Tuesday, 18 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 33

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 


അധ്യായം/33, ഭക്തി 

1. ഭക്തി ദൈവത്തോടുള്ള തീക്ഷ്ണ പ്രേമം
 ത്മീയ സന്ദര്‍ഭങ്ങളില്‍, ദൈവത്തോടുള്ള, ദൈവത്തോടുമാത്രമുള്ള അപാരമായ പ്രേമമാണ് ഭക്തി. ഭൗതിക ഗുണമുണ്ടാകാന്‍ വേണ്ടി കാട്ടുന്ന പ്രേമം, ഭക്തിയല്ല. ഒരു 'ദൈവ'ത്തെ ആരാധിക്കുന്നത്, എപ്പോഴും ഭൗതിക ഗുണത്തിനാണ്; അതിനാല്‍, അത്, ഒരഭിലാഷം സാധ്യമാക്കാനുള്ള അനുഷ്ഠാനം മാത്രമാണ്. അത് ഭക്തന് ഫലമുണ്ടാക്കിയേക്കാം, പക്ഷേ, ഭക്തി അല്ല. ശ്രീ ശങ്കരാചാര്യര്‍ ഇതിന് ഒരപവാദം വിവരിച്ചിട്ടുണ്ട്: സര്‍വവ്യാപിയായ ദൈവത്തിന്റെ പ്രതിനിധിയായി ഒരു ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍, അത് ആ ദൈവത്തിന്റെ യഥാര്‍ത്ഥ പ്രതീതിയുള്ള പ്രാര്‍ത്ഥനയായിത്തീരും. അത് അപ്പോള്‍ ദൈവരൂപത്തില്‍ സാക്ഷാല്‍ ദൈവത്തെ സങ്കല്‍പിച്ച് പ്രാര്‍ത്ഥിക്കലാണ്: വിഷ്ണു, ശിവബിംബങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവയില്‍ ആരാധിക്കുമ്പോള്‍ പലപ്പോഴും ഇതാണ് സംഭവിക്കുന്നത്. മറിച്ച്, സാക്ഷാല്‍ ദൈവത്തോട് കാര്യസാധ്യത്തിനായുള്ള പ്രാര്‍ത്ഥന, ദൈവ(രൂപ)ത്തോടുള്ള പ്രാര്‍ത്ഥനപോലെയേയുള്ളൂ. അത് ദൈവപ്രേമം കൊണ്ടല്ല, അഭിലാഷം അര്‍പിക്കാനുള്ള ചടങ്ങുമാത്രമാണ്. അത് ദൈവവിശ്വാസം കൊണ്ടാകാം; എന്നാല്‍, അവനോടുള്ള ഭക്തി അല്ല. ദൈവത്തോടുള്ള കല്‍പ്പില്ലാത്ത പരിശുദ്ധ പ്രേമമാണ് ഭക്തി. ഭൗതിക പ്രേമം ഒരാത്മാവിനെ മറ്റൊന്നിനോടു ബന്ധിക്കുംപോലെ, ഭക്തി ഒരാത്മാവിനെ ദൈവത്തോടു ബന്ധിപ്പിക്കുന്നു. ഒരു സംയോഗത്തിന്, പ്രേമം ഒരാളെ ഇഷ്ടപ്പെട്ടയാളോട് അടുപ്പിച്ചുകൊണ്ടുവരുന്നു. പ്രിയപ്പെട്ടയാള്‍ കാഴ്ചയില്‍ ഇല്ലെങ്കില്‍, അയാളെപ്പറ്റി മറ്റേയാള്‍ എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കും. അയാള്‍ അടുത്തെത്താനുള്ള വഴിയും ആലോചിക്കും. ഭക്തിയില്‍ ദൈവത്തോടുള്ള അടുപ്പവും ഇങ്ങനെയാണ്. ഭക്തന്‍ ജോലിയില്‍ വ്യാപൃതനായിരിക്കുമ്പോള്‍ പോലും, ദൈവവിചാരത്തിലായിരിക്കും. 

2. പ്രേമം ഭൗതികനേട്ടം ആഗ്രഹിക്കില്ല

 പരിശുദ്ധ പ്രേമത്തിന്റെ സവിശേഷ ഗുണം, അതില്‍നിന്ന് ഭൗതികനേട്ടം കൊയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. പ്രിയപ്പെട്ടയാളോട് മനസ്സിനെയും ആത്മാവിനെയും അടുപ്പിക്കുന്ന വികാരമാണ്, അത്. അതിന്റെ ഉദ്ദീപനം പ്രിയപ്പെട്ടയാള്‍ക്ക് സേവ ചെയ്യാനുള്ളതാണ്, ആ ആളില്‍നിന്ന് നേട്ടങ്ങള്‍ കൊയ്യാനല്ല. വെറും സാധാരണ കാമുകന്‍/കാമുകിപോലും, പ്രിയപ്പെട്ടയാളില്‍നിന്നുള്ള ഏത് പാരിതോഷികവും അപരനെ ആഹ്ലാദത്തിലാറാടിക്കും; എന്നാല്‍ അതിനായി ഇച്ഛിക്കില്ല. ദൈവത്തോടുള്ള പ്രേമവും ഇങ്ങനെയാണ്. ഭക്തികൊണ്ട് ഒരു നേട്ടവും യഥാര്‍ത്ഥ ഭക്തന്‍ ആഗ്രഹിക്കില്ല. ഭക്തന്‍ എത്ര കഷ്ടപ്പാടിലാണെങ്കിലും, ഭൗതികനേട്ടത്തിനായി അയാള്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍, അയാളുടെ സമീപനം ഭക്തി അല്ല. ഭക്തന്‍ ദൈവത്തോടുള്ള കീര്‍ത്തനങ്ങള്‍ പാടുകയേയുള്ളൂ. തന്റെ ഏറ്റവും മഹത്തായ ആദര്‍ശമായി ദൈവത്തെ കണ്ട് ദൈവത്തെ പ്രകീര്‍ത്തിക്കുകയും ആരാധിക്കുകയുമാണ് ഭക്തന്‍ ചെയ്യുക. തനിക്കുവേണ്ടി ദൈവം ജോലി ചെയ്യാനും നേട്ടങ്ങള്‍ നല്‍കാനും അയാള്‍ ആഗ്രഹിക്കില്ല.

 3. ഭക്തി ആരാധനയുണ്ടാക്കുന്നു

 ഒരു കാമുകന്/കാമുകിക്ക് ഇഷ്ടനുമായി ബന്ധപ്പെട്ട എന്തും ആരാധിക്കാനുള്ളതാണ്. ആത്മീയ പ്രേമിക്കും ഇതുതന്നെയാണ് നില. ക്ഷേത്രങ്ങള്‍, വിശുദ്ധസ്ഥലങ്ങള്‍, പുരോഹിതര്‍, മതഗുരുക്കന്മാര്‍ എന്നിവരോടു കാട്ടുന്ന സാധാരണ ആദരവ്, ദൈവത്തോടുള്ള പ്രേമം മനുഷ്യരിലേക്കും ദൈവവുമായി ബന്ധപ്പെട്ടവയോടും നീട്ടിയതിന്റെ പ്രത്യക്ഷങ്ങളാണ്. എല്ലാ മതത്തിലെയും വേദഗ്രന്ഥങ്ങളോടുള്ള ആദരവും ദൈവാരാധനയുടെ പ്രത്യക്ഷമാണ്. ദൈവാരാധന പൂര്‍ണമായെന്ന് ഒരു ഭക്തന്‍ ഒരിക്കലും ധരിക്കില്ല.

 4. ഭക്തി ആരാധനയും പ്രകീര്‍ത്തനവും സൃഷ്ടിക്കുന്നു

 ഭക്തി അടുപ്പമുണ്ടാക്കുന്നു; അടുപ്പം ബന്ധവും വിനിമയവും പ്രിയപ്പെട്ട ദൈവത്തോട് ഉണ്ടാക്കുന്നു. ആരാധനാ കര്‍മങ്ങള്‍ ദൈവത്തോടുള്ള സാധാരണ പ്രതീകാത്മക ബന്ധങ്ങളാണ്. കീര്‍ത്തനങ്ങളും ആത്മീയ വിചാരങ്ങളും ദൈവത്തോടുള്ള സാധാരണ വിനിമയമാണ് (ഭഗവദ്ഗീത 9:14,15). 

5. ദൈവ സങ്കല്‍പത്തില്‍ കേവല ആഹ്‌ളാദം 

 ഒരു കടുത്ത ഭക്തന്‍ മറ്റൊരു വിചാരവുമില്ലാതെ ദൈവത്തെപ്പറ്റി സംസാരിക്കുമ്പോഴോ കീര്‍ത്തനം ചൊല്ലുമ്പോഴോ, അയാളുടെ ആത്മാവ് അതിയായി പ്രചോദിപ്പിക്കപ്പെടുകയും, കവിളിലൂടെ കണ്ണീര്‍ ധാരധാരയായി ഒഴുക്കുകയും, ശരീരത്തില്‍ രോമങ്ങള്‍ എഴുന്നുനില്‍ക്കുകയും ചെയ്യും. ഈ ഹര്‍ഷോന്മാദത്തില്‍, ഭക്തന്‍ സ്ഥലംതന്നെ മറന്ന് നൃത്തം വച്ചേക്കാം. 
ബൃഹദാരണ്യക ഉപനിഷത് (4:3:21) പറയുന്നു: പ്രിയപ്പെട്ട ഭാര്യ ആശ്ലേഷിച്ച ഒരാള്‍ പുറത്തോ അകത്തോ ഒന്നുമറിയുന്നില്ല. 
ഒരു പ്രേമകര്‍മത്തില്‍ മുഴുകിയ ആളുടെ അവസ്ഥയാണ് ഇത്. ദൈവപ്രേമത്തില്‍ മുഴുകിയ ഭക്തനും, ഇങ്ങനെ എല്ലാം മറന്ന് ദൈവകീര്‍ത്തനം ചെയ്ത് വികാരപ്രകടനം കാട്ടുന്നു. ഭക്തി വികസിക്കുമ്പോള്‍, ഭൗതിക സുഖങ്ങള്‍ക്കുള്ള ഭ്രമം കുറഞ്ഞുവരികയും, ദൈവസ്മൃതിയിലും ആരാധനയിലും ആഹ്ലാദം കണ്ടെത്തുകയും ചെയ്യും.

 6. തീക്ഷ്ണപ്രേമം കടുത്ത ഭക്തിയാകുന്നു 

പരിശുദ്ധ പ്രേമം എപ്പോഴും ഒരു വസ്തുവില്‍ ലയിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ആ ലയം പ്രേമത്തെ തീക്ഷ്ണമാക്കുന്നു. പ്രേമത്തിലേക്ക് നിരവധി വസ്തുക്കളെ കൊണ്ടുവന്നാല്‍, പ്രേമം വീതിച്ചു നല്‍കലാകും. അത് ആ വികാരത്തെ ദുര്‍ബലമാക്കും. ശ്രീരാമനോട് ഭക്തിയുണ്ടായിരുന്ന ഹനുമാന്‍ ഒരിക്കല്‍ പറഞ്ഞു: ശ്രീകൃഷ്ണനും ശ്രീരാമനും ഒരേ ദൈവത്തിന്റെ പ്രത്യക്ഷങ്ങളായിരിക്കാം; എന്നാല്‍ എന്റെ രാമന്‍ ഒന്നുവേറെ തന്നെ. അതിനാല്‍, കൃഷ്ണനു മുന്നില്‍ നമസ്‌കരിച്ചപ്പോള്‍, ഹനുമാന്‍ ആ സ്ഥാനത്ത് രാമനെ സങ്കല്‍പിക്കുകയും രാമനു മുന്നിലാണ് നമസ്‌കരിക്കുന്നതെന്ന് വിചാരിക്കുകയും ചെയ്തു.



 അത് ഒറ്റവഴിക്കുള്ള ഭക്തിപ്രകടനമായിരുന്നു. ഇത്തരം സമീപനം ഭക്തിയില്‍ സ്ഥിരതയും തുടര്‍ച്ചയും ഏകാഗ്രതയുമുണ്ടാക്കും. ആരാധിക്കുന്ന സ്ഥലമേതായാലും ഒരു തീക്ഷ്ണ ഭക്തന്‍, എല്ലാ ആരാധനയിലും ഒരു രൂപം മാത്രം സങ്കല്‍പിക്കും. അങ്ങനെ അയാളുടെ ഭക്തി ഏകമാര്‍ഗത്തിലാവുകയും അയാള്‍ സങ്കല്‍പിച്ച രൂപം 'ഇഷ്ടദേവത'യാവുകയും ചെയ്യുന്നു. ദൈവത്തെ പല രൂപത്തില്‍ സങ്കല്‍പിച്ചാല്‍, മനസ്സ് പല രൂപങ്ങളാല്‍ ചഞ്ചലമാകും. സങ്കല്‍പത്തില്‍ സ്ഥിരരൂപമുണ്ടാവുകയും ആ രൂപത്തില്‍ മാത്രം ആരാധിക്കുകയും ചെയ്യുമ്പോള്‍, മനസ്സിലെ ദൈവരൂപം, കാലം ചെല്ലുന്തോറും കൂടുതല്‍ കൃത്യതയുള്ളതാകും. താമസിയാതെ ഭക്തന്‍ ദൈവവിചാരത്തില്‍ കണ്ണടക്കുമ്പോള്‍, ആ രൂപം അതീവ കൃത്യതയോടെ മനസ്സില്‍ ദര്‍ശനംകൊള്ളുന്ന അവസ്ഥയുണ്ടാകുന്നു. ആ ദര്‍ശനത്തില്‍ അയാള്‍ ഉദാത്തമായ ആഹ്ലാദം അനുഭവിക്കുന്നു. ദൈവത്തെ പ്രതിനിധീകരിച്ച് മറ്റൊരു പ്രതിഷ്ഠയുള്ള വേറൊരിടത്തു ചെന്നാല്‍, ആ രൂപത്തിന്റെ സ്ഥാനത്ത് ഭക്തന്‍ മനസ്സിലെ രൂപം സങ്കല്‍പിച്ച് ആ സങ്കല്‍പരൂപത്തിന് ആരാധന നടത്തും. ഇത് രൂപത്തില്‍നിന്ന് രൂപത്തിലേക്കുള്ള മനസ്സിന്റെ പറിച്ചുനടല്‍ ഒഴിവാക്കി, പ്രാര്‍ത്ഥനാ ശീലത്തെ ദൃഢമാക്കും. തുടര്‍ച്ചയായുള്ള പറിച്ചുനടല്‍ ചെടിയുടെ വളര്‍ച്ചയെ സഹായിക്കില്ല. അതുപോലെ, ദൈവത്തെ സംബന്ധിച്ച മനസിലെ സങ്കല്‍പങ്ങള്‍ മാറിക്കൊണ്ടിരുന്നാല്‍ ഭക്തിയുടെ ഏകാഗ്രതയ്ക്കും സഹായമാവില്ല. സ്ഥിരതയും തുടര്‍ച്ചയും ഏകമാര്‍ഗഭക്തിയിലുണ്ടായാലേ, ദൈവഭക്തി തീക്ഷ്ണമാകൂ.

 7. തീര്‍ത്ഥാടനം ആഹ്ളാദകരമാകാം 

ഒരു തീര്‍ത്ഥാടക കേന്ദ്രത്തിന്റെ അഭയസ്ഥാനാന്തരീക്ഷം, ദൈവവിചാരങ്ങള്‍, കീര്‍ത്തനങ്ങള്‍, നാമജപങ്ങള്‍ എന്നിവയുടെ സൂക്ഷ്മതരംഗങ്ങളാല്‍ മുഖരിതമായിരിക്കും. കുറ്റകൃത്യം നടന്ന് മൂന്നോ നാലോ ദിവസം (ഒരാഴ്ചയുമാകാം) കഴിഞ്ഞ് പോലീസ് നായ്ക്കള്‍ പ്രതിയെ കണ്ടെത്തുന്നത്, പ്രതി പോയ വഴിയില്‍ അയാളുടെ ഗന്ധത്തിന്റെ സൂക്ഷ്മതരംഗങ്ങള്‍ ഉണ്ടായിരുന്നതിന് തെളിവാണ്. തീര്‍ത്ഥാടകരുടെ വിചാരങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും സൂക്ഷ്മതരംഗങ്ങള്‍ കുറെക്കൂടി സൂക്ഷ്മവും തീക്ഷ്ണവുമാണ്. തീര്‍ത്ഥാടകര്‍ തിങ്ങി ഹൃദയംനിറഞ്ഞു പ്രാര്‍ത്ഥിച്ചതിനാല്‍ അവ കുറെക്കാലം നിലനില്‍ക്കും. ആ സ്ഥലത്തെത്തുന്ന ഭക്തന് ആ തരംഗങ്ങളുടെ സാത്വിക പ്രചോദനം അനുഭവിക്കാന്‍ കഴിയും. ആ സ്ഥലത്തിന്റെ പവിത്രതയാണ് അത്; അവിടം ഉദ്ദീപിപ്പിക്കുന്ന ആത്മീയ ശക്തി. അവിടത്തെ പ്രചോദനം ഭക്തന്‍ പിടിച്ചെടുത്ത്, പതിവ് ധ്യാനത്തിലെ ദൈവം അവിടത്തെ അതിവിശുദ്ധ രൂപത്തിലുണ്ടെന്ന് സങ്കല്‍പിച്ചാല്‍, അത് അയാളുടെ ഭക്തിക്ക്, നല്ല ആത്മീയശക്തി പകരും. അതിനാല്‍, എല്ലാ മതത്തിലും തീര്‍ത്ഥാടനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഏത് ആരാധനാലയവും ഭക്തനു സന്ദര്‍ശിക്കാം-ക്ഷേത്രം, പള്ളി, മുസ്ലിം, ജൂത പള്ളികള്‍ ഒക്കെയാകാം. ഏകമാര്‍ഗ ഭക്തി ആചരിക്കാം. ദൈവം ഒന്നാണ്, എല്ലായിടത്തുമുണ്ട്. ആ സ്ഥലത്തെ ആലയത്തിന്റെ രൂപമോ ദൈവനാമമോ എന്തുമാകട്ടെ, സാരമില്ല. സര്‍വവ്യാപിയായ ദൈവത്തെയാണ് കുമ്പിടുന്നത്. ദൈവസ്മൃതിയാണ് പ്രധാനം. താന്‍ ഓര്‍ക്കുന്നവിധം അത് ചെയ്യുന്നതാണ് ഉത്തമം. ഒരാളുടെ സ്വഭാവത്തിന്റെ ഭാഗമാണ് ശീലം; അതിനാല്‍ ശീലംകൊണ്ട് സങ്കല്‍പിക്കുന്ന ദൈവരൂപമാണ് അയാള്‍ക്ക് ദൈവത്തിന്റെ സ്വാഭാവിക രൂപം. ആ രൂപത്തെ തീര്‍ത്ഥാടക കേന്ദ്രത്തിലെ രൂപത്തില്‍ സ്ഥാനത്തു സങ്കല്‍പിക്കാന്‍ എളുപ്പമായിരിക്കും. അങ്ങനെ സങ്കല്‍പിച്ച്, പുതിയ സ്ഥലത്ത് ആരാധന നടത്തുന്നത് അയാളുടെ ദൈവസ്മൃതിയെ ഉറപ്പിക്കും. സമ്മേളിതരായവരുടെ ദൈവ ചിന്തകളുടെയും കീര്‍ത്തനങ്ങളുടെയും സൂക്ഷ്മ തരംഗങ്ങള്‍ ഉയരുന്നതിനാല്‍, സമൂഹ പ്രാര്‍ത്ഥനയ്ക്ക് അതിന്റേതായ മേന്മയുണ്ട്.  

 8. ഭക്തി ദൈവജ്ഞാനമുണ്ടാക്കുന്നു 

'എഴുതാനും വായിക്കാനുമറിയാത്ത പ്രവാചകന്‍' എന്നാണ് മുഹമ്മദ് നബിയെ ഖുര്‍ ആന്‍ (7:157)വര്‍ണിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന് തീക്ഷ്ണമായ ഭക്തിയാല്‍ നൂറ്റാണ്ടുകളായി കോടികളെ നയിക്കുകയും ഇന്നും നയിക്കുന്നതുമായ, ജ്ഞാനമുണ്ടായി. ഭഗവദ്ഗീത പറയുന്നു:നിത്യയോഗം പൂണ്ടു നന്ദ്യാ ഭജിച്ചീടുന്നവര്‍ക്ക് ഞാന്‍ ബുദ്ധിവിയോഗം നല്‍കുമവരതുകൊണ്ടെന്നിലെത്തിടുംഅവരില്‍ക്കനിവിനായിട്ട ജ്ഞാനക്കൂരിരുട്ടു ഞാന്‍ ആത്മഭാവസ്ഥനായ് ജ്ഞാനദീപഭാസ്സാലകറ്റുവാന്‍ (10:10,11)ഞാനെന്തു നിലയാരെന്നു ഭക്തിയാല്‍ത്താനറിഞ്ഞിട്ടും എന്നെത്തത്ത്വമൊടും കണ്ടോന്‍ പിന്നെയെന്നിലണഞ്ഞിടും (18:55) ത്രിപദ്‌വിഭൂതി മഹാനാരായണ ഉപനിഷത് (8:4) നിരീക്ഷിക്കുന്നു: ഭക്തിയില്ലാതെ, ഉന്നതമായ ആത്മീയജ്ഞാനം ഉണരുകയില്ല (ഭക്ത്യാ വിനാ, ബ്രഹ്മജ്ഞാനം കദാപി നജായതേ) ഫിലോകാലിയപറയുന്നു: ഒരാത്മാവിന്, ദൈവം താഴേക്കിറങ്ങിവന്ന് അതിനെ പിടിച്ചുയര്‍ത്തിയാലല്ലാതെ..... അതിനെ ദൈവിക കിരണങ്ങള്‍കൊണ്ട് പ്രകാശമാനമാക്കിയാല്‍ അല്ലാതെ ദൈവജ്ഞാനം ഉണ്ടാവുകയില്ല. (വാല്യം 2, പേജ് 120).ഓരോ നിമിഷവും എവിടെയും എല്ലാറ്റിലും നാം ദൈവനാമം ധ്യാനിച്ചാല്‍, പതുക്കെ, ആത്മാവ് പ്രകാശിക്കാന്‍ തുടങ്ങും. (വാല്യം 3, പേജ് 92) ഏകാന്തതയില്‍ ദീര്‍ഘധ്യാനത്തിലിരുന്നാണ് മഹര്‍ഷിമാര്‍ ദൈവത്തെ സംബന്ധിച്ച സത്യങ്ങള്‍ അറിഞ്ഞത്-സിനായ് മരുഭൂമിയില്‍ മോസസ് നാല്‍പതു ദിവസം, യോര്‍ദ്ദാനടുത്ത മരുഭൂമിയില്‍ യേശു നാല്‍പതു ദിവസം, ജ്ഞാനസ്‌നാനശേഷം,മെക്കയ്ക്കടുത്ത ഹിറാ മലയിലെ ഗുഹയില്‍ മുഹമ്മദ് റമദാനിലെ ഒരു മാസം, വാല്മീകി ചിത്രകൂട വനത്തില്‍, ദീര്‍ഘകാലം. വേദങ്ങള്‍ എഴുതിയ മഹര്‍ഷിമാരും ഫിലോകാലിയ എഴുതിയ വിശുദ്ധന്മാരും അതിന് മുന്‍പ് ധ്യാനത്തിന്റെ നീണ്ടകാലം ചെലവിട്ടു. ഫിലോകാലിയ (വാല്യം 3, പേജ് 148) നിരീക്ഷിക്കുന്നു: ദൈവത്തെ അവന്‍ കീര്‍ത്തിക്കുന്തോറും, അവനില്‍ ദൈവജ്ഞാനം നിറയുന്നു. മറിച്ച്, പ്രിയനെ നന്നായി അറിയാതുള്ള പ്രേമം, ശാശ്വതമാവില്ല. അത് താമസിയാതെ കെട്ടുപോകുന്ന വികാരത്തള്ളിച്ച മാത്രമായിരിക്കും. ഇതുതന്നെ ആത്മപ്രേമത്തിന്റെയും കാര്യം. നല്ല ദൈവജ്ഞാനമുണ്ടായാല്‍, ഭക്തി അഗാധവും തീക്ഷ്ണവുമാകും. ഭക്തി ജ്ഞാനത്തിലേക്കു നയിക്കുകയും ജ്ഞാനം ഭക്തിയെ ശക്തവും തീക്ഷ്ണവുമാക്കുകയും ചെയ്യും. ദൈവത്തിന്റെ സര്‍വവ്യാപിത്വം, സര്‍വഹേതുത്വം, സര്‍വസാന്നിധ്യം എന്നിവയെപ്പറ്റിയുള്ള ജ്ഞാനം ഒരാളുടെ ദൈവപ്രേമത്തെ ഉയര്‍ത്തുകയും ഭക്തിയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. 

9. സ്ഥിരഭക്തി തെമ്മാടിയെ നന്നാക്കും

 അതീവശ്രദ്ധയോടെ ദൈവത്തെ ആരാധിക്കുന്ന തെമ്മാടി താമസിയാതെ നല്ല മനുഷ്യനാകുമെന്ന് ഭഗവദ്ഗീത (9:30,31)നിരീക്ഷിക്കുന്നു. ദൈവത്തെ വിരൂപങ്ങളില്‍, ജുഗുപ്‌സ നിറഞ്ഞ നിവേദ്യങ്ങളോടെയും പ്രാര്‍ത്ഥനകളോടെയും, ദുഷ്ടവിജയങ്ങള്‍ക്ക് ആരാധിക്കുന്നത്, ഭക്തിപൂര്‍വമുള്ള ആരാധനയുമായി താരതമ്യം ചെയ്യാനാവില്ല; ആഗ്രഹവുമായി കുഴയ്ക്കാതെയുള്ള ദൈവപ്രേമം മാത്രമാണ് യഥാര്‍ത്ഥ ഭക്തി
.
 
10. ഭക്തി ദൈവ ലയത്തിലെത്തിക്കാം 

ഫിലോകാലിയ പറയുന്നു:ദൈവവുമായി മനുഷ്യന് ഒന്നായിച്ചേരാം. (വാല്യം 1, പേജ് 348) ദൈവവുമായി ചേരുന്നതിലപ്പുറം ഒരനുഗ്രഹമില്ല(വാല്യം 2, പേജ് 43) പ്രേമം ദൈവത്തിങ്കലേക്ക് നയിച്ച് മനുഷ്യരെ അവനുമായി ചേര്‍ക്കുന്നു (വാല്യം 2, പേജ് 170). 
ദൈവത്തിങ്കലെത്താന്‍ ഭാരതീയ വേദങ്ങള്‍ പറയുന്നത്:
 ചെയ്‌വതും തിന്മതും മോഹിക്കുന്നതും 
നല്‍കിടുന്നതുംതപിച്ചതും ഹേ കൗന്തേയ, 
സമര്‍പ്പിച്ചീടുകെന്നില്‍ നീ ശുഭാശുഭ ഫലം കര്‍മബന്ധമെന്നാലൊഴിഞ്ഞുപോം
സന്യാസ  യോഗമാര്‍ന്നെന്നിലെത്തിടും നീ വിമുക്തനായ്
 (ഭഗവദ്ഗീത 9:27-28)
അന്തകാലത്തിങ്കലെന്നെത്താനോര്‍ത്തുടല്‍ 
വെടിഞ്ഞുടന്‍ പോകുന്നോന്‍ 
ഞാന്‍ തന്നെയായിത്തീരുമില്ലൊരു സംശയം (ഗീത 8:5)

 എല്ലാ ജീവജാലങ്ങളിലുമുള്ള ആത്മാക്കള്‍ ദൈവത്തിന്റെ യഥാര്‍ത്ഥ അസ്തിത്വമെന്നറിയുമ്പോള്‍.... (അന്നപൂര്‍ണ ഉപനിഷത് 5:79) 

അന്ത്യനേരത്ത് ഓര്‍ക്കണമെങ്കില്‍, 'ദൈവത്തില്‍ ജീവിക്കണം.' 
(ഭഗവദ്ഗീത (6:31) പറയുന്നു: 

എല്ലാറ്റിലും നില്‍കുമെന്നെത്താനൊന്നായിബ്ഭജിപ്പവന്‍
 എന്തില്‍ നിന്നീടിലും യോഗിയവന്‍
 നില്‍ക്കുന്നതെന്നിലും. 

ഒരു മണ്‍കുടം പൊട്ടുമ്പോള്‍, അതിനകത്തെ വായു അന്തരീക്ഷവായുവില്‍ ചേരുംപോലെ, സൂക്ഷ്മശരീരം പോകുമ്പോള്‍ അതിലെ ആത്മാവ് പ്രപഞ്ചാത്മാവായ ദൈവത്തില്‍ ലയിക്കുമെന്ന് ആത്മോപനിഷത് (22-24) പറയുന്നു. എന്നാല്‍, ആ പരമപദം കൈവരിച്ച ആത്മാവിന്, ഈ ലയനമില്ലാതെ തന്നെ നില്‍ക്കാന്‍ കഴിയുമെന്ന് ബ്രഹ്മസൂത്രങ്ങള്‍ (4:4:17) നിരീക്ഷിക്കുന്നു; അപ്പോള്‍ അതിന് സൃഷ്ടിയും ആവാഹനവുമൊഴിച്ചുള്ള എല്ലാ ദൈവശക്തിയും ഉണ്ടാകും.

 11. ഭക്തന് ദൈവത്തെ രൂപമായി കാണാം

എല്ലായിടത്തുമുള്ള ബോധത്തിന്റെ ജീവതത്വമാണ്  ദൈവം. അവന്‍ അതീതവ്യക്തിയെപ്പോലെ പെരുമാറുന്നു. ദൈവത്തിന് വ്യക്തിയെപ്പോലെ പെരുമാറാമെങ്കില്‍, അങ്ങനെ പ്രത്യക്ഷപ്പെടാനും കഴിയണം. ജീവിച്ചിരുന്നവര്‍ക്ക്, മരിച്ച ബന്ധുക്കളെ തിരിച്ചറിയാവുന്ന പ്രേതരൂപത്തില്‍ കാണാമെന്ന് നാം നിരീക്ഷിച്ചു (ഒന്നാം അധ്യായം). ജെയിംസ് ചാഫിന്‍, ലേഡി ബാരെറ്റിന്റെ രോഗി, ഡോറിസ് എന്നിവരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഇതിന് തെളിവാണ്. ജഡാത്മാക്കളെ തിരിച്ചറിയാവുന്ന രൂപത്തില്‍ കാണാമെങ്കില്‍, ദൈവത്തെ കാണുന്നതും സാധ്യതയാണ്. യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ടുവെന്ന് ബൈബിള്‍ പറയുന്നു (ഉല്‍പത്തി 32:30); സിനായ് പര്‍വതത്തില്‍ മോശയും അനുയായികളും ദൈവത്തെ കണ്ടുവെന്ന് ബൈബിള്‍ പറയുന്നു (ഉല്‍പത്തി 32:30); സിനായ് പര്‍വതത്തില്‍ മോശയും അനുയായികളും ദൈവത്തെ കണ്ടു (പുറപ്പാട് 24:9-11). ഭാരതീയ പുരാണങ്ങള്‍ പ്രഹ്ളാദനും  മാര്‍ക്കണ്ഡേയനും ദൈവത്തെ മുഖാമുഖം കണ്ടതായി പറയുന്നു. 
യേശു ഗിരി പ്രഭാഷണത്തില്‍ ശിഷ്യരോടു പറഞ്ഞു: ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും. (മത്തായി, 5:8) 
ഭഗവദ്ഗീത പറയുന്നു (8:14): 
മറ്റൊന്നിലും മനസ്സെത്താതെന്നെയെന്നും സ്മരിക്കിലോ
 ആ നിത്യയോഗിക്ക് സുലഭന്‍ പാര്‍ത്ഥ, ഞാന്‍ ദൃഢം




 സമീപകാലത്ത്, ശ്രീരാമകൃഷ്ണന്‍ (1836-1886), സ്വാമി വിവേകാനന്ദന്റെ ഗുരു, അനന്യമായ ഭക്തി വഴി, ദൈവത്തിന്റെ ഭൗതിക രൂപങ്ങള്‍ ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തെ കീര്‍ത്തിക്കുന്ന, ശ്രീരാമകൃഷ്ണ, ദ ഗ്രേറ്റ് മാസ്റ്റര്‍  എന്ന പുസ്തകത്തില്‍, ഏഴാം വയസ്സില്‍ അദ്ദേഹത്തിന് ഭാവസമാധി ഉണ്ടായെന്നു പറയുന്നു. ആകാശത്തെ കാര്‍മേഘ പശ്ചാത്തലത്തില്‍, വെളുത്ത കൊക്കുകളുടെ നീണ്ട നിരയുടെ അപൂര്‍വ ഭംഗി കണ്ടപ്പോഴായിരുന്നു അത്. അതില്‍ ആവാഹിക്കപ്പെട്ട അദ്ദേഹത്തിന് മറ്റു വസ്തുക്കളെ സംബന്ധിച്ച ബോധം നഷ്ടപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. അതു കണ്ടവര്‍ അദ്ദേഹത്തെയെടുത്ത് വീട്ടിലെത്തിച്ചു. തുടര്‍ന്ന് നിരവധി ഘട്ടങ്ങളില്‍, ഏകാഗ്ര വിചാര സമയത്ത്, അദ്ദേഹത്തിന് ബാഹ്യബോധം നഷ്ടപ്പെട്ടു. ഈ ജീവിതത്തിലെ ഒരു ശീലവുമായും ഇവയ്ക്ക് ബന്ധമില്ലാത്തതിനാല്‍, അത് മുജ്ജന്മത്തില്‍/ജന്മങ്ങളില്‍ സാക്ഷാത്കരിച്ച ജ്ഞാനത്തിനു തെളിവായി. (പേജ് 115, ഗീത 6:43 കൂടി കാണുക). ദക്ഷിണേശ്വറിലെ കാളിക്ഷേത്രം 1855 മേയില്‍ അഭിഷേകം ചെയ്തപ്പോള്‍, അതിലെ മുഖ്യപൂജാരിയായ സഹോദരന്‍ രാംകുമാറിനൊപ്പമായിരുന്നു ശ്രീരാമകൃഷ്ണന്റെ താമസം. അന്ന് ആ ക്ഷേത്രം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അദ്ദേഹം ബ്രാഹ്മണനും ക്ഷേത്രം റാണി രാസ്മണി എന്ന ധനിക മുക്കുവസ്ത്രീയുടേതുമായിരുന്നു. പക്ഷെ ക്ഷേത്രത്തെയും കാളിയെയും ഇഷ്ടപ്പെടാന്‍ തുടങ്ങി. പ്രായാധിക്യം കാരണം രാംകുമാര്‍, ശ്രീരാമകൃഷ്ണനെ കാളീപൂജ പഠിപ്പിച്ചു; ചിലപ്പോള്‍ പൂജാരിയുമാക്കി. ഇരുപതുവയസുള്ള ശ്രീരാമകൃഷ്ണന്‍ പൂജ അതിതീക്ഷ്ണതയോടെയാണ് ചെയ്യുന്നതെന്ന് മുക്കുവ രാജ്ഞിയുള്‍പ്പെടെ എല്ലാവരും ശ്രദ്ധിച്ചു. 1856 മധ്യത്തില്‍ രാംകുമാര്‍ മരിച്ചപ്പോള്‍, ശ്രീരാമകൃഷ്ണന്‍ പൂജാരിയായി. ദുഃഖിതമായ മനസ്സോടെ ആരാധനയില്‍ മുഴുകിയ ശ്രീരാമകൃഷ്ണന്‍, കാളീദര്‍ശനത്തിന് ആഗ്രഹിച്ചു. ദേവി സര്‍വവ്യാപിയായ ജീവശക്തിയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും ദേവിക്ക് ഭക്തനുമുന്‍പില്‍ ഭൗതിക രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഒരമ്മയെപ്പോലെ ഉപദേശം നല്‍കാനാവുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതിനാല്‍ ദേവിയുടെ യഥാര്‍ത്ഥ ദര്‍ശനത്തിന് അദ്ദേഹം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി (പേജ് 161). 
പ്രതിദിന പൂജകള്‍ കഴിഞ്ഞ്, കവിളില്‍ കണ്ണീര്‍ധാരയോടെ, ദേവീദര്‍ശനത്തിന് ദീര്‍ഘമായി പ്രാര്‍ത്ഥിച്ചു. ദിവസങ്ങള്‍ കഴിയുന്തോറും, അഭിലാഷം ഇരട്ടിച്ചു. പ്രാര്‍ത്ഥനകള്‍ക്ക് ഫലമില്ലാതായപ്പോള്‍ 1856 ല്‍ ഒരുനാള്‍, ദേവി തന്റെ പ്രാര്‍ത്ഥന കാര്യമാക്കുന്നില്ലെന്ന് അദ്ദേഹത്തിന് തോന്നി. ആ വിചാരത്തില്‍, വേദന അസഹ്യമാവുകയും ലക്ഷ്യംപോയ ജീവിതം അവസാനിപ്പിക്കാന്‍, നിരാശാഭരിതനായി, വിഗ്രഹത്തിനടുത്തുണ്ടായിരുന്ന വാളെടുക്കുകയും ചെയ്തു. പൊടുന്നനെ, ചുറ്റും 'അനന്തബോധ പ്രകാശ സാഗരം' അദ്ദേഹം ദര്‍ശിച്ചു; നടുവില്‍  കാളി. അദ്ദേഹം ഒരുദിവസം മുഴുവന്‍ ബോധമില്ലാതെ കിടന്നു. അപ്പോള്‍, ആത്മാവില്‍ തീക്ഷ്ണമായ ആഹ്‌ളാദം  അനുഭവിച്ചു (162, 163).
 തുടര്‍ന്ന് 'ദൈവമാതാവിന്റെ രൂപം സദാ ദര്‍ശിക്കാന്‍' അദ്ദേഹം ആഗ്രഹിച്ചുകൊണ്ടിരുന്നു. അതും നടന്നു. 'അമ്മ പുഞ്ചിരിച്ചുകൊണ്ട് ഉപദേശങ്ങള്‍ നല്‍കുന്ന പ്രകാശമാനമായ രൂപം' കാണാനാഗ്രഹിച്ചപ്പോഴൊക്കെ കണ്ടുകൊണ്ടിരുന്നു (116). ദൈവം എല്ലാവര്‍ക്കും ഒന്നാണെന്ന ബോധത്തില്‍, മറ്റു മതങ്ങളും ഇത്തരം ദര്‍ശനങ്ങള്‍ നല്‍കുമോ എന്നറിയാന്‍ അദ്ദേഹം ആശിച്ചു. 1866 ല്‍ അദ്ദേഹം ഒരു സൂഫി സന്യാസിക്കു കീഴില്‍ ഇസ്ലാം മതകര്‍മങ്ങള്‍ അനുഷ്ഠിച്ച്, 'നീണ്ട താടിയുള്ള പ്രകാശമാനമായ ഗംഭീര രൂപം' ദര്‍ശിച്ചു (300). 1874 അദ്ദേഹം മൂന്നുദിവസം തുടര്‍ച്ചയായി യേശുവിനെ ധ്യാനിച്ചപ്പോള്‍, 'സുന്ദരമായ ഒരു മായിക രൂപം' ദര്‍ശിച്ചു. വലിയ കണ്ണുകളുള്ള ആ സുന്ദരന്‍ ശ്രീരാമകൃഷ്ണന്റെ അടുത്തെത്തി, അദ്ദേഹത്തെ നോക്കി ആലിംഗനം ചെയ്ത് അദ്ദഹത്തിന്റെ ശരീരത്തില്‍ ലയിച്ചു. കുറച്ചുനേരം ശ്രീരാമകൃഷ്ണന്‍ ബോധരഹിതനായി(339).
 ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു: എല്ലാ മതങ്ങളും സത്യമാണ്; എത്ര മതങ്ങളുണ്ടോ, അത്രയും വഴികളുണ്ട്. 

 12. ഭക്തിയാണ് ഉടന്‍ ദര്‍ശനത്തിന് നന്ന് 

സ്വാഭാവികവും എളുപ്പവും ആഹ്ലാദവും നിറഞ്ഞ ദൈവദര്‍ശനത്തിനുള്ള വേഗതയേറിയ വഴിയാണ് ഭക്തി. അത് 'സ്വഭാവിക'മാണ്. കാരണം, മനുഷ്യന്, അവന് ആത്മാവു നല്‍കിയ ദൈവത്തോട് ആന്തരികമായ അടുപ്പമുണ്ട്. ഈ അടുപ്പം, വേണ്ടവിധം പരിചരിച്ചാല്‍, തീക്ഷ്ണ ഭക്തിയാവുകയും അത് ദൈവദര്‍ശനത്തിലേക്കും ദൈവസാക്ഷാല്‍ക്കാരത്തിലേക്കും നയിക്കുകയും ചെയ്യും. അത് 'എളുപ്പമാണ്'. കാരണം, അതിന്, കഠിനപരിശീലനമോ അച്ചടക്കമോ വേണ്ട. വിചാരിച്ചപോലെ ഭക്തന് തീക്ഷ്ണ പ്രേമം പ്രകടിപ്പിക്കാം; ആ ശീലം ഭക്തിയെ ഉല്‍ക്കടമാക്കും. അതിനാല്‍, ഭക്തി വികസിപ്പിച്ചു സ്ഥിരമാക്കാന്‍ 'എളുപ്പമാണ്'. അത് 'ആഹ്ളാദകരമാണ് . കാരണം, കീര്‍ത്തനം, നാമജപം, ബിംബം, ചിത്രങ്ങളുടെ കാഴ്ച, വഴിപാടുകള്‍ എന്നിവയെല്ലാം ഭക്തനില്‍ ആഹ്ളാദമുണ്ടാക്കും . കടുത്ത ദുഃഖത്തിലും, ദൈവസ്മൃതി, അവന്റെ മഹത്വം വിളംബരം ചെയ്യുന്ന കീര്‍ത്തനങ്ങള്‍, എല്ലാം നല്ല സാന്ത്വനമേകും. ഒരു ഭക്തന്‍ ഒരിക്കലും ദൈവം തന്നോട് ദയ കാട്ടിയില്ല എന്ന് പരാതിപ്പെടില്ല. കഷ്ടപ്പാടുണ്ടായാല്‍, ദയയില്ലാത്തതിന് ദൈവത്തെ പഴിക്കില്ല. മുജ്ജന്മകര്‍മ ഫലങ്ങളാണ് അനുഭവങ്ങള്‍ എന്നോര്‍മിച്ചും, ഒരു കര്‍മഭാവം പൂക്കുമ്പോള്‍ അതിന്റെ അനുഭവമുണ്ടാകും എന്നു കരുതിയും, അയാള്‍ സാന്ത്വനം കണ്ടെത്തും. ഇതുപോലെയാണ്, ജീവിതദൗത്യം പൂര്‍ത്തിയാക്കി ഒരാള്‍ വിടപറയുന്നതും. ദൈവവഴികള്‍ അജ്ഞാതങ്ങളായി തോന്നാം. എന്നാല്‍, 'ഹൃദയം മുഴുവന്‍' (മനസ്സില്‍ മറ്റൊന്നിനും ഇടമില്ലാതെ) വച്ച്, ദൈവത്തെ സ്‌നേഹിച്ചാല്‍, കീര്‍ത്തനം ചെയ്താല്‍, അത് ആത്മാവിനെ ഇളക്കി ചലനാത്മകമാക്കും. അപ്പോള്‍, ദൈവത്തോട് പ്രേമം തോന്നി രോമാഞ്ചമുണ്ടാവുകയും, കവിളുകളിലൂടെ കണ്ണീര്‍ ധാരയായി പ്രവഹിക്കുകയും ചെയ്യും. അത്, ഭക്തന്, ദൈവാനുഗ്രഹത്തിന്റെ പ്രസാരണമാകും. ദൈവത്തിങ്കലേക്കുള്ള ആത്മാവിന്റെ ഉയിര്‍പ്പും കുതിപ്പും ത്വരിതമാകും; അവസാനമായി, അത് ദൈവസാക്ഷാല്‍ക്കാരത്തില്‍, ദര്‍ശനത്തില്‍ എത്തും. മറിച്ച്, ധ്യാനക്രിയകള്‍ ഒഴിവാക്കാന്‍ പരിശീലനം സിദ്ധിച്ചയാളുടെ മേല്‍നോട്ടം വേണം. ദൈവ പ്രാര്‍ത്ഥനയില്‍ സാഹസികതയില്ല; ദീര്‍ഘപരിശീലനം വേണ്ട. അതിനാല്‍, ദൈവസാക്ഷാല്‍ക്കാരത്തിനും ദര്‍ശനത്തിനും എളുപ്പവഴിയാണ്, ഭക്തി. 
13. സര്‍വവ്യാപിത്വം ഭക്തന് ഇഷ്ടമാണ്

 ഭക്തി സാധാരണ നിലയില്‍ നിന്നുയര്‍ന്നാല്‍, ഭക്തന് ദൈവത്തിന്റെ സര്‍വവ്യാപി സ്വഭാവത്തില്‍ താല്‍പര്യമുണ്ടാകും. ശ്രീരാമകൃഷ്ണന്‍ ആദ്യം പൂജാരി സ്ഥാനം വെറുത്തത് താന്‍ ബ്രാഹ്മണനായതുകൊണ്ടും അമ്പലം ധീവരസമുദായത്തിലെ രാജ്ഞിയുടെതായതുകൊണ്ടുമാണ്. അവിടത്തെ പൂജാരിയായ സ്വന്തം സഹോദരന്‍ പാകംചെയ്തു നിവേദിച്ചതായിട്ടുപോലും, അവിടത്തെ പ്രസാദം സ്വീകരിക്കാന്‍ ശ്രീരാമകൃഷ്ണന്‍ കൂട്ടാക്കിയില്ല (Sri Ramakrishna, The Great Master,, പേജ് 142). എന്നാല്‍ അദ്ദേഹം ആത്മാര്‍ത്ഥ ഭക്തനായപ്പോള്‍, പാവങ്ങളും ഭിക്ഷക്കാരും അവരുടെ താലങ്ങളില്‍ ബാക്കിവച്ച പ്രസാദംപോലും അദ്ദേഹം ഭക്ഷിച്ചു. അവരും ദൈവാസ്തിത്വങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു (159). ജീവജാലങ്ങളിലെല്ലാം ആത്മാക്കളാകുന്നത്, സര്‍വവ്യാപിയായ ദൈവമാണെന്ന ബോധം, എല്ലാവരും ഭിന്നരൂപങ്ങളിലെ ദൈവാസ്തിത്വങ്ങളാണെന്ന് കാണാന്‍ ഭക്തനെ സഹായിക്കുന്നു. നല്ലതോ ചീത്തയോ ആയ ഏത് സംഭവവും ദൈവത്തിന്റെ വിനോദമോ പരീക്ഷണമോ ആണെന്നും ഭക്തന്‍ അറിയുന്നു. അതാണ്, ആത്മീയ വികാസത്തിന്റെ നിറുക. 
ബ്രഹ്മബിന്ദു ഉപനിഷത് (12) പറയുന്നു:എല്ലാറ്റിലും ഉള്ള ആത്മാവ് ഒന്നാകുന്നു; അത് ഒന്നായും നിരവധി രൂപങ്ങളായും പ്രത്യക്ഷമാകുന്നു. ബൈബിള്‍ (1 കോറിന്തോസുകാര്‍ 3:16)ഉദ്‌ഘോഷിക്കുന്നു. നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ കുടികൊള്ളുന്നു എന്നും നിങ്ങള്‍ക്ക് അറിഞ്ഞു കൂടേ? എല്ലാ മനുഷ്യരും ദൈവാസ്തിത്വങ്ങളാണ് എന്നര്‍ത്ഥം.
ഫിലോകാലിയ (വാല്യം 1, പേജ് 68) പറയുന്നു: 
ഓരോ മനുഷ്യനും ദൈവത്തിനുശേഷം ദൈവമാണ് എന്നറിയുന്ന സന്യാസി ഭാഗ്യം ചെയ്തവന്‍.

സര്‍വവ്യാപിയായ ദൈവം ഏവരിലും വസിക്കുന്നു എന്ന് ഭക്തന്‍ തിരിച്ചറിയുകയും എല്ലാവരിലുമുള്ള ദൈവാസ്തിത്വങ്ങളെ ആരാധിക്കുകയും ചെയ്യുമ്പോള്‍, അയാളുടെ ഭക്തി ഉച്ചസ്ഥായിയില്‍ എത്തുന്നു. തിരിച്ചറിവ്, വെറും ജ്ഞാനമല്ല; എല്ലാ കര്‍മത്തിലും സമീപനങ്ങളിലും പ്രതിഫലിക്കുന്ന പൂര്‍ണബോധമാണ്. ആ ബോധത്തിന്റെയും തിരിച്ചറിവിന്റെയും മുദ്ര, അത് കര്‍മത്തില്‍ ആചരിക്കുന്നതാണ്. എല്ലാ ആത്മാക്കളുടെയും (തന്റേതുള്‍പ്പെടെ) സ്വത്വം ദൈവസ്വത്വം തന്നെയാണെന്ന് ഒരാള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, സ്വത്വത്തില്‍നിന്ന് വേറിട്ടതല്ല ദൈവം; അതിനാല്‍, സ്വത്വത്തില്‍നിന്ന് വേറിട്ട് ദൈവത്തെ ഒരേകകമായി ധ്യാനിക്കുന്ന, ഭക്തിയുടെയും ആരാധനയുടെയും അര്‍ത്ഥസീമയ്ക്കപ്പുറത്തേക്ക് അയാള്‍ ഉയരുന്നു.

Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 32

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/32 പ്രാര്‍ത്ഥന 
തെങ്കിലുമൊരു ദൈവത്തിന് അല്ലെങ്കില്‍ സാക്ഷാല്‍ ദൈവത്തിനുള്ള ആശയവിനിമയമാണ് പ്രാര്‍ത്ഥന. അതില്‍ കാര്യസാധ്യത്തിനുള്ള അപേക്ഷയില്ലെങ്കിലും, അതിനെ അങ്ങനെ വിളിക്കുന്നു. ആദി മനുഷ്യര്‍, ദൈവങ്ങള്‍ക്ക് മനുഷ്യക്ഷേമത്തെ നശിപ്പിക്കാനോ ഉയര്‍ത്താനോ ശേഷിയുണ്ടെന്ന് വിശ്വസിച്ചിരുന്നുവെന്നും, കാര്യസാധ്യത്തിന് അഭിലാഷങ്ങള്‍ അര്‍പിക്കും മുന്‍പ്, നിവേദ്യങ്ങള്‍കൊണ്ട് ആരാധിച്ചിരുന്നുവെന്നും നാം കണ്ടു. അത്തരം അഭിലാഷങ്ങളാണ് പ്രാര്‍ത്ഥനകള്‍. സങ്കല്‍പം ദൈവങ്ങളില്‍നിന്ന് സര്‍വശക്തനായ ദൈവത്തിലേക്കുയര്‍ന്നപ്പോള്‍, നിരവധി മനുഷ്യര്‍ ദൈവത്തെ ആരാധിക്കാനും അവന്, പ്രാര്‍ത്ഥനകള്‍ അര്‍പിക്കാനും തുടങ്ങി. എന്നാല്‍, ദൈവങ്ങളെ ആരാധിക്കുകയും പ്രത്യേക വിഷയങ്ങളില്‍ സഹായം ചോദിക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ പഴയ ശീലം പൊതുവേ മാറിയില്ല. നിവേദ്യങ്ങള്‍കൊണ്ട് തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ കരുതിയിരിക്കാം.
 ഭഗവദ്ഗീത (4:12) അതിന്റെ ജനകീയത വ്യക്തമാക്കുന്നു: 
കര്‍മസിദ്ധിക്കു കാംക്ഷിപ്പോര്‍ ദേവന്മാരെ യജിപ്പവര്‍
 ഉടന്‍ മനുഷ്യലോകത്തില്‍ കര്‍മത്താല്‍ സിദ്ധി കിട്ടിടും  
ഇത്, ആത്മീയ ജ്ഞാനത്തിന്റെ ആദ്യഘട്ടമായി കരുതിയ ഋഷിമാര്‍, ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തിയില്ല. പില്‍ക്കാല മതങ്ങള്‍ സ്ഥാപിച്ചവരും സാക്ഷാല്‍ ദൈവത്തെ മാത്രം ആരാധിക്കാന്‍ നിര്‍ബന്ധിക്കുമ്പോഴും, പല ദൈവങ്ങളെ ആരാധിക്കുന്നവരെ നിരുത്സാഹപ്പെടുത്തരുതെന്ന് വിശ്വാസികളോടു നിര്‍ദ്ദേശിച്ചു. ബൈബിള്‍ (പുറപ്പാട് 22:28) അത് ദൈവാജ്ഞയായി വിശേഷിപ്പിച്ചു;
 നീ ദൈവത്തെ നിന്ദിക്കരുത്; അല്ലാഹുവിനോടുള്‍പ്പെടെ പ്രാര്‍ത്ഥിക്കുന്ന അവരെയും (വിഗ്രഹാരാധനക്കാര്‍) നിന്ദിക്കരുത്.

ഭഗവദ്ഗീത കുറച്ചുകൂടി മുന്നോട്ടു പോയി: 
മറ്റു ദൈവാശ്രയം ചെയ്യും കാമത്താല്‍ ജ്ഞാനമറ്റവന്‍
 അതാതു നിയമം പൂണ്ടു തന്‍ തന്‍ പ്രകൃതിപോലവേ
 ഏതേത് ഭക്തനേതേതുമെയ്യര്‍ച്ചയ്‌ക്കോര്‍പ്പു സാദരം
 അതാ നാള്‍ക്കാ ദൃഢശ്രദ്ധ ശരിയാക്കുന്നതുണ്ടു ഞാന്‍ (7:20,21) 
ഇതിലെ രണ്ടാം ശ്ലോകം, ഏതു ഭക്തന്‍ ഏതു ദൈവത്തെ ആരാധിക്കാന്‍ ആഗ്രഹിക്കുന്നുവോ, ആ ദൃഢവിശ്വാസത്തെ പിന്തുണയ്ക്കലാണ് ദൈവനയം എന്നു വ്യക്തമാക്കുന്നു. ഗീത ആവര്‍ത്തിക്കുന്നു: 
അവനാ ശ്രദ്ധയൊത്തായവന്റെ പൂജ നിനയ്ക്കുമേ
 ഹിതകാമങ്ങള്‍ ഞാന്‍ നല്‍കുമവ കിട്ടുമതേ വഴി 
കാരണം, മഹത്വമുള്ള ദൈവം കാണുന്നത് എന്തെന്നാല്‍, 
അന്യദേവകളെ ബ്ഭക്തിശ്രദ്ധയോടും ഭജിപ്പവര്‍
 എന്നെത്തന്നെ ഭജിക്കുന്നു കൗന്തേയ, വിധി വിട്ടുമേ (ഭഗവദ്ഗീത 9:23).
 അങ്ങനെ, അടിയുറച്ച ഒരു പ്രാര്‍ത്ഥന, തീക്ഷ്ണമായി ദൈവത്തിന് അര്‍പിച്ചാല്‍, അത് സംബോധന ചെയ്ത, പരിമിതമായ ശക്തിയുള്ള ദൈവമല്ല, സാക്ഷാല്‍ ദൈവം തന്നെ അത് നടത്തിക്കൊടുക്കുമെന്ന് ഭഗവദ്ഗീത ഉറപ്പിക്കുന്നു. മനുഷ്യന്റെ ഭാഗ്യങ്ങള്‍ തെളിയുന്നത്, കര്‍മഭാവങ്ങള്‍ പൂവണിയുമ്പോഴാണ്. കര്‍മഭാവങ്ങളെ പുഷ്പിക്കാനും അതുവഴി ഭാഗ്യങ്ങള്‍ തെളിയിക്കാനുമുള്ള ക്രമം നിര്‍ദ്ദേശിക്കാനുള്ള ശക്തി ദൈവത്തിനേയുള്ളൂ. ഇതറിയാത്ത ഒരാള്‍, (ഒരു ശങ്കയുമില്ലാതെ) താന്‍ അഭിസംബോധന ചെയ്യുന്ന ഒരു ദൈവത്തില്‍ ഉറച്ചുവിശ്വസിച്ച് പ്രാര്‍ത്ഥന നടപ്പാകും എന്നുകരുതിയാല്‍, അയാള്‍, അത് നടപ്പാക്കാന്‍ കഴിയുന്ന സാക്ഷാല്‍ ദൈവത്തിനുതന്നെ ആ പ്രാര്‍ത്ഥന അര്‍പ്പിക്കുകയാണ്. അയാളുടെ ആത്മാര്‍ത്ഥ വിശ്വാസവും ചങ്കില്‍ നിന്നുള്ള പ്രാര്‍ത്ഥനയും അറിയുന്ന സര്‍വവ്യാപിയായ ദൈവം, അയാളുടെ അജ്ഞത അവഗണിച്ച്, 'വികലമായ വഴി'ക്ക് ആയിരുന്നെങ്കിലും തന്നോടുതന്നെ ആയിരുന്നു വെന്നു മനസിലാക്കി, ആ പ്രാര്‍ത്ഥന സാക്ഷാല്‍കരിക്കുന്നു. ഇവിടെ പ്രസക്തം, പ്രാര്‍ത്ഥനയിലെ ദൃഢതയോ പൂര്‍ണതയോ ആകുന്നു. ബൈബിള്‍ പറയുന്നു:
 നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ചോദിക്കുന്നതെല്ലാം നിങ്ങള്‍ക്ക് ലഭിക്കും. (മത്തായി 21:22)
 ഈ വചനത്തിലെ 'വിശ്വാസമുണ്ടെങ്കില്‍' എന്ന പ്രയോഗം പ്രധാനമാണ്. പ്രാര്‍ത്ഥന സമ്പൂര്‍ണ വിശ്വാസത്തില്‍ വേണം; ദൈവ നന്മയിലെ വിശ്വാസത്തില്‍ കുറവുണ്ടാകരുത്. ദൈവത്തിലെ ആശ്രയം, ആത്മാര്‍ത്ഥവും ഹൃദയം നിറഞ്ഞതുമാകണം. സ്വന്തം ശേഷിയിലുള്ള ആത്മവിശ്വാസം പോലും, ഒരു ശങ്കയായി തോന്നാം; അത് ദൈവത്തിലെ സമ്പൂര്‍ണാശ്രിതത്വത്തിന് നിരക്കുന്നതല്ല. ദൈവം പ്രാര്‍ത്ഥന സാക്ഷാത്കരിക്കുന്നതിന്, ദൈവേച്ഛയ്ക്ക് പൂര്‍ണമായ കീഴടങ്ങള്‍ ഉപാധിയാണെന്ന് നാരദഭക്തി സൂത്രങ്ങള്‍ (27) പറയുന്നു. ഒരു പുരാണകഥ ഉദാഹരണം: വസ്ത്രാക്ഷേപ സമയത്ത്, കടുത്ത നിസ്സഹായതയില്‍, അതീവ ദുഃഖത്തോടെ പാഞ്ചാലി ദൈവത്തിന്റെ ഇടപെടലിന് പ്രാര്‍ത്ഥിച്ചപ്പോള്‍, അവളുടെ ആത്മാവ് (ഭാഗികമായെങ്കിലും) വസ്ത്രത്തിലെ അവളുടെ പിടിത്തത്തിലായിരുന്നു; അത് പൂര്‍ണമായും ഈശ്വര പ്രാര്‍ത്ഥനയില്‍ ആയിരുന്നില്ല. അതിനാല്‍, ആ പ്രാര്‍ത്ഥന, ദൈവത്തിന്റെ സംരക്ഷണം കൊണ്ടുവന്നില്ല. എന്നാല്‍ ഒടുവില്‍, രണ്ടുകൈയും മുകളിലേക്കുയര്‍ത്തി അവള്‍, ''ഈശ്വരാ, എനിക്കാരുമില്ല; ഈ എളിയ ഭക്തയില്‍ നിന്റെ ഇച്ഛ പതിഞ്ഞാലും'' എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍, ആത്മാവ് പൂര്‍ണമായി ദൈവത്തിങ്കലെത്തുകയും, ദൈവം രക്ഷക്കെത്തുകയും അക്രമി ആശയക്കുഴപ്പത്തില്‍ ബോധരഹിതനാവുകയും ചെയ്തു. ഫലമുണ്ടാകാന്‍, പ്രാര്‍ത്ഥന സമ്പൂര്‍ണ 'വിശ്വാസ'ത്തിലാകണം. അതിനാല്‍, മേല്‍ശ്ലോകത്തിലെ 'വിശ്വാസമുണ്ടെങ്കില്‍' എന്ന ഉപാധി. അത്, പൂര്‍ണവിശ്വാസത്തെ കുറിക്കുന്നു. ഇവയില്‍നിന്ന് വ്യക്തമാകുന്നത്, ദൈവത്തിനോട്, പൂര്‍ണവിശ്വാസത്തില്‍ ഒരഭിലാഷ സാഫല്യത്തിനായി തീക്ഷ്ണമായി നടത്തുന്ന പ്രാര്‍ത്ഥന, ദൈവം കേള്‍ക്കും എന്നാണ്. കഷ്ടപ്പാടിലുള്ളവരും ദൈവത്തിനോടു പ്രാര്‍ത്ഥിക്കുന്നു എന്ന് ഭഗവദ്ഗീത നിരീക്ഷിക്കുന്നു (7:16).
 ആ പ്രാര്‍ത്ഥനകള്‍ അഭിലാഷങ്ങള്‍ കൊണ്ട് പ്രചോദിതമാണെങ്കിലും, ഗീത അവയെ 'യോഗ്യത'യുള്ളതായി കാണുന്നു (7:18). കാരണം, കാലക്രമേണ അവരുടെ ദൃഢവിശ്വാസം, ഭക്തിയായി മാറാം. ആത്മാവിനെ സ്പര്‍ശിക്കുമ്പോഴാണ്, പ്രാര്‍ത്ഥന ദൃഢമാകുന്നത്. സത്യസന്ധമായ അഭിലാഷത്തിനേ, ദൃഢപ്രാര്‍ത്ഥനയാകാന്‍ കഴിയൂ. ആത്മാവില്‍നിന്ന് പ്രാര്‍ത്ഥന ഉണരുമ്പോള്‍, ആത്മാവിലെ ചുരുള്‍ തരംഗങ്ങള്‍ വികാരാവേശംകൊണ്ട്, കനത്ത വേഗത്തിലും വീര്യത്തിലും ഭ്രമണം ചെയ്യും; അവയില്‍നിന്നുള്ള പ്രസാരണ തരംഗങ്ങളും വികാരംകൊണ്ട് വീര്യമുള്ളതാകും. കവിളിലൂടെ കണ്ണീരൊഴുകുന്നതാണ്, ഇതിന്റെ ബാഹ്യലക്ഷണങ്ങളിലൊന്ന്. അവ ദുഃഖത്തിന്റെ കണ്ണീരല്ല; തീക്ഷ്ണ വികാരത്തിന്റെ നീരൊഴുക്കാണ്. 

ഫിലോകാലിയ നിരീക്ഷിക്കുന്നു: 
പ്രാര്‍ത്ഥനാ വാക്കുകള്‍ ആത്മാവിന്റെ അഗാധതയെ കുത്തിത്തുളച്ചില്ലെങ്കില്‍, നിങ്ങളുടെ കവിളിനെ കണ്ണീര്‍ നനക്കില്ല.(വാല്യം 3, പേജ് 45). അതില്‍ ഇത്ര കൂടി: നിങ്ങള്‍ കണ്ണീര് കൊണ്ടു പ്രാര്‍ത്ഥിച്ചാല്‍, ചോദിച്ചതൊക്കെ കേള്‍ക്കും.(വാല്യം 1, പേജ് 58). ഖുര്‍ ആന്‍ (2:186) പറയുന്നു: പ്രാര്‍ത്ഥിക്കുന്നവന്‍ കുറയുമ്പോള്‍ അല്ലാഹു അവന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കും. കണ്ണീര്‍ പ്രവാഹവുമായി ആ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥന നടത്തിയാല്‍, ആ പ്രാര്‍ത്ഥനയില്‍നിന്നുള്ള കര്‍മഭാവങ്ങള്‍ വീര്യമുള്ളതായിരിക്കും; അപ്പോള്‍ ദൈവം ഇച്ഛിച്ചാല്‍, ഈ അസാധാണ കര്‍മഭാവത്തെ ഇപ്പോഴത്തെ പ്രാരബ്ധകര്‍മത്തില്‍ അതിനെ ചേര്‍ത്ത്, അതിന്റെ ഫലം നേരത്തെയാകാം (അധ്യായം 22). ദൈവം അങ്ങനെ ചെയ്താല്‍, പ്രാര്‍ത്ഥനയിലെ അഭിലാഷം നേരത്തെ സഫലീകരിക്കും; ദൈവം പ്രാര്‍ത്ഥന കേട്ടു എന്ന് അപ്പോള്‍ നാം പറയും. പ്രാര്‍ത്ഥന എന്ന വാക്കിന്റെ അര്‍ത്ഥം, മുകളിലുള്ളയാളോട് ഒരു കാര്യസാധ്യത്തിനുള്ള ആദരം നിറഞ്ഞ അപേക്ഷയാണ്. മതത്തില്‍ ഇതിന് പൊതുവേയുള്ള അര്‍ത്ഥം, ഒരു ദൈവത്തിന്, അല്ലെങ്കില്‍ സാക്ഷാല്‍ ദൈവത്തിന് ആരാധനാപൂര്‍വമുള്ള സന്ദേശം എന്നാണ്. ഒരാള്‍ പ്രാര്‍ത്ഥിക്കുകയാണ് എന്നാല്‍ അതിനര്‍ത്ഥം, അയാള്‍ ഒരു ദൈവത്തെ അഥവാ സാക്ഷാല്‍ ദൈവത്തെ ആരാധിക്കുന്നു എന്നാണ്. ദൈവം അതീത ശക്തിയും പ്രപഞ്ചത്തിന്റെയും സകല ദൈവങ്ങളുടെയും ജീവജാലങ്ങളുടെയും യജമാനനുമായപ്പോള്‍, പ്രാര്‍ത്ഥന അവനിലേക്കും നീണ്ടു. ആശയങ്ങളും ആദര്‍ശങ്ങളും വളര്‍ന്നപ്പോള്‍, ദൈവം എല്ലാ മനുഷ്യരിലെയും ആത്മാവിന്റെ ഉറിവിടമായി അറിയപ്പെട്ടു; ദൈവങ്ങളോട് ആദിമകാലത്തു തോന്നിയ പേടിയുടെയും അമ്പരപ്പിന്റെയും സ്ഥാനത്ത്, ദൈവത്തോടുള്ള അകമഴിഞ്ഞ പ്രേമം പ്രതിഷ്ഠിതമായി. ദൈവം സര്‍വവ്യാപിയും സര്‍വം നിറഞ്ഞവനും സര്‍വം തികഞ്ഞവനുമായപ്പോള്‍, ലോകത്തിലെ സകലജീവിയെപ്പറ്റിയും സകലതും അറിഞ്ഞവനുമായി. ഓരോരുത്തനും എന്തു നല്‍കണമെന്ന് അവന് അറിയാമെന്ന് അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു; ദൈവം എന്തുചെയ്യണമെന്ന് മനുഷ്യനല്ല പറയേണ്ടത്; അതിനാല്‍, ദൈവത്തിനുള്ള സന്ദേശങ്ങള്‍ പ്രത്യേക അപേക്ഷകളില്‍നിന്ന് മുക്തമായിരിക്കണം. 
ഫിലോകാലിയ (വാല്യം 1, പേജ് 60) പ്രത്യേകമായി പറയുന്നു: നിങ്ങളുടെ ആഗ്രഹങ്ങളുടെ സാഫല്യത്തിനായി പ്രാര്‍ത്ഥിക്കരുത്; അവ ദൈവേച്ഛയ്ക്ക് ഇണങ്ങി എന്നുവരില്ല. 'നിന്റെ ഇച്ഛ എന്നില്‍ നിറവേറട്ടെ'എന്ന് പ്രാര്‍ത്ഥിക്കുക. 
ഇങ്ങനെ, ദൈവത്തിനുള്ള ശരിയായ പ്രാര്‍ത്ഥന, അവന്റെ മഹത്വം ആഹ്ലാദത്തോടെ ഉദ്‌ഘോഷിക്കുന്നതാകണം, അഥവാ, അവന്റെ നാമങ്ങള്‍ ഇടതടവില്ലാതെ ഉരുവിടുന്നതാകണം എന്നു മനസ്സിലായി. ദൈവം ഇതു ചെയ്യണം, അതു ചെയ്യണം എന്ന അപേക്ഷ അതില്‍ ഉണ്ടാകരുത്. ദൈവത്തിനുള്ള സന്ദേശങ്ങളില്‍ കാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥനയോ അപേക്ഷയോ ഇല്ലെങ്കിലും, ദൈവത്തിനുള്ള സന്ദേശങ്ങള്‍ എന്ന നിലയ്ക്ക്, പ്രാര്‍ത്ഥനകളായിത്തന്നെ അറിയപ്പെടുന്നു. ഇത്തരം പാഠങ്ങള്‍ക്കുശേഷവും, സാധാരണ മനുഷ്യര്‍, കാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥനകള്‍ ഇല്ലാത്ത പ്രാര്‍ത്ഥനകള്‍കൊണ്ട് തൃപ്തരാകാതെ, കാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥനകള്‍ അടങ്ങിയ പഴയ പ്രാര്‍ത്ഥനകളില്‍ ഉറച്ചുനിന്നു. അതിനാല്‍, രണ്ടുതരം ദൈവ പ്രാര്‍ത്ഥനകള്‍ നിലവിലുണ്ട്: കാര്യസാധ്യ പ്രാര്‍ത്ഥനകള്‍ ഉള്ളതും ഇല്ലാത്തതും. ഈ അധ്യായത്തില്‍, നാം ചര്‍ച്ച ചെയ്ത് ആദ്യത്തേതാണ്; ഇനി നാം രണ്ടാമത്തേതിലേക്ക് പോകുന്നു; പ്രാര്‍ത്ഥനയില്ലാത്ത പ്രാര്‍ത്ഥന, ഭക്തി മാത്രം.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 31

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/31, ദൈവാരാധന 
നുഷ്യചരിത്രത്തിലെ അനാദികാലം മുതല്‍, ഒരതീത ശക്തിയോടുള്ള, ആരാധന, എല്ലാ രാജ്യങ്ങളിലുമുണ്ടായിരുന്നു. ഇടക്കിടെയുണ്ടാകുന്ന മിന്നലും ഇടിമുഴക്കവും പേമാരിയും വെള്ളപ്പൊക്കവും കണ്ടുപേടിച്ച ആദിമനുഷ്യര്‍ സ്വര്‍ഗത്തിലെ അദൃശ്യവ്യക്തികളുടെ കോപം നിമിത്തമാണ് ഉവയുണ്ടാകുന്നതെന്ന് ധരിച്ചു. ആ ദൈവങ്ങള്‍, കടലിലെ ലവണജലത്തില്‍നിന്ന് ശുദ്ധജലം വേര്‍തിരിച്ച് വലിയ അളവില്‍ മുകളിലേക്കുയര്‍ത്തി, മഴ പെയ്യിച്ചു. അതിനവര്‍ക്ക് അമാനുഷികശക്തിയുണ്ടാകണം. മനുഷ്യനാശത്തിന് കാരണമായ മിന്നലും ഇടിവെട്ടും വെള്ളപ്പൊക്കവും അവരുടെ ദേഷ്യം കാരണമാണ്. പകര്‍ച്ചവ്യാധി, അപകടം, ഗര്‍ഭമലസല്‍, വരള്‍ച്ച തുടങ്ങിയവയും അങ്ങനെതന്നെ. അങ്ങനെ ചിന്തിച്ച ആദിമനുഷ്യര്‍ വഴിപാടുകള്‍, ചന്ദനത്തിരി, മാല, വിളക്ക്, നൃത്തം, കീര്‍ത്തനം എന്നിവ വഴി ദൈവങ്ങളെ സന്തോഷിപ്പിച്ച്, കോപമടക്കാന്‍ യത്‌നിച്ചു. 
അത്തരം ചടങ്ങുകള്‍ നടത്തിയവര്‍ക്ക് മറ്റൊന്നു തോന്നി: മനുഷ്യനാശത്തിന് വെള്ളപ്പൊക്കവും വരള്‍ച്ചയും സൃഷ്ടിക്കുന്നവര്‍, അവരെ സന്തോഷിപ്പിച്ചാല്‍, വേണ്ട നേരത്ത് ധാന്യവും പഴവും ഭക്ഷണവും വിളയിക്കാന്‍, നല്ല മഴ പെയ്യിക്കുകയും ചെയ്യും. ഇങ്ങനെ ദൈവസന്തോഷത്തിന് ആചാരാനുഷ്ഠാനങ്ങള്‍ ആവിഷ്‌കരിച്ച അവര്‍, തങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കാര്യസാധ്യത്തിനായി ദൈവത്തിങ്കല്‍ വച്ചു. എല്ലാ ആരാധനയും അവസാനിച്ചത്, നടക്കേണ്ട കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്. ദൈവത്തെ അറിയുന്നതിന് മുന്‍പുതന്നെ നടന്ന ആരാധനയുടെ ആദ്യഘട്ടമായിരുന്നു ഇത്. അപ്പോള്‍, ദൈവങ്ങള്‍ സര്‍വവ്യാപികളാണെന്ന് കരുതിയിരുന്നില്ല; അവര്‍ മനുഷ്യസവിശേഷതകളും ചില മനുഷ്യാതീത ശക്തികളുമുള്ള സ്വര്‍ഗവാസികള്‍ എന്നേ ഭാവനയുണ്ടായിരുന്നുള്ളൂ. പ്രകൃതിയിലെ ഓരോ സവിശേഷകാര്യവും ഒരു പ്രത്യേക ദൈവം ശ്രദ്ധിക്കുന്നു എന്നായിരുന്നു ഭാവന. മനുഷ്യവിചാരങ്ങള്‍ മനസ്സിലാക്കി ദൈവങ്ങള്‍ക്ക് ഉടന്‍ അവ പിടിച്ചെടുക്കാനാവുന്നു. അവര്‍ക്ക് മനുഷ്യന് മുന്നില്‍ വ്യക്തിരൂപത്തില്‍ പ്രത്യക്ഷപ്പെടാനും സംസാരിക്കാനും ഇടകലരാനും കഴിയും. വ്യത്യസ്ത രാഷ്ട്രങ്ങളില്‍ ദൈവങ്ങള്‍ക്ക് വ്യത്യസ്ത പേരുകളുണ്ടായി. മഴദൈവത്തെ റോമാക്കാര്‍ ജുപിറ്റര്‍ എന്നും ഗ്രീക്കുകാര്‍ സീയുസ് എന്നും ബാബിലോണിയക്കാര്‍ മര്‍ദുക്ക് എന്നും ഭാരതീയര്‍ ഇന്ദ്രന്‍ എന്നും വിളിച്ചു. സ്‌നേഹത്തിന്റെ ദൈവത്തെ റോമാക്കാര്‍ വീനസ് എന്നും അഫ്രൊഡൈറ്റ് എന്ന് ഗ്രീക്കുകാരും രതി എന്ന് ഭാരതീയരും വിളിച്ചു. ജ്ഞാനം വര്‍ധിച്ചപ്പോള്‍, പ്രപഞ്ചത്തിലെ വ്യത്യസ്ത സംഗതികളില്‍ കൃത്യമായ ക്രമവും ലയവും ചിന്തകര്‍ കണ്ടു. ഒരു പൊതു യജമാനന്‍ ഇല്ലാതെ, വ്യത്യസ്ത ദൈവങ്ങള്‍ വ്യത്യസ്ത കാര്യങ്ങള്‍ നോക്കിയാല്‍, ഈ ക്രമവും ലയവും ഇത്ര ദൃഢമായി എല്ലായിടത്തും ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ ചിന്തിച്ചു. അതിനാല്‍, ദൈവങ്ങള്‍ക്കുമേല്‍, പ്രപഞ്ചത്തെയാകെ നിയന്ത്രിക്കുന്ന ഒരതീത ദൈവമുണ്ട്. ആ അനുമാനത്തോടൊപ്പം, ആ ദൈവം, സര്‍വവ്യാപിയും സര്‍വതുമറിയുന്നവനും സര്‍വതിനും കാരണക്കാരനുമാണെന്ന സങ്കല്‍പവുമുണ്ടായി. അവര്‍ അതിനെ, 'പ്രപഞ്ചദൈവം' എന്നുവിളിച്ചു. പിന്നീട് ദൈവം, എല്ലാ ജീവജാലങ്ങളുടെയും പിതാവും സംരക്ഷകനുമായി. ആ പ്രേമം പരിശുദ്ധ ഭക്തിയായി വളര്‍ന്നു. മനുഷ്യനെയും മനുഷ്യക്ഷേമത്തെയും സഹായിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന അമാനുഷ വ്യക്തികളായി മാത്രം സങ്കല്‍പിക്കപ്പെട്ട ദൈവങ്ങള്‍, അവയുടെ പ്രതികൂല സ്വഭാവം പേടിച്ച് നിവേദ്യങ്ങളാല്‍ ആരാധിക്കപ്പെട്ടു; ദൈവം ആരാധിക്കപ്പെട്ടത്, ആരാധന, ആദരം, തീക്ഷ്ണ സ്‌നേഹം എന്നിവയിലായിരുന്നു. ദൈവത്തിനുള്ള നിവേദ്യങ്ങളെപ്പറ്റി ഛാന്ദോഗ്യ ഉപനിഷത് (3:6:1) പറയുന്നത്, അവയില്‍ ദൈവം തൃപ്തനാകുമെങ്കിലും, ദൈവങ്ങള്‍ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല; എന്നാല്‍ കണ്ടും മണത്തും അവര്‍ തൃപ്തരാകുന്നു. 
ബൈബിള്‍ പറയുന്നത് (ഉല്‍പത്തി 8:21), നോഹ ദൈവത്തിന് അള്‍ത്താര പണിത്, അതില്‍ വെന്ത നിവേദ്യങ്ങള്‍ വച്ചപ്പോള്‍, ''കര്‍ത്താവ് ഹൃദ്യമായ സൗരഭ്യം ആസ്വദിച്ചു. അവന്‍ ഹൃദയത്തില്‍ പറഞ്ഞു: മനുഷ്യന്‍ നിമിത്തം ഇനി ഞാന്‍ ഭൂമിയെ ശപിക്കില്ല....'' 

ആദ്യകാല ആരാധകര്‍ വൃത്തിയുള്ള ഇരിപ്പിടം ഉയര്‍ന്ന ഒരിടത്ത് തയ്യാറാക്കിയാണ് ദൈവങ്ങളെ വിശേഷദിവസങ്ങള്‍ എന്നു കരുതിയ ദിവസങ്ങളില്‍ സ്വീകരിച്ചിരുന്നതും വഴിപാടു നല്‍കിയിരുന്നതും. അതായിരുന്നു ആരാധനാ ക്രമത്തിന്റെ ആരംഭം. ഒരു സ്ഥലത്ത് ഇടക്കിടെ ഇതാവര്‍ത്തിച്ചപ്പോള്‍, ആ ഇടം ദൈവത്തിന് പ്രിയപ്പെട്ടതായി കരുതാന്‍ തുടങ്ങി; ചുറ്റുവട്ടത്തുനിന്ന് വേര്‍തിരിക്കാന്‍, ഒരു ചിഹ്നമോ ചെടിയോ അതിനടുത്തുണ്ടായി. അയല്‍ക്കാരും അവിടെ ആരാധിക്കാന്‍ എത്തിയപ്പോള്‍, അതിന് കൂടുതല്‍ പ്രാധാന്യമുണ്ടായി. ചിഹ്നത്തില്‍ കൊടിയും ശൂലവും നിറവും ചേര്‍ന്ന അലങ്കാരങ്ങളുണ്ടായി. അത്, അവിടെ ആരാധിക്കപ്പെടുന്ന ദൈവത്തിന്റെ പ്രതീക ചിഹ്നമായി. വെറും ചിഹ്നം സ്ഥലം തിരിച്ചറിയാനുള്ളതായിരുന്നു; എന്നാല്‍, അത് അവിടെയെത്തുന്ന ദൈവത്തിന്റെ പ്രതീകചിഹ്നമായി ഉയര്‍ന്നപ്പോള്‍, അത്, ദൈവത്തിന്റെ പ്രാതിനിധ്യ ചിഹ്നമാക്കാനുള്ള ആശയമായി. ദൈവം സ്വര്‍ഗവാസിയായി സങ്കല്‍പിക്കപ്പെട്ടതിനാല്‍, കളിമണ്ണുകൊണ്ടുണ്ടാക്കി ചുട്ടെടുത്ത്, ഭംഗിയായി നിറംതേച്ച വ്യക്തിരൂപം ആ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു. ആ രൂപത്തിന് മുന്നിലെ വഴിപാടുകള്‍ ഒരതീത ബോധത്തെ പ്രചോദിപ്പിക്കുന്നതായി അനുഭവപ്പെട്ടപ്പോള്‍, ആരാധനയില്‍ വിശ്വാസം ഉറച്ചു; അതു ചലനാത്മകമായി. വഴിപാടു നടത്തിയ ഭക്തന്, ആ കര്‍മത്തില്‍ സാഫല്യമുണ്ടായി; ദൈവത്തിന് നേരിട്ട് നല്‍കിയപോലെയും തോന്നി. അങ്ങനെ, അത്തരം ബിംബങ്ങള്‍ക്കു മുന്നിലെ ആരാധന പ്രാചീന രാഷ്ട്രങ്ങളില്‍ ജനകീയമായി. ദൈവങ്ങളെ ആഹ്ലാദപൂര്‍വം ഓര്‍ക്കാന്‍ ജനം കൃത്യമായ വടിവോടെ ബിംബങ്ങളുണ്ടാക്കി. കളിമണ്‍ ബിംബത്തിന് ചെറിയ പരുക്കുണ്ടായാല്‍, അവര്‍ അതുമാറ്റി, കേടില്ലാത്ത പുതിയ ബിംബം അവിടെവച്ച് എത്രയും നേരത്തെ അഭിഷേകം ചെയ്തു. (ഇപ്പോഴും, വിജനമായ ഗ്രാമപ്രദേശങ്ങളില്‍, ഇത്തിരികേടുവന്നതും തിരസ്‌കരിക്കപ്പെട്ടതുമായ ബിംബങ്ങള്‍ കാണാം).
കാലം നീങ്ങുകയും ഒരിടത്തെ ആരാധന ക്രമമാവുകയും ഭക്തരുടെ എണ്ണം ചടങ്ങുകളില്‍ കൂടുകയും ചെയ്തപ്പോള്‍, മേല്‍ക്കൂരയുള്ള മന്ദിരങ്ങള്‍ ഉണ്ടായി; മരത്തില്‍ കടഞ്ഞ് നിറംതേച്ച സുന്ദരമായ ബിംബങ്ങള്‍ അത്തരം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആ പ്രതീകബിംബങ്ങളെ വിഗ്രഹം എന്നുവിളിച്ചു. ആരാധന തുടങ്ങുംമുന്‍പ് അവയെ മാലകള്‍കൊണ്ട് അലങ്കരിച്ചു. കൂടുതല്‍ ആയുസുള്ള കല്ല്, തുരുമ്പിക്കാത്ത ലോഹം എന്നിവകൊണ്ട് പിന്നീട് വിഗ്രഹങ്ങള്‍ ഉണ്ടായി. ആ നേരമായപ്പോള്‍, ശീലംവഴി, കാര്യസാധ്യത്തിനുള്ള പ്രാര്‍ത്ഥനാ ശ്ലോകങ്ങള്‍ രൂപപ്പെട്ടു. കാലം ചെന്നപ്പോള്‍ ആഘോഷത്തോടെയുള്ള ആരാധനയായി. അതിനാല്‍, വേദങ്ങളുടെ സംഹിത, ബ്രാഹ്മണ ഭാഗങ്ങളില്‍ ഇന്ദ്രന്‍, വരുണന്‍, മിത്രന്‍ എന്നിവര്‍ക്കുള്ള ബലിയുടെയും അനുഷ്ഠാനങ്ങളുടെയും ശ്ലോകങ്ങളുടെയും വിവരണങ്ങള്‍ കാണാം (ബൈബിളിലെ ലേവിയര്‍ 1-10 കാണുക). അങ്ങനെ, വിഗ്രഹങ്ങള്‍ അദൃശ്യ ദൈവങ്ങളുടെ പ്രതീകങ്ങളും അനുഷ്ഠാനങ്ങള്‍ അവയ്ക്കുള്ള ആദരവിന്റെ പ്രതീക ആവിഷ്‌കാരങ്ങളുമാണ്. ഒരു നാമംപോലും, ഒരു വ്യക്തിയുടെ യഥാര്‍ത്ഥ പ്രതീതിയുള്ള കല്‍പനയാകാം. കൃഷ്ണന്‍ അഥവാ യേശു ഒരാളുടെ രൂപം വ്യക്തമാക്കുന്ന രൂപം മാത്രമാണ്; എന്നാല്‍, ആ പേര് പറയുകയോ കേള്‍ക്കുകയോ ചെയ്താല്‍, അത് മനസ്സിലേക്ക് കൃഷ്ണന്റെയോ യേശുവിന്റെയോ ഭിന്നദര്‍ശനങ്ങള്‍ കൊണ്ടുവരുന്നു. അങ്ങനെ, ഒരു വ്യക്തിയുടെയോ ദൈവത്തിന്റെയോ വരമൊഴി പ്രാതിനിധ്യമായി അത് മാറുന്നു. അങ്ങനെ, ദൈവങ്ങളെ സ്ഥിരമായി ഓര്‍ക്കാന്‍, ദൈവ നാമങ്ങള്‍ ഉരുവിടുന്നത് ശീലമായി. ഇതെല്ലാം, ആ ജീവബോധത്തെയും ദൈവാരാധനയെയും ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. ഓരോ കുട്ടിക്കും ദൈവത്തെപ്പറ്റി ആദ്യ അറിവുകളുണ്ടാകുന്നത്, ബിംബത്തിനു മുന്നിലെ ആരാധന കണ്ടും, മന്ത്രങ്ങള്‍ കേട്ടുമാണ്. ആത്മീയമായി ഉയരുമ്പോഴേ, അവന്/അവള്‍ക്ക് ദൈവത്തെ സര്‍വവ്യാപിയായ ദൈവികതയായി, അതീത ശക്തിയായി മനസ്സിലാവുകയുള്ളൂ. ദൈവങ്ങളെ സങ്കല്‍പിച്ചത് മനുഷ്യാതീതരായിട്ടാണ്. അവര്‍ സര്‍വവ്യാപികള്‍ ആയിരുന്നില്ലെങ്കിലും, ഏതിടത്തും വിളിച്ചാല്‍ അവര്‍ക്കെത്താമായിരുന്നു (Life After Life, പേജ് 46). ദൈവങ്ങള്‍ക്ക് സൃഷ്ടിശേഷിയോ, മനുഷ്യന്റെ കര്‍മഭാവങ്ങള്‍ക്കുമേല്‍, നിയന്ത്രണമോ ഉണ്ടായിരുന്നില്ല. എങ്കിലും, അവര്‍ മനുഷ്യരാശിക്കു മുകളിലായി സങ്കല്‍പിക്കപ്പെട്ടു. അവരെ ഭയത്തോടെയാണ് കണ്ടത്; അവര്‍ക്കുള്ള ആരാധന, അഭീഷ്ടസിദ്ധിക്കുള്ള ആത്മാര്‍ത്ഥ ശ്രമമായിരുന്നു. പിന്നീട്, ദൈവം പ്രപഞ്ചത്തിന്റെയാകെയും സര്‍വദൈവങ്ങളുടെയും എല്ലാ അദ്ഭുത പ്രതിഭാസങ്ങളുടെയും യജമാനനായി. എങ്കിലും തുടക്കത്തില്‍ ഒരതീത ദൈവം മാത്രമായിരുന്നു; പണ്ടത്തെ ദൈവങ്ങളെപ്പോലെ തന്നെ, കാര്യസാധ്യത്തിനായി വഴിപാടുകളും കീര്‍ത്തനങ്ങളും തുടര്‍ന്നു. ആത്മാക്കളുടെയെല്ലാം ഉറവിടം ദൈവമാണെന്ന് മനസ്സിലായപ്പോഴാണ്, മനുഷ്യര്‍ അവനെ സ്രഷ്ടാവായി അറിഞ്ഞത്. അതിനുശേഷം, ദൈവം അന്യനായില്ല; അവന്‍ എല്ലാവരുടെയും പൈതൃകത്തില്‍ പെട്ടവനായി. എല്ലാവരുടെയും പിതാവും സംരക്ഷകനുമായി. ദൈവങ്ങളോടു കാട്ടിയ ഭയവും അമ്പരപ്പും ദൈവത്തിന് മുന്നില്‍ അപ്രസക്തമായി. കേവലവും പിതൃസമാനവുമായ സ്‌നേഹവും ആദരവും പകരം വന്നു. കുട്ടി ആവശ്യപ്പെടാതെ തന്നെ ക്ഷേമം ഉറപ്പുവരുത്തുന്ന രക്ഷാകര്‍ത്താവിനെപ്പോലെ തങ്ങളുടെ ക്ഷേമം ദൈവം ഉറപ്പുവരുത്തുമെന്ന് ഭക്തര്‍ കരുതാന്‍ തുടങ്ങി. കുട്ടിക്ക് ആത്യന്തികമായി നല്ലത് എന്തെന്ന് കുട്ടിയെക്കാള്‍ അറിയുന്ന രക്ഷാകര്‍ത്താവിനപ്പോലെ, ഭക്തര്‍ക്ക് എന്താണ് നല്ലതെന്ന് ദൈവത്തിനറിയാം. അതിനാല്‍, സ്വന്തം ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തി ഉന്നയിക്കാതെ എല്ലാം ദൈവേച്ഛയ്ക്ക് വിടാം എന്നുവന്നു. അര്‍ത്ഥനകളില്ലാത്ത ഭക്തി, പരിശുദ്ധ സ്‌നേഹത്തിന്റെയും ആദരവിന്റെയും ആവിഷ്‌കാരം, നിലവില്‍വന്നു.

സ്വര്‍ഗവാസിയായ ദൈവത്തില്‍നിന്ന്, സര്‍വവ്യാപിയായ ദൈവത്തിലേക്ക്, പരമദൈവത്തിലേക്ക് ആത്മീയ സങ്കല്‍പം വളര്‍ന്നപ്പോള്‍, അവനും ബിംബങ്ങളും അനുഷ്ഠാനങ്ങളുമുണ്ടായി. ദൈവം അനന്തവും അമൂര്‍ത്തവുമായ ഏകകം എന്ന സങ്കല്‍പം സാധാരണക്കാര്‍ക്ക് മനസിലായില്ല. അമൂര്‍ത്തമായി പറഞ്ഞാല്‍, സംഖ്യകളുടെ ഗണിതം കുട്ടികള്‍ക്ക് മനസിലാവില്ല; വിരലുകള്‍, കല്ലുകള്‍, കരുക്കള്‍ എന്നിവ സംഖ്യാ ബിംബങ്ങളാക്കി പറഞ്ഞാല്‍ അവര്‍ക്ക് പിടികിട്ടും. അപ്പോള്‍ അവര്‍ എളുപ്പം എണ്ണാനും കൂട്ടാനും കിഴിക്കാനും ഹരിക്കാനും പഠിക്കുന്നു. അമൂര്‍ത്ത സംഖ്യകളെ ഉറപ്പിക്കാനുള്ള പ്രതീകങ്ങളാണ് വിരലുകളും കല്ലും കരുക്കളും. കുട്ടികള്‍ അക്കങ്ങള്‍ പഠിച്ചുകഴിഞ്ഞാല്‍, അവര്‍ വിരല്‍, കല്ല്, കരുക്കള്‍ എന്നിവയെ മറന്ന്, എല്ലാം അമൂര്‍ത്തമായി ചെയ്യുന്നു. മതത്തിലും സംഗതി അതാണ്. ആത്മീയാവബോധത്തിന്റെ ആദ്യഘട്ടത്തില്‍, ഭാവനയെ പ്രദീപ്തമാക്കാനും ആരാധനാസ്ഥലത്തു കാണാനും ദൈവ പ്രതീകങ്ങള്‍ വേണം. ദൈവം, ദൈവങ്ങളെക്കാള്‍ വ്യത്യസ്തനാണെങ്കിലും, അദൃശ്യതയിലും ആരാധനയിലും അവര്‍ തുല്യരാണ്; അതിനാല്‍, ദൈവങ്ങള്‍ക്ക് ബാധകമായ ആരാധനയും ബിംബങ്ങളും ദൈവാരാധനയ്ക്കും ബാധകമാക്കി. ഭക്തര്‍ പ്രതീക വിഗ്രഹങ്ങള്‍, ബിംബങ്ങള്‍, ഛായകള്‍, ചിത്രങ്ങള്‍ എന്നിവ പ്രതിഷ്ഠിക്കുകയും പതിക്കുകയും ചെയ്തു; മുന്നിലെ ദൈവത്തെ നമസ്‌കരിച്ചു; വഴിപാടുകള്‍ നടത്തി. ഭൗതികബിംബങ്ങളുടെ ഉപയോഗത്തെ, വിശുദ്ധ തിയോഡോറോസ് ഇങ്ങനെ വിവരിക്കുന്നു: 
ശരീരവുമായി ഇഴുകുകയും ചേരുകയും ചെയ്യുമ്പോള്‍, ബുദ്ധിയുടെ ഊര്‍ജം അമരുന്നു. അതുകാരണം, അതിന് അതീത രൂപങ്ങളുമായി നേരിട്ട് ബന്ധമുണ്ടാവില്ല; അവയെ മനസിലാക്കാന്‍, പ്രകൃത്യാ ബിംബങ്ങളെ ഉപയോഗിക്കുകയും ഭൗതികതയില്‍ വ്യാപരിക്കുകയും ചെയ്യുന്ന ഭാവന വേണം. അങ്ങനെ, ബുദ്ധി ശരീരത്തിലിരിക്കുമ്പോള്‍, അതീത രൂപങ്ങളെ അറിയാന്‍, ഭൗതിക ബിംബങ്ങള്‍ ഉപയോഗിക്കണം.
(ഫിലോകാലിയ വാല്യം 2, പേജ് 39)
ബൈബിള്‍ പറയുന്നു: ദേവലയത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിനുള്ളില്‍ വസിക്കുന്നവനെക്കൊണ്ടുമാണ് ആണയിടുന്നത്.
(മത്തായി 23:21)
സര്‍വവ്യാപിയായ ദൈവത്തിന്റെ പരിശുദ്ധ വാസകേന്ദ്രമായാണ് ഈ വചനം ദേവാലയത്തെ പരാമര്‍ശിക്കുന്നത്. അതേ യുക്തി അനുസരിച്ച്, ദേവാലയത്തിലെ വിഗ്രഹമോ പ്രതിമയോ പ്രതീകാത്മക ആരാധനയുടെ ഭാഗമായി, ദൈവത്തെ പ്രതിനിധീകരിക്കുകയാണെന്നും വചനത്തിന്റെ ഉത്തരഭാഗത്തുനിന്ന് കിട്ടുന്നു.
ബിംബങ്ങള്‍ ഭാവനാസൃഷ്ടികളായതിനാല്‍, ആരാധനയ്ക്ക് ഇഷ്ടപ്പെട്ട ബിംബമോ രൂപമോ തെരഞ്ഞെടുക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം, ഭാരതീയ തത്വചിന്ത അംഗീകരിക്കുന്നു. വ്യക്തികള്‍ തെരഞ്ഞെടുക്കുന്ന രൂപങ്ങള്‍, ഓരോരുത്തരുടെയും സ്വഭാവം, സംസ്‌കാരം, വിവേകം എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും. പുരാണങ്ങളെ അടിസ്ഥാനമാക്കി വിഷ്ണു, ശിവന്‍, ദുര്‍ഗ തുടങ്ങിയവരുടെ നിരവധി രൂപങ്ങള്‍ ഇങ്ങനെ ആദിമ ഭാരതത്തില്‍ ഉയര്‍ന്നുവന്നു. ഒരു വ്യക്തി ഇങ്ങനെ ആരാധനക്ക് തെരഞ്ഞെടുക്കുന്ന രൂപമാണ് അയാളുടെ 'ഇഷ്ടദേവത.' ഒരാളുടെ ആരാധനയ്ക്ക് ഏത് ദൈവരൂപവും ആകാമെങ്കിലും, ഇഷ്ടദേവതയ്ക്ക് ഒരു രൂപം, ഒരു ആലയം, ഒരാരാധനാ ക്രമം എന്നിവയാണ് നിരന്തര ഉപാസനയ്ക്ക് വേണ്ടതെന്ന് ഋഷിമാര്‍ നിര്‍ദ്ദേശിച്ചു. ശീലം സ്വഭാവത്തിന്റെ ഭാഗമാണല്ലോ. ആരാധനയുടെ തീക്ഷ്ണത അതിന്റെ കര്‍മഭാവം സൃഷ്ടിക്കും. ഒരേ ലക്ഷ്യത്തിന്റെ കര്‍മഭാവങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഏകാഗ്രമായി ശക്തമായ സ്പന്ദനങ്ങള്‍ ഉളവാക്കുന്നു. അതിനാല്‍, ഒരു ഭക്തന്‍ സ്ഥിരമായ ആരാധനാലയത്തിലെത്തി, ആ സ്ഥിരബിംബം കാണുമ്പോള്‍ ദൈവത്തെ ആരാധിക്കാനും ആദരിക്കാനുമുള്ള സ്വാഭാവിക പ്രതികരണം അയാളിലുണ്ടാകും. ബിംബമോ സ്ഥലമോ ആരാധനാരീതിയോ മാറിയാല്‍, അത് ശീലത്തെ അലോസരപ്പെടുത്തും. അതിനാലാണ്, ക്രിസ്തുമതംപോലുള്ള സംഘടിതമതങ്ങളില്‍, ഒരു ബിംബം, ഒരു ക്രമം, ഒരു പ്രാര്‍ത്ഥന തുടങ്ങിയവ എല്ലാവര്‍ക്കും നിര്‍ദ്ദേശിച്ചിട്ടുള്ളത്; അത് അനുകൂലമായ ആത്മീയ, സാമൂഹിക ഫലങ്ങളാണുണ്ടാക്കിയത്. അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍, മെക്കയിലെ ക അബയ്ക്കുനേരെ തിരിയാന്‍ എല്ലാ മുസ്ലിംകളോടും നിര്‍ദ്ദേശിച്ചിരിക്കുന്നു. വ്യക്തിതാല്‍പ്യം അതില്‍ നോക്കിയിട്ടില്ല. ഹിന്ദുക്കള്‍ക്ക് ഇഷ്ടമുള്ള ബിംബം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതിനാല്‍, വ്യത്യസ്ത രൂപങ്ങളുണ്ടായി; ഹിന്ദുമതം ബഹുദൈവാധിഷ്ഠിതമാണെന്ന് പലരും ധരിക്കാന്‍ ഇടവന്നു. ഉപാസനയ്ക്ക് വേണ്ടതരത്തില്‍ ദൈവത്തിന് നല്‍കുന്നതാണ് നാമരൂപങ്ങളെന്നും വ്യക്തികള്‍ അഥവാ സമൂഹങ്ങള്‍ ഉപയോഗിക്കുന്ന നാമരൂപങ്ങള്‍ എന്തായാലും, ദൈവം സര്‍വര്‍ക്കും ഒന്നാണെന്നും അവര്‍ മറക്കുന്നു. ദൈവത്തെ ഓര്‍ക്കാന്‍ മാത്രമാണ്, നാമ, രൂപങ്ങള്‍.
വിവിധ ലക്ഷ്യങ്ങള്‍ക്ക് ബിംബങ്ങള്‍ ഉപയോഗിക്കുന്നത് നമ്മുടെ ശീലമാണ്. അക്കങ്ങള്‍ക്ക് ബിംബങ്ങളായി രൂപങ്ങള്‍ ഉപയോഗിക്കുന്നു; ശബ്ദ ബിംബങ്ങളായി അക്ഷരങ്ങള്‍ ഉപയോഗിക്കുന്നു. മനസ്സിലുയരുന്ന ആശയങ്ങള്‍ പ്രതിനിധീകരിക്കാന്‍ വാക്കുകള്‍ ബിംബങ്ങളാകുന്നു. ഒരേ ആശയങ്ങളെ പ്രതിനിധീകരിക്കാന്‍, വ്യത്യസ്ത രാഷ്ട്രങ്ങള്‍ വ്യത്യസ്ത വാക്കുകള്‍ ഉപയോഗിക്കുന്നു. ഒരേ കാര്യത്തിന് വ്യത്യസ്ത രാഷ്ട്രങ്ങള്‍ വ്യത്യസ്ത ബിംബങ്ങള്‍ ഉപയോഗിക്കുന്നു.
അതുപോലെ, അദൃശ്യദൈവത്തിന് ദൃശ്യബിംബങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍, വ്യത്യസ്ത ജനങ്ങള്‍ വ്യത്യസ്ത ബിംബങ്ങള്‍ സ്വീകരിച്ചു. ദൈവബിംബം വ്യക്തിരൂപം ആകണം എന്നില്ല. അത് ദൈവബോധം ഉണര്‍ത്തുന്ന എന്തുമാകാം. ഒരു ബിംബത്തിന്റെ ഗുണമോ ശേഷിയോ എല്ലാവര്‍ക്കും ഒരുപോലെയാകണം എന്നില്ല; ചിലര്‍ക്ക് ഗുണമുള്ളതാകാം; മറ്റുള്ളവര്‍ക്ക് ഒന്നുമുണ്ടാവില്ല. ഇംഗ്ലീഷിലെ ഒരു വാക്ക് അതറിയാവുന്നവര്‍ക്ക് ഒരാശയം നല്‍കും; ആ ഭാഷ അറിയാത്തവര്‍ക്ക് അത് ഒരര്‍ത്ഥവും നല്‍കില്ല. ഒരു ബിംബം ഒരാളില്‍ ആദരം നിറഞ്ഞ ഓര്‍മ നിറച്ചാല്‍, അതയാള്‍ക്ക് നല്ല ബിംബമാണ്. അതില്ലെങ്കില്‍, അത് അയാള്‍ക്ക് ഒന്നുമല്ല. ബിംബക്കാഴ്ചയോട് അയാളുടെ മനസ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, അത്. അത് വാക്ക് പോലെ തന്നെ; കേള്‍വിക്കാരനില്‍ അതൊരാശയം ഉളവാക്കിയാല്‍ അത് അയാള്‍ക്കുനന്ന്; അല്ലെങ്കില്‍, അതില്‍ കാര്യമില്ല. ഒരു ബിംബം ആര്‍ക്കിഷ്ടമാകുന്നു എന്നത്, വ്യക്തി പ്രതികരണത്തെ ആശ്രയിച്ചിരിക്കും. ഒരു ബിംബം ഹിന്ദുവിനെ ആകര്‍ഷിച്ചെങ്കില്‍, മുസ്ലിമിന് ഇഷ്ടപ്പെടണം എന്നില്ല. കുരിശ് കത്തോലിക്കന് ഇഷ്ടപ്പെടാം; ജൂതന് അങ്ങനെ ആവില്ല; ക അബയിലേക്കുള്ള ദിശ മുസ്ലിമിന് പ്രചോദനമാകാം; പാര്‍സിക്ക് ആകണമെന്നില്ല. അങ്ങനെ, അങ്ങനെ.
ഒരു വിശ്വാസിയില്‍, തെരഞ്ഞെടുത്ത ബിംബത്തിന് ദൈവസ്മൃതി കൊണ്ടുവരാനുള്ള ശേഷി, പൊതുവായുള്ളതാണ്. വിശ്വാസികളില്‍ ഈ സ്മൃതിയുണര്‍ത്താന്‍ ബിംബം ഇല്ലാത്ത ഒരു മതവും ഇല്ല. ജൂതന്, തോറയോ, പഴയ നിയമമോ അടങ്ങിയ പെട്ടകം, മുകളില്‍ രണ്ടു മാലാഖമാരോടെ, ദൈവസാന്നിധ്യത്തെ വിളിച്ചറിയിക്കുന്നു. മുസ്ലിമിന്, മെക്കയിലെ ക അബ പ്രതീകമാണ്; പ്രയോഗത്തില്‍ അങ്ങോട്ടുള്ള ദിശതന്നെ അവനെ പ്രചോദിപ്പിക്കുന്നു. കത്തോലിക്കന്, കുരിശ് ബിംബമാണ്. ഹിന്ദുക്കള്‍ ഭൂരിപക്ഷവും ദൈവത്തെ പ്രതിനിധീകരിക്കാന്‍, വ്യക്തിരൂപങ്ങള്‍ ഉപയോഗിക്കുന്നു; ചിലര്‍ കല്ലിന്റെ ചെറിയ തൂണ് പകരം വയ്ക്കുന്നു.
 ബിംബാരാധനയും വിഗ്രഹാരാധനയും വിലക്കിയ ഒരു രാജാവിന്റെ കഥയുണ്ട്. തന്റെ ചിത്രത്തിലേക്ക് ഒരാള്‍ ചന്ദനം പ്രോക്ഷിച്ചപ്പോള്‍, ദേഷ്യപ്പെട്ട് രാജാവ് അയാളെ തടവിലാക്കാന്‍ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. രാജാവിന്റെ ചിത്രം വരച്ച കാന്‍വാസിനെ പൊതിഞ്ഞ ഗ്ലാസില്‍ ചന്ദനമെറിയുമ്പോള്‍ രാജാവിന് വെറുപ്പു തോന്നാമെങ്കില്‍, എന്തുകൊണ്ട് താന്‍ ഒരു വിഗ്രഹത്തിന് മാലയിടുമ്പോള്‍ ഒരാള്‍ക്ക് ഭക്തിവികാരം ഉണ്ടായിക്കൂടാ എന്നു മന്ത്രി ചോദിച്ചു. പശ്ചാത്തപിച്ച രാജാവ്, വിഗ്രഹങ്ങള്‍ സര്‍വവ്യാപിയായ ദൈവത്തെ ആരാധിക്കുന്നതിന് നന്നാണെന്ന് പ്രഖ്യാപിച്ചു.
 ശിവനെ പ്രതിനിധീകരിക്കാന്‍ ഹിന്ദുക്കള്‍ ചെറുതൂണുപോലെ വൃത്താകൃതിയിലുള്ള കല്ലാണ് ബിംബമായി ഉപയോഗിക്കുന്നത്. ജൂതരാഷ്ട്രത്തിന്റെ ആദിമ പിതാവായ യാക്കോബ്, ചെറിയ തൂണ്‍പോലുള്ള കല്ല് ദൈവരാധനയ്ക്ക് ഉപയോഗിച്ചിരുന്നുവെന്ന് ബൈബിള്‍ പറയുന്നു. യാക്കോബ്, ഒരു യാത്രക്കിടയില്‍ ഒരു രാത്രി ലൂസില്‍ താമസിച്ചു. അവിടന്നെടുത്ത ഒരു കല്ല് അയാള്‍ തലയിണയായി ഉപയോഗിച്ചു. സ്വപ്നത്തില്‍ ദൈവം സംസാരിക്കുന്നതായി അയാള്‍ക്ക് തോന്നി. അടുത്ത പ്രഭാതത്തില്‍ എഴുന്നേറ്റപ്പോള്‍, ആ സ്ഥാനം ദൈവത്തിന് പ്രിയപ്പെട്ടതായി തോന്നി, അയാള്‍ കല്ല് തൂണാക്കി നിര്‍ത്തി, അതിനുമേല്‍ എണ്ണ വഴിപാടായി ഒഴിച്ച് പ്രതിജ്ഞ ചെയ്തു. ഞാന്‍ ഒരു തൂണായി കുത്തി നിര്‍ത്തിയിരുന്ന ഈ കല്ല്, ദൈവത്തിന്റെ ആലയം ആയിരിക്കും. (ഉല്‍പത്തി, 28:11-22). വര്‍ഷങ്ങള്‍ക്കുശേഷം, ആ പ്രതിജ്ഞ ഓര്‍മിപ്പിച്ച് ദൈവം ആ സ്ഥലത്തുപോയി താമസിക്കാന്‍ യാക്കോബിനോട് നിര്‍ദ്ദേശിച്ചു (ഉല്‍പത്തി 31:13, 35:1). യാക്കോബ് അത് ചെയ്തു. അപ്പോള്‍, ദൈവവുമായി സംസാരിച്ച സ്ഥാനത്ത് യാക്കോബ് ഒരു തൂണ്, കല്‍ത്തൂണ്, സ്ഥാപിച്ചു. അയാള്‍ അതിന്മേല്‍ ഒരു പാനീയ നിവേദ്യം അര്‍പ്പിക്കയും എണ്ണ ഒഴിക്കയും ചെയ്തു. (ഉല്‍പത്തി, 35:74) യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ട ഒരു സംഭവവും ബൈബിള്‍ വിവരിക്കുന്നു (ഉല്‍പത്തി 32:30). ആ ദര്‍ശനത്തിന് ശേഷവും, അയാള്‍ കല്‍ത്തൂണ്‍ ബിംബമാക്കി ദൈവത്തിന് നിവേദ്യം നല്‍കി. ഒരു ബിംബമോ വിഗ്രഹമോ ആരാധനയ്ക്ക് ദൈവ പ്രതിനിധാനം ആകുന്നതിന്റെ ബോധ്യമാണ് അത്.ദൈവപ്രതീകമായ പേടകത്തിന് മുന്നിലാണ് ജൂത ആരാധന. ദാവീദ്, സയോണില്‍ കൂടാരം പണിത് അതിന് നടുവില്‍ പേടകം പ്രതിഷ്ഠിച്ചപ്പോള്‍, ദാവീദ് കര്‍ത്താവിന്റെ സന്നിധിയില്‍ ഹോമബലികളും സമാധാനബലികളും അര്‍പ്പിച്ചു. (2 ശമൂവേല്‍ 6:17) സോളമന്‍ യരൂശലേമില്‍ ദേവാലയം പണിതപ്പോള്‍, പുരോഹിതര്‍ പേടകം ദേവലായത്തിലെ അതിവിശുദ്ധ സ്ഥലമായ അന്തര്‍ മന്ദിരത്തില്‍ കൊണ്ടുവന്ന്, സോളമന്‍ രാജാവും അയാളോടൊത്തു സമ്മേളിച്ച ഇസ്രായേല്‍ സമൂഹം മുഴുവനും പേടകത്തിന് മുന്‍പാകെ കൈയും കണക്കുമില്ലാതെ ആടുകളെയും കാളകളെയും ബലിയര്‍പ്പിച്ചു (രാജാക്കന്മാര്‍ 8:6,62) ഈ രണ്ടു ഭാഗങ്ങളിലും, പേടകത്തിനു മുകളില്‍ സങ്കല്‍പിച്ച ദൈവത്തിന് മുന്‍പിലാണ് ബലി (പുറപ്പാട് 25:22 കാണുക). ജൂതന്മാര്‍, ദേവാലയത്തിലെ പേടകം, ദൈവസാന്നിദ്ധ്യമുണ്ടാകുന്ന ബിംബമായി ഭാവനയില്‍ കാണുന്നു. വിശ്വാസി, അതിനുമുന്നില്‍ നടത്തുന്ന ആരാധന ദൈവത്തിനുള്ളതായി ന്യായീകരിക്കപ്പെടുന്നു. ഹിന്ദുഭക്തന്മാര്‍ക്കും, വിഗ്രഹങ്ങള്‍ ദൈവസാന്നിദ്ധ്യം സങ്കല്‍പിച്ച ബിംബങ്ങളാണ്. ഒരു വിഗ്രഹത്തെ അഭിഷേകം ചെയ്യുന്ന അനുഷ്ഠാനത്തില്‍ (പ്രാണ പ്രതിഷ്ഠ), ദൈവ സാന്നിധ്യത്തെ ആവാഹിക്കുന്ന ശ്ലോകം ഇങ്ങനെ: 
ഈശ്വരാ! ഈ കല്ലില്‍ ഇരുന്നാലും; ഈ കല്ല് അങ്ങേക്ക് ശരീരമാകട്ടെ (ഐ ഹി ആസ്മാനം ആതിഷ്ഠ; അസ്മ ഭവതു തേ തനു) (അഥര്‍വവേദം 1:2:3) 
ഇതിന്, ബൈബിളില്‍, പ്രതിഷ്ഠാ നേരത്ത് യാക്കോബ് നടത്തുന്ന പ്രാര്‍ത്ഥനയോടുള്ള സാമ്യം ശ്രദ്ധിക്കുക (ഉല്‍പത്തി 28:22):ഞാന്‍ ഒരു തൂണായി കുത്തിനിര്‍ത്തിയിരിക്കുന്ന ആ കല്ല് ദൈവത്തിന്റെ ആലയം ആയിരിക്കും. 
രണ്ടും, വാച്യാര്‍ത്ഥത്തില്‍, ബിംബമായ കല്ലില്‍ ദൈവസാന്നിദ്ധ്യത്തിനുള്ള പ്രാര്‍ത്ഥനയാകാം; സത്തയില്‍ അത്, കല്ലിന്റെ സ്ഥാനത്ത് ദൈവസാന്നിദ്ധ്യം ഭാവനയില്‍ കാണുന്നു-സര്‍വവ്യാപിയായ ആത്മാവിനെ ആരാധിക്കുകയാണ് ലക്ഷ്യം. ബിംബ പ്രതിഷ്ഠയ്ക്കുശേഷം, അതിന്മേലോ അതിന് മുന്നിലോ ഉള്ള അനുഷ്ഠാനം അഥവാ ചടങ്ങ്, ദൈവനാമത്തിലാണ്. ഒരു ബിംബത്തിനുമുന്നില്‍ നില്‍ക്കുന്ന ഹിന്ദുഭക്തര്‍, ആ സ്ഥാനത്ത് ദൈവത്തെ സങ്കല്‍പിക്കുകയും അവനെ, സര്‍വവ്യാപിയും അരൂപിയും അനന്തനുമായ ചൈതന്യരൂപിയായി കീര്‍ത്തിക്കുകയും ചെയ്യുന്നു. ഈ വിശേഷണങ്ങളൊന്നും, ലോഹവിഗ്രഹത്തിനോ, മരബിംബത്തിനോ ചേരുകയില്ല. ഒരു കല്ല് സര്‍വവ്യാപിയാണെന്നോ ചൈതന്യരൂപം (ബോധം അഥവാ ജീവശക്തി) ആണെന്ന് ആരെങ്കിലും പറയുമോ? ഒരു ബിംബമോ വിഗ്രഹമോ ഒരു കഷണം ജഡലോഹമോ, മരമോ കല്ലോ ആണ്; കീര്‍ത്തനങ്ങളെല്ലാം ബിംബത്തിലോ അതിനകത്തോ സങ്കല്‍പിക്കപ്പെട്ട ദൈവത്തെ സംബന്ധിച്ചതാണ്. വിഗ്രഹത്തിനുമേല്‍ സങ്കല്‍പിച്ച ദൈവസാന്നിദ്ധ്യത്തെയാണ് ഭക്തര്‍ ആരാധിക്കുന്നത്; ആ പദാര്‍ത്ഥത്തെ അല്ല. ദൈവബോധം ഉണര്‍ത്താനും ദൈവചിന്തയില്‍ മനസ്സിനെ ഉറപ്പിക്കാനുമാണ് വിഗ്രഹങ്ങളെ ഉപയോഗിക്കുന്നത് എന്നതും, അതിനുമുന്നില്‍ പ്രാര്‍ത്ഥിക്കുകയും കീര്‍ത്തിക്കുകയും ചെയ്യുന്ന ഭക്തര്‍, അതിനെയല്ല, സര്‍വവ്യാപിയായ ദൈവത്തെയാണ് പൂജിക്കുന്നത് എന്നതും, ഭാരതത്തിലെ ചില ആഘോഷാനുഷ്ഠാനങ്ങളില്‍ വ്യക്തമാണ്. വാര്‍ഷിക ഗണേശോത്സവങ്ങളും ദുര്‍ഗാപൂജയും ഉദാഹരണം. ഈ ഘട്ടങ്ങളില്‍ മിക്കവാറും ഹിന്ദുക്കള്‍ വീടുകളിലും ആഘോഷം നടത്തുന്നു. നിറംചാര്‍ത്തിയ കളിമണ്‍ ദൈവ/ദേവീ വിഗ്രഹങ്ങളില്‍ മാലകള്‍ ചാര്‍ത്തി അലങ്കരിക്കുന്നു; പൂക്കള്‍, ചന്ദനത്തിരികള്‍, വിളക്കുകള്‍, സംഗീത കച്ചേരികള്‍ തുടങ്ങി വിപുലമായ ആഘോഷങ്ങളാണ് വിഗ്രഹത്തിനുമുന്നില്‍ സമര്‍പിക്കുന്നത്. ആഘോഷം കഴിഞ്ഞാല്‍, അലങ്കരിച്ച വിഗ്രഹങ്ങള്‍ ഏതെങ്കിലും പുഴയിലോ തടാകത്തിലോ കുളത്തിലോ കടലിലോ കൊണ്ടുപോയി മുക്കും. (കളിമണ്ണ് അലിഞ്ഞുചേരാന്‍). അടുത്തവര്‍ഷത്തെ ആഘോഷത്തിന്, പുതിയ വിഗ്രഹങ്ങള്‍ എത്തും. ഭക്തന്‍ പരമാവധി തന്നാലാകും വിധവും അതീവ ഭക്തിയോടെയുമാണ് ചടങ്ങുകള്‍ നടത്തുന്നത് എങ്കിലും, ആത്യന്തികമായി വിഗ്രഹം വെള്ളത്തില്‍ കളയുകയാണ് എന്നത്, അയാള്‍ ആഘോഷസമയത്ത് ആരാധിച്ചത് അലങ്കരിച്ച വിഗ്രഹത്തെയല്ല, അത് പ്രതിനിധീകരിച്ച ദേവനെയോ ദേവിയെയോ ആണ് എന്ന് വ്യക്തം. മറ്റ് ആരാധനാ കേന്ദ്രങ്ങളിലെ കാര്യവും ഇതുതന്നെ. ഭക്തിയും ആരാധനയും വളര്‍ത്താന്‍ ഉപയോഗിക്കുന്ന ബിംബങ്ങള്‍, മതലക്ഷ്യം നന്നായി നിര്‍വഹിക്കുന്നുണ്ട്. ഒരു പള്ളിയുടെ അഭിഷേകവും ഇതേ പ്രാധാന്യമുള്ളതാണ്. 'ഇപ്പോള്‍ ഇട്ടിരിക്കുന്ന അസ്തിവാരം, അതായത് യേശുക്രിസ്തു അല്ലാതെ മറ്റൊരു അസ്തിവാരവും ഇടാന്‍ ആര്‍ക്കും സാധ്യമല്ല' (1 കോറിന്തോസുകാര്‍ 3:11) എന്നത് ആധാരമാകിലും, പള്ളിയുടെ അഭിഷേകത്തിനു സമ്മേളിച്ചവര്‍ പള്ളിയുടെ അള്‍ത്താരയിലേക്ക് യേശു ഇറങ്ങിവന്നു എന്നാണ് സങ്കല്‍പിക്കുന്നത്. തുടര്‍ന്ന്, പള്ളി 'യേശുവിന്റെ ആലയം' ആവുകയും ആരാധകര്‍ അള്‍ത്താരയില്‍ യേശുവിന്റെ രൂപത്തില്‍ ദൈവത്തെ സങ്കല്‍പിക്കുകയും അതിന് മുന്നില്‍ മുട്ടുകുത്തുകയും ചെയ്യുന്നു. അവന്റെ ഇച്ഛയ്ക്ക് പൂര്‍ണമായി വഴങ്ങുന്നു എന്നാണ് അര്‍ത്ഥം. ഫിലോകാലിയയിൽ, (വാല്യം 1, പേജ് 348) മഹാനായ അന്തോണീസ് പുണ്യവാളൻ നിരീക്ഷിക്കുന്നു: വിഗ്രഹങ്ങളെ ആരാധിക്കുന്നവർക്ക് അവരുടെ ഹൃദയത്തിൽ എന്തിനെയാണ് ആരാധിക്കുന്നത് എന്ന് മനസ്സിലായിരുന്നെങ്കിൽ, സത്യമായ ആരാധനയിൽ നിന്ന് അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ട് പുറത്ത് പോകില്ലായിരുന്നു. 

വിഗ്രഹത്തെയല്ല, ദൈവത്തെയാണ് ആരാധിക്കുന്നത് എന്ന് ഭക്തൻ ഓർമിച്ചാൽ, വിഗ്രഹാരാധന ദൈവത്തിനുള്ള 'സത്യമായ ആരാധന' ആകും. വിഗ്രഹത്തെയാണ് ആരാധിക്കുന്നത് എന്ന് അയാൾ കരുതിയാൽ അത് അസംബന്ധമാണ്; അത്തരമൊരു മിഥ്യാ ധാരണയ്ക്കുള്ള സാധ്യത വിരളമാണ്. ഒരു ചടങ്ങിൽ ദേശീയ നേതാവിന്റെ പ്രതിമയ്ക്ക് മാലയിടുന്ന ആരെങ്കിലും, ആ പ്രതിമയെയാണ് താൻ ആദരിക്കുന്നത് എന്ന് വിചാരിക്കുമോ (ആ നേതാവിന് പകരം)? കടലാസിൽ വരച്ച ഒരു ചിത്രത്താൽ, നാം ഇത്തിരി വലിപ്പമുള്ള ഒരു വസ്തുവിനെ സങ്കൽപിക്കുന്നു. ഒരു കല്ലോ ലോഹ ബിംബമോ കൊണ്ട് ഭക്തൻ വ്യക്തിദൈവത്തെയോ ദൈവത്തെ തന്നെയോ നിശ്ചിതരൂപത്തിൽ സങ്കൽപിക്കുന്നു. ബിംബത്തിലോ ബിംബത്തിനു മുന്നിലോ ആരാധിക്കുന്ന ഭക്തൻ കല്ലിനെയോ മരത്തെയോ ലോഹത്തെയോ മറന്ന്, ദൈവത്തെ ആ സ്ഥലത്തെ ആ രൂപത്തിൽ സങ്കൽപിച്ച് ദൈവത്തിന് ആരാധന നടത്തുകയാണ്; ആ ദൈവബിംബത്തിന് അല്ല. ബിംബങ്ങൾ, വിഗ്രഹങ്ങൾ, ചിത്രങ്ങൾ, പേടകങ്ങൾ, ക അബയിലെ കറുത്ത ശില, മറ്റു ബിംബങ്ങൾ എല്ലാം ദൈവസങ്കൽപം ഉണർത്താൻ വേണ്ടിയുള്ളതാണ് (ജാബാലദർശന ഉപനിഷത്4:59). ഒരു വിഗ്രഹം അഥവാ ക്രൂശിതരൂപം, ഉരുക്കിയ ലോഹമോ കടഞ്ഞ മരമോ ആയി മാത്രം വിശേഷിപ്പിച്ചു സംസാരിക്കുന്നത്, സത്തയെ ഉപേക്ഷിച്ച്, പദാർത്ഥത്തെ വിവരിക്കലാണ്. ഒരു ഗ്രന്ഥം, മഷി പുരണ്ട കടലാസ് കൂട്ടമാണ് എന്നുപറയുംപോലെയാണ്. തീർച്ചയായും, ഗ്രന്ഥം മഷി പുരണ്ട കടലാസു കെട്ടാണ്; പക്ഷേ, അതിനെ അങ്ങനെ മാത്രം വിശേഷിപ്പിക്കുന്നത്, തീർത്തും തെറ്റാണ്- ആ വിശേഷണം ആ ഗ്രന്ഥത്തിലടങ്ങിയ ജ്ഞാനത്തെ, അവഗണിക്കുന്നു. ഗ്രന്ഥം സത്യത്തിൽ ഊർജതന്ത്രമോ ഭൂമിശാസ്ത്രമോ ദൈവശാസ്ത്രമോ ആണ്. നാം ഒരു ഗ്രന്ഥത്തെ ആദരിക്കുന്നത് അതിന്റെ കടലാസോ മഷിയോ കാരണം അല്ല; അതിലടങ്ങിയ വിജ്ഞാനം കൊണ്ടാണ്. അതുപോലെ, വിഗ്രഹങ്ങൾ, ബിംബങ്ങൾ, മറ്റു പ്രതീകങ്ങൾ എല്ലാം ആദരിക്കപ്പെടുന്നത്, ദൈവബോധത്തിന്റെ വാഹകർ എന്ന നിലയ്ക്കാണ്. മാഴ്‌സെയ്ൽസിലെ മെത്രാനായിരുന്ന സെറീനസ്, യേശുവിന്റെയും കന്യാമറിയത്തിന്റെ ചിത്രങ്ങളും ബിംബങ്ങളും ആരാധനയ്ക്ക് ഉപയോഗിക്കുന്നത് വിലക്കിയപ്പോൾ, മഹാനായ ഗ്രിഗറി മാർപ്പാപ്പ (590-604), അദ്ദേഹത്തിന് എഴുതി: ഒരു ചിത്രത്തെ ആരാധിക്കുന്നത് ഒന്നാണ്; ആ ചിത്രത്തിലെ പ്രതീകം വഴി, എന്തിനെയാണ് ആരാധിക്കുന്നത് എന്നറിയുന്നത് മറ്റൊന്നാണ്. 
കോൺസ്റ്റാന്റിനോപ്പിളിൽ 754 ൽ ചേർന്ന ഒരു പുരോഹിതസഭ, ക്രിസ്തുവിന്റെ ദൃശ്യബിംബങ്ങളെല്ലാം മതവിരുദ്ധമാണെന്ന് വിധിച്ചപ്പോൾ, വൈദികരും ഭക്തരും കലാപമുണ്ടാക്കി; പ്രതിഷേധം ശക്തമായതിനാൽ, ഒടുവിൽ, എല്ലായിടത്തും കത്തോലിക്കാ പള്ളികളിൽ, പ്രതീകങ്ങൾ പുനഃസ്ഥാപിച്ചു (In Search of the Soul, വാല്യം 1, പേജ് 83). വിഗ്രഹാരാധന എന്നുപറഞ്ഞാൽ അത്, വിഗ്രഹത്തിലെ ദൈവത്തെ ആരാധിക്കൽ അല്ല; ആ വിഗ്രഹത്തെ തന്നെ ദൈവമായി പൂജിക്കലാണ്. വിഗ്രഹാരാധനയുടെ പൊള്ളത്തരം വരച്ചുകാട്ടാൻ ബൈബിൾ ഒരു സന്ദർഭം വിവരിക്കുന്നു:
ഇരുമ്പുപണിക്കാരൻ ഉളിക്കു മൂർച്ച വരുത്തി തീക്കനലിനു മുകളിൽ വച്ചു പണി നടത്തി അത് രൂപപ്പെടുത്തുന്നു... അയാൾ ദേവദാരു മരങ്ങൾ വെട്ടിവീഴ്ത്തുന്നു... അത് എരിച്ച് അപ്പം ചുടുന്നു.... അതിൽ നിന്ന് ഒരു ദേവനെ ഉണ്ടാക്കി അയാൾ അതിനെ ആരാധിക്കുന്നു; അതൊരു കൊത്തു രൂപമാക്കി അതിന്റെ മുമ്പാകെ അയാൾ കമിഴ്ന്നു വീഴുന്നു. അതിന്റെ പകുതിഭാഗം അയാൾ തീ കത്തിക്കാൻ ഉപയോഗിക്കുന്നു. ജ്വലിക്കുന്ന കനൽക്കട്ടയിൽ വച്ച് മാംസം പാകം ചെയ്ത് ഭക്ഷിച്ച് തൃപ്തിയടയുന്നു..... ശേഷിച്ച ഭാഗംകൊണ്ട് അയാൾ തന്റെ ദേവവിഗ്രഹം ഉണ്ടാക്കുന്നു. അയാൾ അതിന്റെ മുമ്പാകെ വീണ് ആരാധിച്ചു പ്രാർത്ഥനാപൂർവം ഇങ്ങനെ പറയുന്നു: 'എന്നെ രക്ഷിക്കൂ, കാരണം, നീയാണ് എന്റെ ദൈവം!' (യെശയ്യാ 44:13-17). അത് വ്യക്തമായും മരബിംബത്തോടുള്ള ഒരു മണ്ടൻ അനുബന്ധ പ്രാർത്ഥനയായിരുന്നു. യെശയ്യ ഇങ്ങനെയും പറഞ്ഞു: 
ഭൂമിയിലെ ജനങ്ങൾക്ക് ശ്വാസവായുവും ഭൂമിയിൽ നടക്കുന്നവർക്കു ചൈതന്യവും നൽകിയവൻ അരുൾ ചെയ്യുന്നു: 'ഞാനാണ് കർത്താവ്......ഞാൻ എന്റെ മഹത്വം മറ്റാർക്കെങ്കിലുമോ എന്റെ സ്തുതി കൊത്തുരൂപങ്ങൾക്കോ നൽകുന്നില്ല.' (യെശയ്യാ 42:5, 6, 8, 9).
 ദൈവത്തിന് മാത്രമുള്ള പ്രാർത്ഥന ബിംബങ്ങൾക്കോ വിഗ്രഹങ്ങൾക്കോ നൽകിയതിനെ ബൈബിൾ വിലക്കി. ഒരു വിഗ്രഹം ദൈവകമാകാനാവില്ല; അത് ദൈവത്തിന്റെ ബിംബമേ ആകൂ. പ്രാർത്ഥന ദൈവത്തിനാണ്, വിഗ്രഹത്തിനല്ല. യെശയ്യാ ജീവിച്ചത് ക്രിസ്തുവിന് മുൻപ് എട്ടാം നൂറ്റാണ്ടിലാണ്. ആ കാലത്തെ സാഹചര്യങ്ങൾക്കനുസരിച്ചാണ് അദ്ദേഹത്തിന്റെ വിവരണം. യേശുവിന്റെ കാലമായപ്പോൾ, പലസ്തീനിൽ സാഹചര്യങ്ങൾ ഭേദമായി എന്നുതോന്നുന്നു. പുതിയനിയമത്തിലെ സുവിശേഷങ്ങളിലോ മറ്റിടങ്ങളിലോ കാണുന്ന അദ്ദേഹത്തിന്റെ വചനങ്ങളിൽ, വിഗ്രഹങ്ങളോ വിഗ്രഹാരാധനയോ ഇല്ല. പൗലോസ് അപ്പോസ്തലൻ, കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിലെ വിഗ്രഹാരാധനാ വിലക്ക്, അക്കാലത്ത്, കോറിന്തിൽ ആ പ്രാകൃത രീതി തുടർന്നതിനു സൂചനയാകാം. എല്ലായിടത്തും എല്ലാ സാഹചര്യത്തിലും, ബിംബങ്ങളുടെ ഉപയോഗം വിലക്കുന്നത് വ്യക്തിക്കു നിരക്കുന്നതല്ല; അത് അദൃശ്യദൈവത്തിന്റെ ദൃശ്യസ്മൃതിയാണ്.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...