീകരിച്ചു.ഇടുപ്പ്,കൈകാലുകൾ എന്നിവിടങ്ങളിൽ സയാറ്റിക് ഞരമ്പിലെ രോഗം കാരണം വേദന വരുന്നു.ഇടുപ്പിൽ തുടങ്ങി ശാഖകൾ ആകുന്ന ശരീരത്തിലെ ഏറ്റവും വലിയ ഞരമ്പാണ്,സയാറ്റിക്.ക്രൂപ് സ്കേയ,ലെനിൻറെ ശരീരമാകെ അയഡിൻ പുരട്ടിയിട്ടും ശമനമുണ്ടായില്ല.അങ്ങനെ ഡോക്ടറെ കണ്ട് രോഗം,ഹോളി ഫയർ ആണെന്ന് കണ്ടെത്തി.ഇതിന് സെൻറ് ആൻറണീസ് ഫയർ,എരിസിപെലസ് ( Erisipelas ),എർഗോട്ടിസം ( Ergotism ) എന്നൊക്കെ പറയും.ഭക്ഷ്യ വസ്‌തുക്കളിൽ നിന്നുള്ള ഫംഗസ് തൊലിയെയും അതിനു കീഴിലെ കോശങ്ങളെയും ബാധിക്കുന്നതാണ്,രോഗം .കൈകാലുകളിലും മുഖത്തുമൊക്കെ തിണർപ്പ് വരാം.ക്ഷീണവും തലവേദനയും മാനസിക പ്രശ്നങ്ങളും ഉണ്ടാകാം.
ലെനിനും ക്രൂപ് സ്കേയയും |
മാർട്ടോവിന്റെ ഒരു നീക്കം വഴി,ഇസ്‌ക്ര 1903 ഏപ്രിലിൽ വീണ്ടും ജനീവയ്ക്ക് മാറ്റി.പ്ലഖനോവും ലെനിനും വീണ്ടും കണ്ടുമുട്ടേണ്ട നിലയുണ്ടായി.ലെനിൻറെ നേതൃത്വത്തിൽ പാർട്ടി കോൺഗ്രസിന് സംഘാടക സമിതിയുണ്ടായിരുന്നു.ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ ജൂലൈ 17 ന് കോൺഗ്രസ് തുടങ്ങിയെങ്കിലും,പൊലീസ് ശല്യം കാരണം അത് ലണ്ടനിലേക്ക് മാറ്റേണ്ടി വന്നു.ജൂലൈ 29 ന്, സോഷ്യലിസ്റ്റായ ഫാ സ്വാൻ സ്ഥാപിച്ച ബ്രദർഹുഡ് പള്ളിയിൽ കോൺഗ്രസ് പുനരാരംഭിച്ചു.
ജനീവയ്ക്ക് ഓഫിസ് മാറ്റും മുൻപ്,തങ്ങൾ ഇരുവരും ഒന്നിച്ചു നിന്ന് പ്ലഖനോവിനെ ഒറ്റപ്പെടുത്താമെന്ന് ലെനിൻ മാർട്ടോവിനോട് പറഞ്ഞിരുന്നു.കോൺഗ്രസിനിടയിൽ ലെനിനെ തള്ളിപ്പറയാൻ വ്ളാദിമിർ അകിമോവ്,പ്ലഖനോവിനോട് ആവശ്യപ്പെട്ടു.പ്ലഖനോവ് പറഞ്ഞു:" നെപ്പോളിയൻ ഭടന്മാരോട് ഭാര്യമാരെ തള്ളിക്കളയാൻ ആവശ്യപ്പെട്ടു.ഭാര്യമാരെ വിശ്വസിച്ചു കൊണ്ട് തന്നെ,അവരെ തള്ളിക്കളയാൻ പലരും തയ്യാറായി.അകിമോവ് ,നെപ്പോളിയനെപ്പോലെയാണ്. ഞാൻ ലെനിനെ തള്ളിക്കളയാൻ വേണ്ടി അയാൾ എന്ത് വിലയും തരും ."
കോൺഗ്രസിൽ പങ്കെടുത്തത് 50 പേരായിരുന്നു.അതിൽ അഞ്ചു പേർ ജ്യൂയിഷ് ബണ്ട് എന്ന പാർട്ടിയിലെ ജൂതരായിരുന്നു.വലിയ സ്വാധീനമുള്ള അവർ കൂടുതൽ പ്രാതിനിധ്യം പാർട്ടിയിൽ അവകാശപ്പെട്ടു പൊന്നു.ഇസ്‌ക്ര ഗ്രൂപ്പിലും ജൂതന്മാരായിരുന്നു,കൂടുതൽ:ആക്സൽറോഡ്,മാർട്ടോവ്,ട്രോട് സ്‌കി.ലെനിൻറെ മുതു മുത്തച്ഛൻ മോഷോ ബ്ലാങ്ക്,ജൂതനായിരുന്നു.
ട്രോട് സ്‌കിയുടെ ആചാര്യനായിരുന്നു,ജൂലിയസ് മാർട്ടോവ് ( 1873 -1923 ).ജനാധിപത്യ സോഷ്യലിസത്തിൻറെ ഹാംലെറ്റ് എന്ന് അദ്ദേഹത്തെ ട്രോട് സ്‌കി വിശേഷിപ്പിച്ചു.( Martov : A Political Biogrophy/Israel Getzler,2003 )." മാർട്ടോവ് കൂടെയില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം" എന്ന് 1921 ൽ ലെനിൻ വിലപിച്ചു.
കോൺസ്റ്റാന്റിനോപ്പിളിൽ ആണ് ജനനം.മെൻഷെവിക് നേതാവായ ലിഡിയ ഡാൻ സഹോദരി.1891 ലെ ക്ഷാമമാണ് തന്നെ മാർക്‌സിസ്റ്റ് ആക്കിയതെന്ന് മാർട്ടോവ് ഓർമിച്ചു.1895 ൽ ലെനിനൊപ്പം തൊഴിലാളി വർഗ ഉന്നമനത്തിനുള്ള സെൻറ് പീറ്റേഴ്‌സ് ബർഗ് ലീഗ് സ്ഥാപകനായിരുന്നു.ഇതിൻറെ നേതൃത്വത്തിലുള്ള പണിമുടക്കിനെ തുടർന്ന് 1896 ൽ റഷ്യയിൽ നിന്ന് നാട് കടത്തി.ഒരു കാർട്ടൂൺ വരച്ച് വനിതാ സഖാവിൻറെ ആത്മഹത്യയ്ക്ക് വഴിവച്ച നിക്കോളായ് ബൊമാനെ പുറത്താക്കണമെന്ന് മാർട്ടോവ് പാർട്ടിയിൽ വാദിച്ചു.
മാർട്ടോവ് |
ഫെബ്രുവരി വിപ്ലവത്തിന് ശേഷം പാർട്ടിയിൽ തിരിച്ചെത്തി.ലെനിനുമായി സഖ്യം സാധ്യമായില്ല.മുഖ്യധാരയിൽ സ്ഥാനം പോയി.ആഭ്യന്തര യുദ്ധ കാലത്ത്,ജനാധിപത്യ ഐക്യ ഭരണ കൂടത്തിന് വാദിച്ചു.നിയമ നിർമാണ സഭയിൽ മെൻഷെവിക് നേതാവായി.ലെനിൻ സിംഹാസനമേറി ചുവപ്പ് ഭീകരത ( Red Terror ) നടമാടിയപ്പോൾ,മാർട്ടോവ് പറഞ്ഞു:" മൃഗം മനുഷ്യൻറെ ചുടുരക്തം നക്കി.മനുഷ്യനെ കൊല്ലുന്ന യന്ത്രം ചലിക്കാൻ തുടങ്ങി.എന്നാൽ,ചോര സൃഷ്ടിക്കുന്നത്,ചോരയെ തന്നെ ".( The Black Book of Communism ,Page 736 ).
പ്ലഖനോവുമായി തർക്കിച്ച ലെനിൻ 1901 ൽ തന്നെ,"എന്താണ് ചെയ്യേണ്ടത്" എന്ന ലഘു ലേഖ പുറത്തിറക്കിയിരുന്നു.കോൺഗ്രസിൽ,ലെനിൻ കരട് പാർട്ടി പരിപാടി അവതരിപ്പിച്ചു.അതിലാണ്,'തൊഴിലാളി വർഗ സർവാധിപത്യം' ( Dictatorship of the Proletariat) വന്നത്.അത് അംഗീകരിച്ചു.എന്നാൽ,പാർട്ടി ചട്ടങ്ങൾ അവതരിപ്പിച്ചപ്പോൾ,മാർട്ടോവ് എതിർത്തു.ആർക്കൊക്കെ പാർട്ടി അംഗങ്ങളാകാം എന്നതായിരുന്നു,പ്രശ്‍നം.'പാർട്ടി പരിപാടി അംഗീകരിക്കുകയും പാർട്ടിക്ക് ഭൗതിക സഹായം ചെയ്യുകയും പാർട്ടി സംഘടനയിൽ ഉണ്ടായിരിക്കുകയും ചെയ്യുന്നയാൾ പാർട്ടി അംഗമായിരിക്കും' എന്നായിരുന്നു,രേഖയിൽ.ഇതിൽ,മാർട്ടോവ്,' സംഘടനാ നിർദേശത്തിനു കീഴിൽ' ( under direction ) എന്ന ഭേദഗതി നിർദേശിച്ചു.കേന്ദ്ര നേതൃത്വത്തിൽ നിന്ന് സ്വതന്ത്രമായി അഭിപ്രായം പറയുന്ന അംഗങ്ങളുടെ പാർട്ടി എന്നാണ്,മാർട്ടോവ് ഉദ്ദേശിച്ചത്.ലെനിനാകട്ടെ,'നേതൃത്വം' മാത്രമായിരുന്നു,പ്രധാനം.ബാക്കിയെല്ലാം അതിന് കീഴെ.തർക്കം കോൺഗ്രസിൻറെ വോട്ടിനിട്ടു;ലെനിൻ തോറ്റു -28 -22.മാർട്ടോവിന്റെ പക്ഷത്തേക്ക് മാറിയ ഒരു സഖാവിന് നേരെ,അലക്‌സാണ്ടർ ഷോട് മാൻ കൈയോങ്ങി.
ഇസ്‌ക്ര പത്രാധിപ സമിതി അംഗത്വം മൂന്നായി ചുരുക്കാമെന്നും പ്ലഖ്നോവിന് മേൽ തനിക്കും മാർട്ടോവിനും പിടി മുറുക്കാമെന്നും മാർട്ടോവുമായി കോൺഗ്രസിന് മുൻപ് ലെനിൻ ധാരണയിൽ എത്തിയിരുന്നു.പക്ഷെ, ലെനിൻ കോൺഗ്രസിൽ ചുവട് മാറ്റിയത് മാർട്ടോവിന് ദഹിച്ചില്ല.മാർട്ടോവിനെ ലെനിൻ പക്ഷം,കാപട്യക്കാരൻ എന്ന് വിളിച്ചു,ജൂത ബണ്ടിലെ അഞ്ചു പേരും 'ഇക്കണോമിസ്റ്റു'കളും കോൺഗ്രസ് ബഹിഷ്‌കരിച്ചു പുറത്തിറങ്ങിയപ്പോൾ,മാർട്ടോവിന് പിന്തുണ നഷ്ടപ്പെട്ടു.
പാർട്ടിയുടെ ഉന്നത ഘടകം മൂന്നംഗ പാർട്ടി കൗൺസിൽ ആയിരിക്കുമെന്ന് തീരുമാനിച്ചു.ഇതിനു കീഴിൽ,മൂന്നംഗ കേന്ദ്ര കമ്മിറ്റി.അങ്ങനെ പ്ലഖനോവിനൊപ്പം നിന്ന് ലെനിൻ ജയിച്ചു.അവിടെ ഭൂരിപക്ഷം കിട്ടിയ തൻറെ പക്ഷത്തെ ലെനിൻ,ഭൂരിപക്ഷ ( ബോൾഷെവികി ) വിഭാഗം എന്ന് വിളിച്ചു.മാർട്ടോവിൻറെ ഗ്രൂപ്,മെൻഷെവികി ( ന്യൂനപക്ഷ ) വിഭാഗമായി.മൂന്നംഗ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു:വി എ നൊസ്‌കോവ്,ഗ്ലെബ് കിർഷിഷാനോവ്സ്കി,എഫ് വി ലെൻഗ്നിക്.ഇസ്‌ക്ര പത്രാധിപ സമിതിയിൽ മൂന്ന് അംഗങ്ങൾ:ലെനിൻ,പ്ലഖനോവ്,മാർട്ടോവ്.അങ്ങനെ,റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി,പരിപാടിയും ചട്ടവുമായി,നിലവിൽ വന്നു.ലെനിൻറെ ഏകാധിപത്യത്തിൽ ചുരുങ്ങിപ്പോയ പ്ലഖനോവ്,ആത്മഹത്യയെപ്പറ്റി ആലോചിച്ചു.
കോൺഗ്രസ് കഴിഞ്ഞ്,ജനീവയിൽ നടന്ന ഫോറിൻ ലീഗ് ഓഫ് റഷ്യൻ റവലൂഷനറി സോഷ്യൽ ഡെമോക്രസി സമ്മേളനത്തിൽ,മാർട്ടോവ്,ലെനിനെ വ്യക്തിപരമായി ആക്രമിച്ചു.കോൺ ഗ്രസിനു മുൻപ്,പ്ലഖ്നോവിനെ വെട്ടിനിരത്താൻ ഒന്നിച്ചു നിൽക്കണമെന്നു പറഞ്ഞ ലെനിൻ,വാക്ക് പാലിച്ചില്ലെന്ന് മാർട്ടോവ് കുറ്റപ്പെടുത്തി.ഹാളിൻറെ വാതിൽ തുറന്ന്,അത് കൊട്ടിയടച്ച് ലെനിൻ പുറത്തു പോയി.സംഘർഷം ഒഴിവാക്കാൻ താൻ പത്രാധിപ സമിതി വിടാമെന്ന് പ്ലഖനോവ് നിർദേശം വച്ചു.ഒരു വിപ്ലവ പാർട്ടി ഉണ്ടായിക്കാണാൻ 20 വര്ഷം കാത്ത കാരണവർക്ക്,പാർട്ടി ആയിരുന്നു,പ്രധാനം.ലെനിൻ പാർട്ടി കൗൺസിലിൽ നിന്നും ഇസ്‌ക്രയിൽ നിന്നും രാജി വച്ചു.ബോൾഷെവിക്കുകൾ ന്യൂനപക്ഷമായി.പ്ലഖനോവ്,മാർട്ടോവിന്റെ ന്യൂന പക്ഷത്തിനൊപ്പം നിന്നു.
ഇങ്ങനെ പുറത്തിറങ്ങിയതിനെ ന്യായീകരിച്ചാണ്,ലെനിൻ 1904 ൽ ' ഒരടി മുന്നോട്ട്,രണ്ടടി പിന്നോട്ട്' ( One Step Forward,Two Steps Backward ) എന്ന ലഘു ലേഖ എഴുതിയത്.അതിലാണ്,പാർട്ടി അംഗത്തിൻറെ വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന ' ജനാധിപത്യ കേന്ദ്രീകരണം' ( Democratic Centralism ) എന്ന ഭ്രാന്തൻ ആശയം വന്നത്.ഇതാണ്,ലോകമാകെയുള്ള കമ്മ്യൂണിസ്റ്റുകൾ,ചൈനയും മാവോയിസ്റ്റുകളും ഉൾപ്പെടെ,പിന്തുടരുന്നത്.ഇത് എത്രമാത്രം അപകടകരമാണെന്ന് 1904 ൽ തന്നെ,റോസാ ലക്സംബർഗ് 'റഷ്യൻ സോഷ്യൽ ഡെമോക്രസിയുടെ സംഘടനാ പ്രശ്നങ്ങൾ' എന്ന പ്രബന്ധത്തിൽ നിരീക്ഷിച്ചു.സംഘടനയുടെ ഊന്നൽ തൊഴിലാളികളിൽ ആയിരിക്കണം എന്ന് അവർ പറഞ്ഞു.സോഷ്യലിസത്തിൻറെ പാത തീരുമാനിക്കേണ്ടത്,പാർട്ടി നേതാക്കൾ അല്ല.പാർട്ടി നേതൃത്വം നോക്കേണ്ടത്,അതിനുള്ളവിശാല മാർഗ രേഖയാണ് .ലെനിൻറെ അധിക കേന്ദ്രീകരണം ( Ultra Centralism ) അതിന് ഗുണം ചെയ്യില്ല.ആ പ്രബന്ധത്തിൽ റോസ പറഞ്ഞ കാര്യങ്ങൾ ഇവയാണ്:*
- കേന്ദ്ര കമ്മിറ്റിയിൽ അധികാരം കേന്ദ്രീകരിച്ചതായി ലെനിൻ സിദ്ധാന്തിക്കുന്നു.അതിൻറെ തീരുമാനത്തിന് അപ്പീൽ ഇല്ല.എന്നാൽ,സോഷ്യലിസ്റ്റ് അധികാര കേന്ദ്രീകരണം ഇതല്ല.അത്,തൊഴിലാളി പ്രതിനിധികളുടെ ഇച്ഛ ആയിരിക്കണം.തൊഴിലാളി വർഗ്ഗത്തിൽ മുന്നേറിയവരുടെ 'സ്വയം കേന്ദ്രീകരണം' ( self -centalism ) ആണ്,അത്.
- ലെനിൻ പറഞ്ഞ പോലെ,നിഷേധാത്മകമായ അധികാരം,പാർട്ടിയുടെ ഉന്നത്തിൽ കേന്ദ്രീകരിച്ചാൽ,ആ ഘടകത്തിന്റെ യാഥാസ്ഥിതികത്വത്തെ അത്,അപകടകരമാം വിധം ശക്തിപ്പെടുത്തും.
- ലെനിൻ പറയുന്നത് അവസര വാദമാണ്.അതിന് തത്വമില്ലായ്‌മ എന്ന തത്വം മാത്രമേയുള്ളു;അത്,ഏകാധിപത്യ കേന്ദ്രീകരണമാണ്.അവസരവാദികളായ ബുദ്ധിജീവികളുടെ ഏകാധിപത്യ കേന്ദ്രീകരണം.
കിർഷിഷാനോവ്സ്കി |
ജനാധിപത്യത്തെ തരിമ്പു പോലും വില വയ്ക്കാത്ത ലെനിൻ,1903 നവംബറിൽ,കിർഷിഷാനോവ്സ്കിയെ കണ്ട് ,കേന്ദ്ര കമ്മിറ്റിയിലേക്ക് തന്നെ കോ -ഓപ്റ്റ് ചെയ്യണം എന്നപേക്ഷിച്ചു.കൂട്ടുകാരൻ വഴങ്ങി.ലെനിൻ കേന്ദ്ര കമ്മിറ്റിയിൽ തിരിച്ചെത്തി.സത്യസന്ധത,സ്വഭാവ മഹിമ എന്നിവയുടെ അഭാവത്തിൽ,ലെനിൻ,ചെറ്റത്തരം രാഷ്ട്രീയ കലയാക്കി വളർത്തി എടുത്തിരുന്നു.അയാളുടെ രാഷ്ട്രീയവും രോഗവും ഭ്രാന്തമായി.
ലെനിൻ ജനീവയിൽ വിദഗ്ദ്ധ ഡോക്ടറെ കണ്ടതും,ഡോക്ടർ ' തലച്ചോറിനാണ് കുഴപ്പം ' എന്ന് പറഞ്ഞതും,ഇക്കാലത്താണ്.ലെനിൻറെ പിതാവ്,സെറിബ്രൽ ആർട്ടറിയോസ്ലെറോസിസ് വന്ന് ഹൃദയാഘാതം മൂലമാണ് മരിച്ചത്.തലച്ചോറിനാണ് അസുഖം എന്ന് ഡോക്ടർ പറഞ്ഞതിന്,അന്ന് അർഥം രണ്ടായിരുന്നു.ലെനിനും പിതാവിൻറെ രോഗമാകാം;രോഗം ന്യൂറോസ്‌തീനിയ ( neurosthenia ) ആകാം.കേന്ദ്ര നാഡീവ്യൂഹത്തിലെ തകരാർ നിമിത്തം ശരീരം ക്ഷീണിക്കുന്നതാണ്,ന്യൂറോസ്‌തീനിയ.മാനസിക പ്രവൃത്തികളിൽ നിന്ന് വിട്ടു നിന്ന് വിശ്രമിക്കാനാണ്,ഡോക്ടർമാർ ഉപദേശിച്ചിരുന്നത്.ഇന്ന് അങ്ങനെ ഒരു രോഗം ഇല്ല.ഇന്നത്തെ നിലയിൽ,ലക്ഷണങ്ങൾ വച്ച് ലെനിനുണ്ടായിരുന്നത്,സെറിബ്രോ വാസ്‌കുലാർ രോഗമാണ്.അതായത്,തലച്ചോറിന് രക്തവും പോഷകങ്ങളും എത്തിക്കുന്ന രക്തധമനികളുടെ കേട്.
ലെനിൻ ജോലി ചെയ്യുമ്പോൾ,ചെറിയ അനക്കം പോലും ഉണ്ടാക്കിയിരുന്നില്ല.ആശയങ്ങൾ തലയിൽ കയറി മുറിയിൽ നടന്നിരുന്നത്,പാദ പതനം ഉണ്ടാക്കാതെ,കാലിൻറെ പെരുവിരലുകൾ നിലത്തുറപ്പിച്ചാണ്.ഇന്നത്തെ ഭാഷയിൽ,ഒരു മനുഷ്യ ബോംബ് ( a human time bomb).
-----------------------
*Organizational Questions of the Russian Social Democracy / Rosa Luxemberg,1904:
Lenin’s thesis is that the party Central Committee should have the privilege of naming all the local committees of the party. It should have the right to appoint the effective organs of all local bodies from Geneva to Liege, from Tomsk to Irkutsk. It should also have the right to impose on all of them its own ready-made rules of party conduct. It should have the right to rule without appeal on such questions as the dissolution and reconstitution of local organizations. This way, the Central Committee could determine, to suit itself, the composition of the highest party organs. The Central Committee would be the only thinking element in the party. All other groupings would be its executive limbs...In consequence of this, ordinary members of the organization became simple executive organs, carrying out the orders of a will fixed beforehand, and outside of their particular sphere of activity. They became the instruments of a Central Committee. Here we have the second peculiarity of conspiratorial centralism – the absolute and blind submission of the party sections to the will of the center, and the extension of this authority to all parts of the organization....
there do not exist for the Social Democracy detailed sets of tactics which a Central Committee can teach the party membership in the same way as troops are instructed in their training camps.....
(Socialist centralism )can only be the concentrated will of the individuals and groups representative of the working class. It is, so to speak, the “self-centralism” of the advanced sectors of the proletariat. It is the rule of the majority within its own party....
The discipline Lenin has in mind is being implanted in the working class not only by the factory but also by the military and the existing state bureaucracy – by the entire mechanism of the centralized bourgeois state....Granting, as Lenin wants, such absolute powers of a negative character to the top organ of the party, we strengthen, to a dangerous extent, the conservatism inherent in such an organ.... The ultra-centralism asked by Lenin is full of the sterile spirit of the overseer. It is not a positive and creative spirit. Lenin’s concern is not so much to make the activity of the party more fruitful as to control the party – to narrow the movement rather than to develop it, to bind rather than to unify it....
On the question of Organization,or any other question,opportunism knows only one principle:Opportunism chooses its means of action with the aim of suiting the given circumstances at hand,provided these means appear to lead towards the ends in view ...In general,it is rigorous,despotic centralism which is preferred by opportunistic intellectuals.