Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 3

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ :രാമചന്ദ്രൻ 
അദ്ധ്യായം 3 , ബോധം 


 ബോധം എന്ന വാക്ക്, തത്വശാസ്ത്രത്തില്‍ വളരെ പ്രധാനമാകയാല്‍, അത് എന്തെന്ന് വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. വ്യവഹാരഭാഷയില്‍, അത് ഒരു മാനവികഭാവത്തെ കുറിക്കുന്നു. ഒരു പ്രത്യേക സംഗതിയെയോ ആശയത്തെയോ പറ്റിയുള്ള അറിവിനെ കുറിക്കാന്‍ ഈ വാക്കുപയോഗിക്കാറുണ്ട്- 'എന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തി നികുതി നിശ്ചയിക്കുന്ന കാര്യത്തില്‍ ഓഫീസര്‍ക്ക് നല്ല ബോധമുണ്ടായിരുന്നു' എന്ന വാചകം ഉദാഹരണം. പൊതുവായും ഈ വാക്ക് പ്രയോഗിക്കാറുണ്ട്. 'ശസ്ത്രക്രിയയ്ക്കുശേഷവും രോഗിക്കു ബോധം വീണ്ടുകിട്ടിയിട്ടില്ല' എന്നു നഴ്‌സ് പറയുംപോലെ. ഇവിടെ, ഒരു പ്രത്യേക സംഗതിയെപ്പറ്റിയുള്ള അവബോധം മാത്രമല്ല, മനസ്സിന് അറിയാനും ഓര്‍മിക്കാനും തിരിച്ചറിയാനും കഴിയുന്നതൊക്കെ വിവക്ഷിക്കുന്നുണ്ട്.

 എങ്കിലും, വിശേഷമായും പൊതുവായും ഇവിടെയുള്ള പ്രയോഗം, ഒരു മാനസിക ഭാവത്തെയാണ് കുറിക്കുന്നത്. എന്നാല്‍, ഭാരതീയ പുരാണങ്ങള്‍, 'ബോധം' എന്ന വാക്കുപയോഗിക്കുന്നത്, മറ്റൊരര്‍ത്ഥത്തിലാണ്- മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും, ജീവന് ആധാരമായ ഘടകം എന്ന അര്‍ത്ഥത്തിലാണ്. ഈ പ്രത്യേക അര്‍ത്ഥത്തില്‍, സംസ്‌കൃതത്തില്‍, അതിനു സമാനമായ വാക്ക് 'പ്രജ്ഞാനം' ആകുന്നു.ശുകരഹസ്യ ഉപനിഷത് (വാക്യാര്‍ത്ഥ ശ്ലോകം) അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ബോധം (പ്രജ്ഞാനം). അതാണ് ജീവജാലങ്ങളിലെ ചൈതന്യ തത്വം. ഐതരേയ ഉപനിഷത് (3:1) അതിനെ ഇങ്ങനെ നിര്‍വചിക്കുന്നു: ഒരാള്‍ എന്തുകൊണ്ടാണോ കാണുന്നത്, കേള്‍ക്കുന്നത്, മണക്കുന്നത്, സംസാരിക്കുന്നത്, രുചിയും അരുചിയും അറിയുന്നത്, അതാണ് ആത്മാവ് (ആത്മന്‍). ഒരാള്‍ക്ക് കാണാനും കേള്‍ക്കാനും മണക്കാനും സംസാരിക്കാനുമൊക്കെ എന്താണോ ശേഷി നല്‍കുന്നത്, അതാണ് ബോധം അഥവാ ചൈതന്യം. ശുകരഹസ്യ ഉപനിഷത്എന്തിനെയാണോ ബോധം എന്നു വിളിക്കുന്നത്, അതിനെ ഐതരേയ ഉപനിഷത് ആത്മാവ് എന്നു വിളിക്കുന്നു. രണ്ടും ഒന്നാണ് എന്നര്‍ത്ഥം. ആത്മാവ് ബോധമാകുന്നു; ബോധകണിക. ബോധത്തിന്റെ അനവധി അനുഭവങ്ങള്‍ ഐതരേയ ഉപനിഷത് (3:2) നിരത്തുന്നു: തിരിച്ചറിവ്, ദിശ, വിവേകം, ജ്ഞാനം, ഓര്‍മ, ഉള്‍ക്കാഴ്ച, ദാര്‍ഢ്യം, ചിന്ത, വിവേചനം, വിഷാദം, ധ്യാനം, ഇച്ഛ, ചൈതന്യം, അഭിലാഷം, മമത- ഇതെല്ലാം ബോധത്തിന്റെ നാമങ്ങളാണ്. ഈ ശ്ലോകത്തിലെ 'നാമം' എന്ന വാക്ക്, ഒരേകകത്തെ സൂചിപ്പിക്കാനുള്ള കവിവാക്കാണ്. ഒരു ജീവജാലത്തിലെ ജീവവിശേഷങ്ങളെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ് എന്നാണ് മൊത്തം ശ്ലോകത്തില്‍നിന്നു സിദ്ധിക്കുന്നത്. ഒരു ടെലിവിഷനിലെ പ്രകാശവും നിറങ്ങളും ശബ്ദങ്ങളുമെല്ലാം അതിലേക്കു വരുന്ന വൈദ്യുതിയുടെ അനുഭവ പ്രതിഫലനങ്ങളാണ്. എന്നാല്‍, വൈദ്യുതിയാകട്ടെ, പ്രകാശം, നിറം, ശബ്ദം എന്നിവയുടെ ആകെത്തുകയല്ല; പലതായി നമുക്കനുഭവപ്പെടുന്ന അടിസ്ഥാന ഊര്‍ജമാണ് അത്. അതുപോലെ, തിരിച്ചറിവ്, ദിശ, വിവേകം തുടങ്ങിയവയെല്ലാം ബോധത്തിന്റെ അനുഭവങ്ങളാണ്; എന്നാല്‍ ബോധം ഇവയുടെ ആകെത്തുകയല്ല, മറിച്ച് ഇത്തരം വിശേഷങ്ങളും തോന്നലുകളും വികാരങ്ങളുമൊക്കെ ഒരു ജീവജാലത്തില്‍ കൊണ്ടുവരുന്ന ഏകതത്വമാണ്. ജീവജാലത്തില്‍ അത്തരം വിശേഷങ്ങള്‍ സൃഷ്ടിക്കുന്ന പരമചൈതന്യമാണ് അത്. ഉപനിഷത്തുക്കള്‍, അതിനെ പ്രജ്ഞാനമെന്നും ചൈതന്യമെന്നും വിശേഷിപ്പിക്കുന്നു. ജീവജാലങ്ങളിലെ ജീവശക്തിയാണ്, പ്രാണനാണ് അത്. അതിന്റെ ശേഷി വളരെ വലുതാണ്. ആല്‍മരവും പനയും നൂറടി മുകളിലേക്ക് വളരുന്നു. വേരില്‍നിന്നുള്ള പാല്‍, മരത്തിന്റെ മുകളിലേക്ക് ഒഴുകുന്നു. ഇത്ര ശേഷിയോടെ, മുകളിലേക്കുള്ള ആ ഒഴുക്കിന് കാരണം എന്താണ്? അത്, അവയിലെ പ്രാണന്‍ ആണ്. സൂര്യപ്രകാശം ഉപയോഗിച്ച്, മരങ്ങളുടെയും ചെടികളുടെയും പുല്ലുകളുടെയും പച്ചിലകള്‍, എളുപ്പത്തിലും വേഗത്തിലും, കാര്‍ബണ്‍ ഡൈഓക്‌സൈഡിനെയും വെള്ളത്തെയും വിഘടിപ്പിച്ച്, അവയിലെ ഓക്‌സിജനെ പുറന്തള്ളുന്നു. അതില്‍ ഏറെയും ജീവജാലങ്ങളിലെ ജീവന്‍ നിലനിര്‍ത്തുന്നു; ബാക്കി കാര്‍ബണും ഹൈഡ്രജനുമായി ചേര്‍ന്ന്, ഭക്ഷണത്തിനുള്ള അന്നജം ആയി മാറുന്നു. ശാസ്ത്രത്തെ ത്രസിപ്പിച്ച ഒന്നാണ് ഈ പ്രക്രിയ. അതിനു കാരണം, മരങ്ങളിലെയും ചെടികളിലെയും പുല്ലുകളിലെയും ജീവശക്തിയല്ലാതെ മറ്റെന്താണ്? മനുഷ്യനില്‍ അതിനെ നാം ആത്മാവ് എന്നു വിളിക്കുന്നു. 

ആദ്യ അധ്യായത്തില്‍ പറഞ്ഞ, ജെയിംസ് ചാഫിന്റെ കഥ, അതിന്, സാധാരണ വ്യക്തിയെപ്പോലെ പെരുമാറാനും കഴിയുമെന്നു തെളിയിക്കുന്നു. ആത്മാവ് ഒരു ഭൗതിക ശരീരത്തിലായിരിക്കേ അത് ആ ശരീരത്തെ ഒരു സാധാരണ മനുഷ്യനുവേണ്ട വിധം പ്രവര്‍ത്തിപ്പിക്കുന്നു. അത് ബുദ്ധിയെക്കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കുന്നു; മനസ്സിനെക്കൊണ്ട് ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുന്നു. കൃത്യസമയത്ത് ഇന്ദ്രിയങ്ങളെക്കൊണ്ട് അനുഭൂതികള്‍ സൃഷ്ടിക്കുന്നു. ഭൗതികശരീരം വിട്ട് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷവും, ജയിംസ് ചാഫിന്റെ ആത്മാവ്, ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക്, ഒരു രഹസ്യവിവരം പകര്‍ന്നുകൊടുത്തു. ജീവനു കാരണമായ ബോധം മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും മത്‌സ്യങ്ങളിലുമൊക്കെ ഒന്നാണെന്ന് പുരാതന മഹര്‍ഷിമാര്‍ ദര്‍ശിച്ചു. സൂര്യന്‍ ഗ്രഹമാണെന്നും എല്ലാ ഗ്രഹങ്ങളും സൂര്യനെപ്പോലുള്ള വസ്തുക്കളാണെന്നും അവര്‍ കണ്ടു. പല ഗ്രഹങ്ങള്‍ക്കും ഭൂമിയെപ്പോലുള്ള ഉപഗ്രഹങ്ങള്‍ ഉണ്ടാകാമെന്നും അവയിലെ ജീവന്‍ ഭൂമിയിലെ ജീവജാലങ്ങളിലെപ്പോലെതന്നെയാകാമെന്നും അവര്‍ നിഗമനത്തിലെത്തി. അതിനാല്‍, ജീവനു കാരണമായ ബോധം, സര്‍വവ്യാപിയും പ്രപഞ്ചത്തിലും, പ്രപഞ്ചത്തിനപ്പുറമുള്ള അതിരുകളില്ലാത്ത ആകാശത്തും നിറഞ്ഞിരിക്കുന്നുവെന്ന് അവര്‍ നിരൂപിച്ചു. അതില്‍നിന്നു പ്രസരിക്കുന്ന സൂക്ഷ്മകണികകളാണ് ആത്മാക്കള്‍. യുക്തിവാദികള്‍ പറയുംപോലെ, ബോധം അഥവാ ജീവന്‍, ശരീരത്തില്‍നിന്നുളവാകുന്ന ഊര്‍ജമോ ശക്തിയോ അല്ല. ഊര്‍ജത്തിലോ ബലത്തിലോ ഉള്ള ശക്തി ചോര്‍ന്നുപോകും. എന്നാല്‍, ജീവബോധത്തിലെ ഊര്‍ജം ചോരുന്നില്ല. ഒരു ജീവജാലത്തില്‍ അന്തര്‍ലീനമായ ബോധത്തിന്റെ ഓരോ കണികയും ശരീരത്തിലുടനീളം ബോധവും ചൈതന്യവും പ്രസരിപ്പിക്കുകയും ചോരാതെ നില്‍ക്കുകയും ചെയ്യുന്നു.
 ഒന്നാം അധ്യായത്തിലെ ജയിംസ് ചാഫിന്റെയും പ്രമോദിന്റെയും കഥകള്‍, ശരീരം വിട്ടശേഷവും, ജീവിതത്തില്‍നിന്നു ജീവിതങ്ങളില്‍, ജീവബോധം പരമവീര്യത്തോടെ നിലനില്‍ക്കുന്നതായി തെളിയിക്കുന്നു. ആത്മാവ് അഥവാ ബോധം, ഒരിക്കലും ചോരുന്നില്ല, ദുര്‍ബലപ്പെടുന്നില്ല, നശിക്കുന്നില്ല. അതിനാല്‍, ബോധം, കാലത്തില്‍ അനന്തമായി നില്‍ക്കുന്നുവെന്ന് മഹര്‍ഷിമാര്‍ കണ്ടു. സ്ഥലകാലങ്ങളില്‍ അനന്തമായി ബോധം നില്‍ക്കുന്നു. തടസ്സമില്ലാതെ, ഏതു വസ്തുവിലൂടെയും കടന്നുപോകാനുള്ള ശേഷി, ആത്മാവിനുണ്ട്. അടഞ്ഞ വാതില്‍, ഉറച്ച മതില്‍, വാര്‍ത്ത മേല്‍ക്കൂര, ലോഹപ്പലകകള്‍ തുടങ്ങിയവയിലൂടെ ആത്മാവിനു സഞ്ചരിക്കാമെന്ന് ഡോ. റെയ്മണ്ട് മൂഡി, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍, ഡോ. എലിസബത്ത് കുബ്‌ളര്‍-റോസ് തുടങ്ങിയവരെപ്പോലുള്ള ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പദാര്‍ത്ഥത്തിന്റെ ചെറിയ കണികയെങ്കിലുമുള്ള ഒന്നിനും (പ്രകാശം ഉദാഹരണം) ഇവയിലൂടെ കടക്കാനാവില്ല. അതിനാല്‍, ആത്മാവ് പദാര്‍ത്ഥരഹിതമാണ്. അതൊരു പദാര്‍ത്ഥരഹിത അസ്തിത്വമാണ്  

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 2

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ /രാമചന്ദ്രൻ 
അദ്ധ്യായം 2,ആത്മാവ് 
ജീവിക്കുന്ന എന്തിലും, തുടിക്കുന്ന ജീവനാണ് ആത്മാവ്. അതിലെജീവഘടകം അഥവാ, ജീവശക്തി. ജീവജാലങ്ങളില്‍ അത് സാധാരണമാണ്; പക്ഷേ, മായികവും. ആ ജീവനെയാണ് തത്വചിന്തകര്‍ ആത്മാവ് എന്നുവിളിക്കുന്നത്. മനുഷ്യന്‍ മാത്രമാണ്, ജീവിതത്തിന്റെയും മരണത്തിന്റെയും അദ്ഭുതങ്ങളെപ്പറ്റി അറിയാനുള്ള കൗതുകം കാണിക്കുന്നത്; അതൊരു മേന്മയാണ്. മനുഷ്യാനുഭവങ്ങളെപ്പറ്റി അറിയാനുള്ള കൗതുകവും ആദ്യകാല ചിന്തകരിലുണ്ടായിരുന്നു. അത്തരം വിസ്മയങ്ങളെപ്പറ്റി കൗതുകമുണ്ടായിരുന്ന പ്രാചീന ചിന്തകര്‍, ജീവജാലങ്ങളില്‍ പ്രകൃത്യായുള്ള അനുഭവങ്ങള്‍ നിരീക്ഷിക്കുകയും, അവയുടെ സ്വഭാവം, ഉറവിടം, കാരണം എന്നിവയെപ്പറ്റി അഗാധമായി ചിന്തിക്കുകയും ആത്മാവിന്റെ കഴിവുകളെപ്പറ്റി പരീക്ഷണങ്ങള്‍ നടത്തുകയും അതുവഴി, ആത്മാവിനെ സംബന്ധിച്ച പല രഹസ്യങ്ങളും കണ്ടെത്തുകയും ചെയ്തു.

 ആഹ്ളാദകരമെന്നു  പറയട്ടെ, ആധുനിക ശാസ്ത്രഗവേഷണങ്ങള്‍ അവയില്‍ പലതും സ്ഥിരീകരിക്കുകയുണ്ടായി. ആ ചിന്തകരില്‍ കൗതുകം ഉണര്‍ത്തിയ സ്വാഭാവിക വിശേഷങ്ങളിലൊന്ന്, സ്വപ്നാനുഭവങ്ങള്‍ ആയിരുന്നു. ഒരാള്‍ സ്വപ്നത്തില്‍, അപരിചിതമായ ലോകങ്ങളില്‍ സഞ്ചരിക്കുന്നതും അതുവരെ കാണാത്തവരെ കണ്ട് സംസാരിക്കുന്നതും അതുവരെ കേട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍, ഭീതിജനകമായ സംഭവങ്ങള്‍ക്ക് സാക്ഷികളാകുന്നതും അവരില്‍ അമ്പരപ്പുണ്ടാക്കി. ഒരാള്‍ സ്വന്തം വീട്ടിലെ കിടക്കയില്‍, സുഖകരമായി ഉറങ്ങുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. ഒരു കുഞ്ഞ്, ഉറക്കത്തില്‍ അത്യാഹ്ലാദത്തോടെ ചിരിക്കുമ്പോള്‍, അത്, സന്തുഷ്ടമായ അല്ലെങ്കില്‍, കൗതുകകരമായ എന്തെങ്കിലും കാണുകയായിരിക്കും. മുതിര്‍ന്ന ഒരാള്‍ സ്വപ്നത്തില്‍ അലറിയാല്‍, അയാള്‍, ഭീതിദമായ എന്തെങ്കിലും അനുഭവിക്കുകയായിരിക്കും. എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നത്? 

സ്വപ്നത്തില്‍, ബുദ്ധിപരമായി സംസാരിക്കുന്നുണ്ട്, സന്തോഷത്തോടെ ചിരിക്കുന്നുണ്ട്, പേടിയോടെ അലറുന്നുണ്ട്; അടുത്തുള്ളവര്‍ ചിലപ്പോള്‍ അത് കേള്‍ക്കുന്നുമുണ്ട്. ഈ അനുഭവങ്ങള്‍ കല്‍പിത ഭാവനകള്‍ അല്ല എന്നാണ് അതിനര്‍ത്ഥം. മനുഷ്യന്റെ ശാരീരിക ഇന്ദ്രിയങ്ങള്‍ അനുഭവിച്ചതല്ല ഇതെല്ലാം. എങ്കില്‍, ഈ അനുഭവങ്ങള്‍ എവിടന്നുണ്ടായി? കൂടുതല്‍ ചിന്തിക്കുന്തോറും, ചിന്തകള്‍ക്ക്, ഒരു ആന്തരിക അനുഭവസ്ഥന്റെ സാന്നിദ്ധ്യം ബോധ്യപ്പെട്ടു. അയാള്‍, ഇന്ദ്രിയങ്ങളില്‍നിന്നും ശരീരത്തില്‍നിന്നും വിഭിന്നനാണ്. അയാള്‍, ശരീരം ഉറങ്ങിക്കിടക്കുമ്പോഴും, ശരീരത്തില്‍ ഉണര്‍ന്നിരിക്കുകയാണ്. അങ്ങനെ ഒരാശയം ചിന്തകരില്‍ ഉണ്ടായപ്പോള്‍, ജീവിതത്തിലെ സ്വാഭാവിക അനുഭവങ്ങളിലും ആ ആന്തരിക അനുഭവസ്ഥന്റെ സാന്നിദ്ധ്യം അവര്‍ക്ക് തിരിച്ചറിയാനായി. കണ്ണുകള്‍ വസ്തുക്കളെ കാണുന്നു, ചെവികള്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നു, മൂക്ക് ഗന്ധങ്ങള്‍ അറിയുന്നു. ഭിന്ന അവയവങ്ങള്‍ ഭിന്ന അനുഭവങ്ങളെയാണ് പിടിച്ചെടുക്കുന്നത്. എന്നാല്‍ ആ അനുഭവങ്ങളെ അറിയുന്നത് ആ അവയവങ്ങള്‍ അല്ല, ശരീരത്തിനകത്തെ ഒരു ഏകകമാണ് എന്നതാണ് അനുഭവം. ശരീരത്തില്‍ എവിടെ എന്ത് സ്പന്ദനമുണ്ടായാലും, ഈ ഏകകം അതറിയുന്നു. ഈ ഏകകത്തെ അറിയാന്‍ ശ്രമിച്ച ചിന്തകര്‍ മനസ്സിലാക്കിയത്, സ്വപ്നങ്ങളെ അനുഭവിച്ച ആ ആളാണ് ഈ ഏകകം എന്നാണ്. നാഡിമിടിപ്പ്, ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ദഹനം, വൃക്കകളിലെ രക്തശുദ്ധീകരണം എന്നിവയെല്ലാം അഗാധ നിദ്രയിലും സംഭവിക്കുന്നുണ്ട്. ഈ ഏകകമാണ്, ആഹ്ലാദവും വേദനയും, സന്തോഷവും സന്താപവും രാഗദ്വേഷങ്ങളും സ്‌നേഹവും പകയും വികാരവിചാരങ്ങളും, ഉറക്കവും ഉണര്‍ച്ചയും എല്ലാം അനുഭവിക്കുന്നത്. ഈ ഏകകമാരെന്നറിയാന്‍, കൂടുതല്‍ ചുഴിഞ്ഞാലോചിക്കേണ്ടി വന്നില്ല. മനുഷ്യനിലെ വ്യക്തിയാണ് ഇതെന്ന് ചിന്തകര്‍ തിരിച്ചറിഞ്ഞു; ഭൗതികലോകവുമായുള്ള ബന്ധത്തിന് ആ വ്യക്തിക്കുള്ള ഉപകരണം മാത്രമാണ് ശരീരം. ആ ആന്തരിക അനുഭവസ്ഥനെ അവര്‍ 'ആത്മാവ്' അഥവാ 'ജീവന്‍' എന്നുവിളിച്ചു. ആത്മാവും ജീവനും ഒന്നാണ്. സംസ്‌കൃതത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും, അതിനെ ആത്മന്‍, ജീവ, പ്രാണ, ചൈതന്യംഎന്നൊക്കെ വിളിക്കുന്നു. വാചികമായി, ആത്മന്‍ എന്നാല്‍ അവനവന്‍. ഒരു മനുഷ്യനിലെ 'ഞാന്‍.' സാംഖ്യ ചിന്തകരും മറ്റു ചിലരും ഇതിനെ പുരുഷന്‍ എന്നു വിളിച്ചു. 
ആത്മാവ് ഒരു സ്പര്‍ശിനിയാണ്. വിവിധ ഇന്ദ്രിയങ്ങള്‍ വിവിധ അനുഭവങ്ങള്‍ പിടിച്ചെടുക്കുന്നുവെങ്കിലും, അവയെ ഒന്നിപ്പിച്ച് ഒറ്റ അനുഭവമായി അറിയുന്നത്, നമ്മുടെ ഉള്ളിലെ ഏകകമായ ആത്മാവ് ആണ്. ഒരു വസ്തുവിനെ കാണുമ്പോഴുള്ള അനുഭവം, 'ഞാന്‍ ഒരു വസ്തുവിനെ കാണുന്നു' എന്നതാണ്; 'എന്റെ കണ്ണുകളോ, മസ്തിഷ്‌കമോ, ശരീരമോ കാണുന്നു' എന്നതല്ല. 'എന്റെ കാതുകളല്ല, ഞാനാണ്' ശബ്ദം കേള്‍ക്കുന്നത്. എന്റെ വായല്ല, ഞാനാണു സംസാരിക്കുന്നത്. ഞാനാണ്, എന്റെ കാലുകളോ, ശരീരമോ അല്ല നടക്കുന്നത്. ഞാനാണ്, എന്റെ മനസ്സോ മസ്തിഷ്‌കമോ അല്ല ചിന്തിക്കുന്നത്. അപ്പോള്‍, ഇന്ദ്രിയാനുഭവങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഏകകമാണ് ആത്മാവ്; മസ്തിഷ്‌കമോ മനസ്സോ അല്ല. അതിനാല്‍, ആ വിശേഷത്തെയാണ്, ഉപനിഷത്തുക്കള്‍, ഒരാളിലെ ആത്മാവിന്റെ വിശേഷമായി കാണുന്നത്. ഐതരേയ ഉപനിഷത്തിലെ 3:1 വചനം ഇതു വെളിവാക്കുന്നു: ഏതാണ് ആത്മാവ്? ഇതാണോ? ഏതൊരാള്‍ കാരണമാണ് കാണുന്നത്, കേള്‍ക്കുന്നത്, രസങ്ങള്‍ അറിയുന്നത്, അവനാണോ?ഛാന്ദോഗ്യ ഉപനിഷത്ത് (8:12:4) ഇക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു: .... ഞാന്‍ ഇത് മണക്കുന്നു എന്നറിയുന്നത്, ആത്മാവ് മൂക്ക് മണക്കാന്‍ (വെറും ഉപകരണം) മാത്രം. ഞാന്‍ ഇത് സംസാരിക്കുന്നു എന്നറിയുന്നത്, ആത്മാവ് നാവ് സംസാരിക്കാന്‍ മാത്രം. ഞാന്‍ ഇത് കേള്‍ക്കുന്നു എന്നറിയുന്നത്, ആത്മാവ് കാത് കേള്‍ക്കാന്‍ മാത്രം.



ആത്മാവ് ശരീരഭിന്നം ശരീരം ക്ഷീണിതവും ദുര്‍ബലവും രോഗഗ്രസ്തവുമായിരിക്കുമ്പോള്‍, ആത്മാവിന് അങ്ങനെ തോന്നുന്നില്ല. അപ്പോള്‍, ആത്മാവ്, ശരീരത്തിന്റെ ഭാഗമല്ല. അത് തനതായ ഏകകമാണ്. ശരീരത്തില്‍ നിന്ന് ഭിന്നമാണ്. ശരീരത്തിനകത്ത്, ആത്മാവ്, വളരെ വര്‍ഷങ്ങള്‍ നിലനില്‍ക്കാം. അതുപോകുമ്പോള്‍, ശരീരം ജീര്‍ണിക്കാന്‍ തുടങ്ങുന്നു. ആത്മാവ്, ശരീരത്തില്‍ വീണ്ടും പ്രവേശിച്ചാല്‍, അതിന് ജീവന്‍ വയ്ക്കുന്നു. ബൈബിള്‍ പഴയനിയമത്തില്‍ പറയുന്നു:അനന്തരം ഏലിയാ മൂന്നു പ്രാവശ്യം കുട്ടിയുടെ മേല്‍ കമിഴ്ന്നുവീണ് ഇപ്രകാരം കര്‍ത്താവിനോട് നിലവിളിച്ചു: ''എന്റെ ദൈവമായ കര്‍ത്താവേ, ഈ കുട്ടിയുടെ പ്രാണന്‍ ഇവനിലേക്ക് മടങ്ങിവരട്ടെ.'' കര്‍ത്താവ് ഏലിയായുടെ സ്വരം ചെവിക്കൊണ്ടു. കുട്ടിയുടെ ആത്മാവ് അവനിലേക്ക് മടങ്ങിവന്നു. (1 രാജാക്കന്മാര്‍ 17:21,22). 
ചിത്രകേതു രാജാവിന്റെ മകന്‍ മരിച്ചപ്പോള്‍, രാജാവിനെ ആശ്വസിപ്പിക്കാന്‍ നാരദന്‍ എത്തിയ സന്ദര്‍ഭം ഭാഗവതം പറയുന്നു. അപേക്ഷ ചെവിക്കൊണ്ട്, ആത്മാവ് മകന്റെ ശരീരത്തില്‍ മടങ്ങിച്ചെന്നു. പുനര്‍ജീവിച്ച മകന്‍, രാജാവിനു മുന്നില്‍ ദീര്‍ഘ പ്രഭാഷണം നടത്തിയശേഷം, ആത്മാവ് വീണ്ടും ശരീരം വിട്ടകന്നു. ലൈഫ് ആഫ്റ്റര്‍ ലൈഫ് (79-83) പറയുന്നത്, അമേരിക്കയിലെ ആധുനിക ആശുപത്രികളില്‍, ജീവിതത്തിലേക്ക് മടങ്ങിയ രോഗികള്‍ വെളിപ്പെടുത്തിയത്, അവര്‍ പുനരുജ്ജീവിച്ചത്, ആത്മാവ് (മരിച്ച) ശരീരത്തില്‍ പുനഃപ്രവേശിച്ചപ്പോഴാണ് എന്നാണ്. ട്വന്റി കേസസ് സജസ്റ്റീവ് ഓഫ് റീഇന്‍കാര്‍നേഷന്‍ (Twety cases suggtseiv--e of Reincarnation- പുനര്‍ജന്മം സൂചിപ്പിക്കുന്ന 20 കേസുകള്‍) എന്ന പുസ്തകത്തില്‍ (34-52) മൂന്നരവയസ്സുള്ള ഒരാണ്‍കുട്ടി മരിച്ച് ഏതാനും മണിക്കൂറുകള്‍ക്കുശേഷം, കുറച്ചുദിവസം മുന്‍പ് മരിച്ച വിവാഹിതന്റെ ആത്മാവുമായി പുനരുജ്ജീവിച്ച സംഭവം വിവരിക്കുന്നു. പുതിയ ആത്മാവിന്റെ അഭിരുചികളും കഴിവുകളും ഓര്‍മകളും ആ കൂട്ടി പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതൊക്കെ കാണിക്കുന്നത്, ആത്മാവിന് ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും അവിടെ വസിക്കാന്‍ കഴിയുമെന്നും അവിടം വിട്ടുപോകാന്‍ കഴിയുമെന്നുമാണ്. ശരീരത്തില്‍നിന്ന് ഭിന്നമാണ് അത്; സ്വതന്ത്ര വ്യക്തിയെപ്പോലെയാണ് അതിന്റെ പെരുമാറ്റം.
 ആത്മാവ് അനശ്വരമാണ് ഡോ. റെയ്മണ്ട് മൂഡി, ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ എന്നിവര്‍ ശേഖരിച്ച തെളിവുകള്‍ കാണിക്കുന്നത്, ഒരാള്‍ മരിച്ചാല്‍, ആത്മാവ് സ്വതന്ത്രമായും അദൃശ്യമായും തുടരുന്നുവെന്നും അത് പില്‍ക്കാലം പുതിയ മനുഷ്യനായി ജനിക്കുന്നുവെന്നുമാണ്. ഇടവിട്ടിടവിട്ട് ഇത് സംഭവിച്ചുകൊണ്ടിരിക്കും. ആത്മാവ് അനശ്വരമാണെന്നും, അത് ചെറുതോ വലുതോ ആയ ഇടവേളകളില്‍ ജന്മംകൊള്ളുന്നുവെന്നും ഇതില്‍നിന്ന് വെളിവാകുന്നു. 
ആത്മാവ് ശരീരമായി മാറുന്നു ഇത് (ആത്മാവ്) സ്ത്രീയോ പുരുഷനോ ശിഖണ്ഡിയോ അല്ല. അത് സ്വയം സ്വീകരിക്കുന്ന ശരീരവുമായി താദാത്മ്യപ്പെടുന്നു. (ശ്വേതാശ്വതാര ഉപനിഷത് 5:10) ഒരാത്മാവ് ഒരു ശരീരത്തിലായിരിക്കേ, ആ ശരീരത്തിന്റെ രീതികളും വിശേഷങ്ങളുമാണ് സാധാരണ സ്വീകരിക്കാറ്. അത് പുരുഷനായിരിക്കേ, പുരുഷനെപ്പോലെ പെരുമാറുകയും യോനിയില്‍ ബീജാവാപം നടത്തുകയും ചെയ്യുന്നു. അത് സ്ത്രീയായിരിക്കേ, ഗര്‍ഭപാത്രത്തില്‍ ബീജം സ്വീകരിച്ച് ഗര്‍ഭവതിയാകുന്നു. അത് നപുംസകത്തിനുള്ളിലായിരിക്കേ, ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും കാമരഹിതമായി വര്‍ത്തിക്കുന്നു. ആത്മാവ് ഒരു ലളിതഘടകമാണ്; അത് എല്ലായിടത്തും, സര്‍വ ജീവജാലങ്ങളിലും ഒരുപോലെയാണ്. ഭിന്നരൂപങ്ങളില്‍, ഭിന്നശേഷികള്‍ കാട്ടുന്ന ഭിന്ന ഘടകങ്ങളുടെ സഞ്ചിതശേഖരമാണ് ശരീരം. ചിന്താശേഷി കൂടുന്തോറും, ശരീരം കൂടുതല്‍ വികസിച്ചതാകുന്നു. അഗാധവിചാരത്തിനുശേഷിയുള്ളതാണ് മനുഷ്യ സംവിധാനം; അത് ഒരുപാട് സംഗതികള്‍ കണ്ടുപിടിക്കാനും അതുവഴി പ്രകൃതിയെ കീഴ്‌പ്പെടുത്താനും മനുഷ്യന് ശേഷി നല്‍കി. ശരീരത്തിന്റെ വികസിത ശേഷി എന്തുമാകട്ടെ, അതില്‍ വസിക്കുന്ന ആത്മാവ്, സാധാരണയായി, ആ ശരീരത്തിന്റെ എല്ലാ കര്‍മത്തിലും ഭാഗഭാക്കാകുന്നു. ആത്മാവ്, ശരീരവുമായുള്ള താദാത്മ്യം കുറച്ചുകൊണ്ടുവരുമ്പോള്‍, അത് ആത്മീയമായി ഉയരുന്നു. അത് സംഭവിക്കുമ്പോള്‍, ആത്മാവിന് ശരീരവുമായുള്ള ബന്ധം ദുര്‍ബലപ്പെടുകയും, അത് ആത്മീയാന്വേഷണങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നു. 
ആത്മാവും മൂന്നവസ്ഥകളും ഇടക്കിടെ, ദിനംപ്രതിപോലും, ആത്മാവ് മൂന്നവസ്ഥകളില്‍ അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നുവെന്ന് മാണ്ഡൂക്യോപനിഷത് വിശദീകരിക്കുന്നു. ജാഗ്രദാവസ്ഥയില്‍, ആത്മാവ് കര്‍മനിരതമാണ്. അത് ഇന്ദ്രിയങ്ങള്‍ വഴി ഭൗതികവസ്തുക്കളുമായി ബന്ധപ്പെടുകയും മനോവിചാരങ്ങള്‍ വഴി സന്തോഷ സന്താപങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. നിദ്രാവസ്ഥയില്‍, ഭൗതിക വസ്തുക്കളുമായി ബന്ധമില്ല. ആഗ്രഹങ്ങള്‍ ഇല്ല. വേദനയോ ദുഃഖമോ ഇല്ല. അതിനാല്‍, ഇത്, ഒരു സമാധികാലമാണ്. ആത്മാവ്, പക്ഷേ, കര്‍നിരതമായിരിക്കുകയും, ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ദഹനം, വൃക്കകളിലെ ശുദ്ധീകരണം, ശരീരവികാസത്തിനുള്ള കോശ ചലനങ്ങള്‍ തുടങ്ങിയവയ്ക്ക് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. നിദ്രയില്‍, ആത്മാവ്, ചില ഘട്ടങ്ങളില്‍, സ്വപ്നാവസ്ഥയില്‍ (ഒരു തവണ 20 മിനുട്ടോളം) ആകാറുണ്ട്. മുജ്ജന്മങ്ങളിലെ ചില അനുഭവങ്ങള്‍ (സൂക്ഷ്മശരീര സ്പര്‍ശിനികള്‍ വഴി) അന്നത്തെ സന്തോഷം, സങ്കടം, തയ്യാറെടുപ്പ്, ഭയം എന്നിവയോടെ പുനരനുഭവിക്കാന്‍ വേണ്ടിയാണ് ഇത്. (ഉറക്കത്തിലെഴുന്നേറ്റു നടക്കുന്ന സ്വപ്നാടന വേളയില്‍, ആത്മാവ്, നടത്തം, വാതില്‍ തുറക്കല്‍, പടികള്‍ ഇറങ്ങല്‍, മണ്‍വെട്ടിയെടുത്ത് ചെടിക്കു ചുറ്റും മണ്ണുമാന്തല്‍ തുടങ്ങി പല പ്രവൃത്തികള്‍ക്കും വഴിവച്ചെന്നു വരാം). സ്വപ്നാവസ്ഥയില്‍ നിന്ന്, ആത്മാവ്, സുഷുപ്തിയിലേക്കോ ഉണര്‍ച്ചയിലേക്കോ പോകാം. ഈ അവസ്ഥകളില്‍ അങ്ങോട്ടുമിങ്ങോട്ടും ആത്മാവ് എങ്ങനെ മാറുന്നു എന്നത് ശാസ്ത്രത്തിന് പിടികിട്ടിയിട്ടില്ല; എന്നാല്‍, എല്ലാവരുടെയും ജീവിതത്തില്‍ ഇതു സംഭവിക്കുന്നുണ്ട് താനും. 
ആത്മാവിന് വലിപ്പമില്ല പിണ്ഡമില്ലാത്തതിനാല്‍, ആത്മാവ് ദൃശ്യമല്ല. കഠോപനിഷത് (2:20), ശരഭോപനിഷത്(18), ശ്വേതാശ്വതാര ഉപനിഷത് (3:20) തുടങ്ങിയവ, ആത്മാവിനെ, 'കണികയുടെ കണിക' (അണോരണീയന്‍/ആറ്റത്തിന്റെ ആറ്റം) എന്നു വിശേഷിപ്പിക്കുന്നു. ഒരു ഗ്രന്ഥശാലയില്‍ ചെന്ന്, പഴയൊരു പുസ്തകം തുറന്നു നാം വായിക്കെ, ഒരു തലനാരിഴയുടെ അണുപോലൊരു കീടം ആ താളില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ടാകാം. അതിന്റെ ശരീരത്തിനകത്ത് ഒരു ജീവനും ആത്മാവുമുണ്ട്. ഗര്‍ഭപാത്രത്തില്‍ നീന്തുന്ന ബീജത്തിനു ജീവനുണ്ടെന്നു ശാസ്ത്രം പറയുന്നു. അതിസൂക്ഷ്മമായതിനാല്‍, ആത്മാവിനെ പലപ്പോഴും, കണിക, ജീവ അല്ലെങ്കില്‍ ബിന്ദു എന്ന് സംസ്‌കൃതത്തില്‍ പറയും. തനിക്ക് ജീവന്‍ പോയപ്പോള്‍, തനിക്ക് 'സ്ഥലം' ഉണ്ടായിരുന്നില്ലെന്നും, ഒരു ബോധ ബിന്ദു മാത്രമായിരുന്നു താനെന്നും, പുനര്‍ജീവിച്ച ഒരു രോഗി ഓര്‍മിച്ചതായി ലൈഫ് ആഫ്റ്റര്‍ ലൈഫ് (42) രേഖപ്പെടുത്തുന്നു. ഒരു ബിന്ദു ഒരു സൂക്ഷ്മ അസ്തിത്വമാണ്; അതിന് അളവുകളില്ല. സത്യത്തില്‍, ആത്മാവ്, ഒരു കണികപോലും അല്ല: കാരണം അത് പദാര്‍ത്ഥരഹിതമാണ്.
 ആത്മാവ് എന്നാല്‍ ജീവചൈതന്യം മരിച്ച ആള്‍, കാണുന്നില്ലെന്നും കേള്‍ക്കുന്നില്ലെന്നും സ്പര്‍ശനമറിയുന്നില്ലെന്നും പ്രാചീന ചിന്തകര്‍ ശ്രദ്ധിച്ചു. മരണത്തിന്റെ ആ നിമിഷം വരെയും ഇന്ദ്രിയങ്ങള്‍ ജാഗ്രതയുള്ളതായിരിക്കുന്നതും അവര്‍ ശ്രദ്ധിച്ചു. പൊടുന്നനെ, അവയവങ്ങളെല്ലാം, ശേഷികളെല്ലാം, നിലയ്ക്കുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന അവയവങ്ങള്‍ ഒന്നിച്ച് ഒരു നിമിഷത്തില്‍ കേടായിപ്പോകുന്നത് അവരെ അമ്പരപ്പിച്ചു. ശരീരത്തിലെ അനുഭൂതികളെല്ലാം അറിഞ്ഞിരുന്ന ഒരേകകത്തിന്റെ വിടപറച്ചിലാണ് ആ അനുഭൂതികളെല്ലാം പൊടുന്നനെ ഒന്നിച്ച് നിലയ്ക്കാന്‍ കാരണമെന്ന് അവര്‍ ഊഹിച്ചു. അങ്ങനെ, ആത്മാവ് ശരീരത്തില്‍നിന്ന് വിടപറയുന്നതാണ് മരണമെന്ന് അവര്‍ കണ്ടു. ആത്മാവില്ലാത്ത ശരീരം, ജഡപദാര്‍ത്ഥങ്ങളുടെ സങ്കരം മാത്രമാണ്. ആത്മാവാണ് ശരീരത്തിന് ജീവന്‍ നല്‍കി അതിനെ ചലിപ്പിക്കുന്നത്. എല്ലാ ജീവജാലങ്ങളിലും ഇത്, ഇങ്ങനെയാണ്. അതിനാല്‍, ആത്മാവ്, ഒരു ജീവജാലത്തിലെ ജീവനത്വം അഥവാ ചൈതന്യമാണ്. (ഒരു കോഴിയുടെ തല വെട്ടിയാല്‍, അതിന്റെ ഉടല്‍ പലവട്ടം ആടുന്നത് അതില്‍ ജീവനുള്ളതുകൊണ്ടല്ല; അതിനുള്ളില്‍ ഊറിക്കൂടിയിരുന്ന ഊര്‍ജം കെട്ടുപോവുകയാണ്; ഒരു യന്ത്രത്തിലെ ചക്രം സ്വിച്ച് ഓഫ് ചെയ്ത ശേഷവും കുറച്ചുനേരം കറങ്ങുന്നതുപോലെ). ആത്മാവ്, ശരീരത്തെ ചലനാത്മകമാക്കുന്നു. അതിനെ പ്രവര്‍ത്തിപ്പിക്കുന്നു. ആത്മാവില്‍നിന്ന് ഉയരുന്ന തരംഗങ്ങള്‍, ശരീരാവയവങ്ങളിലേക്കു പ്രസരിച്ച്, അവയെ ജീവസുറ്റതാക്കുന്നു. ഇക്കാരണത്താലാണ്, ഇന്ദ്രിയങ്ങള്‍ ബോധകണികകള്‍ പോലെ പ്രവര്‍ത്തിച്ച്, സ്പന്ദനങ്ങള്‍ അറിഞ്ഞ്, കര്‍മനിരതമാകുന്നത്. ഇരുണ്ട ഒരു മുറിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിച്ച്, അവിടത്തെ വസ്തുക്കളെ പ്രകാശവത്താക്കുന്ന ഒരു കണ്ണാടിയോട് ഇതിനെ താരതമ്യം ചെയ്യാം. അനുഭൂതികളെല്ലാം അറിയുന്നത് ആത്മാവാണെന്നും, അതറിയാനുള്ള ആത്മാവിന്റെ ഉപകരണങ്ങള്‍ മാത്രമാണ് ഇന്ദ്രിയങ്ങളെന്നും ഛാന്ദോഗ്യോപനിഷത് പറയുന്നു. ആത്മാവിന്റെ പ്രചോദനത്താലാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബുദ്ധിയെ പ്രചോദിപ്പിക്കുന്ന വിചാരങ്ങള്‍ ഉണര്‍ത്തിവിടുന്നത് ആത്മാവാണ്. ആത്മാവില്‍ ഒരു വിചാരം ഉണ്ടാകുമ്പോള്‍ തന്നെ, അത്, ബുദ്ധി, മനസ്സ്, മസ്തിഷ്‌കം എന്നിവിടങ്ങളിലേക്കും ബന്ധപ്പെട്ട ഇന്ദ്രിയങ്ങളിലേക്കും പ്രസരിപ്പിച്ച്, അതൊരു പ്രവൃത്തിയായി തീരുന്നു. അങ്ങനെ, ഒരു ഉറവിട, പ്രചോദന കേന്ദ്രത്തെയാണ് സാമാന്യേന, ഒരു 'തത്വം' എന്നുപറയുന്നത്. അദൃശ്യമായ ഒരു തത്വം ആണ് ആത്മാവ്. ശരീരമോ ഇന്ദ്രിയമോ ഹൃദയമോ മസ്തിഷ്‌കമോ ഒന്നും ഒരു 'തത്വം' അല്ല. ശരീരത്തെ ചലനാത്മകമാക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന തത്വമാണ് ആത്മാവ്. അത്, ജീവതത്വമാണ്. സത്യത്തില്‍, എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ആത്മാവ്, ബോധം പ്രസരിപ്പിക്കുന്നു. അത്, അങ്ങനെ, ബോധതത്വമാകുന്നു.

Sunday, 16 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം1

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ
 പരിഭാഷ / രാമചന്ദ്രൻ
ത്മാവു വഴി മനുഷ്യന്‍ ഈശ്വരനോടു ചേരുന്നു; ശരീരംവഴി അവന്‍ മൃഗത്തോടും. ആത്മാവ്, മനുഷ്യനിലും മറ്റു ജീവജാലങ്ങളിലുമുള്ള ജീവതത്വത്തിന്റെ പര്യായമാകുന്നു. ശരീരത്തിലായിരിക്കുമ്പോള്‍ അതിനെ ജീവന്‍ എന്നുപറയുന്നു: കാലഭേദമില്ലാതെ അതിനെ ആത്മാവ് എന്നു വിളിക്കുന്നു. ആത്മാവിന് മരണമില്ല എന്നും അത് ഒരു ജീവജാലത്തില്‍ ഇടക്കിടെ ജീവന്റെ വേഷമിടുന്നു എന്നും മനുഷ്യര്‍ വിശ്വസിക്കുന്നു. ശരീരം മരിച്ചശേഷവും ആത്മാവ് നിലനില്‍ക്കുന്നുവെന്ന് അമേരിക്കക്കാരില്‍ മൂന്നില്‍ രണ്ടും വിശ്വസിക്കുന്നതായി 1982 ലെ ഒരഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുകയുണ്ടായി.

ആത്മാവ്, മരണത്തിനുശേഷം നിലനില്‍ക്കുന്നുവെങ്കില്‍, ജനനത്തിന് മുന്‍പും നിലനിന്നിരിക്കണം. ആത്മാവിനെപ്പറ്റിയുള്ള അന്വേഷണത്തിനായി മുന്നില്‍ കാണുന്നത് വിശാലമായൊരു മേഖലയാണ്. അതേപ്പറ്റിയുള്ള വിനയപൂര്‍ണമായ ഒരന്വേഷണമാണ് ഈ പുസ്തകം. നാലു ഭാഗങ്ങളാണ് ഇതിലുള്ളത്. ആദ്യഭാഗം ആത്മാവിനെ വിവരിക്കുകയും അതിന്റെ ഉറവിടം ബോധം അഥവാ ജീവശക്തിയുടെ പ്രാപഞ്ചിക സത്തയാണെന്നു കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ സംസ്‌കൃതത്തില്‍ ബ്രഹ്മന്‍ എന്നും ഇംഗ്ലീഷില്‍ ഈശ്വരന്‍ (God) എന്നും വിളിക്കുന്നു. ഒന്നാംഭാഗം ബോധം, ബ്രഹ്മന്‍ എന്നിവയെ ലളിതമായി വിവരിക്കുന്നു. രണ്ടാം ഭാഗമാകട്ടെ, ബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ തുടങ്ങിയവയാല്‍ ഉണ്ടാക്കപ്പെട്ട ആത്മാവിന്റെ പദാര്‍ത്ഥരഹിത വലയമായ ആത്മീയ ശരീരത്തെ വര്‍ണിക്കുന്നു. ബുദ്ധിയെയും മനസ്സിനെയുംപോലെ ലളിതമാണ് സൂക്ഷ്‌മേന്ദ്രിയങ്ങളുടെ അസ്തിത്വമെന്ന് കാണിക്കുകയാണ്. വൈദ്യുത തരംഗങ്ങളും റേഡിയോ തരംഗങ്ങളും നമ്മുടെ വിചാരങ്ങള്‍ ഫോണ്‍ വഴി ലോകത്തിന്റെ മറുഭാഗത്തെ മനുഷ്യരിലെത്തിക്കുന്നതുപോലെ ഭൗതികശരീരത്തിലെ തരംഗങ്ങള്‍ എല്ലാ അനുഭൂതികളെയും പ്രവൃത്തികളെയും അനുഭവങ്ങളെയും വിനിമയം ചെയ്യുന്നു. മൂന്നാംഭാഗം നമ്മുടെ വര്‍ത്തമാനകാലജീവിതത്തില്‍ പൂര്‍വകര്‍മങ്ങള്‍ക്കുള്ള സ്വാധീനം വെളിവാക്കുന്നു. ആത്മീയശരീരത്തില്‍ കുടികൊള്ളുന്ന പൂര്‍വകര്‍മ ബോധത്തില്‍നിന്നാണ് വര്‍ത്തമാനകാല കര്‍മങ്ങളുടെ അടിസ്ഥാന ചോദനകള്‍ ഉടലെടുക്കുന്നതെന്ന് വേദങ്ങള്‍ ഉറപ്പിച്ചുപറയുന്നു. നാലാംഭാഗം ഈശ്വരനെ പ്രപഞ്ചത്തിന്റെയും അതിലെ ജീവന്റെയും മുഖ്യവിധാതാവായി വെളിവാക്കുന്നു. ഈശ്വരനും മനുഷ്യനും തമ്മിലുള്ള ബന്ധവും ഇതില്‍ വരുന്നു. ആധുനിക മനസ്സിനെ തൃപ്തിപ്പെടുത്താന്‍, ശാസ്ത്രീയമായാണ് ഈ വിഷയങ്ങളെല്ലാം വിവരിച്ചിരിക്കുന്നത്; ഉപനിഷത്തുക്കള്‍, ബൈബിള്‍, ഫിലോകാലിയ, ഖുര്‍ ആന്‍ എന്നിവയിലെ വചനങ്ങളുടെയെല്ലാം ലയം കൃത്യമായി ഇവിടെ അനാവരണം ചെയ്യുന്നു. അന്വേഷികളെ സഹായിക്കാനായി വിശദമായ ഉദ്ധരണികള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.








ഭാഗം 1, ആത്മാവ്, അധ്യായം 1
ആധുനിക ഗവേഷണങ്ങള്‍
ചിന്തിക്കുന്ന മനുഷ്യര്‍, എക്കാലവും എല്ലായിടത്തും, ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യങ്ങളെപ്പറ്റി കൗതുകമുള്ളവരായിരുന്നു. അവര്‍ തുടങ്ങിയ അന്വേഷണങ്ങള്‍ ഇപ്പോഴും, പ്രത്യേകിച്ച് പാശ്ചാത്യര്‍, തുടരുകയാണ്. മരണത്തിന്റെ രഹസ്യങ്ങള്‍ അറിയാനാഗ്രഹിച്ച ആദ്യകാല ചിന്തകരില്‍ പലരും മനുഷ്യന്‍ ഭൗതികശരീരത്തിന്റെയും അവര്‍ ആത്മാവ് എന്നുവിളിച്ച അരൂപിയുടെയും സംഗമമാണെന്ന നിഗമനത്തിലെത്തിയിരുന്നു. ആത്മാവ് ശരീരത്തില്‍ നില്‍ക്കുന്നതാണ് ജീവിതം; അത് ശരീരം വിടുന്നതാണ് മരണം. ഒരു യഥാര്‍ത്ഥ വ്യക്തിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജീവഘടകമാണ് ആത്മാവെന്നും മനുഷ്യനിലെ യഥാര്‍ത്ഥ വ്യക്തി അതാണെന്നും മഹര്‍ഷിമാര്‍ തിരിച്ചറിഞ്ഞു. എന്നാല്‍, യുക്തിവാദികള്‍ മനുഷ്യനില്‍ അദൃശ്യമായ ഒരാത്മാവുണ്ടെന്ന് വിശ്വസിച്ചില്ല. ശരീരത്തിന്റെ പ്രവര്‍ത്തനത്തിനായി നിരന്തരമായി ഉണ്ടാകുന്നതും നിലനിര്‍ത്തപ്പെടുന്നതുമായ ഊര്‍ജം മാത്രമാണ് മനുഷ്യന്‍, അവന്റെ ശരീരത്തിലും ജീവനിലുമെന്ന് അവര്‍ വാദിച്ചു. 1960 വരെ വൈദ്യശാസ്ത്രവും പറഞ്ഞിരുന്നത്, ഭൗതികശരീരം, ഒരു പൂര്‍ണ, പ്രവര്‍ത്തനക്ഷമമായ ഘടകമാണ് എന്നാണ്. അത് ആഹാരത്തില്‍നിന്ന് ഊര്‍ജം ശേഖരിച്ച് സൂക്ഷിച്ച്, വിവിധ പ്രവൃത്തികള്‍ക്കായി അവയവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. ശരീരത്തിനെ ചലനാത്മകമാക്കാനോ പ്രവര്‍ത്തിപ്പിക്കാനോ ആത്മാവ് പോലെ ഒരു ബാഹ്യഘടകവും ഇല്ല.

എന്നാല്‍, എക്കാലവും മനുഷ്യര്‍ക്കിടയിലെ ഭൂരിപക്ഷവും ഋഷിവര്യന്മാരുടെ ഉദ്‌ബോധനങ്ങള്‍ സ്വീകരിച്ച് അവരിലാരെങ്കിലും സ്ഥാപിച്ച മതത്തിലും ജീവനുള്ള ഏത് വ്യക്തിയിലും അദൃശ്യമായ ആത്മാവിലും വിശ്വസിച്ചുപോന്നു. ശരീരം മരിച്ചാലും അത് നിലനില്‍ക്കുന്നുവെന്നും അവര്‍ വിശ്വസിച്ചു. സമീപകാലത്ത്, പടിഞ്ഞാറുള്ള ശാസ്ത്രജ്ഞര്‍, ആത്മാവിനെ സംബന്ധിച്ച സത്യം അറിയാന്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുണ്ട്. രൂപംകൊണ്ട് തിരിച്ചറിയാനാവുന്ന പരേതാത്മാക്കള്‍ പ്രേതരൂപങ്ങളായി കാണപ്പെടുന്നതിനെപ്പറ്റിയുള്ള അന്വേഷണങ്ങളിലാണ് ആത്മാവിന്റെ അസ്തിത്വത്തെപ്പറ്റി കൃത്യമായ ഗവേഷണങ്ങള്‍ ആരംഭിച്ചത്. പുരാണങ്ങളില്‍ തന്നെ ഇത്തരം പ്രേതാത്മാക്കള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ധ്യാത്മ രാമായണത്തില്‍ (6:7:26-27) ഹനുമാന് ഒരു പ്രേതം പ്രത്യക്ഷപ്പെട്ട് തന്റെ അടിയന്തര ദൗത്യം വൈകിപ്പിക്കാന്‍ ഗൂഢപദ്ധതിയുള്ളതായി മുന്നറിയിപ്പു നല്‍കുന്നു. ശമുവേല്‍ ചക്രവര്‍ത്തിയുടെ പ്രേതം ശൗല്‍ ചക്രവര്‍ത്തിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടതായി ബൈബിള്‍ (1 സങ്കീര്‍ത്തനം 28:14-19) പറയുന്നു. പ്രവാചകരായ മോശയും ഏലിയായും മരിച്ച് നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ രൂപങ്ങള്‍ യേശുവിന് മുന്‍പാകെ അവന്റെ അന്ത്യം പ്രവചിക്കാന്‍ എത്തുന്നുവെന്ന് ബൈബിളില്‍ പറയുന്നു (ലൂക്കോസ് 9:30,31). എന്നാല്‍, മധ്യകാലഘട്ടത്തില്‍ പ്രേതങ്ങളെപ്പറ്റി പൊതുവേ അവിശ്വാസമായിരുന്നതിനാല്‍ ഇത്തരം അനുഭവങ്ങളെ പരിഹസിക്കുകയാണുണ്ടായത്. ഇംഗ്ലണ്ടിന്റെ ചാന്‍സലര്‍ ബ്രൂഹാം പ്രഭുവിനെപ്പോലുള്ളവര്‍ അവരുടെ പ്രേതാനുഭവങ്ങള്‍ വിവരിച്ചപ്പോഴാണ് ഈ പരിഹാസത്തിന്റെ മുനയൊടിഞ്ഞത്. (1)

അന്നുമുതല്‍, മരണത്തിന്റെ വക്കത്തുനിന്ന് രക്ഷപ്പെട്ടവര്‍ പരേതരായ ബന്ധുക്കളുടെ പ്രേതങ്ങളെ കാണുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ വരാന്‍ തുടങ്ങി. പ്രേതങ്ങളെപ്പോലുള്ള പ്രതിഭാസങ്ങളില്‍ 1880 ആയപ്പോഴേക്കും ചില ഇംഗ്ലീഷ് ശാസ്ത്രജ്ഞരും തത്വചിന്തകരും താല്‍പര്യം കാട്ടി. പത്രങ്ങളില്‍ പ്രേതങ്ങളെപ്പറ്റി വരുന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ ശേഖരിച്ചു. ഫെബ്രുവരിയില്‍ അവര്‍ ലണ്ടനില്‍ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (എസ്പിആര്‍) ആരംഭിച്ച് ക്രമമായുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ പ്രധാന സ്ഥാപകരും അന്വേഷകരുമായ ഗര്‍ണി, മേയേഴ്‌സ് എന്നിവര്‍ പ്രേതാനുഭവമുള്ള നിരവധിയാളുകളെ പരിശോധിച്ച് അവരുടെ സാക്ഷ്യങ്ങള്‍ അപഗ്രഥിച്ച് ഇവ 'ജീവിച്ചിരിക്കുന്നവരുടെ പ്രേതാനുഭവങ്ങള്‍ (Phantasms of the Living) എന്ന പേരില്‍ 1886 ല്‍ പ്രസിദ്ധീകരിച്ചു. അതില്‍ ഗര്‍ണി പറഞ്ഞത്, ഒരു പ്രേതാനുഭവമുണ്ടാകുന്നത് പരേതാത്മാവില്‍നിന്നുള്ള ടെലിപ്പതി വഴിയുള്ള ആശയവിനിമയവും സ്വീകര്‍ത്താവിന്റെ മാനസിക സൃഷ്ടിയും ചേരുമ്പോഴാണ് എന്നാണ്. എന്നാല്‍ മേയേഴ്‌സ് പറഞ്ഞത്, പരേതാത്മാവ് സംഭവസ്ഥലത്തുവന്ന് ചില സവിശേഷ സ്പന്ദങ്ങള്‍ ഉളവാക്കിയപ്പോള്‍, അത് സ്വീകര്‍ത്താവില്‍ പ്രേതാനുഭവമുണ്ടാക്കിയെന്നും അയാളുടെ മഹസ്സിന്റെ സൂക്ഷ്മഭാവം അതിനു കാരണമായി എന്നുമാണ്. കുറച്ചുകഴിഞ്ഞ് ഗര്‍ണി തന്നെ രണ്ടു പ്രേതാനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ സ്വീകര്‍ത്താവ് കണ്ട ആദ്യപ്രേതത്തിന് രണ്ടാം കാഴ്ചയില്‍ താടിവളര്‍ന്നിരുന്നു.(2)

ഈ സംഭവങ്ങള്‍ സ്വീകര്‍ത്താവിന്റെ മനഃസൃഷ്ടി എന്ന ഗര്‍ണിയുടെ സങ്കല്‍പത്തെ നിരാകരിച്ചു. രണ്ടു ഗവേഷകരും, മനുഷ്യരുടെ ശാരീരിക മരണത്തിനുശേഷം ആത്മാവ് ജീവിക്കുന്നുണ്ടെന്നും അവതാരമൊഴിഞ്ഞ ആത്മാക്കള്‍ക്ക് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ എത്താന്‍ കഴിവുണ്ടെന്നും കണ്ടെത്തി.പ്രൊസീഡിംഗ്‌സ് ഓഫ് ദ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (1927, വാല്യം 36, പേജ് 517-24) പ്രേതാനുഭവത്തിന്റെ മികവാര്‍ന്ന ഒരു ചിത്രം നല്‍കുന്നു. 1905 നവംബര്‍ 16 ന് നോര്‍ത് കരോലിനയിലെ കര്‍ഷകനായ ജെയിംസ് എല്‍. ചാഫിന്‍ തന്റെ മൂന്നാമത്തെ മകന് എല്ലാ സ്വത്തും നല്‍കുന്ന വില്‍പത്രം റജിസ്റ്റര്‍ ചെയ്തു. അതുകഴിഞ്ഞ്, 1919 ജനുവരി 16 ന് അദ്ദേഹം സ്വത്തുക്കള്‍ നാലുമക്കള്‍ക്കുമായി ഒരുപോലെ വീതിക്കുന്ന മറ്റൊരു വില്‍പത്രം എഴുതി രഹസ്യമായി സൂക്ഷിച്ചു. നോര്‍ത് കരോലിനയിലെ ചട്ടമനുസരിച്ച്, ഒരാള്‍ സ്വന്തം കയ്പടയില്‍ എഴുതിയ വില്‍പത്രത്തിനാണ്, അത് റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍പോലും, സാധുത. രണ്ടാമത്തെ വില്‍പത്രമുള്ളതായി അത് എഴുതിയ ആള്‍ക്കല്ലാതെ മറ്റാര്‍ക്കും വിവരമുണ്ടായിരുന്നില്ല. 1921 സെപ്തംബര്‍ ഏഴിന് ചാഫിന്‍ ഒരപകടത്തില്‍ മരിച്ചു. സെപ്തംബര്‍ 24 ന് ഒരു തര്‍ക്കവുമില്ലാതെ മൂന്നാമത്തെ മകന് ആദ്യ വില്‍പത്രപ്രകാരമുള്ള അവകാശ പത്രം കിട്ടി. നാലുവര്‍ഷം കഴിഞ്ഞ് 1925 ജൂണില്‍ ചാഫിന്റെ രണ്ടാമത്തെ മകന് കിടക്കക്കരികില്‍, പിതാവിന്റെ കൃത്യമായ സ്വപ്നദര്‍ശനങ്ങള്‍ കിട്ടാന്‍ തുടങ്ങി. ആ മാസാവസാനം രണ്ടാമത്തെ വില്‍പത്രം എങ്ങനെ കണ്ടെത്താനാകുമെന്ന് പ്രേതം ദര്‍ശനത്തില്‍ മകനോട് വെളിപ്പെടുത്തി. തന്റെ ഓവര്‍കോട്ടിന്റെ അകത്തെ കീശയിലെ രഹസ്യ അറയില്‍ അതിന്റെ സൂചനയുണ്ടെന്നാണ് പ്രേതം പറഞ്ഞത്. ഇതേതുടര്‍ന്ന്, രണ്ടാമത്തെ മകന്‍ അമ്മയോടും മറ്റുള്ളവരോടുമൊപ്പം നീണ്ട തെരച്ചില്‍ നടത്തി രണ്ടാം വില്‍പത്രം കണ്ടെടുത്തു. സൂചനയില്‍ പറഞ്ഞപോലെ, മൂത്തസഹോദരന്റെ വീട്ടിലെ പഴയ മര അലമാരയ്ക്കകത്താണ്, വില്‍പത്രമുള്ള ബൈബിള്‍ കണ്ടത്. 1925 ഡിസംബറില്‍ മേല്‍കോടതി ആദ്യവില്‍പത്രം റദ്ദാക്കി രണ്ടാം വില്‍പത്രം സാധുവാക്കി. ഈ സംഭവത്തില്‍, പ്രേതം സ്വപ്നങ്ങളില്‍ നല്‍കിയ വിവരം സ്വീകര്‍ത്താവിന്റെ ഭാവനയാകാന്‍ വഴിയില്ല. ഈ സംഭവം, മരണശേഷവും ആത്മാവ് നിലനില്‍ക്കുന്നുണ്ടെന്നും ഇതിന് പ്രത്യക്ഷത്തില്‍ വരാനും സാധാരണക്കാരനെപ്പോലെ ആശയവിനിമയം നടത്താന്‍ കഴിയുമെന്നും തെളിയിച്ചു.

ഡബ്‌ളിനിലെ റോയല്‍ കോളജ് ഓഫ് സയന്‍സില്‍ പ്രൊഫസറായിരുന്ന സര്‍ വില്യം ബാട്രറ്റ് എഴുതിയ ഡെത്ത് ബെഡ് വിഷന്‍, മരണക്കിടക്കയിലുള്ളവരുടെ പ്രേത ദര്‍ശനങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ വിശദീകരിക്കുന്നു. 1924 ജനുവരി 12 ന് ബാരെറ്റിന്റെ ഉദര ശസ്ത്രക്രിയാ സര്‍ജനായ ഭാര്യ, പ്രസവശേഷം രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച മിസിസ് ഡോറിസിനടുത്തു നില്‍ക്കുകയായിരുന്നു. പൊടുന്നനെ ഡോറിസിന്റെ മുഖം പ്രകാശമാനമാവുകയും, 'മുറിയില്‍ ഒരിടത്ത് സുന്ദരമായ രൂപത്തെ കാണുന്നില്ലേ' എന്നു ചോദിക്കുകയും ചെയ്തു. മിസിസ് ഡോറിസ് ആ ഭാഗത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി, അത് തന്റെ (പരേതനായ)പിതാവാണെന്ന് പറഞ്ഞു. മിസിസ് ബാരെറ്റിന് രൂപത്തെ കാണാനായില്ല. തുടര്‍ന്ന്, പിതാവിനൊപ്പം തന്റെ സഹോദരിയുടെ രൂപത്തെ കൂടി രോഗിണി ദര്‍ശിച്ചു. മൂന്നാഴ്ച മുന്‍പ് സഹോദരി മരിച്ചെങ്കിലും, മിസിസ് ഡോറിസിന്റെ അസുഖം നിമിത്തം അവരെ വിവരം അറിയിച്ചിരുന്നില്ല. ഈ കാഴ്ചകള്‍ക്കുശേഷം മിസിസ് ഡോറിസ് മരിച്ചു. ബാരെറ്റിന്റെ ഭാര്യ വീട്ടിലെത്തി നടന്ന സംഭവങ്ങള്‍ വിസ്മയത്തോടെ ഭര്‍ത്താവിനോട് വിവരിച്ചു. രോഗിണിയുടെ മുഖത്ത് കണ്ട യഥാര്‍ത്ഥ പ്രതീതി ഗംഭീരമായിരുന്നുവെന്ന് മിസിസ് ബാരെറ്റ് ഓര്‍മിച്ചു. മിസിസ് ഡോറിസ് സഹോദരിയുടെ പ്രേതത്തെ കണ്ട സംഭവത്തില്‍ വിസ്മയം പൂണ്ട ബാരെറ്റ് മരണക്കിടക്കയിലുള്ളവരുടെ പ്രേത ദര്‍ശനങ്ങളെപ്പറ്റി ഗവേഷണം ആരംഭിച്ചു. മരിക്കുന്നവര്‍ മുന്‍പേ മരിച്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രേതങ്ങളെ കാണുന്നുണ്ടെന്നും അവ മരിക്കുന്നയാളെ അടുത്ത ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കണ്ടെത്തി. ഈ പ്രേതദര്‍ശനങ്ങള്‍, ആത്മാവിന്റെ മരണശേഷമുള്ള തുടര്‍ച്ച സത്യമാണെന്നും സാധാരണനിലയില്‍ അദൃശ്യമായ ആത്മാവ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മുന്‍പാകെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും വെളിവാക്കുന്നു. ആത്മാക്കള്‍ യാഥാര്‍ത്ഥ്യങ്ങളാണ്. ന്യൂയോര്‍ക്കില്‍ 1885 ല്‍ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ച് (എഎസ്പിആര്‍) രൂപീകരിച്ചു. ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ആത്മാവിനെപ്പറ്റി പഠിക്കാന്‍ ഇത്തരം സംഘടനകള്‍ പല നഗരങ്ങളിലും രൂപംകൊണ്ടു. അമേരിക്കയില്‍ 1960 ആകുമ്പോഴേക്കും ആത്മാവിന്റെ അതിജീവനത്തെപ്പറ്റി പഠിക്കാന്‍ പലരും ഫണ്ടുകള്‍ ഏര്‍പ്പെടുത്തിയത് ജനത്തിന് ഇക്കാര്യത്തിലുള്ള ഉത്സാഹം വെളിവാക്കി. വിഷയത്തിന്റെ ഭിന്നവശങ്ങളെപ്പറ്റി വിദഗ്ദ്ധ ശാസ്ത്രജ്ഞര്‍ അന്വേഷണങ്ങള്‍ തുടങ്ങി. അവരില്‍ ചിലര്‍ ഇവരാണ്: ഡോ.ഓസിസ്- പാരാ സൈക്കോളജി ഫൗണ്ടേഷന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ഇദ്ദേഹം എഎസ്പിആറില്‍ ചേര്‍ന്ന് മരണക്കിടക്കയിലുള്ളവരുടെ പ്രേതക്കാഴ്ചകള്‍ പഠിച്ചു. കുട്ടികളുടെ മുജ്ജന്മ സ്മരണകള്‍ വിര്‍ജീനിയ സര്‍വകലാശാലയിലെ മെഡിക്കല്‍ പ്രൊഫസര്‍ ഡോ. ഇയാന്‍ സ്റ്റീവന്‍സണ്‍ പഠനവിധേയമാക്കി. വിര്‍ജീനിയ സര്‍വകലാശാലയില്‍ സൈക്കാട്രിസ്റ്റായ ഡോ.റെയ്മണ്ട് മൂഡി ആശുപത്രികളില്‍ കൃത്രിമ ശ്വാസോച്ഛ്വാസം വഴി രക്ഷപ്പെട്ട രോഗികളുടെ മരണാനുഭവങ്ങള്‍ പഠിച്ചു.


1. The Life and Times of Henry Lord Brougham/1871, Vol . 1, page 146-48.

2. Proceedings of SPR 1888-89. page 412-415

മാധവൻ നായരുടെ ആത്മാവ്

ട്ടില്‍ എസ്റ്റേറ്റ് കേസ് നടക്കുന്ന കാലം. മാനുവല്‍ പൈകട വക്കീല്‍ കേസ് നടത്തുന്നു. കേസ് വാദിക്കുന്നത്, ജസ്റ്റിസ് മാധവന്‍ നായരുടെ മുന്നിലാണ്. ഇരുവരും അയല്‍ക്കാരാണ്. ഒരു വാദത്തിന് തലേന്ന്, പൈകട വക്കീലിന്റെ ഭാര്യ, മാധവന്‍ നായരുടെ ഭാര്യ പാറുക്കുട്ടിയോട് കേസിനെപ്പറ്റി പറഞ്ഞു.
രാവിലെ കോടതിയില്‍ മാധവന്‍ നായര്‍ വക്കീലിനോട് ചോദിച്ചു: നമ്മുടെ ഭാര്യമാര്‍ കൂട്ടുകാരികളാണ്; പക്ഷേ, അവരെന്തിനാണ് കേസിന്റെ കാര്യം സംസാരിക്കുന്നത്?
അപ്പോള്‍ തന്നെ, മാധവന്‍ നായര്‍ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞതായി, ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജഗദീശ് ചന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നു; നീതിയില്‍നിന്ന്, മൂല്യങ്ങളില്‍നിന്ന് മാധവന്‍ നായര്‍ അണുവിട മാറിയില്ല.
പത്തുകൊല്ലം, 1960 ജൂണ്‍ 22 മുതല്‍, 1970 നവംബര്‍ ഒന്നുവരെയാണ്, മാധവന്‍ നായര്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നത്.
ആ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം, ഹൈക്കോടതിയിലെ വിപുലമായ ലൈബ്രറി കൂടി ഉപയോഗപ്പെടുത്തിയും സംസ്‌കൃതം പഠിച്ചുമാണ്, മാധവന്‍ നായര്‍ ഈ പുസ്തകം,All about Soul, എഴുതിയത്.
മാധവൻ നായർ,പാറുക്കുട്ടി 'അമ്മ,മക്കൾ മധു,കൃഷ്ണ കുമാർ ,ഗോപ കുമാർ 
തക്കല കാഞ്ഞിരോട് വലിയ വീട്ടില്‍ മാധവന്‍ പിള്ളയുടെയും പൈങ്കുളം ഗൗരി പിള്ളയുടെയും മകനായിരുന്നു, മാധവന്‍ നായര്‍. 1908 നവംബര്‍ ഒന്നിന് ജനിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായിരുന്ന കെ.എം.ബാലശങ്കരന്‍ നായര്‍, അനുജന്‍. കൃഷിക്കാരനായ മാധവന്‍ പിള്ളയ്ക്ക് രണ്ട് ആണ്‍മക്കളേ ഉണ്ടായിരുന്നുള്ളൂ. തക്കലയിലും നാഗര്‍കോവിലിലും സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്, തിരുവനന്തപുരം ലോ കോളജിലാണ്, മാധവന്‍ നായര്‍ പഠിച്ചത്; ഗണിതത്തിലായിരുന്നു ബിരുദം. ലോ കോളജില്‍ പഠിപ്പിച്ചുകൊണ്ട്, വക്കീല്‍ പണിയില്‍ ഏര്‍പ്പെട്ടു. മാധവന്‍ നായര്‍, പുരാതന നിയമങ്ങളെപ്പറ്റി തയ്യാറാക്കിയ കുറിപ്പുകളില്‍നിന്ന് പില്‍ക്കാലത്ത്, ഗൈഡുകള്‍ ഉണ്ടായി.
തിരുവനന്തപുരത്ത് വിശ്വനാഥയ്യരുടെ ജൂനിയറായിരുന്നു; തൈക്കാട് സുബ്രഹ്മണ്യയ്യര്‍, കെ.എസ്.പരിപൂര്‍ണന്‍ എന്നിവരുമായി സൗഹൃദത്തിലായിരുന്നു. തന്നെക്കാള്‍ പതിനഞ്ചുവയസിന് ഇളയതായ, വഴുതക്കാട് പള്ളിവിളാകത്ത് രാമന്‍പിള്ളയുടെ മകള്‍ പാറുക്കുട്ടിയെ 28-ാം വയസ്സില്‍ വിവാഹം ചെയ്തു. എന്നുവച്ചാല്‍, പാറുക്കുട്ടിക്ക് അന്ന് 14 വയസ്. 1923 ജനുവരി ഏഴാണ് അവരുടെ ജനനത്തീയതി. രാമന്‍ പിള്ളയ്ക്ക് ചാലയില്‍ തടിക്കച്ചവടമായിരുന്നു.
തിരു-കൊച്ചി സംയോജനം നടന്നപ്പോള്‍, മാധവന്‍ നായര്‍ കൊച്ചിയിലെത്തി. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ട്, ലോകോളജില്‍ പഠിപ്പിച്ചു. സിവില്‍ കേസുകളാണ് പ്രധാനമായും നടത്തിയത്. മാധവന്‍ നായരുടെ വിധികള്‍, സുപ്രീംകോടതി അപ്പീലില്‍, ഒരിക്കലും തള്ളപ്പെട്ടിട്ടില്ല.
തിരുവനന്തപുരത്ത് മേയര്‍ ബാലകൃഷ്ണന്‍ നായരുടെയും, കൊച്ചിയില്‍ എ.എം.എന്‍. ചാക്യാരുടെയും വാടകവീടുകളിലായിരുന്നു, താമസം. അതുകഴിഞ്ഞ് പുല്ലേപ്പടിയില്‍ താമസിച്ചു. റിട്ടയര്‍ ചെയ്തശേഷമാണ്, ഇരുമ്പനത്ത്, സ്വന്തം വീടുവച്ചത്; ഇന്തോനേഷ്യയിലെ ഭാരത സ്ഥാനപതിയായിരുന്ന കെ.എം.കണ്ണേമ്പിള്ളിയുടെ വീടിനടുത്ത്. റിട്ടയര്‍ ചെയ്തശേഷം, കമ്മിഷന്‍ നിയമനത്തോട് വിമുഖത കാട്ടി.
അന്തര്‍മുഖനായ മാധവന്‍ നായര്‍ക്ക് കുറച്ചുസുഹൃത്തുക്കളെ ഉണ്ടായിരുന്നുള്ളൂ: ജസ്റ്റിസുമാരായ ടി.കെ.ജോസഫ്, പി.നാരായണ പിള്ള, ഹോമിയോ ഡോക്ടര്‍ പടിയാര്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെടും. ആത്മീയതിലായിരുന്നു താല്‍പര്യം-മാധവന്‍ നായരുടെ അച്ഛനും മാധവന്‍നായരുടെ സഹോദരന്‍ ബാലശങ്കരന്‍ നായരും ദീക്ഷ സ്വീകരിച്ചവരായിരുന്നു. കാലടി ശ്രീരാമകൃഷ്ണാശ്രമത്തില്‍ 1966-1998 ല്‍ മഠാധിപതിയായിരുന്ന സ്വാമി ഗണാനന്ദയുമായാണ്, ഈ പുസ്തകം പ്രധാനമായും ചര്‍ച്ച ചെയ്തത്. പുസ്തകം ഇംഗ്ലീഷില്‍ വായിച്ച ഫാ.ആന്റണി ഇലഞ്ഞിമറ്റം 1994 ഒക്‌ടോബര്‍ 18 ന് ഗണാനന്ദയ്ക്ക്, ഇറ്റലിയിലെ അസീസിയില്‍നിന്ന് എഴുതിയ കത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ”അദ്വൈതത്തെപ്പറ്റിയുള്ള ഏറ്റവും ശാസ്ത്രീയവും മനോവിജ്ഞാനീയം വച്ച് സാധൂകരിക്കാവുന്നതുമായ രേഖയാണ്, ഇത്. എന്റെ വിദ്യാര്‍ത്ഥികള്‍ ഈ പുസ്തകത്തിന് കാക്കുന്നു.”
അനുജന്‍ ബാലശങ്കരന്‍ നായരുമായി, മാധവന്‍ നായര്‍ ആത്മീയത ചര്‍ച്ച ചെയ്തിരുന്നുവെന്ന്, മാധവന്‍ നായരുടെ മൂത്തമകന്‍ ഗോപകുമാര്‍ നായര്‍ ഓര്‍ക്കുന്നു. കുറിച്ചിയിലെ സ്വാമി ആതുരദാസിന്റെ ശിഷ്യന്‍ ഗോപാലാനന്ദ തീര്‍ത്ഥ വീട്ടില്‍ വന്നിരുന്നു; അദ്ദേഹം ബന്ധുവായിരുന്നു. വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു; ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു.
വിരമിച്ചശേഷം, നായര്‍ സമുദായത്തിന്, മാധവന്‍ നായര്‍ കല്യാണക്രമവും മരണാനന്തരക്രമവുമുണ്ടാക്കി; അത് എന്‍എസ്എസ് പ്രസിഡന്റ് കളത്തില്‍ വേലായുധന്‍ നായര്‍ക്ക് അയച്ചുകൊടുത്തു. മൂത്തമകന്‍, മദ്രാസ് ഐഐടിയില്‍നിന്ന് എന്‍ജിനീയറായ ഗോപകുമാര്‍ നായരുടെ വിവാഹം, അതനുസരിച്ച്, ഒരു ബ്രാഹ്മണ വാധ്യാരുടെ കാര്‍മികത്വത്തിലായിരുന്നു. പുടവകൊടുക്കല്‍ അല്ലാതെ കാര്യമായി ചടങ്ങുകളില്ലാതിരുന്ന നായര്‍ വിവാഹം, മന്ത്രോച്ചരാണങ്ങളോടെ, ഒരു മണിക്കൂര്‍ നീളുന്നതായി. അതിന് സമൂഹത്തില്‍ പിന്തുണയുണ്ടായില്ല.
കല്യാണക്രമം അനുസരിച്ച് നടന്ന വിവാഹം 
ഒരാള്‍ മരിച്ചാല്‍ 16 ദിവസം പുല എന്നത്, 12 ആയി ചുരുക്കിയത്, സമുദായം ചെറിയ തോതിലെങ്കിലും, ഏറ്റെടുത്തു. താന്‍ മരിച്ചാല്‍ ഐസ് പെട്ടിയിലിടരുതെന്ന് മാധവന്‍ നായര്‍ നിഷ്‌കര്‍ഷിച്ചു; മൂന്നു മണിക്കൂറിനകം ശവദാഹം നടത്തണമെന്ന് മകനോട് നിര്‍ദ്ദേശിച്ചു; ഒരാള്‍ക്ക് വേണ്ടിയും കാക്കരുത്.
ഗ്ലൂക്കോമ വന്ന് ഇടതുകണ്ണിന്റെ കാഴ്ചയെ ബാധിക്കുംവരെ, സ്വയം കാറോടിച്ചു. രാഹുകാലം തുടങ്ങിയ അന്ധവിശ്വാസങ്ങളെ അദ്ദേഹം അകറ്റിനിര്‍ത്തി; ജഡ്ജി പദവിയില്‍ നിന്നുള്ള യാത്രയയപ്പിന് കുടുംബത്തില്‍നിന്നാരും വരേണ്ട എന്നു നിര്‍ദ്ദേശിച്ചു; രണ്ടാമത്തെ മകന്‍ കൃഷ്ണകുമാര്‍, യാത്രയയപ്പിനുശേഷം കാറോടിച്ച് അച്ഛനെ വീട്ടിലെത്തിച്ചു. 93-ാം വയസില്‍, 2001 ഡിസംബര്‍ 21 ന്, അനായാസേന മരണം. മരുന്നിനോട് വിരോധിച്ചു; കുട്ടികള്‍, അച്ഛന്‍ എഴുതിയ മരണാനന്തരക്രമം പാലിച്ചു.
അഞ്ചു കുട്ടികള്‍: ഗോപനും ബാങ്ക് ഓഫ് അമേരിക്കയില്‍ വൈസ് പ്രസിഡന്റായിരുന്ന കൃഷ്ണ കുമാറിനും പുറമെ, കമല (യുഎസ്), വിമല,മധു (എന്‍ജിനിയര്‍, മേയോ ക്ലിനിക്).
പരിഭാഷയെപ്പറ്റി രാമചന്ദ്രൻ :
ആത്മീയത കാച്ചിക്കുറുക്കിയതാണ്, സന്ത് ജ്ഞാനേശ്വറിന്റെ ‘അമൃതാനുഭവം’ എന്ന പുസ്തകം എന്നതാണ് എന്റെ അനുഭവം; അദ്ദേഹത്തിന്റെ ഭഗവദ്ഗീതാ വ്യാഖ്യാനമായ ‘ജ്ഞാനേശ്വരി’യാണ് ജനപ്രിയം.
അദ്ദേഹം ജീവിച്ചത് 16-ാം നൂറ്റാണ്ടിലാണ്. തുടര്‍ന്നുള്ള കാലങ്ങളില്‍ നടന്ന ശാസ്ത്ര ഗവേഷണ ഫലങ്ങളുടെ വെളിച്ചത്തില്‍, ഭാരതീയ ആത്മീയത വാറ്റിയെടുത്തതാണ് ജസ്റ്റിസ് മാധവന്‍ നായരുടെ ഈ രചന. അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജി പദവിയില്‍നിന്ന് വിരമിക്കുമ്പോള്‍ വയസ്സ് 62. അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ അപാരത ഈ രചനയില്‍ കാണാം.
കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനായ ജഗദീശ് ചന്ദ്രന്‍ നായര്‍ ഇതിന്റെ പരിഭാഷ എന്നെ ഏല്‍പ്പിച്ചത് ആത്മീയതയെപ്പറ്റി ഞങ്ങള്‍ തമ്മില്‍ നടന്ന സംഭാഷണത്തിനു ശേഷമാണ്. ഒരു ജഡ്ജി ആ ജോലി തീര്‍ത്ത് വാനപ്രസ്ഥത്തിലേക്ക് നടന്നത്, എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. മാധവന്‍ നായരുടെ മകന്‍ ഗോപകുമാര്‍ എം. നായരില്‍നിന്ന് ഇംഗ്ലീഷ് പുസ്തകം വാങ്ങി ഈ കര്‍മം എന്നെ ഏല്‍പ്പിക്കുമ്പോള്‍ ജഗദീശ് ചന്ദ്രന്‍ നായര്‍ക്ക് വയസ്സ് 81.
ഇംഗ്ലീഷ് വാക്കുകള്‍ പരമാവധി ഇതില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ന്യൂക്ലിയസ്, ആറ്റം, റേഡിയോ, ഫോണ്‍ എന്നിവപോലെ അഞ്ചാറു വാക്കുകള്‍ കാണും. സംസ്‌കൃതവും ജന്തുശാസ്ത്രവും ഇംഗ്ലീഷുമാണ് ഞാന്‍ പഠിച്ചത്. 62-ാം വയസ്സിനുശേഷം, ഈ പുസ്തകമെഴുതാന്‍ വേണ്ടിയാണ് മാധവന്‍ നായര്‍ സംസ്‌കൃതം പഠിച്ചത്. ജന്തുശാസ്ത്രം ഞാന്‍ ഇഷ്ടപ്പെട്ടെങ്കിലും, അതിലെ ജനിതക ശാസ്ത്രം എനിക്ക് പ്രിയപ്പെട്ടതായി. അത്, ഇപ്പോള്‍ മാത്രമാണ് ഗുണം ചെയ്തത്.
ഭഗവദ്ഗീതാ ശ്ലോകങ്ങളുടെ പരിഭാഷ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേതാണ്. പ്രപഞ്ച സത്യങ്ങളെപ്പറ്റി പറയുമ്പോഴുള്ള ഭാഷയുടെ പരിമിതിയെപ്പറ്റി രണ്ടിടത്തു മാധവന്‍ നായര്‍ വിശദീകരിക്കുന്നുണ്ട്. ഭാഷയെ കഴിയുന്നത്ര പൂര്‍ണതയോട് അടുപ്പിക്കാന്‍ അദ്ദേഹത്തെപ്പോലെ ഞാനും ശ്രമിച്ചിട്ടുണ്ട്; നിഘണ്ടു മിക്കവാറും വേണ്ടെന്ന് വച്ചു. വളര്‍ന്നത് തമിഴിലായതിനാല്‍, വാക്കുകള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ലെന്നു കരുതി. എല്ലാം അതീത ഇച്ഛയ്ക്ക് വിട്ടായിരുന്നു കര്‍മം.
മാധവന്‍ നായര്‍ എന്റെ ജീവിതത്തിലേക്ക് വന്നത് ആ ഇച്ഛ അനുസരിച്ചായിരിക്കണമല്ലോ. അദ്ദേഹവും ജഗദീശ് ചന്ദ്രന്‍ നായരും ഞാനും ഒരു കര്‍മപരമ്പരയിലെ കണ്ണികള്‍ മാത്രം.

വ്യാസന്റെ കലിയുഗ പ്രവചനങ്ങൾ

യ്യായിരം വർഷങ്ങൾക്ക് മുൻപ് ജിവിച്ച വേദവ്യാസൻ അടുത്ത
യുഗത്തിൽ അഥവാ നാം ജീവിക്കുന്ന ഈ കലി യുഗത്തിൽ ലോകം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചു.ആ 11 പ്രവചനങ്ങൾ ഭാഗവതത്തിലുണ്ട് .അവയെല്ലാം അച്ചട്ടായി.
1 .കലിയുഗത്തിൽ ഒരാളുടെ ജന്മവും പെരുമാറ്റവും സവിഷേതകളും നന്നെന്ന് നിർണയിക്കുന്നത് അയാളുടെ പണത്തിൻറെ അടിസ്ഥാനത്തിലായിരിക്കും.ഒരാളുടെ സ്വാധീനം മാത്രമായിരിക്കും,നിയമത്തിൻറെയുംനീതിയുടെയും അടിസ്ഥാനം.
ഭാഗവതം 12 .2 .2
2 .ബാഹ്യമായ ആകർഷണം ഒന്ന് കൊണ്ട് മാത്രം ആണും പെണ്ണും ഒന്നിച്ചു ജീവിക്കും.കച്ചവട വിജയത്തിന് അടിസ്ഥാനം ചതി മാത്രമായിരിക്കും.പൗരുഷവും സ്ത്രൈണതയും രതി വൈദഗ്ദ്ധ്യം ആധാരമാക്കിയായിരിക്കും.പൂണൂലിട്ടത് കൊണ്ട് മാത്രം ബ്രാഹ്മണനാകും.
ഭാഗവതം 12 .2 .3
3 .ഭൂമി അഴിമതിയിൽ മുങ്ങിയവരെക്കൊണ്ട് നിറയുന്നതിനാൽ,ഏതു ജാതി ശ്രേണിയിലെയും ശക്തൻ അധികാരം പിടിക്കും.
ഭാഗവതം 12 .2 .7
4 .തണുപ്പ്,കാറ്റ്,ചൂട്,മഴ,മഞ്ഞ് എന്നിവയാൽ ജനം ദുരിതത്തിലാകും.തർക്കം,വിശപ്പ്,ദാഹം,രോഗം,ഉൽക്കണ്ഠ എന്നിവയാൽ കൂടുതൽ വിഷമത്തിലാകും.
ഭാഗവതം 12 .2 .10
5 .വൃദ്ധമാതാപിതാക്കളെ മനുഷ്യർ സംരക്ഷിക്കില്ല.
ഭാഗവതം 12 .3 .42
6 .നഗരങ്ങൾ കള്ളന്മാരുടെ പിടിയിലാകും.വേദങ്ങളെ യുക്തിവാദികൾ വ്യാഖ്യാനങ്ങൾ വഴി മലിനമാക്കും.രാഷ്ട്രീയ നേതാക്കൾ ജനത്തെ ഭക്ഷിക്കും.പുരോഹിതന്മാരും ബുദ്ധിജീവികളും അവരുടെ വയറിൻറെയും ജനനേന്ദ്രിയത്തിൻറെയും ഭക്തരാകും.
ഭാഗവതം 12 .3 .32
7 .സ്വത്തു പോയ യജമാനനെ സേവകർ ഉപേക്ഷിക്കും.ആ യജമാനൻ സന്യാസിയായാലും കുലീനനായാലും.വർഷങ്ങൾ കൂടെ നിന്ന സേവകൻ അംഗവിഹീനനായാൽ യജമാനൻ ഉപേക്ഷിക്കും.
ഭാഗവതം 12 .3 .36
8.കലിയുഗത്തിൽ ഏതാനും നാണയങ്ങളുടെ പേരിൽ മനുഷ്യർ പരസ്പരം വെറുക്കും.രക്തത്തെ മറന്ന് സ്വയം നശിക്കും.ബന്ധുക്കളെ കൊല്ലും.
ഭാഗവതം 12 .3 .41
9 .സംസ്കാരമില്ലാത്തവർ ദൈവത്തിൻറെ പേരിൽ ഭിക്ഷ വാങ്ങും.അവർ ലാളിത്യം ഭാവിച്ചും നാടോടിയായി അഭിനയിച്ചും ഉപജീവനം നടത്തും.മതത്തെപ്പറ്റി ഒന്നുമറിയാത്തവർ ഉന്നത പീഠത്തിൽ കയറി മത തത്വങ്ങൾ വിളിച്ചു പറയും.
ഭാഗവതം 12 .3 .38
10.കലിയുഗത്തിൽ ആയുസ്സ് 50 വർഷം മാത്രമായിരിക്കും.
ഭാഗവതം 12 .2 .11
11 .മതം,സത്യസന്ധത,വൃത്തി,സഹിഷ്ണുത,ദയ,ആയുസ്സ്,ശരീര ബലം,ഓർമ്മ എന്നിവയെല്ലാം ദിനം ചെല്ലുന്തോറും കുറഞ്ഞു വരും
ഭാഗവതം 12 .2 .1

കൃതയുഗം സത്യയുഗവും ത്രേതായുഗം രജതവും ദ്വാപരം ചെമ്പും ആയിരുന്നു.നാം ജീവിക്കുന്ന കലി കഴിഞ്ഞ് സുവർണം അഥവാ വീണ്ടും കൃതം. ബ്രഹ്മ വൈവർത്ത പുരാണത്തിൽ കൃഷ്ണൻ പറയുന്നത്, കലിയുഗം തുടങ്ങി 5000 വർഷം കഴിഞ്ഞ് അവസാനിക്കും എന്നാണ്. കലിയുഗം എന്നാൽ കറുത്തത്. വരാനിരിക്കുന്ന സുവർണ യുഗത്തിലെ ധാർമികതയുടെ നാലിലൊന്നേ കലിയിൽ ഉണ്ടാകൂ. ഇപ്പോൾ ധര്മത്തിന്റെ കാളയ്ക്ക് ഒരു കാലേയുള്ളു.
ത്രേതത്തിലാണ് യാഗങ്ങൾ തുടങ്ങിയത്. ലോക ആത്മാവ് ചുവന്നു. വിവേകം നാലിൽ ഒന്നായി. മനുഷ്യൻ സത്യം അന്വേഷിച്ച് ആചാരങ്ങൾ കണ്ടെത്തി. ദാനം വഴി ആശിച്ചത് കിട്ടി. ദ്വാപരത്തിൽ പ്രപഞ്ചാത്മാവ് മഞ്ഞയായിരുന്നു. മതം പകുതിയായി. വേദം നാലായി. ചിലർക്ക് നാലും അറിയാമായിരുന്നു. മറ്റു ചിലർക്ക് അല്പവും. മനസിൻറെ വലിപ്പം കുറഞ്ഞു; സത്യം വലഞ്ഞു. ആഗ്രഹങ്ങളും രോഗവും പ്രകൃതി ദുരന്തങ്ങളും ഉണ്ടായി. മനുഷ്യന് തപസ്സു വേണ്ടി വന്നു.
കലി എന്ന് തുടങ്ങി ഇന്നവസാനിക്കും എന്നത് സമസ്യയാണ്. ബി സി 3102 ആണ് തുടങ്ങിയ വർഷം എന്ന് പൊതുവെ കരുതുന്നു. മഹാഭാരത യുദ്ധം കഴിഞ്ഞ് അന്ന് 35 വർഷം. മായൻ കലണ്ടറിലെ മഹാചക്രം തുടങ്ങുന്ന വർഷത്തിനടുത്താണ്. ഇത് -അത് ബി സി 3114. സംസ്‌കൃത ജ്യോതിശാസ്ത്ര ഗ്രന്ഥമായ സൂര്യസിദ്ധാന്തം ആധാരമാക്കി ആര്യഭടൻ കലി തുടങ്ങിയ ദിവസം കണക്കാക്കിയിരുന്നു. നഗ്നനേത്രങ്ങൾക്ക് കാണാവുന്ന അഞ്ച് ഗ്രഹങ്ങൾ, ബുധൻ, ശുക്രൻ, ചൊവ്വ,വ്യാഴം, ശനി എന്നിവ മേടം രാശിക്ക് പൂജ്യം ഡിഗ്രി നേർ രേഖയിൽ വന്ന ദിവസം. ബി സി 3102 ഫെബ്രുവരി 17 -18.
ആധുനിക ജ്യോതി ശാസ്ത്രജ്ഞൻ റിച്ചാർഡ് തോംപ്‌സൺ ആ ദിവസത്തെ കണക്കെടുത്തപ്പോൾ, 42 ഡിഗ്രിയിലാണ്, ഇവ. മേടം, മീനം, കുംഭം രാശികളിൽ ഗ്രഹങ്ങൾ ചിതറിക്കിടക്കുന്നു.അതിനാൽ ഇതൊരു സംയോഗ ദിനമല്ല. ആര്യഭടന് തെറ്റുപറ്റി എന്ന് ഇതിന് അർത്ഥമില്ല. ഇങ്ങനെ ഒരു നേർ രേഖ കലിയുഗാരംഭത്തിൽ വേണമെന്ന് സൂര്യ സിദ്ധാന്തത്തിൽ പറഞ്ഞിട്ടില്ല. പൂജ്യം ഡിഗ്രി കൃത യുഗാന്ത്യത്തിൽ വരുന്നു എന്നാണ് സൂര്യ സിദ്ധാന്തത്തിൽ. മേടം രാശിയിലെ പൂജ്യം ഡിഗ്രിയിൽ ഗ്രഹങ്ങൾ ഭ്രമണം ആരംഭിച്ചു എന്നാണ്, ഹിന്ദു ജ്യോതിശാസ്ത്ര സങ്കൽപം. ഇത് കൃത യുഗാന്ത്യത്തിലും സംഭവിക്കുന്നു. ഇത് ബ്രഹ്മാവിൻറെ ഒരു ദിവസത്തിൻറെ തുടക്കവും അവസാനവും നടക്കുന്നു എന്നും ജ്യോതിശാസ്ത്ര സങ്കല്പമുണ്ട്. 1000 യുഗ ചക്രങ്ങളാണ്, ഇവ. ബി സി 3102 എന്ന തീയതിക്ക് അടിസ്ഥാനമില്ല. എ ഡി 500 വരെ ഇത് ഒരു ഗ്രന്ഥത്തിലും വന്നില്ല. ആര്യഭടന് ഈ തീയതി എവിടന്നു കിട്ടി? അദ്ദേഹം ആര്യഭടീയം എഴുതിയത് 3600 കലി വർഷത്തിൽ എഴുതി എന്നൊരു വാചകം മാത്രമാണ്, അതിലുള്ളത്. 499 ലാണ് ആര്യഭടീയം രചിച്ചത്. അപ്പോൾ കലിയുടെ തുടക്കം 3102. തീയതി സ്വയം കണക്കാക്കാതെ എവിടെ നിന്നെങ്കിലും എടുത്തതാകാം.

Saturday, 15 June 2019

രണ്ട് വിപ്ലവക്കുട്ടികൾ

 ന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിപ്ലവകാരി പുരുഷനല്ല.വെറും 14 വയസുണ്ടായിരുന്ന സുനീതി ചൗധരിയാണ് .ആ കഥ പറയാൻ ഓസ്‌ട്രേലിയയിലെ 'അഡ്‌ലെയ്ഡ് ക്രോണിക്കിളി'ന്റെ 1931 ഡിസംബര്‍ 17 വ്യാഴാഴ്ചയിലെ 37-ാം പേജില്‍നിന്ന് ഒരു വാര്‍ത്ത പരിഭാഷ ചെയ്യാം: 



സ്ത്രീകള്‍ മജിസ്‌ട്രേറ്റിനെ കൊന്നു ,ബംഗാളില്‍ അരാജകത്വം പൊലീസ് റൈഡിന്  പ്രതികാരം
'ദ അഡൈ്വര്‍ടൈസറി'ന് കേബിള്‍ 
കൊല്‍ക്കത്ത, ഡിസംബര്‍ 14: ഇന്നുരാവിലെ കിഴക്കന്‍ ബംഗാളിലെ കോമില്ലയിലെ ജില്ലാ മജിസ്‌ട്രേട്ടും കലക്ടറുമായ ചാള്‍സ് ജഫ്രി ബുക്‌ലാന്‍ഡ് സ്റ്റീവന്‍സിനെ രണ്ട് ഭാരതീയ അരാജകവാദി സ്ത്രീകള്‍ വെടിവച്ചുകൊന്നതോടെ, ബംഗാള്‍, ഭീകരതയുടെ നിഷ്ഠുരമായ ഉയിര്‍പ്പ് കണ്ടു. ഭീകരപ്രസ്ഥാന ചരിത്രത്തില്‍, ഉദ്യോഗസ്ഥനെതിരെ ആദ്യമായി സ്ത്രീകള്‍ നടത്തുന്ന ആക്രമണമാണ്, ഇത്. അരാജകത്വവാദികളുടെ താവളമെന്ന് സംശയിക്കപ്പെട്ട വിദ്യാര്‍ത്ഥി ഹോസ്റ്റലുകളിലും, വീടുകളിലും ശനിയാഴ്ച നടന്ന റെയ്ഡ് പരമ്പരയ്ക്ക് പിന്നാലെയായിരുന്നു, വധം. കോമില്ലയിലെ ഒരു ഡോക്ടറുടെ വീട്ടില്‍നിന്ന് ഒരുദ്യോഗസ്ഥനും പത്തു യുവാക്കളും അറസ്റ്റിലാവുകയും അവിടെനിന്ന് വെടിയുണ്ടയുള്ള റിവോള്‍വര്‍ കളവുപോവുകയും ചെയ്തിരുന്നു. അതിന് പിന്നാലെയായിരുന്നു, കൊല. സ്റ്റീവന്‍സിന് ഈ സ്ത്രീകള്‍ ഒരു പരാതി നല്‍കുകയായിരുന്നു എന്നുപറയുന്നു. അദ്ദേഹം തന്റെ ഡസ്‌കില്‍ അത് വായിക്കുമ്പോഴായിരുന്നു, ഒരു സ്ത്രീ റിവോള്‍വര്‍കൊണ്ട് സ്റ്റീവന്‍സിന്റെ വയറ്റില്‍ വെടിവച്ചുകൊന്നത്. സ്ത്രീകളില്‍ ഒരാള്‍ 20 വയസ്സിനടുത്താണ്. ഇരുവരും അറസ്റ്റിലായി. സ്റ്റീവന്‍സ് (42) വിവാഹിതനാണ്. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ 18 വര്‍ഷമായി. കഴിഞ്ഞവര്‍ഷം മുതല്‍ ടിപ്പെര ( ത്രിപുര ) ജില്ലയിലാണ്. ഇത്, ഭാരതത്തിലെ പത്താമത്തെ ഭീകരപ്രവര്‍ത്തനമാണ്. ഈ വര്‍ഷം ബംഗാളില്‍ നടന്ന ഏഴാമത്തേതും. 



എന്നെ അദ്ഭുതത്തില്‍ ആഴ്ത്തിയ വാര്‍ത്തയാണ്, ഇത്. അതിന്റെ ആദ്യ കാരണം, ശാസ്ത്രീയമായി ഞാന്‍ പഠിച്ച പത്രപ്രവര്‍ത്തനത്തിലെ നിയമങ്ങളെല്ലാം ഇതില്‍ പാലിച്ചിരിക്കുന്നു എന്നതാണ്. കാര്യം ആദ്യം പറയുക, പശ്ചാത്തലം അവസാനം പറയുക എന്നതാണ് നിയമം. ഈ നിയമം ഞങ്ങള്‍ പ്രാദേശിക ലേഖകര്‍ക്കും പറഞ്ഞു കൊടുക്കാറുണ്ട്. അങ്ങനെ ഒരിക്കല്‍, അന്ന് ഞാന്‍ ജോലി ചെയ്തിരുന്ന പത്രത്തിലെ പാലാ ലേഖകന്‍ ജോസിനും പറഞ്ഞുകൊടുത്തു. പശ്ചാത്തലം അവസാനം പറയണം. അതുകഴിഞ്ഞ് ജോസ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: 
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു പാലാ: അല്‍ഫോന്‍സാ കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി റോസമ്മ (19) ഇന്നലെ രാത്രി ഭരണണങ്ങാനത്തെ വീട്ടില്‍ ആത്മഹത്യ ചെയ്തു. ആദ്യമായാണ്, ഈ കുട്ടി ആത്മഹത്യ ചെയ്യുന്നത്.
 ജോസിന്റെ റിപ്പോര്‍ട്ടിലെ ആ അവസാന വാചകമാണ്, പശ്ചാത്തലം; ബംഗാളില്‍ നടന്നതിനെക്കാള്‍ വലിയ ഭീകരത!
 ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് ഞാനെത്തിയിട്ട് ഒന്നരമാസമേ ആയുള്ളൂ. എല്ലാ ദിവസവും പത്രത്തിലെ തെറ്റുകളെപ്പറ്റി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കും. അതില്‍ നിരീക്ഷിക്കുന്ന പ്രധാന സംഗതികളിലൊന്ന്, ചില റിപ്പോര്‍ട്ടുകള്‍, നീണ്ട ഒരു ഖണ്ഡികയാണ് എന്നതാണ്. ഒരു ഖണ്ഡിക, പലപ്പോഴും ഒരു കോളത്തിന്റെ പകുതിയോ അതില്‍ കൂടുതലോ ഉണ്ടാകും. 1931 ല്‍ ജനിച്ചാല്‍ മതിയായിരുന്നു എന്നിപ്പോള്‍ തോന്നുന്നു; ചെറിയ ഖണ്ഡികകളായി ജീവിക്കാമായിരുന്നു.
 ഈ റിപ്പോര്‍ട്ട് ഞാനെടുത്തത്, TROVE എന്ന സൈറ്റില്‍നിന്നാണ്; പത്രങ്ങളുടെ പഴയ ലക്കങ്ങള്‍ അതില്‍ കിട്ടും. ഇപ്പറഞ്ഞ പേജില്‍ കാണുന്ന മറ്റൊന്ന്, സ്റ്റീവന്‍സിനെ കൊന്ന് അടുത്തനാള്‍, ചൈനയിലെ ക്രിസ്ത്യന്‍ പ്രസിഡന്റ് ചിയാങ് കൈഷക്ക് രാജിവച്ചു എന്നതാണ്. ഇതുവായിക്കുംവരെ, ചിയാങ് കൈഷക്ക് ക്രിസ്ത്യാനിയായിരുന്നു, എന്ന് എനിക്കറിയില്ലായിരുന്നു. പല ക്രിസ്ത്യാനികളെയും നാം അറിയുന്നുണ്ടാവില്ല. സോണിയാ ഗാന്ധി കൂടെക്കൊണ്ടു നടക്കുന്ന എല്ലാവരും ക്രിസ്ത്യാനികളാണ്. എ.കെ.ആന്റണി, പി.ജെ.കുര്യന്‍, കെ.വി.തോമസ്, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, പി.സി.ചാക്കോ, ടോം വടക്കന്‍, വിന്‍സന്റ് ജോര്‍ജ്, അംബികാ സോണി, കപില്‍ സിബല്‍ എന്നിവരൊക്കെ അതില്‍ പെടും. പ്രസ്ബിറ്റീരിയന്‍ സഭക്കാരനാണ് , സിബൽ. 
ആദ്യം ഉദ്ധരിച്ച റിപ്പോര്‍ട്ടിനെ സംബന്ധിച്ച അടുത്ത അദ്ഭുതം, വേണ്ടപോലെ ഇങ്ങനെയൊരു കൊലപാതകം, ഒരുപാട് വിപ്ലവങ്ങള്‍ ശ്രദ്ധിച്ച ഞാന്‍ പരതിയിരുന്നില്ല എന്നതാണ്. ഭാരതീയ പത്രപ്രവര്‍ത്തനത്തിന്റെ പിതാവായ രാമാനന്ദ ചാറ്റര്‍ജിയെപ്പറ്റി പഠിക്കുമ്പോഴാണ്, ഇത് ശ്രദ്ധയില്‍ വന്നത്. ഭഗത്‌സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്‌ദേവിനെയുമൊക്കെപ്പറ്റി ധാരാളം നാം ചരിത്രപുസ്തകത്തില്‍ വായിക്കുന്നു. 1928 ഡിസംബര്‍ 17 ന്, ലഹോറിലെ ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ജോണ്‍ പി.സോന്‍ഡേഴ്‌സ് മടങ്ങുമ്പോള്‍, ഭഗത്‌സിങ്, ശിവറാം രാജ് ഗുരു , സുഖ്‌ദേവ് ഥാപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍, ഗൂഢാലോചനയുടെ ഫലമായി അദ്ദേഹത്തെ കൊന്നു. സൂപ്രണ്ട് ജയിംസ് എ.സ്‌കോട്ടാണെന്ന് തെറ്റിദ്ധരിച്ചാണ്, സോന്‍ഡേഴ്‌സിനെ കൊന്നത്. ലാലാ ലജ്പത് റായിയെ ലാത്തികൊണ്ടടിച്ചയാളാണ്, സ്‌കോട്ട്. റായ് 1928 നവംബര്‍ 17 ന് ഹൃദയാഘാതത്താല്‍ മരിച്ചു. അതിന്റെ പ്രതികാരമായിരുന്നു ഭഗത് സിങ്ങിന്റെ ഗൂഢാലോചന. ആളുമാറിയത് എന്തായാലും തെറ്റായിപ്പോയി.
 ബംഗാളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന രണ്ടു സംഘങ്ങളാണുണ്ടായിരുന്നത്; ജുഗാന്തറും അനുശീലന്‍ സമിതിയും. അനുശീലനെപ്പോലെ തന്നെ, ജുഗാന്തറും, കായിക ക്ലബ് എന്ന മട്ടിലാണ് തുടങ്ങിയത്. ജുഗാന്തറിന്റെ നിരവധി അംഗങ്ങളെ പിടികൂടി, ആന്‍ഡമാനിലുള്ള തുറന്നജയിലിലേക്ക് അയയ്ക്കുകയായിരുന്നു. ഒന്നാംലോക യുദ്ധത്തിനുശേഷം, പലര്‍ക്കും ശിക്ഷയില്‍ ഇളവുകിട്ടി. അനുശീലനില്‍ അംഗമായിരുന്നു, പി. കൃഷ്ണപിള്ള, അദ്ദേഹം വഴി, ഇഎംഎസും. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ.ഹെഡ്‌ഗേവാറും അനുശീലനില്‍ അംഗമായിരുന്നു. കൃഷ്ണപിള്ളയ്ക്കും ഇഎംഎസിനും, ആര്‍എസ്എസിലും അംഗങ്ങളാകാമായിരുന്നു. സോന്‍ഡേഴ്‌സിന്റെ കൊലകഴിഞ്ഞ്, മൂന്ന് കൊല്ലം കഴിഞ്ഞാണ്, സ്റ്റീവന്‍സിന്റെ കൊല; തീയതി, ഏതാണ്ട്, സോന്‍ഡേഴ്‌സ് മരിച്ചതിനടുത്ത്. 'അഡ്‌ലെയ് ഡ് ക്രോണിക്ക്ള്‍' റിപ്പോര്‍ട്ടില്‍, ഭാരതത്തില്‍ സ്ത്രീകള്‍ നടത്തിയ ആദ്യ 'ഭീകരാക്രമണ'മാണ് അത് എന്ന ഉഗ്രന്‍ വിവരമുണ്ട്. ആ സ്ത്രീകളുടെ വിശദാംശങ്ങള്‍ അറിയുമ്പോഴാണ്  മുന്‍ നക്‌സലൈറ്റ്  അജിതയെപ്പറ്റി മതിപ്പുകുറയുന്നത്.
പ്രഫുല്ല നളിനി ബ്രഹ്മ 
 സ്റ്റീവന്‍സിനെ കൊന്നത്, ശാന്തിഘോഷും സുനീതി ചൗധരിയുമായിരുന്നു. അന്ന്, ശാന്തിക്ക് വയസ്സ് വെറും 15, സുനീതിക്ക്, 14. കോമില്ലയിലെ വിക്‌ടോറിയ കോളജില്‍ ഫിലോസഫി പ്രൊഫസറായ, ദേബേന്ദ്രനാഥ് ഘോഷിന്റെ മകളായിരുന്നു, ശാന്തി. അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്നു. 1916 നവംബര്‍ 22 ന് ജനിച്ച ശാന്തി, 1931 ല്‍ യുഗാന്തറിൻറെ ഛാത്രി സംഘ (വിദ്യാര്‍ത്ഥിനികളുടെ സംഘടന) സെക്രട്ടറിയായി. കോമില്ലയിലെ ഫൈസുന്നീസ ഗേള്‍സ് ഹൈസ്‌കൂളിലെ സഹപാഠി പ്രഫുല്ല നളിനി ബ്രഹ്മ വഴി പ്രചോദിതയായി, ശാന്തി, വിപ്ലവസംഘടനയായ ജുഗാന്തര്‍ പാര്‍ട്ടിയില്‍, സുനീതിക്കൊപ്പം ചേര്‍ന്നു. ബ്രിട്ടീഷ് ഭരണത്തെ തുരത്താന്‍ കൊലപാതകം ആയുധമാക്കിയ സംഘടന. വാള്‍, കുന്തം, വെടിക്കോപ്പ് എന്നിവയില്‍ ശാന്തി പരിശീലനം നേടി. 1931 ഡിസംബര്‍ 14 ന്, ശാന്തിയും സുനീതിയും, തങ്ങളുടെ ക്ലാസിലെ കുട്ടികളെ വച്ച് ഒരു നീന്തല്‍ ക്ലബ് സംഘടിപ്പിക്കാനുള്ള അനുവാദം ചോദിച്ചാണ്, സ്റ്റീവന്‍സിന്റെ ബംഗ്ലാവില്‍ ചെന്നത്. അതിനുള്ള അപേക്ഷ സ്റ്റീവന്‍സ് വായിക്കുന്നതിനിടെ, ശാന്തിയും സുനീതിയും, ഷാളിനടിയില്‍ ഒളിപ്പിച്ച ഓട്ടോമാറ്റിക് പിസ്റ്റളുകള്‍ പുറത്തെടുത്ത്, അദ്ദേഹത്തെ വെടിവച്ചുകൊന്നു. 1932 ഫെബ്രുവരിയില്‍, ഇരുവരെയും ജീവപര്യന്തം നാടുകടത്തി. തൂക്കുമരം കിട്ടാത്തതിലും, രക്തസാക്ഷിത്വം വരിക്കാനാവാത്തതിലും ദുഃഖിതരായ ശാന്തിയും സുനീതിയും പറഞ്ഞു: ''കുതിരത്തൊഴുത്തില്‍ ജീവിക്കുന്നതിനെക്കാള്‍ ഭേദം, മരണമാണ്.'' തടവില്‍ ശാന്തി അപമാനവും ശാരീരിക ദണ്ഡനങ്ങളും ഏറ്റുവാങ്ങി. ഏഴുവര്‍ഷം തടവുപിന്നിട്ടപ്പോള്‍, ഗാന്ധിയും ബ്രിട്ടീഷ് ഭരണകൂടവും തമ്മില്‍ നടന്ന ചര്‍ച്ചവഴി, ശാന്തിയെയും സുനീതിയെയും മോചിപ്പിച്ചു. ശാന്തി, ബംഗാളി വിമന്‍സ് കോളജില്‍ ചേര്‍ന്ന്, കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി; ബീഡിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. പിന്നെ, കോണ്‍ഗ്രസിലേക്ക് വഴിമാറി. 1942 ല്‍ പ്രൊഫസര്‍ ചിത്തരഞ്ജന്‍ ദാസിനെ വിവാഹം ചെയ്തു. 1952 മുതല്‍ പത്തുവര്‍ഷം പശ്ചിമബംഗാള്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിലും, 1962-64 ല്‍ നിയമസഭയിലും, അംഗമായി. 'അരുണ്‍ ബാഹ്‌നി' എന്ന പുസ്തകമെഴുതി. 1989ല്‍ മരിച്ചു. 

 സുനീതി അന്ന് 
ത്രിപുരയിൽ കോമില്ല   ഇബ്രാഹിംപൂര്‍ ഗ്രാമത്തില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഉമാചരണ്‍ ചൗധരിയുടെയും സുരസുന്ദരിയുടെയും മകളായി, 1917 മെയ് 22 നാണ്, സുനീതി ജനിച്ചത്. സുനീതി സ്‌കൂളിലായിരുന്നപ്പോള്‍, രണ്ടു സഹോദരന്മാര്‍ വിപ്ലവപ്രസ്ഥാനത്തിലായിരുന്നു. കോമില്ലയിലെ വിപ്ലവകാരി ഉല്ലാസ്‌കര്‍ ദത്തയുടെ ജീവിതമായിരുന്നു, പ്രചോദനം.ഫൈസുന്നിസ സ്‌കൂളിൽ സീനിയറായ പ്രഫുല്ല നളിനി നിരോധിക്കപ്പെട്ട പുസ്തകങ്ങൾ എത്തിച്ചു.മാതൃഭൂമിക്കായുള്ള ത്യാഗമാണ് ജീവിതം എന്ന സ്വാമി വിവേകാനന്ദൻറെ വാക്കുകൾ ആവേശമായി .ജില്ലാ വളണ്ടിയർ കോർപ്‌സ് മേജർ ആയി . നിസ്സഹകരണ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ട അക്കാലത്തു സുഭാഷ് ചന്ദ്ര ബോസ് പങ്കെടുത്ത  വിദ്യാര്‍ത്ഥി സമ്മേളനത്തില്‍, ശാന്തിയും സുനീതിയും വളന്റിയര്‍മാരായിരുന്നു; സുനീതിയായിരുന്നു, ക്യാപ്റ്റന്‍. വിപ്ലവ പ്രസ്ഥാനത്തിൽ സ്ത്രീകൾ എവിടെയായിരിക്കണം എന്ന് പ്രഫുല്ല ചോദിച്ചപ്പോൾ ബോസ് പറഞ്ഞു:"മുൻ നിരയിൽ".മൂവരെയും ഒളിവിലായ ബീരേൻ ഭട്ടാചാര്യ അഭിമുഖം നടത്തി ,ധീരകൾ എന്ന് വിധിച്ചു.ത്രിപുര വിദ്യാർത്ഥി സംഘടനാ നേതാവ് അഖിൽ ചന്ദ്ര നന്ദി പരിശീലന മേല്നോട്ടത്തിനെത്തി.
സമീപത്തെ മൈനാമതി കുന്നിന്‍ മുകളില്‍, കഠാരയിലും തോക്കിലും പരിശീലനം നേടിയശേഷം, സുനീതിയെയും ശാന്തിയെയും പാര്‍ട്ടി, ആക്രമണത്തിന് നിയോഗിച്ചു.

സുനീതി ഭർത്താവിനും മകൾക്കുമൊപ്പം 
ജില്ലാ മജിസ്‌ട്രേറ്റ് നേതാക്കളെ തടവിലിട്ട സത്യഗ്രഹം അടിച്ചമർത്തുകയായിരുന്നു .സമാധാനം പറഞ്ഞവരെയൊക്കെ തടവിലാക്കി .അത് തടയാനുള്ള നിയോഗമായിരുന്നു ,സുനീതിക്കും ശാന്തിക്കും .1931 ഡിസംബർ 14 ന് മജിസ്‌ട്രേറ്റിന്റെ ബംഗ്ലാവിനു മുന്നിൽ അവരെ കേറ്റിയ വണ്ടി നിന്നു .ഇരുവരും ആവേശത്തോടെ ഇറങ്ങി.സാരിയാണ് ഉടുത്തത്.തണുപ്പകറ്റാൻ,അതിനു പുറത്ത് സിൽക്ക് ചുറ്റിയിരുന്നു.ഇവർ ഇടനാഴി കടക്കും മുൻപേ വണ്ടിക്കാരൻ ധൃതിയിൽ സ്ഥലം വിട്ടു .ഓർഡർലി വശം,തങ്ങൾക്ക് മജിസ്‌ട്രേറ്റിനെ കാണണമെന്ന കുറിപ്പ് കൊടുത്തയച്ചു.സബ് ഡിവിഷണൽ ഓഫിസർ നേപ്പാൾ സെന്നിനൊപ്പം സ്റ്റീവൻസ് പുറത്തു വന്നു .ഇള സെൻ,മീര ദേവി എന്നീ പേരുകളിൽ നീന്തൽ ക്ലബ് വേണമെന്ന് കാട്ടി അവർ നൽകിയ കുറിപ്പിൽ അയാൾ നോക്കി.Your Majesty എന്ന സംബോധന അതിശയോക്തിയും തുടർന്നുള്ള വാചകങ്ങൾ മുറി ഇംഗ്ലീഷും ആയിരുന്നു .കത്തിൽ ഒപ്പു വേണമെന്ന് ഇരുവരും പറഞ്ഞു .അയാൾ ഒപ്പിട്ട് തിരിച്ചു വന്നു .സാരി ചുറ്റിയ സിൽക്ക് അപ്പോൾ കാണാനില്ലായിരുന്നു,രണ്ടു റിവോൾവറുകൾ അയാൾക്ക് നേരെ ചൂണ്ടി .വെടിയുണ്ടകൾ മുഴങ്ങി . സുനീതിയുടെ റിവോള്‍വറിലെ ആദ്യ വെടിയുണ്ട, സ്റ്റീവന്‍സിനെ കൊന്നു. 
സുനീതിയുടെ മേജർ യൂണിഫോമിന് അടിയിൽ ഒരു വാചകം ബംഗാളിയിൽ എഴുതിയിരുന്നു :സംഹാരത്തിനുള്ള കത്തുന്ന ആവേശം എൻറെ രക്തത്തിൽ ഇന്ന് തിളയ്ക്കുന്നു.
പീഡനങ്ങൾക്ക് അവർ തയ്യാറെടുത്തിരുന്നു.സ്വയം വിരൽ തുമ്പുകളിൽ പിൻ കൊണ്ട് കുത്തി നോക്കിയിരുന്നു . മ ര്‍ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇരുവരും ചിരിച്ചു; പാടി. ചെറിയ പ്രായം കണക്കിലെടുത്താണ്, ശിക്ഷ, ജീവപര്യന്തമായത്. വിധിക്കുശേഷം, ജയിലിലേക്ക് നീങ്ങുമ്പോള്‍ കാസി നസ്‌റുള്‍ ഇസ്ലാമിന്റെ കവിത അവര്‍ അവിടെ ചൊല്ലി: ''ഈ തടവറകള്‍ തകര്‍ക്കുക; ഈ തടവറകള്‍ക്ക് തീയിടുക.'' സുനീതിയുടെ അച്ഛനുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തി. മൂത്ത രണ്ട് സഹോദരന്മാരെ തടവിലിട്ടു. കുടുംബം പട്ടിണിയിലായി. അനുജന്‍ പട്ടിണികിടന്നു മരിച്ചു. ഏഴുവര്‍ഷത്തെ തടവിനുശേഷം പുറത്തുവന്ന, സുനീതി, ഡോക്ടറായി. 1947 ല്‍ തൊഴിലാളി നേതാവായ പ്രദ്യോത് കുമാര്‍ഘോഷിനെ വിവാഹം ചെയ്തു. ഒരു മകള്‍-ഭാരതി സെന്‍. 


ശാന്തി അന്ന് 
സ്റ്റീവൻസ് മരണത്തിന് രണ്ടു കൊല്ലം മുൻപ് മാത്രമാണ് വിവാഹിതനായത്;ഒരു മകൾ ജനിച്ച് അധികമായിരുന്നില്ല .പ്രധാന ആസൂത്രകയായ പ്രഫുല്ലയെ തടവിലിട്ടുഅത് കഴിഞ്ഞ് വീട്ടു തടങ്കലിലായി .അഞ്ചു വർഷത്തിന് ശേഷം ചികിത്സ കിട്ടാതെ മരിച്ചു.
കഥ ഇവിടെ തീരുന്നു. പത്രപ്രവര്‍ത്തനത്തില്‍, വാര്‍ത്ത, ഒരു ശീര്‍ഷാസന പിരമിഡ് ആണ്. മാംസളമായ ഭാഗങ്ങള്‍ ആദ്യം; വെട്ടിക്കളയാവുന്ന ചെറിയ വിവരങ്ങള്‍ അവസാനം. ഈ വാര്‍ത്ത ഇവിടെ തീരുമ്പോള്‍, ഒരു ദുഃഖമേയുള്ളൂ. കൊല്ലപ്പെട്ട സ്റ്റീവന്‍സിനെപ്പറ്റി വലിയ വിവരമൊന്നും ഇല്ല. അതാണ്, ദുര്‍മരണങ്ങളുടെ വിധി.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...