Thursday, 25 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 5

5.ലെനിൻ പ്ലഖനോവിനെ വെട്ടി നിരത്തി

ലെനിൻറെ തിരഞ്ഞെടുത്ത കൃതികളിൽ,സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട ആഖ്യാനം ഒന്നേയുള്ളു -17  പേജ് നീണ്ട ആ വിവരണമാകട്ടെ,പ്ലഖനോവുമായി തർക്കിച്ച് പിരിഞ്ഞത്തിന്റേതാണ്.ഒരു പത്രവും മാസികയും തുടങ്ങുന്നതിനെപ്പറ്റി ലെനിൻ എഴുതിയ കുറിപ്പ്,വേറ സസൂലിച്ചിനെക്കൊണ്ട് പ്ലഖനോവ് മാറ്റി എഴുതിച്ചു.ലെനിൻറെ ഭാഷ പ്ലഖനോവിന് പിടിച്ചില്ല.ഉള്ളടക്കത്തിന് കാമ്പുള്ളതായും തോന്നിയില്ല.
ലെനിൻ ആദ്യമായി വിദേശത്തു പോകുന്നത്,1895 ൽ പ്ലഖനോവിനെ കാണാൻ വേണ്ടി തന്നെയാണ്.റഷ്യൻ മാർക്‌സിസ സ്ഥാപകരായ ലെനിനെയും ആക്സൽറോഡിനെയും ജനീവയിൽ ലെനിൻ കണ്ടു.സ്വതന്ത്ര ബൂർഷ്വയുമായി സഖ്യം വേണ്ടി വരുമെന്ന് അവർ ലെനിനെ വിശ്വസിപ്പിച്ചു.റഷ്യയിലേക്ക് മടങ്ങിയ ലെനിൻ,സെൻറ് പീറ്റേഴ്‌സ്ബർഗിലെ സമരങ്ങളെ തുടർന്ന് ഒന്നരക്കൊല്ലം ജയിലായി,ലഖു ലേഖകൾ എഴുതി.അതിനു ശിക്ഷയായി മൂന്നു കൊല്ലം സൈബീരിയയിലേക്ക് നാട് കടത്തി.അവിടെയും എഴുതി.ആധുനിക ന്യൂറോളജിയിൽ ഇത് തലച്ചോറിനെ ബാധിച്ച അസുഖമാണ് -ഹൈപ്പർഗ്രാഫിയ.കേരളത്തിലെ പാർട്ടിയിലും ഇത് ബാധിച്ചവർ ഉണ്ടായിരുന്നു.
പ്ലഖനോവ്  
സൈബീരിയയിൽ,റഷ്യൻ സോഷ്യൽ ഡെമോക്രാറ്റുകളുടെ കടമ എന്ന ലഘു ലേഖയും റഷ്യയിൽ മുതലാളിത്തത്തിൻറെ വികാസം എന്ന പ്രബന്ധവും എഴുതി.ഈ പ്രബന്ധമാണ്,എതിർ ചേരിക്ക് എതിരെ ലെനിൻറെ മാസ്റ്റർപീസ്.താൻ ഉൾപ്പെട്ട സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ആരുമായി സഖ്യത്തിൽ ഏർപ്പെടണം എന്ന് വ്യക്തമാക്കുന്നതാണ്,ലഘു ലേഖ.നമ്മുടെ പാർട്ടിക്ക് ഒരു കരട് പരിപാടി ( 1899 ) എന്ന രേഖയിൽ ലെനിൻ എഴുതി:പെറ്റി ബൂർഷ്വയുടെ ജനാധിപത്യാവശ്യങ്ങൾക്ക് പിന്തുണ നൽകുക എന്നാൽ,പെറ്റി ബൂർഷ്വയ്ക്ക് പിന്തുണ നൽകൽ അല്ല.
രാഷ്ട്രീയ സഖ്യങ്ങളെ സ്വന്തം താൽപര്യങ്ങൾക്ക് ഉപയോഗിക്കാം എന്നേ ലെനിൻ കരുതിയിരുന്നുള്ളു.തൊഴിലാളി വർഗവും അടിസ്ഥാന തന്ത്രത്തിൻറെ ഭാഗം മാത്രമായി.ജനകീയ ചേരിക്ക് ശക്തി പോയപ്പോൾ,സോഷ്യൽ ഫെമോക്രാറ്റുകൾക്കിടയിൽ പുതിയ ആശയങ്ങൾ നാമ്പിടുന്നത് ലെനിനെ വിറളി പിടിപ്പിച്ചു.കാർഷിക പ്രശ്നത്തെപ്പറ്റി കൗട് സ്‌കി എഴുതിയ ലേഖനത്തെ വിമർശിച്ച് എസ് ബുൾഗാക്കോവ് എഴുതിയ ലേഖനം കണ്ട് താൻ രോഷാകുലനായെന്ന് ലെനിൻ തന്നെ പറഞ്ഞിട്ടുണ്ട്.ബേൺസ്റ്റീന് ജനപ്രിയത കൂടുന്നതും ബുൾഗാക്കോവ് തുടങ്ങിയവർക്ക് സ്വീകാര്യത കിട്ടുന്നതും ലെനിനെ ആകുലനാക്കി.അതിനാൽ താൻ തത്വചിന്ത പഠിക്കാൻ തുടങ്ങിയെന്ന് 1899 ജൂൺ 27 ന് ലെനിൻ എ എൻ പോട്രേസോവിന് എഴുതി.ഹോൾബാക്കിനെയും സി എ ഹെൽവെറ്റിയസിനെയും വായിച്ചു.ഇമ്മാനുവൽ കാന്റിനെ വായിക്കണം.തത്വ ചിന്താപരമായ തർക്കങ്ങൾ ലെനിൻ ഗൗനിച്ചില്ല.സോഷ്യൽ ഡെമോക്രാറ്റുകൾ ഇക്കണോമിസം എന്നൊരു വരട്ടുവാദം കൊണ്ടുവന്നപ്പോഴും ലെനിൻ കലി തുള്ളി.ഇവർ പുറത്തിറക്കിയ ക്രെഡോ എന്ന രേഖയ്ക്കുള്ള മറുപടിയാണ്,എന്താണ് ചെയ്യേണ്ടത്? എന്ന ലെനിൻറെ രേഖ.പ്ലഖനോവ് നിരവധി സിദ്ധാന്തങ്ങൾ കൊണ്ടു വന്നിട്ടും താൻ സൈദ്ധാന്തികൻ ആയില്ല എന്ന തോന്നലിൻറെ ഉൽപന്നം കൂടി ആയിരുന്നു,ഇത്.ഇത് ബോൾഷെവിസത്തിന് അടിത്തറയായി.
സൈബീരിയയിലെ തടവ് കഴിഞ്ഞ് 1900 തുടക്കത്തിൽ ലെനിൻ വീണ്ടും ജനീവയിൽ എത്തി.റഷ്യൻ സോഷ്യൽ ഡെമോക്രാറ്റുകളുടെ പ്രസ്ഥാനത്തിന്,ഇസ്‌ക്ര ( തീപ്പൊരി ) എന്ന പ്രസിദ്ധീകരണം ഉണ്ടാക്കാൻ ലെനിൻ പ്ലഖനോവിനെ കണ്ടപ്പോഴായിരുന്നു,പൊട്ടിത്തെറി.
യുവാവായ ലെനിൻ പ്രീതി നേടുന്നതിൽ പ്ലഖനോവിന് താൽപര്യം ഇല്ലായിരുന്നു.അവർ തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ആഖ്യാനമാണ്,ആദ്യം പറഞ്ഞത്.
ലെനിൻ(നടുവിൽ ) മാർട്ടോവ് ( വലത് )-1898 
അദ്‌ഭുതങ്ങൾ പ്രതീക്ഷിച്ചാണ്,ലെനിൻ എത്തിയത്.തൻറെ രോമക്കുപ്പായത്തിലെ ഒരു ബട്ടണുമായി പ്രേമത്തിലായ കർക്കശക്കാരനായ കരണവരാണ് പ്ലഖനോവ്  എന്ന് ഗോർക്കി എഴുതി.ആ ബട്ടണിൽ തടവി തടവി ഒരു ഘട്ടം എത്തുമ്പോൾ,പ്ലഖനോവ്,അതമർത്തും.ആ  നിമിഷം പ്രഭാഷണം ഒന്ന് നിൽക്കും.അത് കഴിഞ്ഞ് വാക്കുകളുടെ പ്രവാഹം.ലെനിൻ ആജ്ഞ സ്വീകരിക്കാൻ ഒരുക്കം അല്ലായിരുന്നു.അതിനാൽ എതിർത്തു.വേറയെ ലെനിന് ഇഷ്ടമായിരുന്നു.അവർ പ്ലഖനോവിനെ ആദരിക്കുന്നത് കണ്ട് ലെനിന് അദ്‌ഭുതം തോന്നി.വേറയും  ആക്സൽറോഡും പ്ലഖനോവിന് പരിചയായപ്പോൾ,ലെനിൻ ഏകനായി.പത്രം ,മാസിക എന്നിവയുടെ സൈദ്ധാന്തിക നിയന്ത്രണം ആർക്ക് എന്നായിരുന്നു,തർക്കം.
 അടുത്ത പ്രഭാതത്തിലും തർക്കം തുടർന്നു.തീപ്പൊരി എങ്ങനെയാണണച്ചത്‌ എന്ന ശീര്ഷകത്തിലാണ്,ലെനിൻറെ ആഖ്യാനം. മറ്റ് ലേഖനങ്ങളിലെ കൈയക്ഷരവുമായി നോക്കുമ്പോൾ രോഷം വിങ്ങിയതാണ്,ഒറ്റയടിക്ക് 17 പേജ് അണ പൊട്ടൽ.പ്ലഖനോവിൻറെ ഗുരുനാട്യവും പുച്ഛവും  കോപാകുലനാക്കി  എന്നാണ് ലെനിൻ എഴുതുന്നത്.കർശനമായ വാഗ്‌വാദത്തിൽ,താൻ വ്യക്തിപരമായ ആക്രമണങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന് പ്ലഖനോവ് പറഞ്ഞു.രാഷ്ട്രീയ തത്വങ്ങൾ വെളിവാക്കാൻ പ്ലഖനോവ്  ചില സ്വകാര്യ കത്തുകൾ ( ലെനിനുമായി അല്ല ) പ്രസിദ്ധീകരിച്ചത് വ്യക്തിപരം തന്നെയായിരുന്നു." പ്ലഖനോവ് അസഹിഷ്‌ണുത കാട്ടി",ലെനിൻ എഴുതി,"മറ്റുള്ളവരുടെ വാദങ്ങൾ കേൾക്കാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു.അതിനു കഴിവില്ലായിരുന്നു,സത്യസന്ധൻ അല്ലായിരുന്നു."
വേറ സസൂലിച് 
'ഇസ്‌ക്രയുടെയും സാര്യയുടെയും പത്രാധിപ സമിതി പ്രഖ്യാപനത്തിൻറെ കരട്' എന്ന രേഖ ലെനിൻ തയ്യാറാക്കിയിരുന്നു.ഇസ്‌ക്ര,പത്രം.സാര്യ ( പ്രഭാതം )മാസിക.ഇതാണ് പ്ലഖനോവ് മടക്കിയത്.കുപിതനായി മാറ്റിയെഴുതി കൊടുത്തു.അത് തിരുത്താൻ വേറയ്ക്ക് കൊടു ത്തപ്പോൾ ലെനിൻ ഞെട്ടിപ്പോയി.പത്രാധിപ സമിതിയുടെ വോട്ടവകാശത്തെപ്പറ്റി ലെന്സിനും പ്ലഖനോവും തർക്കിച്ചു.സമിതിയിൽ ആറ് അംഗങ്ങൾ ആകാമെന്ന് തീരുമാനിച്ചു.പ്ലഖനോവ്,ആക്സൽറോഡ്,വേറ സസൂലിച്* ,ലെനിൻ,മാർട്ടോവ്,എ എൻ പോട്രെസോവ്.തനിക്ക് രണ്ടു വോട്ട് വേണമെന്ന് പ്ലഖനോവ് വാശി പിടിച്ചു.ലെനിൻ അതിനെ എതിർത്തു.
ലെനിൻ എഴുതുന്നു:(ലെനിൻ / തിരഞ്ഞെടുത്ത കൃതികൾ,വാല്യം 4,പേജ് 342 )

ജാല വിദ്യയാൽ എന്ന പോലെ പ്ലഖനോവിനോടുള്ള എൻറെ ആകർഷണം അപ്രത്യക്ഷമായി.അവിശ്വസനീയമായ തലത്തിൽ ഞാൻ അപമാനിക്കപ്പെട്ടു.എനിക്കു നൊന്തു.എനിക്ക് ജീവിതത്തിൽ ഒരിക്കലും മറ്റൊരാളോടും ഇത്ര ആദരവും പരിഗണനയും ആദരവും തോന്നിയിരുന്നില്ല.ഒരാൾക്ക് മുന്നിലും ഇത്ര വിനയത്തോടെ ഞാൻ നിന്നിട്ടില്ല.ഇത് പോലെ വേറൊരാളിൽ നിന്നും എനിക്ക് പുറകിൽ തൊഴി കിട്ടിയിട്ടില്ല.അതാണ് ഉണ്ടായത്....കുഞ്ഞുങ്ങളെപ്പോലെ ഭയപ്പെടുത്തി ഞങ്ങളുടെ ബുദ്ധിയെ തളർത്തി....ഒരു മാന്യതയുമില്ലാതെ ഞങ്ങളെ നിരാകരിച്ചു.രാവിലെ സഹ എഡിറ്ററാകാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ തന്നെ ശാന്തമായി പ്ലഖനോവ് ഞങ്ങളെ കെണിയിലാക്കുകയായിരുന്നു.അത് നിശ്ചയിച്ചറപ്പിച്ച ചതുരംഗ കളി ആയിരുന്നു....

എല്ലാം ഉപേക്ഷിച്ച് റഷ്യയിലേക്ക് മടങ്ങാൻ തോന്നിയെന്ന് ലെനിൻ എഴുതുന്നു.എന്നാൽ ഏകാധിപതിയുമായി ഒരു കൂടിക്കാഴ്ച കൂടിയാകാമെന്ന് തീരുമാനിച്ചു.ഒരു ശവമടക്കിനു പോകും പോലെ ആയിരുന്നു,ഇത്.താൻ ചീത്തയാണെന്ന് ലെനിൻ പ്ലഖനോവിനോട് തുറന്നടിച്ചു.പ്രസക്തമല്ലാത്ത തോന്നലുകൾക്ക് ലെനിൻ അടിമയായെന്ന് കാരണവർ സിദ്ധാന്തിച്ചു.ലെനിൻറെ സഹായത്തെ ആശ്രയിച്ചല്ല താൻ കഴിയുന്നത്.വിയോജിപ്പുണ്ടായതിനാൽ കൈകൂപ്പി ചാരിയിരിക്കാൻ പോകുന്നില്ല.വേണമെങ്കിൽ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കാം.
ഇത് കേട്ട് ലെനിൻ ക്ഷുഭിതനായി കൂടിക്കാഴ്ച അവസാനിപ്പിച്ചു.അടുത്ത നാൾ വീണ്ടും കാരണവരെ കണ്ടു.പത്രാധിപ സമിതിയിൽ വാഗ്വാദം അനുവദിക്കാമോ എന്നറിയാൻ.കാരണവർ നിരസിച്ചു.എങ്ങനെയാണ് വോട്ടെടുപ്പ് എന്ന് ലെനിൻ ചോദിച്ചു.അടിസ്ഥാന പ്രശ്നങ്ങളിൽ വോട്ടെടുപ്പ് പറ്റില്ലെന്നായി,കാരണവർ.പത്രമിറക്കാൻ ന്യൂറംബെർഗിലേക്ക് പോകുമ്പോൾ,ലെനിൻറെ ഉള്ളു കലമ്പി.
ഇസ്‌ക്ര 
ലെനിൻറെ ഭാഷ സംസ്‌കാര ഹീനവും കരണവരുടേത്,സൗമ്യവും ആയിരുന്നു.ലെനിൻ ഉപയോഗിക്കുന്ന ചീത്ത വാക്കുകൾ റഷ്യൻ സോഷ്യലിസ്റ്റ് റിയലിസ സാഹിത്യത്തിൽ സുലഭമായിരുന്നു.ഇക്കാര്യത്തിൽ മാർക്‌സും ദിമിത്രി പിസാറേവും ആയിരുന്നു,ലെനിന് മാതൃക.കടിഞ്ഞാൺ വിടാതെ ലെനിൻ ജർമനിയിൽ ഇസ്‌ക്രയ്ക്കും സാര്യയ്ക്കും യന്ത്രം ഒരുക്കി.ഭാര്യ ക്രൂപ്സ്കേയ തടവ് കഴിഞ്ഞ് മ്യുണിക്കിൽ എത്തിയപ്പോൾ,അവരെ പത്രാധിപ സമിതി അധ്യക്ഷയാക്കി.പ്ലഖനോവ് സ്വിറ്റ്‌സർലൻഡിൽ തുടർന്നു -അസ്തമിക്കുന്ന കാരണവർ.1901 ലെ ശിശിരത്തിൽ ലെനിൻറെ ആദ്യ സൈദ്ധാന്തിക ഗ്രന്ഥം പുറത്തു വന്നു.ചർണിഷേവ്സ്കിയുടെ പ്രസിദ്ധ നോവലിൻറെ ശീർഷകം കടമെടുത്തു:എന്താണ് ചെയ്യേണ്ടത്?( What is to be Done ?).ഇതിലെ സിദ്ധാന്തങ്ങൾക്ക് മാർക്സിസവുമായി ഒരു ബന്ധവും ഇല്ല.സെർജി നെചായേവ്,പിസാറേവ് എന്നിവരുടെ ആശയങ്ങൾ കടം എടുക്കുകയായിരുന്നു.തൊഴിലാളി വർഗ്ഗത്തിൻറെ ഉന്നമനം ആ വർഗ്ഗത്തിൻറെ തന്നെ പണിയാണ് എന്ന മാർക്‌സിയൻ സിദ്ധാന്തം നിരാകരിച്ച്,പരിശീലനം സിദ്ധിച്ച ഒരു സംഘം ബുദ്ധിജീവികൾ വിപ്ലവത്തിൻറെ കാവലാളായി നിൽക്കുമെന്ന് ഉറപ്പിക്കുന്നു."സ്വന്തം പ്രയത്നത്താൽ,തൊഴിലാളി വർഗത്തിന് തൊഴിലാളി യൂണിയൻ മനസ്സുണ്ടാക്കാനേ കഴിയൂ ,ലെനിൻ എഴുതുന്നു  പ്രവാചകനെപ്പോലെയാണ് ലെനിൻ ഇതിൽ സ്വയം അവതരിപ്പിക്കുന്നത്.ലെനിൻ കടം കൊണ്ട നെചായേവിന്റെ പുസ്തകത്തിൻറെ പേരു തന്നെ,വിപ്ളവത്തിന്റെ അനുഷ്ടാന വിധി ( The Revolutionary Catechism ) എന്നാണ്.
റഷ്യൻ തൊഴിലാളി വർഗത്തെ ലോക തൊഴിലാളി വർഗ നായകന്മാരാക്കും എന്ന് ലെനിൻ ഇതിൽ പറയുമ്പോൾ,ജർമൻ,ബ്രിട്ടീഷ്,അമേരിക്കൻ തൊഴിലാളികളെക്കാൾ പിന്നാക്കമായിരുന്നു.
നെചായേവ് 
ഇസ്‌ക്രയുടെ ആദ്യ ലക്കത്തിൽ പ്ലഖനോവിൻറെ ലേഖനം ഉണ്ടായിരുന്നു.
ലെനിൻറെ സിദ്ധാന്തം,പാർട്ടിയെ പ്രൊഫഷനൽ ബുദ്ധിജീവികൾ റാഞ്ചാൻ ഇടയാക്കുമെന്നും അതിന് മാർക്‌സുമായി ബന്ധമില്ലെന്നും പ്ലഖനോവ് എഴുതിക്കൊണ്ടിരുന്നു.സ്വന്തം നിലയ്ക്ക് തൊഴിലാളി വർഗത്തിന് സോഷ്യലിസ്റ്റ് അവബോധം ഉണ്ടാകില്ലെന്ന ലെനിൻറെ നിരീക്ഷണം മാർക്സിസത്തിന് നിരക്കില്ല.1905 ലെ വിപ്ലവവും പ്ലഖനോവിൻറെ ചിന്തയെ മാറ്റിയില്ല.ഇതിനു ശേഷം ലെനിൻ പ്ലഖനോവിനെ ഗുരുസ്ഥാനത്തു നിന്ന് നീക്കി.ലെനിൻ ഉൾപ്പെട്ട ബോൾഷെവിക്ക് ചേരിക്ക് എതിരായ മെൻഷെവിക്ക് ചേരിയിൽ ഗുരു ചേർന്നു.1905 നു ശേഷം ചരിത്രം,തത്വശാസ്ത്രം,സൗന്ദര്യ ശാസ്ത്രം എന്നിവയിൽ ഗുരു എഴുത്ത് ഒതുക്കി.നിരവധി വാല്യങ്ങളുള്ള റഷ്യൻ സാമൂഹ്യ തത്വശാസ്ത്ര ചരിത്രം മനസ്സിൽ ഉണ്ടായിരുന്നെങ്കിലും,മൂന്ന് വാല്യങ്ങളേ പൂർത്തിയാക്കാൻ ആയുള്ളൂ.1905 -1914 ൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിലെ മധ്യ ചേരിക്ക് ഒപ്പമായിരുന്നു.ഒന്നാം ലോകയുദ്ധ കാലത്ത്,സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ വലതു ചേരിയിൽ എത്തി.1917 ഫെബ്രുവരിയിൽ രാജഭരണം കട പുഴകിയപ്പോൾ,പ്ലഖനോവ് റഷ്യയിൽ തിരിച്ചെത്തി.ഒക്ടോബർ ' വിപ്ലവം ' ബോൾഷെവിക്കുകൾക്ക് പറ്റിയ പാളിച്ചയാണെന്ന് അദ്ദേഹം കണ്ടു.ഫെബ്രുവരിയിൽ ലെനിൻ ഇല്ലാത്ത നേരത്തു നടന്ന വിപ്ലവത്തിൻറെ നേട്ടങ്ങളെ അത് നശിപ്പിക്കുമെന്ന് പ്രവചിച്ചു.1918 മെയ് 30 ന് ഒരു ഫിനിഷ് ചികിത്സാ കേന്ദ്രത്തിൽ നിരാശനും ഏകാകിയുമായി മരിച്ചു.ലെനിന് ശേഷം,പുനരധിവാസമുണ്ടായി.
ഫിൻലൻഡിലേക്ക് അവസാനകാലത്ത് പോയത്,'ജന ശത്രു' എന്ന് വിളിച്ച്,സദാ പ്ലഖനോവിനെ ലെനിൻറെ റെഡ് ഗാർഡുകൾ വേട്ടയാടിയത് കൊണ്ടായിരുന്നു.ആ കാരണവരെ നാം ഓർക്കണം:1904 ൽ തന്നെ, ലെനിൻ ഉന്മൂലനത്തിന് ഒരുമ്പെടുമെന്ന് ഗുരു പറഞ്ഞിരുന്നു.**ലെനിൻ മുന്നോട്ടു വച്ച സംഘടനാ സംവിധാനത്തെ മാർട്ടോവ് എതിർത്ത്,ലെനിൻ രാജി വച്ചു പോയ ശേഷമാണ് ഇത് ഗുരു പറഞ്ഞത്.റോസാ ലക്‌സംബർഗും അത് മുൻകൂട്ടി കണ്ടിരുന്നു.
-------------------------------
* വേറ സസൂലിച്:ആദ്യ റഷ്യൻ വിപ്ലവകാരി സെർജി നെചായേവിന്റെ ശിഷ്യ,മെൻഷെവിക് നേതാവ്.സെൻറ് പീറ്റേഴ്‌സ്ബർഗ് ഗവർണർ ഫയദോർ ട്രെപ്പോവിനെ വെടിവച്ചു പരുക്കേൽപിച്ചു.ലെനിനും നെചായെവിനും ഇടയിലെ കണ്ണി
.  
** Plekhanov: Imagine that the Central Committee possessed the still-debated right of liquidation. The Central Committee everywhere liquidates the elements with which it is dissatisfied, everywhere seats its own creatures and, filling all the committees with these creatures, without difficulty guarantees itself a fully submissive majority at the congress.The congress, constituted of the creatures of the Central Committee, amiably cries Hurrah!, approves all its successful and unsuccessful actions, and applauds all its plans and initiatives.( Adam Bruno Ulam/The Bolsheviks,1965 ,Page 193 ).

See https://hamletram.blogspot.com/2019/07/3.html

ഒരു റഷ്യൻ യക്ഷിക്കഥ 4

4.ലെനിൻ തോറ്റു 28 -22

ലെനിൻറെ രാഷ്ട്രീയവും,യോഗങ്ങളിൽ പൊട്ടിത്തെറിക്കുന്ന സ്വഭാവവും വച്ച്,അയാൾ ഒരു രോഗി ആയിരുന്നു എന്ന നിഗമനത്തിൽ എത്താം.ആ നിഗമനം തെറ്റല്ലെന്ന് സോവിയറ്റ് യൂണിയൻറെ പതന ശേഷം തുറന്നു കിട്ടിയ ആർകൈവ്സ് / ചികിത്സാ രേഖകൾ വെളിപ്പെടുത്തുന്നു.1903 ലെ പിരിമുറുക്കം നിറഞ്ഞു നിന്ന രണ്ടാം പാർട്ടി കോൺഗ്രസിന് ശേഷം തലവേദനയും ഉറക്കമില്ലായ്‌മയും കലശലായപ്പോൾ ജനീവയിൽ വിദഗ്ദ്ധ ഡോക്ടറെ ലെനിൻ കണ്ടു.ഉദര രോഗമാണ് ലെനിൻ സംശയിച്ചത്.ഡോക്ടർ പറഞ്ഞു:" ഉദരമല്ല,തലച്ചോറാണ് ".

രണ്ടാം പാർട്ടി കോൺഗ്രസിന് മുൻപ്,ലണ്ടനിൽ ലെനിന് നെഞ്ചിൽ കഫക്കെട്ടുണ്ടായി.ഞരമ്പുകൾ വലിഞ്ഞു മുറുകും പോലെ തോന്നി.പനി വന്നു.ഭാര്യ നസ്ദേഷ  ക്രൂപ് സ്കേയ മെഡിക്കൽ പുസ്തകങ്ങൾ നോക്കി,ഇത് സയാറ്റിക്ക( Sciatica ) യാണെന്ന് കണ്ടെത്തി.റഷ്യൻ മാർക്‌സിസ്റ്റും ഡോക്ടറുമായ കെ എം തായ്തൊറോവ് സ്ഥിരീകരിച്ചു.ഇടുപ്പ്,കൈകാലുകൾ എന്നിവിടങ്ങളിൽ സയാറ്റിക് ഞരമ്പിലെ രോഗം കാരണം വേദന വരുന്നു.ഇടുപ്പിൽ തുടങ്ങി ശാഖകൾ ആകുന്ന ശരീരത്തിലെ ഏറ്റവും വലിയ ഞരമ്പാണ്,സയാറ്റിക്.ക്രൂപ് സ്കേയ,ലെനിൻറെ ശരീരമാകെ അയഡിൻ പുരട്ടിയിട്ടും ശമനമുണ്ടായില്ല.അങ്ങനെ ഡോക്ടറെ കണ്ട് രോഗം,ഹോളി ഫയർ ആണെന്ന് കണ്ടെത്തി.ഇതിന് സെൻറ് ആൻറണീസ് ഫയർ,എരിസിപെലസ് ( Erisipelas ),എർഗോട്ടിസം ( Ergotism ) എന്നൊക്കെ പറയും.ഭക്ഷ്യ വസ്‌തുക്കളിൽ നിന്നുള്ള ഫംഗസ് തൊലിയെയും അതിനു കീഴിലെ കോശങ്ങളെയും ബാധിക്കുന്നതാണ്,രോഗം .കൈകാലുകളിലും മുഖത്തുമൊക്കെ തിണർപ്പ് വരാം.ക്ഷീണവും തലവേദനയും മാനസിക പ്രശ്നങ്ങളും ഉണ്ടാകാം.
ലെനിനും ക്രൂപ് സ്കേയയും 
ബവേറിയൻ പൊലീസിനെ പേടിച്ച് ലെനിനും കൂട്ടരും ഇസ്‌ക്ര പത്രം ഓഫിസ്,മ്യൂണിക്കിൽ നിന്ന് ലണ്ടനിലേക്ക് മാറ്റാൻ തീരുമാനിച്ചതിനെ തുടർന്നാണ്,1902 ഏപ്രിലിൽ ലെനിൻ , ഭാര്യ, പത്രാധിപ സമിതി അംഗങ്ങളായ ജൂലിയസ് മാർട്ടോവ്,അലക്‌സാണ്ടർ പോട്രേസോവ്,വേറ സസൂലിച് എന്നിവർ ലണ്ടനിൽ എത്തിയത്.സൈബീരിയയിൽ നിന്ന് രക്ഷപ്പെട്ട ട്രോട് സ്‌കി ഒരു നാൾ ലെനിൻറെ വാതിലിൽ മുട്ടി.അയാൾ ഇസ്‌ക്ര പത്രാധിപ സമിതിയിൽ ഏഴാം അംഗമായി.ലെനിൻറെ ഈ നീക്കം,ജനീവയിലുള്ള കാരണവർ പ്ലഖനോവിന് പിടിച്ചില്ല.അയാൾ ഭൂരിപക്ഷമുണ്ടാക്കാൻ നോക്കുകയാണെന്ന് കാരണവർ സംശയിച്ചു.ഇതിന് പത്രാധിപ സമിതിയിൽ ഒരു വോട്ടു കൂടി കിട്ടുകയാണ്.വരുന്ന രണ്ടാം പാർട്ടി കോൺഗ്രസ്,ഇസ്‌ക്ര യിലെ ലെനിൻ ഗ്രൂപ് പിടിച്ചെടുത്താലോ?

മാർട്ടോവിന്റെ ഒരു നീക്കം വഴി,ഇസ്‌ക്ര 1903 ഏപ്രിലിൽ വീണ്ടും ജനീവയ്ക്ക് മാറ്റി.പ്ലഖനോവും ലെനിനും വീണ്ടും കണ്ടുമുട്ടേണ്ട നിലയുണ്ടായി.ലെനിൻറെ നേതൃത്വത്തിൽ പാർട്ടി കോൺഗ്രസിന് സംഘാടക സമിതിയുണ്ടായിരുന്നു.ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ ജൂലൈ 17 ന് കോൺഗ്രസ് തുടങ്ങിയെങ്കിലും,പൊലീസ് ശല്യം കാരണം അത് ലണ്ടനിലേക്ക് മാറ്റേണ്ടി വന്നു.ജൂലൈ 29 ന്, സോഷ്യലിസ്റ്റായ ഫാ സ്വാൻ സ്ഥാപിച്ച ബ്രദർഹുഡ് പള്ളിയിൽ കോൺഗ്രസ് പുനരാരംഭിച്ചു.

ജനീവയ്ക്ക് ഓഫിസ് മാറ്റും മുൻപ്,തങ്ങൾ ഇരുവരും ഒന്നിച്ചു നിന്ന് പ്ലഖനോവിനെ ഒറ്റപ്പെടുത്താമെന്ന് ലെനിൻ മാർട്ടോവിനോട് പറഞ്ഞിരുന്നു.കോൺഗ്രസിനിടയിൽ ലെനിനെ തള്ളിപ്പറയാൻ വ്ളാദിമിർ അകിമോവ്,പ്ലഖനോവിനോട് ആവശ്യപ്പെട്ടു.പ്ലഖനോവ് പറഞ്ഞു:" നെപ്പോളിയൻ ഭടന്മാരോട് ഭാര്യമാരെ തള്ളിക്കളയാൻ ആവശ്യപ്പെട്ടു.ഭാര്യമാരെ വിശ്വസിച്ചു കൊണ്ട് തന്നെ,അവരെ തള്ളിക്കളയാൻ പലരും തയ്യാറായി.അകിമോവ് ,നെപ്പോളിയനെപ്പോലെയാണ്. ഞാൻ ലെനിനെ തള്ളിക്കളയാൻ വേണ്ടി അയാൾ എന്ത് വിലയും തരും ."
കോൺഗ്രസിൽ പങ്കെടുത്തത് 50 പേരായിരുന്നു.അതിൽ അഞ്ചു പേർ ജ്യൂയിഷ് ബണ്ട് എന്ന പാർട്ടിയിലെ ജൂതരായിരുന്നു.വലിയ സ്വാധീനമുള്ള അവർ കൂടുതൽ പ്രാതിനിധ്യം പാർട്ടിയിൽ അവകാശപ്പെട്ടു പൊന്നു.ഇസ്‌ക്ര ഗ്രൂപ്പിലും ജൂതന്മാരായിരുന്നു,കൂടുതൽ:ആക്സൽറോഡ്,മാർട്ടോവ്,ട്രോട് സ്‌കി.ലെനിൻറെ മുതു മുത്തച്ഛൻ മോഷോ ബ്ലാങ്ക്,ജൂതനായിരുന്നു.
ട്രോട് സ്‌കിയുടെ ആചാര്യനായിരുന്നു,ജൂലിയസ് മാർട്ടോവ് ( 1873 -1923 ).ജനാധിപത്യ സോഷ്യലിസത്തിൻറെ ഹാംലെറ്റ് എന്ന് അദ്ദേഹത്തെ ട്രോട് സ്‌കി വിശേഷിപ്പിച്ചു.( Martov : A Political Biogrophy/Israel Getzler,2003 )." മാർട്ടോവ് കൂടെയില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം" എന്ന് 1921 ൽ ലെനിൻ വിലപിച്ചു.
മാർട്ടോവ് 
കോൺസ്റ്റാന്റിനോപ്പിളിൽ ആണ് ജനനം.മെൻഷെവിക് നേതാവായ ലിഡിയ ഡാൻ സഹോദരി.1891 ലെ ക്ഷാമമാണ് തന്നെ മാർക്‌സിസ്റ്റ് ആക്കിയതെന്ന് മാർട്ടോവ് ഓർമിച്ചു.1895 ൽ ലെനിനൊപ്പം തൊഴിലാളി വർഗ ഉന്നമനത്തിനുള്ള സെൻറ് പീറ്റേഴ്‌സ് ബർഗ് ലീഗ് സ്ഥാപകനായിരുന്നു.ഇതിൻറെ നേതൃത്വത്തിലുള്ള പണിമുടക്കിനെ തുടർന്ന് 1896 ൽ റഷ്യയിൽ നിന്ന് നാട് കടത്തി.ഒരു കാർട്ടൂൺ വരച്ച് വനിതാ സഖാവിൻറെ ആത്മഹത്യയ്ക്ക് വഴിവച്ച നിക്കോളായ് ബൊമാനെ പുറത്താക്കണമെന്ന് മാർട്ടോവ് പാർട്ടിയിൽ വാദിച്ചു.
ഫെബ്രുവരി വിപ്ലവത്തിന് ശേഷം പാർട്ടിയിൽ തിരിച്ചെത്തി.ലെനിനുമായി സഖ്യം സാധ്യമായില്ല.മുഖ്യധാരയിൽ സ്ഥാനം പോയി.ആഭ്യന്തര യുദ്ധ കാലത്ത്,ജനാധിപത്യ ഐക്യ ഭരണ കൂടത്തിന് വാദിച്ചു.നിയമ നിർമാണ സഭയിൽ മെൻഷെവിക് നേതാവായി.ലെനിൻ സിംഹാസനമേറി ചുവപ്പ് ഭീകരത ( Red Terror ) നടമാടിയപ്പോൾ,മാർട്ടോവ് പറഞ്ഞു:" മൃഗം മനുഷ്യൻറെ ചുടുരക്തം നക്കി.മനുഷ്യനെ കൊല്ലുന്ന യന്ത്രം ചലിക്കാൻ തുടങ്ങി.എന്നാൽ,ചോര സൃഷ്ടിക്കുന്നത്,ചോരയെ തന്നെ ".( The Black Book of Communism ,Page 736 ).

പ്ലഖനോവുമായി തർക്കിച്ച ലെനിൻ 1901 ൽ തന്നെ,"എന്താണ് ചെയ്യേണ്ടത്" എന്ന ലഘു ലേഖ പുറത്തിറക്കിയിരുന്നു.കോൺഗ്രസിൽ,ലെനിൻ കരട് പാർട്ടി പരിപാടി അവതരിപ്പിച്ചു.അതിലാണ്,'തൊഴിലാളി വർഗ സർവാധിപത്യം' ( Dictatorship of the Proletariat) വന്നത്.അത് അംഗീകരിച്ചു.എന്നാൽ,പാർട്ടി ചട്ടങ്ങൾ അവതരിപ്പിച്ചപ്പോൾ,മാർട്ടോവ് എതിർത്തു.ആർക്കൊക്കെ പാർട്ടി അംഗങ്ങളാകാം എന്നതായിരുന്നു,പ്രശ്‍നം.'പാർട്ടി പരിപാടി അംഗീകരിക്കുകയും പാർട്ടിക്ക് ഭൗതിക സഹായം ചെയ്യുകയും പാർട്ടി സംഘടനയിൽ ഉണ്ടായിരിക്കുകയും ചെയ്യുന്നയാൾ പാർട്ടി അംഗമായിരിക്കും' എന്നായിരുന്നു,രേഖയിൽ.ഇതിൽ,മാർട്ടോവ്,' സംഘടനാ നിർദേശത്തിനു കീഴിൽ' ( under direction ) എന്ന ഭേദഗതി നിർദേശിച്ചു.കേന്ദ്ര നേതൃത്വത്തിൽ നിന്ന് സ്വതന്ത്രമായി അഭിപ്രായം പറയുന്ന അംഗങ്ങളുടെ പാർട്ടി എന്നാണ്,മാർട്ടോവ് ഉദ്ദേശിച്ചത്.ലെനിനാകട്ടെ,'നേതൃത്വം' മാത്രമായിരുന്നു,പ്രധാനം.ബാക്കിയെല്ലാം അതിന് കീഴെ.തർക്കം കോൺഗ്രസിൻറെ വോട്ടിനിട്ടു;ലെനിൻ തോറ്റു -28 -22.മാർട്ടോവിന്റെ പക്ഷത്തേക്ക് മാറിയ ഒരു സഖാവിന് നേരെ,അലക്‌സാണ്ടർ ഷോട് മാൻ കൈയോങ്ങി.

ഇസ്‌ക്ര പത്രാധിപ സമിതി അംഗത്വം മൂന്നായി ചുരുക്കാമെന്നും പ്ലഖ്നോവിന് മേൽ തനിക്കും മാർട്ടോവിനും പിടി മുറുക്കാമെന്നും മാർട്ടോവുമായി കോൺഗ്രസിന് മുൻപ് ലെനിൻ ധാരണയിൽ എത്തിയിരുന്നു.പക്ഷെ, ലെനിൻ കോൺഗ്രസിൽ ചുവട് മാറ്റിയത് മാർട്ടോവിന് ദഹിച്ചില്ല.മാർട്ടോവിനെ ലെനിൻ പക്ഷം,കാപട്യക്കാരൻ എന്ന് വിളിച്ചു,ജൂത ബണ്ടിലെ അഞ്ചു പേരും 'ഇക്കണോമിസ്റ്റു'കളും കോൺഗ്രസ് ബഹിഷ്‌കരിച്ചു പുറത്തിറങ്ങിയപ്പോൾ,മാർട്ടോവിന് പിന്തുണ നഷ്ടപ്പെട്ടു.
പാർട്ടിയുടെ  ഉന്നത ഘടകം മൂന്നംഗ പാർട്ടി കൗൺസിൽ ആയിരിക്കുമെന്ന് തീരുമാനിച്ചു.ഇതിനു കീഴിൽ,മൂന്നംഗ കേന്ദ്ര കമ്മിറ്റി.അങ്ങനെ പ്ലഖനോവിനൊപ്പം നിന്ന് ലെനിൻ ജയിച്ചു.അവിടെ ഭൂരിപക്ഷം കിട്ടിയ തൻറെ പക്ഷത്തെ ലെനിൻ,ഭൂരിപക്ഷ ( ബോൾഷെവികി ) വിഭാഗം എന്ന് വിളിച്ചു.മാർട്ടോവിൻറെ ഗ്രൂപ്,മെൻഷെവികി ( ന്യൂനപക്ഷ ) വിഭാഗമായി.മൂന്നംഗ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു:വി എ നൊസ്‌കോവ്,ഗ്ലെബ് കിർഷിഷാനോവ്സ്കി,എഫ് വി ലെൻഗ്നിക്.ഇസ്‌ക്ര പത്രാധിപ സമിതിയിൽ മൂന്ന് അംഗങ്ങൾ:ലെനിൻ,പ്ലഖനോവ്,മാർട്ടോവ്.അങ്ങനെ,റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി,പരിപാടിയും ചട്ടവുമായി,നിലവിൽ വന്നു.ലെനിൻറെ ഏകാധിപത്യത്തിൽ ചുരുങ്ങിപ്പോയ പ്ലഖനോവ്,ആത്മഹത്യയെപ്പറ്റി ആലോചിച്ചു.

കോൺഗ്രസ് കഴിഞ്ഞ്,ജനീവയിൽ നടന്ന ഫോറിൻ ലീഗ് ഓഫ് റഷ്യൻ റവലൂഷനറി സോഷ്യൽ ഡെമോക്രസി സമ്മേളനത്തിൽ,മാർട്ടോവ്,ലെനിനെ വ്യക്തിപരമായി ആക്രമിച്ചു.കോൺ ഗ്രസിനു മുൻപ്,പ്ലഖ്നോവിനെ  വെട്ടിനിരത്താൻ ഒന്നിച്ചു നിൽക്കണമെന്നു പറഞ്ഞ ലെനിൻ,വാക്ക് പാലിച്ചില്ലെന്ന് മാർട്ടോവ് കുറ്റപ്പെടുത്തി.ഹാളിൻറെ വാതിൽ തുറന്ന്,അത് കൊട്ടിയടച്ച് ലെനിൻ പുറത്തു പോയി.സംഘർഷം ഒഴിവാക്കാൻ താൻ പത്രാധിപ സമിതി വിടാമെന്ന് പ്ലഖനോവ് നിർദേശം വച്ചു.ഒരു വിപ്ലവ പാർട്ടി ഉണ്ടായിക്കാണാൻ 20 വര്ഷം കാത്ത കാരണവർക്ക്,പാർട്ടി ആയിരുന്നു,പ്രധാനം.ലെനിൻ പാർട്ടി കൗൺസിലിൽ നിന്നും ഇസ്‌ക്രയിൽ നിന്നും രാജി വച്ചു.ബോൾഷെവിക്കുകൾ ന്യൂനപക്ഷമായി.പ്ലഖനോവ്,മാർട്ടോവിന്റെ ന്യൂന പക്ഷത്തിനൊപ്പം നിന്നു.
ഇങ്ങനെ പുറത്തിറങ്ങിയതിനെ ന്യായീകരിച്ചാണ്,ലെനിൻ 1904 ൽ ' ഒരടി മുന്നോട്ട്,രണ്ടടി പിന്നോട്ട്' ( One Step Forward,Two Steps Backward ) എന്ന ലഘു ലേഖ എഴുതിയത്.അതിലാണ്,പാർട്ടി അംഗത്തിൻറെ വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന ' ജനാധിപത്യ കേന്ദ്രീകരണം' ( Democratic Centralism ) എന്ന ഭ്രാന്തൻ ആശയം വന്നത്.ഇതാണ്,ലോകമാകെയുള്ള കമ്മ്യൂണിസ്റ്റുകൾ,ചൈനയും മാവോയിസ്റ്റുകളും ഉൾപ്പെടെ,പിന്തുടരുന്നത്.ഇത് എത്രമാത്രം അപകടകരമാണെന്ന് 1904 ൽ തന്നെ,റോസാ ലക്സംബർഗ് 'റഷ്യൻ സോഷ്യൽ ഡെമോക്രസിയുടെ സംഘടനാ പ്രശ്നങ്ങൾ' എന്ന പ്രബന്ധത്തിൽ നിരീക്ഷിച്ചു.സംഘടനയുടെ ഊന്നൽ തൊഴിലാളികളിൽ ആയിരിക്കണം എന്ന് അവർ പറഞ്ഞു.സോഷ്യലിസത്തിൻറെ പാത തീരുമാനിക്കേണ്ടത്,പാർട്ടി നേതാക്കൾ അല്ല.പാർട്ടി നേതൃത്വം നോക്കേണ്ടത്,അതിനുള്ളവിശാല മാർഗ രേഖയാണ് .ലെനിൻറെ അധിക കേന്ദ്രീകരണം ( Ultra Centralism ) അതിന് ഗുണം ചെയ്യില്ല.ആ പ്രബന്ധത്തിൽ റോസ പറഞ്ഞ കാര്യങ്ങൾ ഇവയാണ്:*
  • കേന്ദ്ര കമ്മിറ്റിയിൽ അധികാരം കേന്ദ്രീകരിച്ചതായി ലെനിൻ സിദ്ധാന്തിക്കുന്നു.അതിൻറെ തീരുമാനത്തിന് അപ്പീൽ ഇല്ല.എന്നാൽ,സോഷ്യലിസ്റ്റ് അധികാര കേന്ദ്രീകരണം ഇതല്ല.അത്,തൊഴിലാളി പ്രതിനിധികളുടെ ഇച്ഛ ആയിരിക്കണം.തൊഴിലാളി വർഗ്ഗത്തിൽ മുന്നേറിയവരുടെ 'സ്വയം കേന്ദ്രീകരണം' ( self -centalism ) ആണ്,അത്.
  • ലെനിൻ പറഞ്ഞ പോലെ,നിഷേധാത്മകമായ അധികാരം,പാർട്ടിയുടെ ഉന്നത്തിൽ കേന്ദ്രീകരിച്ചാൽ,ആ ഘടകത്തിന്റെ യാഥാസ്ഥിതികത്വത്തെ അത്,അപകടകരമാം വിധം ശക്തിപ്പെടുത്തും.
  • ലെനിൻ പറയുന്നത് അവസര വാദമാണ്.അതിന് തത്വമില്ലായ്‌മ എന്ന തത്വം മാത്രമേയുള്ളു;അത്,ഏകാധിപത്യ കേന്ദ്രീകരണമാണ്.അവസരവാദികളായ ബുദ്ധിജീവികളുടെ ഏകാധിപത്യ കേന്ദ്രീകരണം.
റോസ വ്യക്തി സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിച്ചത് കൊണ്ട്,അവർ,ബോൾഷെവിക്കുകൾക്ക് പഥ്യമല്ലാതായി;കാൾ കൗട് സ്‌കിയും ലെനിൻറെ ' തൊഴിലാളി വർഗ സർവാധിപത്യ' ത്തെ തിരസ്‌കരിച്ചു.
കിർഷിഷാനോവ്സ്കി 
രണ്ടാം പാർട്ടി കോൺഗ്രസിന് ശേഷം,ലെനിന് തലവേദനയും ഉറക്കമില്ലായ്‌മയും കലശലായി.താൻ ഒരു ദൗത്യം നടപ്പാക്കാൻ പിറന്നവൻ ആണെന്ന തോന്നൽ ഇല്ലായിരുന്നെങ്കിൽ,ലെനിൻ നേരത്തെ തകർന്നടിഞ്ഞേനെ.പ്ലഖനോവുമായി തർക്കിച്ച് സ്വന്തo സിദ്ധാന്തം രൂപപ്പെടുത്തിയ ശേഷം,തനിക്ക് തുല്യൻ ആരുമില്ലെന്ന വിശ്വാസം,ലെനിനിൽ വളർന്നു.അത്,ഒറ്റപ്പെടലും ആയിരുന്നു.കിർഷിഷാനോവ്സ്കിയെപ്പോലെ അടുത്ത സുഹൃത്ത് വിട്ടു പോയത്,ലെനിനെ വിഷാദവാനാക്കി.ശാസ്ത്രജ്ഞനായ കിർഷിഷാനോവ്സ്കി 1895 ലെ സംഘടനാ സ്ഥാപകനും  1904 -05 ലെ മൂന്നാം കോൺഗ്രസ് സംഘാടകനും ആയിരുന്നു.1910 ൽ മോസ്‌കോ ഊർജ നിലയം സ്ഥാപിച്ചു;സാറാറ്റോയിൽ ജല വൈദ്യുത നിലയവുമുണ്ടാക്കി.റഷ്യൻ അക്കാദമി ഓഫ് സയൻസസിൽ ജോലി ചെയ്‌തു.ഗ്രേറ്റ് സോവിയറ്റ്  വിജ്ഞാനകോശം പത്രാധിപസമിതി അംഗം.

ജനാധിപത്യത്തെ തരിമ്പു പോലും വില വയ്ക്കാത്ത ലെനിൻ,1903 നവംബറിൽ,കിർഷിഷാനോവ്സ്കിയെ കണ്ട് ,കേന്ദ്ര കമ്മിറ്റിയിലേക്ക് തന്നെ കോ -ഓപ്റ്റ് ചെയ്യണം എന്നപേക്ഷിച്ചു.കൂട്ടുകാരൻ വഴങ്ങി.ലെനിൻ കേന്ദ്ര കമ്മിറ്റിയിൽ തിരിച്ചെത്തി.സത്യസന്ധത,സ്വഭാവ മഹിമ എന്നിവയുടെ അഭാവത്തിൽ,ലെനിൻ,ചെറ്റത്തരം രാഷ്ട്രീയ കലയാക്കി വളർത്തി എടുത്തിരുന്നു.അയാളുടെ രാഷ്ട്രീയവും രോഗവും ഭ്രാന്തമായി.
ലെനിൻ ജനീവയിൽ വിദഗ്ദ്ധ ഡോക്ടറെ കണ്ടതും,ഡോക്ടർ ' തലച്ചോറിനാണ് കുഴപ്പം ' എന്ന് പറഞ്ഞതും,ഇക്കാലത്താണ്.ലെനിൻറെ പിതാവ്,സെറിബ്രൽ ആർട്ടറിയോസ്ലെറോസിസ് വന്ന് ഹൃദയാഘാതം മൂലമാണ് മരിച്ചത്.തലച്ചോറിനാണ് അസുഖം എന്ന് ഡോക്ടർ പറഞ്ഞതിന്,അന്ന് അർഥം രണ്ടായിരുന്നു.ലെനിനും പിതാവിൻറെ രോഗമാകാം;രോഗം ന്യൂറോസ്‌തീനിയ ( neurosthenia ) ആകാം.കേന്ദ്ര നാഡീവ്യൂഹത്തിലെ തകരാർ നിമിത്തം ശരീരം ക്ഷീണിക്കുന്നതാണ്,ന്യൂറോസ്‌തീനിയ.മാനസിക പ്രവൃത്തികളിൽ നിന്ന് വിട്ടു നിന്ന് വിശ്രമിക്കാനാണ്,ഡോക്ടർമാർ ഉപദേശിച്ചിരുന്നത്.ഇന്ന് അങ്ങനെ ഒരു രോഗം ഇല്ല.ഇന്നത്തെ നിലയിൽ,ലക്ഷണങ്ങൾ വച്ച് ലെനിനുണ്ടായിരുന്നത്,സെറിബ്രോ വാസ്‌കുലാർ രോഗമാണ്.അതായത്,തലച്ചോറിന് രക്തവും പോഷകങ്ങളും എത്തിക്കുന്ന രക്തധമനികളുടെ കേട്.
ലെനിൻ ജോലി ചെയ്യുമ്പോൾ,ചെറിയ അനക്കം പോലും ഉണ്ടാക്കിയിരുന്നില്ല.ആശയങ്ങൾ തലയിൽ കയറി മുറിയിൽ നടന്നിരുന്നത്,പാദ പതനം ഉണ്ടാക്കാതെ,കാലിൻറെ പെരുവിരലുകൾ നിലത്തുറപ്പിച്ചാണ്.ഇന്നത്തെ ഭാഷയിൽ,ഒരു മനുഷ്യ ബോംബ് ( a human time bomb).
-----------------------
*Organizational Questions of the Russian Social Democracy / Rosa Luxemberg,1904:
Lenin’s thesis is that the party Central Committee should have the privilege of naming all the local committees of the party. It should have the right to appoint the effective organs of all local bodies from Geneva to Liege, from Tomsk to Irkutsk. It should also have the right to impose on all of them its own ready-made rules of party conduct. It should have the right to rule without appeal on such questions as the dissolution and reconstitution of local organizations. This way, the Central Committee could determine, to suit itself, the composition of the highest party organs. The Central Committee would be the only thinking element in the party. All other groupings would be its executive limbs...In consequence of this, ordinary members of the organization became simple executive organs, carrying out the orders of a will fixed beforehand, and outside of their particular sphere of activity. They became the instruments of a Central Committee. Here we have the second peculiarity of conspiratorial centralism – the absolute and blind submission of the party sections to the will of the center, and the extension of this authority to all parts of the organization....
 there do not exist for the Social Democracy detailed sets of tactics which a Central Committee can teach the party membership in the same way as troops are instructed in their training camps.....
(Socialist centralism )can only be the concentrated will of the individuals and groups representative of the working class. It is, so to speak, the “self-centralism” of the advanced sectors of the proletariat. It is the rule of the majority within its own party....
The discipline Lenin has in mind is being implanted in the working class not only by the factory but also by the military and the existing state bureaucracy – by the entire mechanism of the centralized bourgeois state....Granting, as Lenin wants, such absolute powers of a negative character to the top organ of the party, we strengthen, to a dangerous extent, the conservatism inherent in such an organ.... The ultra-centralism asked by Lenin is full of the sterile spirit of the overseer. It is not a positive and creative spirit. Lenin’s concern is not so much to make the activity of the party more fruitful as to control the party – to narrow the movement rather than to develop it, to bind rather than to unify it....
On the question of Organization,or any other question,opportunism knows only one principle:Opportunism chooses its means of action with the aim of suiting the given circumstances at hand,provided these means appear to lead towards the ends in view ...In general,it is rigorous,despotic centralism which is preferred by opportunistic intellectuals.

Wednesday, 24 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 3

3.പ്ലഖനോവിൻറെ വരട്ടു വാദങ്ങൾ 

പുസ്‌തകങ്ങളുടെ ലോകത്തെത്തിയ കാലത്ത്,പി കേശവദേവ് മാക്‌സിം ഗോർക്കിയുടെ അമ്മയും നോർവീജിയൻ എഴുത്തുകാരൻ നട്ട് ഹാംസണിന്റെ വിശപ്പും വായിച്ച് ആവേശം കൊണ്ടു.
വിശപ്പിലെ നായകൻ എഴുത്തുകാരനാണ്.രാത്രി ആഹാരത്തിനായി ആളെ പിടിക്കാൻ തെരുവിൽ അലയുന്ന വേശ്യ അയാളെ വിളിച്ചു കൊണ്ടു പോയി,കൈയിൽ കാശില്ലെന്നറിഞ്ഞ്, ആട്ടിപ്പുറത്താക്കുന്ന ഒരു സംഭവം ആ നോവലിലുണ്ട്.
ഒരിക്കൽ നായകൻ ഇറച്ചിക്കടയിൽ ചെന്ന് പട്ടിക്ക് കൊടുക്കാനെന്നു കള്ളം പറഞ്ഞ് ഒരെല്ലു വാങ്ങിക്കൊണ്ടു പോയി,തെരുവിൽ വിജനമായിടത്തു ചെന്ന്,എല്ലിൽ പറ്റിപ്പിടിച്ചിരുന്ന മാംസ ശകലം ചവച്ചിറക്കുമ്പോൾ,ഛർദിച്ചു.എല്ലു വലിച്ചെറിഞ്ഞ് സകല വെറുപ്പും രോഷവും സമാഹരിച്ച് അയാൾ ദൈവത്തെ നിന്ദിച്ചു.
ആ വാചകങ്ങൾ കേശവദേവ് പലവട്ടം ഉരുവിടുമായിരുന്നു.
ആര്യസമാജത്തിൽ ചേർന്ന് കേശവ പിള്ളയിലെ പിള്ള കളഞ്ഞ്,പൂണൂലിട്ട് കേശവദേവായ അദ്ദേഹം സമാജം ഉപേക്ഷിച്ച് നാട്ടിലെത്തി.1928 ൽ തിരുവനന്തപുരത്ത് സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയുടെ മരുമകൻ സ്വരാട് പത്രാധിപർ ബാരിസ്റ്റർ എ കെ പിള്ളയ്ക്ക് ദേവ് കത്തെഴുതി.
പിള്ള പത്രം നിർത്തി പ്രസ് വിറ്റിരുന്നു.പിള്ളയുടെ വീട്ടിൽ ചെന്നിരുന്ന് നിർബാധം വായിക്കണം എന്നാണ് ദേവ് എഴുതിയത്.പിള്ള സമ്മതിച്ചു.അവിടെയാണ് ദേവ്,അമേരിക്കൻ പത്രപ്രവർത്തകൻ ജോൺ റീഡ് എഴുതിയ  Ten Days that Shook the World കണ്ടത്.ഇന്ന് ,ആ പുസ്തകം ലെനിന് വേണ്ടി എഴുതിയ വ്യാജ നിര്മിതിയാണെന്ന് നമുക്കറിയാം.
ലൈബ്രറിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാത്രമല്ല,പ്ലഖനോവിൻറെ ഡയലെക്റ്റിക്കൽ മെറ്റീരിയലിസവും* വായിക്കണമെന്ന് പിള്ള നിർദേശിച്ചു.
പി കൃഷ്‌ണ പിള്ളയ്ക്കും  ഇ എം എസിനും മുൻപ് കമ്മ്യൂണിസ്റ്റ് ആയ ആളാണ്,ദേവ്.
മാർക്‌സിസത്തിന്റെ ചരിത്രത്തിൽ, ചെക്ക് -ഓസ്ട്രിയൻ ചിന്തകൻ കാൾ കൗട് സ്‌കിക്ക് ഒപ്പമാണ്,പ്ലഖനോവിൻറെ സ്ഥാനം.ശരിപ്പേർ ജോർജ് വലന്റീനോവിച് പ്ലഖനോവ് ( 1856 -1918 ).റഷ്യയിൽ മാർക്സിസത്തിൻറെ പിതാവ്.ലെനിൻറെ തലമുറയിലെ മാർക്സിസ്റ്റുകൾ പ്ലഖനോവ് ശിഷ്യന്മാരായിരുന്നു.
മൗലിക താത്വികൻ ആയിരുന്നില്ല.തത്വ ശാസ്ത്രം പഠിച്ചിരുന്നുമില്ല.മാർക്സിസത്തിലെ ആദ്യ വരട്ടു തത്വ വാദിയായും അറിയപ്പെടുന്നു.ആദ്യ മാർക്‌സിസ ഇടയ ലേഖനങ്ങൾ എഴുതിയത് അദ്ദേഹമായിരുന്നു.പ്രവാസിയായിരുന്ന അദ്ദേഹം,ലെനിൻ അയച്ച മാസികകൾ വഴിയും സുഹൃത്തുക്കൾ വഴിയുമാണ്,റഷ്യയിലെ കാര്യങ്ങൾ അറിഞ്ഞിരുന്നത്.
പട്ടാള സ്‌കൂളിൽ പഠിച്ച്,മിലിട്ടറി അക്കാദമിയിൽ ചേർന്ന്,അവിടം വിട്ട് മൈനിംഗ് ഇൻസ്റ്റിട്യൂട്ടിൽ പോയ പ്ലഖനോവിനെ അവിടന്ന് പുറത്താക്കുകയായിരുന്നു.ഇക്കാലത്താണ് നിക്കോളായ് ചേർനിഷെവ്‌സ്‌കി തുടങ്ങിയ തീവ്ര എഴുത്തുകാരുടെ വലയിൽ വീണത്.പാവേൽ ആക്സൽറോഡ്,ലിയോവ് ദ്യൂഷ് എന്നിവർ പിൽക്കാലത്ത് ഉറ്റ സുഹൃത്തുക്കൾ ആയി.റഷ്യൻ ഏകാധിപത്യത്തിന് എതിരായ സെംലിയ ഐ വോല്യയുടെ സ്ഥാപകാംഗമായി.1876 ൽ സെൻറ് പീറ്റേഴ്‌സ്ബർഗിൽ നടന്ന പ്രകടനത്തിൻറെ സംഘാടകരിൽ ഒരാളായി,അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ബെർലിനിലേക്ക് കടന്നു.1877 ൽ മുഴുവൻ സമയ വിപ്ലവകാരിയായി മടങ്ങി വിപ്ലവ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു.സാർ ഭരണ കൂടത്തിനെതിരെ ലഘു ലേഖകൾ എഴുതി.വ്യക്തിപരമായ ഭീകര പ്രവർത്തനങ്ങൾക്ക് എതിരായിരുന്നു.വിപ്ലവ ചേരി രണ്ടായി;ഭരണ കൂടം ഇതിനെ അടിച്ചമർത്തി.1880 ൽ ഈ ഗ്രൂപ് വീണ്ടും ഉണർന്നപ്പോൾ,പ്ലഖനോവ്, ദ്യൂഷ്,വേറ സസൂലിച് എന്നിവർക്ക് റഷ്യ വിടേണ്ടി വന്നു.ജനീവയിൽ താമസിച്ച പ്ലഖനോവ് പിന്നെ റഷ്യയിൽ എത്തിയത് 1917 ൽ മാത്രമാണ്.

ജനീവയിലെ ആദ്യ രണ്ടു വർഷങ്ങളിൽ പ്ലഖനോവ് മാർക്സിസത്തിലേക്ക് മതം മാറി.റഷ്യയുടെ മോചനത്തിന് രാഷ്ട്രീയ സമരം മാർഗമായി അദ്ദേഹം അതുവരെ കണ്ടിരു ന്നി ല്ല.സാമൂഹിക വിപ്ലവമാണ് വേണ്ടത്.ഇതിൽ നിന്ന് മാർക്സിസത്തിലേക്ക് മാറിയപ്പോഴും,ആശയങ്ങൾക്ക് മുകളിൽ സാമ്പത്തികാവസ്ഥയെ പ്രതിഷ്ഠിച്ചില്ല.മതത്തിനു പകരം,ഭൗതിക വാദത്തെയും വച്ചില്ല.മതം അദ്ദേഹം ഉപേക്ഷിച്ചിരുന്നു.വിപ്ലവം നടത്തേണ്ടത് ജനമല്ല,വ്യവസായ തൊഴിലാളികളും പിന്നെ കര്ഷകരുമാണെന്ന് കരുതി.ഇവിടെ നിന്ന് മുന്നേറാത്തതിനാൽ പറഞ്ഞത് തന്നെ ഇ എം എസിനെപോലെ ആവർത്തിച്ച് കൊണ്ടിരുന്നു.പ്ലഖനോവ്,  ദ്യൂഷ്,വേറ,ആക്സൽറോഡ് എന്നിവർ Labour Emancipation Group ഉണ്ടാക്കി.രണ്ടു വർഷം കൊണ്ട് റഷ്യൻ സോഷ്യൽ ഡെമോക്രസിക്ക് അടിത്തറയിട്ടു.സോഷ്യലിസവും രാഷ്ട്രീയ  പോരാട്ടവും ( Socialism and Political Struggle 1883 ),നമ്മുടെ ഭിന്നതകൾ ( Our Differences ,1885 ) എന്നീ പുസ്തകങ്ങൾ വഴി പ്ലഖനോവ് സ്വയം ന്യായീകരിച്ചു.അങ്ങനെ,ജനകീയ ചേരിയും വിപ്ലവ ചേരിയും തമ്മിൽ അകൽച്ചയ്ക്ക് താത്വിക അടിത്തറയുണ്ടാക്കി.അലക്‌സാണ്ടർ രണ്ടാമൻ ചക്രവർത്തി റഷ്യയെ മുതലാളിത്തത്തിലേക്കാണ് നയിക്കുന്നത്.അതിനെ ഒറ്റച്ചാട്ടം വഴി മറികടന്ന് കമ്മ്യൂണിസത്തിൽ എത്താനാകില്ല.റഷ്യയുടെ ഉടൻ ആവശ്യം സോഷ്യലിസ്റ്റ് വിപ്ലവം അല്ല.ബൂർഷ്വ രാഷ്ട്രീയ വിപ്ലവമാണ്.ഈ സിദ്ധാന്ത പ്രകാരവും 1917 ൽ സോഷ്യലിസ്റ്റ് വിപ്ലവം അല്ല നടന്നത്.ബൂർഷ്വ വിപ്ലവവും   നടത്തേണ്ടത് തൊഴിലാളികൾ തന്നെയായിരിക്കണം-മാർക്‌സിസവുമായി ബന്ധമൊന്നും ഇല്ലാത്ത ഈ സിദ്ധാന്തത്തിൽ നിന്നാണ് ലെനിനിസം രൂപപ്പെട്ടത്.ജനകീയ ചേരിയുടെ പ്രത്യയ ശാസ്ത്രം പ്രതിവിപ്ലവ ഉട്ടോപ്യയായി പ്ലഖനോവ് ചിത്രീകരിച്ചു.ഒരു സംഘം വിപ്ലവകാരികൾ അട്ടിമറി വഴി ഭരണം പിടിച്ചാലും അവർക്ക് സോഷ്യലിസ്റ്റ് സംവിധാനം നടപ്പാക്കാനാകില്ല എന്ന് പ്ലഖനോവ് പറഞ്ഞത്,സത്യം തന്നെ എന്ന് ലെനിൻ പിന്നീട് തെളിയിച്ചു..
പ്ലഖനോവ് മറ്റൊരു വിഡ്ഢിത്തം കൂടി വിളമ്പി:തൊഴിലാളി വർഗ്ഗത്തിൽ പെടാത്ത ബുദ്ധിജീവി വർഗമാണ്,തൊഴിലാളികൾക്ക് സോഷ്യലിസ്റ്റ് അവബോധം നൽകേണ്ടത്.
ഈ വിഡ്ഢിത്തങ്ങൾ വലിയൊരു സമസ്യ ഉയർത്തി -ഒരു ബൂർഷ്വ വിപ്ലവത്തിൽ മറ്റു വര്ഗങ്ങളുമായി തൊഴിലാളി വർഗത്തിന് സഖ്യം ആകാമെങ്കിൽ,തൊഴിലാളി വർഗ്ഗത്തിൻറെ സ്വാഭാവിക സഖ്യം ബൂർഷ്വയുമായാണോ,കര്ഷകനുമായാണോ?അതോ,രണ്ടിലേയും ചില വിഭാഗങ്ങളോടാണോ?
ഇരുപതു വർഷത്തിന് ശേഷം,ഈ ചോദ്യങ്ങൾ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റുകളെ പിളർപ്പിൽ എത്തിച്ചു.അവർ ബോൾഷെവിക്കുകളും മെൻഷെവിക്കുകളും ആയി.
പ്ലഖനോവിൻറെ രചനകൾ 1890 കളിൽ ജനാധിപത്യ പ്രസ്ഥാനത്തിന് അടിത്തറയായി .ഒരു സംഘം റഷ്യൻ ഭീകരർ നടത്തിയ സ്ഫോടനം അദ്ദേഹത്തെ സ്വിറ്റ്‌സർലൻഡിൽ നിന്ന് പുറത്താക്കി.ഫ്രാൻസിലേക്ക് പോയ അദ്ദേഹത്തെ 1894 ൽ സൂറിച്ചിൽ കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലിൻ്റെ ആദ്യ കോൺഗ്രസിൽ ഫ്രഞ്ച് സർക്കാരിനെ വിമർശിച്ചപ്പോൾ,ഫ്രാൻസ് പുറത്താക്കി.ലണ്ടനിലെത്തിയ അദ്ദേഹത്തിന് കുറച്ചു കഴിഞ്ഞ് ജനീവയിൽ പുനഃപ്രവേശം നൽകി.1894 ൽ റഷ്യയിൽ ബെൽറ്റോവ് എന്ന വ്യാജപ്പേരിൽ പ്ലഖനോവിൻറെ പുസ്തകം പുറത്തു വന്നു.അതിൻറെ യഥാർത്ഥ ശീർഷകം In Defence of Materialism** എന്നായിരുന്നെങ്കിലും,റഷ്യയിൽ ഇറക്കിയത്,A Contribution to the Question of the Development of the Monistic View of History എന്ന പേരിലായിരുന്നു!
ഈ പുസ്തകം റഷ്യയിൽ അദ്ദേഹത്തെ മഹാ പണ്ഡിതനാക്കി.ഈ പുസ്തകം അവർത്തിച്ചതാണ്,അദ്ദേഹത്തിൻറെ പിൽക്കാല രചനകൾ.ലോകമാകെ മാർക്സിസ്റ്റുകൾ ഇന്നോളം നടത്തിയ ചില പ്രയോഗങ്ങൾക്ക് ഏംഗൽസ് കഴിഞ്ഞാൽ അവർ കടപ്പെട്ടത് പ്ലഖനോവിനോടാണ്.ജനകീയ ചേരിക്കാർക്ക് ശേഷം,ജർമൻ പ്രതിവിപ്ലവകാരികളും നിയോ കാന്റിയനുകളും റഷ്യൻ എംപിരിയോ വിമർശകരും ശത്രു പക്ഷത്ത് വന്നു.അവർ മാർക്സിസത്തിന് അകത്തു നിന്ന് അതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചത്,പ്ലഖനോവിന് പിടിച്ചില്ല.
പടിഞ്ഞാറൻ യൂറോപ്പിലെ മാർക്സിസ്റ്റ് ചിന്തകർ സാമൂഹിക വികാസ സിദ്ധാന്തമായ മാർക്‌സിസവും ജ്ഞാനശാസ്ത്ര പ്രശ്‍നങ്ങളും തമ്മിൽ ഒരു ബന്ധവും കണ്ടിരുന്നില്ല.കൗട് സ്‌കിയും ഒടുവിൽ ഈ നിലപാടിൽ എത്തിയിരുന്നു.എന്നാൽ,പ്ലഖനോവിന് എല്ലാറ്റിനുമുള്ള ഉത്തരം,മാർക്സിസത്തിൽ ഉണ്ടായിരുന്നു.മാർക്‌സിസ്റ്റ് തത്വചിന്തയെ സമഗ്രമായി വിശേഷിപ്പിക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദം ( Dialectical Materialism ) എന്ന് ആദ്യം പ്രയോഗിച്ചത് പ്ലഖനോവ്   ആണ്.ഈ വാദത്തെ ലെനിനും സ്വീകരിച്ചു.ഇത് സോവിയറ്റ് ഭരണകൂടത്തിൻറെ പ്രത്യയ ശാസ്ത്രവും സൗന്ദര്യ ശാസ്ത്രവുമായി.
പ്ലഖനോവ് മുന്നോട്ടു വച്ച തത്വ ചിന്ത എംഗൽസ് ക്രോഡീകരിച്ച സിദ്ധാന്തങ്ങളുടെ അതിശയോക്തി കലർന്ന രൂപം മാത്രമായിരുന്നു.ജർമൻ ചിന്തകരായ ഹെഗൽ,ഫോയർബാക് എന്നിവരിൽ നിന്ന് മാർക്‌സ് കോപ്പിയടിച്ചതാണ്,മാർക്സിസത്തിൻറെ ഭൗതികവാദ അടിത്തറ.പ്ലഖനോവിൻറെ അപരിഷ്‌കൃത രൂപമാണ്,ചിന്തകൻ എന്ന നിലയിൽ,ലെനിൻ.മാർക്‌സിസ്റ്റ്‌ മതത്തിലേക്ക് മാറാൻ തീരുമാനിച്ചു കഴിഞ്ഞാൽ,എല്ലാ പ്രശ്നങ്ങൾക്കും ഉത്തരമായി,ശത്രുവിനെ തച്ചു തകർക്കാൻ എന്തും സ്വീകരിക്കാം എന്നായി.ഫ്രാൻസ് മെഹ്‌റിങ്,പോൾ ലഫാർഗ് എന്നിവർക്കൊപ്പം മാർക്‌സിയൻ കലാനിരൂപണം തുടങ്ങി വച്ചവരിൽ ഒരാളായിരുന്നു,പ്ലഖനോവ് .മാർക്‌സിസ്റ്റ് സമീപനം ഗൗരവമായി എടുത്താൽ,ഒരു നല്ല എഴുത്തുകാരന്,സമൂഹത്തിൻറെ സാമ്പത്തിക നില വച്ച് അതിൻറെ കല,സാഹിത്യം എന്നിവയെപ്പറ്റി അനുമാനത്തിൽ എത്താൻ ആകണം.എലിസബത്തൻ കാലത്തെ ഇംഗ്ലണ്ടിലെ സാമ്പത്തികാവസ്ഥ അറിഞ്ഞാൽ,ഷേക്‌സ്‌പിയറിന്റെ നാടകങ്ങൾ എഴുതാൻ കഴിയണം.കലാപ്രവർത്തനത്തെ നിർണയിക്കുന്നത് വർഗ മൂല്യങ്ങൾ മാത്രമാണെന്നും ഉള്ളടക്കം വച്ചാണ് കലാരൂപത്തെ വിലയിരുത്തേണ്ടതെന്നും പ്ലഖനോവ് വാദിക്കുന്നു.ഉള്ളടക്കം,കലാരൂപം ഇല്ലാതെയും ആവിഷ്‌കരിക്കാവുന്നതേയുള്ളു.സ്വന്തം നിലയ്ക്കും ചെര്നിഷേവ്സ്കിയുടെ സ്വാധീനം വഴിയും പ്ലഖനോവ് സോഷ്യലിസ്റ്റ് റിയലിസത്തിലേക്ക് കൂപ്പു കുത്തി.ചിത്രകലയിലെ പുതിയ പരീക്ഷണങ്ങളെ അദ്ദേഹം വെറുത്തു.
കല കലയ്ക്കു വേണ്ടി എന്ന മുദ്രാവാക്യം,ഒരു കലാപ്രതിഭ സമൂഹത്തിൽ ഒറ്റപ്പെട്ടു പോയതിൻറെ ഉൽപന്നം മാത്രമാണെന്ന് പ്ലഖനോവ് വിശ്വസിച്ചു.ചിത്രകലയിലെ ക്യൂബിസം,ഇമ്പ്രഷനിസം എന്നിവ ബൂർഷ്വ ജീർണതയുടെ സൂചകങ്ങൾ മാത്രമായി അദ്ദേഹം കണ്ടു.ധ്വനിസാന്ദ്രമായ ( symbolic ) സാഹിത്യത്തിനും ഇത് തന്നെ ബാധകമാക്കി.മുസ്സോളിനിയെ പുൽകിയ ക്രിസ്ത്യൻ നോവലിസ്റ്റ് ദിമിത്രി മെറേകോവ്‌സ്‌കി,ഭാര്യ സീനായ്‌ദ ജിപ്പിയസ്,പേഴ്സിബിസേവ്സ്കി എന്നിവരെ വിമർശിച്ചു.പ്ലഖനോവ് എഴുതി:

നീലവസ്ത്രമണിഞ്ഞ സ്ത്രീ എന്ന ചിത്രം കലാകാരൻ വരയ്ക്കുന്നു എന്നിരിക്കട്ടെ.അത് ശരിക്കും ആ സ്ത്രീയെപ്പോലെ ഇരുന്നാൽ,അത് നല്ല ചിത്രമാണ് നാം കാൻവാസിൽ കാണുന്നത് നേർത്ത നിലയിൽ,പ്രാകൃതമായി,അവിടെയുമിവിടെയും കോറിയിട്ട ചില രൂപങ്ങൾ ആണെങ്കിൽ,അതിനെ നമുക്ക് എന്തെങ്കിലും പേരിട്ടു വിളിക്കാം;അതൊരു നല്ല ചിത്രം ആവില്ല ( Art and Social Life,1912 ).

ഗോർക്കിയുടെ അമ്മ എന്ന കൃതിയെ വിമർശിച്ചു കൊണ്ട്,താൻ കലാകാരൻറെ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു എന്ന് പറഞ്ഞയാളായിരുന്നു,പ്ലഖനോവ് .രാഷ്ട്രീയ നേതാവിൻറെ ആജ്ഞ കൊണ്ട് നിർമിക്കുന്ന കല പോലെയായിരിക്കും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.ക്‌ളാസിക്കൽ ദുരന്ത നാടകങ്ങൾ വരേണ്യ വർഗ്ഗത്തിൻറെ ആദർശങ്ങൾ ആവിഷ്‌കരിക്കുന്നു എന്ന് അദ്ദേഹം പറയുന്നത്,അസംബന്ധമാണ് എന്ന് നമുക്കറിയാം.ക്‌ളാസിക് ദുരന്തനാടകങ്ങളുടെ പ്രേക്ഷകർ വരേണ്യർ മാത്രമായിരുന്നില്ല.പ്രേക്ഷകനും വേദിയും ചേർന്നാലേ നാടകം ഉണ്ടാകൂ.പ്രധാനപ്പെട്ട ഗ്രീക്ക് ദുരന്ത നാടകകൃത്തുക്കൾ ആതൻസുകാരായിരുന്നു.മദ്യ ദേവതയായ ബാക്കസിൻറെ ആരാധനയുമായി ബന്ധിപ്പിച്ച് നടന്ന നാടക മത്സരത്തിനാണ് നാടകങ്ങൾ എഴുതിയത്.ആദ്യം പ്രേക്ഷകർക്ക് പ്രവേശനം സൗജന്യമായിരുന്നു.ബി സി അഞ്ചാം ശതകത്തിൽ ചെറിയ പ്രവേശന തുക വന്നു.ദരിദ്രരായവർക്ക് സർക്കാർ ചെലവിൽ നാലാം ശതകത്തിൽ പ്രവേശനം നൽകി.അപ്പോൾ എങ്ങനെയാണ്,നാടകം വരേണ്യ വർഗത്തിന്റേത് ആകുന്നത്?
പ്ലഖനോവിൻറെ രാഷ്ട്രീയ സിദ്ധാന്തങ്ങൾ വിശദമായി പറയാത്തത്,മാർക്‌സിസം തന്നെ അപ്രസക്തമായി കഴിഞ്ഞതിനാൽ ആണ്;എന്നാൽ അയാളുടെ കലാ,സാഹിത്യ സിദ്ധാന്തങ്ങൾ,വിപ്ലവാനന്തരം നല്ല കലാകാരന്മാരെയും എഴുത്തുകാരെയും ഉന്മൂലനം ചെയ്യുന്നതിന് കാരണമായി.
------------------------------------
*Dialectical Materialism അല്ല പുസ്തകം;The Materialist  Conception of History ( 1891  ) ആണ്.
** The Material Conception of History
See https://hamletram.blogspot.com/2019/07/1.html
  
       

Tuesday, 23 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 2

2.ലെനിൻ എന്ന ജപ്പാൻ ചാരൻ 

ർത്തഡോക്‌സ് വൈദികനായ ജോർജി അപ്പോളോനോവിച്  ഗാപോൺ  ( 1870 -1906 ) 1905 ജനുവരി 22 ന് സാർ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് നയിച്ച ജനക്കൂട്ടത്തെ പട്ടാളം കൂട്ടക്കൊല ചെയ്‌ത സംഭവം, ' ചോരയുടെ ഞായർ ' ( Bloody Sunday ) എന്നറിയപ്പെടുന്നു.
യുക്രൈനിലെ കർഷക കുടുംബത്തിൽ ജനിച്ച ഗാപോൺ ,ടോൾസ്റ്റോയിയുടെ രചനകളിലെ പാവപ്പെട്ടവരോടുള്ള കാരുണ്യത്താൽ പ്രചോദിതനായി.നിലവിലുള്ള സഭയെ വിമർശിച്ചയാളാണ്,ലിയോ ടോൾസ്റ്റോയ്.അതായത്,1905 ലെ ആദ്യ റഷ്യൻ വിപ്ലവത്തിനുള്ള പ്രചോദനം മാർക്‌സ് അല്ല,ടോൾസ്റ്റോയ് ആണ്.കുട്ടികൾക്ക് ട്യൂഷൻ എടുത്ത് കിട്ടുന്ന പണം കൊണ്ടായിരുന്നു,അച്ചന്റെ കൗമാര,യൗവന ജീവിതം.ഡോക്ടറാകാൻ ആഗ്രഹിച്ച് സെമിനാരിയിൽ ചേർന്ന അയാൾക്ക് അത് പഠിക്കാനുള്ള ഗ്രേഡ് വിമത രീതികൾ കാരണം സെമിനാരിയിൽ നിന്ന് കിട്ടിയില്ല.കണക്കെഴുത്തും ട്യൂഷനുമായി കഴിയവേ,വിവാഹിതനായി.ലാറിയൻ മെത്രാന് അപേക്ഷ നൽകി വീണ്ടും സെമിനാരിയിൽ ചേർന്ന് വൈദികനായ ഗാപോണിൻറെ കുർബാനയിലെ പുതുമ ജനത്തെ ആകർഷിച്ചു.
രണ്ടാമത്തെ പ്രസവത്തിൽ ഭാര്യ മരിച്ച ശേഷം വിഷാദരോഗത്തിൽ പെട്ട് ക്രിമിയയിൽ ചികിത്സ തേടി.മടങ്ങിയെത്തി പെട്രോഗ്രാഡിൽ സെൻറ് ഓൾഗ ചിൽഡ്രൻസ് ഓർഫനേജിൽ 1900 ൽ എത്തി,കടകളിലും ഫാക്റ്ററികളിലും പോയി തൊഴിലാളി കുടുംബങ്ങളെ അടുത്തു പരിചയപ്പെട്ടു.
ഫാ ഗാപോൺ 
റഷ്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നാം ശ്രദ്ധിക്കാത്ത ഒന്നാണ്,1904 -1905 ൽ റഷ്യയും ജപ്പാനും തമ്മിൽ നടന്ന യുദ്ധം.1917 ലെ 'വിപ്ലവ'ത്തിൻറെ കൂടി പശ്ചാത്തലത്തിൽ,റഷ്യയിൽ ജനത്തിനിടയിൽ അസ്വസ്ഥതയുടെ വിത്ത് വിതച്ച സംഭവമാണ് അത്.രണ്ടു രാജ്യങ്ങളിലും രാജഭരണം നിലനിൽക്കെ,മഞ്ചൂറിയയ്ക്കും കൊറിയയ്ക്കും മേലുള്ള ആധിപത്യത്തെ ചൊല്ലിയായിരുന്നു,യുദ്ധം.ചൈനയിൽ നിന്ന് റഷ്യ പാട്ടത്തിന് എടുത്തിരുന്ന പോർട്ട് ആർതർ പിടിച്ച ജപ്പാൻ,റഷ്യ റഷ്യയ്ക്ക് മേൽ വിജയം ഉറപ്പിച്ചു.അമേരിക്കൻ പ്രസിഡൻറ് റൂസ്‌വെൽറ്റിൻറെ മധ്യസ്ഥതയിൽ 1905 ൽ ഇരുരാജ്യങ്ങളും വെടി നിർത്തി.ഒരു ഏഷ്യൻ രാജ്യം ഒരു യൂറോപ്യൻ രാജ്യത്തിന് മേൽ വിജയം നേടിയ മറ്റൊരു സംഭവം,ലോക ചരിത്രത്തിൽ ഇല്ല.ജപ്പാൻ നേടിയ ഈ വിജയമാണ്,ജനത്തെ സാർ ചക്രവർത്തിക്ക് എതിരെ തിരിച്ചത്.
ആക്രമിക്കുന്ന രാജ്യം ശത്രു രാജ്യത്ത് അരാജകത്വം വിതയ്ക്കാൻ ഏതു മാർഗവും തേടും.ജപ്പാൻ പട്ടാളത്തിൻറെ യൂറോപ്പിലെ തന്ത്രങ്ങൾ മെനഞ്ഞിരുന്നത്,കേണൽ ആകാഷി മോട്ടോജിറോ ആയിരുന്നു.ഫാ ഗാപോണിന് പണം കൊടുത്ത്,അസംബ്ലി ഓഫ് റഷ്യൻ ഫാക്‌റ്ററി ആൻഡ് മിൽ വർക്കേഴ്‌സ് ഓഫ് സെൻറ് പീറ്റേഴ്‌സ്ബർഗ് എന്ന സംഘടന ഉണ്ടാക്കി.12 ശാഖകളും 8000 അംഗങ്ങളുമുള്ള സംഘടനയിൽ ഓർത്തഡോക്‌സ് സഭക്കാരാണ് ഉണ്ടായിരുന്നത്.അച്ചന് ഇതേസമയം,റഷ്യൻ രഹസ്യ പൊലീസായ ഓഖ്‌റാനയുമായും ബന്ധമുണ്ടായിരുന്നു.ഈ സംഘടന നടത്തിയ പൊതുപണിമുടക്കിന് പിന്നാലെയാണ്,ഞായറാഴ്ച അച്ചൻ ഒന്നരലക്ഷം വരുന്ന ജനക്കൂട്ടത്തെ സാർ ചക്രവർത്തിയുടെ വിന്റർ പാലസിലേക്ക് നയിച്ചത്.
ആകാഷി മോട്ടോജിറോ 
ആയുധമില്ലാത്ത ജനക്കൂട്ടമായിരുന്നു,അത്.ചക്രവർത്തിയുടെ ചിത്രങ്ങൾ വഹിച്ച്,'സാറിനെ ദൈവം രക്ഷിക്കട്ടെ ' എന്ന കീർത്തനം പാടി,ചക്രവർത്തിയെ സ്തുതിച്ചു തന്നെ ആയിരുന്നു,മാർച്ച്.അച്ചടിച്ച അഞ്ചു പേജ് നിവേദനം ,ഗാപോണിൻറെ കൈയിൽ ഉണ്ടായിരുന്നു.സർക്കാർ നടപടി ക്രമങ്ങളിൽ,17 മാറ്റങ്ങളും കാലങ്ങളായി ഉന്നയിച്ചു വന്ന പരിഷ്‌കാരങ്ങളുമാണ്,നിവേദനത്തിൽ ഉണ്ടായിരുന്നത്.ജനക്കൂട്ടം ആവശ്യപ്പെട്ട പരിഷ്‌ക്കാരങ്ങൾക്ക്,പുന്നപ്ര വയലാർ സമരക്കാർ പിൽക്കാലത്ത് 1946 ൽ ഉന്നയിച്ച ചില ആവശ്യങ്ങളോട് സാദൃശ്യമുണ്ടായിരുന്നു.നെഹ്‌റു ഭരിക്കുമ്പോഴായിരുന്നു,പുന്നപ്ര വയലാർ കലാപം എന്ന പ്രശ്നമേയുള്ളു!
അച്ചനും ജനവും ഉന്നയിച്ച ആവശ്യങ്ങൾ ഇവയായിരുന്നു:

  • നിര്ബന്ധിതവും സാർവത്രികവുമായ പ്രാഥമിക വിദ്യാഭ്യാസം നടപ്പാക്കുക.
  • പുരോഗമനപരമായ ആദായ നികുതി ചുമത്തുക .
  • അധ്വാന സമയം എട്ടുമണിക്കൂറായി ചുരുക്കുക.
  • ചുരുങ്ങിയ ദിവസ വേതനം ഒരു റൂബിൾ ആക്കുക.
  • ഓവർടൈം അവസാനിപ്പിക്കുക 
  • ചികിത്സാസൗകര്യം നടപ്പാക്കുക 
  • മഴ,മഞ്ഞ് എന്നിവയിൽ നിന്ന് രക്ഷ നൽകും വിധം ഫാക്റ്ററികൾ പണിയുക 
സർ സി പി നാട് വിടുക എന്ന് പുന്നപ്ര വയലാർ സമരക്കാർ ഉന്നയിച്ച പോലെ,ഒരു രാഷ്ട്രീയ ആവശ്യവും നിവേദനത്തിൽ ഉണ്ടായിരുന്നു:ജപ്പാനുമായുള്ള യുദ്ധം അവസാനിപ്പിക്കുക.
മേലാപ്പിലെ ജനാലയ്ക്കരികിൽ നിന്ന് സാർ ചക്രവർത്തി തങ്ങളോട് സംസാരിക്കുമെന്ന് പ്രതീക്ഷിച്ച ജനക്കൂട്ടത്തിന് തെറ്റി -ചക്രവർത്തി കൊട്ടാരത്തിൽ ഉണ്ടായിരുന്നില്ല.ചക്രവർത്തിയുടെ അമ്മാവൻ ഗ്രാൻഡ് ഡ്യൂക്ക് വ്‌ളാദിമിർ,വെടി വയ്ക്കാൻ പട്ടാളത്തിന് ആജ്ഞ കൊടുത്തു.കൊല്ലപ്പെട്ടവർ 300 എന്നും പരുക്കേറ്റവർ 1500 എന്നും പറയുന്നുണ്ടെങ്കിലും,കൃത്യമായ കണക്കില്ല.പുന്നപ്ര വയലാർ പോലെ തന്നെ.പുന്നപ്ര വയലാറിലെ ഏറ്റവും കുറഞ്ഞ മരണ സംഖ്യ,ഇ എം എസ് കേന്ദ്ര കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ ആയിരുന്നു.
ജനം ഒന്നടങ്കം,വൃദ്ധരും കുട്ടികളും ഉൾപ്പെടെ പങ്കെടുത്ത ഒരു സമരം ആയതിനാലാണ്,1905 ലെ സമരമാണ് വിപ്ലവം എന്ന് മാർക്സിസ്റ്റ് ചരിത്രകാരി റോസാ ലക്‌സംബർഗ് നിരീക്ഷിച്ചത്.1917 ലെ ' വിപ്ലവം ' അവർ നിരാകരിച്ചത്.പക്ഷെ,നാം കണ്ടത് പോലെ,1905ലെ വിപ്ലവം ജപ്പാൻ സംഘടിപ്പിച്ചതായിരുന്നു.
ചോര ഞായർ കഴിഞ്ഞ് തിങ്കളാഴ്ച ജനീവയിൽ ലൈബ്രറിക്ക് പോകുന്ന വഴിയിൽ,അനറ്റോലി ലൂണാചാർസ്‌കി,ഭാര്യ അന്ന എന്നിവരിൽ നിന്നാണ്,ലെനിനും ഭാര്യ ക്രൂപ്സ് കേയയും സംഭവം അരിഞ്ഞത്.വിപ്ലവകാരിയായ നാടകകൃത്തും വിമര്ശകനുമായ ലൂണാചാർസ്‌കി 1917 നു ശേഷം ആദ്യ ജനകീയ വിദ്യാഭ്യാസ കമ്മിസാർ ആയി.
പിൽ സുഡ് സ്‌കി 
സത്യത്തിൽ വിപ്ലവം ഒന്നും നടന്നില്ല.നിരായുധരായ ഒരു പറ്റം മനുഷ്യരുടെ കൂട്ടക്കുരുതി ആണുണ്ടായത്.അച്ചൻ ആൾക്കൂട്ടത്തെ വഴിതെറ്റിച്ച പൊലീസ് ഏജൻറ് ആണെന്നാണ് ലെനിൻ കരുതിയത്.അച്ചൻ പെട്രോഗ്രാഡിൽ നിന്ന് രക്ഷപ്പെട്ട് സാർ ചക്രവർത്തിക്ക് ഒരു മാനിഫെസ്റ്റോയും റഷ്യയിലെ സോഷ്യലിസ്റ്റ് പാർട്ടിക്ക് തുറന്ന കത്തും പുറത്തിറക്കി.മാനിഫെസ്റ്റോ സാർ ചക്രവർത്തിയെ അപലപിച്ചു.മാനിഫെസ്റ്റോയിലും കത്തിലും," വ്യക്തികളും ജനക്കൂട്ടവും ബോംബും ഡൈനാമിറ്റും ഭീകരതയും പ്രയോഗിച്ച് രാജഭരണത്തെ താഴെയിറക്കാൻ" ആഹ്വാനം ചെയ്‌തു.
അച്ചനെ തൽക്കാലം മാക്‌സിം ഗോർക്കി സംരക്ഷിച്ചു.കുറച്ചു നാൾ കഴിഞ്ഞ് അയാൾ ജനീവയിൽ പൊങ്ങി.വിപ്ലവ പാർട്ടിക്കാർ തിരിഞ്ഞു നോക്കാത്ത ഒരു കഫെയിൽ,വിപ്ലവ പാർട്ടിയിൽ പെട്ട ഒരു സ്ത്രീ,അച്ചനും ലെനിനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി." അച്ചോ ,മണ്ടനായിപ്പോകരുത്",ലെനിൻ പറഞ്ഞ,"നന്നായി വായിച്ചു പഠിച്ചില്ലെങ്കിൽ,നിങ്ങളുടെ സ്ഥാനം ഇവിടെ ആയിരിക്കും",ലെനിൻ മേശയ്ക്ക് താഴേക്ക് വിരൽ ചൂണ്ടി.
ലെനിൻറെ ഉപദേശം സ്വീകരിച്ച് അച്ചൻ,പ്ലഖനോവിൻറെ ഉണക്ക സാഹിത്യം വായിച്ചു നോക്കി.കുതിര സവാരിയും തോക്ക് ഉപയോഗിക്കലും വിപ്ലവകാരിക്ക് വേണമെന്ന് കരുതി രണ്ടും ശീലിച്ചു.അച്ചന് പൊലീസുമായുള്ള ബന്ധം വച്ച്,വിപ്ലവകാരികൾ അയാളെ വിശ്വസിച്ചില്ല.ജപ്പാൻ പട്ടാളം കൊടുത്ത പണം കൊണ്ട് ഇംഗ്ലണ്ടിൽ നിന്ന് ആയുധങ്ങൾ സംഭരിച്ച് അച്ചൻ ജോൺ ഗ്രാഫ്റ്റൺ എന്ന കപ്പലിൽ അവ റഷ്യയിലേക്ക് അയച്ചു.ഫിനിഷ് തീരത്തിനടുത്ത് കപ്പൽ പൊട്ടിത്തെറിച്ചു.ലെനിൻ ആയുധം സംഭരിച്ച്,പെട്രോഗ്രാഡിലെ രഹസ്യ വിലാസങ്ങളിലേക്ക് അയച്ചതാണെന്ന് പാഠഭേദമുണ്ട്.*സെപ്റ്റംബറിൽ കപ്പൽ നശിച്ചതോടെ,അച്ഛൻറെ ഹൃദയം തകർന്നു.താമസിയാതെ,പെട്രോഗ്രാഡിന് പുറത്ത്,ഒരു കോട്ടേജിൽ അച്ഛൻറെ ജഡം തൂങ്ങിനിന്നു.വിപ്ലവകാരികൾ കൊന്നതാണെന്ന് സംശയിക്കപ്പെടുന്നു.അച്ചനെ ചരിത്രത്തിൽ നിന്ന് മായ്ച്ച് ,1905 ലെ വിപ്ലവം തങ്ങളുടെ അക്കൗണ്ടിൽ വരവ് വയ്ക്കാൻ ചെയ്തതാകാം.
ലെനിനും ആയുധം സംഭരിച്ചതായി പറഞ്ഞല്ലോ-എവിടെ നിന്നായിരുന്നു,പണം ?
അച്ചനു പണം കൊടുത്ത ജപ്പാൻ പട്ടാള ചാര മേധാവി ആകാഷി തന്നെ ലെനിനും ട്രോട് സ്‌കിക്കും പോളണ്ടിലെ വിപ്ലവകാരി ജോസഫ് പിൽ സുഡ് സ്‌കിക്കും പണം കൊടുത്തു.പത്തു ലക്ഷം യെൻ ആയിരുന്നു അന്ന് ആകാഷിക്ക്,ചാരവൃത്തിക്കുള്ള  ബജറ്റ്.  സിഡ്‌നി റൈലി എന്ന കുപ്രസിദ്ധ ചാരനെ പോർട്ട് ആർതറിലേക്ക് അയച്ചു.കവിയും ചിത്രകാരനുമായിരുന്ന ആകാഷി ,പിൽക്കാലത്ത് തായ്‌വാനിൽ ഗവർണർ ജനറലായി.പോളണ്ടിലെ ആദ്യ ഭരണാധികാരിയാണ്,മാർഷൽ പിൽ സുഡ് സ്‌കി.രണ്ടാം പോളിഷ് റിപ്പബ്ലിക്കിൻറെ സൈനിക മന്ത്രി.വിപ്ലവം ശൂന്യതയിൽ നിന്നുണ്ടാകില്ല -അത് പലപ്പോഴും ജാര സന്തതി ആയിരിക്കും.
കരിങ്കടലിൽ 1905 ജൂൺ 27 ന് പൊട്ടെoകിൻ എന്ന യുദ്ധക്കപ്പലിലെ കലാപത്തിന് പണം മുടക്കിയതും ജപ്പാൻ പട്ടാളമായിരുന്നു.കപ്പലിലെ എഴുന്നൂറോളം നാവികർ,കപ്പലിലെ തന്നെ ഓഫിസർമാർക്കെതിരെ കലാപം നടത്തി.അവരെ കൊന്ന് കപ്പൽ റുമേനിയൻ തുറമുഖമായ ഒഡേസയിലേക്ക് കൊണ്ടു പോയതാണ് സംഭവം.പല നാവികരും റഷ്യയിൽ തിരിച്ചെത്തിയത് 1917 ഫെബ്രുവരി വിപ്ലവ  ശേഷമാണ്.സംഭവം ബോൾഷെവിക്കുകൾ പ്രചാരണ ആയുധമാക്കി എന്നു മാത്രമല്ല,ലോക സിനിമാ ചരിത്രത്തിൽ ഒരു ക്‌ളാസിക് ഉണ്ടാവുകയും ചെയ്‌തു-സെർജി ഐസെന്സ്റ്റീന്റെ ബാറ്റിൽഷിപ് പൊട്ടെoകിൻ ( 1925 ) എന്ന നിശബ്ദ ചിത്രം.ഒഡേസയിലെ പടവുകളിൽ ഒരു പുതിയ സിനിമാ സങ്കേതം,വിപരീത ദൃശ്യങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി എഡിറ്റ് ചെയ്തപ്പോൾ,രൂപപ്പെട്ടു;അതിന് മാർക്‌സിസ്റ്റ് സംജ്ഞ നൽകി -ഡയലെക്റ്റിക്കൽ മൊണ്ടാഷ്.
------------------
*Life and Death of Trotsky / Robert Payne,Page 101:
The Japanese were inflicting terrible defeats on the Russians in the Far East.They were also fanning the revolutionary flame in Russia,pouring huge amounts of money into the coffers of the revolutionaries.Colonel Akashi Motojiro,the chief of the Japanese secret agents in Europe,gave money to Lenin and Trotsky and to the Polish revolutionary Josef  Pilsudski ...Lenin was deeply involved with the outfitting of the John Grafton,a gun running steamer,which,it was hoped,would land enough guns and ammunitions near St Petersburg to arm the revolutionary army.Colonel Akashi was involved with the same project.


Monday, 22 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 1

ഏകാധിപതിയുടെ പരീക്ഷണശാല 


ഷ്യയിൽ 1917 ലെ ' മഹത്തായ ഒക്ടോബർ വിപ്ലവം' നടന്ന് വെറും ആറു മാസം കഴിഞ്ഞപ്പോൾ, മാർക്‌സിസ്റ്റ് സൈദ്ധാന്തിക റോസാ ലക്‌സംബർഗ്,ആ ' വിപ്ലവ'ത്തിൻറെ അനന്തര ഫലങ്ങളെ പ്രവചന സ്വഭാവത്തോടെ, ഇങ്ങനെ  സമാഹരിച്ചു:

ഒന്ന്:പൊതു തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവുമില്ലാത്ത ഒരു പൊതു ഭരണസംവിധാനം,ജീവിതം മരവിച്ച്,ഉദ്യോഗസ്ഥ സംവിധാനം മാത്രമായി തീരും.
രണ്ട്:ഊർജസ്വലരായ ചില നേതാക്കളുടെ കൈയിൽ അധികാരം കുമിഞ്ഞു കൂടും.തൊഴിലാളി വർഗത്തിലെ വരേണ്യ വിഭാഗം നേതാക്കളുടെ പ്രസംഗങ്ങൾക്ക് കൈയടിക്കും;പ്രമേയങ്ങൾ ഏകകണ്ഠമായി പാസാക്കും.
മൂന്ന്:തൊഴിലാളി വർഗ സർവാധിപത്യത്തിനു പകരം,ബൂർഷ്വാ ഏകാധിപത്യം വരും.ചോദ്യമില്ലാത്ത ഉന്മൂലനങ്ങൾ വഴി പൊതു ജീവിതം നരകമാകും.
നാല്:ഒരു പാർട്ടിയുടെ അംഗങ്ങൾക്കും അനുയായികൾക്കും മാത്രമായിരിക്കും,സ്വാതന്ത്ര്യം.
ഇത്രയും 'റഷ്യൻ വിപ്ലവം' എന്ന പ്രബന്ധത്തിൽ ( 1918 ) എഴുതിയ ശേഷമാണ്  റോസാ ലക്സംബർഗിൻറെ പ്രസിദ്ധമായ വാചകം വന്നത്:"സ്വാതന്ത്ര്യം എപ്പോഴും,വ്യത്യസ്തമായി ചിന്തിക്കുന്നവന് വേണ്ടി മാത്രമുള്ളതാണ്" 
പോളണ്ടിലെ ജൂത കുടുംബത്തിൽ ജനിച്ച റോസ,സൂറിച്ച് സർവകലാശാലയിൽ നിന്ന് തത്വ ചിന്തയിൽ ഡോക്ടറേറ്റ് നേടുമ്പോൾ,അവർ ഒരപൂർവത ആയിരുന്നു.ഡോക്ടറേറ്റ് നേടിയ സ്ത്രീകളിൽ അധികം ഉണ്ടായിരുന്നില്ല.പോളണ്ട് അന്ന് റഷ്യയുടെ അധീനതയിൽ ആയിരുന്നു.മാർക്‌സിസ്റ്റ് ചിന്താ ലോകത്ത് മൗലികതയുള്ള അപൂർവം പേരിൽ ഒരാളാണ്,റോസ.മാർക്‌സിസ്‌റ്റിൻറെ പല പിഴവുകളും അവർ തിരുത്തിയിട്ടുണ്ട്.റോസയുടെ 'റഷ്യൻ വിപ്ലവം" അവരുടെ മരണശേഷം പ്രസിദ്ധീകരിച്ചതിന് അവരുടെ പങ്കാളി പോൾ ലെവിയെ മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷനിൽ നിന്ന് പുറത്താക്കി.
1917 ഒക്ടോബറിൽ നടന്നത് ' മഹത്തായ വിപ്ലവം' പോയിട്ട്, ഒരു വിപ്ലവമേ ആയിരുന്നില്ല;അതേ സമയം ഫെബ്രുവരിയിൽ നടന്നത് വിപ്ലവം ആയിരുന്നുവെന്നും റോസ കണ്ടു ( The Politics of Mass Strikes and Unions,Collected Works,Volume 2, Page 245.).അതാണ് ശരിയെന്ന് നൂറു വർഷത്തിന് ശേഷം ലോകവും തിരിച്ചറിഞ്ഞിരിക്കുന്നു.ഒക്ടോബറിൽ ലെനിൻറെ നേതൃത്വത്തിൽ നടന്നത്,ഒരു ഭരണകൂട അട്ടിമറി മാത്രമായിരുന്നു.
നമ്മുടെ കലണ്ടർ പ്രകാരം,2017 മാർച്ച് എട്ടിനാണ് നടന്നതാണ്,ഫെബ്രുവരി വിപ്ലവം.അലക്‌സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ നടന്ന ആ വിപ്ലവമാണ്,400 വർഷത്തെ സാർ ചക്രവർത്തി ഭരണത്തെ കടപുഴക്കിയത്.അത് നടക്കുമ്പോൾ,ലെനിനോ ട്രോട് സ്‌കിയോ റഷ്യയിൽ ഉണ്ടായിരുന്നില്ല..ഒന്നാം ലോകയുദ്ധത്തിന്റെ അസ്വസ്ഥതകൾ പെരുകിയിരുന്ന റഷ്യയിലെ തെരുവുകളിൽ,ഒരു നേരത്തെ റൊട്ടിക്ക് വേണ്ടിയായിരുന്നു,ആ വിപ്ലവം.റഷ്യ യുദ്ധത്തിൽ പങ്കു കൊണ്ടത് തന്നെ,അപകടമായിരുന്നു.ജർമനിയെപ്പോലെ റഷ്യയിൽ വ്യവസായം വളർന്നിരുന്നില്ല.ജർമനിയുടെ സൈനിക ശക്തിക്ക് മുന്നിൽ റഷ്യൻ പട്ടാളത്തിന് പിടിച്ചു നിൽക്കാനാവുമായിരുന്നില്ല.നിക്കോളാസ് രണ്ടാമൻ ചക്രവർത്തി,പൊതുസഭയായ ദൂമ പിരിച്ചു വിട്ടു.മാർച്ച് എട്ടിന് പെട്രോഗ്രാഡിലെ തെരുവുകളിൽ ആഹാരത്തിനായി ജനം ഇറങ്ങി.മാർച്ച് പത്തിന് തൊഴിലാളികളിലേക്ക് പടർന്നു.പൊലീസ് സ്റ്റേഷനുകൾ തകർത്തു.1905 ലെ വിപ്ലവകാലത്തെന്ന പോലെ,ഫാക്റ്ററികൾ,പെട്രോഗ്രാഡ് സോവിയറ്റിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുത്തു.അവർ പ്രകടനക്കാരെ പിന്തുണച്ചു.സാർ ചക്രവർത്തി സ്ഥാനത്യാഗം ചെയ്‌തു.കെറൻസ്കിയുടെ നേതൃത്വത്തിൽ താൽക്കാലിക ഭരണകൂടം നിലവിൽ വന്നു.ഈ ജനകീയ ഭരണകൂടത്തെയാണ്,ലെനിൻ അട്ടിമറിച്ചത്.അത് വിപ്ലവം ആകുന്നതെങ്ങനെ?
റോസാ ലക്സംബർഗ് 
കെറൻസ്കിയുടെ ഭരണകൂടത്തെ അട്ടിമറിക്കാൻ അതിനു മുൻപ് പട്ടാളമേധാവി ജനറൽ ലാവർ കോർണിലേവ് ശ്രമം നടത്തിയിരുന്നു.ആ സമയത്ത് കെറൻസ്കി,സ്വന്തം രക്ഷ ലാക്കാക്കി തൊഴിലാളികൾക്ക് ആയുധങ്ങൾ വിതരണം ചെയ്‌തു.ഇതാണ്,ലെനിൻറെ നേതൃത്വാതിലുള്ള ബോൾഷെവിക്കുകളുടെ കൈയിൽ എത്തിയത്.ഫെബ്രുവരി വിപ്ലവം നടക്കുമ്പോൾ ലെനിൻ ഫിൻലൻഡിലായിരുന്നു.ബോൾഷെവിക്കുകളുടെ അട്ടിമറി നടക്കുമ്പോൾ,സൈന്യം കെറൻസ്കിയെ വിട്ട്,ലെനിനൊപ്പം ചേർന്നു.20 മണിക്കൂർ കൊണ്ട് കെറൻസ്കിയുടെ ഭരണകൂടം നിലം പൊത്തി.
അട്ടിമറി വേണോ എന്ന പ്രശ്‍നം ബോൾഷെവിക്കുകളുടെ കേന്ദ്ര കമ്മിറ്റിയിൽ ലെനിൻ വോട്ടിനിട്ടു.10 -2 ന് പ്രമേയം പാസായി.എതിർത്ത് വോട്ടു ചെയ്‌തത്‌,സിനോവീവും കാമനേവും ആയിരുന്നു.അതിൻറെ പേരിൽ ലെനിൻ അവരെ ആവർത്തിച്ചു ശകാരിച്ചു കൊണ്ടിരുന്നു.മരണക്കിടക്കയിലിരുന്ന് ലെനിന് സ്റ്റാലിനെതിരെ പാർട്ടി കോൺഗ്രസിന് എഴുതിയ കത്തുകളിലും ഇരുവരുടെയും പേരുകൾ കാണാം.ഇരുവരെയും പിൽക്കാലത്ത് സ്റ്റാലിൻ കൊന്നു.
കെറൻസ്കിയുടെ ഭരണകൂടത്തെ അട്ടിമറിക്കുകയല്ല,കെറൻസ്കിയുമായി സന്ധി ചെയ്യുകയായിരുന്നു വേണ്ടത് എന്നായിരുന്നു,ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് എഴുത്തുകാരൻ മാക്‌സിം ഗോർക്കിയുടെ അഭിപ്രായം.ഇതിൻറെ പേരിൽ ലെനിൻ,ഗോർക്കിക്കെതിരെ പ്രസ്താവനയിറക്കി.ലെനിൻറെ നീക്കങ്ങൾ വിനാശകരമായിരിക്കുമെന്ന്,റോസാ ലക്സംബർഗിന് മുൻപേ,ഗോർക്കി പ്രവചിച്ചു.ഒക്ടോബർ അട്ടിമറി നടക്കുമ്പോൾ തന്നെ,ലെനിൻറെ ഏകാധിപത്യ സ്വഭാവത്തെയും റഷ്യ കാണാനിരിക്കുന്ന ദുരന്തത്തെയും,സ്വന്തം പത്രമായ നൊവായ ഷിസനിൽ നിന്ന് ഗോർക്കി എഴുതിയ മുഖപ്രസംഗത്തിൽ വരച്ചു കാട്ടി." തൊഴിലാളി വർഗത്തോട്" എന്ന ശീർഷകത്തിൽ വന്ന ആ മുഖപ്രസംഗത്തിൻറെ ( നവംബർ 23 ) ചുരുക്കം ഇതാണ്:
ഒന്ന്:മാർക്‌സിന്റെ അല്ല,തീവ്രവാദിയായ നെചായേവിന്റെ സിദ്ധാന്തമാണ്,ലെനിൻ നടപ്പാക്കുന്നത്." ഏതു റഷ്യക്കാരനെയും അപമാനിച്ച് നമ്മുടെ ഭാഗത്താക്കാം " എന്നാണ് നെചയേവിൻറെ സിദ്ധാന്തം.തൊഴിലാളികളെക്കൊണ്ട് ലെനിൻ വംശഹത്യകളും കൂട്ടക്കൊലകളും ചെയ്യിക്കുന്നു.
രണ്ട്:ലെനിനും ട്രോട് സ്‌കിയും ജനാധിപത്യത്തിൻറെ കശാപ്പ് ചെയ്‌തു.റഷ്യയിൽ അവർ ദുരന്തം വിതയ്ക്കുന്നു.റഷ്യ ചോരക്കടൽ കൊണ്ട് വില നൽകേണ്ടി വരും.
മൂന്ന്:ഒരു നേതാവിന് വേണ്ട ധാർമിക നിലവാരം ലെനിന് ഇല്ല.വരേണ്യ വർഗത്തിൽ പെട്ട അയാൾക്ക് തൊഴിലാളികളോട് പുച്ഛമാണ്.റഷ്യയുടെ ദുരന്തം അയാൾക്ക് പ്രശ്നമല്ല.
നാല്:ലെനിൻ വരട്ടു തത്വ വാദത്തിന്റെ അടിമയും അനുയായികൾ അയാളുടെ അടിമകളുമാണ്.അയാൾക്ക് ജീവിതത്തിൻറെ സമഗ്രതയെപ്പറ്റി വിവരമില്ല.പുസ്തകം വായിച്ച് കലാപം നടത്തുകയാണ്,അയാൾ.
അഞ്ച്:രസ തന്ത്രജ്ഞൻ ജഡവസ്തുക്കളെ കൊണ്ട് പരീക്ഷണശാലയിൽ കളിക്കുമ്പോൾ,ലെനിൻ തൊഴിലാളികളെ വലിച്ചിഴച്ച്,വിപ്ലവത്തിൻറെ സ്വാഭാവിക വികാസത്തെ തടയുകയാണ്.
ഗോർക്കിയും റോസാ ലക്‌സംബർഗും പറഞ്ഞ പോലെ,ലെനിന് റഷ്യ,ഒരു ഏകാധിപതിയുടെ പരീക്ഷണശാല മാത്രമായിരുന്നു.അത് മാർക്സിസത്തിൻറെ പരീക്ഷണശാലയേ ആയിരുന്നില്ല;മാർക്സിസമാകട്ടെ,നടപ്പാക്കാൻ കഴിയുന്ന ഒരു പ്രത്യയ ശാസ്ത്രവും അല്ല.റഷ്യയിൽ 1905 ൽ നടന്ന ആദ്യ വിപ്ലവം തന്നെ ഒരു ഓർത്തഡോക്‌സ് വൈദികൻ നടത്തിയതാണ്.നമുക്ക് അതിലേക്ക് പോകാം.
------------------
നെചായേവ്:ഏതു മാർഗം വഴിയും,ഭീകരത കൊണ്ട് പോലും വിപ്ലവമാകാം എന്ന് ' വിപ്ലവത്തിൻറെ അനുഷ്ടാനവിധി" ( Catechism of Revolution ) എന്ന പുസ്തകത്തിൽ സിദ്ധാന്തിച്ചയാളാണ്,സെർജി നെചായേവ്.ഒരു സഖാവിനെ കൊന്ന് റഷ്യ വിട്ടു.ആദ്യ കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ നിന്ന് പുറത്താക്കപ്പെട്ടു.20 വർഷം ശിക്ഷിക്കപ്പെട്ട് തടവിൽ മരിച്ചു.
Rosa Luxemburg/ The Russian Revolution,Chapter 6/ The Problem of Dictatorship:
When all this is eliminated, what really remains? In place of the representative bodies created by general, popular elections, Lenin and Trotsky have laid down the soviets as the only true representation of political life in the land as a whole, life in the soviets must also become more and more crippled. Without general elections, without unrestricted freedom of press and assembly, without a free struggle of opinion, life dies out in every public institution, becomes a mere semblance of life, in which only the bureaucracy remains as the active element. Public life gradually falls asleep, a few dozen party leaders of inexhaustible energy and boundless experience direct and rule. Among them, in reality only a dozen outstanding heads do the leading and an elite of the working class is invited from time to time to meetings where they are to applaud the speeches of the leaders, and to approve proposed resolutions unanimously – at bottom, then, a clique affair – a dictatorship, to be sure, not the dictatorship of the proletariat but only the dictatorship of a handful of politicians, that is a dictatorship in the bourgeois sense, in the sense of the rule of the Jacobins (the postponement of the Soviet Congress from three-month periods to six-month periods!) Yes, we can go even further: such conditions must inevitably cause a brutalization of public life: attempted assassinations, shooting of hostages, etc. (Lenin’s speech on discipline and corruption.)



Thursday, 18 July 2019

എം എൻ റോയ് -ബലാത്സംഗ കഥയിലെ വില്ലൻ

മേരിക്കൻ പത്രപ്രവർത്തകയും ഇന്ത്യൻ പ്രവാസി വിപ്ലവകാരികളുടെ സുഹൃത്തുമായിരുന്ന ആഗ്നസ് സ്‌മെഡ്‌ലിയെ ന്യൂയോർക്കിൽ 1917-18  ൽ  ഒരു ഇന്ത്യൻ വിപ്ലവകാരി ബലാത്സംഗം ചെയ്‌തു.അതിനെത്തുടർന്ന് അവർ ആത്‌മഹത്യാ ശ്രമം നടത്തി.സംഭവത്തിലെ വില്ലൻ എം എൻ റോയ് ആയിരുന്നുവെന്ന്  The Lives of Agnes Smedley എന്ന ജീവചരിത്രത്തിൽ ( 2004 ) റൂത് പ്രൈസ് എഴുതുന്നു.ബലാത്സംഗി ഹേരംബലാൽ ഗുപ്‌ത ആണെന്നാണ് ഇതിന് 16 വർഷം മുൻപ് ഇറങ്ങിയ,ജാനിസ് ആർ മക് കിന്നനും ഭർത്താവ് സ്റ്റീഫനും എഴുതിയ Agnes Smedley:The Life and Times of an American Radical ( 1988 ) എന്ന ജീവചരിത്രത്തിൽ വന്നിരുന്നത്.അമേരിക്കൻ കോൺഗ്രസ്  അംഗമായിരുന്ന ബെല്ലാ അബ്‌സഗിന്റെ പ്രസ് സെക്രട്ടറി ആയിരുന്ന റൂത്,ഇടത് സഹയാത്രികയാണ്;15 വർഷം ഗവേഷണം നടത്തി നിരവധി  രേഖകൾ പരിശോധിച്ചാണ് എഴുതിയത്.ആദ്യ ജീവചരിത്രത്തിന് തിരുത്തുമാണ്.അതിനാൽ വില്ലൻ എം എൻ റോയ് എന്നിടത്താണ്,കാര്യങ്ങൾ നിൽക്കുന്നത്.
റോയ് അന്ന് 
ആഗ്നസിൻറെ രണ്ടാം ഭർത്താവ്,ചാറ്റോ എന്നറിയപ്പെട്ട ഇന്ത്യൻ വിപ്ലവകാരി വീരേന്ദ്രനാഥ് ചതോപാധ്യായ ആയിരുന്നു.സരോജിനി നായിഡുവിൻറെ ഇളയ അനുജൻ.ചാറ്റോയുടെ സഹോദരി സുഹാസിനിയായിരുന്നു,ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യ വനിത.ചാറ്റോയെ വിവാഹം ചെയ്യാതെ 1920 മുതൽ എട്ടു കൊല്ലം കൂടെ താമസിക്കുകയായിരുന്നു,ആഗ്നസ്.പൊട്ടിത്തെറിയുടെ വക്കിലെത്തിയ ആ ബന്ധത്തിൽ നിന്ന്,1928 ൽ  രക്ഷപ്പെട്ട് ചൈനയ്ക്ക് പോകുമ്പോൾ ആഗ്നസ് Daughter of Earth എന്ന ആത്മകഥാപരമായ നോവൽ പൂർത്തിയാക്കിയിരുന്നു.ഇത് ഒരു പ്രോലിറ്റേറിയൻ ക്‌ളാസിക് ആണ്.അതിൽ ബലാത്സംഗത്തിൻറെ വിവരണമുണ്ട്.
മേരി റോജേഴ്‌സ് എന്നാണ് നോവലിലെ കഥാപാത്രത്തിൻറെ പേര്.ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് വരുന്ന മേരി പുരുഷന്മാരുമായുള്ള ബന്ധങ്ങളിൽ വലയുന്നതും സോഷ്യലിസ്റ്റ് പാർട്ടി അംഗമായി ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ ഭാ ഗമാകുന്നതുമാണ്,പ്രമേയം.1929 ൽ പുറത്തിറങ്ങിയ നോവലിന് 1973 ൽ ഉണ്ടായ പുതിയ പതിപ്പിന് പ്രമുഖ നോവലിസ്റ്റ് ആലീസ് വാക്കറാണ് ആമുഖം എഴുതിയത്.ആഗ്നസിൻറെ അറിയപ്പെടുന്ന ജീവിതം തന്നെയാണ് നോവലിൽ കാണുന്നത്.
അമേരിക്കയിൽ മിസ്സൂറി ഓസ് ഗുഡിലെ കുടിലിലാണ് അവർ ജനിച്ചത്.കന്നുകാലി ബ്രോക്കറായും നാടോടി മരുന്ന് വില്പനക്കാരനായും ഖനി തൊഴിലാളിയായും ജോലി ചെയ്ത ചാൾസിൻറെ  അഞ്ചു മക്കളിൽ രണ്ടാമത്തെ ആൾ.വൈദ്യുതിയോ വെള്ളമോ ഉണ്ടായിരുന്നില്ല.'അമ്മ അവരുടെ 38 വയസ്സിൽ മരിച്ചു.ദാരിദ്ര്യം ആഗ്നസിൻറെ മനസ്സിൽ മുറിവുകൾ ഉണ്ടാക്കി.പ്രൈമറി സ്‌കൂളുകളിൽ ധനിക കുട്ടികൾ അവളെ കളിയാക്കി .അരിസോണയിലെ ടെമ്പെ നോർമൽ സ്‌കൂളിൽ സവിശേഷ പരിഗണനയിൽ 19 വയസിൽ ചേർന്ന ആഗ്നസ്,അതിൻറെ ആഴ്ചപ്പതിപ്പിൽ ജോലിയും ചെയ്തു.പ്രസംഗ മത്സരം വിലയിരുത്താൻ ന്യൂയോർക്കിൽ നിന്ന് വന്ന ഹൈസ്‌കൂൾ അദ്ധ്യാപിക തോർബർഗ് ബ്രണ്ടിനെ പരിചയപ്പെട്ടു.അവർ വഴി സഹോദരൻ ഏണസ്റ്റിനെയും -ഇരുവരും സോഷ്യലിസ്റ്റുകൾ ആയിരുന്നു.ഏണസ്റ്റിനെ വിവാഹം ചെയ്ത ആഗ്നസ് 1913 ൽ സാൻഫ്രാൻസിസ്കോ നോർമൽ സ്‌കൂളിൽ ചേർന്ന്,സ്‌കൂളിന് ഒരു പത്രമുണ്ടാക്കി-നോർമൽ ന്യൂസ്.എമ്മ ഗോൾഡ് മാൻ,അപ്റ്റൻ സിൻക്ലെയർ,യൂജിൻ ഡബ്‌സ്‌ തുടങ്ങി പല സോഷ്യലിസ്റ്റ് നേതാക്കളെയും അവിടെ പ്രസംഗിക്കാൻ വിളിച്ചു.1916 ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുമ്പോൾ അവർ സ്‌കൂൾ ജീവനക്കാരി ആയിരുന്നു.അവരെ സ്‌കൂൾ പിരിച്ചു വിട്ടു.

ഇന്ത്യൻ വിപ്ലവകാരി കേശവ് ഡി ശാസ്ത്രിയുടെ പ്രസംഗം ആഗ്നസിന് ഇഷ്ടപ്പെട്ടു.സ്‌കൂളിൽ ക്ഷണിച്ചപ്പോൾ,അദ്ദേഹത്തെ പ്രസംഗിക്കാൻ അനുവദിച്ചിരുന്നില്ല.അദ്ദേഹത്തിൽ നിന്നും ലാലാ ഹർദയാലിൽ നിന്നും,നാടുകടത്തപ്പെട്ട് ന്യൂയോർക്കിലുള്ള ലാലാ ലജ്‌പത്‌ റായിയെപ്പറ്റി കേട്ടു.സ്‌കൂളിൽ നിന്ന് പുറത്തായ ആഗ്നസ് സാൻ ഡീഗോ വിട്ട് ന്യൂയോർക്കിൽ എത്തി.വിവാഹം തകർന്നിരുന്നു.ന്യൂയോർക്കിൽ ലാലാ ലജ്‌പത്‌ റായിയെ കണ്ടു.ന്യൂയോർക് സർവകലാശാല പ്രൊഫസറായിരുന്നു ,അദ്ദേഹം .അത് വലിയ സ്വാധീനമായി.ഇന്ത്യയിലേക്ക് ആഗ്നസിനെ അധ്യാപികയായി അയയ്ക്കാൻ ആഗ്രഹിച്ച റായി,അവർക്ക് ചരിത്ര ക്‌ളാസുകൾ എടുത്തു.അമേരിക്ക വിപ്ലവം വഴി സ്വതന്ത്രമായ പോലെ,ഇന്ത്യ സ്വാതന്ത്രമാകണമെന്ന് റായിയെ കാണാൻ വരുന്ന വിപ്ലവകാരികളിൽ നിന്ന് ആഗ്നസ് പഠിച്ചു.ആഗ്നസ് വിപ്ലവകാരികളുടെ വാർത്താവിനിമയ കേന്ദ്രമായി .അവർ വിലാസങ്ങൾ സൂക്ഷിച്ചു .അമേരിക്ക ഒന്നാം ലോകയുദ്ധത്തിൽ ചേർന്ന കാലം.അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികൾ ഉണ്ടാക്കിയ ഗദർ പാർട്ടിയിലെ പല പ്രവർത്തകരും ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് പോയിരുന്നു.ജർമ്മൻ കോൺസുലേറ്റ് സഹായിച്ചാൽ അവർക്ക് ആയുധം എത്തിക്കാം.അമേരിക്ക യുദ്ധത്തിൽ ബ്രിട്ടൻറെ പങ്കാളി ആയതോടെ,അമേരിക്കയിൽ വിപ്ലവകാരികൾ അപകടത്തിലായി.ഗദർ പാർട്ടി പ്രവർത്തകരും സാൻഫ്രാൻസിക്കോയിലെ ജർമൻ കോൺസുലേറ്റ് ജീവനക്കാരും പിടിയിലായി.ബ്രിട്ടൻ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു,അറസ്റ്റ്.കേസ് ഇൻഡോ -ജർമൻ ഗൂഢാലോചന എന്നറിയപ്പെട്ടു.

ആഗ്നസിന് വരുന്ന ഇന്ത്യൻ വിപ്ലവകാരികളുടെ കത്തുകൾ അമേരിക്കൻ ഭരണ കൂടം നിരീക്ഷിച്ചിരുന്നത്,ആഗ്നസിന് അറിയില്ലായിരുന്നു.1918 മാർച്ച് 15 ന് സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ശൈലേന്ദ്ര ഘോഷ്  വരുന്നത് കാത്തിരുന്ന ആഗ്നസിൻറെ ഫ്ലാറ്റിൽ പൊലീസ് എത്തി.ഘോഷ് എത്തിയപ്പോൾ അയാളെയും അറസ്റ്റ് ചെയ്തു.വിപ്ലവകാരികളുടെ വിലാസങ്ങൾ കുറിച്ചിരുന്ന കറുത്ത നോട്ട് ബുക്ക് പിടിച്ചെടുത്തു.ഘോഷും ആഗ്നസും ബ്രിട്ടനെ അട്ടിമറിക്കാൻ പദ്ധതി തയ്യാറാക്കിയെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.യുദ്ധം കഴിഞ്ഞ് 1919 ൽ മോചിതയായി1920 ഡിസംബറിൽ ആഗ്നസ്,യൂറോപ്പിലേക്ക് പോകുന്ന ഒരു പോളിഷ് ചരക്കു കപ്പലിൽ തൊഴിലാളിയായി കയറിക്കൂടി ഡാൻസിഗിൽ രക്ഷപ്പെട്ടു.1920 -39 ൽ അർദ്ധ സ്വയംഭരണ പ്രദേശമായിരുന്നു,ജര്മനിക്കും പോളണ്ടിനും ഇടയിലെ ഈ തുറമുഖം.ചാറ്റോയെ തിരക്കി ബർലിനിൽ എത്തി .ബർലിൻ ഇന്ത്യ ഇൻഡിപെൻഡൻസ് കമ്മിറ്റി വഴി ബർലിനിൽ കഴിയാൻ അനുമതി കിട്ടി.അസാമാന്യ സംഘാടകയായി അറിയപ്പെട്ടിരുന്നതിനാൽ,അവർ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളിൽ ഒരാളായി.ഏകാകിനിയായ അവരുടെ ജീവിതത്തിൽ,കമ്മിറ്റിയുടെ സംഘാടകനായ ചാറ്റോ എന്ന വീരേന്ദ്രനാഥ് ചതോപാധ്യായ എത്തി.ചാറ്റോയുമായുള്ള എട്ടു കൊല്ലത്തെ ജീവിതം ദുരിതമയമായിരുന്നു.വീട് പുലർത്താൻ ആഗ്നസ് ജർമൻകാരെ ഇംഗ്ലീഷ് പഠിപ്പിച്ച് വരുമാനമുണ്ടാക്കി. എം എൻ റോയ്,ഹേരംബ ലാൽ  ഗുപ്ത എന്നിവർ ആഗ്നസും ചാറ്റോയും തമ്മിലുള്ള ബന്ധത്തെ അസൂയയോടെയാണ് കണ്ടത്.ആഗ്നസ് ബർലിൻ കമ്മിറ്റിയിൽ ഉണ്ടാകരുതെന്ന് അവർ വാശി പിടിച്ചു.1921 ൽ കോമിന്റേൺ മൂന്നാം കോൺഗ്രസിൽ പങ്കെടുക്കാൻ ചാറ്റോയും ആഗ്നസും മോസ്‌കോയിൽ പോയപ്പോൾ ചാറ്റോ വച്ച സിദ്ധാന്തത്തെ റോയ് മോസ്‌കോയിൽ ഉണ്ടാക്കിയിരുന്ന സ്വാധീനം വഴി വെട്ടി നിരത്തി.ഇരുവരും രാജ്യാന്തര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഭിന്ന ധ്രുവങ്ങളിലായി.
ആദ്യ വിവാഹം തകർന്ന് 1917 ൽ 25 വയസിൽ നാട് വിട്ട് ഗ്രീൻവിച്ചിൽ എത്തുമ്പോൾ ആഗ്നസ് രണ്ടു തവണ  ഗർഭം അലസിപ്പിച്ചിരുന്നു.അവിടെയാണ്,മാർഗരറ്റ് സാംഗർ നടത്തിവന്ന ജനനനിയന്ത്രണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്.
ബർലിൻ കാലം കഴിഞ്ഞ് സോവിയറ്റ് -മഞ്ചുറിയ അതിർത്തി വഴിയാണ് ആഗ്നസ് ചൈനയിൽ എത്തിയത്‍.1938 -40 ൽ ഷു എൻ ലായ് റെഡ് ആർമിക്കൊപ്പം യുദ്ധ മേഖലയിൽ സഞ്ചരിക്കാൻ ആഗ്നസിന് അനുവാദം നൽകിയതോടെ,അവർ ശരിക്കും പത്ര പ്രവർത്തകയായി.ലോങ് മാർച്ച് ഇത് പോലെ വേറൊരാൾക്കും റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞില്ല.മാർച്ചിനിടയിൽ ക്ഷീണിക്കുന്നവരെ ഉല്ലസിപ്പിക്കാൻ അവർ നൃത്തം പഠിപ്പിച്ചു.അത് പഠിച്ചവരിൽ ഒരാൾ മാവോ ആയിരുന്നു.ആഗ്നസ് താമസിച്ച ഗുഹയിലെത്തി മാവോ അവരുടെ പ്രണയ കഥകൾ കേട്ടു.വിവാഹിതനായ മാവോ ഒരു നടിയുമായി പ്രണയത്തിലായിരുന്നു.ആഗ്നസിൻറെ അയൽ ഗുഹയിലായിരുന്നു,നടി.ഒരു വൈകുന്നേരം നടിയുടെ ഗുഹയിൽ മാവോയെ പിന്തുടർന്ന് ഭാര്യ എത്തി,നടിയെ പൊതിരെ തല്ലി.അതിൽ ഇടപെട്ട ആഗ്നസിനെയും തല്ലി -ആഗ്നസ് തിരിച്ചു തല്ലിയതോടെ,ഭാര്യ നിലത്തു വീണു.മാവോ ഭാര്യയുമായുള്ള ബന്ധം വിച്ഛേദിച്ചു.
ബർലിൻ കാലം വരെ,ചാറ്റോയുമായുള്ള ബന്ധം പിരിയും വരെയുള്ള ജീവിതമാണ്,ആഗ്നസിൻറെ നോവലിലുള്ളത്.പഴയ ബലാത്സംഗ കഥ ചാറ്റോ അറിയുന്നത്,അസ്വാരസ്യത്തിന് കാരണമാകുന്നുണ്ട്,നോവലിൽ.കഥ ചാറ്റോയോട് പറയുന്നത് പഴയ വില്ലൻ തന്നെ.
നോവലിൽ,മേരി ന്യൂയോർക്കിൽ സോഷ്യലിസ്റ്റ്  പ്രസ്ഥാനവുമായി ബന്ധപ്പെട്ട്,The Call എന്ന പ്രസിദ്ധീകരണത്തിൽ പ്രവർത്തിക്കുന്നു.സർദാർ രഞ്ജിത് സിംഗിനെ പരിചയപ്പെട്ട് ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൽ എത്തുന്നു.കുറെ വിപ്ലവകാരികളുടെ വിലാസങ്ങൾ ഒളിപ്പിക്കാൻ മേരിയോട് തൽവാർ സിംഗ് ആവശ്യപ്പെടുന്നു.ഒരു ദിവസം വിപ്ലവകാരി ജുവാൻ ഡയസ്,മേരിയുടെ ഫ്‌ളാറ്റിൽ,മേരിയില്ലാത്ത നേരത്ത്  അതിക്രമിച്ചു കയറുന്നു.മേരി എത്തുമ്പോൾ തൽവാറിനെപ്പറ്റി ജുവാൻ മേരിയെ ചോദ്യം ചെയ്യുന്നു.മേരി അജ്ഞത നടിക്കുന്നു.അപ്പോഴാണ്,അയാൾ മേരിയെ ബലാത്സംഗം ചെയ്യുന്നത്.ആത്മഹത്യയ്ക്ക് ശ്രമിച്ച മേരി ആശുപത്രിയിലാകുന്നു.അവിടന്ന് മടങ്ങിയെത്തുമ്പോഴാണ് അറസ്റ്റിൽ ആകുന്നത്.അതിനു ശേഷം അവർ ആനന്ദ് മൻവേക്കറെ പ്രണയിച്ച് വിവാഹം ചെയ്യുന്നു.ആഗ്നസിൻറെ ലൈംഗിക ഭൂതകാലം അയാളെ അസ്വസ്ഥനാക്കുന്നു.ജുവാൻ ഡയസ് ഒരു സഖാവിനോട് താൻ അഗ്നസുമായി വേഴ്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നതോടെ,ആ വിവാഹം അവസാനിക്കുന്നു.
ആനന്ദാണ് ചാറ്റോ.സർദാർ രഞ്ജിത് സിംഗ് ,ലാലാ ലജ്‌പത്‌ റായ് .തൽവാർ സിംഗ്,ശൈലേന്ദ്രനാഥ് ഘോഷ്.ജുവാൻ ഡയസ് ആണ് എം എൻ റോയ് എന്ന് റൂത് പ്രൈസ് കണ്ടെത്തുന്നു,നോവലിലെ ജുവാന് റോയിയുമായോ ഗുപ്‌തയുമായോ  യഥാർത്ഥ ജീവിതത്തിൽ സാമ്യമില്ല .അയാൾ പാതി ഇന്ത്യക്കാരനും പാതി പോർച്ചുഗീസുമാണ്.ക്രിസ്ത്യാനി.ഇയാൾ പിന്നീട് മേരിയെയും ഭർത്താവിനെയും ബ്ലാക് മെയിൽ ചെയ്യുന്നു.ഇതാണ് മേരിയുടെ ദാമ്പത്യം തകരാൻ കാരണം.തൻറെ വിപ്ലവാശയങ്ങൾ സ്ത്രീകളിലേക്ക് എത്തുന്നില്ലെന്ന് ബലാത്സംഗത്തിന് മുൻപ് അയാൾ വീമ്പിളക്കുന്നു.
ആദ്യ ജീവചരിത്രത്തിൽ ഇത് ഹേരംബലാൽ ( ദാസ് ) ഗുപ്‌തയാണെന്ന് പറഞ്ഞിരുന്നതിനാൽ,അധികം അറിയപ്പെടാത്ത ഗുപ്‌ത ആരെന്നു കൂടി പറയാം.ടാഗോറിൻ്റെ 'ചിത്ര' 1919 ൽ സ്‌പാനിഷിലേക്ക് പരിഭാഷ ചെയ്‌ത ഗുപ്‌ത 1950 ൽ മരിക്കുന്നതു വരെ മെക്‌സിക്കോയിൽ ഇന്ത്യൻ സാഹിത്യ പ്രൊഫസർ ആയിരുന്നു.
ഹേരംബലാൽ 
കൊൽക്കത്തയിൽ 1884 നടുത്ത് ഉമേഷ് ചന്ദ്രദാസ് ഗുപ്‌തയുടെ   മകനായി ജനിച്ച ഗുപ്‌ത  1911 ലാണ് ലണ്ടനിൽ പഠിക്കാൻ കപ്പൽ കയറിയത്.അവിടെ വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഗുപ്‌ത,ഒന്നാം ലോകയുദ്ധ കാലത്ത് പല പ്രവാസി വിപ്ലവകാരികളെയും പോലെ ബർലിനിൽ എത്തി ഇന്ത്യ കമ്മിറ്റി അംഗമായി.ജർമ്മൻ വിദേശവകുപ്പ് സഹായം നൽകിയ ഇന്ത്യ കമ്മിറ്റി അംഗമായി.ഇക്കാലത്ത് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത്,വിദ്യാർത്ഥികൾ,സിഖ് കർഷകർ,ഇന്ത്യൻ രാഷ്ട്രീയ അഭയാർത്ഥികൾ എന്നിവർ ചേർന്ന് ഹിന്ദു അസോസിയേഷൻ ഓഫ് ദി പസിഫിക് കോസ്റ്റ് ഉണ്ടാക്കി.28 വയസുള്ള ലാലാ ഹർദയാൽ 1911 ഫെബ്രുവരിയിൽ ഇതിൻറെ കൺവീനറായി.ഒന്നാം ലോകയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം വീട്ടുതടങ്കലിൽ ആയി.ഇന്ത്യയിലേക്ക് നാട് കടത്തും മുൻപ് ഹർദയാൽ സ്വിറ്റ്സർലൻഡിലേക്ക് രക്ഷപ്പെട്ടു.1915 ൽ ബർലിനിൽ എത്തി.അമേരിക്കയിൽ ഹർദയാലിനു പകരം പണ്ഡിറ്റ് രാമചന്ദ്ര ചുമതലയേറ്റു.ജർമ്മൻ സഹായം വഴി കിട്ടിയ ആയുധങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ രാമചന്ദ്ര,ജവാല സിംഗിനെ നിയോഗിച്ചു.60 ഇന്ത്യക്കാരുമായി സാൻഫ്രാൻസിസ്‌കോയിൽ നിന്നുള്ള എസ് എസ് കൊറിയ എന്ന കപ്പലിൽ ഇവർ പുറപ്പെട്ടു.ചൈനയിലെ കാന്റണിൽ നിന്ന് 90 വിപ്ലവകാരികൾ കൂടി കയറി.കപ്പൽ കൊൽക്കത്തയിൽ അടുത്തപ്പോൾ ഇവർ അറസ്റ്റിലായി,പദ്ധതി പൊളിഞ്ഞു.
ഈ ഘട്ടത്തിൽ ബർലിനിൽ നിന്ന് ഗുപ്‌തയെ അമേരിക്കയിലേക്ക് അയച്ചു.ഗുപ്‌ത സഹായം ചോദിച്ച് ചൈനയിലും ജപ്പാനിലും പോയ നേരത്ത് ചന്ദ്ര കെ ചക്രവർത്തിക്കായിരുന്നു,ചുമതല.ഇവരുടെ നീക്കങ്ങൾ അമേരിക്കയിലെ ബ്രിട്ടീഷ് ഇൻറലിജൻസ് മേധാവി വില്യം വൈസ്‌മാൻ നിരീക്ഷിച്ചിരുന്നു.1917 മാർച്ച് ആറിന് ചക്രവർത്തിയെ അറസ്റ്റ് ചെയ്‌തു.റോയി മെക്സിക്കോയ്ക്ക് രക്ഷപ്പെട്ടു.ചക്രവർത്തി എല്ലാം വെളിപ്പെടുത്തി.തനിക്ക് ജർമ്മനിയിൽ നിന്ന് 60000 ഡോളർ കിട്ടി.ഗുപ്തയ്ക്ക് 40000 -50000 കിട്ടി.1916 ജൂണിൽ ജപ്പാനിൽ നിന്ന് തിരിച്ചെത്തിയ ഗുപ്ത അറസ്റ്റിലായി,18 മാസം തടവും 700 ഡോളർ പിഴയും ശിക്ഷ കിട്ടി.ജാമ്യത്തിലിറങ്ങി മെക്‌സിക്കോയ്ക്ക് രക്ഷപ്പെടുകയായിരുന്നു.Universidad Autonomayil ഇന്ത്യൻ സാഹിത്യ അധ്യാപകനായ ഗുപ്ത 1950 ഏപ്രിൽ 28 ന് മരിച്ചു.1918 ൽ ഗുപ്ത ബ്രിട്ടീഷ് ഏജൻറ് ആയി മാറിയിരുന്നു.
ഗുപ്തയ്ക്ക് വിപ്ലവ പ്രവർത്തനങ്ങളുടെ ചുമതല ഉണ്ടായിരുന്നതിനാൽ ആകാം ആദ്യ ജീവചരിത്രത്തിൽ വില്ലൻ ആയി അയാൾ വന്നത്.ജർമ്മനിയിൽ നിന്ന് ഒരു ലക്ഷം ഡോളർ കിട്ടിയ റോയ് മെക്‌സിക്കോയിൽ രാജകുമാരനായി ജീവിച്ച് അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കി.മിഖയിൽ ബോറോദിൻ എന്ന കോമിന്റേൺ ഏജന്റുമായി സൗഹൃദത്തിലായി,മറ്റുള്ളവരെയൊക്കെ വെട്ടി 1928 ൽ കോമിന്റേൺ പുറത്താക്കും വരെ അരങ്ങു വാണു.റോയിയുടെ ആത്മകഥയിൽ ( Memoirs ) 1921 ൽ മോസ്‌കോയിൽ ബർലിൻ കമ്മിറ്റിയിൽ നിന്ന് കോമിന്റേൺ മൂന്നാം കോൺഗ്രസിനെത്തിയ  ആഗ്നസിനെപ്പറ്റി ഇങ്ങനെ പറയുന്നു:
The driving force of the delegation however was Agnes Smedley an American by birth.I had met her in America.Then she was an anarchist -pacifist working as private secretary of Lajpatrai for some time;she seemed to have developed a great sympathy for India.
താൻ അമേരിക്കയിൽ ആഗ്നസിനെ കണ്ടുമുട്ടിയിട്ടുണ്ട് എന്ന് റോയ് പറയുന്നു.അന്ന് ലാലാ ലജ്‌പത്‌ റായിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന അവർ അരാജകവാദി ആയിരുന്നു.റോയിയുടെ രചനകൾ നാല് വാല്യങ്ങളായി എഡിറ്റ് ചെയ്‌ത ശിവ് നാരായൺ റേ,റോയിയും ചാറ്റോയും ആഗ്നസിൻറെ കാര്യത്തിൽ ശത്രുക്കളായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

See https://hamletram.blogspot.com/2019/07/blog-post_85.html



Monday, 15 July 2019

എഡ്‌ഗാർ സ്നോ എന്ന ചാരൻ

ചൈനയുടെ മഹത്വങ്ങൾ കാണാൻ അവിടെപ്പോയി 13 കൊല്ലം അവിടെ ജീവിച്ച അമേരിക്കൻ പത്ര പ്രവർത്തകൻ എഡ്‌ഗാർ സ്‌നോയെ ഇവിടത്തെ വ്യാജ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ പാടിപ്പുകഴ്ത്താറുണ്ട്.Red Star Over China എന്ന സ്നോ എഴുതിയ പുസ്തകം കമ്മ്യൂണിസ്റ്റ് ലോകത്ത്,മറ്റൊരു അമേരിക്കൻ പത്ര പ്രവർത്തകൻ ജോൺ റീഡ് എഴുതിയ,റഷ്യൻ വിപ്ലവത്തിൻറെ വ്യാജ ദൃക്‌സാക്ഷി വിവരണമായ Ten Days that Shook the World പോലെ തന്നെ പ്രസിദ്ധമാണ്.എന്നാൽ,സ്നോ ചൈനയിൽ പോകും മുൻപ് ഇന്ത്യ സന്ദർശിച്ച കാര്യം അദ്ദേഹത്തിൻറെ ജീവചരിത്ര കുറിപ്പുകളിൽ കാണാറില്ല.അതിൻറെ കാരണം അറിയില്ല.ദുരൂഹമാണ് ആ യാത്ര.
സ്നോ ഇന്ത്യയിൽ വന്നത് 1931 ലാണ്..ഇന്ത്യയെപ്പറ്റിയുള്ള മൂന്ന് ലേഖനങ്ങൾ ആ വർഷമാണ്,സ്നോ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒന്ന്:The Trial of British Communists at Meerut, India. China Weekly Review , September 19, 1931, 106.
രണ്ട് :The Revolt of India's Women. New York Herald-Tribune Magazine , October 25, 1931, 14-15, 24-25.
മൂന്ന് :Calcutta, India, City of Contrasting Beauty and Squalor—The Hindu Rituals on the Banks of the Sacred Ganges River. New York Sun , October 29, 1931.

പല തലങ്ങളിൽ സംശയമുളവാക്കുന്നതാണ്,സ്‌നോയുടെ ഇന്ത്യ സന്ദർശനം.അന്ന് രഹസ്യമായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ആതിഥ്യം അരുളിയത്.മീററ്റ് ഗൂഢാലോചന നടന്ന സമയം ആയിരുന്നു.ഗൂഢാലോചനയിൽ മൂന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകൾ പ്രതികളായിരുന്നു.ചൈനയെപ്പറ്റിയുള്ള സ്‌നോയുടെ പുസ്തകങ്ങൾ വരുന്നതിന് അഞ്ചു വർഷം മുൻപാണ് ഈ സന്ദർശനം.എന്നാൽ,ചൈനയിൽ നിന്നാണ് സ്നോ വന്നത്.1928 ൽ അമേരിക്കൻ ഓഹരി വിപണിയിൽ നിന്നുണ്ടാക്കിയ കാശു കൊണ്ട് ചൈനയിൽ എത്തിയ സ്നോ 13 വർഷം അവിടെ കഴിഞ്ഞു.
ഇന്ത്യൻ ചരിത്രകാരന്മാർ ശ്രദ്ധിക്കാത്ത ഒരു കാര്യം ഇവിടെ പ്രസക്തമാണ് -1928 ൽ തന്നെയാണ് അമേരിക്കൻ പത്രപ്രവർത്തക ആഗ്നസ് സ്‌മെഡ്‌ലി ബർലിനിൽ നിന്ന് ചൈനയ്ക്ക് പോകുന്നത്.സ്‌നോയുടെയും ആഗ്നസിൻറെയും പ്രവർത്തന കേന്ദ്രം ഒന്നു തന്നെ -ഷാങ്ങ്ഹായ്.കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലിൻ്റെ ( കോമിന്റേൺ ) ഏജൻറ് ആയ ആഗ്നസ്,പ്രവാസി വിപ്ലവകാരി വീരേന്ദ്രനാഥ് ചതോപാധ്യായുടെ ജീവിത പങ്കാളിയായിരുന്നു,1920 മുതൽ 1928 വരെ.സരോജിനി നായിഡുവിൻറെ ഇളയ സഹോദരനാണ്,ചാറ്റോ എന്നറിയപ്പെട്ട വീരേന്ദ്രനാഥ്.ചാറ്റോയെ 1937 ൽ സ്റ്റാലിന്റെ ഉന്മൂലന കാലത്ത് വെടിവച്ചു കൊന്നു.
അദ്‌ഭുതകരം -സ്നോ ജനിച്ചത്,ആഗ്നസ് ജനിച്ച അമേരിക്കയിലെ മിസ്സൂറിയിൽ തന്നെ.
ആഗ്നസ് 
ആഗ്നസ്,സ്‌നോയെ പരിചയപ്പെടുത്തി,ജവഹർലാൽ  നെഹ്‌റുവിന് നൽകിയ കത്തുമായാണ് സ്നോ മുംബൈയിൽ എത്തിയത്.അത് മുംബൈയിൽ നൽകിയെന്ന് സ്‌നോയുടെ ജീവചരിത്രത്തിൽ ജോൺ മാക്‌സ്‌വെൽ ഹാമിൽട്ടൺ പറയുന്നു.സരോജിനി നായിഡു,സ്‌നോയെ സഹോദരി സുഹാസിനിക്ക് പരിചയപ്പെടുത്തി.സ്നോ വന്നത് മുംബൈ ക്രൈംബ്രാഞ്ച് ശ്രദ്ധിച്ചു.സുഹാസിനി 1951 വരെ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു.ഇന്ത്യയിൽ പാർട്ടി കെട്ടിപ്പടുക്കാൻ കോമിന്റേൺ നിയോഗിച്ച സുഹാസിനി 1928 സെപ്റ്റംബർ 17 നാണ് എസ് എസ് ക്രാക്കോവിയ എന്ന കപ്പലിൽ ബർലിനിൽ നിന്ന് മുംബൈയിൽ എത്തിയത്.സുഹാസിനിക്കൊപ്പം ലെസ്റ്റർ ഹച്ചിൻസൺ എന്ന ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്നു.അയാളെ മീററ്റ് ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്തു.എം എൻ റോയിയുടെ ശുപാർശയിൽ മോസ്കോയിലെ ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ സുഹാസിനി,പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യയായിരുന്നു.ആദ്യ മലയാള ചെറുകഥ വാസനാവികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ഇളയ മകനായിരുന്നു,നമ്പ്യാർ.ബർലിനിൽ നിന്ന് സുഹാസിനി ഇന്ത്യയിൽ എത്തിയ ശേഷം,ബർലിൻ ഇന്ത്യ ഇൻഫർമേഷൻ ബ്യുറോ സെക്രട്ടറി ഈവ ഗെയ്‌സ്‌ലർക്കൊപ്പം നമ്പ്യാർ പൊറുപ്പ് തുടങ്ങി.എം എൻ റോയിയുടെ നിരവധി കാമുകിമാരിൽ ഒരാളായ ലൂയിസിൻറെ സഹോദരിയായിരുന്നു ,ഈവ.ഈ വഞ്ചനയിൽ ഒരു ദാമ്പത്യം തകർന്നു.ഒരേ വർഷം,1928 ൽ മോസ്‌കോ ആഗ്നസ്.സ്നോ,സുഹാസിനി,ഹച്ചിൻസൺ എന്നിവരെ നിയോഗിക്കുന്നതാണ്,ഇവിടെ കണ്ടത്.
ഗാന്ധിയെ സ്‌നോയ്ക്ക് മതിപ്പുണ്ടായിരുന്നില്ല.അദ്ദേഹത്തെ ഷിംലയിലാണ് കണ്ടത്.ഗാന്ധി തരക്കേടില്ലാത്ത ബോറനാണെന്ന് ( a considerable bore ) സ്നോ സഹോദരി മിൽഡ്രഡിന് എഴുതി.സായുധ കലാപത്തിൽ വിശ്വസിച്ച സ്‌നോയ്ക്ക് ഗാന്ധിയുടെ അഹിംസയും ബ്രഹ്മചര്യവും ലാളിത്യവും പിടിച്ചില്ല.ഗാന്ധി ബ്രിട്ടീഷ് വസ്ത്രങ്ങൾ ബഹിഷ്‌കരിച്ചത് ഇന്ത്യയിൽ ജപ്പാന് വിപണി ഉണ്ടാക്കിയതായി സ്‌നോയ്ക്ക് തോന്നി."യന്ത്രങ്ങളെ കൈത്തറി കൊണ്ട് മാറ്റി മറിക്കാമെന്ന് ഗാന്ധി കരുതുന്നു" എന്ന് വാർത്താ റിപ്പോർട്ടിൽ സ്നോ എഴുതി.ഈ തോന്നലുകൾ പങ്കു വച്ചപ്പോൾ ഗാന്ധി സ്നോയോട് പറഞ്ഞു:" കുറച്ചു കൂടി പഠിക്കൂ ".
തുണിമിൽ തൊഴിലാളികളുടെ ഭീകര പ്രസ്ഥാനം സംഘടിപ്പിച്ചതിന് അറസ്റ്റിലായ 32 പേരുടെ മീററ്റ് ഗൂഢാലോചനയുടെ വിചാരണ കേൾക്കാൻ സ്നോ കോടതിയിൽ എത്തി.മൂന്ന് പേർ ഒഴിച്ചുള്ളവർ കമ്മ്യൂണിസ്റ്റുകൾ ആയിരുന്നു.പ്രതികളുടെ പ്രതിരോധം ഉഗ്രനായിരുന്നെന്നും ഓരോ പ്രതിയും കമ്മ്യൂണിസത്തിൻറെ സവിശേഷ ഘട്ടം വിവരിച്ചെന്നും സ്നോ എഴുതി." വിചാരണ തുടങ്ങിയ ശേഷമുള്ള പത്ര റിപ്പോർട്ടുകൾ നോക്കിയാൽ,അത്,മാർക്‌സിന്റെ ധന തത്വ ശാസ്ത്രത്തിലുള്ള വിദ്യാഭ്യാസവും ലെനിനും സഹ പ്രവർത്തകരും പിൻഗാമികളും അവയ്ക്ക് നൽകിയ വിപ്ലവ പ്രയോഗവുമായിരുന്നു എന്ന് കാണാം", സ്നോ എഴുതി.


ഡ്‌ഗാർ സ്നോയ്ക്ക് മുംബൈയിൽ ആതിഥ്യം  വഹിച്ചത് സുഹാസിനി ആയിരുന്നു.സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ നേതാക്കൾ നടത്തിയ സമരം പഠിക്കാനാണ്  സ്നോ എത്തിയത്,ആഗ്നസ്  അന്ന് ഹോംഗ് കോംഗ് -ൽ ആയിരുന്നു.സരോജിനി നായിഡുവാണ് സുഹാസിനിയെ പരിചയപ്പെടുത്തിയത്.താൻ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് സ്നോ ഓർമിച്ചു.തുണിമില്ലുകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ അടുത്ത് അവർ സ്‌നോയെ കൊണ്ടു പോയി.സുഹാസിനിയെയും  അവരുടെ മൂന്ന് സഹോദരിമാരെയും പറ്റി സ്നോ ലേഖനം എഴുതി.ഇന്ത്യയിൽ കാണാൻ കഴിയാത്തത് അവരിൽ കണ്ടെന്ന് സ്നോ എഴുതി .സ്വതന്ത്ര ചിന്താഗതിയുള്ള പെണ്ണുങ്ങളിലായിരുന്നു,സ്‌നോയ്ക്ക് കമ്പം .ലേഖനത്തിൽ  ഹിന്ദുമതത്തിന് എതിരെ ഒരു ഖണ്ഡികയുണ്ട്:

Victimised by their religion and archaic social structure , a system of government which has kept them in dark ignorance and illiteracy and a philosophy based on one of the most fundamentally corrupting of all superstitions -that the suffering one endures in this life is the result of sin in a previous existence -the millions of Hindu women in semi slavery need to be awakened to the needless futility of their lives and to be shown how release is possible.( The Revolt of India's Women, Newyork Herald Tribune Magazine,October 25,1931).

മതത്തിൻറെയും പ്രാചീനമായ സാമൂഹിക ഘടനയുടെയും ഇരകളാണ് ഇന്ത്യൻ സ്ത്രീകൾ.ഭരണ സംവിധാനം അവരെ കടുത്ത അജ്ഞതയിലും നിരക്ഷരതയിലും ആഴ്ത്തി.അവരുടെ തത്വശാസ്ത്രം അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങൾ കൊണ്ട് കളങ്കിതമായിരുന്നു.ഈ ജന്മത്തിലെ ദുരിതത്തിന് കാരണം മുജ്ജന്മത്തിലെ പാപമാണെന്ന് അവർ വിശ്വസിച്ചു.ഇത്തരം ജീവിതം നിഷ്‌ഫലമാണെന്ന ബോധത്തിലേക്ക് അർദ്ധ അടിമത്തത്തിൽ കഴിയുന്ന ലക്ഷക്കണക്കിന് ഹിന്ദു സ്ത്രീകൾ ഉണരണം.അവർക്ക് മോചനത്തിനുള്ള വഴി കാട്ടണം.

സ്നോ ഇതെഴുതിയത്,കാൾ മാർക്‌സ് ഇന്ത്യയെപ്പറ്റി വിഡ്ഢിത്തങ്ങൾ എഴുതിയ അതേ പത്രത്തിലാണ്.മാർക്‌സിന്റെ ഇന്ത്യൻ പാപ്പരത്തം വിശദമായി അന്ധനായ മാർക്‌സ് എന്ന പരമ്പരയിൽ ഞാൻ തുറന്നു കാട്ടിയിരുന്നു.സ്‌നോയെ Mr Iceberg എന്ന് സുഹാസിനി വിളിച്ചു.താൻ വിശ്വസിച്ച അത്ര സ്നോ മാർക്‌സിസ്റ്റ് ആയില്ല എന്നതായിരുന്നു കാരണം.The Rise and Fall of the Third Reich എഴുതിയ അമേരിക്കൻ പത്ര പ്രവർത്തകൻ വില്യം ഷിറർ,സ്‌നോയെ ഷിംലയിൽ കണ്ടപ്പോൾ,അയാൾ ചൈനയിൽ തല്പരനാണെന്നു തോന്നി.സ്നോ പിതാവിനോട് പറഞ്ഞു:" ഇന്ത്യയ്ക്ക് ഭംഗിയുണ്ട്;എന്നാൽ അപൂർവം ചിലർക്കല്ലാതെ,ഞാൻ കണ്ട ഇന്ത്യക്കാർക്ക് ചൈനക്കാരുടെയോ,ജപ്പാൻകാരുടെയോ വിയറ്റ്നാംകാരുടെയോ സൗന്ദര്യമില്ല"
ഹച്ചിൻസൺ,സുഹാസിനി 
ഹച്ചിൻസൺ  പത്ര പ്രവർത്തകനായാണ്,വേഷം കെട്ടിയിരുന്നത്.ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുകയായിരുന്നു,ഉന്നം. സുഹാസിനിയുടെ ഖാറിലെ വീട്ടിൽ താമസിച്ചു .സുഹാസിനിയുടെ സഹോദരി മൃണാളിനി പറഞ്ഞിട്ട് ടഗോറിൻ്റെ ഒരു നാടകത്തിൻറെ ഇംഗ്ലീഷ് പതിപ്പിൽ അഭിനയിക്കുകയും ചെയ്തു -Red Oleanders .ഗിർണി കംഗാർ യൂണിയൻ വൈസ് പ്രസിഡൻറായി അയാൾ .1929 മാർച്ച് 15 ന് മീററ്റ് ഗൂഢാലോചന കേസിൽ 31 പ്രതികൾക്കെതിരെ അറസ്റ്റ് വാറൻറ് ഇറങ്ങി.എസ് എ ഡാങ്കെ,മുസഫർ അഹമ്മദ്,എസ് വി ഘാട്ടെ,എസ് എസ് മിറാജ്‌കർ,ഷൗക്കത് ഉസ്‌മാനി തുടങ്ങിയവർ അതിലുണ്ടായിരുന്നു.ജൂണിൽ മുപ്പത്തി രണ്ടാമനെ നാഗ് പൂരിൽ പിടിച്ചു -ഹച്ചിൻസൺ.ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് ആയ അയാൾ,ഫിലിപ് സ്പ്രാറ്റ്,ബെൻ ബ്രാഡ്‌ലി എന്നിവർക്കൊപ്പമാണ് അറസ്റ്റിലായത്.ഇവർക്ക് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിപ്ലവാവേശം കുത്തിവയ്ക്കാൻ കോമിന്റേൺ നിർദേശമുണ്ടായിരുന്നു.വർഷങ്ങൾക്കു ശേഷം ഹച്ചിൻസൺ ലേബർ പാർട്ടി എം പി ആയി.എഡ്‌ഗാർ സ്നോ അന്ന് മീററ്റ് കേസും എഴുതി.അതിൽ ഉൾപ്പെട്ട മൂന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടിയുള്ള കൂലി എഴുത്ത്.ഇന്ത്യ സന്ദർശനം ചാരൻ എന്ന നിലയ്ക്കായിരുന്നു എന്നതിൽ സംശയമില്ല.
ബ്രിട്ടൻ ഇന്ത്യയിൽ നടത്തിക്കൊണ്ടിരുന്ന കോളനി ഭരണത്തെ അനിവാര്യമായ സാമൂഹിക വിപ്ലവമാണെന്ന് മാർക്‌സ് ശ്ലാഘിച്ചിരുന്ന പാതയിലാണ് സ്നോയും നീങ്ങിയത്.സ്നോ എഴുതി:

(I am ) impressed with the amazing fact that these two countries, with the oldest continuous civilizations, with close religious and cultural ties, and which between themselves hold about half the men and women of the world, had such poor means of communication between them...Their cultural centers were farther from each other by existing land routes than either one was from Europe or America – just as far apart, in fact, as in the days when Buddhism was carried over the Himalayas to the Chinese Empire.

ഇന്ത്യയും ചൈനയും തമ്മിൽ വലിയ സാംസ്‌കാരിക വിനിമയം നടക്കാത്തതിൽ ഖേദം പ്രകടിപ്പിക്കുകയാണ്,സ്നോ.അതും ബ്രിട്ടീഷ് ഭരണത്തിൻറെ ഫലമാണെന്നും യൂറോ സെൻട്രിക് വിദ്യാഭ്യാസത്തിൽ മുഴുകിയ ഇന്ത്യക്കാരൻ അങ്ങനെയാണ് ബെയ്‌ജിങിനെക്കാൾ കൂടുതൽ ലണ്ടനിൽ പോയതെന്നും ചൈനയിലെ വിപ്ലവ ശേഷം അത് ഭാരതീയതയുമായി ഇണങ്ങാത്ത പതനത്തിൽ എത്തിയെന്നും കരുതിയാൽ പ്രശ്‍നം തീർന്നു.സ്‌നോയുടെ കാലത്തിനു ശേഷമായതിനാൽ ടിയാനന്മെൻ പരാമർശിക്കുന്നില്ല.യൂറോപ്യൻ അധിനിവേശത്തിനു മുൻപ് കാര്യങ്ങൾ ഇങ്ങനെ ആയിരുന്നില്ല.ഇന്ത്യൻ മഹാസമുദ്രത്തെ ചുറ്റിപ്പറ്റിയുള്ള ലോകം പരസ്പരാശ്രിതമായിരുന്നു.
ചൈനയിൽ ആഗ്നസ് ചെലവിട്ട അത്രയും വർഷങ്ങൾ തന്നെയാണ് സ്നോയും താമസിച്ചത്.രണ്ടാം ലോകയുദ്ധ കാലത്ത് അയാൾ  ചാരനാണെന്നു തന്നെ അമേരിക്ക സംശയിച്ചു.ജോസഫ് മക് കാർത്തിയുടെ രഹസ്യ പൊലീസ് അയാളെ ചോദ്യം ചെയ്തു.അമേരിക്ക വിട്ട് 1959 ൽ സ്വിറ്റ്സർലാൻഡിലേക്ക് കുടിയേറി.
റിച്ചാർഡ് സോർജ് 
ആത്മകഥാപരമായ Daughter of Earth പൂർത്തിയാക്കിയ ശേഷം ആഗ്നസ്  1928 ൽ  ചൈനീസ്  വിപ്ലവം റിപ്പോർട്ട് ചെയ്യാൻ അങ്ങോട്ട് പോയി.13 കൊല്ലം അവിടെ ജീവിച്ചു.മുപ്പതുകളിൽ ഷാങ്ഹായിൽ ജർമൻ പത്രപ്രവർത്തകനായ റഷ്യൻ ചാരൻ റിച്ചാർഡ് സോർജിനൊപ്പം കിടക്ക  പങ്കിട്ടു .ജപ്പാനിലെ അസാഹി ഷിംബുൺ ചൈനാ ലേഖകൻ ഒസാകി ഹോത് സുമിയുമായും ബന്ധമുണ്ടായിരുന്നു.റിച്ചാർഡിനെ ഹോത് സുമിക്ക് പരിചയപ്പെടുത്തിയത് ആഗ്നസാണ് . ടോക്യോയിൽ വലിയ ചാരനാകാൻ റിച്ചാഡിന് ആഗ്നസ് ഇങ്ങനെ അടിത്തറ പാകി .സോവിയറ്റ് യൂണിയനെ ആക്രമിക്കാനുള്ള ഹിറ്റ്ലറുടെ പദ്ധതി ചോർത്തിയത്,റിച്ചാർഡാണ്.അയാളെ ജപ്പാനിൽ പിടിച്ച് 1944 ൽ തൂക്കിക്കൊന്നു . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തിന് ആഗ്നസ് അപേക്ഷിച്ചെങ്കിലും അച്ചടക്കം ഇല്ലാത്തതിനാൽ ,തള്ളി. ചൈനയെപ്പറ്റി അവർ എഴുതിയ പുസ്തകങ്ങളിൽ Battle Hymns for China ( 1943 ) ഓർക്കപ്പെടുന്നു.താൻ ഈ പുസ്തകം വായിക്കുകയാണെന്ന് നെഹ്‌റു 1944 നവംബർ ഏഴിന് അഹമ്മദ് നഗർ ജയിലിൽ നിന്ന്  സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന് എഴുതി .നെഹ്‌റു ഇങ്ങനെ കുറിച്ചു :ചൈനീസ് സംഭവങ്ങളുടെ ഹൃദയസ്പർശിയായ വിവരണം മാത്രമല്ല ,ധീരയായ ഒരു സ്ത്രീയുടെ ഒഡീസി കൂടിയാണ് .ആഗ്നസിന് നെഹ്‌റുവിനെ അറിയാമായിരുന്നു അതു കൊണ്ടു കൂടിയാണ്,സ്‌നോയ്ക്ക് ഇന്ത്യയിൽ നിർബാധം സഞ്ചരിക്കാനായത്.


See https://hamletram.blogspot.com/2019/07/blog-post_85.html
https://hamletram.blogspot.com/2019/07/blog-post_14.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...