12.ഷഡാനോവും തിന്മ മരവും വീഴുന്നു
സ്റ്റാലിന്റെ കലാ സൈദ്ധാന്തികൻ ആയിരുന്നു,ആന്ദ്രേ അലക്‌സാണ്ടറോവിച് ഷഡാനോവ്.സോവിയറ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര സെക്രട്ടറിയും ലെനിൻഗ്രാഡ് പാർട്ടി മേധാവിയും ആയിരുന്ന ഷഡാനോവ് മരിക്കും വരെ പി ബി യിൽ ഉണ്ടായിരുന്നു.1934 ൽ എഴുത്തുകാരുടെ രാജ്യാന്തര സമ്മേളനത്തിൽ മുഖ്യപ്രസംഗം നടത്തിയാണ്,ഷഡാനോവ് ലോകശ്രദ്ധയിൽ എത്തിയത്."എഴുത്തുകാർ മനുഷ്യാത്മാക്കളുടെ എന്ജിനീയർമാരാണ്",ഷഡാനോവ് കണ്ടെത്തി !
രണ്ടാം ലോകയുദ്ധത്തിന് ശേഷം,ലെനിൻഗ്രാഡ് പിടിച്ച പോരാട്ടത്തിലെ നായകനായാണ് ഷഡാനോവ് പാർട്ടിയിൽ ഉയർന്നത്.സ്റ്റാലിൻ കഴിഞ്ഞാൽ ശക്തൻ.സ്റ്റാലിന്റെ ഡാച്ചയിൽ പിയാനോ വായിച്ചും ഗോർക്കിയുമായി സാഹിത്യ സംവാദം നടത്തിയും കഴിഞ്ഞു വന്ന അദ്ദേഹം ഏറെ നേരം പണിയെടുത്തിരുന്നു.മലയാള സാഹിത്യത്തിൽ അയാൾ വീഴ്ത്തിയ കരിനിഴലുകൾ വഴിയേ കാണാം.അക്കാര്യത്തിൽ ഇ എം എസിന് ഗുരുവായിരുന്നു,ഷഡാനോവ്.
|
ഷഡാനോവ് |
റഷ്യയിൽ 1921 -29 കാലം ധിഷണയുടെ പ്രതിസന്ധി കാലമായി അറിയപ്പെടുന്നു.ലെനിൻറെ ചുവപ്പ്\ഭീകരത;സ്റ്റാലിൻ നിർബന്ധിത കൂട്ടുകൃഷിക്കളങ്ങൾ വഴി കർഷകരെ വിറപ്പിച്ച കാലം.പുത്തൻ സാമ്പത്തിക നയ കാലം.ബുദ്ധിജീവികൾക്ക് കൂച്ചു വിലങ്ങിട്ടു.കല,സാഹിത്യം,തത്വശാസ്ത്രം,ശാസ്ത്രം എന്നിവയെല്ലാം സമ്മർദ്ദത്തിലായി.ഇ സേമിയറ്റിൻ രചിച്ച
നമ്മൾ എന്ന നോവൽ വിലക്കി;അത് 1925 ൽ അമേരിക്കയിൽ പ്രസിദ്ധീകരിച്ചു.
ഒക്ടോബർ അട്ടിമറിയെ പിന്തുണച്ചവരിൽ നിന്നു നല്ല രചനകൾ വന്നപ്പോൾ,അട്ടിമറിക്ക് ആധികാരികത കിട്ടി.ഇസാക് ബാബേൽ,അലക്‌സാണ്ടർ ഫദെയേവ്,ബോറിസ് പിൽന്യക്,മയക്കോവ്സ്കി,സെർലി യെസീനിൻ,ആർട്ടെo വെസോലി,റോഡ് ലിയാനോവ് എന്നിവർ ഇതിൽപ്പെടും.ഇതിനെ അനുകൂലിക്കാത്ത ബോറിസ് പാസ്റ്റർ നാക്,അന്ന അഹ്‌മത്തോവ,ഇ സേമിയറ്റിൻ തുടങ്ങിയവരും എഴുതി.മുപ്പതുകളിൽ എല്ലാം തീർന്നു.ബാബേൽ,പിൽന്യക്,വെസോലി എന്നിവരെ കൊന്നു.മികച്ച നാടക സംവിധായകൻ മേയർഹോൾഡിനെ വെടിവച്ചു കൊന്നു.മയക്കോവ്‌സ്‌കിയും യെസീനിനും ആത്മഹത്യ ചെയ്‌തു.ബോഗ്‌ധനെവ് രോഗം പകർന്ന രക്തം കുത്തിവച്ച് ജീവനൊടുക്കി. മാൻടെൽസ്റ്റാം ലേബർ ക്യാമ്പിൽ മരിച്ചു വീണു.അഹ്മത്തോവയും പാസ്റ്റർ നാക്കും അതിജീവിച്ചു.സേമിയറ്റിൻ നാട് വിട്ടു.സ്റ്റാലിന് ഹല്ലെലുയ്യ പാടിയ ഫദെയേവ്,ഷോളോഖോവ്,ഒലീഷ,ഗോർക്കി എന്നിവർക്ക് സർഗ്ഗശേഷി ഇല്ലാതായി.ഇരുപതാം പാർട്ടി കോൺഗ്രസ് സ്റ്റാലിനെ കുഴിച്ചു മൂടിയ ക്രൂഷ്‌ചേവിൻറെ പ്രസംഗം കേട്ട് വീട്ടിലെത്തി ഫദയേവ്,തുടർച്ചയായി മദ്യപിച്ച് ബോധം കെട്ടു.12 നാൾ തുടർച്ചയായി മദ്യപിച്ച് തോക്കെടുത്ത് തലയിലേക്ക് വെടി വച്ച് മരിച്ചു.കേന്ദ്രകമ്മിറ്റി അംഗവും എഴുത്തുകാരുടെ യൂണിയൻ പ്രസിഡന്റും ആയിരുന്നു.
|
ഫദയേവ്,മയകോവ്‌സ്‌കി,സ്റ്റാവ്‌സ്‌കി |
യുദ്ധത്തിന് മുൻപ് 97 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നത് 1922 ൽ 278 ആയെങ്കിലും,1926 ൽ 138 ലേക്ക് താണു.തുടക്കത്തിൽ ലൂണാചാർസ്‌കിക്ക് കീഴിൽ സാംസ്‌കാരിക നയത്തിന് പരിമിത ലക്ഷ്യങ്ങൾ മാത്രമായിരുന്നു.സർവകലാശാലകൾ ബുദ്ധിജീവികളെ ഒതുക്കാൻ രാഷ്ട്രീയ സമ്മർദത്തിൽ ആയി.തൊഴിലാളി ഫാക്കൽറ്റികളിൽ നിന്നും വിദ്യാഭ്യാസ കമ്മിസാരിയറ്റിൽ നിന്നുമുള്ളവരെ സർവകലാശാല ഭരണസമിതികളിൽ തിരുകിക്കയറ്റി.അവിടത്തെ വാസവന്മാരും ആനാവൂർ നാഗപ്പന്മാരുമായി ഭരണം.പ്രൊഫസർ സ്ഥാനങ്ങൾ അനുയായികളെക്കൊണ്ട് നിറച്ചു.വിദ്യാർത്ഥി പ്രവേശനത്തിൽ ബൂർഷ്വകളെ ഒഴിവാക്കി.പഴയ ബുദ്ധിജീവികളുടെയും മധ്യവർഗ്ഗത്തിന്റെയും കുട്ടികൾ പെരുവഴിയിലായി.തത്വശാസ്ത്രം,സാമൂഹിക ശാസ്ത്രം,നിയമം,ചരിത്രം എന്നിവയുടെ ഉള്ളടക്കത്തിൽ ഭരണകൂടം ഇടപെട്ടു.
അട്ടിമറിയുടെ ആദ്യ ദശകത്തിൽ,സർവകലാശാലകളിലെ ചരിത്ര,തത്വചിന്ത,നിയമ ഫാക്കൽറ്റികൾ മൊത്തത്തിൽ പരിഷ്‌കരിക്കുകയോ പൂട്ടുകയോ ചെയ്‌തു.പുത്തൻകൂറ്റ് സംഗതികൾ പഠിപ്പിക്കാൻ രണ്ടു സ്ഥാപനങ്ങൾ ഉണ്ടായി -റെഡ് പ്രൊഫസേർസ് ഇൻസ്റ്റിട്യൂട്ട് ( 1921 ),കമ്മ്യൂണിസ്റ്റ് അക്കാദമി.ബുഖാറിൻ ഉണ്ടായിരുന്ന കാലം അയാൾ നിയന്ത്രിച്ചു.എല്ലാ സ്ഥാപനങ്ങളും വരുതിയിൽ ആയപ്പോൾ ഈ രണ്ടെണ്ണം പൂട്ടി.മാർക്സ് -എംഗൽസ് ഇൻസ്റ്റിട്യൂട്ട് ,വ്യാഖ്യാനങ്ങൾ ഇറക്കി.ഡയറക്ടർ റയസോവിനെ മുപ്പതുകളിൽ പുറത്താക്കി.അദ്ദേഹത്തെയും ഉന്മൂലനം ചെയ്തിരിക്കാം;അദ്ദേഹം 1938 ൽ സാറാട്ടോയിൽ സ്വാഭാവികമായി മരിക്കുകയായിരുന്നു എന്നാണ് ഭാഷ്യം;ഇങ്ങനെ മരിച്ചതായി കരുതപ്പെട്ട ഇന്ത്യക്കാരൻ വിരേന്ദ്രനാഥ് ചതോപാധ്യായ എന്ന ചാറ്റോയെ സ്റ്റാലിൻ കൊല്ലുകയായിരുന്നു.സരോജിനി നായിഡുവിൻറെ സഹോദരനായ അദ്ദേഹം അക്കാദമി ഓഫ് സയൻസസിൽ നരവംശ ശാസ്ത്ര പ്രൊഫസർ ആയിരുന്നു.ചാരൻ എന്ന് മുദ്ര കുത്തി 1937 സെപ്റ്റംബർ രണ്ടിനാണ് വെടി വച്ച് കൊന്നത്.
ബുഖാറിൻറെ സുഹൃത്ത് പൊക്രോവ്സ്കി ആയിരുന്നു,റെഡ് പ്രൊഫസേർസ് ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ.1932 മരിച്ചതിനാൽ ഉന്മൂലനത്തിൽ നിന്ന് രക്ഷപ്പെട്ടു.മരണാനന്തരം അദ്ദേഹത്തിൻറെ റഷ്യാ ചരിത്രം പിഴവ് നിറഞ്ഞതാണെന്ന് വിലയിരുത്തി.ലെനിന് ആ ചരിത്രം ഇഷ്ടമായിരുന്നു.
ചരിത്രം,ഭൂതകാലത്തിലേക്ക് വിക്ഷേപിച്ച രാഷ്ട്രീയം മാത്രമാണ് എന്ന അദ്ദേഹത്തിൻറെ വെളിപാട് ശരിയല്ലെന്ന് വിമർശനമുണ്ടായി.1938 ൽ സ്റ്റാലിന്റെ ലഘുപാഠം വരും വരെ പാർട്ടി ചരിത്രത്തിൽ കർശന നിയന്ത്രണങ്ങൾ നില നിന്നു.ഇരുപതുകളിൽ നിയമ,ഭരണഘടനാ സൈദ്ധാന്തികൻ ആയിരുന്ന യെവ്ജനി പഴുക്കാനിസിനെ കൊന്നു.
ലെനിനും ട്രോട് സ്‌കിയും നവീനസാഹിത്യം വായിച്ചിരുന്നില്ല.തൊഴിലാളികൾക്ക് വിദ്യാഭ്യാസം ഇല്ലാത്തതിനാൽ സംസ്‌കാരമുണ്ടാക്കാൻ കഴിയില്ലെന്ന് ട്രോട് സ്‌കി വിശ്വസിച്ചു.വർഗ്ഗരഹിത സമൂഹത്തിലേ അരിസ്റ്റോട്ടിൽ ഗൊയ്ഥെ,മാർക്സ് എന്നിവരെപ്പോലെ ബുദ്ധിയുള്ളവർ ഉണ്ടാകൂ !
സ്റ്റാലിൻ വ്യക്തിപൂജയുടെ ഭാഗമായി,കലയും സാഹിത്യവും ഭരണകൂടം,പാർട്ടി,സ്റ്റാലിൻ എന്നീ ബിംബങ്ങളെ അതിശയോക്തി കലർന്ന് ചിത്രീകരിച്ചു.പുത്തൻ തൊഴിലാളി വർഗ ധാർമികത എന്നൊന്നുണ്ടായി.വിവാഹം.മോചനം എന്നിവ കടലാസിൽ മാത്രമായി.വിഹിത,അവിഹിത സന്തതികൾ തമ്മിൽ വിവേചനം ഇല്ലാതായി.ഗർഭഛിദ്രം എപ്പോൾ വേണമെങ്കിലും ആകാം.ലൈംഗിക സ്വാതന്ത്ര്യം നിലവിൽ വന്നു.മാതാപിതാക്കൾക്കെതിരെ കുട്ടികൾ നടത്തുന്ന ചാരവൃത്തി പ്രോത്സാഹിപ്പിച്ചു.പള്ളികൾ സ്വകാര്യ നിയമത്തിനു കീഴിൽ വന്നു.പാർട്ടി അംഗങ്ങളായ അവിശ്വാസികൾക്ക് പള്ളികളിൽ മേൽകൈ കിട്ടി.ഇരുപതുകളുടെ ഒടുവിൽ,നിരവധി പുരോഹിതരെ കൊന്ന ശേഷം,പല പുരോഹിതർക്കും പാർട്ടിക്കും ഭരണകൂടത്തിനും വിപ്ലവത്തിനും വേണ്ടി കുർബാന അർപ്പിക്കേണ്ടി വന്നു.ആശ്രമങ്ങളും കോൺവെന്റുകളും ഏറ്റെടുത്തു.ഇടിച്ചു നിരത്തി.
|
കിറോവ്
|
പാർട്ടി 17 -o കോൺഗ്രസിന് ശേഷം 1934 ൽ സ്റ്റാലിൻ ഏകാധിപത്യത്തിൻറെ കൊടുമുടി കയറി. ഡിസംബർ ഒന്നിന് കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും ലെനിൻഗ്രാഡ് പാർട്ടി മേധാവിയുമായ സെർജി കിറോവിനെ കൊന്ന് പഴയ ബോൾഷെവിക്കുകളുടെ ഉന്മൂലനത്തിന് തുടക്കമിട്ടു.സിനോവീവിനെയും കാമനെവിനെയും തടവിലാക്കി.വൻനഗരങ്ങളിൽ കൂട്ടക്കൊലകൾ നടത്തി.ശുദ്ധീകരണത്തിൻറെ ആദ്യ വർഷമായ 1937 ൽ ഭീകരത ഉച്ചിയിൽ തൊട്ടു.സിനോവീവ്,കാമനെവ്,സ്മിർനോവ് എന്നിവരെ 1936 ഓഗസ്റ്റിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.1937 ജനുവരിയിലെ രണ്ടാം വിചാരണയിൽ കാൾ റാഡെക്,ഗ്രിഗറി പ്യാട്ടക്കോവ്,ഗ്രിഗറി സോക്കോൾ നിക്കോവ് തുടങ്ങിയവർ വർഗ വഞ്ചകരാണെന്ന് വിധിച്ചു.1915 സെപ്റ്റംബർ അഞ്ചിന് ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിളിച്ച രാജ്യാന്തര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ലെനിനൊപ്പം പങ്കെടുത്ത ആളായിരുന്നു,റാഡെക്.13 -o പരി കോൺഗ്രസിൽ സ്റ്റാലിനെ വിമർശിച്ചു.ലെനിനും സിനോവീവിനുമൊപ്പം അടച്ച ട്രെയിനിൽ ഉണ്ടായിരുന്നു.ലെനിൻ ഒസ്യത്തിൽ പ്രശംസിച്ച കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു,പ്യാട്ടക്കോവ്.തന്നെ എതിർക്കുന്നവരെ ഉന്മൂലനം ചെയ്യാൻ ലെനിൻ 1919 മേയിൽ സോകോൾനിക്കോവിനാണ് എഴുതിയത്;കാമനെവിനും സിനോവീവിനുമൊപ്പം പി ബി യിൽ എത്തി.1938 മാർച്ചിൽ ബുഖാറിൻ,അലക്‌സി റിക്കോവ്,എൻ എൻ ക്രെസ്റ്റിൻസ്‌കി,സി റാക്കോവ്‌സ്‌കി,ജി ജി യാഗോദ എന്നിവർക്ക് ശിക്ഷ കിട്ടി.1934 -36 ൽ രഹസ്യ പൊലീസ് മേധാവി ആയിരുന്ന യാഗോദ,ഒരിക്കൽ ഉന്മൂലനത്തിൻറെ തലപ്പത്തുണ്ടായിരുന്നു.1937 ൽ തന്നെ,മാർഷൽ മിഖയിൽ തുഖാചേവ്സ്കിതുടങ്ങി നിരവധി പട്ടാള നേതാക്കളെ രഹസ്യ വിചാരണ ചെയ്‌ത് വെടി വച്ച് കൊന്നു,ലെനിൻറെ നിഴലായിരുന്നു,റിക്കോവ്.13 -o പാർട്ടി കോൺഗ്രസിൽ സാമ്പത്തിക നയം അവതരിപ്പിച്ചു.ട്രോട് സ്‌കി കഴിഞ്ഞാൽ അടുത്ത ശക്തി ആയിരുന്നു,റാക്കോവ്സ്കി.പോളണ്ട് യുദ്ധത്തിൽ ലെനിന് വേണ്ടി മുന്നണിപ്പോരാളിയായി,തുഖാചേവ്സ്കി.
പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചിരുന്നത്.ഇല്ലെങ്കിൽ ഭാര്യയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ചില മേഖലകളിലെ പാർട്ടി കമ്മിറ്റി അംഗങ്ങളെ മുഴുവൻ കൊന്നു.കൊല നടത്തിയവരെയും കൊന്നു.ലെനിൻറെ സഹപ്രവർത്തകർ,മുൻ ഉദ്യോഗസ്ഥർ,പി ബി,പാർട്ടി സെക്രട്ടേറിയറ്റ്അംഗങ്ങൾ,ശാസ്ത്രജ്ഞർ,അഭിഭാഷകർ,എൻജിനീയർമാർ,ഡോക്റ്റർമാർ,പട്ടാളക്കാർ എന്നിവരെയൊക്കെ കൊന്നപ്പോൾ,രണ്ടാം ലോകയുദ്ധത്തിന്റെ ആദ്യ രണ്ടു വർഷം ജര്മനിയോട് തോറ്റു.സ്റ്റാലിൻ പറഞ്ഞയാളെ കൊന്നാൽ അയാൾ അതിൻറെ പേരിൽ കൊല്ലപ്പെടുമായിരുന്നു.പാവേൽ പോസ്റ്റിഷേവ് ഇങ്ങനെയാണ് കൊല്ലപ്പെട്ടത്.*
മറ്റെല്ലാ കുറ്റങ്ങളും സമ്മതിച്ച ബുഖാറിൻ,ലെനിൻറെ കൊല ആസൂത്രണം ചെയ്‌തു എന്ന കുറ്റം ഏറ്റില്ല.പതിനേഴാം കോൺഗ്രസിൽ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളെയും കൊന്നു.
റഷ്യയിലെ വിദേശ കമ്മ്യൂണിസ്റ്റുകളും പെട്ടു.കോമിന്റേണിന്റെ 1938 ലെ പ്രമേയം പോളിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിരിച്ചു വിട്ടു.അതിലുള്ളത് ട്രോട് സ്കിയിസ്റ്റുകൾ ആണെന്നായിരുന്നു,ആരോപണം.സോവിയറ്റ് യൂണിയനിലെ അതിൻറെ പ്രവർത്തകരെ കൊന്നു.ബേല കുന്പനെപോലുള്ള ഹംഗറിയിലെ കമ്മ്യൂണിസ്റ്റുകളും യൂഗോസ്ലാവ്,ബൾഗേറിയൻ,ജർമൻ കമ്മ്യൂണിസ്റ്റുകളും ചോര ചിന്തി.
നിണസാഗരത്തിന്റെ അരുണിമയിൽ ഏകാധിപതി പൊട്ടിച്ചിരിച്ചു -ഇനി ബദൽ ഇല്ല!
രണ്ടാം ലോകയുദ്ധകാലത്ത്,സ്റ്റാലിന്റെ തടവറകളൊന്നിൽ,പോളിഷ് കവി അലക്‌സാണ്ടർ വാറ്റ്,പഴയ ബോൾഷെവിക് ചരിത്രകാരൻ ഐ എം സ്റ്റേറ്റ്‌ലോവിനോട് ചോദിച്ചു:
മോസ്‌കോ വിചാരണകളിലെ നായകർ എന്ത് കൊണ്ടാണ് കുറ്റം സമ്മതിച്ചത്?
കാൽമുട്ടുവരെ ഞങ്ങൾ ചോരയിൽ ആയിരുന്നു ,ചരിത്രകാരൻ പറഞ്ഞു
.
|
അന്ന അഹമതോവ |
സ്റ്റാലിന്റെ ഭാവന സ്വീകരിച്ചവരിൽ ബ്രിട്ടീഷ് സോഷ്യലിസ്റ്റുകൾ സിഡ്‌നി -ബിയാട്രീസ് വെബുമാരും ഫ്രഞ്ച് നോവലിസ്റ്റ് റൊമെയ്ൻ റോളങും പെട്ടു.1936 ൽ മോസ്‌കോയിൽ എത്തിയ ഫ്രഞ്ച് നോവലിസ്റ്റ് ആന്ദ്രേ ഴീദ് ആരവത്തിൽ പെട്ടില്ല.പണ്ട് ആലുവ യു സി കോളജിൽ വന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ മാൽകം മഗ്ഗറിഡ്‌ജ് സത്യം കണ്ടു -Writer in Moscow ( 1934 ).
മുപ്പതുകളിൽ എല്ലാ സാംസ്‌കാരിക ശാഖയും സ്‌തംഭിച്ചു.ഗോർക്കിയുടെ വീട്ടിൽ 1932 ൽ എഴുത്തുകാരോട് സംസാരിക്കുമ്പോൾ സ്റ്റാലിൻ പറഞ്ഞു:
എഴുത്തുകാർ മനുഷ്യാത്മാക്കളുടെ എൻജിനീയര്മാരാണ്.
ഈ വാചകമാണ്,1934 ൽ ഷഡാനോവ് എഴുത്തുകാരുടെ സമ്മേളനത്തിൽ ആവർത്തിച്ചത്..ഷഡാനോവ് പറഞ്ഞു:
- ലോകത്തിലെ ഏറ്റവും മഹത്തായ സാഹിത്യം സോവിയറ്റ് സാഹിത്യമാണ്.അത് മാത്രമാണ്,സർഗാത്മകമായ വളരുന്ന സാഹിത്യം.ബൂർഷ്വാ സാംസ്‌കാരിക രംഗമാകെ ജീർണതയിലും അഴിമതിയിലുമാണ്.ബൂർഷ്വാ നോവലുകൾ ദുരന്ത ബോധം നിറഞ്ഞതാണ്.അതിൻറെ എഴുത്തുകാർ മുതലാളിത്തത്തിന് സ്വയം വിറ്റിരിക്കുന്നു.അവയിലെ നായകന്മാർ കള്ളന്മാരും വേശ്യകളും ചാരന്മാരും തെമ്മാടികളുമാണ്...സോവിയറ്റ് എഴുത്തുകാരുടെ മഹത്തായ സമൂഹത്തിന് സോവിയറ്റ് ഭരണകൂടത്തിന്റെയും പാർട്ടിയുടെയും ഊർജമുണ്ട്.പാർട്ടി നിർദേശവും കരുതലും കേന്ദ്രകമ്മിറ്റിയുടെ പ്രതിദിന സഹായവും സ്റ്റാലിന്റെ നിലയ്ക്കാത്ത പിന്തുണയുമുണ്ട്.സോവിയറ്റ് സാഹിത്യം ശുഭാപ്‌തി പുലർത്തണം.അത് മുൻനോക്കി ആകണം.തൊഴിലാളി വർഗ താൽപര്യത്തിനും കൂട്ടുകൃഷിക്കാരുടെ താൽപര്യത്തിനും ഉതകണം.
രണ്ടാം ലോകയുദ്ധ ശേഷം ഷഡാനോവിന്റെ ആദ്യ പ്രധാന നീക്കം,ലെനിൻഗ്രാഡിലെ സാഹിത്യ മാസികകൾ,
സ്വെസ്ദ (\നക്ഷത്രം),
ലെനിൻഗ്രാഡ് എന്നിവയെ ആക്രമിക്കൽ ആയിരുന്നു.1946 ഓഗസ്റ്റിൽ ഇവയെ ആക്രമിച്ച് കേന്ദ്രകമ്മിറ്റി പ്രമേയം പാസാക്കി.ഇതിൽ പ്രധാന ഇരകൾ കവയിത്രി അന്ന അഹ്‌മത്തോവയും ഹാസ്യ സാഹിത്യകാരൻ സോഷോചെങ്കോയുമായിരുന്നു.ലെനിൻഗ്രാഡിലെ പ്രഭാഷണത്തിൽ ഷഡാനോവ് പറഞ്ഞു:
- സൊഷോചെങ്കോ റഷ്യൻ ജനതയെ പുളിച്ച തെറി വിളിക്കുന്നവനാണ്.ലെനിൻഗ്രാഡിൽ വിശാലമായി ജീവിക്കുന്നതിനേക്കാൾ,മൃഗശാലയിലെ കൂട്ടിൽ കഴിയാൻ തീരുമാനിക്കുന്ന കുരങ്ങൻറെ കഥ അയാൾ എഴുതി.മാനവരാശിയെ അയാൾ കുരങ്ങനോട് ഉപമിക്കുകയാണ്.അറുപതുകളിൽ തന്നെ,അയാൾ പാർട്ടിക്കൂറില്ലാത്ത അരാഷ്ട്രീയ കല പടച്ചിട്ടുണ്ട്.സോഷ്യലിസം കെട്ടിപ്പടുക്കുന്നതിൽ ഒരു പങ്കും വേണ്ടെന്ന നിലപാടിലാണ് അയാൾ.അയാൾ എന്നും ചളിക്കുണ്ടിലെ എലി ആയിരുന്നു.വ്യവസ്ഥയില്ല,ബോധമില്ല....
അന്ന അഹ്‌മതോവയെ ഷഡാനോവ് ചീത്ത വിളിച്ചു ( അന്ന 1910 ൽ മധുവിധുവിന് പാരിസിൽ പോയി ഫ്രഞ്ച് ചിത്രകാരൻ മോദി ഗ്ലിയാനി യുമായി പ്രണയത്തിൽ ആയിരുന്നു ):
- കാതറീൻറെ ( റാസ്‌പുട്ടിനെ അന്തഃപുരത്തിലേക്ക് ക്ഷണിച്ച രാജ്ഞി ) പഴയ സുന്ദര ദിനങ്ങൾ അഭിലഷിക്കുന്ന ( അന്ന ) സെക്‌സിന് പിന്നാലെ പായുന്നു.അവർ കന്യാസ്ത്രീയാണോ വേശ്യയാണോ എന്നുറപ്പിച്ചു പറയാൻ ആവില്ല.ആഗ്രഹങ്ങളും പ്രാർത്ഥനകളും ഇടകലർന്ന് രണ്ടും ചേർന്നതായിരിക്കാം.ഇവരുടെ ഇത്തരം രചനകൾ ലെനിൻഗ്രാഡിലെ മാസികകൾ അച്ചടിച്ചത്,സാഹിത്യ ജീവിതം ചീഞ്ഞതിന് തെളിവാണ്....സാഹിത്യം രാഷ്ട്രീയമായിരിക്കണം;അതിൽ പാർട്ടി വീര്യമുണ്ടാകണം.
ഷഡാനോവിന്റെ കരിനിഴൽ ഒരു വർഷം കഴിഞ്ഞ് തൃശൂർ പുരോഗമന കലാ സാഹിത്യ സംഘടനയുടെ സമ്മേളനത്തിൽ കണ്ടു.ഇ എം എസ് പ്രഭൃതികളുടെ നീക്കത്തെ എം പി പോളിന്റെ നേതൃത്വം തോൽപിച്ചു.എഴുത്തിൽ രാഷ്ട്രീയം വേണ്ട.
1947 ജൂണിൽ കേന്ദ്രകമ്മിറ്റി വിളിച്ച വിപുല യോഗത്തിൽ ഷഡാനോവ് തത്വചിന്തകർക്ക് ഉത്തരവുകൾ നൽകി.1948 ജനുവരിയിൽ സംഗീതജ്ഞരുടെ യോഗം വിളിച്ച്,ബൂർഷ്വാ സംഗീതം സോവിയറ്റ് സംഗീതത്തെ മലിനപ്പെടുത്തുന്നുവെന്ന് വിമർശിച്ചു.ഇനി വേണ്ടത്,ദേശാഭിമാന സംഗീതമാണ് !ഒൻപതാം സിംഫണിക്ക് ശകാരം കേട്ട ഡി ഷൊസ്തകോവിച്,സ്റ്റാലിന്റെ വനവൽക്കരണ പരിപാടിയെ പ്രകീർത്തിച്ച് സിംഫണി ഒരുക്കി.ജി എഫ് അലക്‌സാണ്ടറോവ് പ്രസിദ്ധീകരിച്ച പശ്ചിമ യൂറോപ്യൻ തത്വ ചിന്താ ചരിത്രത്തിൽ പാർട്ടി വീര്യമില്ലെന്ന് ഷഡാനോവ് വിമർശിച്ചു.അലക്‌സാണ്ടറോവ് ആത്മവിമര്ശനം നടത്തി,ചരിത്രമെഴുത്ത് നിർത്തി.
|
മോദിഗ്ലിയാനി വരച്ച അന്നയുടെ ക്രയോൺ ചിത്രം |
1947 സെപ്റ്റംബറിൽ പോളണ്ടിലെ സ്ക്ലർസ് കപോരേബയിൽ,കോമിൻഫോo സ്ഥാപക സമ്മേളനത്തിൽ,ലോക കമ്മ്യൂണിസ്റ്റ് ചേരിയെ സ്വാധീനിച്ച കുപ്രസിദ്ധ വാചകങ്ങൾ ഷഡാനോവിൽ നിന്നുണ്ടായി:
യുദ്ധാനന്തര ലോകം അനിവാര്യമായും,രണ്ടു ചേരികളായി വിഭജിക്കപ്പെട്ടിരിക്കുന്നു.സോഷ്യലിസ്റ്റ് ചേരിയും സാമ്രാജ്യത്വ ചേരിയും.നിങ്ങൾ ഏതു ചേരിയിൽ എന്നതാണ്,ചോദ്യം.
ഈ ചോദ്യം കമ്മ്യൂണിസ്റ്റുകൾ കേരളത്തിലുമുയർത്തി.
പ്രമേഹവും മദ്യപാനവും രക്തസമ്മർദ്ദവും ഷഡാനോവിനെ തളർത്തി.1948 ജൂലൈയിൽ സ്റ്റാലിന്റെ ബ്ലിഷ് ന്യായ ഡാച്ചയിലെ പി ബി യോഗത്തിനു ശേഷം,ക്രെംലിനടുത്ത പഴയ ചത്വരത്തിലെ ഓഫിസിലേക്ക് പോകുമ്പോൾ അയാൾ കുഴഞ്ഞു വീണു.സ്റ്റാലിന്റെ ഭാഗത്തു നിന്ന് ചില നീക്കങ്ങൾ അയാളെ അസ്വസ്ഥനാക്കിയിരുന്നു.ഏപ്രിലിൽ ഷഡാനോവിന്റെ മകൻ യൂറി,കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ഒരു യോഗത്തിൽ,ലൈസൻകോയെ വിമർശിച്ചു.ഇതിന് കരണക്കാരായവരെ ശിക്ഷിക്കുമെന്ന് സ്റ്റാലിൻ ശപഥം ചെയ്തപ്പോൾ ഉന്നം താനാണെന്ന് ഷഡാനോവിന് മനസ്സിലായി.അയാൾക്ക് വൽദായ് ആരോഗ്യ കേന്ദ്രത്തിൽ വിശ്രമം വിധിച്ചു.ജൂലൈ 13 ന് അവിടെ എത്തിയ അയാൾ 31 ന് മരിച്ചു.ഇയാളും ഡോക്റ്റർ പ്ലോട്ടിൽ പെട്ടതായി സംശയം ഉണ്ടായി.അടുത്ത വർഷം യൂറി,സ്റ്റാലിന്റെ മകൾ സ്വെറ്റ്ലാനയെ വിവാഹം ചെയ്‌തു.
|
സ്റ്റാലിനും ഷഡാനോവും |
സ്റ്റാലിൻ അവസാനകാലത്ത് റഷ്യൻ ചരിത്ര നായകന്മാരിൽ സ്വയം സന്നിവേശിപ്പിച്ച് മഹത്വം നിർമിച്ചു.പീറ്റർ ദി ഗ്രേറ്റ്,ഇവാൻ ദി ടെറിബിൾ,അലക്‌സാണ്ടർ നെവ്‌സ്‌കി എന്നിവരെപ്പറ്റി സിനിമകളും നോവലുകളും ഉണ്ടാക്കി.ഐസൻസ്റ്റെയിന്റെ
ഇവാൻ ദി ടെറിബിൾ സ്റ്റാലിൻ ജീവിച്ചിരുന്നപ്പോൾ പ്രദർശിപ്പിച്ചില്ല.സാർ ചക്രവർത്തി ഗൂഢാലോചനക്കാരുടെ തല ഛേദിക്കുന്നത് കാട്ടിയിരുന്നു.പൊക്കം കുറഞ്ഞ സ്റ്റാലിനെ ( അഞ്ചടി അഞ്ചിഞ്ച് ) ചലച്ചിത്രങ്ങളിലും നാടകങ്ങളിലും ഉയരം കൂട്ടി കാണിച്ചു-ലെനിനേക്കാൾ ( അഞ്ചടി മൂന്നിഞ്ച് ) ഉയരം കൂടുതൽ.
ജോൺ റീഡിൻറെ
ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ പുതിയ പതിപ്പ് വന്നപ്പോൾ ലെനിൻറെ ആമുഖം നീക്കി.അദ്ദേഹത്തിൻറെ പുസ്തകത്തിൽ സ്റ്റാലിൻ ഇല്ല.
സ്റ്റാലിൻ 1952 -53 ൽ നിരപരാധികളെ ഉന്മൂലനം ചെയ്യാൻ
ഡോക്ടർ പ്ലോട്ട് എന്ന പദ്ധതി ഒരുക്കി.കുറെ ഡോക്ടർമാർ റഷ്യക്കാരെ വിഷം നൽകി കൊല്ലുന്നു എന്ന് പ്രചരിപ്പിച്ച് ജൂതരായ ഡോക്ടർമാരെ കൊല്ലുന്നതായിരുന്നു,പരിപാടി.സ്റ്റാലിന്റെ സ്വകാര്യ ഡോക്ടർ മിറോൺ വോവ്സിയെ തടവിലിട്ടു .1952 ഓഗസ്റ്റ് 12 ന് ലുബിയാങ്ക തടവറയിൽ 13 ജൂത കവികൾ,കലാകാരൻമാർ എന്നിവരെ കൂട്ടക്കൊല ചെയ്‌തു
-കവികൾ കൊല്ലപ്പെട്ട രാത്രി എന്ന് അറിയപ്പെടുന്നു.സ്റ്റാലിൻ ജൂതനായ ഐൻസ്റ്റെയ്‌നെ അംഗീകരിച്ചിരുന്നില്ല.
1953 മാർച്ച് ഒന്ന് പുലർച്ചെ തലേ രാത്രി മുഴുവൻ നീണ്ട സൽക്കാര ശേഷം,മോസ്‌കോയ്ക്ക് 16 കിലോമീറ്റർ പടിഞ്ഞാറ്,കുൻറ്സെവോ ഔദ്യോഗിക വസതിയിലെ മുറിയിൽ നിന്ന് സ്റ്റാലിൻ പുറത്തു വന്നില്ല.ആഘാതത്താൽ ഒരു വശം തളർന്നിരുന്നു.ആ രാത്രി സ്റ്റാലിനൊപ്പം ചാര മേധാവി ബേറിയ,ഭാവി പ്രധാന മന്ത്രിമാരായ ജോർജ് മലെങ്കോവ്,നിക്കോളായ് ബുൾഗാനിൻ,നികിത ക്രൂഷ്ചേവ് എന്നിവർ ഉണ്ടായിരുന്നു.സുരക്ഷാ ഭടന്മാരോട് ശല്യപ്പെടുത്തരുത് എന്ന് പറഞ്ഞിരുന്നതിനാൽ,അവർ അന്വേഷിച്ചില്ല.രാത്രി പത്തു മണിയോടെ,ഡപ്യൂട്ടി കമണ്ടൻറ് പീറ്റർ ലോസ് ഗചേവ്,സ്റ്റാലിനെ നിലത്ത് പൈജാമ ധരിച്ച്,മൂത്രത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി.
സ്റ്റാലിൻ പറഞ്ഞു:ശ് ...ശ് ...ശ്,,,
മാർച്ച് അഞ്ചിന് അയാൾ മരിച്ചു.
ബേറിയ സ്റ്റാലിനെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു എന്ന് നാട് കടത്തപ്പെട്ട ചരിത്രകാരൻ അബ്‌ദുറഹ്‌മാൻ അവത്തോർഖാനോവ് 1975 ൽ വെളിപ്പെടുത്തി.