രമണ മഹർഷിയും നാരായണ ഗുരുവും
ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ 1916 ല്‍ സന്ദര്‍ശിച്ച ശേഷം തിരുവണ്ണാമലൈ ആശ്രമത്തിലെ ചാമ്പമരച്ചുവട്ടില്‍, കൂടെയുണ്ടായിരുന്ന സ്വാമി വിദ്യാനന്ദയ്ക്ക് പറഞ്ഞുകൊടുത്തതാണ്, “നിര്‍വൃതി പഞ്ചകം.”
ശ്രീനാരായണ ഗുരു ശിഷ്യനായ സ്വാമി ഗോവിന്ദാനന്ദ കാഞ്ചീപുരത്ത് 1916 ൽ 'ശ്രീനാരായണ സേവാശ്രമം' സ്ഥാപിച്ചു. ഗുരു, ശിഷ്യരായ സ്വാമി അച്യുതാനന്ദ, സുഗുണാനന്ദ, വിദ്യാനന്ദ, തുടങ്ങിയവരോടൊപ്പം ആശ്രമ ഉദ്ഘാടനത്തിന് എത്തി. ചടങ്ങിൻ്റെ അവസാനം കുന്നക്കുടി മഠാധിപതി അദ്വൈതാനന്ദ, കോവിലൂർ മഠാധിപതി ഗണപതി സ്വാമി, രമണാശ്രമത്തിലെ പളനി സ്വാമി, തുടങ്ങിയവർ ഗുരുവിനെ അവരവരുടെ ആശ്രമങ്ങളിലേക്ക് ക്ഷണിച്ചു.
മലയാളിയായ പളനി സ്വാമി ശിവഗിരി ആശ്രമത്തിൽ പല തവണ എത്തിയിരുന്നു. കേരളത്തിലേക്കുള്ള മടക്കയാത്രയിൽ തിരുവണ്ണാമലൈ യിലെ രമണാശ്രമം സന്ദർശിക്കാൻ അദ്ദേഹം ഗുരുവിനോട് അഭ്യർത്ഥിച്ചു. ഗുരുവിന് ഉടൻ കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നു. കുന്നക്കുടി, കോവിലൂർ സന്ദർശനം മാറ്റിവച്ചു.
മടക്കയാത്രയിൽ തിരുവണ്ണാമലൈ സന്ദർശിക്കുമെന്ന് ഗുരു, പളനി സ്വാമിയെ അറിയിച്ചു. ഉദ്ഘാടന ശേഷം ഗുരു, ഗോവിന്ദാനന്ദ ഉൾപ്പെടെയുള്ള ശിഷ്യന്മാരോടൊപ്പം ചെന്നൈയിലേക്ക് യാത്രയായി. മദ്രാസിലെ ഒരാഴ്ചത്തെ പരിപാടിക്ക് ശേഷം അവർ തിരുവണ്ണാമലൈയിൽ എത്തി.
ഗുരുവും ശിഷ്യരും തിരുവണ്ണാമലൈയിലെ അരുണാചല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാവിലെ 10 മണിയോടെ മലയടിവാരത്ത് എത്തി. രമണ മഹർഷി മലമുകളിലെ സ്കന്ദാശ്രമത്തിൽ താമസിച്ചിരുന്നു.
അടിവാരത്ത് അൽപം വിശ്രമിച്ച ശേഷം ഗുരു ശിഷ്യരോട് പറഞ്ഞു: “മഹർഷി ഇവിടെ എത്തിയ ശേഷം ഈ മല ഇറങ്ങിയിട്ടില്ലെന്ന് തോന്നുന്നു. നമുക്ക് പോയി കാണാം.”
അവർ മല കയറാൻ തുടങ്ങി. ഗുരു, ശിഷ്യരുമായി തമാശകൾ പങ്കിട്ടു. ഒരു ഘട്ടത്തിൽ, പെട്ടെന്ന് നിർത്തി, ശിഷ്യരോട് പറഞ്ഞു: “ഒരു വൃദ്ധൻ കാരണം നിങ്ങൾക്ക് ഈ മലകളെല്ലാം കയറേണ്ടി വന്നു”.
ഗുരുവും ശിഷ്യരും മലയ്ക്ക് താഴെ എത്തിയെന്ന് പളനി സ്വാമി മഹർഷിയെ അറിയിച്ചു. മഹർഷി അവരെ സ്വീകരിക്കാൻ ഇറങ്ങാൻ ശ്രമിക്കെ, ഗുരുവും ശിഷ്യരും അവിടെ എത്തി. രണ്ടു ഋഷിമാരും ഒരു നിമിഷം മുഖാമുഖം നിന്നു. പിന്നെ, ഗുരു നടന്ന് ഒരു 'ചാമ്പ' മരത്തിൻ്റെ തണലിൽ വിശ്രമിച്ചു, ശിഷ്യന്മാർ മഹർഷിയുടെ അരികിൽ ചെന്നു. സ്വാമി അച്യുതാനന്ദ, മഹർഷിക്ക് ഗുരുവിൻ്റെ ‘അദ്വൈത ദീപിക’, ‘മുനിചര്യാ പഞ്ചകം’, ‘ബ്രഹ്മവിദ്യാ പഞ്ചകം’ തുടങ്ങിയ ചിലത് പറഞ്ഞു കൊടുത്തു.
ശിഷ്യർ ഗുരുവിൻ്റെ അടുത്ത് തിരിച്ചെത്തി. “നിങ്ങൾ അദ്ദേഹത്തെ കണ്ടോ?” ഗുരു ചോദിച്ചു.
"അതെ, ഞങ്ങൾ കണ്ടു."
ഗുരു ചോദിച്ചു: “എല്ലാവരും കണ്ടു. ഞാൻ മാത്രം കണ്ടില്ല, അല്ലേ?”
മഹർഷിയുടെ ആത്മീയ മഹിമ അളക്കാൻ കഴിയില്ല എന്നർത്ഥം.
ആശ്രമ അന്തേവാസികളുടെ അകമ്പടിയോടെ ശിഷ്യർ സമീപ പ്രദേശങ്ങൾ കണ്ടു. വിദ്യാനന്ദ, ഗുരുവിനെ ശുശ്രൂഷിച്ചും അദ്ദേഹത്തിൻ്റെ വാക്കുകൾ കുറിച്ചും കൂടെ നിന്നു. ‘ദർശനമാല’യിലെ ചില പ്രധാന ശ്ലോകങ്ങൾ അപ്പോൾ ഉണ്ടായി.
ഉച്ചയ്ക്ക് രമണ മഹർഷി വിശ്രമിക്കുന്ന ഗുഹയ്ക്ക് പുറത്ത് വാഴയിലകൾവിരിച്ചു.ഒരു മഹർഷി ശിഷ്യൻ ഗുരുവിനെ ഭക്ഷണത്തിന് ക്ഷണിക്കാൻ എത്തി. പിന്നീട് വരാമെന്ന് ഗുരു പറഞ്ഞു. മഹർഷി തന്നെ ഗുരുവിനെ ക്ഷണിക്കാൻ എത്തി.
"നമുക്ക് ഭക്ഷണം കഴിക്കാം", മഹർഷി മലയാളത്തിൽ പറഞ്ഞു. ഗുരു എഴുത്തു നിർത്തി മഹർഷിയെ അനുഗമിച്ചു. ഭക്ഷണം കഴിഞ്ഞ് ഗുരു ആദ്യ സ്ഥലത്തേക്ക് മടങ്ങി. മഹർഷിക്ക് ടെലഗ്രാമുമായി പോസ്റ്റ്മാൻ എത്തി. മഹർഷി അത് വായിച്ചു. കേരളത്തിലെ ഒരു ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിന് അനുഗ്രഹം തേടിയുള്ളസന്ദേശം. മഹർഷി മലയാളത്തിൽ സന്ദേശം എഴുതി മരത്തിൻ്റെ ചുവട്ടിലിരുന്ന ഗുരുവിന് അയച്ചുകൊടുത്തു. അത് വായിച്ച ഗുരു പറഞ്ഞു, "അയ്യോ കൊള്ളാം, മഹർഷി മലയാളം മനോഹരമായി എഴുതുന്നു".
രമണാശ്രമത്തിനടുത്ത ഈശാന്യമഠാധിപതി മഹാദേവ സ്വാമിയും ഗുരുവിനെ തങ്ങളുടെ ആശ്രമത്തിലേക്ക് ക്ഷണിക്കാൻ ശിഷ്യരോടൊപ്പം അവിടെയെത്തി. ഗുരു അവരുടെ ആശ്രമവും സന്ദർശിച്ചു. ഗുരു തനിക്കു കിട്ടിയ മധുരപലഹാരങ്ങൾ അവിടെ കൂടിയിരുന്നവർക്കിടയിൽ വിതരണം ചെയ്തു. തോട്ടത്തിൽ പൂ പറിക്കുന്ന ഒരു കൊച്ചുകുട്ടിയെ ഗുരു പ്രത്യേകം ശ്രദ്ധിച്ചു. ആ കുട്ടിയുമായി കുറച്ചുനേരം സംസാരിച്ചു, പിന്നീട് ആശ്രമത്തിലെ ഒരു അന്തേവാസിയോട് പറഞ്ഞു: “അങ്ങ് ഈ കുട്ടിയെ പഠിപ്പിക്കണം. അവൻ വലിയ മനുഷ്യനാകും. ” ഈ കുട്ടിയാണ് പിന്നീട് കോവിലൂർ മഠാധിപതി ആയ നടേശസ്വാമി.
ഗുരു രമണാശ്രമത്തിലേക്ക് മടങ്ങി. വൈകിട്ട് നാലോടെ ഗുരു ചാമ്പ ചമ്പ മരത്തിന് ചുവട്ടിൽ വിശ്രമിക്കുമ്പോൾ സ്വാമി വിദ്യാനന്ദയോട് ഒരു കവിത കുറിക്കാൻ നിർദേശിച്ചു. അതാണ്, രമണ മഹർഷിക്ക് ആദരവായ 'നിർവൃതി പഞ്ചകം' എന്ന കാവ്യം. മടങ്ങും മുമ്പ് വിദ്യാനന്ദ, മഹർഷിക്ക് ഈ കാവ്യം അർച്ചനയായി അർപ്പിച്ചു. ഇതാണ് നിർവൃതി പഞ്ചകം:
കോ നാമ ദേശഃ കാ ജാതിഃ
പ്രവൃത്തിഃ കാ കിയദ്വയഃ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 1
ആഗച്ഛ ഗച്ഛ മാ ഗച്ഛ
പ്രവിശ ക്വ നു ഗച്ഛസി
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 2
ക്വ യാസ്യാസി കദായാതഃ
കുത ആയാസി കോസി വൈ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 3
അഹം ത്വം സോയമന്തര്‍ഹി
ബഹിരസ്തി ന വാസ്തി വാ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 4
ജ്ഞാതജ്ഞാതസമഃ സ്വാന്യ-
ഭേദശൂന്യഃ കുതോ ഭിദാ
ഇത്യാദി വാദോപരതിര്‍ -
യസ്യ തസ്യൈവ നിര്‍വൃതിഃ 5
ഇതിൻ്റെ അര്‍ത്ഥം ഇങ്ങനെ സംഗ്രഹിക്കാം:
എന്താണ് നിങ്ങളുടെ പേര്? എവിടന്നാണ്? എന്താണ് ജാതി? എന്താ ജോലി? എത്രയാണ് വയസ്സ്? ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവനാണ് നിര്‍വൃതി.
വരൂ! പോകരുത്! വരൂ! എങ്ങോട്ടു പോകുന്നു? ഇത്തരം ഭാഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.
എപ്പോഴാണ് പോയത്? എപ്പോഴാണ് വന്നത്? എവിടന്നാണ് വന്നത്? നിങ്ങള്‍ ആരാണ്? ഇത്തരം ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.
നീ, ഞാന്‍, അവന്, ഇവന്, അകത്ത്, പുറത്ത് എന്നീ അന്വേഷണങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.
ജ്ഞാതത്തോടും അജ്ഞാതത്തോടും സമദൂരം. അവനവനോടും അന്യരോടും സമഭാവന. എന്നിട്ടും എന്തേ ഈ വൈജാത്യം? എന്നീ ചോദ്യങ്ങളില്‍ നിന്നു മുക്തനായവനാണ് നിര്‍വൃതി.
ശ്രീനാരായണഗുരു 1928 ല്‍ ശിവഗിരിയില്‍ അസുഖ ബാധിതനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ രമണമഹര്‍ഷി പളനിസ്വാമിയെയും കുഞ്ചു സ്വാമിയെയും അയച്ചു. പാലക്കാട്ട് നിന്ന് 20 വയസിൽ മഹർഷിക്കൊപ്പം നിൽക്കാൻ വീട് വിട്ടയാളാണ് കുഞ്ചുസ്വാമി.12 കൊല്ലം മഹർഷിക്കൊപ്പം ഉണ്ടായിരുന്നു.
നാരായണഗുരു പരമ്പരയിലെ സേലം ശാന്തിലിംഗസ്വാമികള്‍, അച്യുതാനന്ദ, നടരാജഗുരു, മംഗളാനന്ദ, നിത്യചൈതന്യയതി, ജ്ഞാനാനന്ദ തുടങ്ങിയവരും രമണമഹര്‍ഷിയെ കണ്ടു. നാരായണഗുരു ശിഷ്യരായ സ്വാമി ഗോവിന്ദാനന്ദയും ആത്മാനന്ദയും കാഞ്ചീപുരത്തെ ആശ്രമത്തില്‍ നിന്ന് രമണമഹര്‍ഷിക്ക് ഔഷധങ്ങള്‍ അയച്ചുകൊടുത്തു.
നാരായണഗുരുവിൻ്റെ 1916 ലെ സന്ദര്‍ശനത്തെപ്പറ്റി കൂടുതലറിയാന്‍ മംഗളാനന്ദ പിന്നീട് രമണമഹര്‍ഷിയെ കണ്ടപ്പോള്‍ മഹര്‍ഷി പറഞ്ഞു; "ഗുരു മഹാനാണ്. അദ്ദേഹം എന്നോട് ഒന്നും സംസാരിച്ചില്ല. അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു.".
മഹര്‍ഷിയുടെ ഭക്തനായ സ്വാമി ബാലാനന്ദ ഒരിക്കല്‍ ഗുരു എഴുതിയ ‘ആത്മോപദേശ ശതകം’ മഹര്‍ഷിയെ വായിച്ചു കേള്‍പ്പിച്ചു. വായന മുന്നേറിയപ്പോള്‍ മഹര്‍ഷി തുടകളില്‍ താളം പിടിച്ച്, 'അപ്പടി താന്‍, അപ്പടി താന്‍' (അങ്ങനെ തന്നെ, അങ്ങനെ തന്നെ) എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആത്മസാക്ഷാത്കാരത്തിൻ്റെ ഭാഗമെത്തിയപ്പോള്‍ മഹര്‍ഷി നിരീക്ഷിച്ചു: 'എല്ലാം തെരിഞ്ചവര്‍, എല്ലാം തെരിഞ്ചവര്‍ (എല്ലാം അറിഞ്ഞയാൾ)'. മധ്യഭാഗമെത്തിയപ്പോള്‍ മഹര്‍ഷി എഴുന്നേറ്റ് ഉദ്ഘോഷിച്ചു, 'പെരിയോര്‍കള്‍, പെരിയോര്‍കള്‍' (മഹാപുരുഷൻ).
ഗുരുക്കന്മാര് തമ്മില്‍ കണ്ടപ്പോള്‍ ഒന്നും സംസാരിച്ചില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആത്മാക്കള്‍ പരസ്പരം തിരിച്ചറിയുകയാണ്. നടക്കുന്നത് ആന്തര വിനിമയമാണ്; അത്, അദ്വൈത മുഹൂർത്തമാണ്.