Thursday, 15 August 2019

നിയമ മന്ത്രിയെ പാർട്ടി കൊന്നു

ആദ്യ വനിതാ വിദേശമന്ത്രി പാർട്ടിക്ക് പുറത്ത്  

മ്മ്യൂണിസ്റ്റ് ഏകാധിപതി നിക്കോളെ ചെഷസ്‌കുവിൻറെ ഭീകരത കൊണ്ടാണ് റൊമാനിയ നമ്മുടെ ഓർമയിൽ നിൽക്കുന്നത് എന്ന് പറഞ്ഞാൽ ശരിയാവില്ല;ഡ്രാക്കുളയുടെ നാട് എന്ന നിലയിൽ അയാൾക്ക് മുൻപേ ചോര അവിടെ തളം കെട്ടിയിട്ടുണ്ട്.ചെഷസ്‌കു പാർട്ടി കേന്ദ്രകമ്മിറ്റിയിൽ എത്തും മുൻപാണ്  അവിടെ ലോകം ശ്രദ്ധിച്ച ആദ്യ ശുദ്ധീകരണം  നടന്നത് -1947 ൽ അവിടെ ലോകത്തിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയായ അന പോക്കറെ ( Ana Pauker 1893 -1960 ) ആദ്യ പാർട്ടി സെക്രട്ടറിയും പ്രധാനമന്ത്രിയുമായ ഗിയോർഗി ഗോർഗ്യു ദേജ് ( Gheorge Gheorgiu-Dej ) പാർട്ടിയിൽ നിന്ന് പുറത്താക്കി. പകരം ചെഷസ്‌കു സി സി യിൽ വന്നു.അവിടന്നായിരുന്നു,ചെഷസ്‌കു പിടിച്ചു കയറിയത്.
അനയെ നീക്കിയത്.വരട്ടു വാദി  എന്നാരോപിച്ചായിരുന്നു.അവർ ജൂതയായിരുന്നു എന്നതും സ്റ്റാലിൻ ജൂത ഹത്യ നടത്തിയിരുന്നു എന്നതും അധിക കാരണമായി.
അന പോക്കർ 
വിഭാഗീയത കത്തിപ്പടർന്ന പാർട്ടിയിൽ രണ്ടു വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്.1944 നു മുൻപ് റൊമാനിയയിൽ തന്നെ കഴിഞ്ഞ നാടൻ  കമ്മ്യൂണിസ്റ്റ് വിഭാഗവും യുദ്ധകാലത്ത് റഷ്യയിൽ പ്രവാസത്തിലായിരുന്ന മോസ്‌കോ വിഭാഗവും.നാല്പതുകളുടെ അവസാനം മുതൽ മോസ്‌കോ വിഭാഗത്തെ നയിച്ചത് അന ആയിരുന്നു.1956 ൽ പോളണ്ട് ഭരണം പിടിച്ച വ്‌ളാദിസ്ലാവ് ഗോമുൽക്ക ഒഴിച്ചാൽ,കിഴക്കൻ യൂറോപ്പിൽ മോസ്‌കോ  ഏക നാടൻ ഭരണാധികാരി ഗോർഗ്യു ദേജ് ആയിരുന്നു.ബാക്കി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നാടൻ കമ്മ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്യുകയോ തടവിലിടുകയോ ചെയ്തു.റൊമാനിയയിൽ മാത്രം നാടൻ കമ്മ്യൂണിസ്റ്റുകളെ സ്റ്റാലിൻ അനുകൂലിച്ചത്,മോസ്‌കോ വിഭാഗം ജൂതരായിരുന്നു എന്നതിനാലാണ്.ചെഷസ്‌കു നാടൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു.1954 ൽ അയാൾ പി ബി യിൽ എത്തി.

ഇന്നത്തെ മോൾഡേവിയയിൽ പാവപ്പെട്ട ജൂത കുടുംബത്തിലാണ് അന ജനിച്ചത്.ജൂത പള്ളിയിൽ ബലിക്ക് മൃഗങ്ങളെ അറക്കുന്ന ആളായിരുന്നു പിതാവ്.അമ്മ പലഹാരങ്ങൾ ഉണ്ടാക്കി വിറ്റു.ബുക്കാറസ്റ്റിൽ പ്രൈമറി സ്‌കൂൾ അധ്യാപികയായപ്പോൾ 1914 ൽ പാർട്ടി അംഗമായി.ബോൾഷെവിക് അനുകൂല ഗ്രൂപ്പിൽ ആയിരുന്നു,അനയും ഭർത്താവ് മാര്സെലും.1923 ലും 24 ലും അറസ്റ്റിൽ ആയപ്പോൾ ഇരുവരും ബെർലിൻ,പാരീസ്,വിയന്ന എന്നിവിടങ്ങളിൽ  അഭയം തേടി.1928 ൽ അന മോസ്‌കോയിൽ കോമിന്റേൺ ലെനിൻ സ്‌കൂളിൽ ചേർന്നു.കോമിന്റേൺ സെക്രട്ടറി ദിമിത്രി മാനുൾസ്കിയുമായി ചേർന്ന് പ്രവർത്തിച്ചു.ഫ്രാൻസിൽ കമ്മ്യൂണിസ്റ്റ് പരിശീലകയായി പോയി 1935 ൽ റൊമാനിയയിൽ മടങ്ങിയെത്തി അറസ്റ്റിലായി,പത്തു കൊല്ലം ശിക്ഷ കിട്ടി.1941 ൽ റഷ്യയിലേക്ക് നാട് കടത്തി.ഭർത്താവിനെ 1938 ൽ ട്രോട് സ്‌കി വിഭാഗക്കാരൻ ആയതിനാൽ സ്റ്റാലിൻ കൊന്നു;അനയും അയാളെ വിമതനായി കാണണമെന്ന നിർബന്ധത്തിന് അവർ വഴങ്ങിയില്ല.

മോസ്കോയിലെ റൊമാനിയൻ പാർട്ടി നേതാവായി അവർ.1944 ൽ റെഡ് ആർമി റൊമാനിയയിൽ എത്തിയപ്പോൾ മടങ്ങി,കമ്മ്യൂണിസ്റ്റ് ഭൂരിപക്ഷ മന്ത്രിസഭയിൽ അംഗമായി.1947 ൽ വിദേശകാര്യ മന്ത്രി.പാർട്ടി ജനറൽ സെക്രട്ടറി ആകാനുള്ള അവസരം മൂന്നു കാരണങ്ങളാൽ വേണ്ടെന്നു വച്ചു -സ്ത്രീ,ജൂത,ബുദ്ധിജീവി.അവരാണ് തൊഴിലാളിയായ ഗോർഗ്യു ദേജിനെ നിർദേശിച്ചത്.രണ്ടാം സ്ഥാനക്കാരിയും കേന്ദ്ര കമ്മിറ്റിയുടെ നാലംഗ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും അധികാരമുള്ള ജൂത.1948 ൽ ടൈം വാരികയുടെ മുഖചിത്രം ആയി.ഉരുക്കു വനിത,സ്റ്റാലിനിസ്റ്റ്.മോസ്‌കോ ഏജൻറ്.
ഗോർഗ്യു,അന,വാസിലി,തിയോഹാരി -1951 
റൊമാനിയയിൽ യുദ്ധകാല ഏകാധിപതി ആയിരുന്ന ഇയോൺ അന്റോനെസ്‌കുവിനോപ്പം നിന്നവരെ ഉന്മൂലനം ചെയ്യുന്നതിൽ അന മുന്നിൽ നിന്നു.എന്നാൽ വലിയ ക്രൂരതകൾ നടത്താത്തവരെ മോചിപ്പിച്ചു.അവിടത്തെ രണ്ടു പാർട്ടികളുമായി ചേർന്ന് വലിയ സഖ്യത്തിന് അന ശ്രമിച്ചെങ്കിലും സ്റ്റാലിൻ സമ്മതിച്ചില്ല.മുൻപത്തെ അയേൺ ഗാർഡ് ഫാഷിസ്റ്റ് അംഗങ്ങൾ ഉൾപ്പെടെ അഞ്ച് ലക്ഷം പുതിയ അംഗങ്ങളെ പാർട്ടിയിൽ ചേർക്കാൻ അന മുൻ കയ്യെടുത്തു -അവരെ പിന്നീട് പുറത്താക്കാൻ ഇത് കാരണവുമായി.ഈ നീക്കം തടയപ്പെട്ടു എന്ന് മാത്രമല്ല,1948 -50 ൽ ഇങ്ങനെ ചേർന്നവരെ പുറത്താക്കുകയും ചെയ്‌തു.കമ്മ്യൂണിസ്റ്റ് ഇതര പ്രതിപക്ഷത്തെ അറസ്റ്റ് ചെയ്യാനുള്ള സ്റ്റാലിൻ ആജ്ഞയ്ക്ക് വഴങ്ങിയപ്പോഴും,നാഷനൽ പെസന്റ്സ് പാർട്ടിയുടെ പ്രമുഖ നേതാക്കളെ വെറുതെ വിട്ടു.പോളിഷ് നേതാവ് ഗോമുൽക്കയെപ്പോലെ വിശാല ഐക്യത്തിനാണ് ആദ്യം അന ശ്രമിച്ചത്.ഒരിക്കൽ അന പറഞ്ഞു:
If a Soviet official told me something, it was the gospel for me... If they had told me that the USSR needed it, I would have done it... If they had told me to throw myself into the fire, I would have done it .*

റഷ്യ പറഞ്ഞാൽ എന്തും ചെയ്യും എന്ന നിലയിലേക്ക് അവർ മാറി.ഉപഗ്രഹ രാജ്യങ്ങളിൽ എല്ലാം ഒറ്റ ലൈൻ സ്റ്റാലിൻ നടപ്പാക്കിയ കോമിൻഫോം ഘട്ടത്തിൽ,അതിന് നിരക്കാത്ത ചില നയങ്ങളും അവർ നടപ്പാക്കി.പുതുതായി ചേർന്നവരെ കർശനമായി പരിശോധിക്കണമെന്ന നയത്തെ അവർ 1948 ൽ എതിർത്തു.സ്റ്റാലിൻ നിർദേശിച്ച ഡാന്യൂബ് -കരിങ്കടൽ കനാൽ പദ്ധതിയെ അവർ എതിർത്തു.സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തിലും ഫ്രഞ്ച് പ്രതിരോധത്തിലും പങ്കെടുത്ത റൊമാനിയൻ ഭടന്മാരെ അവർ നീക്കാൻ വിസമ്മതിച്ചു.യുഗോസ്ലാവിയയിലെ ടിറ്റോക്ക് എതിരായ നീക്കം എന്ന നിലയിലാണ് ഇത് സ്റ്റാലിൻ കൊണ്ട് വന്നത്.അനയെ പുറത്താക്കിയ ശേഷം അത് നടന്നു.നീതിന്യായ മന്ത്രി ല്യൂക്രേഷ്യു പത്രാസ്‌കാനുവിനെ വിചാരണ ചെയ്യാനുള്ള സ്റ്റാലിൻ നിർദേശത്തെയും അവർ പ്രതിരോധിച്ചു.റൊമാനിയൻ ചാര ഏജൻസി സെക്യൂരിറ്റാറ്റെ യുടെ സോവിയറ്റ് ഉപദേഷ്ടാവ് ക്ഷുഭിതനായി.ഇത് സംബന്ധിച്ച പി ബി രേഖകൾ ഗോർഗ്യുവിൻറെ നിർദേശപ്രകാരം നശിപ്പിച്ചതിനാൽ അനയുടെ നിലപാട് സംബന്ധിച്ച അവ്യക്തത നീങ്ങിയിട്ടില്ല.1950 -52 ൽ ഒരു ലക്ഷം ജൂതരെ ഇസ്രയേലിലേക്ക് കുടിയേറാൻ അന അനുവദിച്ചത് സ്റ്റാലിന് പിടിച്ചില്ല.നിർബന്ധിത കൂട്ടുകൃഷിയെ അവർ എതിർത്തു.സ്തനാർബുദ ചികിത്സയ്ക്ക് 1950 ൽ ക്രെംലിനിൽ ചികിത്സയിൽ ആയിരുന്നപ്പോൾ ആയിരുന്നു,ഇത്.കുലാക്കുകൾ എന്ന് ബോൾഷെവിക്കുകൾ വിളിച്ച കർഷകരെ സോഷ്യലിസ്റ്റ് ക്രമത്തിൽ കൊണ്ട് വരാൻ ശ്രമിച്ചും അന സ്റ്റാലിന്റെ അപ്രീതി നേടി.ഗോർഗ്യുവിൻറെ നാടൻ പക്ഷം കൂട്ടുകൃഷിയെ അനുകൂലിച്ചു.ല്യൂക്രേഷ്യുവിനെ വിചാരണ ചെയ്‌ത്‌ കൊല്ലാൻ ഗോർഗ്യു തയ്യാറായി.
ല്യൂക്രേഷ്യു
അഭിഭാഷകനും സാമൂഹിക,ധന ശാസ്ത്രജ്ഞനുമായ ല്യൂക്രേഷ്യു ( 1900 -1954 ) ബുക്കാറസ്റ്റ് സർവകലാശാല പ്രൊഫസറായിരുന്നു.സ്റ്റാലിന്റെ തിട്ടൂരങ്ങൾക്ക് എതിര് നിന്നതിനാൽ പാർട്ടിയിൽ നോട്ടപ്പുള്ളി ആയി.ഗോർഗ്യു കൊന്ന ല്യൂക്രേഷ്യുവിനെ ചൊഷെസ്‌കു പുനരധിവസിപ്പിച്ചു.കുലീന കുടുംബത്തിൽ ജനിച്ച് യൗവനത്തിൽ സോഷ്യലിസ്റ്റ് ആയി.പാർട്ടി പത്രത്തിൻറെ എഡിറ്ററായിരുന്നു.അനയുടെ  ഭര്ത്താവിനൊപ്പം 1922 ൽ കോമിന്റേൺ കോൺഗ്രസിൽ പ്രതിനിധി ആയിരുന്നു.അഞ്ചാം പാർട്ടി കോൺഗ്രസിൽ സി സി യിൽ എത്തി.1933 -35 ൽ മോസ്‌കോയിൽ കോമിന്റേൺ പ്രതിനിധി ആയപ്പോൾ സ്റ്റാലിനിസം കെടുതി ആണെന്ന് മനസ്സിലായി.രണ്ടാം ലോകയുദ്ധകാലത്ത് ഗോർഗ്യുവിനൊപ്പം ജയിലിൽ കിടന്നു.1945 ൽ സി സി യിൽ എത്തി.സോവിയറ്റ് അധിനിവേശകാലത്ത് പി ബി അംഗമായി;മന്ത്രിസഭയിൽ അംഗമായി.ജനറൽ സെക്രട്ടറി ആയി പരിഗണിച്ചെങ്കിലും സ്റ്റാലിൻ സമ്മതിച്ചില്ല.
തിയോഹാരി 
സോഷ്യലിസത്തോടുള്ള ല്യൂക്രേഷ്യുവിൻറെ ബുദ്ധിജീവി സമീപനം ഗോർഗ്യു പക്ഷത്തിന് പിടിച്ചില്ല.1946 -48 ൽ ഇയാൾ അസഹിഷ്ണുതയും കാർക്കശ്യവും പ്രകടമാക്കിയെന്നും പാർട്ടിക്കാരോട് താൻപ്രമാണിത്തം കാട്ടിയെന്നും ആരോപിക്കപ്പെട്ടു.സൈനിക ഓഫിസറും സോവിയറ്റ് ഏജന്റുമായ എമിൽ ബോദ്‌നാറാസ് തന്നെ കൊല്ലാൻ പദ്ധതിയിട്ടെന്ന് ല്യൂക്രേഷ്യു ശങ്കിച്ചു.ആഭ്യന്തര മന്ത്രാലയ സെക്രട്ടറി എന്ന നിലയിൽ അയാൾ അഴിമതി നടത്തുന്നുവെന്ന് ല്യൂക്രേഷ്യു ആരോപിച്ചു.അനയുടെ സോവിയറ്റ് ബന്ധങ്ങളെയും അയാൾ ഭയപ്പെട്ടു.അറസ്റ്റിലായപ്പോൾ താൻ അനയുടെ പക്ഷത്തായിരുന്നുവെന്ന് അയാൾ അവകാശപ്പെട്ടു.അനയുടെ വിശാല സഖ്യത്തെ അയാൾ അനുകൂലിച്ചില്ല.ആദ്യ കമ്മ്യൂണിസ്റ്റ് ഭരണാധികാരി പെത്രു ഗ്രോസയും മൈക്കിൾ രാജാവും തമ്മിലുള്ള തർക്കത്തിൽ 1946 ൽ ല്യൂക്രേഷ്യു ഇടപെട്ടതോടെ അയാൾ നോട്ടപ്പുള്ളിയായി.കമ്മ്യൂണിസ്റ്റ് വിരുദ്ധ നേതാക്കളെ ഇയാൾ ഭരണകൂടവുമായി ആശയവിനിമയം നടത്തണം എന്നാവശ്യപ്പെട്ട് രാജാവിനടുത്തേക്ക് അയച്ചു.

ല്യൂക്രേഷ്യുവിൻറെ നിലപാടുകൾ വരട്ടുവാദമാണെന്ന് ഗോർഗ്യു കുറ്റപ്പെടുത്തി.ഈ സമയത്ത് ല്യൂക്രേഷ്യു, ആർതർ കോയ്സ്ലറുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പുസ്തകം Darkness at Noon വായിച്ചു.പാരീസ് സമാധാന സമ്മേളനത്തിൽ ഇയാളുടെ സമീപനം ദേശീയവാദിയുടേതായി മോസ്‌കോ മുദ്ര കുത്തി.കിഴക്കൻ യൂറോപ്യൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിരോധിച്ച പുസ്തകം,സ്റ്റാലിൻ 1936 -37 ൽ നടത്തിയ രഹസ്യ വിചാരണകളെ പൊളിക്കുന്നതായിരുന്നു.ല്യൂക്രേഷ്യുവിൻറെ ലേഖനങ്ങൾ സെൻസർ ചെയ്യാൻ തുടങ്ങി.യോഗങ്ങളിൽ ഇയാളുടെ പേര് ബ്രാഞ്ച് സെക്രട്ടറിക്ക് ശേഷമേ വായിച്ചുള്ളു.സഖാവ് എന്ന വിശേഷണം ഒഴിവാക്കി,പ്രൊഫസർ എന്ന് വിളിക്കാൻ തുടങ്ങി.1948 ഫെബ്രുവരിയിലെ അഞ്ചാം പാർട്ടി കോൺഗ്രസ് സി സി അംഗത്വത്തിൽ നിന്ന് നീക്കി;തുടർന്ന് മന്ത്രി സ്ഥാനത്തു നിന്നും.ഏപ്രിൽ 28 ന് അറസ്റ്റിലായി.മൂന്നംഗ പാർട്ടി കമ്മീഷൻ പലതവണ വിചാരണ ചെയ്‌തു;ചിലപ്പോൾ ഗോർഗ്യു പങ്കെടുത്തു.1946 വേനൽ മുതൽ ഇയാൾ ചാര നിരീക്ഷണത്തിൽ ആയിരുന്നെന്ന് രേഖകൾ കാണിക്കുന്നു.കമ്മീഷൻറെ നിഗമനം നിരാകരിച്ച് 1949 അവസാനം ഇയാളെ ഗോർഗ്യു രഹസ്യ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഇയാളുടെ ടിറ്റോയിസത്തെ നിരാകരിച്ച് കോമിന്റേണ് റിപ്പോർട്ട് പോയി.ഇയാളും ഹംഗറിയിലെ ലാസ്ലോ റായിക്,ബൾഗേറിയയിലെ ട്രായ്‌ക്കോ കൊസ്തോവും ഒരേ ക്യാമ്പിലായി-സാമ്രാജ്യത്വ ചാരന്മാർ !
ഗോർഗ്യു ദേജ് 
ചാരസംഘടന അന്വേഷണം തുടങ്ങിയ ദിവസം ബ്ലേഡ് കൊണ്ട് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ല്യൂക്രേഷ്യു ആത്മഹത്യയ്ക്ക് ശ്രമിച്ചു.അതിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ ഉറക്ക ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.ആഭ്യന്തര സോവിയറ്റ് ഉപദേഷ്ടാവ് അലക്‌സാണ്ടർ സഖറോവിൻറെ നിർദേശം അവഗണിച്ച്,ല്യൂക്രേഷ്യുവിനെതിരെ തെളിവില്ലെന്ന് തിയോഹാരി ജോർജെസ്‌കു തീരുമാനിച്ചു.അവധികാലം കഴിഞ്ഞ് മടങ്ങിയ ഉപദേഷ്ടാക്കൾ അത് വീറ്റോ ചെയ്‌തു.1954 ഏപ്രിൽ 17 ന് അയാളെ വെടിവച്ചു കൊന്നു.അനയും തിയോഹാരിയും അന്വേഷണം തടസപ്പെടുത്തിയെന്ന് സഖറോവ് ആരോപിച്ചു.ല്യൂക്രേഷ്യുവിന് എതിരായ നടപടിക്ക് പിന്നാലെ,ഭാര്യ ഉൾപ്പെടെ നിരവധിയാളുകൾ അറസ്റ്റിലായി.

അനയുടെ പ്രശ്നത്തിൽ,ജൂത വംശീയതയ്ക്ക് എതിരായ സ്റ്റാലിൻ നയം ഗോർഗ്യുവിൻറെ രക്ഷക്കെത്തി.1951 ഓഗസ്റ്റിൽ മോസ്‌കോയ്ക്ക് യാത്ര ചെയ്ത ഗോർഗ്യു,അനയെ പുറത്താക്കാൻ സ്റ്റാലിന്റെ അനുവാദം വാങ്ങി.സി സി സെക്രട്ടേറിയറ്റിൽ രണ്ടു പേർ അന വിഭാഗത്തിൽ ആയിരുന്നു.വാസ്‌ലി ലൂക്ക,തിയോഹാരി ജോർജെസ്‌കു.ഗോർഗ്യു ശ്രമിച്ചത് കൊണ്ട് മാത്രമാണ് അന വീണതെന്ന മട്ടിൽ എൺപതുകളിൽ ചില നോവലുകൾ വന്നു;എന്നാൽ റൊമാനിയയിൽ ശുദ്ധീകരണം സ്റ്റാലിൻ ലക്ഷ്യമിട്ടിരുന്നെന്ന് ആർകൈവ് രേഖകൾ പറയുന്നു.മൂവരെയും 1952 മേയിൽ പുറത്താക്കി.
പാർട്ടിയും രാജ്യവും  ഗോർഗ്യുവിൻറെ പിടിയിലായി.അന ഇസ്രയേലിനെയും ജൂതവാദത്തെയും തുണച്ചെന്നും ഇസ്രയേൽ ചാര സംഘടനയെ സഹായിച്ചെന്നും വിമത പക്ഷം ആരോപിച്ചു.അത് വഴി അവർ അമേരിക്കയെ സഹായിച്ചെന്നും കുറ്റം ചാർത്തി.1953 ഫെബ്രുവരി 18 ന് അവരെ അറസ്റ്റ് ചെയ്‌ത്‌ നിരന്തരം ചോദ്യം ചെയ്‌തു;പീഡിപ്പിച്ചു.മാർച്ചിൽ സ്റ്റാലിൻ മരിച്ചപ്പോൾ അവരെ വീട്ടു തടങ്കലിലാക്കി.സോവിയറ്റ് നേതാവ് മൊളോട്ടോവ് ഇടപെട്ടായിരുന്നു മോചനം -അയാളുടെ ഭാര്യ പോളിന ഷേംചുഷിന,അനയുടെ കൂട്ടുകാരി ആയിരുന്നു.സ്റ്റാലിൻ മരിച്ചപ്പോഴാണ് പോളിനയും മോചിത ആയത്.സ്റ്റാലിൻ മരിച്ചത് ഒരു സുഹൃത്ത് അറിയിച്ചപ്പോൾ അന പൊട്ടിക്കരഞ്ഞു.സുഹൃത്ത് പറഞ്ഞു:"കരയരുത്;അയാൾ ജീവിച്ചിരുന്നെങ്കിൽ നീ ഇപ്പോൾ ജയിലിൽ ആയിരുന്നേനെ".
വാസ്‌ലി ലൂക്ക 
ക്രൂഷ്ചേവ് വന്ന് സ്റ്റാലിനെ കുഴിച്ചു മൂടിയപ്പോൾ അനയെ പുനരധിവസിപ്പിച്ച് വലിയ പദവി കൊടുക്കാൻ പറയുമെന്ന് ഗോർഗ്യു പേടിച്ചു.അയാൾ അനയ്ക്കും രണ്ടു സഹായികൾക്കുമെതിരായ  പ്രചാരണം ശക്തമാക്കി.സ്റ്റാലിൻ ഇല്ലാതായ ഘട്ടത്തിൽ,അന കടുത്ത സ്റ്റാലിനിസ്റ്റ് ആയിരുന്നെന്ന് പറഞ്ഞു പരത്തി.ടിറ്റോ കഴിഞ്ഞാൽ സോവിയറ്റ് ലൈനിന് എതിരെ നിന്ന ഏക നേതാവായിരുന്നു,അന.1956 ൽ ഉന്നത തല പാർട്ടി കമ്മീഷൻ അവരെ വിളിച്ച് വരുത്തി കുറ്റം സമ്മതിക്കാൻ ആവശ്യപ്പെട്ടു.നിരപരാധിയായ തന്നെ പാർട്ടി അംഗമാക്കണമെന്ന് അന അപേക്ഷിച്ചു.നടന്നില്ല.നിർബന്ധിത വിരാമത്തിൽ അവർ ഒരു പ്രസാധന സ്ഥാപനത്തിന് ഫ്രഞ്ചിൽ നിന്നും ജർമനിൽ നിന്നും പരിഭാഷ ചെയ്‌തു കൊടുത്തു.അനയ്ക്ക് മാർസലിൽ മൂന്ന് കുട്ടികളുണ്ടായി;നാലാമത്തെ കുട്ടി ചെക് ജൂത കമ്മ്യൂണിസ്റ്റ് യൂജിൻ ഫ്രൈഡ് -ന്റേതായിരുന്നു .1960 ജൂൺ മൂന്നിന് ഹൃദയാഘാതത്താൽ മരിച്ചു.കാൻസർ ഹൃദയത്തിലും ശ്വാസ കോശത്തിലും എത്തിയിരുന്നു.പാർട്ടിയെ ആകട്ടെ,കാൻസർ അടിമുടി ബാധിച്ചിരുന്നു.

അനയ്‌ക്കൊപ്പം പുറത്താക്കപ്പെട്ട ആഭ്യന്തരമന്ത്രിയും ഉപപ്രധാന മന്ത്രിയുമായ  തിയോഹാരി ( 1908 -1976 ),നാലാം ക്‌ളാസിൽ പഠനം നിർത്തി പിതാവിനെ കടയിൽ സഹായിച്ചു വന്നു.ബുക്കാറസ്റ്റിലെ ഏറ്റവും വലിയ പ്രസിൽ ടൈപ്പ് നിരത്തൽ പഠിക്കാൻ പോയി.പാർട്ടിയിൽ ചേർന്ന് സി സി യിലും അതിൻറെ സെക്രട്ടേറിയറ്റിലും അംഗമായി.നിരവധി തവണ അറസ്റ്റിലായി;ഗോർഗ്യു ഇയാളെ ജയിലിലെ പാർട്ടി നേതാവാക്കി.1944 ൽ റെഡ് ആർമി എത്തി കമ്മ്യൂണിസ്റ്റ് ഭൂരിപക്ഷ മന്ത്രിസഭയുണ്ടായപ്പോൾ അന ഇയാളെ ആഭ്യന്തര വകുപ്പിൽ അണ്ടർ സെക്രട്ടറിയാക്കി.മോസ്‌കോയിൽ കോമിന്റേൺ സെക്രട്ടറി ദിമിത്രോവ് ചാര പരിശീലനം നൽകി.പെത്രു ഗ്രോസ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായി.നയം തീരുമാനിക്കുന്ന നാലു പേരിൽ ഒരാൾ.ഗോർഗ്യു ഇയാളെ പുറത്താക്കാൻ അനുവാദം തേടി മോസ്‌കോയിൽ ചെന്നപ്പോൾ,ചാര മേധാവി ബെറിയ ഇയാൾക്കൊപ്പം നിന്നു.1952 മെയ് 26 -27 ലെ പാർട്ടി പ്ലീനത്തിൽ അന,വാസ്‌ലി എന്നിവർക്കൊപ്പം പാർട്ടിയിൽ നിന്ന് പുറത്തായി.1953 ഫെബ്രുവരി 18 ന് അറസ്റ്റിലായി.ഇയാളെ സമ്മർദ്ദത്തിലാക്കാൻ ഭാര്യയെയും രണ്ടു കുട്ടികളെയും അറസ്റ്റ് ചെയ്‌തു -അതിലൊന്ന് പൊടിക്കുഞ്ഞായിരുന്നു.ല്യൂക്രേഷ്യുവിനെതിരെ തെളിവ് നൽകാൻ സമ്മർദമുണ്ടായി.കുറ്റമെല്ലാം സമ്മതിച്ചു;1956 ഏപ്രിലിൽ മോചിതനായി.അയാൾ പഴയ പ്രസിൽ പ്രൂഫ് റീഡർ ആയി.തെറ്റുകൾ തിരുത്തുക നേരത്തെ പഠിച്ച പണി ആയിരുന്നു.

വാസിലി ലൂക്ക ( 1898 -1963 ) ധനമന്ത്രി ആയിരുന്നു.ഹംഗറിക്കാരനായ റയിൽവേ തൊഴിലാളി.ജൂതനായി തെറ്റിദ്ധരിക്കാറുണ്ട്.നിരോധിത കാലത്ത് രഹസ്യ പി ബി അംഗം.1936 -38 ലെ സ്റ്റാലിന്റെ മഹാശുദ്ധീകരണ കാലത്ത്,സുഹൃത്തായ ട്രേഡ് യൂണിയൻ നേതാവും പാർലമെൻറ് അംഗവുമായ ഇoറെ അലാദറെ സ്റ്റാലിൻ കൊന്നു.അയാളുടെ സൗഹൃദം തള്ളിപ്പറഞ്ഞ് സോവിയറ്റ് യൂണിയനിൽ താമസമായി.റേഡിയോ മോസ്‌കോയിൽ റൊമാനിയൻ വിഭാഗം തുടങ്ങുന്നതിൽ പങ്കു വഹിച്ചു.അക്കാലത്താണ് അനയെ പരിചയപ്പെട്ടത്.റെഡ് ആർമി ഭടനായി റൊമാനിയയിലേക്ക് മടങ്ങി.ഒരു വർഷം കഴിഞ്ഞ് ഉപപ്രധാന മന്ത്രിയും ധനമന്ത്രിയും ആയി.റഷ്യയിൽ ഗോർഗ്യു പോയപ്പോൾ അവിടെ ആരും വാസിലിയെ തുണച്ചില്ല.പാർട്ടി പ്ലീനത്തിൽ വിമർശനങ്ങൾ ഏറ്റ് വാസിലി ബോധം കെട്ടു വീണു.സാമ്പത്തിക നയ അട്ടിമറിക്ക് അയാളെ 1954 ഒക്ടോബറിൽ വധശിക്ഷയ്ക്ക് വിധിച്ചു.ആവർത്തിച്ചുള്ള അപേക്ഷയിൽ ജീവപര്യന്തമാക്കി.ഒൻപതു വർഷം കഴിഞ്ഞ് ജയിലിൽ മരിച്ചു.അവിടെ ഏകാന്ത തടവിലായിരുന്നു.

ജയിലിൽ നിന്ന് നിരപരാധിത്വം പറഞ്ഞ് ഗോർഗ്യുവിന് കത്തുകൾ എഴുതി;അവയുടെ മാർജിനിൽ ഗോർഗ്യു തെറി എഴുതി.വാസിലിയുടെ 29 സഹായികളെയും അറസ്റ്റ് ചെയ്‌ത്‌ പീഡിപ്പിച്ചു.ധന സഹമന്ത്രി അലക്‌സാണ്ടറു യാക്കോബിന് 20 വർഷം തടവ് കിട്ടി.സ്വയം രക്ഷ നേടാനുള്ള വിഫല ശ്രമത്തിൽ,വാസിലി,ഗോർഗ്യുവിനെ അട്ടിമറിക്കാൻ ശ്രമിച്ചതായി താനും സംശയിച്ചിരുന്നുവെന്ന് അന പറഞ്ഞു നോക്കി.മൂവരുടെയും രചനകൾ ഗ്രന്ഥശാലകളിൽ നിന്ന് നീക്കി.

-----------------------------------------
* Ana Pauker:The Rise and Fall of a Jewish Communist/ Robert Levy,2001 

See https://hamletram.blogspot.com/2019/08/blog-post_51.html

Monday, 12 August 2019

ഹോജ പ്രധാനമന്ത്രിയെ കൊന്നു

 ഈ പുസ്തകം ആരും വായിക്കരുത്!

യുഗോസ്ലാവിയൻ കമ്മ്യൂണിസ്റ്റ് വിമതനും എഴുത്തുകാരനുമായ മിലോവൻ ജിലാസിന്റെ Conversations with Stalin ( 1962 ) എല്ലാവരും വായിക്കേണ്ട പുസ്തകമാണ്;കമ്മ്യൂണിസ്റ്റ് ലോകത്തിലെ മൂടിവച്ച രഹസ്യങ്ങൾ വലിച്ചു ചീന്തിയ പുസ്തകമാണ്,അത്.ലോകത്തിൽ ആരും വായിക്കരുത് എന്ന് ഒരു പുസ്തകം എനിക്ക് ശുപാർശ ചെയ്യാനുണ്ട് -അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതി എൻവർ ഹോജ എഴുതിയ With Stalin ( 1979 ).ജിലാസിന്റെ പുസ്തകം വന്ന് 17 വർഷത്തിന് ശേഷം ഹോജ ഇറക്കിയ പുസ്തകം,ഒരു പിശാചിനെപ്പറ്റി മറ്റൊരു പിശാച് എഴുതിയ കൃതി എന്ന നിലയിൽ വായിക്കാൻ നോക്കിയാൽ,പൂർത്തിയാക്കാനാവില്ല.പിശാചിനെ സ്തുതിച്ചാൽ ഓക്കാനം മാത്രമേ വരൂ.ഇതിൽ സ്തുതി മാത്രമേയുള്ളു.
ഹോജ,1942 
രണ്ടാം ലോകയുദ്ധം കഴിഞ്ഞ് 1945 മുതൽ 1985 ൽ മരണം വരെ അൽബേനിയ ഭരിച്ച ഈ മാർക്സിസ്റ്റ് സ്റ്റാലിനെപ്പോലെ പ്രതിയോഗികളെ ഉന്മൂലനം ചെയ്താണ് ജീവിച്ചത്.1968 നും 1980 നും ഇടയ്ക്ക് ഇയാൾ 79 വാല്യം ഓർമ്മക്കുറിപ്പുകൾ ഇറക്കി,ഭീകര എഴുത്തുകാരനായി.ഇയാൾ ലോകം ആദരിക്കുന്ന ഇസ്മയിൽ കാദരെ എന്ന എഴുത്തുകാരനെ അൽബേനിയയിൽ സഹിച്ചു.അവർ തമ്മിലുള്ള ബന്ധം സങ്കീര്ണമായിരുന്നു.ഹോജയുടെ മാതൃകാ പുരുഷനായ സ്റ്റാലിന്റെ ജന്മശതാബ്‌ദി പ്രമാണിച്ചാണ് 1979 ൽ പുസ്തകം ഇറക്കിയത്.
1925 മുതൽ 1939 വരെ സോഗ് രാജാവ് ( Zog ) ആയിരുന്നു അൽബേനിയ ഭരിച്ചത്.രാജ്യത്ത് 99 ശതമാനവും കൃഷിക്കാർ ആയിരുന്നു.ഹോജ ( 1908 -1985 ) മരിക്കുമ്പോൾ രാജ്യം ദരിദ്രവും ഒറ്റപ്പെട്ടതും ആയിരുന്നു.1956 ലെ ഇരുപതാം പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് സ്റ്റാലിനെ തുറന്നു കാട്ടിയപ്പോൾ രോഷാകുലനായ ഹോജ ചൈനീസ് പക്ഷം ചേർന്നു.1978 ൽ ഹോജയുടെ ശത്രു യുഗോസ്ലാവിയയുടെ ടിറ്റോയെ ചൈന വരവേറ്റപ്പോൾ ആ ബന്ധവും അവസാനിച്ചു.അൽബേനിയയെ ആർക്കും വേണ്ടാതായി.ബാഹ്യലോകവുമായി ബന്ധമറ്റ അനാഥ ജനതയുടെ ബോധത്തിലേക്കാണ് ഹോജ അയാളുടെ ഉണക്ക സാഹിത്യം ഇറക്കി വിട്ടത്.
ആറു ഭാഗങ്ങളാണ് ഹോജയുടെ സ്റ്റാലിൻ പുസ്തകത്തിനുള്ളത്.ഒരു മുഖവുര.1947 -1951 ൽ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓർമകളാണ് അഞ്ചെണ്ണം.മുഖവുരയിലെ സ്റ്റാലിൻ സൗമ്യനും മാന്യനും കാരുണ്യവാനും ക്ഷമാശീലനുമാണ്.ഇത് 50 പേജിൽ അധികമുള്ള ബോറാണ്.ക്രൂഷ്ചേവ് സോവിയറ്റ് യൂണിയനെ സത്യത്തിൽ നിന്ന് പിന്നോട്ട് നടത്തി എന്ന് പറഞ്ഞ് മുഖവുര അവസാനിക്കുമ്പോൾ,ഒരു  ഭ്രാന്തൻ ലോകത്ത് എത്തിയ പ്രതീതി ഉണ്ടാകുന്നു.സ്റ്റാലിനിസ്റ്റ് സത്യസന്ധതയുടെ പാതയിൽ റഷ്യൻ യുവാക്കൾ മുന്നേറണമെന്ന് ഹോജ ആഹ്വാനം ചെയ്യുന്നു.യുവാക്കൾ ഇത് തൊടില്ല എന്നതിനാൽ പ്രശ്നമില്ല.

ബാക്കി പുസ്തകം ഒരു ഉന്മാദി ഇരുട്ടിൽ പിച്ചും പേയും പറയുന്നത് പോലെയാണ്.എവിടെയെങ്കിലും കോമഡി കാണും എന്ന് കരുതിയാൽ തെറ്റി.ഇത് ഒരു ഇരട്ട സ്തുതിയാണെന്ന് നമുക്ക് മനസ്സിലാകുന്നു.ഒരു ക്രൂരനെ സ്തുതിക്കുമ്പോൾ അത് സ്വയം സ്തുതിയായി മാറുകയാണ്.സ്റ്റാലിൻ 1953 ൽ മരിച്ചെങ്കിലും അയാളുടെ തുടർച്ച അൽബേനിയയിൽ ഉണ്ടെന്ന ആശ്വാസ പ്രകടനമായി പുസ്തകം തീരുന്നു.അൽബേനിയക്കാർ ഏതു ഗോത്രത്തിൽപെട്ടവരാണെന്ന് ജിലാസിനോട് സ്റ്റാലിൻ ചോദിച്ചത്,ഹോജയോടും അവർത്തിച്ചതായി കാണുന്നു.രാവും പകലും സ്റ്റാലിനെ കാണാൻ ആഗ്രഹിച്ച ഹോജ ആ സവിധത്തിൽ സ്തംഭിച്ചു നിൽക്കുന്നു.Tractor Drivers എന്ന സോവിയറ്റ് സംഗീത ശിൽപം സ്റ്റാലിനോട് തുടകൾ ഉരുമ്മി സോഫയിലിരുന്ന് കാണുന്നിടത്താണ് ആദ്യ കൂടിക്കാഴ്ച തീരുന്നത്.ചുറ്റും കാണുന്നവരെല്ലാം സ്റ്റാലിൻ ഒഴിച്ച് ഹോജയുടെ ശത്രുക്കൾ.പുസ്തകത്തിൽ ഇടക്കിടെ ഉന്മൂലനം ( physical liquidation ) എന്ന വാക്ക് വരുന്നതിനാൽ ഇത് സംഹാര പുസ്തകവും ആകുന്നു.
ഹോജ ആരെന്നറിയാൻ ബ്ലെൻഡി ഫെവ്‌സ്യു ( Blendi Fevziu ) എഴുതിയ എൻവർ ഹോജ ( Enver Hoxha ) എന്ന പുസ്തകമുണ്ട്.കേരളത്തിലെ വലിയ മാർക്സിസ്റ്റ് സൈദ്ധാന്തികൻ ഹോജയെപ്പറ്റി വലിയ വായിൽ എഴുതിയതാണ് ഓർത്തു പോയത് .
യൂറോപ്പിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്ത മുസ്ലിം തുണിക്കച്ചവടക്കാരൻറെ മകനായിരുന്നു,ഹോജ.ഫ്രാൻസിലെ മോണ്ട്പെലിയർ സർവകലാശാലയിൽ ജീവശാസ്ത്രം പഠിച്ചു.നാലു കൊല്ലം അവിടെയുണ്ടായിട്ടും ഒരു പരീക്ഷ പോലും എഴുതിയില്ല.തിരിച്ചു വന്ന് ഗ്രാമർ സ്‌കൂൾ അധ്യാപകനായി.1939 ൽ ഇറ്റലി അൽബേനിയയെ ആക്രമിച്ചപ്പോൾ വിപ്ലവ പ്രസ്ഥാനത്തിൽ ചേർന്നു.1941 ൽ പാർട്ടി ഉണ്ടായപ്പോൾ അതിൽ അംഗമായി;രണ്ടു കൊല്ലം കഴിഞ്ഞ് സെക്രട്ടറിയും.യുഗോസ്ലാവിയയുടെ സഹായത്തോടെ 1945 ൽ അൽബേനിയ സ്വാതന്ത്രമായപ്പോൾ പ്രധാനമന്ത്രി ആയി.മരണം വരെ സൈനിക മേധാവിയും ആയിരുന്നു.
സ്റ്റാലിൻറെ വേറൊരു പതിപ്പായിരുന്നു,ഹോജ.ഭീകരത,രഹസ്യ വിചാരണ,ഉന്മൂലനം.അത് പി ബി മുതൽ സാധാരണക്കാരന് വരെ ബാധകമായിരുന്നു.പാർട്ടിയുടെ ആറ് സ്ഥാപകരിൽ ഒരാൾക്ക് മാത്രമേ വീട്ടിലെ കിടക്കയിൽ മരിക്കാനായുള്ളു.ബാക്കിയുള്ളവരെ കൊല്ലുകയോ തടവിലിടുകയോ ചെയ്‌തു.ഇപ്പോൾ തുറന്ന അൽബേനിയൻ ആർകൈവ്സിൽ ഗവേഷണം നടത്തിയും ഇരകളുടെ ബന്ധുക്കളോട് സംസാരിച്ചുമാണ് പുസ്തകം ഉണ്ടായത്.തന്നെ പി ബി യിൽ വിചാരണ ചെയ്യുന്നതിന് തലേന്ന് നിരവധി വർഷങ്ങൾ പ്രധാനമന്ത്രി ആയിരുന്ന മെഹ്‌മത് ഷെഹു സ്വയം വെടി വച്ച് ആത്മഹത്യ ചെയ്‌തു.അമേരിക്കയിലെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധൻറെ ബന്ധുവിൻറെ  മകളെ വിവാഹം ചെയ്യുന്നതിൽ നിന്ന്   അദ്ദേഹം മകനെ വിലക്കിയില്ല എന്നതായിരുന്നു കുറ്റം.വിരുദ്ധൻ  അവിടത്തെ ടി വി യിൽ ഹോജയെ വിമർശിച്ചിരുന്നുവത്രെ.സഖാവ് എൻവറിന് ഷെഹു എഴുതിയ ആത്മഹത്യാ കുറിപ്പ് 2003 ൽ പുറത്തു വന്നു:

നിങ്ങൾക്ക് എന്നെ എന്ത് വേണമെങ്കിലും വിളിക്കാം;എനിക്ക്  തടയാൻ ആവില്ല.ഞാൻ പാർട്ടിക്ക് എൻറെ ജീവൻ നൽകുന്നു.എൻറെ അന്ത്യാഭിലാഷം ഇതാണ്:പാർട്ടിയെയും സോഷ്യലിസത്തെയും സംരക്ഷിക്കുക.

വിവാഹം ഹോജ തടഞ്ഞു.
മെഹ്മെത് ഷെഹു,1944  
അഗത ക്രിസ്റ്റിയുടെ അപസർപ്പക നോവലുകളുടെ ആരാധകനായിരുന്ന ഹോജ,പുസ്തകങ്ങളുമായി ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെട്ടു.വലിയ ലൈബ്രറി ഉണ്ടായിരുന്നു.ഫ്രഞ്ച് പ്രസാധകർ അയയ്ക്കുന്ന കാറ്റലോഗുകളിൽ നിന്ന് പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വാങ്ങി.ഏകാധിപതിയുടെ കുടുംബം ഒരിക്കൽ അയാളെ കാണാനില്ലെന്ന് പരാതിപ്പെട്ടപ്പോൾ കാവൽ ഭടന്മാർ അയാളെ പുലർച്ചെ ലൈബ്രറിയിൽ കണ്ടെത്തി.വലത് കൈയിൽ പുസ്തകവും തോളിൽ കമ്പിളി പുതപ്പും ഉണ്ടായിരുന്നു.ഒരു ഡയറി സൂക്ഷിച്ച് ചറ പറ എഴുതിക്കൊണ്ടിരുന്നു;അല്ലെങ്കിൽ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.ഇസ്മയിൽ കാദരെയുടെ എഴുത്തു കണ്ട് ഹോജ പലപ്പോഴും രോഷാകുലനായെന്ന് ഹോജയുടെ ഭാര്യ ഓര്മക്കുറിപ്പുകളിൽ പറയുന്നു;പ്രതിസന്ധികളിൽ ഇസ്മയിലിനൊപ്പം നിന്നു.മുസ്ലിം യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചിട്ടും  ഹോജ അൽബേനിയയെ നിരീശ്വര ( atheist ) രാഷ്ട്രമായി പ്രഖ്യാപിച്ചു.എല്ലാ പള്ളികളും പൂട്ടി.ലോകത്തിലെ ആദ്യ നിരീശ്വര രാഷ്ട്രം.

1948 മാർച്ചിൽ പി ബി അൽബേനിയയും യുഗോസ്ലാവിയയുമായുള്ള ലയനം അംഗീകരിച്ചു.അങ്ങനെ വന്നാൽ തന്നെ മാറ്റി യുഗോസ്ലാവിയ അൽബേനിയൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ കോച്ചി സോക്‌സെയെ പ്രധാനമന്ത്രി ആക്കുമെന്ന വിവരം ഹോജയ്ക്ക് കിട്ടി.അൽബേനിയ,ബൾഗേറിയ,ഗ്രീസ് എന്നിവ ചേർത്ത് പ്രാദേശിക ശക്തിയാകാനുള്ള യുഗോസ്ലാവിയൻ പദ്ധതിയെ സ്റ്റാലിൻ അപലപിച്ചപ്പോൾ അൽബേനിയൻ പി ബി ലയനം മാറ്റി ടിറ്റോയെ തള്ളിപ്പറഞ്ഞു.അൽബേനിയയിൽ നിന്ന് യൂഗോസ്ലാവ് വിദഗ്ദ്ധരെ പുറത്താക്കി.സോക്‌സെയെ തൂക്കി കൊന്നു.
അൽബേനിയൻ സാമ്പത്തിക ആസൂത്രകൻ നാക്കു സ്‌പിറുവിനെ  ഹോജ കൊന്നതാണെന്ന് 1991 ൽ സ്‌പിറോയുടെ ഭാര്യ ലിറി ബിലിഷോവ ആരോപിക്കുകയുണ്ടായി.പി ബി അംഗമായ അവർ 1960 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു.

സ്‌പിറു ( Nako Spiru 1918 -1947 ) ഡറസ് തുറമുഖത്തെ ഓർത്തഡോക്സ്  കുടുംബത്തിൽ ജനിച്ച് ഇറ്റലി ടൂറിൻ സർവകലാശാലയിൽ ഇക്കണോമിക്‌സ് പഠിച്ച ആളായിരുന്നു.1939 ൽ ഇറ്റലി അൽബേനിയ ആക്രമിച്ചപ്പോൾ അയാൾ വിപ്ലവകാരിയായി.സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ  ഹോജയുടെ വലം കൈ ആയി.1941 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക അംഗം.പാർട്ടി യുവ വിഭാഗം മേധാവി കമാൽ സ്റ്റാഫ വാശിക്കപ്പെട്ടപ്പോൾ ആ സ്ഥാനത്ത് വന്നു.
ഹോജയും സ്‌പിറുവും 
രണ്ടാം ലോകയുദ്ധ ശേഷം ആസൂത്രണ കമ്മീഷൻ അംഗമായി.പാർട്ടിയിൽ വിഭാഗീയത വളർന്നപ്പോൾ അതിനിടയിൽ പെട്ടു.ഒരു വശത്ത് ബുദ്ധിജീവികൾ.മിതവാദികൾ,മെഹ്‌മത് ഷെഹു,സെയ്‌ഫുല്ല മാലിഷോവ എന്നിവരുടെ നേതൃത്വത്തിൽ;മറു വശത്ത് തൊഴിലാളി പക്ഷം പിടിക്കുന്ന ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ കോച്ചി സോക്‌സെയുടെ പക്ഷം.സോക്‌സ സിഗുരിമി എന്ന ചാര സംഘടനാ മേധാവിയും ആയിരുന്നു.സോവിയറ്റ് യൂണിയനുമായി ബന്ധം വേണമെന്നും അല്ല,യുഗോസ്ലാവിയയുമായി ബന്ധം വേണമെന്നും അവർ തർക്കിച്ചു.യുഗോസ്ലാവിയയുമായി അൽബേനിയയെ കൂട്ടി ചേർക്കൽ ലക്ഷ്യമായ സോക്‌സെ യുടെ 1946 ജൂലൈയിലെ യുഗോസ്ലാവിയയുമായുള്ള സാമ്പത്തിക,സൗഹൃദ കരാറിനെ സ്‌പിറു എതിർത്തു.പാർട്ടി ജനറൽ സെക്രട്ടറിയും പ്രധാനമന്ത്രിയുമായ എൻവർ ഹോജ,ടിറ്റോയ്ക്ക് അൽബേനിയൻ പാർട്ടിയിലെ സ്വാധീനം പേടിച്ച് സോക്‌സയുടെ പക്ഷം പിടിച്ചു.1947 ഏപ്രിലിൽ ബെൽഗ്രേഡിൽ എത്തി സ്‌പിറു കരാർ പരിഷ്കരിച്ച്,സഹായം കൂട്ടണമെന്ന് വാദിച്ചു.യുഗോസ്ലാവിയ നിരസിച്ചു.ഇരു രാഷ്ട്രങ്ങളുടെയും സാമ്പത്തിക ആസൂത്രണം ഏകോപിപ്പിക്കാൻ യുഗോസ്ലാവിയ ആവശ്യപ്പെട്ടു -ഹോജയുടെ അനുവാദത്തോടെ സ്‌പിറു ഇത് തള്ളി.1947 ജൂലൈയിൽ ഹോജയും സ്‌പിറുവും മോസ്‌കോയിൽ പോയി കരാർ ഒപ്പിട്ടു.

സ്‌പിറുവിന് എതിരെ ടിറ്റോയുടെ പിന്തുണയോടെ,സോക്‌സെ  പ്രചാരണം ആരംഭിച്ചു.1947 നവംബർ 19 ന് സി സി യോഗത്തിൽ,സ്‌പിറു പാർട്ടി വിരുദ്ധനാണെന്ന് സോക്സെ  ആരോപിച്ചു.അടുത്ത നാൾ സ്‌പിറുവിനെ ഫ്ലാറ്റിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടു.സ്വന്തം തോക്കിൽ നിന്ന് ആകസ്മികമായി വെടി കൊള്ളുകയായിരുന്നുവെന്ന് വിശദീകരണം വന്നു.പശ്ചാത്താപം മൂലമുള്ള ആത്മഹത്യ എന്ന് ഔദ്യോഗിക പക്ഷം തിരുത്തി.
കോച്ചി സോക്സെ 
മെലിഞ്ഞ് ബുദ്ധിമാനായ സ്‌പിറു,സർക്കാരിൻറെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചെന്നും യുഗോസ്ലാവ്യക്കെതിരെ ആദ്യം ശബ്ദം ഉയർത്തിയത് അദ്ദേഹമാണെന്നും ജിലാസ് എഴുതുന്നു.അൽബേനിയ സ്വതന്ത്രമായി വികസിക്കണം എന്നായിരുന്നു അദ്ദേഹത്തിൻറെ നയം.ഈ നിലപാട് യുഗോസ്ലാവിയയിലും അൽബേനിയൻ കേന്ദ്ര കമ്മിറ്റിയിലും എതിർപ്പുണ്ടാക്കി.തെക്കൻ അൽബേനിയയിൽ നിന്നുള്ള തൊഴിലാളി ആയിരുന്ന സോക്‌സെ പാർട്ടിക്കൂറുള്ളവൻ ആയിരുന്നുവെന്ന് ജിലാസ് നിരീക്ഷിക്കുന്നു -ഹോജയ്ക്കാണ് വിദ്യാഭ്യാസം കൂടുതൽ എങ്കിലും അറിയപെട്ടയാൾ സോക്സെ ആയിരുന്നു.ഹോജയും സ്‌പിറുവിനെതിരെ നീങ്ങിയെങ്കിലും അയാളുടെ നിലപാട് വ്യക്തമല്ലായിരുന്നു.സ്‌പിറു ഒറ്റപ്പെട്ടു.പാർട്ടി പുറത്താക്കുമെന്ന ഘട്ടത്തിൽ ആയിരുന്നു ആത്മഹത്യ.അതോടെ,അൽബേനിയ -യുഗോസ്ലാവിയ ബന്ധം വഷളായി.

സോക്സെ ( 1911 -1949 ) ഗ്രീസിനടുത്ത ഫ്ളോറിനയിലാണ് ജനിച്ചത്.ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ ഓർത്തഡോക്സ് വിഭാഗം പാർത്തിരുന്ന മേഖല.1937 നടുത്താണ് കമ്മ്യൂണിസത്തിൽ എത്തിയത്.ഹോജയുടെ മുതലാളിയായ സ്റ്റാലിനുമായി ടിറ്റോ ബന്ധം വിച്ഛേദിച്ച ശേഷം യൂഗോസ്ലാവ് അനുകൂല പ്രവർത്തനങ്ങൾക്ക് അൽബേനിയൻ പാർട്ടി ഇയാളെ ഉന്മൂലനം ചെയ്തു -1949 ജൂൺ 11.1949 ലെ രഹസ്യ വിചാരണയ്ക്ക് ശേഷം തൂക്കിക്കൊന്നു.താൻ ബ്രിട്ടീഷ് ചാരനാണെന്നും ടിറ്റോയ്‌ക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തെന്നും ഇയാൾ സമ്മതിച്ചതായി പാർട്ടി പറഞ്ഞു.1948 ഫെബ്രുവരി 26 മുതൽ മാർച്ച് എട്ടു വരെ നടന്ന കേന്ദ്ര കമ്മിറ്റി എട്ടാം പ്ലീനം സോക്സെ,ഹോജയെ പുറത്താക്കാൻ പദ്ധതി തയ്യാറാക്കിയതായി ആരോപിച്ചു.
സോക്സെയെ കൊന്ന ശേഷം പാർട്ടി സ്‌പിറുവിനെ പുനരധിവസിപ്പിച്ചു -അയാളെ സോക്സെയ്ക്ക് വേണ്ടി ചാര സംഘടന സിഗുരിമി  കൊല്ലുകയോ ആത്മഹത്യയിലേക്ക് നയിക്കുകയോ ആയിരുന്നെന്ന് ഭാഷ്യമുണ്ടായി.എന്നാൽ,പി ബി അംഗമായിരുന്ന സ്‌പിറുവിൻറെ ഭാര്യ ബിലിഷോവ ഹോജയാണ് കൊന്നതെന്ന് പറഞ്ഞതോടെ,ഉന്മൂലനത്തിന് സ്ഥിരീകരണമായി.
തൻറെ നേതൃത്വത്തെ ഉയർത്തിപ്പിടിക്കുന്ന പ്രമേയം പാസാക്കണമെന്ന് 1956 ൽ ഹോജ പാർട്ടിയോട് ആവശ്യപ്പെട്ടു;സ്റ്റാലിനെ മോസ്‌കോ കുഴിച്ചു മൂടിയതിന് പിന്നാലെ ആയിരുന്നു,ഇത്.പ്രമേയത്തെ എതിർത്ത പ്രതിനിധികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി തടവിലിട്ടു.1960 ജൂലൈയിൽ ഹോജോയെ പുറത്താക്കാൻ,റഷ്യ പരിശീലിപ്പിച്ച റിയർ അഡ്‌മിറൽ ടെമെ സെജ്കോ ശ്രമിച്ചെന്ന് കണ്ടെത്തി.പി ബി യിലെ സോവിയറ്റ് അനുകൂല അംഗങ്ങൾ ലിറി ബെലിഷോവ,കോച്ചോ താഷ്‌കോ എന്നിവരെ പുറത്താക്കി.1961 നവംബർ ഏഴിന് നടത്തിയ പ്രസംഗത്തിൽ ക്രൂഷ്‌ചേവിനെ ഹോജ വരട്ടു വാദിയെന്ന് വിളിച്ചു;സ്റ്റാലിൻ അവിടത്തെ അവസാന കമ്മ്യൂണിസ്റ്റ് ആണെന്ന് നിരീക്ഷിച്ചു.30 ലക്ഷം മാത്രം ജനസംഖ്യയുള്ള അൽബേനിയയിൽ ഒട്ടാകെ 1,73,371 ഒരാൾ കോൺക്രീറ്റ് നിലവറകൾ ഹോജ പണിതു.അവിടെ പീരങ്കികളും രാസായുധങ്ങളും ഒളിപ്പിച്ചു.ഒരു ക്രയിനിനോ ഹെലികോപ്റ്ററിനോ ഒരു ദ്വാരത്തിൽ വയ്ക്കാവുന്ന തരം നിലവറകളായിരുന്നു,ഇവ.
ഷെഹു അവസാനം 
ഒടുവിൽ പാർട്ടിയിലെ ശത്രുക്കളെ ഉന്മൂലനം ചെയ്തത് 1981 ലായിരുന്നു.അതിലാണ് 40 കൊല്ലം വലം കൈ ആയിരുന്ന പ്രധാനമന്ത്രി മെഹ്മത് ഷെഹു പെട്ടത്.വഞ്ചകനും ചാരനുമായി അയാളെ മുദ്ര കുത്തി.സൈനിക തന്ത്രജ്ഞനായ മെഹ്മെത് ഇസ്മയിൽ ഷെഹു ( 1913 -1981 ) 1954 മുതൽ കൊല്ലപ്പെടും വരെ പ്രധാനമന്ത്രി ആയിരുന്നു.ഇമാമിൻറെ മകൻ.ഇറ്റലിയിലെ നേപ്പിൾസ് മിലിട്ടറി അക്കാദമിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് ചായ്‌വിനു പുറത്താക്കപ്പെട്ടു.സ്പെയിനിൽ പോയി അവിടത്തെ പാർട്ടിയിൽ ചേർന്നു.ഒരു ബ്രിഗേഡ് കമാൻഡറായി.സ്പെയിനിൽ നിന്ന് മടങ്ങുമ്പോൾ ഫ്രാൻസിൽ അറസ്റ്റിലായി ഇറ്റലിയിലേക്ക് നാട് കടത്തി.അവിടത്തെ പാർട്ടിയിൽ ചേർന്നു.1942 ൽ ഇറ്റലിയുടെ അധിനിവേശത്തിലായ അൽബേനിയയിൽ എത്തി അവിടെ പാർട്ടിക്കാരനായി.പട്ടാള അനുഭവം എളുപ്പം ഉയരങ്ങളിൽ എത്തിച്ചു.സ്വതന്ത്രമായപ്പോൾ സൈനിക മേധാവി.സോക്സെയെ വകവരുത്തിയപ്പോൾ ഹോജയുടെ വിശ്വസ്തനായി.1948 -1953 ൽ പാർട്ടി സെക്രട്ടറി ആയിരുന്നു.കത്തോലിക്കാ ഗോത്ര വർഗക്കാരെ ഇയാൾ കൊന്നൊടുക്കി.ഒരു പാർട്ടി കോൺഗ്രസിൽ ഷെഹു പറഞ്ഞത്,സോവിയറ്റ് പാർട്ടിയുടെ 22 -൦ കോൺഗ്രസിൽ മികോയൻ ഉദ്ധരിച്ചു:

Whoever disagrees with our leadership in any respect, will get spat in the face, punched on the chin, and, if necessary, a bullet in his head.
( പാർട്ടി നേതൃത്വത്തോട് വിയോജിച്ചാൽ മുഖത്ത് തുപ്പും,താടിയിൽ ഇടിക്കും,വേണമെങ്കിൽ തലയിൽ വെടി വയ്ക്കും ). ടിറാനയിൽ  വീട്ടിലെ കിടപ്പുമുറിയിൽ 1981 ഡിസംബർ 17 ന് തലയിൽ വെടിയേറ്റ് ഷെഹു മരിച്ചു കിടന്നു.അയാളെ ജനശത്രുവായി മുദ്ര കുത്തി ടിറാനയ്ക്കടുത്ത ഗ്രാമത്തിലെ തരിശു ഭൂമിയിൽ അടക്കി.ഇയാളാണ് ഇസ്മയിൽ കാദരെയുടെ നോവൽ The Successor (2003 ) ലെ നായകൻ.

See https://hamletram.blogspot.com/2019/08/blog-post_12.html



നാക്കു സ്‌പിറുവിനെ ഹോജ കൊന്നു

സോക്‌സെയെ തൂക്കി കൊന്നു

മിലോവൻ ജിലാസിന്റെ Conversations with Stalin എന്ന പുസ്തകത്തിൽ കേരളത്തിലെ മാർക്‌സിസ്റ്റ്‌ സമൂഹം ചർച്ച ചെയ്യാത്ത ഒരു ഉന്മൂലനവും ഒരു ആത്മഹത്യയുമുണ്ട്-അൽബേനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് നാക്കു സ്‌പിറു ആത്മഹത്യ ചെയ്‌തു;അവിടത്തെ ആഭ്യന്തര മന്ത്രി കോച്ചി സോക്സെയെ  ( Koci Xoxe ) തൂക്കി കൊന്നു ( വെടിവച്ചു കൊന്നു എന്ന് ജിലാസ് -അന്ന് മുഴുവൻ വിവരം ഉണ്ടായിരുന്നില്ല ).യുഗോസ്ലാവിയയെയും ടിറ്റോയെയും നാം ശ്രദ്ധിച്ചു.യുഗോസ്ലാവിയയുമായുള്ള ബന്ധം വേണോ വേണ്ടയോ എന്ന പ്രശ്നമാണ് ഈ രണ്ടു പേരുടെയും മരണത്തിൽ കലാശിച്ചത് -രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള കലഹത്തിന്റെ കഥയാണ്,അത്.സ്റ്റാലിനെപ്പോലെ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതി എൻവർ ഹോജ അൽബേനിയയിൽ നില നിന്നതിൻറെയും കഥ.
മൂന്നു തവണ ജിലാസ് സ്റ്റാലിനെ  കണ്ട് ദീർഘ ചർച്ചകൾ നടത്തിയതിൻറെ  വിവരണമാണ്, പുസ്തകം.ടിറ്റോ കഴിഞ്ഞാൽ അടുത്ത പ്രസിഡൻറ് ആകേണ്ടിയിരുന്ന ജിലാസ്,സ്വതന്ത്ര ആശയങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് തടവിൽ ആവുകയായിരുന്നു.തടവുകാലം കഴിഞ്ഞ് 1962 ലാണ് Conversations with Stalin എഴുതിയത്.സ്റ്റാലിനെപ്പറ്റി ഇത് പോലെ ഒരു വ്യക്തി വിവരണം വേറെയില്ല.1948 ലാണ് സ്റ്റാലിനെ അവസാനമായി യൂഗോസ്ലാവ് വൈസ് പ്രസിഡന്റും പി ബി അംഗവുമായ ജിലാസ് കണ്ടത്.ഇത് സ്‌പിറുവിന്റെ ആത്മഹത്യയ്ക്ക് ശേഷവും സോക്‌സെയുടെ  ഉന്മൂലനത്തിന് മുൻപുമായിരുന്നു.
നാക്കു സ്‌പിറോ 
1948 ൽ സ്റ്റാലിനുമായി നടന്ന കൂടിക്കാഴ്ച ആയിരുന്നു നിർണായകം എന്ന് ജിലാസ് എഴുതുന്നു.കാരണം ഇതിനു ശേഷം സോവിയറ്റ് യൂണിയനിലെയും യുഗോസ്ലാവിയയിലെയും പാർട്ടികൾ തമ്മിൽ ബന്ധം വേർപെടുത്തി.യുഗോസ്ലാവിയ കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിൽ ( കോമിന്റേൺ ) നിന്ന് പുറത്തു പോയി.
ആ സമയത്ത് സോവിയറ്റ് യൂണിയനും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ ശീതസമരം തുടങ്ങിയിരുന്നു.ഇതിന് കാരണം സോവിയറ്റ് യൂണിയൻ മാർഷൽ പദ്ധതി നിരാകരിച്ചതും ഗ്രീസിലെ ആഭ്യന്തര യുദ്ധവും ചില കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ കമ്മ്യൂണിസ്റ്റ് ഇൻഫർമേഷൻ ബ്യുറോ അഥവാ കോമിൻഫോം രൂപീകരിച്ചതും ആണെന്ന് ജിലാസ് വിലയിരുത്തുന്നു.രണ്ടാം ലോകയുദ്ധത്തിന് ശേഷം പടിഞ്ഞാറൻ യൂറോപ്പിന് 1948 ൽ അമേരിക്ക പ്രഖ്യാപിച്ച 12 ബില്യൺ ഡോളർ സഹായ പദ്ധതി ആയിരുന്നു,മാർഷൽ പ്ലാൻ.അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആയിരുന്നു ജോർജ് മാർഷൽ .മാർഷൽ പ്ലാനിന് എതിരെ നിന്ന രണ്ട് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ സോവിയറ്റ് യൂണിയനും യുഗോസ്ലാവിയയും മാത്രമായിരുന്നു.സോവിയറ്റ് യൂണിയൻ അത് ചെയ്തത് വിപ്ലവ വരട്ടു വാദം കാരണമായിരുന്നു.അമേരിക്കൻ സാമ്പത്തിക സഹായം തങ്ങളുടെ അടിത്തറ തകർക്കുമെന്ന് പുതുതായി രൂപമെടുത്ത യുഗോസ്ലാവിയ ശങ്കിച്ചു.
സ്ട്രാസ്ബർഗിൽ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ യൂഗോസ്ലാവ് പ്രതിനിധി ആയിരുന്നു  ജിലാസ്.അദ്ദേഹം പാരിസിൽ എത്തി സോവിയറ്റ് എംബസിയിൽ മൊളോട്ടോവുമായി ചർച്ച നടത്തി മാർഷൽ പ്ലാൻ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു.ഫ്രഞ്ച് പാർട്ടിയുടെ ദേശീയ ലൈൻ ഇരുവർക്കും ഇഷ്ടപ്പെട്ടില്ല.

ജിലാസ് ബെൽഗ്രേഡിൽ തിരിച്ചെത്തിയപ്പോൾ,മോസ്‌കോയിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ സമ്മേളനം മാർഷൽ പ്ലാൻ ചർച്ച ചെയ്യാൻ വിളിക്കുന്നതായി കേട്ടു.ജിലാസ് പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടു,മാർഷൽ പ്ലാനിനെ അനുകൂലിക്കുന്ന ചെക്കോസ്ലോവാക്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുക ആയിരുന്നു ലക്ഷ്യം.ചെക്കോസ്ലോവാക്യ നിലപാട് മാറ്റിയതിനാൽ ജിലാസിന് ബെൽഗ്രേഡിൽ കാത്തു നിന്ന സോവിയറ്റ് വിമാനത്തിൽ കയറേണ്ടി വന്നില്ല.ഇങ്ങനെ തന്നെയാണ് കോമിൻഫോമും ഉണ്ടായത്.1946 വസന്തത്തിൽ സ്റ്റാലിനും ടിറ്റോയും ബൾഗേറിയൻ പാർട്ടി നേതാവ് ദിമിത്രോവുമാണ് അത് തീരുമാനിച്ചത്.അതിൻറെ സ്ഥാപക സമ്മേളനം പടിഞ്ഞാറൻ പോളണ്ടിൽ നടന്നപ്പോൾ കോമിൻഫോമിനെ അനുകൂലിച്ചത് സോവിയറ്റ്,യൂഗോസ്ലാവ് പാർട്ടികൾ മാത്രമായിരുന്നു.പോളിഷ് പാർട്ടി നേതാവും പ്രസിഡൻറുമായ ഗോമുൽക്ക എതിർത്തു.സ്റ്റാലിൻ ആണ് കോമിൻഫോം മുഖപത്രത്തിന് For A Lasting Peace -For A People's Democracy എന്ന് പേരിട്ടത്.ഇതിൽ നിന്ന് ഉദ്ധരിക്കുമ്പോൾ,പാശ്ചാത്യർ ഈ മുദ്രാവാക്യം ആവർത്തിക്കട്ടെ എന്നതായിരുന്നു,ചിന്ത.സംഘടനയുടെ ആസ്ഥാനം പ്രാഗ് എന്ന് പ്രതിനിധികൾ നിശ്ചയിച്ചു .ഈ വിവരംചെക് പാർട്ടി ജനറൽ സെക്രട്ടറി ക്ലെമന്റ്  ഗോട്ട്വാൽഡിനെ അറിയിക്കാൻ വൈകിട്ട് കാറിൽ ചെക് പ്രതിനിധി സ്ലാൻസ്കി പ്രാഗിലേക്ക് പോയി.ആ വിദൂരതയിലും മോസ്കോയുമായി ഫോൺ ബന്ധം നേരിട്ടുണ്ടായിരുന്നു.സ്റ്റാലിന്റെ സൈദ്ധാന്തികൻ ആൻഡ്രി ഷഡാനോവും വിദേശമന്ത്രി വ്യാചസ്ലാവ്  മൊളോട്ടോവും സ്റ്റാലിനുമായി ബന്ധപ്പെട്ട് ആസ്ഥാനം ബെൽഗ്രേഡ് ആക്കി.
സോക്സെ 
സോവിയറ്റ് യൂണിയനും യുഗോസ്ലാവിയയും ബന്ധം വിച്ഛേദിച്ചത്,സോവിയറ്റ് ചാര സംഘടനയ്ക്ക് ആളെ നൽകുന്ന പ്രശ്നത്തിലായിരുന്നെന്ന് ജിലാസ് എഴുതുന്നു.പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ ഇല്ലെന്നല്ല -റഷ്യയ്ക്ക് യുഗോസ്ലാവിയൻ വിപ്ലവത്തോട് പുച്ഛമായിരുന്നു.സ്റ്റാലിനൊപ്പം യുഗോസ്ലാവിയക്കാർ ടിറ്റോയെ കണ്ടത്,റഷ്യയ്ക്ക് പിടിച്ചില്ല.യുഗോസ്ലാവിയ കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളുമായി സ്വതന്ത്രമായി ഇടപെടുന്നതും റഷ്യ സംശയിച്ചു.ഇത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ ബാധിച്ചു.
അൽബേനിയ ഒഴിച്ചാൽ നാസി ആക്രമണത്തെ ഒറ്റയ്ക്ക് നേരിട്ട് സ്വതന്ത്രമായ രാജ്യം യുഗോസ്ലാവിയ മാത്രമായിരുന്നു.അതിൽ റെഡ് ആർമിക്ക് പങ്കുണ്ടായിരുന്നില്ല.ഗ്രീസിലെ ആഭ്യന്തര യുദ്ധത്തെ യുഗോസ്ലാവിയ സഹായിക്കുന്നതായി ആരോപണം യു എൻ -ൽ വന്നു.യുഗോസ്ലാവിയയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായി.ഇതിൽ മോസ്‌കോയ്ക്ക് സന്തോഷം ഉണ്ടായി.യുഗോസ്ലാവിയയിൽ രണ്ട് അമേരിക്കൻ വിമാനങ്ങളെ വെടി വച്ചിട്ടപ്പോൾ,യൂഗോസ്ലാവ് നേതാവ് എഡ്‌വേഡ്‌ കർഥേൽജിനെ, മൊളോട്ടോവ് പാരിസിൽ കെട്ടിപ്പിടിച്ചു.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് എസ് എ ഡാങ്കെയെ വഴി തെറ്റിച്ച ആളായിരുന്നു,കർഥേൽജ്.

സ്റ്റാലിൻ പൊതുവെ വിപ്ലവങ്ങൾക്ക് എതിരായിരുന്നു എന്ന വിചാരം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഉണ്ടായിരുന്നു.അയാൾ ചൈനീസ്,സ്‌പാനിഷ്‌ യൂഗോസ്ലാവ് വിപ്ലവങ്ങളെ അനുകൂലിച്ചില്ല.സോവിയറ്റ് യൂണിയൻറെ താൽപര്യങ്ങൾ സംരക്ഷിക്കുവോളം അയാൾ അവയെ തുണച്ചു.പുറത്തെ വിപ്ലവ കേന്ദ്രങ്ങൾ ലോക കമ്മ്യൂണിസത്തിലെ സോവിയറ്റ് അധീശത്വത്തെ ബാധിക്കുമെന്ന് അയാൾ സംശയിച്ചു.വിദേശ രാഷ്ട്രങ്ങളോട് ഈ വല്യേട്ടൻ മനോഭാവത്തോടെയാണ് അയാൾ ഇടപെട്ടത്.
കാര്യങ്ങൾ ഇങ്ങനെയിരിക്കെയായിരുന്നു,1948 ൽ ജിലാസിന്റെ മോസ്‌കോ യാത്ര.അൽബേനിയയോടുള്ള സോവിയറ്റ്,യുഗോസ്ലാവിയൻ സമീപനത്തിലെ വൈജാത്യമായിരുന്നു,ഉടൻ പ്രചോദനം.1947 ഡിസംബറിൽ സ്റ്റാലിന്റെ സന്ദേശം യുഗോസ്ലാവിയൻ സി സി ക്ക് കിട്ടി -ഒരാളെ മോസ്‌കോയ്ക്ക് അയയ്ക്കണം.അൽബേനിയൻ പ്രശ്നത്തിൽ ഒത്തുതീർപ്പിൽ എത്തണം.അൽബേനിയൻ കേന്ദ്ര കമ്മിറ്റി അംഗം നാക്കു സ്‌പിറുവിൻറെ ആത്മഹത്യ കാര്യങ്ങൾ വഷളാക്കിയിരുന്നു.

സ്‌പിറു ( Nako Spiru 1918 -1947 ) ഡറസ് തുറമുഖത്തെ ഓർത്തഡോക്സ്  കുടുംബത്തിൽ ജനിച്ച് ഇറ്റലി ടൂറിൻ സർവകലാശാലയിൽ ഇക്കണോമിക്‌സ് പഠിച്ച ആളായിരുന്നു.1939 ൽ ഇറ്റലി അൽബേനിയ ആക്രമിച്ചപ്പോൾ അയാൾ വിപ്ലവകാരിയായി.സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ എൻവർ ഹോജ ( Enver Hoxha ) യുടെ വലം കൈ ആയി.1941 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക അംഗം.പാർട്ടി യുവ വിഭാഗം മേധാവി കമാൽ സ്റ്റാഫ വാശിക്കപ്പെട്ടപ്പോൾ ആ സ്ഥാനത്ത് വന്നു.
എൻവർ ഹോജ 
രണ്ടാം ലോകയുദ്ധ ശേഷം ആസൂത്രണ കമ്മീഷൻ അംഗമായി.പാർട്ടിയിൽ വിഭാഗീയത വളർന്നപ്പോൾ അതിനിടയിൽ പെട്ടു.ഒരു വശത്ത് ബുദ്ധിജീവികൾ.മിതവാദികൾ,സൈനിക മേധാവി മെഹ്‌മത് ഷെഹു,സെയ്‌ഫുല്ല മാലിഷോവ എന്നിവരുടെ നേതൃത്വത്തിൽ;മറു വശത്ത് തൊഴിലാളി പക്ഷം പിടിക്കുന്ന ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ കോച്ചി സോക്‌സെയുടെ പക്ഷം.സോക്‌സെ  സിഗുരിമി എന്ന ചാര സംഘടനാ മേധാവിയും ആയിരുന്നു.സോവിയറ്റ് യൂണിയനുമായി ബന്ധം വേണമെന്നും അല്ല,യുഗോസ്ലാവിയയുമായി ബന്ധം വേണമെന്നും അവർ തർക്കിച്ചു.യുഗോസ്ലാവിയയുമായി അൽബേനിയയെ കൂട്ടി ചേർക്കൽ ലക്ഷ്യമായ സോക്‌സെ യുടെ 1946 ജൂലൈയിലെ യുഗോസ്ലാവിയയുമായുള്ള സാമ്പത്തിക,സൗഹൃദ കരാറിനെ സ്‌പിറു എതിർത്തു.പാർട്ടി ജനറൽ സെക്രട്ടറിയും പ്രധാനമന്ത്രിയുമായ എൻവർ ഹോജ,ടിറ്റോയ്ക്ക് അൽബേനിയൻ പാർട്ടിയിലെ സ്വാധീനം പേടിച്ച് സോക്‌സയുടെ പക്ഷം പിടിച്ചു.1947 ഏപ്രിലിൽ ബെൽഗ്രേഡിൽ എത്തി സ്‌പിറു കരാർ പരിഷ്കരിച്ച്,സഹായം കൂട്ടണമെന്ന് വാദിച്ചു.യുഗോസ്ലാവിയ നിരസിച്ചു.ഇരു രാഷ്ട്രങ്ങളുടെയും സാമ്പത്തിക ആസൂത്രണം ഏകോപിപ്പിക്കാൻ യുഗോസ്ലാവിയ ആവശ്യപ്പെട്ടു -ഹോജയുടെ അനുവാദത്തോടെ സ്‌പിറു ഇത് തള്ളി.1947 ജൂലൈയിൽ ഹോജയും സ്‌പിറുവും മോസ്‌കോയിൽ പോയി കരാർ ഒപ്പിട്ടു.

സ്‌പിറുവിന് എതിരെ ടിറ്റോയുടെ പിന്തുണയോടെ,സോക്‌സെ  പ്രചാരണം ആരംഭിച്ചു.1947 നവംബർ 19 ന് സി സി യോഗത്തിൽ,സ്‌പിറു പാർട്ടി വിരുദ്ധനാണെന്ന് സോക്‌സെ  ആരോപിച്ചു.അടുത്ത നാൾ സ്‌പിറുവിനെ ഫ്ലാറ്റിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടു.സ്വന്തം തോക്കിൽ നിന്ന് ആകസ്മികമായി വെടി കൊള്ളുകയായിരുന്നുവെന്ന് വിശദീകരണം വന്നു.പശ്ചാത്താപം മൂലമുള്ള ആത്മഹത്യ എന്ന് ഔദ്യോഗിക പക്ഷം തിരുത്തി.
സ്‌പിറു,ഭാര്യ ബെലിഷോവ 
മെലിഞ്ഞ് ബുദ്ധിമാനായ സ്‌പിറു,സർക്കാരിൻറെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചെന്നും യുഗോസ്ലാവ്യക്കെതിരെ ആദ്യം ശബ്ദം ഉയർത്തിയത് അദ്ദേഹമാണെന്നും ജിലാസ് എഴുതുന്നു.അൽബേനിയ സ്വതന്ത്രമായി വികസിക്കണം എന്നായിരുന്നു അദ്ദേഹത്തിൻറെ നയം.ഈ നിലപാട് യുഗോസ്ലാവിയയിലും അൽബേനിയൻ കേന്ദ്ര കമ്മിറ്റിയിലും എതിർപ്പുണ്ടാക്കി.തെക്കൻ അൽബേനിയയിൽ നിന്നുള്ള തൊഴിലാളി ആയിരുന്ന സോക്‌സെ പാർട്ടിക്കൂറുള്ളവൻ ആയിരുന്നുവെന്ന് ജിലാസ് നിരീക്ഷിക്കുന്നു -ഹോജയ്ക്കാണ് വിദ്യാഭ്യാസം കൂടുതൽ എങ്കിലും അറിയപെട്ടയാൾ സോക്സെ ആയിരുന്നു.ഹോജയും സ്‌പിറുവിനെതിരെ നീങ്ങിയെങ്കിലും അയാളുടെ നിലപാട് വ്യക്തമല്ലായിരുന്നു.സ്‌പിറു ഒറ്റപ്പെട്ടു.പാർട്ടി പുറത്താക്കുമെന്ന ഘട്ടത്തിൽ ആയിരുന്നു ആത്മഹത്യ.അതോടെ,അൽബേനിയ -യുഗോസ്ലാവിയ ബന്ധം വഷളായി.

സോക്സെ ( 1911 -1949 ) ഗ്രീസിനടുത്ത ഫ്ളോറിനയിലാണ് ജനിച്ചത്.ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ ഓർത്തഡോക്സ് വിഭാഗം പാർത്തിരുന്ന മേഖല.1937 നടുത്താണ് കമ്മ്യൂണിസത്തിൽ എത്തിയത്.ഹോജയുടെ മുതലാളിയായ സ്റ്റാലിനുമായി ടിറ്റോ ബന്ധം വിച്ഛേദിച്ച ശേഷം യൂഗോസ്ലാവ് അനുകൂല പ്രവർത്തനങ്ങൾക്ക് അൽബേനിയൻ പാർട്ടി ഇയാളെ ഉന്മൂലനം ചെയ്തു -1949 ജൂൺ 11.1949 ലെ രഹസ്യ വിചാരണയ്ക്ക് ശേഷം തൂക്കിക്കൊന്നു.താൻ ബ്രിട്ടീഷ് ചാരനാണെന്നും ടിറ്റോയ്‌ക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തെന്നും ഇയാൾ സമ്മതിച്ചതായി പാർട്ടി പറഞ്ഞു.

സോക്സെയെ കൊന്ന ശേഷം പാർട്ടി സ്‌പിറുവിനെ പുനരധിവസിപ്പിച്ചു -അയാളെ സോക്സെയ്ക്ക് വേണ്ടി ചാര സംഘടന സിഗുരിമി  കൊല്ലുകയോ ആത്മഹത്യയിലേക്ക് നയിക്കുകയോ ആയിരുന്നെന്ന് ഭാഷ്യമുണ്ടായി.സ്‌പിറുവിൻറെ ഭാര്യ ലിറി ബെലിഷോവ പി ബി അംഗമായിരുന്നു.അവരെ 1960 ൽ സോവിയറ്റ് -അൽബേനിയ വിച്ഛേദ കാലത്ത് സോവിയറ്റ് അനുകൂല നിലപാട് എടുത്തതിന് പാർട്ടിയിൽ നിന്ന് പുറത്താക്കി.1991 ൽ അവർ പറഞ്ഞു:എൻറെ ഭർത്താവിനെ കൊന്നത് എൻവർ ഹോജയാണ്.
സ്റ്റാലിനും ഹോജയും 
അൽബേനിയൻ പ്രശ്‍നം ചർച്ച ചെയ്യാൻ യുഗോസ്ലാവിയ ജിലാസിനെ തന്നെ അയയ്ക്കണമെന്ന് സ്റ്റാലിൻ നിർദേശിച്ചു.തന്നെ സ്വന്തം പക്ഷത്തു ചേർത്ത് യൂഗോസ്ലാവ് പാർട്ടി കേന്ദ്ര കമ്മിറ്റി ഭിന്നിപ്പിക്കൽ സ്റ്റാലിന്റെ ലക്ഷ്യം ആയിരുന്നിരിക്കാം എന്ന് ജിലാസ് എഴുതുന്നു.യൂഗോസ്ലാവ് സി സി യിൽ സ്റ്റാലിന് രണ്ടു പേർ ഉണ്ടായിരുന്നു:ആൻഡ്രിയ ഹെബ്രാങ്,സ്റേറ്റാൻ സുജോവിക്.യുദ്ധത്തടവിൽ ആയിരിക്കെ ദുരൂഹമായി പ്രവർത്തിച്ചതിന്റെ പേരിൽ ഹെബ്രാങ്ങിനെ സി സി യിൽ നിന്ന് പുറത്താക്കിയിരുന്നു.സുജോവിക് ടിറ്റോയുടെ വലയത്തിൽ ഉണ്ടായിരുന്നുമില്ല.1946 ൽ സ്റ്റാലിനെ കണ്ട ടിറ്റോ ജിലാസിന് ഇടക്കിടെ തലവേദന വരുന്നത് പറഞ്ഞപ്പോൾ ജിലാസിനെ ക്രിമിയയിൽ സ്റ്റാലിൻ ചികിത്സയ്ക്ക് വിളിച്ചിരുന്നു.ജിലാസ് പോയില്ല.സംശയത്തോടെയാണ് 1948 ജനുവരി എട്ടിന് ജിലാസ് മോസ്‌കോയ്ക്ക് പോയത്.കണ്ടപാടെ ജിലാസിനോട് സ്റ്റാലിൻ പറഞ്ഞു:"നിങ്ങളെ ചൊല്ലി അൽബേനിയൻ സി സി സഖാക്കൾ പരസ്‌പരം കൊല്ലുകയാണ്;കഷ്ടം".
ജിലാസ് പറഞ്ഞു:"സ്‌പിറു അൽബേനിയയെ യുഗോസ്ലാവിയയുമായി ബന്ധിപ്പിക്കുന്നതിന് എതിരായിരുന്നു.അതിനാൽ സി സി യിൽ ഒറ്റപ്പെട്ടു."
ഇത് പറഞ്ഞു തീരും മുൻപേ സ്റ്റാലിൻ ഇടപെട്ടു:ഞങ്ങൾക്ക് ഞങ്ങൾക്ക് അൽബേനിയയിൽ പ്രത്യേക താൽപര്യം ഒന്നുമില്ല.യുഗോസ്ലാവിയ അൽബേനിയയെ വിഴുങ്ങുന്നത് ഞങ്ങൾക്ക് സമ്മതം ".
വലതു കൈവിരലുകൾ കൂട്ടിപ്പിടിച്ച് ചുണ്ടിനടുത്തേക്ക് കൊണ്ട് പോയി വിഴുങ്ങും പോലെ അയാൾ ആംഗ്യം കാട്ടി.
ആകെ ഞെട്ടി ജിലാസ് പറഞ്ഞു:" വിഴുങ്ങൽ അല്ല;ലയനം "
മൊളോട്ടോവ് ഇടപെട്ടു:" അതാണ് വിഴുങ്ങൽ".
"എത്രയും വേഗം വിഴുങ്ങിയാൽ അത്രയും നന്ന് ",സ്റ്റാലിൻ പറഞ്ഞു.
ജിലാസിന് സംഗതി തിരിഞ്ഞില്ല.സ്റ്റാലിൻ യുഗോസ്ലാ വിയ ചെയ്യുന്നത് ശരി എന്നാണോ ശരിയല്ല എന്നാണോ പറയുന്നത്?ബാൾട്ടിക് രാജ്യങ്ങളെ സോവിയറ്റ് യൂണിയൻ വിഴുങ്ങിയിരുന്നു.അൽബേനിയൻ പാർട്ടിക്ക് തന്നെ യുഗോസ്ലാവിയയുമായി ഐക്യപ്പെടൽ ഇഷ്ടമല്ല.സ്‌പിറു ആത്മഹത്യ ചെയ്തത് തന്നെ ദേശീയത കൊണ്ടായിരിക്കണമല്ലോ.
ഹോജയെപ്പറ്റി എന്താ അഭിപ്രായം?,സ്റ്റാലിൻ ചോദിച്ചു.ജിലാസ് ഒന്നും വിട്ടു പറയാതിരുന്നപ്പോൾ യൂഗോസ്ലാവ് നേതാക്കളുടെ അഭിപ്രായം തന്നെ സ്റ്റാലിൻ ആവർത്തിച്ചു:" അയാൾ പെറ്റി ബൂർഷ്വയാണ്".
അവിടെ സോക്സെയാണ് ശക്തൻ എന്ന് സ്റ്റാലിൻ നിരീക്ഷിച്ചു.
അൽബേനിയ പ്രശ്‍നം സ്റ്റാലിൻ അവസാനിപ്പിച്ചു -വെറും പത്തു മിനിറ്റ്.എന്നിട്ട് ജിലാസിനോട് പറഞ്ഞു:" സോവിയറ്റ് സർക്കാരിൻറെ പേരിൽ ഇത് പറഞ്ഞ് നിങ്ങൾ ഒരു കത്ത് ടിറ്റോയ്ക്ക് എഴുതി,നാളെ എനിക്ക് തരിക ".
ജിലാസ് പിന്നെയും ഞെട്ടി.സോവിയറ്റ് സർക്കാരിൻറെ പേരിൽ താൻ എഴുതുകയോ?
"അതെ ,അങ്ങനെ തന്നെ",സ്റ്റാലിൻ ഉത്തരവായി.
അങ്ങനെ ചെയ്താൽ ഭാവിയിൽ കത്ത് യൂഗോസ്ലാവ് സർക്കാരിനെതിരെ ഉപയോഗിക്കപ്പെടുമെന്ന് ജിലാസിന് അത് എഴുതുമ്പോൾ തോന്നി.അതിനാൽ സംഗതി ജിലാസ് ചെറുതാക്കി:"ജിലാസ് ഇന്നലെ മോസ്‌കോയിൽ എത്തി.അന്ന് തന്നെ നടന്ന യോഗത്തിൽ അൽബേനിയൻ പ്രശ്നത്തിൽ സോവിയറ്റ് യൂണിയനും യുഗോസ്ലാവിയയും യോജിച്ചു"
ഈ കത്ത് സ്റ്റാലിൻ ടിറ്റോയ്ക്ക് അയച്ചില്ല.
ജിലാസിന്റെ ഈ പുസ്തകമാണ്,അൽബേനിയയെ യുഗോസ്ലാവിയ വിഴുങ്ങാൻ പദ്ധതിയിട്ട കാര്യം ലോകത്തോട് പറഞ്ഞത് -ഒരു കമ്മ്യൂണിസ്റ്റ് രാജ്യം മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തെ സംഹരിക്കുന്നത്,സാമ്രാജ്യത്വം തന്നെ.

See https://hamletram.blogspot.com/2019/08/blog-post_10.html

Saturday, 10 August 2019

ജിലാസ് സ്റ്റാലിനെ കണ്ടപ്പോൾ

അസംബന്ധം -ജിലാസ് അനുഭവിച്ച വിപ്ലവം 

പോളിഷ് എഴുത്തുകാരൻ സെസ്ലാവ് മിലോസ് മാർക്‌സിസം എത്രമാത്രം അസംബന്ധമാണെന്ന്,1939 ൽ ആത്മഹത്യ ചെയ്‌ത എഴുത്തുകാരൻ സ്റ്റാനിസ്ലാവ് വിറ്റ്കിവീസിൻറെ നോവൽ വിശകലനം ചെയ്‌ത്‌ തെളിയിക്കുകയുണ്ടായി.Insatiability എന്ന ആ നോവൽ വന്നത്,1932 ലായിരുന്നു.റഷ്യ 1939 ൽ പോളണ്ട് ആക്രമിച്ച പാടെ വിറ്റ്കീവിസ് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്‌തു.ഒരു അസംബന്ധ പ്രത്യയ ശാസ്ത്രം,ഒരു രാജ്യത്തെ കീഴടക്കി,ജനത്തിൻറെ സ്വകാര്യതയെ പോലും താറുമാറാക്കുന്നതായിരുന്നു,നോവലിൻറെ പ്രമേയം.അത് വച്ചാണ്,മിലോസ് മാർക്‌സിസത്തെ The Captive Mind എന്ന പുസ്തകത്തിൽ വിശകലനം ചെയ്‌തത്‌.
ഇത് പോലെ ലോകം നെഞ്ചടക്കി വായിച്ച മിലോവൻ ജിലാസിന്റെ The New Class എന്ന പുസ്തകം കേരളം കമ്മ്യൂണിസത്തെ അധികാരമേറ്റിയ 1957 ലാണ് വന്നത്.കമ്മ്യൂണിസത്തിൽ അധികാരമേറുന്നവർ പുതിയ വർഗമായി പരിണമിക്കുന്നതാണ്,ജിലാസ് ( Milovan Djilas -1911 -1995 ) വിവരിച്ചത്.യുഗോസ്ലാവിയയിൽ ജോസഫ് ബ്രോസ് ടിറ്റോയ്ക്ക് ശേഷം പ്രസിഡൻറ് ആകുമായിരുന്ന ജിലാസ്,1954 ൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടു.തടവിലായ അദ്ദേഹം,The New Class വിദേശത്ത് പ്രസിദ്ധീകരിച്ചപ്പോൾ,തടവ് നീട്ടി.തടവിൽ നിന്ന് പുറത്തു വന്ന ശേഷം,1962 ൽ എഴുതിയ Conversations with Stalin,സ്റ്റാലിനെ മൂന്ന് തവണ കണ്ടതിന്റെ വിവരണം ആണ്.
മിലോവൻ ജിലാസ് 
ആത്മകഥ എഴുതാനിരുന്നപ്പോൾ,ഈ ഘട്ടം പ്രത്യേകമായി എഴുതണം എന്ന് തോന്നുകയായിരുന്നുവെന്ന് ജിലാസ് മുഖവുരയിൽ പറഞ്ഞിട്ടുണ്ട്.ജീവിതത്തിലെ ഉപരിപ്ലവതകൾ നാം മറക്കുന്നത്,സഹജമാണ്;പിന്നീട് ശരിയെന്ന് തെളിയുന്നതുമായി ബന്ധപ്പെട്ട ഓർമ്മകൾ സൂക്ഷിക്കും.1953 ൽ സ്റ്റാലിൻ മരിക്കുകയും 1956 ലെ ഇരുപതാം പാർട്ടി കോൺഗ്രസ് അയാളുടെ വ്യക്തിപൂജയെ നിരാകരിക്കുകയും ചെയ്തപ്പോൾ ജിലാസിന്റെ സ്റ്റാലിൻ ഓർമകൾക്ക് തെളിച്ചം കിട്ടി.വരണ്ട വസ്തുതകളെക്കാൾ പ്രധാനമാണ് മനുഷ്യരും മനുഷ്യ ബന്ധങ്ങളും.അതിനാണ് പുസ്തകത്തിൽ ശ്രമിച്ചത്.1955 -1956 ലാണ് ആത്മകഥ മനസ്സിൽ വന്നത് .സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചകൾ പ്രത്യേകമായി എഴുതാൻ ആലോചിച്ചപ്പോൾ തടവിലായി.അവിടെ എഴുതാൻ ആകുമായിരുന്നില്ല.അത് രാഷ്ട്രീയ കൃത്യം തന്നെ ആകുമായിരുന്നു.1961 ജനുവരിയിൽ മോചിപ്പിച്ചപ്പോൾ,പഴയ ആശയത്തിലേക്ക് മടങ്ങി.ചരിത്ര സംഭവങ്ങളുടെ മാനുഷിക വശം ഉയർന്നു നിന്നു.സ്റ്റാലിനെ സംബന്ധിച്ച് പരസ്‌പര വിരുദ്ധമായ കഥകൾ ഉള്ളതിനാൽ,സ്വന്തം ഉൾക്കാഴ്ചകളും നിഗമനങ്ങളും രേഖപ്പെടുത്തി.നിർണായക കാര്യങ്ങൾ പറയാതിരിക്കരുതെന്ന് ഉൾവിളി ഉണ്ടായി.

യൂഗോസ്ലാവ് മാർക്സിസത്തിൻറെ ഏക സൈദ്ധാന്തികനായ ജിലാസ്,രണ്ടാം ലോകയുദ്ധ കാലത്ത് അച്ചുതണ്ട് ശക്തികൾക്കെതിരെ നിന്ന നാഷനൽ ലിബറേഷൻ ആർമി ( Partisan ) യിൽ ജനറലും പിന്നീട് വന്ന സർക്കാരിൽ മന്ത്രിയും ആയി.അത് കഴിഞ്ഞ് കിഴക്കൻ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മാർക്‌സിസ്റ്റ് വിമതനും ആയി.വടക്കൻ മോണ്ടിനെഗ്രോയിൽ ജനിച്ച് ബെൽഗ്രേഡ് സർവകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കെയാണ് 1932 ൽ പാർട്ടിയിൽ ചേർന്നത്.1933 -1936 ൽ രാഷ്ട്രീയ തടവുകാരനായി.1938 ൽ കേന്ദ്രകമ്മിറ്റിയിലും 1940 ൽ പൊളിറ്റ് ബ്യുറോയിലും എത്തി.1941 ൽ ജർമനിയും ഇറ്റലിയും യൂഗോസ്ലാവ് രാജകീയ പട്ടാളത്തെ തോൽപിച്ച് യൂഗോസ്ലാവ് രാജഭരണം ഇല്ലാതായപ്പോഴാണ്,ജിലാസ്,ടിറ്റോയെ ദേശീയ സേനയുണ്ടാക്കാൻ സഹായിച്ചത്.1941ജൂൺ 22 ന്  ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ ,സായുധ കലാപത്തിന് സി സി തീരുമാനിച്ചു.ഇറ്റാലിയൻ സൈന്യം യുഗോസ്ലാവിയയിൽ ഉണ്ടായിരുന്നു.1941 നവംബറിൽ,ജിലാസ് വലിയ സേനക്കെതിരെ മോണ്ടിനെഗ്രോയിൽ മുന്നണിപ്പോരാട്ടത്തിന് മുതിർന്ന ഇടതു വ്യതിയാനത്തിന്,ടിറ്റോ അദ്ദേഹത്തെ സേനയിൽ നിന്ന് നീക്കി,പാർട്ടി പത്രം ബോർബ യുടെ എഡിറ്ററാക്കി.

1944 ൽ പാർട്ടി,സൈനിക ദൗത്യത്തിൻറെ ഭാഗമായാണ്,ആദ്യം സ്റ്റാലിനെ കണ്ടത്.ബൾഗേറിയൻ പാർട്ടി നേതാവും കോമിന്റേൺ മേധാവിയുമായ ജോർജി ദിമിത്രോവ്,സോവിയറ്റ് വിദേശകാര്യ മന്ത്രി മൊളോട്ടോവ് എന്നിവരെയും കണ്ടു.യുഗോസ്ലാവിയ സ്വതന്ത്രമായപ്പോൾ ടിറ്റോയ്ക്ക് കീഴിൽ വൈസ് പ്രസിഡൻറായി.അടുത്ത കൊല്ലവും 1948 ലും  സ്റ്റാലിനെ വീണ്ടും കണ്ടു.റഷ്യയും ബെൽഗ്രേഡും തമ്മിലുള്ള വിടവ് നികത്തുകയായിരുന്നു,ലക്ഷ്യം.യുഗോഗോസ്ലാവിയയെ റഷ്യൻ നുകത്തിൻ കീഴിൽ ആക്കാനുള്ള സ്റ്റാലിന്റെ പദ്ധതിയുടെ വിമർശകനായി,ജിലാസ്.ആ വർഷം ഒടുവിൽ യുഗോസ്ലാവിയ റഷ്യയുമായുള്ള ബന്ധം വിടർത്തി കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിൽ ( കോമിന്റേൺ ) നിന്ന് പുറത്തു വന്നു.അന്ന് മുതൽ 1955 വരെ റഷ്യയുമായി ശീതസമരം നില നിന്നു.

സ്റ്റാലിനുമായി പിരിഞ്ഞെങ്കിലും കടുകട്ടി മാർക്സിസത്തിൽ നിന്ന യുഗോസ്ലാവിയ സ്വതന്ത്ര സോഷ്യലിസ നയത്തിൽ എത്തി.പൊതു ഉടമയിൽ തൊഴിലാളി മാനേജ്മെൻറ്.അതിൻറെ ഭാഗമായി നിന്ന ജിലാസ് അതിനപ്പുറം പോയി പുതിയ ആശയങ്ങൾക്ക്,നോവ മിസാവോ ( New Thought ) എന്ന മാസിക തുടങ്ങി.അതിലാണ് ജിലാസിന്റെ പുത്തൻ ആശയ പരമ്പര വന്നത്.1953 ൽ പ്രസിഡൻറ് സ്ഥാനത്തിൻറെ പടി വരെ എത്തി -ഫെഡറൽ അസംബ്ലി പ്രസിഡൻറായി.1953 ഡിസംബർ 25 മുതൽ 1954 ജനുവരി 16 വരെ മാത്രമേ ആ സ്ഥാനത്ത് തുടർന്നുള്ളു.ഒക്ടോബർ -ജനുവരിയിൽ ബോർബ യിൽ 19 ലേഖനങ്ങൾ എഴുതി;ടിറ്റോ പ്രോത്സാഹിപ്പിച്ചു.അതിൽ ഒരെണ്ണം പ്രസിദ്ധീകരിച്ചില്ല.
റാങ്കോവിച്,ടിറ്റോ,ജിലാസ് -യുദ്ധകാലം 
സ്റ്റാലിനിസത്തിന് എതിരായിരുന്നു,ഇവ.കൂടുതൽ ജനാധിപത്യത്തിനായുള്ള ജിലാസിന്റെ വാദം,ഏകകക്ഷി ഭരണത്തെ ചോദ്യം ചെയ്യുന്ന നിലയിൽ എത്തി.പരിഷ്‌ക്കാരങ്ങൾക്ക് തടസ്സം നിന്ന് പണം അടിച്ചു മാറ്റുന്ന നേതാക്കൾ വിരമിക്കണമെന്ന വാദം,തനിക്ക് എതിരായി ടിറ്റോ എടുത്തു.1954 ജനുവരിയിൽ ജിലാസ് പാർട്ടിയിൽ നിന്ന് പുറത്തായി.18 മാസം ശിക്ഷ കിട്ടി .1956 നവംബർ 19 ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.ഹംഗറിയിൽ സോവിയറ്റ് യൂണിയൻ നടത്തിയ ഇടപെടൽ സംബന്ധിച്ച യു എൻ വോട്ടെടുപ്പിൽ നിന്ന് യുഗോസ്ലാവിയ വിട്ടു നിന്നതിനെ വിമർശിച്ചതായിരുന്നു,കാരണം.മൂന്ന് വർഷം ശിക്ഷ കിട്ടി.ജയിലിൽ ആകും മുൻപ് അമേരിക്കൻ പ്രസാധകന് അയച്ച The New Class 1957 ൽ പ്രസിദ്ധീകരിച്ചപ്പോൾ ഏഴു വർഷം തടവ് കിട്ടി.സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും നില നിന്ന കമ്മ്യൂണിസത്തിൽ സമത്വം ഉണ്ടായിരുന്നില്ല;അത് കമ്മ്യൂണിസ്റ്റ് ഉദ്യോഗ വൃന്ദത്തെ വളർത്തി.അവർക്ക് പ്രത്യേക അവകാശങ്ങളും സ്ഥാനമാനങ്ങളും കിട്ടി -നാം കേരളത്തിൽ പോലും കാണുന്ന ഈ നീചത്വം കാലേ കൂട്ടി പറഞ്ഞതാണ് പുസ്തകം.

ജയിലിൽ വച്ച് മോണ്ടിനെഗ്രോ രാജകവി ഞെഗോസിന്റെ ബൃഹദ് ജീവചരിത്രം എഴുതി.1958 ൽ ആത്മകഥ വന്നു-Land Without Justice.ഇത് 1954 ൽ യുഗോസ്ലാവിയൻ പ്രസാധകർ നിരസിച്ചിരുന്നു.1961 ൽ മോചിതനായി ,1962 ഏപ്രിലിൽ Conversations with Stalin വന്നപ്പോൾ,പിന്നെയും അഞ്ചു വർഷം തടവ് കിട്ടി.ഭരണ രഹസ്യങ്ങൾ വെളിപ്പെടുത്തി എന്നതായിരുന്നു,കുറ്റം.അൽബേനിയയെ യുഗോസ്ലാവിയയിൽ കൂട്ടിച്ചേർക്കാനുള്ള പദ്ധതി അതിൽ വിവരിച്ചത്,കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങൾക്ക് ജാള്യതയുണ്ടാക്കി.ഈ ജയിൽ വാസത്തിൽ,മിൽട്ടൻറെ Paradise Lost,പറുദീസാ നഷ്ടം ടോയ്‌ലെറ്റ് പേപ്പറിൽ.ജിലാസ് സെർബോ -ക്രൊയേഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി.1966 ഡിസംബർ 31 ന് മോചിപ്പിച്ചു.മരണം വരെ ബെൽഗ്രേഡിൽ താമസിക്കാനുള്ള സ്വാതന്ത്ര്യം ജിലാസ് എഴുത്തു കൊണ്ട് നേടിയെടുത്തു.

Conversations with Stalin ആയിരുന്നു,ജിലാസിന്റെ പ്രിയ പുസ്തകം.മൂന്ന് തവണയാണ് ജിലാസ് സ്റ്റാലിനെ കണ്ടത്.ചിലപ്പോൾ ഒറ്റയ്ക്കും ചിലപ്പോൾ മറ്റുള്ളവരുടെ സാന്നിധ്യത്തിലും ദീർഘ സംഭാഷണങ്ങൾ അവർ തമ്മിൽ നടന്നു.ക്രെംലിനിലും മോസ്‌കോയ്ക്ക് പുറത്ത് സ്റ്റാലിന്റെ ഡാച്ചയിലും വിരുന്നുകളിൽ പങ്കെടുത്തു.സ്റ്റാലിന്റെ അടുക്കളക്കൂട്ടത്തെ പരിചയപ്പെട്ടു -വ്യാചസ്ലാവ് മൊളോട്ടോവ്,മിഖയിൽ കാലിനിൻ,സൈദ്ധാന്തികൻ ആൻഡ്രി ഷഡാനോവ്,ചാര മേധാവി ലവ്‌റേന്റി ബേറിയ..ഇവരുടെ സംഭാഷണങ്ങളും പെരുമാറ്റവും വിശകലനം ചെയ്യുന്നതാണ്,പുസ്തകം.സ്റ്റാലിനെപ്പറ്റി ഇങ്ങനെ ഒരു വ്യക്തിപരമായ വിവരണം വേറെയില്ല.സ്റ്റാലിന്റെ മനഃശാസ്ത്രം പഠിക്കാൻ കൈപുസ്തകവും ആണിത്.പുസ്തകത്തിൽ നിന്നുള്ള രണ്ട് ചോദ്യങ്ങൾ  ആവർത്തിച്ചു വരാറുണ്ട്.1945 ൽ സ്റ്റാലിൻ ജിലാസിനോടും ടിറ്റോയോടും  പറഞ്ഞു:

ഇത് പണ്ടത്തെ യുദ്ധം പോലെയല്ല.ഒരു പ്രദേശം പിടിക്കുന്നയാൾ അവിടെ അയാളുടെ സാമൂഹിക ക്രമം  നടപ്പാക്കും.അയാളുടെ സൈന്യത്തിന് ശക്തിയുള്ളിടത്തോളം ഒരാൾ അത് ചെയ്യും.അങ്ങനെ അല്ലാതെ വരില്ല.

കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് അധിനിവേശങ്ങൾക്കുള്ള സാധൂകരണം,സൈന്യ ശക്തിയുണ്ട് എന്നതായിരുന്നു;സാമ്രാജ്യത്വം മാർക്സിസത്തിന് നിരക്കുമോ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വം എന്നൊന്നുണ്ടോ എന്നതൊന്നും ആ മാർക്സിസ്റ്റ് ഭ്രാന്തന് വിഷയം ആയിരുന്നില്ല.
രണ്ടാമത്തേത്,ബെൽഗ്രേഡിലെ സോവിയറ്റ് സ്ഥാനപതിയുമായി ജിലാസ് തർക്കിച്ചതാണ്.1945 ൽ യുഗോസ്ലാവിയ രണ്ടു കയ്യും നീട്ടി സോവിയറ്റ് സേനയെ സ്വീകരിച്ചു.റെഡ് ആർമി എത്തിയ ശേഷം,ഭടന്മാർ കൊള്ളയും ബലാൽസംഗവും വ്യാപകമായി നടത്തി.യൂഗോസ്ലാവ് പാർട്ടി സൈനികർ ഞെട്ടിപ്പോയി.മൊത്തം കമ്യൂണിസത്തിന് ഇത് അപമാനമാണെന്ന് ജിലാസ് സ്ഥാനപതിയോട് പരാതിപ്പെട്ടു.സ്ഥാനപതിക്ക് അത് പിടിച്ചില്ല.
സ്‌റ്റാലിൻ പിന്നീട് ജിലാസിനെ കണ്ടപ്പോൾ,മിണ്ടാൻ തന്നെ തയ്യാറായില്ല.അത് കഴിഞ്ഞ് പ്രശ്‍നം തമാശ പോലെ പരാമർശിച്ചു,സ്റ്റാലിൻ ജിലാസിനെ ചൂണ്ടി,ഒരു സഖാവിൻറെ  അടുത്തേക്ക് തല നീട്ടി  അയാളോട് പറഞ്ഞു:

ചോരയ്ക്കും തീയ്ക്കും മരണത്തിനും മുകളിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ താണ്ടിയ ഒരു ഭടൻ ഒരു സ്ത്രീയുമായി നേരമ്പോക്കിൽ ഏർപ്പെട്ടാലോ ഇത്തിരി കട്ടാലോ അത് ഇയാൾക്ക് മനസ്സിലാവില്ലേ?

ബലാൽസംഗം നേരമ്പോക്കാണെന്ന് കരുതുന്ന ഒരു രാഷ്ട്രത്തലവൻ,ഒരു മാർക്സിസ്റ്റ്,യൂറോപ്പിനെ ഞെട്ടിച്ചു.അന്ന് ജിലാസിനെ വിശ്വസിക്കാത്തവർ ഇന്ന് രേഖകൾ കണ്ട് ഞെട്ടുന്നു.
അന്ന് യാത്ര പറയുമ്പോൾ,സ്റ്റാലിൻ ജിലാസിന്റെ ഭാര്യയെ ചുംബിച്ച്,പ്രതികരിച്ചു:" ഞാൻ ഈ സ്നേഹം കാട്ടുന്നത്,ബലാൽസംഗ കേസ് വരും എന്ന് പേടിച്ചാണ്!".
സ്റ്റാലിൻ,വൊറോഷിലോവ്,മികോയൻ,മൊളോട്ടോവ് ,1935 
ഒരു റെഡ് ആർമി കമാൻഡറിൽ നിന്ന് വിചിത്രമായ ഒരു സിദ്ധാന്തം കേട്ടതായി ജിലാസ് എഴുതുന്നു.ലോകം മുഴുവൻ കമ്മ്യൂണിസം വിജയിച്ചു കഴിയുമ്പോൾ,യുദ്ധം അതിൻറെ ഏറ്റവും അവസാനത്തെ ഭീകരാവസ്ഥയിൽ എത്തും.മാർക്സിസ്റ്റ് സിദ്ധാന്ത പ്രകാരം,യുദ്ധം വർഗ്ഗസമരത്തിൻറെ ഉൽപന്നമാണ്.കമ്മ്യൂണിസം വർഗ്ഗങ്ങളെ ഇല്ലാതാക്കുന്നതിനാൽ,യുദ്ധം ചെയ്യേണ്ട സാഹചര്യം വരില്ല.പക്ഷെ ഈ ജനറലിനും റെഡ് ആർമി ഭടന്മാർക്കും ഒരു ഭീകരയുദ്ധത്തിൽ പങ്കെടുത്ത തനിക്കും ഒരു തിരിച്ചറിവുണ്ടായിരുന്നു -ഒരേ സാമൂഹിക ക്രമത്തിൽ എല്ലാവരും വരുമ്പോഴാണ് ഏറ്റവും വലിയ വിദ്വേഷം ഉണ്ടാവുക.അങ്ങനെ ഒരു ക്രമം നില നിൽക്കാത്തതിനാൽ,കൂടുതൽ ആഹ്ളാദത്തിനായി ഓരോരുത്തരും മനുഷ്യ വംശത്തിൻറെ ഉന്മൂലനത്തിൽ ഏർപ്പെടും.മാർക്‌സിസം പഠിച്ച സോവിയറ്റ് ഓഫിസറിൽ നിന്ന് ഈ പരാമർശം ആകസ്മികമായി ഉണ്ടായതാകാം എങ്കിലും താൻ മറന്നില്ല.

ഒരു സൈനികന് എല്ലാ ദിവസവും 100 ഗ്രാം വോഡ്‌ക നൽകാൻ ഷഡാനോവ് സ്റ്റാലിനോട് ശുപാർശ ചെയ്‌തത്‌ നടപ്പാക്കിയിരുന്നു;ആക്രമണത്തിന് മുൻപ് ഇരട്ടി കൊടുത്തിരുന്നു.ഒരു വിരുന്നിൽ ജിലാസ് ബിയർ മാത്രം കുടിക്കുന്നത് കണ്ട് സ്റ്റാലിൻ പറഞ്ഞു:" ജിലാസ് ബിയർ കുടിക്കുന്നത്,ജർമൻകാരനെപ്പോലെയാണ്.ഇയാൾ ജർമനാണ്,ജർമനാണ്!"

ഷഡാനോവിനെ വലിയ ബുദ്ധിജീവിയായാണ് പി ബി കരുതിയിരുന്നത് എന്ന് ജിലാസ് എഴുതുന്നു.പൊക്കം കുറഞ്ഞ് ചുവന്ന മുഖവുമായി അയാൾ രോഗിയെപ്പോലെ തോന്നിച്ചു.അയാളുടെ സങ്കുചിതത്വവും വരട്ടു വാദവും കുപ്രസിദ്ധമായിരുന്നു.അയാളുടെ ജ്ഞാനം ചെറുതായിരുന്നില്ല.സംഗീതം ഉൾപ്പെടെ നിരവധി മേഖലകൾ അറിയാമായിരുന്നു എങ്കിലും ഏതെങ്കിലും മേഖലയിൽ നല്ല ജ്ഞാനം ഉണ്ടായിരുന്നില്ല.മാർക്‌സിസ്റ്റ് സാഹിത്യം വഴിയാണ് അയാൾ മറ്റ് മേഖലകളെ അറിഞ്ഞത്.സർവ പുച്ഛമായിരുന്നു.എഴുത്തും മദ്യവും  ആയിരുന്നു ദൗർബല്യം.ഉത്തരവുകൾ കൊണ്ട് സി സി സാഹിത്യവും കലയും  നടപ്പാക്കുന്ന കാലമായിരുന്നു.ചെറിയ സ്വാതന്ത്ര്യം എടുത്തവർ പോലും വിമർശിക്കപ്പെട്ടു.താൻ ഹാസ്യ സാഹിത്യകാരൻ മിഖയിൽ സൊഷെങ്കോയെ ( Zoshchenko ) വിമർശിച്ചത് ഷഡാനോവ്,ഇരുവരും സ്റ്റാലിനെ കാത്തു നിന്നപ്പോൾ പരാമർശിച്ചു.അവർ സൊഷെങ്കോയുടെ റേഷൻ കൂപ്പണുകൾ എടുത്തു കൊണ്ട് പോയി.
സൊഷെങ്കോ 
ആസൂത്രണ കമ്മീഷൻ ചെയർമാൻ നിക്കോളായ് വോസ്‌നെസിൻസ്കി ( Voznesensky ) 40 വയസ്സ് മാത്രം കഴിഞ്ഞ ആളായിരുന്നു.അധികം സംസാരിച്ചില്ല.സോവിയറ്റ് സമ്പദ്ഘടനയെപ്പറ്റി അയാൾ എഴുതിയ പുസ്തകം ജിലാസ് വായിച്ചിരുന്നു.പിന്നീട് ഈ പുസ്തകം വിമർശിക്കപ്പെട്ടു.കാരണം പറയാതെ അയാളെ വെടിവച്ചു കൊന്നു.

സ്റ്റാലിനുമായുള്ള ആദ്യ സമാഗമം അലസി.ഒരേ പ്രത്യയ ശാസ്ത്രമായിട്ടും അലസി.ഇത് അടഞ്ഞ പ്രത്യയ ശാസ്ത്രത്തിന് അകത്തായതിനാൽ,സംഘർഷം ധര്മ സങ്കടം ഉണ്ടാക്കി എന്നല്ലാതെ ഒന്നുമുണ്ടായില്ല.യാഥാസ്ഥിതികത്വത്തിൻറെ ആസ്ഥാനത്തിന് ഒരു ചെറിയ പാർട്ടിയുടെ ദുഃഖവും ശുദ്ധതയും മനസ്സിലായില്ലെന്ന് ജിലാസിന് തോന്നി.ജിലാസ് എഴുതുന്നു:

മനുഷ്യർ ബോധത്തിൽ പലപ്പോഴും പ്രതികരിക്കാറില്ലാത്തതിനാൽ,ഞാൻ മനുഷ്യന് പ്രകൃതിയുമായുള്ള അവിച്ഛിന്നമായ ബന്ധം കണ്ടെത്തി.-ഞാൻ യൗവനത്തിലെ വേട്ടയ്ക്കുള്ള യാത്രകൾ ഓർത്തു.പാർട്ടിക്കും വിപ്ലവത്തിനും പുറത്ത് സൗന്ദര്യമുണ്ടെന്ന് ഞാൻ കണ്ടു...കയ്‌പ്‌ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.

ടിറ്റോയുമായി ജിലാസ് സ്റ്റാലിനെ കണ്ടപ്പോൾ,മുൻകാലത്തെക്കാൾ ഭിന്നമായ വഴിയിൽ ഇപ്പോൾ സോഷ്യലിസം നടപ്പാകുന്നുണ്ടെന്ന് ടിറ്റോ പറഞ്ഞു.സ്റ്റാലിൻ പറഞ്ഞത് ഞെട്ടിച്ചു;ഇന്ന് സോഷ്യലിസം ഇംഗ്ലീഷ് രാജഭരണത്തിൻ കീഴിലും നടക്കും.എല്ലായിടത്തും വിപ്ലവം വേണമെന്നില്ല.ഈയിടെ ബ്രിട്ടീഷ്‌ ലേബർ പാർട്ടി സംഘം വന്നിരുന്നു.ഇക്കാര്യം ഞങ്ങൾ സംസാരിച്ചു.അതെ,പുതിയ കാര്യങ്ങൾ ഉണ്ട്.ഇംഗ്ലീഷ് രാജാവിന് കീഴിൽ സോഷ്യലിസം സാധ്യമാണ്.

സ്റ്റാലിൻ മാർക്സിനെ നിമിഷ നേരം കൊണ്ടാണ്,തിരുത്തി നശിപ്പിച്ചത് !

അന്ന് വാസസഥലത്തേക്ക് മടങ്ങുമ്പോൾ,ടിറ്റോ ജിലാസിനോട് പറഞ്ഞു:" പിശാച് ബാധിച്ച പോലെയാണ് ഈ റഷ്യക്കാരുടെ കുടി-സർവത്ര ജീർണത ".
ബേറിയ 
ജിലാസിനെ രണ്ടു ചോദ്യങ്ങൾ അലട്ടിയിരുന്നു.അവയുടെ ഉത്തരം സ്റ്റാലിനോട് ചോദിക്കാൻ തീരുമാനിച്ചു.ഒന്ന് സൈദ്ധാന്തികമായിരുന്നു:മാർക്‌സിസ്റ്റ് സാഹിത്യത്തിൽ ഒരിടത്തും 'ജന'വും 'രാഷ്ട്ര'വും തമ്മിലുള്ള വ്യത്യാസം നിർവ്വചിച്ചിട്ടില്ല.  സ്റ്റാലിൻ ദേശീയതയുടെ കാര്യത്തിൽ വിദഗ്ദ്ധനാണെന്ന് കമ്മ്യൂണിസ്റ്റുകൾ കരുതിയിരുന്നു.അത് സംബന്ധിച്ച് സ്റ്റാലിൻ എഴുതിയ പുസ്തകത്തിലും രണ്ടും തമ്മിലുള്ള വ്യത്യാസം പറഞ്ഞിട്ടില്ലെന്ന് ജിലാസ് ചൂണ്ടിക്കാട്ടി.പുസ്തകം വന്നത്,ഒന്നാം ലോക യുദ്ധത്തിന് മുൻപായിരുന്നു.
പ്രശ്‍നം ജിലാസ് ഉന്നയിച്ചപ്പോൾ മൊളോട്ടോവ് ഇടപെട്ടു:"രണ്ടും ഒന്ന് തന്നെ".
സ്റ്റാലിൻ സമ്മതിച്ചില്ല."അസംബന്ധം",സ്റ്റാലിൻ പറഞ്ഞു," രണ്ടും രണ്ടാണ്.രാഷ്ട്രം എന്തെന്ന് നിങ്ങൾക്ക് ഇപ്പോൾ അറിയാം.മുതലാളിത്തത്തിൻറെ ഉൽപന്നം,അതിൻറെ സവിശേഷതകളോടെ.ജനം എന്നാൽ ,ഒരു രാഷ്ട്രത്തിലെ തൊഴിലാളി വർഗം.ഒരേ ഭാഷയും സംസ്കാരവും ആചാരങ്ങളുമുള്ള തൊഴിലാളി വർഗം ."
Marxism and the National Question ആയിരുന്നു സ്റ്റാലിന്റെ പുസ്തകം.1913 ജനുവരിയിൽ വിയന്നയിൽ എഴുതിയത്."അത്,ഇലിയിച്ചിൻറെതായിരുന്നു",സ്റ്റാലിൻ പറഞ്ഞു," ലെനിൻറെ വീക്ഷണം.അദ്ദേഹം ആ പുസ്തകം എഡിറ്റ് ചെയ്‌തു ".
ദസ്തയേവ്സ്കി 
ജിലാസിന്റെ രണ്ടാം ചോദ്യം ദസ്തയേവ്സ്കിയെപ്പറ്റി ആയിരുന്നു.ആധുനിക യുഗത്തിലെ ഏറ്റവും വലിയ എഴുത്തുകാരൻ ആയാണ് അദ്ദേഹത്തെ ജിലാസ് ചെറുപ്പം മുതൽ കണ്ടിരുന്നത്.അദ്ദേഹത്തിന് എതിരായ മാർക്‌സിസ്റ്റ് അക്രമണങ്ങളോട് ജിലാസ് പൊരുത്തപ്പെട്ടിരുന്നില്ല.സ്റ്റാലിൻ പറഞ്ഞു:"വലിയ എഴുത്തുകാരനും വരട്ടുവാദിയും.ഞങ്ങൾ അദ്ദേഹത്തിൻറെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല;അവ യുവാക്കളിൽ മോശം സ്വാധീനമാണ്.പക്ഷെ വലിയ എഴുത്തുകാരൻ !".
ജിലാസ്,മാക്സിം ഗോർക്കിയിലേക്ക് തിരിഞ്ഞു. റഷ്യൻ വിപ്ലവ ആഖ്യാനത്തിലും ആഴത്തിലും അദ്ദേഹത്തിൻറെ മികച്ച കൃതി,The Life of Klim Sangin ആണെന്ന് ജിലാസ് നിരീക്ഷിച്ചു.സ്റ്റാലിൻ സമ്മതിച്ചില്ല."അയാളുടെ മികച്ച കൃതികൾ മുൻപ് എഴുതിയവയാണ്.The Town of Okarov.അദ്ദേഹത്തിൻറെ കഥകൾ.Foma Gordeev.klim Sangin -ലെ വിപ്ലവം നിസ്സാരം.അതിൽ ഒരു ബോൾഷെവിക്കേയുള്ളു...വിപ്ലവത്തെ ഏകപക്ഷീയമായാണ് കണ്ടത്.വേണ്ടത്രയില്ല.സാഹിത്യ പക്ഷത്തു നിന്ന് നോക്കിയാലും,മുൻകാല രചനകളാണ് നന്ന് ".

ജിലാസ് എഴുതുന്നു:

ഞങ്ങൾക്ക് പരസ്‌പരം മനസ്സിലാകുന്നില്ല എന്ന് വ്യക്തമായി.ഞങ്ങൾക്ക് യോജിക്കാൻ കഴിയുന്നില്ല.
സമകാലിക റഷ്യൻ സാഹിത്യത്തിൽ ഷോളോഖോവ് ആണ് മികച്ചത് എന്ന് ഞാൻ പറഞ്ഞപ്പോൾ,സ്റ്റാലിൻ എതിർത്തു:"അതിലും മികച്ചവരുണ്ട്".രണ്ടു പേരുകൾ സ്റ്റാലിൻ പറഞ്ഞു;ഒന്ന് സ്ത്രീ ആയിരുന്നു,അവരെ ഞാൻ കേട്ടിരുന്നില്ല...ഞാൻ ഫദീവിന്റെ Young Guard ചർച്ച ചെയ്‌തില്ല.വേണ്ടത്ര പാർട്ടി നോവലിലില്ല എന്നതിനാൽ പാർട്ടി അതിന് അന്ന് എതിരായിരുന്നു.അലക്‌സാണ്ടറോവിൻറെ History of Philosophy യും വിമർശനമേറ്റു വാങ്ങിയിരുന്നു-പൊള്ള,തിന്മ,വരട്ടു വാദം.
ആ സായാഹ്നം ബേറിയയുടെ വൃത്തികേടിൽ അവസാനിച്ചു.അവർ പെരേറ്റ്സോവ്ക എന്ന സ്‌ട്രോങ് വോഡ്‌ക കുരുമുളകിട്ട് ഒരു ചെറിയ ഗ്ലാസ് എന്നെ കൊണ്ട് കുടിപ്പിച്ചു. ഈ മദ്യം ലൈംഗിക ഗ്രന്ഥികളെ ബാധിക്കുമെന്ന് ബേറിയ പറഞ്ഞു;ഉപയോഗിച്ച വാക്ക് അശ്ലീലമായിരുന്നു.സ്റ്റാലിൻ പൊട്ടിച്ചിരിക്കാൻ എൻറെ മുഖത്ത് സൂക്ഷിച്ചു നോക്കി.എൻറെ നീരസം കണ്ട് അയാൾ ഗൗരവം പൂണ്ടു.

ഷഡാനോവ് കേന്ദ്ര കമ്മിറ്റിയിലെ ജൂതരെയെല്ലാം ഉന്മൂലനം ചെയ്തപ്പോഴും,ഹംഗറിയിലെ പാർട്ടി നേതൃത്വത്തിൽ കുടിയേറ്റക്കാരായ ജൂതരെ സഹിച്ചുവെന്ന് ജിലാസ് എഴുതുന്നു -വേരില്ലാത്ത അവരെ സ്വന്തം ഇച്ഛയ്ക്ക് അനുസരിച്ച് തെളിക്കാം.
സ്റ്റാലിൻ ലെനിൻ ഗ്രാഡ് സെക്രട്ടറി കിറോവിനെ കൊന്നത് പാർട്ടിക്കകത്തെ പ്രതിപക്ഷത്തെ പേടിപ്പിക്കാൻ ആയിരുന്നിരിക്കാമെന്ന് ജിലാസ് കരുതുന്നു.ലെനിനെ കൊന്നത് സ്റ്റാലിൻ ആണെന്ന് ട്രോട് സ്‌കി സംശയിച്ചു.സ്വന്തം ഭാര്യയെ അയാൾ കൊന്നതായും കേൾവിയുണ്ട്.അല്ലെങ്കിൽ അവരുടെ ആത്മഹത്യയ്ക്ക് അയാൾ വഴി വച്ചിരിക്കാം.ഗോർക്കിയെ സ്റ്റാലിൻ കൊന്നതാകാം എന്നും ജിലാസ് കുറിക്കുന്നു.സ്റ്റാലിൻ ഒരേ സമയം പീഡകനായ റോമൻ ചക്രവർത്തി കലിഗുലയും തിന്മ കലയാക്കിയ സെസാറോ ബോർഗിയയും ഇവാൻ ദി ടെറിബിളും ആയിരുന്നു.

See https://hamletram.blogspot.com/2019/08/blog-post_9.html


Friday, 9 August 2019

പോളണ്ടിന് വിട,ജീവിതത്തിനും

റഷ്യ വരുന്നു,നമുക്ക് മരിക്കാം  

മ്മ്യൂണിസത്തിൽ നിന്ന് വഴി മാറി നടന്ന പോളിഷ് എഴുത്തുകാരൻ സെസ്ലാവ് മിലോസിൻറെ വിട പറച്ചിൽ കഥ പറയുന്ന The Captive Mind എന്ന പുസ്‌തകം തുടങ്ങുന്നത്,റെഡ് ആർമി 1939 ൽ പോളണ്ടിൽ ഇരച്ചെത്തിയപ്പോൾ ആത്മഹത്യ ചെയ്‌ത  പോളിഷ് എഴുത്തുകാരനും ചിത്രകാരനുമായ സ്റ്റാനിസ്ലാവ് ഇഗ്നാസി വിറ്റ്കീവിസിനെ ( Stanislav Ignacy Witkiewicz ) ഓർമിച്ചു കൊണ്ടാണ്.കമ്മ്യൂണിസം കാരണം റഷ്യയിൽ ഉന്മൂലനം ചെയ്‌ത എഴുത്തുകാർ,ആത്മഹത്യ ചെയ്‌ത എഴുത്തുകാർ ധാരാളമുണ്ട്.ഭരണകൂടത്തിനെ വിമർശിക്കുന്നത് മാർക്സിസത്തിന് രുചിക്കാത്തതിനാൽ,കൊല്ലുന്നതാണ്;എന്നാൽ ചുവപ്പൻ പട്ടാളം വരുന്നു എന്ന് കേട്ട് ജീവനൊടുക്കിയ എഴുത്തുകാരൻ വിറ്റ്കീവിസ് ആ കൂമൻ കാലം മനസ്സിൽ കണ്ടു കാണണം.
വിറ്റ്കീവിസ് 
മിലോസിന് 1980 ലെ നൊബേൽ സമ്മാനം കിട്ടി.1951 ൽ ഇറങ്ങിയ പുസ്‌തകം 1982 ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എം എ യ്ക്ക് പഠിക്കുമ്പോൾ,വീട്ടിൽ നിന്ന് ഹോസ്റ്റലിൽ കൊടുക്കാൻ അയച്ച പണം കൊണ്ട് വാങ്ങിയതാണ്;ഫൈൻ ആർട്സ് കോളജിനോട് ചേർന്ന് ഫുട് പാത്തിൽ ഒരു ചെറിയ പെട്ടിക്കടയിൽ ക്‌ളാസിക്കുകൾ കിട്ടിയിരുന്നു.സാർത്രിന്റെ Being and Nothingness എന്ന അനാവശ്യ തത്വചിന്തയും അവിടന്നാണ് കിട്ടിയത്.പിന്നീട് ജോലിയായി അവിടെ ചെന്നപ്പോൾ കട വലുതായി മോഡേൺ ബുക്ക് സെന്ററിനടുത്തേക്ക് മാറിയിരുന്നു.വ്യഭിചാര ആരോപണത്തെ തുടർന്ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി കോളജിൽ പിരിച്ചു വിട്ടു;സംഘടന അതിലെ തന്നെ അംഗങ്ങളെ കുത്തി തുടങ്ങിയിരുന്നില്ല.

ഇരുപതാം നൂറ്റാണ്ടിൻറെ പകുതിക്കടുത്താണ്,പല യൂറോപ്യൻ രാജ്യങ്ങളിലും വസിക്കുന്നവർ ദുർഗ്രഹവും സങ്കീർണവുമായ തത്വ ചിന്താ ഗ്രന്ഥങ്ങൾ തങ്ങളുടെ ജീവിത വിധിയെ നിർണയ്ക്കുമെന്ന് തിരിച്ചറിഞ്ഞതെന്ന് മിലോസ് എഴുതുന്നു.അത് വരെ ശ്രദ്ധിക്കാതിരുന്ന ചില ആശയ തർക്കങ്ങൾ,ജോലിയെയും അന്നന്നത്തെ അപ്പത്തെയും സ്വകാര്യ ജീവിതത്തെയും വരെ ബാധിക്കാൻ തുടങ്ങി.അത് വരെ തത്വ ചിന്തകൻ യാഥാർഥ്യത്തിൽ ഇല്ലാത്ത സ്വപ്‌ന ജീവി മാത്രമായിരുന്നു.അതുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർ തത്വ ചിന്തയെ ഉപയോഗ ശൂന്യവും അപ്രായോഗികവുമായി തള്ളിയിരുന്നു.അതു കൊണ്ട് വന്ധ്യമായ ഒരവധി ദിവസം അപ്രസക്തമായി കടന്നു പോകേണ്ടതായിരുന്നു,മാർക്സിസ്റ്റുകളുടെ ധിഷണാ ഹസ്ത മൈഥുനവും.
മിലോസ് 
അങ്ങനെയിരിക്കെ 1932 ൽ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയിൽ കൗതുകകരമായ ഒരു പുസ്തകം പ്രത്യക്ഷപ്പെട്ടു-രണ്ടു വാല്യങ്ങളുള്ള നോവൽ,Insatiability ( മതിവരാത്തത് ).എഴുത്തുകാരനും ചിന്തകനും ചിത്രകാരനുമായ വിറ്റ്കീവിസ് എഴുതിയത്.ജർമൻ ഗണിത ശാസ്ത്രജ്ഞനും ഭാഷാ വിദഗ്ദ്ധനുമായ ഗോട്ഫ്രീഡ് ലീബ്‌നിസിന്റെ ( 1646 -1716 ) monadology പോലെ ഒരു തത്വക്രമം ഇയാൾ സൃഷ്ടിച്ചിരുന്നു.Farewell to Autumn ( 1927 )എന്ന മുൻ നോവൽ പോലെ,ദുർഗ്രഹ ഭാഷയായിരുന്നു,പുതിയ നോവലിലും.പുതിയ പദ സൃഷ്ടികൾ നിറഞ്ഞിരുന്നു.എഡ്‌മണ്ട് ഹുസ്സെളിനെപ്പോലുള്ള സമകാലിക ചിന്തകരെപ്പറ്റി ചർച്ച ചെയ്യുന്നതിനിടയിൽ,ഭീകരമായ രതിവർണനകൾ കടന്നു വന്നു.ദുർഗ്രഹതയിൽ മേതിൽ രാധാകൃഷ്ണൻറെ സൂര്യ വംശ ത്തെ കടത്തി വെട്ടും എന്ന് തോന്നുന്നു.നോവലിസ്റ്റ് ഒരു കാര്യം പറയുന്നത് ഗൗരവത്തിലാണോ തമാശയിലാണോ എന്നറിയാൻ ഒരു വഴിയും ഇല്ലായിരുന്നു.വിഷയം ഫാന്റസി ആയിരുന്നു.

നോവൽ സംഭവിച്ചത് യൂറോപ്പിലോ പോളണ്ടിലോ വർത്തമാന കാലത്തോ ഭാവിയിലോ മുപ്പതുകളിലോ അൻപതുകളിലോ എന്നൊരു തിട്ടവുമില്ലായിരുന്നു.സംഗീതജ്ഞർ,ചിത്രകാരന്മാർ,ചിന്തകർ,ധനികർ,ഉന്നത പട്ടാള ഓഫിസർമാർ തുടങ്ങിയവരായിരുന്നു കഥാപാത്രങ്ങൾ.പുസ്തക വിഷയം ജീർണതയായിരുന്നു.ഭ്രാന്തമായ,അപസ്വരം നിറഞ്ഞ സംഗീതം,രതി വൈകൃതങ്ങൾ,മയക്കു മരുന്ന്,പിച്ചും പേയും,കത്തോലിക്കാ മതത്തിലേക്ക് വ്യാജ മാറ്റം,ഭ്രാന്ത് പിടിച്ച കഥാപാത്രങ്ങൾ.കിഴക്കു നിന്നുള്ള ചൈന -മംഗോളിയ പട്ടാളം പടിഞ്ഞാറൻ നാഗരികതയ്ക്ക് ഭീഷണിയായ ഘട്ടത്തിലാണ് കഥ നടക്കുന്നത്.പസിഫിക് മുതൽ ബാൾട്ടിക് വരെ അതിൻറെ അധീനതയിൽ ആയിരുന്നു.
നോവൽ,ആദ്യ പതിപ്പ് 
നോവലിലെ കഥാപാത്രങ്ങൾ അതൃപ്തരായിരുന്നു.ജോലിയിൽ അർത്ഥമോ വിശ്വാസമോ ഇല്ല.രാജ്യം മുഴുവൻ ഈ ജീർണത നിറഞ്ഞിരിക്കുന്നു.ഈ ഘട്ടത്തിൽ,മൂർത്തി ബിങ് ഗുളികകളുമായി നാടോടികൾ നഗരങ്ങളിൽ വാണിഭത്തിന് എത്തുന്നു.ഒരു ജീവ തത്വം ജൈവികമായി വിനിമയം ചെയ്യുന്നതിൽ വിജയിച്ച മംഗോളിയൻ ചിന്തകനാണ് ,മൂർത്തി ബിങ്.ചൈന -മംഗോളിയ പട്ടാളത്തിൻറെ ശക്തി ജൈവ തത്വം സാന്ദ്രീകരിച്ച ഈ ഗുളികകൾ ആയിരുന്നു.ഗുളിക കഴിച്ചവൻ ആകെ  മാറും.ശാന്തൻ,സന്തുഷ്ടൻ.അതുവരെ പ്രശ്നമായി കരുതിയതെല്ലാം അപ്രസക്തം.ആകുലരെ നോക്കി അയാൾ ചിരിച്ചു.അപരിഹാര്യമായ അസ്തിത്വ പ്രശ്നങ്ങളെയാണ് ഇത് കൂടുതലും ബാധിച്ചത്.ഗുളിക കഴിച്ചവന് ഇത് തീരെയില്ല.ആത്മീയ ദാഹത്താൽ രൂപം അന്വേഷിച്ച കല അസംബന്ധമായി.അവന് ചൈന -മംഗോളിയ സൈന്യം അവൻറെ നാഗരികതയുടെ ദുരന്തമല്ല.സഹജീവികൾക്കിടയിൽ അവൻ ജീവിച്ചത് ഭ്രാന്തിനിടയിലെ ആരോഗ്യവാനെപ്പോലെയാണ്.കൂടുതൽ ആളുകൾ ഗുളിക തിന്നു.അവരുടെ ശാന്തത,ചുറ്റുപാടിലെ ആകുലതയിൽ നിന്ന് വേറിട്ട് നിന്നു.
യുദ്ധം  വന്നപ്പോൾ,കിഴക്കൻ പട്ടാളവും പടിഞ്ഞാറൻ പട്ടാളവും അഭിമുഖം വന്നു.നിർണായക നിമിഷത്തിൽ,വലിയ പോരാട്ടത്തിനു മുൻപ്,പടിഞ്ഞാറൻ പട്ടാള മേധാവി കിഴക്കിന് കീഴടങ്ങി.ആദരവോടെ അയാളുടെ തല വെട്ടി.കിഴക്കൻ പട്ടാളത്തിന് കീഴിൽ പുതിയ ജീവിതം,മൂർത്തി ബിങിസം ആരംഭിച്ചു.ഒരിക്കൽ താത്വിക അതൃപ്തി വലയം ചെയ്‌ത നോവലിലെ നായകർ പുതിയ സമൂഹത്തിൻറെ സേവനത്തിൽ ചേർന്നു.മുൻ കാലത്തെ അപസ്വര സംഗീതത്തിന് പകരം,അവർ പടപ്പാട്ടുകളും സ്തോത്രങ്ങളും പാടി.അമൂർത്ത ചിത്രങ്ങൾക്ക് പകരം,സാമൂഹിക പ്രയോജനമുള്ള ചിത്രങ്ങൾ വരച്ചു.മുൻ വ്യക്തിത്വം പാടെ മാറ്റാൻ ആകാത്തതിനാൽ,അവർ ഇരട്ട വ്യക്തിത്വം ഉള്ളവർ,ഷിസോഫ്രീനിയ ബാധിതർ ആയി.
സെൽഫ് പോർട്രെയ്റ്റ്,1938 
നോവൽ ഇത്രയുമാണ് മിലോസ് പറഞ്ഞിട്ടുള്ളത്.നോവലിസ്റ്റ് വിറ്റ്കീവിസ് ,മതം,തത്വ ചിന്ത,കല എന്നിവ അവയുടെ അന്ത്യ കാലത്താണ് എന്ന് പലപ്പോഴും വിശ്വസിച്ചിരുന്നു.അവയില്ലാത്ത ജീവിതം പാഴാണെന്നും കരുതി.1939 സെപ്റ്റംബർ 17 ന് റെഡ് ആർമി പോളണ്ടിന്റെ കിഴക്കൻ അതിർത്തി കടന്നു എന്ന് കേട്ടപ്പോൾ ഉറക്ക ഗുളിക കഴിച്ച ശേഷം,കൈത്തണ്ട മുറിച്ച് ജീവനൊടുക്കി.

പോളണ്ടുമായി അതിർത്തി പങ്കിടുന്ന രാജ്യം ആയിരുന്നു,സോവിയറ്റ് യൂണിയൻ.പടിഞ്ഞാറു നിന്ന് ജർമനി ആക്രമിച്ച് പതിനാറാം ദിവസം,സെപ്റ്റംബർ 17 ന് കിഴക്കു നിന്ന് സോവിയറ്റ് യൂണിയൻ ആക്രമിക്കുകയായിരുന്നു.1939 ഓഗസ്റ്റ് 23 ന് ഉണ്ടായ മൊളോട്ടോവ് -റിബ്ബൺടോപ് സന്ധി പ്രകാരം,ജർമനി രഹസ്യമായി പോളണ്ട് കീഴടക്കാൻ അനുമതി നൽകുകയായിരുന്നു.ഔപചാരിക യുദ്ധപ്രഖ്യാപനം ഉണ്ടായില്ല.20 ദിവസം കഴിഞ്ഞ്,പോളണ്ടിനെ ഇരുവശത്തു നിന്നും വിഭജിച്ച് ഒക്ടോബർ ആറിന് ആക്രമണം നിർത്തി.320000 പോളണ്ടുകാരെ റെഡ് ആർമി തടവിലാക്കി.നവംബറിൽ,കീഴടക്കിയ പോളിഷ് ഭൂവിഭാഗം സോവിയറ്റ് യൂണിയൻ കൂട്ടിച്ചേർത്തു.ഒന്നേകാൽ കോടി പോളണ്ടുകാർ സോവിയറ്റ് പ്രജകളായി.പോളിഷ് പട്ടാള ഓഫിസർമാർ,പോലീസുകാർ,പുരോഹിതർ തുടങ്ങിയവരെ കൊന്നൊടുക്കി.1939 -1941 ൽ സൈബീരിയയിലേക്കും മറ്റും ആയിരക്കണക്കിന് പോളണ്ടുകാരെ നാട് കടത്തി.ഇന്നത്തെ യുക്രൈൻ,ബെലാറസ് രാജ്യങ്ങളിലേക്കാണ്,കിഴക്കൻ പോളണ്ട് അന്ന് കൂട്ടി ചേർത്തത്.രണ്ടാം ലോകയുദ്ധം തുടങ്ങിയത് ജർമനി പോളണ്ടിനെ ആക്രമിച്ചു കൊണ്ടായിരുന്നു.അതിൻറെ അവസാനം,1945 ഓഗസ്റ്റ് 16 ന് സോവിയറ്റ് യൂണിയൻ പോളണ്ടിൽ കമ്മ്യൂണിസ്റ്റ് പാവ സർക്കാരിനെ വാഴിച്ചു.സ്റ്റാലിനിസ്റ്റ് ബോലെസ്‍ലാവ് ബൈറൂത് പ്രസിഡന്റും പാർട്ടി ജനറൽ സെക്രട്ടറിയുമായി.പിന്നാലെ വ്‌ളാദിസ്ലാവ് ഗോമുൽക്ക വന്നു.
സോഫിയ റോമർ,1935 
ലെനിൻ 1917 ൽ വിപ്ലവം എന്ന് പറയപ്പെടുന്ന അട്ടിമറി വഴി അധികാരം പിടിച്ച ശേഷം പോളണ്ടിനെ ആക്രമിച്ച് തോറ്റിരുന്നു;ഇതിന് സ്റ്റാലിൻ പക വീട്ടിയതായിരുന്നു,1939 ലെ അധിനിവേശം.
1919 ഫെബ്രുവരി മുതൽ 1921 മാർച്ച് വരെയായിരുന്നു,റഷ്യ തോറ്റ പോളണ്ടുമായുള്ള യുദ്ധം.രണ്ടാം പോളിഷ് റിപ്പബ്ലിക്കും യുക്രേനിയൻ റിപ്പബ്ലിക്കും പ്രോട്ടോ സോവിയറ്റ് യൂണിയനും തമ്മിൽ,ഇന്നത്തെ പശ്ചിമ യുക്രൈൻ,ബെലാറസ് പ്രദേശങ്ങൾക്ക് വേണ്ടി ആയിരുന്നു,യുദ്ധം.സോവിയറ്റ് റഷ്യയും സോവിയറ്റ് യുക്രൈനും ചേർന്നതാണ്,പ്രോട്ടോ സോവിയറ്റ യൂണിയൻ.
വിപ്ലവകാരിയായ പോളണ്ട് ഭരണത്തലവൻ ജോസഫ് പിൽസുഡ്സ്‌കി,പോളണ്ടിന്റെ നേതൃത്വത്തിൽ മധ്യ,പൂർവ യൂറോപ്യൻ സാമ്രാജ്യത്തിനായി,പോളണ്ടിന്റെ അതിർത്തികൾ വികസിപ്പിക്കാൻ ഒരുമ്പെട്ടു.പോളണ്ടിനെ ജർമനിക്കുള്ള പാലമാക്കി റഷ്യൻ സാമ്രാജ്യ സ്ഥാപനമായിരുന്നു,ലെനിൻറെ ലക്ഷ്യം.1919 ൽ പോളണ്ട് പശ്ചിമ യുക്രൈനും 1920 ഏപ്രിലിൽ കീവും പിടിച്ചു.റഷ്യൻ സേന പോളിഷ് സൈന്യത്തെ വാഴ്‌സയിലേക്ക് ഓടിച്ചു.വാഴ്സ യുദ്ധത്തിൽ പോളണ്ട് ജയിച്ചു.1920 ഒക്ടോബറിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു.1921 മാർച്ച് 18 ന് ഒപ്പിട്ട റിഗ സന്ധി പ്രകാരം,പോളണ്ടിന് അതിനു കിഴക്കുള്ള 200 കിലോമീറ്റർ പ്രദേശം അധികം കിട്ടി.പോളണ്ടിന്റെ വിജയം,റഷ്യൻ സ്വാധീനം ജർമനിയിലും ഹംഗറിയിലും റൊമാനിയയിലും വ്യാപിക്കാതെ കാത്തു.1989 ൽ പോളണ്ടിന്റെ ഭരണത്തിൽ നിന്ന് കമ്മ്യൂണിസ്റ്റുകൾ പുറത്താകും വരെ,ഈ യുദ്ധം പാഠപുസ്തകങ്ങളിൽ വന്നില്ല.ആരെങ്കിലും പ്രശ്‍നം ഉയർത്തിയാൽ,യുദ്ധത്തിന് കാരണം,'വിദേശ ഇടപെടൽ ' ആണെന്ന് പറഞ്ഞു പോന്നു.രണ്ടു രാജ്യങ്ങളെക്കൊണ്ടും ഇത് പറയിച്ചത്,കമ്മ്യൂണിസ്റ്റ് നേതാക്കൾ ആയിരുന്നു.മാർക്‌സിസം,സാമ്രാജ്യത്വത്തിന് ഇന്ധനമാകും എന്ന് ഗുണപാഠം.പിൽക്കാലത്ത് സോവിയറ്റ് ടാങ്കുകൾ കമ്മ്യൂണിസ്റ്റ് ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും കയറി.
Multiple Self Portrait in Mirrors 1915 -1917 
തിന്മ നിറഞ്ഞ ഈ അധിനിവേശ പ്രത്യയ ശാസ്ത്രത്തെയാണ് വിറ്റ്കീവിസ് ആത്മഹത്യയ്ക്ക് മുൻപ് എഴുതിയ നോവലിൽ പൊളിച്ചു കാട്ടിയത്.വാഴ്സയിൽ ചിത്രകാരനായ വിമർശകന്റെ   മകനായി ജനിച്ച വിറ്റ്കീവിസ് ( 1885 -1939 ) വിറ്റ് കേസി എന്നാണ് അറിയപ്പെട്ടത്.മാതാപിതാക്കൾ ഇന്നത്തെ ലിത്വാനിയയിൽ നിന്നായിരുന്നു.ആറാം വയസിൽ പിയാനോ വായിക്കാൻ തുടങ്ങി .എട്ടാം വയസിൽ,പാറ്റകൾ എന്ന കഥ സ്വന്തം ചെറിയ പ്രസിൽ അച്ചടിച്ചു .വീട്ടിലിരുത്തി പഠിപ്പിച്ച പിതാവിൻറെ ആഗ്രഹത്തിന് വിരുദ്ധമായി ക്രാക്കോവ് ഫൈൻ ആർട്സ് അക്കാദമിയിൽ പഠിച്ചു.വലിയ ചിത്രകാരന്മാരായ ജോസഫ് മെഹ്‌റോഫർ,ജാൻ സ്റ്റാനിസ്ലാവ്സ്കി എന്നിവർ സഹപാഠികൾ ആയിരുന്നു.പോളിഷ് സംഗീതജ്ഞൻ കരോൾ സിമനോവ്സ്കി സുഹൃത്തായിരുന്നു .ബാല്യം മുതൽ നരവംശ ശാസ്ത്രജ്ഞൻ ബ്രോനിസ്‌ലാവ് മലിനോവ്‌സ്‌കി,ചിത്രകാരി സോഫിയ റോമർ കൂട്ടുകാരായിരുന്നു .സോഫിയ, മലിനോവ്‌സ്‌കിക്കും വിറ്റ്കീവിസിനും കാമുകി ആയിരുന്നു . 1911 ൽ എഴുതിയ ആദ്യ നോവൽ The 622  Demises  of Bungo or The Demonic Woman  ൽ നായിക കാമുകിയും നടിയുമായ ഐറീന സോൾസ്‌ക ആയിരുന്നു;നായകൻ ബുംഗൊ,വിറ്റ്കീവിസ് തന്നെ.ഇതിലെ ഡ്യൂക്ക്,മലിനോവ്‌സ്‌കി .ഈ അപൂർണ നോവൽ 1972 ലാണ് പ്രസിദ്ധീകരിച്ചത്.1914 ൽ മറ്റൊരു കാമുകി ജഡ്‍വിഗ ജസ്‌വീസ്‌ക ആത്മഹത്യ ചെയ്‌തത്‌ താൻ കാരണമാണെന്ന് തോന്നി വിഷാദത്തിൽ അകപ്പെട്ടു.ഇക്കാലത്ത്,പാപ്പുവയ്ക്കുള്ള നരവംശ ശാസ്ത്ര യാത്രയിൽ,മലിനോവ്‌സ്‌കി ചിത്രകാരനും ഫോട്ടൊഗ്രഫറുമായി കൂട്ടി .ഒന്നാം ലോകയുദ്ധം യാത്രക്കിടയിൽ വിഘ്നമായി,ഓസ്‌ട്രേലിയയിൽ ഇരുവരും തർക്കിച്ചു പിരിഞ്ഞു .ജനനവശാൽ റഷ്യൻ സാമ്രാജ്യ പ്രജയായ വിറ്റ്കീവിസ് റഷ്യയിൽ പോയി പട്ടാളത്തിൽ ചേർന്നു.പിതാവിൻറെ ആഗ്രഹത്തിന് എതിരായിരുന്നു,ഇത് .1916 ൽ യുദ്ധത്തിൽ പരുക്കേറ്റ അദ്ദേഹം വിപ്ലവം നടക്കുമ്പോൾ സെൻറ് പീറ്റേഴ്‌സ്ബർഗിൽ ഉണ്ടായിരുന്നു.സ്വന്തം റെജിമെന്റിൽ രാഷ്ട്രീയ കമ്മിസാർ ആയി.ടാങ്കുകൾ തീ തുപ്പുമ്പോഴാണ് തനിക്ക് ആശയങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.വിപ്ലവം എന്ന് വാഴ്ത്തപ്പെട്ട ഈ അസംബന്ധമാണ്,അദ്ദേഹത്തിന്  അധിനിവേശപ്പെടിയും എഴുതാൻ മറുഭാഷയും നൽകിയത്.
ജഡ്‍വിഗ ജസ്‌വീസ്‌ക 
പോളണ്ടിലേക്ക് മടങ്ങി പോർട്രെയ്റ്റുകൾ ചെയ്‌ത്‌ ജീവിച്ചു.ചിത്രകലയെയും നാടകത്തെയും സൈദ്ധാന്തികമായി സമീപിക്കുന്ന ഒരു പുസ്തകം എഴുതി,പുതിയ ഘട്ടത്തിലേക്ക് കടന്നു.1918 നും 1925 നും ഇടയിൽ 40 നാടകങ്ങൾ എഴുതി;21 എണ്ണം അവശേഷിച്ചു.The Crazy Locomotive എന്ന നാടകത്തിൻറെ മൂലരൂപം നഷ്ടമായതിനാൽ,ഫ്രഞ്ച് പരിഭാഷയിൽ നിന്ന് തിരിച്ചു പോളീഷിൽ മൊഴി മാറ്റിയാണ് 1962 ൽ പ്രസിദ്ധീകരിച്ചത്.Insatiability പോളിഷ് ഭാഷയിലെ എണ്ണപ്പെട്ട നോവലാണ്.മയക്കുമരുന്ന് പരീക്ഷണങ്ങളെപ്പറ്റിയും എഴുതി.
സെസ്‌ലാവ 
റഷ്യ പോളണ്ടിനെ ആക്രമിച്ചപ്പോൾ,കാമുകി സെസ്ലാവ ഓക് നിൻസ്‌ക  യുമൊത്ത്,കിഴക്കൻ അതിർത്തി പട്ടണമായ ജെസോറിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ്,ലൂമിനൽ കഴിച്ച കാമുകി കൈത്തണ്ട മുറിക്കാതെ രക്ഷപ്പെട്ടു.വിറ്റ്കീവിസിനെപ്പറ്റി Mystification എന്ന സിനിമ എടുത്ത ജാസെക് കോപ്രോവിസ് പറയുന്നത്,അദ്ദേഹം ആത്മഹത്യ നടിച്ച് 1968 വരെ രഹസ്യമായി ജീവിച്ചു എന്നാണ് -ആരും ഇത് ഗൗരവമായി കാണുന്നില്ല.ആൽബേർ കാമു ആവിഷ്‌കരിച്ച അസംബന്ധ തലം വിറ്റ്കീവിസിൽ കാണാം;അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.വിറ്റ്കീവിസിൻറെ ജഡം,രണ്ടാം ലോകയുദ്ധ ശേഷം പോളണ്ടിൽ പുനരധിവസിപ്പിച്ചു.സോവിയറ്റ് യൂണിയൻ നൽകിയ ശവപ്പെട്ടി ആരും തുറന്നു നോക്കിയില്ല.1994 ൽ ഇത് തുറന്നപ്പോൾ,ജഡം ഒരു സ്ത്രീയുടേതാണെന്ന് കണ്ടെത്തി.മിലോസ് ചർച്ച ചെയ്‌ത നോവൽ പോലെ,അസംബന്ധം.

വിറ്റ്കീവിസിൻറെ നോവൽ പറഞ്ഞതും അധിനിവേശത്തിൻറെ കഥ ആയതിനാൽ,അത് വരാനിരിക്കുന്ന സത്യത്തെ,ഒരസംബന്ധ പ്രത്യയ ശാസ്ത്രം ജനജീവിതത്തിലെ നന്മകൾ ഊറ്റിക്കളഞ്ഞ ഭീകരതയെ പ്രതീകാത്മകമായി വരച്ചു കാട്ടുകയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല.1919 ൽ ലെനിൻ ആക്രമിക്കുമ്പോൾ പോളണ്ട് വിപ്ലവ രാഷ്ട്രം തന്നെ ആയിരുന്നു.വിറ്റ്കീവിസിൽ  കാണുന്നതാണ്,രാഷ്ട്രീയ ബോധം;എൻ എസ് മാധവനിൽ കാണുന്നതല്ല.സോവിയറ്റ് പോളണ്ടിൽ നിന്ന് ജീവനും കൊണ്ടോടിയ മിലോസിൽ കാണുന്നതാണ്,രാഷ്ട്രീയ ബോധം;അശോകൻ ഏതെങ്കിലും ചെരിവിൽ കാണുന്നതല്ല.

See https://hamletram.blogspot.com/2019/07/blog-post_29.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...