Thursday, 12 September 2019

അയാൾക്ക് എന്നെ മനസ്സിലായില്ല 

അന്ധനായ മാർക്‌സ് 6 

ബെർലിൻ സർവകലാശാലയിൽ നിയമം പഠിക്കുമ്പോഴാണ് (1841),മാർക്‌സ് ഹെഗലിനെ കണ്ടെത്തുന്നത്.കവിത ഉപേക്ഷിച്ച് ,തത്വചിന്ത അന്വേഷിച്ചു.

പതിനേഴാം വയസിൽ (1835) ബോൺ സർവകലാശാലയിൽ പഠനം തുടങ്ങിയെങ്കിലും ഒരു വർഷത്തിന് ശേഷം മാർക്സിനെ പിതാവ് ഹെൻറിച്ച് അരാജകത്വം നിമിത്തം അവിടന്ന് മാറ്റുകയായിരുന്നു. കുടുംബത്തിന് താങ്ങാൻ ആവുന്നതിനേക്കാൾ പണം മാർക്‌സ് ചെലവിട്ടു. ഇങ്ങനെ ചെലവാക്കൽ ആയുഷ്‌കാല ശീലമായി. പഠിക്കുമ്പോൾ ട്രയർ ടാവേൺ മദ്യ ക്ലബിലെ 50 അംഗങ്ങളിൽ ഒരാളായി. അതിൻറെ അഞ്ചു പ്രസിഡന്റുമാരിൽ ഒരാളുമായി. മാർക്സിനെ രാത്രി കുടിച്ചു ബഹളമുണ്ടാക്കിയതിന് സർവകലാശാല 24 മണിക്കൂർ തടവിലിട്ടു. 

1836 ൽ രണ്ടു ചേരികളായി വിദ്യാർത്ഥികൾ തിരിഞ്ഞ്‌ നടത്തിയ സംഘട്ടനത്തിൽ മാർക്സിന് ഇടതു കണ്ണിന് മുകളിൽ പരുക്കേറ്റു. ആയുധങ്ങൾ കൈവശം വച്ചതിന് മാർക്സിനെ പിടിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല (1). ഇങ്ങനെ ബോണിൽ ഒരു വർഷം തുലച്ചപ്പോഴാണ്,മാർക്സിനെ ബെർലിൻ സർവകലാശാലയിലേക്ക് മാറ്റിയത്. അപ്പോൾ ജെന്നിയുമായി മനസമ്മതം കഴിഞ്ഞിരുന്നു. മാർക്‌സിന്റെ ജൂത കുടുംബം നേരത്തെ ക്രിസ്‌തു മതത്തിലേക്ക് മാറിയിരുന്നു.


മാർക്സിന്റെ ചിന്തയെ മാറ്റിമറിച്ച ലുഡ്വിഗ് ഫോയർബാക്ക് ( 1804 -1872 ) ഇതിന് പത്തു കൊല്ലം മുൻപ് ബെർലിൻ സർവകലാശാലയിൽ പഠിച്ചു.ബോണിലും ബെർലിനിലെ ആദ്യ ശിശിരത്തിലും മാർക്‌സ് എഴുതിയ പ്രണയ കവിതകൾ നഷ്ടപ്പെട്ടു.ഹെയിൻ,ഗൊയ്ഥെ,ഷില്ലർ എന്നീ കവികൾ ആയിരുന്നു പ്രചോദനം.ലെസ്സിങ്,സോൾജർ,വിങ്കൽമാൻ എന്നിവരുടെ രചനകളിൽ നിന്നുള്ള ഭാഗങ്ങൾ അദ്ദേഹം പകർത്തി എഴുതി.വായിക്കുന്ന പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ പകർത്തി സ്വന്തം നിരീക്ഷണങ്ങൾ എഴുതി വയ്ക്കുന്ന ശീലം ജീവിതകാലം മുഴുവൻ നില നിന്നു.ഒരു ഹാസ്യ നോവൽ ഏതാനും അധ്യായങ്ങൾ എഴുതി.Scorpion and Felix എന്ന ഈ നോവലിലെ ഹാസ്യ കവിതകളിലാണ് ആദ്യമായി മാർക്‌സ്,തത്വ ചിന്തകരായ ഹെഗൽ,കാന്റ്,ഫിഷ്‌ടെ ( 2 ) എന്നിവരെ പരാമർശിച്ചത്.ഹെഗൽ ഈ നോവലിൽ അഹങ്കാരിയും അവ്യക്തതയുള്ളവനുമാണ്.

സർവകലാശാല നിയമവകുപ്പിൽ ഹെഗലിൻറെ നിലപാട് പ്രസംഗിച്ചിരുന്നത്,എഡ്വേർഡ് ഗൻസ് ആയിരുന്നു.ജൂതനായ ഗൻസ് 1930 ലെ ഫ്രഞ്ച് വിപ്ലവത്തെ അനുകൂലിച്ചു.ചരിത്രത്തിൻറെ യുക്തിസഹമായ വികാസം എന്ന ഹെഗലിൻറെ ആശയം വിശദീകരിച്ചു.ബ്രിട്ടീഷ് മാതൃകയിലെ രാജഭരണത്തിനായി നില കൊണ്ടു.'തൊഴിലാളി വർഗ്ഗവും മധ്യ വർഗ്ഗവും തമ്മിലുള്ള സമര'ത്തിന് പരിഹാരം കാണാൻ ആഗ്രഹിച്ചു.എതിർ വാദം അവതരിപ്പിച്ചത്,നിയമചരിത്ര വകുപ്പിലെ കാൾ വോൺ സാവിഗ്‌നി ആയിരുന്നു.അദ്ദേഹം നിയമത്തിന് സാധ്യത കണ്ടെത്തിയത്,സിദ്ധാന്തങ്ങളിൽ അല്ല,പൈതൃകത്തിലും ആചാരത്തിലും  ആയിരുന്നു.നിയമവകുപ്പിൽ ഫ്രഞ്ച് വിപ്ലവ തത്വങ്ങളും പ്രതികരണങ്ങളും ഏറ്റുമുട്ടി.'എന്താണ്?','എന്തായിരിക്കണം ?' എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി മാർക്‌സ് 300 പേജിൽ എഴുതി.ഈ രണ്ടു ചോദ്യങ്ങൾക്കും ഇടയിലെ വിടവ് പൂരിപ്പിച്ചത് ഹെഗൽ ആണെന്ന് മാർക്‌സ് കണ്ടെത്തി.

ഉറക്കമിളച്ചുള്ള തലച്ചോറിൻറെ അധ്വാനം,മാർക്സിനെ രോഗിയാക്കി.കുടുംബത്തിൽ പലരെയും ബാധിച്ച ക്ഷയ ലക്ഷണങ്ങൾ കണ്ടു.ശ്വാസകോശങ്ങൾ ദുർബലമായി.രക്തം ഛർദിക്കുകയാൽ,മാർക്സിനെ പട്ടാള സേവനത്തിൽ നിന്നൊഴിവാക്കി.ഡോക്റ്റർ വിശ്രമം വിധിച്ചപ്പോൾ,ബെർലിന്‌ പുറത്തെ സ്ട്രാലോ എന്ന ഗ്രാമത്തിലേക്ക് പോയി ചിന്തകൾ തീവ്രമായി മാറി.മാർക്‌സ് എഴുതി ( 3 ):

"യവനിക വീണു.എൻറെ ഹൃദയ അൾത്താര നെടുകെ പിളർന്നു.പുതിയ ദൈവങ്ങളെ പ്രതിഷ്ഠിക്കേണ്ടി വന്നു.കാന്റിന്റെയും ഫിഷ്‌ടെയുടെയും ആശയവാദം ഞാൻ ഉപേക്ഷിച്ചു.ആശയത്തെ യാഥാർഥ്യത്തിൽ തന്നെ കാണാൻ ശ്രമിച്ചു.മുൻപ് ദൈവങ്ങൾ ഭൂമിക്ക് മുകളിലാണ് വസിച്ചത് എങ്കിൽ ഇപ്പോൾ അവ കേന്ദ്രത്തിലായി."

ഇതുവരെ ഹെഗലിൻറെ ആശയ യുക്തിവാദം നിരസിക്കുകയും ഭൗതിക യാഥാർഥ്യത്തിന് മുകളിലാണ് ദൈവം എന്ന് നിനച്ച് കാന്റിനെയും ഫിഷ്‌ടെയെയും അനുഗമിക്കുകയും ചെയ്ത മാർക്‌സ് അത് കാല്പനികമായ ആത്മനിഷ്ഠത ആണെന്ന് കണ്ടു.സത്യം യാഥാർഥ്യത്തിൽ അന്തർലീനമാണെന്ന് തോന്നി.മാർക്‌സ്, ഹെഗലിയനിസത്തിലേക്ക് മാറി.1818 -31 ൽ ബെർലിൻ സർവകലാശാലയിൽ ഫിലോസഫി പ്രൊഫസറായിരുന്ന ഹെഗലിൻറെ സിദ്ധാന്തങ്ങൾ തന്നെ ആയിരുന്നു അന്ന് ബെർലിനിൽ വേരാഴ്ത്തിയ തത്വചിന്ത.

ഇന്ന് പാശ്ചാത്യ തത്വ ചിന്താ ലോകത്ത് വിശുദ്ധ പദവിയുള്ളയാളാണ്,ജോർജ് വിൽഹെം ഫ്രഡറിക് ഹെഗൽ (1770 -1831 ).അദ്ദേഹത്തിൻറെ കേവല ആശയ വാദം ( Absolute Idealism ) ,മനസ്സ് / പ്രകൃതി,ദ്രഷ്ടാവ് / വസ്‌തു എന്നീ ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്ന ആത്മാവിൻറെ  തത്വ ചിന്തയാണ്.അത് മനഃശാസ്ത്രം,ഭരണകൂടം,ചരിത്രം,കല,മതം,തത്വചിന്ത എന്നിവയെ ആത്മാവുമായി ബന്ധിപ്പിക്കുന്നു.Geist എന്ന ജർമൻ വാക്കാണ് അതിൽ മുഴങ്ങുന്നത്.അതിന് ആത്മാവ് എന്നോ മനസ് എന്നോ പറയാം.അദ്ദേഹം ആവിഷ്‌കരിച്ച അടിമ / ഉടമ ദ്വന്ദ്വo,ഇരുപതാം നൂറ്റാണ്ടിലെ ഫ്രാൻസിനെ സ്വാധീനിച്ചു.യുക്തിസഹമായ ആശയം അഥവാ സത്യത്തിൻറെ ചരിത്രപരമായ പ്രത്യക്ഷമാണ് ആത്മാവ് / മനസ്സ് എന്ന അദ്ദേഹത്തിൻറെ പ്രസ്താവനയും ഒറ്റ നോട്ടത്തിൽ വിരുദ്ധമെന്ന് തോന്നുന്ന ഘടകങ്ങൾ സമന്വയിക്കുന്നു എന്ന നിരീക്ഷണവും വിശേഷ ശ്രദ്ധ ആകർഷിച്ചു.ഈ വൈരുധ്യത്തിൽ പെട്ടതാണ്,പ്രകൃതി / സ്വാതന്ത്ര്യം,സർവത്വം ( Immanence )/ അതീതം എന്നിവ.ശരിക്കും ജൊവാൻ ഗോറ്റ്‌ലിബ് ഫിഷ്‌ടെ ( Fichte ) പ്രയോഗിച്ചതാണെങ്കിലും,കൃത്യമായ അർത്ഥത്തിൽ വാദം ( Thesis ),പ്രതിവാദം (Antithesis ),സമന്വയം ( Synthesis ) എന്ന ത്രിത്വത്തിൻറെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.ഹെഗൽ ആണ്.മാർക്‌സ് മാത്രമല്ല,ഫ്രഡറിക് നീഷേയുടെ തത്വ ചിന്തയും പ്രതിഭാസിക ശാസ്ത്രം ( Phenomenology ),മാനസിക അപഗ്രഥനം ( Pycho Analysis ) എന്നിവയും തുടങ്ങിയത്,ഹെഗലിൽ തന്നെ.
ഫിഷ്‌ടെ 
തെക്കുപടിഞ്ഞാറൻ ജർമനിയിലെ സ്റ്ററ്റ്ഗാർട്ടിൽ ആണ് ഹെഗൽ ജനിച്ചത്.പിതാവ് ഡ്യൂക്കായ കാൾ യൂജന്റെ റവന്യു സെക്രട്ടറിയും അമ്മ വക്കീലിൻറെ മകളും ആയിരുന്നു.ഹെഗലിന് 13 വയസുള്ളപ്പോൾ കുടലിൽ പനി വന്ന് അമ്മ മരിച്ചു.സഹോദരൻ നെപ്പോളിയൻ പട്ടാളക്കാരനായി 1812 ലെ റഷ്യൻ പോരാട്ടത്തിൽ കൊല്ലപ്പെട്ടു.കൗമാരത്തിൽ നവോത്ഥാന രചനകൾ വായിച്ചു.18 വയസിൽ ട്യൂബിങ്ങൻ സർവകലാശാല പ്രൊട്ടസ്റ്റന്റ് സെമിനാരിയിൽ ചേർന്നപ്പോൾ കൂടെ താമസിച്ചിരുന്നവർ ആയിരുന്നു,കവി ഫ്രഡറിക് ഹോൾഡർലിനും തത്വചിന്തകൻ ഫ്രഡറിക് ഷെല്ലിംഗും.മാർക്‌സും തത്വചിന്തകൻ കീർക്കെഗാദും ഷെല്ലിംഗിൻറെ പ്രഭാഷണങ്ങൾ കേട്ടവരായിരുന്നു.സെമിനാരിയിലെ കർക്കശ അന്തരീക്ഷം വെറുത്ത് മൂവരും ആത്മ സുഹൃത്തുക്കളായി.ഗ്രീക്ക് സംസ്‌കാരത്തെ സ്നേഹിച്ചു.ഹെഗൽ, റൂസോ,കവി ഗോത്തോൾഡ് ലെസ്സിങ് എന്നിവരെ ആരാധിച്ചു.ഫ്രഞ്ച് വിപ്ലവം കണ്മുന്നിൽ അരങ്ങേറുന്നത് ഉത്സാഹത്തോടെ കണ്ടു നിന്നു.ഷെല്ലിംഗും ഹോൾഡർലിനും കാന്റിൻറെ തത്വശാസ്ത്രം ചർച്ച ചെയ്‌തപ്പോൾ ഹെഗൽ മാറി നിന്നു.കടുകട്ടി തത്വശാസ്ത്രം ലളിതമായി ജനത്തോട് പറയാൻ ഹെഗൽ ആഗ്രഹിച്ചു.

ദൈവശാസ്ത്ര സർട്ടിഫിക്കറ്റ് കിട്ടി ചില കുലീന കുടുംബങ്ങളിൽ അധ്യാപകനായ ഹെഗൽ ആദ്യം എഴുതിയത്,'യേശുവിൻറെ ജീവിതം' ആണ്.ക്രിസ്‌തു മതത്തെപ്പറ്റിയും എഴുതി.തുടർന്ന് വന്ന Fragments on Religion and Love ആണ് ആദ്യം മാർക്‌സ് വായിച്ചത്.'ക്രിസ്‌തു മതത്തിൻറെ മനസ്സും വിധിയും ' എന്ന എന്ന അടുത്ത പ്രബന്ധം ഹെഗലിൻറെ മരണാനന്തരം പ്രസിദ്ധീകരിച്ചു.'ഫിഷ്‌ടെ,ഷെല്ലിംഗ് എന്നിവരുടെ തത്വചിന്തയിലെ വൈജാത്യങ്ങൾ'ആയിരുന്നു ആദ്യ പുസ്തകം.ഷെല്ലിംഗും ഹെഗലും തത്വചിന്താ മാസികയും ഇറക്കി.

ജേന സർവകലാശാലയിൽ ജേക്കബ് പ്രൈസ് എന്ന എതിരാളിക്ക് ഉദ്യോഗക്കയറ്റം നൽകിയതിൽ പ്രതിഷേധിച്ച് കവിയും സാംസ്‌കാരിക മന്ത്രിയുമായ ഗൊയ്ഥെയ്ക്ക് കത്തെഴുതി സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോഴാണ്,Phenomenology of Spirit എന്ന പ്രാമാണിക ഗ്രൻഥം ഹെഗൽ തീർത്തത്.അപ്പോൾ ജെനയിൽ നെപ്പോളിയൻ പ്രഷ്യൻ സൈന്യത്തെ വിന്യസിച്ചിരിക്കുകയായിരുന്നു.ദാരിദ്ര്യം കൊടികുത്തിയ നേരത്ത് വീട്ടുടമസ്ഥയിൽ ഹെഗലിന് അവിഹിത സന്തതി ഉണ്ടായി -വാടക കുടിശ്ശിക അതിൽ തട്ടിക്കിഴിച്ചു കാണണം.1807 ൽ ഹാംബർഗിൽ പത്രാധിപരായി.സെനറ്ററുടെ മകൾ മേരിയെ വിവാഹം കഴിച്ച ശേഷം രണ്ടാമത്തെ പ്രധാന പുസ്തകം വന്നു -The Science of Logic.ഫിഷ്‌ടെ മരിച്ച ശേഷം ബെർലിൻ സർവകലാശാലയിൽ ആ സ്ഥാനത്ത് ഹെഗൽ എത്തി.1831 നവംബർ 14 ന് കോളറ വന്ന് അന്ത്യശ്വാസം വലിക്കുമ്പോൾ ഹെഗൽ പറഞ്ഞു:"അയാൾക്ക് എന്നെ മനസ്സിലായില്ല".

അത് ആരെപ്പറ്റി എന്നറിയില്ല.പിന്നെയും പത്തു വർഷം കഴിഞ്ഞാണ് മാർക്‌സ് ഹെഗലിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് എന്നതിനാൽ,മാർക്‌സിനെപ്പറ്റി അല്ല.
വോൾട്ടെയർ 
ഫ്രഞ്ച് വിപ്ലവം ( 1789 -90 ) മേരി അന്റോയ്‌നെറ്റ് രാജ്ഞിയുടെയും മാടമ്പികളുടെയും ജനശത്രു എന്ന് കരുതിയ ഏതൊരുവൻറെയും തല കൊയ്‌തതോടെ,നവോത്ഥാന കാലത്തിന് അന്ത്യമായി.1685 ൽ തുടങ്ങിയ നവോത്ഥാനം 1815 വരെ,വിപ്ലവം കഴിഞ്ഞും നില നിന്നു.നവോത്ഥാനകാല തത്വ ചിന്ത പ്രചോദിപ്പിച്ച മൂന്നാം വിപ്ലവമായിരുന്നു,ഫ്രഞ്ച് വിപ്ലവം.1688 ൽ ഇംഗ്ലണ്ടിലെ ജെയിംസ് രണ്ടാമനെ അദ്ദേഹത്തിൻറെ പ്രൊട്ടസ്റ്റന്റായ മകൾ മേരിയുടെ ഭർത്താവ്,ഡച്ച് രാജകുമാരൻ ഓറഞ്ചിലെ വില്യമിൻറെ സഹായത്തോടെ ഒരുകൂട്ടം പാർലമെൻറ് അംഗങ്ങൾ സ്ഥാനഭ്രഷ്ടൻ ആക്കിയതാണ് ആദ്യ വിപ്ലവം.കത്തോലിക്കാ അനന്തരാവകാശം പിഴുതെറിഞ്ഞ ആ വിപ്ലവം ഇംഗ്ലണ്ടിൽ വിഗ് ചരിത്രത്തിന് അടിത്തറ പാകി.
പതിമൂന്ന് അമേരിക്കൻ കോളനികൾ ബ്രിട്ടനെതിരെ പോരാടി ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിച്ചതാണ് രണ്ടാം വിപ്ലവം ( 1765 -1783 ).

ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ രാജാധികാരം ഫ്രാൻസിനെ പാപ്പരാക്കിയിരുന്നു.ക്ഷാമം കൊടുമ്പിരികൊണ്ടു.കന്നുകാലികൾ ചത്തൊടുങ്ങി.റൊട്ടിക്ക് വില കൂടി.1793 ൽ ലൂയി പതിനാറാമനെ കൊന്നു.1799 ൽ നെപ്പോളിയൻ അധികാരമേറ്റതോടെ വിപ്ലവം തീർന്നു.ഫ്രഞ്ച് നിയമനിർമാണ സഭ 1789 ഓഗസ്റ്റ് 13 ന് ഫ്യുഡലിസം അവസാനിപ്പിക്കുന്ന നിയമം പാസാക്കി.ഇതിനെ "പഴയ ക്രമത്തിൻറെ മരണ സർട്ടിഫിക്കറ്റ്" എന്ന് ചരിത്രകാരൻ ജോർജസ് ലെഫെബ്രെ വിശേഷിപ്പിച്ചു.

യൂറോപ്പിലെ രാഷ്ട്രീയം,തത്വചിന്ത,ശാസ്ത്രം,സാഹിത്യം എന്നിവയെ മാറ്റിമറിച്ച നവോത്ഥാനത്തിന് ഫ്രാൻസിസ് ബേക്കൺ,തോമസ് ഹോബ്‌സ്‌ എന്നിവർ ഇംഗ്ലണ്ടിലും റെനെ ദെക്കാർത്തെ ഫ്രാൻസിലും തത്വശാസ്ത്രത്തിലും,ഗലീലിയോ,കെപ്ലർ,ലിബ്നിസ് എന്നിവർ മറ്റു മേഖലകളിലും മുൻഗാമികളായി.എന്നാൽ ഐസക് ന്യൂട്ടൻറെ പ്രിൻസിപിയ മാത്തമാറ്റിക്ക,1686 ലും ജോൺ ലോക്കിൻറെ Essay Concerning Human
Understanding 1689 ലും വന്നത്,അതുവരെയുള്ള ശാസ്ത്ര,തത്വ വിചാരങ്ങളെ മാറ്റി മറിച്ചു.ആർജിതാനുഭവങ്ങളിൽ നിന്നാണ് ജ്ഞാനമുണ്ടാകുന്നത് എന്ന് ലോക്ക് സിദ്ധാന്തിച്ചു.ബാഹ്യ ലോകത്തേക്കുള്ള സത്യാന്വേഷണത്തിൽ നിന്നല്ല.ന്യുട്ടൻ മാറ്റത്തെയും പ്രകാശത്തെയും കൃത്യമായി അളക്കാമെന്ന് കാൽക്കുലസും മറ്റുപകരണങ്ങളും വഴി തെളിയിച്ചു.

ഫ്രഞ്ച് വിപ്ലവമാണ് ഹെഗലിനെയും അത് വഴി മാർക്സിനെയും പ്രചോദിപ്പിച്ചത്.നവോത്ഥാനം മരിച്ചു;പുതിയ ലോക ക്രമം വേണം.
പ്ളേറ്റോ,ദെക്കാർത്തെ,ഡേവിഡ് ഹ്യൂo,ഹെഗൽ എന്നിങ്ങനെയുള്ള നെടുംതൂണുകൾ ഒന്നുമല്ല ഫ്രഞ്ച് വിപ്ലവത്തിന് പ്രചോദനമായ തത്വ വിമർശകർ.പതിനെട്ടാം നൂറ്റാണ്ടിൻറെ മധ്യത്തിൽ,ഫിലോസഫസ് ( Philosaphe s ) എന്നറിയപ്പെട്ട സംഘമാണ് ഫ്രാൻസിൽ നവോത്ഥാന ചിന്തകൾ പ്രചരിപ്പിച്ചത്.ഇവരാരും പാരീസിലോ സോർബോണിലോ പഠിപ്പിച്ചിരുന്ന പ്രൊഫസർമാരായിരുന്നില്ല.ഇക്കൂട്ടത്തിൽ ഇക്കൂട്ടത്തിൽ ബുദ്ധിജീവികളും പത്ര പ്രവർത്തകരും കലാകാരന്മാരും കഫേ താത്വികരും ഒക്കെ ഉണ്ടായിരുന്നു.ഇതിൽ പെട്ടവരായിരുന്നു വോൾട്ടയർ,ദിദറോ,ലാ മെത്രി,ഹെൽവെത്തിയസ്,ഹേൽബിക് എന്നിവർ.
റോബസ്‌പിയർ 
ഭൗതിക പ്രകൃതിയുടെയും മനുഷ്യ പ്രകൃതിയുടെയും ലയവും ക്രമവും നിയമവും വെളിവാക്കിയ ന്യുട്ടനും ദെക്കാർത്തെയും പോയകാല ബിംബങ്ങളായി മാറിയിരുന്നു.കത്തോലിക്കാ സഭയും പുതിയ ശാസ്ത്രവും തമ്മിലുള്ള ശണ്ഠ തീർന്നിരുന്നു.ദെക്കാർത്തെയും ഹ്യൂമും നടത്തിയ യുക്തിവാദ,ജ്ഞാനവാദ തർക്കങ്ങളിൽ പുതിയ തത്വ ചിന്തകർക്ക് താൽപര്യമുണ്ടായിരുന്നില്ല.രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇരു പക്ഷത്തെയും നല്ല വശങ്ങൾ അവർ സ്വീകരിച്ചു.ഫ്രാൻസിൽ കത്തോലിക്കാ സഭയുടെയും രാജാവിൻറെയും അധികാരം അവസാനിപ്പിച്ച് നവോത്ഥാന തത്വ ശാസ്ത്രം ആധാരമാക്കി,പുതിയ രാഷ്ട്രീയ ക്രമം  എന്നതായിരുന്നു ലക്ഷ്യം.എക്കാലവും ചില സംഘങ്ങൾ യുക്തിയെ ( reason ) ചങ്ങലക്കിട്ടു വച്ചിരിക്കുകയായിരുന്നുവെന്ന് നവ ചിന്തകർ വാദിച്ചു.റോമിലെ സഭയും ഫ്രാൻസിലെ രാജാക്കന്മാരും ചങ്ങലക്കിട്ട യുക്തി സ്വതന്ത്രമാവുകയാണ്.നവോത്ഥാനത്തിന് അനിവാര്യമായ സാക്ഷരതയെയും വിദ്യാഭ്യാസത്തെയും സംഘം കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു.ജനത്തെ ഇവർ നിരക്ഷരരും ദരിദ്രരുമാക്കി അടിച്ചമർത്തി. ജനത്തെ സഭയും രാജാവും അന്ധവിശ്വാസങ്ങളിൽ തളച്ചിട്ടു സാധാരണക്കാർ രാജാവിനെയും സഭയെക്കാൾ ബുദ്ധിയിലും ധാർമ്മികതയിലും താഴ്ന്നവരാണെന്ന് അവർ വിശ്വസിപ്പിച്ചു.ചരിത്രത്തിൽ ആദ്യമായി,യുക്തി വഴി ജനം സത്യം അറിയുന്നുവെന്ന് ഫിലോസഫസ് സംഘം നിരീക്ഷിച്ചു.റോമിലെ സഭക്കെതിരെ വോൾട്ടയർ ആക്രോശിച്ചു:"ആ നീചന്മാരെ തച്ചു തകർക്കുക".

എല്ലാം പിടിച്ചടക്കിയിരിക്കുന്ന രാജാവിന് പകരം,ഒരു റിപ്പബ്ലിക് ഉണ്ടാകണം.

ലാ മെത്രി പറഞ്ഞു:"നമുക്ക് ദൈവം,ആത്മാവ്,അമരത്വം എന്നിവയിലെ നിശ്വാസവും സഭയുടെ അപ്രമാദിത്വവും നശിപ്പിക്കാം".ലോകജ്ഞാനം മനുഷ്യന് കിട്ടിയിരിക്കുന്നു.സ്വാതന്ത്ര്യം,സമത്വം,സ്വത്ത് എന്നിവയിൽ മനുഷ്യന് പ്രകൃത്യാ അവകാശമുണ്ട്.ലോകത്തെ മാറ്റിമറിക്കാനുള്ള സത്യം മനുഷ്യന് കൈവന്നിരിക്കുന്നു.

ഫ്രഞ്ച് വിപ്ലവം മുന്നോട്ട് പോയി,1793 ൽ 'ഭീകര ഭരണം' ( Reign of Terror ) എന്ന നിലയിൽ എത്തി.വിപ്ലവം കൊടുമ്പിരിക്കൊണ്ട് തീവ്ര ഇടതു പക്ഷമായ ജക്കോബിനുകളുടെ കൈയിൽ വന്നു.യുക്തിയുടെ സത്യം നിലനിൽക്കുന്നതിന് പകരം,ആൾക്കൂട്ടം സത്യത്തിൻറെ ഉറവിടമായി. വിപ്ലവ നായകൻ മാക്സിമിലിയൻ റോബസ്‌പിയറെ ( 1758 -1794 ) വിപ്ലവകാരികൾ തന്നെ ഗില്ലറ്റിനിൽ കൊന്നു.സഹോദരൻ അഗസ്റ്റിനെയും 12 അനുയായികളെയും കൊന്നു.വിപ്ലവം നേതാക്കളെ തന്നെ സംഹരിച്ചു.ഫിലോസഫസ് സംഘത്തിലെ മുൻ നിരക്കാർ പോയ് മറഞ്ഞിരുന്നു.ജീവിച്ചിരുന്നെങ്കിൽ അവർ ഇക്കാലം ഇരുണ്ടതായി കണ്ടേനെ.അമേരിക്കൻ വിപ്ലവ നായകരിൽ ഒരാളായ മാർക്വീസ് ദി കൊണ്ടോർസെറ്റ് ആയിരുന്നു,ഫിലോസഫസ് സംഘത്തിലെ അവസാന താത്വികരിൽ ഒരാൾ ( 4 ).അദ്ദേഹം ടോം പെയ്‌നിനൊപ്പം ഫ്രഞ്ച് റിപ്പബ്ലിക് ഭരണ ഘടന കരട് തയ്യാറാക്കിയപ്പോൾ, അത് നിരാകരിച്ചു.ഭേദഗതികളെ വിമർശിച്ചപ്പോൾ അദ്ദേഹത്തെ വേട്ടയാടി.കോൺഡോർസെറ്റ് ( (1743-
1744) ഫ്രഞ്ച് ചിന്തകനും ഗണിത ശാസ്ത്രജ്ഞനും ആയിരുന്നു.1791 ൽ ഫ്രഞ്ച് നിയമ നിർമാണ സഭാ സെക്രട്ടറി.ലൂയി പതിനാറാമൻറെ വധത്തെ എതിർത്തു.

താൻ എഴുതിയ 'ചരിത്രത്തിൻറെ തത്വശാസ്ത്ര'ത്തിൽ  കോൺഡോർസെറ്റ് നിരീക്ഷിച്ചു:"സ്വതന്ത്രനായ മനുഷ്യനിൽ മാത്രം സൂര്യൻ പ്രകാശം ചൊരിയുന്ന കാലം വരും.അവൻ യുക്തിയെ മാത്രം ഗുരുവായി കാണും.പീഡകരും അടിമകളും പുരോഹിതരും അവരുടെ മർദനോപകാരണങ്ങളും ചരിത്ര താളുകളിലും നാടക ശാലകളിലും ശേഷിക്കും".

തൻറെ ഒളിവിടം പഴയ സഖാക്കൾ കണ്ടെത്തിയതായി കേട്ട അദ്ദേഹം,പാരിസിന് പുറത്തേക്ക് രക്ഷപെട്ടു.മദ്യശാലയിൽ ഒളിച്ച അദ്ദേഹത്തെ പിടി കൂടി.ഗില്ലറ്റിനിൽ ശിരച്ഛേദത്തിനു മുൻപ് ഹൃദയാഘാതത്താലോ വിഷഗുളികകൾ തിന്നോ അദ്ദേഹം മരിച്ചു.ഫ്രഞ്ച് വിപ്ലവം ആധുനിക ലോകത്തെ മഹത്തായ വിപ്ലവമായി അറിയപ്പെട്ടെങ്കിലും,അതിൻറെ അന്ത്യ,അതിൻറെ സന്ദേശങ്ങളെ പിറകോട്ടടിച്ചു.വിപ്ലവത്തിന് ഒടുവിൽ നെപ്പോളിയൻ ഫ്രഞ്ച് ചക്രവർത്തിയായി.ഒരധീശത്വം മാറി മറ്റൊന്ന് വന്നു.
ഒരുവശത്ത് സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യൻറെ പോരാട്ടത്തിൻറെ മഹത്തായ കാഴ്ചയാണ്.മറുവശത്ത്,അതിനു വിരുദ്ധമായി ഭീകരതയിൽ നിപതിച്ച ആൾക്കൂട്ട അരാജകത്വമായി,അത്.

ഈ വൈരുധ്യങ്ങൾ ഹെഗൽ കണ്ടു.അവയും വിപരീതങ്ങളും സമസ്യകളും ഘടനാപരമായി കോർത്തിണക്കിയതാണ്,ഹെഗലിൻറെ തത്വ ചിന്ത.ഫ്രഞ്ച് വിപ്ലവത്തിന് വഴിവച്ച നവോത്ഥാന ആശയങ്ങൾ അതേ പടി മാർക്‌സ് പകർത്തി.
-------------------------------------------------
1.Karl Marx A Biography/David Mc Lellan, 1973.
2.ജൊവാൻ ഫിഷ്‌ടെ ( (1762- 1814) :ജർമൻ ആശയ വാദ ഉപജ്ഞാതാക്കളിൽ പ്രമുഖൻ.
3. Karl Marx and Trier/H. Mous

See https://hamletram.blogspot.com/2019/09/blog-post_11.html

Wednesday, 11 September 2019

ഏകദൈവവും സാമ്രാജ്യത്വവും 

അന്ധനായ മാർക്‌സ് 5

മാർക്‌സിന്റെ ജർമനിയിൽ,ഇന്ത്യയെ നന്നായി അറിഞ്ഞിരുന്ന ഒരു മഹാകവി ഉണ്ടായിരുന്നു-ഫ്രഡറിക് റൂക്കർട്ട് ( Friedrich Ruckert 1788-1866).ആറു വാല്യങ്ങളുള്ള അദ്ദേഹത്തിൻറെ മഹാകാവ്യത്തിൻറെ പേര് "ബ്രഹ്മ ജ്ഞാനം".ഇത് ഗോയിഥെയുടെ 12 വാല്യങ്ങളുള്ള മഹാകാവ്യമായ 'പശ്ചിമ -പൗരസ്ത്യ ഭാവഗീതങ്ങളെ'ക്കാൾ സുന്ദരമാണെന്ന് മാക്‌സ് മുള്ളർ പറയുന്നു.Weisheit des Brahmanen എന്ന് ജർമൻ ശീർഷകം.Wisdom of the Brahmins എന്ന് ഇംഗ്ലീഷ് പരിഭാഷ ഉണ്ടെങ്കിലും,'ബ്രഹ്മജ്ഞാനം' ആണ് സംസ്‌കൃതത്തിൽ ഉചിതം.

കവിയും പരിഭാഷകനുമായ റൂക്കർട്ട് 1826 -49 ൽ പൗരസ്ത്യ ഭാഷാ പ്രൊഫസറായിരുന്നു . ആ സ്ഥാനം രാജി വച്ച് സ്വന്തം തോട്ടത്തിൽ വിശ്രമിച്ചു.30 ഭാഷകൾ അറിയാമായിരുന്ന അദ്ദേഹം നിരവധി പൗരസ്ത്യ കൃതികൾ ജര്മനിൽ എത്തിച്ചു.1836 -39 ൽ 'ബ്രഹ്മ ജ്ഞാനം' പൂർത്തീകരിച്ചു.ഗോയ്ഥെയുടെ രചന 1814 -19 ൽ വന്നിരുന്നു.റൂക്കർട്ടിന്റെ ഒരു സമാഹാരത്തിന്റെ ശീർഷകം 'കിഴക്കൻ പനിനീർപ്പൂക്കൾ' എന്നാണ്.ഗൊയ്ഥെയ്ക്ക് പേർഷ്യൻ കവി ഹാഫിസാണ് പ്രചോദനം.റൂക്കർട്ടിന് ഇന്ത്യ തന്നെ.

ലിപ്‌സിഗിൽ സംസ്‌കൃതം പഠിച്ച മുള്ളർ എഴുതി:

"ജർമനിയിൽ സംസ്‌കൃതം പഠിക്കുന്ന ഒരു പണ്ഡിതൻ സനാതന ജ്ഞാനത്തിൻറെ അഗാധവും അജ്ഞാതവുമായ മായികതകളിൽ ജ്ഞാനമുള്ളവനായിരിക്കും എന്നാണ് സങ്കൽപം.ഇന്ത്യയിൽ യാത്ര ചെയ്‌ത ഒരാൾ പറയുന്നത്,അയാൾ കണ്ടത്,കൽക്കട്ട,ബോംബെ,മദ്രാസ് എന്നീ സ്ഥലങ്ങൾ മാത്രമായാൽ പോലും,മാർകോ പോളോ പറയുന്നത് പോലെ ജർമൻകാർ കേട്ട് കൊണ്ടിരിക്കും.ഇംഗ്ലണ്ടിലാകട്ടെ,സംസ്‌കൃതം പഠിച്ചവനെ വിരസനായാണ് കാണുന്നത്."( 1 )
വില്യം ജോൺസ് 
മാർക്‌സ് ജർമനിയെ തന്നെയും വേണ്ട വിധം അറിഞ്ഞിരുന്നില്ല എന്നർത്ഥം.സാംസ്‌കാരിക മേഖലയെപ്പറ്റി അജ്ഞനായിരുന്ന മാർക്‌സിന്റെ ഏറ്റവും വലിയ കുഴപ്പം,ആത്മീയതയുടെ നിരാകരണം ആയിരുന്നു.കവികളാണ്,സൈദ്ധാന്തികരല്ല,സത്യത്തോട് അടുത്ത് നിൽക്കുക.മുള്ളറുടെ പിതാവ് കവി ആയിരുന്നു .പിതാവ് വക്കീൽ ആയിട്ടും റൂക്കർട്ട് രക്ഷപ്പെട്ടു.

എന്തായിരുന്നു,മുള്ളർ കണ്ട ഇന്ത്യ?

സംസ്‌കൃതത്തിലെ 'അഗ്നി'ക്ക് ലാറ്റിനിൽ 'ഇഗ്നിസ്'എന്ന് പറയും.സ്കോട്ടിഷിൽ 'ഇൻഗ്ലെ'.പല ഭാഷകളിലും തീക്ക് ഇത്തരം വാക്കുകൾ ആയിരുന്നിരിക്കും.പിന്നെ അവ മാറിയിരിക്കും.വാക്കുകൾക്കും നാശവും ഉയിർപ്പുമുണ്ട്.ഇങ്ങനെ ഒരു പൊതു നാഗരികത ഉണ്ടായിരുന്നു എന്ന് സങ്കൽപിച്ചാൽ അത് കാണാൻ ഇന്ത്യയിലേക്ക് നോക്കണം.രാഷ്ട്രീയ ചരിത്രമല്ല,മനുഷ്യ മനസ്സിൻറെ ചരിത്ര ഉറവിടം അറിയാൻ ഇന്ത്യയിലേക്ക് നോക്കണം.

ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ കൊള്ളക്കാരെപ്പോലെയോ ലണ്ടനിലെത്തി ബ്രിട്ടീഷ് പക്ഷപാതിയായ മാർക്സിനെ പോലെയോ ഇന്ത്യ വിരുദ്ധരായിരുന്നില്ല എല്ലാ ബ്രിട്ടീഷുകാരും.ആംഗ്ലോ -വെൽഷ് ഭാഷാ ശാസ്ത്രജ്ഞനായിരുന്ന സർ വില്യം ജോൺസ് ( 1746 -1794 ).ബംഗാളിലെ ഫോർട്ട് വില്യമിൽ സുപ്രീം കോടതി ജഡ്‌ജിയായ അദ്ദേഹം പ്രാചീന ഇന്ത്യ ചരിത്ര പണ്ഡിതനായിരുന്നു.യൂറോപ്പിലെ ഭാഷകളും ഇന്ത്യൻ ഭാഷകളും തമ്മിൽ ബന്ധമുണ്ട് എന്ന സിദ്ധാന്തം ആദ്യമായി മുന്നോട്ട് വച്ച അദ്ദേഹമാണ്,ഹെൻറി തോമസ് കോൾബ്രുക്,നഥാനിയൽ ഹോൾഹെഡ് എന്നിവർക്കൊപ്പം 1784 ൽ ബംഗാളിൽ ഏഷ്യാറ്റിക് സൊസൈറ്റി ഉണ്ടാക്കിയത്.'യൂറോപ്പിലെ മഹാനായ ആദ്യ സംസ്‌കൃത പണ്ഡിതൻ'എന്നറിയപ്പെട്ട കോൾബ്രുക് ( 1765 -1837 ) ഈസ്റ്റ് ഇന്ത്യ കമ്പനി ചെയർമാൻ ജോർജ് കോൾബ്രുകിൻറെ മകനായിരുന്നു.ഗണിത ശാസ്ത്രജ്ഞനായ അദ്ദേഹം 1782 ൽ കൽക്കട്ടയിൽ ഈസ്റ്റ് ഇന്ത്യ കമ്പനി റൈറ്റർ ആയി.അപ്പീൽ കോടതി അധ്യക്ഷൻ വരെ ആയി.അദ്ദേഹത്തെ 1805 ൽ വെല്ലസ്ലി ഫോർട്ട് വില്യം കോളജിൽ ഹിന്ദു നിയമത്തിൻറെയും സംസ്‌കൃതത്തിന്റെയും പ്രൊഫസറാക്കി.ഇവിടെ വന്ന ശേഷം സംസ്‌കൃതം പഠിച്ചാണ് Digest of Hindu Laws എന്ന പരിഭാഷ തയ്യാറാക്കിയത്.വിജ്ഞാനേശ്വരൻറെ 'മിതാക്ഷരം',ജീമൂത വാഹനൻറെ 'ദയാഭാഗം'എന്നിവ പരിഭാഷപ്പെടുത്തി.Law of Inheritance,Sanskrit Grammar ( 1805 ),Essay on the Vedas എന്നിവയും എഴുതി.

ഭാഷാ ശാസ്ത്രജ്ഞനായ ഹോൾഹെഡ് ( 1751 -1830 ) ഓക്സ്ഫോഡിൽ പഠിക്കുമ്പോൾ തന്നെ വില്യം ജോൺസിനെ പരിചയപ്പെട്ടിരുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനി റൈറ്ററായി ഇന്ത്യയിൽ എത്തി വാറൻ ഹേസ്റ്റിങ്സ് പറഞ്ഞ പ്രകാരം,സംസ്‌കൃത മൂലത്തിൻറെ പേർഷ്യൻ തർജ്ജമയിൽ നിന്ന് ഹിന്ദു നിയമ സംഹിത ഇംഗ്ലീഷിലാക്കി,1776 ൽ A Code of Gentoo Laws എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചു.1778 ൽ അദ്ദേഹം എഴുതിയ 'ബംഗാളി ഗ്രാമർ' അച്ചടിക്കാനാണ് ആദ്യമായി ബംഗാളിൽ അച്ചടിശാല സ്ഥാപിച്ചത്.ബ്രിട്ടനിലേക്ക് മടങ്ങിയ ശേഷം 'മഹാഭാരതം' സ്വന്ത നിലയിൽ 'പ്രപഞ്ചത്തിൻറെ അപാരലീല' തിരിച്ചറിയാനായി അദ്ദേഹം പരിഭാഷപ്പെടുത്തി.അദ്ദേഹം ഇന്ത്യയെപ്പറ്റിയെഴുതിയ കയ്യെഴുത്ത് പ്രതികൾ ബ്രിട്ടീഷ് മ്യൂസിയത്തിലും 'മഹാഭാരതം' അപൂർണ തർജമ കൊൽക്കത്ത ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറിയിലും മരണാനന്തരം എത്തി.

മാർക്‌സ് ഇന്ത്യയെപ്പറ്റി മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നതിന് 70 വർഷം മുൻപ് 1783 ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് താൻ  നടത്തിയ യാത്രയെപ്പറ്റി ജോൺസ് എഴുതിയ ഓർമ്മക്കുറിപ്പിൽ തന്നെ മാർക്സിന് മറുപടിയുണ്ട് ( 2 ):

"കഴിഞ്ഞ ഓഗസ്റ്റിൽ,ഇന്ത്യയിലേക്ക് ചിരകാലം ആഗ്രഹിച്ച കടൽ യാത്രയുടെ സായാഹ്നത്തിൽ ഞാൻ തിരിച്ചറിഞ്ഞു-ഇന്ത്യ ഇതാ മുന്നിലും,പേർഷ്യ ഇടത്തും.അമരത്ത് അറേബിയയിൽ നിന്നുള്ള കാറ്റ്.ആ നവോന്മേഷ അന്തരീക്ഷം മനസ്സിനെ തരളിതമാക്കി.ഈ പൗരസ്ത്യ ദേശത്തെ സംഭവ ബഹുലമായ ചരിത്രവും താദാത്മ്യം പ്രാപിച്ച കൽപിത കഥകളും വഴിയാണ് നേരത്തെ അറിഞ്ഞിരുന്നത്.ശാസ്ത്രങ്ങളുടെ വിളനിലവും സമ്പുഷ്ട കലകളുടെ തൊട്ടിലും മഹദ് സംഭവ വേദിയും മനീഷയുടെ ഉർവരദേശവുമായ,വിസ്‌തൃതമായ ഏഷ്യ വലയം ചെയ്‌ത ആ കുലീന രംഗ ഭൂമിയിൽ എത്തിയപ്പോൾ വിവരിക്കാനാകാത്ത ആഹ്ളാദമുണ്ടായി.മതങ്ങളും ആചാരങ്ങളും പെരുമാറ്റ രീതികളും ഭാഷകളും മനുഷ്യ രൂപങ്ങളും അനന്ത വൈചിത്ര്യങ്ങളിൽ കാണുകയാണ്.ഈ വിശാല ലോകം ഇനിയും കണ്ടെത്തിയിട്ടില്ലെന്നും അതിൻറെ കരുത്തൻ സാദ്ധ്യതകൾ വികസിക്കാനുണ്ടെന്നും തോന്നി".

മുപ്പത്തേഴാം വയസിൽ കപ്പലിൻറെ ഡെക്കിൽ നിന്ന് ഒരസ്തമയ നേരത്ത് ജോൺസ് കണ്ട സ്വപ്നത്തിൽ ഇന്ത്യയെപ്പറ്റി കുലീന പ്രതീക്ഷകൾ നിറഞ്ഞു നിന്നു.പഠിക്കാൻ വരുന്നവന്റെ മനസ്സിൽ ഇന്ത്യ വികാരസാഗരവും വിജ്ഞാന ഭണ്ഡാഗാരവുമാണ്.

വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറൽ ആയിരിക്കെ,വാരാണസിയിലെ നദീതീരത്തു നിന്ന് 172 പേർഷ്യൻ സ്വർണ നാണയങ്ങൾ കിട്ടി.ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ ബോർഡിന് ഇത് സമ്മാനമായി നൽകുമ്പോൾ ഹേസ്റ്റിംഗ്‌സിന് കൃതാർത്ഥത ഉണ്ടായി.എന്നാൽ ഈ പ്രാചീന നാണയങ്ങൾ ഉരുക്കിയെന്ന് പിന്നീട് വെളിവായി ( 3 ).ഇതാണ് കൊള്ളക്കാരൻ കണ്ട ഇന്ത്യ.ഇന്ത്യയിൽ തുറന്ന ശവകുടീരങ്ങളിൽ ഇത്തരം സ്വർണ നിക്ഷേപങ്ങൾ കണ്ടിരുന്നതായി ബംഗാൾ ഏഷ്യാറ്റിക് ജേര്ണലി ൻറെ അവസാന ലക്കങ്ങളിൽ ഒന്നിൽ കാണാം.ഉരുക്കി കളയാവുന്ന സ്വർണം ആയല്ല,ഓർമകളുടെ സുവർണ നിധി ആയാണ് ഇന്ത്യക്കാരൻ അവയൊക്കെ ത്യജിച്ചത്.

" ഈ ലോകത്ത് ഏറ്റവും സമൃദ്ധിയും ശക്തിയും പ്രകൃതി സൗന്ദര്യവുമുള്ള ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇന്ത്യയാണ്",മുള്ളർ എഴുതി."'ആകാശത്തിന് കീഴിൽ മനുഷ്യ മനസ്സ് ഏറ്റവും വളർന്ന മേഖലയാണ് അത്.പ്ളേറ്റോയ്ക്കും കാന്റിനും നിർധാരണം കഴിയാനാകാത്ത പ്രശ്നങ്ങൾക്ക് പരിഹാരം നിര്ദേശിക്കാനാകുന്ന രാജ്യം.ഗ്രീക്കുകാരും റോമക്കാരും ജൂതന്മാരും നൽകിയ തത്വങ്ങളിൽ ജീവിച്ചതാണ് യൂറോപ്.എന്നാൽ മനുഷ്യൻറെ ആന്തരിക ജീവിതം പൂർണമാക്കാനാവുന്ന അനന്തമായ സമഗ്ര മാനവിക ചിന്തയാണ് ഇന്ത്യയുടേത്".

പ്ളേറ്റോയുടെ 'ക്രാറ്റിലസി'ൽ ( Cratylus ) കാണുന്ന സിംഹത്തിൻറെ തൊലിയിട്ട കഴുതയുടെ കഥ ഇവിടെ നിന്ന് പോയതാണ്.അഫ്രോഡൈറ്റ് പെണ്ണായി വേഷം മാറിയ കീരി,പെണ്ണായ ശേഷവും എലിയെ കണ്ടപ്പോൾ ചാടി വീണ കഥയും കിഴക്കു നിന്ന്.അന്യാപദേശ കഥകളുടെ കൂമ്പാരമാണ്,ബുദ്ധമതം.സോളമൻറെ കാലത്ത് ഇന്ത്യയും സിറിയയും പലസ്തീനും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിരുന്നു.ബൈബിളിൽ സംസ്‌കൃത വാക്കുകൾ കാണാം.ഒരു കുഞ്ഞിനായി രണ്ട് അമ്മമാർ തർക്കം ഉന്നയിച്ചപ്പോൾ കുഞ്ഞിനെ രണ്ടായി അമ്മമാർക്ക് വീതിക്കാൻ കൽപിച്ച സോളമൻ ജൂതന്മാർക്ക് ജ്ഞാനിയാണ്.ബുദ്ധൻറെ 'ത്രിപീടിക' യുടെ ടിബറ്റൻ പരിഭാഷയായ 'കാഞ്ഞൂറി'ൽ ഈ കഥയുണ്ട്.രാജാവിന് പരിഹാരം നിർദേശിക്കാൻ വയ്യാതായപ്പോൾ പ്രത്യക്ഷപ്പെട്ട വിശാഖൻ,കുഞ്ഞിനെ അവർ കൊണ്ട് പോയി സ്വയം പരിഹരിക്കട്ടെ എന്ന് നിർദേശിച്ചു.അമ്മമാർ ചാടി വീണ് കുഞ്ഞ്  പരുക്കേറ്റ് കരഞ്ഞപ്പോൾ,സഹിക്കാനാകാതെ ഒരമ്മ അതിനെ വിട്ടു.അങ്ങനെ പ്രശ്‍നം പരിഹരിച്ചു.ഈ കഥയിൽ മനുഷ്യ സ്വഭാവത്തിൻറെ ആഴമുള്ള വായനയുണ്ട്.കുഞ്ഞിനെ രണ്ടാക്കി മുറിക്കുന്ന ഹിംസ ഇതിൽ ഇല്ല.

ഇവിടെ നിയമങ്ങൾ പണ്ടേ ഉണ്ടായിരുന്നുവെന്ന് വില്യം ജോൺസിൻറെയും മറ്റും പരിഭാഷകളിൽ നിന്ന് വ്യക്തമാണ്.'മനുസ്‌മൃതി'
യുടെ പഴക്കം ബി സി 500 മുതൽ എ ഡി നാലാം നൂറ്റാണ്ടു വരെയാകാം."ഇന്ത്യയ്ക്ക് യൂറോപ്പിൻറെ ചരിത്ര ചരിത്രത്തിൽ മാത്രമല്ല,ചരിത്ര ജീവിതത്തിൽ തന്നെയും,മനുഷ്യ മനസ്സിൻറെ ചരിത്രത്തിലും സ്ഥാനമുണ്ട്",മുള്ളർ എഴുതുന്നു.ഒരു നല്ല ചരിത്രകാരനെ കണ്ടെത്താനാകാതെ നെടുവീർപ്പിട്ട മഹാനായ ഫ്രഡറിക് പറഞ്ഞത്,പ്രഷ്യയുടെ ചരിത്രമെഴുതിയവരെല്ലാം തൻറെ യൂണിഫോമിലെ ബട്ടണുകളുടെ എണ്ണമെഴുതി എന്നാണ്.അതുകൊണ്ടാണ് ഈ ചരിത്രകാരന്മാരുടെ പേരുകൾ ഭാവിക്ക് വേണ്ടി കരുതുകയില്ലെന്ന് സ്‌കോട്ടിഷ് ചരിത്രകാരൻ തോമസ് കാർലൈൽ പറഞ്ഞത്. നാം ചരിത്രം പഠിക്കുന്നത് ഇപ്പോൾ നിൽക്കുന്നിടത്തു നിന്ന് തുടങ്ങാൻ അല്ല.ഭൂതകാല അനുഭവങ്ങളിൽ നിന്ന് മുന്നോട്ട് പോകാനാണ്.അതുകൊണ്ട് ഇവിടെ ഭൂതകാലം തളം കെട്ടിക്കിടക്കുന്നുവെന്ന് മാർക്‌സ് പരിഹസിച്ചാൽ ,നാം അതിൽ അഭിമാനിക്കണം.പ്രാചീന ചരിത്രത്തിൽ വിട്ടുപോയ കണ്ണികൾ ഉണ്ടെങ്കിൽ അവ കണ്ടെത്താൻ ചരിത്രകാരന് ഇന്ത്യയാണ് ആശ്രയം.മനുഷ്യ കുലത്തിന്റെ ശൈശവ സ്‌മൃതികൾ ഇന്ത്യയിലാണ്.

ഇവിടെ നിന്നാണ് നാം മെക്‌സിക്കൻ കവി ഒക്റ്റേവിയോ പാസിലേക്ക് പോകുന്നത്.1990ൽ സാഹിത്യ നൊബേൽ കിട്ടിയ അദ്ദേഹം 1951 ൽ ഡൽഹി മെക്‌സിക്കോ എംബസിയിൽ അറ്റാഷെയായിരുന്നു .11 വർഷം കഴിഞ്ഞ് സ്ഥാനപതി.ലാറ്റിനമേരിക്കൻ സാഹിത്യ കുലപതി.ഇവിടെ താമസിച്ച് ഇന്ത്യയെ കണ്ടെത്തിയ പാസ്,In Light of India ( 1995 ) എഴുതി.അതിൽ 'ഇന്ത്യൻ ചരിത്രത്തിൻറെ അനന്യത' എന്ന അധ്യായത്തിൽ അദ്ദേഹം നിരീക്ഷിച്ചു :

"മിസോ അമേരിക്കൻ,ഇൻക നാഗരികതകൾ മൗലികമാണെങ്കിലും,അവ ഉപനിഷത്തുക്കൾ,ഭഗവദ് ഗീത എന്നിവ പോലെയോ സാരാനാഥിലെ പ്രബോധനം പോലെയോ മഹത്തായ ഒന്നും നൽകിയില്ല.ഇന്ത്യൻ നാഗരികതയുടെ പ്രാചീനത ദീർഘമാണ്.സിന്ധു തട നാഗരികത ബി സി 2500 -1700 ആയിരുന്നു.മിസോ അമേരിക്കൻ ആകട്ടെ,ബി സി 1000 -എ ഡി 300.ഇന്ത്യ എപ്പോഴും പ്രാചീന ലോകത്തെ മറ്റ് നാഗരികതകളുമായി ആശയ വിനിമയത്തിൽ ആയിരുന്നു.മെസൊപൊട്ടേമിയ മുതൽ മംഗോളിയ വരെ.ഇന്ത്യൻ വിചാരധാര മറ്റുള്ളവർ പകർത്തി.ഇന്ത്യയും സ്വീകരിച്ചു.ബുദ്ധമതം ശ്രീലങ്ക.ചൈന,കൊറിയ,ജപ്പാൻ എന്നിവിടങ്ങളിലേക്ക് പോയ പോലെയോ ഗ്രീക്ക്,റോമൻ ശിൽപ കല ഇന്ത്യൻ കലയെ സ്വാധീനിച്ച പോലെയോ ക്രിസ്‌തു മതം,ബുദ്ധമതം,സൊരാഷ്ട്രിയൻ മതം എന്നിവ തമ്മിൽ നടന്ന വിനിമയങ്ങൾ പോലെയോ ഒന്നും മെക്‌സിക്കോയിൽ ഉണ്ടായില്ല.സിന്ധു തട നാഗരികത തന്നെ,പുതുതായി ഉണ്ടായതല്ല.അതൊരു പൂർവ്വഗാമിയാണ്.മോഹൻജെദാരോയിലും ഹാരപ്പയിലും ഹിന്ദു ചിഹ്നങ്ങളുണ്ട്-ശിവലിംഗം പോലെ."

യൂറോപ്പുമായി ഇന്ത്യൻ സംസ്‌കാരത്തിനുള്ള ബന്ധം വിവരിച്ച ജോർജസ് ഡുമേസിൽ വിവരിച്ച നിരത്തിയ ഉദാഹരണങ്ങൾ പാസ് പരാമർശിക്കുന്നു.സിന്ധു തട നാഗരികതയ്ക്ക് കൂടുതൽ ബന്ധം മെസൊപൊട്ടേമിയയുമായി ഉണ്ടെന്ന് വരാം.
ഇന്ത്യൻ സംസ്‌കാരം പാശ്ചാത്യ സംസ്‌കാരം പോലെയല്ല വികസിച്ചത്.ഗ്രീക്ക്,റോമൻ ഭരണം വികസിച്ച പോലെ ഒന്നല്ല അത്.റോം യൂറോപ്പിനെ കാൽകീഴിൽ കൊണ്ട് വന്നു.ഇന്ത്യ ഉപ ഭൂഖണ്ഡത്തിലെ ഏകീകരണ ശക്തി ഭരണാധികാരം അഥവാ രാഷ്ട്രീയം ആയിരുന്നില്ല.മതം ആയിരുന്നു.ഹിന്ദുമതവും ബുദ്ധമതവും അവയുടെ സാംസ്‌കാരിക,തത്വ ചിന്താ പദ്ധതികളുമായാണ് വ്യാപിച്ചത്.സീസർമാർക്കും ജനറൽമാർക്കും ഇവിടെ സ്വാധീനം ഉണ്ടായിരുന്നില്ല.മഹർഷിമാരും ശിഷ്യരും ഗരുക്കന്മാരും മത പരിഷ്കർത്താക്കളുമാണ് ഭരണം നയിച്ചത്.അശോകന് പ്രാമാണ്യം വി വന്നത്,ബുദ്ധമതത്തിൽ ചേർന്നത് കൊണ്ടാണ്.പ്രാചീന ഭാരത മഹത്വം കേന്ദ്രീകൃത ഭരണ കൂടം ഉണ്ടായിരുന്നില്ല എന്നതാണ്.അതാണ് ഇന്ത്യൻ ചരിത്രത്തെ നിർണയിച്ചത്.മൗര്യ,ഗുപ്‌ത,മുഗൾ വംശങ്ങൾ രാജ്യത്തെ മൊത്തം ഭരിച്ചില്ല.ബ്രിട്ടൻ വന്നപ്പോഴേ അതുണ്ടായുള്ളൂ.
ഒക്‌ടേവിയോ പാസ് 
പാസ് പറയുന്നതിൻറെ അർത്ഥം,ബ്രിട്ടന് അവകാശപ്പെടാൻ കഴിയുന്ന ചരിത്രം,റോമൻ അധീശത്വത്തിന്റേതാണ് എന്നാണ്.റോം ആ മേഖലയെ മാറ്റി മറിച്ചു.ക്രിസ്ത്യൻ ഏകദൈവ വാദം അവിടെ വേരാഴ്ത്തി.റോമൻ സാമ്രാജ്യം നിലം പതിച്ചപ്പോൾ,ക്രിസ്ത്യൻ സഭ പിടി മുറുക്കി.അക്രമം നടത്താൻ ഇറങ്ങി പുറപ്പെട്ടവർ ക്രിസ്ത്യാനികളായി.പൗരസ്ത്യ ദേശത്താകട്ടെ ക്രിസ്‌തു മതം ബൈസാന്റിയത്തിൽ ( ഇസ്താംബുൾ) ഒതുങ്ങി.പടിഞ്ഞാറൻ ലോകത്ത് ലാറ്റിൻ,മത,തത്വശാസ്ത്ര,സംസ്‌കാര ഭാഷ ആയി.ഇന്ത്യയിൽ ഇങ്ങനെ ഒന്നും നടന്നില്ല.പരമ്പരാഗത മതത്തിൽ നിന്ന് ബുദ്ധമതം ഉണ്ടായി എന്ന് മാത്രം.ഇസ്ലാം വന്ന് ഹിന്ദുമതം പുനരുജ്ജീവിച്ചതോടെ,ബുദ്ധമതം ഇന്ത്യയിൽ നിന്ന് നിഷ്‌കാസിതമായി.ഹിന്ദു,ഇസ്ലാം മതങ്ങൾ സഹവർത്തിത്വത്തിൽ കഴിഞ്ഞില്ല.വിശുദ്ധ അഗസ്റ്റിനോ തോമസ് അക്വിനാസോ പ്ളേറ്റോയോടും അരിസ്റ്റോട്ടിലിനോടും കാണിച്ച ആദരം,മുസ്ലിംകൾ വേദങ്ങളോടും ഉപനിഷത്തുക്കളോടും കാട്ടിയില്ല.ഇസ്ലാം ഇന്ത്യയിൽ വന്നപ്പോൾ,വൈകിപ്പോയി.

ഇന്ത്യയ്ക്ക് ശീലമുള്ള ആസ്തിക്യ തത്വ ചിന്തയും ക്രിസ്ത്യൻ,ജൂത ,ഇസ്ലാം ഏകദൈവ വാദവും തമ്മിൽ ഒരു ബന്ധവുമില്ല.ഏകദൈവ വാദത്തിന്റെ പ്രശ്‍നം,അതിന് പെട്ടെന്ന് ഒരു അധീശ ഭരണകൂടമായി മാറാൻ കഴിയും എന്നതാണ്.ഏകദൈവ വാദമാണ്,സാമ്രാജ്യത്വത്തിൻറെ അടിത്തറ.അത് ഖിലാഫത്തും ആകാം."ഏകദൈവ വാദം ജനത്തെ ഭിന്നിപ്പിക്കുകയും ഭീതിദമായ അസഹിഷ്‌ണുത വളർത്തുകയും ചെയ്യും എന്നതാണ്,ഇന്ത്യയിൽ ഇസ്ലാമിൻറെ തകർച്ചയ്ക്ക് കാരണം",പാസ് വിലയിരുത്തുന്നു.ഇസ്ലാം ഇന്ത്യയിൽ ലക്ഷങ്ങളെ മതം മാറ്റാൻ ഒരുമ്പെട്ടിട്ടും ഭൂരിപക്ഷം ഹിന്ദുമതത്തിൽ ഉറച്ചു നിന്നു."ഏകദൈവ വാദത്തിന്റെ ഇരട്ട മുഖത്തിന് തെളിവാണ് ഇത്",പാസ് എഴുതുന്നു,"ഐക്യം ഉണ്ടാക്കാനായില്ലെങ്കിൽ അത് വിഘടിപ്പിക്കും"( 4 ).

പ്ളേറ്റോയും അരിസ്റ്റോട്ടിലും സെനേക്കയും ഇല്ലാതെ ക്രിസ്തുമതത്തിന് തത്വചിന്ത ഉണ്ടാകുമായിരുന്നില്ല.ഇസ്ലാമിന് മേലും ഗ്രീക്ക്,റോമൻ തത്വചിന്തയ്ക്ക് സ്വാധീനം ഉണ്ടായി.അരിസ്റ്റോട്ടിലിൻറെ തത്വ ചിന്തയും ഗാലൻറെ വൈദ്യവും മധ്യകാല യൂറോപ്പിൽ എത്തിച്ചത്,അറബികളാണ് ( 5 ).പോർച്ചുഗീസുകാരും സ്പെയിൻകാരും  ഡച്ചുകാരും ബ്രിട്ടീഷുകാരും അധീശത്വത്തിന് മുതിർന്നതിന് അങ്ങനെ മതപരമായ കാരണങ്ങളുണ്ട്.
ഇത് മാർക്‌സ് കണ്ടില്ല.അതിന് കാരണം മാർക്‌സ്,ഹെഗലിനെ കടം കൊണ്ട ശേഷം ദൈവത്തെ വിച്ഛേദിച്ചിടത്താണ്.
-----------------------------------------------
1. India: What can it teach US? / Max Muller, Penguin, 2000.
2. The Works of William Jones/ ed. Anna Jones, 1799.
3. Cunningham, Journal of the Asiatic Society of Bengal, 1881.
4. In Light of India/Octavio Paz, 1995
5. ഏലിയസ് / ക്ളോഡിയസ് ഗാലനാണ് ( 129 -210 ) വൈദ്യ ശാസ്ത്ര പിതാവ്.റോമാസാമ്രാജ്യത്തിലെ പെർഗമനിൽ ( തുർക്കിയിലെ ബർഗാമി ) ജീവിച്ചു.കുരങ്ങുകളെ കീറി ശാസ്ത്രം പഠിച്ചു.

See https://hamletram.blogspot.com/2019/09/blog-post_65.html

Tuesday, 10 September 2019

ഇ എം എസ് ഒന്നും അറിഞ്ഞില്ല 

അന്ധനായ മാർക്‌സ് 4 

മാർക്‌സ് മൂലധനം എഴുതുന്നതിന് 21 വർഷം മുൻപ് 1846 ൽ,മാർക്‌സിന്റെ നാട്ടുകാരനായ മാക്‌സ് മുള്ളർ ( 1823 -1900 ) പാരിസിൽ ദ്വാരകാനാഥ് ടഗോറിനെ കണ്ടുമുട്ടി.രവീന്ദ്രനാഥ് ടഗോറിൻറെ മുത്തച്ഛനായ ദ്വാരകാനാഥ് പിയാനോ വായിച്ച് ഇന്ത്യൻ സംഗീതം ആലപിച്ചപ്പോൾ,അതിൽ ശ്രുതിയോ ലയമോ താളമോ മുള്ളർ കണ്ടില്ല.

ദ്വാരകാനാഥ്,ക്ഷുഭിതനായി:

"നിങ്ങൾ എല്ലാവരും ഒരുപോലെയാണ്.എന്തെങ്കിലും അപരിചിതമായാൽ,നിങ്ങളെ രസിപ്പിച്ചില്ലെങ്കിൽ, നിങ്ങൾ അതിനെ തള്ളും.ആദ്യം ഇറ്റാലിയൻ സംഗീതം കേട്ടപ്പോൾ അത് സംഗീതമായി എനിക്ക് തോന്നിയില്ല.കേട്ട് കൊണ്ടേയിരുന്നപ്പോൾ ഇഷ്ടമായി.ഞങ്ങളുടെ കവിത കവിതയല്ലെന്നും തത്വ ചിന്ത, തത്വ ചിന്തയല്ലെന്നും നിങ്ങൾക്ക് തോന്നാം.യൂറോപ്പിൽ ഉണ്ടായതൊക്ക ഞങ്ങൾ അറിയാൻ ശ്രമിക്കുന്നു.ഇന്ത്യയിൽ ഉണ്ടായതിനെയൊക്ക ഞങ്ങൾ അത് കൊണ്ട് പരിഹസിക്കും എന്ന് കരുതരുത്.ഞങ്ങളുടേതിനെ നിങ്ങളും അറിയാൻ ശ്രമിച്ചാൽ,അതിൽ ശ്രുതിയും ലയവും താളവും ഉണ്ടാകും.ഞങ്ങളുടേത് നിങ്ങൾ പഠിച്ചാൽ നിങ്ങൾ വിശേഷിപ്പിക്കും പോലെ ഞങ്ങൾ അവിശ്വാസികളോ കിരാതരോ അല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകും.നിങ്ങൾക്കറിയാവുന്ന പോലെ,അതിലും കൂടുതൽ ഞങ്ങൾക്ക് അജ്ഞാനത്തെ തിരിച്ചറിയാം."

മാക്‌സ് മുള്ളർ 

മാർക്‌സ് മരിക്കുന്നതിന് ഒരു വർഷം മുൻപ് 1882 ൽ മുള്ളർ കേംബ്രിഡ്‌ജ് സർവകലാശാലയിൽ,ഇന്ത്യൻ സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക്,'ഇന്ത്യ നമ്മെ പഠിപ്പിക്കുന്നത് '(India:What it can Teach Us) എന്ന പ്രഭാഷണം നടത്തുമ്പോൾ,ഇന്ത്യയെ അറിഞ്ഞിരുന്നു.മനുഷ്യ മനസ്സിൻറെ ചരിത്രം അറിയാൻ ഇന്ത്യയുടെ ചരിത്രം അറിയണം എന്ന് ആ പ്രഭാഷണത്തിൽ പറഞ്ഞത്,അത് കൊണ്ടാണ്.മുള്ളറും ഇന്ത്യയ്ക്ക് ചരിത്രമില്ല എന്ന് പറഞ്ഞ മാർക്‌സും ജീവിച്ചത് ലണ്ടനിൽ തന്നെ.സ്വാമി വിവേകാനന്ദൻ അങ്ങോട്ട് പോയി മുള്ളറെ കണ്ട ശേഷം പറഞ്ഞത്,സായണന്റെ പുനരവതാരമാണ് അദ്ദേഹമെന്നാണ്.വിജയനഗര സാമ്രാജ്യത്തിലെ ബുക്കരായ,ഹരിഹര ചക്രവർത്തിമാരുടെ സദസിൽ ജീവിച്ച സായണൻ വേദനകൾക്ക് ഭാഷ്യങ്ങൾ എഴുതി.അദ്ദേഹത്തിൻറെ ഋഗ്വേദ ഭാഷ്യം മുള്ളർ എഡിറ്റ് ചെയ്‌തു.ശൃംഗേരി വിശ്വേശ തീർത്ഥയുടെ ശിഷ്യനായ സായണൻ ഹംപിയിൽ ജനിച്ചു;1387 ൽ മരിച്ചു.

രാഷ്ട്രീയചരിത്രം വഴി,ഭൗതികതയുടെ ഭൂതക്കണ്ണാടിയിലൂടെ ഇന്ത്യയെ കാണാൻ ശ്രമിച്ചതാണ് മാർക്സിന് പറ്റിയ തെറ്റ്.മുള്ളറുടെ പ്രഭാഷണം മാത്രമല്ല,'ഇന്ത്യയുടെ പ്രകാശത്തിൽ'( In Light of India ) എന്ന മെക്‌സിക്കൻ കവി ഒക്റ്റാവിയോ പാസിന്റെ പുസ്‌തകവും ഇന്ത്യയുടെ അനന്യ ചരിത്രം ലോകത്തിന് മുന്നിൽ വയ്ക്കുന്നു.

ടെറി ഈഗിൾടനെ പോലുള്ള മാർക്‌സിസ്റ്റ്‌ ചരിത്രകാരന്മാർ തന്നെ,മാർക്‌സിന്റെ ഇന്ത്യയെ കണ്ടെത്തൽ പാളിപ്പോയി എന്ന് തന്നെയാണ് നിരീക്ഷിച്ചത് ( 1 ).മാർക്‌സിന്റെ കൊളോണിയൽ വിരുദ്ധ രാഷ്ട്രീയ വിലയിരുത്തൽ അപ്പടി അവ്യക്തമാണെന്ന് ഈഗിൾടൺ പറയുന്നു.സോഷ്യലിസ്റ്റ് വിപ്ലവത്തെ പിന്തുണയ്ക്കുമെന്ന് തോന്നിയാൽ മാത്രം കൊളോണിയലിസത്തിന് എതിരായ പോരാട്ടത്തെ അനുകൂലിക്കുക എന്ന കാഴ്ചപ്പാടായിരുന്നു ആദ്യകാലത്ത് മാർക്സിന്റേത്.ചില ദേശീയതകൾ 'ചരിത്രപരം' അല്ലെന്നും അവ തകർന്നടിയുമെന്നും മാർക്‌സ് പ്രവചിച്ചത് അത് കൊണ്ട് കുപ്രസിദ്ധി നേടി.യൂറോപ്പിന് അനുകൂലമായി,ഒറ്റയടിക്ക് ചെക്കോസ്ലോവാക്യ,സ്ലോവേനിയ,ഡാൽമേഷ്യ,റൊമാനിയ,ക്രൊയേഷ്യ,സെർബിയ,മോറെവിയ.യുക്രൈൻ എന്നിവിടങ്ങൾ ചരിത്രത്തിൻറെ ചാരത്തിൽ ഒടുങ്ങുമെന്ന് മാർക്‌സ് എഴുതിയത് ഈഗിൾടൺ ചൂണ്ടിക്കാട്ടുന്നു.എംഗൽസ്,ഫ്രാൻസ് അൾജീരിയയെ കോളനി ആക്കിയതിനെയും മെക്‌സിക്കോയെ അമേരിക്ക പിടിച്ചടക്കിയതിനെയും പിന്തുണച്ചു.മാർക്‌സ് ആകട്ടെ,ലാറ്റിൻ അമേരിക്കയുടെ വിമോചകനായ സൈമൺ ബോളിവറെ ആദരിച്ചതേയില്ല.ഈ മട്ടിൽ തന്നെയാണ് മാർക്‌സ് ഇന്ത്യയ്ക്ക് ചരിത്രം ഇല്ലെന്നും ഉപഭൂഖണ്ഡത്തിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ബ്രിട്ടൻ അടിത്തറ പാകിയെന്നും പറഞ്ഞത്.കാന്റർബറി മുതൽ കാലിഫോർണിയ വരെ,ഉത്തര കൊളോണിയൽ പഠനങ്ങളിൽ മാർക്സിന് ഒരു മാർക്കും കിട്ടില്ലെന്ന് ഈഗിൾടൺ നിരീക്ഷിച്ചു.

ടെറി ഈഗിൾടൺ 

മാർക്‌സ് കൊളോണിയലിസത്തെ അനുകൂലിച്ചത്,ഒരു രാജ്യം മറ്റൊന്നിനെ അടിച്ചമർത്തുന്നതിൽ സന്തോഷിച്ചിട്ടാവില്ലെന്ന് ഈഗിൾടൺ കരുതുന്നു.അവികസിത ലോകത്ത് മുതലാളിത്ത ആധുനികത വന്നു എന്ന് മാർക്‌സ് കരുതിയിട്ടുണ്ടാകാം.അത് ആ ലോകത്തിന് ഗുണകരമായി എന്നും അത് സോഷ്യലിസത്തിന് വഴി വയ്ക്കുമെന്നും മാർക്‌സ് കരുതി.
കൊളോണിയലിസത്തിന് പുരോഗമനപരമായ വശങ്ങളുണ്ടെന്ന് പാശ്ചാത്യ കൊളോണിയൽ എഴുത്തുകാർ ഇന്നും കരുതുന്നതായി ഈഗിൾടൺ നിരീക്ഷിക്കുന്നു.പത്തൊൻപതാം നൂറ്റാണ്ടിലെ അയർലൻഡിൽ കൊളോണിയലിസം കൊണ്ട് വന്നത്,ക്ഷാമവും അക്രമവും അനാഥത്വവും വംശീയതയും മതപരമായ അടിച്ചമർത്തലും ഒക്കെയാണ്.
അതിർത്തികൾക്കപ്പുറം വ്യാപിച്ചു കിടന്ന കൊളോണിയലിസം എന്തുകൊണ്ടാണ് ഒരിടത്തും അനുകൂല പ്രതികരണങ്ങൾ ഉണ്ടാക്കാതിരുന്നത് എന്ന് ഈഗിൾടൺ ആശ്ചര്യപ്പെടുന്നു.

കൊളോണിയലിസം വിപ്ലവം ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല,അത് വിപ്ലവ വിരുദ്ധമായ പ്രതിസന്ധി സമൂഹത്തിൽ ഉണ്ടാക്കുകയും ചെയ്‌തു എന്നാണ് ഇന്ത്യൻ മാർക്‌സിസ്റ്റ് ചരിത്രകാരൻ ഐജാസ് അഹമ്മദിൻറെ വിലയിരുത്തൽ.അങ്ങനെയാണ് പതിനെട്ടാം നൂറ്റാണ്ടോടെ സാങ്കേതികതയും ഉൽപാദന പ്രക്രിയയും ഇന്ത്യയിൽ തളർന്നത്.ആഭ്യന്തര തർക്കങ്ങൾ മൂർച്ഛിച്ച് കൊളോണിയലിസത്തിന് എതിരെ ഐക്യനിര കെട്ടിപ്പടുക്കാൻ ആകാതെ വന്നത്.ഏഷ്യ മാറ്റമില്ലാത്ത,ചലനരഹിതമായ വ്യവസ്ഥയാണെന്ന മാർക്സിന്റെ കണ്ടെത്തൽ ആകട്ടെ,പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നില നിന്ന വിശ്വാസം അതേപടി പകർത്തിയതാണ്.
കൃഷിഭൂമിയുടെ അവകാശം ഇന്ത്യയിൽ ഭരണ കൂടത്തിനായിരുന്നു എന്ന മാർക്‌സിന്റെ നിരീക്ഷണത്തിൽ നിന്ന് തന്നെ,ഇന്ത്യയെപ്പറ്റി അദ്ദേഹത്തിന് വിവരമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണെന്ന് അഹമ്മദ് നിരീക്ഷിക്കുന്നു.ബെർണിയറുടെയും മറ്റും വിവരണങ്ങളിൽ കാണുന്ന ഇത്തരം വിഡ്ഢിത്തങ്ങൾക്ക് ബ്രിട്ടൻ പ്രചാരണം നൽകിയിരുന്നു.നാലു വർഷത്തിന് ശേഷം മാർക്‌സ് ഇന്ത്യയെപ്പറ്റി രണ്ടാം പരമ്പര തുടങ്ങിയപ്പോഴാണ്,താൻ വ്യാജ നിർമിതികളെ ആശ്രയിക്കുകയായിരുന്നു എന്ന തിരിച്ചറിവുണ്ടായത്.എന്നിട്ടും ബ്രിട്ടൻ ഇന്ത്യയിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന സങ്കീർണമായ ഭൂമി ക്രയവിക്രയ പ്രക്രിയകൾ അദ്ദേഹത്തിന് പിടി കിട്ടിയിരുന്നില്ല.റഷ്യൻ സാമൂഹ്യ ശാസ്ത്രജ്ഞനായ മാക്‌സിം കൊവാലെവ്‌സ്‌കിയുടെ Communal Land Holdings ( 1879 ) വായിച്ച് തിരിച്ചറിവുണ്ടാകുമ്പോഴേക്കും മാർക്സിന്റെ ശ്രദ്ധ റഷ്യയിലേക്ക് വഴുതിയിരുന്നു.യൂറോപ്പിൻറെ ചരിത്ര വികാസത്തിലെ അടിമത്തം,ജന്മിത്തം,മുതലാളിത്തം എന്നിവയെപ്പോലെ ക്രമാനുഗതമായിരുന്നില്ല ഇന്ത്യയിലെ മാറ്റങ്ങൾ."നിലനിൽക്കുന്ന സാമൂഹിക,സാമ്പത്തിക ക്രമത്തെ അട്ടിമറിച്ച് പുതിയതൊന്നിനെ പ്രതിഷ്ഠിക്കുക ഇവിടെ അപൂർവമായിരുന്നു;ഏഴാം നൂറ്റാണ്ട് മുതൽ ഇതാണ് വസ്‌തുത",അഹമ്മദ് എഴുതുന്നു.

'ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവിഫലങ്ങൾ' എന്ന ലേഖനത്തിൽ ഇന്ത്യയിൽ മാർക്‌സ് ഒരു വിപ്ലവം പ്രവചിക്കുന്നത് നോക്കുക:

"ബ്രിട്ടനിലെ വ്യവസായ തൊഴിലാളി വർഗം അവിടത്തെ ഇപ്പോഴത്തെ ഭരണ വർഗത്തെ നിഷ്‌കാസനം ചെയ്‌ത്‌ തൽസ്ഥാനം ഏൽക്കുകയോ ഇന്ത്യക്കാർ തന്നെ ഇംഗ്ലീഷ് നുകം പാടെ വലിച്ചെറിയാനുള്ള കരുത്താർജിക്കുകയോ ചെയ്യും വരെ ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ബൂർഷ്വാസി അവർക്കിടയിലേക്ക് വിതറിയിട്ടുള്ള പുതിയ സാമൂഹ്യ ബീജങ്ങളുടെ ഫലം അനുഭവിക്കാനാവില്ല.ഇന്നല്ലെങ്കിൽ നാളെ മഹത്തും കൗതുകം നിറഞ്ഞതുമായ ആ രാജ്യം ഉയിർത്തെഴുന്നേൽക്കും".

ഇന്ത്യയുടെ വഴി ഇതായിരുന്നില്ല.ഇനിയും ആയിരിക്കില്ല.രാജാറാം മോഹൻ റോയിയും സയ്യദ് അഹമ്മദ് ഖാനും മുതലുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപകർക്ക് വരെ ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റി ( വിവരം ഉണ്ടായിരുന്നതിനാൽ ) ഇത്ര ഉറച്ച കാഴ്ചപ്പാടുണ്ടായിരുന്നില്ലെന്ന് അഹമ്മദ് നിരീക്ഷിക്കുന്നു.ഒന്നാംലോകയുദ്ധ കാലത്ത് ഗാന്ധി തന്നെ ബ്രിട്ടീഷ് പട്ടാളത്തിന് ഭടന്മാരെ റിക്രൂട്ട് ചെയ്യുകയായിരുന്നു.1919 മുതലുള്ള ഗാന്ധിയന്മാരും കമ്മ്യൂണിസ്റ്റുകളും ബ്രിട്ടീഷ് മൂലധനം ഇന്ത്യയിൽ ചില ഗുണഫലങ്ങൾ ഉണ്ടാക്കിയെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വിശ്വസിച്ചു പോന്നു.മാർക്‌സ് ബ്രിട്ടീഷ് പശ്ചാത്തലത്തിൽ 'തൊഴിലാളി വർഗം' എന്ന് പ്രയോഗിക്കുമ്പോൾ,ഇന്ത്യൻ സാഹചര്യത്തിൽ 'ഹിന്ദുക്കൾ ' എന്നാണ് പ്രയോഗം.ബ്രിട്ടനിൽ സോഷ്യലിസ്റ്റ് വിപ്ലവം,ഇന്ത്യയിൽ ദേശീയ വിപ്ലവം,ജാതി വ്യവസ്ഥയുടെ തകർച്ച എന്നിവ പെട്ടെന്ന് സംഭവിക്കുമെന്നാണ് മാർക്‌സ് പ്രവചിച്ചത്.ഇന്ത്യ സ്വതന്ത്രമായി.പക്ഷെ ബ്രിട്ടനിലെ വർഗ്ഗവും ഇന്ത്യയിലെ ജാതിയും മാഞ്ഞു പോയില്ല.'അധ്വാനത്തിൻറെ പരമ്പരാഗത വിഭജനം' എന്നാണ് ജാതിയെ മാർക്‌സ് വിശേഷിപ്പിച്ചത്.ഇന്ത്യയിൽ ഇപ്പോഴും മാർക്‌സിന്റെ വർഗ പ്രശ്‍നം ജാതി പ്രശ്‍നം തന്നെ.

ഇ എം എസ്

എമേഴ്സൺ,ടോൾസ്റ്റോയ്,റസ്‌കിൻ എന്നിവരിൽ നിന്ന് ആശയങ്ങൾ കടം കൊണ്ടിരുന്ന ഗാന്ധി,'ഹിന്ദ് സ്വരാജി' ൽ എഴുതി:

" നാം വികാരങ്ങളിൽ മുങ്ങിക്കൊണ്ടിരുന്നാൽ,അവയ്ക്ക് കടിഞ്ഞാൺ ഉണ്ടാവില്ല.....എപ്പോഴും ലക്ഷങ്ങൾ ദരിദ്രരായിരിക്കും.ഇതറിഞ്ഞിട്ടാണ് പൂർവസൂരികൾ നമ്മോട് ആഡംബരവും സുഖഭോഗങ്ങളും ത്യജിക്കാൻ പറഞ്ഞത്.നമ്മുടെ പാർപ്പിടങ്ങളും പഠനവും പഴയത് പോലെ തന്നെ.ആയിരക്കണക്കിന് വർഷം മുൻപത്തെ കലപ്പ നാം വിട്ടില്ല.നമുക്ക് യന്ത്രങ്ങൾ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടല്ല.നാം അവയുടെ അടിമകളായാൽ,നമ്മുടെ ധാർമികാടിത്തറ ഇളകിപ്പോകുമെന്ന് പിതാമഹന്മാർ നമ്മെ പഠിപ്പിച്ചു.അതിനാൽ,കാലും കയ്യും കൊണ്ട് ചെയ്യേണ്ടതൊക്കെ ചെയ്യണമെന്ന് അവർ തപം വഴി പറഞ്ഞു.വൻ നഗരങ്ങൾ കെണിയും ബാധ്യതയും ആണെന്നും മനുഷ്യർക്ക് അവയിൽ സന്തോഷം ഉണ്ടാവില്ലെന്നും നാം കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടമാവുമെന്നും വ്യഭിചാരവും തിന്മയും അവിടെ പടരുമെന്നും പാവങ്ങളെ പണക്കാർ ചൂഷണം ചെയ്യുമെന്നും അവർ പറഞ്ഞു തന്നു.അവർ ചെറു ഗ്രാമങ്ങളിൽ ആഹ്‌ളാദത്തോടെ ജീവിച്ചു."

ഗാന്ധി 1909 ൽ ഗുജറാത്തിയിൽ ഇതെഴുതുമ്പോൾ,ഇന്ത്യയിൽ ഗ്രാമ്യ വ്യവസ്ഥ തളം കെട്ടിക്കിടക്കുന്നുവെന്ന മാർക്‌സിന്റെ പരിഹാസത്തിന് മറുപടി പറയുകയായിരുന്നില്ല.മാർക്‌സിന്റെ പരിഹാസത്തിന് മറുപടി ഇതിൽ ഉണ്ട് താനും.മുതലാളിത്തത്തിന് വഴിയൊരുക്കാനുള്ള വ്യവസായ വിപ്ലവം സഖാവേ,ഞങ്ങളെ ഋഷിമാർ പഠിപ്പിച്ചിട്ടില്ല എന്നർത്ഥം.നഗരമില്ലെങ്കിൽ,കൊള്ളയില്ല,ചൂഷണമില്ല,വർഗ്ഗവുമില്ല!

അപ്പോഴും,സൈദ്ധാന്തികൻ അല്ലാത്ത ഇ എം എസ്, പത്തൊൻപതാം നൂറ്റാണ്ടിൽ തുടരുകയും, മാർക്‌സ് പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്‌തു.( 2 ).അദ്ദേഹത്തെ ഉദ്ധരിക്കട്ടെ:

"ഇന്ത്യൻ സമൂഹം നൂറ്റാണ്ടുകളായി നിശ്ചലാവസ്ഥയിലും ജീർണതയിലും ആയിരുന്നു.അതിൻറെ നാശം അനിവാര്യമായിരുന്നു.നിശ്ചലതയിലും ജീർണതയിലും കിടന്ന പഴയ സമൂഹത്തെ മാറ്റി മറിക്കാൻ ആഭ്യന്തര ശക്തികൾ ഇല്ലാതെ വന്നതിനാൽ പുറത്തു നിന്ന് 15,16 നൂറ്റാണ്ടുകളിൽ വന്ന യൂറോപ്യൻ കച്ചവട ബൂർഷ്വാസി,പ്രത്യേകിച്ചും അവരിൽ കരുത്തരായ ബ്രിട്ടീഷ് കച്ചവട,വ്യവസായ ബൂർഷ്വാസി,'ചരിത്രത്തിൻറെ അബോധാത്മക കരു' ആകുകയായിരുന്നു.അതുകൊണ്ട്,വിപ്ലവകാരിയായ മാർക്‌സ് ഈ നാശത്തിൽ ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചില്ല.അഗാധമായ മാനവികതയും ജനസ്നേഹവും നിമിത്തം അദ്ദേഹം ബ്രിട്ടൻറെ അടിച്ചമർത്തലിന് കീഴിൽ കഷ്ടപ്പെടുന്ന ഇന്ത്യക്കാരോട് അനുതാപവും ബ്രിട്ടനോട് വെറുപ്പും പ്രകടമാക്കി."

മാർക്സിനെ ഉളുപ്പില്ലാതെ പിന്താങ്ങിയത് വഴി,ഇ എം എസും ചരിത്ര നിരാകരണത്തിൽ പങ്കാളിയായി. മാർക്സിസത്തിൽ വന്ന പുതുക്കലുകൾ,തിരുത്തലുകൾ അറിയാതെ,മാർക്സിന്റെ മണ്ടത്തരങ്ങൾ വിളമ്പി,മുരട്ടു താർക്കികൻ കൃതാർത്ഥനായി.കഷ്ടം,ഡി ഡി കൊസാംബിയെപ്പോലും വായിച്ചിട്ടില്ല!

ഇന്ത്യയെപ്പറ്റിയുള്ള എഴുത്തിൽ മാർക്സിന് രണ്ട് അടിസ്ഥാന പിഴവുകൾ സംഭവിച്ചെന്ന് അഹമ്മദ് കണ്ടു.

ഒന്ന്,തെളിവുകളുടെ അഭാവം.ചലനമറ്റ  സ്വയം പര്യാപ്‌ത ഗ്രാമ വ്യവസ്ഥ,കാർഷിക സമ്പദ് വ്യവസ്ഥയുടെ നിശ്ചലത,ഭൂമിയിൽ വ്യക്തിക്ക് അവകാശമില്ലായ്‌മ,കേന്ദ്രീകൃത ഭരണ കൂടം എന്നിങ്ങനെ മാർക്‌സ് നിരത്തിയതെല്ലാം കാല്പനികമായിരുന്നു.ആധുനിക ഗവേഷണങ്ങൾ കാട്ടുന്നത്,ഇന്ത്യയുടെ ഗ്രാമ സമ്പദ് വ്യവസ്ഥ വിസ്‌തൃതമായ ശൃംഖലകൾ വഴി വിനിമയം നടത്തുന്ന ഒന്നായിരുന്നു എന്നാണ്.കേന്ദ്രീകൃത ജലസേചന സംവിധാനം പോലെ തന്നെ,ചെറിയ അണയും മഴ വരുമ്പോൾ വെള്ളം നിറയുന്ന ആഴമില്ലാത്ത കിണറും പ്രാദേശിക കുളവും ജലസേചനത്തിൽ പ്രധാനമായിരുന്നു.കർഷകർക്കിടയിൽ സ്വകാര്യ സ്വത്ത് വ്യാപകമായിരുന്നു.കാർഷിക സാങ്കേതികത നിശ്ചലമായിരുന്നില്ല.

വേണ്ടത്ര തെളിവുകൾ ഇല്ലാതെ എടുത്തു ചാടിയ മാർക്സിന്,വിലയിരുത്തലിലും തെറ്റ് പറ്റി. ഇത് സൈദ്ധാന്തികമായ പിഴവ് കൂടി ആയതിനാൽ,അദ്ദേഹം തന്നെ നിർബന്ധം പിടിച്ച ചരിത്രപരമായ ഭൗതിക വാദ രീതിക്ക് അത് വിരുദ്ധമായി.തെളിവുകൾ ഇല്ലാത്ത അവകാശ വാദങ്ങൾ ഭൗതിക വാദത്തിന്റെ അടിത്തറ ഇളക്കും.ഈ ലേഖനങ്ങൾ അതേ പടി ചേർത്തതിനാൽ 'മൂലധന' വും കളങ്കിത പാഠമായി.
-------------------------------------------
1.Why Marx was Right/ Terry Eagletou, 2011
2. Evolution of Society, Language and Literature / EMS
Namboodiripad, in D P Chattopadhyaya, Marxism and Indology, 1981.

See https://hamletram.blogspot.com/2019/09/blog-post_10.html

മാർക്‌സ്,ഇന്ത്യക്കെതിരെ ബ്രിട്ടനൊപ്പം 

അന്ധനായ മാർക്‌സ് 3

ഭിമുഖ സംഭാഷണത്തെപ്പറ്റി വിദ്യാർത്ഥികൾക്കുള്ള ക്‌ളാസുകളിൽ ഞാൻ പരാമർശിക്കാറുള്ള പേരാണ്,മാർക്‌സ് ഇന്ത്യ ലേഖനങ്ങൾ എഴുതിയ ന്യൂയോർക് ഡെയിലി ട്രിബ്യുണി ന്റേത്.അതിൻറെ ഉടമയും പത്രാധിപരുമായ ഹൊറേസ് ഗ്രീലി 1859 ൽ മോർമൻ സഭാംഗമായ ബ്രിഗം യങ്ങുമായി നടത്തിയതാണ്,പത്രപ്രവർത്തനത്തിൽ ചോദ്യോത്തര രൂപേണ അടിച്ചു വന്ന ആദ്യ അഭിമുഖം ( 1 ).

അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ 1872 ൽ യുലീസസ് ഗ്രാന്റിനോട് തോറ്റ ഗ്രീലിയാണ്,റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപകനായി അറിയപ്പെടുന്നത്.രണ്ടു ലക്ഷം കോപ്പിയുമായി അമേരിക്കയിൽ ഏറ്റവും പ്രചാരമുള്ള പത്രമായിരുന്നു,ട്രിബ്യുൺ.ഫ്രഞ്ച് സോഷ്യലിസ്റ്റ് ചാൾസ് ഫോറിയർ ( 1772 -1837 ) മുന്നോട്ട് വച്ച ആശയങ്ങൾ ആ പത്രം പ്രചരിപ്പിച്ചു.സ്വത്ത് പൊതു സമൂഹത്തിന്റേതായി കരുതി,മനുഷ്യർ ഒന്നിച്ചു ജീവിക്കുന്ന കമ്മ്യൂണുകൾ വഴി,സമൂഹ ഘടന പൊളിച്ചെഴുതണം എന്നാണ്,ഫോറിയർ വാദിച്ചത് -കമ്മ്യൂണിസം എന്ന ആശയം മാർക്സിന്റേതല്ല.ഈ സമൂഹങ്ങൾ Phlanx എന്നറിയപ്പെട്ടു.ഗാന്ധി തന്നെ ഫീനിക്‌സ് എന്ന കമ്മ്യൂണിൽ ജീവിക്കുകയും ടോൾസ്റ്റോയ് ഫാം തുടങ്ങുകയും ചെയ്‌തത്‌,മാർക്‌സ് പറഞ്ഞിട്ടല്ല.ഫെമിനിസം എന്ന വാക്ക് 1837 ൽ സൃഷ്‌ടിച്ച ഫോറിയറുടേതാണ് കമ്മ്യൂണുകൾ എന്ന ആശയവും ..ഫോറിയറുടെ ആശയമനുസരിച്ച് രൂപപ്പെട്ട ബ്രുക് ഫാമിൽ 1841 ൽ ചേർന്ന ചാൾസ് ആൻഡേഴ്‌സൺ ഡാന ( 1819 -1897 ) യെ,ഗ്രീലി പത്രത്തിൻറെ മാനേജിംഗ് എഡിറ്ററാക്കി.ഇതേ വർഷമാണ്,പത്രം തുടങ്ങിയത്.

സാധാരണക്കാർക്ക് മുടക്കാവുന്ന പണത്തിന് ഗൗരവമുള്ള പത്രം ആയിരുന്നു ലക്ഷ്യം.സ്വതന്ത്ര വാണിജ്യം വഴി സാമ്പത്തിക നില മെച്ചമാക്കിയ ബ്രിട്ടനെതിരായ പ്രതിരോധം ( Protectionism ),തൊഴിലാളി,സ്ത്രീ അവകാശങ്ങൾ,അടിമകളുടെ ഉന്നമനം എന്നിവയൊക്കെ ആയിരുന്നു,പത്ര നയം.ഡാന 1847 -62 ൽ എഡിറ്ററും പിന്നീട് മാനേജിംഗ് എഡിറ്ററുമായിരുന്നു.

പിതാവ് പാപ്പരായതും അമ്മ മരിച്ചതും കാരണം,അമ്മാവന്മാർ വളർത്തിയ ഡാന,ഹാർവാഡ് സർവകലാശാലയിൽ ചേർന്നെങ്കിലും,പണമില്ലാതെ പഠനം നിർത്തി.അദ്ദേഹമാണ്,പത്രത്തിൽ ലേഖനങ്ങൾ എഴുതാൻ മാർക്‌സിനോട് ആവശ്യപ്പെട്ടത്.
ഹൊറേസ് ഗ്രീലി 

ജർമനിയിലെ കൊളോണിൽ 1849 ൽ മാർക്സിനെ കണ്ട ഡാനയ്ക്ക് മതിപ്പുണ്ടായി.1851 ൽ മാർക്സ് ട്രിബ്യുണി ന്റെ 18 വിദേശ ലേഖകരിൽ ഒരാളായി.ജർമനിയിലെ സമകാലിക സംഭവങ്ങളെപ്പറ്റി ഒരു പരമ്പര എഴുതാൻ മാർക്സിനോട് ഡാന ആവശ്യപ്പെട്ടെങ്കിലും,മാർക്സിന് ഇംഗ്ലീഷ് അറിയുമായിരുന്നില്ല.നേരെ ചൊവ്വേ തമാശ കലർത്തി എഴുതാനായിരുന്നു,ഡാനയുടെ നിർദേശം.ഇംഗ്ലീഷിൽ ലേഖനങ്ങൾ എഴുതാൻ കത്തിൽ മാർക്സ്, ഫ്രഡറിക് എംഗൽസിനോട് ആവശ്യപ്പെട്ടു.ഇങ്ങനെ ആദ്യ 19  ലേഖനങ്ങൾ എംഗൽസ് എഴുതി-അവ മാർക്സിന്റെ പേരിൽ വന്നു.18 എണ്ണം ജർമനിയെപ്പറ്റി ആയിരുന്നു.ആദ്യ ലേഖനം 'ഇംഗ്ളണ്ടിലെ തിരഞ്ഞെടുപ്പ് ',1852 ഓഗസ്റ്റ് ആറിന് അയച്ചു;25 ന് വന്നു.ഇത് മാർക്‌സ് ജര്മനിൽ എഴുതി മാഞ്ചസ്റ്ററിൽ താമസിക്കുന്ന എംഗൽസ് പരിഭാഷപ്പെടുത്തി. മാർക്സിന്റെ എഴുത്തിനെപ്പറ്റി ട്രിബ്യുണി നും വായനക്കാർക്കും മതിപ്പുണ്ടായത്,എംഗൽസിന്റെ ലേഖനങ്ങൾ വഴി ആയിരുന്നു.ഈ ലേഖനങ്ങൾ ജർമനിയിലെ വിപ്ലവവും പ്രതിവിപ്ലവവും ( Revolution and Counter Revolution in Germany ) എന്ന പേരിൽ മകൾ ഏലിയനോർ 1896 ൽ പുസ്തകമാക്കിയതും മാർക്‌സിന്റെ പേരിൽ തന്നെ.നിരവധി വർഷങ്ങൾ പിതൃത്വം ഒളിച്ചു വയ്ക്കപ്പെട്ടു;വർഷങ്ങൾ കഴിഞ്ഞ്,മാർക്‌സ് ഭാര്യ ജെന്നി അഞ്ചാം പ്രസവത്തിന് പോയപ്പോൾ ഹെലൻ ഡിമുത് എന്ന വേലക്കാരിക്ക് ഉണ്ടാക്കിയ ഗർഭത്തിൻറെ പിതൃത്വവും അവിവാഹിതനായ എംഗൽസ് ഏറ്റെടുക്കുകയുണ്ടായി.

ഇംഗ്ലണ്ടിലെ കാര്യങ്ങളെപ്പറ്റി എഴുതാൻ 1852 ൽ ഡാന, മാർക്‌സിനോട് ആവശ്യപ്പെട്ടു.ജർമൻ ഭാഷയിൽ മാർക്‌സ് എഴുതിയത്,എംഗൽസ് പരിഭാഷ ചെയ്‌തു.1853 ജനുവരിയിൽ മാർക്‌സ് ഇംഗ്ലീഷിൽ തന്നെ എഴുതി.അതേ വർഷം റഷ്യയുമായുള്ള ബന്ധം വഷളായപ്പോൾ മാർക്‌സ് എഴുത്തിൻറെ മേഖല വിപുലീകരിച്ചു.-ലോകാരാഷ്‌ട്രീയം എഴുതാൻ തുടങ്ങി.1853 ജനുവരിയിൽ മാർക്സിന് പ്രതിഫലം ലേഖനം ഒന്നിന് രണ്ടു പൗണ്ട് ആക്കി കൂട്ടി.ഇമ്മാനുവൽ കാന്റ് മുതൽ ജർമൻ ചിന്തകരെപ്പറ്റി എഴുതാൻ ഒരമേരിക്കാൻ വാരികയുടെ ക്ഷണം,ഡാന വഴി 1854 തുടക്കത്തിൽ മാർക്സിന് കിട്ടി.എംഗൽസുമായി ചേർന്ന് എഴുതാനുള്ള പദ്ധതി മുന്നോട്ട് പോയില്ല.
ഡാനയുമായുള്ള മാർക്സിന്റെ ബന്ധം ഇതേ വർഷം വഷളായി.ലേഖനങ്ങൾ ഡാന തിരുത്തുകയും ചിലപ്പോൾ ആദ്യ ഖണ്ഡിക എടുത്ത് മുഖപ്രസംഗം ആക്കുകയും ചെയ്‌തതായിരുന്നു,കാരണം.ബാക്കി ഭാഗം മാർക്സിന്റെ പേര് വയ്ക്കാതെ ലേഖനമാക്കി.ഇങ്ങനെ ട്രിബ്യുണി ലെ 165 മുഖ പ്രസംഗങ്ങൾ മാർക്‌സ് ലേഖനങ്ങളിൽ നിന്നായിരുന്നു.മാർക്‌സ് ലഘുവായി കണ്ട ലേഖനങ്ങളിലാണ് പേരുണ്ടായിരുന്നത്.മാർക്‌സ് പ്രതിഷേധിച്ചപ്പോൾ പേര് അപ്പാടെ ബഹിഷ്‌കരിക്കുകയാണ് പത്രം ചെയ്‌തതെന്ന്‌ മാർക്‌സ് 1853 നവംബർ രണ്ട്,1854 ഏപ്രിൽ 22,സെപ്റ്റംബർ 29 തീയതികളിൽ എംഗൽസിന് എഴുതിയ കത്തുകളിൽ കാണാം.1853 ലും 54 ലും മാർക്‌സിന്റെ 80 വീതം ലേഖനങ്ങൾ അച്ചടിച്ചു.1855 ൽ 40 മാത്രം.1856 ൽ 24.1855 ന് ശേഷം വന്നവയിൽ മാർക്‌സിന്റെ പേരുണ്ടായിരുന്നില്ല.1857 ന് ശേഷം താൻ വേറൊരു പത്രത്തിൽ എഴുതുമെന്ന് മാർക്‌സ് ഭീഷണി മുഴക്കി.അപ്പോൾ അച്ചടിച്ചാലും ഇല്ലെങ്കിലും ആഴ്ചയിൽ ഒരു ലേഖനത്തിൻറെ പ്രതിഫലം നൽകാൻ ഡാന തയ്യാറായി.

ചാൾസ് ഡാന 

1857 ൽ ന്യൂ അമേരിക്കൻ സൈക്ലോപീഡിയ യ്ക്ക് എഴുതാൻ ഡാന മാർക്‌സിനോട് ആവശ്യപ്പെട്ടു.ബ്രുക് ഫാമിൽ ഡാനയുടെ ചങ്ങാതിയായ ജോൺ റിപ്ലിയുടേതായിരുന്നു,ആശയം.ട്രിബ്യുൺ സാഹിത്യ എഡിറ്ററായിരുന്നു,റിപ്ലി.300 ലേഖനകർത്താക്കളും 16 വാല്യങ്ങളുമായി സൈക്ലോപീഡിയ വൻ വിജയമായി.സൈനിക ചരിത്രമാണ് മാർക്‌സിനോട് ആവശ്യപ്പെട്ടത്.എംഗൽസ് ഗ്രന്ഥി വീക്കത്താൽ കിടപ്പിലായപ്പോൾ എഴുത്ത് തടസപ്പെട്ടു.എഴുതാത്ത ലേഖനങ്ങൾ തപാലിൽ നഷ്ടപ്പെട്ടതാകാമെന്ന് മാർക്‌സ് കള്ളം പറഞ്ഞു.1860 അവസാനം വരെ ചിലതൊക്കെ മാർക്‌സ് എഴുതി.പേജിന് രണ്ടു ഡോളർ ദാരിദ്ര്യ കാലത്തെ സഹായമായി.സൈക്ലോപീഡിയയിൽ വന്ന 67 മാർക്‌സ് -എംഗൽസ് ലേഖനങ്ങളിൽ 51 എണ്ണവും എംഗൽസ് എഴുതിയതായിരുന്നു.ചിലതിന് മാർക്‌സ് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഗവേഷണം ചെയ്‌തു.1857 അവസാനം സാമ്പത്തിക പ്രതിസന്ധി കാരണം ട്രിബ്യുൺ മാർക്‌സും മറ്റൊരാളും ഒഴിച്ചുള്ള വിദേശ ലേഖകരെയെല്ലാം പുറത്താക്കി.1861 ൽ മാർക്‌സിന്റെ വീക്ഷണങ്ങൾ ഇഷ്ടപ്പെടാതെ അദ്ദേഹത്തെയും പുറത്താക്കാൻ ഗ്രീലി ആവശ്യപ്പെട്ടു.ഡാന നിരസിച്ചെങ്കിലും,മാസങ്ങളോളം മാർക്‌സിന്റെ ലേഖനങ്ങൾ ഒഴിവാക്കി.1861 ഒടുവിലും 1862 ആദ്യവും ചിലത് പ്രസിദ്ധീകരിച്ചു.1862 ൽ ആഭ്യന്തര യുദ്ധത്തിന് കൂടുതൽ സ്ഥലം നീക്കി വയ്ക്കണം എന്നതിനാൽ ഇനി ലേഖനങ്ങൾ വേണ്ട എന്ന് ഡാന,മാർക്സിന് എഴുതി.ട്രിബ്യുൺ അച്ചടിച്ച മാർക്‌സിന്റെ മാർക്‌സിന്റെ 487 ലേഖനങ്ങളിൽ 350 എണ്ണം മാർക്‌സ് എഴുതിയതായിരുന്നു.115 എംഗൽസിന്റേത്.രണ്ടെണ്ണം സുഹൃത്തുക്കൾ.

മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ ലേഖനങ്ങളിൽ ചിലത്,പിൽക്കാലത്ത് അതേപടി മൂലധന ത്തിൽ എടുത്തു ചേർത്തു.മകൾ ഏലിയനോറും ഭർത്താവ് എഡ്‌വേഡ്‌ എവ്‌ലിങും എഡിറ്റ് ചെയ്‌ത്‌ മാർക്സിന്റെ അമേരിക്കൻ പത്ര ലേഖനങ്ങളുടെ രണ്ടാം സമാഹാരം The Eastern Question:എന്നൊരു പുസ്‍തകം ഇറക്കിയതിൽ ഇന്ത്യ ഉണ്ടായിരുന്നില്ല.അതിനാൽ റോസാ ലക്സംബർഗിൻറെ Accumulation of Capital ( 1913 ),ലെനിൻറെ Imperialism -The Highest Stage of Capitalism ( 1917 ) എന്നിവയിൽ മാർക്സിന്റെ പത്ര ലേഖനങ്ങൾ പരാമർശിക്കപ്പെട്ടില്ല.

1853 ജൂലൈ 22 ന് മാർക്‌സ് എഴുതിയ ' ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ' എന്ന ലേഖനം ഓഗസ്റ്റ് എട്ടിന് ട്രിബ്യുൺ പ്രസിദ്ധീകരിച്ചു.ആ ലേഖനത്തിൽ മാർക്‌സ് എഴുതി:

'ബ്രിട്ടന് ഇന്ത്യയിൽ ഇരട്ട ദൗത്യമാണ് നിറവേറ്റാനുള്ളത്.ഒന്ന് സംഹാരാത്മകവും  മറ്റേത് ക്രിയാത്മകവും.ഏഷ്യാറ്റിക് സമൂഹത്തെ കടപുഴക്കി എറിയുക എന്നതാണ്,ആദ്യത്തേത്.ഏഷ്യയിൽ [പാശ്ചാത്യ സമൂഹത്തിൻറെ ഭൗതികമായ അടിത്തറ പാകുക എന്നതാണ്,രണ്ടാമത്തേത്."

ഇങ്ങനെ തല തിരിഞ്ഞ കാഴ്ചപ്പാടിൽ മാർക്‌സ് എത്താൻ കാരണം,ഏഷ്യയ്ക്ക്,പ്രത്യേകിച്ചും ഇന്ത്യയ്ക്ക്,ഒരു ചരിത്രമില്ല എന്ന നാണം കെട്ട നിലപാടാണ്.ഇന്ത്യയ്ക്ക് ചരിത്രം ഇല്ലാത്തതിന് കാരണം,പാശ്ചാത്യ ലോകത്തിൽ നിന്ന് ഭിന്നമായ ഉൽപാദന രീതിയാണ് എന്ന് മാർക്‌സ് ഗണിച്ചെടുത്തു."തൃപ്തികരമായ ജലസേചനം സാധ്യമാക്കാനുള്ള  പൊതുമരാമത്ത് പണികൾ,സ്വയം പര്യാപ്‌തമായ ഗ്രാമ്യ വ്യവസ്ഥയുടെയും സ്വകാര്യ സ്വത്തിൻറെ അഭാവത്തിൻറെയും ഉപഘടനയ്ക്ക് മേൽ കേന്ദ്രീകൃത ഭരണകൂടത്തെ സൃഷ്ടിച്ചു''എന്നും മാർക്‌സ് തെറ്റിദ്ധരിച്ചു (2 ).പുറത്തു നിന്നുള്ള ആക്രമണകാരികൾ കൊണ്ട് വന്നത് മാത്രമാണ് മാറ്റങ്ങൾ;ഏറ്റവും അവസാനത്തേത് ബ്രിട്ടീഷ് മൂലധനം കൊണ്ട് വന്ന അടിസ്ഥാനപരമായ മാറ്റങ്ങളാണ്.ഇത് കൊണ്ട് ബ്രിട്ടന് ഗുണമില്ലങ്കിലും,ഇന്ത്യയെ മുതലാളിത്ത വികസനത്തിന്റെ പൊതു നിയമങ്ങൾക്ക് കീഴിൽ കൊണ്ട് വരുമെന്ന് മാർക്‌സ് കണക്കു കൂട്ടി ( 3 ).

മാർക്‌സിന്റെ ലേഖനത്തിലെ അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉദ്ധരിക്കാം:

"ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം വരാൻ ഇടയായത് എങ്ങനെയാണ്?മുഗളന്മാർ പ്രവിശ്യകളിൽ നിയമിച്ച വൈസ്രോയിമാർ മഹത്തായ മുഗൾ സാമ്രാജ്യത്തെ തകർത്തു.അഫ്‌ഗാനികൾ മറാത്ത അധികാരത്തെ തകർത്തു.അങ്ങനെ എല്ലാവരും എല്ലാവർക്കും എതിരായി മല്ലടിച്ചു കൊണ്ടിരുന്നപ്പോൾ,കടന്നു വന്ന ബ്രിട്ടീഷുകാർ അവരെയെല്ലാം അടിച്ചമർത്തി.ഹിന്ദുക്കളും മുസ്ലികളും തമ്മിൽ എന്നതിന് പുറമെ,ഗോത്രങ്ങൾ തമ്മിലും ജാതികൾ തമ്മിലും വഴക്കിട്ടു നിന്ന ഒരു രാജ്യം.പൊതു വിദ്വേഷത്തിൻറെയും അതിൽ പെട്ടവരുടെ സഹജമായ അകൽച്ചയുടെയും ഫലമായുള്ള സന്തുലനത്തിൽ അധിഷ്ഠിതമായിരുന്ന സമൂഹം.അങ്ങനെ ഒരു രാജ്യവും സമൂഹവും വെട്ടിപ്പിടിത്തത്തിന് ഇരയായില്ലെങ്കിൽ അല്ലേ അദ്‌ഭുതമുള്ളൂ?ഇന്ത്യയുടെ പഴയ ചരിത്രത്തെപ്പറ്റി നമുക്ക് യാതൊന്നും അറിയില്ലെന്ന് വച്ചാലും,ഇന്ത്യയെ ഇപ്പോഴും ബ്രിട്ടൻ അടിമത്തത്തിൽ അടക്കി നിർത്തിയിരിക്കുന്നത്,ഇന്ത്യ തന്നെ ചെലവിന് കൊടുക്കുന്ന ഇന്ത്യൻ സേനയാണെന്ന അനിഷേധ്യമായ സത്യം,നമുക്ക് മുന്നിൽ ഇല്ലേ?വെട്ടിപ്പിടിത്തത്തിൽ നിന്ന് രക്ഷപെടാൻ ഇന്ത്യയ്ക്ക് കഴിയുമായിരുന്നില്ല.ആ രാജ്യത്തിന് ഭൂതകാല ചരിത്രം എന്നൊന്ന് ഉണ്ടെങ്കിൽ അത്,വെട്ടിപ്പിടിത്തങ്ങളുടെ ചരിത്രം അല്ലാതെ മറ്റൊന്നും അല്ല.ഇന്ത്യൻ സമൂഹത്തിന് ഒരു ചരിത്രവും ഇല്ലെന്ന്,കുറഞ്ഞപക്ഷം,അറിയപ്പെടുന്ന ചരിത്രമില്ലെന്ന് പറയേണ്ടി വരും.ചെറുത്തു നിൽക്കാത്ത,മാറ്റമില്ലാത്ത ആ സമൂഹത്തിൻറെ നിഷ്ക്രിയമായ അടിത്തറ മേൽ സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ ഒന്നിന് പുറകെ ഒന്നായി എത്തിയ കയ്യേറ്റക്കാരുടെ ചരിത്രത്തെയാണ്,നാം അതിൻറെ ചരിത്രമായി കൊണ്ട് നടക്കുന്നത്.അതിനാൽ ബ്രിട്ടന് ഇന്ത്യ പിടിച്ചെടുക്കാൻ അവകാശമുണ്ടായിരുന്നോ എന്നതല്ല,ബ്രിട്ടൻ പിടിച്ചടക്കിയ ഇന്ത്യയെക്കാൾ,തുർക്കിയോ പേർഷ്യയോ റഷ്യയോ പിടിച്ചടക്കിയ ഇന്ത്യയെ നാം കൂടുതൽ ഇഷ്ടപ്പെടേണ്ടതുണ്ടോ എന്നതാണ്,നമുക്ക് മുന്നിലെ പ്രശ്‍നം."

അടുത്ത ഖണ്ഡികയിൽ മാർക്‌സ്, ഇന്ത്യയുടെ നാഗരികത മികച്ചതാണെന്ന് കണ്ടെത്തി സ്വയം ചെറുതാകുന്നു:

പുരി ക്ഷേത്രം 

"ഇന്ത്യയെ ചവിട്ടി അരച്ച അറബികളും തുർക്കികളും താർത്താറുകളും മുഗളന്മാരും എല്ലാം ഭാരതവൽക്കരിക്കപ്പെട്ടു.ശാശ്വത ചരിത്ര നിയമത്താൽ എന്ന പോലെ,കാടന്മാരായ ആ  അധിനിവേശക്കാർ അവരുടെ പ്രജകളുടെ മൊത്തം നാഗരികതയ്ക്ക് കീഴടങ്ങി.ഇന്ത്യൻ നാഗരികതയെക്കാൾ ഉയർന്നതും അതിന് അപ്രാപ്യവുമായ ഒരു നാഗരികതയുമായി വരുന്ന ആദ്യ അധിനിവേശക്കാർ ബ്രിട്ടീഷുകാരായിരുന്നു. നാടൻ സമുദായങ്ങളെ തകർക്കുകയും,നാടൻ വ്യവസായത്തെ വേരോടെ പിഴുതെറിയുകയും നാടൻ സമൂഹത്തിൽ മഹത്തരവും ,മഹോന്നതവുമായി ഉണ്ടായിരുന്ന സർവതിനെയും തകർത്ത് അവർ ഈ  നാഗരികതയെ ഇല്ലായ്‌മ ചെയ്‌തു.അവരുടെ ഇന്ത്യൻ ഭരണ ചരിത്ര ഏടുകളിൽ ഈ സംഹാര ക്രിയയ്ക്ക് അപ്പുറം ഒന്നും കാണാനാവില്ല.അവരുടെ ക്രിയാത്മകമായ ഇടപെടൽ ഈ അവശിഷ്ടങ്ങളിലൂടെ കാണാൻ പ്രയാസമാണ്.എങ്കിലും അത് ആരംഭിച്ചു കഴിഞ്ഞു എന്ന് പറയാതെ തരമില്ല."

വൈദ്യുതി,ആവിയന്ത്രങ്ങൾ,റയിൽവേ,ഇംഗ്ലീഷ് വിദ്യാഭ്യാസം,സ്വതന്ത്ര പത്രലോകം എന്നിവ ഇന്ത്യയെ മാറ്റി മറിക്കുമെന്ന പ്രവചനമാണ്,മാർക്‌സ് തുടർന്ന് നടത്തുന്നത്.ഉൽപന്നങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകാനാകാത്തതിനാൽ,ഇന്ത്യൻ ഉൽപാദന ശക്തികൾ തളർവാതം പിടിപെട്ട് കിടക്കുകയായിരുന്നുവെന്ന് മാർക്‌സ് നിരീക്ഷിക്കുന്നു.മാർക്‌സ് ലേഖനത്തിന് ആധാരമാക്കിയത്,1848 ൽ കോമൺസ് സഭാ സിലക്റ്റ് കമ്മിറ്റിക്ക് മുന്നിൽ സെൻറ് വില്യം കോട്ടയിലെ ടൗൺ മേജർ വാറൻ നൽകിയ മൊഴി,ജോൺ ചാപ് മാൻ എഴുതിയ The Cotton and  Commerce in India ,ജി കാംപ്‌ബെലിൻറെ Modern India:A Sketch of the System of Civil Government ( 1852 ) എ ഡി സൽത്തികോവിൻറെ 'ഇന്ത്യയെക്കുറിച്ചുള്ള കത്തുകൾ'( 1848 ) എന്നിങ്ങനെ പരിഗണന അർഹിക്കാത്ത രചനകളാണ്.ഒറീസയിലെയും ബംഗാളിലെയും ക്ഷേത്രങ്ങളിലേക്ക് പ്രവഹിക്കുന്ന തീർത്ഥാടകരെ പിഴിഞ്ഞ് കാശുണ്ടാക്കാൻ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്നിരുന്ന കൊലപാതക -വ്യഭിചാര കച്ചവടം ഈസ്റ്റ് ഇന്ത്യ കമ്പനി ഏറ്റെടുത്തതായി മാർക്‌സ് വിമർശിക്കുകയും ചെയ്യുന്നുണ്ട്.

കാര്യസാധ്യത്തിനായി നാടിനെ ഒറ്റിയവർ ഇന്ത്യയിൽ ധാരാളം ഉണ്ടായിരുന്നു.1949 നവംബർ 25 ന് കേന്ദ്ര നിയമനിർമാണ സഭയിൽ നിയമ മന്ത്രി ബി ആർ അംബേദ്‌കർ നടത്തിയ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം അപകടത്തിലായ ചില ഘട്ടങ്ങൾ ഓർമിച്ചു.മൊഹമ്മദ് ബിൻ കാസിം സിന്ധിനെ ആക്രമിച്ചപ്പോൾ,ദഹിർ രാജാവിൻറെ സൈന്യാധിപൻ ബിൻ കാസിമിൻറെ കൈയിൽ നിന്ന് കോഴ വാങ്ങി മിണ്ടാതിരുന്നു.പൃഥ്‌വി രാജിനെ തോൽപിക്കാൻ മുഹമ്മദ് ഗോറിയെ ജയ് ചന്ദ് ക്ഷണിച്ചു വരുത്തുകയായിരുന്നു.ശിവജിക്ക് എതിരെ മറാത്താ മാടമ്പിമാരും രജപുത്ര രാജാക്കന്മാരും മുഗൾ ചക്രവർത്തിക്കൊപ്പം നിന്നു.സ്വന്തം രാജ്യത്തിന് എതിരെ സിഖ് സൈന്യാധിപൻ ഗുലാബ് സിംഗ് മൗനം പാലിച്ചു.

അംബേദ്ക്കർ അന്ന്  ഓർക്കാതിരുന്ന ചിലത് കൂടി പറയാം.ഹൈദരാലിയെ മലബാറിലേക്ക് ക്ഷണിച്ചത് അറയ്ക്കൽ അലി രാജാവാണ്.1757 ലെ പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബ് സിറാജ് ഉദ് ധൗളയെ ഈസ്റ്റ് ഇന്ത്യ കമ്പനി തോൽപിച്ചത്,മിർ ജാഫറിൻറെ സഹായത്താലാണ്.അത് നടന്നപ്പോൾ,മിർ ജാഫർ കമ്പനിക്ക് എട്ടു ലക്ഷം പൗണ്ടും റോബർട്ട് ക്ലൈവിന് 1,60,000 പൗണ്ടും സമ്മാനം നൽകി.ക്ലൈവ് മുർഷിദാബാദ് ഖജനാവ് കൊള്ളയടിച്ചു.25 ലക്ഷം പൗണ്ട് തട്ടി.ക്ലൈവ് ലണ്ടനിൽ വിചാരണ നേരിട്ടു.ധൗളയെ തോൽപിക്കാൻ നാദിയ ജമീന്ദാർ കൃഷ്ണ ചന്ദ്ര റോയിയും ക്ലൈവിനൊപ്പം നിന്നു.റോയിക്ക് ക്ലൈവ് 12 പീരങ്കികൾ കൊടുത്തിരുന്നു.

പുരിയിൽ നിലനിന്നത്,ദേവദാസി സമ്പ്രദായമാണ്.അത് ഫ്രാങ്സ്വാ ബെർണിയറുടെ യാത്രാവിവരണത്തിൽ നിന്നെടുത്ത് മാർക്‌സ്,കമ്പനിയുടെ തലയിൽ വച്ചതാണ്.

ബംഗാളി പത്രമായ 'സത്യ സനാതൻ ധര്മ' യിൽ 1910 നവംബർ 14,1911 ഏപ്രിൽ 16 തീയതികളിൽ പുരി ജഗന്നാഥ ക്ഷേത്രത്തിൽ 100 ദേവദാസികൾ ചൂഷണം ചെയ്യപ്പെടുന്നതായി വാർത്ത വന്നു.ഇത് വച്ച് ഛോട്ടാ നാഗ് പൂരിൽ നിന്നുള്ള ബാൽകൃഷ്ണ സഹായ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചു ( 4 ).
ഈസ്റ്റ് ഇന്ത്യ കമ്പനി 1803 ൽ ഗവർണർ ജനറൽ വെല്ലസ്ലിയുടെ നിർദേശപ്രകാരം ഒരു തുള്ളി രക്തം പോലും ചിന്താതെ,കേണൽ ലയണൽ കാംപ്‌ബെലിൻറെ നേതൃത്വത്തിൽ ഒറീസ പിടിച്ചു.ക്ഷേത്രാചാരങ്ങളിൽ കൈ കടത്തേണ്ടെന്ന് തീരുമാനിച്ചു.കമ്പനി തീർത്ഥാടകർക്ക് രണ്ടു മുതൽ പത്തു രൂപ വരെ കരം ഏർപ്പെടുത്തി.21 കൊല്ലം കൊണ്ട് ഈയിനത്തിൽ 1,39,000 പൗണ്ട് പിരിച്ചു.

ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു വൃത്തികേട് കൂടി പരാമർശിക്കട്ടെ-മൗണ്ട് ബാറ്റനൊപ്പം ക്ഷേത്ര സന്ദർശനത്തിന് അംബേദ്ക്കർ പോയപ്പോൾ,അദ്ദേഹത്തെ പുരോഹിതർ ക്ഷേത്രത്തിൽ കയറ്റിയില്ല.മൗണ്ട് ബാറ്റന് അവർ ചുവപ്പ് പരവതാനി വിരിച്ചു.അംബേദ്ക്കർ അടുത്തുള്ള വീടിൻറെ മുകൾ നിലയിൽ കയറി ജഗന്നാഥനെ വണങ്ങി.1809 ൽ രവീന്ദ്ര നാഥ ടാഗോറിൻ്റെ കുടുംബാംഗങ്ങളെയും ക്ഷേത്രത്തിൽ കയറ്റിയില്ല.
ജഗന്നാഥ ക്ഷേത്ര പുരോഹിതരുടെ ലീലാ വിലാസങ്ങൾ ഗുരുവായൂരിൽ പരമേശ്വര മേനോൻ ആയി ജനിച്ച്,നിയമം പഠിച്ച് സന്യാസി ആയ സ്വാമി ധർമ്മ തീർത്ഥ ( 1893 -1978 ) History of Indian Imperialism ( 1941 ) എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.മാർക്‌സ് കാണാത്ത ചില കുഴപ്പങ്ങൾ നമുക്കുള്ളത് പറഞ്ഞതാണ്.
--------------------------------------------
1.The Penguin Book of Interviews / Christopher Silvester,1994.
2.Marx and the Asiatic Mode of Production/ G. Lichtheim,/ St. Anthony's
Papers,1963
3. Karl Marx on Colonialism and
Modernization / ed. S. Avineni, 1968. K. Marx and F. Engels, The Collected writings in
the New York Daily Tribune, ed. Fersusou
& O' Neil, 1973.
4. Proceedings of Bengal Legislative Council, Volume XLIV, 1913.

See https://hamletram.blogspot.com/2019/09/blog-post_59.html

Monday, 9 September 2019

ചരിത്രം ശീർഷാസനത്തിൽ 

അന്ധനായ മാർക്‌സ് 2 

മാർക്‌സിന്റെ ആദ്യ ഇന്ത്യ ലേഖനത്തിലെ കുപ്രസിദ്ധമായ ഖണ്ഡിക ഇതാണ്:

"ഇന്ത്യയിലെ അധ്വാന ശീലമുള്ള,പുരുഷാധിപത്യമുള്ള നിർദോഷകരമായ സാമൂഹിക സംഘങ്ങൾ ചിന്നിച്ചിതറി,ചെറു ഘടകങ്ങളായി ലയിച്ചു തീർന്നതും ദൈന്യതയുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടതും അവയിലെ ഓരോ അംഗത്തിനും പ്രാചീന നാഗരികതയും പരമ്പരാഗത ഉപജീവന മാർഗവും നഷ്ടപ്പെട്ടതും മനുഷ്യ വികാരത്തെ ഉലയ്ക്കുന്നതാണ്.എങ്കിലും നിർദോഷമെന്ന് തോന്നുന്ന ഈ അലസ ഗ്രാമ്യ ഗ്രാമ്യ വ്യവസ്ഥയാണ് എക്കാലവും പൗരസ്ത്യ ഏകഛത്രാധിപത്യത്തിൻറെ ഉറച്ച അടിത്തറ ആയിരുന്നത് എന്ന സത്യം വിസ്‌മരിച്ചു കൂടാ.ഈ വ്യവസ്ഥയാകട്ടെ,മനുഷ്യ മനസ്സിനെ ഏറ്റവും ചെറിയ വട്ടത്തിലേക്ക് ചുരുക്കുകയും അതിനെ അന്ധവിശ്വാസത്തിൻറെ അപ്രതിരോധ്യമായ കരുവാക്കുകയും അതിനെ പൈതൃക നിയമങ്ങൾക്ക് കീഴിൽ തളയ്ക്കുകയും ചെയ്‌തു.അങ്ങനെ അതിന് ചരിത്രപരമായ ഊർജ മഹിമകൾ നഷ്ടപ്പെട്ടു."

എഡ്‌വേഡ്‌ സായിദ് 

ഈ ഖണ്ഡികയെ സംബന്ധിച്ച് മാർക്‌സിസ്റ്റ് ചിന്തകർ പരസ്‌പരം നടത്തിയ ഏറ്റുമുട്ടലുകൾ അടങ്ങിയിട്ടില്ല.അമേരിക്കൻ ജൂത മാർക്‌സിസ്റ്റ് ചിന്തകനായ എഡ്‌വേഡ്‌ സായിദ്,Orientalism എന്ന പുസ്തകത്തിൽ,മാർക്‌സ് ഇന്ത്യയെപ്പറ്റി പറഞ്ഞതെല്ലാം അപ്പടി വിഴുങ്ങുകയുണ്ടായി.ഇന്ത്യ ചരിത്രത്തിന് സായിദ്,സർദാർ കെ എം പണിക്കരുടെ Asia and Western Dominance ( 1953 ) നെയാണ് ആശ്രയിച്ചത്.മാർക്സിനെ അപ്പടി വിഴുങ്ങിയതിനെ ഉറുദു മാർക്‌സിസ്റ്റ്‌ ചിന്തകൻ ഐജാസ് അഹമ്മദ്,In Theory യിൽ തിരസ്‌കരിച്ചു.
ഇന്ത്യയുടെ പ്രൗഢമായ നാഗരികതയെ,വെറും അലസ ഗ്രാമ വ്യവസ്ഥയായി മാർക്‌സ് ലഘൂകരിച്ചതും ആ നാഗരികത തകർന്നു തരിപ്പണമായെന്ന് വിലപിച്ചതും അന്ധവിശ്വാസ ജടിലമായിരുന്നു ഇന്ത്യയുടെ അടിത്തറയെന്ന് കൽപിച്ചതും ഒരിന്ത്യക്കാരനും വകവച്ചു കൊടുക്കാൻ കഴിയില്ല.ഈ ലളിതവൽക്കരണത്തിൽ നിന്നാണ് മാർക്‌സ്,ബ്രിട്ടൻ ഇന്ത്യയിൽ സാമൂഹിക വിപ്ലവം സൃഷ്ടിച്ചു എന്ന അബദ്ധ നിഗമനത്തിൽ നിപതിച്ചത്.

ബ്രിട്ടൻറെ കോളനിവൽക്കരണം ഇന്ത്യയിൽ വിപ്ലവമല്ല,വികസന മുരടിപ്പാണ് സൃഷ്ടിച്ചത്.ഭിന്നിപ്പിക്കൽ തന്ത്രം വഴി,നാട്ടുരാജ്യങ്ങളെ തമ്മിൽ ബ്രിട്ടൻ സംഘർഷത്തിൽ തളച്ചത് കാരണം,ബ്രിട്ടനെതിരെ ഒരു ഐക്യനിര ഉണ്ടായില്ല.ഇന്ത്യയും ഏഷ്യ ആകെയും ഒരിക്കലും മാറാത്ത അലസ വ്യവസ്ഥയാണെന്ന സങ്കൽപം,മാർക്‌സിസം പോലെ തന്നെ,മാർക്‌സിന്റെ സ്വന്തമല്ല.ഹെഗൽ ഇല്ലെങ്കിൽ മാർക്‌സ് ഇല്ല.ഇന്ത്യ അലസ വ്യവസ്ഥയാണെന്ന വിഢ്‌ഡിത്തം പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിൽ നവോത്ഥാന ചിന്തകരായ ഹോബ്‌സ്‌,മോണ്ടെസ്ക്യൂ എന്നിവരെ പിൻപറ്റി ഒരു കൂട്ടം ചമച്ചതാണ്.ഇന്ത്യ അലസ വ്യവസ്ഥയാണെന്ന മണ്ടൻ ആശയവും മാർക്‌സ് ഹെഗലിൽ നിന്ന് മോഷ്ടിച്ചതാണ്.അത് എഡ്‌വേഡ്‌ സായിദ് തുറന്നു പറഞ്ഞില്ല.

കോളനി വാഴ്ചയ്ക്ക് മുൻപുള്ള ഇന്ത്യ അലസ വ്യവസ്ഥയാണെന്ന നിഗമനം,മാർക്‌സ് യൂറോപ്പിൻറെ ഫ്യൂഡൽ ഭൂതകാലത്തെപ്പറ്റി,അവയെ സംബന്ധിച്ച പ്രവർത്തനങ്ങളിൽ പറഞ്ഞതിൻറെ ആവർത്തനമാണ്.ഭൂതകാലം ചലന രഹിതമാണെന്ന ചാരുകസേര ചിന്ത മാത്രമാണ്,അത്.ഇന്ത്യയിലെ ജാതി വ്യവസ്ഥ ഇന്ത്യയെ ചെറിയ വട്ടത്തിൽ ഒതുക്കി എന്ന മാർക്‌സിന്റെ വിമർശനം,'യൂറോപ്യൻ ജീവിതം ഗ്രാമീണ വിഡ്ഢിത്ത'ത്തിൽ കുരുങ്ങി കിടക്കുന്നു എന്ന അദ്ദേഹത്തിൻറെ തന്നെ പ്രസ്‌താവനയുമായി തട്ടിച്ചു നോക്കിയാൽ മതി.

ഐജാസ് അഹമ്മദ് 

ഏഷ്യയിൽ ഒരു വിപ്ലവം നടക്കാതെ മാനവരാശിക്ക് അതിൻറെ ദൗത്യം പൂർത്തീകരിക്കാനാവുമോ എന്ന് മേൽ ഉദ്ധരിച്ച ഖണ്ഡികയ്ക്ക് ഒടുവിൽ മാർക്‌സ് ചോദിക്കുന്നുണ്ട്.മാർക്‌സിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിൻറെ അടിസ്ഥാന ദൗർബല്യവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയാണ്,ഇത്.മാർക്‌സിന്റെ സിദ്ധാന്ത പ്രകാരം,വിപ്ലവം നടക്കാൻ മുതലാളിത്തം മൂത്തു പഴുക്കണം.ഇങ്ങനെ മുതലാളിത്തത്തിൻറെ മൂത്തു പഴുക്കലായി അദ്ദേഹം കൊളോണിയലിസത്തെ തെറ്റിദ്ധരിച്ചിട്ടുണ്ടാകണം.സ്വന്തം നാടായ ജർമനിയിലും ഇങ്ങനെ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

മാർക്‌സ് ഇന്ത്യയെപ്പറ്റി പത്ര പ്രവർത്തനം നടത്തുന്ന കാലത്ത്,അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം,അമേരിക്കയിൽ ഈ മൂത്തു പഴുക്കൽ നടന്നിരുന്നു.ഇന്ത്യ കുറെ മുന്നോട്ട് പോയിരുന്നു.ആഫ്രിക്കയിൽ അത് തുടങ്ങുകയായിരുന്നു.ഇങ്ങനെയൊക്കെ കാണുന്നത് പാപ്പരത്തമാകുന്നത്,1835 ൽ ഇംഗ്ലണ്ടും ഇന്ത്യയും സാമ്പത്തികമായി  ശക്തികൾ ആയിരുന്നു എന്നതിനാലാണ്.

മുൻപ് ഉദ്ധരിച്ച ഖണ്ഡികയുടെ തുടർച്ചയായി മാർക്‌സ് പറയുന്നു:

"ഏതെങ്കിലും ഒരു ചെറു തുണ്ട് ഭൂമിയിൽ അള്ളിപ്പിടിച്ചു നിന്ന് സാമ്രാജ്യങ്ങൾ മണ്ണടിയുന്നതും വിവരണാതീതമായ ക്രൂരതകൾ കാട്ടി കൂട്ടുന്നതും വൻ നഗരങ്ങളിൽ ജനത്തെയാകെ കശാപ്പ് ചെയ്യുന്നതും എല്ലാം ഏതെങ്കിലും പ്രകൃതി കോപത്തിൽ കവിഞ്ഞ ഒരു പരിഗണനയും കൂടാതെ കൈകെട്ടി നോക്കി നിൽക്കുകയും,അതേ സമയം ഏതെങ്കിലും ആക്രമണകാരിയുടെ കണ്ണിൽ പെട്ട് അവൻ തൻറെ മേൽ ചാടി വീഴാൻ വന്നാൽ നിസ്സഹായനായി സ്വയം കുമ്പിട്ട് നിൽക്കുകയും ചെയ്‌തിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിക്കരുത്.മറുവശത്ത്,അന്തസ്സാര ശൂന്യമായ,ചൊടി കെട്ട ഈ വെറുങ്ങലിച്ച ജീവിതം,നിഷ്ക്രിയമായ ഈ നിൽപ്,വന്യവും ലക്ഷ്യ രഹിതവുമായ സംഹാര ശക്തികളെ കെട്ടഴിച്ചു വിടുകയും നരഹത്യയെ തന്നെ ഇന്ത്യയിലെ മതാചാരമായി മാറ്റുകയും ചെയ്‌തുവെന്ന വസ്‌തുതയും നാം വിസ്‌മരിക്കരുത്.ജാതി വ്യത്യാസങ്ങളും അടിമത്തവും ഈ കൊച്ചു കൊച്ചു സമുദായങ്ങളുടെ തീരാ ശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനൻ ആക്കുന്നതിന് പകരം,അവ,അവനെ ബാഹ്യ സാഹചര്യങ്ങളുടെ ദാസനാക്കുകയാണ് ചെയ്‌തത്‌ എന്നും സ്വയം വികസിച്ച ഒരു സാമൂഹ്യ വ്യവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതി ദത്തമായ തലവിധിയാക്കി മാറ്റി,അവ മൃഗപ്രായമായ ഒരു പ്രകൃതി പൂജയ്ക്ക് ജന്മം നൽകി എന്ന വസ്‌തുതയും നാം വിസ്മരിക്കരുത്.ഈ അധഃപതനം പ്രകൃതിയുടെ യജമാനനായ മനുഷ്യനെക്കൊണ്ട് ഹനുമാൻ എന്ന കുരങ്ങിൻറെയും ശബള ( കാമ ധേനു ) എന്ന പശുവിൻറെയും മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്യിച്ചു."

മാർക്‌സ് തുടർന്ന് എഴുതി:

"ഇന്ത്യയിൽ ഇപ്രകാരമൊരു സാമൂഹ്യ വിപ്ലവം നടത്തുമ്പോൾ ഇംഗ്ലണ്ടിന് ഏറ്റവും ഹീനമായ സ്വാർത്ഥ താൽപര്യം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആ വിപ്ലവം നടത്തിയ രീതിബുദ്ധി ശൂന്യമായിരുന്നു എന്നും സംശയമില്ല.ഇവിടെ പ്രശ്‍നം അതല്ല.ഏഷ്യയിലെ സാമൂഹ്യ സ്ഥിതിയിൽ,അടിസ്ഥാനപരമായ ഒരു വിപ്ലവം ഉണ്ടാക്കാതെ മനുഷ്യരാശിക്ക് അതിൻറെ ദൗത്യം പൂർത്തിയാക്കാനാവുമോ എന്നതാണ് പ്രശ്‍നം.ഇല്ലെന്നാണ് ഇതിനുത്തരം എങ്കിൽ,ഇംഗ്ലണ്ടിന്റെ അപരാധം എന്ത് തന്നെ ആയാലും,ഇങ്ങനെ ഒരു വിപ്ലവം നടത്തുന്നതിൽ അവർ ചരിത്രത്തിൻറെ അബോധാത്മക കരു ആണെന്ന് പറയേണ്ടി വരും."
ചെന്നമ്മ 
അതീതത്തെ അവഗണിച്ച്,'ചരിത്രത്തിൻറെ അനിവാര്യമായ മുന്നോട്ടുള്ള പ്രയാണത്തെ' ആലിംഗനം ചെയ്‌ത മാർക്‌സിന്റെ മണ്ടൻ ചരിത്ര ബോധമാണ്,ഇംഗ്ളണ്ട് ഇന്ത്യയിൽ സാമൂഹ്യ വിപ്ലവം നടത്തിയെന്ന് പറയിച്ചത്.'മൂലധനം ' വായിച്ച മാർക്സിസ്റ്റുകൾ അധികമുണ്ടാകാൻ ഇടയില്ലെങ്കിലും,ഇത്തരം മണ്ടൻ താരതമ്യങ്ങൾ കൊണ്ട് സമൃദ്ധമാണ് ആ രചനയും.മൂലധനത്തിൻറെ ആദിമ സമാഹരണത്തിൽ,യൂറോപ്യൻ കർഷക സമൂഹം ഉന്മൂലനം ചെയ്യപ്പെട്ടതിനെയും മാർക്സ് കാണുന്നത്,ഇങ്ങനെ തന്നെയാണ്.ചരിത്രം ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നും ചരിത്രത്തിൻറെ  ഈ കാരുണ്യമില്ലായ്മയിൽ നിന്ന് മഹത്തായ ചിലതൊക്കെ ഉണ്ടാകും എന്നുമുള്ള ഭ്രാന്തമായ മാർക്സിയൻ കാഴ്ചപ്പാടിന്റെ പ്രാകൃത  ജൽപനം മാത്രമാണ്,ഇത്.ദേശീയതയെ കരുവാക്കി,ചരിത്രത്തിന്റെ ദ്വന്ദ്വാത്മകതയെ പൊക്കിപ്പിടിക്കുന്നത്,തോരണമിട്ട ഉന്മാദമാണ്.
മാർക്സിനെ ഇന്ത്യയുടെ ചരിത്രം തന്നെ തോൽപിച്ചു.1853 ൽ മാർക്‌സ് ഈ ലേഖനം എഴുതുമ്പോൾ,ബ്രിട്ടൻ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചു കഴിഞ്ഞു എന്ന് വിശ്വസിച്ച മാർക്സിന്,വെറും നാലു വർഷത്തിനുള്ളിൽ,1857 ൽ ആദ്യ സ്വാതന്ത്ര്യ വിപ്ലവം വഴി ചുട്ട മറുപടി കൊടുത്തു.അതുകൊണ്ട് ഡാനിയൽസണ്,മാർക്സ് ഇങ്ങനെ എഴുതി:

"ഇന്ത്യയിൽ പൊതു വിപ്ലവം പൊട്ടിപ്പുറപ്പെട്ടില്ലെങ്കിൽ തന്നെ,ഗൗരവതരമായ സങ്കീർണതകൾ ബ്രിട്ടീഷ് ഭരണകൂടം അഭിമുഖീകരിക്കും.ബ്രിട്ടൻ പ്രതിവർഷം ഇന്ത്യക്കാരിൽ നിന്ന് വാടക,ഹിന്ദുക്കൾക്ക് ഉപയോഗശൂന്യമായ റയിൽവേയിൽ നിന്നുള്ള തീരുവ,പട്ടാളക്കാരും അല്ലാത്തവരും ആയവർക്ക് പെൻഷൻ,അഫ്‌ഗാനിസ്ഥാനിലും മറ്റുമുള്ള യുദ്ധത്തിൻറെ വിഹിതം എന്നിങ്ങനെ പലതും പിടിച്ചു വാങ്ങുന്നു.സമാനതകൾ ഇല്ലാത്ത ഈ പിടിച്ചു വാങ്ങലും ഇന്ത്യയ്ക്കുള്ളിൽ നടത്തുന്ന കൊള്ളയും,പ്രതിവർഷം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് ഉദാരമായി അയയ്ക്കുന്ന ചരക്കിൻറെ മൂല്യവും കണക്കാക്കിയാൽ അത്,ഇന്ത്യയിലെ ആറു കോടി കാർഷിക,വ്യവസായ തൊഴിലാളികളുടെ മൊത്തം വരുമാനത്തിന് മുകളിൽ വരും.ഇത് പക മുറ്റിയ ചോരയൂറ്റലാണ്."

റഷ്യയിൽ പീറ്റേഴ്‌സ്ബർഗിലെ ഒരു ബാങ്കിൽ 50 വർഷം ജോലി ചെയ്‌ത നിക്കോളായ് ഡാനിയൽസനാണ്,മൂലധനം റഷ്യനിലേക്ക് പരിഭാഷ ചെയ്‌തത്‌.
മാർക്‌സ് ജീവിച്ചിരിക്കെ തന്നെ ഇന്ത്യ അദ്ദേഹത്തെ തിരുത്തി.
മാർക്‌സിന്റെ ആദ്യ ഇന്ത്യ ലേഖനത്തിലെ പ്രവചനം ഇതായിരുന്നു:

"പ്രാചീനമായ ആ ലോകം തവിടു പൊടിയാകുന്നത് കണ്ട്,നമുക്കുണ്ടാകുന്ന മനോവേദന എത്ര ദുസ്സഹം ആണെങ്കിലും,ചരിത്രത്തിൻറെ നിലപാടിൽ നിന്ന് നമുക്കും ഗൊയ്‌ഥെയെപോലെ ഇങ്ങനെ പറയാൻ അവകാശമുണ്ടാകും:
ഈ ദണ്ഡനം കൊണ്ട്,നമുക്ക് കൂടുതൽ സന്തോഷം ഉണ്ടാകുമെങ്കിൽ,അത് എന്തിന് നമ്മെ വേദനിപ്പിക്കണം?തിമൂറിൻറെ മരണം എത്രയെത്ര ആത്മാക്കളെയാണ് വിഴുങ്ങിയത്?"

ഏറ്റവും ക്രൂരമായ തിന്മകൾ പോലും ചരിത്രത്തിൻറെ ഫലശ്രുതിയായി കാണുന്ന ഈ സമീപനം,പ്രപഞ്ചം ഗർഭത്തിൽ വഹിക്കുന്ന ഭൂകമ്പങ്ങളെ യുക്തി കൊണ്ട് വ്യാഖ്യാനിക്കാൻ നോക്കുന്ന മുറി വൈദ്യന്റേതാണ്.1857 ൽ ഝാൻസി റാണി നടത്തിയതാണ് ആദ്യ സ്വാതന്ത്ര്യ സമരം എന്ന് ചരിത്ര പുസ്തകങ്ങളിൽ സ്ഥിരമായി നാം വായിക്കുമെങ്കിലും,അതിനും 33 വർഷം മുൻപ് കർണാടകയിൽ കിട്ടൂര് റാണി ചെന്നമ്മ ബ്രിട്ടനെതിരെ പോരാടി വീരമരണം വരിച്ചു എന്നതാണ്,മാർക്‌സും നമ്മിൽ ഭൂരിപക്ഷവും കാണാത്ത സത്യം.1824 ൽ അവർ ബ്രിട്ടനെതിരെ നടത്തിയത് സായുധ കലാപമായിരുന്നു.
ഇപ്പോഴത്തെ ബൽഗാമിൽ 1778 ഒക്ടോബർ 23 നാണ് ചെന്നമ്മ ജനിച്ചത്.15 വയസിൽ മല്ല സർജ രാജാവിനെ വിവാഹം ചെയ്‌തു.ഏകപുത്രൻ മരിച്ചപ്പോൾ 1824 ൽ ശിവലിംഗപ്പയെ ദത്തെടുത്ത് കിരീടാവകാശിയാക്കി,ബ്രിട്ടൻ ഇത് അംഗീകരിക്കാതെ ശിവലിംഗപ്പയെ പുറത്താക്കാൻ നിർദേശിച്ചു.ഇതാണ് 1856 ൽ അനന്തരാവകാശിയില്ലെങ്കിൽ നാട്ടുരാജ്യം ബ്രിട്ടന്റേതാകും എന്ന ഡൽഹൗസി നയത്തിന് ആധാരമായത്-Doctrine of Lapse.

ബ്രിട്ടീഷ് നയത്തിനെതിരെ ചെന്നമ്മ ബോംബെ ഗവർണർ എൽഫിൻസ്റ്റണ് ചെന്നമ്മ കത്തെഴുതി.ബ്രിട്ടൻ നിരാകരിച്ചപ്പോൾ ചെന്നമ്മ യുദ്ധം പ്രഖ്യാപിച്ചു.15 ലക്ഷം രൂപ വരുന്ന കിട്ടൂര് ഖജനാവ് പിടിക്കാൻ ബ്രിട്ടൻ ഒരുമ്പെട്ടു.20797 ഭടന്മാരും 437 പീരങ്കികളുമായി ബ്രിട്ടൻ കിട്ടൂരിനെ ആക്രമിച്ചു.1824 ഒക്ടോബറിലെ ആദ്യ വട്ട പോരാട്ടത്തിൽ ബ്രിട്ടൻ തോറ്റു.കലക്റ്റർ ജോൺ താക്കറെ കൊല്ലപ്പെട്ടു.രണ്ടാംഘട്ടത്തിൽ സോളാപ്പൂർ സബ് കലക്റ്റർ ജോൺ മൺറോ കൊല്ലപ്പെട്ടു.മന്ത്രി സങ്കോളി രായണ്ണയുടെ സഹായത്തോടെ പൊരുതിയ ചെന്നമ്മയെ ബെയിൽ ഹോംഗാൽ കോട്ടയിൽ തടവിലാക്കി.1829 ഫെബ്രുവരി രണ്ടിന് അവർ മരിച്ചു .

മാർക്സിന്റെ തല തിരിഞ്ഞ ചരിത്ര ബോധത്തിന് തെക്കേ ഇന്ത്യയിൽ നിന്നുള്ള തിരുത്താണ്,ചെന്നമ്മ.ഇതൊരു അലസ വ്യവസ്ഥ ആയിരുന്നില്ല.

See https://hamletram.blogspot.com/2019/09/blog-post_9.html


മാർക്‌സ് ഇന്ത്യയെ അറിഞ്ഞില്ല 

അന്ധനായ മാർക്‌സ് 1 

മാർക്‌സ് ഇന്ത്യയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് 1853 -58 കാലത്ത്,ന്യൂയോർക് ഡെയിലി ട്രിബ്യുണി ൽ 33 ലേഖനങ്ങൾ എഴുതി.1853 ൽ 12,1857 ൽ 15,1858 ൽ ആറ്.ഇതിൽ രണ്ടെണ്ണമാണ് കുപ്രസിദ്ധം.1853 ജൂൺ പത്തിന് എഴുതിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം,ജൂലൈ 22 ന് എഴുതിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ എന്നിവ.ആദ്യ ലേഖനം ട്രിബ്യുൺ ജൂൺ 25 നും ( ലക്കം 3804 ) രണ്ടാമത്തേത് ഓഗസ്റ്റ് എട്ടിനും ( ലക്കം 3840 ) പ്രസിദ്ധീകരിച്ചു.

ബ്രിട്ടൻ ഇന്ത്യയിൽ സാമൂഹിക വിപ്ലവം നടപ്പാക്കിയ,ചരിത്രത്തിൻറെ അബോധാത്മകമായ ഉപകരണമായിരുന്നു എന്ന വങ്കത്തം വിളമ്പിയതായിരുന്നു,ആദ്യ ലേഖനം.ഹനുമാൻ എന്ന കുരങ്ങിൻറെയും കാമധേനു എന്ന പശുവിൻറെയും മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന കിരാതനാണ് ഹിന്ദു എന്ന് മാർക്‌സ് അതിൽ പറഞ്ഞു.


യൂറോപ്പിലെ ചിന്തകർ എല്ലാവരും മാർക്‌സിനെപ്പോലെ മണ്ടന്മാരായിരുന്നു എന്ന് കരുതരുത്.സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ കഴിഞ്ഞാൽ മനഃശാസ്ത്രത്തിൽ അറിയപ്പെടുന്ന അടുത്തയാളായ യുങ് ( 1875 -1961 ) ശ്രീരാമകൃഷ്ണ പരമഹംസൻറെ മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തിയ സന്ദർഭം വായിച്ചാൽ ആരും ധ്യാന നിമീലിതരാകും. 1936 ൽ യുങ് പ്രബുദ്ധ ഭാരത ത്തിൽ എഴുതിയ ലേഖനത്തിൽ പാശ്ചാത്യർക്ക് ചേർന്നതല്ല യോഗ എന്ന് നിരീക്ഷിച്ചിരുന്നു.അത് കഴിഞ്ഞുള്ള ശിശിരത്തിൽ അദ്ദേഹം കൊൽക്കത്ത ബേലൂർ മഠത്തിൽ എത്തി. മഠത്തിലെ ശ്രീരാമകൃഷ്ണ പ്രതിമയെപ്പറ്റി അദ്ദേഹം ഓർമിച്ചത്, സമാധി എന്ന വാക്ക് കേട്ടാൽ ഏതൊരു ഭാരതീയനും,ആ നിലയിലുള്ള യോഗിയെയാണ് ഓർക്കുക എന്നാണ്. മനസ്സ് മാറി മടങ്ങിയ യുങ്,1939 ൽ ഭാരതം നമ്മെ പഠിപ്പിക്കുന്നത് എന്ന ലേഖനത്തിൽ എഴുതിയത്, ഹിന്ദുമതത്തിൻറെ സമഗ്രത പാശ്ചാത്യ ലോകത്തിന് മാതൃകയാണ് എന്നാണ്. 1943 ൽ യുങ്, പൗരസ്ത്യ ധ്യാനത്തിൻറെ മനഃശാസ്ത്രം എഴുതി. 1944 ൽ രമണമഹർഷിയുടെ ഉപദേശ സാരം ഹെൻറിച്ച് സിമ്മർ ജർമൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ യുങ് അതിന് അവതാരിക എഴുതി.

ആ വഴിക്കാണ് പരമഹംസനിലും രമണ മഹർഷിയിലും ഞാൻ എത്തിയത്.
ജർമൻ തന്നെയായ മാർക്‌സ് 1853 ൽ എഴുതാൻ ആരംഭിക്കുമ്പോൾ,ഇന്ത്യയെ നന്നായി പഠിച്ചതിന് തെളിവൊന്നുമില്ല.യാത്രാവിവരണങ്ങളും ഈസ്റ്റ് ഇന്ത്യ കമ്പനി റിപ്പോർട്ടുകളും പിന്നെയാണ് വായിച്ചത്.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവകാശ രേഖ ബ്രിട്ടീഷ് പാർലമെൻറ് പുതുക്കുന്ന ആ നേരത്ത്,ചില പാർലമെൻറ് രേഖകൾ വായിച്ചതിനെ തുടർന്നുണ്ടായ തോന്നലുകളോ തോന്ന്യാസങ്ങളോ ആണ് മാർക്‌സിന്റെ ഇന്ത്യ ലേഖനങ്ങൾക്ക് ആധാരമെന്ന് മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് തന്നെ പറയുന്നുണ്ട്(1 ).ഫ്രഞ്ച് വൈദ്യനായ ഫ്രാങ്സ്വാ ബെർണിയർ എഴുതിയ യാത്രാ വിവരണം,Travels in the Mogul Empire എന്ന പുസ്തകത്തെയും മാർക്‌സ് ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങൾക്ക് ആധാരമാക്കി.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്ന ലേഖനം എന്ത് പറയുന്നു എന്ന് നോക്കാം:
ഇന്ത്യയുടെ സുവർണ യുഗത്തിൽ വിശ്വസിക്കുന്നവരുമായി യോജിപ്പില്ലാത്തയാൾ ആണ് താനെന്ന് മാർക്‌സ് ആദ്യമേ പറയുന്നു.റിപ്പോർട്ടിൻറെ രണ്ടാം ഖണ്ഡികയുടെ ആദ്യ വാചകമാണ്,അത്.മൊത്തം ലേഖനത്തിൻറെ ആദ്യ വാചകം വിചിത്രമാണ്:ഏഷ്യൻ തോതിലുള്ള ഇറ്റലിയാണ് ഹിന്ദുസ്ഥാൻ.ഇന്ത്യയെ ഇറ്റലിയുമായി താരതമ്യപ്പെടുത്തി എഴുതാൻ വിവരമുള്ള ആരും ഇന്നുവരെ തയ്യാറായിട്ടില്ല. താരതമ്യം അയർലൻഡിനോടാണ്.ഭൂപ്രകൃതിയിൽ ഇന്ത്യ ഇറ്റലിയെപ്പോലെയും സാമൂഹ്യ സാഹചര്യങ്ങളിൽ അയർലൻഡിനെപ്പോലെയും,ഇറ്റലിയുടെയും അയർലൻഡിന്റെയും വിചിത്രമായ സംലയനമാണ് ഇന്ത്യ എന്നാണ് മാർക്‌സിന്റെ കണ്ടെത്തൽ.
മാർക്സിനെ ഉദ്ധരിക്കട്ടെ:

പൗരസ്ത്യ ദേശത്തെ അയർലൻഡ് ആണ്,അത്.ഇറ്റലിയുടെയും അയർലൻഡിന്റെയും വിചിത്രമായ ഈ സംലയനം,സുഖ ഭോഗങ്ങളുടെ ലോകവുംകഷ്ടപ്പാടുകളുടെ ലോകവും ലോകവും തമ്മിലുള്ള ഈ ചേരുവ,ഹിന്ദുസ്ഥാനിലെ പ്രാചീന മത പാരമ്പര്യങ്ങൾ വിഭാവനം ചെയ്‌തിട്ടുള്ള ഒന്നാണ്.അതിരു കടന്ന കാമാസക്തിയുടെയും ആത്മ പീഡനത്തോളം എത്തുന്ന സർവസംഗ പരിത്യാഗത്തിൻറെയും മതമാണ്,അത്.ലിംഗാരാധനയുടെയും ആത്മബലിയുടെയും മതമാണ്.ഭിക്ഷുവിൻറെയും അതേസമയം ദേവദാസിയുടെയും മതമാണ്,അത്.

ഇത്രയും പറഞ്ഞിട്ടാണ് താൻ ഇന്ത്യയുടെ സുവർണ യുഗത്തിൽ വിശ്വസിക്കുന്നില്ലെന്ന് മാർക്‌സ് ആണയിടുന്നത്.അതിരു കടന്ന കാമാസക്തിയുടെ മതമാണ് ഹിന്ദു മതം എന്ന് കണ്ടെത്തി കഴിഞ്ഞാൽ പിന്നെ മാർക്സിന് ഒരു കെ എൻ പണിക്കർ ആകാനേ കഴിയൂ. തുടർന്ന് മാർക്‌സ്, ജാവയിലെ ഇംഗ്ലീഷ് ഗവർണർ സർ സ്റ്റാഫോർഡ് റാഫിൾസ് പഴയ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പറ്റി നടത്തിയ വിലയിരുത്തൽ അതേ പടി ഉദ്ധരിച്ച്,ഡച്ചുകാരുടെ അനുകരണം മാത്രമാണ് ബ്രിട്ടൻ ഇന്ത്യയിൽ കാട്ടുന്നത് എന്ന് പറയുന്നു.ലാഭക്കൊതിയാൽ,വെസ്റ്റ് ഇൻഡീസ് തോട്ടമുടമ അടിമകളോട് കാട്ടുന്നത്ര ദയ പോലും സ്വന്തം പ്രജകളോട് കാട്ടാത്ത ഡച്ച് കമ്പനി,പ്രജകളുടെ അവസാന രക്തവും ഊറ്റിയെടുക്കാൻ നിലവിലുള്ള സമഗ്രാധിപത്യ മുറകളെ ഉപയോഗപ്പെടുത്തിയെന്നാണ് റാഫിൾസ് എഴുതിയത്.'പുരുഷാധിപത്യത്തിൽ ഊന്നിയ സമഗ്രാധിപത്യത്തെ ' പിന്നെയും മാർക്‌സ് പരാമർശിക്കുന്നുണ്ട്.ഇന്ത്യയിലെ ആഭ്യന്തര യുദ്ധങ്ങളും ആക്രമണങ്ങളും വെട്ടിപ്പിടിത്തങ്ങളും ക്ഷാമ ബാധയുമെല്ലാം തൊലിപ്പുറത്തിനപ്പുറം കടക്കാതിരുന്നപ്പോൾ,ബ്രിട്ടൻ ഇന്ത്യയുടെ ചട്ടക്കൂടിനെ തവിടു പൊടിയാക്കി എന്നാണ് മാർക്‌സിന്റെ കണ്ടെത്തൽ.പഴയ ലോകം കൈവിട്ടു പോയ ഇന്ത്യക്കാരന്,പുതുതായൊന്ന് കിട്ടിയതുമില്ല.

മാർക്സിനെ ഉദ്ധരിക്കട്ടെ:

ഇന്ത്യയുടെ ഭൂത കാലത്തിൻറെ രാഷ്ട്രീയ വശം എത്ര തന്നെ മാറിക്കൊണ്ടിരിക്കുന്നതായി തോന്നുന്നതാണ് എങ്കിലും,പുരാതന കാലം മുതൽ പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യ ദശകം വരെ അതിൻറെ സാമൂഹ്യ ജീവിതത്തിന് ഒരിളക്കവും സംഭവിച്ചിരുന്നില്ല.എണ്ണമറ്റ നൂൽ നൂൽപുകാരെയും നെയ്ത്തുകാരെയും സൃഷ്ടിച്ചിരുന്ന ചർക്കയും കൈത്തറിയും ആയിരുന്നു,ഈ സമ്പദ് ഘടനയുടെ തിരികുറ്റികൾ.ചരിത്രാതീത കാലം മുതൽ ഇന്ത്യക്കാരൻറെ കരവിരുത് കൊണ്ട് നെയ്തെടുത്ത ഒന്നാന്തരം തുണിത്തരങ്ങൾ വാങ്ങി,പകരം അങ്ങോട്ട് സ്വന്തം സ്വർണവും വെള്ളിയും കയറ്റി അയയ്ക്കുകയാണ്,യൂറോപ്‌ ചെയ്‌തിരുന്നത്‌ ....ആഭരണങ്ങളോടുള്ള ഇന്ത്യക്കാരൻറെ കമ്പം പറഞ്ഞറിയിക്കാൻ ആവില്ല.മുക്കാലും നഗ്നരായി നടക്കുന്ന അധഃകൃതരുടെ പോലും കാതിൽ സ്വർണ കമ്മലോ കഴുത്തിൽ ഒരു സ്വർണ മാലയോ കാണാം.കൈവിരലിലും കാൽ വിരലിലും സ്വർണ മോതിരം സാധാരണം.സ്ത്രീകളും കുട്ടികളും സ്വർണമോ വെള്ളിയോ കൊണ്ട് തീർത്ത തടിച്ച കൈവളകളും കാൽവളകളും ധരിച്ചിരിക്കും.സ്വർണമോ വെള്ളിയോ കൊണ്ടുള്ള ദിവ്യ വിഗ്രഹങ്ങളും മിക്ക വീടുകളിലും കാണാൻ കഴിഞ്ഞേക്കാം.

മാർക്‌സ്,ഇന്ത്യ,കയ്യെഴുത്തു പ്രതി 

ഇതാണ് മാർക്‌സ് ബെർണിയറിൽ നിന്ന് ചൂണ്ടിയ യാത്രാവിവരണം.
ഇന്ത്യ ദരിദ്ര രാജ്യമായിരുന്നു എന്നും ഇപ്പോഴും ദരിദ്രമാണെന്നും പ്രസംഗിക്കുന്ന പണ്ഡിതന്മാരുണ്ട്.രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ, ഇന്ത്യയുടെ വരുമാനം ബ്രിട്ടന്റേതിനെക്കാൾ 16 ഇരട്ടി ആയിരുന്നുവെന്ന് ജെഫ്രി മൂർ എഴുതിയ ഇന്ത്യ ബ്രിട്ടാനിക്ക യിൽ വായിച്ചത് ഓർക്കുന്നു. ദരിദ്ര രാജ്യത്തെ കോളനിയാക്കാൻ ഒരാളും വരില്ല. ഇന്ത്യ ആയിരുന്നു, ബ്രിട്ടൻറെ മുഖ്യ വാണിജ്യ പങ്കാളി.അസംസ്‌കൃത വസ്‌തുക്കൾ ഇന്ത്യ ബ്രിട്ടന് നൽകി.അത് കൊണ്ടുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് ഇന്ത്യ തന്നെ ആയിരുന്നു മുഖ്യ വിപണി. മാർക്‌സ് ജീവിച്ച 19 -o നൂറ്റാണ്ടിൻറെ ഒടുവിൽ ബ്രിട്ടൻറെ ഇറക്കുമതിയിൽ 20 ശതമാനവും ഇന്ത്യയിൽ ആയിരുന്നു.ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ,ഇന്ത്യയിലേക്ക് ബ്രിട്ടൻ അയച്ചിരുന്നത്,1265 കോടി രൂപയുടെ ചരക്കുകൾ ആയിരുന്നു !ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ചരക്കുകളായ ചായ,പരുത്തി,സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ ഉൽപന്നങ്ങളായി ഇവിടെ തിരികെ എത്തി.അവ മറ്റ് രാജ്യങ്ങളിലേക്കും കയറ്റി അയച്ചു.അതുകൊണ്ടാണ് ബ്രിട്ടീഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ബാല ഗംഗാധര തിലകൻ ആഹ്വാനം ചെയ്‌തത്‌ -ആദ്യ ആഹ്വാനം ഗാന്ധിയുടേത് ആയിരുന്നില്ല.തിലകന്റേത് ഗാന്ധി ആവർത്തിക്കുക മാത്രമായിരുന്നു.

ചർക്കയുടെ കാര്യം പറഞ്ഞ് മാർക്‌സ് ഇന്ത്യയെ നാണം കെടുത്തേണ്ടിയിരുന്നില്ല.ക്രിസ്‌തുവിന് 500 -1000 കൊല്ലം മുൻപ് ഇന്ത്യയിലാണ് ചർക്ക കണ്ടു പിടിച്ചത് എന്ന സത്യം അറിഞ്ഞാൽ,ലോകത്തെ തുണിയുടുക്കാൻ പഠിപ്പിച്ചത് ഇന്ത്യയാണ് എന്ന് വരും.ചർക്കയുടെ ആദ്യ ചിത്രങ്ങൾ ഉണ്ടായത് 1234 ൽ ബാഗ്ദാദിലാണ്.ചൈനയിലും ഇസ്ലാമിക ലോകത്തും ചർക്ക എത്തിയത് പതിനൊന്നാം നൂറ്റാണ്ടിൽ മാത്രമാണ്.ചർക്കയ്ക്ക് മുൻപായിരുന്നു,തക്ളി.

ഇന്ത്യക്കാരൻറെ സ്വർണാഭിനിവേശത്തെ പരിഹസിച്ച ശേഷം മാർക്‌സ് ചില കണക്കുകൾ നിരത്തുന്നു.അദ്ദേഹത്തിൻറെ ലേഖനത്തിൽ നിന്ന്:

ബ്രിട്ടീഷുകാരനായ കൈയേറ്റക്കാരൻ ഇന്ത്യയുടെ ചർക്കയും കൈത്തറിയും തകർത്തു.യൂറോപ്യൻ വിപണികളിൽ നിന്ന് ഇന്ത്യൻ പരുത്തി തുണിത്തരങ്ങളെ പുറന്തള്ളി ഇതിന് തുടക്കമിട്ടു.ബ്രിട്ടൻ അത് കഴിഞ്ഞ് അവിടേക്ക് നൂറ്റ ( twist ) തുണിത്തരങ്ങൾ കടത്തി വിട്ടു.ഒടുവിൽ പരുത്തിയുടെ ആ ജന്മ ദേശത്തെ സ്വന്തം പരുത്തി തുണികൾ കൊണ്ട് മുക്കി.ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള തുണി കയറ്റുമതി 1818 നും 1936 നും ഇടയ്ക്ക് 1 :5200 എന്ന അനുപാതത്തിൽ വർധിച്ചു.മസ്ലിൻ തുണി കയറ്റുമതി 1824 ൽ ഏതാണ്ട് പത്തു ലക്ഷം വാര മാത്രമായിരുന്നു.1837 ൽ ഇത് 6 .4 കോടിയിൽ അധികമായി.അതേ സമയം ധാക്കയിലെ ജന സംഖ്യ ഒന്നര ലക്ഷത്തിൽ നിന്ന് 20000 ആയി ചുരുങ്ങി ( പരുത്തി കേന്ദ്രമായ ധാക്ക അന്ന് ഇന്ത്യയിൽ ആയിരുന്നു).സ്വന്തം തുണിത്തരങ്ങൾക്ക് പേര് കേട്ട ഇന്ത്യൻ പട്ടണങ്ങളുടെ അധഃപതനം ആയിരുന്നില്ല ഇതിൻറെ ഏറ്റവും വലിയ ദുരന്ത ഫലം.ബ്രിട്ടീഷ് അവിയന്ത്രവും ശാസ്ത്രവും കൂടി ചേർന്ന് കൃഷിയും നിർമാണ തൊഴിലും തമ്മിൽ ഉണ്ടായിരുന്ന ആ ഐക്യത്തെ ഇന്ത്യയുടെ മുഖത്ത് നിന്ന് തുടച്ചു നീക്കി.

ബ്രിട്ടനിലെ വ്യവസായ വിപ്ലവം ഇന്ത്യയെ കുത്തുപാള എടുപ്പിച്ചു എന്നാണ് മാർക്‌സ് പറഞ്ഞതിൻറെ ധ്വനി. അതുകൊണ്ടാണ്,ബ്രിട്ടീഷ് ആധിപത്യത്തെ,ചരിത്രത്തിൻറെ അബോധ പ്രേരണയായി,മാർക്‌സ് തുടർന്ന് കണ്ടെത്തി ന്യായീകരിക്കുന്നത്.

സത്യം ഇതൊന്നും അല്ല.ബ്രിട്ടീഷ് രാജിന് കീഴിൽ,ഇന്ത്യൻ സമ്പദ് രംഗം തളർന്നു-ജനസംഖ്യയെ പോലെ ഒരു ശതമാനം വളർച്ചാ നിരക്ക്.ബ്രിട്ടൻ ഇവിടെ വ്യവസായത്തെ പിന്നോട്ട് വലിച്ചു.മുഗൾ ഭരണ കാലത്തെക്കാൾ ആളോഹരി വരുമാനവും ഉൽപന്ന നിർമാണവും കുറഞ്ഞു.നാഗരികത പിന്നോട്ടടിച്ചു.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിൽ ഇന്ത്യയിൽ ഉണ്ടായ സാമ്പത്തിക തളർച്ച വിഗ് രാഷ്ട്രീയ നേതാവായ എഡ്‌മണ്ട് ബർക്ക് 1778 ൽ തന്നെ ബ്രിട്ടനിൽ വലിയ വിഷയമാക്കി.വാറൻ ഹേസ്റ്റിംഗ്‌സിനും ഈസ്റ്റ് ഇന്ത്യ കമ്പനിക്കും എതിരെ ഏഴു വർഷത്തെ വിചാരണ നടത്തി.ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബ്രിട്ടൻ വൃത്തികെട്ട രീതിയിൽ കൈകാര്യം ചെയ്‌തത് മാത്രമായിരുന്നു,വിഷയം.ഇന്ത്യയെപ്പറ്റിയുള്ള ലേഖനങ്ങൾ മാർക്‌സ് തയ്യാറാക്കുമ്പോൾ,മൂലധനം എഴുതിയിരുന്നില്ല. ധന ശാസ്ത്രത്തിൻറെ ബാലപാഠം പോലും അറിയാത്ത നാലാം കിട ഗവേഷകൻ മാത്രമായിരുന്നു മാർക്‌സ് എന്നാണ് അദ്ദേഹം എഴുതിയ ഇന്ത്യ വിവരണത്തിൽ നിന്ന് തെളിയുന്നത്.പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയിൽ നടപ്പാക്കിയ സമ്പദ് ശാസ്ത്രം കൊള്ളയുടെയും നാശത്തിന്റേതും ആയിരുന്നുവെന്ന് വിശ്വ ഭാരതി സർവകാശാല വൈസ് ചാൻസലറും പ്രസിഡൻസി സർവകാശാലയിൽ ചരിത്ര എമെറിറ്റസ് പ്രൊഫസറും ആയിരുന്ന ഡോ രജത് കാന്ത റേ എഴുതിയിട്ടുണ്ട് ( 2 ).ഇതാണ് 1770 ൽ ബംഗാൾ ജന സംഖ്യയിൽ മൂന്നിലൊന്നിനെ കൊന്ന ക്ഷാമത്തിന് വഴി വച്ചത്.ഇന്ത്യൻ നെയ്ത്തു മേഖലയെ നശിപ്പിക്കാൻ ബംഗാളിലെ നൂറു കണക്കിന് നെയ്ത്തുകാരുടെ കൈകൾ ഈസ്റ്റ് ഇന്ത്യ കമ്പനി വെട്ടി നീക്കിയതായി കഥ പ്രചരിക്കുകയുണ്ടായി.ദയനീയ തൊഴിൽ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് ധാക്കയിലെ നെയ്ത്തുകാർ സ്വയം വിരലുകൾ ഛേദിച്ചതായി വില്യം ബോൾട്സ് എഴുതി ( 3 ).ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്‌ത ഡച്ച് കച്ചവടക്കാരനായിരുന്നു,ബോൾട്സ്,1757 ലെ പ്ലാസി യുദ്ധത്തിന് ശേഷം ബ്രിട്ടൻ നടത്തിയ ചൂഷണങ്ങൾ വിവരിക്കുന്നതാണ്,ഈ പുസ്തകം.

ഇന്ത്യയുടെ കോളനിവൽക്കരണമാണ്,ബ്രിട്ടനിൽ വ്യവസായവൽക്കരണത്തിന് വഴിയൊരുക്കിയത്.ബ്രിട്ടൻറെ ഇന്ത്യയിലെ സാന്നിധ്യം,ബ്രിട്ടീഷ് ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നു കൊടുത്തു.ബ്രിട്ടീഷുകാർക്ക് ഇവിടെ നികുതിയില്ലാതിരിക്കെ ഇന്ത്യൻ കച്ചവടക്കാർക്ക് മേൽ വൻ നികുതി ചുമത്തി.ഇന്ത്യൻ പരുത്തി ഇറക്കുമതി ചെയ്‌ത ബ്രിട്ടനിലെ ഫാക്റ്ററികൾക്കും നികുതി ഇല്ലായിരുന്നു.ഇന്ത്യ ഒരേ സമയം അസംസ്‌കൃത വസ്‌തു നൽകുന്ന രാജ്യവും ഉൽപന്നം.3 വാങ്ങുന്ന വിപണിയുമായി.1700 ൽ ലോക വരുമാനത്തിൽ ഇന്ത്യയുടെ പങ്ക് 24 .4 ശതമാനമായിരുന്നുവെന്ന് കേംബ്രിഡ്‌ജ്‌ ചരിത്രകാരൻ അംഗസ്‌ മാഡിസൺ രേഖപ്പെടുത്തിയിട്ടുണ്ട്.യൂറോപ്പിൻറെ മൊത്തം പങ്കായ 23.3 ശതമാനത്തോടൊപ്പം നിൽക്കുന്ന ഒന്ന്.1700 ൽ ബ്രിട്ടന് ലോക വരുമാനത്തിലെപങ്ക് വെറും 2 .9 ശതമാനം മാത്രമായിരുന്നു.ഇത് 1870 ൽ ഒൻപത് ശതമാനമായി.19 -o നൂറ്റാണ്ടിൽ ഇന്ത്യയെ പിന്തള്ളി ബ്രിട്ടൻ ലോകത്തിലെഏറ്റവും വലിയ തുണി നിർമാതാവായി.

മാർക്‌സ് പരിഹസിച്ച സ്വർണാഭിമുഖ്യം കുടി നോക്കാം.ഇന്ത്യയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ബ്രിട്ടന് സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യേണ്ടിയിരുന്നു.ബ്രിട്ടൻ ഇന്ത്യൻ സമ്പദ് രംഗം താറുമാറാക്കിയതിനാൽ സ്വർണത്തിന്റെ വില കൂടി.1757 ലെ പ്ലാസി യുദ്ധത്തിന് ശേഷം,ഇന്ത്യയുടെ സമ്പത്ത് കൊള്ള ചെയ്‌ത്‌ കടൽ കടത്താൻ തുടങ്ങി.1765 ന് ശേഷം ഇവിടന്ന് സാധനങ്ങൾ വാങ്ങാൻ സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യേണ്ട നില വന്നു.ഇവിടെ നടപ്പാക്കുന്ന നികുതികൾ,കൊള്ളകൾ എന്നിവ അതിന് പകരം നിന്നു.പ്ലാസി യുദ്ധത്തോടെ സ്വർണ ഇറക്കുമതി ഇടിഞ്ഞു.യുദ്ധം ഇറക്കുമതിക്ക് ദോഷം ചെയ്‌തു.ഇവിടുന്നുള്ള കൊള്ള മുതൽ,വ്യവസായ വിപ്ലവത്തിന് അടിത്തറയിട്ടു.ഈ കൊള്ള അമേരിക്കയ്ക്കും ഗുണം ചെയ്‌തു.ബ്രിട്ടനിൽ നിന്നുള്ള ഇറക്കുമതി വസ്‌തുക്കൾക്ക് അമേരിക്കയിൽ വലിയ നികുതി ചുമത്തി.
------------------------------------------------
 1 .In Theory :Classes ,Nations,Literature / Aijaz Ahmad,Verso 1992
2 .Enterpreneurship and Industry in India 1800 -1947 (ed ) 1997
3.Considerations on India Affairs,1772.

Sunday, 8 September 2019

സഖാവ് വിശ്വാമിത്രൻ

റോമില ഥാപ്പറിന് ജാതി തിമിരം

റോമില ഥാപ്പർ ഇന്ത്യയിലെ പ്രമുഖ മാർക്‌സിസ്റ്റ്‌ ചരിത്രകാരിയാണ്; പ്രാചീന ചരിത്രമാണ് അവരുടെ വിഷയം. ഇന്ത്യയിലെ ചില ചരിത്രകാരന്മാർ അവരെ ഭയഭക്തി ബഹുമാനങ്ങളോടെ കാണുന്നു.

Indian Cultures as Heritage:Contemporary Pasts എന്ന അവരുടെ പുസ്തകം, അവരുടെ മറ്റു പുസ്തകങ്ങളെപ്പോലെ തന്നെ, ചരിത്ര വസ്തുതകളെക്കാൾ പ്രസ്താവനകൾ കൊണ്ട് നിബിഡമാണ്. തെളിവ് സാമഗ്രികളുടെ പിൻബലമുള്ള ഉൾക്കാഴ്ചകളാണ്, നാം ചരിത്രമെഴുത്തിൽ നിന്ന് പ്രതീക്ഷിക്കുക. തത്വ ചിന്തകൾക്ക് പ്രാധാന്യമുള്ള പുസ്തകങ്ങളെ ആധാരമാക്കി ചരിത്രം ചമയ്ക്കാൻ ഒരുമ്പെടുമ്പോൾ, അത് പാളിപ്പോകും. ഇത് വ്യക്തമാക്കുന്നതാണ്, ഈ പുസ്തകം.തത്വ ചിന്തയെ വ്യാഖ്യാനിക്കാൻ, തത്വ ചിന്തയുടെ തന്നെ പിൻബലം വേണം.അടിത്തറ തകർന്ന മാർക്‌സിസം പോരാ.

റോമില ഥാപ്പർ 

ഇന്ത്യയിൽ അസ്‌പൃശ്യത എങ്ങനെ ഉടലെടുത്തു എന്നാണ് അവർ അന്വേഷിക്കുന്നത്.വേദത്തിലെ ആചാര വിദഗ്ദ്ധൻ എന്ന നിലയ്ക്കാണ് ബ്രാഹ്മണൻ ശുദ്ധി അവകാശപ്പെട്ടതെന്ന് അവർ കണ്ടെത്തുന്നു. പുരാണ ഹിന്ദുമതം വികസിച്ചതോടെ, വേദ -ബ്രാഹ്മണ മതത്തിന് പ്രാധാന്യമില്ലാതായി.എന്നാൽ ഗുപ്‌ത വംശത്തിന് ശേഷം വേദാചാരങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെട്ടു. അക്കാലത്തുണ്ടായ ഭിന്ന രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് അഭിഷേകം വഴി നിയമസാധുത നൽകാനായിരുന്നു, ഇത്. ആദ്യം ചെറിയ വരേണ്യ വർഗ്ഗത്തിൽ ഒതുങ്ങിയെങ്കിലും, ക്രമേണ ഇവരുടെ സംഖ്യയും അസാധാരണ പദവിയിന്മേലുള്ള അവകാശ വാദവും കൂടി വന്നു. ഇക്കാലത്താണ് 'അസ്പൃശ്യൻ' നിലവിൽ വന്നത് എന്നാണ് ഥാപ്പറുടെ നിഗമനം. കിസ്ത്വബ്ദം ആദ്യ സഹസ്രാബ്ദത്തിൻറെ ആരംഭ മധ്യത്തിലാണ് ഇതുണ്ടായത് എന്ന് അവർ കണക്കാക്കുന്നു. എന്ന് വച്ചാൽ അവർക്ക് കണിശമായി അറിയില്ല. എന്തോ, ഏതോ, ആരോ, എങ്ങനെയോ തുടങ്ങിയ പ്രായോഗങ്ങൾ ഒ എൻ വി കുറുപ്പ് എന്ന മാർക്സിസ്റ്റിന്റെ പിടിയില്ലാ പ്രയോഗങ്ങൾ ആണെന്നാണ് ഇതുവരെ കരുതിയിരുന്നത്. ചരിത്രവും അങ്ങനെ വരുമായിരിക്കും.

അസ്‌പൃശ്യത എന്ന ആശയത്തിൻറെ ജന്മ പരിണാമങ്ങൾ ഇവിടെ നിന്ന് കണ്ടെത്തുകയാണ് തൻറെ അടുത്ത ശ്രമമെന്ന് ഥാപ്പർ പറയുന്നു. എന്നാൽ,വരാനിരിക്കുന്ന വിശദീകരണം, ചരിത്രപരമായി അപൂർണമായിരിക്കുമെന്ന മുൻ‌കൂർ ജാമ്യം അവരെടുക്കുന്നു. പ്രാചീന ഇന്ത്യൻ സമൂഹത്തിലെ അവർണനെപ്പറ്റി സാമൂഹ്യ ചരിത്രകാരന്മാർ പഠിക്കാത്തതാണത്രെ മുഖ്യ വിഘ്നം. വിദ്യാഭ്യാസമില്ലാതിരുന്ന അവർണരാകട്ടെ, ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല. അതിനാൽ, ഥാപ്പർക്ക് പരതേണ്ടത്, സാഹിത്യത്തിലാണ്. അങ്ങനെ ഗുപ്തനാന്തര കാലത്ത് നിരവധി രാജ്യങ്ങൾ നിലവിൽ വരികയും അവിടങ്ങളിൽ നടക്കുന്ന രാജാഭിഷേകങ്ങൾക്ക് സാധുത വേണ്ടി വരികയും ചെയ്തിടത്ത്, ബ്രാഹ്മണന് ശുദ്ധിയും അവർണന് അശുദ്ധിയും കിട്ടിയതായി ഥാപ്പർ കാണുന്നു. "ലോകത്തിൽ ഈ അയിത്തം പോലെ,മനുഷ്യത്വ ഹീനമായ ഒരാചാരം വേറൊരിടത്തും ഇല്ല."

അവർണപ്പട്ടികകൾ പലതുണ്ടെങ്കിലും, പൊതുവായി എല്ലാറ്റിലും ഏറ്റവും താഴെ വരുന്നവനാണ് ചണ്ഡാളൻ. അയാൾക്ക് ജന്മത്തിൻറെ മാത്രമല്ല, ബലിയുടെ ഇര എന്ന അശുദ്ധിയുമുണ്ട്. ചണ്ഡാളനുമായി ശാരീരിക ബന്ധം പാടില്ല. ഭക്ഷണം പങ്കിടരുത്. ജന്മം കൊണ്ടല്ല,കർമം കൊണ്ടാണ് ഒരുവൻ ചണ്ഡാളൻ ആകുന്നത് എന്ന് ബുദ്ധൻ പറഞ്ഞെങ്കിലും, ജാതക കഥകളിൽ ചണ്ഡാള വിവേചനം കാണാം. പൊതുഭാഷയിൽ നിന്ന് ഭിന്നമാണ്, ചണ്ഡാള ഭാഷ. കൗടില്യൻറെ അർത്ഥ ശാസ്ത്ര ത്തിൽ, മറ്റ് പിന്നാക്കക്കാരിൽ നിന്ന് വ്യത്യസ്തമായി, ചണ്ഡാളൻ ശ്മശാനങ്ങൾക്കടുത്താണ് വാസമെന്ന് പറയുന്നു. പാണിനി, പതഞ്‌ജലി തുടങ്ങിയ വൈയാകരണന്മാരാകട്ടെ, നഗരത്തിനകത്ത് വസിക്കുന്നവർ (അനിർവാസിത), അതിന് പുറത്തുള്ളവർ (നിർവാസിത) എന്നിങ്ങനെ രണ്ടായി ശൂദ്രരെ തിരിക്കുന്നു. രണ്ടാം വിഭാഗത്തിലാണ്, ചണ്ഡാളൻ.

ന്യായമായും ഥാപ്പർ ഇനി മനുസ്‌മൃതി യിലേക്ക് കടക്കുന്നു. അതനുസരിച്ച് ശൂദ്രന് ബ്രാഹ്മണ സ്ത്രീയിൽ ജനിച്ചവനാണ്, ചണ്ഡാളൻ. ഇതിൽ സ്ത്രീകളെ താഴ്ത്തിക്കെട്ടൽ ഉണ്ട്. ചണ്ഡാളൻ ഉച്ചിഷ്ടമാണ് ഭക്ഷിക്കുന്നത്. ശവത്തിൽ നിന്നുള്ള വസ്ത്രമാണ് വേഷം. ഇരുമ്പ് കൊണ്ടുള്ള ആഭരണങ്ങളാണ് ധരിക്കുന്നത്. കടുത്ത വിശപ്പിൽ മാത്രമേ ചണ്ഡാളനിൽ നിന്ന് ഭക്ഷണം സ്വീകരിക്കാവൂ. "ഇതാണ് മഹാഭാരതത്തിലെ അവസാന അധ്യായങ്ങളിൽ ഒന്നിലെ ചർച്ച," ഥാപ്പർ എഴുതുന്നു. വിശ്വാമിത്ര മഹർഷി ചണ്ഡാളനിൽ നിന്ന് ഭക്ഷണം സ്വീകരിക്കുന്ന ആ കഥ ഥാപ്പർ പറയുന്നത് ഇങ്ങനെ:
"കടുത്ത ക്ഷാമ കാലത്ത്,ബ്രാഹ്മണന് കഴിക്കാവുന്ന മാംസത്തെപ്പറ്റി വിശ്വാമിത്ര മഹർഷി ചണ്ഡാളനുമായി സംവാദം നടത്തുന്നു.ശരീരം നിലനിർത്താൻ, വിലക്കപ്പെട്ട ഭക്ഷണം കഴിക്കുന്നത്, നിയമപരമായി സാധുവാണോ? വിലക്ക് വിശ്വാമിത്രൻ ലംഘിക്കുന്നത് തടയാൻ ചണ്ഡാളൻ ശ്രമിക്കുന്നുവെങ്കിലും, അയാൾ വിജയിക്കുന്നില്ല. ചണ്ഡാളന് ബ്രാഹ്മണ ധർമത്തെപ്പറ്റി കൂടുതൽ അറിയാം; ഒരുപക്ഷെ പരിഹാസമാകാം എന്ന തോന്നൽ നമുക്കുണ്ടാകുന്നു. അയിത്തം അത്ര കടുത്തത് അല്ലാത്ത ഒരു കാലത്താകാം ഇത് നടന്നതെന്നും അന്ന് ആഹാരവിലക്ക് കടുത്തത് ആയിരുന്നില്ലെന്നും വിശദീകരണം ഉണ്ടാകാം."

"വിശ്വാമിത്രനും ചണ്ഡാളനും തമ്മിലുള്ള സംഭാഷണം ആകസ്മികമായിരുന്നില്ല", ഥാപ്പർ എഴുതുന്നു, "നാം അളക്കേണ്ട ഒരർത്ഥം അതിനുണ്ട്."


ഥാപ്പറുടെ ഖേദം, മഹാഭാരതം പോലുള്ള ആഖ്യാനങ്ങളിൽ ജാതിയെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കുന്നവരുടെ കഥകൾ കാണുന്നില്ല എന്നതാണ്. നമ്മുടെ പൈതൃകം ഏകപക്ഷീയമല്ലാത്തതിനാൽ, ഭൂതകാല ആഖ്യാനങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉപാഖ്യാനങ്ങൾ കൂടിയുണ്ടാവണം. ചാർവാകന്മാരുടെയും ബുദ്ധ മതക്കാരുടെയും ശ്രമണിക ഗുരുക്കന്മാരുടെയും ആശയങ്ങൾ കൂടുതലായി അറിയണം. ചാർവാകന്മാർ മതത്തെ ചോദ്യം ചെയ്തതിനാൽ, അവരെ ഒഴിവാക്കി മറ്റുള്ളവരുടെ ആകുലതകൾ അപൂർവമായേ ചർച്ച ചെയ്യുന്നുള്ളു. ചർച്ചയ്ക്ക് എടുത്താൽ തന്നെ പൊതുവായിട്ടാണ്. "ധർമ്മശാസ്ത്ര സാഹിത്യത്തിന് സമൂഹത്തിലെ ചെറിയ വർഗ്ഗത്തിൻറെ നന്മ മാത്രമേ പരിഗണയിലുള്ളു," ഥാപ്പർ വിമർശിക്കുന്നു.

ക്രിസ്തുവിന് മുൻപ് നാലാം ശതകത്തിൽ ഇന്ത്യയിൽ എത്തിയ ഗ്രീക്ക് സഞ്ചാരി മെഗസ്തനീസ് ജാതിയെ കാര്യമായി പരാമർശിക്കുന്നില്ലെന്നും ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ എത്തിയ ചൈനീസ് സഞ്ചാരി ഫാഹിയാൻ, അയിത്ത ജാതിക്കാർ പട്ടണത്തിൽ എത്തുന്നത് മറ്റുള്ളവരെ അറിയിക്കാൻ മണിയടിക്കുന്നത് കണ്ടുവെന്നും ഥാപ്പർ എഴുതുന്നു. ധർമ്മ ശാസ്ത്രങ്ങളെക്കാൾ യാത്രാ വിവരണങ്ങളെയാണ് അവർക്ക് വിശ്വാസം. യാത്രാ വിവരണങ്ങൾ വായിച്ചു മതി മയങ്ങിയാണ് ഥാപ്പറുടെ ഗുരു കാൾ മാർക്‌സ് ഇന്ത്യയെപ്പറ്റി വിഡ്ഢിത്തങ്ങൾ വിളമ്പിയത് എന്ന കാര്യം അവർ ശ്രദ്ധിക്കുന്നില്ല.

ഥാപ്പർ കാണുന്നതാണോ നമ്മുടെ ധർമ്മ ശാസ്ത്ര സാഹിത്യം?
ക്രിസ്തുവിന് മുൻപ് ഏകദേശം 350 ൽ ജനിച്ച് 290 ൽ മരിച്ച ഗ്രീക്ക് ചരിത്രകാരനും നയതന്തജ്ഞനുമായ മെഗസ്തനീസ്, ഇന്ത്യയിൽ എത്തി രചിച്ച ഇൻഡിക്ക എന്ന പുസ്തകം എന്നേക്കുമായി നഷ്ടപ്പെട്ടു. പിൽക്കാല എഴുത്തുകാരുടെ പരാമർശങ്ങളിൽ നിന്ന് ഭാഗികമായി പുനരാവിഷ്കരിച്ചതാണ് നിലവിലുള്ള ഇൻഡിക്ക. ഗ്രീക്ക് ചക്രവർത്തി സെല്യൂക്കസ് ഒന്നാമൻ പാടലീപുത്രത്തിൽ ചന്ദ്രഗുപ്ത മൗര്യൻറെ അടുത്തേക്ക് അയച്ച സ്ഥാനപതി ആയിരുന്നു, മെഗസ്തനീസ്. ചന്ദ്രഗുപ്തൻറെ കൊട്ടാരത്തിൽ ക്രിസ്തുവിന് 302 -278 കാലത്താണ് അദ്ദേഹമുണ്ടായിരുന്നത് എന്ന് ചരിത്രകാരൻ കൗശിക് റോയ് പറയുന്നത് വച്ച് ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിൽ എന്ന് പറയുന്നതാവും ശരി.

മെഗസ്തനീസ് ഇന്ത്യയിൽ ഉണ്ടായിരുന്നപ്പോൾ ഇവിടെ കാര്യമായ ജാതി ഉണ്ടായിരുന്നില്ല എന്ന് ഥാപ്പർ വിശ്വസിക്കുന്നതിനാൽ, മഹാഭാരത കാലത്തും ജാതി ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് കാണേണ്ടത്. അതുകൊണ്ട് അസ്‌പൃശ്യതയിൽ ഊന്നാൻ, വിശ്വാമിത്ര -ചണ്ഡാള ഉപാഖ്യാനം അവർ എഴുന്നള്ളിച്ചത് തന്നെ ഭംഗി ആയില്ല.

മെഗസ്തനീസിൻറെ ഇൻഡിക്ക യിൽ, ഇന്ത്യയിൽ ഏഴു ജാതികൾ ഉള്ളതായി പറയുന്നു. ആ ജാതികൾ ഇവയാണ്: തത്വ ജ്ഞാനികൾ, കർഷകർ, ഇടയന്മാർ, കരകൗശലക്കാർ, സൈനികർ, കാര്യസ്ഥർ, ഉദ്യോഗസ്ഥർ.

തത്വജ്ഞാനികൾ എണ്ണത്തിൽ കുറവായിരുന്നെങ്കിലും, ഉന്നതജാതി ആയിരുന്നുവെന്ന് മെഗസ്തനീസ് പറയുന്നു. അവർ ഭരണാധിപന്മാരോ സേവകരോ അല്ല. ദൈവത്തോട് അടുത്ത് നിൽക്കുന്നവരാണ്, അവർ. വർഷാരംഭത്തിൽ അവർ ക്ഷാമം, ഇടിവെട്ട്, രോഗങ്ങൾ, കാറ്റിൻറെ ഗതി തുടങ്ങിയവ പ്രവചിക്കും.പ്രവചനം തെറ്റിയാൽ ശിഷ്ടകാലം മൗനമാണ്, വിധി.
കർഷകരാണ് ജാതിയിൽ കൂടുതൽ.ഗ്രാമവാസികൾ രാജാവിന് കരം നൽകണം. ഇടയന്മാർ ഗ്രാമത്തിന് പുറത്താണ്. കൃഷി നശിപ്പിക്കുന്ന പക്ഷികളെയും മൃഗങ്ങളെയും കെണി വച്ച് പിടിക്കുകയാണ് ജോലി. കര കൗശലക്കാർ കർഷകർക്കും മറ്റും ആയുധങ്ങൾ പണിയും. ജാതിയിൽ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് സൈനികർ. ബ്രാഹ്മണരും ജൂതരും സോക്രട്ടീസിന് മുൻപ് കൈകൊണ്ടിരുന്ന മതവീക്ഷണങ്ങൾ മെഗസ്തനീസ് പരാമർശിക്കുന്നു. തത്വജ്ഞാനികളുടെ കാര്യം പറയുന്നതിൽ നിന്ന് തന്നെ, ബ്രാഹ്മണരുണ്ട് എന്ന് വ്യക്തം. ജാതി വിഭജനം തൊഴിലിൻറെ അടിസ്ഥാനത്തിലാണ് എന്നും മനസ്സിലാകുന്നു. ഈ ഏഴിലായിരുന്നു ഥാപ്പർ മാർക്സിസത്തിൻറെ വർഗ വിഭജനം കാണേണ്ടിയിരുന്നത്.

മെഗസ്തനീസിനെ ഥാപ്പർ ആശ്രയിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ, ഇന്ത്യയുടെ ചരിത്രം പറയുമ്പോൾ, മദ്യ ദേവനായ ഡയനീഷ്യസ് ഇന്ത്യ ആക്രമിച്ചു കീഴടക്കി എന്ന് അദ്ദേഹം പറയുന്നത് ഥാപ്പർ അംഗീകരിക്കുന്നുണ്ടോ? മല വർഗക്കാർ ഹെരാക്ലിസ് തങ്ങളിൽ ഒരുവനായിരുന്നു എന്ന് വിശ്വസിക്കുന്നതായി മെഗസ്തനീസ് പറയുന്നത് ഥാപ്പർ അംഗീകരിക്കുന്നുണ്ടോ? ഹെരാക്ലിസിന്റെ മകൾ പാണ്ഡ്യയിൽ നിന്നാണ് മധുരയിലെ പാണ്ഡ്യർക്ക് ആ പേര് വന്നതെന്ന് മെഗസ്തനീസ് പറയുന്നത് ഥാപ്പർ സമ്മതിക്കുന്നുണ്ടോ?

മെഗസ്തനീസ് മധുര സന്ദർശിച്ചിരുന്നു എന്നാണ് വിശ്വാസം. ശ്രീകൃഷ്ണനെയാണ് അദ്ദേഹം ഗ്രീക്ക് ദേവനായ ഹെരാക്ലിസ് ആയി കണ്ടതെന്ന് പറയപ്പെടുന്നു. മെഗസ്തനീസിൻറെ മുതലാളിയായ സെല്യൂക്കസ് ഇന്ത്യ കീഴടക്കാൻ വന്ന് പരാജയപ്പെട്ട രാജാവായിരുന്നു. ഡയനീഷ്യസ് വന്ന് ഇന്ത്യയെ നഗരവൽക്കരിച്ചതിനാൽ സെല്യൂക്കസിന് പിന്മാറേണ്ടി വന്നതായി മെഗസ്തനീസ് ചരിത്രം ചമച്ചതാണെന്ന് പോൾ ജെ കോസ്‌മാൻ നിരീക്ഷിച്ചിട്ടുണ്ട്. പ്രാഗ് കമ്മ്യൂണിസ്റ്റ് സമൂഹത്തെ ഡയനീഷ്യസ് മുതലാളിത്തവൽക്കരിച്ചു എന്ന് മാർക്സിസത്തിൽ പറയാം.

മഹാഭാരതത്തിലെ പന്ത്രണ്ടാം അധ്യായമായ 'ശാന്തി പർവ'ത്തിലെ ആപദ് ധർമ്മാനുശാസനത്തിലാണ്, വിശ്വാമിത്ര -ചണ്ഡാള സംവാദം വരുന്നത്. ത്രേതാ യുഗാവസാനം, ദ്വാപര യുഗാരംഭം 12 വർഷം നീണ്ട ക്ഷാമം ഭൂമിയിൽ നടമാടി. നീതിയും ന്യായവും വരണ്ട അക്കാലത്ത് മനുഷ്യർ പരസ്‌പരം ഭക്ഷിക്കാൻ തുടങ്ങി. കാട്ടിൽ നിന്ന് മഹർഷിമാർ ഭക്ഷണം തേടി പുറത്തെത്തി. വിശ്വാമിത്രൻ ചണ്ഡാള ചാളയിൽ എത്തി.

മെഗസ്തനീസ് ജാതി കണ്ടില്ല 

ചാളയിൽ വിശ്വാമിത്രൻ കണ്ടത്, നിരവധി കുടങ്ങളും പട്ടി മാംസവും നിരവധി കഴുതകളുടെയും പന്നികളുടെയും എല്ലുകളും ശവങ്ങളും ഒക്കെയാണ്. മുനിക്ക് കഴിക്കാവുന്ന ഫല മൂലാദികൾ ഒന്നുമില്ല. തളർന്നു വീണ വിശ്വാമിത്രൻ ബോധം വീണ്ടെടുത്തപ്പോൾ കണ്ടത്, ഒരു വടിയുടെ അറ്റത്ത് കോർത്ത പട്ടി മാംസമാണ്. വിശപ്പടക്കാനായി അത് മോഷ്ടിക്കാൻ വിശ്വാമിത്രൻ ഒരുമ്പെട്ടു.ജീവിതം അപകടത്തിലായിരിക്കെ മോഷ്ടിക്കാം എന്ന ധർമ്മ തത്വം ഓർമയിൽ വന്നു. രാത്രി കുടിലിനകത്ത് വിശ്വാമിത്രൻ പട്ടി മാംസം മോഷ്ടിക്കാൻ കയറി. ചണ്ഡാളൻ വിശ്വാമിത്രനെ ചോദ്യം ചെയ്‌തു. ഏറ്റവും താഴെക്കിടയിലുള്ള മൃഗമാണ് പട്ടി. തുടയാണ് അതിൻറെ ശരീരത്തിലെ വൃത്തികെട്ട ഭാഗം. അതാണ് വിശ്വാമിത്രൻ കട്ടു തിന്നാൻ നോക്കിയത്. അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റ് താൻ തപം കൊണ്ട് നീക്കിക്കൊള്ളാം എന്നായി വിശ്വാമിത്രൻ.മരിക്കാൻ പോകുന്നവന് സന്ദേഹങ്ങൾ ആവശ്യമില്ല.

പാപം ചെയ്യരുതെന്ന് ചണ്ഡാളൻ കേണപേക്ഷിച്ചു.വേറെ എന്തെങ്കിലും ആഹാരം നോക്കി കൂടെ? കുറേക്കാലം മുൻപ് അഗസ്ത്യ മഹർഷി രാക്ഷസനായ വാതാപിയെ ഭക്ഷിച്ചിട്ടുണ്ട് എന്നായി വിശ്വാമിത്രൻ. ബ്രാഹ്മണരെ രക്ഷിക്കാൻ ചെയ്തതിനാൽ അത് സാധുവെന്ന് ചണ്ഡാളൻ. ശരീരം തിന്നുന്നത് ആത്മാവിനെ ബാധിക്കാത്തതിനാൽ പട്ടിമാംസം താൻ തിന്നോളം എന്ന് വിശ്വാമിത്രൻ. ചണ്ഡാളൻ നിരവധി ചോദ്യങ്ങൾ ഉയർത്തി എങ്കിലും വിശ്വാമിത്രൻ വഴങ്ങിയില്ല. പട്ടിമാംസം എടുത്ത് ഭാര്യയും മകനും പാർക്കുന്നിടത്തു ചെന്ന് വേവിച്ച് ദേവന്മാർക്ക് ഹവിസ്സായി അർപ്പിച്ചു. ആ നിമിഷം ദേവേന്ദ്രൻ കനിഞ്ഞ് ഭൂമിയിൽ മഴ പെയ്‌തു,ഔഷധ ചെടികൾ കിളിർത്തു. ദേവന്മാർക്ക് അർപ്പിച്ചതിനാൽ പട്ടിമാംസം വിശുദ്ധമായി.

ഥാപ്പർ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന മാർക്‌സിയൻ പ്രഹസനത്തിന് വേണ്ടി മഹാഭാരത ബൃഹദാഖ്യാനത്തിൻറെ മഹാ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത ഉപാഖ്യാനമാണ് ഇത്. പട്ടിണിയിൽ ജാതിയില്ല എന്ന ലളിത തത്വം മനസ്സിലാക്കുന്നതിന് പകരം, ഭാവനാത്മകമായ വർഗ വിഭജന കുറ്റിയിൽ കഥയെ കൊണ്ട് കെട്ടിയിടുകയാണ് ഥാപ്പർ. ഭൗതികവും ആത്മീയവുമായ തീവ്ര പ്രതിസന്ധിയിൽ മനുഷ്യൻ എങ്ങനെ  പെരുമാറണം എന്ന  ചോദ്യത്തിന് ഉത്തരമായി കിട്ടുന്ന തത്വമാണ്, ഇത്. വിശ്വാമിത്ര -ചണ്ഡാള സംവാദമല്ല, മുഖ്യ കഥാ സന്ദർഭം. ഇത്തരം പ്രതിസന്ധിയിൽ എന്ത് ചെയ്യും എന്ന യുധിഷ്ഠിരൻ്റെ ചോദ്യത്തിന് ഭീഷ്മരുടെ ഉത്തരമാണ്, ഈ കഥ. യുധിഷ്ഠിരൻ്റെ ചോദ്യം ഇതാണ്: ധർമം അധർമമാകുമ്പോൾ, രാജാവും കൊള്ളക്കാരും പ്രജകളെ പീഡിപ്പിക്കുമ്പോൾ, കാമം സമൂഹത്തെ വലയം ചെയ്യുമ്പോൾ, മനുഷ്യൻ മനുഷ്യനെ കൊല്ലുമ്പോൾ, കടുത്ത ക്ഷാമത്തിൽ നട്ടം തിരിയുമ്പോൾ, ബ്രാഹ്മണൻ എന്ത് ചെയ്യും?

ഉത്തരമായി കിട്ടുന്ന ഉപാഖ്യാനത്തിൽ നടക്കുന്നതെല്ലാം അരുതായ്കകൾ ആണ്. ബ്രാഹ്മണൻ പറയക്കുടിലിൽ ചെന്ന് കൂടാ. മംസം കഴിച്ചു കൂടാ. മോഷണം പാടില്ല.എന്നിട്ടും വിശ്വാമിത്രൻ ഇതൊക്കെ ചെയ്യുമ്പോൾ കിട്ടുന്നത് അദ്വൈത തത്വമാണ്. ശരീരത്തിന് വേണ്ടത് ആത്മാവിനെ ബാധിക്കുന്നില്ല. ബ്രാഹ്മണനാകട്ടെ, ചണ്ഡാളനാകട്ടെ, ആത്മാവ് അഭിന്നമാണ്.

കാലഗണന ഥാപ്പർ തന്നെ നടത്തട്ടെ -ശങ്കരാചാര്യർ വഴിയിൽ കണ്ട ചണ്ഡാളനോട് അയിത്തം കാരണം മാറിപ്പോകാൻ പറഞ്ഞു. ചണ്ഡാളൻ ശങ്കരാചാര്യരെ ചോദ്യം ചെയ്‌തു: ശരീരത്തോടാണോ ആത്മാവിനോടാണോ മാറിപ്പോകാൻ പറഞ്ഞത്? ശരീരം എപ്പോഴും മാറുന്നതാണ്; അതിനോട് മാറിപ്പോകാൻ പറഞ്ഞിട്ട് കാര്യമില്ല. ആത്മാവാകട്ടെ,ഒരിക്കലും മാറുന്നില്ല. അതിനാൽ,അതിനോട് മാറാൻ പറയേണ്ടതില്ല.

ആ അദ്വൈത നിമിഷത്തിൽ ശങ്കരാചാര്യർ എഴുതിയതാണ്, മനീഷാ പഞ്ചകം. അഞ്ചു ശ്ലോകങ്ങളേയുള്ളു. സമയം കിട്ടുമ്പോൾ ഥാപ്പർ എടുത്തു വായിക്കണം. ബ്രാഹ്മണനും ചണ്ഡാളനും ഒന്ന് എന്ന വർഗ വിഭജനത്തിനപ്പുറമുള്ള, വിഭജനമില്ലാത്ത മാനുഷ്യകം എന്ന തത്വം പിടി കിട്ടും.

കീഴ് ജാതിക്കാരൻ സവർണനെ ചോദ്യം ചെയ്യുന്ന രണ്ടു സന്ദർഭങ്ങൾ നാം കണ്ടു. അവർണൻ സവർണനെ ചോദ്യം ചെയ്യുന്ന വലിയ കഥയാണ് ഏകലവ്യന്റേത്.മഹാഭാരതം വായിച്ച ശേഷം, രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടാകാം, എൻറെ മനസ്സിൽ ഉടക്കിയ കഥാപാത്രമാണ്, ഏകലവ്യൻ. ശ്രീകൃഷ്ണൻറെ പിതാവ് വസുദേവരുടെ സഹോദരന് കീഴ് ജാതിക്കാരിയിൽ ജനിച്ചവനാണ് ഏകലവ്യൻ. ദ്രോണർ പെരുവിരൽ ഛേദിച്ചു വാങ്ങിയ ശേഷം അയാളെ മഹാഭാരതത്തിൽ കൃഷ്ണനും ദ്രോണർക്കുമെതിരെ പല സന്ദർഭങ്ങളിലും കാണാം-സുഭദ്രാഹരണ സമയത്ത് കൃഷ്ണൻറെ ശത്രു ജരാസന്ധനൊപ്പം. കുരുക്ഷേത്രയുദ്ധത്തിൽ ശത്രു പക്ഷത്ത്.

മഹാഭാരതത്തിൽ വ്യാസൻ ഏതെങ്കിലും പക്ഷത്ത് നിലയുറപ്പിച്ചിട്ടുണ്ടോ?ഓരോ കഥാപാത്രവും അധർമം ചെയ്യുമ്പോൾ വിളിച്ചു പറയുന്ന ജോലിയാണ് ചരിത്രകാരനായ വ്യാസൻ ആ സാഹിത്യ കൃതിയിൽ ചെയ്‌തത്‌. ധർമ്മ ശാസ്ത്രങ്ങൾക്കും ജാതികൾക്കുമപ്പുറം വിസ്‌തൃതമായി കിടക്കുന്ന മനുഷ്യ മനസും പ്രപഞ്ച മനസും അവിടത്തെ പ്രഹേളികാ സമാനമായ ജീവിത നാടകവുമാണ്, ഭാരത ചരിത്രം. വർഗ വിഭജന തിമിരം ശസ്ത്രക്രിയ ചെയ്‌തു നീക്കിയാലേ, സനാതന സത്യങ്ങൾ കാണാനാകൂ. വേദ സാഹിത്യകാരൻ കൃതികളിൽ ആവാഹിക്കുന്ന ചണ്ഡാളൻ പലപ്പോഴും ജാതി സ്വരൂപമല്ല; തത്വം വെളിവാക്കാൻ അവതരിക്കുന്ന ചുടല ഭസ്‌മം പൂശിയ ഈശ്വരനാണ്; ആ ഈശ്വരൻറെ നിറം കറുപ്പാണ്.

See https://hamletram.blogspot.com/2019/07/blog-post_1.html

Saturday, 7 September 2019

മാനവികത ചോർന്ന ആ വഴിയിൽ

സംഹാരത്തിൻറെ ജന്മവേദം 

 സോവിയറ്റ് യുണിയനിൽ എഴുത്തുകാർ സ്റ്റാലിന്റെ കാലത്ത് ഉന്മൂലനം ചെയ്യപ്പെട്ടത്,ഒരു തിരശീലയിൽ എന്ന പോലെ തെളിയാൻ തുടങ്ങിയത്,രാഷ്ട്രീയ സി ജെ എന്ന പുസ്തകത്തിൻറെ രചനക്കിടയിലാണ്;സി ജെ തോമസിൻറെ രാഷ്ട്രീയമാണ് അതിൽ വിഷയം.സി ജെ കൂത്താട്ടു കുളത്തു നിന്ന് തൃശൂർക്ക് രക്ഷപ്പെട്ട് അവിടെയാണ് ആദ്യ നാടകം അവൻ വീണ്ടും വരുന്നു എഴുതിയത്.അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കൊൽക്കത്ത തീസിസ് അംഗീകരിച്ചതിന് പിന്നാലെ,കൂത്താട്ടുകുളത്ത് ഉമ്മൻ കൊലക്കേസ് നടന്ന് നാട്ടുകാരെ പൊലീസ് വേട്ടയാടുമ്പോഴാണ് പാർട്ടി അനുഭാവിയായ സി ജെ അവിടന്ന് രക്ഷപ്പെട്ടത്.സായുധ കലാപം പാർട്ടി നയമായി അംഗീകരിച്ചപ്പോൾ,കേരളത്തിൽ പല കലാപങ്ങൾ നടന്നതിൽ ഒന്നായിരുന്നു,ഉമ്മൻ കേസ്.

ഇടപ്പള്ളി സ്റ്റേഷൻ ആക്രമണം,ശൂരനാട് കലാപം,പൂജപ്പുര ജയിൽ കലാപം,പുന്നപ്ര വയലാർ എന്നിവക്കെല്ലാം പ്രചോദനം കൊൽക്കത്ത തീസിസോ അതിനുള്ള മുന്നൊരുക്കങ്ങളോ ആയിരുന്നു.
സി ജെ യുടെ നാടകത്തിൽ സ്വാഭാവികമായും,സഖാവ് രാഘവൻ എന്ന കഥാപാത്രം വന്നു.വിമുക്ത ഭടനും അന്ധനുമായ മാത്തുക്കുട്ടിയെ ഫാക്റ്ററിയിലെ സമരത്തിന് ക്ഷണിച്ച് കൊലയ്ക്ക് കൊടുക്കുന്ന രാഘവൻ,പുന്നപ്ര വയലാറിൽ വിമുക്ത ഭടന്മാരെ ഉപയോഗപ്പെടുത്തി,നിരപരാധികളെ കൊലയ്ക്ക് കൊടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കളെ ഓർമിപ്പിക്കുന്നു.ഇത്തരം ചർച്ചകളിൽ ഉയർന്നു വരുന്ന ബ്രൂഗലിന്റെ അന്ധൻ നയിക്കുന്ന അന്ധന്മാർ എന്ന ചിത്രത്തെ അന്ധനായ മാത്തുക്കുട്ടി ഓർമിപ്പിക്കുന്നു;അഥവാ സഖാവിനാൽ നയിക്കപ്പെടുന്ന അന്ധ ജനതയുടെ പ്രതിനിധിയാണ്,അയാൾ.

ഇത് കഴിഞ്ഞ്,സ്റ്റാലിന്റെ കാലത്ത് കലാകാരന്മാർക്ക് നേരെ നടന്ന ക്രൂരതകൾ എഴുതണമെന്ന് തോന്നി.മയക്കോവ്‌സ്‌കിയും ഗോർക്കിയും അന്ന അഹ്മത്തോവയും മേയർഹോൾഡും ഇസാക് ബാബേലും തുടങ്ങി പട്ടിക നീണ്ടു.സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡിന്റെ പശിമയിൽ നിർവൃതി പൂണ്ട ഒ എൻ വി പരുവത്തിലുള്ള കമ്മ്യൂണിസ്റ്റ് എഴുത്തുകാർ നിറഞ്ഞ കേരളത്തിൽ അതൊന്നും ചർച്ച ആയില്ല.അക്കാലത്ത്,1937 ൽ കമ്മ്യൂണിസ്റ്റ് എഴുത്തുകാരനായ ഹരീന്ദ്രനാഥ് ചതോപാധ്യയുടെ സഹോദരൻ വിരേന്ദ്ര നാഥിനെ സ്റ്റാലിൻ കൊന്നത് ലോകം അറിഞ്ഞത് തന്നെ സ്റ്റാലിന്റെ മരണ ശേഷമാണ്.കവികൾ തന്നെ സ്റ്റാലിന്റെ മഹത്വം പാടിയതിന് ഉദാഹരണമാണ് പാബ്ലോ നെരൂദ;സ്റ്റാലിന് വേണ്ടി നെരൂദ ട്രോട് സ്‌കിയെ കൊല്ലാൻ കൂട്ട് നിന്ന കഥ ഈ പുസ്തകത്തിൽ വായിക്കാം.നെരൂദയ്ക്ക് ആകാമെങ്കിൽ,ആലപ്പുഴ കവികൾക്ക് എന്ത് ചേതം?

മാർക്‌സിസവും അതിൽ നിന്നുള്ള കമ്മ്യൂണിസവും മാനവികതയ്ക്ക് തന്നെ എതിരായത് എങ്ങനെ എന്ന് സൈദ്ധാന്തികമായി തന്നെ അതിനിടയിൽ അന്വേഷിച്ചു;അങ്ങനെ അന്ധനായ മാർക്‌സ് എഴുതി.മനുഷ്യനെ ഒന്നായി കാണുന്നതിന് പകരം,വിഭജിക്കുന്ന പ്രത്യയ ശാസ്ത്രമാണ് അതെന്ന് ബോധ്യപ്പെട്ടു.വിഭജന ശേഷം ഒരു വർഗം മറ്റൊന്നിനെ ഉന്മൂലനം ചെയ്യുന്ന അധികാര ക്രമം മാത്രമാണ്,കമ്മ്യൂണിസം.അധികാരമുള്ള കമ്മ്യൂണിസ്റ്റ് പുതിയ വർഗമായി മാറുന്നു.തൊഴിലാളിയുടെ പേര് പറഞ്ഞ് മുതലാളിയായി തൊഴിലാളിയെ കൂട്ടക്കൊല ചെയ്യുന്ന വർഗം.മൂന്നാറിലും ചന്ദന തോപ്പിലും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തൊഴിലാളികളെ വെടിവച്ചു കൊന്ന മാനവികത  നക്ഷത്രവും ചുറ്റികയും എന്ന കമ്മ്യൂണിസ്റ്റ് ചരിത്ര പുസ്തകത്തിൽ ഞാൻ വിവരിച്ചിരുന്നു,അന്ധനായ മാർക്‌സ് എഴുതുമ്പോൾ മൗലികത ഇല്ലാത്ത എഴുത്തുകാരനാണ് മാർക്‌സ് എന്നും ബോധ്യം വന്നു.ഹെഗലിൻറെ ഫിലോസഫി ഓഫ് ഹിസ്റ്ററി യും ഫോയർബാക്കിന്റെ എസൻസ് ഓഫ് ക്രിസ്ത്യാനിറ്റി യും ഇല്ലെങ്കിൽ,മാർക്‌സ് ഇല്ല.ഹെഗലിൽ നിന്ന് ഫോയർബാക്കിന്റെ സഹായത്തോടെ മാർക്‌സ് ദൈവത്തെ വിച്ഛേദിച്ചപ്പോൾ,മാനവികതയുടെ ശിരച്ഛേദം നടന്നു.ദൈവം രൂപമായി പ്രത്യക്ഷപ്പെടണം എന്നില്ല.മാനവികതയുടെ മൂർത്ത രൂപമാണ്,ദൈവം.അതിനെ മുറിച്ചു മാറ്റുമ്പോൾ സംഭവിക്കുന്നത്,മനുഷ്യൻറെ ആന്തരിക ജീവിത വിച്ഛേദവും ആത്മീയതയുടെ ഉന്മൂലനവുമാണ്.വെറും ഭൗതിക തലത്തിൽ നിൽക്കുന്ന ആ പ്രത്യയ ശാസ്ത്രം പൊള്ളയായതു കൊണ്ടാണ്,മിലോവൻ ജിലാസിന് മുന്നിൽ സ്റ്റാലിൻ ദസ്തയേവ്‌സ്‌കിയെ പുച്ഛിച്ചത്.അങ്ങനെ,സോവിയറ്റ് യൂണിയനിലും അതിൻറെ കിഴക്കൻ യൂറോപ്പിലെ ഉപഗ്രഹ രാജ്യങ്ങളിലും നടന്ന ഉന്മൂലനങ്ങൾ പഠിച്ചു.അതിൻറെ ഫലമാണ്,ഈ പുസ്തകം.

സ്റ്റാലിൻ മാത്രമാണ് കൊലയാളി എന്ന് വിചാരിക്കുന്നവരുണ്ട്;ലെനിനാണ് കൂട്ടക്കൊലകൾ ആദ്യം ആസൂത്രണം ചെയ്‌തത്‌.പോളണ്ടിലെ പട്ടാളക്കാർ മാത്രമല്ല,റഷ്യൻ കർഷകരും അതിൽ പെട്ടു.സ്റ്റാലിൻ അത് ജൂത വംശ ഹത്യകളിലേക്കും കമ്മ്യൂണിസ്റ്റ് രാജ്യത്തെ തന്നെ ആക്രമിക്കുന്നതിലേക്കും വ്യാപിപ്പിച്ചു.ക്രൂഷ്ചേവ് സ്റ്റാലിനെ തള്ളിപ്പറഞ്ഞു കൊണ്ട് തന്നെ,ഹംഗറിയിൽ ടാങ്കുകൾ ഉരുട്ടി.നബോക്കോവിനെ നിരോധിച്ചു.ലൂക്കാച്ച് ഉൾപ്പെടെ ഇടത് ബുദ്ധി ജീവികൾ സ്റ്റാലിന് ജയ് പാടി സാർത്രിന്  പൂർവ മാതൃകകൾ ആയി.മാർക്‌സിസം സംഹാരത്തിൻറെ വേദ പുസ്തകം ആയി.ചതിക്കും കൊലയ്ക്കും അടിയിൽ,മാർക്‌സിന്റെ കുഞ്ഞാടുകൾ ചോര കൊണ്ട് ഒപ്പിട്ടു.നിണമൊഴുകിയ ആ വഴിയിലൂടെയുള്ള സഞ്ചാരമാണ്,ഇത്.

ഗോർബച്ചേവ് വന്ന് ആ വഴിയിൽ പുണ്യാഹം തളിച്ചത് കൊണ്ടാണ് ഈ വിവരങ്ങൾ സമാഹരിക്കാൻ ആയത്.ജനാധിപത്യ ലോകത്തിന് തുറന്നു കിട്ടിയ ആർകൈവ്‌കളിൽ കൊടും ക്രൂരതകളുടെ തെളിവുകൾ ശേഷിച്ചു എന്നത് അദ്‌ഭുതമാണ്.ചിലർ സ്വന്തം ഭാഗം ന്യായീകരിക്കാൻ ഉണ്ടാക്കുന്ന തെളിവുകൾ സത്യത്തിൻറെ ഹിരണ്മയം കൊണ്ട് തിളങ്ങുക തന്നെ ചെയ്യുമെന്ന് ചരിത്രം ഒരിക്കൽ കൂടി പഠിപ്പിക്കുന്നു.ലെനിൻ ഭിന്ന ദേശീയതകൾക്കായി വാദിച്ചു.മോസ്‌കോയിൽ നിന്ന് ആയിരം മൈൽ അകലെ ജോർജിയയിൽ നിന്ന് വന്ന സ്റ്റാലിൻ,സമഗ്രാധിപത്യത്തിന് നില കൊണ്ടു.ലെനിൻ ട്രോട് സ്‌കിയെ വെട്ടി നിരത്തി തിരഞ്ഞെടുത്തവൻ ആയിരുന്നു,സ്റ്റാലിൻ.ട്രോട് സ്‌കിയെ മാത്രമല്ല,മക്കളെയും ആ നീചൻ കൊന്ന കഥ ഇവിടെ വായിക്കാം.

വായിച്ച ശേഷം മനുഷ്യനിലേക്ക് അടുക്കാൻ കഴിഞ്ഞാൽ,അതാണ്,സുകൃതം .

( ചതിയും കൊലയും : കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ പ്രതികാരത്തിൻറെ കഥകൾ എന്ന പുസ്തകത്തിൻറെ ആമുഖം )

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...