പാളം തെറ്റിയ പ്രത്യയ ശാസ്ത്രം
ആഗോള കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂന്നു വർഷത്തിൽ ഒരിക്കൽ നടത്തുന്ന പാർട്ടി പ്രവർത്തനങ്ങളുടെ അവലോകനമാണ് പാർട്ടി കോൺഗ്രസ് എന്നറിയപ്പെടുന്നത്. മുകളിൽ നിന്ന് കെട്ടിപ്പടുക്കുന്ന ഘടനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്; ഇതിനെ ജനാധിപത്യ കേന്ദ്രീകരണം എന്ന് വിളിക്കുന്നു. അതു കൊണ്ടാണ്, എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിൽ വന്നോ, അവിടെയൊക്കെ ഏകാധിപത്യം നിലവിൽ വന്നത്. മുകളിലെ പ്രമാണി പറയുന്നതൊക്കെ താഴെയുള്ള സഖാവ് അനുസരിക്കണം എന്നതാണ്, അലിഖിത നിയമം. കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അക്രമിയും നിരവധി ഉന്മൂലനങ്ങൾ നടത്തിയ ഏകാധിപതിയും ജൂത വംശഹത്യ നടത്തിയവനുമായ സ്റ്റാലിൻറെ ചിത്രവും കണ്ണൂരിൽ സി പി എം പാർട്ടി കോൺഗ്രസ് വേദിയിൽ ഉണ്ടായിരുന്നത് ആകസ്മികമല്ല.
വലിയ ആഡംബരത്തോടെയും മാധ്യമ ലാളനയോടെയും നടത്തുന്ന ഈ കോൺഗ്രസുകളിൽ ഗൗരവമുള്ള ചർച്ചകൾ ഒന്നും നടക്കാറില്ല. ഒരു കാലത്തും പാർട്ടി വ്യക്തമായ പാർട്ടി ലൈൻ സ്വീകരിക്കാറില്ല. അതിന് കാരണം, അടവു നയം എന്ന നയ ശൂന്യതയാണ്. കോൺഗ്രസുമായി സഖ്യം വേണ്ട എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിച്ച ശേഷം, തമിഴ് നാട് പോലുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് മുന്നണിയിൽ അംഗമാകുന്ന തട്ടിപ്പിനാണ് അടവ് നയം എന്ന് പറയുന്നത്. രാജ്യത്ത് കമ്മ്യൂണിസം നിലനിൽക്കുന്ന ഏക തുരുത്തായ കേരളത്തിൽ നിന്നല്ല, തമിഴ് നാട്ടിൽ നിന്നാണ് ആ പാർട്ടിക്ക് കൂടുതൽ എം പി മാർ ഉണ്ടായത് എന്നത് വിചിത്രമാണ്. അതിൻ്റെ ഉപകാരസ്മരണ ആയിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്റെ സാന്നിധ്യം. കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെട്ടത് ശബരിമല പ്രശ്നത്തിൽ ഹിന്ദുക്കൾ കൈവിട്ടത് കൊണ്ടാണെന്ന് സംഘടനാ റിപ്പോർട്ടിൽ കുമ്പസാരവുമുണ്ട്.
തമിഴ് നാട്ടിൽ ഈ അടവ് നയം സ്വീകരിക്കുമ്പോൾ, പശ്ചിമ ബംഗാളിൽ അത് പാടില്ല എന്നാണ് കേരള ഘടകം വാദിക്കുന്നത്. അങ്ങനെയാണ്, സീതാറാം യെച്ചൂരിക്ക് കോൺഗ്രസ് പിന്തുണയോടെ പാർലമെൻറിൽ എത്താനുള്ള അവസരം നിഷേധിച്ചത്. വ്യക്തിപരമായ വൈര നിര്യാതനം പാർട്ടിയുടെ രീതിയാണ്. അതു കൊണ്ടാണ്, കേന്ദ്ര -സംസ്ഥാന ബന്ധങ്ങൾ ചർച്ച ചെയ്ത സെമിനാറിൽ കെ വി തോമസ് വരികയും ജനറൽ സെക്രട്ടറി യെച്ചൂരി ഒഴിവാക്കപ്പെടുകയും ചെയ്തത്. കേരളത്തിൽ നിന്ന് കോൺഗ്രസിൽ പ്രസംഗിച്ച പി രാജീവ്, കെ കെ രാഗേഷ്, ടി എൻ സീമ എന്നിവർ യെച്ചൂരിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള മുകളിൽ നിന്നുള്ള തിട്ടൂരം ശിരസാ വഹിച്ചു.
കേരളത്തെ അഭിനന്ദിച്ച് പാർട്ടി കോൺഗ്രസ് പ്രമേയം പാസാക്കിയെങ്കിലും കെ റെയിലിന് അംഗീകാരം കിട്ടിയില്ല. യെച്ചൂരിയും ബംഗാൾ ഘടകവും മാത്രമല്ല, തമിഴ് നാട് പാർട്ടിയും അതിന് അനുകൂലമായ നിലപാട് കോൺഗ്രസിൽ സ്വീകരിച്ചില്ല. എങ്കിലും യെച്ചൂരി വീണ്ടും ജനറൽ സെക്രട്ടറിയായത്, ആ പദ്ധതിക്കും കീഴടങ്ങിക്കൊണ്ടാണ്. ആ പദ്ധതിക്ക് എതിരെ സ്ത്രീകളും കുട്ടികളും ഇറങ്ങുന്നത്, ശബരിമല സമര കാലത്തെ ഓർമിപ്പിക്കുന്നു. ശബരിമല സമരത്തിൽ ഇല്ലാതിരുന്ന മേധാ പട്കർ റെയിൽ സമരത്തിലുള്ളത് യെച്ചൂരിയെ ആശങ്കയിൽ ആഴ്ത്തി. ശാസ്ത്ര സാഹിത്യ പരിഷത്തിനെ പിടിച്ചു നിർത്താൻ കഴിയാത്ത മുഖ്യമന്ത്രിയാണ് പ്രതിപക്ഷത്തെ വിമർശിക്കുന്നത്. ശബരിമല കാലത്ത് സമരത്തിന് എതിരായിരുന്ന ഇടതു കപട മതേതരവാദികളിൽ പലരും കെ റെയിലിന് എതിരാണ്.
എന്നിട്ടും, ആ പ്രശ്നത്തിൽ ഒരു നയം സ്വീകരിക്കാൻ പാർട്ടി കോൺഗ്രസിന് കഴിഞ്ഞില്ല. അതു കൊണ്ട് കെ വി തോമസിനെ വച്ച് ഒരു അസംബന്ധ നാടകം നടത്തി സഖാക്കൾക്ക് പിരിയേണ്ടി വന്നു. സകല പാർട്ടി കോൺഗ്രസുകളും തുടങ്ങിയതും അവസാനിച്ചതും അസംബന്ധത്തിലാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്, കൊൽക്കത്തയിലെ രണ്ടാം പാർട്ടി കോൺഗ്രസ് (1948), മധുരയിലെ മൂന്നാം പാർട്ടി കോൺഗ്രസ് (1954) പാലക്കാട്ടെ നാലാം പാർട്ടി കോൺഗ്രസ് (1956), അമൃത്‌സർ അഞ്ചാം കോൺഗ്രസ് (1958), വിജയവാഡ ആറാം പാർട്ടി കോൺഗ്രസ് (1961) എന്നിവ. പാർട്ടി കോൺഗ്രസുകളുടെ പൈതൃകം അവ്യക്തതയും ആശയക്കുഴപ്പവും നിറഞ്ഞതാണ്.
ബ്രിട്ടൻറെ ചെരുപ്പ് നക്കി
എം എൻ റോയ് 1920 ൽ താഷ്കെന്റിൽ രൂപീകരിച്ച പ്രവാസ പാർട്ടിയെ ആണ് സി പി എം സ്ഥാപക പാർട്ടി ആയി അംഗീകരിക്കുന്നത്. സി പി ഐ ആകട്ടെ, പത്രപ്രവർത്തകനായ സത്യഭക്ത 1925 ൽ കാൺപൂരിൽ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് സമ്മേളനത്തെയാണ് സ്ഥാപക സമ്മേളനമായി സ്വീകരിക്കുന്നത്. സമ്മേളനം നടക്കുമ്പോൾ തന്നെ ഇടഞ്ഞ സത്യഭക്ത പിന്നീട് ഹിന്ദുത്വ ആശയ പ്രചാരകനായി. അദ്ദേഹത്തെപ്പറ്റി ധാരാളം വിവരങ്ങൾ ചിത്രം സഹിതം, ഇപ്പോൾ ലഭ്യമാണ്. അതിനാൽ, ഹിന്ദുത്വയിലാണ് സി പി ഐ ജനിച്ചത് എന്ന് പറഞ്ഞാൽ തെറ്റാവില്ല.
1920 ൽ ജനിച്ച ഇന്ത്യയിലെ പാർട്ടി ആദ്യ പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ചത്, 1943 ൽ മാത്രമാണ് -മുംബൈയിൽ. മെയ് 23 മുതൽ ജൂൺ ഒന്നു വരെ എട്ടു ദിവസമായിരുന്നു, മഹാമഹം. 15563 അംഗങ്ങൾ ആയിരുന്നു പാർട്ടിയിൽ ഉണ്ടായിരുന്നത് ( ഇന്ന് ഒൻപത് ലക്ഷം; അതിൽ അഞ്ചു ലക്ഷവും കേരളത്തിൽ). ഇവരെ പ്രതിനിധീകരിച്ച് 139 പേർ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു. പാർട്ടി പല മേഖലകളിലും വളരുന്നു എന്ന് തോന്നിയിട്ടാണ് കോൺഗ്രസ് സംഘടിപ്പിച്ചത്. അന്ന് പാർട്ടി കേന്ദ്രം മുംബൈ ആയിരുന്നു.1941 ൽ സോഹൻ സിംഗ് ബക്നയുടെ ഗദർ ഗ്രൂപ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ലയിച്ചിരുന്നു.
ആദ്യ പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ പറയുന്നത്, 1933 ഒടുവിൽ ആകെ പാർട്ടി അംഗങ്ങൾ 150 ആയിരുന്നു എന്നാണ്. 1942 ൽ ഇത് 4400 ആയി. 1943 മെയ് ദിനത്തിൽ ഇത് 15563. ഇതിൽ 2637 പേർ മുഴുവൻ സമയ പ്രവർത്തകർ ആയിരുന്നു. 700 പേരായിരുന്നു സ്ത്രീ അംഗങ്ങൾ. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത 139 പേരിൽ 22 തൊഴിലാളികളും 25 കൃഷിക്കാരും 86 ബുദ്ധിജീവികളും മൂന്ന് ജമീന്ദാർമാരും രണ്ട് ചെറുകിട ജന്മിമാരും ഒരു വ്യവസായിയും ഉണ്ടായിരുന്നതായി ക്രെഡൻഷ്യൽ റിപ്പോർട്ടിൽ കാണുന്നു. പ്രതിനിധികളിൽ 13 സ്ത്രീകൾ.മൂന്ന് ദളിതർ. മുസ്ലിംകൾ 13, സിഖുകാർ എട്ട്, പാഴ്സികൾ രണ്ട്, ജെയിൻ ഒന്ന്. അന്ന് കേരളത്തിൽ പാർട്ടി ക്ലച്ചു പിടിച്ചിട്ടില്ല എന്നർത്ഥം. ബംഗാളിലെ പാർട്ടി മുസ്ലിം പാർട്ടി ആയിരുന്നു.
ആ പാർട്ടി കോൺഗ്രസ് സമയത്ത് പാർട്ടിക്കെതിരായ നിരോധനം പിൻവലിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ പാർട്ടി ഒറ്റിയതായിരുന്നു പശ്ചാത്തലം. 695 പാർട്ടി അംഗങ്ങൾ ജയിലിൽ ആയിരുന്നു. 105 പേർ ജീവപര്യന്തം തടവിൽ ആയിരുന്നു. പ്രതിനിധികളിൽ 70 ശതമാനവും ജയിലിൽ പോയിരുന്നു. പ്രതിനിധികളിൽ 68 ശതമാനവും 35 വയസിൽ താഴെ ഉള്ളവർ ആയിരുന്നു. പാർട്ടി കോൺഗ്രസ് പ്രസീഡിയത്തിലെ ഏക മലയാളി പി കൃഷ്ണപിള്ള. മറ്റുള്ളവർ എസ് എ ഡാങ്കെ, മുംബൈ സംസ്ഥാന സെക്രട്ടറി ഭയ്യാജി കുൽക്കർണി, മുസഫർ അഹമ്മദ്, മണികുന്തള സെൻ, മുംബൈ നഗര സെക്രട്ടറി ഡി എസ് വൈദ്യ, വിദ്യാർത്ഥി നേതാവ് നർഗീസ് ബാട്ലിവാല.
രണദിവെ,അധികാരി, ജോഷി, 1945 മുംബൈ |
ഒൻപതു മണിക്കൂർ എടുത്താണ് ജനറൽ സെക്രട്ടറി പി സി ജോഷി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. 'ദേശീയ പ്രതിരോധവും തൊഴിലാളി വർഗ കടമകളും' എന്ന റിപ്പോർട്ട് ബി ടി രണദിവെ അവതരിപ്പിച്ചു.
രാവിലെ ആറു മുതൽ രാത്രി 11 വരെ ആയിരുന്നു നടപടികൾ. ഗാന്ധി, നെഹ്‌റു, ജിന്ന എന്നിവരുടെ ചിത്രങ്ങൾ വേദിയിൽ ഉണ്ടായിരുന്നു എന്നത് അദ്‌ഭുതമാണ്. സ്റ്റാലിൻറെ ചിത്രവും ഉണ്ടായിരുന്നു. ഈ ചിത്രങ്ങൾ പാർട്ടിയുടെ അടവു നയം വിളംബരം ചെയ്യുന്നതായി പാർട്ടി രേഖകൾ പറയുന്നു -ഫാഷിസത്തിനെതിരായ ഐക്യ മുന്നണി, കോൺഗ്രസ് -മുസ്ലിം ലീഗ് ഐക്യം.
പി സി ജോഷി അവതരിപ്പിച്ച റിപ്പോർട്ടിൽ അസംബന്ധം പ്രകടമാണ്. അന്ന് ബ്രിട്ടീഷ് ചാരൻ ആയിരുന്ന ജോഷി, റിപ്പോർട്ടിൽ പറയുന്നത്, രണ്ടാം ലോകയുദ്ധ കാലത്ത് പാർട്ടി, വ്യവസായ ഉൽപാദനം കൂട്ടുന്നതിലും ഭക്ഷ്യോൽപാദനം കൂട്ടുന്നതിലും ശ്രദ്ധിച്ചു എന്നാണ്. ബ്രിട്ടനൊപ്പം നിന്ന പാർട്ടി, ജർമ്മനി റഷ്യയെ ആക്രമിച്ചപ്പോൾ അത് ജനകീയ യുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം പാർട്ടിക്ക് പ്രശ്‍നം ആയിരുന്നില്ല. ഈ നിലപാട് സ്വീകരിച്ചത് കൊണ്ടാണ്, പാർട്ടി നിരോധനം പിൻവലിച്ചത്. ഈ നയവും സ്വന്തം ആയിരുന്നില്ല. ലണ്ടനിലിരുന്ന് രജനി പാമേ ദത്ത് പടച്ച നയമായിരുന്നു അത്. എസ് ജി സർദേശായ് മാത്രമല്ല, ഇ എം എസ് നമ്പൂതിരിപ്പാടും ഭക്ഷ്യോൽപാദനം കൂട്ടുന്നതിനെപ്പറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.
പാർട്ടിയുടെ കടമ 'ദേശീയ ഐക്യവും ദേശീയ സർക്കാരിനുള്ള ദേശീയ പ്രതിരോധവും" ആണെന്ന് പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം വ്യക്തമാക്കി. ബ്രിട്ടൻറെ വാലാട്ടികൾ ആയിരിക്കുക എന്ന് സാരം. പൂഴ്ത്തി വയ്‌പിനെതിരെ പോരാടാൻ പ്രമേയം സഖാക്കളെ ഉപദേശിച്ചു.
മുസഫർ അഹമ്മദ് സമാപന പ്രസംഗം നടത്തി. ഈ കോൺഗ്രസിനെപ്പറ്റി ഇനി അധികം പറയേണ്ടതില്ല. തൊഴിലാളിയുടെ കടമ ബ്രിട്ടൻറെ ആസനം താങ്ങുക എന്നതാണെന്ന് പ്രഖ്യാപിച്ച അസംബന്ധ കോൺഗ്രസ്.
കൽക്കട്ട തീസിസ്
കൽക്കട്ട തീസിസ് എന്നറിയപ്പെടുന്ന ഭീകര വാദം സംഭാവന ചെയ്ത ഒന്നാണ് കൊൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസ്. 1948 ഫെബ്രുവരി 28 മുതൽ മാർച്ച് ആറു വരെ നടന്ന കോൺഗ്രസിൽ ബി ടി രണദിവെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രാജ്യമാകെ ഭീകരത നടമാടി.
ഈ കോൺഗ്രസ് നടക്കുമ്പോൾ പാർട്ടി അംഗങ്ങൾ 89000 ആയിരുന്നു. ജോഷി സെക്രട്ടറി സ്ഥാനത്ത് 13 വർഷം തികച്ചിരുന്നു.ഇന്ത്യ സ്വതന്ത്രമായിരുന്നു. എന്നാൽ അത് പാർട്ടി അംഗീകരിച്ചിരുന്നില്ല. അതിനാൽ, ഭരണഘടനയ്ക്കുള്ളിൽ നിന്ന് പ്രവർത്തിക്കണോ സായുധ കലാപം നടത്തണോ എന്നതായിരുന്നു ചോദ്യം. ജോഷി സ്വാഭാവികമായും ആദ്യ നിലപാടിൽ ആയിരുന്നു. തെലങ്കാനാ കലാപത്തിൽ നിന്ന് വീര്യം ഉൾക്കൊണ്ട പി സുന്ദരയ്യയും രണദിവെയും കലാപത്തെ അനുകൂലിച്ചു. കേരളത്തിൽ പുന്നപ്ര വയലാർ അനാവശ്യ കലാപവും നടന്നിരുന്നു. അനാവശ്യം എന്ന് പറയാൻ കാരണം, അവ നടന്നത്, ബ്രിട്ടീഷ് സർക്കാരിന് എതിരെ അല്ല, നെഹ്രുവിൻറെ ഇടക്കാല സർക്കാരിൻറെ കാലത്തായിരുന്നു എന്നതിനാലാണ്. മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായി കാണുന്ന മാർക്സിസ്റ്റുകൾ പുന്നപ്ര വയലാർ കലാപത്തെയും സ്വാതന്ത്ര്യ സമരമായി വ്യാഖ്യാനിക്കുന്നു.
മാത്രമല്ല, സ്വാതന്ത്ര്യത്തിന് മുൻപ് പാർട്ടി പാകിസ്ഥാൻ വാദത്തെയും ബംഗാളിൽ 4000 ഹിന്ദുക്കളുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയ മുസ്ലിം ലീഗിൻറെ പ്രത്യക്ഷ സമരത്തെയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പി ബി അംഗം ഡോ ജി അധികാരി, പാകിസ്ഥാനെ അനുകൂലിച്ച് ലഘുലേഖ തന്നെ ഇറക്കിയിരുന്നു.
തെലങ്കാനാ കലാപം, 1946 -1952 |
1947 ഡിസംബറിൽ രണദിവെയുടെ നേതൃത്വത്തിലെ ഗ്രൂപ് കേന്ദ്രകമ്മിറ്റി പിടിച്ചടക്കി. മുസ്ലിം ലീഗുമായി ജോഷി ഉണ്ടാക്കിയ ചങ്ങാത്തം വിഡ്ഢിത്തമായെന്ന് ആരോപിച്ചാണ് ഇവർ ഭൂരിപക്ഷം നേടിയത്. ഡിസംബറിൽ ചേർന്ന സി സി യോഗം ഉടൻ പ്രതിനിധികളെ പാർട്ടി കോൺഗ്രസിന് അയയ്ക്കാൻ അടിയന്തര ഉത്തരവ് പാർട്ടി ഘടകങ്ങൾക്ക് നൽകി. 919 പ്രതിനിധികളിൽ 632 പേർക്ക് മാത്രമാണ് കൊൽക്കത്തയിൽ എത്താൻ കഴിഞ്ഞത്.തെലങ്കാന തിരഞ്ഞെടുത്ത 75 പേരിൽ വിരലിൽ എണ്ണാവുന്നവരേ എത്തിയുള്ളു.എത്തിയ 632 പേരിൽ 565 മുഴുവൻ സമയ പ്രവർത്തകർ ആയിരുന്നു.പടിഞ്ഞാറൻ പാകിസ്ഥാനിലെ ബ്രാഞ്ചുകളിൽ നിന്ന് മൂന്ന് പ്രതിനിധികൾ എത്തി. കിഴക്കൻ പാകിസ്ഥാനിൽ നിന്ന് 60 പേർ എത്തിയെന്ന് പാർട്ടി രേഖകളിൽ ഉണ്ടെങ്കിലും, 32 പേർ വന്നെന്നാണ് ഇൻറലിജൻസ് റിപ്പോർട്ടിലുള്ളത്. ജോഷിയുടെ ഭാര്യ കൽപന ദത്തും അതിൽ ഉണ്ടായിരുന്നു. എന്തായാലും, പാകിസ്ഥാനിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു എന്നത് ശ്രദ്ധേയം.
നാലര മണിക്കൂർ ആയിരുന്നു രണദിവെയുടെ ഉദ്‌ഘാടന പ്രസംഗം. ജോഷിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. പാർട്ടി റിഫോമിസ്റ്റ് പാതയിൽ ആയിരുന്നെന്നും ബൂർഷ്വകളുമായി കൂട്ടു ചേർന്നെന്നും അദ്ദേഹം വിമർശിച്ചു. "കോൺഗ്രസിലെ തിരുത്തൽവാദികളും മുസ്ലിം ലീഗും സഖ്യത്തിൽ ഏർപ്പെട്ടാണ് സ്വാതന്ത്ര്യം എന്ന് വിളിക്കപ്പെടുന്ന ഒന്നിനെ വരവേറ്റത്",രണദിവെ പുച്ഛിച്ചു. "ഇത് യഥാർത്ഥ സ്വാതന്ത്ര്യം അല്ല, വ്യാജമാണ്."!
വിപ്ലവത്തിന് ഇനിയും കോപ്പുള്ളതിനാൽ, ബൂർഷ്വക്കെതിരെ പോരാടാൻ രണദിവെ ആഹ്വാനം ചെയ്തു. പ്രക്ഷോഭങ്ങളും കലാപങ്ങളും വഴി സ്വാതന്ത്ര്യം എന്ന വ്യാജ തോന്നലിനെ ചെറുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാമത് പ്രസംഗിച്ച ഭവാനി സെൻ, "പാകിസ്ഥാനെ സംബന്ധിച്ച റിപ്പോർട്ട്' അവതരിപ്പിച്ചു. 1942 -1948 ലെ പാർട്ടി ലൈനിനെ, പ്രത്യേകിച്ചും കശ്‍മീരിൽ ഷെയ്ഖ് അബ്ദുള്ളയുടെ പ്രസ്ഥാനത്തെ തുണച്ചതിനെ വിമർശിച്ചു.ഉപഭൂഖണ്ഡത്തിനാകെ തെലങ്കാന മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട ജോഷിയാണ് അടുത്തതായി പ്രസംഗിച്ചത്. അദ്ദേഹം സ്വയം വിമർശനത്തിൽ മുഴുകി."ഞാൻ ജനറൽ സെക്രട്ടറി ആയിരിക്കെ പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കുകയും മലിനപ്പെടുത്തുകയും (corrupted) ചെയ്തു", ജോഷി സമ്മതിച്ചു.
ഈ പാർട്ടി കോൺഗ്രസ് രണദിവെ സിദ്ധാന്തം അംഗീകരിക്കുക മാത്രമല്ല, പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുകയുമുണ്ടായി. ജോഷിയെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ഭവാനി സെന്നിൻറെ പാകിസ്ഥാൻ റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ, പാകിസ്ഥാനിൽ നിന്നുള്ള പ്രതിനിധികൾ ഇതേ പന്തലിൽ മാർച്ച് ആറിന് പ്രത്യേക യോഗം ചേർന്ന് പാകിസ്ഥാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കി. സജ്ജാദ് സഹീർ അതിൻറെ ജനറൽ സെക്രട്ടറി ആയി.
പുതുതായി രൂപം കൊണ്ട ഇന്ത്യക്കെതിരെ കലാപം നടത്താൻ ആയിരുന്നു, പാർട്ടി തീരുമാനം. "ലോകം രണ്ടു ചേരി ആയിരിക്കുന്നു, സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് ചേരിയും, നിങ്ങൾ ഏതു ചേരിയിൽ?" എന്ന ഷഡാനോവ് സിദ്ധാന്തം ആയിരുന്നു കൽക്കട്ട തീസിസിന് പ്രചോദനം.
ആദ്യ മലയാളി ഇ എം എസ് അല്ല
കൊൽക്കത്തയിൽ രണദിവെ ജനറൽ സെക്രട്ടറിയായി. തൃശൂരിൽ നിന്നുള്ള എൻ കെ കൃഷ്ണൻ പി ബി യിൽ എത്തി. ഇ എം എസ് അല്ല മലയാളിയായ ആദ്യ പി ബി അംഗം. തൃശൂർ നടവരമ്പിലെ ചെറയത്തു മഠത്തിൽ എൻജിനീയർ എൻ ഡി നാരായണയ്യരുടെ മകനായ നാരായണ കല്യാണ കൃഷ്ണൻ (1913 -1992) ബ്രിട്ടനിൽ വിദ്യാർത്ഥി ആയിരുന്നു. 1918 ൽ കുടുംബം കൊച്ചിയിലേക്കും 1922 ൽ പാലക്കാട്ടേക്കും മാറി. കൊച്ചി സംസ്ഥാനത്ത് എസ് എസ് എൽ സി ക്ക് കൃഷ്ണന് ഒന്നാം റാങ്ക് ആയിരുന്നു.തൃശൂർ സെൻറ് തോമസ് കോളജിലും എറണാകുളം മഹാരാജാസ് കോളജിലും പഠിച്ചു.ഇന്റർമീഡിയറ്റിനും ഒന്നാം റാങ്ക് നേടി. മദ്രാസ് പ്രസിഡൻസി കോളജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. ഐ സി എസ് തയ്യാറെടുപ്പിനാണ് ബ്രിട്ടനിൽ പോയത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ചേർന്ന കൃഷ്ണൻ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്തു. പ്രിൻസിപ്പൽ കമ്മ്യൂണിസ്റ്റ് വിരുദ്ധൻ ആയതിനാൽ കോളജ് മാറി ഹൈമാൻ ലെവിക്ക് കീഴിൽ ഹൈഡ്രോഡൈനാമിക്സ് പഠിക്കാൻ ചേർന്നു. കമ്മ്യൂണിസ്റ്റ് ബന്ധത്താൽ ഐ സി എസിന് നിരാകരിക്കപ്പെട്ടു. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായി.
മദ്രാസ് മുഖ്യമന്ത്രി പി സുബ്ബരായൻറെ മകൾ പാർവതി ആയിരുന്നു, കൃഷ്ണൻറെ ഭാര്യ.1938 ൽ ഓക്സ്ഫഡിലാണ് അവർ പരിചയപ്പെട്ടത്. 1939 ൽ മുംബൈയിൽ മടങ്ങി എത്തിയ കൃഷ്ണൻ പി സി ജോഷിയെ കണ്ട് മുഴുവൻ സമയ പ്രവർത്തകനായി. 1943 പാർട്ടി കോൺഗ്രസിൽ സി സി യിൽ എത്തി.
ഇ എം എസ്, പി കൃഷ്ണ പിള്ള, കെ സി ജോർജ് എന്നിവർ സി സി യിൽ എത്തി.
കൽക്കട്ട തീസിസ് അംഗീകരിക്കുന്നതിനിടെ കൊച്ചിയിൽ നിന്നുള്ള സാത്വിക ബ്രാഹ്മണ പ്രതിനിധി സുബ്രഹ്മണ്യന് ഭ്രാന്ത് വന്നു. ഒരു കൂടാരത്തിൽ ദേഹമാസകലം വാസലിൻ പുരട്ടി നിന്ന അദ്ദേഹത്തെ കെ എ രാജൻ കേരളത്തിൽ എത്തിച്ചു ചികിൽസിച്ചു.
ഈ കോൺഗ്രസിനെ തുടർന്ന് 18 മാസം പശ്ചിമ ബംഗാൾ (കാകദ്വീപ്), തെലങ്കാന, ത്രിപുര, തിരു-കൊച്ചി എന്നിവിടങ്ങളിൽ കലാപം നടത്തി. 1948 ഏപ്രിൽ -മെയ് കാലത്ത് മലബാറിൽ ജന്മിമാരുടെ പത്തായങ്ങൾ കൊള്ളയടിച്ചു. ശൂരനാട് കലാപവും ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണവും പൂജപ്പുര ജയിൽ കലാപവും നടന്നു."തെറ്റായ സിദ്ധാന്തം തെറ്റായി നടപ്പാക്കിയ' തിരുവിതാംകൂർ പാർട്ടി സെക്രട്ടറി കെ വി പത്രോസിനെ പിന്നീട് പാർട്ടി പുറത്താക്കി.
1950 തുടക്കത്തിൽ പാർട്ടിയിൽ നിന്ന് 25000 പേർ കൊഴിഞ്ഞു പോയി. 1950 മാർച്ച് 26 ന് ബംഗാളിൽ പാർട്ടിയെ നിരോധിച്ചു, തുടർന്ന് രണ്ടു കൊല്ലം മലബാറിലും തിരു -കൊച്ചിയിലും നിരോധിച്ചു. 1950 ജനുവരിയിൽ കലാപ സിദ്ധാന്തം ഉപേക്ഷിക്കാൻ കോമിന്റേൺ ആവശ്യപ്പെട്ടു. ഡാങ്കെ, ഘാട്ടെ, അജയ ഘോഷ് എന്നിവർ കൽക്കട്ട തീസിസിനെതിരെ 'ത്രീ പീസ് രേഖ' ഉണ്ടാക്കി. പാർലമെന്ററി മാർഗത്തിന് വാദിച്ചതായിരുന്നു, രേഖ. ഒളിവിൽ ഇവർ പ്രകാശ്, പ്രസാദ്, പ്രമോദ് എന്നീ പേരുകളിൽ പ്രവർത്തിച്ചത് കൊണ്ടാണ് രേഖ 3P രേഖ എന്നറിയപ്പെട്ടത്.
1950 ജൂണിൽ രണദിവെയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് കൊൽക്കത്ത പ്രത്യേക സമ്മേളനം പുറത്താക്കി. സി രാജേശ്വര റാവു താൽക്കാലിക ജനറൽ സെക്രട്ടറി. എൻ കെ കൃഷ്ണൻ പി ബി യിൽ നിന്ന് സസ്പെൻഷനിലായി.
1954 ലെ മധുര പാർട്ടി കോൺഗ്രസും 1956 ലെ പാലക്കാട് കോൺഗ്രസും സായുധ പാത വിട്ട് പാർലമെന്ററി പാത സ്വീകരിച്ചു.
മധുരയിൽ ചർച്ചയില്ല
1952 ലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ 16 സീറ്റ് നേടി സി പി ഐ മുഖ്യ പ്രതിപക്ഷ പാർട്ടിയായി. ആന്ധ്രയിൽ ഒന്നാം കക്ഷി. കേരളത്തിൽ കരുത്തുള്ള കക്ഷി. ബംഗാളിൽ മുഖ്യ പ്രതിപക്ഷം, ത്രിപുരയിൽ മുഖ്യ കക്ഷി. വിപ്ലവം വേണ്ടെന്ന് വയ്ക്കാം എന്ന് വന്നു. പാർട്ടി തിരുത്തൽ പ്രക്രിയയിലേക്ക് നീങ്ങി.1952 ഡിസംബർ 30 മുതൽ 1953 ജനുവരി 10 വരെ കൊൽക്കത്തയിൽ രഹസ്യ സമ്മേളനം നടന്നു. അജയ ഘോഷ് ജനറൽ സെക്രട്ടറി. 1953 ഡിസംബർ 27 മുതൽ 1954 ജനുവരി നാല് വരെ മധുരയിൽ ആയിരുന്നു, മൂന്നാം കോൺഗ്രസ്. 50000 അംഗങ്ങളാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.
പാർട്ടിയിൽ നിലനിൽക്കുന്നത്, നേതാവ് -അനുയായി രീതിയാണെന്നും അണികൾ ചർച്ചകൾ അറിയാതെ ഉത്തരവുകൾ അനുസരിക്കുക മാത്രമാണെന്നും അതിനാൽ അണികൾ വെറും ഫോസിലുകൾ ആണെന്നും രാഷ്ട്രീയ പ്രമേയം ആത്മവിമർശനം നടത്തി. അതിനാൽ മേൽകമ്മിറ്റി മുതൽ കീഴ്ക്കമ്മിറ്റി വരെ തിരുത്തൽ ആവശ്യമാണ്. ഇന്ത്യ സ്വതന്ത്രമാണെന്നും എന്നാൽ സാമ്പത്തിക നയം അർദ്ധ കൊളോണിയൽ ആണെന്നും ഘോഷ് അവതരിപ്പിച്ച റിപ്പോർട്ടിൽ കാണുന്നു.
സുന്ദരയ്യ,ചന്ദ്രശേഖര റാവു,രാജേശ്വര റാവു, വാസുദേവ റാവു, ബസവപുന്നയ്യ, 1951, വിജയവാഡ |
കൃത്യമായ പാർട്ടി സെന്റർ ഇല്ലാത്തതിനാൽ കോൺഗ്രസിൽ കാര്യമായ ചർച്ച നടന്നില്ലെന്ന് പാർട്ടി രേഖകളിൽ കാണുന്നു.തർക്കം ഒഴിവാക്കാൻ കോമിന്റേൺ ബ്രിട്ടീഷ് പാർട്ടി ജനറൽ സെക്രട്ടറി ഹാരി പൊളിറ്റിനെ അയച്ചിരുന്നു. കൊൽക്കത്ത പ്ലീനം അംഗീകരിച്ച രേഖകൾ പാസാക്കുക മാത്രമാണ് കോൺഗ്രസ് ചെയ്തത്. ഒൻപതംഗ പി ബി യും 39 അംഗ സി സി യും നിലവിൽ വന്നു.
പാലക്കാട് കരിനിഴൽ
പാലക്കാട്ട് നാലാം പാർട്ടി കോൺഗ്രസ് 1956 ഏപ്രിൽ 19 മുതൽ 29 വരെ ആയിരുന്നു. സ്റ്റാലിന്റെ പൈതൃകം ക്രൂഷ്ചേവ് കുഴിച്ചു മൂടിയ സോവിയറ്റ് ഇരുപതാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് വെറും 24 ദിവസത്തിന് ശേഷം അതിൻ്റെ കരിനിഴലിൽ ആയിരുന്നു, ഈ സമ്മേളനം. കേരള ഘടകം സ്റ്റാലിന്റെ പൈതൃകത്തിൻ്റെ കൂടെ നിൽക്കുക മാത്രമല്ല, സ്റ്റാലിന്റെ ജഡം കേരളത്തിൽ സംസ്കരിക്കാമെന്ന് 'നവയുഗം' എഴുതുകയും ചെയ്തു. അങ്ങനെ സോവിയറ്റ് യൂണിയൻറെ കൂടെ നിൽക്കുന്ന ചേരിയും എതിർക്കുന്ന ചേരിയും രൂപപ്പെട്ടു. പാലക്കാട് കോൺഗ്രസിനായി വിതരണം ചെയ്ത രേഖകൾ സോവിയറ്റ് സംഭവ വികാസത്തിൻറെ പശ്ചാത്തലത്തിൽ പിൻവലിക്കേണ്ടി വന്നു. പരിഷ്കരിച്ച രാഷ്ട്രീയ പ്രമേയം എങ്ങനെ വേണം എന്നതിനെ ചൊല്ലി അജയ ഘോഷിന്റെയും സുന്ദരയ്യയുടെയും ചേരികൾ ഏറ്റുമുട്ടി. പാർട്ടി കോൺഗ്രസ് പ്രതിസന്ധിയിലായി.
കോൺഗ്രസിൽ മൂന്ന് ചേരികൾ ഉണ്ടായി. കോൺഗ്രസുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാരുണ്ടാക്കണം എന്ന് വാദിക്കുന്ന ഒരു ചേരി. അതിനെ എതിർക്കുന്ന മറു ചേരി. സമാധാനപരമായ സഹവർത്തിത്വം മുന്നോട്ടു വച്ച ഘോഷിൻറെ ചേരി. 1945 ൽ ചൈനയിൽ ഭരണകക്ഷി ആയ കുമിന്താങ് പാർട്ടിയുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം പങ്കിട്ടത് ആദ്യ ചേരി ചൂണ്ടിക്കാട്ടി. കോൺഗ്രസിൻറെ ആവഡി സോഷ്യലിസം തട്ടിപ്പാണെന്ന് ഇടതു ചേരി വാദിച്ചു.
ഘോഷ് അവതരിപ്പിച്ച ഔദ്യോഗിക രാഷ്ട്രീയ പ്രമേയത്തിനെതിരെ പി സി ജോഷി ബദൽ രേഖ അവതരിപ്പിച്ചു. ഭവാനി സെൻ പിന്താങ്ങി. അന്ന് എ കെ ഗോപാലനും മറ്റും കോൺഗ്രസിൽ എടുത്ത നിലപാട് അവരോട് തോന്നിയിരുന്ന ആദരം ഇല്ലാതാക്കിയെന്ന് സി അച്യുത മേനോൻ പിൽക്കാലത്ത് എഴുതി. കെ ദാമോദരൻ തൻ്റെ ലൈനിന് പിന്തുണ തേടി പ്രതിനിധികളെ സ്വാധീനിക്കുന്നു എന്നാരോപിച്ച് എ കെ ജി, ദാമോദരനെ ചീത്ത വിളിച്ചു. ദാമോദരനെതിരെ അച്ചടക്ക നടപടി വേണമെന്ന് അദ്ദേഹം വാദിച്ചു. ദാമോദരൻറെ ലൈൻ പാർട്ടി കോൺഗ്രസ് തള്ളി. എന്നിട്ടും ദാമോദരനെ സി സി യിലേക്ക് തിരഞ്ഞെടുത്തു. ജോഷിയും രണദിവെയും സി സി യിൽ തിരിച്ചെത്തി. ഡോ റാണൻ സെന്നിനെ പി ബി യിൽ നിന്ന് നീക്കി ഭൂപേശ് ഗുപ്തയെ എടുത്തു. ഇ എം എസ് ഘോഷിനൊപ്പം നിന്നു. ഇന്ത്യ സ്വതന്ത്രമാണെന്നും എന്നാൽ സാമ്പത്തിക നയം അർദ്ധ കൊളോണിയൽ ആണെന്നും ഘോഷ് അവതരിപ്പിച്ച റിപ്പോർട്ടിൽ കാണുന്നു.
കോൺഗ്രസിനോടുള്ള സി പി ഐ സ്നേഹം അന്നാണ് തുടങ്ങിയത്.
അമൃത്‌സറിലെ ചാണകം
പാലക്കാട് കോൺഗ്രസ് കഴിഞ്ഞ് പതിവ് വിട്ട് രണ്ടു വർഷത്തിനകം ഘോഷ് അമൃത്‌സറിൽ പാർട്ടി കോൺഗ്രസ് നടത്തിയത്, ഇ എം എസ് കേരളത്തിൽ മുഖ്യമന്ത്രി ആയ പശ്ചാത്തലത്തിൽ ആയിരുന്നു. ഈ മന്ത്രിസഭയോട് ചൈനയ്ക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. പ്രത്യയശാസ്ത്രവും ഭരണവും തമ്മിലുള്ള സംഘർഷം പാർട്ടിയെ ഉത്കണ്ഠയിൽ ആഴ്ത്തി. ഇ എം എസും പാർട്ടി സംസ്ഥാന സെക്രട്ടറി എം എൻ ഗോവിന്ദൻ നായരും ഒത്തു പോയില്ല.ഇ എം എസ് സി സി ക്ക് നൽകിയ റിപ്പോർട്ടിൽ "ജനാധിപത്യപരവും സോഷ്യലിസ്റ്റുമായ" പാത മുന്നോട്ട് വച്ചു. അത് ആർക്കും വ്യക്തമായില്ല."സ്വഭാവത്തിൽ ദേശീയവും ഉള്ളടക്കത്തിൽ സോഷ്യലിസ്റ്റുമായ നയം" പിന്തുടരാൻ ഇ എം എസ് വാദിച്ചു.അദ്ദേഹം നെഹ്രുവിന്റെ പഞ്ചവത്സര പദ്ധതി പോലുള്ള പരിപാടികളെ അതിൽ പിന്തുണച്ചു. ഇ എം എസിൻറെ ഈ വലതു പക്ഷ നയത്തെ ഭൂപേശ് ഗുപ്തയുടെ നേതൃത്വത്തിൽ ബംഗാൾ ഘടകം ആക്രമിച്ചു.
ഇ എം എസ്, 1957 |
ഈ സാഹചര്യത്തിലാണ്, 1958 ഏപ്രിൽ ആറു മുതൽ 13 വരെ അമൃത്‌സറിൽ പാർട്ടി കോൺഗ്രസ് നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനകീയ പാർട്ടിയാക്കി മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചു. പാർട്ടി ഭരണഘടനയ്ക്ക് പുതിയ ആമുഖം എഴുതി ചേർത്തു. തൊഴിലാളി വർഗ സർവാധിപത്യം എന്ന പ്രയോഗം ഭരണഘടനയിൽ നിന്ന് നീക്കി.പകരം, സോഷ്യലിസ്റ്റ് ഭരണകൂടം എന്നാക്കി.ഫലത്തിൽ, പാർട്ടിക്ക് പ്രത്യയശാസ്ത്രം കൈമോശം വന്നു.
ഘോഷിനെ രണദിവെയുടെ നേതൃത്വത്തിൽ, ബംഗാൾ, പഞ്ചാബ് ഘടകങ്ങൾ അടങ്ങിയ ഇടതുചേരി വിമർശിച്ചു. തീവ്ര വലതുപക്ഷത്തെ ചെറുക്കാൻ കോൺഗ്രസിനെ തോൽപിക്കണമെന്ന് റാണൻ സെൻ വാദിച്ചു. "ചാണകത്തിനു മുകളിൽ എപ്പോഴും ഈച്ചകൾ ഉണ്ടാകും", അദ്ദേഹം പറഞ്ഞു. ഈച്ചകൾ ഇല്ലാതിരിക്കാൻ ചാണകം നീക്കണം. കോൺഗ്രസിനെ തോൽപിക്കണം.
സെൻ ചാണകത്തിൽ നിർത്തിയത് എന്തുകൊണ്ടാണെന്ന് ഡാങ്കെ ചോദിച്ചു. "ഈച്ചകളും ചാണകവും ഇല്ലാതിരിക്കാൻ നല്ല പരിപാടി ചാണകത്തിൻറെ സൃഷ്ടികർത്താവായ പശുവിനെ തന്നെ കൊല്ലുന്നതാണ്."
കോൺഗ്രസിനകത്തെ പുരോഗമന ശക്തികളുമായി സഹകരണം എന്ന നയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. നെഹ്‌റുവിനെ തുണയ്ക്കും എന്നർത്ഥം.:കേരളം വഴികാട്ടുന്നു" എന്ന വാചകം രാഷ്ട്രീയ പ്രമേയത്തിൽ സ്ഥാനം പിടിച്ചു.
പാർട്ടി കോൺഗ്രസ് അംഗീകരിച്ച പുതിയ ഭരണഘടന പ്രകാരം, സി സി ക്ക് പകരം ദേശീയ കൗൺസിൽ വന്നു.പി ബി ക്ക് പകരം സെൻട്രൽ എക്‌സിക്യൂട്ടീവും.ദൈനംദിന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സെക്രട്ടേറിയറ്റ് ഉണ്ടായി.സെൽ പോയി ബ്രാഞ്ച് വന്നു. കേരളത്തിലെ പാർട്ടി സെല്ലുകൾ കുപ്രസിദ്ധമായിരുന്നു.കേരളത്തിൽ നിന്ന് എ കെ ജി സെക്രട്ടേറിയറ്റിൽ എത്തി.
തുടർന്ന് രണ്ടു വർഷം ബാലറ്റ് പെട്ടിയിലൂടെ അധികാരം പിടിക്കുക എന്ന അമൃത്‌സർ ലൈനിനെ ചൊല്ലിയായി തർക്കം.അത് റിവിഷനിസമാണെന്ന് രണദിവെ നിലപാട് എടുത്തു.ഇ എം എസ് നടുക്കടലിലായി.
ചൈനയെ ചാരി നാറുന്നു
ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘർഷത്തിനിടയിലാണ് വിജയവാഡ പാർട്ടി കോൺഗ്രസ് ചേർന്നത്. അജയ് ഘോഷ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോവിയറ്റ് പാർട്ടിക്കും രഹസ്യ കത്തുകൾ എഴുതിയിരുന്നു. ചൈന, ടിബറ്റിനെ ആക്രമിച്ചപ്പോൾ, 1958 ൽ ദലൈലാമ ഇന്ത്യയിൽ അഭയം തേടി. ഇന്ത്യ അദ്ദേഹത്തെ രക്ഷപ്പെടുത്തി കൊണ്ടു വരികയായിരുന്നു എന്ന് ചൈന കരുതി. ഇത്, ചൈനാ നേതൃത്വത്തെ ചൊടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയെ അനുകൂലിച്ചു.
ചൈനയിൽ സ്ഥാനപതിയായി നെഹ്‌റു ആദ്യം അയച്ചത്, സർദാർ കെ എം പണിക്കരെ (ചൈനയിൽ 1948- 1952) ആയിരുന്നു. അദ്ദേഹത്തിൻറെ മകൾ ദേവകി കേരളത്തിലെ പാർട്ടി സെക്രട്ടറി എം എൻ ഗോവിന്ദൻ നായരുടെ ഭാര്യ ആയിരുന്നു.ചൈന ടിബറ്റിൽ നടത്തിയ അധിനിവേശത്തെ പണിക്കർ അനുകൂലിച്ചു. സർദാർ പട്ടേൽ ഇടപെട്ട് പണിക്കരെ നീക്കി.
ഇന്ത്യയുടെ വടക്കു കിഴക്കും വടക്കു പടിഞ്ഞാറുമുള്ള പ്രദേശങ്ങൾ തങ്ങളുടേതാക്കി ചൈന ഭൂപടങ്ങൾ ഇറക്കി. ഭൂപടത്തിൽ കാണിച്ച പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് ചൈന ഇന്ത്യയെ അറിയിച്ചു. അത്, ബ്രിട്ടൻ കൂട്ടിച്ചേർത്തതാണ്. 1914 ൽ അതിർത്തിയായ വടക്കുകിഴക്ക് ബ്രിട്ടൻ വരച്ച മക് മഹോൻ രേഖ അംഗീകരിക്കില്ലെന്നും ചൈന നിലപാട് എടുത്തു. ഈ മേഖലയിലാണ് തങ്ങളുടെ പൂർവികരുടെ ഭൗതികാവശിഷ്ടങ്ങൾ എന്ന് ചൈന അവകാശപ്പെട്ടു. ചൈന പരസ്യമായി നെഹ്‌റുവിനെ എതിർത്തു 19 ഇന്ത്യൻ സൈനികരെ കൊങ്ക ചുരത്തിൽ ചൈനീസ് പട്ടാളം കൊന്നു. ഇന്ത്യൻ പാർട്ടി പ്രതിസന്ധിയിലായി.
മാവോ ബുദ്ധനാകാൻ ശ്രമിക്കുന്നുവെന്ന് ഡാങ്കെ പരിഹസിച്ചു. ഡാങ്കെയും എസ് ജി സർദേശായിയും ചൈനീസ് പാർട്ടിക്കെതിരെ നീങ്ങി. അവർ നെഹ്‌റുവിനൊപ്പം നിന്നു. ഡാങ്കെ പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ, പാർട്ടി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. ഭൂപടങ്ങളും പുരാരേഖകളുമായി പാർട്ടി യോഗത്തിൽ എത്തി സുന്ദരയ്യ ചൈനയുടെ അവകാശ വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് വാദിച്ചു.സുന്ദരയ്യയെ ബി ടി രണദിവെ, എം ബസവപുന്നയ്യ, പ്രമോദ് ദാസ്‌ഗുപ്‌ത, ഹർകിഷൻ സിങ് സുർജിത്, സി എച്ച് കണാരൻ തുടങ്ങിയവർ അനുകൂലിച്ചു. ജനറൽ സെക്രട്ടറി അജയ് ഘോഷ് ഡാങ്കെയുടെ നിലപാടിനെ അനുകൂലിക്കുകയും പ്രവൃത്തിയെ തള്ളുകയും ചെയ്തു.ഘോഷിനെ സി രാജേശ്വര റാവു, ഭവാനി സെൻ, ഭൂപേശ് ഗുപ്ത, സെഡ് എ അഹമ്മദ്, എൻ കെ കൃഷ്ണൻ, എം എൻ ഗോവിന്ദൻ നായർ, സി അച്യുത മേനോൻ തുടങ്ങിയവർ പിന്താങ്ങി. ഇ എം എസ്, എ കെ ഗോപാലൻ, ജ്യോതി ബസു എന്നിവർ ഒരു പക്ഷത്തും ചേർന്നില്ല.
തുടർന്നുള്ള രണ്ടു വർഷങ്ങളിൽ, ഇന്ത്യൻ പാർട്ടിയിലെ തീവ്ര പക്ഷവുമായി ചൈന രഹസ്യ ബന്ധത്തിൽ ഏർപ്പെട്ടു. വിഭാഗീയതയിൽ പെട്ട് ദേശീയ സമിതിയിൽ ചർച്ച നടക്കാതായി. 1961 ആദ്യം നടക്കേണ്ട വിജയവാഡ പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട് തയ്യാറാക്കേണ്ട ചുമതല ഘോഷിനായിരുന്നു. ഇടതു പക്ഷം സഹകരിച്ചില്ല. വലതുപക്ഷം റിപ്പോർട്ട് പരിശോധിക്കാൻ ഡാങ്കെയെ ചുമതലപ്പെടുത്തി. പാർട്ടി കോൺഗ്രസിന് തലേന്ന് റിപ്പോർട്ടിന്റെ ഒരു കോപ്പി മാത്രം തയ്യാറാക്കി ഘോഷ് പോക്കറ്റിലിട്ടു.
ഇന്ത്യൻ നാഷനൽ കോൺഗ്രസും സി പി ഐ യും തമ്മിലുള്ള ബന്ധമായിരുന്നു, ചർച്ച. കോൺഗ്രസിനെ മുച്ചൂടും എതിർക്കണമെന്ന് ഇടതുപക്ഷം വാദിച്ചു. ജനവിരുദ്ധമായ നയങ്ങളെ എതിർത്ത് കോൺഗ്രസുമായി സഖ്യം വേണമെന്ന് പി സി ജോഷിയും ഡാങ്കെയും വാദിച്ചു. ഘോഷ് ഒപ്പം നിൽക്കുമെന്ന് ഡാങ്കെ ഗ്രൂപ്പ് പ്രതീക്ഷിച്ചു. എന്നാൽ ഘോഷ് അവതരിപ്പിച്ച റിപ്പോർട്ട് അവരെ നിരാശപ്പെടുത്തി. ഘോഷ് മദ്ധ്യ നിലപാട് എടുത്തു. ജനറൽ സെക്രട്ടറി ഡാങ്കെ -ജോഷി പക്ഷത്തു ചേരാതിരുന്നതിൽ, ഇടതുപക്ഷം സന്തോഷിച്ചു. അതിനാൽ, അവർ ഘോഷിൻറെ റിപ്പോർട്ടിനെ അനുകൂലിച്ചും രാഷ്ട്രീയ പ്രമേയത്തെ എതിർത്തും വോട്ട് ചെയ്യാൻ തീരുമാനിച്ചു. പ്രതിനിധി ചർച്ചകളിൽ രോഷം അണ പൊട്ടി. ചെറിയ ഹൃദയാഘാതം വന്ന് ഘോഷ് രണ്ടു ദിവസം കിടപ്പിലായി.
ഒരു രാത്രി പ്രതിനിധികളോട് ഉടൻ സമ്മേളിക്കാൻ നിർദേശം വന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി, സോവിയറ്റ് പ്രതിനിധി സുസ്ലോവ്, യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ചതായി അറിയിച്ചു.
ഘോഷിൻറെ പ്രസംഗം ഏകകണ്ഠമായി പാസാക്കി. രാഷ്ട്രീയ പ്രമേയം അതനുസരിച്ചു ഭേദഗതി ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. തുടർന്ന് ദേശീയ സമിതി തിരഞ്ഞെടുപ്പായിരുന്നു . സമിതിയിൽ അംഗങ്ങൾ 101. ഔദ്യോഗിക പാനൽ അവതരിപ്പിച്ചപ്പോൾ ബഹളമായി. ഇടതിന് മേൽക്കൈ ഉള്ള ബംഗാളിൽ നിന്ന് ഡാങ്കെ -ജോഷി പക്ഷത്തെ വെട്ടി നിരത്തിയിരുന്നു. പുതിയ ദേശീയ സമിതിയിൽ മൂന്നിലൊന്ന് ഇടതു പക്ഷം അഥവാ ചൈനാ പക്ഷം. തൃപ്തി ഇല്ലാതെ ഇടതുപക്ഷം ഇറങ്ങിപ്പോയി. അവർ പുതിയ പാർട്ടി ഉണ്ടാക്കുമെന്ന് ശ്രുതി പരന്നു. പാതിരയ്ക്ക് സുഖമില്ലാത്ത ഘോഷ് ഹാളിൽ എത്തി. ദേശീയസമിതി അംഗങ്ങളുടെ എണ്ണം 110 ആക്കി പ്രമേയം പാസാക്കി. ഒരു ഒത്തുതീർപ്പ് പട്ടിക പാസാക്കി. തൽക്കാലം പിളർപ്പ് ഒഴിവായി.കേന്ദ്ര എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണത്തിൽ സമ്മതം ഉണ്ടായില്ല. അതിനാൽ, ഘോഷിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുക മാത്രം ചെയ്തു.
പിളർപ്പിന് ശേഷമുള്ള പി ബി |
1961 സെപ്റ്റംബർ -ഒക്ടോബറിൽ മോസ്കോയിൽ ചികിത്സയ്ക്ക് പോകാൻ ഘോഷ് അവധി എടുത്തു. എന്നാൽ, ആക്ടിങ് ജനറൽ സെക്രട്ടറിയായ ഇ എം എസ് ആ അവധി റദ്ദാക്കി. വിജയവാഡ കോൺഗ്രസിന് ശേഷം, ഇ എം എസ് ഇടതു പക്ഷത്ത്, അഥവാ ചൈനാ ചേരിയിൽ എത്തിയിരുന്നു. ഘോഷ് മോസ്‌കോയ്ക്ക് പോയില്ല. ജനറൽ സെക്രട്ടറിയായി തിരികെ പ്രവേശിച്ചു. 1962 ജനുവരി 13 ന് അദ്ദേഹം മരിച്ചു. പലരും വിലാപയാത്രയിൽ പങ്കെടുത്തില്ല.
ഈ തർക്കം പാർട്ടിയെ 1964 ൽ പിളർപ്പിൽ എത്തിച്ചു.
സി പി എം വന്ന ശേഷം
സി പി എം രൂപീകരിച്ച ശേഷവും പാർട്ടി കോൺഗ്രസുകൾ വൈരനിര്യാതന വേദികളായി തുടർന്നു. പാർട്ടി ആദ്യം നേരിട്ട പ്രതിസന്ധി 1969 ലെ നക്സൽ പ്രസ്ഥാനം ആയിരുന്നു. കണ്ണൂരിൽ നക്സൽ പ്രസ്ഥാനത്തിൻറെ നേതാക്കൾ ആയിരുന്നു, പാട്യം രാജനും പിണറായി വിജയനും. നക്സൽ ഭീകരതയുടെ പശ്ചാത്തലത്തിൽ, 1970 ൽ സി എച്ച് കണാരനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് എ കെ ജി താൽക്കാലിക സെക്രട്ടറി ആയി. അദ്ദേഹമാണ്, പിണറായി വിജയനെ മടക്കി കൊണ്ട് വന്നത്.
കണ്ണൂരിൽ നിന്ന് തന്നെ 1986 ൽ അടുത്ത പ്രതിസന്ധി ഉണ്ടായി. എം വി രാഘവൻറെ ബദൽ രേഖ മുസ്ലിം ലീഗിനൊപ്പം പാർട്ടി സഖ്യത്തിൽ ഏർപ്പെടണമെന്ന് വാദിച്ചു.ഇ കെ നായനാർ ബദലിനൊപ്പം നിന്നെങ്കിലും 1987 ൽ കൊൽക്കത്തയിൽ പാർട്ടി കോൺഗ്രസ് ചേരുമ്പോൾ കൂറു മാറി. ബദൽ രേഖയ്ക്ക് വേണ്ടി സംസാരിച്ചത് ടി ശിവദാസ മേനോൻ ആയിരുന്നു.
വി എസ് അച്യുതാനന്ദനാണ് എസ് രാമചന്ദ്രൻ പിള്ളയെ പി ബി യിൽ എത്തിച്ചതും ഇ എം എസിനെ കേരളത്തിൽ വിശ്രമത്തിന് വിധിച്ചതും. 2015 ലെ വിശാഖപട്ടണം കോൺഗ്രസിൽ സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി ആകുമ്പോൾ അദ്ദേഹത്തിന് അച്യുതാനന്ദൻറെയും ബംഗാൾ ഘടകത്തിന്റെയും പിന്തുണ ഉണ്ടായിരുന്നു.
ഇപ്പോൾ പൂർണമായും കേരളഘടകത്തിന് കീഴടങ്ങിയിരിക്കുകയാണ് യെച്ചൂരി. ഇപ്പോൾ പാർട്ടിക്ക് ഒരു ദേശീയ ലൈനില്ല. അതിൻ്റെ നയം കേരള നയമായി ചുരുങ്ങിപ്പോയി. മുഖ്യശത്രു ബി ജെ പി ആണെന്നു പറഞ്ഞു കൊണ്ടിരിക്കാം -ബി ജെ പി ഉള്ളിടത്തൊന്നും സി പി എം ഇല്ല. ബി ജെ പി യെ ഒരു ചുക്കും ചെയ്യാനും ത്രാണിയില്ല.
പാർട്ടിക്കിപ്പോൾ പ്രത്യയ ശാസ്ത്രവും ഇല്ല. ചൈനയിൽ മാവോ ഒരു നാടൻ മാർക്സിസമാണ് പ്രയോഗിച്ചത് എങ്കിൽ, ഇവിടെ മാർക്സിസം ഇറക്കുമതി ചരക്ക് മാത്രമായിരുന്നു. അതിനാൽ, അതിന് ഭാരതീയമായ വേരുകൾ ഉണ്ടായില്ല. അതിനാൽ, ആഗോളമായി മാർക്സിസം അപ്രസക്തമായപ്പോൾ, പാർട്ടി കേരളത്തിൽ മാത്രമായി ചുരുങ്ങുകയും ഭാരതീയമായി ശോഷിക്കുകയും ചെയ്തു. അങ്ങനെ പാർട്ടി കോൺഗ്രസുകൾ അന്തസത്ത ഇല്ലാത്ത അസംബന്ധ നാടകങ്ങളായി അവസാനിച്ചു.
© Ramachandran
No comments:
Post a Comment