Monday, 17 June 2019

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 19,20

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/19 കര്‍മത്തിന്റെ ഫലസിദ്ധി
 ഒരുകര്‍മഭാവത്തിന്റെ മുഖ്യദൗത്യം അതിനെ സൃഷ്ടിച്ച പഴയ പ്രവൃത്തിയുടെ ഫലങ്ങള്‍ നല്‍കുക എന്നതാണ്. ആ പഴയ കര്‍മത്തിന്റെ ഗുണങ്ങളുടെ പ്രത്യാഘാതങ്ങളാണ് അവ. കര്‍മങ്ങളുടെ ഓരോ ഗുണത്തിനും ഒരു പാരിതോഷികവും, ഒരു ദോഷത്തിന് ഒരു പിഴയും കിട്ടിയിരിക്കും. ഒരു കര്‍മത്തിന്റെ ഗുണങ്ങള്‍ അതിന്റെ കര്‍മഭാവങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് നാം കണ്ടു. കാര്‍മികന്റെ സൂക്ഷ്മശരീരത്തില്‍ അവ നില്‍ക്കുന്നതിനാല്‍, അയാള്‍ക്ക് അതിന്റെ ഫലങ്ങള്‍ ഒഴിവാക്കാനാവില്ല. തീക്ഷ്ണതയനുസരിച്ച്, അവ അന്തരാളത്തില്‍ കുറച്ചുകാലം ഉറങ്ങിക്കിടക്കാം; എന്നാല്‍, ഒരുനാള്‍ അല്ലെങ്കില്‍ മറ്റൊരുനാള്‍ അവ ഫലങ്ങള്‍ നല്‍കാന്‍ ഉണരുകതന്നെ ചെയ്യും. ഫലങ്ങള്‍ വരുന്നതനുസരിച്ച് കാര്‍മികന്‍ അതനുഭവിക്കും. സമയമാകുമ്പോള്‍, കര്‍മഭാവങ്ങള്‍ക്ക് കാരണമായ സൂക്ഷ്മമായ കേവലചുഴിതരംഗങ്ങള്‍ കര്‍മത്തിന്റെ ഗുണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കുമിയുന്നു. കര്‍മഭാവം അപ്പോള്‍ പൂവണിയും. കര്‍മഭാവത്തിലെ ഗുണങ്ങളാണ് യഥാര്‍ത്ഥത്തില്‍ പൂവണിയുന്നത്.
 കുമിഞ്ഞ കേവലതരംഗങ്ങളില്‍ നിന്നുള്ള പ്രസരണ തരംഗങ്ങള്‍ മനസ്സിലും ബുദ്ധിയിലുമെത്തി അവയുടെ തരംഗങ്ങളുമായി ബന്ധപ്പെടുമ്പോള്‍ മനസ്സിലും ബുദ്ധിയിലും പ്രത്യേക ഫലമുളവാക്കുന്ന ഒരു കര്‍മം ചെയ്യാന്‍ പ്രചോദനമുണ്ടാവുന്നു. ആ കര്‍മത്തിന് പിന്നാലെ വരുന്ന ഫലം, കര്‍മഭാവത്തിലുള്ള ഭൂതകാല പ്രവൃത്തിയുടെ ഫലമോ ആത്യന്തിക പ്രത്യാഘാതമോ ആണ്. പുതിയ കര്‍മത്തെ പഴയ കര്‍മത്തിന്റെ കര്‍മഭാവമാണ് പ്രചോദിപ്പിക്കുന്നത് എന്നതിനാല്‍, പുതിയ കര്‍മത്തിന്റെ പ്രത്യക്ഷഫലങ്ങള്‍ പഴയകര്‍മത്തിന്റെ ആത്യന്തിക ഫലങ്ങളാണെന്ന് പറയുന്നു. തീക്ഷ്ണതയനുസരിച്ച്, കര്‍മഭാവങ്ങള്‍ ശക്തമോ ദുര്‍ബലമോ ആകാം. ശക്തമായ കര്‍മഭാവങ്ങള്‍ ജീവിതത്തില്‍ യഥാര്‍ത്ഥ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു. ദുര്‍ബലമായ കര്‍മഭാവങ്ങള്‍, നടക്കുന്നതോ നടക്കാത്തതോ ആയ അനുഭവങ്ങള്‍ക്ക് അവസരങ്ങളൊരുക്കിയേക്കാം. ഭഗവദ്ഗീത (18:60) ശക്തമായ കര്‍മഭാവങ്ങളെ പരാമര്‍ശിക്കുന്നതു കാണുക:
 കൗന്തേയ, നീ സഹജമാം സ്വകര്‍മംകൊണ്ടു
 ബദ്ധനായ്അവശപ്പെട്ടു ചെയ്തീടും
 ചെയ്യാനിച്ഛിച്ചിടായ്കിലും. 
കര്‍മഭാവത്തില്‍ നിന്നുണ്ടാകുന്ന കര്‍മം' അഥവാ സഹജമായ സ്വകര്‍മം, ആ കര്‍മത്തിന്റെ കര്‍മഭാവം പുഷ്പിക്കുമ്പോള്‍ പ്രചോദിപ്പിക്കുന്ന കര്‍മമാണ്, ഒരാള്‍ അതു ചെയ്യാനിഷ്ടപ്പെടുന്നില്ലെങ്കിലും. 'കര്‍മഭാവത്തില്‍ നിന്നുണ്ടാകുന്ന കര്‍മം' അഥവാ സഹജമായ സ്വകര്‍മം, ആ കര്‍മത്തിന്റെ കര്‍മഭാവം പുഷ്പിക്കുമ്പോള്‍ പ്രചോദിപ്പിക്കുന്ന കര്‍മമാണ്. ഒരാള്‍ അത് ചെയ്യാനിഷ്ടപ്പെടുന്നില്ലെങ്കിലും, അതു ചെയ്യാന്‍ നിര്‍ബന്ധിക്കും വിധം അയാളുടെ സാഹചര്യങ്ങള്‍ രൂപപ്പെടുമെന്ന് ഗീത പറയുന്നു. പഴയ കര്‍മങ്ങളുടെ ആത്യന്തികഫലങ്ങള്‍ കാര്‍മികനെ അനുഭവിപ്പിക്കാനുള്ള സാഹചര്യമാണ് അത്. കര്‍മം പൂര്‍ത്തീകരിക്കുന്നതുവരെയേ സാധാരണ, ഒരു കര്‍മഭാവത്തിന്റെ പുഷ്പവും അതിന്റെ പ്രചോദനവും നിലനില്‍ക്കുകയുള്ളൂ. തിരിച്ച്, ഒരു മുന്‍കാല കര്‍മഭാവത്തില്‍ നിന്നാണ്, ജീവിതത്തിലെ എല്ലാ കര്‍മത്തിനും അനുഭവത്തിനുമുള്ള സ്വാഭാവിക താല്‍പര്യം ജനിക്കുന്നത്. അതിനാല്‍, കര്‍മഭാവങ്ങള്‍ മനുഷ്യജീവിതത്തെ പരുവപ്പെടുത്തുന്നതായി പറയുന്നു. മുജ്ജന്മത്തില്‍ ചെയ്ത മുന്‍ കര്‍മത്തിന്റെ ഫലമാണ് സത്യത്തില്‍, വിധി. മുന്‍കര്‍മങ്ങളില്‍നിന്ന് മാത്രാണ്, മറ്റൊന്നില്‍നിന്നുമല്ല അനുഭവങ്ങള്‍ ഉണരുന്നത് (ആധ്യാത്മോപനിഷത് (49). എന്തുകൊണ്ട് ധര്‍മിഷ്ഠര്‍ ചിലപ്പോള്‍ ദുരിതമനുഭവിക്കുന്നുവെന്നും ദുഷ്ടര്‍ ആനന്ദമനുഭവിക്കുന്നുവെന്നും ഇതു വ്യക്തമാക്കുന്നു. മുജ്ജന്മങ്ങളിലെ കര്‍മങ്ങളുടെ പ്രത്യാഘാതങ്ങളാണ് അവ.കര്‍മഭാവങ്ങളുടെ ഫലസിദ്ധി, അവ ഉണ്ടായ ക്രമത്തിലായിരിക്കില്ല, തീക്ഷ്ണത അനുസരിച്ചായിരിക്കും. 'ആദ്യമെത്തിയവന് ആദ്യം' എന്നത് പ്രകൃതിനിയമം അല്ല. ചെടികളില്‍, പുതിയ ശാഖയിലെ പച്ചപ്പുള്ള മൊട്ടുകള്‍ വേഗം പൂവിടുന്നതും പഴയശാഖകളിലെ വൃദ്ധമൊട്ടുകള്‍ ഉറങ്ങിയിരിക്കുന്നതും നാം കാണാറുണ്ട്. വയസ്സിലെ മൂപ്പിനുമേല്‍, ഊര്‍ജസ്വലതയ്ക്ക് പ്രകൃതി നല്‍കുന്ന മുന്‍ഗണനയാണ് അത്. ഒരു കര്‍മഭാവത്തിന്റെ ഊര്‍ജസ്വലത, അതിലെ ഗുണങ്ങളുടെ തീക്ഷ്ണതയെ ആശ്രയിച്ചിരിക്കും. മിക്കവാറും ഉഭയ പ്രവൃത്തികളില്‍ (വിവാഹം പോലെ), രണ്ടിലും പരസ്പരം പ്രതികരിക്കുന്ന കര്‍മഭാവങ്ങള്‍ കാണും. ഒരാളെ പ്രചോദിപ്പിക്കുന്ന തരംഗങ്ങള്‍, അപരനിലെ സമാന്തരമായ കര്‍മഭാവത്തിലെത്തി അതിനെ പ്രചോദിപ്പിക്കുകയും അങ്ങനെ ഉഭയപ്രവൃത്തി പൂര്‍ണതയിലെത്തുകയും ചെയ്യും. 'പ്രഥമദര്‍ശനാനുരാഗം,' ആദ്യ കൂടിക്കാഴ്ച കഴിഞ്ഞും രണ്ടു യൗവനയുക്തര്‍ തമ്മില്‍ നിലനില്‍ക്കുന്ന ആകര്‍ഷണം എന്നിവയ്ക്ക് കാരണം, അവരിലെ കാണപ്പെട്ട കര്‍മഭാവങ്ങളുടെ തരംഗങ്ങള്‍ കൂട്ടിമുട്ടുന്നതുകൊണ്ട് സംഭവിക്കുന്നതാകാം.

  അധ്യായം/20, സഞ്ചിത കര്‍മം
 പ്രകൃതി നിയമത്തില്‍, ഓരോ വ്യക്തിയും അയാളുടെ കര്‍മങ്ങളുടെ ഫലം അനുഭവിക്കാന്‍ ബാധ്യസ്ഥനാണെന്ന് നാം കണ്ടു (അധ്യായം 17). സൂക്ഷ്മശരീരത്തിലെ കര്‍മഭാവങ്ങളില്‍ നിന്നാണ്, കര്‍മഫലങ്ങളുണ്ടാകുന്നത്. അതിലടങ്ങിയ കര്‍മത്തിന്റെ ഫലങ്ങള്‍ നല്‍കുംമുന്‍പ്, ഒരു കര്‍മഭാവവും, ക്ഷയിക്കുകയില്ല. സാധാരണ, ഒരു കര്‍മം ചെയ്യാന്‍ എടുക്കുന്ന സമയത്തെക്കാള്‍, അതിന്റെ ഫലം അനുഭവിക്കാന്‍ എടുക്കുന്ന സമയം കൂടുതലായിരിക്കും. രാജ്യനിയമത്തില്‍, ഏതാനും നിമിഷംകൊണ്ടു ചെയ്യുന്ന ക്രിമിനല്‍ കുറ്റത്തിന് പ്രതിക്ക് കിട്ടുന്ന ശിക്ഷ നിരവധി വര്‍ഷങ്ങളായിരിക്കും. പ്രകൃതിയില്‍, ഒരു ചെടിയെ ഏതാനും മാസം ശുശ്രൂഷിച്ച തോട്ടക്കാരന്, പിന്നീട് അതിന്റെ ഫലങ്ങള്‍ ദശകങ്ങളോളം കിട്ടിയെന്നിരിക്കും. ഒരു നന്മയ്ക്ക്, അതിന്റെ കാര്‍മികന്, സ്വര്‍ഗീയാനന്ദം ദീര്‍ഘമായും, തിന്മയ്ക്ക് നരകദുരിതങ്ങള്‍ ആണ്ടുകളോളവും കിട്ടുമെന്ന് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. കര്‍മം ചെയ്യാനെടുത്ത സമയത്തെക്കാള്‍ ദീര്‍ഘമായിരിക്കും അതിന്റെ ഫലം അനുഭവിക്കാനുള്ള സമയം എന്ന കാര്യത്തില്‍ സമവായമുണ്ടെന്ന് തോന്നുന്നു.കര്‍മങ്ങളുടെ നിരന്തര പരമ്പരയാണ് ജീവിതം. ഓരോ കര്‍മവും അതിന്റെ കര്‍മഭാവങ്ങള്‍ സൃഷ്ടിക്കുകയും അവ കാര്‍മികന് ഫലങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു. കര്‍മം ചെയ്യാനെടുത്തതിനെക്കാള്‍ ദീര്‍ഘമാണ് ഫലമനുഭവിക്കാനുള്ള സമയമെങ്കില്‍, ഒരു ജീവിതത്തില്‍ ചെയ്ത കര്‍മങ്ങളുടെയെല്ലാം ഫലം അനുഭവിക്കാന്‍ ആ ജീവിതം പോരാതെ വരും. അതിനാല്‍, ഓരോ ജീവിതാവസാനവും, ഒരുപിടി കര്‍മഭാവങ്ങള്‍ സൂക്ഷ്മ ശരീരത്തില്‍, കുടിശികയായി കിടക്കും.അതിനാല്‍, സൂക്ഷ്മശരീരത്തിലെ കര്‍മഭാവങ്ങളുടെ സംഖ്യ, ഓരോ ജീവിതം കഴിയുന്തോറും, കൂടിക്കൂടി വരുന്നു. ഒരാളിലെ ചില കര്‍മഭാവങ്ങള്‍, പുഷ്പിക്കാന്‍ പോവുകയാകാം. അവ ജീവിതത്തില്‍ ഉടനീളം സൂക്ഷ്മതലത്തില്‍ സജീവമായിരിക്കും. എന്നാല്‍, ഒരു സൂക്ഷ്മ ശരീരത്തിലെ മിക്ക കര്‍മഭാവങ്ങളും, ഫലംനല്‍കാനുള്ള സമയം കാത്ത്, ഉറങ്ങിക്കിടക്കും. 
മുജ്ജന്മങ്ങളിലെ കര്‍മങ്ങളുടെ, സൂക്ഷ്മശരീരത്തില്‍ നിദ്രകൊള്ളുന്ന കര്‍മഭാവങ്ങളുടെ കൂട്ടത്തിന്, സഞ്ചിത കര്‍മം എന്നുപറയുന്നു. സംസ്‌കൃതത്തില്‍, സഞ്ചിതം എന്നാല്‍, കൂടി വന്നത് അഥവാ ശേഖരിച്ചത്; കര്‍മം എന്നത്, കര്‍മഭാവങ്ങളുടെ ചുരുക്കം. സഞ്ചിതകര്‍മം എന്ന പ്രയോഗത്തിനര്‍ത്ഥം, ഒന്നിച്ചുകൂടിയ കര്‍മഭാവങ്ങള്‍ എന്നാണെങ്കിലും, ഈ വിശേഷണം, നിദ്രകൊള്ളുന്ന, മുജ്ജന്മങ്ങളുടെ കര്‍മഭാവങ്ങളുടെ ശേഖരത്തിനു മാത്രമാണ്. കര്‍മംചെയ്യുന്നതിനെക്കാള്‍ സമയം അതിന്റെ ഫലമനുഭവിക്കാന്‍ എടുക്കുന്നതിനാല്‍, ഓരോ ജീവിതം കഴിയുന്തോറും സഞ്ചിതകര്‍മം ഏറുകയും കര്‍മഫലത്തിന്റെ കുടിശ്ശിക ഭക്ഷിക്കാന്‍, ആത്മാവ് തുടര്‍ച്ചയായ പുനര്‍ജന്മങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യും. മാത്രമല്ല, സഞ്ചിതകര്‍മം സൂക്ഷ്മശരീരത്തിനു സ്ഥിരത നല്‍കുന്നു-കാരണം, കര്‍മഭാവങ്ങള്‍ നിലനില്‍ക്കുവോളം, അവയുടെ പത്തായമായി സൂക്ഷ്മശരീരത്തിന് തുടര്‍ന്നേ തീരൂ. ആത്മാവിന് കര്‍മത്തോടുള്ള അടിമത്തം ശാശ്വതമാണെന്ന് ഇതിനര്‍ത്ഥമില്ല. കര്‍മങ്ങളോട് ആഭിമുഖ്യമില്ലാതെയും ഈശ്വരസമര്‍പ്പിതമായും അവ ചെയ്ത്, പുത്തന്‍ കര്‍മഭാവങ്ങളുടെ ആവിര്‍ഭാവം നിര്‍ത്താമെന്ന്, പിന്നീട് കാണാം (അധ്യായം 35). സഞ്ചയിക്കപ്പെട്ട കര്‍മഭാവങ്ങള്‍, പൂര്‍ണ ആത്മീയ തിരിച്ചറിവ് (ജ്ഞാനം) ആര്‍ജിക്കുമ്പോള്‍, ഉണര്‍ച്ചയില്‍ സ്വപ്നങ്ങള്‍ ശമിക്കുംപോലെ, അപ്രത്യക്ഷമാകും (ആധ്യാത്മ ഉപനിഷത്(50). സകല ആത്മാക്കളും ഈശ്വരനിലാണ് എന്നുതിരിച്ചറിയുമ്പോഴാണ്, ഒരാള്‍ ആത്മീയ ജ്ഞാനം അടയുന്നത്. അതാര്‍ജിക്കുമ്പോള്‍, ഈശ്വരന്‍കര്‍മഭാവങ്ങളില്‍നിന്ന് മുക്തന്‍ എന്നപോലെ, അയാളും കര്‍മഭാവങ്ങളില്‍നിന്ന് മുക്തനാകുന്നു (ഭഗവത്ഗീത 4:37). എന്നാല്‍, ഇതിനൊരപവാദമുണ്ട്. ആത്മീയജ്ഞാനം അടയുംമുന്‍പ് പുഷ്പിക്കാന്‍ തുടങ്ങിയ (സജീവ) കര്‍മഭാവങ്ങള്‍, ഫലങ്ങള്‍ നല്‍കാതെ, ആ വികാസം നിര്‍ത്തുകയോ അപ്രത്യക്ഷമാവുകയോ ചെയ്യില്ല- തെറ്റായ ലക്ഷ്യത്തിലേക്കാണ് അമ്പയച്ചത് എന്ന് അയച്ചവന്‍ തിരിച്ചറിഞ്ഞാലും, യാത്ര തുടങ്ങിയ അസ്ത്രം പാതിവഴിയില്‍ നില്‍ക്കുകയില്ല. രണ്ടും, ലക്ഷ്യത്തിലെത്തുംവരെ, യാത്ര തുടരും.  
പ്രാരബ്‌ധ കർമ്മം 

ഇപ്പോഴത്തെ ജീവിതത്തെ നയിക്കുന്ന കര്‍മഭാവങ്ങളുടെ കൂട്ടമാണ് പ്രാരബ്ധകര്‍മം. അത് സഞ്ചിതകര്‍മത്തില്‍നിന്ന് വരികയും നിലവിലെ ജീവിതത്തിലുടനീളം സജീവമായിരിക്കുകയും ചെയ്യുന്നു. രണ്ടു വ്യത്യസ്ത സംഘങ്ങളായാണ് മുജ്ജന്മങ്ങളിലെ കര്‍മഭാവങ്ങള്‍ സൂക്ഷ്മശരീരത്തില്‍ നില്‍ക്കുന്നത്-സജീവവും നിര്‍ജീവവും. നിര്‍ജീവ സംഘത്തെ ഒന്നിച്ച് സഞ്ചിതകര്‍മം എന്നും, സജീവ സംഘത്തെ പ്രാരബ്ധകര്‍മം എന്നും വിളിക്കുന്നു. ഈ ജീവിതത്തില്‍ ഉണ്ടാകുന്ന കര്‍മഭാവങ്ങള്‍, മൂന്നാമതൊരു വ്യത്യസ്ത സംഘമാകുന്നു. ഭാരതീയ തത്വചിന്തകള്‍ പറയുന്നതനുസരിച്ച്, കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല (യോഗശിഖാ ഉപനിഷത് 1:37). നമ്മുടെ എല്ലാ കര്‍മത്തിനും ഒരു മുന്‍കാരണമുണ്ട്. ഒരു കര്‍മത്തിന്റെയോ പ്രവൃത്തിയുടെയോ കാരണം പുഷ്പിച്ചുകൊണ്ടിരിക്കുന്ന കര്‍മഭാവവമോ, ആകസ്മികമായ ഇന്ദ്രിയാനുഭൂതിയോ ആകാം. കര്‍മഫലം ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയുടെ ഭാഗമായി, പുഷ്പിച്ചുകൊണ്ടിരിക്കുന്ന കര്‍മഭാവങ്ങള്‍ കൊണ്ടുവരുന്നതാകാം, നമ്മുടെ മിക്ക ഇന്ദ്രിയാനുഭൂതികളും. അപൂര്‍വമായി ഇതിന് അപവാദമുണ്ടാകാം; അവയുടെ സാധ്യത തള്ളിക്കളയാനാവില്ല (അധ്യായം 18). എന്നാല്‍, പൊതുവേ, സ്വാഭാവികമായി ഉണ്ടാകുന്ന പ്രവൃത്തികളെല്ലാം കര്‍മഭാവങ്ങള്‍ കാരണം ഉണ്ടാകുന്നവയാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു (സമ്പൂര്‍ണകൃതികള്‍, വാല്യം1, പേജ് 245):
നമ്മുടെ കര്‍മങ്ങളെല്ലാം ഭൂതകാല സംസ്‌കാര ഫലങ്ങളാണ്. വീണ്ടും ഇവ സംസ്‌കാരങ്ങളായി, ഭാവികര്‍മങ്ങള്‍ക്ക് കാരണമാകുന്നു. അങ്ങനെ നാം മുന്നോട്ടുപോകുന്നു.
 അപൂര്‍വം സന്ദര്‍ഭങ്ങളിലല്ലാതെ, ഓരോ കര്‍മവും ഒരു ഭൂതകാല പ്രവൃത്തിയുടെ സംസ്‌കാരം (കര്‍മഭാവം) കാരണമാണ് ഉണ്ടാകുന്നത്. സൂക്ഷ്മശരീരത്തില്‍ കര്‍മഭാവങ്ങളായി നിലനില്‍ക്കുന്ന ഭൂതകാല കര്‍മങ്ങള്‍ കാരണമാണ് ജീവിതത്തിലെ എല്ലാ കര്‍മങ്ങളും തദ്ഫലമായ അനുഭവങ്ങളും ഉണ്ടാകുന്നത്. അക്ഷ്യുപനിഷത് (22) പറയുന്നു: 
എല്ലാം (ജീവിതത്തില്‍ സംഭവിക്കുന്ന) പഴയ കര്‍മങ്ങള്‍ കാരണമാണ് (പ്രാക്-കര്‍മ നിര്‍മിതം സര്‍വം).
 ശ്വാസോച്ഛ്വാസം, കണ്ണടയ്ക്കല്‍, ഉറക്കം, മൂത്രമൊഴിക്കല്‍, മുലകുടി തുടങ്ങി സാധാരണ ശരീരപ്രവൃത്തികള്‍ കര്‍മഭാവങ്ങള്‍ കാരണമാകണം എന്നില്ല, ശരീരത്തിലെ ജീനുകളില്‍ കര്‍മകല്‍പനകളായി വര്‍ത്തിക്കുന്ന സ്വഭാവവിശേഷങ്ങള്‍ കാരണമാകാം ഇവ നടക്കുന്നത് (അധ്യായം 27). കര്‍മപ്രചോദങ്ങള്‍ക്കു പകരം, ജനിതക പ്രേരണകളാണ് അവയ്ക്ക് നിദാനം. കര്‍മങ്ങളുടെ നിരന്തര പരമ്പരയാണ് ജീവിതം. നമ്മുടെ ശരീരം, മനസ്സ്, സംസാരം എന്നിവകൊണ്ട് ഒരു കര്‍മം അല്ലെങ്കില്‍ മറ്റൊന്ന് ചെയ്യാതെ നാം ഒരു നിമിഷംപോലും ഇരിക്കുന്നില്ല. മുന്‍ നിശ്ചയിച്ച കര്‍മഭാവങ്ങളുടെ പ്രചോദനത്താലാണ് എല്ലാ കര്‍മങ്ങളും ഉണ്ടാകുന്നത് എങ്കില്‍, ഒരു ജീവിതത്തിനുള്ള അനവധി കര്‍മഭാവങ്ങള്‍, പ്രാരബ്ധകര്‍മത്തിലുണ്ടായിരിക്കണം; ഇടവേളയില്ലാതെ, ഒന്നിനുമേല്‍ ഒന്ന് എന്ന നിലയ്ക്കല്ലാതെ, ഒന്നൊന്നായി കര്‍മത്തിനുശേഷം കര്‍മം എന്നതിന് പ്രചോദനം നല്‍കത്തക്കവണ്ണം അവ കൃത്യമായ ക്രമത്തില്‍ അടുക്കിയിട്ടുണ്ടാകണം. ജീവിതം തുടങ്ങും മുന്‍പുതന്നെ, പ്രാരബ്ധകര്‍മം ഈ ആവശ്യം നിറവേറ്റുന്നു- മുജ്ജന്മം യഥാര്‍ത്ഥത്തില്‍ ഒടുങ്ങുന്നതിന് മുന്‍പേ. ജീവിതം ആകസ്മികമായി ജീവിക്കുന്നതല്ല എന്ന് മഹര്‍ഷിമാര്‍ പറയുന്നു. ഒരു ജീവിതാരംഭത്തിനു മുന്‍പുതന്നെ, കര്‍മഭാവങ്ങളായി, ആ ജീവിതത്തിന് കൃത്യമായ പദ്ധതി ഉണ്ടാകുന്നു; അത് അടിസ്ഥാന രൂപകല്‍പനയായി, കര്‍മങ്ങള്‍ അനാവരണം ചെയ്യുകയും, ജീവിതത്തിനു രൂപംനല്‍കുകയുമാണ് ചെയ്യുന്നത്. 
ഇത് സാധ്യമാക്കാന്‍, ഒരു ജീവിതാന്ത്യത്തിന് മുന്‍പേ, വേണ്ടത്ര കര്‍മഭാവങ്ങള്‍ സഞ്ചിതകര്‍മത്തിലെ നിദ്രാവസ്ഥയില്‍ നിന്നുണര്‍ന്ന്, നന്നായി ഭ്രമണം ചെയ്യാന്‍ തുടങ്ങുന്നു. അവ സജീവമാകുമ്പോള്‍, ഉറങ്ങിയിരിക്കുന്ന ബാക്കി സഞ്ചിതകര്‍മത്തില്‍നിന്ന് വിഘടിക്കുന്നു. വിഘടിച്ച കര്‍മഭാവങ്ങള്‍ ഒന്നിച്ചൊരു സംഘമായി തുടങ്ങാനിരിക്കുന്ന ജീവിതത്തെ നിര്‍ണയിക്കുകയും നയിക്കുകയും ചെയ്യുന്നു. ആ പുത്തന്‍ ജീവിതത്തില്‍, ഈ സജീവ കര്‍മഭാവങ്ങള്‍ ഒന്നൊന്നായി പുഷ്പിച്ച്, കര്‍മങ്ങളെ (മുന്‍ കര്‍മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കാന്‍) പ്രചോദിപ്പിക്കുന്നു. അവയെല്ലാം ഫലങ്ങളുണ്ടാക്കാന്‍ പുഷ്പിക്കും. അങ്ങനെ, ഈ കര്‍മഭാവങ്ങള്‍, വിടരല്‍ ലക്ഷ്യമാക്കി പ്രവൃത്തി തുടങ്ങി എന്നു പറയാം. ഒന്നൊന്നായി യഥാര്‍ത്ഥത്തില്‍ വിടരുന്നത്, പുത്തന്‍ ജീവിതത്തിന്റെ മൊത്തം ആയുസ്സിനിടയിലായിരിക്കും; എന്നാല്‍, എല്ലാ കര്‍മഭാവങ്ങളും, ഒന്നൊന്നായി വിടരുംവരെ, വേണ്ട ഭ്രമണത്തില്‍ ശരാശരി സജീവത നിലനിര്‍ത്തും. ഈ ഭ്രമണങ്ങള്‍ സൃഷ്ടിക്കുന്ന പ്രസരണതരംഗങ്ങള്‍ മനസ്സിലും ബുദ്ധിയിലുമെത്തി, ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച്, അവയെ ചെറുതായി ബാധിക്കുന്നു. ഇത്തരം ചെറുബാധകളുടെ ആകെത്തുകയാണ്, ആ വ്യക്തിയുടെ സ്വഭാവം, സമീപനം, കഴിവുകള്‍, കാഴ്ചപ്പാട് തുടങ്ങിയവ. അത്തരം സജീവ കര്‍മഭാവങ്ങളുടെ ഫലമാണ്, സഹജവികാരങ്ങളായ മമത, സ്‌നേഹം, വിദ്വേഷം, ഭയം എന്നിവയായി പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍, ആ കര്‍മഭാവങ്ങളെല്ലാം പ്രവര്‍ത്തനം തുടങ്ങിയെന്നു കണക്കാക്കുന്നു. ഇവയുടെ സംയുക്തമാണ് പ്രാരബ്ധകര്‍മം. സംസ്‌കൃതത്തില്‍, പ്രാരബ്ധം എന്നാല്‍, തുടങ്ങിയ കര്‍മഭാവങ്ങള്‍. എന്നുവച്ചാല്‍, പ്രവൃത്തി തുടങ്ങിയ ഒരുകൂട്ടം കര്‍മഭാവങ്ങള്‍. ഈ ജന്മത്തില്‍ അനുഭവിക്കേണ്ട കര്‍മഫലങ്ങള്‍ക്കായി, പ്രാരബ് ധ  കര്‍മത്തിലെ കര്‍മഭാവങ്ങള്‍ മാത്രമേ, ഒന്നൊന്നായി പുഷ്പിച്ച് പ്രവൃത്തികളും അനുഭവങ്ങളുമായി മാറുകയുള്ളൂ എന്നത് ശ്രദ്ധിക്കണം. മൊത്തം ജീവിതത്തില്‍ ആവശ്യമുള്ള കര്‍മങ്ങള്‍ പ്രചോദിപ്പിക്കാന്‍ വേണ്ടത്ര, ശരാശരി സജീവമായ കര്‍മഭാവങ്ങള്‍ അടങ്ങിയതാണ്, പ്രാരബ് ധ   കര്‍മം. ഒരു യുവതിയുടെ അണ്ഡാശയത്തില്‍ 300,000 അണ്ഡകണങ്ങള്‍ ഉണ്ടെങ്കിലും, ഒരാര്‍ത്തവത്തില്‍ അവയില്‍ ഒന്നേ അണ്ഡമായി വികസിക്കൂ. അതുപോലെ, ഒരു സമയത്ത്, പ്രാരബ് ധ  ര്‍മത്തിലെ നിരവധി കര്‍മഭാവങ്ങളില്‍ ഒന്നുമാത്രമേ പുഷ്പിച്ച്, ബുദ്ധിയെ ഒരു കര്‍മത്തിനായി പ്രചോദിപ്പിക്കുകയുള്ളൂ. അത്, ഒരു കര്‍മഫലം കൊണ്ടുവരും. ആ പ്രചോദനമുണ്ടായാല്‍, ബുദ്ധി, ബന്ധപ്പെട്ട കര്‍മത്തിന് മനസ്സിനോടും ഇന്ദ്രിയങ്ങളോടും നിര്‍ദേശിക്കും. ആ കര്‍മംകര്‍മഭാവത്തിന്റെ പ്രതിഫലിച്ച മുജ്ജന്മ കര്‍മത്തിന്റെ ഗുണഗണങ്ങള്‍ അനുസരിച്ച്, സന്തോഷത്തിന്റെയോ ദുഃഖത്തിന്റെയോ അനുഭവത്തില്‍ അവസാനിക്കും. കര്‍മഫലം അനുഭവിച്ചുതീരുംവരെ, കര്‍മഭാവങ്ങള്‍ വിടര്‍ന്നുനില്‍ക്കും. വിടര്‍ന്ന കര്‍മഭാവങ്ങളില്‍, ആശയക്കുഴപ്പമോ തിക്കുമുട്ടലോ ഉണ്ടാവില്ല. പ്രചോദിപ്പിക്കപ്പെട്ട കര്‍മം തീര്‍ന്നാല്‍, കര്‍മഭാവത്തിന്റെ തീക്ഷ്ണത കുറയുന്നു. കര്‍മഫലം അനുഭവിച്ചു തീര്‍ന്നാല്‍, അത് അമരുന്നു; അതിനുശേഷവും പ്രചോദനമുണ്ടായാല്‍, അതിന് പൂര്‍വകര്‍മ സ്മൃതി ഉണര്‍ത്താന്‍ കഴിയും

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 17

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/17, കര്‍മം
 സ്വാഭാവികമായും ക്രമമായും സംഭവിക്കുന്ന ഒരുപാടു സംഗതികള്‍ നമ്മുടെ ശ്രദ്ധയില്‍ പെടാറില്ല. ഉഗ്രന്‍ പൂരവെടിക്കെട്ടു കണ്ടതോ ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തില്‍ ഏതാനും വര്‍ഷം മുന്‍പ് തൊഴുതതോ ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, മനസ്സില്‍ അത് വൈവിധ്യത്തോടെ വരികയും, ആത്മാവ് ആനന്ദത്തിലാറാടുകയും ചെയ്യും. എങ്ങനെയാണ് ഇതുണ്ടാകുന്നത്?
 മുജ്ജന്മ കര്‍മങ്ങളുടേയും അനുഭവങ്ങളുടെയും പ്രതിഫലനങ്ങള്‍ നമ്മുടെ സൂക്ഷ്മശരീരത്തില്‍ നില്‍ക്കുകയും, അവയുടെ അവലോകനം വൈവിധ്യത്തോടെയുള്ള അവയുടെ പുനരനുഭവത്തിന് കാരണമാകുന്നുവെന്നും മഹര്‍ഷിമാര്‍ പറഞ്ഞു. അത് നിരവധി മറ്റദ്ഭുതങ്ങളും സൃഷ്ടിക്കുന്നു. അവയാണ് ഇപ്പുസ്തകത്തിലെ ഈ ഭാഗത്ത് വിവരിക്കുന്നത്. കര്‍മം എന്നത്, സംസ്‌കൃതത്തില്‍, മനഃപൂര്‍വംചെയ്യുന്ന ജോലിയോ പ്രവൃത്തിയോ ആണ്. വിശാലാര്‍ത്ഥങ്ങളുള്ള ഒരു വാക്ക്. പ്രവൃത്തികള്‍ക്കൊപ്പം, വിചാരങ്ങളും ഭാഷണങ്ങളും അതുള്‍ക്കൊള്ളുന്നു. ഒരാള്‍ ഒന്നു ചെയ്യാനാഗ്രഹിച്ചാല്‍, അതിനൊരു അവസരം കാത്താല്‍, അത് മനഃപൂര്‍വമായ മാനസിക പ്രവൃത്തിയോ കര്‍മമോ ആകുന്നു. യേശു, ഗിരിപ്രഭാഷണത്തില്‍ പറഞ്ഞു:
 ''വ്യഭിചാരം ചെയ്യരുത്'' എന്ന കല്‍പന നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു: കാമാര്‍ത്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളെ തന്റെ മനസ്സില്‍ വ്യഭിചരിച്ചുകഴിഞ്ഞു. (മത്തായി 5:27-28). 
ആത്മീയ നിയമത്തില്‍, ഒരു കര്‍മം ചെയ്യാനുള്ള വിചാരംതന്നെ മനഃപൂര്‍വമായ കര്‍മമാണ് എന്നര്‍ത്ഥം. ഒരു ഭാഷണവും മനഃപൂര്‍വ പ്രവൃത്തിയാകാം. ഒരാള്‍ക്ക് മനോവിഷമമുണ്ടാകത്തക്കവിധം അയാളെ അസഭ്യം പറയുന്നത് ഒരു കര്‍മം ആണ്. അതിനാല്‍, കര്‍മം എന്നാല്‍, 'ശരീരം, മനസ്സ്, സംസാരം എന്നിവയാല്‍ മനഃപൂര്‍വം ചെയ്യുന്നതെന്തും' ആകുന്നു. കെട്ടിടനിര്‍മാണം, രോഗിശുശ്രൂഷ, ക്രൂരമൃഗത്തിന്റെ കൊല എല്ലാം ശരീരംകൊണ്ട് ചെയ്യുന്ന കര്‍മങ്ങള്‍ ആണ്. ആശയം, ആസൂത്രണം, ധ്യാനം എന്നിവയെല്ലാം മനസ്സുകൊണ്ടുള്ള കര്‍മങ്ങള്‍ ആണ്. അധ്യാപനം, ഗാനാലാപനം, പ്രകീര്‍ത്തനം എന്നിവയെല്ലാം സംസാരംകൊണ്ടുള്ള കര്‍മങ്ങള്‍ ആണ്. ജീവിതം നിരന്തര കര്‍മപരമ്പരയാണ്. ശരീരം, മനസ്സ്, സംസാരം എന്നിവവഴി എന്തെങ്കിലും കര്‍മം ചെയ്യാതെ ഒരാളും ഒരുനിമിഷവും പാഴാക്കുന്നില്ല എന്നു ഗീത (3:5) നിരീക്ഷിക്കുന്നു. ശരീരംകൊണ്ട് ഒന്നും ചെയ്യുന്നില്ലെങ്കില്‍, മനസ്സുകൊണ്ട് ചെയ്യുന്നുണ്ടാകാം. ശ്വാസോച്ഛ്വാസം, സ്വപ്നം കാണല്‍ തുടങ്ങിയ പ്രവൃത്തികള്‍ മനഃപൂര്‍വമല്ല. മനഃപൂര്‍വമായവ മാത്രമാണ് കര്‍മങ്ങള്‍. 
ഗുണങ്ങള്‍
 ഒരു കര്‍ത്തില്‍, ഗുണമോ ദോഷമോ രണ്ടുമോ ഉണ്ടാകാം. ഒരാള്‍ക്കോ സഹജീവികള്‍ക്കോ ഗുണമുണ്ടാക്കുന്നതോ ഈശ്വരനോടുള്ള പ്രതിപത്തി പ്രോത്സാഹിപ്പിക്കുന്നതോ ആയ കര്‍മങ്ങള്‍, പുണ്യ പ്രവൃത്തികളാണ്. ഒരാളെ മുറിപ്പെടുത്തുന്ന പ്രവൃത്തി, ദോഷമുള്ള പാപ പ്രവൃത്തിയാണ്. മനഃപൂര്‍വമല്ലാത്ത പ്രവൃത്തികള്‍ക്ക് ഗുണമോ ദോഷമോ ഇല്ല. ദോഷങ്ങളെ നിഷേധഗുണങ്ങളായി കാണാം, അപ്പോള്‍, 'ഗുണങ്ങള്‍' എന്ന പ്രയോഗം ഗുണത്തെയും ദോഷത്തെയും കുറിക്കുന്നു. കര്‍മത്തിന്റെ നന്മയോ തിന്മയോ അതിന്റെ 'ഗുണങ്ങള്‍' ആണ്. ഒരു കര്‍മത്തിന്റെ ഫലങ്ങള്‍ക്കുപുറമേ, അതിന്റെ ഗുണങ്ങള്‍ പില്‍ക്കാലത്ത്, അത് ചെയ്തവന് മറ്റ് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം എന്നുപറയപ്പെടുന്നു.

 പ്രത്യാഘാതങ്ങള്‍ 
കര്‍മം കാരണമായി ഉണ്ടാകുന്ന നന്മകളോ ദുരന്തങ്ങളോ ആണ് അതിന്റെ പ്രത്യാഘാതങ്ങള്‍. ഇവ ഉടനോ പിന്നീടോ കാര്‍മികന് ഉണ്ടാകാം. ഇവ, കര്‍മത്തിന്റെ നന്മയ്ക്കു പ്രതിഫലമോ ദോഷത്തിന് ശിക്ഷയോ ആയിരിക്കും. സാധാരണ, ഗുണങ്ങള്‍ പുഷ്പിച്ച് ഫലമാകാന്‍ സമയമെടുക്കും. അത്യസാധാരണമായ നന്മയോ അതിക്രൂരമായ ദോഷമോ ആണെങ്കില്‍ ഈ ജീവിതത്തില്‍ തന്നെ, ഫലങ്ങളുണ്ടാകാം; സാധാരണ സംഭവങ്ങളില്‍, അടുത്തതോ പിന്നീടോ ഉള്ള ജന്മത്തിലേ അവയുണ്ടാകൂ. അവയുടെ താമസത്തിന് കാരണം പിന്നീട് (അധ്യായം 22) വിശദീകരിക്കാം. പില്‍ക്കാലത്തുണ്ടാകുന്ന ഫലങ്ങളും ചെയ്ത കര്‍മത്തിന്റെ ഫലമാണെന്ന് ശ്രദ്ധിക്കുക. കര്‍മം കഴിഞ്ഞ് ഏറെക്കാലത്തിനുശേഷമാണ് കാര്‍മികന്‍ അതനുഭവിക്കുന്നത് എന്നതിനാല്‍, അതിനെ ആത്യന്തിക ഫലം എന്നുവിളിക്കുന്നു. കര്‍മ പ്രത്യാഘാതങ്ങളെ 'സിദ്ധി' എന്നും 'ഫലം' എന്നും വിളിക്കുന്നു. രണ്ടുവാക്കുകളും ഉടന്‍, ആത്യന്തിക പ്രത്യാഘാതങ്ങള്‍ക്ക് ഒരുപോലെ ബാധകമാണെങ്കിലും, പൊതുവേ ഉടന്‍ പ്രത്യാഘാതങ്ങള്‍ക്കാണ്, 'സിദ്ധി' എന്നുപറയുന്നത്, ആത്യന്തിക പ്രത്യാഘാതമാണ് 'ഫലം'. നന്മനിറഞ്ഞ കര്‍മങ്ങളുടെ ഫലം മധുരമാണെന്നും തിന്മനിറഞ്ഞ കര്‍മങ്ങളുടെ ഫലം കയ്‌പേറിയതാണെന്നും വേദങ്ങള്‍ ഒരുപോലെ പ്രഖ്യാപിക്കുന്നു (യോഗ സൂത്രങ്ങള്‍, 2:13-14). ആരോഗ്യം, സമ്പത്ത്, ഭാഗ്യം, സാമൂഹിക പദവി, സന്തുഷ്ടബന്ധങ്ങള്‍, സന്തുഷ്ടാന്തരീക്ഷം എന്നിവയെല്ലാം നന്മയുടെ ഫലങ്ങളാണ്; ദാരിദ്ര്യം, രോഗം, ദൗര്‍ഭാഗ്യങ്ങള്‍, അസന്തുഷ്ട ബന്ധങ്ങള്‍, അസന്തുഷ്ട അന്തരീക്ഷം എന്നിവയെല്ലാം മുജ്ജന്മ ദുഷ്ടകര്‍മങ്ങളുടെ ഫലങ്ങളാണ്. കര്‍മത്തിന്റെ ഗുണദോഷങ്ങളുടെ അളവനുസരിച്ചായിരിക്കും സന്തുഷ്ടിയുടെയും ദുരിതത്തിന്റെയും കാലദൈര്‍ഘ്യം. കര്‍മഫലം കാര്‍മികന്‍ അനുഭവിച്ചേ പറ്റൂ. എല്ലാവരും അവരവരുടെ കര്‍മഫലത്തിന്റെ ഗുണങ്ങള്‍ ആസ്വദിക്കുകയും ദോഷങ്ങള്‍ അനുഭവിക്കുകയും വേണം. കാര്‍മികന്‍തന്നെ കര്‍മങ്ങളുടെ ഫലം ഭക്ഷിക്കണമെന്ന് പൈംഗളോപനിഷത് (2:5) പറയുന്നു. ഫലങ്ങളും ആത്യന്തിക പ്രത്യാഘാതങ്ങളും അനുഭവിക്കാനുള്ള ബാധ്യതയ്ക്ക് 'കര്‍മബന്ധം' എന്നുപറയുന്നു. ഇപ്പറഞ്ഞ സിദ്ധാന്തം, ഭാരതീയ തത്വചിന്തയുടെ മാത്രം പ്രത്യേകതയല്ല. ഖുര്‍ ആന്‍ പറയുന്നു: 
എല്ലാ ആത്മാക്കളും അവ ചെയ്ത നന്മയെയും തിന്മയെയും അഭിമുഖീകരിക്കേണ്ടിവരും. (ഖുര്‍ ആന്‍ 3:30) ഓരോ ആത്മാവിനും അത് ആര്‍ജിച്ചതിന്റെ പാരിതോഷികം അല്ലാഹു നല്‍കും. (ഖുര്‍ ആന്‍ 14:51) 
ബൈബിളും ഇങ്ങനെ നിരീക്ഷിക്കുന്നു:
 ഓരോ മനുഷ്യനും അയാളുടെ മാര്‍ഗങ്ങള്‍ക്കും ചെയ്തികളുടെ ഫലങ്ങള്‍ക്കും അനുസൃതമായത് നല്‍കേണ്ടതിന്, കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുന്നു; ഹൃദയത്തെ പരീക്ഷിക്കുന്നു. (യിശെയ്യാ, 17:10)
 കര്‍ത്താവ് തരുന്നതിനെ മനുഷ്യന് നിന്ദിക്കാനോ ഒഴിവാക്കാനോ ആവില്ല. കര്‍ത്താവ് കര്‍മഫലമായി തരുന്നത്, ഓരോരുത്തരുടെയും കര്‍മത്തെ സംബന്ധിച്ച കര്‍ത്താവിന്റെ വിധിയാണ്. സമയമെടുത്താലും, വിധി ഉണ്ടാവുകതന്നെ ചെയ്യും. ബൈബിള്‍ ഇത് ശക്തമായി തന്നെ പറയുന്നു: മനുഷ്യന്‍ വിതയ്ക്കുന്നത് കൊയ്യുക തന്നെ ചെയ്യും. (ഗലാത്തിയക്കാര്‍ 6:7) കര്‍മങ്ങളുടെ ഫലങ്ങള്‍ കൊയ്‌തേ പറ്റൂ. 'കൊയ്യുക തന്നെ ചെയ്യും' എന്നുവച്ചാല്‍, അവന്‍ (ഫലങ്ങള്‍) ഭക്ഷിക്കും എന്നര്‍ത്ഥം. വിതയ്ക്കും കൊയ്ത്തിനും എപ്പോഴും ഇടവേളയുണ്ടാകുമെങ്കിലും, അത് ഇല്ലാതാവുകയോ ഒഴിവാകുകയോ ചെയ്യില്ല. ഫിലോകാലിയ (വാല്യം 1, പേജ് 118) നിരീക്ഷിക്കുന്നു. വിതയ്ക്കും കൊയ്ത്തിനും ഇടയില്‍ ഒരിടനേരം കടന്നുപോകുന്നതിനാല്‍, അതുണ്ടാവില്ല എന്നു നാം ചിന്തിക്കാന്‍ തുടങ്ങും. അത്, വെറും വിചാരമാണ്. വിതയ്ക്കുന്നവന്‍ കൊയ്യും. ദൈവത്തിങ്കല്‍, വിള നശിക്കുന്നില്ല. പാകമാവുമ്പോള്‍, കര്‍മം ചെയ്തവന്‍, കര്‍മങ്ങളുടെ ഫലങ്ങള്‍ കൊയ്യണം. എല്ലാ കര്‍മങ്ങളുടെയും ഫലങ്ങള്‍ കര്‍മം ചെയ്തവന്‍ അനുഭവിക്കണമെന്നുണ്ടെങ്കില്‍, അവ പാകമായാല്‍ സമയമെടുക്കുന്നുവെങ്കില്‍, ആത്യന്തിക ഫലങ്ങള്‍ വരുംവരെ, ആ കര്‍മങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുവരുന്നു. കര്‍മംചെയ്യല്‍ വിതയാണെങ്കില്‍, ഫലങ്ങള്‍ അനുഭവിക്കലാണ്, കൊയ്ത്ത്. കൊയ്ത്തിന് സമയമെടുക്കും. വിതയ്ക്കല്‍ കഴിഞ്ഞ്, അതായത്, കര്‍മം കഴിഞ്ഞ്, ഫലമുണ്ടാകുംവരെ കര്‍മം നിലനില്‍ക്കണം. ഒരനിശ്ചിതകാലം കര്‍മങ്ങള്‍, അവയുടെ ഗുണദോഷങ്ങളോടെ കര്‍മം ചെയ്യുന്നവന്റെ സൂക്ഷ്മ ശരീരത്തില്‍, കര്‍മഭാവങ്ങളായി നില്‍ക്കുമെന്ന് ഭാരതീയതത്വചിന്ത സങ്കല്‍പ്പിക്കുന്നു. മുജ്ജന്മ കര്‍മങ്ങളുടെ സ്വാഭാവിക സ്മൃതികള്‍, അത്തരം കര്‍മഭാവങ്ങളുടെപ്രതിഫലനങ്ങളാകുന്നു.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 16

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/16, അനുഭൂതികള്‍ 
കാഴ്ച, കേള്‍വി, ശബ്ദം, സ്പര്‍ശം, രുചി എന്നിങ്ങനെയുള്ള സ്പന്ദനങ്ങളുടെ പ്രതിഫലനങ്ങള്‍ വഹിക്കുന്ന സൂക്ഷ്മതരംഗങ്ങള്‍ ആത്മാവ് സ്വീകരിക്കുന്നതെങ്ങനെയെന്ന് സ്വാമി വിവേകാനന്ദന്‍ (സമ്പൂര്‍ണ കൃതികള്‍, വാല്യം 1, പേജ് 394): 
കമ്പനങ്ങളുടെ വിനിമയം വഴിയാണ് അനുഭൂതികളുണ്ടാകുന്നത്. അത് ആദ്യം ബാഹ്യ ജ്ഞാനേന്ദ്രിയങ്ങളിലും അവിടുന്ന് ആന്തരേന്ദ്രിയങ്ങളിലും അവിടന്ന് മനസ്സിലും മനസ്സില്‍നിന്ന് ബുദ്ധിയിലും അവിടന്ന് ആത്മനിലേക്കും എത്തുന്നു. 
ഇവിടെ 'ആന്തരേന്ദ്രിയങ്ങള്‍' എന്നാല്‍, സൂക്ഷ്‌മേന്ദ്രിയങ്ങള്‍. 'ആത്മന്‍', ആത്മാവ്. ഒരു തളികയിലെ ചുവന്ന പവിഴപ്പുറ്റുകളുടെ കാഴ്ചപോലെ ഒന്നെടുത്ത്, കാച്ചിക്കുറുക്കിയ ഈ നിരീക്ഷണം വിസ്തരിക്കാം. പ്രകാശം നമ്മിലെത്തുന്നത്, പ്രകാശതരംഗങ്ങളായാണെന്ന് (തരംഗദൈര്‍ഘ്യം മില്ലിമീറ്ററിന്റെ 1/1300 ല്‍ കുറവ്) ശാസ്ത്രം പറയുന്നു. പ്രകാശതരംഗങ്ങള്‍ വസ്തുക്കളില്‍ പതിച്ച് അതില്‍നിന്ന് പ്രതിഫലിക്കുമ്പോള്‍, അവ രൂപങ്ങളുടെ നിറങ്ങളുടെയും തിളക്കങ്ങളുടെയും പ്രതിഫലനങ്ങള്‍ വഹിക്കുന്നു. തളികയിലെ പവിഴപ്പുറ്റില്‍ വീണ് പ്രതിഫലിക്കുന്ന പ്രകാശതരംഗങ്ങള്‍, അവയ്‌ക്കൊപ്പം തളിക, പവിഴപ്പുറ്റ് എന്നിവയിലെ രൂപങ്ങളുടെയും നിറങ്ങളുടെയും തിളക്കങ്ങളുടെയും പ്രതിഫലനങ്ങള്‍ വഹിക്കുന്നു. ഈ പ്രകാശതരംഗങ്ങളില്‍ ചിലവ റെറ്റിനയില്‍ പതിക്കുമ്പോള്‍, അവ ആ പ്രതിഫലനങ്ങള്‍ റെറ്റിനയിലെ കോലുകള്‍ക്കും കോണുകള്‍ക്കും കൈമാറുന്നു. ഇതുകാരണം, ആ കോലുകളും കോണുകളും ആവേശംകൊണ്ട് ഊര്‍ജസ്വലമായി കമ്പനം ചെയ്യുന്നു. കോലുകളിലെയും കോണുകളിലെയും പ്രതിഫലനങ്ങള്‍, ഈ കമ്പനങ്ങളില്‍ പ്രതിഫലിക്കുന്നു. കമ്പനങ്ങള്‍ റെറ്റിനയിലെ ബന്ധപ്പെട്ട ഞരമ്പുനാരുകളില്‍ സൂക്ഷ്മതരംഗങ്ങള്‍ സൃഷ്ടിക്കുകയും, അവ, ആ നാരുകളുടെ തുടര്‍ച്ചയായ നേത്ര ഞരമ്പിലേക്ക് പ്രസരിച്ച്, അതിലെ പ്രതിഫലനങ്ങള്‍ ആ തരംഗങ്ങള്‍ക്ക് പകരുകയും ചെയ്യുന്നു. തരംഗങ്ങള്‍ ആ പ്രതിഫലനങ്ങളെ, നേത്ര ഞരമ്പുവഴി, മസ്തിഷ്‌കത്തിലെ കാഴ്ചാ കോര്‍ട്ടെക്‌സിലേക്ക് വഹിക്കുന്നു. ഇവ കോര്‍ട്ടെക്‌സിലെത്തുമ്പോള്‍, അവിടത്തെ ഞരമ്പുനാരുകള്‍ ആവേശംകൊണ്ട് സൂക്ഷ്മമായും എന്നാല്‍ ഊര്‍ജസ്വലമായും കമ്പനം ചെയ്യുന്നു. കോര്‍ട്ടെക്‌സിലെ കമ്പനങ്ങളില്‍നിന്നുണ്ടാകുന്ന സൂക്ഷ്മ സ്പന്ദനതരംഗങ്ങള്‍ റെറ്റിനയില്‍ നിന്ന് മസ്തിഷ്‌കത്തിലെത്തിയ തരംഗങ്ങളെക്കാള്‍ സൂക്ഷ്മവും കേവലവുമാണ്. അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്ന വ്യത്യസ്തയിനം തരംഗങ്ങളാണ്, അവ. റെറ്റിനയില്‍ നിന്നുള്ള തരംഗങ്ങള്‍ ഞരമ്പുനാരുകളുടെ ഖരമാധ്യമത്തിലൂടെ  യാണ് സഞ്ചരിക്കുന്നത് എങ്കില്‍, ഈ തരംഗങ്ങള്‍ അന്തരീക്ഷത്തിലെ തന്മാത്രാ മാധ്യമത്തിലൂടെയാണ് സഞ്ചാരം. 
കൃത്യമായ പേരിടാത്തതിനാല്‍, ഈ പുത്തന്‍ അധിക സൂക്ഷ്മ തരംഗങ്ങളെ കേവലതരംഗങ്ങള്‍ എന്നുവിളിക്കാം. റേഡിയോ തരംഗങ്ങളെപ്പോലെ, ഇവയ്ക്ക് സൂക്ഷ്മ ഉള്ളടക്കം വഹിക്കാനും കഴിവുണ്ട്. മുംബൈയിലെ വിനിമയ സ്റ്റേഷനിലെത്തുന്ന സംഭാഷണങ്ങള്‍ ടെലിഫോണ്‍ നാരുകളിലെ വൈദ്യുതരംഗങ്ങള്‍ വഴി അന്തരീക്ഷത്തിലെ റേഡിയോ തരംഗങ്ങള്‍ കടന്ന് ലണ്ടനും ന്യൂയോര്‍ക്കുംപോലെ, വിദൂര സ്റ്റേഷനുകളിലെത്തുന്നുവെന്ന് നമുക്കറിയാം. അതുപോലെ, അവയവങ്ങളിലെ ഞരമ്പുകളിലുള്ള സൂക്ഷ്മതരംഗങ്ങള്‍ വഴി മസ്തിഷ്‌കത്തിലെത്തുന്ന സ്പന്ദനങ്ങളുടെ പ്രതിഫലനങ്ങള്‍ തുടര്‍ന്ന്, അന്തരീക്ഷത്തിലെ കേവല തരംഗങ്ങളിലൂടെ സൂക്ഷ്മശരീരത്തിലെ ബുദ്ധിയിലെത്തുന്നു. ഭൗതികശരീരത്തിന് തടസ്സപ്പെടുത്താനാവാത്തവിധം അതിസൂക്ഷ്മാണ്, കേവലതരംഗങ്ങള്‍. ഇവയ്ക്ക് മാത്രമേ, സൂക്ഷ്മശരീരത്തിലെ പദാര്‍ത്ഥരഹിത ഇന്ദ്രിയങ്ങള്‍ക്ക്, പ്രതിഫലനങ്ങള്‍ കൈമാറാനാകൂ. അതുപോലെ, സൂക്ഷ്മശരീര ഇന്ദ്രിയങ്ങളില്‍നിന്ന് പ്രസരിക്കുന്ന തരംഗങ്ങളെല്ലാം, കേവല തരംഗങ്ങളാണ്. കാഴ്ചാ കോര്‍ട്ടെക്‌സില്‍നിന്ന് ഉണരുന്ന കേവലതരംഗങ്ങള്‍, തളികയിലെ രൂപങ്ങള്‍, നിറങ്ങള്‍, തിളക്കങ്ങള്‍ എന്നിവയുടെ പ്രതിഫലനങ്ങളെ ബുദ്ധിയിലേക്ക് വഹിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍, കേവലതരംഗങ്ങള്‍ 'തന്മാത്ര'കളുടെ പുറന്തോടിലൂടെയും അന്തരാളത്തിലൂടെയും കടന്ന്, പ്രാണമയകോശത്തില്‍ ഇടിക്കുന്നു. പ്രാണമയകോശത്തിലെ സൂക്ഷ്മനേത്രം, കേവലതരംഗങ്ങള്‍കൊണ്ടുവരുന്ന പ്രതിഫലനങ്ങള്‍ സ്വീകരിക്കുകയും ആവേശഭരിതമായി ഊര്‍ജസ്വലമായി കമ്പനംകൊള്ളുകയും ചെയ്യുന്നു. സൂക്ഷ്മനേത്രത്തിലെ ഈ കമ്പനങ്ങള്‍, ഭൗതിക ശരീരത്തിലെ കണ്ണിലുള്ള കോലുകളിലും കോണുകളിലുമുള്ള മൂല കമ്പനങ്ങള്‍ക്ക് സമാനമാണ്; അവയുടെ ഉള്ളിലെ അതേ പ്രതിഫലനങ്ങളാണ് ഇവയിലുള്ളത്. അതിനാല്‍ അവ, സൂക്ഷ്മനേത്രത്തിലെ സമാന്തരകര്‍മങ്ങളാണ്; സൂക്ഷ്മനേത്രകര്‍മങ്ങള്‍, ഭൗതികനേത്ര കര്‍മങ്ങള്‍ക്ക് സമാന്തരമാണ്. സൂക്ഷ്മനേത്രത്തിലെ കമ്പനങ്ങള്‍ ആ പ്രതിഫലനങ്ങള്‍ മനോമയകോശത്തിലേക്ക് അഥവാ മനസ്സിലേക്ക് പകരുകയും മനസ്സ് അത് ബുദ്ധിക്കു കൈമാറുകയും ചെയ്യുന്നു. ബുദ്ധി പ്രതിഫലനങ്ങള്‍ തിരിച്ചറിഞ്ഞ്, അതില്‍ പ്രതിഫലിച്ച വസ്തുക്കളെ തളികയിലെ ചുവന്ന പവിഴപ്പുറ്റുകളായി അറിയുന്നു. കാഴ്ചയുടെ അനുഭൂതിപോലെ, ഭൗതികേന്ദ്രിയങ്ങളുടെ കര്‍മങ്ങളും അനുഭവങ്ങളും മറ്റനുഭൂതികളും ഇതേപോലെ ആ ഇന്ദ്രിയങ്ങളില്‍നിന്ന് സൂക്ഷ്മതരംഗങ്ങള്‍ ബുദ്ധിയിലേക്കും ആത്മാവിലേക്കും വിനിമയം ചെയ്യുന്നു. വസ്തുരൂപങ്ങള്‍, ശബ്ദങ്ങള്‍, മറ്റു സ്പന്ദനങ്ങള്‍, കര്‍മങ്ങള്‍, അനുഭവങ്ങള്‍ എന്നിവയുടെ മൂല പ്രതിഫലനങ്ങള്‍ക്ക് സമാനമായവ തന്നെയാണ് സൂക്ഷ്മതരംഗങ്ങളും കേവലതരംഗങ്ങളും വഹിക്കുന്നത്. അങ്ങനെ, കര്‍മത്തിന്റെ കാര്യത്തില്‍, അതിന്റെ സകലഭാവങ്ങളും തരംഗങ്ങള്‍ വഹിക്കുന്ന പ്രതിഫലനങ്ങളിലുമുണ്ടാകാം. കര്‍മനിര്‍വഹണം, വികാരങ്ങള്‍, ലക്ഷ്യങ്ങള്‍, ആനന്ദം, വേദന എല്ലാമുണ്ടാകും. അങ്ങനെ, പ്രതിഫലനം, ഒരു പകര്‍പ്പ് തന്നെയായിരിക്കും. അത്, കര്‍മത്തെ, ആത്മാവ് തിരിച്ചറിയാന്‍ കാരണമാകുന്നു.
 പ്രചോദനങ്ങള്‍
 കര്‍മങ്ങള്‍ക്ക് വഴിവയ്ക്കുന്ന പ്രചോദനങ്ങളുടെ വിനിമയത്തിന്റെ പാത വിപരീതമാണ്. അവ ബുദ്ധിയില്‍ ഉറവെടുത്ത്, ഫലസിദ്ധിക്കായി തരംഗങ്ങള്‍ വഴി ബന്ധപ്പെട്ട ഭൗതികേന്ദ്രിയങ്ങളിലേക്ക് വിനിമയം ചെയ്യുകയാണ്. ഈ പ്രക്രിയ ചുരുക്കി പറയാം: സുന്ദരമായ ചുവന്ന പവിഴമുത്തുകള്‍ കാണുമ്പോള്‍ മനസ്സ് ആനന്ദംകൊണ്ട് കമ്പനം ചെയ്യുകയും അത് പവിഴം സ്വന്തമാക്കാനുള്ള ആവേശമായി ഉയരുകയും ചെയ്താല്‍, ആ ആവേശം ബുദ്ധിക്ക് കൈമാറും. ബുദ്ധിയും ആത്മാവും ആ അഭിലാഷം ഉയര്‍ത്തിയാല്‍, ബുദ്ധി അതിനുള്ള കര്‍മം തീരുമാനിക്കും. ആ തീരുമാനം അതില്‍ കമ്പനങ്ങളാകും. തീരുമാനമുണ്ടായാല്‍ അതുവഹിക്കുന്ന കമ്പനങ്ങള്‍ മനസ്സിലേക്ക് പകരും. മനസ്സ് ആവേശംകൊണ്ട് കമ്പനംചെയ്യുകയും ആ തീരുമാനം നടപ്പാക്കാനുള്ള കര്‍മങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. ആ പവിഴമുത്തുകളുടെ വില അറിയാനാണ് ബുദ്ധിയുടെ തീരുമാനമെങ്കില്‍, മനസ്സിന്റെ കമ്പനങ്ങള്‍, വില്‍പനക്കാരനെ സംബോധന ചെയ്യാന്‍ നാവിന് കൈമാറാനായി ഒരു ചോദ്യം പരുവപ്പെടുത്തും. മനസ്സ്, തുടര്‍ന്ന് ആ ചോദ്യം പ്രാണമയകോശത്തിന് അതടങ്ങുന്ന പ്രചോദനമായി വിനിമയം ചെയ്യും. പ്രാണമയകോശത്തിലെ സൂക്ഷ്മ സംസാരേന്ദ്രിയം ആ വിനിമയം ലഭിക്കുമ്പോള്‍, പ്രചോദനംകൊണ്ട് ആവേശത്തിലാവുകയും ആ ചോദ്യം ഉന്നയിക്കാന്‍ കിതയ്ക്കുകയും ചെയ്യും. അതുണ്ടാക്കുന്ന കേവലതരംഗങ്ങള്‍, പ്രചോദനത്തെ സൂക്ഷ്‌മേന്ദ്രിയത്തില്‍നിന്ന് മസ്തിഷ്‌കത്തിന് കൈമാറും. മസ്തിഷ്‌കം അത് ചലനഞരമ്പുകളിലെ സൂക്ഷ്മതരംഗങ്ങള്‍ വഴി കണ്ഠത്തിലെ സ്വനപേടകത്തിലെത്തിക്കും. എന്നുവച്ചാല്‍, പ്രചോദനം വഹിക്കുന്ന കേവലതരംഗങ്ങളോട് മസ്തിഷ്‌കത്തിലെ ഒരു ചലന കോര്‍ട്ടെക്‌സ് പ്രതികരിക്കുകയും ആ കോര്‍ട്ടെക്‌സിലെ സൂക്ഷ്മ ഞരമ്പുനാരുകള്‍ ചോദ്യമടങ്ങുന്ന പ്രചോദനത്താല്‍ ആവേശഭരിതമായി കമ്പനം ചെയ്യാന്‍ തുടങ്ങുകയും ചെയ്യും. ഞരമ്പുനാരുകള്‍ കമ്പനം ചെയ്യാന്‍ തുടങ്ങുമ്പോള്‍, ബന്ധപ്പെട്ട ഞരമ്പുകളിലെ കോശശരീരങ്ങളിലുള്ള നൂറുകണക്കിന് സൂത്രകണികകള്‍ (mitochondrin) വൈദ്യുതി ഉല്‍പാദിപ്പിക്കും (ഓരോന്നും 1/100000 വാട്ട്). നിരവധി കോശങ്ങള്‍ വൈദ്യുതി പുറത്തുവിടുമ്പോള്‍, ഞരമ്പുകളിലെ കമ്പനങ്ങള്‍ ഉയരുകയും പ്രചോദനങ്ങള്‍ അടങ്ങിയ ഊര്‍ജതരംഗങ്ങള്‍ കോര്‍ട്ടെക്‌സില്‍ പ്രവഹിച്ച്, ബന്ധപ്പെട്ട ചലന ഞരമ്പുകള്‍വഴി സ്വനപേടകത്തിലെ പേശീനാരുകളിലെത്തും. പേശീനാരുകള്‍ വികസിക്കുകയും സങ്കോചിക്കുകയും ഞെരിയുകയും ശാന്തമാവുകയും ചെയ്ത്, അതിവേഗം സ്വനതന്തുക്കളിലേക്ക് വായു തള്ളി അവയെ കമ്പനം ചെയ്യും. വില്‍പ്പനക്കാരനിലെത്തിക്കാനുള്ള ചോദ്യത്തിന്റെ ശബ്ദതരംഗങ്ങള്‍ക്ക് അവ കാരണമാകും.
 അങ്ങനെ, ഭൗതിക അവയവമായ സ്വനതന്തുക്കളിലെ പ്രവൃത്തികള്‍ ബുദ്ധിയിലെയും മനസ്സിലെയും കമ്പനങ്ങളായി തുടങ്ങുകയും അവ കേവലതരംഗങ്ങളും സൂക്ഷ്മതരംഗങ്ങളും വഴി ബന്ധപ്പെട്ട ഭൗതികാവയവത്തിലെത്തുകയുമായിരുന്നു. അനുഭൂതികളുടെ കാര്യത്തിലെന്നപോലെ, മേല്‍പറഞ്ഞ പ്രക്രിയ മുഴുവന്‍ ഒരു സൂക്ഷ്മ സെക്കന്‍ഡില്‍ സംഭവിക്കുകയാണ്. മനസ്സില്‍നിന്ന് സ്വനപേടകത്തിലേക്കുള്ള പ്രചോദനങ്ങളുടെ വിനിമയം, അതിന്, തന്മാത്രകള്‍ എന്ന സൂക്ഷ്‌മേന്ദ്രിയം, മസ്തിഷ്‌കം, ഞരമ്പുകള്‍ എന്നിവ വഴി സഞ്ചരിക്കേണ്ടതുണ്ട് എങ്കിലും, തത്സമയമാണ്. സംസാരത്തിന്റെ സൂക്ഷ്‌മേന്ദ്രിയം മനസ്സ് നെയ്ത ആ ചോദ്യത്തിന്റെ സൂക്ഷ്മ വിനിമയം സൃഷ്ടിക്കുകയും സൂക്ഷ്‌മേന്ദ്രിയത്തിന്റെ ആ വിനിമയം തത്സമയം ഒരു സമാന്തര കര്‍മമുണ്ടാക്കുകയും വില്‍പനക്കാരന്‍ അത് കേള്‍ക്കുകയും ചെയ്തുവെന്ന് സാംഖ്യതത്വചിന്തകര്‍ പറഞ്ഞേക്കാം.


 സ്വപ്നങ്ങള്‍
മുന്‍ ഖണ്ഡികകളില്‍ വിവരിച്ച പ്രക്രിയകള്‍ ജാഗ്രദവസ്ഥയില്‍, ഭൗതികശരീരവും സൂക്ഷ്മശരീരവും കര്‍മനിരതമാവുമ്പോള്‍ സംഭവിക്കുന്നതായിട്ടാണ് സങ്കല്‍പിച്ചിട്ടുള്ളത്. സ്വപ്നത്തില്‍, ഭൗതികശരീരം, ക്ഷീണിതവും സൂക്ഷ്മശരീരം കര്‍മനിരതവുമാണ്. ഭൗതിക ശരീരത്തിലെ ക്ഷീണം നിമിത്തം, സൂക്ഷ്മശരീരത്തില്‍നിന്ന് മസ്തിഷ്‌കത്തിലെത്തുന്ന കേവലതരംഗങ്ങള്‍ അവിടെ സാധാരണ ഊര്‍ജസ്വല പ്രതികരണങ്ങള്‍ ഉദ്ദീപിപ്പിക്കുന്നില്ല. അതിന്റെ കോര്‍ട്ടെക്‌സിന്റെ ഭാഗങ്ങളില്‍ ഊര്‍ജസ്വല പ്രചോദനങ്ങളുണ്ടാക്കുന്നില്ല. മറ്റു വാക്കുകളില്‍, സ്വപ്നത്തില്‍ സൂക്ഷ്‌മേന്ദ്രിയങ്ങളുടെ സാധാരണ കര്‍മങ്ങള്‍ ഫലപ്രദമായ സമാന്തര പ്രവൃത്തികള്‍ ബന്ധപ്പെട്ട ഭൗതികേന്ദ്രിയങ്ങളില്‍ ഉളവാക്കുന്നില്ല. സ്വപ്നം കാണുന്നവന്‍ പിച്ചും പേയും പറഞ്ഞെന്നുവരാം, പുരികങ്ങള്‍ക്ക് താഴെ കൃഷ്ണമണികള്‍ ഉരുണ്ടെന്നിരിക്കാം. പക്ഷേ, ആ സംസാരമോ കാഴ്ചയോ ഗുണമുള്ള കര്‍മമാകുന്നില്ല. പരിഭ്രാന്തമായ ഒരു നിലവിളിപോലെ, കൃത്യമായ മൂര്‍ച്ചയുള്ള ഒരു പ്രവൃത്തി സ്വപ്നനേരത്ത് സൂക്ഷ്‌മേന്ദ്രിയത്തിലുണ്ടായാല്‍, ഈ പതിവ് തകിടം മറിഞ്ഞേക്കാം. അപ്പോള്‍, സൂക്ഷ്മശരീരത്തില്‍നിന്നുണ്ടാകുന്ന കേവലതരംഗങ്ങള്‍ ക്ഷീണത്തെ അതിജീവിക്കാന്‍ മസ്തിഷ്‌കത്തെ പ്രേരിപ്പിക്കുംവിധം ശക്തമായിരിക്കും. തത്സമയം സമാന്തരമായ പരിഭ്രാന്ത നിലവിളി ഭൗതികശരീരത്തിലെ സംസാരേന്ദ്രിയത്തില്‍ നിന്ന് അതുളവാക്കും. സ്വപ്നാടകരില്‍, സാധാരണ സ്വപ്നം കാണുന്നവരെക്കാള്‍, സൂക്ഷ്മശരീരത്തില്‍ കര്‍മങ്ങള്‍ ശക്തമായിരിക്കും. തൊട്ടിലില്‍ കിടക്കുന്ന ഒരു കുഞ്ഞിനെ നാം കാണുമ്പോള്‍, അത് ചിരിക്കുന്നുണ്ടാകും, കരയുന്നുണ്ടാകും, പുരികങ്ങള്‍ക്കു താഴെ കൃഷ്ണമണികള്‍ അങ്ങോട്ടുമിങ്ങോട്ടും വെട്ടുന്നുണ്ടാകം, ചിലപ്പോള്‍ കണ്ണുകള്‍ തുറന്ന് ചുറ്റും അതിസൂക്ഷ്മമായി നോക്കുന്നുണ്ടാകും. സ്വപ്നത്തില്‍ കുഞ്ഞ്, കൗതുകകരമായ എന്തോ കാണുന്നപോലെയും ആരെയോ അന്വേഷിക്കുന്നപോലെയും നമുക്ക് തോന്നുന്നു. തന്നെയാണ് കുഞ്ഞ് അന്വേഷിക്കുന്നത് എന്നുകരുതി അമ്മ തൊട്ടിലിലേക്ക് എത്തിനോക്കി, തലയാട്ടി കുഞ്ഞിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ ആയുമ്പോള്‍, കുഞ്ഞ് പക്ഷെ കണ്ണടച്ച്, ഉറക്കം തുടര്‍ന്നേക്കാം. കുഞ്ഞിന്റെ കണ്ണ് തുറന്നിരുന്നുവെങ്കിലും, ചുറ്റും നോക്കുകയായിരുന്നുവെങ്കിലും, അവയ്ക്ക് മുന്നിലെ അമ്മയെ കണ്ടില്ല എന്നു വ്യക്തം. കുഞ്ഞിന്റെ കാഴ്ച സാധാരണ കാഴ്ച ആയിരുന്നില്ല. അത് ഒരു കാഴ്ചയുടെ പ്രതികരണം മാത്രമായിരുന്നു; അതിന്റെ സൂക്ഷ്മ ശരീരത്തിന്റെ കണ്ണില്‍ സംഭവിച്ച കാഴ്ചയുടെ ബാഹ്യപ്രതികരണം മാത്രമായിരുന്നു. ഉള്‍ക്കണ്ണിന്റെ സൂക്ഷ്മനോട്ടം സമാന്തരമായി ബാഹ്യകണ്ണില്‍ അനക്കമാവുകയായിരുന്നു. സ്വപ്നത്തില്‍ കുഞ്ഞിന്റെ ചിരിയും കരച്ചിലും സൂക്ഷ്മശരീരത്തിലെ അത്തരം കര്‍മങ്ങളുടെ പ്രതികരണങ്ങളായിരുന്നു. സൂക്ഷ്മശരീരത്തിലെ തരംഗങ്ങള്‍ ബന്ധപ്പെട്ട ഭൗതികേന്ദ്രിയങ്ങളില്‍ തത്സമയ സമാന്തര കര്‍മങ്ങള്‍ സൃഷ്ടിച്ചതിന്റെ പ്രത്യക്ഷ തെളിവുകള്‍. 
മിക്കവാറും മുജ്ജന്മ കര്‍മങ്ങളുടെയും അനുഭവങ്ങളുടെയും കാഴ്ചകളാണ് സ്വപ്നക്കാഴ്ചകള്‍ എന്നു പറയപ്പെടുന്നു. സ്വപ്നത്തില്‍ ആത്മാവ് പണ്ട് കണ്ടത് കാണുന്നുവെന്നും പണ്ടു കേട്ടതു കേള്‍ക്കുന്നുവെന്നും പണ്ട് സ്ഥലങ്ങളില്‍ അനുഭവിച്ചതൊക്കെ അനുഭവിക്കുന്നുവെന്നും പ്രശ്‌നോപനിഷത് (4:5) പറയുന്നു. ആത്മാവ് അറിയുന്നത് പഴയ സംഭവങ്ങളുടെ പ്രതിഫലനങ്ങളാണെങ്കിലും, അതറിയുന്നത് യഥാര്‍ത്ഥ സംഭവങ്ങളെന്ന നിലയ്ക്കാണ്. ഇതിനര്‍ത്ഥം, മുജ്ജന്മത്തില്‍ അന്നത്തെ സംഭവങ്ങളും അനുഭവങ്ങളും സൂക്ഷ്മ ശരീരത്തില്‍ എത്തിച്ച കേവലതരംഗങ്ങള്‍ മരിച്ചില്ലെന്നും നിലനിന്നുവെന്നും അവ പഴയ സംഭവങ്ങളുടെയും അനുഭവങ്ങളുടെയും പുനരനുഭവം സ്വപ്നക്കാഴ്ചകളായി കൊണ്ടുവരുന്നു എന്നുമാണ്. സ്വപ്നത്തില്‍ അതുവരെ കാണാത്ത വ്യക്തികളും സ്ഥലങ്ങളും സംഭവങ്ങളും കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യാറുണ്ട്. ഉണര്‍ന്നിരിക്കുമ്പോള്‍ സംഭവിക്കുന്നതുപോലെതന്നെയാണ് ഈ അനുഭവം. ഇവ മനസ്സിന്റെ ഭാവനകള്‍ ആവില്ല. കാരണം, അതിന്, ഒരു കാഴ്ചയുടെ, സംസാരത്തിന്റെ, മാനസിക സൃഷ്ടിവേണം; അതിന് മാനസികയത്‌നം വേണം. സ്വപ്നം കാണുന്നവര്‍ സംസാരിക്കുകയോ കരയുകയോ ചെയ്യുമ്പോള്‍, അത് കാണുന്നവര്‍ക്ക് തോന്നുന്നത്, അവന്‍ അതൊക്കെ ചെയ്തത് ഈ ശരീരത്തിലെ വായകൊണ്ടാണ് എന്നാണ്. ഭൗതികശരീരത്തിന്റെ സ്വാഭാവികമായ കര്‍മങ്ങളല്ല ഇവയെന്ന് നമുക്കറിയാം. അവ മറ്റെവിടെയോ നടക്കുന്ന സംഭവങ്ങളുടെ പ്രതിഫലനമായി ഭൗതികശരീരത്തില്‍ ഉണ്ടാകുന്ന സമാന്തര സംഭവങ്ങളാണ്. മുന്‍പ് കാണുകയോ കേള്‍ക്കുകയോ അനുശാസിക്കുകയോ ചെയ്യാത്ത ഒന്നിനെയും മനസ്സിന് പ്രതിഫലിപ്പിക്കാനാവില്ലെന്ന് ഭാഗവതം (4:30:65) പറയുന്നു. 
അതിനാല്‍ മുന്‍പ് അനുഭവിച്ചിട്ടില്ലാത്തവയുടെ സ്വപ്നക്കാഴ്ചകള്‍, മുജ്ജന്മ അനുഭവക്കാഴ്ചകളാണ്. സ്വപ്നക്കാഴ്ചകള്‍ തെളിയിക്കുന്നത്, നമുക്കുള്ളില്‍ മുജ്ജന്മ അനുഭവ പ്രതിഫലനങ്ങള്‍ മരിക്കാതെ നിലനില്‍ക്കുന്നു എന്നാണ്. ഈ ജീവിതത്തില്‍ മുന്‍പു നടന്നതിന്റെ ഓര്‍മകളും തെളിയിക്കുന്നത്, പഴയ കര്‍മങ്ങള്‍ നമ്മില്‍ നിലനില്‍ക്കുന്നു എന്നാണ്. പഴയ കര്‍മങ്ങളുടെയും അനുഭവങ്ങളുടെയും പ്രതിഫലനങ്ങളുള്ള തരംഗങ്ങള്‍ മനസ്സിന് എത്തിപ്പിടിക്കാവുന്ന അകലത്തില്‍ നിലനിന്നാലേ ഇതൊക്കെ സംഭവിക്കൂ. അവയെ ഉറക്കത്തില്‍ മനസ്സ് അവലോകനം ചെയ്യുമ്പോള്‍, ആ അവലോകനങ്ങള്‍ സ്വപ്നങ്ങളായി ഭവിക്കുന്നു. ഉണര്‍ന്ന അവസ്ഥയില്‍ അത് സംഭവിക്കുമ്പോള്‍, അത് ഓര്‍മയാണ്, ഉറക്കത്തിലെ ഓര്‍മയാണ് സ്വപ്നം. പഴയ കര്‍മങ്ങളുടെയും അനുഭവങ്ങളുടെയും പ്രതിഫലനങ്ങളടങ്ങിയ തരംഗങ്ങള്‍ എങ്ങനെ, അവിടെ നില്‍ക്കുന്നുവെന്നും അവയുടെ ഫലങ്ങള്‍ എന്താണെന്നും ഇനി നമുക്ക് കാണാം. വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയോ മുന്നറിവോ ആണ് സ്വപ്നക്കാഴ്ചകള്‍ ചില നേരമെന്ന് പറയാറുണ്ട്. അവ, അത്തരം സംഭവങ്ങളുടെ രൂപത്തില്‍ വന്ന, വിടര്‍ന്നു കായാകാന്‍ പോകുന്ന കര്‍മഭാവങ്ങളുടെ കാഴ്ചകള്‍ ആകാം.

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 15

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ : രാമചന്ദ്രൻ 


അധ്യായം/15, കമ്പനങ്ങളും  തരംഗങ്ങളും

 സൂക്ഷ്‌മ , ഭൗതിക ശരീരത്തിലും മറ്റും കമ്പനങ്ങളും തരംഗങ്ങളും പ്രധാന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. മേലോട്ടും താഴോട്ടും അല്ലെങ്കില്‍, ഇടത്തോട്ടും വലത്തോട്ടുമുള്ള, താളാത്മകമായ ആന്ദോളനങ്ങളാണ് കമ്പനങ്ങള്‍. കമ്പനങ്ങളുടെ മുന്നോട്ടുള്ള ചലനങ്ങളാണ് തരംഗങ്ങള്‍, സാധാരണ തരംഗങ്ങള്‍ ശിഖരവും അടിയുമായി നീങ്ങുന്നു; ചുഴലി തരംഗങ്ങള്‍ ഭ്രമണം ചെയ്യുന്നു. ഒരു തരംഗത്തിലെ ഒരു മല, ഒരു താഴ്‌വര, ഒരു മല നീക്കമാണ്, ഒരു കമ്പനം. മുന്നോട്ടുള്ള തരംഗങ്ങളും ചുഴലിതരംഗങ്ങളുമുണ്ട്. മുന്നോട്ടുള്ളവയെ വസ്തുക്കള്‍ ഉള്ളിലേക്കെടുക്കുമ്പോള്‍ അപ്രത്യക്ഷമാകും. ചുഴലിതരംഗങ്ങള്‍ ദീര്‍ഘകാലം, അനന്തമായി തന്നെ നില്‍ക്കും.

ശരീരത്തില്‍, ഭിന്ന കമ്പനങ്ങള്‍ ഭിന്ന ജോലികള്‍ ചെയ്യുന്നു. ഹൃദയവും ശ്വാസകോശവും നില്‍ക്കാതെ സ്പന്ദിക്കുന്നു. ശുദ്ധീകരിച്ച രക്തം ശരീരമാകെ പ്രസരിപ്പിക്കാന്‍ ഹൃദയം കമ്പനം ചെയ്യുന്നത്, ഒരു മിനുട്ടില്‍ 72 പ്രാവശ്യമാണ്. ഹൃദയത്തിന്റെ ഒരറയില്‍നിന്നുള്ള അശുദ്ധരക്തം ഉള്ളില്‍ നിറയ്ക്കാനും മറ്റൊരറയിലേക്ക് ശുദ്ധരക്തം പ്രവഹിപ്പിക്കാനും, ശ്വാസകോശങ്ങള്‍ കമ്പനം ചെയ്യുന്നു. ശബ്ദങ്ങള്‍ കേള്‍പ്പിക്കാന്‍, ഉള്‍ക്കാതിലെ രോമകോശങ്ങള്‍ കമ്പനം ചെയ്യുന്നു. രൂപങ്ങള്‍, നിറങ്ങള്‍, തിളക്കങ്ങള്‍ എന്നിവയുടെ കാഴ്ച സാധ്യമാക്കാന്‍ റെറ്റിനയിലെ സൂക്ഷ്മങ്ങളായ കോലും കോണും (rods and cones) കമ്പനം ചെയ്യുന്നു. മനസ്സിന് അനുഭൂതി സന്ദേശങ്ങള്‍ അയയ്ക്കാനും അതുവഴി ഇന്ദ്രിയങ്ങളെ കര്‍മസജ്ജമാക്കാനും മസ്തിഷ്‌ക കോശങ്ങള്‍ കമ്പനം ചെയ്യുന്നു. വിചാരങ്ങള്‍, ആഗ്രഹങ്ങള്‍, തീരുമാനങ്ങള്‍, വികാരങ്ങള്‍ എന്നിവയുണ്ടാക്കാന്‍ മനസ്സും ബുദ്ധിയും കമ്പനം ചെയ്യുന്നു. ഭിന്ന കമ്പനങ്ങളാണ് ഭിന്നവിചാരങ്ങളും അഭിലാഷങ്ങളുമാകുന്നത്. ഭൗതികേന്ദ്രിയങ്ങളില്‍ സമാന്തരകര്‍മങ്ങള്‍ക്ക്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ കമ്പനം ചെയ്യുന്നു. ഭൗതികേന്ദ്രിയങ്ങളിലെയും സൂക്ഷ്‌മേന്ദ്രിയങ്ങളിലെയും സ്പന്ദനങ്ങള്‍ക്ക് സാമ്യമില്ല. ആദ്യത്തേതില്‍ സെക്കന്‍ഡില്‍ ആയിരം തവണയാണെങ്കില്‍, രണ്ടാമത്തേതില്‍ ശതകോടി തവണയാണ് കമ്പനങ്ങള്‍. എന്നാല്‍, അവയുടെ പരസ്പര പ്രതികരണം പൂര്‍ണലയത്തിലാണ്. ശരീര സംവിധാനത്തില്‍, തരംഗങ്ങളും തുല്യ പ്രാധാന്യ കര്‍മങ്ങള്‍ ചെയ്യുന്നു. ഞരമ്പുകളിലെ സൂക്ഷ്മ തരംഗങ്ങള്‍ ഇന്ദ്രിയങ്ങളില്‍നിന്ന് മസ്തിഷ്‌കത്തിലേക്ക് അനുഭൂതികള്‍ വിനിമയം ചെയ്യുകയും അവിടെനിന്നുള്ള സ്പന്ദനങ്ങള്‍ ബുദ്ധിയിലേക്ക് പോവുകയും ചെയ്യുന്നു. മസ്തിഷ്‌കത്തില്‍ നിന്ന് സ്പന്ദനങ്ങള്‍ കര്‍മത്തിനായി അവയവങ്ങളിലേക്കും പോകുന്നു. ആത്മാവില്‍നിന്നുള്ള സൂക്ഷ്മതരംഗങ്ങള്‍, ശരീരമാകെ, ബോധം നിറയ്ക്കുന്നു. മനസ്സിനും മസ്തിഷ്‌കത്തിനുമിടയില്‍, വിനിമയങ്ങളെല്ലാം സൂക്ഷ്മതരംഗങ്ങള്‍ വഴിയാണ്. സൂക്ഷ്മതരംഗങ്ങള്‍ (അടുത്ത ഖണ്ഡിക) എല്ലാ കര്‍മങ്ങളുടെയും ആത്മാവിലേക്കും അവയുടെ തിരിച്ചറിവിന് അയയ്ക്കുകയും, ആ തരംഗങ്ങള്‍ അന്തരാളത്തില്‍ ശമിച്ച് സ്മൃതികള്‍ക്കും കര്‍മപ്രചോദനങ്ങള്‍ക്കും കാരണമായ കര്‍മഭാവങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്നു.




തരംഗങ്ങള്‍ ഉണ്ടാകുന്നത്, ഭിന്നരീതികളിലാണ്. പദാര്‍ത്ഥരഹിത ഏകകത്തിലെ കമ്പനങ്ങള്‍ വേഗത്തില്‍ കറങ്ങുമ്പോള്‍, ചുഴലിതരംഗങ്ങള്‍ ഉണ്ടാകുന്നു (ബ്രഹ്മനിലെപ്പോലെ, അധ്യായം 8). കമ്പനങ്ങളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം എല്ലായിടത്തേക്കും പോകുന്ന പ്രസരണതരംഗങ്ങളെ സൃഷ്ടിക്കുന്നു. അതിവേഗ ഭ്രമണങ്ങള്‍ അവയ്ക്ക് ചുറ്റിലും പ്രസരണതരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഓരോ ഇലക്‌ട്രോണിലും ചുഴലിതരംഗങ്ങള്‍ ഉണ്ടാകയാലും ഇലക്‌ട്രോണുകള്‍ എല്ലാ ആറ്റത്തിലുമുള്ളതിനാലും, അത്തരം തരംഗങ്ങളും അവയുടെ അനുബന്ധ പ്രസരണതരംഗങ്ങളും പ്രപഞ്ചത്തില്‍ എല്ലാറ്റിലുമുണ്ട്. സൂക്ഷ്മതരംഗങ്ങളും അതിസൂക്ഷ്മതരംഗങ്ങളും അവയുടെ ഉറവിടങ്ങളില്‍നിന്നുള്ള പ്രതിഫലനങ്ങളെയും പ്രസരിപ്പിച്ചേക്കാം. അന്തരീക്ഷത്തില്‍ പ്രസരിക്കുന്ന സൂക്ഷ്മതരംഗങ്ങള്‍, മനുഷ്യര്‍, മൃഗങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയുടെ പ്രതിഫലനങ്ങള്‍ റെറ്റിനയിലേക്ക് കൊണ്ടുവരും. ടെലിഫോണ്‍ നാരുകളിലെ സൂക്ഷ്മതരംഗങ്ങള്‍ നമ്മുടെ സംഭാഷണങ്ങള്‍ അതിവിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. അവയില്ലാതെ ആ നാരുകള്‍ക്ക് നമ്മുടെ സംഭാഷണങ്ങള്‍ വിനിമയം ചെയ്യാന്‍ സാധ്യമല്ല. നാരുകളല്ല, തരംഗങ്ങളാണ് നമ്മുടെ സഭാഷണങ്ങളുടെ പ്രതിഫലനങ്ങള്‍ വഹിക്കുന്നത്. നാരുകളില്ലാതെ, റേഡിയോ തരംഗങ്ങള്‍ ഭൂമിയില്‍നിന്ന് സന്ദേശങ്ങള്‍ ചന്ദ്രനിലെ മനുഷ്യനില്‍ എത്തിച്ചു. സൂക്ഷ്മതരംഗങ്ങള്‍ക്ക് അവയുടെ ഉള്ളടക്കം, വേറെ തരംതരംഗങ്ങളിലേക്കും പ്രസരിപ്പിക്കാന്‍ കഴിയും. ഞാന്‍ ഭാരതത്തില്‍നിന്ന് ഷിക്കാഗോയിലെ സഹോദരനോട് ഫോണില്‍ സംസാരിക്കുമ്പോള്‍, എന്റെ സംഭാഷണത്തിന്റെ പ്രതിഫലനങ്ങള്‍, എന്റെ ഫോണിലെ ട്രാന്‍സ്മിറ്ററിലെത്തുന്ന ശബ്ദതരംഗങ്ങളിലേക്ക് പ്രസരിക്കുന്നു. അവ തുടര്‍ന്ന് ടെലിഫോണ്‍ നാരുകളിലെ സൂക്ഷ്മ വൈദ്യുത തരംഗങ്ങളിലേക്കു പ്രസരിക്കുകയും അതില്‍നിന്ന് മുംബൈയിലെ രാജ്യാന്തര ട്രാന്‍സ്മിറ്ററില്‍നിന്നുളവാകുന്ന റേഡിയോ തരംഗങ്ങളിലേക്ക് പ്രസരിക്കുകയും ചെയ്യുന്നു. അവിടന്ന് ന്യൂയോര്‍ക്കിലെത്തി, ഷിക്കാഗോയിലേക്കുപോകുന്ന ടെലിഫോണ്‍ നാരുകളിലേക്ക് പകര്‍ന്ന്, സഹോദരന്റെ ടെലിഫോണ്‍ ട്രാന്‍സ്മിറ്റര്‍ സൃഷ്ടിക്കുന്ന ശബ്ദതരംഗങ്ങളിലേക്ക് പകര്‍ന്ന്, അദ്ദേഹത്തിന്റെ ശബ്ദഞരമ്പിലെ സൂക്ഷ്മതരംഗങ്ങളിലേക്ക് പകര്‍ന്ന്, മസ്തിഷ്‌കത്തിലെത്തി, അവിടന്ന് ബുദ്ധിയിലെത്തുന്ന സൂക്ഷ്മ തരംഗങ്ങളിലേക്ക് പകരുകയാണ്. എന്റെ സംഭാഷണത്തിന്റെ പ്രതിഫലനങ്ങള്‍ വിവിധതരം തരംഗങ്ങളില്‍നിന്ന് തരംഗങ്ങളിലേക്ക് പ്രസരിക്കുന്നുവെങ്കിലും, അവ ഷിക്കാഗോയിലെ സഹോദരനില്‍ വാക്കിലോ ഒച്ചയിലോ ഒരു കുറവും വരാതെ കൃത്യമായി എത്തുകയും ചെയ്യുന്നു. 
എന്റെ സഹോദരന്റെ അടുത്തിരുന്നു ഞാന്‍ സംസാരിക്കുന്നു എന്നു തോന്നുംവിധം അപാരശേഷിയിലാണ് ആ തരംഗങ്ങള്‍ എന്റെ സംഭാഷണ പ്രതിഫലനം വഹിച്ചതും പ്രസരിപ്പിച്ചതും. ഇതുപോലെ, ഇന്ദ്രിയങ്ങളിലെത്തുന്ന എല്ലാ അനുഭൂതികളും ഞരമ്പുകളിലെ സൂക്ഷ്മതരംഗങ്ങള്‍ മസ്തിഷ്‌കത്തെ അറിയിക്കുകയും, മസ്തിഷ്‌കത്തില്‍നിന്ന് സൂക്ഷ്മതരംഗങ്ങള്‍ ബുദ്ധിയെയും ആത്മാവിനെയും അറിയിക്കുകയുമാണ് ചെയ്യുന്നത്.      

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം 13,14

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം / എം മാധവൻ നായർ 
പരിഭാഷ:രാമചന്ദ്രൻ 

അധ്യായം/13,14  പ്രകൃതിയുടെ കണികകള്‍
 പ്രാക് പ്രകൃതിയില്‍ നടന്ന നിരന്തരമായ പരിണാമങ്ങളില്‍ നിന്നുണ്ടാവുകയും പ്രകൃതിയില്‍ എല്ലായിടത്തും നിലനില്‍ക്കുകയും ചെയ്യുന്ന കണികകളാണ്, പ്രകൃതിയുടെ കണികകള്‍. നേരത്തെ (അധ്യായം 10) വിവരിച്ച, ബുദ്ധി, അഹംബോധം, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ച് തന്മാത്രകള്‍ എന്നീ പദാര്‍ത്ഥരഹിത കണികകളാണ് ഇവ. ഫോട്ടോണുകളെക്കാള്‍ ഭ്രമണവേഗമുള്ള ചുഴലിതരംഗങ്ങളായാണ് ഇവ നിലനില്‍ക്കുന്നത്. സൂക്ഷ്മകണികകള്‍ക്കൊപ്പം, തന്മാത്രകളുടെ ഇടകലരല്‍ കൊണ്ടുണ്ടാക്കുന്ന സ്ഥൂലകണികകളും ഉണ്ട്. അവ ചെറുപദാര്‍ത്ഥ കണികകളാണ്. ഈ കണികകളെല്ലാം പ്രപഞ്ചമാകെ നിലനില്‍ക്കുന്നു. സ്ഥൂലകണികകള്‍ക്ക്, ഘനീഭവിച്ച ഊര്‍ജം, വാതകം, ദ്രാവകം, ഖരം എന്നിവയാകാന്‍ പറ്റും. അവ പദാര്‍ത്ഥങ്ങളാണ്.
 ഇതിന് വിപരീതമായി, ഇവയ്ക്ക് മുന്‍പുണ്ടായ കണികകളാണ് പ്രകൃതി കണികകള്‍. സാംഖ്യകാരിക (22)യില്‍, കണികകളുടെ ആവിര്‍ഭാവം ഇങ്ങനെ വിവരിക്കുന്നു:
 പ്രാക് പ്രകൃതിയില്‍നിന്ന് ബുദ്ധി ബുദ്ധിയില്‍ നിന്ന് അഹംബോധം അഹംബോധത്തില്‍നിന്ന് 16 ഏകകം അതില്‍ അഞ്ചില്‍നിന്ന് അഞ്ച് സ്ഥൂലം.
 അഹംബോധത്തില്‍നിന്നുണ്ടായ 16 ഏകകങ്ങളെ അടുത്ത ശ്ലോകങ്ങളില്‍ പറയുന്നു; മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ചുതരം തന്മാത്രകള്‍ എന്നിവയാണ് അവ. ബുദ്ധി, അഹംബുദ്ധി എന്നിവയും 16 ഏകകങ്ങളും 'സൂക്ഷ്മ കണികകള്‍' എന്നുവിളിക്കപ്പെടുന്നു. ബുദ്ധി, അഹംബുദ്ധി, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിങ്ങനെ ആദ്യത്തെ 13 എണ്ണം അനുഭൂതിദായകവും കര്‍മനിരതവുമത്രെ. ഭൗതിക സുഖേന്ദ്രിയങ്ങളില്‍നിന്ന് അവ അനുഭൂതികള്‍ സ്വീകരിക്കുകയും അവയോട് പ്രതികരിച്ച്, ഭൗതികേന്ദ്രിയങ്ങളില്‍ കര്‍മങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ 13 എണ്ണം, കരണങ്ങള്‍ (സാംഖ്യകാരിക 32). സംസ്‌കൃതത്തില്‍ കരണംഎന്നാല്‍, 'കര്‍മത്തിന്റെ ഉപായങ്ങള്‍.' മറ്റ് സൂക്ഷ്മ കണികകള്‍, അഞ്ചിനം തന്മാത്രകള്‍, പൊതുവേ അനുഭൂതിരഹിതവും ജഡവുമാണ്. പ്രകാശ, റേഡിയോ തരംഗങ്ങള്‍ പോലെ, അതിസൂക്ഷ്മ തരംഗങ്ങളുടെ പ്രസരണത്തിനുള്ള മാധ്യമങ്ങളായി, അവ. സ്ഥൂലകണികകള്‍, ഭൗതിക ശരീര രൂപങ്ങളും ഗ്രഹങ്ങള്‍, ചന്ദ്രന്മാര്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവയടങ്ങിയ ഭൗതിക പ്രപഞ്ചവും സൃഷ്ടിക്കാനുള്ള സത്തയായി. ബുദ്ധിയാണ് കര്‍മങ്ങളെ നിയന്ത്രിക്കുന്നത്; മനസ്സ് ഇന്ദ്രിയങ്ങളെ കര്‍മത്തിന് പ്രേരിപ്പിക്കുന്നു; സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ഭൗതികകേന്ദ്രങ്ങളുടെ കര്‍മങ്ങള്‍ക്ക് നിദാനമാകുന്നു. ഇങ്ങനെ കരണങ്ങള്‍ എല്ലാം, ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, കര്‍മങ്ങളില്‍ വ്യാപൃതരാവുന്നു. ഈ കരണങ്ങളില്‍, ബുദ്ധി, അഹം ബോധം, മനസ്സ് എന്നിവ സൂക്ഷ്മശരീരത്തിനുള്ളിലും പത്തു സൂക്ഷ്‌മേന്ദ്രിയങ്ങള്‍ അവയ്ക്ക് ചുറ്റിലും, നിലകൊള്ളുന്നു. അങ്ങനെ, ബുദ്ധി, അഹംബോധം, മനസ്സ് എന്നീ മൂന്നിനെ, ആന്തരിക കരണങ്ങള്‍ അഥവാ അന്തഃകരണങ്ങള്‍ എന്ന് സംസ്‌കൃതത്തില്‍ വിളിക്കുന്നു (ആന്തരം എന്നാല്‍ അകം). അന്തഃകരണങ്ങള്‍ മൂന്നു കാലത്തിലും-ഭൂതം, വര്‍ത്തമാനം, ഭാവി- പ്രവര്‍ത്തിക്കുന്നുവെന്ന് സാംഖ്യകാരിക(33) നിരീക്ഷിക്കുന്നു. മറ്റു കരണങ്ങള്‍ ആയ സൂക്ഷ്‌മേന്ദ്രിയങ്ങള്‍, വര്‍ത്തമാനകാലത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണുകള്‍ ഒരു വസ്തുവിന്റെ ഇപ്പോഴത്തെ രൂപമാണ് പ്രതിഫലിപ്പിക്കുന്നത്. അതിന് വസ്തുവിന്റെ ഭൂത, ഭാവി രൂപങ്ങള്‍ പ്രതിഫലിപ്പിക്കാനാവില്ല. കാതിന്, ഇപ്പോഴത്തെ ശബ്ദമേ പിടിച്ചെടുക്കാനാവൂ; ഭൂത, ഭാവി ശബ്ദങ്ങള്‍ വയ്യ. എന്നാല്‍, ബുദ്ധി, അഹംബോധം, മനസ്സ് എന്നിവ, സംഗതികളുടെ ഭൂത, വര്‍ത്തമാന, ഭാവി നിലകള്‍ ഭാവന ചെയ്യുകയും സ്വകര്‍മങ്ങള്‍ അങ്ങനെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഇതിലുപരി, അന്തഃകരണങ്ങള്‍ അവയുടെ കര്‍മങ്ങളില്‍ വിവേചനവും വിവേകവും പാലിക്കുന്നു; മറ്റു കരണങ്ങള്‍ക്ക്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ക്ക് വിവേക, വിവേചനപ്രാപ്തി ഇല്ല. അവ മനസ്സ് പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അതിനാല്‍, ബുദ്ധി, അഹംബോധം, മനസ്സ് എന്നിവ അനുഭൂതി ഇന്ദ്രിയങ്ങളും സൂക്ഷ്‌മേന്ദ്രിയങ്ങളും അര്‍ധാനുഭൂതി ഇന്ദ്രിയങ്ങളുമാണ്. പ്രകൃതിയെപ്പോലെ, സൂക്ഷ്മ, സ്ഥൂലകണികകളും പ്രാപഞ്ചികമായി വര്‍ത്തിക്കുന്നു. ബ്രഹ്മകണങ്ങള്‍ പോലെ, ഈ കണികകളുടെ കണങ്ങളും അന്തരീക്ഷത്തില്‍ എല്ലായിടത്തുമുണ്ട്. ബ്രഹ്മകണങ്ങള്‍ സാര്‍വത്രികമായി ഇളകിയാടിയപ്പോള്‍, അവ സമീപത്തെ സൂക്ഷ്മ കണികാ കണങ്ങളെ ആകര്‍ഷിച്ചു (ഭഗവദ്ഗീത 15:7). രണ്ടാമത്തേത് ബ്രഹ്മകണങ്ങളെ വലയം ചെയ്തപ്പോള്‍, അത് പൂര്‍ണമായ ആവരണമായി. അങ്ങനെ നടന്നപ്പോള്‍, അവയില്‍ ഏറ്റവും സൂക്ഷ്മമായ ബുദ്ധി, ഉള്ളിലേക്ക് കടന്ന്, ബ്രഹ്മകണത്തെ നേരിട്ട് വലയം ചെയ്തു. അടുത്ത സൂക്ഷ്മമായ മനസ്സ്, ബുദ്ധിയെ വലയം ചെയ്തു. അടുത്ത സൂക്ഷ്മമായ മനസ്സിന്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ചേര്‍ന്നിരുന്ന് ഒരു വലയം തീര്‍ത്തു. അഹംബോധം ഒന്നിനെയും വലയം ചെയ്യാതെ, ബുദ്ധിക്കും മനസ്സിനുമിടയില്‍നിന്ന്, രണ്ടിനെയും സ്വാര്‍ത്ഥത താല്‍പര്യങ്ങള്‍ പിന്‍പറ്റാന്‍ പ്രചോദിപ്പിച്ചു. കരണങ്ങള്‍ എല്ലാം ഇങ്ങനെ ഒരു ബ്രഹ്മകണത്തെ വലയം ചെയ്തപ്പോള്‍, അവയ്ക്ക് ചുറ്റും തന്മാത്രകളുടെ ഒരുറച്ച അടര്, തൊലിപോലെ, ഒരു പൊതിച്ചിലായി. ബ്രഹ്മകണത്തിന് ചുറ്റും അതോടെ, ഒരു പൂര്‍ണവലയമായി. ആ കണം, പ്രാപഞ്ചിക ബ്രഹ്മനില്‍ നിന്ന് വേറിട്ട കൃത്യ ഏകകമായി. അതിനെ വ്യക്തിഗത ആത്മാവ് അഥവാ ആത്മാവ് എന്നുമാത്രം വിളിച്ചു.

സൂക്ഷ്മകണികകള്‍
 ബുദ്ധി, അഹംബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍, തന്മാത്രകള്‍ എന്നിവയാണ് സൂക്ഷ്മകണികകള്‍. നാം ഭൂതകാല കര്‍മങ്ങള്‍ ഓര്‍ക്കുകയും അവയുടെ ഫലങ്ങളെ ആധാരമാക്കി ഇന്നത്തെ കര്‍മങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. അതിനാണ് ബുദ്ധി എന്നുപറയുന്നത്. സുഖങ്ങള്‍, ദുഃഖങ്ങള്‍, സ്‌നേഹം, കോപം, പേടി എന്നിവ നാം അനുഭവിക്കുന്നുണ്ട്; അത്തരം അനുഭൂതികള്‍ ആഗ്രഹിക്കുന്ന കണിക നമുക്കുള്ളിലുണ്ട്-മനസ്സ്. സ്വപ്‌നത്തില്‍ നാം വ്യക്തികള്‍, ജന്തുക്കള്‍, വീടുകള്‍ എന്നിവ കാണുന്നു; നാം സംസാരിക്കുകയും സംസാരങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു. നാം നടക്കുകയും ഓടുകയും ചെയ്യുന്നു. ഇത് ഭൗതികാവയവങ്ങള്‍ കൊണ്ടല്ല ചെയ്യുന്നത്; അതിനാല്‍, സ്വപ്‌നങ്ങളില്‍ ഈ അനുഭൂതികളും കര്‍മങ്ങളും അനുഭവിപ്പിക്കുന്ന ഒരു കൂട്ടം ഇന്ദ്രിയങ്ങള്‍ നമ്മിലുണ്ട്. നാം അവയെ കാണുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. അവയുടെ കര്‍മങ്ങളേ  അനുഭവിക്കുന്നുള്ളൂ. അവയാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. പ്രാപഞ്ചികമായി നില്‍ക്കുന്ന കണികകളുടെ സൂക്ഷ്മങ്ങളാണ് ഇവയെന്ന് ഋഷികള്‍ പറയുന്നു. പ്രാപഞ്ചിക കണികകള്‍ പ്രകൃതിയില്‍ നിന്ന് ഉരുവംകൊണ്ടതാണ്; പ്രകൃതിയെപ്പോലെ, ഈ കണികകളും 'ബ്രഹ്മന്റെ അഥവാ ജീവന്റെ സാന്നിധ്യത്തില്‍' മാത്രമാണ് പ്രവര്‍ത്തിക്കുക (അധ്യായം 9). അവയുടെ സ്വഭാവവും കര്‍മവും കൃത്യമായി അറിയേണ്ടതാണ്.
 1. ബുദ്ധി മസ്തിഷ്‌കത്തിന്റെ കഴിവാണ് ബുദ്ധിയെന്നും മനസ്സെന്നും കരുതുന്നവരുണ്ട്. വൈദ്യശാസ്ത്രവും ആദ്യം അങ്ങനെ വിശ്വസിച്ചു. കാരണം, ലഹരിമരുന്നുകള്‍ തലച്ചോറിലെത്തിയാല്‍, മനസ്സിന്റെ പ്രവൃത്തികളെ ബാധിക്കുന്നുണ്ട്. അങ്ങനെ, ബുദ്ധിയും മനസ്സും തലച്ചോറിന്റെ ശേഷികളാണ്. അപ്പോള്‍, മസ്തിഷ്‌കം ജീര്‍ണിച്ചാല്‍, ബുദ്ധിയും മനസ്സും മരിക്കുമെന്ന് പഴയ വൈദ്യശാസ്ത്രം അനുമാനിച്ചു. എന്നാല്‍, ഒരാള്‍ക്ക് മുജ്ജന്മത്തിലെ സംഭവങ്ങള്‍ ഓര്‍ക്കാനാവുമെന്ന് നാം കണ്ടു (അധ്യായം 1). അതിനര്‍ത്ഥം, മസ്തിഷ്‌കം ശരീരമരണത്തില്‍ ക്ഷയിച്ചാലും, ഓര്‍മയുടെ ഉപകരണമായ ബുദ്ധി നിലനില്‍ക്കുന്നു എന്നാണ്. അതിനാല്‍ മസ്തിഷ്‌കത്തില്‍നിന്ന് സ്വതന്ത്രമായ രണ്ട് ഏകകങ്ങളാണ് ബുദ്ധിയും മനസ്സുമെന്ന് ഭാരതീയ തത്വചിന്തകരും മറ്റു പലരും ഗണിക്കുന്നു. 'ശരീരവുമായി ചേര്‍ന്ന് ഇടകലരുമ്പോള്‍ ബുദ്ധിയുടെ ഊര്‍ജത്തിന് മൂര്‍ച്ച കുറയുന്നു' എന്ന് ഫിലോകാലിയ (വാല്യം 2, പേജ് 39) പറയുമ്പോള്‍, ബുദ്ധി ശരീരഭിന്നമായ ഏകകമാണെന്നും എന്നാല്‍, അതുമായി ഇടകലരുന്നു എന്നും വരുന്നു. ഒരുനേരത്ത് ലഹരിമരുന്ന് മസ്തിഷ്‌കത്തെ ബാധിച്ച് ഒരാളുടെ കര്‍മങ്ങളെ വികല്‍പമാക്കുന്നു എന്നത്, കര്‍മങ്ങളെ നയിക്കുന്നത് മസ്തിഷ്‌കമാണ് എന്നതിന്റെയോ ബുദ്ധി മസ്തിഷ്‌കത്തിലാണ് എന്നതിന്റെയോ സൂചനയല്ല. കര്‍മങ്ങള്‍ ബുദ്ധി തീരുമാനിക്കുമ്പോള്‍ അവ, ഭൗതികേന്ദ്രിയങ്ങള്‍ക്ക് നേരിട്ട് വിനിമയം ചെയ്യുകയല്ല; അവ ആദ്യം മനസ്സിനെ അറിയിക്കുന്നു; മനസ്സ് മസ്തിഷ്‌കത്തിന് സന്ദേശമയയ്ക്കുന്നു. ആ സന്ദേശമാണ് പ്രത്യേക കര്‍മത്തിനായി ഭൗതികാവയവത്തിലെത്തുന്നത് (അധ്യായം 16). ഒരാളിലെ മസ്തിഷ്‌കം വികല്‍പത്തിലാണെങ്കില്‍, അതില്‍നിന്നുള്ള സന്ദേശങ്ങളും വക്രമാവുകയും ചെയ്യും. കാമറയിലെ ലെന്‍സ് കേടായാല്‍, പടം വിരൂപമായിരിക്കും; അത്, വസ്തു വിരൂപമായതുകൊണ്ടല്ല. റെയ്മണ്ട് മൂഡി, എലിസബത്ത് കുബ്‌ളര്‍-റോസ് എന്നിവരെപ്പോലെ, പുനര്‍ജന്മം നേടിയ രോഗികളുടെ മരണാനുഭവങ്ങള്‍ ഗവേഷണം ചെയ്തവര്‍, ഈ രോഗികള്‍ ഉയിര്‍പ്പിന് മുന്‍പ് ജഡത്തിന് സംഭവിച്ചതെല്ലാം കൃത്യമായി ഓര്‍ത്തതായി രേഖപ്പെടുത്തുന്നു. തീര്‍ച്ചയായും, മരണത്തിനും ഉയിര്‍പ്പിനും ഇടയില്‍, ജഡാത്മാവില്‍ മസ്തിഷ്‌കമുണ്ടായിരുന്നില്ല. തിരിച്ചറിവും ഓര്‍മയും മസ്തിഷ്‌കത്തിന്റെ കഴിവായിരുന്നെങ്കില്‍, ജഡാത്മാവ് ഈ ഇടവേളയിലെ കാര്യങ്ങള്‍ ഓര്‍ക്കുമായിരുന്നില്ല. ഡോക്ടര്‍മാരും നഴ്‌സുമാരും തങ്ങളുടെ ജഡങ്ങളില്‍ എന്തൊക്കെ ചെയ്തുവെന്ന്, ഉയിര്‍ത്ത ഉടന്‍ രോഗികള്‍ ഓര്‍ത്തതില്‍നിന്ന് മനസ്സിലാകുന്നത്, ആ ചികിത്സകള്‍ അവര്‍ കാണുകയും ഓര്‍ക്കുകയും ചെയ്തുവെന്നാണ്. അതിനര്‍ത്ഥം, കാഴ്ചകളും സംസാരങ്ങളും കര്‍മങ്ങളും അറിയുന്ന ബുദ്ധി, ജഡത്തിലെ മസ്തിഷ്‌കത്തിലായിരുന്നില്ല, പക്ഷേ, അത്, ജഡത്തിനടുത്ത അന്തരീക്ഷത്തില്‍ തങ്ങിനിന്ന, ആത്മാവ്-സൂക്ഷ്മശരീര ജഡസംയുക്തത്തിലായിരുന്നു എന്നാണ്. ഡോ. ഇയാന്‍ സ്റ്റീവന്‍സണിന്റെ ഗവേഷണങ്ങള്‍ കുറെക്കൂടി മുന്നോട്ടുപോയി, ഒരു ജീവിതത്തിന്റെ ഓര്‍മകള്‍ ആത്മാവിന് വളരെ വര്‍ഷങ്ങള്‍ക്കുശേഷമുള്ള അടുത്ത ജീവിതത്തിലേക്കുപോലും കൊണ്ടുപോകാനാവുമെന്ന് തെളിയിച്ചു. മുജ്ജന്മത്തിലെ കാര്യങ്ങള്‍ ഓര്‍ക്കുന്ന, രണ്ടും നാലും വയസ്സുള്ള നിരവധി കുട്ടികളെ അദ്ദേഹം പടിഞ്ഞാറും കിഴക്കും കണ്ടു. ഓര്‍മകള്‍ മുജ്ജന്മത്തില്‍ മരിച്ച മസ്തിഷ്‌കത്തിലായിരുന്നില്ലെന്നും അവ, മരണത്തിനും പുനര്‍ജന്മത്തിനുമിടയ്ക്കുള്ള ഒഴിവുകാലത്തിലെ ആത്മ-സൂക്ഷ്മ ശരീര സംയുക്തത്തിലായിരുന്നുവെന്നും ഇത് വെളിവാക്കി. ഭൗതിക ശരീരത്തില്‍നിന്ന് ആത്മാവ് പോയപ്പോള്‍, സൂക്ഷ്മശരീരം മാത്രമാണ് അതിനൊപ്പം പോയത്; അത് മാത്രമാണ് ആത്മാവിനൊപ്പം ജഡകാലത്തില്‍ നിന്നത്. മുജ്ജന്മ സംഭവങ്ങള്‍ ഓര്‍മിച്ച ബുദ്ധി, മസ്തിഷ്‌കത്തിലല്ല, മസ്തിഷ്‌കത്തോടു കൂടെയല്ല, ആത്മ-സൂക്ഷ്മശരീര സംയുക്തത്തിലാണ് എന്നത്, ഇനി സംശയിക്കേണ്ടതില്ല. ആത്മാവില്‍ സൂക്ഷ്മശരീരമല്ലാതെ മറ്റൊന്നുമില്ല എന്നതിനാല്‍, ബുദ്ധി സൂക്ഷ്മശരീരത്തിലായിരിക്കണം. ബുദ്ധിയുടെ സാധാരണ പ്രവൃത്തികള്‍ കാണിക്കുന്നത്, അത് ശരീരേന്ദ്രിയങ്ങളില്‍നിന്ന് ഭിന്നമായ സ്വതന്ത്ര ഏകകമാണെന്നാണ്. സാധാരണയായി, സമയാസമയങ്ങളില്‍ ബുദ്ധി, കര്‍മങ്ങള്‍ നിശ്ചയിക്കുന്നു. ഓര്‍മകളെ തിരിച്ചുവിളിച്ച്, ബുദ്ധിയാണ്, അറിവ്, വിശ്വാസം, സ്‌നേഹം തുടങ്ങിയവയായി അവയെ നിരത്തുന്നത്. വലിയ വിവേചനങ്ങളും വിവേകങ്ങളും ബുദ്ധി പ്രകടമാക്കുന്നു. ഏത് പാര്‍ട്ടിക്കു വോട്ട് ചെയ്യും, ചെയ്യില്ല, വോട്ടു ചെയ്യുമോ എന്നതെല്ലാം ബുദ്ധിയുടെ വിവേചനമാണ്. വിവേചനവും വിവേകവും, ബുദ്ധി സ്വതന്ത്ര ഏകകമാണന്ന് തെളിയിക്കുന്നു. സ്ഥൂല ഭൗതിക ശരീരത്തിലെ ഒരിന്ദ്രിയത്തിന്റെ യാന്ത്രിക ശേഷിയല്ല അത്; അത്, സൂക്ഷ്മശരീരത്തിലെ സ്വതന്ത്ര അനുഭൂതി കണികയാകുന്നു. 
2. അഹംബോധം സ്വാര്‍ത്ഥത്തിന്റെ ഏകകമാണ് അഹംബോധമെന്ന് സാംഖ്യകാരിക(24) നിര്‍വചിക്കുന്നു. ഭൗതിക ജീവിതത്തില്‍, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ അഹംബോധം, മനസ്സിനെയും ബുദ്ധിയെയും പ്രചോദിപ്പിക്കുന്നു. ആത്മാവിന് ഈശ്വരനോടുള്ള അടുപ്പം, താന്‍ അമര്‍ച്ച ചെയ്യപ്പെടാന്‍ കാരണമാകുമെന്ന് ബോധമുള്ളതുപോലെയാണ് അഹംബോധം പെരുമാറുന്നത്. അതിനാല്‍, ഭൗതിക സുഖങ്ങള്‍ പിന്തുടര്‍ന്ന് ദൈവത്തെ മറക്കാന്‍ അത് ബുദ്ധിയോട് ആവശ്യപ്പെടുന്നു. ബൈബിള്‍ മുന്നറിയിപ്പു നല്‍കുന്നു, 'ജഡത്തിന്റെ അഭിലാഷങ്ങള്‍ ആത്മാവിന് എതിരാണ്' (ഗലാത്തിയക്കാര്‍, 5:17). ഇവിടെ ജഡം (ഇംഗ്ലിഷില്‍ flesh എന്നത് മലയാളം ബൈബിളില്‍ ജഡം ആകുന്നു) എന്നാല്‍, ശരീരം, ശരീരത്തോടുള്ള മമത. ആത്മാവ് എന്നാല്‍, ഈശ്വരന്‍. ആത്മീയാന്വേഷണങ്ങള്‍ക്കെതിരായ പിശാചിന്റെ പ്രവൃത്തികളായി കത്തോലിക്കാ, ഇസ്ലാമിക ദൈവശാസ്ത്രങ്ങള്‍ വിവരിക്കുന്നത്, ഭാരതീയ തത്വചിന്തയില്‍ വ്യക്തിയില്‍ സൂക്ഷ്മശരീരത്തിനെതിരായ അഹംബോധത്തിന്റെ പ്രവൃത്തികളാണ്. ദൈവം ദൂരെയാണെന്നും ഭൗതികസുഖങ്ങള്‍ എളുപ്പം ആസ്വദിക്കാമെന്നും അഹംബോധം എപ്പോഴും ബുദ്ധിയോടു മന്ത്രിക്കുന്നു. ശരീരമാണ് ഭൗതിക സുഖങ്ങള്‍ ആസ്വദിക്കാനുള്ള ഉപകരണമെന്നതിനാല്‍, ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത് അതാണെന്നു കാണാന്‍ അഹംബോധം, ബുദ്ധിയെ പ്രേരിപ്പിക്കുന്നു; മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, അഹംബോധം, ശരീരബോധത്തോട് ആവശ്യപ്പെടുന്നു. ശരീരത്തോടുള്ള സ്‌നേഹവും അടുപ്പവും അഹംബോധത്തിന്റെ പ്രേരകങ്ങളാണ്. ഈശ്വരനോടുള്ള അടുപ്പം കൂടുമ്പോള്‍, ശരീരത്തോടും ഇന്ദ്രിയാനുഭൂതികളോടുമുള്ള അടുപ്പം കുറയുന്നു. അതിനാല്‍, അഹംബോധം, ഈശ്വരനോടുള്ള അടുപ്പത്തെ നിരുത്സാഹപ്പെടുത്തും. അന്ത്യകര്‍മങ്ങളെ വിവരിക്കുന്ന സംസ്‌കൃത പാഠങ്ങള്‍ പറയുന്നത്, യാത്ര പറഞ്ഞ ആത്മാവ്, ജഡത്തിനടുത്ത്, പയ്യെ വലുതായിവരുന്ന വൃത്തങ്ങളില്‍ വലയം ചെയ്യുമെന്നാണ്. ശരീരം ദഹിപ്പിക്കുന്നതു കാണാന്‍ വിലാപയാത്രയില്‍ പങ്കെടുക്കുംവരെ, ഇടക്കിടെ ജഡത്തിനരികില്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യും. പോയ ആത്മാവ്, ദഹനംവരെ ജഡത്തിനരികില്‍ നില്‍ക്കുമെന്ന് തേരാവാദ ബുദ്ധതത്വങ്ങള്‍ (ഭാഗം 2, പേജ് 119) പറയുന്നുണ്ട്. തങ്ങളുടെ ജഡങ്ങളുടെ നെഞ്ചില്‍ ഡോക്ടര്‍മാര്‍ ഇടിക്കുന്നതുകണ്ട് ഉത്കണ്ഠയുണ്ടായെന്ന് പുനര്‍ജീവിച്ച രോഗികള്‍ പറഞ്ഞതായി ലൈഫ് ആഫ്റ്റര്‍ ലൈഫ് ല്‍ കാണാം. ജഡാത്മാവ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോള്‍, അഹംബോധത്തിന്റെ പ്രേരണപ്രകാരം അതില്‍ ശരീരബോധം നടത്തുന്ന പ്രവൃത്തികളെയാണ് ഇത് സൂചിപ്പിക്കുന്നത്. ആത്മാവിന്റെ ജഡാവസ്ഥയില്‍ കൂടെയുള്ളത് സൂക്ഷ്മശരീരം മാത്രമാകയാല്‍, അതിലാണ് അഹംബോധം വസിക്കുന്നത് എന്ന് തെളിയുന്നു. സൂക്ഷ്മശരീരത്തിലെ കണികയാണ് അഹംബോധം.  
 3 .മനസ്സ് :ഹംബോധത്തിലെ പരിണാമങ്ങളില്‍നിന്നുളവായ 16 ഏകകങ്ങളില്‍, മനസ്സാണ് ഏറ്റവും കര്‍മനിരതം. അതീവ കര്‍മനിരതമാകയാല്‍, അത് ഒരു വിചാരത്തില്‍ ഉറച്ചുനില്‍ക്കാതെ, അറിയാനാകാത്തവിധം, വിചാരത്തില്‍നിന്ന് വിചാരത്തിലേക്ക് ചാടിക്കൊണ്ടിരിക്കുന്നു. എങ്കിലും, അത്, ബുദ്ധിയുടെ അടിമയാണ്. ബുദ്ധിയെന്താണോ തീരുമാനിക്കുന്നത്, (ആവശ്യമെങ്കില്‍ ഭൗതികേന്ദ്രിയങ്ങള്‍ വഴി) മനസ്സ് അതു നടപ്പാക്കുന്നു. സകലേന്ദ്രിയങ്ങളുടെയും യജമാനനാണ് മനസ്സ്. ഉപനിഷത്തുക്കളനുസരിച്ച്, മനസ്സ് ബുദ്ധിയെ ആവരണം ചെയ്യുന്നു; അതിനാല്‍, ഭൗതിക ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്ന എല്ലാ സ്പന്ദനവും ആദ്യമെത്തുക മനസ്സിലാണ്. അത്, തിരിച്ചറിവിനായി, ബുദ്ധിക്ക് വിനിമയം ചെയ്യുന്നു. തിരിച്ച്, ബുദ്ധി ഒരു കര്‍മം തീരുമാനിക്കുമ്പോള്‍, ആ തീരുമാനം അത് മനസ്സിന് വിനിമയം ചെയ്യുകയും മനസ്സ്, പ്രത്യേക ഇന്ദ്രിയങ്ങള്‍ നിര്‍വഹിക്കേണ്ട സവിശേഷ കര്‍മങ്ങളാക്കി അവയെ വികസിപ്പിക്കുകയും ചെയ്യുന്നു. ഇതിന് മനസ്സ്, മസ്തിഷ്‌കം വഴി ആ ഇന്ദ്രിയങ്ങള്‍ക്ക് സന്ദേശമയയ്ക്കുന്നു. അതിനാല്‍, മനുസ്മൃതി (2:92)യിലും ഭഗവദ്ഗീതയിലും (13:6)മനസ്സിനെ പതിനൊന്നാം ഇന്ദ്രിയമായി വിവരിക്കുന്നു.
 ആവശ്യമുള്ളപ്പോള്‍, മനസ്സ് സ്വന്തം വിവേചനവും വിവേകവും പ്രയോഗിക്കും. ജ്വലിക്കുന്ന സിഗററ്റു കുറ്റിയില്‍ കാല്‍ അപ്രതീക്ഷിതമായി ചവിട്ടിയാല്‍ ഉണ്ടാകുന്ന പ്രതിസ്പന്ദം മനസ്സിലെത്തിയാല്‍, അത് പ്രതിവിധിക്ക് ബുദ്ധിയുടെ തീരുമാനത്തിന് കാക്കാറില്ല. അപകട സ്പര്‍ശത്തില്‍നിന്ന് ഉടന്‍ കാലെടുക്കാന്‍ മനസ്സുണര്‍ന്ന് നിര്‍ദ്ദേശിക്കുന്നു. ഒരിളക്കത്തോടെ കാല്‍വലിക്കുന്നു. തുടര്‍ന്ന് വിവരം ബുദ്ധിയെ അറിയിക്കുന്നു. മനസ്സിലെത്തുന്ന സ്പന്ദനങ്ങള്‍ അപ്പോള്‍തന്നെ ബുദ്ധിയിലെത്തുകയും ബുദ്ധി അത് സംബന്ധിച്ച തീരുമാനമെടുക്കുകയുമാണ് പതിവ്. എന്നാല്‍, ഇക്കാര്യത്തില്‍ ബുദ്ധി അറിയാതെ, മനസ്സ് തീരുമാനമെടുത്തു. പതിവില്‍നിന്നുള്ള ഈ വ്യതിയാനമാണ്, കാല്‍വലിച്ചപ്പോള്‍ ഇളക്കമായത്. ഈ സംഭവം മനസ്സിന്റെ വിവേചന, വിവേക പ്രവൃത്തിയെ കാണിക്കുന്നു. ശരീരസംവിധാനത്തില്‍ മനസ്സിന് സ്വതന്ത്ര പ്രതിനിധിയായി പ്രവൃത്തിക്കാമെന്ന് ഇത് കാട്ടുന്നു. സ്‌നേഹം, വിദ്വേഷം, പക, പേടി തുടങ്ങിയ വികാരങ്ങളുടെ ഇരിപ്പിടവും ഉറവിടവുമാണ് മനസ്സ്. അകാരണമായി ഒരാള്‍ക്ക് അപരനോട് വെറുപ്പുതോന്നാം; അരയോളം വെള്ളമേയുള്ളൂ എന്ന് സുഹൃത്ത് കാട്ടിക്കൊടുത്താലും, കുളത്തിലോ പുഴയിലോ ഇറങ്ങാന്‍ ഭയപ്പെട്ടു എന്നുവരാം. ഇത്തരം അകാരണ വികാരങ്ങള്‍ മുജ്ജന്മ അനുഭവങ്ങളില്‍നിന്നുള്ള പ്രതികരണങ്ങളായേ പറ്റൂ. മുജ്ജന്മ മരണശേഷവും ഇത്തരം വികാരങ്ങള്‍ നിലനില്‍ക്കുന്നത്, മസ്തിഷ്‌കത്തോടൊപ്പം മരിക്കാതെ മനസ്സ്, ആത്മാവിനോട് പറ്റിച്ചേര്‍ന്നു എന്നാണ്. ഡോ. മൂഡിയോട്, പുനര്‍ജീവിച്ച രോഗികള്‍ പങ്കിട്ട അനുഭവങ്ങളിലും, ശരീരം മരിച്ചശേഷവും മനസ്സ് വികാരങ്ങള്‍ അറിയുന്നതിന്റെ വിവരണങ്ങളുണ്ട്. ശരീര മസ്തിഷ്‌കത്തിലല്ല, ആത്മ-സൂക്ഷ്മ ശരീര സംയുക്തതത്തിലാണ് മനസിന്റെ സ്ഥാനം. ആത്മാവിന്റെ സൂക്ഷ്മ ശരീരത്തിന്റെ ഭാഗമാണ്, അത്.  
4 .സൂക്ഷ്‌മേന്ദ്രിയങ്ങള്‍ 
സൂക്ഷ്മശരീരത്തില്‍ ഉണ്ടായിരുന്ന ഇന്ദ്രിയങ്ങളുടെ അവശിഷ്ടങ്ങളാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. അവ യഥാര്‍ത്ഥത്തില്‍ ഏകകങ്ങളാണെങ്കിലും, അവയെ ഇന്ദ്രിയങ്ങള്‍ എന്നുവിളിക്കുന്നു. കാരണം, അവ ഭൗതികശരീരത്തില്‍ ഭൗതികേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുംപോലെ, സൂക്ഷ്മശരീരത്തില്‍ ഏതാണ്ട് പ്രവര്‍ത്തിക്കുന്നു. 'സൂക്ഷ്മം' എന്നാല്‍, പദാര്‍ത്ഥരഹിതം (മനസ്സുപോലെ). ബ്രഹ്മന്‍ അനുഭൂതികള്‍ക്കും അവവഴി കര്‍മങ്ങള്‍ക്കും ആഗ്രഹിച്ചപ്പോള്‍ ഇവ പ്രകൃതിയില്‍ ഉണ്ടായി എന്നാണ് അനുമാനം (സ്വപ്‌നങ്ങളുമായി സാമ്യം, അധ്യായം 12). പ്രാക് പഞ്ചീകരണഘട്ടത്തില്‍ ബ്രഹ്മന്‍ വസ്തുക്കള്‍ കാണാന്‍ അഭിലഷിച്ചപ്പോള്‍, ആ അഭിലാഷം അഹംബോധത്തില്‍ പ്രതിഫലിച്ച്, അഹംബോധത്തിന്റെ ഒരു ഭാഗം കണ്ണിന്റെ സൂക്ഷ്‌മേന്ദ്രിയമായി; ശബ്ദം കേള്‍ക്കാന്‍ അഭിലഷിച്ചപ്പോള്‍, മറ്റൊരു ഭാഗത്തിലെ പരിണാമത്താല്‍, കാതിന്റെ സൂക്ഷ്‌മേന്ദ്രിയമായി; എടുക്കാനും പിടിക്കാനും ആഗ്രഹിച്ചപ്പോള്‍, വേറൊരുഭാഗം ഹസ്തത്തിന്റെ സൂക്ഷ്‌മേന്ദ്രിയമായി. താല്‍പര്യങ്ങള്‍ ആഗ്രഹിച്ചപ്പോള്‍, പരിണാമത്താല്‍ സംസാരത്തിന്റെ സൂക്ഷ്‌മേന്ദ്രിയമായി. അങ്ങനെ അങ്ങനെ. അനുഭൂതിയുടെ അഞ്ചിന്ദ്രിയങ്ങളും അഞ്ചു കര്‍മേന്ദ്രിയങ്ങളും ഇങ്ങനെയുണ്ടായി. ശരീരത്തിനകത്ത് സൂക്ഷ്‌മേന്ദ്രിയങ്ങളുടെ സാന്നിദ്ധ്യം, സ്വപ്‌നങ്ങളുടെ അനുഭവങ്ങളില്‍നിന്ന് തെളിയുന്നു. സ്വപ്‌നത്തില്‍ നാം വ്യക്തികളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും കാണുകയും അറിയുകയും ചെയ്യുന്നു; നാം സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. നാം മന്ദിരങ്ങളിലൂടെയും പൂന്തോപ്പുകളിലൂടെയും നടക്കുന്നു. കാഴ്ച, കേള്‍വി, സംസാരം, നടത്തം എന്നിവയ്‌ക്കെല്ലാം അവയവങ്ങളുടെ സഹായം വേണം. സ്വപ്‌നത്തില്‍, ശരീരാവയവങ്ങളില്‍ നിന്നല്ല ഇവ വരുന്നതെങ്കില്‍, നമ്മുടെ ശരീര സംവിധാനത്തില്‍, മറ്റിന്ദ്രിയങ്ങള്‍ ഉണ്ടാകണം. അവ അദൃശ്യമായതിനാല്‍, മനസ്സും ബുദ്ധിയുംപോലെ, പദാര്‍ത്ഥരഹിതമാണ്. അവയാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. ഉണര്‍ന്നിരിക്കേ ഭൗതികേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുന്ന അനുഭൂതികളും കര്‍മങ്ങളും സ്വപ്‌നത്തിലും അനുഭവിക്കുന്നതിനാല്‍, ശരീരേന്ദ്രിയങ്ങള്‍ക്ക് സമാനമായ സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ഉണ്ടായിരിക്കണം. മറ്റുവിധത്തില്‍, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ക്ക് കാരണമായ പദാര്‍ത്ഥരഹിതരൂപം, ഒരു പൂര്‍ണശരീരരൂപം പോലിരിക്കണം. 
പുനര്‍ജീവിച്ച രോഗികള്‍, തങ്ങള്‍ ജഡമായിരിക്കേ, പൂര്‍ണശരീരരൂപമുണ്ടായിരുന്നു എന്നവകാശപ്പെട്ടതായി ഡോ.മൂഡി ലൈഫ് ആഫ്റ്റര്‍ ലൈഫ് ല്‍ രേഖപ്പെടുത്തുന്നു (35, 50). കര്‍മങ്ങള്‍ അഭിലഷിക്കുമ്പോള്‍ മാത്രം ഒരു ഗോള സൂക്ഷ്മ രൂപത്തില്‍നിന്ന് ഇന്ദ്രിയങ്ങള്‍ പുറത്തേക്ക് നീളുകയും അത് കഴിയുമ്പോള്‍ പിന്‍വലിക്കുകയുമാണെന്ന് ആ പുസ്തകം (102) പറയുന്നു. ജഡാത്മാവ്, തന്റെ ജഡം ആശുപത്രിക്കിടക്കയില്‍ കണ്ടുവെന്നും, തകര്‍ന്ന കാറിന്റെ സ്റ്റിയറിങ് വീലിനടിയില്‍ ചതഞ്ഞുകിടന്നത് കണ്ടുവെന്നും, നഴ്‌സിനോട് ഡോക്ടര്‍ ജീവോദ്ദീപക യന്ത്രം( pounding machine) കൊണ്ടുവരാന്‍ പറഞ്ഞതു കേട്ടുവെന്നും പറയുമ്പോള്‍, സൂക്ഷ്മനേത്രവും സൂക്ഷ്മകര്‍ണവും ജഡാത്മാവിന്റെ സൂക്ഷ്മശരീരത്തില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെടുന്നു. പ്രകൃതിയിലുണ്ടാകുന്ന കരണങ്ങളില്‍ അവസാനത്തേതാണ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍. ബുദ്ധി, അഹംബോധം, മനസ്സ് എന്നിങ്ങനെ അതിന് മുന്‍പുണ്ടായവ, ഏറ്റവും കൂര്‍മതയുള്ളവയായിരുന്നു; അവ കര്‍മങ്ങളില്‍ വിവേചനവും വിവേകവും കാട്ടി. സൂക്ഷ്‌മേന്ദ്രിയങ്ങള്‍ അര്‍ധകൂര്‍മങ്ങളാണ്; അവയ്ക്ക് വിവേക, വിവേചനങ്ങളില്ല. അവ സ്വന്തം വിവേചനമനുസരിച്ച് കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നില്ല. മസ്തിഷ്‌കത്തിനും മനസ്സിനുമിടയിലെ മധ്യസ്ഥരാണ്, അവ. മസ്തിഷ്‌കത്തില്‍നിന്ന് അവ ഭൗതികേന്ദ്രിയങ്ങളില്‍നിന്നുള്ള അനുഭൂതി സന്ദേശങ്ങള്‍ സ്വീകരിച്ച്, മനസ്സിന് കൈമാറുന്നു. മനസ്സില്‍നിന്ന് കര്‍മപ്രചോദനങ്ങള്‍ സ്വീകരിച്ച് മസ്തിഷ്‌കത്തിന്റെ ബന്ധപ്പെട്ട കേന്ദ്രത്തിലെത്തിക്കുന്നു. അവിടന്ന് ഭൗതികതലത്തില്‍, ഭൗതികാവയവങ്ങളിലേക്ക് അവയെത്തുന്നു. ഭൗതികസ്പന്ദനങ്ങളും ശരീരകര്‍മങ്ങളും സൂക്ഷ്‌മേന്ദ്രിയങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, ആ പ്രതിഫലനങ്ങള്‍, സൂക്ഷ്‌മേന്ദ്രിയങ്ങളില്‍ സമാന്തര സ്പന്ദനങ്ങളും കര്‍മങ്ങളും ആകുന്നു; ജന്മാന്തര സ്പന്ദനങ്ങളാണ്, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുന്നത് (അധ്യായം 15).  

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...