Friday, 23 August 2019

ലൂക്കാച്ച് -ഒരു പൊളിച്ചെഴുത്ത്

എന്നും സ്റ്റാലിനൊപ്പം  

only he who acknowledges unflinchingly and without any reservations that murder is under no circumstances to be sanctioned can commit the murderous deed that is truly — and tragically — moral. To express this sense of the most profound human tragedy in the incomparably beautiful words of Hebbel’s Judith: “Even if God had placed sin between me and the deed enjoined upon me — who am I to be able to escape it?
-Georg Lukacs / Tactics and Ethics,  1919

ഹംഗറിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഉന്മൂലനങ്ങൾ നോക്കുന്നതിനിടയിലാണ്, ജിയോർഗി ലൂക്കാച്ചിൻറെ പേര് ഏതു പക്ഷത്തും നിൽക്കുന്ന സൈദ്ധാന്തികനായി പൊന്തി വന്നത്.കേരളത്തിൽ വിവരമുള്ള അപൂർവം മാർക്സിസ്റ്റുകൾക്കിടയിൽ അറിയപ്പെടുന്ന പേരാണ്,അത്.അദ്ദേഹത്തിൻറെ The Sociology of Modern Drama മുൻപ് എന്നെ ആകർഷിച്ചിട്ടുണ്ട്.ബ്രെഹ്തിൻറെ എപ്പിക് തിയറ്ററിന്റെ ഉള്ളിലേക്ക് അദ്ദേഹത്തിന് കടക്കാനായി എന്ന് തോന്നി;എറിക് ബെന്റ്ലി The Theory of Modern Stage ൽ അതിൽ നിന്നുള്ള ഭാഗങ്ങൾ ചേർത്തിട്ടുമുണ്ട്.

എന്നാൽ,പാർട്ടി ഉന്മൂലനം നടത്തി ഭരിച്ച കാലത്ത് ഉടനീളം ലൂക്കാച്ചിൻറെ പ്രവർത്തനങ്ങൾ സംശയാസ്പദമാണ്.ലെസ്സക് കൊളക്കോവ്‌സ്‌കിയുടെ വിഖ്യാതമായ Main Currents of Marxism ലൂക്കാച്ചിന് വേണ്ടി ഒരു വലിയ അധ്യായം നീക്കി വച്ചിരിക്കുന്നത് തന്നെ,ശങ്കകൾ നില നിർത്തിക്കൊണ്ടാണ്.സ്റ്റാലിനിസ്റ്റ് എന്ന നിലയിൽ സ്വയം വിമർശനം നടത്തി താൻ എഴുതിയ History and Class Consciousness നെ തന്നെ സ്വയം തള്ളിപ്പറയുന്ന ലൂക്കാച്ചിനെ അതിൽ കാണാം.മാർക്‌സിസ്റ്റ്‌ ലോകമിന്ന് കൊണ്ടാടുന്ന പുസ്‌തകം അതാണ്.കമ്മ്യൂണിസത്തിലേക്ക് മതം മാറുമ്പോൾ എഴുതിയ വാചകങ്ങളാണ്,തുടക്കത്തിൽ ഉദ്ധരിച്ചത്.കൊലയെ ന്യായീകരിച്ചാണ് അതിൽ എത്തിയത്.പാപത്തിന് അനുമതി നൽകുന്നതിനാൽ ബോൾഷെവിസം മനഃസാക്ഷിക്ക് വിരുദ്ധമാണ് എന്ന് അൽപം മുൻപ് എഴുതിയ ലേഖനം ലൂക്കാച്ച് തിരുത്തുകയായിരുന്നു.ഉദ്ധരണിയിൽ പറയുന്ന ജൂഡിത്ത്, ജർമ്മൻ കവിയും നാടക കൃത്തുമായ ക്രിസ്ത്യൻ ഫ്രഡറിക് ഹെബ്ബലിന്റെ ആദ്യ ദുരന്ത നാടകമാണ്.
ലൂക്കാച്ച് 
ഹംഗറിയിൽ രണ്ടു മന്ത്രിസഭകളിൽ ലൂക്കാച്ച് അംഗമായിരുന്നു;1919 ൽ 133 ദിവസം മാത്രം സോവിയറ്റ് ഹംഗറി റിപ്പബ്ലിക് എന്നൊരു പരീക്ഷണം നില നിന്നിരുന്നു.പാർട്ടി ജനറൽ സെക്രട്ടറി ബേല കുൻ നിയന്ത്രിച്ച മുന്നണി മന്ത്രി സഭ.അതിൽ വിദ്യാഭ്യാസ ഉപമന്ത്രി ആയിരുന്നു ലൂക്കാച്ച്;വർഷങ്ങൾ കഴിഞ്ഞ് 1956 ൽ ജനം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറന്തള്ളിയപ്പോൾ, വിമതനായ ഇoറെ നാഗി രൂപീകരിച്ച മന്ത്രി സഭയിൽ സാംസ്‌കാരിക മന്ത്രിയും ആയിരുന്നു.രണ്ടു വള്ളത്തിൽ കാലു വച്ച് നിന്ന ഒരാൾ.ഉന്മൂലനത്തെ 1919 ൽ അംഗീകരിച്ചയാൾ -അത് ലെനിൻ നടപ്പാക്കിയ ചുവപ്പ് ഭീകരതയുടെ കാലമായിരുന്നു.

ധനിക ജൂത ബാങ്കറുടെ മകനായ ലൂക്കാച്ച് ( 1885 -1974 ) ബുഡാപെസ്റ്റിൽ തന്നെയാണ് പഠിച്ചത്.പിതാവിന് രാജാവ് പ്രഭു പദവി നൽകിയതിനാൽ,അത് ലൂക്കാച്ചിൻറെയും മുഴുവൻ പേരിനൊപ്പമുണ്ട് .ഇടത് പക്ഷ സോഷ്യൽ ഡെമോക്രാറ്റ് എർവിൻ സാബോ (  1877 -1918 ) യുടെ സ്വാധീനത്തിലുള്ള സോഷ്യലിസ്റ്റ് ഗ്രൂപ്പുമായി സ്‌കൂൾ കാലത്തു തന്നെ ബന്ധപ്പെട്ടു.സാബോ യാഥാസ്ഥിതിക മാർക്സിസ്റ്റ് ആയിരുന്നില്ല.അയാൾ വഴി ഫ്രഞ്ച് തത്വ ചിന്തകൻ ജോർജെസ് സൊറെൽ സ്വാധീനമായി.ദേശീയത ഒരു മിത്ത് എന്ന നിലയിൽ മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന അദ്ദേഹത്തിൻറെ ചിന്തയും അക്രമത്തിൻറെ ന്യായീകരണവും മാർക്സിസ്റ്റുകൾക്ക് ഇഷ്ടപ്പെട്ടു.ഇബ്‌സൻ,സ്ട്രിൻഡ്‌ബെർഗ്,ഹോപ്റ്റ് മാൻ എന്നിവരുടെ നാടകങ്ങൾ അവതരിപ്പിക്കാൻ സംഘമുണ്ടാക്കി.ബെർലിനിൽ പഠിക്കാൻ പോയപ്പോൾ സ്വാഭാവികമായും കാന്റിൻറെ ചിന്തകൾ ഒപ്പം കൂടി.ഹെയ്‌ഡൽബെർഗിൽ പഠിക്കുമ്പോൾ,മാക്‌സ് വെബറിനെയും ഏണസ്റ്റ് ബ്ലോക്കിനെയും പരിചയപ്പെട്ടു.ധനശാസ്ത്രത്തിലും പൊളിറ്റിക്‌സിലുമായിരുന്നു ആദ്യ ഡോക്‌ടറേറ്റ്‌.രണ്ടാമത്തേത് തത്വ ശാസ്ത്രത്തിൽ .1914 -18 ൽ,ഒന്നാം ലോകയുദ്ധ കാലത്ത്,ദസ്തയേവ്‌സ്‌കി,കീർക്കെഗാദ് എന്നിവരുടെ രചനകൾ ലൂക്കാച്ചിനെ പിടിച്ചുലച്ചു എന്ന് കാണുന്നു.വർഗ്ഗമോ സാമൂഹ്യ സാഹചര്യങ്ങളോ നിർണയിക്കാത്ത മനുഷ്യ ബന്ധങ്ങളെ വ്യാഖ്യാനിച്ച ദസ്തയേവ്‌സ്‌കിയിൽ നിന്ന് ഒരാൾ മാർക്സിസത്തിലേക്ക് പോവുക ദുരൂഹമാണ്.ദസ്തയേവ്‌സ്കിയെപ്പറ്റിയും കീർക്കെഗാദിനെയും പറ്റിയുള്ള  ലൂക്കാച്ചിന്റെ പ്രബന്ധങ്ങൾ  അപൂർണമായത്  ഇതുകൊണ്ടാകാം.വെബർ ഒന്നാം ലോകയുദ്ധത്തെ അനുകൂലിച്ചതിനാൽ,ലൂക്കാച്ച് അദ്ദേഹത്തെ നിരാകരിച്ചിരുന്നു.

1915 ൽ ബുഡാപെസ്റ്റിൽ മടങ്ങിയെത്തി.അവിടെ പൊതുവെ ഇടത് അന്തരീക്ഷം ഉണ്ടായിരുന്നെങ്കിലും,അത് ബോൾഷെവിസത്തോട് കൂറുണ്ടാക്കുന്ന വിധം ആയിരുന്നില്ല.അതിനാൽ 1918 ഒടുവിൽ പാർട്ടി ഉണ്ടായ ഉടൻ ലൂക്കാച്ച് അതിൽ ചേർന്നത് കൂട്ടുകാരെ അദ്‌ഭുതപ്പെടുത്തി.ഏതാനും നാൾ മുൻപ് ഏകാധിപത്യവും ഭീകരതയും വഴി സംഘർഷ രഹിത ഭാവി കെട്ടിപ്പടുക്കാൻ ആകാത്തതിനാൽ ബോൾഷെവിക്കുകൾക്ക് സാംഗത്യമില്ല എന്ന് ഏതാനും നാൾ മുൻപ് അയാൾ എഴുതുകയും ചെയ്‌തിരുന്നു.കണ്ടത്,അവസര വാദിയുടെ ഉദയമാണ്.യുദ്ധം കാരണം കമ്മ്യൂണിസമാണ് പോംവഴി എന്ന് ധരിച്ച ശുദ്ധാത്മാവ് ആണ് ലൂക്കാച്ച് എന്ന് കരുതാൻ ന്യായമില്ല.അന്ന് മുതൽ അയാൾ മോസ്‌കോയെ അനുസരിച്ചു.ഉന്മൂലനങ്ങൾ,ബേല കുനിൻറെ  ഉൾപ്പെടെ കണ്ടു തന്നെ വിനീത വിധേയനായി.

മൊത്തം ഹംഗറിയുടെ 23 % മാത്രം വരുന്ന ഹംഗേറിയൻ സോവിയറ്റ് റിപ്പബ്ലിക് സോവിയറ്റ് വിപ്ലവത്തിൻറെ പ്രത്യാഘാതമായിരുന്നു.ഫ്രാൻസിൽ നിലവിൽ വന്ന പാരീസ് കമ്മ്യൂൺ 1871 മാർച്ച് 18 മുതൽ മെയ് 28 വരെ 71 ദിവസം മാത്രം നിന്നു.ഹംഗറി സോവിയറ്റ് റിപ്പബ്ലിക് 1919 മാർച്ച് 21 മുതൽ ഓഗസ്റ്റ് ഒന്ന് വരെ മാത്രം നിന്നു.പഴയ,പുതിയ സംസ്‌കാരങ്ങൾ എന്ന വിഷയത്തിൽ ലൂക്കാച്ച് ഒരു ഹാൾ നിറഞ്ഞ ആൾക്കൂട്ടത്തോട് പ്രസംഗിക്കുമ്പോഴാണ്,സോവിയറ്റ് യൂണിയന് ശേഷം ഹംഗറിയിൽ വിപ്ലവം വന്നതെന്ന് ഹംഗറിയിലെ കവി ജോസഫ് നദാസ് എഴുതി-വിപ്ലവം ഭരണ കൂട അട്ടിമറി മാത്രമായിരുന്നു.ആ വാർത്ത പ്രസംഗത്തെ അപൂർണമാക്കി.

ഇതിൻറെ നാമമാത്ര പ്രസിഡൻറ് സാൻഡോർ ഗർബായ് ആയിരുന്നു;അധികാരം മുഴുവൻ വിദേശ മന്ത്രി ബേല കുൻ -ൻറെ കൈയിലും.റേഡിയോ ടെലിഗ്രാഫ് വഴി ലെനിനുമായി സദാ അയാൾ ബന്ധം പുലർത്തിയിരുന്നു.ലെനിൻ ഉത്തരവുകളും ഉപദേശങ്ങളും നൽകി.സോവിയറ്റ് യൂണിയൻ കഴിഞ്ഞാൽ വിപ്ലവം വഴി വന്ന അടുത്ത രാജ്യം ആയിരുന്നു,അത്.ബേല കുനിന്നെ 1938 ൽ ശുദ്ധീകരണ കാലത്ത് സ്റ്റാലിന്റെ പൊലീസ് വെടി വച്ച് കൊന്നു.


ഹോർത്തി 
സ്വകാര്യ സ്വത്ത് പൊതു ഉടമയിലാക്കി.ലെനിൻ പറഞ്ഞെങ്കിലും,ഭൂമി കർഷകർക്ക് വിതരണം ചെയ്‌തില്ല.മൊത്തം ഭൂമി കൂട്ടുകൃഷി കളം ആക്കാൻ തീരുമാനിച്ചു.ലെനിൻസ് ബോയ്‌സ് എന്ന ചെമ്പട ഉണ്ടാക്കി റഷ്യയിൽ നിന്ന് ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തു.ഗ്രാമങ്ങളിൽ കർഷക നികുതി നിർത്തി.പാർട്ടിയിൽ ഗ്രാമീണ,നഗര വിഭാഗങ്ങൾ അടിയായി.ജൂൺ 24 ന് കമ്മ്യൂണിസ്റ്റ് വിരുദ്ധർ അട്ടിമറി ശ്രമം നടത്തിയപ്പോൾ,ഉന്മൂലന കാലമായി.600 പേരെ അറസ്റ്റ് ചെയ്‌ത്‌ 370 പേരെ കൊന്നു.സെഗാദ് നഗരത്തിൽ റിയർ അഡ്‌മിറൽ മിക്‌ളോസ് ഹോർത്തിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ആയിരുന്നു ഭരണം.ചുവപ്പ് ഭീകരതയ്ക്ക് എതിരെ അവർ ശുഭ്ര ഭീകരത നടപ്പാക്കി.ജൂതരല്ലാത്ത ഗ്രാമീണരെ കൊന്നു.ബന്ദികളാക്കി പണം പിടുങ്ങി.5000 പേർ കൊല്ലപ്പെട്ടു.
ഹോർത്തിക്ക് എതിരെ സോഷ്യൽ ഡെമോക്രാറ്റുകളുമായി ചേർന്ന് പൊരുതുക എന്ന നയമായിരുന്നു ശരി.വിദ്യാഭ്യാസ ഉപമന്ത്രി ലൂക്കാച്ച് എന്നാൽ ഇതിനൊപ്പം നിൽക്കാതെ കുൻ ലൈനിനൊപ്പം നില കൊണ്ടു എന്ന് ലെസ്സക് കൊളക്കോവ്സ്കി (Main Currents of Marxism / Volume 3 ) എഴുതുന്നു.മുപ്പതുകളിൽ ആകട്ടെ,കുൻ മുന്നോട്ട് വച്ച സോഷ്യലിസ്റ്റ് ഫാഷിസത്തിനൊപ്പവും സ്റ്റാലിനിസ്റ്റ് ആയ ലൂക്കാച്ച് നിന്നു( Page 261). സോഷ്യൽ ഡെമോക്രസി ഫാഷിസത്തിലേക്കാണ്  പോകുന്നത് എന്ന വിഡ്ഢിത്തമാണ് ലൂക്കാച്ച് വാദിച്ചത്.സിഗ്‌മണ്ട് കുൻഫി ആയിരുന്നു വിദ്യാഭ്യാസ മന്ത്രി.
.അക്കാലത്ത് ലെനിൻ നേതൃത്വം  നൽകിയ ചുവപ്പ് ഭീകരതയുടെ വക്താവായിരുന്നു,ലൂക്കാച്ച് .1919 ഏപ്രിൽ 15 ന് നെപ്‌സാവ പത്രത്തിൽ അദ്ദേഹം എഴുതി:

The possession of the power of the state is also a moment for the destruction of the oppressing classes. A moment, we have to use.

അധികാരം പീഡക വർഗത്തെ നശിപ്പിക്കാനുള്ളതാണ്;അത് നാം പ്രയോഗിക്കണം.

മന്ത്രിയായിരുന്ന ലൂക്കാച്ച് ചെറിയ കാലത്ത് പലതും നടപ്പാക്കി:സ്വകാര്യ തിയറ്ററുകൾ പൊതു ഉടമയിലാക്കി.ബൂർഷ്വകൾ ബുക്ക് ചെയ്‌ത ടിക്കറ്റുകൾ തൊഴിലാളികൾക്ക് കൊടുത്തു.അദ്ദേഹത്തിൻറെ വകുപ്പ് ഇങ്ങനെ ഒരു തിട്ടൂരമിറക്കി:

From now on, the theater belongs to the people! Art will not anymore be the privilege of the leisurely rich. Culture is the rightful due of the working people.

തിയറ്ററുകൾ ഇനി ജനത്തിന്റേതാണ്.കല ഇനി ധനികരുടെ അവകാശമല്ല.സംസ്‌കാരം തൊഴിലാളിക്ക് കിട്ടേണ്ട അവകാശമാണ്. 
തൊഴിലാളി ബോക്‌സ് ഓഫിസുകൾ ഉണ്ടാക്കി ചെറിയ വിലയ്ക്ക് തൊഴിലാളിക്ക് ടിക്കറ്റ് കൊടുത്തു.നടന്മാരുടെ യൂണിയൻ ഉണ്ടാക്കി.പിന്നീട് ഡ്രാക്കുള ആയി അഭിനയിച്ച ബേല ലുഗോസി ഇതിലെ പ്രധാന പ്രവർത്തകൻ ആയിരുന്നു.

സ്വകാര്യ ശേഖരത്തിലെ അമൂല്യ ചിത്രങ്ങൾ പൊതു ഉടമയിലാക്കാൻ പട്ടിക തയ്യാറാക്കി.ബ്രൂഗലിന്റെ ഒരു ചിത്രത്തിന് ഒരു പ്രഭുവിൻറെ കൊട്ടാരം അരിച്ചു പെറുക്കി.ഇവ ജനത്തിന് പ്രദർശിപ്പിച്ചു.മുതിർന്ന തൊഴിലാളികൾക്ക് വിദ്യാഭ്യാസ പദ്ധതി വന്നു.മാർക്‌സ് -എംഗൽസ് തൊഴിലാളി സർവകലാശാല ഉണ്ടാക്കി,വിപ്ലവം  വന്നപ്പോൾ നിന്ന പ്രസംഗം അവിടെ പൂർത്തിയാക്കി.മത ഗ്രന്ഥങ്ങളുടെ സ്ഥാനത്ത് മാർക്‌സിസ്റ്റ്‌ പുസ്തകങ്ങൾ വന്നു -കാൽ മാൻഹീമിനെപ്പോലുള്ള ഇടതു ബുദ്ധിജീവികളെ പ്രൊഫസർമാരാക്കി.അംഗീകരിച്ച എഴുത്തുകാർക്ക് വേതനം കൊടുത്തു.ലൂക്കാച്ച് ഒരു മുദ്രാവാക്യം ഉണ്ടാക്കി:
Art is the end and politics is the means.
കല ലക്ഷ്യവും രാഷ്ട്രീയം മാർഗവുമാണ്.
മാർക്‌സിന്റെ മൂലധനം ആദ്യമായി ഹംഗറിയിൽ പരിഭാഷ ചെയ്‌തു.ദസ്തയേവ്‌സ്‌കി,ഷേക്‌സ്‌പിയർ കൃതികളും പരിഭാഷപ്പെടുത്തി.സഞ്ചരിക്കുന്ന ലൈബ്രറികൾ വന്നു.സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കി.തങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ഗുണ പാഠ കഥകൾക്ക് എന്ത് സംഭവിക്കുമെന്ന് കൂട്ടുകാരി അന ലെസ്നയ് ലൂക്കാച്ചിനോട് ചോദിച്ചു." അവ സത്യമാകും,കമ്മ്യൂണിസത്തിൽ കല്ലുകളും മരങ്ങളും സംസാരിക്കും", അയാൾ പറഞ്ഞു.ഒരു സാരോപദേശ കഥാ വിഭാഗമുണ്ടാക്കി അതിൻറെ ചുമതല അനയെയും ബേല ബലാസിനേയും ഏൽപിച്ചു.

ബുഡാപെസ്റ്റിലെ സോവിയറ്റ് ഹൗസിൽ ലൂക്കാച്ച് പലപ്പോഴും ചർച്ചയിൽ ആയിരുന്നു.അത്തരം ഒരു ചർച്ചയിൽ അയാൾ പറഞ്ഞു:
"നാം കമ്മ്യൂണിസ്റ്റുകൾ യൂദാസിനെ പോലെയാണ്.ക്രിസ്‌തുവിനെ ക്രൂശിക്കൽ നമ്മുടെ ചോര പുരണ്ട പണിയാണ്.ഈ പാപ കർമ്മം നമ്മുടെ ദൗത്യവുമാണ്:കുരിശിലെ മരണം വഴിയേ ക്രിസ്‌തു ദൈവമാകൂ;ലോകരക്ഷയ്ക്ക് അതാവശ്യവുമാണ്.എന്നിട്ട് നാം കമ്മ്യൂണിസ്റ്റുകൾ ലോക പാപങ്ങൾ ഏറ്റെടുക്കുന്നു-ലോക രക്ഷയ്ക്കായി."

റിപ്പബ്ലിക് വീണപ്പോൾ അണ്ടർ ഗ്രൗണ്ട് പ്രവർത്തനത്തിന് ബേല കുൻ ലൂക്കാച്ചിനെ നിയോഗിച്ചു.കുപ്രസിദ്ധനായിക്കഴിഞ്ഞ തന്നെ പിടിച്ച് ഉന്മൂലനം ചെയ്യാനാണ് ഇതെന്ന് ലൂക്കാച്ച് ശങ്കിച്ചു. ഗേറിയൻ റെഡ് ആർമി അഞ്ചാം ഡിവിഷൻ കമ്മിസാർ ആയ അയാൾ,1919 മെയിൽ പൊറോസ്ലോയിൽ സ്വന്തം ഡിവിഷനിലെ എട്ട് സൈനികരെ കൊല്ലാൻ ഉത്തരവിട്ടു.വിയന്നയിലേക്ക് പലായനം ചെയ്‌ത അയാൾ അറസ്റ്റിലായെങ്കിലും തോമസ് മൻ അടക്കമുള്ള എഴുത്തുകാരുടെ അഭ്യർത്ഥന മാനിച്ച് മോചിപ്പിച്ചു.തോമസ് മൻ എഴുതിയ The Magic Mountain കേരളത്തിൽ വിഖ്യാതമാണ്;അതിലെ നാഫ്‌ത എന്ന കഥാപാത്രം ലൂക്കാച്ച് ആണ്.ആ നോവൽ വന്നത് 1924 ൽ.ദാവോസിൽ ശ്വാസകോശ രോഗ ചികിത്സയിലായിരുന്ന ഭാര്യയെ കണ്ട ശേഷം മൻ 1912 ൽ എഴുതി തുടങ്ങിയതാണ്,നോവൽ.യുദ്ധം വന്നപ്പോൾ യൂറോപ്യൻ മുതലാളിത്തത്തെ ഒന്ന് കൂടി വിലയിരുത്തി.കച്ചവട കുടുംബത്തിലെ ഹാൻസ് കസ്റ്റോർപ് ആണ് നായകൻ.കപ്പൽ നിര്മാണത്തിലേക്ക് കടക്കും മുൻപ് ദാവോസിൽ രോഗിയായ ബന്ധുവിനെ കാണുന്നു.അവിടെ വച്ചാണ് സ്വയം ക്ഷയ രോഗ ബാധിതൻ ആണെന്നറിയുന്നത്.അപ്പോൾ അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സമഗ്രാധിപത്യത്തെ അനുകൂലിക്കുന്ന ജെസ്വിറ്റ്‌ ആയി മതം മാറിയ ജൂതനാണ്,ലിയോ നാഫ്‌ത .

വിയന്നയിൽ അന്റോണിയോ ഗ്രാംഷിയെ പരിചയപ്പെട്ട ലൂക്കാച്ച്,തത്വ ശാസ്ത്രത്തിൽ ലെനിനിസം കലർത്തി.അതാണ് History and Class Consciousness എന്ന പുസ്തകം.1924 ലെ അഞ്ചാം കോമിന്റേൺ  കോൺഗ്രസിൽ ഗ്രിഗറി സിനോവീവ് ഈ പുസ്തകത്തെ ആക്രമിച്ചു.തൊഴിലാളി വർഗ സർവാധിപത്യം എന്ന ലെനിൻ ലൈനിന് എതിരെ ജനാധിപത്യ തൊഴിലാളി,കർഷക സർവാധിപത്യം എന്ന സിദ്ധാന്തം ലൂക്കാച്ച് കൊണ്ട് വന്നപ്പോൾ കോമിന്റേൺ തെറിയുടെ പൊങ്കാലയിട്ടു -സജീവ രാഷ്ട്രീയം ലൂക്കാച്ച് നിർത്തി.ബുദ്ധിജീവി ആയതിനാൽ വിരണ്ടു കാണും.ആ പുസ്‌തകം തൻറെ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നില്ല എന്ന് പല തവണ ലൂക്കാച്ച് ആവർത്തിച്ചു.പുസ്തകത്തിൽ എംഗൽസിനെ ലൂക്കാച്ച് എതിർത്തിരുന്നു.പ്രകൃതിയിലെ വൈരുധ്യാത്മകത എന്ന എംഗൽസിന്റെ വാദം വൈരുധ്യാത്മകത എന്ന ആശയത്തിന് തന്നെ വിരുദ്ധമാണ് എന്നായിരുന്നു വാദം;മാർക്‌സിസ്റ്റ് ജ്ഞാനശാസ്ത്രത്തിൻറെ സത്ത ''പ്രതിഫലനം ' ആണെന്ന ലെനിൻറെ വാദത്തെ നിരാകരിച്ചു.സിനോവീവ് അന്ന് കോമിന്റേൺ എക്സിക്യൂട്ടീവ് ചെയർമാൻ ആയിരുന്നു.സിനോവീവ് ലൂക്കാച്ചിൻറെ പുസ്തകം വായിച്ചിരുന്നോ എന്ന് തന്നെ ഉറപ്പില്ലായിരുന്നു.തുടർന്ന്  തത്വചിന്തകർ അബ്രാം  ഡെബോറിൻ,എൻ ലുപ്പോൾ,ലാസ്ലോ രുദാസ്‌ എന്നിവരും പുസ്തകത്തെ എതിർത്തു.

അന്ന് തന്നെ ലൂക്കാച്ച് സ്വയം വിമർശനം നടത്തിയോ എന്നറിയില്ല;1933 ൽ അതുണ്ടായി.പാളിച്ചകൾ നിറഞ്ഞതും പ്രതിലോമകരവുമാണ് പുസ്തകം എന്ന് ലൂക്കാച്ച് എഴുതി.കമ്മ്യൂണിസ്റ്റ് പരമ്പരയിൽ നിന്ന് പുസ്‍തകം അപ്രത്യക്ഷമായി.സ്റ്റാലിന്റെ മരണ ശേഷം മാത്രം പുനഃപ്രസിദ്ധീകരിച്ചു.ജർമനിയിലെ വിമത മാർക്സിസ്റ്റുകളെ പുസ്തകം സ്വാധീനിച്ചു.1925 ൽ ബുഖാറിൻറെ ചരിത്രപരമായ ഭൗതിക വാദ കൈപുസ്തകത്തെ ലൂക്കാച്ച് വിമർശിച്ചിരുന്നു.
ലൂക്കാച്ച് 1928 വരെ ഹംഗറി കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളിൽ വിവാദ സ്ഥാനത്തുണ്ടായിരുന്നു.ആ വർഷം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ ബദൽ രേഖ തയ്യാറാക്കി.ലൂക്കാച്ചിൻറെ തൂലികാനാമം ബ്ലും എന്നായിരുന്നു.രേഖ ബ്ലും സിദ്ധാന്തം എന്നറിയപ്പെട്ടു.ബേല കുനും അനുയായികളും ഉൾപ്പെട്ട ഭൂരിപക്ഷ ഗ്രൂപ് ഇതിനെ പിച്ചി ചീന്തി.ഇതിനെതിരെ കോമിന്റേൺ എക്സിക്യൂട്ടീവ് കമ്മിറ്റി ഹംഗറി കമ്മ്യൂണിസ്റ്റുകൾക്ക് തുറന്ന കത്ത് എഴുതി.1956 ൽ സ്റ്റാലിന് ശേഷം മാത്രം പ്രസിദ്ധീകരിച്ച ഈ സിദ്ധാന്തം വച്ചാണ്,ലൂക്കാച്ച് ഭക്തർ,അയാൾ സ്റ്റാലിന്റെ കാലത്തെ വ്യതിയാനങ്ങളെ എതിർത്തു എന്ന് സ്ഥാപിക്കാൻ ശ്രമിക്കാറ്.ഇതിൽ 1935 ൽ കോമിന്റേൺ അവസാന കോൺഗ്രസിൽ അംഗീകരിച്ച ജനകീയ മുന്നണി സിദ്ധാന്തം മുന്നോട്ട് വച്ചെന്നാണ് ന്യായം.അതിൽ കഥയില്ല.അത് തയ്യാറാക്കിയ ശേഷമുള്ള ശകാരം കേട്ട് കുഞ്ഞാടായി അയാൾ ജീവിച്ചതാണ്,ചരിത്രം.ഇരുപതുകളിൽ ബേല കുൻ മുന്നോട്ട് വച്ച നയത്തോട് ലൂക്കാച്ചിൻറെ എതിർപ്പ് പരിമിതമായിരുന്നു.ഹംഗറി റീജൻറ് ആയിരുന്ന ഭീകരൻ  ഹോർത്തിക്കെതിരെ സോഷ്യൽ ഡെമോക്രാറ്റുകളുമായി മുന്നണിക്ക് ലൂക്കാച്ച് വാദിച്ചില്ല.സോഷ്യൽ ഫാഷിസത്തെ ലൂക്കാച്ച് അനുകൂലിച്ചു.ജനാധിപത്യവും ഫാഷിസവും തമ്മിലല്ല,വർഗ്ഗവും വർഗ്ഗവും തമ്മിലാണ് പോരാട്ടം എന്ന് അയാൾ പറഞ്ഞു.തൊഴിലാളികളുടെയും കർഷകരുടെയും ഏകാധിപത്യം എന്ന വിചിത്ര സിദ്ധാന്തം അയാൾ കൊണ്ട് വന്നു.ഇതൊന്നും മോസ്‌കോയ്ക്ക് പിടിക്കുന്നത് ആയിരുന്നില്ല.ബ്ലും സിദ്ധാന്തം ഉന്മൂലനം മുന്നോട്ട് വയ്ക്കുന്നുവെന്ന് കോമിന്റേൺ ശകാരിച്ചു.പാർട്ടി പുറത്താക്കുമെന്ന് ഭയന്ന് ലൂക്കാച്ച് പിൻവാങ്ങി.അയാൾ എഴുത്തിൽ ഒതുങ്ങി.മുപ്പതുകളിലും രണ്ടാം ലോകയുദ്ധ കാലത്തും കാര്യമായി ഒന്നും എഴുതിയില്ല.

1930 മാർച്ചിൽ  ലൂക്കാച്ചിനെ മോസ്കോയിലേക്ക് വിളിച്ച് മാർക്സ് ഏംഗൽസ് ഇൻസ്റ്റിട്ട്യൂട്ടിന്റെ നിലവറയിൽ ഡേവിഡ് റിയാസനോവിനൊപ്പം ജോലി ചെയ്യാൻ ഉത്തരവായി.രണ്ടാം ലോകയുദ്ധം കഴിയും വരെ അവിടെ ബന്ദിയായി.സ്റ്റാലിന്റെ മഹാ ശുദ്ധീകരണ കാലത്ത്,താഷ്‌ക്കെന്റിൽ ആഭ്യന്തര പ്രവാസത്തിന് വിധിച്ചു.സോവിയറ്റ് യൂണിയനിലെ 80% ഹംഗറിക്കാരെയും ഉന്മൂലനം ചെയ്‌തിട്ടും ലൂക്കാച്ച് ജീവിച്ചു.അക്കാദമി ഓഫ് സയൻസസിൽ ജോലി നോക്കി.1945 ൽ ഹംഗറിക്ക് മടങ്ങിയ ശേഷം,ബേല ഹംവാസ്,ഇസ്തവൻ ബിബോ ലാജോസ് പ്രോഹസ്‌ക,കരോലി കേനറി തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഇതര ബുദ്ധിജീവികളെ ഹംഗേറിയൻ അക്കാദമിക ജീവിതത്തിൽ നിന്ന് നീക്കുന്നതിൽ ലൂക്കാച്ച് പങ്കു വഹിച്ചു.ബിബോയെയും മറ്റും തടവിലാക്കി കൈത്തൊഴിലുകൾ ചെയ്യിച്ചു.1955 -56 ൽ ഹംഗേറിയൻ റൈറ്റേഴ്‌സ് യൂണിയൻ ശുദ്ധീകരിക്കാൻ പാർട്ടി അയാളെ ഉപയോഗിച്ചു.
സ്റ്റാലിൻ ലൈൻ ഉപഗ്രഹ രാജ്യങ്ങളിൽ ശക്തമായപ്പോൾ ലൂക്കാച്ചിനെ വെറുതെ വിട്ടില്ല.1949 ലാണ് ഹംഗറിയിൽ ഇത് പ്രത്യക്ഷപ്പെട്ടത്.അവിടത്തെ സാംസ്‌കാരിക ഏകാധിപതിയായ ജെ റീവൈ,ആക്രമണത്തിന് മുന്നിൽ നിന്നു.അപ്പോഴും ലൂക്കാച്ച്,പി ഗോവിന്ദ പിള്ളയെപ്പോലെ,പാർട്ടിക്ക് തല കുനിച്ചു.പുസ്തകങ്ങൾ വന്നത് ജർമനിയിലാണ് -ലൂക്കാച്ച് എഴുതിയിരുന്നത് ജർമൻ ഭാഷയിൽ ആയിരുന്നു.പാർട്ടി അവയെ സംശയത്തോടെ കണ്ടു.നൂറു ശതമാനം മാർക്‌സിസ്റ്റ്‌ ആണോ എന്ന സംശയം.
ലൂക്കാച്ച്,പഴയ കാലം 

സ്റ്റാലിന്റെ മരണ ശേഷം 1956 ൽ ക്രൂഷ്ചേവ് അയാളുടെ  ചെയ്തികളെ നിരാകരിച്ചപ്പോഴാണ് ഹംഗറിയിൽ സോവിയറ്റ് ഉപഗ്രഹ സർക്കാരിനെതിരെ ജന വിപ്ളവം  പൊട്ടിപ്പുറപ്പെട്ടത്.ഒക്ടോബർ കലാപങ്ങളുടെ ആദ്യ ഘട്ടത്തിൽ വിമതർ ജയിച്ചപ്പോൾ,ഇoറെ നാഗി പ്രധാനമന്ത്രി ആയി.ബഹുകക്ഷി സമ്പ്രദായം വാഗ്‌ദാനം ചെയ്ത അദ്ദേഹം നിഷ്‌പക്ഷത പ്രഖ്യാപിച്ച് യു എൻ സഹായം തേടി.ആഗോള സംഘർഷത്തിന് പാശ്ചാത്യ ശക്തികൾ തയ്യാറായില്ല.1956 നവംബർ നാലിന് വിപ്ലവം അടിച്ചമർത്താൻ സോവിയറ്റ് സേന ഹംഗറിയിൽ എത്തി.സ്ഥാനഭ്രഷ്ടനായ നാഗിയെ 1958 ൽ തൂക്കി കൊന്നു.അദ്ദേഹത്തോടൊപ്പം മന്ത്രി ആയിരുന്ന ലൂക്കാച്ച് കഷ്ടിച്ച് രക്ഷപ്പെട്ടു.നാഗിക്കൊപ്പം യൂഗോസ്ലാവ് എംബസിയിൽ അഭയം തേടിയ ലൂക്കാച്ചിനെയും നാഗിക്കൊപ്പം സോവിയറ്റ് യൂണിയൻ രോമണിയയ്ക്ക് അയയ്ക്കുകയായിരുന്നു.അവിടെ സോവിയറ്റ് ചാരന്മാർ ചോദ്യം ചെയ്‌തു.
ലൂക്കാച്ചിൻറെ പ്രതിമ 
സോവിയറ്റ് വിരുദ്ധമായ 1956 ലെ നാഗി സർക്കാരിൽ ലൂക്കാച്ച് മന്ത്രി ആയത് അത് നില നിൽക്കും എന്ന വിശ്വാസം കൊണ്ടാകണം.Budapest Diary യിൽ ലൂക്കാച്ച് പറയുന്നത് സോവിയറ്റ് അനുകൂല പുത്തൻ പാർട്ടിക്കായി താൻ നിലകൊണ്ടു എന്നാണ്.ബലപ്രയോഗം ഒഴിവാക്കി,പ്രേരണ പ്രയോഗിക്കണം.
നവ വിപ്ലവം അലസിയ ശേഷം പാർട്ടി  അയാളെ വിശ്വസിച്ചില്ല.അറുപതുകളിലും എഴുപതുകളിലും അയാളുടെ അനുയായികളെ രാഷ്ട്രീയ കുറ്റ കൃത്യങ്ങളിൽ പെടുത്തി.ചിലർ അമേരിക്കയ്ക്ക് പോയി.1957 ൽ ബുഡാപെസ്റ്റിൽ മടങ്ങിയെത്തി,പൊതു വേദികൾ വിട്ട് ലൂക്കാച്ച് വീട്ടിൽ കഴിഞ്ഞു .അപ്പോഴും പാർട്ടിക്കാർ പൊങ്കാലയിട്ടു;പഴയ ശിഷ്യൻ ജെ സിഗെറ്റി അതിന് മുന്നിൽ നിന്നു.പാർട്ടി അംഗത്വം ലൂക്കാച്ച് പുതുക്കാൻ ആവശ്യപ്പെട്ടെങ്കിലും പാർട്ടി വഴങ്ങിയില്ല.അയാൾ സ്വയം വിമര്ശനത്തിന് തയ്യാറായില്ല.ഒരഭിമുഖത്തിൽ ലൂക്കാച്ച് പറഞ്ഞു:
ഏറ്റവും മോശം സോഷ്യലിസം ഏറ്റവും മികച്ച മുതലാളിത്തത്തേക്കാൾ നല്ലതാണ്.

കാലാവസ്ഥ മാറിയിരുന്നു.1967 ൽ പാർട്ടിയിൽ തിരിച്ചെടുത്തു.1964 ലും 69 ലും സോൾഷെനിത് സിനെ അനുകൂലിച്ച് എഴുതി -സോഷ്യലിസ്റ്റ് റിയലിസത്തിൻറെ പുതിയ വക്താവ് എന്നാണ് കണ്ടത്.തിയഡോർ അഡോണോ,അൽത്തൂസർ ,ലൂസിയോ കോളേറ്റി,ഹാബെർമാസ് തുടങ്ങിയ  മാർക്‌സിസ്റ്റ്‌ ചിന്തകർ അപ്പോഴും ലൂക്കാച്ചിനെ  സ്റ്റാലിനിസ്റ്റ് എന്ന് തന്നെ വിളിച്ചു.അതാണ് ശരി-സ്വന്തം സേനയിലെ എട്ട് ഭടന്മാരെ ഉന്മൂലനം ചെയ്‌തവനാണ് ലൂക്കാച്ച്.കമ്മ്യൂണിസ്റ്റ് ആയിരിക്കുമ്പോൾ മനുഷ്യത്വം കൈമോശം വരും.2017 ജനുവരി 25 ന് ബുഡാപെസ്റ്റ് സിറ്റി കൗൺസിൽ ലൂക്കാച്ചിൻറെ പ്രതിമ സെൻറ് ഇസ്തവാൻ പാർക്കിൽ നിന്ന് നീക്കി.

ആത്മീയത ഇല്ലാത്ത എഴുത്തുകാർ പൊള്ളയാണെന്ന് മികച്ച രചനകൾ വായിക്കുന്നവർക്ക് അറിയാം.മനുഷ്യ ബന്ധങ്ങൾ പോലും ലൂക്കാച്ചിന് നില നിർത്താൻ ആയില്ല.ആത്മഹത്യയെപ്പറ്റി ആലോചിച്ചിരുന്നു.കണ്ണിൽ മരണ തിളക്കമുള്ള കോടീശ്വരൻ.സമഗ്ര പാപത്തിൻറെ കാലത്ത്,ആത്മീയ ഗേഹം കാണാനാകാതെ പുതിയ പ്രഭാതം ആഗ്രഹിച്ചവൻ.ഒക്ടോബർ വിപ്ലവത്തിന് തൊട്ടു മുൻപ് ദസ്തയേവ്‌സ്‌കിയുടെ നോവലുകൾ അങ്ങനെ ഒരു കാലം വിളംബരം ചെയ്യുന്നുവെന്ന് കണ്ട്,The Theory of the Novel എഴുതി.പുതിയ പ്രഭാതം കാത്ത് പാർട്ടിയിൽ ചേർന്ന് ജീവിതം പാപ പങ്കിലമാക്കി.


Wednesday, 21 August 2019

വിധവ നടത്തിയ വിപ്ലവം

ആഭ്യന്തര മന്ത്രിയെ പാർട്ടി കൊന്നു

ഹംഗറിയിലെ കമ്യൂണിസ്റ്റ് ക്രൂരതയ്ക്ക് എതിരായ പോരാട്ടവും അതിനെതിരെ നടന്ന ജന വിപ്ലവവും ഒരു വിധവയുടെ കണ്ണീരിൽ കുതിർന്ന പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരു കാലത്ത് പാർട്ടിയിലെ കരുത്തരായ ദമ്പതിമാരായിരുന്നു,ലാസ്ലോ റൈക്കും ഭാര്യ ജൂലിയയും.നാൽപതാം വയസ്സിലാണ്,ആഭ്യന്തര മന്ത്രിയായ റൈക്കിനെ പാർട്ടി ഉന്മൂലനം ചെയ്‌തത്‌.ദുഃഖം മനുഷ്യർക്ക് എല്ലാം മനസ്സിലാകുന്ന ഭാഷ ആയതിനാൽ,പിൽക്കാലത്ത് ഭർത്താവിന് മാന്യമായ ശവമടക്ക് അവർ പാർട്ടിയിൽ നിന്ന് പിടിച്ചു വാങ്ങി.കേരളത്തിൽ വിഖ്യാതനായ നോവലിസ്റ്റ് മിലൻ കുന്ദേര പറഞ്ഞത്,കമ്യൂണിസത്തിന് എതിരായ പോരാട്ടം,മറവിക്ക് എതിരായ പോരാട്ടം ആണെന്നാണ്;അത് നടത്തേണ്ടത്,ഓർമ്മയുടെ കരുത്ത് കൊണ്ടാണ്.
സോവിയറ്റ് ഉപഗ്രഹ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉന്മൂലനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ രാജ്യമാണ് ഹംഗറി;ചെക്കോസ്‌കോവാക്യയിലെ പാർട്ടി ഉന്മൂലനങ്ങൾ നടപ്പാക്കിയത്,1949 ൽ ഹംഗറി ആഭ്യന്തര,വിദേശ മന്ത്രി ആയിരുന്ന ലാസ്ലോ റൈക്കിനെ ( Lazlo  Rajk ) പാർട്ടി ജനറൽ സെക്രട്ടറി മത്യാസ് റാക്കോസി കൊന്നത് മാതൃക ആക്കിയാണ്.റാക്കോസിക്ക് മാതൃക സ്റ്റാലിൻ ആയിരുന്നു.ഒരാളെ പിടിച്ച് വിരുദ്ധൻ എന്ന് മുദ്ര കുത്തുക;നിഴൽ വിചാരണ ചെയ്‌ത്‌ കഴിവതും അന്ന് തന്നെ കൊല്ലുക.ജനറൽ സെക്രട്ടറിക്ക് കഴിവ് കൊണ്ട് ഭീഷണി ആകുന്നവനായിരിക്കും മിക്കവാറും ജീവൻ പോകുക.

റൈക് ( 1909 -1949 ) നല്ല സംഘാടകൻ ആയിരുന്നു;അയാളാണ് കെ ജി ബി മാതൃകയിൽ രാജ്യ രക്ഷാ അതോറിട്ടി ( എ വി എച്ച് ) ഉണ്ടാക്കിയത്.ജർമൻ പാരമ്പര്യമുള്ള കുടുംബത്തിലെ 11 മക്കളിൽ ഒൻപതാമൻ.രാഷ്ട്രീയ കാരണങ്ങളാൽ കോളജിൽ നിന്ന് പുറത്താക്കി,കെട്ടിട നിർമാണ തൊഴിലാളി ആയി.1936 ലെ സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തിൽ ഐക്യമുന്നണിയുടെ ഭാഗമായി പങ്കെടുത്തു.പതിമൂന്നാം ഇൻറർനാഷനൽ ബ്രിഗേഡിൽ റാക്കോസി ബറ്റാലിയൻ കമ്മിസാർ ആയിരുന്നു.റിപ്പബ്ലിക്കൻ സ്പെയിൻ വീണപ്പോൾ ഫ്രാൻസിൽ തടവുകാരനായി 1941 ൽ ഹംഗറിയിൽ തിരിച്ചെത്തി,അണ്ടർ ഗ്രൗണ്ട് പാർട്ടി സെക്രട്ടറി ആയി.അതിൻറെ സി സി അംഗം.1944 ൽ വലതു പക്ഷ,നാസി അനുകൂല ആരോ ക്രോസ് പാർട്ടി അയാളെ അറസ്റ്റ് ചെയ്‌ത്‌ സോപോറോൻ കോനിട ജയിലിൽ കൊല്ലാൻ കൊണ്ട് പോയി.ഫാഷിസ്റ്റ് അണ്ടർ സെക്രട്ടറിയായ ജ്യേഷ്ഠൻ എൻഡ്രെ ഇടപെട്ട് രക്ഷിച്ചു.1945 -46 ൽ ദേശീയ കൗൺസിൽ അംഗമായിരുന്നു.
ലാസ്ലോ റൈക് 
ആഭ്യന്തര മന്ത്രിയായത് 1946 മാർച്ചിലെ മുന്നണി സർക്കാരിൽ.പാർട്ടിക്ക് അയാൾ സ്വകാര്യ ആർമിയുണ്ടാക്കി.രഹസ്യ പൊലീസിനെ സംഘടിപ്പിച്ചു.ഫാഷിസത്തിന് എതിരായ നീക്കം എന്ന പേരിൽ മത സംഘടനകൾ,ദേശീയ സംഘടനകൾ എന്നിവയെ നിരോധിച്ചു.ഇവ 1500 എണ്ണം വരുമായിരുന്നു.നിഴൽ വിചാരണകൾ തുടങ്ങിയതും അയാൾ തന്നെ.1948 -49 ലാണ് വിദേശ കാര്യം ഏറ്റത്.തൻറെ അധികാരത്തിന്  ഭീഷണി എന്ന് കണ്ടാണ് റാക്കോസി,ആഭ്യന്തരത്തിൽ നിന്ന് നിന്ന് നീക്കിയത്.1949 മെയ് 30 ന് വ്യാജ കുറ്റങ്ങൾ ചാർത്തി അറസ്റ്റ് ചെയ്‌തു.ടിറ്റോ,ഹോർത്തി,സാമ്രാജ്യത്വം എന്നിവയുടെ ചങ്ങലക്കിട്ട പട്ടി എന്ന് അയാളെ പാർട്ടി വിളിച്ചു.1919 ൽ ചെറിയ കാലം സോവിയറ്റ് ഹംഗേറിയൻ റിപ്പബ്ലിക്ക് നില നിന്നപ്പോൾ അതിന് സ്വാധീനം ഇല്ലാത്ത നഗരങ്ങളിൽ ജൂതർ അല്ലാത്തവരെ കൊന്നൊടുക്കിയ അഡ്‌മിറലും റീജന്റും ആയിരുന്നു,ഹോർത്തി.

മുതലാളിത്തം തിരിച്ചു കൊണ്ട് വരാൻ ടിറ്റോയുടെ ചാരനായി എന്നാരോപിച്ച് റൈകിനെ വിചാരണ ചെയ്‌തു.കുറ്റം സമ്മതിച്ചാൽ വിടാം എന്ന് വാഗ്‌ദാനം നൽകി.സ്റ്റാലിൻ ചാരനെ അയച്ച് റാക്കോസിക്കൊപ്പം നിന്ന് വിചാരണ ഏകോപിപ്പിച്ചു.സെപ്റ്റംബർ 16 മുതൽ 24 വരെ ബുഡാപെസ്റ്റ് മെറ്റൽ എന്ജിനീറിംഗ് ട്രേഡ് യൂണിയൻ ഹാളിൽ ആയിരുന്നു വിചാരണ.അയാൾക്കൊപ്പം ഏഴ് സഹായികൾ കൂടി ഉണ്ടായിരുന്നു.റൈക്,ഡോക്റ്റർമാരായ റ്റിബോർ സോണിൽ,ആൻഡ്രസ് സലായ് എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചു.റൈകിനെ ഒക്ടോബർ 15 ന് തൂക്കിക്കൊന്നു.ദേശീയ അസംബ്ലി അംഗമായിരുന്നു,റ്റിബോർ.സലായ് സർക്കാർ ഉദ്യോഗസ്ഥനും.ലഫ്റ്റനൻറ് ജനറൽ ജിയോർഗി പാൽഫി,കേണൽ ബേല കൊറോണ്ടി എന്നിവരുടെ ശിക്ഷ പട്ടാളക്കോടതിക്ക് വിട്ട് വെടി വച്ച് കൊന്നു.കേസിൽ റൈകിനെ വിചാരണ ചെയ്‌തത്‌,പിൽക്കാലം പ്രധാന മന്ത്രി ആയ ജാനോസ് കാദർ ആയിരുന്നു.

സ്റ്റാലിനും യൂഗോസ്ലാവ് നേതാവ് ടിറ്റോയും 1948 ൽ പിരിഞ്ഞിരുന്നു.റൈക്കിനുള്ള ശിക്ഷ സ്റ്റാലിന്റെ ടിറ്റോ വിരുദ്ധ ഉന്മൂലനങ്ങൾക്ക് തുടക്കമിട്ടു.ഹംഗറിയിലെ മറ്റ് പാർട്ടികളുടെ മരണ മണിയും മുഴങ്ങി.ഉന്മൂലനത്തിൻറെ പ്രത്യാഘാതം മൂലധന വരവ് നിന്നു എന്നതാണ്.സാമ്പത്തിക രംഗം താറുമാറായി.ബുദ്ധിജീവികളെ കൈത്തൊഴിലിന് നിയോഗിച്ചു.

അമേരിക്കൻ നാടക കൃത്ത് റോബർട്ട് ആർഡ്രിയുടെ നാടകം,Shadow of Heroes ഈ വിചാരണയും തുടർന്നുള്ള രാഷ്‍ട്രീയവും ചർച്ച ചെയ്യുന്നു.നാടകത്തിൻറെ അവതരണം,സോവിയറ്റ് കസ്റ്റഡിയിൽ നിന്ന് റൈകിന്റെ ഭാര്യ ജൂലിയയെയും മകനെയും മോചിപ്പിക്കാൻ സഹായിച്ചു.1958 ഒക്ടോബർ ഏഴിന് ലണ്ടനിലെ പിക്കാഡില്ലി തിയറ്ററിലാണ് ആദ്യം അവതരിപ്പിച്ചത്.1944 ൽ തുടങ്ങുന്ന നാടകം രണ്ടാം ലോകയുദ്ധത്തിൽ പിടിയിലാകുന്ന ഇരുവരും ബെൽസൺ കോൺസൻട്രേഷൻ ക്യാമ്പിൽ എത്തുന്നു.

രണ്ടാം അങ്കം റൈക് ആഭ്യന്തര മന്ത്രിയായ 1949 ലാണ്.എല്ലാ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയ തരം ആഡംബര വസതി റൈക് നിരസിക്കുമ്പോൾ അയാൾ സഹപ്രവർത്തകരുമായി സംഘർഷത്തിൽ ആകുന്നു.അയാളുടെ നിരാസം അവരെ ലളിത ജീവിതം വേണ്ടെന്നു വച്ച ധൂർത്തരായി സമൂഹം കാണുമെന്ന പേടിയാണ് എതിരാളികൾക്ക്.ജൂലിയയുടെ പ്രസവ ശേഷം അയാൾ ആ വീട് സ്വീകരിക്കുന്നു.എങ്കിലും അറസ്റ്റിലാകുന്നു;മൂന്ന് ദിവസത്തിന് ശേഷം ജൂലിയയും അറസ്റ്റിൽ.

ആറാഴ്ച കഴിഞ്ഞാണ് മൂന്നാം അങ്കം.കൃത്രിമ കുറ്റ സമ്മതത്തിൽ അയാൾ ഒപ്പ് വയ്ക്കുന്നില്ല.അടുത്ത സുഹൃത്ത് ജാനോസ് കാദർ എത്തുന്നു.അയാൾ വാർത്താ വിനിമയ മന്ത്രിയാണ്.കുറ്റ സമ്മതത്തിൽ ഒപ്പിട്ടാൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സോവിയറ്റ് യൂണിയനിൽ കഴിയാമെന്ന് അയാൾ വിശ്വസിപ്പിക്കുന്നു.അത് ഒപ്പിട്ട റൈകിനെ തൂക്കി കൊല്ലുന്നു.
അടുത്ത അങ്കത്തിൽ,മോചിപ്പിക്കപ്പെട്ട ജൂലിയയോട്,താനാണ് റൈകിനെ ഒറ്റിയതെന്ന് കാദർ കുമ്പസാരിക്കുന്നു.അത് പാർട്ടിയുടെ നന്മയ്ക്കായിരുന്നുവെന്ന് അയാൾ പറയുന്നു.ക്രൂഷ്ചേവ് സ്റ്റാലിനെ നിരാകരിച്ച ശേഷം റൈകിന്റെ പുനരധിവാസം പ്രഖ്യാപിച്ചപ്പോൾ ജൂലിയ ഭർത്താവിന് ദേശീയ സംസ്‌കാരം ആവശ്യപ്പെടുന്നു;അത് അനുവദിക്കുന്നു.ആ സംഭവം പരസ്യമാക്കേണ്ടതില്ല എന്ന് സർക്കാർ തീരുമാനിക്കുന്നു.എന്നിട്ടും ലക്ഷങ്ങൾ പങ്കെടുത്ത ശവസംസ്‌കാര ചടങ്ങ്,കമ്മ്യൂണിസ്റ്റ് സർക്കാരിന് എതിരെ ജന വിപ്ലവത്തിന് പ്രേരണയാകുകയാണ്.ജന വിപ്ലവം വഴി വരുന്ന ഇoറെ നാഗി സർക്കാരിൻറെ കാലത്ത് ജൂലിയ സുരക്ഷിതയാണ് എന്ന് കരുതുന്നു -അങ്ങനെയല്ല,സോവിയറ്റ് ഭീഷണി വരുമെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകുന്നു.നാഗിയെ നീക്കി കാദറെ സോവിയറ്റ് യൂണിയൻ അവരോധിക്കുമ്പോൾ,അവർ യൂഗോസ്ലാവ് എംബസിയിൽ അഭയം തേടുകയാണ്.കാദർ അഭയം തേടിയവരെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുമ്പോൾ അവർ പുറത്തു വരുന്നു;പൊലീസ് പിടി കൂടി ജൂലിയ സോവിയറ്റ് കസ്റ്റഡിയിൽ ആകുമ്പോൾ നാടകം തീരുന്നു.
ജൂലിയയും മകനും സംസ്‌കാര ചടങ്ങിൽ ,1956 
കമ്മ്യൂണിസ്റ്റ് തൊഴിലാളി കുടുംബത്തിൽ നിന്നാണ് ജൂലിയ ( 1914 -1981 ) വന്നത്. പാർട്ടി വനിതാ വിഭാഗത്തിൽ പ്രവർത്തക ആയിരുന്നു.റൈകിന്റെ വിരുദ്ധ നയങ്ങളെ തുണച്ചതിന് അവർക്ക് അഞ്ചു കൊല്ലം ശിക്ഷ കിട്ടി.ജൂലിയ ഫോൾഡി എന്ന പേരിൽ ജനിച്ച അവരെ തടവിൽ നിന്ന് പാർട്ടി വിട്ടത് മിസിസ് ലാസ്ലോൺ ഗ്യോർക് ( Laszlone Gyork ) എന്ന പേരിലായിരുന്നു.മകൻറെ പേരും മാറ്റിയിരുന്നു -ചരിത്രത്തിൽ നിന്ന് ലാസ്ലോ റൈകിനെ തുടച്ചു നീക്കാൻ.ടി പി ചന്ദ്രശേഖരൻറെ വിധവ രമയെപ്പോലെ അസാമാന്യ കരുത്തുമായി അവർ പ്രതിസന്ധികളിൽ നിന്നു.1956 നവംബർ നാലിന് സോവിയറ്റ് ടാങ്കുകൾ ഹംഗറി വളഞ്ഞപ്പോൾ നാഗിക്കൊപ്പം അവർ യൂഗോസ്ലാവ് എംബസിയിൽ അഭയം തേടി;കൂട്ടത്തിൽ,സാംസ്‌കാരിക മന്ത്രി ആയിരുന്ന  സൈദ്ധാന്തികൻ ലൂക്കാച്ചും ഉണ്ടായിരുന്നു.റൊമാനിയയിലാണ് രണ്ടു കൊല്ലം സോവിയറ്റ് യൂണിയൻ ഇവരെ തടവിലിട്ടത്.അവിടന്ന് ജൂലിയ റൈക് ആയി തന്നെ മടങ്ങി.1958 ന് ശേഷം കരുത്തയായി നിന്ന് ബുദ്ധിജീവികൾക്ക് വേണ്ടിയും വേട്ടയാടപ്പെടുന്നവർക്ക് വേണ്ടിയും അവർ പാർട്ടി നേതൃത്വത്തോട് കലഹിച്ചു.ഹംഗറിയിലെ ആദ്യ സന്നദ്ധ സംഘടന അവരുടേതായിരുന്നു.ഭർത്താവിൻറെ ജീവന് കിട്ടിയ നഷ്ട പരിഹാരം മിടുക്കരായ സർവകലാശാലാ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉപയോഗിച്ചു.

സ്റ്റാലിന്റെ മരണശേഷം 1956 ൽ റൈക് പുനരധിവസിപ്പിക്കപ്പെട്ടു.പുനരധിവാസ പ്രഭാഷണം റാക്കോസിക്ക് വിനയായി.റൈകിനെ വക വരുത്തിയാണ് അയാൾ മറ്റ് ഉന്മൂലനങ്ങൾ നടത്തിയത്;റൈകിന്റേത് തെറ്റെങ്കിൽ മറ്റുള്ളവയും തെറ്റെന്ന് വന്നു.1956 ഒക്ടോബർ ആറിന് റൈകിനെ വീണ്ടും ശവമടക്കിയപ്പോൾ രണ്ടര ലക്ഷം   പേർ പങ്കെടുത്തു.ഈ സംഭവം ഹംഗറിയിലെ ജന വിപ്ലവത്തിന് വഴി വച്ചു.
അതിന് മുൻപ് ജൂണിൽ സോവിയറ്റ് പി ബി നിർദേശ പ്രകാരം റാക്കോസിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി.
ജയിൽ വളപ്പിനു പുറത്ത് ഭർത്താവിനെ മാന്യമായി അടക്കാൻ പ്രചാരണം നടത്തിയ ജൂലിയ 1956 ജൂൺ 18 ന് പാർട്ടിയുടെ തെറ്റുകളെ ഒരു പ്രസംഗത്തിൽ ചോദ്യം ചെയ്‌തു.1949 ന് ശേഷം ആദ്യമായി നടത്തുന്ന പ്രസംഗത്തിന് അവർ എഴുന്നേറ്റപ്പോൾ 10 മിനിറ്റ് ജനം കരഘോഷം മുഴക്കി.അവർ ചോദിച്ചു:

How is it possible that the reactionaries saw what the comrades failed to see? Where is the error in the system that allowed [people] not only to make mistakes, but also to commit grave crimes? Where is this error, which still exists? I must say that the people who now want to rehabilitate [the victims] are the same ones who sentenced them, who murdered them, and who sent them to the gallows.
വരട്ടുവാദികൾക്ക് കാണാൻ കഴിയുന്നത്,സഖാക്കൾക്ക് കാണാൻ കഴിയാത്തത് എന്ത് കൊണ്ടാണ് ? തെറ്റുകൾ മാത്രമല്ല,ഭീകരമായ ക്രൂരതകൾ  നടത്താൻ കഴിയുന്ന പിശക് പാർട്ടി സംവിധാനത്തിൽ എങ്ങനെ വന്നു ? ഇപ്പോഴും നിൽക്കുന്ന ഈ പിശക് എവിടെയാണ് ? ശിക്ഷിച്ചവർ തന്നെയാണ് ,കൊന്നവർ തന്നെയാണ് ,തൂക്കുമരത്തിലേക്ക് അയച്ചവർ തന്നെയാണ്  ഇപ്പോൾ പുനരധിവസിപ്പിക്കുന്നത്.

ജൂലിയയുടെ വാക്കുകൾ സോഫോക്ലിസിൻറെ ആന്റിഗണി  നാടകത്തിൽ, സഹോദരന്മാരുടെ മാന്യമായ ശവമടക്കിനു വേണ്ടി,ഈഡിപ്പസിൻറെ മകൾ ആന്റിഗണി ക്രയോൺ രാജാവിനോട് നടത്തിയ പോരാട്ടത്തെ ഓർമിപ്പിക്കുന്നു.സഹോദരന്മാർ എലിയോക്ലിസും പോളിനീസസും യുദ്ധത്തിൽ കൊല്ലപ്പെട്ടു.ക്രയോൺ,എലിയോക്ലിസിനെ മാത്രം അടക്കി,പോളിനീസസിന്റെ ജഡം വെറുതെ തള്ളാൻ ഉത്തരവിട്ടു.അതിനെയാണ് ആന്റിഗണി ചോദ്യം ചെയ്‌തത്‌.അപ്പോൾ പ്രവാചകനായ തൈറേഷ്യസ്, രാജാവിനോട് ചോദിച്ചു:

Never stab the fighter when he is down;
Where is the glory killing the dead twice over ?

വീണു കിടക്കുന്ന പോരാളിയെ കുത്തരുത്;മരിച്ചവനെ കൊല്ലുന്നതിൽ എന്ത് മഹത്വമാണ്?
രാവണൻ കൊല്ലപ്പെട്ടപ്പോൾ,അയാൾക്ക് ഒരു ചക്രവർത്തിക്ക് ചേർന്ന ശവദാഹം നൽകാനാണ്,ശ്രീരാമൻ പറഞ്ഞത്.കമ്മ്യൂണിസത്തിൽ,കൊന്നു കഴിഞ്ഞാലും,പോരാളിയെ 'കുലം കുത്തി' എന്ന് വിളിക്കും.

റൈക്കിന്റേയും ജൂലിയയുടെയും മകൻ ലാസ്ലോ റൈക് ജൂനിയർ 1990 ൽ ലിബറൽ പാർട്ടി സ്ഥാപക അംഗമെന്ന നിലയിൽ എം പി ആയി;ബുഡാപെസ്റ്റിൽ ഫിലിം ആർകിടെക്ച്ചർ പഠിപ്പിക്കുന്നു.

റാക്കോസി ( 1892 -1971 ) എക്കാലവും സ്റ്റാലിന്റെ പാവ ആയിരുന്നു.ആയിരക്കണക്കിന് ആളുകളെ അയാൾ കൊന്നൊടുക്കി.അയാളും ജൂതനായിരുന്നു.ഇന്നത്തെ സെർബിയയിൽ പല ചരക്ക് കച്ചവടക്കാരൻറെ എട്ടു മക്കളിൽ മൂത്തവൻ.സഹോദരൻ ഫെറൻസ് പാർട്ടിയിൽ ഉണ്ടായിരുന്നു എന്ന് മാത്രമല്ല,മത്യാസ് റാക്കോസി സ്റ്റീൽ ആൻഡ് മെറ്റൽ വർക്‌സ് ജനറൽ മാനേജരുമായിരുന്നു.ജനറൽ സെക്രട്ടറി ജീവിച്ചിരിക്കെ തന്നെ സ്ഥാപനങ്ങൾക്ക് സ്വന്തം പേരിടുന്നത്,വിനയം കൊണ്ടായിരിക്കും !

റാക്കോസി ഹാംബർഗിലും ലണ്ടനിലും പഠിച്ച നല്ല വിദ്യാർത്ഥി ആയിരുന്നു.ആദ്യ ലോകയുദ്ധത്തിൽ തടവുകാരനായി റഷ്യക്കാർ പിടിച്ചിരുന്നു.തിരിച്ചെത്തി ബേല കുൻ നയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ഭാഗമായി.133 ദിവസം മാത്രം നില നിന്ന 1919 ലെ സോവിയറ്റ് ഹംഗേറിയൻ റിപ്പബ്ലിക്കിൽ വാണിജ്യ ഉപ മന്ത്രി ആയിരുന്നു.സൈദ്ധാന്തികൻ ജിയോർഗി ലൂക്കാച്ച് വിദ്യാഭ്യാസ ഉപമന്ത്രി.സാൻഡോർ ഗർബായ് പ്രസിഡന്റായിരുന്നെങ്കിലും പാർട്ടി ജനറൽ സെക്രട്ടറി ബേല കുൻ ആയിരുന്നു ഭരണം.റിപ്പബ്ലിക് വീണപ്പോൾ സോവിയറ്റ് യൂണിയനിൽ എത്തി.1924 ൽ തിരിച്ചെത്തി പിടിയിലായി.1940 ൽ സോവിയറ്റ് യൂണിയനിലേക്ക് നാട് കടത്തി.കോമിന്റേൺ അംഗമായി.1945 ൽ ഹംഗറിയിലെ പാർട്ടി സംഘടിപ്പിക്കാൻ സ്റ്റാലിൻ നിയോഗിച്ചു.അന്ന് മുതൽ 1956 വരെ ജനറൽ സെക്രട്ടറി.
റാക്കോസി 
1946 -47 ൽ താൽക്കാലിക പ്രധാന മന്ത്രി.അത് വരെ മുന്നണി സർക്കാരുകൾ ആയിരുന്നു.1947 ൽ റാക്കോസിക്ക് ജനാധിപത്യം മടുത്തു.1948 ൽ സോവിയറ്റ് സഹായം അനിവാര്യമായതിനാൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ലയിച്ചു.റാക്കോസി ഏകാധിപതി ആയി.സ്റ്റാലിന്റെ നല്ല ശിഷ്യൻ എന്ന് സ്വയം അവകാശപ്പെട്ടു.വ്യക്തി പൂജയ്ക്ക് നിന്ന് കൊടുത്തു.1948 -56 ൽ മൂന്നര ലക്ഷം ഉദ്യോഗസ്ഥരെയും ബുദ്ധി ജീവികളെയും ഉന്മൂലനം ചെയ്‌തു എന്നാണ് കണക്ക്.1952 ൽ പ്രധാന മന്ത്രിയും ആയി.1953 ൽ സോവിയറ്റ് പി ബി നിർദേശ പ്രകാരം ആ സ്ഥാനം ഇoറെ നാഗിക്ക് വിട്ടു കൊടുത്തു.നാഗിയുടെ ഉദാരവൽക്കരണത്തെ റാക്കോസി എതിർത്തു.1955 മാർച്ച് ഒൻപതിന് സി സി നാഗിയെ വലതു വ്യതിയാനത്തിന് ശാസിച്ചു.ഏപ്രിൽ 18 ന് പുറത്താക്കി.ഹംഗറി സ്റ്റാലിൻ പാതയിൽ തിരിച്ചെത്തി.

റാക്കോസി ജനറൽ സെക്രട്ടറി ആയിരിക്കെ പുറത്താക്കിയ പ്രമുഖരിൽ ഇoറെ നാഗി,ജാനോസ് കാദർ,ആഭ്യന്തര മന്ത്രി സാൻഡോർ സോൾഡ്,വിദേശ മന്ത്രി ക്ലെമെന്റിസ്,പാർട്ടി സെക്രട്ടറി സ്റ്റാൻസ്‌കി,മിലാദ ഹൊറോക്കോവ ,ഗ്യുല കല്ലായ് എന്നിവർ ഉൾപ്പെടുന്നു.

1956 മാർച്ചിൽ സ്റ്റാലിൻ മരിച്ചതോടെ റാക്കോസിയും പെരുവഴിയിലായി.സ്റ്റാലിനെ പിച്ചി ചീന്തി പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് പ്രസംഗിച്ചതിന് പിന്നാലെ,റാക്കോസിയെ ജൂണിൽ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കി.ഏണോ ഗിറോ വന്നു.ചികിത്സക്കെന്ന മട്ടിൽ സോവിയറ്റ് പി ബി അയാളെ സോവിയറ്റ് യൂണിയനിലേക്ക് കൊണ്ട് പോയി.കിർഗിസ്ഥാനിലായി വാസം.1970 ൽ മരണത്തിനു മുൻപ് ,രാഷ്ട്രീയത്തിൽ  ഇടപെടില്ല എന്ന് വാക്ക് നൽകിയാൽ ഹംഗറിക്ക് വിടാമെന്ന് സോവിയറ്റ് യൂണിയൻ പറഞ്ഞു.റാക്കോസി നിരാകരിച്ചു.ഗോർക്കിയിൽ 1971 ഫെബ്രുവരി അഞ്ചിന് മരിച്ചു.മരണ ശേഷം ചിതാ ഭസ്‌മം സ്വകാര്യമായി ഹംഗറിയിലെ ഫർക്കസെട്രി സെമിത്തേരിയിൽ അടക്കി,കല്ലറയിൽ ഇനിഷ്യലുകൾ മാത്രമേ കൊത്തിയുള്ളൂ-മുഴുവൻ പേരു വച്ചാൽ ഏതു കാലത്തും ജനാധിപത്യ വാദികൾ ആക്രമിക്കാം.

See https://hamletram.blogspot.com/2019/08/blog-post_21.html


ബേല കുനിനെ സ്റ്റാലിൻ കൊന്നു

ട്രോട് സ്‌കിയിസ്‌റ്റ് എന്ന് മുദ്ര കുത്തി 

ഹംഗറിയിൽ 133 ദിവസം മാത്രം നീണ്ട ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ 1919 ൽ ഉണ്ടായിരുന്നു.മൊത്തം ഹംഗറിയുടെ 23 % മാത്രം വരുന്ന ഹംഗേറിയൻ സോവിയറ്റ് റിപ്പബ്ലിക് സോവിയറ്റ് വിപ്ലവത്തിൻറെ പ്രത്യാഘാതമായിരുന്നു.ഫ്രാൻസിൽ നിലവിൽ വന്ന പാരീസ് കമ്മ്യൂൺ 1871 മാർച്ച് 18 മുതൽ മെയ് 28 വരെ 71 ദിവസം മാത്രം നിന്നു.ഹംഗറി സോവിയറ്റ് റിപ്പബ്ലിക് 1919 മാർച്ച് 21 മുതൽ ഓഗസ്റ്റ് ഒന്ന് വരെ മാത്രം നിന്നു.
ഇതിൻറെ നാമമാത്ര പ്രസിഡൻറ് സാൻഡോർ ഗർബായ് ആയിരുന്നു;അധികാരം മുഴുവൻ വിദേശ മന്ത്രി ബേല കുൻ -ൻറെ കൈയിലും.റേഡിയോ ടെലിഗ്രാഫ് വഴി ലെനിനുമായി സദാ അയാൾ ബന്ധം പുലർത്തിയിരുന്നു.ലെനിൻ ഉത്തരവുകളും ഉപദേശങ്ങളും നൽകി.സോവിയറ്റ് യൂണിയൻ കഴിഞ്ഞാൽ വിപ്ലവം വഴി വന്ന അടുത്ത രാജ്യം ആയിരുന്നു,അത്.ബേല കുനിന്നെ 1938 ൽ ശുദ്ധീകരണ കാലത്ത് സ്റ്റാലിന്റെ പൊലീസ് വെടി വച്ച് കൊന്നു.1919 ലെ സർക്കാരിൽ വിദ്യാഭ്യാസ ഉപമന്ത്രി ആയിരുന്നു.കേരളത്തിൽ അറിയപ്പെടുന്ന മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജിയോർഗ് ലൂക്കാച്ച്.
സ്റ്റാലിൻ കൊന്നാൽ,കൊല്ലപ്പെട്ടയാൾ ജൂതനാണോ എന്ന് കൂടി നോക്കണം;ബേല കുൻ ജൂതൻ തന്നെ.
ബേല കുൻ,1937 
ബേല കോൻ എന്ന് ശരിപ്പേരുള്ള കുൻ ( 1886 -1938 ),വിപ്ലവം പാളിയപ്പോൾ സോവിയറ്റ് യൂണിയനിലേക്ക് പോയി.കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലിൽ 1920 മുതൽ ക്രിമിയൻ സമിതി തലവനായിരുന്നു.1920 -21 ൽ ക്രിമിയയിൽ ചുവപ്പ് ഭീകരത നടപ്പാക്കി.1921 ൽ ജർമനിയിൽ അലസിയ വിപ്ലവത്തിലും പങ്കെടുത്തു.
ഇന്നത്തെ റൊമാനിയയിലെ ഹൊദോദിൽ ജൂത ഗ്രാമ ക്ലർക്കിൻറെ മകനായി ജനനം.ജൂത പാരമ്പര്യമുള്ള അമ്മ പ്രൊട്ടസ്റ്റൻറ് ആയി മാറിയിരുന്നു.സാൻഡോർ പെറ്റോഫി എന്ന കവിയെപ്പറ്റി എഴുതി സ്‌കൂളിൽ സാഹിത്യ സമ്മാനം വാങ്ങി.കോൻ,കുൻ ആയി മാറ്റിയത്,ഹംഗറി സംസ്‌കാരം ഏറ്റെടുത്തപ്പോൾ ആയിരുന്നു.സാമൂഹ്യ സമ്മർദം.ഒന്നാം ലോകയുദ്ധത്തിന് മുൻപ് പത്രപ്രവർത്തകൻ.സാമൂഹ്യ ഇൻഷുറൻസ് ബോർഡിൽ ജോലിയിൽ ഇരിക്കെ പണം വെട്ടിച്ചു.വഴക്കാളി ആയിരുന്നു.സംഗീത അധ്യാപികയെ കെട്ടി.

സുഹൃത്തും കവിയുമായ എൻഡ്രെ അഡിയാണ് ഇടത് ബുദ്ധിജീവികൾക്ക് പരിചയപ്പെടുത്തിയത്.ഒന്നാം ലോകയുദ്ധത്തിൽ റഷ്യ പിടിച്ച് യുറാലിൽ കൊണ്ടുപോയപ്പോൾ കമ്മ്യൂണിസ്റ്റ് ആയി.1917 ലെ വിപ്ലവത്തെ അയാൾ ആത്മീയ സാക്ഷാൽക്കരമായി കണ്ടു.റഷ്യക്കാരെ പുച്ഛം ആയതിനാൽ കമ്മ്യൂണിസം ഹംഗറി പോലെ പരിഷ്ക്കൃത സമൂഹത്തിനാണ് കൂടുതൽ ചേരുക എന്ന് തോന്നി.1918 മാർച്ചിൽ അയാൾ കൂടി ചേർന്ന് മോസ്‌കോയിൽ  ഹംഗേറിയൻ പാർട്ടി ഉണ്ടാക്കി.ലെനിനെക്കാൾ തീവ്രതയുള്ള ഗ്രിഗറി സിനോവീവ്,കാൾ റാഡെക് എന്നിവർക്ക് ചുറ്റുമായിരുന്നു,കുനും മത്യാസ് റാക്കോസിയും ഇറ്റലിക്കാരൻ ഉംബെർട്ടോ തെരസിനിയും.ലെനിൻ ഇവരെ കുനെറിസ്റ്റുകൾ എന്ന് വിളിച്ചു.റഷ്യൻ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ ഹംഗറിയിൽ വിപ്ലവത്തിന് പദ്ധതിയിട്ടു.നിരവധി ഹംഗേറിയൻ കമ്മ്യൂണിസ്റ്റുകളും റഷ്യ കൊടുത്ത വൻ തുകയുമായി 1918 മാർച്ചിൽ ഹംഗറിയിൽ എത്തി.
ബേല കുൻ,1919 
യുദ്ധക്കെടുതിയിൽ ആയിരുന്നു ഹംഗറി.അഭയാർത്ഥികൾ പ്രവഹിച്ചു.പണപ്പെരുപ്പം.ഭക്ഷ്യ ക്ഷാമം,തൊഴിൽ ഇല്ലായ്‌മ.ഒക്ടോബറിൽ ജമന്തി വിപ്ലവം വഴി കമ്മ്യൂണിസ്റ്റ് പാർട്ടിയുള്ള മുന്നണി സർക്കാർ വന്നു.നവംബർ നാലിന് ഹംഗറി പാർട്ടി കുൻ സ്ഥാപിച്ചു.സോഷ്യൽ ഡെമോക്രാറ്റ് പ്രസിഡൻറ് കൗണ്ട് മിഹലി കരോലിക്കെതിരെ കുൻ പ്രചാരണം നടത്തി.ടെലഗ്രാഫ് വഴി ലെനിനോട് സൈനിക സഹായം ചോദിച്ചെങ്കിലും കിട്ടിയില്ല.1919 മാർച്ച് 19 ന്  ഹംഗേറിയൻ സേന നിന്നിടത്തു നിന്ന് കുറേക്കൂടി പിന്നിലേക്ക് പോകാൻ ഫ്രഞ്ച് ലഫ് കേണൽ ഫെർനാൻഡ് വിക്‌സ് പദ്ധതി വന്നപ്പോൾ ജനം ക്ഷുഭിതരായി.സഖ്യ കക്ഷികൾക്കെതിരെ അതിർത്തി പ്രശ്‍നം ആളിക്കത്തി.പ്രസിഡൻറ് രാജി വച്ചു.സോഷ്യൽ ഡെമോക്രാറ്റുകൾക്ക് അധികാരം കൈമാറി.

കുൻ അറസ്റ്റിലായി.ജയിലിൽ നിന്ന് പാർട്ടിയെ നിയന്ത്രിച്ചു.റഷ്യയുടെ സഹായം വേണം എന്നതിനാൽ ജയിലിൽ എത്തി ഭരണക്കാർ കുനിനെ കണ്ടുകൊണ്ടിരുന്നു.ആഭ്യന്തര യുദ്ധത്തിൽ മുഴുകിയ റഷ്യൻ സേന വരുമായിരുന്നില്ല.സോഷ്യൽ ഡെമോക്രാറ്റുകളും കമ്മ്യൂണിസ്റ്റുകളും ലയിച്ച് ഒറ്റപ്പാർട്ടി ആയി റിപ്പബ്ലിക് ഉണ്ടാക്കാൻ കുൻ നിർദേശിച്ചു.മാർച്ച് 21 ന് റിപ്പബ്ലിക് പ്രഖ്യാപിച്ചു.ലയിച്ചു.കുൻ മോചിതനായി വിദേശ മന്ത്രി ആയി.ഭൂരിപക്ഷം മന്ത്രി സ്ഥാനം പഴയ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് തന്നെയായിരുന്നു.33 കമ്മിസാർ ( മന്ത്രി ) മാരിൽ 14 കമ്മ്യൂണിസ്റ്റുകൾ.
കുൻ ലെനിനോട് പറഞ്ഞു:

My personal influence in the Revolutionary Governing Council is such that the dictatorship of the proletariat is firmly established, since the masses are backing me.
എൻറെ സ്വാധീനത്താൽ,തൊഴിലാളി വർഗ സർവാധിപത്യം വന്നു.

സ്വകാര്യ സ്വത്ത് പൊതു ഉടമയിലാക്കി.ലെനിൻ പറഞ്ഞെങ്കിലും,ഭൂമി കർഷകർക്ക് വിതരണം ചെയ്‌തില്ല.മൊത്തം ഭൂമി കൂട്ടുകൃഷി കളം ആക്കാൻ തീരുമാനിച്ചു.ലെനിൻസ് ബോയ്‌സ് എന്ന ചെമ്പട ഉണ്ടാക്കി റഷ്യയിൽ നിന്ന് ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തു.ഗ്രാമങ്ങളിൽ കർഷക നികുതി നിർത്തി.പാർട്ടിയിൽ ഗ്രാമീണ,നഗര വിഭാഗങ്ങൾ അടിയായി.ജൂൺ 24 ന് കമ്മ്യൂണിസ്റ്റ് വിരുദ്ധർ അട്ടിമറി ശ്രമം നടത്തിയപ്പോൾ,ഉന്മൂലന കാലമായി.600 പേരെ അറസ്റ്റ് ചെയ്‌ത്‌ 370 പേരെ കൊന്നു.സെഗാദ് നഗരത്തിൽ റിയർ അഡ്‌മിറൽ മിക്‌ളോസ് ഹോർത്തിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ആയിരുന്നു ഭരണം.ചുവപ്പ് ഭീകരതയ്ക്ക് എതിരെ അവർ ശുഭ്ര ഭീകരത നടപ്പാക്കി.ഗ്രാമീണരെ കൊന്നു.ബന്ദികളാക്കി പണം പിടുങ്ങി.5000 പേർ കൊല്ലപ്പെട്ടു.

ഹോർത്തിക്ക് എതിരെ സോഷ്യൽ ഡെമോക്രാറ്റുകളുമായി ചേർന്ന് പൊരുതുക എന്ന നയമായിരുന്നു ശരി.വിദ്യാഭ്യാസ ഉപമന്ത്രി ലൂക്കാച്ച് എന്നാൽ ഇതിനൊപ്പം നിൽക്കാതെ കുൻ ലൈനിനൊപ്പം നില കൊണ്ടു എന്ന് ലെസ്സക് കൊളക്കോവ്സ്കി (Main Currents of Marxism / Volume 3 ) എഴുതുന്നു.മുപ്പതുകളിൽ ആകട്ടെ,കുൻ മുന്നോട്ട് വച്ച സോഷ്യലിസ്റ്റ് ഫാഷിസത്തിനൊപ്പവും സ്റ്റാലിനിസ്റ്റ് ആയ ലൂക്കാച്ച് നിന്നു( Page 261). സോഷ്യൽ ഡെമോക്രസി ഫാഷിസത്തിലേക്കാണ്  പോകുന്നത് എന്ന വിഡ്ഢിത്തമാണ് ലൂക്കാച്ച് വാദിച്ചത്.സിഗ്‌മണ്ട് കുൻഫി ആയിരുന്നു വിദ്യാഭ്യാസ മന്ത്രി.

ഓഗസ്റ്റ് ഒന്നിന് റിപ്പബ്ലിക് കട പൂട്ടി.സഖ്യ കക്ഷികൾക്കെതിരെ പിടിച്ചു നിൽക്കാൻ ആകുമായിരുന്നില്ല.റൊമാനിയ ഹംഗറിയെ ആക്രമിച്ചു കൊണ്ടിരുന്നു.യുക്രൈനിൽ തോറ്റതിനാൽ റെഡ് ആർമി റൊമാനിയൻ അധിനിവേശം വേണ്ടെന്നു വച്ചു.റൊമാനിയ ഹംഗേറിയൻ റിപ്പബ്ലിക്കിനെ ഇല്ലാതാക്കി.ബേല കുൻ വിയന്നയിലേക്ക് പോയി.പിന്നെ ഹംഗറിക്ക് മടങ്ങിയില്ല.മോസ്‌കോയിൽ എത്തി സോവിയറ്റ് പാർട്ടിയിൽ ചേർന്നു.ക്രിമിയയിൽ ബേല കുനും റൊസാലിയ സെംലിയാച് ക യും ചേർന്ന് 50,000 ബോൾഷെവിക് വിരുദ്ധരെ കൊന്നു.

സിനോവീവിൻറെ സുഹൃത്ത് എന്ന നിലയിൽ കോമിന്റേണിൽ കുൻ കരുത്തനായി.1921 മാർച്ചിൽ ജർമനിയിൽ പോയി അവിടത്തെ പാർട്ടിയോട് വിപ്ലവത്തിന് നിർദേശിച്ചു.ഓഗസ്റ്റ് താൽഹൈമർ,പോൾ ഫ്രോലിക് തുടങ്ങിയ സൈദ്ധാന്തികർ തുണച്ചു.മധ്യ ജർമനിയിൽ 27 ന് ഖനിത്തൊഴിലാളികളെ തുണച്ച് നടത്തിയ മാർച്ച് ആക്ഷൻ അലസി.കുനിന്നെ അത് ഏൽപിച്ചതിൽ ലെനിൻ സ്വയം കുറ്റപ്പെടുത്തി;ഇതിന് ചുമതലപ്പെട്ട സമിതി യോഗത്തിൽ കുൻ കാട്ടിയതൊക്കെ വിഡ്ഢിത്തം എന്ന് വിമർശിച്ച് ലെനിൻ ക്ഷുഭിതനായി.സമിതിയിൽ നിന്ന് അയാളെ നീക്കിയില്ല.
സിനോവീവിന് ലെനിൻ എഴുതി:

The final analysis of things shows that Levi was politically right in many ways. The thesis of Thallheimer and Béla Kun is politically totally false. Phrases and bare attending, playing the radical leftist.

രഹസ്യ നീക്കങ്ങൾക്ക് കുൻ പിന്നീട് ഉപയോഗിക്കപ്പെട്ടില്ല.
കുൻ ( ഇടത്തെ അറ്റം ) ട്രോട് സ്‌കിക്കൊപ്പം,1920 
വ്യാജ പാസ്‌പോർട്ടിൽ സഞ്ചരിക്കുമ്പോൾ 1928 ൽ അയാളെ വിയന്നയിൽ അറസ്റ്റ് ചെയ്‌തു.മോസ്‌കോയിൽ തിരിച്ചെത്തി നിരവധി ഹംഗറി കുടിയേറ്റക്കാരെ അയാൾ ഒറ്റിക്കൊടുത്തു.1928 -35 ൽ അയാൾ സോഷ്യൽ ഫാഷിസത്തെ തുണച്ചു.1934 ൽ കോമിന്റേൺ ഏഴാം കോൺഗ്രസിന് സോഷ്യൽ ഫാഷിസം നീക്കി ജനകീയ മുന്നണി നയം സ്വീകരിക്കുന്ന അജണ്ട തയ്യാറാക്കാൻ പറഞ്ഞത് അയാൾക്ക് പിടിച്ചില്ല.ആ നയം അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ അയാൾക്ക് പാർട്ടി കറുത്ത പുള്ളി തൊട്ടു.അയാളുടെ ഏകാധിപത്യ ശൈലി അയാളെ ഒറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.ആ അവസ്ഥയിൽ കോമിന്റേണിലെ തൻറെ മുഖ്യ ശത്രു ദിമിത്രി മാനുയിൽസ്‌കി ട്രോട് സ്കിയിസ്റ്റാണെന്ന് കുൻ ചാര സംഘടനയെ അറിയിച്ചു;കുൻ ട്രോട് സ്കിയിസ്റ്റാണെന്ന് മാനുയിൽസ്‌കിയും അറിയിച്ചു.കുൻ ട്രോട് സ്‌കി പക്ഷത്താണെന്ന് മുദ്ര കുത്തി 1937  ജൂൺ 28 ന് അറസ്റ്റ് ചെയ്‌തു.പിന്നെ എന്ത് പറ്റിയെന്ന് ഏറെക്കാലം അറിഞ്ഞില്ല.അയാൾ ഒരിക്കലും മടങ്ങിയില്ല.


സോവിയറ്റ് യൂണിയൻ വീണ് ആർകൈവ്സ് തുറന്നപ്പോൾ വിവരം കിട്ടി -പ്രതിവിപ്ലവ ഭീകര സംഘടന ഇയാൾ ഉണ്ടാക്കിയെന്ന്,1938 ഓഗസ്റ്റ് 29 ന് ചോദ്യം ചെയ്യലിനും പീഡനത്തിനും ശേഷം മൂന്നംഗ ജൂറി വിലയിരുത്തി.അന്ന്  തന്നെ വധശിക്ഷ നടപ്പാക്കി.
1956 ൽ സ്റ്റാലിന്റെ മരണശേഷം കുൻ -നെ പുനരധിവസിപ്പിച്ചപ്പോൾ,അയാൾ 1939 നവംബർ 30 ന് ജയിലിൽ മരിച്ചെന്നാണ് സോവിയറ്റ് യൂണിയൻ ഹംഗറിയെ അറിയിച്ചിരുന്നത്.
യുദ്ധശേഷം നിലവിൽ വന്ന ഹംഗറിയിലെ സോവിയറ്റ് പാവ സർക്കാരിനെ നയിച്ച മത്യാസ് റാക്കോസി,കുനിന്റെ പഴയ സുഹൃത്ത് ആയിരുന്നു.

See https://hamletram.blogspot.com/2019/08/blog-post_20.html


Tuesday, 20 August 2019

ഡ്യുബ്‌ചെക്, കടക്കു പുറത്ത് !

പ്രാഗ് വസന്തം കൊഴിയുന്നു

The struggle of man against power is the struggle of memory against forgetting.
—Milan Kundera
കേരളത്തിൽ അറിയപ്പെടുന്ന നോവലിസ്റ്റ് മിലൻ കുന്ദേരയുടെ നോവലുകളിലെ രാഷ്ട്രീയത്തിൽ,ചെക്കോസ്ലോവാക്യൻ  കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ  നടുക്കുന്ന ഉന്മൂലനമുണ്ട്. പ്രാഗ് വസന്തത്തിന് മുൻപ്, അവിടെ  വരണ്ട കാലമായിരുന്നു.

അലക്‌സാണ്ടർ ഡ്യൂബ്ചെക്കിന് കീഴിൽ ചെക്കോസ്ലോവാക്യയിൽ 1968 ൽ ഉദാരവൽക്കരണം നടപ്പാക്കിയ ചെറിയ ഘട്ടമാണ്,പ്രാഗ് വസന്തം.ജനുവരി അഞ്ചിന് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായ അദ്ദേഹം പത്രങ്ങൾക്ക് സ്വാതന്ത്ര്യം നൽകി.സ്റ്റാലിൻ കാലത്തെ ശുദ്ധീകരണത്തിൽ പെട്ട ഇരകളെ പാർട്ടിയിൽ തിരിച്ചെടുത്തു.ഏപ്രിലിൽ പ്രഖ്യാപിച്ച പരിഷ്‌കരണത്തിൽ സ്ലോവാക്യയ്ക്ക് സ്വയംഭരണം നൽകി.പൗര സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ ഭരണഘടന പരിഷ്‌കരിക്കുമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും ഉറപ്പ് നൽകി.സോവിയറ്റ് യൂണിയനും വാഴ്സ ഉടമ്പടി രാജ്യങ്ങളും ഇതിനെ പ്രതി വിപ്ലവമായി കണ്ടു;ഓഗസ്റ്റ് 20 വൈകിട്ട് സോവിയറ്റ് സേന ചെക്കോസ്ലോവാക്യയെ കീഴടക്കി.സ്റ്റാലിനിസ്റ്റുകൾ ഭരണത്തിൽ തിരിച്ചെത്തി.പരിഷ്‌കാരങ്ങൾ ഇല്ലാതായി.ഡ്യുബ്‌ചെക്ക് പുറത്തായി.ബ്രഷ്നേവ് ആയിരുന്നു സോവിയറ്റ് പാർട്ടി സെക്രട്ടറി.

ക്രൂഷ്ചേവ് ഹംഗറിയിലും ബ്രഷ്നേവ് ചെക്കോസ്ലോവാക്യയിലും ചെയ്‌ത പോലുള്ള വൃത്തികേട് സ്റ്റാലിൻ ചെയ്‌തില്ല എന്നതാണ്,വാസ്‌തവം.ടിറ്റോ സോവിയറ്റ് നുകക്കീഴിൽ നിന്ന് പിരിഞ്ഞപ്പോൾ,സ്റ്റാലിൻ യുഗോസ്ലാവിയയെ ആക്രമിച്ചില്ല.
ഡ്യുബ്‌ചെക് 

ഡ്യുബ്‌ചെക് ( 1921 -1922 ) സ്ലോവാക്യയിൽ നിന്നുള്ളയാളായിരുന്നു.മൂന്ന് വയസിൽ കുടുംബം സോവിയറ്റ് യൂണിയനിലേക്ക് കുടിയേറി.ചെക്കോസ്ലോവാക്യയിൽ തൊഴിൽ ഇല്ലാത്തതിനാൽ സോഷ്യലിസം കെട്ടിപ്പടുക്കാൻ പോയതായിരുന്നു.12 വയസ് വരെ കിർഗിസ്ഥാനിൽ വളർന്നു.1923 -43 ൽ തൊഴിലാളികളുടെയും കര്ഷകരുടെയും നേതൃത്വത്തിൽ ഇന്റർഹെൽപോ എന്ന പേരിൽ പ്രവർത്തിച്ചിരുന്നു.അവിടെയായിരുന്ന കുടുംബം 1933 ൽ ഗോർക്കിയിലേക്ക് മാറി 1938 ൽ ചെക്കോസ്ലോവാക്യയിൽ തിരിച്ചെത്തി.

രണ്ടാം യുദ്ധകാലത്ത് ജോസഫ് ടിസോ നയിച്ച ഹിറ്റ്‌ലർ അനുകൂല സ്ലോവാക് ഭരണകൂടത്തിനെതിരെ നിന്നു.1944 ഓഗസ്റ്റിലെ കലാപത്തിൽ പങ്കെടുത്ത് രണ്ടു തവണ പരുക്കേറ്റു.സഹോദരൻ ജൂലിയസ് കൊല്ലപ്പെട്ടു.അപ്പോഴാണ് പാർട്ടിയിൽ ചേർന്നത്.1951 -55 ൽ ദേശീയ അസംബ്ലി അംഗമായി.1953 ൽ മോസ്‌കോ പൊളിറ്റിക്കൽ കോളജിൽ ചേർന്ന് അഞ്ചു കൊല്ലം പഠിച്ചു.അക്കാലത്ത് സ്ലോവാക് ശാഖ സി സി അംഗമായി.1962 ൽ പി ബി യിൽ.1958 ൽ തന്നെ ചെക്കോസ്ലോവാക്യൻ പാർട്ടി സി സി യിൽ എത്തി 1960 -62 ൽ സെക്രട്ടറി ആയിരുന്നു.1968 വരെ പാർലമെൻറ് അംഗം.

കമ്മ്യൂണിസ്റ്റ് പാർട്ടി ആകയാൽ വിഭാഗീയത വേണം.പാർട്ടി സ്ലോവാക് ശാഖയിലെ വിഭാഗീയതയിൽ 1963 ൽ കരോൾ ബാസിലേക്,പാവോൽ ഡേവിഡ് എന്നിവരെ പുറത്താക്കി.ഇവർ സ്റ്റാലിനിസ്റ്റുകളും ചെക്കോസ്ലോവാക്യൻ പാർട്ടി സെക്രട്ടറിയും രാജ്യത്തിൻറെ പ്രസിഡൻറുമായ അന്റോണിൻ നൊവോട്ടിനിയുടെ അനുയായികളും ആയിരുന്നു.പുത്തൻകൂറ്റ് കമ്മ്യൂണിസ്റ്റുകൾ സ്ലോവാക്യൻ പാർട്ടി പിടിച്ചു.പാർട്ടി പ്രസിദ്ധീകരണങ്ങളും കയ്യടക്കി.ഇവരുടെ നേതാവായിരുന്നു, ഡ്യുബ്‌ചെക്.

നൊവോട്ടിനി 

സ്ലോവാക് സ്വത്വം ഉയർത്തിപ്പിടിച്ച നേതാക്കൾക്കെതിരെ അൻപതുകളിൽ സ്റ്റാലിനിസ്റ്റ് വാൾ ഓങ്ങിയവനായിരുന്നു, നൊവോട്ടിനി. ബൂർഷ്വ ദേശീയവാദികൾ എന്ന് വിളിച്ച് ഗുസ്താവ് ഹുസാക്,വ്ളാദിമിർ ക്ലെമെന്റിസ് എന്നീ പ്രമുഖ നേതാക്കളെ ഇയാൾ ഒരരുക്കാക്കിയിരുന്നു. പി ജയരാജൻ കണ്ണൂരിൽ അഷ്ടമി രോഹിണി ശോഭായാത്ര നടത്തും പോലെ സ്ലോവാക് നേതാക്കൾ അവിടത്തെ ആഘോഷങ്ങൾ ഗംഭീരമാക്കി. പത്തൊൻപതാം നൂറ്റാണ്ടിലെ സ്ലോവാക് നവോത്ഥാന നേതാക്കൾ ലുഡോവിറ്റ് സ്‌തൂർ,ജോസഫ് മിലോസ്ലാവ് എന്നിവരുടെ നൂറ്റൻപതാം ജന്മ ദിനം, മാറ്റിക സ്ലൊവേൻസ്‌കയുടെ ജന്മശതാബ്‌ദി പോലുള്ളവ ഇവർ കൊണ്ടാടി.

ഹുസാക് പ്രാഗ് വസന്ത ശേഷം പ്രസിഡന്റാവുക മാത്രമല്ല, 1969 -87 ൽ പാർട്ടി സെക്രട്ടറിയും ആയിരുന്നു. ഇന്നത്തെ ബ്രാട്ടിസ്ലാവയിൽ ജനിച്ച ഗുസ്താവ് ദരിദ്രനായിരുന്നു. പിതാവിന് ജോലി ഉണ്ടായിരുന്നില്ല. നിയമവിദ്യാർത്ഥി ആയിരിക്കെ പാർട്ടി അംഗമായി. 1938 -45 ൽ പാർട്ടി നിരോധിച്ചിരുന്നു. 1944 ലെ സ്ലോവാക് കലാപ നേതാവായി. പി ബി അംഗമായിരുന്നു.

യുദ്ധശേഷം 1946 -50 ൽ സ്ലോവാക് ഭരണാധികാരി എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയെ നാമാവശേഷമാക്കി.അതിന് 1946 തിരഞ്ഞെടുപ്പിൽ സ്ലോവാക്യയിൽ 62% വോട്ട് കിട്ടിയിരുന്നു. ചെക്ക് ഭാഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു, ജയം.ഇത്രയും കൂറുകാട്ടിയ ഹുസാക്കിനെ 1950 ൽ നൊവോട്ടിനി പാർട്ടിയിൽ നിന്ന് പുറത്താക്കി. 1954 മുതൽ 60 വരെ ലിയോപോൾഡോവ് ജയിലിൽ കിടന്നു.അവിടെ നിന്ന് പാർട്ടിക്ക് നിരവധി അപ്പീലുകൾ നൽകി. നൊവോട്ടിനി മാപ്പ് കൊടുത്തില്ല -ഹുസാക് ഭരണം പിടിക്കുമെന്ന് ഏകാധിപതി പേടിച്ചു.

സ്റ്റാലിൻ മരിച്ചു വളരെ കഴിഞ്ഞ് 1963 ൽ മാത്രമാണ് പാർട്ടി അംഗത്വം തിരിച്ചു കൊടുത്തത്. നാലു വർഷം കഴിഞ്ഞപ്പോൾ ഇയാൾ നൊവോട്ടിനിയുടെ വലിയ വിമർശകനായി മാറിയിരുന്നു. ഡ്യുബ്‌ചെക് പ്രധാനമന്ത്രി ആയപ്പോൾ ഉപ പ്രധാനമന്ത്രി ആയി.
ഹുസാക് 

എഴുത്തുകാരൻ കൂടിയായിരുന്നു,മന്ത്രിയായ ക്ലെമെന്റിസ്.( 1902 -1952 ).1935 ൽ എം പി ആയ അദ്ദേഹം രണ്ടാം ലോകയുദ്ധത്തിന് മുൻപ് പാരിസിലേക്ക് കുടിയേറി.ഭാര്യ ലിഡ പാറ്റ് കോവ,ചെക് മോർട്ഗേജ് ബാങ്ക് ഡയറക്‌ടറുടെ മകളായിരുന്നു.1939 ൽ പോളണ്ടിനെ സംയുക്തമായി ആക്രമിക്കാനുള്ള സോവിയറ്റ് -ജർമനി ഉടമ്പടിയെ ക്ലെമെന്റിസ് വിമർശിച്ചത് പാർട്ടിക്ക് പിടിച്ചില്ല.പിന്നീട് ചെക് പ്രധാനമന്ത്രി ആയ വില്യം സിറോകി മോസ്‌കോയിൽ നിന്ന് പാരിസിൽ എത്തി ക്ലെമെന്റിസിന് എതിരെ പാർട്ടി തല അന്വേഷണം നടത്തി.

യുദ്ധകാലത്ത് ജയിലിൽ ആയി;മോചനശേഷം ലണ്ടനിൽ താമസിച്ച് യുദ്ധത്തിനെതിരെ റേഡിയോ പ്രഭാഷണങ്ങൾ നടത്തി. 1945 ൽ മടങ്ങി വിദേശകാര്യ ഉപമന്ത്രി.ജാൻ മസാരിക്കിനെ അട്ടിമറിച്ച് വിദേശമന്ത്രിയായി.1950 ൽ പാർട്ടി വ്യതിയാനം ആരോപിച്ച് പുറത്താക്കി.അതിർത്തി കടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്‌തു. ബൂർഷ്വ ദേശീയ വാദിയും ട്രോട് സ്‌കിയിസ്റ്റുമായി മുദ്ര കുത്തി 1952 ഡിസംബർ മൂന്നിന് തൂക്കി കൊന്നു.ചിതാഭസ്‌മം പ്രാഗിനടുത്ത് റോഡിൽ വിതറി.തടവിൽ നിന്ന് മോചിതയായ ഭാര്യ ലിഡയ്ക്ക് അദ്ദേഹം പുക വലിക്കാൻ ഉപയോഗിച്ച രണ്ട് പൈപ്പുകൾ മാത്രം കിട്ടി.

 മിലൻ കുന്ദേരയുടെ The Book of Laughter and Forgetting പറയുന്നത്, ഈ കഥയാണ്.

1948  ലെ ചിത്രം ;മായ്ച്ചത് വലത്ത് 

1948 ഫെബ്രുവരി 21 ലെ പ്രസിദ്ധമായ ചിത്രത്തിൽ,ക്ലെമെന്റിസ്,ക്ലെമെന്റ് ഗോട്ട് വാൾഡിനൊപ്പം നിൽക്കുന്നു -ഗോട്ട്വാൾഡ് പിന്നീട് ചെക് പ്രസിഡൻറായി.ക്ലെമെന്റിസിനെ കൊന്ന ശേഷം ഈ ചിത്രത്തിൽ നിന്ന് ഫൊട്ടോഗ്രഫർ കരൾ ഹയേക്കിനൊപ്പം,ക്ലെമെന്റിസിനെ മായ്ച്ചു കളഞ്ഞു.ഈ കഥ നോവലിൽ ഉണ്ട്.നോവലിലെ ആദ്യ ചെറിയ അധ്യായത്തിൽ കുന്ദേര എഴുതുന്നു:

“In February 1948, the Communist leader Klement Gottwald stepped out on the balcony of a Baroque palace in Prague to harangue hundreds of thousands of citizens massed in Old Town Square. That was a great turning point in the history of Bohemia. A fateful moment of the kind that occurs only once or twice in a millennium.
“Gottwald was flanked by his comrades, with Clementis standing close to him. It was snowing and cold, and Gottwald was bareheaded. Bursting with solicitude, Clementis took off his fur hat and set it on Gottwald’s head.
“The propaganda section made hundreds of thousands of copies of the photograph…
“Four years later, Clementis was charged with treason and hanged. The propaganda section immediately made him vanish from history and, of course, from all photographs. Ever since, Gottwald has been alone on the balcony. Where Clementis stood, there is only the bare palace wall. Nothing remains of Clementis but the fur hat on Gottwald’s head.”
തണുപ്പിൽ,തൊപ്പിയില്ലാതിരുന്ന ഗോട്ട്വാൾഡിന്, ക്ലെമെന്റിസ് സ്വന്തം രോമത്തൊപ്പി എടുത്തു കൊടുത്ത് ഗോട്ട്വാൾഡ് പ്രസംഗിക്കുന്നതാണ് ഒറിജിനൽ ചിത്രം. ക്ലെമെന്റിസ് ഇല്ലാതായപ്പോൾ,അയാളെ നീക്കിയതാണ് പാർട്ടി ചെയ്‌ത വലത്തെ ചിത്രം.
ക്ലെമെന്റിസ് 

ക്ലെമെന്റിസിനെ കൊന്ന സംഭവം,സ്റ്റാൻസ്‌കി വ്യാജ വിചാരണ (Stansky show trial) എന്നറിയപ്പെടുന്നു.അന്ന് വിചാരണ ചെയ്‌തത്‌, പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന റുഡോൾഫ് സ്റ്റാൻസ്‌കിയെയും ക്ലെമെന്റിസ് ഉൾപ്പെടെ മറ്റ് 13 പേരെയും ആയിരുന്നു.

യൂഗോസ്ലാവ് നേതാവ് ടിറ്റോയുടെ ലൈൻ ഇവർ സ്വീകരിച്ചുവെന്നും ജൂത രാഷ്ട്രത്തിനു ശ്രമിച്ചു എന്നുമായിരുന്നു, ആരോപണം. നവംബർ 20 നായിരുന്നു വിചാരണ. സ്റ്റാൻസ്‌കിയും ക്ലെമെന്റിസും ഉൾപ്പെടെ 11 പേരെ ഡിസംബർ മൂന്നിന് തൂക്കിക്കൊന്നു. മൂന്ന് പേർക്ക് ജീവപര്യന്തം. ജോസഫ് ഉർവലേക് എന്ന വ്യാജ വിചാരണാ വിദഗ്ദ്ധൻ ആയിരുന്നു പ്രോസിക്യൂട്ടർ. മിലാദ ഹൊറോകോവ (1901 -1950) യ്ക്ക് വധശിക്ഷ വാങ്ങിക്കൊടുത്തതും ഇയാൾ ആയിരുന്നു.

ചെക് പ്രസിഡൻറ് ക്ലെമെന്റ് ഗോട്ട്വാൾഡ് സ്ഥാനം പോകുമെന്ന് പേടിച്ച് ആത്മ സുഹൃത്ത് ആയിരുന്ന സ്റ്റാൻസ്‌കിയെ സ്റ്റാലിന്റെ നിർദേശ പ്രകാരം കൊല്ലുകയായിരുന്നു. സോവിയറ്റ് യൂണിയന് ഒപ്പമല്ല എന്ന് തോന്നിയ പാർട്ടിക്കാരെ, പ്രത്യേകിച്ച് ജൂതരെ വക വരുത്തി. സ്റ്റാൻസ്‌കി അന്ന് പാർട്ടിയിൽ രണ്ടാമൻ ആയിരുന്നു. വിവിധ ഗ്രൂപ്പുകൾക്കുള്ള സന്ദേശമായാണ് വിചാരണയ്ക്ക് ആളുകളെ എടുത്തത്. സ്വാബ്, റെയ്‌സിൻ എന്നിവർ നേരമ്പോക്കിന് കൊന്നിരുന്ന ഗുണ്ടകൾ ആയിരുന്നു.

സ്റ്റാൻസ്‌കിയും ഗോട്ട്വാൾഡും ക്ഷണിച്ചു വരുത്തിയ സോവിയറ്റ് ഉപദേഷ്ടാക്കൾ തന്നെയാണ് പട്ടിക തയ്യാറാക്കിയത്. 1949 സെപ്റ്റംബറിൽ ഹംഗറിയിൽ റാക്കോവ്‌സ്‌കി ആഭ്യന്തര മന്ത്രി ലാസ്ലോ റായ്ക്കിനെ (Laszlo Rajk) വിചാരണ ചെയ്‌ത്‌ കൊന്നതായിരുന്നു മാതൃക. സ്റ്റാൻസ്‌കി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

സ്റ്റാൻസ്‌കിക്കൊപ്പം, ക്ലെമെന്റിസിനെ കൂടാതെ, ധന ഉപമന്ത്രി ഓട്ടോ ഫിഷിൽ, പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ജോസഫ് ഫ്രാങ്ക് സാമ്പത്തിക സമിതി തലവൻ ലുഡ്വിക് ഫ്രയ്ക്ക പാർട്ടി രാജ്യാന്തര വിഭാഗം മേധാവി ബദ്രിക് ജെമിൻഡർ, വിദേശ വാണിജ്യ ഉപമന്ത്രി റുഡോൾഫ് മർഗോലിയാസ് ദേശീയ സുരക്ഷാ ഉപമന്ത്രി ബദ്‌റിച്ച് റെയ്‌സിൻ, റൂദ് പ്രാവോ എഡിറ്റർ ഓട്ടോ കാറ്റ്സ് (ആന്ദ്രേ സൈമൺ) ബിമോ മേഖല സെക്രട്ടറി ഓട്ടോ സ്റ്റിങ് ദേശീയ സുരക്ഷാ ഉപമന്ത്രി കരൾ സ്വാബ് എന്നിവരെയും തൂക്കിക്കൊന്നു.

സ്റ്റാൻസ്‌കി 

രണ്ടാം ലോകയുദ്ധത്തിന് ശേഷം ജനറൽ സെക്രട്ടറിയായ സ്റ്റാൻസ്‌കി (1901 -1952) കമ്മ്യൂണിസ്റ്റ് ഭരണത്തിന് വഴിയൊരുക്കിയവരിൽ പ്രധാനി ആയിരുന്നു. സ്റ്റാലിനും ടിറ്റോയും 1948 ൽ പിരിഞ്ഞ ശേഷം, ടിറ്റോയ്ക്ക് അടുത്ത് നിൽക്കും എന്ന് തോന്നിയ നേതാക്കളുടെ ഉന്മൂലനത്തിൽ പെട്ടതായിരുന്നു, സ്റ്റാൻസ്‌കിയുടെ കൊല. അയാൾ ജൂതനായിരുന്നു. 1929 ൽ അഞ്ചാം പാർട്ടി കോൺഗ്രസിൽ പി ബി യിൽ എത്തി. അപ്പോൾ ഗോട്ട്വാൾഡ് ജനറൽ സെക്രട്ടറി ആയി. 1935 ൽ ഇരുവരും ദേശീയ അസംബ്ലിയിൽ എത്തി. യുദ്ധകാലത്ത് മോസ്‌കോയ്ക്ക് പോയി. 1943 ൽ സ്റ്റാൻസ്‌കിയുടെ കുഞ്ഞ് നാദിയയെ ഒരു സ്ത്രീ തട്ടിക്കൊണ്ടു പോയി -സ്റ്റാലിൻ ഇടപെട്ടിട്ടും കിട്ടിയില്ല.സ്റ്റാൻസ്‌കിയും ഭാര്യയും റേഡിയോ മോസ്‌കോയിൽ ആയിരുന്നു.

യുദ്ധശേഷം 1946 ൽ ജനറൽ സെക്രട്ടറിയായി.ഗോട്ട്വാൾഡ് ചെയർമാൻ.തിരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രസിഡൻറ്. 1948 ഫെബ്രുവരി അട്ടിമറിയിൽ പാർട്ടി മൊത്തത്തിൽ ഭരണം പിടിച്ചു.രണ്ടു വർഷം കഴിഞ്ഞ് സ്റ്റാൻസ്‌കിയുടെ അനുയായികൾ ഓട്ടോ സ്ലിങ്, ബദ്‌റിച്ച് റെയ്‌സിൻ എന്നിവർക്കെതിരെ നടപടി എടുത്തു കൊണ്ടാണ് ഗോട്ട്വാൾഡ് ഉന്മൂലനം തുടങ്ങിയത്.

മിലാദ ഹോറോക്കോവയെ പാർട്ടി വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കൊന്നത്. മിലാദ ക്രാലോവ എന്ന് ശരിപ്പേര്. പതിനേഴു വയസിൽ യുദ്ധ വിരുദ്ധ പ്രകടനത്തിന് സ്‌കൂളിൽ നിന്ന് പുറത്താക്കി. 1938 ൽ ചെക്കോസ്ലോവാക്യ ഉണ്ടായപ്പോൾ നിയമ ബിരുദം നേടി. സാമൂഹ്യക്ഷേമ വകുപ്പിൽ ജോലി നേടി സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധിച്ചു. ജർമ്മനി 1939 ൽ ചെക്കോസ്ലോവാക്യ ആക്രമിച്ചപ്പോൾ ഒളിവ് പോരാട്ടം നടത്തി.ഭർത്താവിനൊപ്പം അറസ്റ്റിലായി. ജർമനിയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ മർദനമേറ്റു. എട്ടു കൊല്ലം ശിക്ഷ കിട്ടി. 1945 ൽ തിരിച്ചെത്തി സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന് ദേശീയ അസംബ്ലി അംഗമായി. 1948 ഫെബ്രുവരിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണകൂടത്തെ അട്ടിമറിച്ചതിനെ എതിർത്തു എം പി സ്ഥാനം രാജി വച്ചു. വിമർശകർ അമേരിക്കയ്ക്ക് പോകുന്ന വഴി നോക്കാതെ നാട്ടിൽ കഴിഞ്ഞു. 1949 സെപ്റ്റംബർ 27 ന് കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റം ചാർത്തി അറസ്റ്റ് ചെയ്‌തു.വിദേശ ശക്തികൾക്ക് ചാര പ്രവർത്തനം നടത്തി എന്ന് സമ്മതിപ്പിക്കാൻ പീഡിപ്പിച്ചു. 1950 മെയ് 31 ന് മിലാദയുടെയും 12 സഹായികളുടെയും വിചാരണ തുടങ്ങി. മിലാദ, ജാൻ ബുച്ചാൽ, ഓൾഡ്‌ഫിച് പെക്കിൽ, സാവിസ് കലാന്ദ്ര എന്നിവർക്ക് 1950 ജൂൺ എട്ടിന് വധശിക്ഷ നൽകി. ആൽബർട്ട് ഐൻസ്റ്റീൻ ഉൾപ്പെടെയുള്ളവരുടെ അപേക്ഷ കമ്മ്യൂണിസ്റ്റ് ഭരണകൂടം കേട്ടില്ല. അവരെ പാൻക്രാക് ജയിലിൽ ജൂൺ 27 ന് തൂക്കി കൊന്നു. അവരുടെ അവസാന വാക്കുകൾ:

I have lost this fight but I leave with honour. I love this country, I love this nation, strive for their well-being. I depart without rancour towards you. I wish you, I wish you...

ശത്രുവിനോട് പകയില്ലാതെ വിട എന്ന് അവർ പറഞ്ഞത്, മാർക്സിസത്തിൽ ഇല്ലാത്ത ആന്തരിക ജീവിതം അവർക്ക് ഉണ്ടായതിനാലാണ്.

മിലാദ 

സ്റ്റാൻസ്‌കിയെയും മിലാദയെയും ഉന്മൂലനം ചെയ്‌ത ക്ലെമെന്റ് ഗോട്ട്വാൾഡ് (1896 -1953) 1948 ൽ അട്ടിമറി വഴി സമ്പൂർണ കമ്മ്യൂണിസ്റ്റ് ഭരണം വന്ന ശേഷം മരണം വരെ പാർട്ടി ചെയർമാൻ ആയിരുന്നു.രാജ്യത്തിൻറെ പ്രസിഡന്റും. 1945 വരെ ജനറൽ സെക്രട്ടറി.1946 -48 ൽ മുന്നണി സർക്കാരിൽ പ്രധാനമന്ത്രി.സ്റ്റാലിന്റെ പാവ.

പാവം കർഷക തൊഴിലാളിയുടെ അവിഹിത സന്തതി. വിയന്നയിൽ ആശാരിയായിരുന്നു.ഭാര്യ മാർത്തയും ജാര സന്തതി ആയിരുന്നു. ഭാര്യ ഒരിക്കലും പാർട്ടിയിൽ ചേർന്നില്ല. 1929 ൽ ജനറൽ സെക്രട്ടറി ആയ ഗോട്ട്വാൾഡ്, 1946 ലെ മുന്നണി മന്ത്രിസഭ മറിച്ചിട്ടത്, മന്ത്രിസഭയിലെ ഭൂരിപക്ഷം, പാർട്ടിയുടെ ആഭ്യന്തര മന്ത്രി വാക്ലാവ് നോസെക്കിനോട് പൊലീസിനെ കമ്മ്യൂണിസ്റ്റുകളെക്കൊണ്ട് നിറയ്ക്കരുത് എന്ന് പറഞ്ഞപ്പോൾ ആയിരുന്നു. 1953 മാർച്ച് ഒൻപതിന് സ്റ്റാലിന്റെ ശവമടക്കിൽ പങ്കെടുത്ത് മടങ്ങിയ ഗോട്ട്വാൾഡിന്റെ ഒരു ഹൃദയ ധമനി പൊട്ടി -14 നായിരുന്നു മരണം.

ഇയാളുടെ പിൻഗാമിയായ നൊവോട്ടിനി (Novotny) യുമായാണ്, ഡ്യുബ്‌ചെക് ഉടക്കിയത്.

നൊവോട്ടിനി 1953 -68 ൽ ജനറൽ സെക്രട്ടറി ആയിരുന്നു; 1957 -68 ൽ പ്രസിഡന്റും. ചെറിയ പ്രായത്തിൽ കൊല്ലപ്പണി ചെയ്‌തു തുടങ്ങി.1937 ൽ മേഖലാ സെക്രട്ടറി. യുദ്ധകാലത്ത് കോൺസൻട്രേഷൻ ക്യാമ്പിലായി.1946 ൽ സി സി യിൽ എത്തി.സ്റ്റാൻസ്‌കി അറസ്റ്റിലായപ്പോൾ പി ബി യിൽ കരുത്തനായി. ഗോട്ട്വാൾഡ് മരിച്ചപ്പോൾ പിൻഗാമി തർക്കമുണ്ടായി. നൊവോട്ടിനി ജനറൽ സെക്രട്ടറിയായി.പ്രസിഡൻറ് അന്റോണിൻ സപ്പോട്ടോകി, പ്രധാന മന്ത്രി വില്യം സരോകി എന്നിവർക്ക് അയാളുടെ കാർക്കശ്യം പിടിച്ചില്ലെങ്കിലും, ക്രൂഷ്ചേവ് അയാൾക്കൊപ്പമായിരുന്നു. മോസ്കോയിലേക്ക് വിളിച്ച് ഇരുവരോടും നൊവോട്ടിനിയെ അനുസരിക്കാൻ നിർദേശിച്ചിരുന്നു. 1957 ൽ സപ്പോട്ടോകി മരിച്ചപ്പോൾ നൊവോട്ടിനി ആ പദവിയിലെത്തി. ഭരണകൂടത്തിനെതിരെ ശബ്ദിച്ചവരെ നിശ്ശബ്ദരാക്കിയപ്പോൾ, ശബ്ദങ്ങൾ കൂടി വന്നു; അയാൾ 1968 ജനുവരിയിൽ ഒഴിയാൻ നിർബന്ധിതനായി. പകരം ഡ്യുബ്‌ചെക് വന്നു.മാർച്ചിൽ നൊവോട്ടിനി പ്രസിഡൻറ് സ്ഥാനത്തു നിന്നു പുറത്തായി.മെയിൽ അയാൾ സി സി യിൽ നിന്ന് രാജി വച്ചു.1971 ൽ സി സി യിൽ എടുത്തെങ്കിലും, അച്യുതാനന്ദനെപ്പോലെ ദുർബലനായിരുന്നു.

ഗോട്ട്വാൾഡ് 

വലിയ കഴിവുകൾ ഇല്ലാതിരുന്ന ഡ്യുബ്‌ചെക് ജനസമ്മർദത്തിൻറെ തേരിലേറിയാണ് നേതാവായത്. പത്രങ്ങൾ സ്വതന്ത്രമായപ്പോൾ ജനവികാരം ശക്തമായി പ്രതിഫലിച്ചു. പല സ്റ്റാലിനിസ്റ്റുകളും ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും, അധികാര കൈമാറ്റം സമാധാനപരമായിരുന്നു -വസന്തം വരും പോലെ. ഓൾഡ്‌ഫിക് ചേർനിക്‌ പ്രധാനമന്ത്രി. ലുഡ്വിക് സ്വബോധ പ്രസിഡൻറ്. അയാൾ യുദ്ധാനന്തര സർക്കാരിൽ പ്രതിരോധ മന്ത്രി ആയിരുന്നു; അൻപതുകളിലെ ശുദ്ധീകരണത്തിൽ പാർട്ടിയിൽ നിന്ന് പുറത്തായിരുന്നു. ഇത് പോലെ പുറത്താക്കപ്പെട്ടിരുന്ന ജോസഫ് പാവേൽ ആഭ്യന്തര മന്ത്രി. പുതുമുഖങ്ങളുടെ പി ബി.ഏപ്രിലിലെ സി സി യോഗം കർമ്മ പദ്ധതി തയ്യാറാക്കി-പുതിയ മുഖമുള്ള സോഷ്യലിസം.

പുതിയ കക്ഷികൾ ഉണ്ടായി;നിരോധിത സംഘടനകൾ ഉയിർത്തെഴുന്നേറ്റു.പള്ളികളിൽ കുർബാന കേട്ടു.ജൂൺ 27 ന് വിമത എഴുത്തുകാരൻ ലുഡ്വിക് വക്കുലിക് നിരവധി പേര് ഒപ്പിട്ട മാനിഫെസ്റ്റോ തയ്യാറാക്കി -രണ്ടായിരം വാക്ക് മാനിഫെസ്റ്റോ. അത്, യഥാർത്ഥ ജനാധിപത്യത്തിന് ജനകീയ പോരാട്ടം ആഹ്വാനം ചെയ്‌തു. അത് ഡ്യുബ്‌ചെക്കിനെ ഞെട്ടിച്ചെങ്കിലും മാറ്റം കൈകാര്യം ചെയ്യാൻ കഴിയുമെന്ന ആത്മ വിശ്വാസം നില നിന്നു.

പ്രാഗ്, ഓഗസ്റ്റ് 21, 1968 

വാഴ്സ ഉടമ്പടി രാഷ്ട്രങ്ങൾ അഥവാ സോവിയറ്റ് ഉപഗ്രഹങ്ങൾ ഭയന്നു. പ്രതിവിപ്ലവം  നടക്കുകയാണെന്ന് അവ യോഗം കൂടി ഡ്യുബ്‌ചെക്കിനെ അറിയിച്ചു. അയാൾ അതിൽ പങ്കെടുത്തില്ല.സ്ലോവാക്യയോട് അടുത്ത ചെറിയ ഗ്രാമമായ സിയർന നദ് ടിസുവിൽ സോവിയറ്റ് പി ബി യോഗത്തിലേക്ക് ബ്രഷ്നേവ് ചെക്ക് നേതാക്കളെ ക്ഷണിച്ചു. ഡ്യുബ്‌ചെക് പങ്കെടുത്തു. ബ്രാട്ടിസ്ലാവയിൽ ഓഗസ്റ്റ് മൂന്നിന്, സോവിയറ്റ്, കിഴക്കൻ ജർമനി, പോളണ്ട്, ബൾഗേറിയ, ഹംഗറി, ചെക് പാർട്ടികൾ സമ്മേളിച്ചു. അത് ഇറക്കിയ വിജ്ഞാപനത്തിൽ കുഴപ്പമൊന്നും കണ്ടില്ല. എന്നാൽ 20 ന് സോവിയറ്റ് നേതൃത്വത്തിലുള്ള സേന ചെക്കോസ്ലോവാക്യയിൽ എത്തി.

ഡ്യുബ്‌ചെക്, ചേർനിക്‌ തുടങ്ങിയ നേതാക്കളെ തടവിലാക്കി. ജനം സമാധാന പോരാട്ടം നടത്തി. റോഡ് സൂചനകൾ എടുത്തു മാറ്റി -സേനയ്ക്ക് വഴി തെറ്റട്ടെ.വാർത്താവിനിമയം, ഭക്ഷ്യ വിതരണം എന്നിവ തടസപ്പെട്ടെങ്കിലും ജനം സഹിച്ചു. 22 ന് മുൻകൂട്ടി തീരുമാനിച്ച പതിനാലാം പാർട്ടി കോൺഗ്രസ് നടന്നു. ഡ്യുബ്‌ചെക് അനുകൂല സി സി യും പി ബി യും തന്നെ. ദേശീയ അസംബ്ലി കൂടി.23 ന് പ്രസിഡൻറ് സ്വബോധയും ഹുസാകും മോസ്‌കോയിൽ പോയി അധിനിവേശ സേനാ പിന്മാറ്റം ചർച്ച ചെയ്‌തു. 27 ന് ഉടമ്പടിയിൽ ഒപ്പിടേണ്ടി വന്നു. സ്വബോധ, ഡ്യുബ്‌ചെക്ക് തുടങ്ങിയ നേതാക്കളുമായി മടങ്ങി. സോവിയറ്റ് സേന തുടരും; പരിഷ്‌കാരങ്ങൾ മരവിപ്പിക്കും.

ഹുസാക് സ്റ്റാലിനിസ്റ്റുകൾക്കൊപ്പം, ഡ്യുബ്‌ചെക്കിനെ തോൽപിക്കാൻ ചേർന്നു. നടന്ന പാർട്ടി കോൺഗ്രസ് അസാധുവാക്കി. സ്റ്റാലിനിസ്റ്റുകൾ പദവികളിൽ തിരിച്ചെത്തി. ബൊഹീമിയ, മൊറാവിയ എന്നീ സ്വയംഭരണ മേഖലകളും സ്ലോവാക്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കും ചേർന്ന ഫെഡറൽ റിപ്പബ്ലിക് ആയി ചെക്കോസ്ലോവാക്യ. 1969 ജനുവരി 16 ന് ജാൻ പലാക് എന്ന വിദ്യാർത്ഥി മനം നൊന്ത് ആത്മാഹുതി ചെയ്‌തു. ഏപ്രിൽ 17 ന് ഹുസാക് ജനറൽ സെക്രട്ടറി ആയി. കുറച്ചു നാൾ സ്‌പീക്കർ ആയിരുന്ന ഡ്യുബ്‌ചെക് അനന്തരം തുർക്കിയിൽ സ്ഥാനപതി ആയി. 1970 ൽ അവിടന്ന് തിരിച്ചു വിളിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കി.

സ്റ്റാലിൻ മരിച്ചെങ്കിലും പ്രേതം കമ്മ്യൂണിസ്റ്റ് ലോകത്ത് ചുറ്റി തിരിയുന്നു എന്ന് ഗുണ പാഠം.

Copyright: Ramachandran







Monday, 19 August 2019

നാഗിയെ ക്രൂഷ്ചേവ് കൊന്നു

ലൂക്കാച്ച് കഴുമരത്തിൽ നിന്ന് രക്ഷപ്പെട്ടു 

സോവിയറ്റ് യൂണിയനിൽ സ്റ്റാലിന്റെ മരണ ശേഷം 1956 ൽ ക്രൂഷ്ചേവ് അയാളുടെ  ചെയ്തികളെ നിരാകരിച്ചപ്പോഴാണ് ഹംഗറിയിൽ സോവിയറ്റ് ഉപഗ്രഹ സർക്കാരിനെതിരെ ജന വിപ്ളവം  പൊട്ടിപ്പുറപ്പെട്ടത്.ഒക്ടോബർ കലാപങ്ങളുടെ ആദ്യ ഘട്ടത്തിൽ വിമതർ ജയിച്ചപ്പോൾ,ഇoറെ നാഗി പ്രധാനമന്ത്രി ആയി.ബഹുകക്ഷി സമ്പ്രദായം വാഗ്‌ദാനം ചെയ്ത അദ്ദേഹം നിഷ്‌പക്ഷത പ്രഖ്യാപിച്ച് യു എൻ സഹായം തേടി.ആഗോള സംഘർഷത്തിന് പാശ്ചാത്യ ശക്തികൾ തയ്യാറായില്ല.1956 നവംബർ നാലിന് വിപ്ലവം അടിച്ചമർത്താൻ സോവിയറ്റ് സേന ഹംഗറിയിൽ എത്തി.സ്ഥാനഭ്രഷ്ടനായ നാഗിയെ 1958 ൽ തൂക്കി കൊന്നു.അദ്ദേഹത്തോടൊപ്പം മന്ത്രി ആയിരുന്ന മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജ്യോർഗ് ലൂക്കാച്ച് കഷ്ടിച്ച് രക്ഷപ്പെട്ടു.
ഇoറെ നാഗി 
1952 ൽ പ്രധാനമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയും ആയ മത്യാസ് റാക്കോസി സോവിയറ്റ് പാവ ആയിരുന്നു.1953 ൽ സ്റ്റാലിൻ മരിക്കും വരെ കരുത്തൻ.സ്റ്റാലിൻ മരിച്ച ശേഷം റാക്കോസിയെ അട്ടിമറിച്ച് നാഗി വന്നു.മോസ്‌കോ അനുകൂലിയെങ്കിലും ദേശീയ വാദി.നിർബന്ധിത കൂട്ട് കൃഷിയില്ല,ഘന വ്യവസായമില്ല.കൂടുതൽ ഉൽപന്നങ്ങൾ,രാഷ്ട്രീയ തടവുകാർക്ക് മോചനം.ഈ പരിഷ്കാരങ്ങളെ മോസ്‌കോ അനുകൂലിച്ചില്ല.1955 വസന്തത്തിൽ നാഗിയെ സ്ഥാനഭ്രഷ്ടനാക്കി;പാർട്ടിയിൽ നിന്ന് പുറത്താക്കി.റാക്കോസി തിരിച്ചെത്തി പഴയ നയങ്ങളിലേക്ക് മടങ്ങി.1956 ജൂലൈയിൽ അയാളെ വീണ്ടും പുറത്താക്കി.റാക്കോസി വ്യക്തിപരമായി അവഹേളിച്ച യൂഗോസ്ലാവ് പ്രസിഡൻറ് ടിറ്റോയെ പ്രീണിപ്പിക്കാനാണ് റാക്കോസിയെ ക്രൂഷ്ചേവ് ബലി കഴിച്ചത്.റാക്കോസിയുടെ രണ്ടാമനായ ഏ ണോ ഗിറോ പ്രധാനമന്ത്രി ആയി;അയാളെയും ജനം വെറുത്തു.നാഗിയോടും അയാളുടെ ഗ്രൂപ്പിനോടും വിട്ടു വീഴ്ചയില്ലെന്ന് ഗിറോ പ്രഖ്യാപിച്ചു.

നാഗി ( 1896 -1958 ) കർഷക കുടുംബത്തിൽ ജനിച്ച് ജീവിക്കാൻ കൊല്ലൻ ആയ ആളായിരുന്നു.പിതാവ് ലൂഥറനും പട്ടാള ഓഫിസറുടെ ഡ്രൈവറുമായിരുന്നു. അമ്മ അതേ ഓഫിസറുടെ വേലക്കാരി .സ്‌കൂളിൽ മോശം വിദ്യാർത്ഥി. ഒന്നാം ലോകയുദ്ധത്തിൽ അയാളെ കാലിൽ പരുക്കേറ്റ് സോവിയറ്റ് യൂണിയൻ പിടിച്ചപ്പോൾ അയാൾ കമ്മ്യൂണിസ്റ്റ് ആയി റെഡ് ആർമിയിൽ ചേർന്നു.1929 ൽ മോസ്‌കോയ്ക്ക് പോയി കാർഷിക ഇൻസ്റ്റിട്യൂട്ടിൽ ചേർന്ന് 1944 വരെ അവിടെ തുടർന്നു.1933 -41 ൽ സോവിയറ്റ് ചാരനായി പ്രവർത്തിച്ച നാഗി 200 സഹപ്രവർത്തകരെ ഒറ്റിക്കൊടുത്തു .അവരെ പുറത്താക്കി .അതിൽ 15 പേരെ കൊന്നു. ഹംഗറിയിലെ സോവിയറ്റ് അധിനിവേശ കാലത്ത് മടങ്ങി 1944 -48 ലെ യുദ്ധാനന്തര സർക്കാരുകളിൽ കാർഷിക,ആഭ്യന്തര മന്ത്രി ആയി.കാർഷിക പ്രശ്നങ്ങളിൽ ശ്രദ്ധ ഊന്നിയതിനാൽ നാഗിയെ 1949 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ ഉൾപ്പെടുത്തിയില്ല -പരസ്യമായി പശ്ചാത്തപിച്ചപ്പോൾ കൃഷി മന്ത്രിയാക്കി.1951 ൽ ജാനോസ് കാദറുടെ അറസ്റ്റ് തീരുമാനിച്ച കുറിപ്പിൽ ഒപ്പിട്ടു.കാദർ പീഡിപ്പിക്കപ്പെട്ട് ജീവപര്യന്തം തടവിലായി.

1956 മുതൽ 32 വർഷം ജനറൽ സെക്രട്ടറി ആയിരുന്ന കാദർ,1948 -50 ൽ ആഭ്യന്തര മന്ത്രി സ്ഥാനത്തുണ്ടായിരുന്നു.മുൻ ചാര മേധാവി ലാസ്ലോ റൈക്കിനെ രഹസ്യ വിചാരണ ചെയ്‌തത് കാദറും ചേർന്നായിരുന്നു.റാക്കോസി തടവിലിട്ട കാദറെ 1954 ൽ നാഗി പ്രധാനമന്ത്രി ആയിരിക്കെ മോചിപ്പിച്ചു.അയാൾ പാർട്ടിയിൽ വീണ്ടും ഉയർന്നു.
പാവപ്പെട്ട കുടുംബത്തിൽ ജനിച്ച കാദർ,കുഞ്ഞായിരിക്കെ അമ്മയെ വിട്ടു പിരിഞ്ഞ പിതാവിനെ ഒരിക്കലും കണ്ടുമുട്ടിയില്ല.സ്‌കൂൾ പഠനം നിർത്തി പാർട്ടിയിൽ ചേർന്നു.രണ്ടാം ലോകയുദ്ധത്തിന് മുൻപേ പാർട്ടി ഒന്നാം സെക്രട്ടറിയായി .കമ്മ്യൂണിസ്റ്റുകൾ പിടി മുറുകിയതോടെ കാദർ പടികൾ കയറി.
റാക്കോസി 
1950 ഓഗസ്റ്റിൽ,1948 -50 ൽ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി ആയിരുന്ന അര്പഡ് സകാസിറ്റ്സ് ( Arpad Szakasits ) മുതലാളിത്ത രാഷ്ട്ര ചാരനായിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയതായി റാക്കോസി,കാദറോട് പറഞ്ഞു.സകാസിറ്റ്‌സിനെ തടവിലിട്ടതോടെ സ്റ്റാലിനിസ്റ്റ് ഉന്മൂലനത്തിന് തുടക്കമായി.1953 വരെ ഇത് നീണ്ടു.പത്തു ലക്ഷം പേർ ഇതിൽപെട്ടു.ജനസംഖ്യയുടെ പത്തിലൊന്ന്.കൂട്ടു കൃഷി,വ്യവസായ ശാക്തീകരണം എന്നിവ വഴി ഗിറോ സർക്കാർ നാടിനെ ദുരിതത്തിൽ ആഴ്ത്തിയ സമയം.റാക്കോസി, കാദറെ അവിശ്വസിക്കാൻ തുടങ്ങി;അയാൾക്ക് ആഭ്യന്തര മന്ത്രി സ്ഥാനം രാജി വക്കേണ്ടി വന്നു.പാർട്ടിയിൽ താഴെ കിടന്നാൽ ഉന്മൂലനത്തിൽ നിന്ന് രക്ഷപ്പെടാം എന്ന് കാദർ കരുതി.അത് തെറ്റായിരുന്നു.അയാളും പുതിയ മന്ത്രി സാൻഡോർ സോൾഡും പണി നന്നായി ചെയ്യുന്നില്ലെന്ന് വിമർശിക്കപ്പെട്ടു.കാദർ മാറിയപ്പോൾ ഒരു കൊല്ലം മാത്രം ആഭ്യന്തര മന്ത്രിയായ സോൾഡ് ( 1913 -1951 ) ഗ്യുല തുണച്ചാണ് പാർട്ടിയിൽ എത്തിയത്.1942 മുതൽ ഒരാശുപത്രിയിൽ ഡോക്റ്ററായി.ദേശീയ അസംബ്ലി അംഗമായിരുന്നു.
സാൻഡോർ സോൾഡ് 
ഓരോ ആരോപണവും നിഷേധിച്ച് കാദർ റാക്കോസിക്ക് എഴുതുമ്പോൾ,പുതിയവ പൊങ്ങി വന്നു.ഒടുവിൽ തെറ്റുകൾ സമ്മതിച്ച് ഒരു കത്തെഴുതി കാദർ അവസാനിപ്പിച്ചു.രാഷ്ട്രീയ,പ്രത്യയശാസ്ത്ര വിദ്യാഭ്യാസം തനിക്ക് പോരെന്ന് അദ്ദേഹം സ്വയം വിമർശനം നടത്തി.മുതലാളിത്തം തന്നെ പറ്റിച്ചതിനാൽ താൻ സജീവ രാഷ്ട്രീയം മതിയാക്കുന്നുവെന്ന് വ്യക്തമാക്കി.രാജിക്ക് സമ്മതിക്കാതെ,പാർട്ടി കോൺഗ്രസിൽ ഇയാളുടെ പി ബി,സി സി അംഗത്വം പുതുക്കി.രക്ഷപ്പെട്ടെന്ന് കാദർ കരുതി.1951 മാർച്ചിൽ കാദർ,സോൾഡ്,ഗ്യുല കല്ലായ് എന്നിവരെ തടവിലാക്കുകയാണെന്ന് റാക്കോസി മോസ്‌കോയെ അറിയിച്ചു.ഏപ്രിൽ 18 ന് കുടുംബാംഗങ്ങളെ കൊന്ന് സോൾഡ് ജീവനൊടുക്കി.അമ്മയെയും  ഭാര്യയെയും രണ്ടു കുട്ടികളെയുമാണ് കൊന്നത്.മരിച്ച ദിവസം അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

(ഗ്യുല ( 1910 -1996 ) ശുദ്ധീകരണത്തെ അതിജീവിച്ച് 1965 -67 ൽ പ്രധാനമന്ത്രി ആയി.1957 ൽ നാഗിയെ റൊമാനിയയിൽ പോയി ഇയാൾ ചോദ്യം ചെയ്‌തു നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്,നാഗിയെ കൊന്നത്.)
കാദറും ഗ്യുലയും കടും കൈ കാട്ടുമെന്നു ഭയന്ന് ഇരുവരെയും ഉടൻ പിടി കൂടി.നടന്നതറിയാതെ,രോഗിണിയായ ഭാര്യ മരിയ യെ ശുശ്രൂഷിച്ചു വീട്ടിൽ കഴിയുകയായിരുന്നു,കാദർ.പീഡനത്തിനിടയിൽ കാദറുടെ ശരീരത്തിൽ രസം തേച്ചു;വായിൽ മൂത്രം ഒഴിച്ചു.
ജാനോസ് കാദർ 
1953 -55 ൽ പ്രധാനമന്ത്രി ആയിരിക്കെ സ്വതന്ത്ര സമീപനം കാരണം സോവിയറ്റ് പി ബി നിർദേശ പ്രകാരം പി ബി യിൽ നിന്നും സി സി യിൽ നിന്നും നാഗി പുറത്താക്കപ്പെട്ടു;അയാൾ അധ്യാപകനായി.1956 ഒക്ടോബർ വിപ്ലവകാലത്ത് സോവിയറ്റ് വിരുദ്ധർ പ്രധാനമന്ത്രി ആകാൻ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു.

നാഗി വന്നപ്പോൾ രാജ്യത്തിന് കിട്ടിയ താൽക്കാലിക സ്വാതന്ത്ര്യം,സോവിയറ്റ് പാർട്ടി ഇരുപതാം കോൺഗ്രസിൽ 1956 ഫെബ്രുവരിയിൽ സ്റ്റാലിനെ തള്ളി ക്രൂഷ്ചേവ് നടത്തിയ പ്രസംഗം,പോളണ്ട് 1956 വസന്തത്തിലും വേനലിലും സോവിയറ്റ് യൂണിയന് ഉയർത്തിയ ഭീഷണി -ഇതെല്ലം ഹംഗറി ജനതയെ ആവേശഭരിതരാക്കി.ഒക്ടോബർ 23 ന് ബുഡാപെസ്റ്റിലെ വിദ്യാർത്ഥികൾ വൻ പ്രകടനം നടത്തി,രാജ്യത്തിൻറെ ദുരിതങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ഗിറോയ്ക്ക് നിവേദനം കൊടുത്ത് അത് അവസാനിക്കേണ്ടതായിരുന്നു.അവരുടെ പ്രകടനത്തിൽ ജനവും ചേർന്നു.ഗിറോ പ്രകോപനപരമായ പ്രസംഗം നടത്തി;പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടി വച്ചു.സമാധാനപരമായ പ്രകടനം വിപ്ലവമായി.പട്ടാളം ഇവരോടൊപ്പം ചേർന്നു.ആർമി ഡിപ്പോകൾ പ്രകടനക്കാർക്ക് ആയുധങ്ങൾ നൽകി.ബുഡാപെസ്റ്റിന് പുറത്ത് ജനം ഭരണം ഏറ്റെടുത്തു.കണ്ടുകെട്ടിയ പാടങ്ങളിൽ കർഷകർ ഇറങ്ങി.കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥ വൃന്ദം ഇല്ലാതായി.തടവറകൾ തുറന്നു.സുരക്ഷാ ഭടന്മാർ പാലായനം ചെയ്‌തു.കർദിനാൾ മിൻഡ്‌സെന്റിയെ ജനം അരമനയിലേക്ക് വീണ്ടും ആനയിച്ചു.

കത്തോലിക്കാ കർദിനാൾ ജോസഫ് മിൻഡ്‌സെന്റി ( 1892 -1975 ) 1945 മുതൽ ഹംഗറിയിൽ സഭയെ നയിച്ചു വന്നു.രണ്ടാം ലോകയുദ്ധ കാലത്ത് നാസികൾ തടവിലാക്കി.1949 ൽ കമ്മ്യൂണിസ്റ്റുകൾ അറസ്റ്റ് ചെയ്‌ത്‌ പീഡിപ്പിച്ച് ജീവപര്യന്തം തടവ് നൽകി.1956 ൽ ബുഡാപെസ്റ്റിലെ അമേരിക്കൻ എംബസി അഭയം നൽകി.15 കൊല്ലം അവിടെ ജീവിച്ച കർദിനാളിനെ 1971 ൽ നാട് വിടാൻ അനുവദിച്ചു.വിയന്നയിലായിരുന്നു മരണം.
കർദിനാൾ മിൻഡ്‌സെന്റി 
നാഗി ഒക്ടോബർ 25 ന് അധികാരമേറ്റു.ഇളവുകൾ നിരവധി നൽകേണ്ടി വന്നു.നവംബർ മൂന്നിന് നാഗി പ്രധാനമന്ത്രി ആയി മുന്നണി ഭരണകൂടം ഉണ്ടായി.സോവിയറ്റ് സേന പിൻവാങ്ങി.നവംബർ ഒന്നിന്,സോവിയറ്റ് അനുകൂല കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്ന വാഴ്സ ഉടമ്പടിയിൽ നിന്ന് നാഗി പിന്മാറി.പാശ്ചാത്യ രാഷ്ട്രങ്ങൾ ഇടപെടുമെന്ന് ഭയന്ന് സോവിയറ്റ് യൂണിയൻ ആദ്യം മടിച്ചു.ചൈന,റൊമാനിയ,ചെക്കോസ്ലോവാക്യ,യുഗോസ്ലാവ്യഎന്നിവയുടെ സമ്മർദം വന്നു -ഹംഗറി സോവിയറ്റ് ഘടകം അല്ലാതാകുന്നത് അപകടമാണ്.ഇസ്രയേൽ,ബ്രിട്ടൻ,ഫ്രാൻസ് എന്നിവ സൂയസ് പ്രതിസന്ധിയിലാണ്;അമേരിക്ക ഇപ്പോൾ സംഘർഷത്തിന് വരില്ല -ഈ കണക്കു കൂട്ടലുകൾ വച്ച്,അതിർത്തിക്കപ്പുറം പിൻവാങ്ങിയ സോവിയറ്റ് ടാങ്കുകൾ തിരിച്ചു വന്നു.നവംബർ നാലിന് ബുഡാപെസ്റ്റിലെത്തി വിപ്ലവം ഉന്മൂലനം ചെയ്യാൻ തുടങ്ങി.നാഗി യൂഗോസ്ലാവ് എംബസിയിലും കർദിനാൾ മിൻഡ്‌സെന്റി അമേരിക്കൻ കാര്യാലയത്തിലും അഭയം തേടി.

വാഴ്സ ഉടമ്പടിയിൽ നിന്ന് മാറിയ പ്രഖ്യാപനം വിഡ്ഢിത്തമായിരുന്നു.അന്ന് രാത്രി പാർട്ടി ജനറൽ സെക്രട്ടറി ജാനോസ് കാദർ സോവിയറ്റ് എംബസിയിൽ ചെന്നു;അയാളെ മോസ്‌കോയ്ക്ക് കൊണ്ട് പോയി.നവംബർ ഒന്ന് മുതൽ മൂന്ന് വരെ ക്രൂഷ്ചേവ് വാഴ്സ ഉടമ്പടി രാജ്യങ്ങളിൽ പര്യടനം നടത്തി.ടിറ്റോയുടെ ഉപദേശം സ്വീകരിച്ച് കാദറെ അടുത്ത നേതാവായി ക്രൂഷ്ചേവ് നിശ്ചയിച്ചു.പാർട്ടി സർക്കാരിന് നാഗി സമ്മതിച്ചാൽ അയാളെയും മന്ത്രിയാക്കാം.മൂന്നിന് കാദർ കമ്മ്യൂണിസ്റ്റ് ന്യൂനപക്ഷ മന്ത്രിസഭയുണ്ടാക്കി.ഒരു ദിവസമേ അതിന് ആയുസുണ്ടായുള്ളു.നാലിന് സോവിയറ്റ് യൂണിയൻ Operation Whirlwind നടപ്പാക്കി -ബുഡാപെസ്റ്റ് ആക്രമിച്ചു.രാജ്യം നിലനിൽക്കും എന്ന ഒരു സെക്കൻഡ് രാജ്യ അഭിസംബോധന നാഗിയിൽ നിന്നുണ്ടായി.സോവിയറ്റ് സേനയെ തടയേണ്ട എന്ന് പട്ടാളത്തോട് പറഞ്ഞ് അയാൾ യൂഗോസ്ലാവ് എംബസിയിൽ എത്തി.സുരക്ഷിതമായി രക്ഷപെടാൻ അനുവദിക്കാം എന്ന കാദറിന്റെ രേഖാമൂലമുള്ള ഉറപ്പ് വിശ്വസിച്ച് എംബസി വിട്ട നാഗിയെ നവംബർ 22 ന് അറസ്റ്റ് ചെയ്‌തു.റൊമാനിയയിലെ സ്നാഗോവിലേക്ക് കൊണ്ട് പോയി.

റൊമാനിയയിലെ പാർട്ടി ജനറൽ സെക്രട്ടറി ഗോർഗ്യു ദേജ് സ്റ്റാലിന്റെ പാവ ആയിരുന്നു.ഗതാഗത/വിനിമയ മന്ത്രിയും സോവിയറ്റ് ചാരനുമായ എമിൽ ബോദ്റാനസ് ആണ് നാഗിയെയും സംഘത്തെയും എത്തിക്കാൻ ഏർപ്പാട് ചെയ്‌തത്‌.നവംബർ 21 ന് അയാളും ഗോർഗ്യുവും,ജാനോസ് കാദറിനെ കണ്ടിരുന്നു.അടുത്ത നാൾ കെ ജി ബി നാഗിയെയും സംഘത്തെയും ബുക്കാറസ്റ്റിൽ എത്തിച്ചു.റൊമാനിയൻ വിദേശകാര്യമന്ത്രി ഗ്രിഗോർ പ്രിയോടീസ,നാഗിക്ക് റൊമാനിയ രാഷ്ട്രീയാഭയം നൽകുകയാണെന്ന് അവകാശപ്പെട്ടു.സോവിയറ്റ് വിരുദ്ധനായ ഒരാൾക്ക് റൊമാനിയ അത് നൽകുകയേ ഇല്ല.ബുക്കാറസ്റ്റിനു വടക്ക് ഒരു വസതിയിൽ നാഗിയെ പാർപ്പിച്ചു.പ്രതിവിപ്ലവ പരിപാടികൾക്കുള്ള കെ ജി ബി മുഖ്യ ഉപദേഷ്ടാവ് ബോറിസ് ഷുമിലിൻ ചോദ്യം ചെയ്യൽ ഏകോപിപ്പിച്ചു.വാൾട്ടർ റോമൻ എന്ന റൊമാനിയൻ പാർട്ടി അംഗം നാഗിയുടെ സഹപ്രവർത്തകരെ ചോദ്യം ചെയ്‌തു.സ്‌പാനിഷ്‌ യുദ്ധത്തിൽ പങ്കെടുത്ത ഇയാൾ സോവിയറ്റ് ചാരനായിരുന്നു.നാഗിയുടെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജ്യോർഗ് ലൂക്കാച്ചിനെയും ചോദ്യം ചെയ്‌തു.റൊമാനിയ ചെയ്‌ത സഹായം മുൻ നിർത്തി രണ്ടു വർഷത്തിന് ശേഷം ക്രൂഷ്ചേവ് അവിടെ നിന്ന് സോവിയറ്റ് സേനയെ പിൻവലിച്ചു.

അത് കഴിഞ്ഞ് സോവിയറ്റ് യൂണിയൻ നാഗിയെ ഹംഗറിക്ക് മടക്കി.രാജ്യത്തിന് എതിരെ ഗൂഢാലോചന നടത്തിയ കുറ്റത്തിന് രഹസ്യ വിചാരണ ചെയ്‌തു.1958 ജൂൺ 16 ന് തൂക്കി കൊന്നു.ജയിൽ വളപ്പിൽ തന്നെ അയാളെ അടക്കി.1989 ജൂൺ 16 ന് ദേശീയ ബഹുമതിയോടെ പുനഃസംസ്‌കാരം നടന്നു.ആയിരക്കണക്കിനാളുകൾ പങ്കു കൊണ്ടു.
സോവിയറ്റ് സൈന്യം സന്ധി ചർച്ചയ്ക്കായി വിളിച്ച നാഗി സർക്കാരിൻറെ പ്രതിരോധ മന്ത്രി ജനറൽ പാൽ മലേറ്ററെ അവർ തടവുകാരനാക്കി കൊന്നു.
പാൽ മലേറ്റർ 
കേരളത്തിൽ അറിയപ്പെടുന്ന മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജ്യോർഗ് ലൂക്കാച്ച് ( Gyorgy Lukacs 1885 -1971 ) ഹംഗറിയിലെ സ്റ്റാലിനിസ്റ്റ് ആയിരുന്നു;1919 മാർച്ച് മുതൽ ഓഗസ്റ്റ് വരെ നിലനിന്ന ഹംഗേറിയൻ സോവിയറ്റ് റിപ്പബ്ലിക് സർക്കാരിലും 1956 ലെ നാഗി സർക്കാരിലും  വിദ്യാഭ്യാസ ,സാംസ്‌കാരിക മന്ത്രി ആയിരുന്നു.രാജ്യത്തിൻറെ 23 % മാത്രമേ ഈ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിൽ ഉണ്ടായിരുന്നുള്ളു.അക്കാലത്ത് ലെനിൻ നേതൃത്വം  നൽകിയ ചുവപ്പ് ഭീകരതയുടെ വക്താവായിരുന്നു,അദ്ദേഹം.1919 ഏപ്രിൽ 15 ന് നെപ്‌സാവ പത്രത്തിൽ അദ്ദേഹം എഴുതി:

The possession of the power of the state is also a moment for the destruction of the oppressing classes. A moment, we have to use.
അധികാരം പീഡക വർഗത്തെ നശിപ്പിക്കാനുള്ളതാണ്;അത് നാം പ്രയോഗിക്കണം.

ഹംഗേറിയൻ റെഡ് ആർമി അഞ്ചാം ഡിവിഷൻ കമ്മിസാർ ആയ അയാൾ,1919 മെയിൽ പൊറോസ്ലോയിൽ സ്വന്തം ഡിവിഷനിലെ എട്ട് സൈനികരെ കൊല്ലാൻ ഉത്തരവിട്ടു.വിയന്നയിലേക്ക് പലായനം ചെയ്‌ത അയാൾ അറസ്റ്റിലായെങ്കിലും തോമസ് മൻ അടക്കമുള്ള എഴുത്തുകാരുടെ അഭ്യർത്ഥന മാനിച്ച് മോചിപ്പിച്ചു.തോമസ് മൻ എഴുതിയ The Magic Mountain കേരളത്തിൽ വിഖ്യാതമാണ്;അതിലെ നാഫ്‌ത എന്ന കഥാപാത്രം ലൂക്കാച്ച് ആണ്.വിയന്നയിൽ അന്റോണിയോ ഗ്രാംഷിയെ പരിചയപ്പെട്ട ലൂക്കാച്ച്,തത്വ ശാസ്ത്രത്തിൽ ലെനിനിസം കലർത്തി.അതാണ് History and Class Consciousness എന്ന പുസ്തകം.1924 ലെ അഞ്ചാം കോമിന്റേൺ  കോൺഗ്രസിൽ ഗ്രിഗറി സിനോവീവ് ഈ പുസ്തകത്തെ ആക്രമിച്ചു.തൊഴിലാളി വർഗ സർവാധിപത്യം എന്ന ലെനിൻ ലൈനിന് എതിരെ ജനാധിപത്യ തൊഴിലാളി,കർഷക സർവാധിപത്യം എന്ന സിദ്ധാന്തം ലൂക്കാച്ച് കൊണ്ട് വന്നപ്പോൾ കോമിന്റേൺ തെറിയുടെ പൊങ്കാലയിട്ടു -സജീവ രാഷ്ട്രീയം ലൂക്കാച്ച് നിർത്തി.ബുദ്ധിജീവി ആയതിനാൽ വിരണ്ടു കാണും.
ലൂക്കാച്ച് 
1930 മാർച്ചിൽ ബുഡാപെസ്റ്റിലായിരിക്കെ ലൂക്കാച്ചിനെ മോസ്കോയിലേക്ക് വിളിച്ച് മാർക്സ് ഏംഗൽസ് ഇൻസ്റ്റിട്ട്യൂട്ടിന്റെ നിലവറയിൽ ഡേവിഡ് റിയാസനോവിനൊപ്പം ജോലി ചെയ്യാൻ ഉത്തരവായി.രണ്ടാം ലോകയുദ്ധം കഴിയും വരെ അവിടെ ബന്ദിയായി.സ്റ്റാലിന്റെ മഹാ ശുദ്ധീകരണ കാലത്ത്,താഷ്‌ക്കെന്റിൽ ആഭ്യന്തര പ്രവാസത്തിന് വിധിച്ചു.സോവിയറ്റ് യൂണിയനിലെ 80% ഹംഗറിക്കാരെയും ഉന്മൂലനം ചെയ്‌തിട്ടും ലൂക്കാച്ച് ജീവിച്ചു.1945 ൽ ഹംഗറിക്ക് മടങ്ങിയ ശേഷം,ബേല ഹംവാസ്,ഇസ്തവൻ ബിബോ ലാജോസ് പ്രോഹസ്‌ക,കരോലി കേനറി തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഇതര ബുദ്ധിജീവികളെ ഹംഗേറിയൻ അക്കാദമിക ജീവിതത്തിൽ നിന്ന് നീക്കുന്നതിൽ ലൂക്കാച്ച് പങ്കു വഹിച്ചു.ബിബോയെയും മറ്റും തടവിലാക്കി കൈത്തൊഴിലുകൾ ചെയ്യിച്ചു.1955 -56 ൽ ഹംഗേറിയൻ റൈറ്റേഴ്‌സ് യൂണിയൻ ശുദ്ധീകരിക്കാൻ പാർട്ടി അയാളെ ഉപയോഗിച്ചു.

സോവിയറ്റ് വിരുദ്ധമായ 1956 ലെ നാഗി സർക്കാരിൽ ലൂക്കാച്ച് മന്ത്രി ആയത് അത് നില നിൽക്കും എന്ന വിശ്വാസം കൊണ്ടാകണം.Budapest Diary യിൽ ലൂക്കാച്ച് പറയുന്നത് സോവിയറ്റ് അനുകൂല പുത്തൻ പാർട്ടിക്കായി താൻ നിലകൊണ്ടു എന്നാണ്.ബലപ്രയോഗം ഒഴിവാക്കി,പ്രേരണ പ്രയോഗിക്കണം.
നവ വിപ്ലവം അലസിയപ്പോൾ നാഗിക്കൊപ്പം ലൂക്കാച്ചിനെയും മറ്റ് മന്ത്രിമാരെയും പിടി കൂടി റൊമാനിയയ്ക്ക് അയച്ചു.അയാൾ തൂക്കുമരത്തിൽ നിന്ന് രക്ഷപ്പെട്ടു.പാർട്ടി പിന്നീട് അയാളെ വിശ്വസിച്ചില്ല.അറുപതുകളിലും എഴുപതുകളിലും അയാളുടെ അനുയായികളെ രാഷ്ട്രീയ കുറ്റ കൃത്യങ്ങളിൽ പെടുത്തി.ചിലർ അമേരിക്കയ്ക്ക് പോയി.1957 ൽ ബുഡാപെസ്റ്റിൽ മടങ്ങിയെത്തി,പൊതു വേദികൾ വിട്ട് ലൂക്കാച്ച് സ്വയം വിമർശനത്തിൽ ഏർപ്പെട്ടു.




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...