Saturday 17 August 2019

ചെഷസ്‌കുവിന് കറുത്ത ക്രിസ്‌മസ്‌

അപ്പോൾ അയാൾ പാട്ടു പാടി 

ചെഷസ്‌കുവിനെയും ഭാര്യ എലേനയെയും 1989 ക്രിസ്‌മസ്‌ ദിനത്തിൽ വെടിവച്ചു കൊന്നത് വിവരിക്കുമ്പോൾ അയോണൽ ബോയെറുവിൻറെ കൈകൾ വിറയ്ക്കുന്നു.ഒരു പറമ്പിലെ ടോയ്‌ലെറ്റ് സമുച്ചയത്തിനടുത്ത് മതിലിനോട് ചേർത്തു നിർത്തി ആയിരുന്നു,വെടി വച്ചത്.നല്ല തണുപ്പായിരുന്നു.റൊമാനിയ 24 കൊല്ലം ഭരിച്ച കമ്മ്യൂണിസ്റ്റ് ഏകാധിപതിയെ കൊല്ലാൻ നിയോഗിക്കപ്പെട്ട മൂന്നംഗ സ്‌ക്വാഡിലെ അംഗമായിരുന്നു,പാരാട്രൂപ്പർ ബോയെറു.

ഒരു മിനിറ്റ് 44 സെക്കൻഡ് മാത്രം നീണ്ട നിഴൽ വിചാരണ നടന്ന ഹാളിൽ നിന്ന് ഏകാധിപതിയെയും ഭാര്യയെയും അയാൾ പുറത്തേക്ക് ആനയിച്ചു.ചെഷസ്‌കു കമ്മ്യൂണിസ്റ്റ് ഇന്റർനാഷനൽ ഏതാനും വരികൾ പാടി.കോക്രി കാട്ടിയ  പട്ടാള സർജന്റ് ഗോർഗിൻ ഒക്ടേവിയനെ   നോക്കി എലേന പറഞ്ഞു:Fuck You ! ബോയ്‌റുവിന്റെ കലാഷ്‌നിക്കോവ് വെടിയുണ്ടകൾ വർഷിച്ചു.എല്ലാം പെട്ടെന്ന് ആയതിനാൽ പട്ടാള വിഡിയോഗ്രാഫർക്ക് അവസാന വട്ട വെടിയുണ്ടകൾ പായുന്നതും ജഡങ്ങൾ വീഴുന്നതുമേ കിട്ടിയുള്ളൂ."സംസാരിക്കുമ്പോൾ ഇപ്പോഴും ഒരു പിടപ്പുണ്ട്",ബോയെറു  ദി ഒബ്‌സർവർ ലേഖിക എമ്മ ഗ്രഹാം ഹാരിസനോട് 2014 ഡിസംബറിൽ പറഞ്ഞു,"രണ്ടു ജീവിതങ്ങളാണ് ഞാൻ ഇല്ലാതാക്കിയത്;യുദ്ധത്തിൽ അത് ന്യായമാണ്;നിരായുധരെ കൊല്ലുന്നത് പ്രയാസമാണ്.എൻറെ ജോലി ആളെ കൊല്ലുന്നത് ആണെങ്കിലും ഇങ്ങനെ വരണമെന്ന് എനിക്ക് ആഗ്രഹമില്ല."
ചെഷസ്‌കുവിൻറെ ജഡം 
തടിച്ച് മീശയുള്ള ബോയെറുവിനെ  വിഡിയോയിൽ ജാഗ്രതയോടെ കാണാം.ഭീതിയിലും ദാരിദ്ര്യത്തിലും രാജ്യത്തെ ആഴ്ത്തിയ ഏകാധിപതിയുടെ ജീവിതം അവസാനിപ്പിച്ചതിൽ അയാൾക്ക് ഖേദമില്ല.അയാളുടെ പുരോഹിതനായ മുത്തച്ഛൻ കുറെ കാലം തടവിലായിരുന്നു .ചെഷസ്‌കു ഇല്ലാതായപ്പോൾ അദ്ദേഹം സന്തുഷ്ടനായി കാണപ്പെട്ടു."നീ വിഷമിക്കണ്ട,നിൻറെ പാപം ഞാൻ ഏറ്റോളാം",വൃദ്ധൻ പറഞ്ഞു.
ബോയെറുവിന് സ്വകാര്യതയും സമാധാനവും നഷ്ടപ്പെട്ടു;ഈ 'പ്രസിദ്ധി'യിൽ ഭാര്യ ദുഖിതയായി.
തൻറെ വെടിയുണ്ടകളാണ് ഇരുവരെയും കൊന്നതെന്ന് ബോയെറു  കരുതുന്നു.മൂന്നംഗ സ്‌ക്വാഡിൽ ഒരാൾ ഏതാനും സെക്കണ്ടുകൾ മരവിച്ചിരുന്നു.രണ്ടാമൻ തോക്ക് ഓട്ടോമാറ്റിക് സംവിധാനത്തിൽ ഇടാൻ മറന്നിരുന്നു.അതിനാൽ ഏതാനും വെടിയുണ്ടകൾ ഒന്നൊന്നായി വർഷിക്കാനേ ആയുള്ളൂ.
അന്ന് 31 വയസുള്ള ബോയെറു വരേണ്യ 64 ബോട്ടേനി പാരച്യൂട്ട് റെജിമെൻറ്‌  യൂണിറ്റ് ഓഫിസർ ആയിരുന്നു.സ്‌കൂളിൽ കമ്മ്യൂണിസം പഠിച്ചാണ് അയാൾ വളർന്നത്." ഏതു വിപ്ലവവും ചോര ചിന്തുന്നു;വിപ്ലവം അതിൻറെ നായകരെ തിന്നും",അയാൾ പറഞ്ഞു.വാസന തൈലത്തിൽ മുങ്ങിയ ചെഷസ്‌കുവിനെ കാണുന്നതിന് മിനുട്ടുകൾ മുൻപാണ് ഉത്തരവ് കിട്ടിയത്.മന്ത്രി ചോദിച്ചു,"ക്യാപ്റ്റൻ,തയ്യാറാണോ ?"
"അതെ",ബോയെറു  പറഞ്ഞു.

കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസത്തോട് വിട പറയുന്ന അവസാന സോവിയറ്റ് ഉപഗ്രഹ രാഷ്ട്രങ്ങളിൽ ഒന്നായിരുന്നു,റൊമാനിയ.ചെഷസ്‌കുവിനെതിരായ ജന വിപ്ലവ വാർത്തകൾ റേഡിയോ യൂറോപ്പിൽ ബെയ്റുവിൻറെ സേന കേട്ട് കൊണ്ടിരുന്നു.Little Lizard എന്നായിരുന്നു ഈ വിപ്ലവത്തിന് പേര്.നിരോധിച്ച ശേഷവും ഭരണ സംവിധാനത്തിലെ വിടവുകൾക്കിടയിലൂടെ നുഴഞ്ഞു കയറിയതിനാലാണ് ചെറിയ പല്ലി എന്ന പേര് വീണത്.ഡിസംബർ 21 ന് ബെയ്റുവിൻറെ യൂണിറ്റ് ചെഷസ്‌കുവിനോട് കൂറ് പ്രഖ്യാപിച്ച് പ്രതിജ്ഞ എടുത്തിരുന്നു.അടുത്ത നാൾ കേന്ദ്രകമ്മിറ്റി ഓഫിസ് ജനം പിടിച്ചു,ചെഷസ്‌കുവും ഭാര്യയും ഹെലികോപ്റ്ററിൽ രക്ഷപ്പെട്ടു.സൈനികർ ആഹ്‌ളാദം കൊണ്ട് വിങ്ങിപ്പൊട്ടി.ഒളിപ്പിച്ച മദ്യക്കുപ്പികൾ പുറത്തെടുത്തു.അവർ ബാരക്കുകളിൽ കാത്തു."വെടി വയ്ക്കാനുള്ള ചാൻസ് എനിക്ക് കിട്ടിയാൽ എന്ത് ചെയ്യും?," സുഹൃത്ത് ഡോറിൻ സിർലാൻ ചോദിച്ചു.അയാളും മൂന്നംഗ സ്‌ക്വാഡിൽ പെട്ടു.ഏകാധിപതിയെ കൊന്നു മടങ്ങുമ്പോൾ ഹെലികോപ്റ്റർ പ്രോസിക്യൂട്ടർമാരെയും ജഡ്ജിമാരെയും പട്ടാളത്തെയും കൊണ്ട് നിറഞ്ഞതിനാൽ,സിർലാന് കോപ്റ്ററിൽ കയറ്റിയ ചെഷസ്‌കുവിൻറെ ജഡത്തിന് മുകളിൽ ഇരിക്കേണ്ടി വന്നു.
ബോയെറു  
ഡോറിൻ മരിയൻ സിർലാനെ ഒബ്‌സർവർ ലേഖകൻ എഡ് വുള്ള്യാമി 2009 മേയിൽ  കണ്ടിരുന്നുഹെലികോപ്റ്ററിൽ മറ്റ് സീറ്റുകളെക്കാൾ ഇരിക്കാൻ സുഖം ചെഷസ്‌കുവിൻറെ ജഡമായിരുന്നുവെന്ന് സിർലാൻ ഓർമിച്ചു."അതിന് ചൂടുണ്ടായിരുന്നു;ചോര എൻറെ പട്ടാള പാന്റിലേക്ക് പടർന്നു"
ഫ്രഞ്ച് വിപ്ലവത്തെയും ഗില്ലറ്റിനെയും പറ്റി കേട്ടിരുന്ന സിർലാൻ അത് പോലെ ചരിത്ര സംഭവത്തിൽ പങ്കാളിയായി എന്നാണ് കരുതുന്നത്.അന്ന് 27 വയസ് .വിചാരണ ഒരു മിനുട്ടും 44 സെക്കൻഡും ആയിരുന്നെങ്കിൽ,കൊല പത്തു മിനുട്ടിൽ കഴിഞ്ഞു.കമാൻഡോ ആയി പരിശീലനം കിട്ടിയിരുന്നു.ചെഷസ്‌കു അയാളുടെ സുപ്രീം കമാൻഡർ ആയിരുന്നു;അയാളെ സംരക്ഷിക്കുകയായിരുന്നു ചുമതല.അതിനാൽ കൊല്ലുമ്പോൾ സുഖം തോന്നിയില്ല.

സിർലാൻ സ്വന്തം ഭാഷയിൽ സംഭവം പുസ്തകമാക്കി.
ജനറൽ വിക്റ്റർ 
ക്രിസ്‌മസ്‌ രാവിലെയാണ് സിർലാൻറെ യൂണിറ്റിന് പ്രത്യേക ദൗത്യത്തിന് സന്നദ്ധരായവരെ വേണമെന്ന അറിയിപ്പ് കിട്ടിയത്.Zero Degrees എന്നായിരുന്നു പേര്.തിരിച്ച് വരുമെന്ന് ഉറപ്പില്ല എന്നാണ് ഇതിന് അർത്ഥം.രണ്ട് ഹെലികോപ്റ്ററിൽ എട്ട് കമാൻഡോകളെ പറത്തി.മണിക്കൂറിൽ 150 കിലോമീറ്റർ വേഗം.ഭൂനിരപ്പിൽ നിന്ന് 15 -30 മീറ്റർ മാത്രം ഉയരത്തിൽ -റഡാറിൽ വരാതിരിക്കാൻ.സ്റ്റീയ ബുക്കാറസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിന് അടുത്ത ഒരു പറമ്പായിരുന്നു ലക്ഷ്യം.കവചിത സൈനികരും നിരവധി കാറുകളും അടങ്ങിയ വ്യൂഹം ജനറൽ വിക്റ്റർ സ്റ്റാൻകുലെസ്‌കുവിൻറെ  നേതൃത്വത്തിൽ കാത്തു നിന്നു.പ്രതിരോധ സഹമന്ത്രി ആയിരുന്നു അദ്ദേഹം.അവിടന്ന് കോപ്റ്ററുകൾ തർഗോവിസ്റ്റെയിലേക്ക് പറന്നു -വെറും പത്തു മീറ്റർ  ഉയരത്തിൽ.മിസൈലുകൾ വഹിച്ച മൂന്ന് കോപ്റ്ററുകൾ അകമ്പടി ഉണ്ടായിരുന്നു.സ്ഥലത്തെത്തിയപ്പോൾ ഓരോ കോപ്റ്ററിൽ നിന്നും നാലു പേർ വീതം ഇറങ്ങാൻ ജനറൽ പറഞ്ഞു.ബാഡ്‌ജുകൾ ഇല്ല.ഗ്രനേഡും കത്തിയും കൂടി വേണം."സഖാക്കളേ",ജനറൽ പറഞ്ഞു,"ഞാൻ എക്കാലവും പാരാട്രൂപ്പേഴ്‌സിനെ വിശ്വസിച്ചു;ഞാൻ ഇപ്പോൾ വിപ്ലവത്തോടുള്ള നിങ്ങളുടെ കൂറിൽ വിശ്വസിക്കുന്നു".
ഒരു സൈനിക കോടതി, റൊമാനിയൻ ജനതയോട് ക്രൂരതകൾ കാട്ടിയ ദമ്പതികളെ  വിചാരണ ചെയ്യുമെന്ന് ജനറൽ പറഞ്ഞു.വധശിക്ഷ ആണെങ്കിൽ നടപ്പാക്കാൻ തയ്യാറാണോ?
"അതെ " എന്നായിരുന്നു ആരവം.
തൃപ്തി വരാതെ,തയ്യാറുള്ളവർ മുന്നോട്ട് വരാൻ ജനറൽ പറഞ്ഞു.എല്ലാവരും മുന്നോട്ട് വന്നു.അവരിൽ നിന്ന് ജനറൽ മൂന്നു പേരെ തിരഞ്ഞെടുത്തു:ക്യാപ്റ്റൻ ബെയ്റു,പെറ്റി ഓഫിസർ സിർലാൻ, സർജന്റ്.ഗോർഗിൻ ഒക്ടേവിയൻ.കെട്ടിടത്തിൽ നിന്ന് സകലരെയും ഒഴിപ്പിക്കുക,അവിടത്തെ ഒരു മുറി കോടതിയായി മാറുന്നതിന് കാവൽ നിൽക്കുക.അകത്തു കയറാൻ ആരെങ്കിലും തുനിഞ്ഞാൽ കൊല്ലുക.ശിക്ഷ കിട്ടിയാൽ ചെഷസ്‌കുവിനെ കൊല്ലേണ്ട സ്ഥലം ജനറൽ ക്യാപ്റ്റന് കാട്ടിക്കൊടുത്തു.മൂവരും തോക്കിലെ വെടിയുണ്ടകൾ അവരുടെ ശരീരത്തിൽ തീർക്കണം.
സിർലാൻ 
കോടതിയിലെത്തിയ ചെഷസ്‌കു ചകിതനായി.ഇവർ ആരെന്നു അയാൾക്ക് മനസിലായില്ല." നിങ്ങൾ റൊമാനിയക്കാരാണോ?",അയാൾ ചോദിച്ചു.
"ഞങ്ങൾ ജനറലിന് ഒപ്പമാണ്",സിറിലാൻ പറഞ്ഞു.
പുറത്ത് കാവൽ നിൽക്കുമ്പോൾ അകത്ത് നടക്കുന്നതെല്ലാം കേട്ടു.ശിക്ഷ വിധിച്ച ശേഷം പറഞ്ഞു:"അപ്പീൽ പത്ത് ദിവസത്തിൽ;ശിക്ഷ നടപ്പാക്കൽ ഉടൻ".
കമ്മ്യൂണിസത്തിലെ വലിയ അസംബന്ധം -മരിച്ച ശേഷം അപ്പീൽ.മരിച്ച ശേഷം പുനരധിവാസമുള്ള സംവിധാനമാണ്!
ചെഷസ്‌കുവിനെയും ഭാര്യയെയും വരിഞ്ഞു കെട്ടി മതിലിനടുത്തേക്ക് കൊണ്ട് പോയി ആദ്യം ചെഷസ്‌കുവിനെയും പിന്നെ ഭാര്യയെയും കൊല്ലാൻ ജനറൽ ഉത്തരവിട്ടു.
പുറത്തു വന്ന ചെഷസ്‌കുവും ഭാര്യയും കുഞ്ഞുങ്ങളെപ്പോലെ കരയുകയായിരുന്നു."ഞങ്ങളെ പട്ടികളെപ്പോലെ കൊല്ലരുത്",ചെഷസ്‌കു അപേക്ഷിച്ചു.
എലേന അപേക്ഷിച്ചു:"ഞങ്ങളെ പട്ടികളെപ്പോലെ കൊല്ലാൻ പോവുകയാണെങ്കിൽ,ഞങ്ങളുടെ സ്നേഹം മുൻ നിർത്തി അദ്ദേഹത്തെ കൊല്ലുന്നത് ഞാൻ കാണേണ്ടി വരരുത്;അദ്ദേഹത്തോടൊപ്പം മരിക്കാൻ എന്നെ അനുവദിക്കണം".
"അവരെയും അയാൾക്കൊപ്പം മതിലിനടുത്തേക്ക് കൊണ്ട് പോകൂ",ജനറൽ ഉത്തരവിട്ടു.
അവർക്ക് നേരെ നോക്കാൻ മടിച്ച് പലപ്പോഴും മുഖംതിരിച്ചെന്ന് സിർലാൻ ഓർത്തു.അപ്പോൾ ചെഷസ്‌കു മനുഷ്യൻ ആകുന്നത് കണ്ടു.അയാൾ സ്‌തംഭിച്ചു.സിർലാൻറെ മുഖത്ത് നോക്കി അയാൾ വിലപിച്ചു:"റൊമാനിയൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് നീണാൾ വാഴട്ടെ;ചരിത്രം പകരം വീട്ടും".
അയാൾ കമ്മ്യൂണിസ്റ്റ് ഇൻറർനാഷനൽ കുറച്ചു പാടി.
അപ്പോഴാണ് ജനറലിന്റെ ആജ്ഞ വന്നത്:ഫയർ !
മൂവരും അരയിൽ നിന്ന് വെടി ഉതിർത്തു;പാടുമ്പോൾ ആയിരുന്നു വെടി.ഒരു മീറ്റർ അല്ലെങ്കിൽ 50 സെന്റിമീറ്റർ അടുത്ത് നിന്നായിരുന്നു വെടി.മതിലിനോട് ചേർന്ന് അവർ മരിച്ചു വീഴുമ്പോൾ വെടിയുണ്ടകൾ പാതിയെ തീർന്നിരുന്നുള്ളു.മതിലിൽ ചെന്ന് മുട്ടി എലേന കോണോട് കോണായി മുകളിലേക്ക് ചിതറിത്തെറിച്ചു.
എലേന 
ചെഷസ്‌കു മരിച്ച് രണ്ടു ദിവസം കഴിഞ്ഞ് മാത്രമേ കോടതി രൂപീകരിക്കുന്ന ഉത്തരവ് ഒപ്പിട്ടുള്ളു;അന്നേ ജഡം ടി വി യിൽ കാട്ടിയുള്ളു.
സംഭവശേഷം താൻ ഭ്രഷ്ടൻ ആയെന്ന് സിർലാൻ പറഞ്ഞു.ചെഷസ്‌കുവിൻറെ പിൻഗാമി അയോൺ ഇലിയെസ്‌കു,സിർലാനെ പരിഗണിച്ചില്ല.1998 ൽ സിർലാൻ പട്ടാളത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.ഒക്റ്റേവിയൻ ടാക്‌സി ഡ്രൈവർ ആയി;ബോയെറു കേണലും.

തടവിൽ ഒന്നിച്ചു കഴിയുമ്പോഴാണ്,നിക്കോളെ ചെഷസ്‌കു ( 1918 -1989 ) കമ്മ്യൂണിസ്റ്റ് ഗുരുവും പിന്നീട് റൊമാനിയൻ പാർട്ടി ജനറൽ സെക്രട്ടറിയും ഏകാധിപതിയും സർവോപരി സ്റ്റാലിന്റെ സിൽബന്തിയുമായ ഗോർഗ്യു ദേജിനെ പരിചയപ്പെട്ടത്.തൊഴിലാളി കുടുംബങ്ങളിൽ നിന്ന് വന്ന ഇരുവരും വലിയ സഖാക്കളായി.പാർട്ടിയിൽ ലോകത്തിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി അന പോക്കറുടെ ബുദ്ധിജീവി സംഘത്തെ വെട്ടി നിരത്തി ഗോർഗ്യു,ചെഷസ്‌കുവിന് വഴിയൊരുക്കി.പാവപ്പെട്ട കർഷക കുടുംബത്തിലെ ഒൻപതു മക്കളിൽ ഒരാൾ.അച്യുതാനന്ദനെപ്പോലെ തയ്യൽ പണി ചെയ്താണ് ചെഷസ്‌കു കുടുംബം നോക്കിയത്.സദാ ചീത്ത വിളിക്കുന്ന ഈശ്വര വിശ്വാസിയായ പിതാവിൽ നിന്ന് പതിനൊന്നാം വയസിൽ ഒളിച്ചോടി ബുക്കാറസ്റ്റിൽ എത്തി.സഹോദരിക്കൊപ്പം താമസിച്ച് ചെരുപ്പുണ്ടാക്കുന്ന കടയിൽ സഹായി ആയി.ചെരുപ്പുകുത്തി അലക്‌സാൻഡ്രൂ വഴി പാർട്ടിയിൽ എത്തി.
അയോൺ ഇലിയെസ്‌കു 
പതിനഞ്ചാം വയസ്സു മുതൽ തെരുവുയുദ്ധങ്ങളിൽ വഴക്കാളിയായി.1939 ൽ ജയിലിൽ നിന്ന് പുറത്തു വന്നപ്പോൾ എലേനയെ കെട്ടി.യുദ്ധകാലത്താണ് ടാർഗു ജിയുവിലെ തടവിൽ ഗോർഗ്യുവിനൊപ്പം ഒരു മുറിയിൽ കഴിഞ്ഞത്.ജയിൽ ജീവനക്കാർക്ക് കോഴ കൊടുത്തതിനാൽ പാർട്ടിക്കാർ അകത്ത് സ്വതന്ത്രരായിരുന്നു.അവിടെ ഗോർഗ്യു സ്വയം വിമർശനത്തിന് സഖാക്കളെ നിർബന്ധിച്ചു.ഗോർഗ്യു പഠിച്ച പോലെയല്ല ഇവരുടെ മാർക്‌സിസം അല്ലെങ്കിൽ,അയാൾക്ക്‌ വേണ്ടി ചെഷസ്‌കു സഖാക്കളെ തല്ലി.1944 ൽ റെഡ് ആർമി റൊമാനിയയിൽ എത്തിയപ്പോൾ ചെഷസ്‌കു യുവജനവിഭാഗം തലവനായി.1947 ൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ കൃഷി മന്ത്രി.1952 ൽ സി സി യിൽ.രണ്ടു വർഷം കഴിഞ്ഞ് പി ബി യിൽ -ഇതിനിടയിൽ പാർട്ടിയിൽ നടന്ന ശുദ്ധീകരണത്തിൽ ചരട് വലിച്ചു.ഗോർഗ്യു 1965 ൽ മരിച്ചപ്പോൾ ജനറൽ സെക്രട്ടറി.1967 ൽ പ്രസിഡൻറ് കൂടി ആയി.

ചെഷസ്‌കു തുടക്കത്തിൽ കൈയടി നേടി -1968 ൽ സോവിയറ്റ് സേന ചെക്കോസ്ലോവാക്യ പിടിച്ചത് അനുകൂലിച്ചില്ല.അതിന് ഒരാഴ്ച മുൻപ് അവിടെ പോയി അലക്‌സാണ്ടർ ഡ്യുബ്ചെക്കിന് പിന്തുണ നൽകി.ഗർഭം അലസിപ്പിക്കലും ഗർഭ നിരോധന മാർഗങ്ങളും നിയമവിരുദ്ധമാക്കി.റൊമാനിയൻ വംശത്തെ കൂട്ടാൻ ചെയ്ത വിദ്യ അനാഥ കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടി.അമേരിക്കയുമായി അടുത്തു.പശ്ചിമ ജർമനിയെ അംഗീകരിച്ചു.രാജ്യാന്തര നാണ്യ നിധിയിൽ ചേർന്നു.ചൈന,ഉത്തര കൊറിയ,മംഗോളിയ,വിയറ്റ്നാം എന്നീ രാജ്യങ്ങൾ 1971 ൽ സന്ദർശിച്ച ചെഷസ്‌കു കിം ഇൽ സുങ്,മാവോ എന്നിവരുടെ വ്യക്തി മാഹാത്മ്യ പ്രചാരണത്തിൽ ആവേശം കൊണ്ടു.ഏകാധിപത്യം,ദേശീയത.കമ്മ്യൂണിസം എന്നിവയുടെ മിശ്രണം നന്നേ ബോധിച്ചു.എലേനയും മാവോയുടെ ഭാര്യ ജിയാങ് ചിങ്ങും കൂട്ടായി.വിദേശികളെ പറ്റിക്കാൻ ആഡംബര പൂർണമായ പൊട്ടേംകിൻ ഗ്രാമങ്ങൾ പണിതത് ഇഷ്ടപ്പെട്ടു.1787 ൽ ക്രിമിയയ്ക്ക് യാത്ര ചെയ്ത കാതറീൻ രണ്ട് രാജ്ഞിയെ പറ്റിക്കാൻ കാമുകൻ ഗ്രിഗറി പൊട്ടേംകിൻ ഈ വേല കിട്ടിയതിൽ നിന്നാണ് രാഷ്ട്രീയത്തിൽ ഈ പ്രയോഗം വന്നത്.കൊറിയയെ പകർത്താൻ തീരുമാനിച്ച ചെഷസ്‌കു 1971 ജൂലൈ ആറിന് പാർട്ടിയിൽ നടത്തിയ പ്രസംഗം ജൂലൈ സിദ്ധാന്തങ്ങൾ എന്നറിയപ്പെട്ടു.17 നിർദേശങ്ങൾ അതിൽ വന്നു:പാർട്ടി വിദ്യാഭ്യാസം,നിർമാണ പദ്ധതികളിൽ യുവാക്കളുടെ പങ്കാളിത്തം,റേഡിയോ ,ടി വി,സിനിമ എന്നിവയെ പാർട്ടി പരിപാടി കൊണ്ട് മൂടൽ,പുസ്തകങ്ങൾ ഇറക്കൽ,കലാ,സാഹിത്യ യൂണിയനുകൾ എന്നിവ ഇതിൽപെട്ടു.അയാൾ തുടക്കത്തിലെ നയങ്ങളിൽ നിന്ന് പിറകോട്ട് പോയി.നിരോധിത പുസ്തകങ്ങളുടെ പട്ടിക വന്നു.മരിച്ച സ്റ്റാലിൻ റൊമാനിയയിൽ ഉയിർത്തു.സോഷ്യലിസ്റ്റ് ഹ്യൂമനിസത്തിൻറെ പേരിൽ എഴുത്തുകാർ ആക്രമിക്കപ്പെട്ടു.മനുഷ്യന് സ്വകാര്യത നഷ്ടപ്പെട്ടു.

എഴുപതുകളിൽ പാശ്ചാത്യ ലോകത്തിനെതിരായ അറബ് എണ്ണ ഉപരോധത്തിൽ,എണ്ണ സമ്പന്നമായ റൊമാനിയ കാശു വാരി.പടിഞ്ഞാറൻ ബാങ്കുകളിൽ നിന്ന് വൻ വായ്‌പ എടുത്തു.എണ്ണ ശുദ്ധീകരണ ശാലകൾ പണിത് ലാഭം കിട്ടുമ്പോൾ തിരിച്ചടയ്ക്കാം എന്ന് കരുതി.റൊമാനിയൻ തൊഴിലാളികൾക്ക് ഉൽപാദന ക്ഷമത ഇല്ലാത്തതിനാൽ ഒന്നും സമയത്തിന് തീർന്നില്ല.1977 ലെ ഭൂകമ്പവും വലച്ചു.അത്തരം പ്രശ്നങ്ങൾ മാർക്സിസത്തിൽ പറയുന്നില്ല.പ്രപഞ്ച നിയമം ഏകാധിപതിയുടെ കണക്ക് തെറ്റിച്ചു.
കൂടുതൽ വേതന,നല്ല തൊഴിൽ സാഹചര്യങ്ങൾ എന്നിവ ആവശ്യപ്പെട്ട് 70,000 ഖനി തൊഴിലാളികൾ പണിമുടക്കി.അവർ മുദ്രാവാക്യം വിളിച്ചു:ചെമപ്പൻ ബൂർഷ്വാസി തുലയട്ടെ !
ചെഷസ്‌കു 
പട്ടാളം അവർക്ക് മേൽ വെടി വയ്ക്കാൻ സമ്മതിച്ചു.ഈ തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും തുടർന്നുള്ള വർഷങ്ങളിൽ കാൻസർ വന്നു-ഇവർക്ക് നെഞ്ചിൽ അഞ്ചു മിനുട്ട് എക്‌സ് റേ ചാരസംഘടന ഡോക്ടർമാരെ കൊണ്ട് നിർബന്ധിച്ച് എടുപ്പിച്ചിരുന്നു.കാൻസർ ഉറപ്പിക്കാൻ ആയിരുന്നു ഇത്.
ചാരസംഘടന സെകുരിറ്റാറ്റ് ജനറൽ അയോൺ മിഹയിൽ പാസെപ്പ 1978 ൽ അമേരിക്കയിലേക്ക് കൂറ് മാറിയത് തിരിച്ചടിയായി.

വിദേശത്ത് നിന്ന് കടം വാങ്ങിയ 13 ബില്യൺ ഡോളർ ( 92484 കോടി രൂപ ) തിരിച്ചടയ്ക്കാൻ വയ്യാതായി.ഇറാനിലെ ഷാ സ്ഥാനഭ്രഷ്ടൻ ആയതിനാൽ കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടാതായി.കാർഷിക,വ്യവസായ ഉൽപന്നങ്ങൾ മുഴുവൻ കടം തിരിച്ചടയ്ക്കാൻ കയറ്റി അയച്ചു.റേഷൻ വന്നു;വൈദ്യുതിയും ഗ്യാസും ഇല്ലാതായി.റേഡിയോ സ്റ്റേഷനുകൾ പൂട്ടി.ടി വി ചാനലിൽ ഒരു പരിപാടി പ്രതിദിനം രണ്ടു മണിക്കൂർ മാത്രം.1989 വേനലിൽ കടം അടച്ചു തീർത്തു.ഡിസംബറിൽ ചെഷസ്‌കു പുറത്താകും വരെ കയറ്റുമതി തുടർന്നു.

1984 ഒക്ടോബറിൽ ആസൂത്രണം ചെയ്‌ത പട്ടാള അട്ടിമറി അലസിയിരുന്നു;ഇത് ചെയ്യേണ്ട പട്ടാള യൂണിറ്റിനെ പെട്ടെന്ന് ചോളം കൊയ്യാൻ അയച്ചതായിരുന്നു കാരണം.1989 നവംബറിൽ പതിനാലാം പാർട്ടി കോൺഗ്രസ് ചെഷസ്‌കുവിനെ വീണ്ടും നേതാവാക്കി.അടുത്ത മാസം ടീമിസോറയിലും ബുക്കാറസ്റ്റിലും അക്രമ പരമ്പര അരങ്ങേറിവംശീയ വിദ്വേഷം കുത്തിവയ്ക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ലാസ്ലോ ടോക്‌സ് എന്ന ഹംഗേറിയൻ രാഷ്ട്രീയക്കാരനായ പാസ്റ്ററെ പുറത്താക്കാൻ ശ്രമിച്ചതായിരുന്നു ടീമിസോറയിൽ പ്രതിഷേധ കാരണം.ജനക്കൂട്ടത്തിനു നേരെ വെടിവയ്‌പ് ഉണ്ടായി.ഡിസംബർ 18 ന് ഇറാനിൽ പോയ ചെഷസ്‌കു 20 ന് തിരിച്ചെത്തിയപ്പോൾ എല്ലാം വഷളായിരുന്നു.സി സി ഓഫിസിലെ ടി വി റ്സ്റ്റുഡിയോയിൽ നിന്ന് രാജ്യത്തോട് പ്രസംഗിച്ച അയാൾ വിദേശ കരങ്ങളെ കുറ്റപ്പെടുത്തി.അടുത്ത നാൾ ബുക്കാറസ്റ്റിലെ വിപ്ലവ സ്‌ക്വയറിൽ  പൊതു യോഗത്തിൽ പ്രസംഗിച്ചു.എട്ടു മിനിറ്റായപ്പോൾ ജനം കൂവാൻ തുടങ്ങി.അയാൾ സി സി മന്ദിരത്തിൽ ഒളിച്ചു.ജനം വിപ്ലവകാരികളായി.തെരുവ് നിറഞ്ഞു.
വാസിലി മിലിയ 
പ്രതിരോധ മന്ത്രി വാസിലി മിലിയ സ്വയം വെടിവച്ച് ജീവനൊടുക്കി. ചെഷസ്‌കു സൈനിക മേധാവി സ്ഥാനം ഏറ്റു.അയാളെ കൊന്നതാണെന്നു കരുതി പട്ടാളക്കാർ ക്ഷുഭിതരായി,കൂറ് മാറി.ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ ശ്രമിച്ച ഏകാധിപതിയെ ജനം കല്ലെറിഞ്ഞു.ജനം അയാൾ ഒളിച്ച മന്ദിരത്തിൽ കടന്നു.അയാൾ എലിവേറ്ററിൽ കുടുങ്ങി.അയാളും എലേനയും  പ്രധാനമന്ത്രി മാനിയ മനേസ്‌കൂ,മുൻമന്ത്രി എമിൽ ബോബു എന്നിവരും  പുരപ്പുറത്തു കയറി ഹെലികോപ്റ്ററിൽ രക്ഷപ്പെട്ടു.വിപ്ലവം ഒതുക്കാൻ 1000  പേരെ കൊന്നിരുന്നു.

കോപ്റ്ററിൽ അവർ  40 കിലോമീറ്റർ അകലെ സ്നാഗുവിലെ ചെഷസ്‌കുവിൻറെ വീട്ടിലേക്കാണ് ആദ്യം പോയത്;അവിടന്ന് തർഗോവിസ്റ്റെയിലേക്ക്.അവിടെ ഇറങ്ങാൻ പട്ടാളം ആജ്ഞാപിച്ചു.അവരെ പൊലീസ് പിടിച്ച് പട്ടാളത്തിന് കൈമാറി.അന്ന് ക്രിസ്‌മസ്‌ ആയിരുന്നു.ചെഷസ്‌കുവിനെ അട്ടിമറിച്ചത് സോവിയറ്റ് ചാരസംഘടന കെ ജി ബി യുമായി ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന് 2009 ൽ ജനറൽ വിക്റ്റർ വെളിപ്പെടുത്തി;വിവരം അമേരിക്ക അറിഞ്ഞിരുന്നു.കലാപങ്ങളിൽ സോവിയറ്റ് മിലിട്ടറി ഇൻറലിജൻസ് ജി ആർ യു പങ്കെടുത്തിരുന്നു.അതിനർത്ഥം,ചെഷസ്‌കുവിനെ പുറത്താക്കിയതിന് പിന്നിൽ ഗോർബച്ചേവ് ആയിരുന്നുവെന്നാണ്.ചെഷസ്‌കുവിൻറെ പിൻഗാമിയായ അയോൺ ഇലിയെസ്‌കു ( ജനനം 1930 ) മോസ്‌കോയിൽ പഠിക്കുന്ന കാലത്ത് ഗോർബച്ചേവിന്റെ സുഹൃത്തായിരുന്നു എന്ന് വാദമുണ്ട്.കേന്ദ്ര കമ്മിറ്റി അംഗവും യുവജന മന്ത്രിയുമായിരുന്ന അയോണിനെ തന്നെ വെട്ടുമെന്നു ഭയന്ന് 1971 ൽ തന്നെ ചെഷസ്‌കു എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയിരുന്നു.

റെയിൽ തൊഴിലാളിയും കമ്മ്യൂണിസ്റ്റുമായ അലക്‌സാൻഡ്രൂവിൻറെ മകനായ അയോൺ മോസ്‌കോ എനർജി ഇൻസ്റ്റിട്യൂട്ടിലാണ് പഠിച്ചത്.അവിടെ റൊമാനിയൻ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി എന്ന നിലയിലായിരുന്നു,ഗോർബച്ചേവിനെ പരിചയം.അയോൺ ഇത് നിഷേധിച്ചെങ്കിലും,1989 ജൂലൈയിൽ ഗോർബച്ചേവ് റൊമാനിയയിൽ എത്തിയപ്പോൾ,അയോണിനെ ചെഷസ്‌കു ബുക്കാറസ്റ്റിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

See https://hamletram.blogspot.com/2019/08/blog-post_16.html











Friday 16 August 2019

പാർട്ടി ജനറൽ സെക്രട്ടറിയെ കൊന്നു

അവിടത്തെ പാർട്ടി ഡ്രാക്കുള 

റൊമാനിയയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഡ്രാക്കുള നിക്കോളായ് ചെഷസ്‌കു ആണെന്ന പൊതു വിശ്വാസം തെറ്റാണ്;അവിടത്തെ വലിയ ഭീകരൻ,ചെഷസ്‌കുവിൻറെ ഗുരുവും പാർട്ടി ജനറൽ സെക്രട്ടറിയും ആയിരുന്ന ഗിയോർഗി ഗോർഗ്യു -ദേജ് (  Gheorge Gheorgiu-Dej 1901 -1965 ) ആയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സ്റ്റെഫാൻ ഫോറിസിനെ കൊന്നാണ് ഇയാൾ പാർട്ടി പിടിച്ചത് .ഗോർഗ്യുവിനും ചെഷസ്‌കുവിനും വലിയ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല;ബുദ്ധിയുള്ളവരെ സഹിച്ചിരുന്നുമില്ല.ഗോർഗ്യു അനുസരിച്ചത് സ്റ്റാലിനെ മാത്രമാണ്.

ഗോർഗ്യു ദേജ് 
അയാളുടെ കഥ പറയും മുൻപ് പാർട്ടി ചരിത്രം കുറച്ചെങ്കിലും അറിയണം.
ബോൾഷെവിക് അനുകൂല സോഷ്യലിസ്റ്റ് പാർട്ടിയാണ് അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ആയി മാറിയത്.രണ്ടാം ലോകയുദ്ധ കാലത്ത് ചിതറിയ ചെറിയ ഗ്രൂപ് മാത്രമായിരുന്നു പാർട്ടി.അത് സ്റ്റാലിൻ നേതൃത്വം നൽകിയ കോമിന്റേണിന്റെ ഉപഗ്രഹം മാത്രമായിരുന്നു.റെഡ് ആർമി 1944 ൽ റൊമാനിയയിൽ എത്തിയാണ് രാജഭരണത്തെ അട്ടിമറിച്ചത്.മുപ്പതുകളിൽ പാർട്ടി നേതാക്കൾ തടവിൽ ആയിരുന്നു.കുറെ നേതാക്കൾ സോവിയറ്റ് യൂണിയനിൽ അഭയം തേടി.പാർട്ടിയിൽ രണ്ടു ഗ്രൂപ് ഉണ്ടായി -സോവിയറ്റ് യൂണിയനിൽ പോയവരും നാടൻമാരും.നാടന്മാർ ജയിൽ ഗ്രൂപ് എന്നും അറിയപ്പെട്ടു.

റെഡ് ആർമി വന്ന് രാജഭരണത്തെ 1944 ഓഗസ്റ്റിൽ കട പുഴക്കിയപ്പോൾ,കമ്മ്യൂണിസ്റ്റുകൾ വലിയ പാർട്ടി ആയി.അയോൺ അന്റോനെസ്‌കു ആണ് യുദ്ധകാലത്ത് പ്രധാനമന്ത്രിയായി രണ്ട് സർക്കാരുകളെ നയിച്ചത്.സൈനികനായ ഇയാളെ പിടികൂടി കമ്മ്യൂണിസ്റ്റുകൾ കൊന്നു.മൈക്കിൾ രാജാവിനെ നാട് കടത്തി.1945 മാർച്ച് ആറിന് കമ്മ്യൂണിസ്റ്റ് ഭൂരിപക്ഷത്തിൽ  വന്ന മുന്നണി സർക്കാരിൽ പെത്രു ഗ്രോസ് ആയി പ്രധാനമന്ത്രി .കമ്മ്യൂണിസ്റ്റ് പക്ഷത്തു നിന്ന് ആഭ്യന്തര  മന്ത്രി തിയോഹാരി ജോർജെസ്‌കു,ധനമന്ത്രി വാസിലി ലൂക്ക,നിയമം  ല്യൂക്രേഷ്യു പത്രസ് കാനു,വാർത്താ വിനിമയം ഗോർഗ്യു .1945 ൽ പാർട്ടിയുടെ ആദ്യ സമ്മേളനം ഗോർഗ്യുവിനെ ജനറൽ സെക്രട്ടറിയാക്കി നിലനിർത്തി.ത്രിമൂർത്തികളിൽ ( troika ) കോൺസ്റ്റാന്റിൻ പ്രിവിലെസ്‌കു,യോസിഫ് രംഗേറ്റ എന്നിവരെ മുഖ്യ സ്ഥാനങ്ങളിൽ നിന്ന് നീക്കി അന പോക്കർ,തിയോഹാരി ജോർജെസ്‌കു ,വാസിലി ലൂക്ക എന്നിവരെ പി ബി യിൽ കൊണ്ട് വന്നു . 1948 ൽ കമ്മ്യൂണിസ്റ്റ് സർക്കാർ വന്നു,ഇന്ത്യൻ പാർട്ടിയിൽ കൽക്കട്ട തീസിസിൻറെ ഭീകരത ആയിരുന്നതിനാൽ,ഇവിടെ റൊമാനിയയെ ശ്രദ്ധിച്ചില്ല.1965 വരെ റൊമാനിയൻ വർക്കേഴ്‌സ് പാർട്ടി ആയിരുന്നു.ഇതിൻറെ പേര് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാക്കിയത് ചെഷസ്‌കുവാണ്.1953 മുതൽ 1989 വരെ ഇത് മാത്രമായിരുന്നു പാർട്ടി.ഇതാണ്,ജനാധിപത്യം ഇല്ലാത്ത ജനാധിപത്യ കേന്ദ്രീകരണം.അൻപതുകളുടെ തുടക്കത്തിൽ സ്റ്റാലിന്റെ സഹായത്തോടെ എല്ലാ വിഭാഗങ്ങളെയും ശരിയാക്കി ഗോർഗ്യു പാർട്ടി കൈയടക്കി.1947 മുതൽ 1965 ൽ മരണം വരെ അയാൾ തുടർന്നു;അവിടത്തെ ആദ്യ കമ്മ്യൂണിസ്റ്റ് ഏകാധിപതി.1952 -55 ൽ ആദ്യ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി.

തൊഴിലാളിയുടെ മകനായ ഗോർഗ്യുവിന് പഠനം നിർത്തി പതിനൊന്നാം വയസിൽ ജോലിക്ക് പോകേണ്ടി വന്നു.പല ജോലി ചെയ്ത് ഇലക്ട്രീഷ്യൻ ആയി.ജോലിയിൽ നിന്ന് പലതവണ പല കമ്പനികൾ പിരിച്ചു വിട്ടു -എല്ലായിടത്തും സമരമുണ്ടാക്കി.1930 ലാണ് പാർട്ടിയിൽ ചേർന്നത്.ഗലാട്ടിയിലെ റയിൽവേ വർക് ഷോപ്പിൽ ജോലി ചെയ്ത അയാളെ സമരം കാരണം ട്രാൻസിൽവാനിയയിലെ  ദേജിലേക്ക് സ്ഥലം മാറ്റി.അങ്ങനെയാണ് സ്ഥലപ്പേര് കൂടെ പോന്നത്.അവിടെയും സമരം നടത്തി ജോലി പോയ അയാളെ ആരും എടുക്കാതായി.അവിടത്തെ പ്ളാൻറ് പൂട്ടി.1933 ൽ പൊതു പണിമുടക്ക് സംഘടിപ്പിച്ചു.ജയിലിലായ അയാളെ 1936 ൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ എടുത്തു.അയാൾ പാർട്ടി ജയിൽ പക്ഷ നേതാവായി.അന്റോനെസ്‌കു ഭരണകൂടം വീഴുന്നതിനു തൊട്ടു മുൻപ് 1944 ഓഗസ്റ്റിൽ മോചിതനായി.സോവിയറ്റ് ആർമി അവിടെ വന്നിരിക്കെ,അയാൾ ജനറൽ സെക്രട്ടറി ആയി.1952 ൽ വിദേശകാര്യ മന്ത്രി അന പോക്കർ,ആഭ്യന്തര മന്ത്രി തിയോഹാരി ജോർജെസ്‌കു,ധനമന്ത്രി വാസിലി ലൂക്ക എന്നിവരടങ്ങിയ മോസ്‌കോ പക്ഷത്തെ പുറത്താക്കി സർവ്വാധിപതി ആയി.നിയമമന്ത്രിയും ബുദ്ധിജീവിയുമായ  ല്യൂക്രേഷ്യു പത്രാസ്‌കാനുവിനെ 1954 ഏപ്രിൽ 14 ന് വെടിവച്ചു കൊന്നു.
ഗോർഗ്യു സെക്രട്ടറി ആയ അന്ന് മുതൽ മുൻ സെക്രട്ടറി സ്റ്റെഫാൻ ഫോറിസിനെ വേട്ടയാടാൻ തുടങ്ങി.1946 ൽ അയാളെ തട്ടിക്കൊണ്ടു പോയി കൊന്നു.
ല്യൂക്രേഷ്യു 
പത്രപ്രവർത്തകനായ ഇസ്തവാൻ ഫോറിസ് എന്ന സ്റ്റെഫാൻ ഫോറിസ് ( 1892 -1946 ) നാലു വർഷമാണ് ജനറൽ സെക്രട്ടറി ആയിരുന്നത്;1940 -44.ഊർജതന്ത്ര ബിരുദധാരി.റൊമാനിയയിലെ ഹംഗറി ന്യൂനപക്ഷത്തിൽ പെട്ടയാൾ.ഒന്നാം ലോകയുദ്ധത്തിൽ ആസ്ട്രോ -ഹങ്കേറിയൻ പട്ടാളത്തിൽ ലഫ്റ്റനന്റ് ആയിരുന്നു.ജർമനും ഫ്രഞ്ചും കൂടി വശമുള്ളതിനാൽ യുദ്ധം കഴിഞ്ഞ് പത്രപ്രവത്തകനായി.ഹംഗറിയിലെ സോവിയറ്റ് റിപ്പബ്ലിക് ഉണ്ടാക്കുന്ന പ്രസ്ഥാനത്തിൽ പ്രവർത്തിച്ച് ഹംഗറി പാർട്ടിയിൽ അംഗമായി.അത് പിരിച്ചു വിട്ടപ്പോൾ റൊമാനിയയിൽ എത്തി സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു.1921 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക അംഗമായി.1924 ൽ അത് നിരോധിച്ചപ്പോൾ തടവിലായി.1927 ൽ വിചാരണ കാത്തു കഴിയുമ്പോൾ 27 ദിവസത്തെ നിരാഹാരം കിടന്ന് മോചിതനായി വീട്ടു തടങ്കലിലായി.സോവിയറ്റ് യൂണിയനിലേക്ക് കടന്നു.അസാന്നിധ്യത്തിൽ വിചാരണ ചെയ്‌ത്‌ പത്തു കൊല്ലം തടവ് ശിക്ഷ നൽകി.എങ്കിലും ട്രാൻസിൽവാനിയയിൽ എത്തി ഏരിയ സെക്രട്ടറി ആയി.1931 ൽ അറസ്റ്റിലായി നാലു വർഷം ജയിലിൽ കിടന്നു.പാർട്ടി സി സി യിൽ എത്തി;കോമിന്റേൺ പിന്തുണയോടെ അപ്പോഴത്തെ ജനറൽ സെക്രട്ടറി ബോറിസ് സ്‌റ്റെഫാനോവിനെ പുറത്താക്കി ആ സ്ഥാനത്തെത്തി.അപ്പോൾ അയാൾ മോസ്‌കോയിൽ ആയിരുന്നു.
ബോറിസ് സ്‌റ്റെഫാനോവ് 
നാലു കൊല്ലം 1936 -40 ൽ ജനറൽ സെക്രട്ടറി ആയിരുന്നു സ്‌റ്റെഫാനോവ് ( 1883 -1969 ).ബൾഗേറിയയിൽ ജന്മി കുടുംബത്തിൽ ജനിച്ചു.ഹൈസ്‌കൂൾ കഴിഞ്ഞ് അധ്യാപകനും പട്ടാളക്കാരനുമായിരുന്നു.സഹോദരി അന്നയാണ് അയാളെ കമ്മ്യൂണിസ്റ്റ് ആക്കിയത്;അന്ന മൂന്നാം ബൾഗേറിയൻ പാർട്ടി കോൺഗ്രസിൽ പ്രതിനിധി ആയിരുന്നു.1913 ൽ റൊമാനിയൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ എത്തി.ഇതിന് ബന്ധുവായ സോവിയറ്റ് നയതന്ത്രജ്ഞൻ ക്രിസ്ത്യൻ റാക്കോവ്സ്കി സഹായിച്ചതായി പറയുന്നു.1920 ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് ജയിലിൽ ആയതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക കോൺഗ്രസിൽ പങ്കെടുക്കാൻ ആയില്ല.1926 ൽ റൊമാനിയൻ പാർട്ടി പി ബി മുഴുവൻ സോവിയറ്റ് യൂണിയനിലേക്ക് പലായനം ചെയ്‌തു.അവിടന്ന് പ്രവർത്തിച്ച ജനറൽ സെക്രട്ടറി അലക്‌സാണ്ടർ സ്‌റ്റെഫാൻസ്‌കിയെ നീക്കിയാണ്,സ്‌റ്റെഫാനോവിനെ അവരോധിച്ചത്.സ്‌റ്റെഫാൻസ്‌കി റൊമാനിയൻ ആയിരുന്നില്ല;സോവിയറ്റ് -പോളിഷ് വംശജൻ ആയിരുന്നു.അനയുടെ ഭർത്താവ് മാർസൽ ട്രോട് സ്‌കി പക്ഷത്താണെന്ന് സ്‌റ്റെഫാനോവ് മുദ്ര കുത്തി.അയാളെ സ്റ്റാലിൻ കൊന്നു.1938 ൽ സ്‌റ്റെഫാനോവ് മോസ്കോയിലേക്ക് പലായനം ചെയ്തിരുന്നു.തൊഴിലാളി വർഗ്ഗത്തിൽ നിന്ന് വഴി മാറി എന്നാരോപിച്ചാണ് അയാളെ 1940 ൽ നീക്കി,ഫോറിസ് വന്നത്.

1943 ൽ ഫോറിസ് ജനറൽ സെക്രട്ടറി ആയിരിക്കെ പാർട്ടി നേതാക്കൾ മിക്കവാറും മോസ്കോയിലോ ജയിലിലോ ആയിരുന്നു.ഫോറിസിന് പുറമെ,ല്യൂക്രേഷ്യു,റീമസ് കോഫ്‌ളർ എന്നിവരായിരുന്നു പുറത്തുണ്ടായിരുന്നത്.ഇവരായിരുന്നു സെക്രട്ടേറിയറ്റ്.ബുക്കാറസ്റ്റിലെ ഒളിവിടത്തിലിരുന്ന് ഫോറിസിന്റെ  സെക്രട്ടറിയും കാമുകിയുമായ വിക്ടോറിയ സാർബു ചെറിയ സംഘത്തെ ഏകോപിപ്പിച്ചു.ബിസിനസുകാരനും എൻജിനീയറുമായ എമിൽ കൽമാനോവിച്ചി സ്വത്തിൻറെ ഒരു ഭാഗം പാർട്ടിക്ക് കൊടുത്തു.ഗോർഗ്യു വിൻറെ നേതൃത്വത്തിൽ കരൻസബെ ജയിലിൽ കഴിഞ്ഞിരുന്ന ഗ്രൂപ്പിന് പാർട്ടിയിൽ ഉയരാൻ ഫോറിസ് ഗ്രൂപ് തടസമായിരുന്നു.സഹപ്രവർത്തകരെ സദാ ഫോറിസ് ശാസിച്ചു കൊണ്ടിരുന്നതും അദ്ദേഹത്തെ ഒറ്റപ്പെടുത്തി.കോൺസ്റ്റാന്റിൻ പ്രിവ്യുലെച്ചു,ഗിയോർഗി പിണ്ടില്ലെ,യോസിഫ് രംഗേറ്റ്,എമിൽ ബോദ്റാനസ് എന്നിവർ ഇത് ഏറ്റുവാങ്ങിയവർ ആയിരുന്നു.കേരളത്തിൽ പി കൃഷ്ണ പിള്ളയും പത്രോസും സഖാക്കളെ പച്ചത്തെറി വിളിച്ചിരുന്നത് പോലെയാകാം എന്ന് തോന്നുന്നു.1944 മാർച്ചിൽ ബോദ്റാനസിനെ പാർട്ടി തീരുമാനിച്ച അട്ടിമറി പദ്ധതി രേഖകൾ സൂക്ഷിച്ചതിനും അത് പൊലീസ് പിടിച്ചെടുത്തതിനും തരം താഴ്ത്തിയിരുന്നു.സോവിയറ്റ് ചാരശൃംഖലയായ എം ജി ബി യുടെ ഏജൻറ് ആയ ബോദ്റാനസ്,ഗോർഗ്യുവുമായി ബന്ധപ്പെട്ടു-ഫോറിസിനെ പുറത്താക്കാൻ അവർ പദ്ധതി തയ്യാറാക്കി.
സ്റ്റെഫാൻ ഫോറിസ് 
1944 ഏപ്രിൽ നാലിന് ബുക്കാറസ്റ്റിൽ ബോംബ് സ്ഫോടന പരമ്പര നടത്തിയ ശേഷം ബോദ്റാനസ്,പ്രിവ്യുലെച്ചു,രംഗേറ്റ് എന്നിവർ ഫോറിസിനടുത്തു ചെന്ന് തോക്കു ചൂണ്ടി അയാളെ പുറത്താക്കി.ഈ മൂവർ സംഘം (Troika) നേതൃത്വം ഏറ്റെടുത്ത് കുറച്ചു നാൾ കഴിഞ്ഞ് ഗോർഗ്യുവിനെ ജനറൽ സെക്രട്ടറിയാക്കി -പാർട്ടി കോൺഗ്രസ് കൂടുമ്പോഴാണ് ജനറൽ സെക്രട്ടറി മാറുന്നതെന്ന് കരുതരുത് !ജയിലിലുള്ള ഗോർഗ്യുവിനെ വിവരം കോഡ് സന്ദേശത്തിൽ ബോദ്റാനസ് അറിയിച്ചു:

The inheritance [that is, the party documents] was passed down to us, and the head of the family [Foriș], his wife [Sârbu] and the family friend [Koffler] were taken to a good sanatorium [a house controlled by Bodnăraş' faction].

ബുക്കാറസ്റ്റ് സർവകലാശാലാ പ്രൊഫസറായ ലുക്രേഷ്യുവിൻറെ ബുദ്ധിജീവി ഗ്രൂപ് ഈ നീക്കത്തെ അനുകൂലിച്ചു.റൊമാനിയൻ രാജഭരണത്തിൻറെ ചാരസംഘമായ സിഗുറാന്റയ്ക്ക് വേണ്ടി പാർട്ടിയിൽ നുഴഞ്ഞു കയറിയവനാണ് ഫോറിസ് എന്ന് ഗോർഗ്യു പക്ഷം ആരോപിച്ചു.അത് കൊണ്ടാണ് എല്ലാവരും ജയിലിൽ ആയപ്പോൾ ഇയാൾക്ക് പുറത്തു നിൽക്കാൻ കഴിഞ്ഞത്.ഫോറിസിന് പാർട്ടി ഒളിവു കാല പത്രമായ റൊമാനിയ ലിബെറ യിൽ ചെറിയ എഡിറ്റോറിയൽ ജോലി കൊടുത്തു.പാർട്ടിക്ക് ഭരണം കിട്ടിയപ്പോൾ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ഗോർഗ്യു ഉത്തരവിട്ടു.1944 സെപ്റ്റംബർ ഒടുവിൽ തട്ടിക്കൊണ്ടു പോയി ജനുവരിയിൽ മോചിപ്പിച്ചു.ഗോർഗ്യുവിന് എതിരെ ഇയാൾ മാനിഫെസ്റ്റോ തയ്യാറാക്കിയെന്ന് കിംവദന്തി പടർന്നപ്പോൾ മാർച്ച് 23 ന് തട്ടിക്കൊണ്ടു പോയി 20 ദിവസം കഴിഞ്ഞ് മോചിപ്പിച്ചു.ആ സമയത്ത് തയ്യാറാക്കിയ വിൽപത്രത്തിൽ പാർട്ടിയിലും സ്റ്റാലിനിലും  വിശ്വാസം രേഖപ്പെടുത്തി.മെയ് അവസാനവും ജൂൺ ആദ്യവും വിക്ടോറിയയ്‌ക്കൊപ്പം സഞ്ചരിക്കാൻ അനുവദിച്ചു.

ഗിയോർഗി പിണ്ടില്ലെയുടെ നേതൃത്വത്തിലെ സ്‌ക്വാഡ് ജൂൺ ഒൻപതിന് തെരുവിൽ ഫോറിസിനെ തടഞ്ഞു തട്ടിക്കൊണ്ടു പോയി.വിക്ടോറിയയുടെ സഹോദരനൊപ്പം വിദേശത്ത് താമസിക്കാൻ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു ഫോറിസ് എന്ന് പറയപ്പെടുന്നു.ഒരു കൊല്ലത്തിനു ശേഷം ഇയാളെ കൊല്ലാൻ പി ബി രഹസ്യ വോട്ടെടുപ്പിൽ തീരുമാനിച്ചു.ഗോർഗ്യു,അന പോക്കർ,വാസിലി ലൂക്ക,തിയോഹാരി ജോർജെസ്‌കു എന്നിവരാണ് അവസാന തീരുമാനം എടുത്തത്.പിണ്ടില്ലെയും ഡ്രൈവർ ദുമിത്രൂ നെസ്‌യുവും ഫോറിസിനെ ആക്രമിച്ചു.പിണ്ടില്ലെ ഫോറിസിനെ കട്ടപ്പാര കൊണ്ട് അടിച്ചു കൊന്നു.അടുത്തൊരു പറമ്പിൽ ജഡം കുഴിച്ചിട്ടു.ഫോറിസിന്റെ രണ്ടു സഹായികളെ തുടർന്നുള്ള ദിനങ്ങളിൽ ഇത് പോലെ കൊന്നു.ഇതിൽ ഒരാളുടെ പേരെ ഇത് വരെ അറിയൂ -നിക്കോളെ പർഗരിയു.സോവിയറ്റ് ഏജൻറ് ആയ പിണ്ടില്ലെ ചാര മേധാവിയായി.
ഫോറിസിന്റെ ഗ്രൂപ്പിനെ ഗോർഗ്യു നാമാവശേഷമാക്കി.സമ്മർദ്ദം കാരണം ഫോറിസിന് എതിരെ മൊഴി നൽകിയവരും ഇതിൽ പെട്ടു.1954 ൽ കോഫ്‌ളറെയും ല്യൂക്രേഷ്യുവിനെയും കൊന്നതോടെ ഉന്മൂലനം പൂർണമായി.എമിൽ കൽമാനോവിച്ചിയെ ജയിലിൽ കൊന്നു.
എമിൽ 
നിയമമന്ത്രി ആയിരുന്നു ല്യൂക്രേഷ്യു.അഭിഭാഷകനും സാമൂഹിക,ധന ശാസ്ത്രജ്ഞനുമായ ല്യൂക്രേഷ്യു ( 1900 -1954 ) ബുക്കാറസ്റ്റ് സർവകലാശാല പ്രൊഫസറായിരുന്നു.സ്റ്റാലിന്റെ തിട്ടൂരങ്ങൾക്ക് എതിര് നിന്നതിനാൽ പാർട്ടിയിൽ നോട്ടപ്പുള്ളി ആയി.ഗോർഗ്യു കൊന്ന ല്യൂക്രേഷ്യുവിനെ ചൊഷെസ്‌കു പുനരധിവസിപ്പിച്ചു.കുലീന കുടുംബത്തിൽ ജനിച്ച് യൗവനത്തിൽ സോഷ്യലിസ്റ്റ് ആയി.പാർട്ടി പത്രത്തിൻറെ എഡിറ്ററായിരുന്നു.അനയുടെ  ഭര്ത്താവിനൊപ്പം 1922 ൽ കോമിന്റേൺ കോൺഗ്രസിൽ പ്രതിനിധി ആയിരുന്നു.അഞ്ചാം പാർട്ടി കോൺഗ്രസിൽ സി സി യിൽ എത്തി.1933 -35 ൽ മോസ്‌കോയിൽ കോമിന്റേൺ പ്രതിനിധി ആയപ്പോൾ സ്റ്റാലിനിസം കെടുതി ആണെന്ന് മനസ്സിലായി.രണ്ടാം ലോകയുദ്ധകാലത്ത് ഗോർഗ്യുവിനൊപ്പം ജയിലിൽ കിടന്നു.1945 ൽ സി സി യിൽ എത്തി.സോവിയറ്റ് അധിനിവേശകാലത്ത് പി ബി അംഗമായി;മന്ത്രിസഭയിൽ അംഗമായി.ജനറൽ സെക്രട്ടറി ആയി പരിഗണിച്ചെങ്കിലും സ്റ്റാലിൻ സമ്മതിച്ചില്ല.1948 ഫെബ്രുവരിയിലെ അഞ്ചാം പാർട്ടി കോൺഗ്രസ് സി സി അംഗത്വത്തിൽ നിന്ന് നീക്കി;തുടർന്ന് മന്ത്രി സ്ഥാനത്തു നിന്നും.ഏപ്രിൽ 28 ന് അറസ്റ്റിലായി.മൂന്നംഗ പാർട്ടി കമ്മീഷൻ പലതവണ വിചാരണ ചെയ്‌തു;ചിലപ്പോൾ ഗോർഗ്യു പങ്കെടുത്തു.1946 വേനൽ മുതൽ ഇയാൾ ചാര നിരീക്ഷണത്തിൽ ആയിരുന്നെന്ന് രേഖകൾ കാണിക്കുന്നു.കമ്മീഷൻറെ നിഗമനം നിരാകരിച്ച് 1949 അവസാനം ഇയാളെ ഗോർഗ്യു രഹസ്യ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ചാരസംഘടന അന്വേഷണം തുടങ്ങിയ ദിവസം ബ്ലേഡ് കൊണ്ട് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ല്യൂക്രേഷ്യു ആത്മഹത്യയ്ക്ക് ശ്രമിച്ചു.അതിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ ഉറക്ക ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.ആഭ്യന്തര സോവിയറ്റ് ഉപദേഷ്ടാവ് അലക്‌സാണ്ടർ സഖറോവിൻറെ നിർദേശം അവഗണിച്ച്,ല്യൂക്രേഷ്യുവിനെതിരെ തെളിവില്ലെന്ന് തിയോഹാരി ജോർജെസ്‌കു തീരുമാനിച്ചു.അവധികാലം കഴിഞ്ഞ് മടങ്ങിയ ഉപദേഷ്ടാക്കൾ അത് വീറ്റോ ചെയ്‌തു.1954 ഏപ്രിൽ 17 ന് അയാളെ വെടിവച്ചു കൊന്നു.
പിണ്ടില്ലെ 
പാർട്ടിക്ക് തുടക്കത്തിൽ സാമ്പത്തിക സഹായം നൽകിയ ആളായിരുന്നു റീമസ് കോഫ്‌ളർ (  Remus Koffler 1902 -1954 ).1949 ൽ ആയിരുന്നു അറസ്റ്റ്.1950 ആദ്യം തടവിൽ ആത്മകഥ എഴുതി.പിതാവിന് ഫാക്ടറിയും നിരവധി വീടുകളും ഉണ്ടായിരുന്നെങ്കിലും ധൂർത്ത ജീവിതത്താൽ എല്ലാം പോയി.ഒന്നാം ലോകയുദ്ധ കാലത്ത് ജർമൻ അധിനിവേശം വന്നപ്പോൾ അവർക്ക് മദ്യം വിറ്റാണ് പണം ഉണ്ടാക്കിയത്.ജൂതനായിരുന്നു;കത്തോലിക്കനായി.കമ്മ്യൂണിസ്റ്റ് ,മാനിഫെസ്റ്റോയും ട്രോട് സ്‌കി എഴുതിയ റഷ്യൻ വിപ്ലവ ജീവചരിത്രവും വായിച്ച് സൂറിച്ചിൽ പഠിക്കുമ്പോൾ കമ്മ്യൂണിസ്റ്റായി.1920 ൽ ബെർലിനിൽ പഠിക്കാൻ പോയപ്പോൾ ഒരു യുവതിയിൽ നിന്ന് സിഫിലിസ് കിട്ടി.1948 വരെ ചികിൽസിച്ചു.ബെർലിൻ പാർട്ടിയിൽ ആണ് ആദ്യം ചേർന്നത്.1932 ൽ റൊമാനിയയ്ക്ക് മടങ്ങി ക്ളർക് ആയി.അപ്പോൾ പണം വെട്ടിച്ചെന്ന് ആത്മകഥയിൽ തുറന്നു പറയുന്നു.അത് വച്ച് കാസിനോയിൽ ചൂത് കളിച്ചു.പാർട്ടി ഫണ്ടും ഇതിന് തിരിമറി ചെയ്തു.ഫോറിസ്,തിയോഹാരി തുടങ്ങിയ നേതാക്കൾക്കും വലിയ നിലയിൽ ജീവിക്കാൻ ഇയാൾ പണം കൊടുത്തു.1932 -35 ൽ ഭാര്യയും മകളുമായി ജീവിക്കുന്ന ഇയാളുടെ ഒറ്റമുറി വീട്ടിലാണ്  ല്യൂക്രേഷ്യു പാർട്ടി യോഗങ്ങൾ നടത്തിയത്.ഭാര്യയെ അന്യരുമായി വേഴ്ചയ്ക്ക് പ്രേരിപ്പിച്ച് അത് രഹസ്യമായി കണ്ട് ഇയാൾ സ്വയംഭോഗം ചെയ്തിരുന്നു.

ഉപജാപ വിദഗ്ദ്ധനായിരുന്നു.46 മില്യൺ ലെയ് വരെ ഇയാൾ മുതലാളിമാരിൽ നിന്ന് പാർട്ടിക്ക് പിരിച്ചു.ഫോറിസിന്റെ ഏറ്റവും അടുത്തയാൾ എന്ന നിലയിലാണ് ഇയാളെ കൊന്നത്.വിഭാഗീയതയുടെ ദൃക്‌സാക്ഷി എന്ന നിലയ്ക്കും പാർട്ടി ഫണ്ട് എവിടന്നു വന്നു എന്നറിയുന്നയാൾ എന്ന നിലയിലും ഗോർഗ്യുവിന് ഇയാൾ അപകടകാരി ആയിരുന്നു.1954 ഏപ്രിൽ 17 പുലർച്ചെ മൂന്നിന് അയാളെ കഴുത്തിൽ വെടിവച്ചു കൊന്നു.

ല്യൂക്രേഷ്യുവിൻറെ വിചാരണയിൽ കൂട്ടി ചേർത്താണ് പാർട്ടിക്ക് ആദ്യകാലത്ത് പണം നൽകിയ എമിൽ കാൽമനോവിച്ചി ( Emil Calmanovici 1896 -1956 ) യെ ഗോർഗ്യു പക്ഷം പിടി കൂടിയത്.അയോദ് ജയിലിൽ നിരാഹാരത്തിൽ നിന്ന് രക്ഷപെട്ട ശേഷം ദുരൂഹമായി മരിച്ചു.
ജൂതൻ.മ്യൂണിക്,ബെർലിൻ സർവകലാശാലകളിൽ പഠിച്ചു.മാർക്സ്,ലെനിൻ എന്നിവരുടെ കൃതികൾ വായിച്ചതിനൊപ്പം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ച് ധനികനായി.പ്രസ്,റേഡിയോ സ്റ്റേഷൻ,സി സി ഓഫിസ്,പാർട്ടി കുട്ടികളുടെ സ്‌കൂൾ ഒക്കെ ഇയാളുടെ വക ആയിരുന്നു.30 മില്യൺ ലെയ് പാർട്ടിക്ക് മുടക്കിയെന്ന് ഇയാൾ മൊഴി നൽകി.തൻറെ സ്വത്ത് ദേശസാൽക്കരിച്ചപ്പോൾ ഒരു ബില്യൺ രാജ്യത്തിന് കിട്ടി.
യോസിഫ് രംഗേറ്റ് 
പാർട്ടിയിൽ ഗോർഗ്യു ഗ്രൂപ്പുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല.ഡോഫ്റ്റന ജയിലിൽ കഴിയുന്ന ഗോർഗ്യുവിന് സമ്മാനമായി ഒരു ജാക്കറ്റ് അയച്ചിരുന്നു.ബുദ്ധിജീവി ഗ്രൂപ്പുമായിട്ടായിരുന്നു ബന്ധം.സകല പാർട്ടികളുമായും ബന്ധമുണ്ടായിരുന്ന എമിൽ,തനിക്ക് കിട്ടുന്ന വിവരങ്ങൾ കോഫ്‌ളർക്ക് നൽകിയിരുന്നു.പാർട്ടി ഭരണത്തിൽ വന്നപ്പോൾ എമിൽ പാർട്ടി അംഗമായി.പാർട്ടിയുടെ പ്രിയ വ്യവസായിയും.1956 മെയ് 26 ന് അറസ്റ്റിലായി.ഇയാളും ല്യൂക്രേഷ്യുവും പാശ്ചാത്യ ശക്തികൾക്ക് ചാരവൃത്തി നടത്തി എന്നായിരുന്നു ആരോപണം.പാർട്ടി ചരിത്രം എഴുതുന്നതിൻറെ ഭാഗമായാണ് കൊണ്ട് പോകുന്നത് എന്നാണ് പിടിക്കുമ്പോൾ ഇയാളോട് പറഞ്ഞത്.ആഭ്യന്തരമന്ത്രി തിയോഹാരി എമിലിനൊപ്പം നിൽക്കുന്നത് കണ്ട് കർശന നടപടിക്ക് ഗോർഗ്യു നിർബന്ധിച്ചു.എമിൽ കുറ്റം സമ്മതിച്ചില്ല.1953 ഫെബ്രുവരിയിൽ വഴങ്ങി.മിൽട്ടൺ എന്നൊരാളുടെ നേതൃത്വത്തിൽ ചാരശൃംഖലയിൽ അംഗമായിരുന്നു താനെന്ന് എമിൽ പറഞ്ഞു -പറുദീസാ നഷ്ടം എഴുതിയ ഇംഗ്ലീഷ് കവി ജോൺ മിൽട്ടൺ ആയിരുന്നു മനസ്സിൽ!1938 ൽ സോവിയറ്റ് സൈദ്ധാന്തികൻ ബുഖാറിൻ കൊല്ലപ്പെടും മുൻപ് എഴുതിയ പ്രസ്താവന പോലൊന്ന് എമിൽ നൽകി.

ജീവപര്യന്തത്തിനും നിർബന്ധിത വേലയ്ക്കും അയാളെ ശിക്ഷിച്ചു.1955 ൽ ജയിലിൽ നിന്ന് ഒരു വില്ലയിലേക്ക് മാറ്റി നിരന്തരം ചോദ്യം ചെയ്തു.അവിടത്തെ കാവൽക്കാരനോട് എമിലുമായി അടുക്കാൻ പാർട്ടി നിർദേശിച്ചു.സൗഹൃദം വളർന്നപ്പോൾ എമിൽ തുണിയിൽ വിദേശ ജൂതർക്ക് എഴുതിയ സഹായ അഭ്യർത്ഥന കാവൽക്കാരനു കടത്താൻ കൊടുത്തു;അയാൾ അത് പാർട്ടിക്ക് കൈമാറിയപ്പോൾ തെളിവായി.വില്ലയിൽ നിന്ന് ചങ്ങലക്കിട്ട് എമിലിനെ ജയിലിൽ കൊണ്ട് പോയി.അവിടെ നിരാഹാരം കിടന്നു.ഡോക്ടർമാർ നൽകിയ ആഹാരം നിരാഹാരികൾക്ക് കഴിക്കാവുന്നത് ആയിരുന്നില്ല.അന്നനാളത്തിൽ തുള വീണു.ഇതിനു മുൻപ് നിരാഹാരം അവസാനിപ്പിക്കുന്ന പ്രസ്താവന എമിലിൽ നിന്ന് എഴുതി വാങ്ങി.

സ്റ്റാലിന്റെ മരണ ശേഷം 'സ്വതന്ത്ര പാത ' പിന്തുടരാൻ തീരുമാനിച്ച ഗോർഗ്യു,അന,തിയോഹാരി,വാസിലി എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.ലോകത്തിലെ ആദ്യ വനിതാ വിദേശ കാര്യമന്ത്രി ആയിരുന്നു,അന.തിയോഹാരി ആഭ്യന്തര മന്ത്രിയും വാസിലി ധനമന്ത്രിയും ആയിരുന്നു.ഈ ഒഴിവിലാണ് ചെഷസ്‌കു ഉയർന്നത്.1956 മാർച്ചിൽ സോവിയറ്റ് യൂണിയനിലെ ക്രൂഷ്ചേവ് പരിഷ്കാരങ്ങളെ അനുകൂലിച്ച പി ബി അംഗങ്ങളായ മിറോൺ കോൺസ്റ്റാന്റിനെസ്കു,യോസിഫ് ചിഷിനേവ്സ്കി എന്നിവരെ പുറത്താക്കി.1956 ൽ സോവിയറ്റ് യൂണിയൻ ഹംഗറിയിലെ വിപ്ലവം അടിച്ചമർത്തിയപ്പോൾ ഗോർഗ്യു അതിനെ തുണച്ചു;വിമത നേതാവ് ഇoറെ നാഗിയെയും കൂട്ടരെയും റൊമാനിയയിൽ തടവിലിട്ടു.അലക്‌സാണ്ടർ സോൾഷെനിതാസിൻ,ബോറിസ് പാസ്റ്റർനാക് എന്നിവർക്കെതിരെ നിന്നു.1965 മാർച്ച് 19  ന്  ശ്വാസകോശ അർബുദം കാരണം ഗോർഗ്യു മരിച്ചു.ചെഷസ്‌കു വന്നു.

See https://hamletram.blogspot.com/2019/08/blog-post_15.html






Thursday 15 August 2019

നിയമ മന്ത്രിയെ പാർട്ടി കൊന്നു

ആദ്യ വനിതാ വിദേശമന്ത്രി പാർട്ടിക്ക് പുറത്ത്  

മ്മ്യൂണിസ്റ്റ് ഏകാധിപതി നിക്കോളെ ചെഷസ്‌കുവിൻറെ ഭീകരത കൊണ്ടാണ് റൊമാനിയ നമ്മുടെ ഓർമയിൽ നിൽക്കുന്നത് എന്ന് പറഞ്ഞാൽ ശരിയാവില്ല;ഡ്രാക്കുളയുടെ നാട് എന്ന നിലയിൽ അയാൾക്ക് മുൻപേ ചോര അവിടെ തളം കെട്ടിയിട്ടുണ്ട്.ചെഷസ്‌കു പാർട്ടി കേന്ദ്രകമ്മിറ്റിയിൽ എത്തും മുൻപാണ്  അവിടെ ലോകം ശ്രദ്ധിച്ച ആദ്യ ശുദ്ധീകരണം  നടന്നത് -1947 ൽ അവിടെ ലോകത്തിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയായ അന പോക്കറെ ( Ana Pauker 1893 -1960 ) ആദ്യ പാർട്ടി സെക്രട്ടറിയും പ്രധാനമന്ത്രിയുമായ ഗിയോർഗി ഗോർഗ്യു ദേജ് ( Gheorge Gheorgiu-Dej ) പാർട്ടിയിൽ നിന്ന് പുറത്താക്കി. പകരം ചെഷസ്‌കു സി സി യിൽ വന്നു.അവിടന്നായിരുന്നു,ചെഷസ്‌കു പിടിച്ചു കയറിയത്.
അനയെ നീക്കിയത്.വരട്ടു വാദി  എന്നാരോപിച്ചായിരുന്നു.അവർ ജൂതയായിരുന്നു എന്നതും സ്റ്റാലിൻ ജൂത ഹത്യ നടത്തിയിരുന്നു എന്നതും അധിക കാരണമായി.
അന പോക്കർ 
വിഭാഗീയത കത്തിപ്പടർന്ന പാർട്ടിയിൽ രണ്ടു വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്.1944 നു മുൻപ് റൊമാനിയയിൽ തന്നെ കഴിഞ്ഞ നാടൻ  കമ്മ്യൂണിസ്റ്റ് വിഭാഗവും യുദ്ധകാലത്ത് റഷ്യയിൽ പ്രവാസത്തിലായിരുന്ന മോസ്‌കോ വിഭാഗവും.നാല്പതുകളുടെ അവസാനം മുതൽ മോസ്‌കോ വിഭാഗത്തെ നയിച്ചത് അന ആയിരുന്നു.1956 ൽ പോളണ്ട് ഭരണം പിടിച്ച വ്‌ളാദിസ്ലാവ് ഗോമുൽക്ക ഒഴിച്ചാൽ,കിഴക്കൻ യൂറോപ്പിൽ മോസ്‌കോ  ഏക നാടൻ ഭരണാധികാരി ഗോർഗ്യു ദേജ് ആയിരുന്നു.ബാക്കി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നാടൻ കമ്മ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്യുകയോ തടവിലിടുകയോ ചെയ്തു.റൊമാനിയയിൽ മാത്രം നാടൻ കമ്മ്യൂണിസ്റ്റുകളെ സ്റ്റാലിൻ അനുകൂലിച്ചത്,മോസ്‌കോ വിഭാഗം ജൂതരായിരുന്നു എന്നതിനാലാണ്.ചെഷസ്‌കു നാടൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു.1954 ൽ അയാൾ പി ബി യിൽ എത്തി.

ഇന്നത്തെ മോൾഡേവിയയിൽ പാവപ്പെട്ട ജൂത കുടുംബത്തിലാണ് അന ജനിച്ചത്.ജൂത പള്ളിയിൽ ബലിക്ക് മൃഗങ്ങളെ അറക്കുന്ന ആളായിരുന്നു പിതാവ്.അമ്മ പലഹാരങ്ങൾ ഉണ്ടാക്കി വിറ്റു.ബുക്കാറസ്റ്റിൽ പ്രൈമറി സ്‌കൂൾ അധ്യാപികയായപ്പോൾ 1914 ൽ പാർട്ടി അംഗമായി.ബോൾഷെവിക് അനുകൂല ഗ്രൂപ്പിൽ ആയിരുന്നു,അനയും ഭർത്താവ് മാര്സെലും.1923 ലും 24 ലും അറസ്റ്റിൽ ആയപ്പോൾ ഇരുവരും ബെർലിൻ,പാരീസ്,വിയന്ന എന്നിവിടങ്ങളിൽ  അഭയം തേടി.1928 ൽ അന മോസ്‌കോയിൽ കോമിന്റേൺ ലെനിൻ സ്‌കൂളിൽ ചേർന്നു.കോമിന്റേൺ സെക്രട്ടറി ദിമിത്രി മാനുൾസ്കിയുമായി ചേർന്ന് പ്രവർത്തിച്ചു.ഫ്രാൻസിൽ കമ്മ്യൂണിസ്റ്റ് പരിശീലകയായി പോയി 1935 ൽ റൊമാനിയയിൽ മടങ്ങിയെത്തി അറസ്റ്റിലായി,പത്തു കൊല്ലം ശിക്ഷ കിട്ടി.1941 ൽ റഷ്യയിലേക്ക് നാട് കടത്തി.ഭർത്താവിനെ 1938 ൽ ട്രോട് സ്‌കി വിഭാഗക്കാരൻ ആയതിനാൽ സ്റ്റാലിൻ കൊന്നു;അനയും അയാളെ വിമതനായി കാണണമെന്ന നിർബന്ധത്തിന് അവർ വഴങ്ങിയില്ല.

മോസ്കോയിലെ റൊമാനിയൻ പാർട്ടി നേതാവായി അവർ.1944 ൽ റെഡ് ആർമി റൊമാനിയയിൽ എത്തിയപ്പോൾ മടങ്ങി,കമ്മ്യൂണിസ്റ്റ് ഭൂരിപക്ഷ മന്ത്രിസഭയിൽ അംഗമായി.1947 ൽ വിദേശകാര്യ മന്ത്രി.പാർട്ടി ജനറൽ സെക്രട്ടറി ആകാനുള്ള അവസരം മൂന്നു കാരണങ്ങളാൽ വേണ്ടെന്നു വച്ചു -സ്ത്രീ,ജൂത,ബുദ്ധിജീവി.അവരാണ് തൊഴിലാളിയായ ഗോർഗ്യു ദേജിനെ നിർദേശിച്ചത്.രണ്ടാം സ്ഥാനക്കാരിയും കേന്ദ്ര കമ്മിറ്റിയുടെ നാലംഗ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും അധികാരമുള്ള ജൂത.1948 ൽ ടൈം വാരികയുടെ മുഖചിത്രം ആയി.ഉരുക്കു വനിത,സ്റ്റാലിനിസ്റ്റ്.മോസ്‌കോ ഏജൻറ്.
ഗോർഗ്യു,അന,വാസിലി,തിയോഹാരി -1951 
റൊമാനിയയിൽ യുദ്ധകാല ഏകാധിപതി ആയിരുന്ന ഇയോൺ അന്റോനെസ്‌കുവിനോപ്പം നിന്നവരെ ഉന്മൂലനം ചെയ്യുന്നതിൽ അന മുന്നിൽ നിന്നു.എന്നാൽ വലിയ ക്രൂരതകൾ നടത്താത്തവരെ മോചിപ്പിച്ചു.അവിടത്തെ രണ്ടു പാർട്ടികളുമായി ചേർന്ന് വലിയ സഖ്യത്തിന് അന ശ്രമിച്ചെങ്കിലും സ്റ്റാലിൻ സമ്മതിച്ചില്ല.മുൻപത്തെ അയേൺ ഗാർഡ് ഫാഷിസ്റ്റ് അംഗങ്ങൾ ഉൾപ്പെടെ അഞ്ച് ലക്ഷം പുതിയ അംഗങ്ങളെ പാർട്ടിയിൽ ചേർക്കാൻ അന മുൻ കയ്യെടുത്തു -അവരെ പിന്നീട് പുറത്താക്കാൻ ഇത് കാരണവുമായി.ഈ നീക്കം തടയപ്പെട്ടു എന്ന് മാത്രമല്ല,1948 -50 ൽ ഇങ്ങനെ ചേർന്നവരെ പുറത്താക്കുകയും ചെയ്‌തു.കമ്മ്യൂണിസ്റ്റ് ഇതര പ്രതിപക്ഷത്തെ അറസ്റ്റ് ചെയ്യാനുള്ള സ്റ്റാലിൻ ആജ്ഞയ്ക്ക് വഴങ്ങിയപ്പോഴും,നാഷനൽ പെസന്റ്സ് പാർട്ടിയുടെ പ്രമുഖ നേതാക്കളെ വെറുതെ വിട്ടു.പോളിഷ് നേതാവ് ഗോമുൽക്കയെപ്പോലെ വിശാല ഐക്യത്തിനാണ് ആദ്യം അന ശ്രമിച്ചത്.ഒരിക്കൽ അന പറഞ്ഞു:
If a Soviet official told me something, it was the gospel for me... If they had told me that the USSR needed it, I would have done it... If they had told me to throw myself into the fire, I would have done it .*

റഷ്യ പറഞ്ഞാൽ എന്തും ചെയ്യും എന്ന നിലയിലേക്ക് അവർ മാറി.ഉപഗ്രഹ രാജ്യങ്ങളിൽ എല്ലാം ഒറ്റ ലൈൻ സ്റ്റാലിൻ നടപ്പാക്കിയ കോമിൻഫോം ഘട്ടത്തിൽ,അതിന് നിരക്കാത്ത ചില നയങ്ങളും അവർ നടപ്പാക്കി.പുതുതായി ചേർന്നവരെ കർശനമായി പരിശോധിക്കണമെന്ന നയത്തെ അവർ 1948 ൽ എതിർത്തു.സ്റ്റാലിൻ നിർദേശിച്ച ഡാന്യൂബ് -കരിങ്കടൽ കനാൽ പദ്ധതിയെ അവർ എതിർത്തു.സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധത്തിലും ഫ്രഞ്ച് പ്രതിരോധത്തിലും പങ്കെടുത്ത റൊമാനിയൻ ഭടന്മാരെ അവർ നീക്കാൻ വിസമ്മതിച്ചു.യുഗോസ്ലാവിയയിലെ ടിറ്റോക്ക് എതിരായ നീക്കം എന്ന നിലയിലാണ് ഇത് സ്റ്റാലിൻ കൊണ്ട് വന്നത്.അനയെ പുറത്താക്കിയ ശേഷം അത് നടന്നു.നീതിന്യായ മന്ത്രി ല്യൂക്രേഷ്യു പത്രാസ്‌കാനുവിനെ വിചാരണ ചെയ്യാനുള്ള സ്റ്റാലിൻ നിർദേശത്തെയും അവർ പ്രതിരോധിച്ചു.റൊമാനിയൻ ചാര ഏജൻസി സെക്യൂരിറ്റാറ്റെ യുടെ സോവിയറ്റ് ഉപദേഷ്ടാവ് ക്ഷുഭിതനായി.ഇത് സംബന്ധിച്ച പി ബി രേഖകൾ ഗോർഗ്യുവിൻറെ നിർദേശപ്രകാരം നശിപ്പിച്ചതിനാൽ അനയുടെ നിലപാട് സംബന്ധിച്ച അവ്യക്തത നീങ്ങിയിട്ടില്ല.1950 -52 ൽ ഒരു ലക്ഷം ജൂതരെ ഇസ്രയേലിലേക്ക് കുടിയേറാൻ അന അനുവദിച്ചത് സ്റ്റാലിന് പിടിച്ചില്ല.നിർബന്ധിത കൂട്ടുകൃഷിയെ അവർ എതിർത്തു.സ്തനാർബുദ ചികിത്സയ്ക്ക് 1950 ൽ ക്രെംലിനിൽ ചികിത്സയിൽ ആയിരുന്നപ്പോൾ ആയിരുന്നു,ഇത്.കുലാക്കുകൾ എന്ന് ബോൾഷെവിക്കുകൾ വിളിച്ച കർഷകരെ സോഷ്യലിസ്റ്റ് ക്രമത്തിൽ കൊണ്ട് വരാൻ ശ്രമിച്ചും അന സ്റ്റാലിന്റെ അപ്രീതി നേടി.ഗോർഗ്യുവിൻറെ നാടൻ പക്ഷം കൂട്ടുകൃഷിയെ അനുകൂലിച്ചു.ല്യൂക്രേഷ്യുവിനെ വിചാരണ ചെയ്‌ത്‌ കൊല്ലാൻ ഗോർഗ്യു തയ്യാറായി.
ല്യൂക്രേഷ്യു
അഭിഭാഷകനും സാമൂഹിക,ധന ശാസ്ത്രജ്ഞനുമായ ല്യൂക്രേഷ്യു ( 1900 -1954 ) ബുക്കാറസ്റ്റ് സർവകലാശാല പ്രൊഫസറായിരുന്നു.സ്റ്റാലിന്റെ തിട്ടൂരങ്ങൾക്ക് എതിര് നിന്നതിനാൽ പാർട്ടിയിൽ നോട്ടപ്പുള്ളി ആയി.ഗോർഗ്യു കൊന്ന ല്യൂക്രേഷ്യുവിനെ ചൊഷെസ്‌കു പുനരധിവസിപ്പിച്ചു.കുലീന കുടുംബത്തിൽ ജനിച്ച് യൗവനത്തിൽ സോഷ്യലിസ്റ്റ് ആയി.പാർട്ടി പത്രത്തിൻറെ എഡിറ്ററായിരുന്നു.അനയുടെ  ഭര്ത്താവിനൊപ്പം 1922 ൽ കോമിന്റേൺ കോൺഗ്രസിൽ പ്രതിനിധി ആയിരുന്നു.അഞ്ചാം പാർട്ടി കോൺഗ്രസിൽ സി സി യിൽ എത്തി.1933 -35 ൽ മോസ്‌കോയിൽ കോമിന്റേൺ പ്രതിനിധി ആയപ്പോൾ സ്റ്റാലിനിസം കെടുതി ആണെന്ന് മനസ്സിലായി.രണ്ടാം ലോകയുദ്ധകാലത്ത് ഗോർഗ്യുവിനൊപ്പം ജയിലിൽ കിടന്നു.1945 ൽ സി സി യിൽ എത്തി.സോവിയറ്റ് അധിനിവേശകാലത്ത് പി ബി അംഗമായി;മന്ത്രിസഭയിൽ അംഗമായി.ജനറൽ സെക്രട്ടറി ആയി പരിഗണിച്ചെങ്കിലും സ്റ്റാലിൻ സമ്മതിച്ചില്ല.
തിയോഹാരി 
സോഷ്യലിസത്തോടുള്ള ല്യൂക്രേഷ്യുവിൻറെ ബുദ്ധിജീവി സമീപനം ഗോർഗ്യു പക്ഷത്തിന് പിടിച്ചില്ല.1946 -48 ൽ ഇയാൾ അസഹിഷ്ണുതയും കാർക്കശ്യവും പ്രകടമാക്കിയെന്നും പാർട്ടിക്കാരോട് താൻപ്രമാണിത്തം കാട്ടിയെന്നും ആരോപിക്കപ്പെട്ടു.സൈനിക ഓഫിസറും സോവിയറ്റ് ഏജന്റുമായ എമിൽ ബോദ്‌നാറാസ് തന്നെ കൊല്ലാൻ പദ്ധതിയിട്ടെന്ന് ല്യൂക്രേഷ്യു ശങ്കിച്ചു.ആഭ്യന്തര മന്ത്രാലയ സെക്രട്ടറി എന്ന നിലയിൽ അയാൾ അഴിമതി നടത്തുന്നുവെന്ന് ല്യൂക്രേഷ്യു ആരോപിച്ചു.അനയുടെ സോവിയറ്റ് ബന്ധങ്ങളെയും അയാൾ ഭയപ്പെട്ടു.അറസ്റ്റിലായപ്പോൾ താൻ അനയുടെ പക്ഷത്തായിരുന്നുവെന്ന് അയാൾ അവകാശപ്പെട്ടു.അനയുടെ വിശാല സഖ്യത്തെ അയാൾ അനുകൂലിച്ചില്ല.ആദ്യ കമ്മ്യൂണിസ്റ്റ് ഭരണാധികാരി പെത്രു ഗ്രോസയും മൈക്കിൾ രാജാവും തമ്മിലുള്ള തർക്കത്തിൽ 1946 ൽ ല്യൂക്രേഷ്യു ഇടപെട്ടതോടെ അയാൾ നോട്ടപ്പുള്ളിയായി.കമ്മ്യൂണിസ്റ്റ് വിരുദ്ധ നേതാക്കളെ ഇയാൾ ഭരണകൂടവുമായി ആശയവിനിമയം നടത്തണം എന്നാവശ്യപ്പെട്ട് രാജാവിനടുത്തേക്ക് അയച്ചു.

ല്യൂക്രേഷ്യുവിൻറെ നിലപാടുകൾ വരട്ടുവാദമാണെന്ന് ഗോർഗ്യു കുറ്റപ്പെടുത്തി.ഈ സമയത്ത് ല്യൂക്രേഷ്യു, ആർതർ കോയ്സ്ലറുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പുസ്തകം Darkness at Noon വായിച്ചു.പാരീസ് സമാധാന സമ്മേളനത്തിൽ ഇയാളുടെ സമീപനം ദേശീയവാദിയുടേതായി മോസ്‌കോ മുദ്ര കുത്തി.കിഴക്കൻ യൂറോപ്യൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിരോധിച്ച പുസ്തകം,സ്റ്റാലിൻ 1936 -37 ൽ നടത്തിയ രഹസ്യ വിചാരണകളെ പൊളിക്കുന്നതായിരുന്നു.ല്യൂക്രേഷ്യുവിൻറെ ലേഖനങ്ങൾ സെൻസർ ചെയ്യാൻ തുടങ്ങി.യോഗങ്ങളിൽ ഇയാളുടെ പേര് ബ്രാഞ്ച് സെക്രട്ടറിക്ക് ശേഷമേ വായിച്ചുള്ളു.സഖാവ് എന്ന വിശേഷണം ഒഴിവാക്കി,പ്രൊഫസർ എന്ന് വിളിക്കാൻ തുടങ്ങി.1948 ഫെബ്രുവരിയിലെ അഞ്ചാം പാർട്ടി കോൺഗ്രസ് സി സി അംഗത്വത്തിൽ നിന്ന് നീക്കി;തുടർന്ന് മന്ത്രി സ്ഥാനത്തു നിന്നും.ഏപ്രിൽ 28 ന് അറസ്റ്റിലായി.മൂന്നംഗ പാർട്ടി കമ്മീഷൻ പലതവണ വിചാരണ ചെയ്‌തു;ചിലപ്പോൾ ഗോർഗ്യു പങ്കെടുത്തു.1946 വേനൽ മുതൽ ഇയാൾ ചാര നിരീക്ഷണത്തിൽ ആയിരുന്നെന്ന് രേഖകൾ കാണിക്കുന്നു.കമ്മീഷൻറെ നിഗമനം നിരാകരിച്ച് 1949 അവസാനം ഇയാളെ ഗോർഗ്യു രഹസ്യ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഇയാളുടെ ടിറ്റോയിസത്തെ നിരാകരിച്ച് കോമിന്റേണ് റിപ്പോർട്ട് പോയി.ഇയാളും ഹംഗറിയിലെ ലാസ്ലോ റായിക്,ബൾഗേറിയയിലെ ട്രായ്‌ക്കോ കൊസ്തോവും ഒരേ ക്യാമ്പിലായി-സാമ്രാജ്യത്വ ചാരന്മാർ !
ഗോർഗ്യു ദേജ് 
ചാരസംഘടന അന്വേഷണം തുടങ്ങിയ ദിവസം ബ്ലേഡ് കൊണ്ട് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ല്യൂക്രേഷ്യു ആത്മഹത്യയ്ക്ക് ശ്രമിച്ചു.അതിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ ഉറക്ക ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.ആഭ്യന്തര സോവിയറ്റ് ഉപദേഷ്ടാവ് അലക്‌സാണ്ടർ സഖറോവിൻറെ നിർദേശം അവഗണിച്ച്,ല്യൂക്രേഷ്യുവിനെതിരെ തെളിവില്ലെന്ന് തിയോഹാരി ജോർജെസ്‌കു തീരുമാനിച്ചു.അവധികാലം കഴിഞ്ഞ് മടങ്ങിയ ഉപദേഷ്ടാക്കൾ അത് വീറ്റോ ചെയ്‌തു.1954 ഏപ്രിൽ 17 ന് അയാളെ വെടിവച്ചു കൊന്നു.അനയും തിയോഹാരിയും അന്വേഷണം തടസപ്പെടുത്തിയെന്ന് സഖറോവ് ആരോപിച്ചു.ല്യൂക്രേഷ്യുവിന് എതിരായ നടപടിക്ക് പിന്നാലെ,ഭാര്യ ഉൾപ്പെടെ നിരവധിയാളുകൾ അറസ്റ്റിലായി.

അനയുടെ പ്രശ്നത്തിൽ,ജൂത വംശീയതയ്ക്ക് എതിരായ സ്റ്റാലിൻ നയം ഗോർഗ്യുവിൻറെ രക്ഷക്കെത്തി.1951 ഓഗസ്റ്റിൽ മോസ്‌കോയ്ക്ക് യാത്ര ചെയ്ത ഗോർഗ്യു,അനയെ പുറത്താക്കാൻ സ്റ്റാലിന്റെ അനുവാദം വാങ്ങി.സി സി സെക്രട്ടേറിയറ്റിൽ രണ്ടു പേർ അന വിഭാഗത്തിൽ ആയിരുന്നു.വാസ്‌ലി ലൂക്ക,തിയോഹാരി ജോർജെസ്‌കു.ഗോർഗ്യു ശ്രമിച്ചത് കൊണ്ട് മാത്രമാണ് അന വീണതെന്ന മട്ടിൽ എൺപതുകളിൽ ചില നോവലുകൾ വന്നു;എന്നാൽ റൊമാനിയയിൽ ശുദ്ധീകരണം സ്റ്റാലിൻ ലക്ഷ്യമിട്ടിരുന്നെന്ന് ആർകൈവ് രേഖകൾ പറയുന്നു.മൂവരെയും 1952 മേയിൽ പുറത്താക്കി.
പാർട്ടിയും രാജ്യവും  ഗോർഗ്യുവിൻറെ പിടിയിലായി.അന ഇസ്രയേലിനെയും ജൂതവാദത്തെയും തുണച്ചെന്നും ഇസ്രയേൽ ചാര സംഘടനയെ സഹായിച്ചെന്നും വിമത പക്ഷം ആരോപിച്ചു.അത് വഴി അവർ അമേരിക്കയെ സഹായിച്ചെന്നും കുറ്റം ചാർത്തി.1953 ഫെബ്രുവരി 18 ന് അവരെ അറസ്റ്റ് ചെയ്‌ത്‌ നിരന്തരം ചോദ്യം ചെയ്‌തു;പീഡിപ്പിച്ചു.മാർച്ചിൽ സ്റ്റാലിൻ മരിച്ചപ്പോൾ അവരെ വീട്ടു തടങ്കലിലാക്കി.സോവിയറ്റ് നേതാവ് മൊളോട്ടോവ് ഇടപെട്ടായിരുന്നു മോചനം -അയാളുടെ ഭാര്യ പോളിന ഷേംചുഷിന,അനയുടെ കൂട്ടുകാരി ആയിരുന്നു.സ്റ്റാലിൻ മരിച്ചപ്പോഴാണ് പോളിനയും മോചിത ആയത്.സ്റ്റാലിൻ മരിച്ചത് ഒരു സുഹൃത്ത് അറിയിച്ചപ്പോൾ അന പൊട്ടിക്കരഞ്ഞു.സുഹൃത്ത് പറഞ്ഞു:"കരയരുത്;അയാൾ ജീവിച്ചിരുന്നെങ്കിൽ നീ ഇപ്പോൾ ജയിലിൽ ആയിരുന്നേനെ".
വാസ്‌ലി ലൂക്ക 
ക്രൂഷ്ചേവ് വന്ന് സ്റ്റാലിനെ കുഴിച്ചു മൂടിയപ്പോൾ അനയെ പുനരധിവസിപ്പിച്ച് വലിയ പദവി കൊടുക്കാൻ പറയുമെന്ന് ഗോർഗ്യു പേടിച്ചു.അയാൾ അനയ്ക്കും രണ്ടു സഹായികൾക്കുമെതിരായ  പ്രചാരണം ശക്തമാക്കി.സ്റ്റാലിൻ ഇല്ലാതായ ഘട്ടത്തിൽ,അന കടുത്ത സ്റ്റാലിനിസ്റ്റ് ആയിരുന്നെന്ന് പറഞ്ഞു പരത്തി.ടിറ്റോ കഴിഞ്ഞാൽ സോവിയറ്റ് ലൈനിന് എതിരെ നിന്ന ഏക നേതാവായിരുന്നു,അന.1956 ൽ ഉന്നത തല പാർട്ടി കമ്മീഷൻ അവരെ വിളിച്ച് വരുത്തി കുറ്റം സമ്മതിക്കാൻ ആവശ്യപ്പെട്ടു.നിരപരാധിയായ തന്നെ പാർട്ടി അംഗമാക്കണമെന്ന് അന അപേക്ഷിച്ചു.നടന്നില്ല.നിർബന്ധിത വിരാമത്തിൽ അവർ ഒരു പ്രസാധന സ്ഥാപനത്തിന് ഫ്രഞ്ചിൽ നിന്നും ജർമനിൽ നിന്നും പരിഭാഷ ചെയ്‌തു കൊടുത്തു.അനയ്ക്ക് മാർസലിൽ മൂന്ന് കുട്ടികളുണ്ടായി;നാലാമത്തെ കുട്ടി ചെക് ജൂത കമ്മ്യൂണിസ്റ്റ് യൂജിൻ ഫ്രൈഡ് -ന്റേതായിരുന്നു .1960 ജൂൺ മൂന്നിന് ഹൃദയാഘാതത്താൽ മരിച്ചു.കാൻസർ ഹൃദയത്തിലും ശ്വാസ കോശത്തിലും എത്തിയിരുന്നു.പാർട്ടിയെ ആകട്ടെ,കാൻസർ അടിമുടി ബാധിച്ചിരുന്നു.

അനയ്‌ക്കൊപ്പം പുറത്താക്കപ്പെട്ട ആഭ്യന്തരമന്ത്രിയും ഉപപ്രധാന മന്ത്രിയുമായ  തിയോഹാരി ( 1908 -1976 ),നാലാം ക്‌ളാസിൽ പഠനം നിർത്തി പിതാവിനെ കടയിൽ സഹായിച്ചു വന്നു.ബുക്കാറസ്റ്റിലെ ഏറ്റവും വലിയ പ്രസിൽ ടൈപ്പ് നിരത്തൽ പഠിക്കാൻ പോയി.പാർട്ടിയിൽ ചേർന്ന് സി സി യിലും അതിൻറെ സെക്രട്ടേറിയറ്റിലും അംഗമായി.നിരവധി തവണ അറസ്റ്റിലായി;ഗോർഗ്യു ഇയാളെ ജയിലിലെ പാർട്ടി നേതാവാക്കി.1944 ൽ റെഡ് ആർമി എത്തി കമ്മ്യൂണിസ്റ്റ് ഭൂരിപക്ഷ മന്ത്രിസഭയുണ്ടായപ്പോൾ അന ഇയാളെ ആഭ്യന്തര വകുപ്പിൽ അണ്ടർ സെക്രട്ടറിയാക്കി.മോസ്‌കോയിൽ കോമിന്റേൺ സെക്രട്ടറി ദിമിത്രോവ് ചാര പരിശീലനം നൽകി.പെത്രു ഗ്രോസ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായി.നയം തീരുമാനിക്കുന്ന നാലു പേരിൽ ഒരാൾ.ഗോർഗ്യു ഇയാളെ പുറത്താക്കാൻ അനുവാദം തേടി മോസ്‌കോയിൽ ചെന്നപ്പോൾ,ചാര മേധാവി ബെറിയ ഇയാൾക്കൊപ്പം നിന്നു.1952 മെയ് 26 -27 ലെ പാർട്ടി പ്ലീനത്തിൽ അന,വാസ്‌ലി എന്നിവർക്കൊപ്പം പാർട്ടിയിൽ നിന്ന് പുറത്തായി.1953 ഫെബ്രുവരി 18 ന് അറസ്റ്റിലായി.ഇയാളെ സമ്മർദ്ദത്തിലാക്കാൻ ഭാര്യയെയും രണ്ടു കുട്ടികളെയും അറസ്റ്റ് ചെയ്‌തു -അതിലൊന്ന് പൊടിക്കുഞ്ഞായിരുന്നു.ല്യൂക്രേഷ്യുവിനെതിരെ തെളിവ് നൽകാൻ സമ്മർദമുണ്ടായി.കുറ്റമെല്ലാം സമ്മതിച്ചു;1956 ഏപ്രിലിൽ മോചിതനായി.അയാൾ പഴയ പ്രസിൽ പ്രൂഫ് റീഡർ ആയി.തെറ്റുകൾ തിരുത്തുക നേരത്തെ പഠിച്ച പണി ആയിരുന്നു.

വാസിലി ലൂക്ക ( 1898 -1963 ) ധനമന്ത്രി ആയിരുന്നു.ഹംഗറിക്കാരനായ റയിൽവേ തൊഴിലാളി.ജൂതനായി തെറ്റിദ്ധരിക്കാറുണ്ട്.നിരോധിത കാലത്ത് രഹസ്യ പി ബി അംഗം.1936 -38 ലെ സ്റ്റാലിന്റെ മഹാശുദ്ധീകരണ കാലത്ത്,സുഹൃത്തായ ട്രേഡ് യൂണിയൻ നേതാവും പാർലമെൻറ് അംഗവുമായ ഇoറെ അലാദറെ സ്റ്റാലിൻ കൊന്നു.അയാളുടെ സൗഹൃദം തള്ളിപ്പറഞ്ഞ് സോവിയറ്റ് യൂണിയനിൽ താമസമായി.റേഡിയോ മോസ്‌കോയിൽ റൊമാനിയൻ വിഭാഗം തുടങ്ങുന്നതിൽ പങ്കു വഹിച്ചു.അക്കാലത്താണ് അനയെ പരിചയപ്പെട്ടത്.റെഡ് ആർമി ഭടനായി റൊമാനിയയിലേക്ക് മടങ്ങി.ഒരു വർഷം കഴിഞ്ഞ് ഉപപ്രധാന മന്ത്രിയും ധനമന്ത്രിയും ആയി.റഷ്യയിൽ ഗോർഗ്യു പോയപ്പോൾ അവിടെ ആരും വാസിലിയെ തുണച്ചില്ല.പാർട്ടി പ്ലീനത്തിൽ വിമർശനങ്ങൾ ഏറ്റ് വാസിലി ബോധം കെട്ടു വീണു.സാമ്പത്തിക നയ അട്ടിമറിക്ക് അയാളെ 1954 ഒക്ടോബറിൽ വധശിക്ഷയ്ക്ക് വിധിച്ചു.ആവർത്തിച്ചുള്ള അപേക്ഷയിൽ ജീവപര്യന്തമാക്കി.ഒൻപതു വർഷം കഴിഞ്ഞ് ജയിലിൽ മരിച്ചു.അവിടെ ഏകാന്ത തടവിലായിരുന്നു.

ജയിലിൽ നിന്ന് നിരപരാധിത്വം പറഞ്ഞ് ഗോർഗ്യുവിന് കത്തുകൾ എഴുതി;അവയുടെ മാർജിനിൽ ഗോർഗ്യു തെറി എഴുതി.വാസിലിയുടെ 29 സഹായികളെയും അറസ്റ്റ് ചെയ്‌ത്‌ പീഡിപ്പിച്ചു.ധന സഹമന്ത്രി അലക്‌സാണ്ടറു യാക്കോബിന് 20 വർഷം തടവ് കിട്ടി.സ്വയം രക്ഷ നേടാനുള്ള വിഫല ശ്രമത്തിൽ,വാസിലി,ഗോർഗ്യുവിനെ അട്ടിമറിക്കാൻ ശ്രമിച്ചതായി താനും സംശയിച്ചിരുന്നുവെന്ന് അന പറഞ്ഞു നോക്കി.മൂവരുടെയും രചനകൾ ഗ്രന്ഥശാലകളിൽ നിന്ന് നീക്കി.

-----------------------------------------
* Ana Pauker:The Rise and Fall of a Jewish Communist/ Robert Levy,2001 

See https://hamletram.blogspot.com/2019/08/blog-post_51.html

Monday 12 August 2019

ഹോജ പ്രധാനമന്ത്രിയെ കൊന്നു

 ഈ പുസ്തകം ആരും വായിക്കരുത്!

യുഗോസ്ലാവിയൻ കമ്മ്യൂണിസ്റ്റ് വിമതനും എഴുത്തുകാരനുമായ മിലോവൻ ജിലാസിന്റെ Conversations with Stalin ( 1962 ) എല്ലാവരും വായിക്കേണ്ട പുസ്തകമാണ്;കമ്മ്യൂണിസ്റ്റ് ലോകത്തിലെ മൂടിവച്ച രഹസ്യങ്ങൾ വലിച്ചു ചീന്തിയ പുസ്തകമാണ്,അത്.ലോകത്തിൽ ആരും വായിക്കരുത് എന്ന് ഒരു പുസ്തകം എനിക്ക് ശുപാർശ ചെയ്യാനുണ്ട് -അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതി എൻവർ ഹോജ എഴുതിയ With Stalin ( 1979 ).ജിലാസിന്റെ പുസ്തകം വന്ന് 17 വർഷത്തിന് ശേഷം ഹോജ ഇറക്കിയ പുസ്തകം,ഒരു പിശാചിനെപ്പറ്റി മറ്റൊരു പിശാച് എഴുതിയ കൃതി എന്ന നിലയിൽ വായിക്കാൻ നോക്കിയാൽ,പൂർത്തിയാക്കാനാവില്ല.പിശാചിനെ സ്തുതിച്ചാൽ ഓക്കാനം മാത്രമേ വരൂ.ഇതിൽ സ്തുതി മാത്രമേയുള്ളു.
ഹോജ,1942 
രണ്ടാം ലോകയുദ്ധം കഴിഞ്ഞ് 1945 മുതൽ 1985 ൽ മരണം വരെ അൽബേനിയ ഭരിച്ച ഈ മാർക്സിസ്റ്റ് സ്റ്റാലിനെപ്പോലെ പ്രതിയോഗികളെ ഉന്മൂലനം ചെയ്താണ് ജീവിച്ചത്.1968 നും 1980 നും ഇടയ്ക്ക് ഇയാൾ 79 വാല്യം ഓർമ്മക്കുറിപ്പുകൾ ഇറക്കി,ഭീകര എഴുത്തുകാരനായി.ഇയാൾ ലോകം ആദരിക്കുന്ന ഇസ്മയിൽ കാദരെ എന്ന എഴുത്തുകാരനെ അൽബേനിയയിൽ സഹിച്ചു.അവർ തമ്മിലുള്ള ബന്ധം സങ്കീര്ണമായിരുന്നു.ഹോജയുടെ മാതൃകാ പുരുഷനായ സ്റ്റാലിന്റെ ജന്മശതാബ്‌ദി പ്രമാണിച്ചാണ് 1979 ൽ പുസ്തകം ഇറക്കിയത്.
1925 മുതൽ 1939 വരെ സോഗ് രാജാവ് ( Zog ) ആയിരുന്നു അൽബേനിയ ഭരിച്ചത്.രാജ്യത്ത് 99 ശതമാനവും കൃഷിക്കാർ ആയിരുന്നു.ഹോജ ( 1908 -1985 ) മരിക്കുമ്പോൾ രാജ്യം ദരിദ്രവും ഒറ്റപ്പെട്ടതും ആയിരുന്നു.1956 ലെ ഇരുപതാം പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവ് സ്റ്റാലിനെ തുറന്നു കാട്ടിയപ്പോൾ രോഷാകുലനായ ഹോജ ചൈനീസ് പക്ഷം ചേർന്നു.1978 ൽ ഹോജയുടെ ശത്രു യുഗോസ്ലാവിയയുടെ ടിറ്റോയെ ചൈന വരവേറ്റപ്പോൾ ആ ബന്ധവും അവസാനിച്ചു.അൽബേനിയയെ ആർക്കും വേണ്ടാതായി.ബാഹ്യലോകവുമായി ബന്ധമറ്റ അനാഥ ജനതയുടെ ബോധത്തിലേക്കാണ് ഹോജ അയാളുടെ ഉണക്ക സാഹിത്യം ഇറക്കി വിട്ടത്.
ആറു ഭാഗങ്ങളാണ് ഹോജയുടെ സ്റ്റാലിൻ പുസ്തകത്തിനുള്ളത്.ഒരു മുഖവുര.1947 -1951 ൽ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓർമകളാണ് അഞ്ചെണ്ണം.മുഖവുരയിലെ സ്റ്റാലിൻ സൗമ്യനും മാന്യനും കാരുണ്യവാനും ക്ഷമാശീലനുമാണ്.ഇത് 50 പേജിൽ അധികമുള്ള ബോറാണ്.ക്രൂഷ്ചേവ് സോവിയറ്റ് യൂണിയനെ സത്യത്തിൽ നിന്ന് പിന്നോട്ട് നടത്തി എന്ന് പറഞ്ഞ് മുഖവുര അവസാനിക്കുമ്പോൾ,ഒരു  ഭ്രാന്തൻ ലോകത്ത് എത്തിയ പ്രതീതി ഉണ്ടാകുന്നു.സ്റ്റാലിനിസ്റ്റ് സത്യസന്ധതയുടെ പാതയിൽ റഷ്യൻ യുവാക്കൾ മുന്നേറണമെന്ന് ഹോജ ആഹ്വാനം ചെയ്യുന്നു.യുവാക്കൾ ഇത് തൊടില്ല എന്നതിനാൽ പ്രശ്നമില്ല.

ബാക്കി പുസ്തകം ഒരു ഉന്മാദി ഇരുട്ടിൽ പിച്ചും പേയും പറയുന്നത് പോലെയാണ്.എവിടെയെങ്കിലും കോമഡി കാണും എന്ന് കരുതിയാൽ തെറ്റി.ഇത് ഒരു ഇരട്ട സ്തുതിയാണെന്ന് നമുക്ക് മനസ്സിലാകുന്നു.ഒരു ക്രൂരനെ സ്തുതിക്കുമ്പോൾ അത് സ്വയം സ്തുതിയായി മാറുകയാണ്.സ്റ്റാലിൻ 1953 ൽ മരിച്ചെങ്കിലും അയാളുടെ തുടർച്ച അൽബേനിയയിൽ ഉണ്ടെന്ന ആശ്വാസ പ്രകടനമായി പുസ്തകം തീരുന്നു.അൽബേനിയക്കാർ ഏതു ഗോത്രത്തിൽപെട്ടവരാണെന്ന് ജിലാസിനോട് സ്റ്റാലിൻ ചോദിച്ചത്,ഹോജയോടും അവർത്തിച്ചതായി കാണുന്നു.രാവും പകലും സ്റ്റാലിനെ കാണാൻ ആഗ്രഹിച്ച ഹോജ ആ സവിധത്തിൽ സ്തംഭിച്ചു നിൽക്കുന്നു.Tractor Drivers എന്ന സോവിയറ്റ് സംഗീത ശിൽപം സ്റ്റാലിനോട് തുടകൾ ഉരുമ്മി സോഫയിലിരുന്ന് കാണുന്നിടത്താണ് ആദ്യ കൂടിക്കാഴ്ച തീരുന്നത്.ചുറ്റും കാണുന്നവരെല്ലാം സ്റ്റാലിൻ ഒഴിച്ച് ഹോജയുടെ ശത്രുക്കൾ.പുസ്തകത്തിൽ ഇടക്കിടെ ഉന്മൂലനം ( physical liquidation ) എന്ന വാക്ക് വരുന്നതിനാൽ ഇത് സംഹാര പുസ്തകവും ആകുന്നു.
ഹോജ ആരെന്നറിയാൻ ബ്ലെൻഡി ഫെവ്‌സ്യു ( Blendi Fevziu ) എഴുതിയ എൻവർ ഹോജ ( Enver Hoxha ) എന്ന പുസ്തകമുണ്ട്.കേരളത്തിലെ വലിയ മാർക്സിസ്റ്റ് സൈദ്ധാന്തികൻ ഹോജയെപ്പറ്റി വലിയ വായിൽ എഴുതിയതാണ് ഓർത്തു പോയത് .
യൂറോപ്പിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്ത മുസ്ലിം തുണിക്കച്ചവടക്കാരൻറെ മകനായിരുന്നു,ഹോജ.ഫ്രാൻസിലെ മോണ്ട്പെലിയർ സർവകലാശാലയിൽ ജീവശാസ്ത്രം പഠിച്ചു.നാലു കൊല്ലം അവിടെയുണ്ടായിട്ടും ഒരു പരീക്ഷ പോലും എഴുതിയില്ല.തിരിച്ചു വന്ന് ഗ്രാമർ സ്‌കൂൾ അധ്യാപകനായി.1939 ൽ ഇറ്റലി അൽബേനിയയെ ആക്രമിച്ചപ്പോൾ വിപ്ലവ പ്രസ്ഥാനത്തിൽ ചേർന്നു.1941 ൽ പാർട്ടി ഉണ്ടായപ്പോൾ അതിൽ അംഗമായി;രണ്ടു കൊല്ലം കഴിഞ്ഞ് സെക്രട്ടറിയും.യുഗോസ്ലാവിയയുടെ സഹായത്തോടെ 1945 ൽ അൽബേനിയ സ്വാതന്ത്രമായപ്പോൾ പ്രധാനമന്ത്രി ആയി.മരണം വരെ സൈനിക മേധാവിയും ആയിരുന്നു.
സ്റ്റാലിൻറെ വേറൊരു പതിപ്പായിരുന്നു,ഹോജ.ഭീകരത,രഹസ്യ വിചാരണ,ഉന്മൂലനം.അത് പി ബി മുതൽ സാധാരണക്കാരന് വരെ ബാധകമായിരുന്നു.പാർട്ടിയുടെ ആറ് സ്ഥാപകരിൽ ഒരാൾക്ക് മാത്രമേ വീട്ടിലെ കിടക്കയിൽ മരിക്കാനായുള്ളു.ബാക്കിയുള്ളവരെ കൊല്ലുകയോ തടവിലിടുകയോ ചെയ്‌തു.ഇപ്പോൾ തുറന്ന അൽബേനിയൻ ആർകൈവ്സിൽ ഗവേഷണം നടത്തിയും ഇരകളുടെ ബന്ധുക്കളോട് സംസാരിച്ചുമാണ് പുസ്തകം ഉണ്ടായത്.തന്നെ പി ബി യിൽ വിചാരണ ചെയ്യുന്നതിന് തലേന്ന് നിരവധി വർഷങ്ങൾ പ്രധാനമന്ത്രി ആയിരുന്ന മെഹ്‌മത് ഷെഹു സ്വയം വെടി വച്ച് ആത്മഹത്യ ചെയ്‌തു.അമേരിക്കയിലെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധൻറെ ബന്ധുവിൻറെ  മകളെ വിവാഹം ചെയ്യുന്നതിൽ നിന്ന്   അദ്ദേഹം മകനെ വിലക്കിയില്ല എന്നതായിരുന്നു കുറ്റം.വിരുദ്ധൻ  അവിടത്തെ ടി വി യിൽ ഹോജയെ വിമർശിച്ചിരുന്നുവത്രെ.സഖാവ് എൻവറിന് ഷെഹു എഴുതിയ ആത്മഹത്യാ കുറിപ്പ് 2003 ൽ പുറത്തു വന്നു:

നിങ്ങൾക്ക് എന്നെ എന്ത് വേണമെങ്കിലും വിളിക്കാം;എനിക്ക്  തടയാൻ ആവില്ല.ഞാൻ പാർട്ടിക്ക് എൻറെ ജീവൻ നൽകുന്നു.എൻറെ അന്ത്യാഭിലാഷം ഇതാണ്:പാർട്ടിയെയും സോഷ്യലിസത്തെയും സംരക്ഷിക്കുക.

വിവാഹം ഹോജ തടഞ്ഞു.
മെഹ്മെത് ഷെഹു,1944  
അഗത ക്രിസ്റ്റിയുടെ അപസർപ്പക നോവലുകളുടെ ആരാധകനായിരുന്ന ഹോജ,പുസ്തകങ്ങളുമായി ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെട്ടു.വലിയ ലൈബ്രറി ഉണ്ടായിരുന്നു.ഫ്രഞ്ച് പ്രസാധകർ അയയ്ക്കുന്ന കാറ്റലോഗുകളിൽ നിന്ന് പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വാങ്ങി.ഏകാധിപതിയുടെ കുടുംബം ഒരിക്കൽ അയാളെ കാണാനില്ലെന്ന് പരാതിപ്പെട്ടപ്പോൾ കാവൽ ഭടന്മാർ അയാളെ പുലർച്ചെ ലൈബ്രറിയിൽ കണ്ടെത്തി.വലത് കൈയിൽ പുസ്തകവും തോളിൽ കമ്പിളി പുതപ്പും ഉണ്ടായിരുന്നു.ഒരു ഡയറി സൂക്ഷിച്ച് ചറ പറ എഴുതിക്കൊണ്ടിരുന്നു;അല്ലെങ്കിൽ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.ഇസ്മയിൽ കാദരെയുടെ എഴുത്തു കണ്ട് ഹോജ പലപ്പോഴും രോഷാകുലനായെന്ന് ഹോജയുടെ ഭാര്യ ഓര്മക്കുറിപ്പുകളിൽ പറയുന്നു;പ്രതിസന്ധികളിൽ ഇസ്മയിലിനൊപ്പം നിന്നു.മുസ്ലിം യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചിട്ടും  ഹോജ അൽബേനിയയെ നിരീശ്വര ( atheist ) രാഷ്ട്രമായി പ്രഖ്യാപിച്ചു.എല്ലാ പള്ളികളും പൂട്ടി.ലോകത്തിലെ ആദ്യ നിരീശ്വര രാഷ്ട്രം.

1948 മാർച്ചിൽ പി ബി അൽബേനിയയും യുഗോസ്ലാവിയയുമായുള്ള ലയനം അംഗീകരിച്ചു.അങ്ങനെ വന്നാൽ തന്നെ മാറ്റി യുഗോസ്ലാവിയ അൽബേനിയൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ കോച്ചി സോക്‌സെയെ പ്രധാനമന്ത്രി ആക്കുമെന്ന വിവരം ഹോജയ്ക്ക് കിട്ടി.അൽബേനിയ,ബൾഗേറിയ,ഗ്രീസ് എന്നിവ ചേർത്ത് പ്രാദേശിക ശക്തിയാകാനുള്ള യുഗോസ്ലാവിയൻ പദ്ധതിയെ സ്റ്റാലിൻ അപലപിച്ചപ്പോൾ അൽബേനിയൻ പി ബി ലയനം മാറ്റി ടിറ്റോയെ തള്ളിപ്പറഞ്ഞു.അൽബേനിയയിൽ നിന്ന് യൂഗോസ്ലാവ് വിദഗ്ദ്ധരെ പുറത്താക്കി.സോക്‌സെയെ തൂക്കി കൊന്നു.
അൽബേനിയൻ സാമ്പത്തിക ആസൂത്രകൻ നാക്കു സ്‌പിറുവിനെ  ഹോജ കൊന്നതാണെന്ന് 1991 ൽ സ്‌പിറോയുടെ ഭാര്യ ലിറി ബിലിഷോവ ആരോപിക്കുകയുണ്ടായി.പി ബി അംഗമായ അവർ 1960 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു.

സ്‌പിറു ( Nako Spiru 1918 -1947 ) ഡറസ് തുറമുഖത്തെ ഓർത്തഡോക്സ്  കുടുംബത്തിൽ ജനിച്ച് ഇറ്റലി ടൂറിൻ സർവകലാശാലയിൽ ഇക്കണോമിക്‌സ് പഠിച്ച ആളായിരുന്നു.1939 ൽ ഇറ്റലി അൽബേനിയ ആക്രമിച്ചപ്പോൾ അയാൾ വിപ്ലവകാരിയായി.സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ  ഹോജയുടെ വലം കൈ ആയി.1941 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക അംഗം.പാർട്ടി യുവ വിഭാഗം മേധാവി കമാൽ സ്റ്റാഫ വാശിക്കപ്പെട്ടപ്പോൾ ആ സ്ഥാനത്ത് വന്നു.
ഹോജയും സ്‌പിറുവും 
രണ്ടാം ലോകയുദ്ധ ശേഷം ആസൂത്രണ കമ്മീഷൻ അംഗമായി.പാർട്ടിയിൽ വിഭാഗീയത വളർന്നപ്പോൾ അതിനിടയിൽ പെട്ടു.ഒരു വശത്ത് ബുദ്ധിജീവികൾ.മിതവാദികൾ,മെഹ്‌മത് ഷെഹു,സെയ്‌ഫുല്ല മാലിഷോവ എന്നിവരുടെ നേതൃത്വത്തിൽ;മറു വശത്ത് തൊഴിലാളി പക്ഷം പിടിക്കുന്ന ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ കോച്ചി സോക്‌സെയുടെ പക്ഷം.സോക്‌സ സിഗുരിമി എന്ന ചാര സംഘടനാ മേധാവിയും ആയിരുന്നു.സോവിയറ്റ് യൂണിയനുമായി ബന്ധം വേണമെന്നും അല്ല,യുഗോസ്ലാവിയയുമായി ബന്ധം വേണമെന്നും അവർ തർക്കിച്ചു.യുഗോസ്ലാവിയയുമായി അൽബേനിയയെ കൂട്ടി ചേർക്കൽ ലക്ഷ്യമായ സോക്‌സെ യുടെ 1946 ജൂലൈയിലെ യുഗോസ്ലാവിയയുമായുള്ള സാമ്പത്തിക,സൗഹൃദ കരാറിനെ സ്‌പിറു എതിർത്തു.പാർട്ടി ജനറൽ സെക്രട്ടറിയും പ്രധാനമന്ത്രിയുമായ എൻവർ ഹോജ,ടിറ്റോയ്ക്ക് അൽബേനിയൻ പാർട്ടിയിലെ സ്വാധീനം പേടിച്ച് സോക്‌സയുടെ പക്ഷം പിടിച്ചു.1947 ഏപ്രിലിൽ ബെൽഗ്രേഡിൽ എത്തി സ്‌പിറു കരാർ പരിഷ്കരിച്ച്,സഹായം കൂട്ടണമെന്ന് വാദിച്ചു.യുഗോസ്ലാവിയ നിരസിച്ചു.ഇരു രാഷ്ട്രങ്ങളുടെയും സാമ്പത്തിക ആസൂത്രണം ഏകോപിപ്പിക്കാൻ യുഗോസ്ലാവിയ ആവശ്യപ്പെട്ടു -ഹോജയുടെ അനുവാദത്തോടെ സ്‌പിറു ഇത് തള്ളി.1947 ജൂലൈയിൽ ഹോജയും സ്‌പിറുവും മോസ്‌കോയിൽ പോയി കരാർ ഒപ്പിട്ടു.

സ്‌പിറുവിന് എതിരെ ടിറ്റോയുടെ പിന്തുണയോടെ,സോക്‌സെ  പ്രചാരണം ആരംഭിച്ചു.1947 നവംബർ 19 ന് സി സി യോഗത്തിൽ,സ്‌പിറു പാർട്ടി വിരുദ്ധനാണെന്ന് സോക്സെ  ആരോപിച്ചു.അടുത്ത നാൾ സ്‌പിറുവിനെ ഫ്ലാറ്റിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടു.സ്വന്തം തോക്കിൽ നിന്ന് ആകസ്മികമായി വെടി കൊള്ളുകയായിരുന്നുവെന്ന് വിശദീകരണം വന്നു.പശ്ചാത്താപം മൂലമുള്ള ആത്മഹത്യ എന്ന് ഔദ്യോഗിക പക്ഷം തിരുത്തി.
കോച്ചി സോക്സെ 
മെലിഞ്ഞ് ബുദ്ധിമാനായ സ്‌പിറു,സർക്കാരിൻറെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചെന്നും യുഗോസ്ലാവ്യക്കെതിരെ ആദ്യം ശബ്ദം ഉയർത്തിയത് അദ്ദേഹമാണെന്നും ജിലാസ് എഴുതുന്നു.അൽബേനിയ സ്വതന്ത്രമായി വികസിക്കണം എന്നായിരുന്നു അദ്ദേഹത്തിൻറെ നയം.ഈ നിലപാട് യുഗോസ്ലാവിയയിലും അൽബേനിയൻ കേന്ദ്ര കമ്മിറ്റിയിലും എതിർപ്പുണ്ടാക്കി.തെക്കൻ അൽബേനിയയിൽ നിന്നുള്ള തൊഴിലാളി ആയിരുന്ന സോക്‌സെ പാർട്ടിക്കൂറുള്ളവൻ ആയിരുന്നുവെന്ന് ജിലാസ് നിരീക്ഷിക്കുന്നു -ഹോജയ്ക്കാണ് വിദ്യാഭ്യാസം കൂടുതൽ എങ്കിലും അറിയപെട്ടയാൾ സോക്സെ ആയിരുന്നു.ഹോജയും സ്‌പിറുവിനെതിരെ നീങ്ങിയെങ്കിലും അയാളുടെ നിലപാട് വ്യക്തമല്ലായിരുന്നു.സ്‌പിറു ഒറ്റപ്പെട്ടു.പാർട്ടി പുറത്താക്കുമെന്ന ഘട്ടത്തിൽ ആയിരുന്നു ആത്മഹത്യ.അതോടെ,അൽബേനിയ -യുഗോസ്ലാവിയ ബന്ധം വഷളായി.

സോക്സെ ( 1911 -1949 ) ഗ്രീസിനടുത്ത ഫ്ളോറിനയിലാണ് ജനിച്ചത്.ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ ഓർത്തഡോക്സ് വിഭാഗം പാർത്തിരുന്ന മേഖല.1937 നടുത്താണ് കമ്മ്യൂണിസത്തിൽ എത്തിയത്.ഹോജയുടെ മുതലാളിയായ സ്റ്റാലിനുമായി ടിറ്റോ ബന്ധം വിച്ഛേദിച്ച ശേഷം യൂഗോസ്ലാവ് അനുകൂല പ്രവർത്തനങ്ങൾക്ക് അൽബേനിയൻ പാർട്ടി ഇയാളെ ഉന്മൂലനം ചെയ്തു -1949 ജൂൺ 11.1949 ലെ രഹസ്യ വിചാരണയ്ക്ക് ശേഷം തൂക്കിക്കൊന്നു.താൻ ബ്രിട്ടീഷ് ചാരനാണെന്നും ടിറ്റോയ്‌ക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തെന്നും ഇയാൾ സമ്മതിച്ചതായി പാർട്ടി പറഞ്ഞു.1948 ഫെബ്രുവരി 26 മുതൽ മാർച്ച് എട്ടു വരെ നടന്ന കേന്ദ്ര കമ്മിറ്റി എട്ടാം പ്ലീനം സോക്സെ,ഹോജയെ പുറത്താക്കാൻ പദ്ധതി തയ്യാറാക്കിയതായി ആരോപിച്ചു.
സോക്സെയെ കൊന്ന ശേഷം പാർട്ടി സ്‌പിറുവിനെ പുനരധിവസിപ്പിച്ചു -അയാളെ സോക്സെയ്ക്ക് വേണ്ടി ചാര സംഘടന സിഗുരിമി  കൊല്ലുകയോ ആത്മഹത്യയിലേക്ക് നയിക്കുകയോ ആയിരുന്നെന്ന് ഭാഷ്യമുണ്ടായി.എന്നാൽ,പി ബി അംഗമായിരുന്ന സ്‌പിറുവിൻറെ ഭാര്യ ബിലിഷോവ ഹോജയാണ് കൊന്നതെന്ന് പറഞ്ഞതോടെ,ഉന്മൂലനത്തിന് സ്ഥിരീകരണമായി.
തൻറെ നേതൃത്വത്തെ ഉയർത്തിപ്പിടിക്കുന്ന പ്രമേയം പാസാക്കണമെന്ന് 1956 ൽ ഹോജ പാർട്ടിയോട് ആവശ്യപ്പെട്ടു;സ്റ്റാലിനെ മോസ്‌കോ കുഴിച്ചു മൂടിയതിന് പിന്നാലെ ആയിരുന്നു,ഇത്.പ്രമേയത്തെ എതിർത്ത പ്രതിനിധികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി തടവിലിട്ടു.1960 ജൂലൈയിൽ ഹോജോയെ പുറത്താക്കാൻ,റഷ്യ പരിശീലിപ്പിച്ച റിയർ അഡ്‌മിറൽ ടെമെ സെജ്കോ ശ്രമിച്ചെന്ന് കണ്ടെത്തി.പി ബി യിലെ സോവിയറ്റ് അനുകൂല അംഗങ്ങൾ ലിറി ബെലിഷോവ,കോച്ചോ താഷ്‌കോ എന്നിവരെ പുറത്താക്കി.1961 നവംബർ ഏഴിന് നടത്തിയ പ്രസംഗത്തിൽ ക്രൂഷ്‌ചേവിനെ ഹോജ വരട്ടു വാദിയെന്ന് വിളിച്ചു;സ്റ്റാലിൻ അവിടത്തെ അവസാന കമ്മ്യൂണിസ്റ്റ് ആണെന്ന് നിരീക്ഷിച്ചു.30 ലക്ഷം മാത്രം ജനസംഖ്യയുള്ള അൽബേനിയയിൽ ഒട്ടാകെ 1,73,371 ഒരാൾ കോൺക്രീറ്റ് നിലവറകൾ ഹോജ പണിതു.അവിടെ പീരങ്കികളും രാസായുധങ്ങളും ഒളിപ്പിച്ചു.ഒരു ക്രയിനിനോ ഹെലികോപ്റ്ററിനോ ഒരു ദ്വാരത്തിൽ വയ്ക്കാവുന്ന തരം നിലവറകളായിരുന്നു,ഇവ.
ഷെഹു അവസാനം 
ഒടുവിൽ പാർട്ടിയിലെ ശത്രുക്കളെ ഉന്മൂലനം ചെയ്തത് 1981 ലായിരുന്നു.അതിലാണ് 40 കൊല്ലം വലം കൈ ആയിരുന്ന പ്രധാനമന്ത്രി മെഹ്മത് ഷെഹു പെട്ടത്.വഞ്ചകനും ചാരനുമായി അയാളെ മുദ്ര കുത്തി.സൈനിക തന്ത്രജ്ഞനായ മെഹ്മെത് ഇസ്മയിൽ ഷെഹു ( 1913 -1981 ) 1954 മുതൽ കൊല്ലപ്പെടും വരെ പ്രധാനമന്ത്രി ആയിരുന്നു.ഇമാമിൻറെ മകൻ.ഇറ്റലിയിലെ നേപ്പിൾസ് മിലിട്ടറി അക്കാദമിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് ചായ്‌വിനു പുറത്താക്കപ്പെട്ടു.സ്പെയിനിൽ പോയി അവിടത്തെ പാർട്ടിയിൽ ചേർന്നു.ഒരു ബ്രിഗേഡ് കമാൻഡറായി.സ്പെയിനിൽ നിന്ന് മടങ്ങുമ്പോൾ ഫ്രാൻസിൽ അറസ്റ്റിലായി ഇറ്റലിയിലേക്ക് നാട് കടത്തി.അവിടത്തെ പാർട്ടിയിൽ ചേർന്നു.1942 ൽ ഇറ്റലിയുടെ അധിനിവേശത്തിലായ അൽബേനിയയിൽ എത്തി അവിടെ പാർട്ടിക്കാരനായി.പട്ടാള അനുഭവം എളുപ്പം ഉയരങ്ങളിൽ എത്തിച്ചു.സ്വതന്ത്രമായപ്പോൾ സൈനിക മേധാവി.സോക്സെയെ വകവരുത്തിയപ്പോൾ ഹോജയുടെ വിശ്വസ്തനായി.1948 -1953 ൽ പാർട്ടി സെക്രട്ടറി ആയിരുന്നു.കത്തോലിക്കാ ഗോത്ര വർഗക്കാരെ ഇയാൾ കൊന്നൊടുക്കി.ഒരു പാർട്ടി കോൺഗ്രസിൽ ഷെഹു പറഞ്ഞത്,സോവിയറ്റ് പാർട്ടിയുടെ 22 -൦ കോൺഗ്രസിൽ മികോയൻ ഉദ്ധരിച്ചു:

Whoever disagrees with our leadership in any respect, will get spat in the face, punched on the chin, and, if necessary, a bullet in his head.
( പാർട്ടി നേതൃത്വത്തോട് വിയോജിച്ചാൽ മുഖത്ത് തുപ്പും,താടിയിൽ ഇടിക്കും,വേണമെങ്കിൽ തലയിൽ വെടി വയ്ക്കും ). ടിറാനയിൽ  വീട്ടിലെ കിടപ്പുമുറിയിൽ 1981 ഡിസംബർ 17 ന് തലയിൽ വെടിയേറ്റ് ഷെഹു മരിച്ചു കിടന്നു.അയാളെ ജനശത്രുവായി മുദ്ര കുത്തി ടിറാനയ്ക്കടുത്ത ഗ്രാമത്തിലെ തരിശു ഭൂമിയിൽ അടക്കി.ഇയാളാണ് ഇസ്മയിൽ കാദരെയുടെ നോവൽ The Successor (2003 ) ലെ നായകൻ.

See https://hamletram.blogspot.com/2019/08/blog-post_12.html



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...