10.വെപ്പാട്ടിക്ക് പിന്നാലെ ലെനിനും
സ്വന്തം മരണത്തിനു മുൻപ്, ലെനിനെ വ്യക്തിപരമായി ഉലച്ച സംഭവമായിരുന്നു, 1920 സെപ്റ്റംബർ 24 ന്, വെപ്പാട്ടി ഇനെസ്സ ആർമാൻഡിന്റെ മരണം. തൻറെ 40 വയസിൽ 36 വയസുള്ള ഇനെസ്സയെ പാരിസിൽ കണ്ടുമുട്ടുമ്പോൾ, ലെനിനൊപ്പം ഭാര്യ ക്രൂപ് സ്കേയ താമസിച്ചിരുന്നു.
ഇനെസ്സയുമായി ലെനിൻറെ ബന്ധം തീക്ഷ്ണമായപ്പോൾ, ക്രൂപ് സ്കേയ, കിടപ്പു മുറിയിൽ നിന്നിറങ്ങി; ലെനിൻറെ ജീവിതത്തിൽ നിന്നിറങ്ങിയില്ല. ഗോർബച്ചേവ് അധികാരമേറി, രഹസ്യ ആർകൈവ്സ് പരസ്യമായ ശേഷമാണ്, ലെനിൻറെ വെപ്പാട്ടിയെപ്പറ്റി വിശദമായി അറിയുന്നത്. ലണ്ടനിൽ ഭാര്യയുടെ സുഹൃത്ത് അപ്പോളിനാര്യ യാക്കുബോവയുമായും ലെനിന് ബന്ധമുണ്ടായിരുന്നു.ലെനിൻറെ പ്രചോദനം യാക്കുബോവ ആയിരുന്നു എന്ന വിശ്വാസവും ശക്തമാണ്. അവരുടെ ചിത്രം പുറത്തു വന്നത് 2015 ലാണ്.
അപ്പോളിനാര്യ (1870 -1917) യോട് ലെനിൻ നടത്തിയ പ്രണയാഭ്യർത്ഥന അവർ നിരസിച്ചതായി ലൂയി ഫിഷർ എഴുതിയിട്ടുണ്ട്. 1902 -1911 ൽ ഇടക്കിടെ ലണ്ടനിൽ എത്തിയിരുന്നപ്പോൾ അവർ തമ്മിൽ വിപ്ലവ ദിശയെപ്പറ്റി തർക്കങ്ങൾ നടന്നു. ലിറോച് ക എന്ന ഓമനപ്പേരിലാണ് ലെനിൻ വിളിച്ചിരുന്നത്. ബ്രിട്ടീഷ് ലൈബ്രറിക്കടുത്ത് ഭർത്താവിനൊപ്പം താമസിക്കുകയായിരുന്നു പുരോഹിതൻറെ മകളായ അപ്പോളിനാര്യ. ഫിസിക്സ് പഠിച്ച ശേഷം തൊഴിലാളികൾക്ക് ക്‌ളാസ് എടുക്കുമ്പോഴാണ്, ക്രൂപ് സ്കേയയെ പരിചയപ്പെട്ടത്. ശിക്ഷിക്കപ്പെട്ട് സൈബീരിയയിൽ കഴിഞ്ഞ ശേഷം ലണ്ടനിൽ എത്തി.
|
അപ്പോളിനാര്യ
|
ഇനെസ്സ ഫയദറോവ്ന ആർമാൻഡ് (1874 -1920) പാരിസിലെ ഒരു ഓപെറ ഗായകൻറെ അവിഹിത സന്തതി ആയിരുന്നു. അവരാണ്, രാഷ്ട്രീയ സമരത്തിൽ പതറിയ ലെനിന് ഊർജം കൊടുത്ത്, മുന്നണിയിൽ നിർത്തിയത്. 1919 ൽ മോസ്കോയിലെ ശക്തയായ സ്ത്രീ അവരായിരുന്നു.
പാരിസിൽ, 1910 ശിശിരത്തിൽ അവന്യൂ ദി ഓർലിയൻസിലെ ഒരു കഫേയിലാണ്, ലെനിൻ, ഇനെസ്സയെ കണ്ടു മുട്ടിയത്. ബോൾഷെവിക്കുകൾ ബീർ നുണഞ്ഞ് കഫെയുടെ മുകളിലെ മുറിയിൽ രാഷ്ട്രീയം ചർച്ച ചെയ്‌തു പോന്നു. ലെനിന് പണം വരുന്ന വഴികൾ ഭരണകൂടം മരവിപ്പിക്കുകയും, ലെനിൻ പ്രോലിറ്ററി (Proletarri) എന്ന മാസിക നിർത്തുകയും ചെയ്‌ത കാലം. നാലു ഭാഷകൾ അറിയാവുന്ന ഇനെസ്സ, അയാളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു. 19 വയസ്സിൽ മോസ്കോയിലെ ഫ്രഞ്ച് സമൂഹത്തിൽപെട്ട, ധനിക തുണി കച്ചവട കുടുംബത്തിലെ മൂത്ത മകൻ അലക്‌സാണ്ടർ ആർമാൻഡിനെ വിവാഹം ചെയ്‌ത അവർ, ധനിക ആയിരുന്നു. ഒൻപതു കൊല്ലത്തെ ബന്ധത്തിൽ നാലു കുട്ടികൾ ഉണ്ടായി. 28 വയസ്സിൽ ഇനെസ്സ, അലക്‌സാണ്ടറുടെ 17 വയസുള്ള സഹോദരൻ വ്ളാദിമിർ വോളോദ്യയ്‌ക്കൊപ്പം പരസ്യമായി ജീവിച്ചു. വ്ളാദിമിറിൽ ഉണ്ടായ മകൻ ആൻഡ്രിയെ 1903 ൽ അലക്‌സാണ്ടർ ഏറ്റെടുത്തു. 1909 ൽ വ്ളാദിമിർ ക്ഷയം വന്ന് മരിച്ചു.
കമ്മ്യൂണിസ്റ്റ് ആയ വ്ളാദിമിറിന് ഒപ്പം വിപ്ലവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന ഇനെസ്സ, ഭരണകൂടത്തെ ഭയന്നാണ്, പാരിസിൽ എത്തിയത്. അവർ ലോങ്ജുമോയിൽ വിപ്ലവ സ്‌കൂൾ തുടങ്ങി. അവിടെയാണ് ഇനെസ്സ ലെനിനോട് കാമം പറഞ്ഞത്. പ്രാഗിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സമ്മേളനത്തിൽ ബോൾഷെവിക്കുകൾക്ക് വ്യാജ ഭൂരിപക്ഷം ഉണ്ടാക്കാൻ ഇനെസ്സയാണ് തന്ത്രം മെനഞ്ഞത്. ഇനെസ്സയ്ക്ക് വേണ്ടി ബന്ധം പിരിയാൻ ക്രൂപ് സ്കേയ തയ്യാറായെങ്കിലും, ലെനിൻ സമ്മതിച്ചില്ല. രണ്ടു സ്ത്രീകളും ഫെമിനിസ്റ്റുകൾ ആയിരുന്നു. ഇനെസ്സയുടെ മരണശേഷം, അവരുടെ ഇളയ കുട്ടികളെ ക്രൂപ് സ്കേയ ഏറ്റെടുത്തു.
വെപ്പാട്ടിയാണെങ്കിലും, ലെനിൻ അവർക്ക് ഉത്തരവുകൾ നൽകിയിരുന്നു. റഷ്യയിൽ പോളിഷ് കർഷക വേഷത്തിൽ ഇനെസ്സ സെൻറ് പീറ്റേഴ്‌സ്ബർഗിലെ പാർട്ടി പുനഃസംഘടിപ്പിക്കാൻ പോയി തടവിലായി. അലക്‌സാണ്ടർ 6500 റൂബിൾ മുടക്കി ജാമ്യത്തിൽ ഇറക്കി. ജാമ്യവ്യവസ്ഥ ലംഘിച്ച് 1913 ൽ രക്ഷപ്പെട്ട്, ക്രാക്കോയിൽ ലെനിൻറെ അടുത്തെത്തി. അപ്പോൾ ലെനിൻ ബന്ധം അവസാനിപ്പിക്കാൻ ഒരുമ്പെട്ടതായി, ഇനെസ്സയുടെ അവശേഷിക്കുന്ന പ്രണയ ലേഖനത്തിൽ നിന്നറിയാം:
ചുംബനങ്ങൾ വേണ്ട,എനിക്കൊന്നു കണ്ടാൽ മതി;അങ്ങയോട് സംസാരിച്ചിരിക്കാൻ സുഖമാണ്;അതാരെയും വേദനിപ്പിക്കേണ്ടതില്ല.എനിക്ക് എന്തിന് അത് പോലും നിഷേധിക്കുന്നു ?*
|
ഇനെസ്സ
|
ലെനിൻ 1914 ജനുവരി മുതൽ ഇനെസ്സയ്ക്ക് 150 കത്തുകൾ അയച്ചു. ഇവയെല്ലാം ഉത്തരവുകൾ ആയിരുന്നു. കത്തിനൊടുവിൽ, കാണാൻ ആകാത്തതിൽ ദുഃഖം രേഖപ്പെടുത്തും. 1916 ജനുവരിയിൽ സോഫി പോപോഫ് എന്ന കള്ളപ്പേരിൽ ഇനെസ്സയെ പാരിസിൽ അയച്ചപ്പോൾ വേണ്ടത്ര പിന്തുണ ബോൾഷെവിക്കുകൾക്ക് കിട്ടിയില്ല. ലെനിൻ അവരെ ശാസിച്ച് കത്തയച്ചപ്പോൾ ഇനെസ്സ പ്രതിഷേധിച്ചു. അവർ കോപിച്ച് ലേക് ജനീവയ്ക്ക് മുകളിൽ വിശ്രമത്തിന് പോയി. ലെനിൻ തുരു തുരെ കത്തുകൾ അയച്ചു. നിരന്തരം വിളിച്ചു -അവർ മറുപടി നൽകാതെ കളിപ്പിച്ചു.
1917 ഫെബ്രുവരി വിപ്ലവത്തിന് ശേഷം , റഷ്യയിൽ എത്തി.മാർച്ചിൽ ഇനെസ്സയെ മോസ്‌കോ സോവിയറ്റിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാക്കി. ഓഗസ്റ്റ് 30 ന് മൈക്കിൾസൻ പ്ലാൻറിൽ, ലെനിനെ റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയിലെ ഫാനി കപ്ലാൻ വെടി വച്ച് വീഴ്ത്തി. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലെനിനെ വിപ്ലവ വഞ്ചകനായി കണ്ട ഫാനി, തൻറെ പാർട്ടി നിരോധിക്കപെട്ടപ്പോഴാണ് ലെനിനെ കൊല്ലാൻ ശ്രമിച്ചത്. അവരെ സെപ്റ്റംബർ മൂന്നിന് വെടി വച്ച് കൊന്നു.
ലെനിൻ ഇനെസ്സയെ വരുത്തി. കാമം പൂത്തു. ഇനെസ്സയ്ക്ക് ക്രെംലിനിൽ വലിയ വീട് കിട്ടി. ലെനിൻറെ ക്ലോസ്‌ഡ് സർക്യൂട്ട് ഫോൺ വലയത്തിൽ അയാളെ നേരിട്ട് വിളിക്കാൻ സൗകര്യം കിട്ടി. ക്രൂപ് സ്കേയ പിൻവാങ്ങി ക്രെംലിൻ വിട്ടു. 1918 ൽ ഇനെസ്സ, മുൻ ഭർത്താവ് അലക്‌സാണ്ടറെ പാർട്ടി അംഗമാക്കി. അവർ കേന്ദ്ര കമ്മിറ്റി വനിതാ വിഭാഗം മേധാവി ആയി. 14 മണിക്കൂർ ജോലി ചെയ്‌തു. അവർക്ക് ന്യുമോണിയ വന്നപ്പോൾ ലെനിൻ കത്തുകൾ വഴി ആശ്വസിപ്പിച്ചു: ഫയർ പ്ളേസിൽ തീ കത്തിക്കാൻ വിറക് വേണോ?ഭക്ഷണം വേണോ ?പാചകത്തിന് ആരുണ്ട്?പെൺ മക്കളോട് ദിവസവും വിളിക്കാൻ പറയാം.
പനിയിൽ നിന്ന് രക്ഷപ്പെട്ട അവരെ കോക്കസസിലെ കിസ്ലോവോഡ്സ്കിൽ വിശ്രമത്തിന് അയച്ചു. കവർച്ചക്കാരുടെ ശല്യം കാരണം അവിടെ നിന്ന് സെപ്റ്റംബറിൽ സൈനിക ട്രെയിനിൽ ഇനെസ്സയെ കയറ്റി. ബൽസാനിൽ വച്ച് കോളറ പിടിപെട്ട് അവർ സെപ്റ്റംബർ 24 പുലർച്ചെ മരിച്ചു. എട്ടു ദിവസം കഴിഞ്ഞ് ജഡം മോസ്‌കോയിൽ എത്തിച്ചു. അലക്‌സാണ്ടർക്കൊപ്പം ലെനിൻ ജഡം കാത്തു നിന്നു. ജഡം റെഡ് സ്‌ക്വയറിൽ സംസ്‌കരിച്ചു. "ലെനിൻ ബോധം കെട്ട് താഴെ വീഴുമെന്ന് തോന്നി," അലക്‌സാൻഡ്ര കൊല്ലോന്റായ് ഓർമിച്ചു.
|
ഫാനി കപ്ലാൻ |
എന്താണ് ചെയ്യേണ്ടത്? എന്ന ചേർനിഷേവ്സ്കിയുടെ നോവൽ ഇരുവർക്കും ഇഷ്ടമായിരുന്നു. പിയാനോയിൽ അവർ ബീഥോവൻറെ സൊണാറ്റകൾ വായിച്ചു. അവരുടെ മരണശേഷം ലെനിൻ കൂടുതൽ വൃദ്ധനായ പോലെ തോന്നി. ജനത്തിൽ നിന്നകന്നു. അയാളുടെ ഭീകര ഭരണത്തിന് കീഴിൽ, ജീവിതം വിരസമാണെന്ന് ക്രോൺസ്റ്റാറ്റ് കലാപകാരികൾ പരാതിപ്പെട്ടു. കവിതയിലോ കലയിലോ താൽപര്യം തോന്നിയില്ല. മയക്കോവ്സ്കിയുടെ ഒരു കവിതാ സമാഹാരം 5000 കോപ്പി അടിച്ചെന്ന് കേട്ടപ്പോൾ, അയാൾ രോഷം കൊണ്ടു: "അത് അസംബന്ധമാണ്; നിറം പിടിപ്പിച്ച അൽപ്പത്തരം, കാപട്യം."
1921 ഡിസംബർ ഏഴിന്, രോഗിയായ ലെനിനെ ക്രെംലിനിൽ നിന്ന് ഗോർക്കിയിലേക്ക് മാറ്റി. 1922 ഏപ്രിൽ മൂന്നിന് പാർട്ടി പതിനൊന്നാം കോൺഗ്രസിലെ ഒരു തീരുമാനം, റഷ്യയെ മാത്രമല്ല, ലോകത്തെ തന്നെ വരും കാലത്ത് ദുരിതക്കടലിൽ ആഴ്ത്തുന്ന ഒന്നായിരുന്നു -സ്റ്റാലിൻ ജനറൽ സെക്രട്ടറി. അത്, പാർട്ടി കോൺഗ്രസിൽ നാലു പ്രസംഗങ്ങൾ ചെയ്‌ത ലെനിൻറെ നിർദേശമായിരുന്നു. സ്റ്റാലിൻ തന്നെ, ദേശീയതയുടെ കമ്മിസാർ ആയി. ഒരാഴ്ച കഴിഞ്ഞ്, ജനകീയ കമ്മിസാർമാരുടെ കൗൺസിൽ മേധാവി ആയി, ലെനിൻ തന്നെ നിർദേശിച്ചപ്പോൾ ട്രോട് സ്‌കി നിരസിച്ചു. അടുത്ത ജനറൽ സെക്രട്ടറി എന്നാണ് അതിന് അർത്ഥമെങ്കിലും, ആ സ്ഥാനം ഒരു സമ്മാനമായി കിട്ടേണ്ടതല്ലെന്ന് ട്രോട് സ്‌കിക്ക് തോന്നി. കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷവും ജൂതന്മാരാണ്; താനും ജൂതനാണ്. മുഖ്യധാരയുടെ ഭാഗമാകാത്ത ന്യൂനപക്ഷം ജൂതന്മാർ ഒരു രാജ്യത്തെ നയിക്കുന്നതിൽ അപാകതയുണ്ടെന്ന് ട്രോട് സ്‌കിക്ക് തോന്നി. സ്റ്റാലിനെപ്പോലെ ഒരു ജോർജ്ജിയക്കാരനും അതിന് അർഹൻ അല്ല. സ്ഥാനം നിരസിച്ചതോടെ, സ്വന്തം മരണ വാറന്റിൽ ട്രോട് സ്‌കി ഒപ്പിട്ടു.
ലെനിൻ ഗോർക്കിക്ക് മടങ്ങി.
|
ലെനിൻ അവസാന ദിനങ്ങളിൽ |
തലവേദന കൂടി വന്നു. ലെനിൻറെ ശരീരത്തിലെ രണ്ടു വെടിയുണ്ടകളിൽ നിന്നുള്ള വിഷമാകാം കാരണമെന്ന് ജർമൻ ഡോക്ടർ സ്ട്രംപെറ്റ് അഭിപ്രായപ്പെട്ടു. ബുള്ളറ്റിൽ നിന്നുള്ള വിഷം (lead poison) കാരണം തലവേദന വരുമെന്ന് വിവരമില്ലെന്ന് ഡോ റോസാനോവ് പറഞ്ഞു. ഏപ്രിൽ 23 ന് കഴുത്തിലെ വെടിയുണ്ട ശസ്ത്രക്രിയ വഴി നീക്കി. മോസ്‌കോ സോവിയറ്റ് പ്ലീ നത്തിൽ, നവംബറിൽ ലെനിൻ അവസാന പ്രസംഗം നടത്തി. ലെനിൻറെ നിർദേശപ്രകാരം, മോസ്‌കോയിൽ നിന്ന് അവസാനത്തെ മെൻഷെവിക് പ്രൊഫസർ റോഷ്‌ക്കോവിനെ പുറത്താക്കിയ ഡിസംബർ 16 ന് ലെനിന് പക്ഷാഘാതം ഉണ്ടായി. അയാൾ ഛർദിച്ചു. അന്ന് കരുത്തു ചോർന്ന് അയാൾ അധികാരം ഇല്ലാത്തവനായി.
പന്ത്രണ്ടാം പാർട്ടി കോൺഗ്രസിൽ തനിക്ക് സംസാരിക്കാൻ ആവില്ല എന്ന തിരിച്ചറിവിൽ, ഡിസംബർ 23 ന് ലെനിൻ, സഹായികളായ മരിയ വോളോദിചേവ, ലിഡിയ ഫൊത്തിയേവ എന്നിവർക്ക് 'പാർട്ടി കോൺഗ്രസിനുള്ള കത്ത് ' പറഞ്ഞു കൊടുക്കാൻ തുടങ്ങി. ഇത് ലെനിൻറെ ഒസ്യത്ത് (The Testament of Lenin) എന്നറിയപ്പെടുന്നു. ഇത് പരസ്യമാക്കിയത്, സ്റ്റാലിന്റെ മരണശേഷം, ഇരുപതാം പാർട്ടി കോൺഗ്രസിൽ, 1956 ഫെബ്രുവരി 25 ന് ക്രൂഷ്‌ചേവാണ്. അന്ന് പാർട്ടിയും ലോകവും ഞെട്ടി.
|
ലെനിൻറെ സഹോദരി മരിയ |
ഡിസംബർ 23 ന് മരിയ കേട്ടെഴുതിയത്, ട്രോട് സ്‌കി നേതൃത്വം നൽകുന്ന ആസൂത്രണ കമ്മീഷന് നിയമാധികാരം നൽകുന്നതിനെപ്പറ്റിയും കേന്ദ്ര കമ്മിറ്റി അംഗ സംഖ്യ 22 ൽ നിന്ന് 50 -100 ആക്കാനുമുള്ള നിർദേശങ്ങളാണ്. കേന്ദ്രകമ്മിറ്റിയിൽ വ്യവസായ തൊഴിലാളികൾ വരണം എന്നതായിരുന്നു, ഉന്നം. ഇത് ട്രോട് സ്‌കിയുമായുള്ള സന്ധി ആയിരുന്നു. പത്താം പാർട്ടി കോൺഗ്രസ് വിഭാഗീയത അവസാനിപ്പിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നെങ്കിലും, ഒന്നും സംഭവിച്ചിരുന്നില്ല. സ്റ്റാലിനെക്കാൾ ജനകീയത ട്രോട് സ്‌കി, സിനോവീവ്, കാമനെവ്, ബുഖാറിൻ എന്നിവർക്ക് ഉണ്ടായിട്ടും, സ്റ്റാലിൻ ജനറൽ സെക്രട്ടറി ആയത്, വിഭാഗീയത കൂട്ടിയേക്കാം. അതിന് മുൻകരുതൽ ആയാണ് കേന്ദ്ര കമ്മിറ്റി അംഗ സംഖ്യ കൂട്ടൽ. അടുത്ത ദിവസം ലെനിൻ ഇത്ര കൂടി പറഞ്ഞു കൊടുത്തു:
- ജനറൽ സെക്രട്ടറി എന്ന നിലയിൽ സ്റ്റാലിൻ അളവറ്റ അധികാരം കൈയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. വേണ്ട ജാഗ്രതയോടെ അയാൾ അത് ഉപയോഗിക്കുമെന്ന് എനിക്കുറപ്പില്ല. ട്രോട് സ്‌കി കഴിവുകൾ കൊണ്ട് മാത്രമല്ല, സി സി യിൽ വ്യക്തിപരമായി ഏറ്റവും കഴിവുള്ള ആൾ -അതിരു കവിഞ്ഞ ആത്മ വിശ്വാസവും ഉത്സാഹവും ഭരണപരമായ കാര്യങ്ങളിൽ കാണിക്കുന്നു. സി സി യിലെ ഈ രണ്ടു പ്രധാന നേതാക്കളുടെ ഈ രണ്ടു ഗുണങ്ങൾ, ഒരു പിളർപ്പിലേക്ക് നയിച്ചേക്കാം. അത് തടയാൻ പാർട്ടി ഉടൻ നടപടി എടുത്തില്ലെങ്കിൽ, അപ്രതീക്ഷിതമായി പിളർപ്പുണ്ടാകാം. സിനോവീവിൻറെയും കാമനെവിൻറെയും ഒക്ടോബർ സംഭവം** ആകസ്മികമല്ല. ട്രോട് സ്‌കിയുടെ ബോൾഷെവിക് സ്വഭാവം ഇല്ലായ്‌മ പോലെ, അത് കണ്ടാൽ മതി. സി സി യിലെ യുവ അംഗങ്ങളിൽ, ബുഖാറിനും പ്യാറ്റക്കോവും മിടുക്കന്മാരാണ്. ബുഖാറിൻ നല്ല സൈദ്ധാന്തികൻ ആണെങ്കിലും,പൂർണ മാർക്സിസ്റ്റ് അല്ല. പണ്ഡിത സ്വഭാവമാണ് കൂടുതൽ; വൈരുധ്യാത്മകത അല്ല. അത് പഠിച്ചിട്ടില്ല; മനസിലാക്കിയിട്ടില്ല.
താനൊഴിച്ച് ബാക്കി എല്ലാവരെയും വിമർശിക്കുന്ന ലെനിന് സ്വയം വിമര്ശനമില്ല. കേട്ടെഴുത്ത് രേഖ ഭദ്രമായി പൂട്ടി വയ്ക്കാൻ ലെനിൻ നിർദേശിച്ചു. സെക്രട്ടറിമാരുടെ കൂട്ടത്തിൽ ഭാര്യ ക്രൂപ് സ്കേയ ഉണ്ടായിരുന്നു. സ്റ്റാലിന് എതിരായ കേട്ടെഴുത്ത് എന്ത് ചെയ്യണമെന്ന് മരിയ, ലിഡിയയോട് ചോദിച്ചു. സ്റ്റാലിനോട് തന്നെ ചോദിക്കാൻ ലിഡിയ നിർദേശിച്ചു. ടൈപ് ചെയ്‌ത കോപ്പി, സ്റ്റാലിൻ ബുഖാറിൻ, ഓർദ് ഴോ നികിഡ്‌സേ, സെക്രട്ടേറിയറ്റിലെ അമായക് നസ്രേത്യൻ എന്നിവരെ കാണിച്ച ശേഷം, മരിയയോട് പറഞ്ഞു: "കത്തിച്ചു കളയൂ."
കത്തിച്ച ശേഷം, ലെനിനെ ധിക്കരിച്ചതിൽ മനം നൊന്ത്, കേട്ടെഴുതിയ കുറിപ്പുകളിൽ നിന്ന് വീണ്ടും ഒരു കോപ്പി ടൈപ്പ് ചെയ്‌ത്, സേഫിൽ വച്ച് പൂട്ടി.
|
ലിഡിയ ഫൊത്തിയേവ |
ഡിസംബർ 26, 30, 31 തീയതികളിൽ കേട്ടെഴുത്ത് തുടർന്നു. 1923 ജനുവരി നാലിന് ലിഡിയ ഫൊത്തിയേവ എഴുതി എടുത്തതായിരുന്നു, മാരകം:
- സ്റ്റാലിൻ പരുക്കനാണ്. ഈ കുറ്റം കമ്മ്യൂണിസ്റ്റുകൾ സഹിക്കുമെങ്കിലും, ജനറൽ സെക്രട്ടറിക്ക് ചേർന്നതല്ല. അതിനാൽ, സ്റ്റാലിനെ ആ സ്ഥാനത്തു നിന്ന് നീക്കി, സഹിഷ്‌ണുതയും കൂറും വിനയവുമുള്ള, ദുരയില്ലാത്ത മറ്റൊരാളെ ജനറൽ സെക്രട്ടറിയാക്കണമെന്ന് ഞാൻ നിർദേശിക്കുന്നു. സാഹചര്യം നിസ്സാരമാണെന്ന് തോന്നാം. എന്നാൽ, ഒരു പിളർപ്പ് ഒഴിവാക്കാനും, ട്രോട് സ്‌കിയുമായുള്ള വഷളായ ബന്ധം കണക്കിലെടുത്തും, ഈ നിസ്സാരത, നിർണായകമായി തീരും.
ഇത്, രോഗക്കിടക്കയിൽ കിടന്ന് ലെനിൻ, സ്റ്റാലിനോട് പ്രഖ്യാപിച്ച രാഷ്ട്രീയ യുദ്ധമായിരുന്നു. സുഖാനോവ് എഴുതിയ,
വിപ്ലവത്തെപ്പറ്റിയുള്ള കുറിപ്പുകൾ (Notes on the Revolution ) എന്ന പുസ്തകത്തിന് ലെനിൻ എഴുതിയ നിരൂപണത്തിൽ, നെപ്പോളിയൻറെ ഒരു ഉദ്ധരണി ഉണ്ടായിരുന്നു: Un S ' engage et puis ..en voit -സേനാവിന്യാസം എങ്ങനെ വേണമെന്ന് തീരുമാനിക്കും മുൻപേ, സേനാധിപൻ യുദ്ധവുമായി മുന്നോട്ട് പോകണം.
ലെനിൻറെ കേട്ടെഴുത്ത് ചോർന്ന് പ്രശ്‍നം സി സി യിൽ സംഘർഷം സൃഷ്ടിച്ചു. ലെനിൻ പ്രവദ യിൽ എഴുതിയ ലേഖനങ്ങളിൽ, പാർട്ടിയിലെ തർക്കങ്ങൾ പരാമർശിച്ചു. 1923 ജനുവരി നാലിന്, നല്ലത് കുറവ്, പക്ഷെ നല്ലത് (Better Fewer, But Better) എന്ന ലേഖനം കണ്ട്, സി സി സെക്രട്ടറിമാരിൽ ഒരാളായ വലേറിയൻ കുയ്‌ബിഷേവ്, ലെനിൻറെ ലേഖനം വച്ച് ഡമ്മി പ്രവദ ഒരെണ്ണം അടിച്ച് ലെനിന് കൊടുക്കാൻ നിർദേശം വച്ചു.
സ്റ്റാലിന് എതിരെ ജോർജിയൻ പ്രശ്‍നം കുത്തിപ്പൊക്കാൻ സഹായികളായ നിക്കോളായ് ഗോർബുനോവ്, ലിഡിയ, മരിയ ലിയാസേവ് എന്നിവരെ ലെനിൻ ജോര്ജിയയിലേക്ക്, പ്രാദേശിക ബോൾഷെവിക് നേതാവ് ബുഡു എംദ്വാനിയുടെ അപേക്ഷ പ്രകാരം അയച്ചിരുന്നു. അവരുടെ റിപ്പോർട്ട് മാർച്ച് മൂന്നിന് കിട്ടി.
ഒക്ടോബർ അട്ടിമറിക്ക് ശേഷം, ലെനിൻ ഓരോ സ്വതന്ത്ര പ്രവിശ്യയെയും ബലമായി ചേർത്താണ്, സോവിയറ്റ് യൂണിയൻ ഉണ്ടാക്കിയത്. സോവിയറ്റ് യൂണിയനുള്ളിൽ സ്വതന്ത്ര പദവി വേണമെന്ന് ജോർജിയൻ ബോൾഷെവിക്കുകൾ വാദിച്ചു. ഫിലിപ് മഖ്റദ്സെ, എംദ്വാനി എന്നിവർ സ്റ്റാലിനെതിരെ പട നയിച്ചു. ജോർജിയ, അര്മേനിയ,അസർബൈജാൻ എന്നിവ ചേർത്ത് ട്രാൻസ് കൊക്കേഷ്യൻ ഫെഡറേഷൻ ആയിരുന്നു, ജോർജിയക്കാരനായ സ്റ്റാലിന്റെ ലക്ഷ്യം. മാർക്‌സ് 1848 ലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ യിൽ തൊഴിലാളിക്ക് രാജ്യമില്ല (The working men have no country) എന്ന് പറഞ്ഞിരുന്നു. അപ്പോൾ തൊഴിലാളി വർഗ്ഗത്തിൻറെ ലോകവീക്ഷണം എന്താണ് എന്ന് റോസാ ലക്സംബർഗ്, കൗട് സ്‌കി, ഓട്ടോബോയർ, ലെനിൻ, സ്റ്റാലിൻ തുടങ്ങിയവർ തർക്കിച്ചു. 1913 ൽ സ്റ്റാലിൻ മാർക്‌സിസവും ദേശീയ പ്രശ്നവും (Marxism and the National Question) എഴുതി റഷ്യയിൽ ഈ വിഷയത്തിൻറെ അപ്പോസ്തലനായി. ദേശീയ സ്വയം നിർണയാവകാശം, തൊഴിലാളി വർഗത്തെ ഭിന്നിപ്പിക്കുമെന്ന് അയാൾ സിദ്ധാന്തിച്ചു. 1917 ൽ അയാൾ തന്നെ ദേശീയതകളുടെ കമ്മിസാർ ആയി.
നാം ഭാരതീയർ ശ്രദ്ധിക്കണം -കമ്മ്യൂണിസ്റ്റുകൾക്ക് ദേശീയത ഇല്ല; ഉള്ളത്, സാർവ ദേശീയതയാണ്. ലോക രാഷ്ട്രങ്ങളെല്ലാം കമ്മ്യൂണിസം അംഗീകരിച്ചു കഴിയുമ്പോഴേ, അവർക്ക് ദേശീയത ഉണ്ടാകൂ -അസംബന്ധം! ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതായി തന്നെ കമ്മ്യൂണിസ്റ്റുകൾ അംഗീകരിക്കുന്നില്ല.
1922 ഡിസംബർ 30 ന് ജോർജിയയ്ക്ക് സോവിയറ്റ് യൂണിയനിൽ ചേരുന്ന കരാറിൽ ഒപ്പിടേണ്ടി വന്നു. ജനുവരി 25 ന് പി ബി, എംദ്വാനിയെ പുറത്താക്കി. ജോർജിയയിലെ മിതവാദി കമ്മ്യൂണിസ്റ്റ് സർക്കാർ നിലം പൊത്തി. റഷ്യൻ ദേശീയത, റഷ്യേതര ദേശീയതകൾക്കു മേൽ അടിച്ചേൽപ്പിക്കുന്നതിനെ ലെനിൻ എതിർത്തു. ഈ സംഭവത്തെ തുടർന്ന് സ്റ്റാലിനിൽ നിന്നുള്ള വിച്ഛേദമാണ്, ലെനിൻറെ ഒസ്യത്തിൽ കാണുന്നത്.
കേട്ടെഴുത്തിനിടയിൽ, സ്റ്റാലിൻ ഫോണിൽ ക്രൂപ് സ്കേയയെ ചീത്ത വിളിച്ചു. അവർ ലെനിനോട് പരാതിപ്പെട്ടു.
മാർച്ച് അഞ്ചിന് മരിയയ്ക്ക് ലെനിൻ രണ്ടു കത്തുകൾ പറഞ്ഞു കൊടുത്തു. ഒന്ന് ട്രോട് സ്‌കിക്ക്-ജോർജിയൻ പ്രശ്‍നം സി സി യിൽ കുത്തിപ്പൊക്കാൻ ആയിരുന്നു, ഇത്. രണ്ട് സ്റ്റാലിന്:
എൻറെ ഭാര്യയെ ഫോണിൽ വിളിച്ച് ചീത്ത പറയാനുള്ള തെമ്മാടിത്തം നിങ്ങൾ കാട്ടി. സംഭവം മറക്കാമെന്ന് അവൾ നിങ്ങൾക്ക് വാക്ക് തന്നെങ്കിലും,അത് അവൾ സിനോവീവിനോടും കാമനെവിനോടും പറഞ്ഞിരുന്നു. എനിക്കെതിരെ ചെയ്തത്,ഞാൻ മറക്കില്ല. എൻറെ ഭാര്യയ്ക്ക് എതിരെ ചെയ്തത് എന്തും, എനിക്ക് എതിരെയാണ്. അതുകൊണ്ട്, പറഞ്ഞത് തിരിച്ചെടുത്ത് മാപ്പ് പറഞ്ഞില്ലെങ്കിൽ,നമ്മുടെ ബന്ധം വിച്ഛേദിക്കപ്പെടും.
സ്റ്റാലിൻ സ്വന്തം ഭാര്യ പാർട്ടിയിൽ സജീവമാകേണ്ടെന്ന് പറയുകയും ഭാര്യ തർക്കിക്കുകയും ചെയ്തപ്പോൾ, അവർക്ക് പാർട്ടി കാർഡ് തിരിച്ചു കൊടുത്തത്, ലെനിൻ ആയിരുന്നു.
ഈ കത്ത് സ്റ്റാലിന് കൊടുക്കേണ്ടെന്ന് ക്രൂപ് സ്കേയ ഉൾപ്പെടെ സഹായി സംഘം തീരുമാനിച്ചു. അന്ന് തന്നെ ലെനിൻറെ നില വഷളായി. ഏഴിന് മരിയ കത്ത് സ്റ്റാലിന് കൊടുത്തു. കാമനെവിനും സിനോവീവിനും കോപ്പിയുണ്ടായിരുന്നു. കത്തു വായിച്ച് സ്റ്റാലിൻ പറഞ്ഞു: "ഇത് ലെനിൻ അല്ല, അയാളുടെ രോഗമാണ്."
സ്റ്റാലിൻ മറുപടി എഴുതി: "സഖാവ് എൻറെ ഭാര്യയെ ശകാരിച്ചിരുന്നെങ്കിൽ ഞാൻ ഇടപെടില്ലായിരുന്നു. താങ്കൾ പറഞ്ഞ സ്ഥിതിക്ക്, ഞാൻ നദെഴ് ദ (ക്രൂപ് സ്കേയ) യോട് മാപ്പ് പറയാം."
ഈ കത്ത് കണ്ടാൽ ലെനിൻറെ രോഷം ഇരട്ടിക്കുമെന്ന് കാമനെവ്, സ്റ്റാലിനെ ഉപദേശിച്ചു. കത്ത് തിരുത്തുമ്പോഴേക്കും ഫോണിൽ ലെനിൻറെ സഹോദരി മരിയ ഫോണിൽ സ്റ്റാലിനെ ശകാരിച്ചു.
|
ഭാര്യയ്‌ക്കൊപ്പം ഒടുവിൽ |
ലെനിൻ വായന നിർത്തിയിരുന്നു; സംസാരവും. അയാൾക്ക് നടക്കാനാവില്ലായിരുന്നു. മറ്റുള്ളവർ എടുത്തു കൊണ്ട് പോകണമായിരുന്നു. മാർച്ച് 10 ന് പക്ഷാഘാതത്താൽ വലതു ഭാഗം തളർന്നു.
പന്ത്രണ്ടാം പാർട്ടി കോൺഗ്രസ് കടന്നു പോയി. ദേശീയ പ്രശ്ന രേഖ സ്റ്റാലിൻ അവതരിപ്പിച്ചു. എംദ്വാനിയും സംഘവും തോറ്റു. ട്രോട് സ്‌കി എതിർത്തില്ല. ഭാവിയിലെ ട്രോട് സ്‌കിയെ പേടിച്ച് സിനോവീവും കാമനെവും സ്റ്റാലിനൊപ്പം നിന്നു. ലെനിൻ, സ്റ്റാലിനെതിരെ അയച്ച കത്തുകൾ പ്രതിനിധി സംഘ നേതാക്കളെ മാത്രം കേൾപ്പിച്ചു.
സ്റ്റാലിനെ സംബന്ധിച്ചിടത്തോളം, ഇനി ലെനിൻ ഉണ്ടാകരുത്.
ജർമനിയിൽ നിന്ന് വന്ന വിദഗ്ദ്ധ ഡോക്ടർ സ്ട്രoപെറ്റ്, ലെനിൻറെ രോഗം, അവസാന ഘട്ടത്തിൽ എത്തിയ സിഫിലിസ് ആണെന്ന് കണ്ടെത്തി. ആഴ്‌സനിക്, അയഡിൻ ചികിത്സ തുടരാൻ നിർദേശിച്ചു. റഷ്യൻ ഡോക്ടർമാർ മേയിലും രോഗം എന്തെന്ന് പൊതു ധാരണയിൽ എത്തിയില്ല. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി, ജെ എം കാർട്ടർ ആൻഡ് കമ്പനിയിൽ നിന്ന് വൈദ്യുത ചക്രക്കസേര അയച്ചു കൊടുത്തു. യുദ്ധത്തിൽ പരുക്കേറ്റ ഏതെങ്കിലും സൈനികന് അത് നൽകാൻ ലെനിൻ ഉത്തരവിട്ടു. കാക്കിയായിരുന്നു, ലെനിൻറെ വേഷം. ആകെ അയാൾ ഉച്ചരിച്ച വാക്കുകൾ, "ഇവിടെ, ഇവിടെ, ഇവിടെ."
ക്രൂപ് സ്കേയ കരഞ്ഞു കൊണ്ടിരുന്നു. അവരോടും മരിയയോടും ലെനിൻ വിഷം ചോദിച്ചു. നിർബന്ധിച്ചപ്പോൾ മരിയ ക്വിനൈൻ കൊടുത്തു.
ലെനിന് ആഗ്രഹം തോന്നി അയാളെ ഒക്ടോബർ 15 ന് ക്രെംലിനിൽ കൊണ്ട് പോയി സ്വന്തം ഓഫിസും സി സി യോഗം കൂടുന്ന മുറിയും കാട്ടിക്കൊടുത്തു. ഓഫിസ് കണ്ട് അയാൾ അസ്വസ്ഥനായി. ലെനിൻ സുഖമായിരിക്കുന്നു എന്ന് ചേക യ്ക്ക് ഡോ പീറ്റർ പാകല്ൻ റിപ്പോർട്ട് കൊടുത്തു. സദാസമയവും ഈ ചാരൻ ലെനിൻറെ ഗോർക്കി വസതിയിൽ ഉണ്ടായിരുന്നു. നവംബറിലും ഡിസംബറിലുമായി ലെനിന് ഏഴ് ആഘാതങ്ങൾ ഉണ്ടായി.
പാർട്ടിയിൽ ഉരുണ്ടു കൂടിയ തർക്കങ്ങൾ അയാൾ അറിഞ്ഞില്ല. ശിശിരത്തിൽ ട്രോട് സ്‌കി, പുതിയ ദിശ (The New Course) എന്ന ലഘുലേഖ എഴുതി. അതിനെ സ്റ്റാലിൻ, കാമനെവ്, സിനോവീവ്, ബുഖാറിൻ എന്നിവർ ചേർന്ന ഔദ്യോഗിക പക്ഷം എതിർത്തു. 1924 ജനുവരിയിലെ 13 -o പാർട്ടി കോൺഗ്രസിൽ ട്രോട് സ്‌കി പക്ഷം തോറ്റു.
|
ലെനിൻ അവസാനം |
\
ജനുവരി 21 രാവിലെ പത്തരയ്ക്ക് എഴുന്നേറ്റ ലെനിൻ, കുളിമുറിയിൽ പോയി വന്ന് അര കപ്പ് കട്ടൻ കാപ്പി കുടിച്ച്, വീണ്ടും കിടന്നുറങ്ങി. മൂന്നിന് വീണ്ടും അര കപ്പ് കാപ്പിയും സൂപ്പും കുടിച്ചു. ഡോ ഓസിപ്പോവ് പരിശോധിച്ചു. 5 .40 ന് നില വഷളായി. ഡോക്ടർമാരായ ഓസിപ്പോവ്, ഫോർസ്റ്റർ, വേലിസ്ട്രാറ്റോവ്, ഇവരുടെ സഹായി വ്ളാദിമിർ റുകാവിഷ്‌നിക്കോവ്, ക്രൂപ് സ്കേയ, ലെനിൻറെ സഹോദരി മരിയ എന്നിവർ നില വിലയിരുത്തി. ലെനിന് ബോധമറ്റു; ഹൃദയ താളം തെറ്റി. അത് ശരിയാക്കാൻ മരിയ വ്ളാദിമിർ സോറിനോട് കർപ്പൂരം ചോദിച്ചു.
ബുഖാറിൻ എത്തിയപ്പോൾ ഡോ പീറ്ററെ കാണാനില്ലായിരുന്നു. മുകൾ നിലയിലാണ് അയാളെ കണ്ടത്. വിയർത്ത്, വേദന കൊണ്ട് ലെനിൻ നിലവിളിച്ചു. 6.50 ന് ശ്വാസം നിലച്ചു.
ട്രോട് സ്‌കി സുഖുമിയിലേക്ക് വിശ്രമ യാത്രയിൽ ടിഫിലിസിൽ എത്തിയിരുന്നു. വിലാപയാത്ര ശനിയാഴ്ചയാണെന്നും വരേണ്ടെന്നും സ്റ്റാലിൻ അയാളെ അറിയിച്ചു. ആറു നാൾ കഴിഞ്ഞ് മാത്രമായിരുന്നു, സംസ്കാരം. ജഡം എക്കാലവും സൂക്ഷിക്കാൻ ക്രൂപ് സ്കേയയുടെ അഭിപ്രായം നിരാകരിച്ച്, പി ബി അഥവാ സ്റ്റാലിൻ തീരുമാനിച്ചു. ആ ജഡം ഒരു രാഷ്ട്രീയ കവചം ആയിരിക്കും. തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടാണ് ജഡം സൂക്ഷിക്കുന്നതെന്ന് സ്റ്റാലിൻ കള്ളം പറഞ്ഞു. ജഡം ഐക്യ പ്രതീകം ആയിരിക്കും.
|
അന്ത്യ യാത്ര/ ഐസക് ബ്രോഡ്‌സ്‌കി |
ജഡം സൂക്ഷിക്കാനുള്ള ലേപന വിദ്യ അറിയുന്നവർ മോസ്‌കോയിൽ ഇല്ലായിരുന്നു. ഖാർകോവിൽ നിന്ന് പാത്തോളജിസ്റ്റ് -അനാട്ടമിസ്റ്റ് വോറൊബീവും സഹായികളും വന്ന്, ഡോ ബി ഐ സ്‌ബർസ്‌കിക്കൊപ്പം ആയിരുന്നു,ലേപനം.***അവർക്ക് ഗവേഷണത്തിന് മൃഗങ്ങൾ,അവയവങ്ങൾ എന്നിവ മരവിപ്പിച്ചേ പരിചയം ഉണ്ടായിരുന്നുള്ളു.
ഈജിപ്തിൽ കെയ്‌റോയ്ക്ക് പുറത്ത്, മരപ്പെട്ടിയിലാക്കി, കൽ പിരമിഡുകളുടെ നിലവറയിൽ ആയിരുന്നു, ഫറവോമാരെ അടക്കം ചെയ്‌തത്. ഇത് അങ്ങനെ അല്ല. റെഡ് സ്‌ക്വയറിൽ മാർബിൾ വലയത്തിനുള്ളിൽ. ഓർത്തഡോക്സ് സഭ തന്നെ, വിശുദ്ധന്മാരുടെ എല്ലുകളേ സൂക്ഷിച്ചിരുന്നുള്ളു. പോസ്റ്റ് മോർട്ടത്തിൽ രോഗം, സ്ലെറോസിസ് ആണെന്ന് എഴുതി -പിതാവിന് ഉണ്ടായിരുന്ന രോഗം .ലെനിൻറെ തലച്ചോറിൽ നിന്ന് 30000 ചീളുകൾ എടുത്ത് ബ്രെയിൻ ഇൻസ്റ്റിട്യൂട്ട് സ്ഥാപിച്ചു.
ജനുവരി 28 ന് ഇനെസ്സ ആർമാൻഡിന്റെ മകൾ ഇന്നയ്ക്ക് ക്രൂപ് സ്കേയ എഴുതി: "അദ്ദേഹത്തെ ക്രെംലിനിൽ ജഡമായി സൂക്ഷിക്കാൻ പദ്ധതി വന്നപ്പോൾ, എനിക്ക് രോഷം തോന്നി. ചുവപ്പൻ മതിലിന് കീഴിൽ, സഖാക്കൾക്കൊപ്പം ഒന്നിച്ചു കഴിയാമായിരുന്നു.
ഈ കത്ത്, പൂർണമായും രഹസ്യം എന്നെഴുതി പി ബി സൂക്ഷിച്ചു .
ഇനെസ്സയുടെ അടുത്ത് ലെനിനെ അടക്കണം എന്നായിരുന്നു, ക്രൂപ് സ്കേയയുടെ ആഗ്രഹം.
---------------------------------------
* Inessa , Lenin's Mistress / Michel Pearson
**ഒക്ടോബർ സംഭവം:ആദ്യ പി ബി ചർച്ച സിനോവീവും കാമനെവും മാക്‌സിം ഗോർക്കിയുടെ പത്രത്തിന് ചോർത്തിയതും ബദൽ രേഖ പ്രസിദ്ധീകരിച്ചതും
*** The Secret File of Joseph Stalin:A Hidden Life / Roman Brackman
See
https://hamletram.blogspot.com/2019/07/9.html